Links

Showing posts with label ജൈവകൃഷി. Show all posts
Showing posts with label ജൈവകൃഷി. Show all posts

ഒരു എഫ് ബി പോസ്റ്റ് അപാരത

 

ചേമ്പിനെ കുറിച്ച് പറഞ്ഞ് കൃഷിയിൽ രാസവളത്തിന്റെ ആവശ്യകതയെ പറ്റി എഴുതിയ എന്റെ കഴിഞ്ഞ പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം പേർ കണ്ടതായും രണ്ടര ലക്ഷത്തിലധികം പേർ വായിച്ചതായും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എനിക്ക് തന്നെ വിശ്വാസം വരുന്നില്ല, പിന്നെയല്ലേ നിങ്ങൾക്ക്. എന്നാൽ ഫേസ്ബുക്കിന്റെ insights കാണിക്കുന്നത് അങ്ങനെയാണ്. എന്റെ ആ പോസ്റ്റ് അക്ഷരാർത്ഥത്തിൽ വൈറൽ ആയിരിക്കുന്നു. ആളുകൾക്ക് ജൈവകൃഷിയുടെ നിഷ്പ്രയോജനം മനസ്സിലായി വരുന്നതിന്റെയും രാസവളം ഉപയോഗിക്കാൻ താല്പര്യം കൂടി വരുന്നതിന്റെയും സൂചനയായിട്ടാണ് ആ പോസ്റ്റിന്റെ റീച്ചിനെ ഞാൻ കാണുന്നത്.

നാട്ടിൽ ഇപ്പോൾ പച്ചക്കറികൃഷി തീർത്തും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. കാരണം രണ്ട് വട്ടം ജൈവരീതിയിൽ കൃഷി ചെയ്താൽ പിന്നെയാരും അതിന് മെനക്കെടില്ല. ജൈവകൃഷിയിൽ ചെടികൾക്ക് ആവശ്യമുള്ള പോഷണം കിട്ടാതെ അരണ്ട് വളരുകയും കായ്‌ഫലം ശുഷ്ക്കമായതും കൊണ്ടാണ് ആളുകൾ പച്ചക്കറികൃഷി തന്നെ ഉപേക്ഷിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കൃഷിയെ തന്നെ ഇങ്ങനെ നശിപ്പിച്ചതിൽ മാധ്യമങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ കൃഷിമന്ത്രി സുനിൽ കുമാറും നിർവഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ കൃഷി നാട്ടിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ആർക്കും മിണ്ടാട്ടമില്ല.
പച്ചക്കറികൾ അവനവന്റെ വീട്ടുമുറ്റത്തോ ടെറസ്സിലോ കൃഷി ചെയ്ത് അവരവരുടെ വീട്ടാവശ്യത്തിന് ആ‍ാവശ്യമായത് സമൃദ്ധമായി ഉണ്ടാക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. ഈ സമയം അതിന് പറ്റിയതാണ് താനും. ചെടികൾക്ക് വേണ്ടത് ആവശ്യത്തിന് പോഷണവും വെള്ളവും സൂര്യപ്രകാശവും ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ ചെടികൾ ആരോഗ്യത്തോടെ വളരില്ല.
മുറ്റത്തും ടെറസ്സിലും ഗ്രോബാഗിൽ ചെടികൾ വളർത്താവുന്നതാണ്. ഗ്രോബാഗിൽ നിറക്കാൻ ഉപയോഗിക്കുന്ന മേൽമണ്ണിൽ ആവശ്യമുള്ള പോഷണങ്ങൾ ഒരിക്കലും ഉണ്ടാവില്ല. എവിടെയെങ്കിലും ഉണ്ടാകാം പക്ഷെ അങ്ങനെയുള്ള മണ്ണ് എല്ലാവർക്കും കിട്ടില്ല. ആ കുറവ് പരിഹരിക്കേണ്ടത് രാസവളം വാങ്ങി വെള്ളത്തിൽ കലക്കി അപ്പപ്പോൾ കുറേശ്ശേ ഒഴിച്ചു കൊടുത്തോ ഇലകളിൽ സ്പ്രേ ചെയ്തോ ആണ്. ഇലകളിൽ സ്പ്രേ ചെയ്താൽ ഗ്രോ ബാഗിലെ മണ്ണിൽ പതിക്കുമല്ലോ.
ടെറസ്സിൽ ഗ്രോബാഗിൽ നിറക്കാൻ മണ്ണ് എടുക്കുമ്പോൾ ആ മണ്ണ് വെയിലിൽ ഉണക്കുന്നത് നല്ലതാണ്. അപ്പോൾ മണ്ണിലുള്ള വൈറസ്സുകളും ബാക്റ്റീരിയകളും നശിച്ചു പോകും. ചെടികളെ ബാധിക്കുന്ന സൂക്ഷ്മജീവികൾ മണ്ണിൽ നിന്നാണ് ചെടികളിലേക്ക് പടരുന്നത്. ടെറസ്സിൽ ആകുമ്പോൾ പിന്നീട് ആ മണ്ണിൽ സൂക്ഷ്മജീവികൾ കടന്ന് വരില്ല. വല്ല കീടങ്ങളോ പ്രാണികളോ ചുറ്റുപാടിൽ നിന്ന് വന്ന് ചെടികളെ ആക്രമിക്കുന്നെങ്കിൽ അപ്പോൾ രാസകീടനാശിനികൾ സ്പ്രേ ചെയ്ത് കൊടുക്കണം. ഒരു ലിറ്റർ വെള്ളത്തിൽ 5ml രാസകീടനാശിനി ഏതാണോ അത് ചേർത്ത് നേർപ്പിച്ചിട്ടാണ് സ്പ്രേ ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ കീടങ്ങൾ നശിക്കും. അവശേഷിക്കുന്ന കീടനാശിനി അവശിഷ്ടങ്ങൾ വെയിലിൽ വിഘടിച്ചു പോകും. ഇങ്ങനെയൊക്കെ ചെയ്താൽ ചെടികളും ഹാപ്പി നമ്മളും ഹാപ്പിയാകും.
ചെടികൾക്ക് വേണ്ടത് 13 മൂലകങ്ങൾ ആണെന്നും അതിൽ പ്രധാനം N.P.K എന്ന മൂന്ന് മൂലകങ്ങൾ ആണെന്നും ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. ആ വളം ആണ് വാങ്ങി ഉപയോഗിക്കേണ്ടത്. ചിലപ്പോൾ മെഗ്‌നീഷ്യം, കാൽസിയം , ബോറോൺ , മൊളിബ്‌ഡിനം എന്നീ മൂലകങ്ങളുടെ കുറവ് അപൂർവ്വമായി ഉണ്ടാകാം. ഇലകൾക്ക് നല്ല കരിം‌പച്ച ഇല്ലാതിരിക്കലാണ് ഇതിന്റെ ലക്ഷണങ്ങൾ. അങ്ങനെയുണ്ടെങ്കിൽ മേല്പറഞ്ഞ മൂലകങ്ങൾ അടങ്ങിയ വളം വാങ്ങി അല്പ, മാത്രം സ്പ്രേ ചെയ്യേണ്ടി വരും. എല്ലാ വളങ്ങളും ഓൺലൈനിൽ ലഭിക്കും. NPK18:18:18, Urea, DAP (Diammonium phosphate), Factomphos ഇവയിൽ ഏതെങ്കിലും വാങ്ങി ഉപയോഗിച്ചിട്ട് ചെടിക്ക് നല്ല ആരോഗ്യവും ഇലകൾക്ക് നല്ല പച്ച നിറവും കാണുന്നെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട.
ജലത്തിന്റെ സമ്പർക്കം കൊണ്ട് ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും വിധമാണ് രാസവളത്തിന്റെ മോളിക്യൂൾ ഘടന. അതുകൊണ്ട് വളം കൊടുത്തതിന്റെ റിസൾട്ട് രണ്ടോ മൂന്നോ ദിവസം കൊണ്ട് കാണാൻ കഴിയും. അല്പം മാത്രം എടുത്ത് വെള്ളത്തിൽ കലക്കി ഒഴിക്കുമ്പോൾ വേരിന് തട്ടുമോ എന്ന് പേടിക്കേണ്ട. എന്നാലും കഴിയുന്നതും ചെടിയുടെ മുരട് ഒഴിവാക്കി ചുറ്റും ഒഴിക്കുന്നതാണ് സേഫ്റ്റി.
ശരിക്ക് പറഞ്ഞാൽ ചെടികൾക്ക് പുഷ്ടിയോടെ വളരാനും നൂറ് ശതമാനം പോഷകഗുണമുള്ള കായ്‌ഫലങ്ങൾ വിളയാനും നമ്മൾ 13 മൂലകങ്ങൾ അവയ്ക്ക് നൽകിയാൽ മതി. മണ്ണ് വേണമെന്നില്ല. അങ്ങനത്തെ കൃഷിരീതിക്ക് ലോകത്ത് ഇന്ന് നല്ല പ്രചാരം ഉണ്ട്. ഹൈഡ്രോപോണിക് എന്നാണ് ആ രീതിയുടെ പേര്. അതിന് നമ്മൾ 13 മൂലകങ്ങളും കൃത്യമായ അനുപാതത്തിൽ അടങ്ങിയ ലായനി സ്വയം തയ്യാറാക്കുകയോ ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങുകയോ വേണം. ഹൈഡ്രോപോണിക്കിൽ വിവിധ സിസ്റ്റം രീതികൾ ഉണ്ട്. അതിൽ ഏറ്റവും എളുപ്പം തിരി സിസ്റ്റം ആണ്. താഴെയുള്ള ഇമേജ് കാണുക. അത് ഏത് സാധാരണക്കാർക്കും പ്ലാസ്റ്റിക്ക് ബോട്ടിൽ കൊണ്ട് പോലും ചെയ്യാം.
ഞാൻ നാട്ടിൽ വന്ന് ഹൈഡ്രോപോണിക്കിന്റെ സിസ്റ്റം സ്ഥാപിച്ച് കൃഷി ചെയ്യാനും ആളുകൾക്ക് പരിശീലനം നൽകാനും ന്യൂട്രിയന്റ് ലായനി തയ്യാറാക്കാനും ഒക്കെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ നാട്ടിൽ എനിക്ക് ഇനിയും സ്ഥിരതാമസമാക്കാൻ പറ്റിയില്ല. ഇതിനിടയിൽ പ്രായം കടന്നു പോവുകയും ചെയ്യുന്നു. മറ്റാരെങ്കിലും ഇതിന് തയ്യാറാവുകയാണെങ്കിൽ അതൊരു നല്ല സാമൂഹ്യപ്രവർത്തനം ആകുമായിരുന്നു. ആഹാരത്തിൽ നിറയെ പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം. അധികം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ് നമ്മുടെ ആരോഗ്യം കവരുന്ന വില്ലൻ. അല്ലാതെ കൊളസ്ട്രോൾ അല്ല. രാസം എന്നാൽ വിഷം എന്ന ഭീതിയും മൂഢത്വവും ഉപേക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ. കീടങ്ങൾക്കും സൂക്ഷ്മജീവികൾക്കും വിഷം ആയത് അവയേക്കാൾ എത്രയോ മടങ്ങ് വലിയ ശരീരവും ബോഡി പ്രൊട്ടക്‌ഷനും ഉള്ള നമുക്ക് വിഷമാവില്ല എന്ന സാമാന്യബോധവും നമുക്ക് ഉണ്ടാകേണ്ടതാണ്.

രാസവളം വിഷം അല്ല


വെറുതെ ഇരിക്കുമ്പോൾ ഇട്ടമ്മില് രണ്ട് മൂട് വാഴച്ചേമ്പിന്റെ വിത്ത് നട്ടതാണ്. അതിന് അല്പം N.P.K വളം ഇട്ടുകൊടുത്തിരുന്നു. അതുകൊണ്ട് നന്നായി പോഷിച്ചു വളർന്നു. കിളച്ചു നോക്കിയപ്പോൾ തോന വിത്തുകൾ കിട്ടി. ഇന്നലെ പകുതി എടുത്ത് പുഴുങ്ങി. എന്താ ഒരു ടേസ്റ്റ്. എനിക്ക് വാഴച്ചേമ്പ് പുഴുങ്ങിയത് വളരെ ഇഷ്ടമാണ്. ചുമ്മാ ഉപ്പ് മാത്രം ഇട്ട് പുഴുങ്ങിയാൽ മതി. അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. വേറെ ഒന്നും വേണ്ട. നല്ലത് പോലെ വെന്താൽ വെണ്ണ പരുവത്തിലാകും. അതാണ് ടേസ്റ്റ്.

ഇത്രയും വിത്തുകൾ കിട്ടിയത് N.P.K എന്ന വളം ഇട്ടുകൊടുത്തത് കൊണ്ടാണ്. എന്തുകൊണ്ട് N.P.K ? അത് പറയാനാണ് ഈ കുറിപ്പ്. നാട്ടിൽ രാസവളം എന്നാൽ വിഷം ആണ്. വീട്ടിലെ ജൈവമാലിന്യം കൊണ്ട് ഉണ്ടാക്കുന്ന കമ്പോസ്റ്റ് പിന്നെ ചാണകം ഒക്കെയാണ് വളം. രാസവളം ഇട്ടാൽ ലഭിക്കുന്ന വിളവുകളും വിഷം ആയിരിക്കും എന്നാണ് പൊതുബോധം. പൊതുബോധത്തോട് ഒരു രക്ഷയും ഇല്ല. അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല. അത്യാവശ്യം പച്ചക്കറി നടുന്ന അയൽക്കാരനോട് ഞാൻ പറഞ്ഞു, ലേശം N.P.K ഇട്ടുകൊടുത്തുകൂടേ? അവജ്ഞയോടെ അവൻ പറഞ്ഞു, അതൊന്നും ഞങ്ങൾ ഉപയോഗിക്കാറില്ല. എന്റെ അഭിപ്രായത്തെ വിഷം തീറ്റിക്കാനുള്ള ദുരുപദേശം ആയിട്ടായിരിക്കും അവൻ എടുത്തിരിക്കുക.
ജൈവകൃഷി എന്നത് ഏറ്റവും വലിയ മൂഢവിശ്വാസം ആണ്. നമ്മൾ ഭക്ഷണം കഴിക്കുന്നില്ലേ. അതൊക്കെ അതിന്റെ ഏറ്റവും ചെറിയ രൂപത്തിൽ തന്മാത്രകളും തന്മാത്രകൾ മൂലകങ്ങൾ ചേർന്നതും ആണ്. ചുരുക്കി പറഞ്ഞാൽ ഇക്കാണുന്ന ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം തന്നെ മൂലകങ്ങൾ കൊണ്ട് ഉണ്ടായതാണ്. ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങൾ ചേർന്നതാണ്. അതുകൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. അവ മൂന്നിന്റെയും കൂടെ നൈട്രജൻ എന്ന നാലാമതൊരു മൂലകം കൂടി ചേർന്നാൽ അത് പ്രോട്ടീൻ തന്മാത്രയായി. വെള്ളം രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും മൂലകങ്ങൾ ചേർന്ന് ഉണ്ടായ തന്മാത്രകളാണ്. വായുവിലെ ഓക്സിജൻ എന്ന് നമ്മൾ പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്.
ഒരു മൂലകവും കൃത്രിമമായി ഉണ്ടാക്കാൻ സാധ്യമല്ല. രാസവളം നിർമ്മിക്കുന്നത് പ്രകൃതിയിലെ തന്മാത്രകൾ ശേഖരിച്ച് അവയെ മൂലകങ്ങളായി പിരിച്ചും തന്മാത്രകളായി കൂട്ടിച്ചേർത്തും ആണ്. യൂറിയയിൽ ഉള്ള നൈട്രജൻ വായുവിൽ ഉള്ള നൈട്രജൻ തന്നെയാണ്. വായുവിൽ 79 ശതമാനവും നൈട്രജൻ മൂലകം ആണുള്ളത് എന്ന് ഓർക്കുക. ആ നൈട്രജൻ തന്നെയാണ് ശേഖരിച്ച് ഒരു കൃത്രിമത്വവും ഇല്ലാതെ ഡാപ്, യൂറിയ, ഫേക്ടംഫോസ്, മുതലായ രാസവളങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. എളുപ്പത്തിൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. എന്നിട്ടാണ് ഇതിനെ ആളുകൾ വിഷം എന്ന് വിശ്വസിച്ച് പേടിക്കുന്നതും പേടിപ്പെടുത്തുന്നതും. ജൈവകൃഷി എന്ന മൂഢപ്രചാരണമാണ് കേരളത്തിൽ കൃഷി നശിക്കാൻ കാരണം.
അല്പം ഡാപ്പ് അല്ലെങ്കിൽ യൂറിയയോ ഫേക്ടംഫോസോ പിന്നെ ലേശം പൊട്ടാസ്യവും ഇട്ടുകൊടുത്ത് ചെടികൾ പോഷിച്ചു വളരുകയും നല്ല വിളവ് കിട്ടുകയും ചെയ്യുമ്പോൾ ആളുകൾ ഉത്സാഹത്തോടെ അവരവർക്ക് വേണ്ടുന്ന പച്ചക്കറികൾ നട്ടു വളർത്തുമായിരുന്നു. ജൈവം എന്ന് പറയുന്നതിൽ 99.9 ശതമാനവും കാർബൺ മൂലകം ആണുള്ളത്. കാർബൺ മൂലകം ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമില്ല. അതുകൊണ്ടാണ് ജൈവം ഇട്ടുകൊടുത്ത ചെടികൾ മഞ്ഞളിച്ച് ശോഷിച്ച് അങ്ങനെ മുരടിച്ച് വളരുന്നത്.
നമുക്ക് ആഹാരത്തിൽ കൂടി നിശ്ചിത എണ്ണം മൂലകങ്ങളാണ് കിട്ടേണ്ടത് എന്ന പോലെ ചെടികൾക്ക് മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും കൂടി കിട്ടേണ്ടത് ആകെ 16 മൂലങ്ങളാണ്. അവ താഴെ കൊടുക്കുന്നു :
Carbon (C), Oxygen (O), Hydrogen (H), Nitrogen , Phosphorus (P), Potassium (K), Calcium (Ca), Magnesium (Mg), Sulfur (S), Iron (Fe), Manganese (Mn), Zinc (Zn), Copper (Cu), Boron (B), Molybdenum (Mo), and Chlorine (Cl).
ഇവയിൽ ആദ്യത്തെ മൂന്ന് എണ്ണം Carbon (C), Oxygen (O), Hydrogen (H) എന്നിവ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡിൽ നിന്നാണ് കാർബൺ കിട്ടുന്നത്. മണ്ണിൽ നിന്ന് ചെടികൾ കാർബൺ എടുക്കുന്നില്ല. അതുകൊണ്ടാണ് 99.9 ശതമാനവും അടങ്ങിയ ജൈവം ചെടികൾക്ക് പ്രയോജനം ഇല്ല എന്ന് പറയാൻ കാരണം. ബാക്കി 0.01 ശതമാനം മൂലകങ്ങൾക്ക് വേണ്ടി കൊട്ടക്കണക്കിന് ജൈവം ഇടേണ്ട കാര്യം ഇല്ലല്ലോ. അതേ സമയം ചാരത്തിൽ ആവശ്യമുള്ള മൂലകങ്ങൾ ഉണ്ട്. ചാരം എന്നത് കാർബൺ കത്തി കാർബൺ ഡൈഓക്സൈഡായി പോയി ശേഷിക്കുന്ന മൂലകങ്ങളാണ്. അത് ചെടികൾക്ക് ഗുണം ചെയ്യും. എന്നാൽ ചാരം ഇപ്പോൾ എവിടെ കിട്ടാനാണ്. ആ കുറവ് നികത്താനാണ് ഏറ്റവും ഫലപ്രദവും സയന്റിഫിക്കും ആയ രാസവളങ്ങൾ ഉപയോഗിക്കേണ്ടത്.
ചെടികൾക്ക് മണ്ണിൽ നിന്ന് കിട്ടേണ്ടത് മേലെ കൊടുത്തവയിൽ Carbon (C), Oxygen (O), Hydrogen (H) ഒഴികെ 13 മൂലകങ്ങളാണ്. ഇവയിൽ Nitrogen , Phosphorus , Potassium ഈ മൂന്നെണ്ണമാണ് അധികം കിട്ടേണ്ടത്. അതാണ് N.P.K എന്ന വളത്തിന്റെ പ്രസക്തി. മേല്പറഞ്ഞ 13 മൂലകങ്ങളും മണ്ണിൽ ഉള്ളതാണ്. മണ്ണ് എന്ന് പറയുന്നത് തന്നെ ഇത് പോലത്തെ കുറേ മൂലകങ്ങൾ ചേർന്ന മിശ്രിതം അല്ലാതെ മറ്റൊന്നല്ല. ചെടികളും വൃക്ഷങ്ങളും ഒക്കെ മണ്ണിൽ നിന്ന് ഇപ്പറഞ്ഞ 13 മൂലകങ്ങൾ വലിച്ചെടുത്തുകൊണ്ടാണ് വളരുന്നത്. എന്നാൽ തുടർന്ന് ഒരു സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് അധികം ആവശ്യമായ Nitrogen , Phosphorus , Potassium എന്നീ മൂലകങ്ങൾ മേൽമണ്ണിൽ ശോഷിച്ചു പോകും അല്ലെങ്കിൽ തീരെ കുറഞ്ഞു പോകും. ആ കുറവ് നികത്താനാണ് നമ്മൾ N.P.K എന്ന കോം‌പ്ലക്സ് വളം ഇട്ടുകൊടുക്കേണ്ടത്. ചെടികൾ തഴച്ചു വളരും. ആ കാഴ്ച തന്നെ എത്ര നയനമനോഹരമാണ്.
പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ പ്രവർത്തന രീതികൾ മനസ്സിലാക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും. എല്ലാവരും അതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ വെറുതെ ആശിക്കാറുണ്ട് .....

മണ്ണും കൃഷിയും ഭക്ഷണവും നമ്മളും

കേരളം ഇപ്പോൾ ജൈവ പച്ചക്കറിക്കൃഷി കൊണ്ടാടുകയാണല്ലൊ.  ആബാലവൃദ്ധം ജനങ്ങൾ ഇപ്പോൾ ജൈവ പച്ചക്കറിയുടെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും  വിദ്യാർത്ഥികളായ ഒരുപറ്റം കുട്ടികളും ഒരുമിച്ചുള്ള ഒരു ടിവി പരിപാടി കാണാനിടയായി. വീണാ ജോർജ്ജ് ആയിരുന്നു മോഡറേറ്റർ.  ഒരു കുട്ടി മുഖ്യമന്ത്രിയോട് ചോദിക്കുന്നു.  അങ്കിൾ, ഞങ്ങൾ മാർക്കറ്റിൽ പോയപ്പോൾ അച്ഛൻ പറഞ്ഞു ജൈവ പച്ചക്കറികൾക്ക് ഇരട്ടി വിലയാണ്, നമുക്കൊക്കെ സാധാരണ പച്ചക്കറി  മാത്രമേ വാങ്ങാൻ കഴിയൂ എന്ന്.  അതായത് വിഷപച്ചക്കറി എന്ന് വിവക്ഷ. അപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി. അച്ഛനോട് പറയണം, ഇരട്ടി വിലയാണെങ്കിൽ പകുതി വാങ്ങിയാൽ മതി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പച്ചക്കറി കഴിച്ചാൽ രോഗം വരുമെന്ന്.

എങ്ങനെയുണ്ട്?  ഒരു മുഖ്യമന്ത്രി കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. പച്ചക്കറികളിൽ അല്ല വിഷം ഉള്ളത്. ഇങ്ങനെയുള്ള പ്രചാരണങ്ങളാണ് വിഷം.  നമ്മുടെ ഭക്ഷണത്തിൽ മുഖ്യമായത് ധാന്യങ്ങളാണ്. ധാന്യങ്ങളിൽ നിന്നാണ് നമുക്ക് വേണ്ടതായ ഊർജ്ജം കിട്ടുന്നത്. പച്ചക്കറികൾ പൂരകഭക്ഷണ പദാർത്ഥങ്ങളാണ്.  എന്നിട്ടും എന്തുകൊണ്ട് നമ്മൾ ജൈവ അരി മാത്രമേ കഴിക്കാവൂ എന്ന് പറയുന്നില്ല? കാരണം  ആവശ്യത്തിനു അരി ജൈവം എന്ന പേരിൽ ഉല്പാദിപ്പിക്കാൻ കേരളത്തിനു കഴിയില്ല. അപ്പോൾ ആഘോഷിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ എളുപ്പം ജൈവ പച്ചക്കറി കൃഷിയാണ്. അരി,പയർ എന്നിവയെ പറ്റി മിണ്ടണ്ട. നാട്ടുനടപ്പ് മുഖ്യമന്ത്രിയും പറഞ്ഞു എന്നേയുള്ളൂ. അതിനപ്പുറം പഠിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. പഠിപ്പിക്കാനും ആരും ആളല്ല.

ജൈവകൃഷി, പ്രകൃതികൃഷി, ചെലവില്ലാകൃഷി ഇങ്ങനെ പല പേരുകളിലാണ് ഇപ്പോൾ കൃഷി. കൂടാതെ മണ്ണിനെ പറ്റി പല വിധ വർണ്ണനകളാണ്. ഇതൊക്കെ മണ്ണ്, ചെടികൾ എന്നിവയെ കുറിച്ച് യാതൊരു അടിസ്ഥാന വിവരങ്ങളും ഇല്ലാത്ത വിവരക്കേടിൽ നിന്ന് ഉണ്ടാകുന്ന കുപ്രചരണങ്ങളാണ്.  കൃഷിക്ക് വേണ്ടത് മണ്ണല്ല. മണ്ണിലെ പതിമൂന്നോളം മൂലകങ്ങൾ മാത്രമാണ്. മണ്ണ് ഇല്ലെങ്കിലും ഈ 13 മൂലകങ്ങളും ലഭ്യമാക്കിയാൽ ചെടികൾ പുഷ്ഠിയോടെ വളരും. ചെടികളെ ഉറപ്പിച്ച് നിർത്താൻ എന്തെങ്കുലും മാധ്യമം വേണം എന്ന് മാത്രം.  അത്തരം കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്.

ചെടികൾക്ക് ആവശ്യമായ 13 മൂലകങ്ങളും ജലവും , ഉറപ്പിച്ച് നിർത്താൻ കഴിയുന്ന മാധ്യമവും എളുപ്പത്തിൽ ലഭിക്കുന്നത് കൊണ്ടാണ് നമ്മൾ മണ്ണിൽ കൃഷി ചെയ്യുന്നത്.  മണ്ണിൽ ഉള്ള എല്ലാ മൂലകങ്ങളും ചെടികൾക്ക് ആവശ്യമില്ല.  ഭൂമിയുടെ മേൽപ്പരപ്പിൽ തൊണ്ണുറോളം മൂലകങ്ങൾ ഉണ്ട്.  ഇവയെല്ലാം കെമിക്കൽ തന്നെയാണ്.  പ്രപഞ്ചത്തിൽ കെമിക്കൽ എന്നും കെമിക്കൽ അല്ലാത്തത് എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. കെമിക്കൽ പേടി അതുകൊണ്ട് ഒഴിവാക്കണം.  തൊണ്ണൂറോളം മൂലകങ്ങൾ ഭൂമിയിൽ ഉള്ളതിൽ ഏറ്റവും കൂടുതൽ ഓക്സിജൻ, സിലിക്കൺ, അലൂമിനിയം എന്നിവയാണ്. ഇവ ചെടികൾക്ക് വേണ്ട.  ചെടികൾ ഇവ എടുക്കുകയും ഇല്ല. ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമുള്ള 13 മൂലകങ്ങൾ ഇവയാണ് :

Major Nutrients         :  Nitrogen (N), Phosphorus (P),  Potassium (K)
Secondary Nutrients:  Calcium (Ca), Magnesium (Mg),  Sulfur (S)
Micronutrients          :  Boron (B), Chlorine (CI), Copper (Cu), Iron (Fe),Manganese (Mn),        Molybdenum (Mo),  Zinc (Zn)

മേൽപ്പറഞ്ഞ 13 മൂലകങ്ങളും കെമിക്കൽ തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇവയിൽ നൈട്രജൻ, ഫോസ്‌ഫറസ്സ്, പൊട്ടാസിയം ആണ് ചെടികൾക്ക് കൂടുതൽ വേണ്ടത്. ഇത്രയും മൂലകങ്ങൾ ആവശ്യത്തിനു കൊടുത്താൽ ഹൈഡ്രോപോണിക്സ് രീതിയിൽ മണ്ണ് ഇല്ലാതെ സമ്പൂർണ്ണ ആരോഗ്യത്തോടെ ചെടികളെ വളർത്താനും പരമാവധി പോഷകങ്ങൾ ഉള്ള വിളവ് എടുക്കാനും കഴിയും. കൃഷിക്ക് മണ്ണല്ല, മണ്ണിലെ 13 മൂലകങ്ങൾ മാത്രമാണു ആവശ്യമായിട്ടുള്ളത് എന്നാണ് ഞാൻ അടിവരയിട്ട് പറയുന്നത്. നമ്മൾ വളം എന്ന് പറയുന്നതും ഈ 13 മൂലകങ്ങളെയാണ്.  ഈ മൂലകങ്ങൾക്ക് ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസം ഇല്ല. ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ ,  മേൽമണ്ണിൽ തുടർച്ചയായി കൃഷി ചെയ്യുമ്പോൾ നൈട്രജനും ഫോസ്‌ഫറസ്സും പൊട്ടാസിയവും (NPK) കുറഞ്ഞു പോകും.  അതിനാണ് നമ്മൾ വളം ഇട്ടുകൊടുക്കേണ്ടത്.  NPK എന്ന കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം.  കെമിക്കൽ എന്നത് നാം പരിചയിച്ച പദപ്രയോഗം മാത്രമാണ്. അല്ലാതെ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല.  ഭൂമിയിൽ ഒന്നും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നില്ല. ഉള്ളത് ഒന്നും നശിക്കുന്നുമില്ല.

എന്തുകൊണ്ട് കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം?  അത് ഇട്ടുകൊടുത്താൽ അപ്പോൾ തന്നെ ജലവുമായി സമ്പർക്കപ്പെട്ട് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കും.  അതിനു പകരം ജൈവം എന്ന് പറയുന്ന എന്തൊക്കെയോ വാരിവലിച്ച് മണ്ണിൽ ഇട്ടാൽ അത് മണ്ണിൽ കിടക്കും.  ജൈവം എന്ന് പറയുന്ന സാധനങ്ങളും അതിന്റെ തന്മാത്രാ ലവലിൽ കെമിക്കൽ മൂലകങ്ങൾ തന്നെയാണ് എന്ന വസ്തുത മറക്കാതിരിക്കുക. ചെടികൾക്ക് ജൈവം ഇട്ടാൽ അതിൽ ചെടികൾക്ക് ആവശ്യമുള്ള കെമിക്കൽ മൂലകങ്ങൾ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന പാകത്തിൽ തന്മാത്രകളായി വിഘടിക്കപ്പെടാൻ മാസങ്ങൾ എടുക്കും.  ഫലത്തിൽ ചെടികൾക്ക് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുന്നില്ല. എല്ലാ മൂലകങ്ങളും ആവശ്യത്തിനു ലഭിക്കാതെ ഉണ്ടാകുന്ന വിളവുകളിൽ നമുക്ക് ആവശ്യമുള്ള എല്ലാ പോഷകഘടങ്ങളും ഉണ്ടാവില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ശാസ്ത്രം രാസവളങ്ങൾ കണ്ടുപിടിച്ചത്.

ചെടികൾക്ക് മണ്ണിൽ നിന്ന് 13 മൂലകങ്ങൾ ആണു വേണ്ടത് എന്ന് പറഞ്ഞല്ലോ.  എന്നാൽ ചെടികൾക്ക് ആകെ വേണ്ടതായ 16 മൂലകങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിലാണ് മണ്ണിൽ ലഭിക്കേണ്ട ഈ പതിമൂന്ന് മൂലകങ്ങൾ.  അതായത് ഒരു ചെടിയുടെ അല്ലെങ്കിൽ വൃക്ഷത്തിന്റെ 96 ശതമാനം ഭാരവും കാർബൺ, ഹൈഡ്രജൻ, ഓക്സ്ജിൻ എന്നിങ്ങനെ മൂന്ന് മൂലകങ്ങളാണ്. ബാക്കി നാല് ശതമാനം ഭാരം മാത്രമാണ് 13 മൂലകങ്ങളും ചേർന്നുള്ളത്.  ഈ മൂന്ന് മൂലകങ്ങൾ അതായത് കാർബണും ഹൈഡ്രജനും ഓക്സിജനും ചെടികൾക്ക് കിട്ടുന്നത് ജലത്തിൽ നിന്നും അന്തരീക്ഷത്തിൽ നിന്നുമാണ്.  ഈ കാർബണും ഹൈഡ്രജനും ഓക്സിജനും മൂന്നും കെമിക്കൽ തന്നെയാണ്. ജൈവം എന്നും കൃത്രിമം എന്നും വേവ്വേറെ മൂലകങ്ങൾ ഇല്ല. അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ ഉപയോഗിച്ചിട്ടാണ് സൗരോർജ്ജത്തിന്റെ സഹായത്തിൽ ചെടികൾ എല്ലാ ജീവികൾക്കും ആവശ്യമായ ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും ചെടികൾക്ക് മണ്ണിൽ നിന്ന് എത്ര കുറച്ചു മാത്രം മൂലകങ്ങൾ മതി എന്ന്. ഹൈഡ്രോപോണിക്സ് കൃഷി എളുപ്പമാക്കുന്നത് ഈ തിരിച്ചറിവാണ്.  നമുക്ക് എന്നല്ല ഏത് ജീവിയ്ക്കും ഊർജ്ജം പ്രദാനം ചെയ്യുന്ന അന്നജം അല്ലെങ്കിൽ സ്റ്റാർച്ച് ചെടികൾ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബണും ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് നിങ്ങൾ ചോറോ കിഴങ്ങുകളോ പഴങ്ങളോ ഭക്ഷിക്കുമ്പോൾ ഓർമ്മിക്കുക. ആദ്യം ഈ മൂന്ന് മൂലകങ്ങളും സൗരോർജ്ജവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുകയും പിന്നീട് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർത്ത് വെച്ച് സ്റ്റാർച്ച് നിർമ്മിച്ച് സംഭരിക്കുകയുമാണ് ചെടികൾ ചെയ്യുന്നത്.  പിന്നീട് നമ്മൾ ഇത് ഭക്ഷിച്ചാൽ ദഹനസമയത്ത് സ്റ്റാർച്ച് വീണ്ടും ഗ്ലൂക്കോസ് ആയി മാറുന്നു. ആ ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിൽ വെച്ച് വീണ്ടും ഊർജ്ജവും കാർബൺ ഡൈ‌ഓക്സൈഡും ആയി മാറുന്നു.  ഇങ്ങനെ പദാർത്ഥങ്ങളുടെ മാറ്റവും ഊർജ്ജപരിവർത്തനവും ആണു നമ്മളിലും ചെടികളിലും പ്രകൃതിയിലും നടക്കുന്നത്.

ഇനി കീടനാശിനികളുടെ കാര്യം പറയാം. ലോകത്ത് ആകെ കൃഷി ചെയ്യുന്നതിന്റെ 40 ശതമാനവും പല വിധത്തിലുള്ള കീടങ്ങൾ നശിപ്പിക്കുകയാണ്. ഈ കീടങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശാസ്ത്രം കണ്ടുപിടിച്ചതാണ് പലതരത്തിലുള്ള കീടനാശിനികൾ.  കീടനാശിനികൾ ഇല്ലെങ്കിൽ കീടങ്ങൾ പെറ്റുപെരുകി കൃഷി മൊത്തത്തിൽ നശിപ്പിക്കും എന്ന അപായമുണ്ട്.  കീടനാശിനികൾ ഇല്ലാതെ കൃഷി ചെയ്യാൻ പറ്റില്ല എന്ന് ജൈവവാദികളും സമ്മതിക്കും. പക്ഷെ ജൈവകീടനാശിനിയേ പറ്റൂ, കെമിക്കൽ കീടനാശിനികൾ തളിച്ചാൽ വിളവുകൾ വിഷം ആയി മാറും എന്നാണ് വാദം.  കീടനാശിനി തളിച്ചാൽ കീടങ്ങൾ നശിക്കുമെങ്കിൽ അതിൽ കീടങ്ങൾക്ക് ഹാനികരമായ കെമിക്കൽ ഉണ്ട് എന്നാണർത്ഥം.  അതിൽ ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസമില്ല. പദാർത്ഥങ്ങൾ ഏതുമാകട്ടെ തന്മാത്രാ ലവലിൽ ഒന്ന് തന്നെയാണ് എന്ന് ആദ്യം പറഞ്ഞത് ഓർക്കുക. ഒതളങ്ങ ഭക്ഷിച്ചാൽ മനുഷ്യൻ മരണപ്പെടുന്നത് അതിലെ കെമിക്കൽ തന്മാത്രകൾ നിമിത്തമാണ്. ഒതളങ്ങ ജൈവമാണ് അതുകൊണ്ട് മനുഷ്യനു ഹാനികരമല്ല എന്നാരും പറയില്ലല്ലൊ.

അനുവദനീയമായ അളവിൽ കെമിക്കൽ കീടനാശിനികൾ തളിക്കുമ്പോൾ അത്കൊണ്ട് മനുഷ്യർക്ക് യാതൊരു ഹാനിയും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വിളവുകളുടെ അകത്ത് അവ പ്രവേശിച്ച് വിഷം ആക്കുന്നുമില്ല. ഇക്കാലമത്രയും നാം രാസവളവും രാസ കീടനാശിനും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചോറ് ആണു ഭക്ഷിക്കുന്നത് എന്നും മേലിലും ഇതേ ചോറ് തന്നെയാണ് ഭക്ഷിക്കാൻ പോകുന്നത് എന്നും സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. ഇത്രയും പേർക്ക് ജൈവച്ചോറ്  കൃഷി ചെയ്തു ഉല്പാദിപ്പിക്കാൻ ആർക്കും കഴിയില്ല.  അതുകൊണ്ട് വിഷപ്പേടിയില്ലാതെ ഭക്ഷണം കഴിക്കുക. കുഞ്ഞുമനസ്സുകളിൽ വിഷപ്പേടി എന്ന വിഷം കുത്തിവയ്ക്കാതിരിക്കുക.  പച്ചക്കറികളിലോ അരിയിലോ കീടനാശിനിയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് സംശയമോ പേടിയോ ഉണ്ടെങ്കിൽ ഒന്നുകൂടി നല്ലോണം കഴുകുക. ഭക്ഷണം രുചിച്ച്, ആസ്വദിച്ച് കഴിക്കുക.

ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തം

ജൈവകൃഷി എന്നൊരു കൃഷി ഇല്ല. ആ പ്രയോഗം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണു. ഏത് വിഢിയാണു ഈ വാക്ക് കണ്ടുപിടിച്ചത് എന്നറിയില്ല. കൃഷി ഒന്നേയുള്ളൂ, അത് കൃഷി തന്നെയാണു. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയും.

കാട്ടിലൊക്കെ മരങ്ങൾക്ക് ആരും വളം ഇടുന്നില്ല. അവയ്ക്കൊക്കെ ആവശ്യമായ വളങ്ങൾ മണ്ണിൽ നിന്ന് കിട്ടുന്നുണ്ട്. കൂടാതെ മരങ്ങളിലെ ഇലകളും മറ്റും അവിടെ തന്നെ വീണ് വീണ്ടും മണ്ണിൽ കലർന്നു റിസൈക്കിൾ ആയി വൃക്ഷങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വളം എന്ന വാക്കാണു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെയാണു ജൈവവളം എന്നും കൃത്രിമവളം എന്നൊക്കെ തെറ്റിദ്ധാരയുണ്ടാകുന്നത്. ജൈവം എന്നും കൃത്രിമം എന്നും രണ്ട് തരം വളങ്ങൾ ഇല്ല. വളം ഒന്നേയുള്ളൂ. വളം എന്നാൽ ചെടികൾക്ക് ആവശ്യമുള്ള ഭക്ഷണം എന്നും പറയാം. എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നതാണു രണ്ടാമത്തെ ചിത്രത്തിലെ ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നത്. ഹൈഡ്രജൻ മുതൽ മൊളിബ്‌ഡിനം വരെ 16 മൂലകങ്ങളുടെ പേരുകൾ അതിൽ കാണാം. അത് മാത്രമാണു എല്ലാ സസ്യ-വൃക്ഷ-ലാതാദികൾക്കും ആവശ്യമുള്ള വളം അല്ലെങ്കിൽ ഭക്ഷണം. ഇപ്പറഞ്ഞ 16 മൂലകങ്ങളിൽ കാർബണും ഓക്സിജനും ഹൈഡ്രജനും അങ്ങനെ മൂന്നെണ്ണം അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നുമാണു കിട്ടുന്നത്. ബാക്കി 13 മൂലകങ്ങളാണു മണ്ണിൽ നിന്ന് കിട്ടുന്നത്.
എന്നാൽ ഈ മൂലകങ്ങൾ പതിമൂന്നും അതാത് മൂലകങ്ങളായി നേരിട്ടല്ല മണ്ണിൽ നിന്ന് ചെടികളുടെ വേരുകൾ വലിച്ചെടുക്കുന്നത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളായി എന്നിട്ട് അവയിൽ നിന്ന് എലക്ട്രോണുകൾ നഷ്ടപ്പെടുകയോ കൂടിച്ചേരുകയോ ചെയ്ത് അയണുകളായി മാറി ജലവും ആയി ചേർന്ന ലായനിയായിട്ടാണു വേരുകൾ വലിച്ചെടുക്കുന്നത്. ഒന്നാമത്തെ ചിത്രം അതാണു കാണിക്കുന്നത്. പ്രധാന വേരുകളിൽ നിന്ന് മുളയ്ക്കുന്നു ചെറുവേരുകൾ റൂട്ട് ഹെയർ എന്ന് പറയും. അതിൽ കൂടിയാണു ഈ ലായനി വലിച്ചെടുക്കപ്പെടുന്നത്. രണ്ടാമത്തെ ചിത്രം പട്ടിക രണ്ടിൽ അയണുകളായ സംയുക്തങ്ങളുടെ ഫോർമുല കൊടുത്തിട്ടുണ്ട്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണു ഇത് മാത്രമാണു വളം. ഇതിൽ ജൈവം എന്നും കൃത്രിമം എന്നും വേർതിരിക്കുന്നത് അസംബന്ധമാണു. ജൈവളത്തിലും ഇപ്പറഞ്ഞ മൂലകങ്ങളിൽ ചിലത് ഉണ്ടാകും. എന്നാൽ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അത് വിഘടിക്കപ്പെട്ട് അയണുകളായി മാറണമെങ്കിൽ കുറേക്കാലം അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിക്കണം. കൃത്രിമവളം എന്ന് പറയുന്നത് അസംബന്ധമാണു. ഉദാഹരണം പറയാം. സസ്യങ്ങൾക്ക് കൂടുതലായി വേണ്ടത് നൈട്രജൻ ആണു. പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിൽ നൈട്രജൻ ഇല്ല. മറ്റ് ധാതുമൂലകങ്ങൾ ഉണ്ട്. എന്നാൽ അന്തരീക്ഷവായുവിൽ 80 ശതമാനവും നൈട്രജൻ ആണു. ഈ നൈട്രജൻ ഇടിമിന്നൽ ഉണ്ടാകുന്ന വേളയിൽ ഓക്സിജനുമായി സംയോജിച്ച് നൈട്രിക്ക് ആസിഡായി രൂപാന്തരപ്പെട്ട് മണ്ണിൽ പതിക്കുന്നു. ചെടികൾക്ക് ആവശ്യമുള്ള നൈട്രജൻ അമോണിയം അയൺ ( NH₄ᐩ)എന്ന സംയുക്തമായിട്ട് മാത്രമേ ചെടി വലിച്ചെടുക്കൂ. മണ്ണിലെ ചില സൂഷ്മജീവികൾ നൈട്രിക് ആസിഡിനെ അമോണിയ ആക്കി മാറ്റുന്നു. ഇതിനെ നൈട്രജൻ ഫിക്സേഷൻ എന്നാണു പറയുന്നത് ആ അമോണിയ ജലവുമായി ചേരുമ്പോൾ അമോണിയം അയൺ ലായനിയായി മാറുന്നു. വായുവിലെ നൈട്രജൻ തന്നെയാണു ഫാക്ടറികളിൽ യൂറിയ നിർമ്മിക്കാനും ഉപയോഗിക്കുന്നത്. അല്ലാതെ നൈട്രജൻ കൃത്രിമമായി നിർമ്മിക്കുന്നില്ല. യൂറിയ മണ്ണിൽ ഇട്ടാൽ ജലവുമായി സമ്പർക്കത്തിലാവുമ്പോൾ അത് അമോണിയം അയൺ ആയി മാറുന്നു. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലോ ഭൂമിയിലോ ഉള്ള പദാർത്ഥങ്ങളിൽ നിന്ന് തന്നെയാണു കൃത്രിമമായി വളം നിർമ്മിക്കുന്നത്. കൃത്രിമമായി നിർമ്മിക്കുക എന്ന് പറഞ്ഞാൽ പ്രകൃതിയിലെ മൂലകങ്ങൾ ഫാക്ടറികളിൽ വെച്ച് സംയോജിപ്പിക്കുന്നു എന്നേയുള്ളൂ. മനുഷ്യൻ ഒന്നും കൃത്രിമമായി നിർമ്മിക്കുന്നില്ല. ഉള്ളതിനെ രൂപമാറ്റം വരുത്തുന്നു എന്നേയുള്ളൂ. ഒരേ സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ മണ്ണിൽ കുറഞ്ഞു പോകും. കാരണം മണ്ണിൽ നിന്ന് ഉണ്ടാകുന്നത് നമ്മൾ വിളവെടുത്ത് പോവുകയാണു. അപ്പോൾ കുറവുള്ള മൂലകം മണ്ണിൽ തിരിച്ച് നിക്ഷേപിക്കണം. അതുകൊണ്ടാണു വളം അഥവാ മൂലകങ്ങൾ മണ്ണിൽ ഇടേണ്ടി വരുന്നത്. സാധാരണഗതിയിൽ അധിക അളവിൽ ചെടികൾക്ക് വേണ്ടതായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസിയം എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ആണു കുറവ് വരിക. വളരെ കുറവേ ആവശ്യമുള്ളൂ എങ്കിലും ട്രേസ് എലമെന്റ്സും പ്രധാനമാണു. ഉദാഹരണത്തിനു മൊളിബ്‌ഡിനം എന്ന മൂലകം ഇല്ലെങ്കിൽ നൈട്രജൻ ഫിക്സേഷൻ നടക്കില്ല്ല. ഇതൊക്കെ പരിഹരിക്കാനാണു ശാസ്ത്രം മണ്ണ് പരിശോധനയും രാസവളങ്ങളും കണ്ടുപിടിച്ചത്. രാസവളങ്ങൾ വിഷം ആണെന്ന് പറയുന്നവൻ വെറും പമ്പരവിഢി മാത്രമല്ല സാമൂഹ്യദ്രോഹി കൂടിയാണു. കാരണം അവൻ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ നിന്ന് അകറ്റുകയാണു. ചെടികൾ നമുക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെയാണു? ശരിക്ക് പറഞ്ഞാൽ ചെടികൾ അവയ്ക്ക് വേണ്ടി ആഹാരം നിർമ്മിക്കുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്നു എന്നേയുള്ളൂ. നമുക്ക് വേണ്ടി അവ ഒന്നും ചെയ്യുന്നില്ല. നമ്മളാണു അവയെ ഉപയോഗപ്പെടുത്തുന്നത്. നമ്മൾ മാത്രമല്ല ഭൂമിയിൽ ഏകകോശ ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ ആന വരെ സസ്യങ്ങളെ ആശ്രയിച്ചിട്ടാണു ജീവിയ്ക്കുന്നത്. സസ്യങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജന്തുവർഗങ്ങൾക്ക് നിലനിൽപ്പില്ല. എന്തുകൊണ്ടെന്നല്ലേ? എല്ലാ ജീവികൾക്കും ആഹാരം വേണമല്ലൊ. ആഹാരത്തിന്റെ ഏറ്റവും അടിസ്ഥാന യൂനിറ്റ് ഷുഗർ, പഞ്ചസാര, എന്നൊക്കെ പറയാവുന്ന ഗ്ളൂക്കോസ് ആണു. ഈ ഗ്ളൂക്കോസ് നിർമ്മിക്കാൻ കഴിയുന്നത് സസ്യങ്ങൾക്ക് മാത്രമാണു. ഗ്ളൂക്കോസ് എന്ന് പറഞ്ഞാൽ അതിന്റെ ഫോർമുല ഇതാണ് : C₆H₁₂O₆. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ചേർന്ന സംയുക്തം. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ‌ഓക്സൈഡും മണ്ണിൽ നിന്ന് ജലവും സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജവും ഇതിനായി സസ്യങ്ങൾ സ്വീകരിക്കുന്നു. സസ്യങ്ങൾക്ക് മാത്രമേ ഇത് കഴിയൂ. സൂര്യനിൽ നിന്ന് സ്വീകരിക്കുന്ന ഊർജ്ജം ഗ്ളൂക്കോസ് തന്മാത്രയിൽ ചെടികൾ സൂക്ഷിക്കുന്നു. ഗ്ളൂക്കോസ് പിന്നെ സെല്ലുലോസ് ആയും സ്റ്റാർച്ച് ആയും ഒക്കെ മാറ്റി ചെടികൾ അവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു. ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്ന ഊർജ്ജമാണു മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ ജീവികളും അവയുടെ ഊർജ്ജാവശ്യത്തിനായി ഉപയോഗിക്കുന്നത്.

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ പറയുന്നത് അസംബന്ധം

കൃഷിമന്ത്രിയും ജൈവവാദികളും അറിയാൻ ...

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ വേർതിരിച്ച് പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണു. കൃഷി ഒന്നേയുള്ളൂ അത് കൃഷി മാത്രം. മനുഷ്യനു വേണ്ടി മെരുക്കിയെടുത്ത വിത്തുകളും വിളകളുമാണു കൃഷി ചെയ്യുന്നത്. പ്രകൃത്യാ വിളയുന്നത് മനുഷ്യനു തിന്നാൻ കൊള്ളുകയില്ല. അവയെ നമ്മൾ കാട്ടുചെടികൾ എന്നും കാട്ടുവിളകൾ എന്നും പറയും. കൃഷി ചെയ്ത് ഉണ്ടാക്കുന്നത് മാത്രമേ മനുഷ്യർക്ക് തിന്നാൻ കൊള്ളൂ. ഇന്ന് ഉപയോഗിക്കുന്ന വിത്തുകളിൽ ഭൂരിഭാഗവും സങ്കരയിനമായി വികസിപ്പിച്ചെടുത്തതാണു. അല്ലായിരുന്നെങ്കിൽ ഇത്രയും കോടി ജനങ്ങൾക്ക് ആഹാരം ലഭ്യമാവുകയില്ലായിരുന്നു.

മനുഷ്യൻ കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് വളം നൽകേണ്ടതുണ്ട്. വളം എന്നാൽ ചെടികൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ എന്ന് മാത്രമാണു അർത്ഥം. അതിൽ ജൈവം എന്നൊ രാസമെന്നോ വ്യത്യാസമില്ല. അയൺ (Ion)  രൂപത്തിലുള്ള തന്മാത്രകളോ മൂലകങ്ങളോ മാത്രമേ ചെടികളുടെ വേരുകൾ വലിച്ചെടുക്കുകയുള്ളൂ. എന്താണു അയൺ എന്ന് ചോദിച്ചാൽ An ion  is an atom or a molecule in which the total number of electrons is not equal to the total number of protons എന്നാണർത്ഥം. അതായത് ഒരു മൂലകത്തിലോ തന്മാത്രയിലൊ പ്രോട്ടോണുകളുടെ എണ്ണവും എലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും. അങ്ങനെയല്ലാതെ എലക്ട്രോൺ നഷ്ടപ്പെടുകയോ അധികമാവുകയോ ചെയ്താൽ അവ അയണുകളാണു.  വെള്ളവും വളവും വലിച്ചെടുക്കുന്ന വേരിലൂടെ അയൺ ആയ മൂലകമോ തന്മാത്രയോ മാത്രമേ കടക്കുകയുള്ളൂ. ഇങ്ങനെ 13 മൂലകങ്ങളാണു സസ്യങ്ങളുടെ വേരുകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നത്. അവയുടെ പട്ടിക ചിത്രത്തിൽ കൊടുത്തത് കാണുക.

കാർബൺ എന്ന മൂലകം അടങ്ങിയ സംയുക്തങ്ങളെയാണു ജൈവപദാർത്ഥം എന്ന് പറയുന്നത്. നിങ്ങൾ ജൈവവളം എന്ന് പറഞ്ഞ് മണ്ണിൽ നിക്ഷേപിക്കുന്നതിൽ, സൂക്ഷ്മജീവികൾ കുറേക്കാലം അതിൽ പ്രവർത്തിച്ച് അതിലെ കൂറ്റൻ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കപ്പെട്ട് , അതിൽ ചെടികൾക്ക് ആവശ്യമായ എന്തെങ്കിലും മൂലകങ്ങൾ ഉണ്ടെങ്കിൽ അവ അയൺ രൂപത്തിൽ ആയി മാറിയിട്ട് ചെടികൾ വലിച്ചെടുക്കും. കാർബൺ ചെടികൾക്ക് മണ്ണിൽ നിന്ന് വേണ്ട. ബാക്കി നൈട്രജൻ മുതൽ ഉള്ളത് വലിച്ചെടുക്കും. പക്ഷെ അത് സമീകൃത വളം എന്ന് പറയാൻ പറ്റില്ല. ആവശ്യമുള്ള 13 മൂലകങ്ങളും ജൈവവളത്തിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്താൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇപ്പറഞ്ഞ അയൺ ആയി മാറാൻ മണ്ണിൽ നിക്ഷേപിച്ച ശേഷം കുറേ കാലമെടുക്കും. അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ലഘുതന്മാത്രകളും മൂലകങ്ങളും ആയി മാറണമല്ലൊ. എന്നാൽ ചെടികൾക്ക് അപ്പോൾ തന്നെ വലിച്ചെടുക്കാവുന്നതും വെള്ളത്തിന്റെ സമ്പർക്കത്തിൽ അപ്പോൾ തന്നെ അയൺ ആവുകയും ചെയ്യുന്ന തന്മാത്രാരൂപത്തിൽ ആണു രാസവളം ഫാക്ടറികളിൽ നിർമ്മിക്കുന്നത്. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളാണു മനുഷ്യൻ ഫാക്ടറികളിൽ ഉണ്ടാക്കുന്നത്.  ജൈവളം കാലക്രമേണ വിഘടിച്ച് ഉണ്ടാകുന്ന നൈട്രേറ്റും (NO₃) ഫാക്ടറിയിൽ നിർമ്മിക്കുന്ന അമോണിയയിലെ നൈട്രേറ്റും ഒന്ന് തന്നെയാണു. മണ്ണിന്റെ ഫലപുഷ്ടിക്ക് ജൈവപദാർത്ഥങ്ങൾ നിക്ഷേപിക്കുന്നത് നല്ലത് തന്നെ. പക്ഷെ കൃഷിക്ക് രാസവളം ഉപയോഗിച്ചേ മതിയാകൂ എന്ന് ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാകേണ്ടതാണു. മൂലകങ്ങളും തന്മാത്രകളും അവയുടെ പകർപ്പുകൾ ഉള്ളതിൽ നിന്ന് ഉണ്ടാക്കാമെന്നല്ലാതെ കൃത്രിമമായിട്ട് പുതിയത് ഒന്നും മനുഷ്യർക്ക് ഉണ്ടാക്കാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം.

ഇനി കീടനാശിനികൾ എടുക്കാം. കീടങ്ങളെ ഏത് പദാർത്ഥം നശിപ്പിക്കുന്നുവോ അത് കീടനാശിനിയാണു. കീടം നശിച്ചില്ലേ അല്ലെങ്കിൽ നശിപ്പിച്ചില്ലേ അതാണു കീടനാശിനി. അതിൽ ജൈവം എന്നോ രാസം എന്നോ വ്യത്യാസമില്ല. കീടങ്ങൾക്ക് വിഷം ആയത് കൊണ്ട് അവ നശിക്കുന്നു. പ്രകൃതിയിൽ തന്നെ കീടങ്ങളെ നശിപ്പിക്കുന്ന പദാർത്ഥങ്ങൾ തന്മാത്രാരൂപത്തിലുണ്ട്. അവയുടെ തന്മാത്രാപതിപ്പുകളോ അതിനേക്കാളും കൃത്യമായ തന്മാത്രകളോ ഫാക്ടറികളിൽ നിർമ്മിക്കാൻ പറ്റും. അങ്ങനെയാണു നിർമ്മിക്കുന്നത് താനും. പ്രകൃതിയിൽ ലഭ്യമല്ലാത്ത, ഒരുപാട് ഇനം കീടങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കീടനാശിനികൾ ഫാക്ടറികളിൽ നിർമ്മിക്കുന്നുണ്ട്. അവയെല്ലാം കീടങ്ങൾക്കാണു വിഷം. അതൊക്കെ മനുഷ്യനു വിഷം ആകണമെങ്കിൽ ജൈവകീടനാശിനിയും മനുഷ്യനു വിഷം ആകണ്ടേ? കാരണം ജൈവകീടനാശിനി കീടങ്ങൾക്ക് വിഷം ആകണമല്ലൊ. അത്കൊണ്ട്, ജൈവകീടനാശിനി മനുഷ്യർക്ക് വിഷം ആവില്ല എന്നും അതേ തന്മാത്രയുടെ പകർപ്പ് ഫാക്ടറിയിൽ നിർമ്മിച്ചാൽ വിഷം ആകും എന്ന് പറയുന്നത് പദാർത്ഥങ്ങളുടെ തന്മാത്ര ഘടനയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണു.

ഒരു ഉദാഹരണം പറയാം. ഒതളങ്ങ കഴിച്ചാൽ മനുഷ്യൻ മരിക്കും. പണ്ട് ആത്മഹത്യ ചെയ്യാൻ ആളുകൾ ഉപയോഗിച്ചിരുന്ന പഴമാണു ഒതളങ്ങ. Cerbera odollam എന്നാണു ഇതിന്റെ ശാസ്ത്രീയനാമം. ഒതളങ്ങ പ്രകൃതിയിലെ ഒരു പഴമാണല്ലൊ. അതെങ്ങനെയാണു മനുഷ്യർക്ക് വിഷം ആകുന്നത്? ഒതളങ്ങയിൽ അടങ്ങിയിട്ടുള്ള cerberin എന്ന പദാർത്ഥമാണു മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നത്. ഈ സെറിബെറിൻ (cerberin) എന്ന പദാർത്ഥത്തിന്റെ തന്മാത്ര ഘടന നമുക്കറിയാം. അതേ തന്മാത്ര ഫാക്ടറിയിൽ നിർമ്മിക്കാൻ പറ്റും. അത് പോലെ എല്ലാറ്റിന്റെയും തന്മാത്ര ഘടന ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുകയും നമുക്ക് പറഞ്ഞു തരികയും ചെയ്തിട്ടുണ്ട്. സാധാരണക്കാർ ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അത് കൊണ്ടാണു എന്ത് അസംബന്ധവും വിവരക്കേടും സമൂഹത്തിൽ സത്യം പോലെ പ്രചരിക്കുന്നത്.

വിഷം എന്നത് പൊതുവായ ഒരു വാക്കാണു. കീടങ്ങളിൽ ആയാലും സൂക്ഷ്മജീവികളിൽ ആയാലും വിഷം എന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. കീടനാശിനികൾ ചെടികൾക്ക് തളിച്ചാൽ അത് മനുഷ്യർക്ക് വിഷമാകും എന്നത് അസംബന്ധവും അർത്ഥശൂന്യവുമായ വാദമാണു. പാമ്പിൻ വിഷം മനുഷ്യൻ കുടിക്കുകയാണെങ്കിൽ ആമാശയത്തിലും ചെറുകുടലിലും എത്തുന്ന അത് വെറും പ്രോട്ടീൻ പദാർത്ഥമാണു. അതേ സമയം, പാമ്പ് കടിച്ച് സിരകളിൽ പ്രവേശിച്ച് രക്തത്തിൽ കലരുമ്പോഴാണു അത് വിഷത്തിന്റെ ഫലം ചെയ്യുന്നത്.

ചെടികളെ ബാധിക്കുന്ന കീടങ്ങൾ എന്ന് പറഞ്ഞാൽ അത് ബാക്റ്റീരിയ , ഫംഗസ് മുതലായ സൂക്ഷ്മജീവികളുമുണ്ട്. അതിനെതിരെ ഫാക്ടറികളിൽ നിർമ്മിക്കുന്ന പെസ്റ്റിസൈഡുകൾ വിഷം ആകും എന്ന് പറയുമ്പോൾ തന്നെ ബാക്റ്റീരിയ , അമീബ, ഫംഗസ്, വൈറസ്സ് എന്നിവ മൂലം രോഗബാധിതരാകുന്ന ആളുകൾ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കുകയും ചെയ്യുന്നു. കീടനാശിനി ചെടികളിൽ തളിച്ച് അവയെ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുമ്പോൾ , മനുഷ്യർ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിച്ച് അവന്റെ ശരീരത്തിൽ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. അത്രയേയുള്ളൂ. രണ്ടിലും തെറ്റില്ല. മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ശാസ്ത്രം കണ്ടുപിടിച്ചതാണു ആന്റി ബയോട്ടിക്കുകളും പെസ്റ്റിസൈഡുകളും. ശാസ്ത്രം കണ്ടുപിടിക്കുന്നത് എന്തും മനുഷ്യന്റെ നിലനില്പിനും നന്മയ്ക്കും സൗകര്യത്തിനും ക്ഷേമത്തിനും വേണ്ടിയായിരിക്കും. എന്തെങ്കിലും ദുരുപയോഗം ചെയ്യുന്നെങ്കിൽ അത് മനുഷ്യന്റെ തെറ്റാണു. അത് തടയണം.

ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്ക് മരുന്ന് പെൻസിലിൻ (Penicillin ) ആണു.  Penicillium വർഗ്ഗത്തിൽ പെടുന്ന ഒരുമാതിരി പൂപ്പലിൽ നിന്നാണു പെനിസിലിൻ വേർതിരിച്ചെടുത്തത്.  പെൻസിലിൻ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് ഒരു വിപ്ലവം ആയിരുന്നു. എത്രയോ രോഗങ്ങൾ ഭേദമാക്കാനും ജീവൻ രക്ഷിക്കാനും പെൻസിലിൻ സഹായിച്ചു. പിന്നീട് പെനിസിലിന്റെ അതേ തന്മാത്രാഘടനയിൽ ആമ്പിസിലിൻ (Ampicillin) കൃത്രിമമായി നിർമ്മിക്കാൻ തുടങ്ങി. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിവിരുദ്ധം അല്ല എന്നും പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളോ പരിഷ്ക്കരണങ്ങളോ മാത്രമാണെന്ന് മനസ്സിലാക്കുക. ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്ക് മരുന്നുകൾ മനുഷ്യരുടെ ആരോഗ്യവും - എന്ന് വെച്ചാൽ രോഗമില്ലാത്ത അവസ്ഥ - ജീവനും സംരക്ഷിച്ചു വരുന്നു.

ഇത്രയും പറഞ്ഞത് ജൈവം എന്നും രാസം എന്നും വ്യത്യാസം ഒന്നിലും ഇല്ല എന്നും വെറുതെ ആളുകൾ പറഞ്ഞ് പൊതുബോധമായി മാറിപ്പോയതാണെന്നും, അതാണു കൃഷിമന്ത്രിയും ഏറ്റുപറയുന്നത് എന്നും വ്യക്തമാക്കാനുമാണു. ചിലർ അളവിൽ കൂടിയാലോ എന്ന വിതണ്ഡവാദവുമായി വരും. അതിപ്പൊ പച്ചവെള്ളം അളവിൽ കൂടുതൽ അമിതമായി കുടിച്ചാലും അത് മരണകാരണമാകും. എന്ന് വെച്ച് വെള്ളം കുടിക്കരുത് എന്ന് പറയാൻ പറ്റുമോ? ഈ എഴുതിയത് വായിച്ചിട്ടും തർക്കിക്കാൻ വരുന്നവരോട് ഒന്നും പറഞ്ഞിട്ട് ഫലമില്ല. 

കുറ്റിക്കുരുമുളകും ജൈവതീവ്രവാദവും

കാര്യത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അല്പം മുഖവുര. ഇപ്പോള്‍ എല്ലാ വീടുകളിലും പൂച്ചട്ടികള്‍ ഉണ്ടല്ലൊ. അലങ്കാരത്തിന് വേണ്ടി അതിലൊക്കെ എന്തൊക്കെയോ ചെടികള്‍ നടുന്നുമുണ്ട്. അതിന്റെ കൂടെ ഒരു അഞ്ച് ചട്ടിയില്‍ കുറ്റിക്കുരുമുളകിന്റെ ചെടി നട്ടുകൂടേ? തീര്‍ച്ചയായും അതിനും ഭംഗിയുണ്ട്. ചിത്രം നോക്കുക. ഞാന്‍ നട്ട കുറ്റിക്കുരുമുളക് ചെടിയാണ് ഇത്.  അത് കായ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫേസ്‌ബുക്കിന്റെ കൃഷി ഗ്രൂപ്പില്‍ ഈ വിഷയം അവതരിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു പോസ്റ്റ് എഴുതി. അത് ഇങ്ങനെ :


ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററിക്കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും. വലിയ ചെടിച്ചട്ടികളില്‍ മണ്ണും, ഉണക്കി പൊടിച്ച കാലിവളവും ചേര്‍ത്ത് വേര് പിടിപ്പിച്ച കുരുമുളക് തണ്ടുകള്‍ നടാം. ഇങ്ങിനെ നടുന്ന കുററിക്കുരുമുളകിന് കൂടുതല്‍ വളം ആവശ്യമാണ്.

കുററി കുരുമുളക് ചെടികള്‍ നട്ട് ഒരു വര്‍ഷത്തിനകം വിളവ് തരാന്‍ തുടങ്ങും. ആദ്യത്തെ വര്‍ഷം ഒരു ചെടിയില്‍ നിന്നും 500 ഗ്രാം കുരുമുളക് ലഭിക്കും. ചെടിച്ചട്ടികളില്‍ നിന്നു തന്നെ വീട്ടാവശ്യത്തിനു വേണ്ട കുരുമുളക് ഉണ്ടക്കാവുന്നതാണ്. ചട്ടിയിലെ ചെടികള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കണം. കാലി വളം 25 ഗ്രാം എന്നതോതിലും കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നല്‍കുന്നത് കുററി കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

ദിവസേന നനക്കുന്നത് തുടക്കത്തില്‍ തിരിയിലെ മണിപിടിത്തം കൂട്ടാനും മണി കൊഴിച്ചല്‍ കുറക്കാനും സഹായിക്കും. കുററിക്കുരുമുളക് ചെടിയില്‍ നിന്നും വര്‍ഷം മുഴുവനും കുരുമുളക് ലഭിക്കുകയും അഞ്ച് വര്‍ഷത്തോളം നല്ല വിളവ് ലഭിക്കുകയും ചെയ്യും. പറിക്കാന്‍ ആളെ ആവശ്യമില്ല. നടാന്‍ അധികം സ്ഥലം വേണ്ട, വള്ളി പടര്‍ത്താന്‍ മരം വേണ്ട എന്നിവയാണ് പ്രത്യേകതകള്‍.

നന്നായി വിളവ് തരുന്നതും 8 -10 വര്‍ഷത്തോളം പ്രായമുള്ളതുമായ മാതൃവള്ളിയില്‍ നിന്നാണ് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ച വള്ളികളില്‍ നിന്നും 3- 5 മുട്ടുള്ള തണ്ടുകള്‍ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളില്‍ നടുന്നു. വേരു പിടിക്കുവാന്‍ 30-50 ദിവസം വേണം. വേര് പിടിച്ച തണ്ടുകള്‍ 3 മാസത്തിന് ശേഷം ചട്ടിയില്‍ നടാം. ഇത്തരം കുരുമുളക് ചെടികള്‍ കുററിയായി വളരുകയും കൂടുതല്‍ പാര്‍ശ്വ ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. താങ്ങിന്റെ ആവശ്യമില്ല. ഇതാണ് കുററി കുരുമുളക് അഥവാ ബുഷ് പെപ്പര്‍.

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പന്നിയൂര്‍-1 മുതല്‍ പന്നിയൂര്‍-7 വരെ കുരുമുളക് തൈകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ മാതൃവള്ളികളില്‍ നിന്ന് കുറ്റിക്കുരുമുളക് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അത് പോലെ തന്നെ കരിമുണ്ട എന്ന ഇനം കുരുമുളകിന്റെ മാതൃവള്ളിയില്‍ നിന്നും തലകള്‍ ശേഖരിക്കാം. ചട്ടികളില്‍ വളര്‍ത്തുന്ന കുറ്റിക്കുരുമുളക് ചെടികള്‍ക്ക് ചെടികള്‍ക്ക് മേല്‍പ്പറഞ്ഞ പോലെ രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കാന്‍ മറക്കണ്ട. ജൈവക്കൃഷി എന്നത് അങ്ങനെ അതിവൈകാരികമായി കൊണ്ടുനടക്കേണ്ട സംഗതിയല്ല എന്ന് ഓര്‍ക്കുക. ചട്ടികളില്‍ വളര്‍ത്തുന്ന എന്തിനും ഇങ്ങനെ നേരിയ അളവില്‍ രാസവളം നല്‍കേണ്ടതുണ്ട്.

ഇത്രയും വായിച്ചിട്ട് എന്താണ് കുറ്റിക്കുരുമുളകിന്റെ തല എന്ന് മനസ്സിലായില്ലേ?  സാരംഗ് ഗോപാലകൃഷ്ണന്‍ മാഷ് പറയുന്നത് ശ്രദ്ധിക്കുക:

"കുരുമുളക് ചെടിയുടെ ചോട്ടില്‍ നിന്നും നീണ്ടു വരുന്ന 'കൊടിഞ്ഞാലി' ആണ് സാധാരണ നടാനായി ഉപയോഗിക്കുന്നത്. അത് വളര്‍ന്നു വലുതാവുമ്പോള്‍ മരത്തില്‍ 'അട്ടക്കാല്' പിടിച്ചു കയറുന്നു.അങ്ങനെ വളരുന്ന ചെടിയില്‍ 'കണ്ണി'യുണ്ടാവും.'കണ്ണി'യുണ്ടായാലെ കുരുമുളക് കായ്ക്കാന്‍ തുടങ്ങൂ. ഈ 'കണ്ണി' ഒരിക്കലും നീണ്ടു വളരാറില്ല. വര്‍ഷാവര്‍ഷം പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്നല്ലാതെ അത് വളര്‍ന്നു നീളു കയെ ഇല്ല.വേനല്‍ കഴിഞ്ഞു കിട്ടുന്ന നല്ല മഴയ്ക്ക് ഈ കണ്ണികളെല്ലാം ഒന്നിച്ചു തളിര്‍ക്കും. ആ തളിരുകളെല്ലാം പൂവോട് കൂടിയ തിരി ആയിരിക്കും. ആ തിരിയാണ് മുള കുതിരിയായി മാറുന്നത്.ഈ കണ്ണി അടര്‍ത്തിയെടുത്ത്‌ കുഴിച്ചിട്ടാല്‍ കിട്ടുന്നതാണ് കുറ്റിക്കുരുമുളക്.

വളരെ ശ്രദ്ധ കൊടുത്താലേ ഇത് മുളപ്പിച്ചെടുക്കാനാവൂ.കൌതുകത്തിനല്ലാതെ തോട്ടക്കൃഷിയായി ആരും ചെയ്തു കാണുന്നില്ല.കാരണം ഇതങ്ങനെ കുറ്റിച്ചു നില്‍ക്കുമെന്നല്ലാതെ വളര്‍ന്നു വലുതായി വലിയ ആദായം തരാറില്ല. മറ്റൊന്നാണ് 'കേറു തല'.ഇതാണ് കുരുമുളകിന്‍റെ വളരുന്ന ഭാഗം.അത് മരത്തിലങ്ങനെ പറ്റിപ്പിടിച്ചു കയറി ക്കൊണ്ടിരിക്കും.അത് മുറിച്ചു നട്ടാല്‍ മരത്തില്‍ കയറിക്കൊണ്ടിരിക്കും എന്നല്ലാതെ'കണ്ണി' കുത്താറില്ല.ചിലത് കുറെ കാലം കഴിഞ്ഞു കണ്ണി കുത്തിയെന്ന് വരാം. കണ്ണിത്തല വേര് പിടിപ്പിച്ചു നടുന്നതാണ് ചെടിച്ചട്ടിയില്‍ നടുന്ന കുറ്റിചെടി. കണ്ണിത്തലക്ക് വള്ളി നീളില്ല. പക്ഷെ കണ്ണിത്തല എടുക്കുമ്പോള്‍ വള്ളിത്തല കൂടി ഉണ്ടെങ്കില്‍ അത് നീണ്ടു പോകും."

എന്റെ മേല്‍ പോസ്റ്റ് വായിച്ചിട്ട് , സാരംഗ് ഗോപാലകൃഷ്ണന്‍ മാഷ് എഴുതിയ കമന്റ് ഇപ്രകാരം: 

രാസവളമിട്ടില്ലെങ്കില്‍ ഒന്നും ഉണ്ടാകില്ല എന്ന് ശാഠ്യം പിടിക്കണോ?താങ്കള്‍ അല്ലാത്ത രീതിയില്‍ കൃഷി ചെയ്തു നോക്കിയിട്ടുണ്ടോ? ജൈവ കൃഷി അതിവൈകാരികതയല്ല.ഞങ്ങളുടെ അച്ഛനും അമ്മയുമൊക്കെ ഞങ്ങളെ പഠിപ്പിച്ച കൃഷിയാണത്.താങ്കളെപ്പോലെ ഉള്ളവരുടെ പ്രലോഭനങ്ങളില്‍ പെട്ട് അവര്‍ വിഷക്കൃ ഷിയിലേക്ക് മാറി.പിന്നെപ്പിന്നെ അവര്‍ക്കത് മനസിലായിതുടങ്ങിയപ്പോഴേക്കും അവരുടെ ശേഷി കെട്ടു. മണ്ണിന്‍റെ ആരോഗ്യവും കെട്ടു.ഞങ്ങളായിട്ടത് തിരുത്തി. ഞങ്ങള്‍ ജൈവ കൃഷി വൈകാരികമായി നടത്തുന്നവരല്ല,ആഹാരമുണ്ടാക്കണം എന്ന ലക്ഷ്യത്തിലാണത് ചെയ്യുന്നത്.താങ്കള്‍ സാരംഗിലെ കൃഷിഭൂമിയിലേക്ക് വരൂ. കാണൂ, മനസിലാക്കൂ.


അതി വൈകാരികത എന്നൊക്കെ പറഞ്ഞു ദയവു ചെയ്തു കളിയാക്കാതിരിക്കൂ.താങ്കള്‍ ഒന്നോര്‍ക്കണം,വിഷം കൊടുത്തുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിനു ഗുണം ചെയ്യില്ല.രാസവളം വിഷമല്ലെന്നല്ലേ താങ്കളുടെ വാദം?ഓരോ ചെടിക്കും അതിനാവശ്യമായാതെ കൊടുക്കാവൂ. അമിത പോഷണത്തിനാണ്നമ്മള്‍ രാസവളം ഉപയോഗിക്കുന്നത്.നമ്മള്‍ പരമ്പരാഗതമായി മണ്ണിനെ പോഷിപ്പിക്കുന്ന കൃഷിരീതിയാണ്‌ ചെയ്തു വന്നിരുന്നത്.അങ്ങനെ പോഷണം കിട്ടിയ മണ്ണില്‍ചെടിക്കാവശ്യമായതെല്ലാംഉണ്ടായിരിക്കും. ഓരോരോ ചെടികള്‍ക്കും അവയ്ക്കാവശ്യമായതെടുത്ത് മിച്ചമുള്ളത് അവിടെ ശേഷിപ്പിക്കും.അതുകൊണ്ട് മണ്ണ് ഒരിക്കലും മണ്ണ് ശൂന്യമാകുന്നില്ല. രാസവിഷക്കൃഷിയില്‍ഓരോ കൃഷിക്ക് ശേഷവും മണ്ണ് ശൂന്യമായിരിക്കും.അപ്പപ്പോള്‍ ഇട്ടുകൊടുക്കുന്ന രാസവളം മാത്രമാണ് അതിനു ആശ്രയം.ഇത് വളം കച്ചവടക്കാരന് ഗുണവും മണ്ണിനും കൃഷിക്കാരനും ദോഷവും ചെയ്യും. കൂടാതെ അമിത പോഷണം കിട്ടി ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മനുഷ്യന്‍റെ ആരോഗ്യം കെടുത്തുന്നു.


കച്ചവടക്കണ്ണി ല്‍ താങ്കളുടെ വാദം ശരിയായിരിക്കാം.പക്ഷെ ആരോഗ്യക്കണ്ണില്‍ അത് ശരിയാവുകയില്ല.കൂണ് പോലെ മുളച്ചു പൊന്തുന്ന ആയിരക്കണക്കിന് ആശുപത്രികളും അവിടെ തിങ്ങി നിറയുന്ന രോഗികളും അതിവൈകാരികത കൊണ്ട് വന്നെത്തുന്നതല്ല.താങ്കളെപ്പോലുള്ളവര്‍ നിര്‍ദ്ദേശിക്കുന്ന ഓരോ സ്പൂണ്‍ വിഷവും ഭക്ഷിച്ചിട്ടു വരുന്നവരാണെ ന്നറി യുക.ആശുപത്രികള്‍ വര്‍ദ്ധിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയല്ല കാണിക്കുന്നത്, മറിച്ചു അതിനെ ബാധിച്ചിട്ടുള്ള രോഗങ്ങളുടെ അതി ഗുരുതരാവസ്ഥയാണെന്ന് തിരിച്ചറിയണം.


എന്റെ മറുപടി: 


ഗോപാലകൃഷ്ണന്‍ മാഷ് പറഞ്ഞതിനെ പറ്റി ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. എന്തെന്നാല്‍ അദ്ദേഹം പറയുന്നത് വ്യത്യസ്തമായൊരു വിചാരധാരയാണ്. അത് ശരിയാണെന്ന് വിശ്വസിക്കുന്നത്കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടുമാണ് മാഷ് പറയുന്നത്. രാസവളത്തിന്റെ ഒരു തരിപോലും ഉപയോഗിക്കരുത് എന്നാണദ്ദേഹം പറയുന്നത്. ആയിക്കോട്ടെ. അതൊക്കെ വിശ്വസിക്കുന്നവര്‍ വിശ്വസിക്കുകയും ചെയ്തോട്ടെ. ഞാന്‍ പറയുന്നത് ചിലരെങ്കിലും മനസ്സിലാക്കും. അവരോട് പറയാന്‍ ദയവായി എന്നെ അനുവദിക്കണം. ഇതില്‍ ശാഠ്യത്തിന്റെ പ്രശ്നമില്ല.

മണ്ണും , മണ്ണില്‍ നിന്നും ചെടികള്‍ വലിച്ചെടുക്കുന്ന പോഷകങ്ങളും രണ്ടല്ല. ഒന്ന് തന്നെയാണ്. കുറെ മൂലകങ്ങളുടെ ആകെത്തുകയാണ് മണ്ണ്. സിലിക്കണ്‍ , അലുമിനിയം എന്നീ മൂലകങ്ങളാണ് മണ്ണില്‍ കൂടുതലായി ഉള്ളത്. മണ്ണില്‍ ആകെയുള്ള മൂലകങ്ങളില്‍ 13 മൂലകങ്ങളാണ് സസ്യങ്ങള്‍ക്ക് വേണ്ടത്. ഈ മൂലകങ്ങളില്‍ ചിലത് മണ്ണില്‍ തീര്‍ന്നുപോകുമ്പോഴാണ് വളപ്രയോഗം വേണ്ടി വരുന്നത്. വന്‍ വൃക്ഷങ്ങള്‍ക്ക് നമ്മള്‍ വളമൊന്നും കൊടുക്കേണ്ട. അതിന്റെ വേരുകള്‍ എവിടെയെങ്കിലും പോയി അത് കണ്ടെത്തിക്കോളും. എന്നാല്‍ ചെറിയ സസ്യങ്ങളുടെ വേരുകള്‍ക്ക് പരിമിതിയുണ്ട്. അത്കൊണ്ടാണ് വള പ്രയോഗം വേണ്ടി വരുന്നത്. ജൈവവളത്തിലും രാസവളത്തിലും ഉള്ളത് മണ്ണില്‍ ഉള്ളത് പോലെയുള്ള മൂലകങ്ങള്‍ തന്നെയാണ്. സസ്യങ്ങള്‍ക്ക് വേണ്ടത് കൃത്യമായും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയുന്ന വിധവുമാണ് രാസവളം നിര്‍മ്മിക്കുന്നത്.

ഓരോരോ ചെടികള്‍ക്കും അവയ്ക്കാവശ്യമായതെടുത്ത് മിച്ചമുള്ളത് അവിടെ ശേഷിപ്പിക്കും എന്ന് ഗോപാലകൃഷ്ണന്‍ മാഷ് തന്നെ പറയുന്നുണ്ട്. എന്താണതിന്റെ അര്‍ത്ഥം? സിലിക്കണ്‍ ഉണ്ട് എന്ന് വെച്ച് സസ്യം അത് എടുക്കുകയില്ല. അതേ സമയം ചെടിക്ക് ആവശ്യമായ നൈട്രജന്‍, പൊട്ടാസിയം , ഫോസ്ഫറസ് പോലുള്ള മൂലകങ്ങള്‍ തേടി അതിന്റെ വേരുകള്‍ സഞ്ചരിക്കുകയും ചെയ്യും. ചുറ്റുവട്ടത്ത് ആവശ്യമുള്ളത് ലഭ്യമായാല്‍ വേരുകള്‍ നീണ്ടുപോവുകയില്ല. ഈ യാഥാര്‍ഥ്യമാണ് ഹൈഡ്രോപോണിക്ക് കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്.

ബാംഗ്ലൂര്‍ , ചെന്നൈ പോലുള്ള നഗരങ്ങളില്‍ ഫ്ലാറ്റുകളിലും , തൊട്ട് തൊട്ടുള്ള ചുമരുകളോടെയുള്ള വീടുകളിലും താമസിക്കുന്നവര്‍ ഒരു രസത്തിന് വേണ്ടിയും അവനവന് ആവശ്യത്തിന് വേണ്ടിയും ചില്ലറ പച്ചക്കറി കൃഷി ചെയ്യാന്‍ മണ്ണ് ചാക്കുകളിലാക്കി നാട്ടില്‍ നിന്നു കൊണ്ടുപോകുന്നുണ്ട്. അവര്‍ക്കൊന്നും ജൈവകൃഷിയുടെ പിന്നാലെ പോകാന്‍ കഴിയില്ല. ജൈവളം ജീര്‍ണ്ണിച്ച് അതില്‍ നിന്നും ഉല്പന്നമാകുന്ന നൈട്രജനും പൊട്ടാസിയവും മഹത്തരമെന്നും , യൂറിയയിലോ ഫാക്ടം ഫോസിലോ ഉള്ള നൈട്രജനും പൊട്ടാസിയവും ഫോസ്ഫറസും വിഷമാണെന്നും പറഞ്ഞ് അവരെ ഭയപ്പെടുത്തരുത് സര്‍. രാസവളമിടാതെ ജൈവവളം മാത്രമിട്ട് കൃഷി ചെയ്യുന്ന പഴങ്ങളോ പച്ചക്കറികളോ എന്തായാലും അവര്‍ക്ക് നഗരങ്ങളില്‍ ഒരിക്കലും കിട്ടാന്‍ പോകുന്നില്ലല്ലോ. അത്കൊണ്ട് ദയവായി അവരെ നിരുത്സാഹപ്പെടുത്തരുതേ ....

ഗോപാലകൃഷ്ണന്‍ മാഷ് വീണ്ടും എഴുതുന്നു: 


അനുഭവത്തില്‍ നിന്നു വീണ്ടും പറയട്ടെ.മണ്ണും മണ്ണിലെ മൂലകങ്ങളും രണ്ടല്ല, ഒന്നാണ്. മണ്ണ് ഒരു  സംയുക്തമാണ്, ശരി.മണ്ണില്‍ കുറെ സൂക്ഷ്മജീവികള്‍ ഉള്ളതിനെ കുറിച്ചു എന്തെ പറയാത്തത്? അവയുടെ ധര്‍മ്മങ്ങളെ കുറിച്ചെന്തേ പറയാത്തത്? സാധാരണക്കാരന് എളുപ്പം ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് എന്തെ പറയാത്തത്?ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കുറച്ചു ചാണകപ്പൊടി ഇട്ടു നോക്കൂ. പട്ടണത്തില്‍ ചാണകം കിട്ടില്ലെന്നല്ലേ വേണമെങ്കില്‍ പട്ടണത്തിലും ചാണകം കിട്ടും. ഒരു ചെറിയ സഞ്ചിയുമായി പട്ടണത്തിലേക്കിറങ്ങൂ, തെരുവ് കന്നുകാലികളുടെ ചാണകം ഇഷ്ടം പോലെയുണ്ട്.അത് നാണക്കേടാണെങ്കില്‍ വെറും അടുക്കള വെയ്സ്റ്റ്‌ പരീക്ഷിച്ചു നോക്കൂ.ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ എത്രയെണ്ണം വരും?അതുമല്ലെങ്കില്‍ ഈ വെയിസ്റ്റെല്ലാം കമ്പോസ്റ്റാക്കൂ. ചട്ടിയിലെ മണ്ണ് ആണെങ്കിലും അല്ലാത്ത മണ്ണ് ആണെങ്കിലും അതില്‍ രാസവിഷങ്ങള്‍ കോരി ഒഴിക്കുന്നില്ലെങ്കില്‍ ഉറപ്പായും അതില്‍ സൂക്ഷ്മ ജീവികള്‍ കാണും. അവയാണ് മണ്ണിനെ മണ്ണായി നിലനിര്‍ത്തുന്നത്. അവയ്ക്കുള്ള ഭക്ഷണമാണ് സകല ജൈവ അവശിഷ്ടങ്ങളും .അവയാണല്ലോ ജൈവാവശിഷ്ടങ്ങളില്‍ നിന്ന് മൂലകങ്ങളെ വേര്‍പെടുത്തി ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പാകത്തില്‍ ആക്കിക്കൊടുക്കുന്നത്.നമ്മുടെ സമയവും പണവും മുടക്കാതെ ചെയ്തു കിട്ടുന്ന ഈ സേവനം നമ്മള്‍ തകരാറി ലാക്കാതിരുന്നാല്‍ ഇനി വരുന്ന തലമുറകള്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കാന്‍ ഈ മണ്ണ് ഇവിടെ ഉണ്ടാവും.ഇല്ലെങ്കില്‍ അവര്‍ ഭക്ഷണത്തിനു വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരും.

വമ്പന്‍ കമ്പനികള്‍ രാസവളങ്ങളും കീട നാശിനികളും വിറ്റഴിക്കാന്‍ ചെയ്യുന്ന കുതന്ത്രങ്ങളുടെ ബാക്കിയാണ് ജൈവ വൈവിധ്യത്തെ തകര്‍ക്കുക എന്നത്.നമ്മുടെ നാടന്‍ വിത്തുകള്‍ എല്ലാം പോയില്ലേ ? ഇന്ന് വിത്തിന് പോലും നമ്മള്‍ ആരെയാണ് ആശ്രയിക്കുന്നത്? എന്തുകൊണ്ട് നമ്മള്‍ ഇന്ന് വെച്ചൂര്‍ മാടുകളെ സംരക്ഷിക്കുന്നു?ശാസ്ത്രീയത എന്നാ പേരില്‍ ചില തല്‍പരകക്ഷികള്‍ നമുക്ക് വച്ച പാരകള്‍ പലതാണ്.അബദ്ധം മനസിലാക്കി തിരുത്താന്‍ നോക്കനമെന്നെ പറഞ്ഞുള്ളൂ.ഇത് ശരിയാണോ എന്ന് പരിശോധിക്കുവാന്‍ ഞങ്ങളെഴുതിയ പുസ്തകങ്ങള്‍ വായിക്കാനോ, ഞങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനോ അല്ല ക്ഷണിക്കുന്നത്.മണ്ണില്‍ സത്യ സന്ധമായി ചെയ്തു വച്ച കാര്യങ്ങള്‍ കാണാന്‍ വരൂ.താന്കള്‍ ഓര്‍ക്കുക ഇന്ന് യുദ്ധം വെറും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്, ആയുധം ഉണ്ടാക്കുന്നവന്റെ കച്ചവട തന്ത്രങ്ങള്‍ക്കും തീര്‍ത്തും മോശമല്ലാത്തൊരു പങ്കുണ്ട്.തീവ്ര വാദവും അങ്ങനെ തന്നെ, നമ്മള്‍ മറ്റുള്ളവരുടെ കൈകളിലെ കരുക്കളാകാതിരിക്കാന്‍ ശ്രമിക്കുക.

അദ്ദേഹത്തിന് എന്റെ മറുപടി: 


ചാണകത്തിന് എവിടെ നിന്നാണ് ഈ അത്ഭുതസിദ്ധി കിട്ടുന്നത്. ഏതൊരു ജീവിയെയുമെന്ന
പോലെ പശുവും അതിന്റെ തീറ്റ തിന്ന് അതിനാവശ്യമുള്ളത് എടുത്ത് അവശിഷ്ടം പുറത്ത്
കളയുന്നു. സ്വാഭാവികമായും കാര്‍ബണ്‍ അടങ്ങിയ ജൈവാവശിഷ്ടങ്ങള്‍ അതില്‍ ഉണ്ടാവും. സസ്യങ്ങള്‍ക്ക് കാര്‍ബണ്‍ മണ്ണില്‍ നിന്ന് ലഭിക്കേണ്ടതില്ല. എല്ലാജീവജാലങ്ങള്‍ക്കുംസസ്യങ്ങള്‍ക്കും കോശനിര്‍മ്മിതിക്ക് വേണ്ട പ്രധാനമൂലകം നൈട്രജനാണ്. പശു അതിനാ‍വശ്യമായ നൈട്രജന്‍ തീറ്റയില്‍ നിന്ന് എടുക്കുന്നു. ആ നൈട്രജന്‍ കൊണ്ട് പശു അതിനാവശ്യമായ അമിനോ അമ്ലങ്ങളും അതില്‍ നിന്ന് പ്രോട്ടീനും ഉണ്ടാക്കുന്നു. നൈട്രജന്‍, കാ‍ര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിങ്ങനെ നാല് മൂലകങ്ങള്‍ ചേര്‍ന്നതാണ് പ്രോട്ടീന്‍. ചാണകത്തില്‍ നൈട്രജന്‍ ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല എന്നേ പറയാന്‍ പറ്റൂ. ചാണകം ഒരു സമ്പൂര്‍ണ്ണ വളമാണെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് അശാസ്ത്രീയമാണ്.

രാസവിഷങ്ങള്‍ കോരി ഒഴിക്കാനോ? എന്താ സര്‍ ഇത്? ഈ വിഷം എന്നതിന്റെ നിര്‍വ്വചനം എന്താണ് സര്‍? രാസവളം വിഷമാണ് എന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്  വ്യക്തമാക്കാമോ? സസ്യങ്ങള്‍ക്ക് വിഷമാണെന്നോ അതോ മനുഷ്യന് വിഷമാണെന്നോ?  ആരാണ് രാസവളം കോരി ഒഴിക്കാന്‍ പറയുന്നത്? കൃത്രിമമായി ഉണ്ടാക്കുന്ന രാസവളം  വിഷമാണെങ്കില്‍ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കഴിക്കാമോ? വിഷമല്ലേ? ശുദ്ധമായ രാസപദാര്‍ത്ഥമാണത്. ഒരു ഉദാഹരണം പറയാം. ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്കായ പെനിസിലിന്‍ ഒരു തരം പൂപ്പലില്‍ നിന്നാണ് നിര്‍മ്മിച്ചത്. അതേ കെമിക്കല്‍ ഫോര്‍മ്യൂല ഉപയോഗിച്ച് പിന്നീട് ആമ്പിസിലിന്‍ എന്ന ആന്റിബയോട്ടിക്ക് ലാബറട്ടറികളില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. രണ്ടിന്റെയും തന്മാത്രഘടന ഒരേ പോലെ. ഒന്ന് പൂപ്പലില്‍ നിന്ന്, മറ്റേത് കൃത്രിമമായി. അപ്പോള്‍ ആമ്പിസിലിന്‍ വിഷമാണോ സര്‍?

ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്കുകള്‍. കൃത്രിമായി നിര്‍മ്മിക്കുന്നു. സംശയം വേണ്ട,രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടു തന്നെയാണ് നിര്‍മ്മിക്കുന്നത്. അതൊക്കെ വിഷമാണ്, വര്‍ജ്ജിക്കണം എന്ന് താങ്കള്‍ പറയുമോ? രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് കൃത്രിമമായി നിര്‍മ്മിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകള്‍ മനുഷ്യന് വിഷമല്ലെങ്കില്‍ NPK വളം സസ്യങ്ങള്‍ക്ക് വിഷമാകുന്നത് എങ്ങനെയാണ്? ആന്റിബയോട്ടിക്ക് മരുന്നുകള്‍ സൈഡ് എഫക്റ്റ് ഉണ്ടാക്കും എന്ന് ലാഘവത്തോടെ പറയരുത്, വിഷമാണെന്ന് കരുതുന്നുണ്ടെങ്കില്‍ വിഷമാണെന്നും വര്‍ജ്ജിക്കണമെന്നും തന്നെ പറയണം.

എന്താണ് സൂക്ഷ്മജീവി പ്രശ്നം? മണ്ണിലും വായുവിലും വെള്ളത്തിലും സര്‍വ്വത്ര സൂക്ഷ്മജീവികള്‍ ഉണ്ട്. അവയില്ലാത്ത ഒരിഞ്ച് സ്ഥലം എവിടെയും ഇല്ല. എല്ലാ ജൈവപദാര്‍ത്ഥങ്ങളും ചീയുന്നതും അഴുകുന്നതും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമാണ്. മണ്ണിലും അവ ജൈവപദാര്‍ത്ഥങ്ങള്‍ തിന്നും അതൊക്കെ വിഘടിപ്പിച്ചും നിലനില്‍ക്കുന്നു എന്നേയുള്ളൂ. രാസവളം സസ്യങ്ങള്‍ക്ക് ഇടുമ്പോള്‍ ആ വളവുമായി സമ്പര്‍ക്കത്തിലാവുന്ന സൂക്ഷ്മജീവികള്‍ക്ക് നാശം വന്നാലും മണ്ണിലെ മൊത്തം സൂക്ഷ്മജീവികളും നശിച്ച് മണ്ണ് സൂക്ഷ്മാണുരഹിതമാവില്ല. അത്രയും സാന്ദ്രത മണ്ണിലും വായുവിലും വെള്ളത്തിലുമായി സൂക്ഷ്മജീവികള്‍ക്ക് ഉണ്ട്. മാത്രമല്ല സെക്കന്റുകള്‍ കൊണ്ടാണ് അവ പെറ്റുപെരുകുന്നത്.

ചുരുക്കത്തില്‍ രാസവളം ദോഷമാണെന്ന് താങ്കള്‍ക്കോ മറ്റ് ജൈവകൃഷി വാദികള്‍ക്കോ സ്ഥാപിക്കാന്‍ കഴിയില്ല. എന്തെങ്കിലും പറയുന്നെങ്കില്‍ അതിശയോക്തിപരമായോ അശാസ്ത്രീമായോ അല്ലെങ്കില്‍ അതിവൈകാരികമായോ മാത്രമേ പറയാന്‍ പറ്റൂ. ഇപ്പറയുന്നതിനെ കളിയാക്കലായി എടുക്കരുതേ. വിഷയം ഇവിടെ നമുക്ക് രാസവളവും ജൈവകൃഷിയും മാത്രമായി പരിമിതപ്പെടുത്താം. അല്ലെങ്കില്‍ കാട് കയറിപ്പോകും.

എന്റെ മേല്‍ക്കമന്റിന് ഗോപാലകൃഷ്ണന്‍ മാഷ് ഒന്നും പ്രതികരിച്ചുകണ്ടില്ല.  എന്നാല്‍ അബ്ദു സമദ് എന്ന ഗ്രൂപ്പ് മെമ്പര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു: 

രാസവളകൃഷിയോ ജൈവകൃഷി രീതിയേയോ കൊള്ളുകയോ തള്ളുകയോ അല്ല ഒരു ആധുനിക കർഷകൻ ചെയ്യേണ്ടത്. രണ്ടിന്റേയും ഗുണവശങ്ങൾ മനസ്സിലാക്കി ഉത്തമമായ മാർഗ്ഗം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കു നൽകുക എന്നതാണ്. തങ്ങളുടെ ഭൂമിയിൽ ഏതു കൃഷിരീതിയാണ് അഭികാമ്യമെന്നു തീരുമാനിക്കേണ്ടത് അവരാണ്. ഇന്നു കേരളത്തിലെ കൃഷിരീതികളിൽ ഒരു “ജൈവകൃഷി” ട്രന്റാണ് കണ്ടുവരുന്നത് എന്നു പറഞ്ഞാൽ ആരും എതിർത്തു പറയുമെന്നു തോന്നുന്നില്ല. എന്നാൽ രാസവളം നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാനും സാധ്യമല്ല എന്നതും മറ്റൊരു വസ്തുത തന്നെ. പക്ഷെ ജൈവ‌- രാസവള സംഘട്ടനം ഒഴിവാക്കി ഒരു സമ്മിശ്ര കൃഷി രീതിയാണ് ഇന്നു നമ്മുക്കാവശ്യം.

അബ്ദു സമദിന്റെ അഭിപ്രായത്തിന് ഞാന്‍ ഇങ്ങനെ മറുപടി എഴുതി: 

സമ്മിശ്രകൃഷിയായിരുന്നു നമ്മള്‍ പിന്‍‌തുടര്‍ന്നു വന്നിരുന്നത്. അതാണ് ശരിയും. പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു. പരിസ്ഥിതിവാദികളും പ്രകൃതിജീവനക്കാരും നമ്മുടെ കോമണ്‍ സെന്‍സിനെ പോലും താറുമാറാക്കി കളഞ്ഞു. സമ്മിശ്രകൃഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം നെറ്റില്‍ നിന്ന് കിട്ടിയതിലെ പ്രസക്തഭാഗങ്ങള്‍ താഴെ വായിക്കുക. ആവശ്യമെങ്കില്‍ പിന്നീട് പരിഭാഷപ്പെടുത്താം:

A common misconception is that synthetic fertilizers are better than organic. Another misunderstanding is that organic is better than synthetic. You can make political or environmental arguments for synthetic or organic fertilizer, but the plants can't tell the difference as long as the nutrients are available.

Plants can only use nutrients that have been reduced to the molecular form. Chemical fertilizers work so fast because they have already been processed into the molecular form, whereas organic fertilizers must first be broken down by soil microbes. This activity depends on soil temperature. Below 70°F, soil microorganisms work slower, which makes the nutrients in organic fertilizer unavailable to plants in cold soils. Organic fertilizers release nutrients over a period of time, unlike synthetic fertilizers which make the nutrients available at time of application.

Chemical fertilizers dissolve fairly quickly in water, which makes them easily accessible to plants. Their labels instruct to water thoroughly after application. Unfortunately, this ready solubility also means that chemical fertilizers, unlike slow-release organics, leach more quickly from the soil.

For the best results with the least expense, strategically combine the two types of fertilizer. In the spring, while the soil is still cool, apply chemical fertilizer to lawn, flower borders, and vegetable gardens. Once the soil is warm, switch to compost or another low-cost organic source. Organic fertilizers are not necessarily more costly than synthetics. This is commonly misstated, because the measurable amount of nitrogen, phosphorus, and potassium in synthetic fertilizers costs less per pound than those in many commercially prepared organic fertilizers. But those aren't the only sources of organic fertilizer. Once you know, roughly, the fertilizer analysis of organic compounds, which varies with different sources, you can mix your own fertilizers balanced for your particular needs, at a fraction of the cost.

So long as you supply the plants' nutrient requirements, it just doesn't matter to them where the nutrients come from, whether it is an organic or synthetic source.


ഉപസംഹാരം:  കുറ്റിക്കുരുമുളക് ചെടികള്‍ വേര് പിടിപ്പിച്ചത് ആവശ്യമുള്ളവര്‍ കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഉള്ള കൃഷിവിജ്ഞാന്‍ കേന്ദ്രയുമായി ബന്ധപ്പെടുക. വിലാസം:


K.M. Prakash
Subject Matter specialist (Agron.)
Krishi Vigyan Kendra, Peruvannamuzhi (P.O.)
Calicut-673528
Phone: 0496-2662372/9447526964.

ജി.എം.വിത്തുകളും അന്ധവിശ്വാസങ്ങളും

ഞാന്‍ കീടനാശിനികള്‍ക്കും,  രാസവളങ്ങള്‍ക്കും, ജി.എം.വിത്തുകള്‍ക്കും വേണ്ടി വക്കാലത്ത് എടുക്കുന്ന ഒരു ജനവിരുദ്ധനാണെന്ന് ആരും കരുതേണ്ടതില്ല.  ഇതൊന്നുമില്ലാത്ത പാരമ്പര്യകൃഷികളും ആഹാരപദാര്‍ത്ഥങ്ങളും തന്നെയാണ് നല്ലത്. പക്ഷെ ലോകത്ത് ജനസംഖ്യ കൂടുന്ന മുറയ്ക്ക് എല്ലാവരേയും തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാരമ്പര്യകൃഷിരീതികൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയാതെ വന്നു. അങ്ങനെയാണ് കൃഷിരംഗത്തും ശാസ്ത്രത്തിന് ശ്രദ്ധ പതിപ്പിക്കേണ്ടി വന്നത്.  മനുഷ്യന് ഈ ഭൂമിയില്‍ അതിജീവനം സുസാദ്ധ്യമാക്കിയത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളാണ്.  ശാസ്ത്രം ഒന്നും കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭൂമുഖത്ത് മനുഷ്യന്‍ എന്ന ജീവി ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്.  വൈറസ്സുകളുടെയും ബാക്റ്റീരിയകളുടെയും കൂട്ടായ ആക്രമണത്തില്‍ മനുഷ്യന് വംശനാശം വന്നിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.  അല്ലെങ്കില്‍ ആവശ്യത്തിന് ഭക്ഷണമോ പോഷണഘടകങ്ങളോ ലഭിക്കാതെയും അങ്ങനെ സംഭവിച്ചിരിക്കാം.

തുടര്‍ച്ചയായ വിളവെടുപ്പിലൂടെ മണ്ണിലെ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അത് തല്‍ക്ഷണം പരിഹരിക്കപ്പെടുന്നതിനാണ് രാസവളങ്ങള്‍ കണ്ടുപിടിച്ചത്.  രാസവളങ്ങള്‍ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ പട്ടിണിയാല്‍ ഈ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപ്രത്യക്ഷമായിട്ടുണ്ടായിരിക്കും എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.  പട്ടിണിയിലും മനുഷ്യന്‍ ജന്മസിദ്ധമായ വാസനയാല്‍ പ്രത്യുല്പാദനം നടത്തിയിരിക്കും എന്നതാണ് ഞാനതിന് കാണുന്ന കാരണം.  ജനസംഖ്യ ലോകത്ത് ഏതാനും കോടികളില്‍ പരിമിതപ്പെട്ടിരുന്നുവെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.  എല്ലാം പാരമ്പര്യരീതി അനുസരിച്ചു മതി.  രാസവളത്തിന്റെ കണ്ടുപിടുത്തത്തോടെ  ഭക്ഷ്യസുരക്ഷ സാധ്യമായത്കൊണ്ടാണ് ഇന്ന് ചിലര്‍ക്ക് രാസവളത്തെ തള്ളിപ്പറയാന്‍ കഴിയുന്നത്.  രാസവളം ഇല്ലാതെ ഇത്രയും ജനങ്ങള്‍ക്ക്  ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്.  കൃഷിഭൂമി വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ പെരുകിക്കൊണ്ടേ വരുന്നു.

ചെടികളെയും സസ്യങ്ങളെയും സംബന്ധിച്ച് അവയ്ക്ക് മണ്ണില്‍ നിന്ന് ലഭിക്കേണ്ടത്  ചില പോഷകമൂലകങ്ങളാണ്. അത് ജൈവവളത്തില്‍ നിന്നായാലും രാസവളത്തില്‍ നിന്നായാലും ചെടികള്‍ക്ക് ഒരേ പോലെയാണ്.  രാസവളമാകുമ്പോള്‍ ആവശ്യമുള്ളത് അപ്പോള്‍ തന്നെ പെട്ടെന്ന് ലഭിക്കും. ജൈവവളമാവുമ്പോള്‍ അത് വിഘടിച്ച് ചെടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ തക്ക പാകത്തിലാകണമെങ്കില്‍ കാലതാമസം നേരിടും.  ആവശ്യമുള്ളപ്പോള്‍ മൂലകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ചെടികള്‍ക്ക് പ്രയോജനവുമില്ല.  മാത്രമല്ല,  ആകമാനമുള്ള കൃഷിക്ക് ആവശ്യമായ അത്രയും  ജൈവവളം ഉല്പാദിപ്പിക്കാന്‍ എന്തുകൊണ്ടും കഴിയുകയുമില്ല.  രാസവളം ഇന്ന് പലരും കരുതുന്ന പോലെ വിഷമല്ല. അത് ചെടികള്‍ക്ക് ആവശ്യമായ പോഷണ മൂലകങ്ങളാണ്.  ഇന്ന് പ്രചരിക്കുന്ന ഏറ്റവും അപകടകരമായ അന്ധവിശ്വാസമാണ് രാസവളം വിഷമാണ് എന്നത്.

കീടനാശിനികളെ സംബന്ധിച്ച് പറഞ്ഞാല്‍ അത് വിഷപദാര്‍ത്ഥം തന്നെയാണ്.  എന്നാല്‍ കീടങ്ങള്‍  സര്‍വ്വത്ര ഉള്ളത്കൊണ്ട് കീടനാശിനികള്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. കീടനാശിനികള്‍ ഇല്ലാതെ വ്യാവസായികമായി കൃഷി നടത്താന്‍ പറ്റില്ല. അവനവന് ആവശ്യമുള്ളത് അവനവന്‍ തന്നെ കൃഷി ചെയ്ത് ഉല്പാദിക്കുന്ന രീതിയല്ലല്ലോ നമുക്കുള്ളത്.  കൃഷി എന്നത് ഒരു വ്യവസായം തന്നെയാണ്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് ഭൂവുടമകള്‍ കൃഷി ചെയ്യുന്നത്.  ലോകത്തുള്ള എല്ലാവര്‍ക്കും ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ഈ രീതിയിലുള്ള കേന്ദ്രീകൃത കൃഷിസമ്പ്രദായം മാത്രമേ പറ്റൂ. അല്ല്ലെങ്കില്‍ വെറും ഇര തേടുന്ന ജീവി മാത്രമായി മനുഷ്യന്‍ ചുരുങ്ങിപ്പോകും.  അപ്പോള്‍ വമ്പിച്ച തോതിലുള്ള കൃഷി നടത്തിക്കൊണ്ടുപോകണമെങ്കില്‍ കീടനാശിനികള്‍ തളിക്കാതെ പറ്റില്ല.  മറ്റൊരു ബദല്‍ മാര്‍ഗ്ഗവും  കേന്ദ്രീകൃതകൃഷിക്ക് പറ്റില്ല. അപ്പോള്‍ കീടനാശിനികളുടെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും മേല്‍നോട്ടത്തിന് കൃഷി ഉദ്യോഗസ്ഥരെ നിയമിക്കുകയും  ഭക്ഷ്യപരിശോധന ഫലപ്രദമായി നടപ്പാക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ കീടനാശിനികളെ നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നത് എലിയെ പേടിച്ച് ഇല്ലം ചുടണം എന്ന് പറയുന്ന പോലെയാണ്.

ജി.എം.വിത്തുകള്‍  ഈ നൂറ്റാണ്ടിന്റെ അനിവാര്യതയാണ്.  രാസവളങ്ങളെ പോലെ തന്നെ യാതൊരു ദൂഷ്യവുമില്ലാത്തതാണ് ജി.എം.വിത്തുകളും. ആധുനികശാസ്ത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തമാണ് ഇത്.  ഇനിയങ്ങോട്ട്  മനുഷ്യരാശിക്ക്  ആവശ്യമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ജി.എം.വിത്തുകള്‍ ഉപയോഗിച്ചേ പറ്റൂ.  ജി.എം.വിത്തുകളെ എതിര്‍ക്കുന്നത് മതപരവും , രാഷ്ട്രീയവും,  സാമ്പത്തികവുമായ കാരണങ്ങളാലാണ്. അല്ലാതെ അത് ദോഷമായത്കൊണ്ടല്ല. ആളുകള്‍ ഈ പ്രചാരവേലകളില്‍ കുടുങ്ങി ജി.എം.വിത്തുകളും മാരകമാണ് എന്ന് അന്ധമായി വിശ്വസിക്കാന്‍ ഇടയാകുന്നു.  സയന്‍സിന്റെ ബാലപാഠം അറിയുന്നവര്‍ ഈ അന്ധവിശ്വാസത്തില്‍ കുടുങ്ങുകയില്ല.  കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അനുഗുണവും അഭിലഷണീയവുമായ ഫലങ്ങള്‍ ജനിതകസാങ്കേതിക വിദ്യ ഉപയോഗിച്ച് ജീന്‍ മോഡിഫിക്കേഷനിലൂടെ വിത്തുകളില്‍ ഉണ്ടാക്കുന്നു എന്നതാണ് സംഗതി.  നിരവധി ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തിയിട്ടാണ് ഇത്തരം വിത്തുകള്‍ കണ്ടുപിടിക്കുന്നത്.  ഇത്രയും ആളും അര്‍ത്ഥവും  സമയവും  ഉപയോഗിച്ച്  മനുഷ്യന് ഹാനികരമായ വിത്തുകള്‍ ശാസ്ത്രം  കണ്ടുപിടിക്കുമോ? മാത്രമല്ല, നല്ലതാണെങ്കില്‍ മാത്രമല്ലേ ആ വിത്തുകളും  അത് ഉല്പാദിച്ച് വിതരണം നടത്തുന്ന കമ്പനികളും  നിലനില്‍ക്കുകയുള്ളൂ.

ബയോടെക്‍നോളജി ഉപയോഗിച്ചുള്ള ഇത്തരം  ജനിതകപരീക്ഷണങ്ങള്‍  ദൈവത്തിന്റെ സൃഷ്ടിയിലുള്ള മനുഷ്യന്റെ കയ്യേറ്റമായാണ് മതങ്ങള്‍ കാണുന്നത്.  അത്കൊണ്ട്  ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും മതങ്ങള്‍ എതിരാണ്.  ജി.എം.വിത്തുകളോട്  ഒരു എതിര്‍പ്പ് ഇതാണ്.  മറ്റൊന്ന്  ജി.എം.വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതും  ലോകവ്യാപകമായി വിതരണം നടത്തുന്നതും  അമേരിക്കയിലെ മോന്‍സാന്റോ  എന്ന കമ്പനിയാണ്. ഈ രംഗത്ത് അവര്‍ കുത്തകയാണ് എന്ന് പറയാം.  മറ്റ് കമ്പനികള്‍ ഈ മേഖലയില്‍ ഉയര്‍ന്ന് വരാത്തത് മോന്‍സാന്റിന്റെ കുറ്റമല്ലല്ലൊ.  കാര്‍ഷികമേഖലയിലെ അമേരിക്കന്‍ കുത്തക അവസാനിപ്പിച്ച് അത് പിടിച്ചടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോള്‍ സംയുക്തമായി പരിശ്രമിച്ചു വരികയാണ്.  അമേരിക്ക ഉല്പാദിപ്പിക്കുന്ന കാര്‍ഷികപ്രധാനമായ എന്തിനെയും  അന്താരാഷ്ട്രതലത്തില്‍  എതിര്‍ത്ത് പ്രചാരണം നടത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് അവരുടെ രീതി.  അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഫലത്തില്‍ അത്തരം സംഘടനകളെ വിലക്കെടുത്തിട്ടാണ് യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ ഹിഡന്‍ അജണ്ട മറച്ചുപിടിച്ചുകൊണ്ട് ലോബിയിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും, ജൈവവൈവിധ്യം നശിക്കും എന്നൊക്കെ പറയുന്നത് ഈ പ്രചാരവേലയുടെ ഭാഗമാണ്.

രാഷ്ട്രീയമായ എതിര്‍പ്പ് ഇവിടെ വരുന്നത് മോന്‍സാന്റോ പോലുള്ള കുത്തകകമ്പനികള്‍ ഈ രംഗത്ത് ഗവേഷണം നടത്തുകയും അവര്‍ കണ്ടുപിടിക്കുന്ന വിത്തുകള്‍ക്ക് പേറ്റന്റ് സമ്പാദിക്കുകയും വിത്തിന്റെ വിതരണം അവര്‍ കുത്തകയാക്കി വെക്കുന്നതും കൊണ്ടാണ്.  മറ്റെന്താണ് ചെയ്യാന്‍ സാധിക്കുക.  കോടിക്കണക്കിന് ഡോളര്‍ മുടക്കി കണ്ടുപിടിക്കുന്ന വിത്തിന് അവര്‍ക്ക് പേറ്റന്റ് വേണ്ടേ?  വിത്തിന് അവര്‍ കാശ് വാങ്ങേണ്ടേ?  ചൈനയില്‍ ഈ പ്രശ്നമൊന്നുമില്ല.  അവര്‍ തികച്ചും പ്രായോഗികവാദികളാണ്.  മോന്‍സാന്റോയുടെ പക്കല്‍ നിന്നും കാശ് കൊടുത്ത് വിത്ത് വാങ്ങുന്നു. ആ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത് ലഭിക്കുന്ന വിളവ് വിറ്റ് കാശാക്കുന്നു.  പിന്നെയും വിത്ത് വാങ്ങുന്നു, വിളവ് വിറ്റ് ലാഭം ഉണ്ടാക്കുന്നു.  മോന്‍സാന്റോക്കും ലാഭം,കര്‍ഷകര്‍ക്കും ലാഭം.  സംഗതി നടന്നുപോകുന്നു.  ജി.എം.വിത്തില്‍ ഗവേഷണം നടത്താനും വിത്ത് കച്ചവടം നടത്താനും ചൈനീസ് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറല്ല. അവര്‍ക്ക് വേറെയും പണികളുണ്ട്.  ലോകത്ത് ചില സംഗതികള്‍  കുത്തകകള്‍ ഉണ്ടെങ്കിലേ നടന്നുപോകൂ എന്ന് ചൈനക്കാര്‍ക്ക് അറിയാം. അത്കൊണ്ടാണ് വിദേശകുത്തകകളെയും അവര്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.

ജി.എം.വിത്തുകളെ പറ്റി ഇവിടെ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങള്‍  അതിശയത്തിലും അതിശയകരമാണ്.  ജി.എം.പരുത്തിക്കൃഷി ചെയ്ത് കന്നുകാലികള്‍ ചത്തൊടുങ്ങിയെന്നും പരുത്തിക്കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യൂന്നു എന്നുമാണ് ഒന്ന്.   ഇന്ന് ലോകമാസകലം  ആളുകള്‍ കോട്ടണ്‍ വസ്ത്രത്തിലേക്ക് മടങ്ങുകയാണ്.  അത്കൊണ്ട് കൂടുതല്‍ പരുത്തി  ഉല്പാദിപ്പിക്കേണ്ടി വരുന്നു. പാരമ്പര്യ പരുത്തി വിത്തുകള്‍ കൊണ്ട് ആവശ്യമായത്ര പരുത്തി ഉല്പാദിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്ന്  ജി.എം.പരുത്തിക്കൃഷി വ്യാപകമായും വിജയകരമായും ചെയ്തുവരുന്നു. പരുത്തിക്കര്‍ഷകര്‍ സന്തോഷത്തിലാണ്.  സമീപകാലമായി ഒരു പരാതിയും കേള്‍ക്കുന്നില്ല. പണ്ടെങ്ങോ ഏതോ കാരണത്താല്‍ ചില പശുക്കള്‍ ചത്തതാണ് ഇന്നും എതിര്‍ക്കുന്നവര്‍ ആയുധമാക്കുന്നത്.  പരിസ്ഥിതി നശിക്കും എന്നൊക്കെ പറയുന്നത് ചിലരുടെ ഭാവനയാണ്. ആ ഭാവനകളെ ശാസ്ത്രം സാധൂകരിക്കുന്നില്ല.  സര്‍ക്കാര്‍ ഗവേഷണം നടത്തി ഈ രംഗത്തെ കുത്തകവല്‍ക്കരണം  തടയണം എന്നാണ് ഇടത് പക്ഷത്തെ ശാസ്ത്രാനുകൂലികള്‍ പറയുന്നത്. അതൊന്നും ഇവിടത്തെ സര്‍ക്കാരിന് കഴിയാത്ത കാര്യമാണ്. അത്രയും മുതല്‍ മുടക്കാനോ സ്വകാര്യകമ്പനികള്‍ ചെയ്യുന്ന പോലെ വിത്തിന്റെ ഉല്പാദനവും വിതരണവും ഒന്നും സര്‍ക്കാരിന് കഴിയില്ല. ആറളം ഫാം ഇന്ന് എവിടെയെത്തി?  ഇത്തരം സംരംഭങ്ങള്‍ സ്വകാര്യമേഖലയില്‍ മാത്രമേ വിജയിക്കൂ എന്നാണ് അനുഭവം.

നമുക്ക്  യഥാര്‍ഥത്തില്‍  ഭക്ഷ്യസമൃദ്ധി എന്നൊന്ന് ഇവിടെ നിലവിലില്ല.  പ്രധാനാഹാരമായ അരി സുലഭമായി ലഭ്യമായത്കൊണ്ട് ഭക്ഷ്യക്ഷാമം ഇല്ലെന്നേയുള്ളൂ.  മറ്റെല്ലാറ്റിനും ക്ഷാമം തന്നെയാണ്. അത്കൊണ്ടാണ് എല്ലാറ്റിനും  വിലക്കൂടുതല്‍.  വില കൂടിയത്കൊണ്ട്  നമ്മള്‍ അരിയൊഴികെ മറ്റെല്ലാം കുറച്ചു മാത്രം വാങ്ങി ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം.  എല്ലാവര്‍ക്കും ആവശ്യമായത്ര ഒന്നും സ്റ്റോക്കില്ല.  ഉയര്‍ന്ന വില നിമിത്തം ആളുകള്‍ ഉപഭോഗം കുറച്ചത്കൊണ്ടാണ് ഇത്രയും സാധനങ്ങള്‍ കടകളില്‍ കാണുന്നത്. ഉദാഹരണത്തിന് മാമ്പഴ സീസണില്‍ എല്ലാവര്‍ക്കും ഓരോ മാങ്ങ വീതം ദിവസവും തിന്നാന്‍ പറ്റുമോ? വേണ്ടാഞ്ഞിട്ടാണോ?  അല്ല കിട്ടാനില്ല.  മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നത് തന്നെ മൂപ്പ് എത്താത മാങ്ങകള്‍ പറിച്ച് കാര്‍ബൈഡ് വാതകം നിറച്ച ഗോഡൌണുകളില്‍ സൂക്ഷിച്ച് കൃത്രിമമായി പഴുപ്പിച്ചിട്ടാണ്.  അങ്ങനെ പഴുപ്പിക്കുന്ന മാങ്ങകള്‍ക്ക്  മഞ്ഞ നിറം ഉണ്ടെന്നേയുള്ളൂ.  ഒരു രുചിയും ഇല്ല.  എല്ലാ പദാര്‍ത്ഥങ്ങളും സുഭിക്ഷമായി ഉല്പാദിപ്പിച്ചിരുന്നുവെങ്കില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാം യഥേഷ്ടം ലഭിക്കുമായിരുന്നു.  കുറച്ച് ഉല്പാദിപ്പിച്ച് കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്നതാണ് നിലവിലെ രീതി. കര്‍ഷകര്‍ക്ക് കൂടുതല്‍ വില കിട്ടണം എന്നാണ് ഇവിടെ രാഷ്ട്രീയക്കാര്‍ പറയാറ്.  കൂടുതല്‍ ഉല്പാദിപ്പിച്ചും വരുമാനം  വര്‍ദ്ധിപ്പിക്കാമായിരുന്നു. അപ്പോള്‍  ഉപഭോക്താക്കളുടെ കാര്യവും നടക്കും.  ഭക്ഷ്യസുരക്ഷയില്‍ നിന്ന് ഭക്ഷ്യസമൃദ്ധിയിലേക്ക് നയിക്കാന്‍  പര്യാപ്തമായ ഒന്നാണ് ജി.എം. വിത്തുകളുടെ ഉല്പാദനവും  കൃഷിയും.

ഇടത്പക്ഷ നേതാക്കളോട്  ഒരു അഭ്യര്‍ത്ഥനയുള്ളത്,  നിലവില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും  സമൂഹത്തില്‍ കടുത്ത അന്ധവിശ്വാസങ്ങളാണുള്ളത്.  ഇടത്പക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരും  അനുഭാവികളും  ഈ അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തരല്ല.   പ്രസ്ഥാവനകള്‍ കൊണ്ട് നിങ്ങള്‍  അവരില്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുത്.   ജി.എം. വിത്തുകള്‍ എന്ന  ശാസ്ത്രീയ സാധ്യതകളെ  നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍  അത് തുറന്നു പറയുക.  കുത്തകകളുടെ കാര്യം വേറെ.  രണ്ടും കൂട്ടിക്കുഴക്കരുത്.  ഈ ലേഖനം  വായിച്ചിട്ടാണ് ഇങ്ങനെ പറയുന്നത്. കുത്തക ഉണ്ടാക്കിയാലും  സര്‍ക്കാര്‍ ഉണ്ടാക്കിയാലും  ജി.എം.വിത്ത് എന്നത് ഒന്നാണല്ലൊ. അത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണല്ലൊ.  സര്‍ക്കാര്‍ ഈ രംഗത്ത് മുതല്‍ മുടക്കി വിത്തുകള്‍ ഉല്പാദിക്കുന്നവരെ കുത്തകകളുടെ ജി.എം.വിത്തുകള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതിനെ എന്തിന് എതിര്‍ക്കണം.  ഒന്നും ഇല്ലാത്ത അവസ്ഥയില്‍ എന്തെങ്കിലും ഉണ്ടാകുന്നതല്ലേ നല്ലത്.  ഇനി മറ്റൊന്ന്, ആരെതിര്‍ത്താലും  ജി.എം.വിത്തുകള്‍ ലോകത്തിന് ആവശ്യമുണ്ട്.  നിങ്ങള്‍ ഈ യാഥാര്‍ഥ്യം ഇപ്പോള്‍ അംഗീകരിക്കുന്നില്ലെങ്കില്‍  കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ എന്ന പോലെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ ഇതും  അംഗീകരിക്കേണ്ടി വരും.  കമ്പ്യൂട്ടറും  ഐടിയും  ഇപ്പോഴും കുത്തകകളുടെ കൈകളില്‍ ആണെന്ന വസ്തുതയും മറക്കണ്ട.

GM Food Pros and Cons 

എസ്. രാമചന്ദ്രന്‍ പിള്ളയ്ക്ക് അഭിവാദനങ്ങള്‍ !

എസ്.രാമചന്ദ്രന്‍ പിള്ളയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ എന്നറിയില്ല. കാരണം അദ്ദേഹം ഒരു ശാസ്ത്രസത്യം തുറന്ന് പറഞ്ഞിരിക്കുന്നു.  ഇപ്രാവശ്യത്തെ കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോള്‍ സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചിരിക്കുന്നു.  ഇപ്പോള്‍ കക്ഷിരാക്ഷ്ട്രീയഭേദമെന്യേ എല്ലാവരും  ശാസ്ത്രീയസത്യങ്ങള്‍ക്ക് എതിരാണ്. അത്കൊണ്ട്  എസ്.ആര്‍.പി. ഈ ഒറ്റ പ്രസ്ഥാവനയിലൂടെ കേരളത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ശത്രു ആകേണ്ടതാണ്. ഇനി വരുംനാളുകളില്‍ അദ്ദേഹം സി.പി.എമ്മിന് ഒരു ബാധ്യതയാകുമോ എന്നറിയില്ല. കീടനാശിനികള്‍ , രാസവളം, ജി.എം.വിത്തുകള്‍  എന്നിവയ്ക്ക് കേരളം എതിരാണ്. എന്നാല്‍ ഈ മൂന്നും കൃഷിയ്ക്ക് ആവശ്യമാണ് എന്നാണ് എസ്.ആര്‍.പി. പറഞ്ഞതിന്റെ ചുരുക്കം. മാത്രമല്ല, ഇന്ന് പല തരത്തിലുള്ള പ്രചാരവേലകളും നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നില്‍ യൂറോപ്യന്‍ യൂനിയന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന യാഥാര്‍ഥമാണിത്. ഞാനും ഇത് തന്നെയാണ് ബ്ലോഗില്‍ കുറെ നാളുകളായി പറയുന്നത്.  ജി.എം.വിത്തുകള്‍ ആരോഗ്യത്തിന് അപകടമാണെന്ന വിശ്വാസം  അന്ധവിശ്വാസമാണെന്നും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു.

എന്നാല്‍ അദ്ദേഹം പറഞ്ഞതിനെ നിഷേധിക്കാന്‍  കുറെ പഠനറിപ്പോര്‍ട്ടുകളുമായി ഇന്നലെ തന്നെ ആളുകള്‍ മുന്നോട്ട് വന്നിരുന്നു. സി.പി.ഐ.യിലെ കൃഷിമന്ത്രി അപ്പോള്‍ തന്നെ എസ്.ആര്‍.പി.യോട് വിയോജിച്ചു.  മുഖ്യമന്ത്രി വി.എസ്സ്.ആകട്ടെ കേരളത്തെ ഒരു ജൈവസംസ്ഥാനമാക്കാനുള്ള തിരക്കിലാണ്.  കെ.വി.തോമസ് ഒരേയൊരു പ്രസ്ഥാവനയോടെ കുരുക്കില്‍ അകപ്പെടുകയും  അസാധാരണമായ മെയ്‌വഴക്കത്തോടെ ഊരിവരികയും ചെയ്തു. ഇന്ത്യ തന്നെ ഒരു ജൈവരാജ്യം ആകണമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് 300കോടി അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്ര കൃഷി സഹമന്ത്രിയായ തോമസ് പറഞ്ഞതോടെ അദ്ദേഹം രക്ഷപ്പെട്ടു.  ഇനിയിപ്പോള്‍   സി.പി.എമ്മിന്റെ  പി.ബി.അംഗം കൂടിയായ എസ്.ആര്‍.പി.യെ ആളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നോ അദ്ദേഹം മാറ്റിപ്പറയുമോ എന്നും അറിയില്ല. ആളുകളില്‍ ഒരു വിശ്വാസം രൂഢമൂലമാവുക, അതിനൊപ്പിച്ച് രാഷ്ട്രീയനേതാക്കളും പറയുക എന്നതാണ് നിലവിലെ രീതി.  രാസവളവും കീടനാശിനികളും ജി.എം.വിളകളും വിഷമാണ് എന്നാണ് പൊതുവെ കേരളത്തിലെ വിശ്വാസം.  ശാസ്ത്രീയസത്യം മറിച്ചാണെങ്കിലും ഇവിടെ ഉള്ള കാര്യം പറയാന്‍ പാടില്ല.  കൃഷി നടത്തണമെങ്കിലും ഈ മൂന്നും കൂടിയേ പറ്റൂ. വേറെ ഒരു മാര്‍ഗ്ഗവുമില്ല. എന്നാലും ഇവ വിഷമാണ് എന്ന് പറയണം. അതാണ് നടപ്പ് രീതി. ഈ സമ്പ്രദായത്തെയാണ് ഡല്‍ഹിയില്‍ നിന്ന് വന്ന എസ്.ആര്‍.പി. വെല്ലുവിളിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഇത്രയും ധീരത പ്രകടിപ്പിച്ച  പ്രിയപ്പെട്ട എസ്.ആര്‍.പി.ക്ക് ഞാന്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. എന്നാലും താങ്കള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ഞാന്‍ വെറും ഒരു ബ്ലോഗര്‍ മാത്രമാണ്. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. താങ്കള്‍ അങ്ങനെയല്ല. പലതും നഷ്ടപ്പെടാനുണ്ട്. പി.ബി.അംഗത്വം അത്ര വലുതല്ല. വി.എസ്സിന് പോലും അത് നഷ്ടപ്പെടേണ്ടി വന്നല്ലൊ. പക്ഷെ ജീവിതമെന്ന നാടകത്തില്‍ അഭിനയിച്ചു വിട വാങ്ങുമ്പോള്‍ ചുകപ്പ് പതാക പുതപ്പിക്കപ്പെടുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റ്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.  കമ്മ്യൂണിസ്റ്റുകാരന്‍ ശാസ്ത്രസത്യങ്ങളായിരുന്നു സമൂഹത്തില്‍ പറയേണ്ടിയിരുന്നത്.  ഇവിടെ പക്ഷെ വോട്ട് കിട്ടണമല്ലോ.  വിശ്വാസങ്ങളെ എതിര്‍ത്ത്  ജനങ്ങളെ വെറുപ്പിച്ചാല്‍ വോട്ട് നഷ്ടപ്പെടും.  അത്കൊണ്ട് എന്താണോ വിശ്വാസം അതേ പറയാവൂ.  ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ പ്രശ്നമില്ല. അവര്‍ കൃഷിയുടെ അഭിവൃദ്ധിക്ക് എല്ലാ ശാസ്ത്രസാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നു. അവിടെ രാസവളങ്ങളും കീടനാശിനികളും എന്‍ഡോസല്‍ഫാന്‍ ഉള്‍പ്പെടെ , ജി.എം.വിത്തുകളും ഉപയോഗിക്കുന്നു.   ഇവിടെയും ഉപയോഗപ്പെടുത്തും.  ആളുകള്‍ വിശ്വസിക്കുന്നു എന്ന് വെച്ച്  വിശ്വാസം കൊണ്ട് കൃഷി നടത്താന്‍ പറ്റുമോ?  കര്‍ഷകരല്ലല്ലോ വിശ്വസിക്കുന്നത്.

അത്കൊണ്ട്  താങ്കള്‍ പറഞ്ഞില്ലെങ്കിലും  കൃഷി ഉള്ള കാലത്തോളം രാസവളവും കീടനാശിനികളും പിന്നെ ജി.എം.വിത്തുകളും ഉപയോഗപ്പെടുത്തും. വേറെ വഴിയില്ലല്ലൊ.  ജൈവകൃഷികൊണ്ട് ലോകം മുന്നോട്ട് പോകില്ല എന്ന് താങ്കള്‍ക്കറിയാമല്ലോ.  പിന്നെ എന്തിനാ അതൊക്കെ തുറന്ന് ആളുകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത്. മാത്രമല്ല, കൃഷിയുമായി ബന്ധമില്ലാത്തവരല്ലെ വിശ്വസിക്കുന്നത്. അത്കൊണ്ട് താങ്കള്‍ ഈ അപ്രിയസത്യം കേരളത്തിന്റെ മണ്ണില്‍ വെച്ചു പറയണ്ടായിരുന്നു.  പറ്റുമെങ്കില്‍ , ശാസ്ത്രീയസത്യങ്ങളോട് കൂറ് പുലര്‍ത്തണം എന്ന് നിര്‍ബന്ധമില്ലെങ്കില്‍ താങ്കളുടെ പ്രസ്ഥാവന തിരുത്തി  നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെടാതെ നോക്കണം.  

ബയോടെക്‍നോളജി എന്നത് ഇക്കാലത്തെ ഒരു വരദാനമാണ്. ഇനി ലോകത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റണമെങ്കില്‍ ഈ ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയേ മതിയാവൂ.  ജി.എം.വിത്തുകളിലൂടെ  വലിയൊരു കാര്‍ഷികവിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ലോകം.  സങ്കരയിനം വിത്തുകളുടെ കണ്ടുപിടുത്തമാണ് ഒന്നാം കാര്‍ഷികവിപ്ലവം.  ജി.എം.വിത്തുകളുടെ കണ്ടുപിടുത്തത്തോടെ രണ്ടാം വിപ്ലവത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. അതേ സമയം  കാര്‍ഷികമേഖലയില്‍ ആധിപത്യം നേടാന്‍ എസ്.ആര്‍.പി. പറഞ്ഞപോലെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും കടുത്ത മത്സരത്തിലാണ്.  യൂറോപ്യന്‍ യൂനിയന്റെ പ്രചാരണവലയത്തില്‍  പല പരിസ്ഥിതിസംഘടനകളും വീണുപോയിരിക്കുന്നു. അത്തരം സംഘടനകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ നല്ല പോലെ ഫണ്ടിംഗ് നടത്തുന്നുണ്ട്.  ഇക്കാ‍ര്യത്തില്‍ ചൈനയുടെ നിലപാടായിരുന്നു നമുക്ക് നല്ലത്.  എന്തായാലും  പ്രായോഗികതയെ തോല്‍പ്പിക്കാന്‍ പ്രചാരണങ്ങള്‍ക്ക് കഴിയില്ല.  എന്തെന്നാല്‍ നിലനില്‍പ്പിന്റെ ഒരു പ്രശ്നമുണ്ടല്ലൊ.

ചെടികള്‍ക്കും വിളകള്‍ക്കും ജനിതകമാറ്റം  വരുത്തുന്നത്കൊണ്ട് ഒരു ദൂഷ്യവും വരാനില്ല എന്ന് മാത്രമല്ല ഗുണങ്ങളും നേട്ടങ്ങളും ഒരുപാട് ഉണ്ട് താനും. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.  താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം.  നമ്മള്‍ മാവ് , പേര,  സപ്പോട്ട മുതലായ ചെടികള്‍ ഗ്രാഫ്റ്റിങ്ങ് രീതിയില്‍ ഒട്ടിക്കാറുണ്ടല്ലൊ.  അത് തന്നെ ജനിതകമാറ്റം ചെയ്യലാണ്. ജനിതക മാറ്റം ചെയ്യാന്‍ വേണ്ടി തന്നെയാണ് അവ ഒട്ടിക്കുന്നത്.  ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് ഇവിടെ വായിക്കാം. അങ്ങനെ നമ്മള്‍ ഒട്ട് രീതിയില്‍  ഗുണമേന്മയുള്ള പുതിയ ചെടികള്‍ ഉണ്ടാക്കുന്നതിന്റെ ഏറ്റവും സമ്പുഷ്ടവും  കൃത്യതയാര്‍ന്നതും ബൃഹത്തായതുമായ ആവിഷ്ക്കാരവുമാണ് ജി.എം. വിത്തുല്പാദനത്തില്‍ സംഭവിക്കുന്നത്.   വിത്തിന്റെ  ഉല്പാദനത്തിലും വിതരണത്തിലും  കുത്തക കമ്പനികളുടെ ആധിപത്യം ഉണ്ടാവും എന്നൊരു  പ്രശ്നമുണ്ട്.  അതിനിപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും?  ഏതിലാണ് കുത്തക ഇല്ലാത്തത്.  ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാവുക എന്നതല്ലേ പ്രധാനം.  ഈ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തണം എന്നാണ് എസ്.ആര്‍.പി. നിര്‍ദ്ദേശിക്കുന്നത്.  ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇന്നത്തെ ഈ മിക്സ്ഡ് എക്കണോമി സമ്പ്രദായത്തിലും അത് സാധ്യമാണ്.

എസ്.ആര്‍.പി.  ഇന്നലെ  (1.1.11) ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലഫോണ്‍ അഭിമുഖം ഞാന്‍ റെക്കോര്‍ഡ്  ചെയ്തത് താഴെ നിന്ന് കേള്‍ക്കാം.



എസ്.രാമചന്ദ്രന്‍ പിള്ള ഇന്നലെ നടത്തിയ പ്രസംഗത്തെക്കുറിച്ച്  ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചുവടെ വായിക്കാം.


ജനിതകമാറ്റത്തെ അനുകൂലിച്ച് എസ്. ആര്‍. പി; മുല്ലക്കര എതിര്‍ത്തു.
( കടപ്പാട്:മാതൃഭൂമി/2.1.11)

അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ്സ്

തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിളയുടെ കൃഷിയെച്ചൊല്ലി സി.പി.എം. -സി.പി.ഐ. നിലപാടുകള്‍ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സില്‍ ഏറ്റുമുട്ടി. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരനുമാണ് പരസ്യനിലപാടുമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കും രാസകീടനാശിനികള്‍ക്കും അനുകൂലമായ നിലപാട് എസ്.ആര്‍.പി. സ്വീകരിച്ചപ്പോള്‍ അതിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നയം മുല്ലക്കര ആവര്‍ത്തിച്ചു വിശദീകരിച്ചു.

ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ നിലപാടില്‍ ഇതുവരെ ഒറ്റക്കെട്ടായിരുന്ന ഇടതു കക്ഷികള്‍ക്കിടയില്‍ പ്രകടമായ ഭിന്നത കടന്നുവന്നിരിക്കുകയാണ്. അതേസമയം, എസ്.ആര്‍.പി. പറഞ്ഞത് പാര്‍ട്ടി നിലപാടാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ സര്‍ക്കാര്‍ നയം രൂപപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കാര്യമായ പങ്ക് വഹിച്ചിരുന്നു. തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ വി.എസ്. ഇതുവരെ തയ്യാറായിട്ടുമില്ല. അങ്ങനെ വരുമ്പോള്‍ ഇത് സി.പി.എം. -സി.പി.ഐ. തര്‍ക്കം എന്നതിലുപരി സി.പി.എമ്മിലെ ആഭ്യന്തര തര്‍ക്കത്തിലെപുതിയൊരു അദ്ധ്യായമായി മാറുകയാണ്.

കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. എന്നാല്‍ ഇത്തരം വിത്തുകളുടെ ഉപയോഗത്തിനു മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണം'' -അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ഉല്‍പാദനക്ഷമതയും കൃഷിക്കാരുടെ അദ്ധ്വാനക്ഷമതയും ഉയര്‍ത്തുന്നതിനാവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണം. കാര്‍ഷികോത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ആവശ്യമാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കു പിന്നില്‍ മോണ്‍സാന്‍േറാ പോലുള്ള അമേരിക്കന്‍ കുത്തകകളാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ മറുഭാഗത്ത് ജൈവഭക്ഷണത്തിനു പിന്നില്‍ യൂറോപ്യന്‍ കമ്പനികളാണ്. ഇവരുടെ പോരില്‍ നമ്മള്‍ ഒരു പക്ഷം ചേര്‍ന്നു നില്‍ക്കേണ്ട കാര്യമില്ല. ജൈവകൃഷി രീതികള്‍ എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. രാസകീടനാശിനികള്‍ ഒഴിവാക്കുന്നത് കാര്‍ഷികോത്പാദനത്തെ വല്ലാതെ ബാധിക്കുമെന്നും എസ്.ആര്‍.പി. ചൂണ്ടിക്കാട്ടി.

എസ്.ആര്‍.പിയോട് ബഹുമാനപൂര്‍വം വിയോജിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് മുല്ലക്കര സംസാരിച്ചു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ജനിതക ഗവേഷണത്തിനും ജൈവസാങ്കേതികവിദ്യയ്ക്കും എതിരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജൈവവൈവിധ്യ കലവറ എന്ന നിലയില്‍ കേരളം ബയോഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ടാണ്. കേരളത്തെ ജി.എം. ഫ്രീ സോണ്‍ ആക്കി നിലനിര്‍ത്തണമെന്ന് ഡോ.എം.എസ്.സ്വാമിനാഥന്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകളുടെ ബയോസേഫ്റ്റി സംബന്ധിച്ച വ്യക്തതയില്ല. ഇവയ്ക്ക് ജനിതകമലിനീകരണ സാദ്ധ്യത ഇല്ലെന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ ഒരു ശതമാനം മാത്രമാണ് കേരളമെങ്കിലും രാജ്യത്തെ സസ്യ -മത്സ്യ സമ്പത്തില്‍ 30 ശതമാനവും ഇവിടെയാണുള്ളത്. അതിനാല്‍ത്തന്നെയാണ് ഇവിടെ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചത്. കേരളത്തിന് താത്പര്യമില്ലെങ്കില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്കെതിരായ നിലപാടുമായി മുന്നോട്ടു പോകാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പാര്‍ലമെന്‍റില്‍ സമ്മതിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെയാണ് കേരളത്തില്‍ ഓപ്പണ്‍ ഫീല്‍ഡ് പരീക്ഷണം അനുവദിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്'' -മുല്ലക്കര വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ പോലൊരു വിഷയം നമുക്കു മുന്നിലുള്ളപ്പോള്‍ രാസകീടനാശിനികള്‍ വേണമെന്നു പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. തലമുറകള്‍ക്കു തന്നെ ദൂഷ്യമുണ്ടാവും എന്നു ഭയപ്പെടുന്ന കീടനാശിനികള്‍ പരീക്ഷിക്കാനുള്ള ശേഷി ഇനി കേരളത്തിനില്ല. അതിനാല്‍ത്തന്നെയാണ് രാസകീടനാശിനികളുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടു വരാനുള്ള തീരുമാനമെടുത്ത് മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ഓര്‍ഗാനിക് ഫാമിങ് വിജയകരമായി മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലക്കരയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ഹാളിലുണ്ടായിരുന്ന പ്രതിനിധികള്‍ സ്വീകരിച്ചത്.

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസര്‍ ഡോ.വി.കെ.രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ.സി.ശശിധര്‍, ആര്‍.ഹേലി, എ.വിജയരാഘവന്‍, ഡോ.കെ.പി.പ്രഭാകരന്‍ നായര്‍, ഡോ.കെ.ജെ.ജോസഫ്, ഡോ.ആര്‍.രാംകുമാര്‍, എസ്.ഉഷ തുടങ്ങിയവരും സംബന്ധിച്ചു.

കീടനാശിനിയും രാസവളവും

ഹരീഷ് തൊടുപുഴയുടെ ഗുല്‍മോഹര്‍ എന്ന ബ്ലോഗില്‍ നിന്ന് എടുത്ത രണ്ട് ചിത്രങ്ങളാണ് ഇവിടെ കാണുന്നത്. മന:പൂര്‍വ്വമാണോ എന്നറിയില്ല ഹരീഷ്  ഈ ചിത്രങ്ങളുടെ പോസ്റ്റിന് തലക്കെട്ടോ അടിക്കുറിപ്പോ ചേര്‍ത്തിട്ടില്ല.  എന്നാല്‍  ഈ രണ്ട് ചിത്രങ്ങളും  സിമ്പോളിക്കാണ്.  ഒരു നാല്പത് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഈ ചിത്രങ്ങള്‍ കാര്‍ഷികാഭിവൃദ്ധിയുടെയും  ഐശ്വര്യത്തിന്റെയും പ്രതീകങ്ങള്‍ ആയിരുന്നു.
(ഇന്നും സത്യത്തില്‍ അങ്ങനെ തന്നെയാണ്, പക്ഷേ..) ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആളുകള്‍ക്ക് എന്താണ് തോന്നുക.  അത്  ഒരു കമന്റര്‍ അവിടെ മനോഹരമായി എഴുതിയിട്ടുണ്ട്. “ വിഷമടിച്ചും, വിഷം വിതറിയും,വിള കൊയ്യാം“.  അതെ ,  ആളുകള്‍ക്ക് ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ പ്രത്യക്ഷത്തില്‍ തോന്നുക ഈ വികാരമാണ്.  ഈ വികാരത്തെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേട് എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. എന്റെ ഈ  വിശേഷണം വായിച്ച ഉടനെ എന്നോട് വെറുപ്പ് തോന്നുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. എന്തിനാണ് മനസ്സ് വെറുതെ അസ്വസ്ഥമാക്കുന്നത്.  മറ്റൊരു ബ്ലോഗില്‍ ഒരു പരിസ്ഥിതിപ്രേമി ഇങ്ങനെ എഴുതിക്കണ്ടു “ കീടനാശിനികൾ ഇല്ലാത്ത ഒരു ലോകം.അതാകട്ടെ നമ്മുടെ മുദ്രാവാക്യം“ ഈ മുദ്രാവാക്യത്തെ അനുകൂലിക്കുന്നവര്‍ എന്റെ ബ്ലോഗ് തന്നെ വായിക്കാതിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.  എന്നാലും എനിക്ക് സത്യങ്ങള്‍ പറയാതിരിക്കാനാവില്ല. വെട്ടിത്തുറന്ന് പറയട്ടെ, ഞാന്‍ കീടനാശിനികള്‍ക്കും രാസവളത്തിനും അനുകൂലമാണ്.  അത്കൊണ്ടാണ് ഈ ചിത്രങ്ങള്‍ ഇന്നും എനിക്ക് സിമ്പോളിക്കലായി ഐശ്വര്യത്തിന്റെ പ്രതീകമാവുന്നത്.  എന്ത് ഉണ്ടായിട്ടെന്താ , ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യന്‍ എങ്ങനെ ജീവിയ്ക്കും?

നാല്പത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടിണിയിലാണ്ട ഒരു ജനതയെ ഭക്ഷ്യസുരക്ഷയില്‍ എത്തിച്ചത് കീടനാശിനികളും രാസവളവും കണ്ടുപിടിച്ചത്കൊണ്ടും കര്‍ഷകര്‍ക്ക് അവ  ലഭ്യമായത്കൊണ്ടുമാണ്.  അത്കൊണ്ടാണ് രാസവളത്തെയും കീടനാശിനികളെയും തള്ളിപ്പറയുന്നത് നന്ദികേടാണെന്ന് ഞാന്‍ പറയുന്നത്.  ഇവ രണ്ടും കണ്ടുപിടിക്കുന്നതിന് മുന്‍പ് ജൈവകൃഷി തന്നെയായിരുന്നു ലോകത്ത് നിലവിലിരുന്നത്.  ആവശ്യം കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന തത്വമനുസരിച്ചാണ് രാസവളങ്ങളും കീടനാശിനികളും കണ്ടുപിടിക്കപ്പെട്ടത്. ഇന്നും രാസവളങ്ങളും കീടനാശിനികളും ഇല്ലെങ്കില്‍ കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ സാധിക്കില്ല. അത്ര മാത്രം കീടങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് മൂലം മണ്ണിലെ പോഷക ഘടകങ്ങള്‍ തീര്‍ന്നുപോകുന്നത് കൊണ്ട് രാസവളങ്ങള്‍ ചേര്‍ക്കാതിരിക്കാനും സാധ്യമല്ല. ഫാക്ടം ഫോസ് കിട്ടാത്തത്കൊണ്ട് കര്‍ഷകര്‍ വിഷമിക്കുന്നു എന്ന് ഇന്നലെ പത്രത്തില്‍ വായിച്ചു.  സല്‍ഫ്യുരിക്ക് ആസിഡ് കിട്ടാത്തത്കൊണ്ട് ഫാക്ടില്‍ വേണ്ടത്ര രാസവളനിര്‍മ്മാണം നടക്കുന്നില്ലത്രെ.  ഫാക്റ്റ് (FACT) പൂട്ടിക്കാന്‍ എന്നാണ് കേരളത്തില്‍ പരിസ്ഥിതിവാദികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങുക എന്നാണ് ഞാന്‍ കാത്തിരിക്കുന്നത്. രാസവളം വിഷമാണെങ്കില്‍ ആ വിഷം കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ പാടുണ്ടോ?

കീടങ്ങള്‍ ഭൂമിയില്‍ ഉള്ള കാലത്തോളം മനുഷ്യന് കൃഷി നടത്തണമെങ്കില്‍ കീടങ്ങളെ നശിപ്പിക്കാനുതകുന്ന നാശിനികള്‍ കൂടിയേ തീരൂ എന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ വിശദമാക്കിയത്കൊണ്ട് വീണ്ടും ഇവിടെ പരത്തി പറയുന്നില്ല.  ചിലര്‍ സുരക്ഷിതകീടനാശിനി, ജൈവ കീടനാശിനി എന്നൊക്കെ പറയുന്നുണ്ട്.  “ജൈവ” ആയാലും “ രാസ” ആയാലും കീടങ്ങള്‍ നശിക്കണമെങ്കില്‍ അവ കീടങ്ങള്‍ക്ക് വിഷം തന്നെ ആകണ്ടേ?  വിഷം എന്ന വാക്കിനെ സമൂഹത്തെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. കീടങ്ങള്‍ക്ക് വിഷമായത് മനുഷ്യന് വിഷമല്ല എന്നതാണ് സത്യം. അത്കൊണ്ടാണ് എന്തിനും അനുവദനീയമായ അളവ് എന്ന് നിശ്ചയിച്ചിരിക്കുന്നത്. അതായത് അനുവദനീയമായ അളവില്‍ ഉള്ളത് ഒന്നും മനുഷ്യന് വിഷമല്ല. ഉദാഹരണം പറയാം.  കൊതുകിനെ കൊല്ലാന്‍ നാം കത്തിച്ചു വെക്കുന്ന ഗുഡ്‌നൈറ്റ് ഇല്ലേ. അത് കൊതുകിന് വിഷമാണ്. കൊതുക് ചാകും. എന്നാല്‍ നമുക്ക് ഒന്നും സംഭവിക്കുന്നില്ല. എന്ത്കൊണ്ട്? നമ്മളും അത് ശ്വസിക്കുന്നുണ്ടല്ലൊ. അവിടെയാണ് അനുവദനീയമായ അളവിന്റെ പ്രസക്തി. ആ അളവില്‍ ഉള്‍ക്കൊണ്ടാല്‍ അവ പുറന്തള്ളാനുള്ള മെഷിനറിയൊക്കെ നമ്മുടെ ശരീരത്തില്‍ പ്രകൃത്യാ ഉണ്ട്. എന്നാല്‍ ഒരു മൂന്നോ നാലോ ഗുഡ്‌നൈറ്റ് ഒരുമിച്ച് കത്തിച്ച് വെച്ച് ഉറങ്ങിയാല്‍ എന്താവും സംഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ല. ഊഹിക്കാമല്ലോ. കീടനാശിനികളുടെ കാര്യത്തിലും ഇതാണ് ശരി.  മനസ്സിലാകുന്നവര്‍ക്ക് ഇത്രയും പറഞ്ഞാല്‍ മതി. അല്ലാത്തവര്‍ക്ക് എത്ര പറഞ്ഞിട്ടും പ്രയോജനമില്ല.

മനുഷ്യന് വിഷമായത്  എല്ലാം  മണ്ണിന് വിഷമല്ല. പരിസ്ഥിതിവാദികളുടെ പ്രശ്നം സൂക്ഷ്മജീവികള്‍ നശിച്ചുപോകും എന്നാണ്.  ആ ഭയവും അസ്ഥാനത്താണ്. മനുഷ്യന് മുന്നേ ഭൂമിയില്‍ കുടിയേറിയവരാണ് സൂക്ഷ്മജീവികള്‍ എന്നും മനുഷ്യന് ശേഷമേ അവയൊക്കെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുകയുള്ളൂ എന്നും ശാസ്ത്രം പറയുന്നുണ്ട്. ഞാ‍ന്‍ പറയുന്നതല്ല , എന്നോട് ആരും പരിഭവിക്കരുത്. മതങ്ങളും സയന്‍സും ഒരു പോലെ മനുഷ്യന് വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍ .  നൈതികമൂല്യങ്ങള്‍ നല്‍കുന്നതിലാണ് മതങ്ങളുടെ പ്രസക്തി. പ്രതികൂലസാഹചര്യങ്ങളെ മനുഷ്യന് അനുകൂലമായി മെരുക്കുന്നതിലാണ് സയന്‍സിന്റെ പ്രസക്തി. ഒന്ന് മറ്റൊന്നിനെ നിരാകരിക്കേണ്ടതില്ല.  മണ്ണും ജലവും അന്തരീക്ഷവും മലിനമാക്കപ്പെടുന്നതില്‍ നാം ആശങ്കപ്പെടുന്നത് , മനുഷ്യനും മനുഷ്യന് ഉപദ്രവം ചെയ്യാത്ത ജീവജാലങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയാകുന്നത്കൊണ്ടാണ്.  പ്ലാസ്റ്റിക്കും റബ്ബറും ഒക്കെ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും  അങ്ങനെ നാനാവിധത്തില്‍ ആളുകള്‍ നിത്യേന അന്തരീക്ഷത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.  അതിനെതിരെ ആരും കമാ എന്നൊരക്ഷരം മിണ്ടുന്നതായി കാണുന്നില്ല.  ഇങ്ങനെ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ അന്തരീഷത്തില്‍ നിന്ന് എങ്ങോട്ടും പോകുന്നില്ല.  കീടനാശിനികള്‍ എത്ര തളിച്ചാലും ഉണ്ടാകുന്നതിനേക്കാളും ദോഷമാണ് ഒറ്റ ദീപാവലി ദിവസം പടക്കങ്ങള്‍ പൊട്ടിക്കുന്നത്കൊണ്ട് ഉണ്ടാകുന്നത്.  ജയിക്കുമ്പോള്‍ ആഘോഷിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വേണം പടക്കങ്ങള്‍ .  അവ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍  സെക്കന്റുകള്‍ക്കകം അവശേഷിക്കാതെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും. എന്നാല്‍ പുറപ്പെടുന്ന വാതകങ്ങള്‍ ഒരിക്കലും നശിക്കാതെ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചുകൊണ്ടിരിക്കുകയും ഓസോണ്‍ പാ‍ളികളെ ദുര്‍ബ്ബലമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഞാന്‍ പറഞ്ഞുവരുന്നത്  വലിയ വിപത്തുകളെ കണ്ടില്ലെന്ന് നടിക്കുകയും താരതമ്യേന നിസ്സാരദോഷങ്ങളെ പെരുപ്പിച്ചു കാട്ടി ആളുകളുടെ ശ്രദ്ധ തിരിച്ചു വിടുന്നു എന്നുമാണ്. അതിലും  രാസവളം തീരെ നിര്‍ദ്ദോഷമാണ് താനും. അനുവദനീയമായ അളവ് രാസവളത്തിനും ബാധകമാണ്. പാലിനും തേനിനും പോലും അനുവദനീയമായ അളവുണ്ട് എന്ന് ഓര്‍ക്കുക.

രാസവളത്തിന്റെ കാര്യം.  ഞാന്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി  ഇവിടെ  എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ക്ക് വായിക്കാം. അനുബന്ധമായി കുറച്ചു കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്. കീടനാശിനികളും രാസവളങ്ങളും ഇല്ലാത്ത ലോകമാണ് പരിസ്ഥിതിവാദികള്‍ സ്വപ്നം കാണുന്നത്. രാസവളത്തോട് മാത്രമല്ല എല്ലാ രാസപദാര്‍ത്ഥങ്ങളോടും അവര്‍ക്ക് എതിര്‍പ്പാണ്. രാസപദാര്‍ത്ഥങ്ങള്‍ എല്ലാം വിഷമാണ് പോലും. ഈ ചിന്താഗതി ഇന്ന് പൊതുവെ എല്ലാവരെയും സ്വാധീനിച്ചതായാണ് കാണുന്നത്. പത്താം തരെ വരെ എല്ലാവരും സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്നുണ്ടെങ്കിലും ശാസ്ത്രവീക്ഷണത്തിന്റെ അഭാവമാണ് ഈ അബദ്ധധാരണകള്‍ക്ക് കാരണം. കൃത്രിമമായി ഉല്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എല്ലാം വിഷം എന്നാണല്ലൊ പരക്കെ കരുതപ്പെടുന്നത്.  എന്നാല്‍ അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍  ആദ്യം നല്‍കുന്ന ഡ്രിപ്പ്  എന്താണ്?  സലൈന്‍ വാട്ടര്‍ . അത് രാസപദാര്‍ത്ഥമല്ലേ? എവിടെയാണ് നല്‍കുന്നത്? ഞരമ്പിലൂടെ നേരിട്ട് രക്തക്കുഴലുകളിലേക്ക്.  സലൈന്‍ വാട്ടറിന്റെ കൂടെ എന്തെല്ലാം ചേര്‍ക്കും?  ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍ , ആന്റിബയോട്ടിക്ക് മരുന്നുകള്‍ .  ഓപ്പറേഷന് വിധേയരായ രോഗികളുടെ കൂടെ കഴിഞ്ഞവര്‍ക്ക് മനസ്സിലാകും. ഇതൊക്കെ ഒന്നാംതരം രാസപദാര്‍ത്ഥങ്ങളാണ്.  ഇവയൊക്കെ Intravenous ആയി നല്‍കുന്നത്കൊണ്ടുള്ള സൈഡ് ഇഫക്റ്റ് എന്താണ്? രോഗി രക്ഷപ്പെടുന്നു.  ഇളനീര്‍ ഒന്നാംതരം  പ്രകൃതിജന്യ ജൈവ ദ്രാവകമാണ്.  എന്നാല്‍ അത് കുടിക്കാനേ പറ്റൂ.  Intravenous ആ‍യി ഞരമ്പിലൂടെ 100 മില്ലി കുത്തിവെച്ചാല്‍ സൈഡ് ഇഫക്റ്റ് ഭയാനകമായിരിക്കും. കാരണം അറിയില്ലെങ്കില്‍ എന്റെ ജനകീയശാസ്ത്രം ബ്ലോഗ് വായിച്ചു നോക്കുക അല്ലെങ്കില്‍ നെറ്റില്‍ ഗൂഗിള്‍ ചെയ്യുക.

ജൈവ കൃഷിയെ പറ്റി. മേലെയുള്ള ചിത്രം വീണ്ടും നോക്കുക.  നെല്ല് ഒരു ഹ്രസ്വകാല വിളയാണ്. അരി നമ്മുടെ മുഖ്യ ആഹാരമാണ്.  ഓരോ വിളവെടുപ്പിന് ശേഷവും വയലിലെ മണ്ണില്‍ പോഷകഘടകങ്ങള്‍ (പ്രധാനമായും നൈട്രജന്‍, പൊട്ടാസിയം, ഫോസ്ഫറസ്) തീര്‍ന്നുപോകും. ഈ പോഷകഘടങ്ങള്‍ സന്തുലിതമായി മിശ്രണം ചെയ്യപ്പെട്ടതാണ് രാസവളങ്ങള്‍ .  ഇത് വയലില്‍ വിതറിയാല്‍  പെട്ടെന്ന് തന്നെ വെള്ളത്തില്‍ ലയിച്ച് നെല്‍ച്ചെടികള്‍ക്ക് ആഗിരണം ചെയ്യാനും പോഷിപ്പോടെ വളരാനും കഴിയും.  ജൈവ വളത്തിലും ഇപ്പറഞ്ഞതൊക്കെ സമൃദ്ധമായുണ്ട്.  എന്നാല്‍ അളവുകള്‍ ഏറ്റക്കുറച്ചിലിലായിരിക്കും. ചെടികള്‍ക്ക് ആവശ്യമായ അനുപാതത്തില്‍ ആയിരിക്കില്ല. മാത്രമല്ല,  ജൈവവളം ചെടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പാകമാകണമെങ്കില്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് വിഘടിക്കപ്പെടണം. അത് മാസങ്ങളോളം നീളുന്ന ജൈവപ്രക്രിയയാണ്.  ആവശ്യമായ സമയത്ത് ചെടികള്‍ക്ക് ലഭ്യമാവുകയില്ല. മാത്രമല്ല , ഇങ്ങനെ ജൈവവളം വിഘടിക്കപ്പെട്ടാലും അവസാനം ഉണ്ടാകുന്നത് നൈട്രജന്‍ , പൊട്ടാസിയം, ഫോസ്ഫറസ്സ് , പോലുള്ള  ചെടികള്‍ക്ക് ആവശ്യമുള്ള മൂലകങ്ങള്‍ തന്നെയാണ്. അവ ആഗിരണം ചെയുമ്പോള്‍ ഈ മൂലകങ്ങള്‍ ജൈവവളത്തില്‍ നിന്ന് കിട്ടുന്നതാണോ രാസവളത്തില്‍ നിന്ന് കിട്ടുന്നതാണോ എന്ന വ്യത്യാസം ചെടികള്‍ക്കില്ല.

മനസ്സിലാകുന്നവര്‍ക്കും ഉറക്കം നടിക്കാത്തവര്‍ക്കും മനസ്സിലാകും എന്നത്കൊണ്ട് നീട്ടുന്നില്ല. കീടനാശിനികളെ പറ്റി രണ്ട് വാക്ക് കൂടി. അവ ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.  കര്‍ഷകരുടെ അജ്ഞതയും അമിതമായ സ്വാര്‍ത്ഥതയുമാണ് പ്രശ്നം.  ജനങ്ങളുടെയും  ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്ത്നിന്ന് ജാഗ്രതയാണ് വേണ്ടത്.  കേരളത്തില്‍ എത്തുന്ന  മിക്ക ധാന്യങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും അനാവശ്യമാ‍യി തളിക്കപ്പെട്ട കീടനാശിനികള്‍ കലര്‍ന്നിട്ടുണ്ട്.  അവയെല്ലാം  ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയാല്‍ അപകടരഹിതമാണ്.  കടകളില്‍ നിന്ന് ആട്ട എന്ന് പറയുന്ന ഗോതമ്പ് പൊടി ഒരു കാരണവശാലും വാങ്ങി ഉപയോഗിക്കാതിരിക്കുക. പകരം ഗോതമ്പ് വാങ്ങി വൃത്തിയായി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുക എന്ന ആ പഴയ ശീലത്തിലേക്ക് മടങ്ങുക.  എന്തും നമ്മള്‍ സ്വന്തമായി പാകം ചെയ്ത് കഴിക്കുക എന്ന് തീരുമാനിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം.

അധിക വായനയ്ക്ക്:  സസ്യങ്ങള്‍ എങ്ങനെയാ‍ണ് പോഷകങ്ങള്‍ വലിച്ചെടുക്കുന്നത്?

                               കൃഷിലോകം  ,  സസ്യങ്ങള്‍ക്ക് ആഹാരം , മണ്ണിന്റെ ആരോഗ്യം

ജൈവകൃഷിയും ജി എം വിളയും - 2

ഇപ്പോള്‍ പലര്‍ക്കും രാസപദാര്‍ത്ഥം അല്ലെങ്കില്‍ കെമിക്കല്‍ എന്ന് കേട്ടാല്‍ തന്നെ അലര്‍ജിയാണ്. എന്തിലും ജൈവ എന്ന് ചേര്‍ത്താലേ ഒരു  തൃപ്തിയുള്ളൂ. ഇത് വ്യാപാരസ്ഥാപനങ്ങള്‍ നല്ല പോലെ ചൂഷണം ചെയ്യുന്നുമുണ്ട്.  യഥാര്‍ഥത്തില്‍ പ്രകൃതിയില്‍ ഉള്ള അചേതനപദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ രാസപദാര്‍ത്ഥങ്ങള്‍ (Chemical substances) ആണ്. മണ്ണ് എന്ന് പറയുന്നത് പാറകള്‍ പൊടിഞ്ഞ് ഉണ്ടായ രാസപദാര്‍ത്ഥങ്ങളാണ്. കാലക്രമേണ സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ചീഞ്ഞ് അളിഞ്ഞതും സൂക്ഷ്മജീവികളും എല്ലാം ചേര്‍ന്ന് രൂപപ്പെട്ടതാണ് കൃഷിക്ക് ഉപയുക്തമായ ഫലഭൂയിഷ്ടമായ മണ്ണ്.  മണ്ണില്‍ നിക്ഷേപിക്കപ്പെടുന്ന ജന്തു-സസ്യ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വീണ്ടും അത് മൂലകങ്ങളായി മാറുന്നു.  അങ്ങനെ മാറുന്ന മൂലകങ്ങളും രാസപദാര്‍ഥങ്ങള്‍ തന്നെ.  ജൈവവസ്തുക്കള്‍ ചീയുന്നത് മൈക്രോ ഓര്‍ഗാനിസം എന്ന് പറയുന്ന സൂക്ഷജീവികളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് അറിയാമല്ലൊ. സൂക്ഷ്മജീവികള്‍ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ ഒന്നും തന്നെ ചീഞ്ഞ് ലഘുമൂലകങ്ങളായി പിരിയുകയില്ലായിരുന്നു.

സാധാരണഗതിയില്‍ കൃഷി ചെയ്യാന്‍ മണ്ണില്‍ ആവശ്യത്തിനുള്ള മൂലകങ്ങളും  ജൈവപദാര്‍ത്ഥങ്ങളും സൂക്ഷ്മജീവികളും മതി.  എന്നാല്‍ കൂടെക്കൂടെ കൃഷി ചെയ്യുമ്പോള്‍ ചില മൂലകങ്ങള്‍ കുറഞ്ഞോ ചിലപ്പോള്‍ തീരെ ഇല്ലാതെയോ ആകാം. അത്തരം ഘട്ടങ്ങളില്‍ അങ്ങനെ ഇല്ലാതായ മൂലകങ്ങള്‍  മണ്ണില്‍ ചേര്‍ക്കുന്നതിനാണ്  രാസവളം.  അതിനര്‍ത്ഥം ആവശ്യമില്ലാത്ത മൂലകങ്ങളും  വെറുതെ കണ്ടമാനം ചേര്‍ക്കണം എന്നല്ല.  ഉദാഹരണത്തിന്  ചിലപ്പോള്‍  സസ്യങ്ങളുടെ ഇലയ്ക്ക് പച്ചപ്പ് നഷ്ടപ്പെട്ട്  മഞ്ഞ നിറം വ്യാപിക്കുന്നത് കാണാം.  എന്താണതിന് കാരണം ? അവിടെ മണ്ണില്‍ മെഗ്നീഷ്യം എന്ന മൂലകം കുറവാണ് എന്നതാണ് കാരണം.  അപ്പോള്‍ മെഗ്നീഷ്യം ഉള്ള രാസവളം ചേര്‍ക്കുകയാണ് വേണ്ടത്.  പച്ചിലകളില്‍ ധാരാളം മെഗ്നീഷ്യം ഉണ്ട്. എന്ന് വെച്ച് അവിടെ തൂപ്പ് (പച്ചിലകള്‍) ഇട്ട് കൊടുത്താല്‍ അതില്‍  സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് അതിലെ മെഗ്നീഷ്യം വേര്‍തിരിക്കുമ്പോഴേക്കും സസ്യങ്ങള്‍ എല്ലാം നശിച്ചിരിക്കും.

മെഗ്നീഷ്യത്തിന്റെ പ്രാധാന്യം അറിയാമോ?  സസ്യങ്ങളുടെ ഇലകള്‍ക്ക് പച്ചനിറം ഉണ്ടാകുന്നത് അതിലെ ക്ലോറോഫില്‍ എന്ന സംയുക്തം നിമിത്തമാണ്.  നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിനും ക്ലോറോഫില്ലിനും ഒരേ രാസഘടനയാണ്.

ഹീമോഗ്ലോബിലുള്ള  ഇരുമ്പിന്റെ സ്ഥാനത്ത് ക്ലോറോഫില്ലില്‍ ഉള്ളത് മെഗ്നീഷ്യം ആറ്റം. അതാണ് വ്യത്യാസം. ഹീമോഗ്ലോബിന് ചുകപ്പ് നിറം നല്‍കുന്നത് ഇരുമ്പ് ആണെങ്കില്‍ ക്ലോറോഫില്ലിന് പച്ചനിറം നല്‍കുന്നത് മെഗ്നീഷ്യം ആണ്.  ഹീമോഗ്ലോബിനാണ് നാം ശ്വസിക്കുന്ന പ്രാണവായുവിനെ (ഓക്സിജന്‍ )  ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നത്. ക്ലോറോഫില്‍ ആണ്  ഇലകളില്‍ വെച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍‌ഡൈയോക്സൈഡും  മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്ന ജലവും  സൂര്യപ്രകാശവും ഉപയോഗിച്ചു അവയ്ക്ക് ആവശ്യമായതും  എല്ലാ ജീവരാശികള്‍ക്കുമാവശ്യമായതുമായ ആഹാരം(അന്നജം) നിര്‍മ്മിക്കുന്നത്. അതായത് ആഹാരം നിമ്മിക്കാനുള്ള കഴിവ് പ്രകൃതിയില്‍ പച്ചിലകള്‍ക്ക് മാത്രമേയുള്ളൂ. അത് നിര്‍വ്വഹിക്കുന്നത് ഇലകളിലെ ക്ലോറോഫില്‍ എന്ന സംയുക്തവും.

(രക്തത്തെ പറ്റി ഒരു തമാശ. നിങ്ങള്‍ക്ക് ശരീരത്തില്‍ രക്തം കുറവാണെന്ന് ഡോക്ടര്‍ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എങ്കില്‍ അത് ശരിയല്ല. രക്തം ആര്‍ക്കും ഒരിക്കലും കുറയില്ല. കുറവ് വന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശമാണ്. അത്കൊണ്ടാണ് ഡോക്ടര്‍ അയേണ്‍ ഗുളിക എഴുതിത്തരുന്നത്.  ഇരുമ്പ് കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കുറയും. ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ ശരീരകോശങ്ങളില്‍ എത്തുന്ന ഓക്സിജന്റെ അളവ് കുറയും. ഫലം വിളര്‍ച്ച അഥവാ അനീമിയ. ഇതൊന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നത്കൊണ്ടായിരിക്കണം ഡോക്ടര്‍ നാട്ടുനടപ്പ് അനുസരിച്ച് രക്തം കുറവ് എന്ന് പറയുന്നത്.)

സസ്യങ്ങള്‍ക്ക്  അവയുടെ നിലനില്‍പ്പിന് 16 തരം മൂലകങ്ങള്‍  വേണം.  ഇതിനെ അത്യാവശ്യമൂലകങ്ങള്‍ എന്ന് പറയും. ഏതെങ്കിലും ഒന്ന് കുറഞ്ഞ്പോയാല്‍ സസ്യത്തിന്റെ വളര്‍ച്ച ആരോഗ്യകരമായിരിക്കില്ല.  ആവശ്യത്തില്‍ അധികമായി ഒന്നും സസ്യത്തില്‍ എത്തുകയില്ല എന്നും മനസ്സിലാക്കണം. നമ്മള്‍ അധികം എന്തെങ്കിലും ഇട്ടുകൊടുത്താല്‍ അതൊന്നും സസ്യം സ്വീകരിക്കുകയില്ല. ആന്തരികമായ പരിസ്ഥിതി സസ്യങ്ങളില്‍ എപ്പോഴും ഒരേ പോലെയായിരിക്കും എന്നര്‍ത്ഥം.  എന്തൊക്കെയാണ് ഈ 16 മൂലകങ്ങള്‍ ?  അവ ഇംഗ്ലീഷില്‍ എഴുതാം: Carbon(C), hydrogen(H), oxygen(O), nitrogen(N), phosphorous(P), sulphur(S), potassium(K), calsium(Ca),magnesium(Mg), iron(Fe), manganese(Mn), zinc(Zn), copper(Cu), molybdenum(Mb), boron(B) and chlorine(Cl) . ഇതില്‍  കാര്‍ബണ്‍ , ഹഡ്രജന്‍ , ഓകിസിജന്‍ , നൈട്രജന്‍ , പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്,മെഗ്നീഷ്യം, സല്‍ഫര്‍ തുടങ്ങിയ ഒന്‍പത് മൂലകങ്ങളെ  മാക്രോന്യൂട്രിയന്റ്സ് എന്നാണ് പറയുക.  അവ കൂടിയ അളവില്‍ സസ്യങ്ങള്‍ക്ക് വേണം. അതിലും ഓക്സിജനും ഹൈഡ്രജനും ജലത്തില്‍ നിന്നും കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും ലഭിക്കും. ബാക്കി വരുന്ന ആറ് മൂലകങ്ങളാണ് മണ്ണില്‍ ഇട്ടുകൊടുക്കേണ്ടത്. ഇവിടെയാണ് രാസവളങ്ങളുടെ ആവശ്യം വരുന്നത്. സ്വാഭാവികമായി അളവില്‍ കൂടാതെ ഇവ സസ്യങ്ങള്‍ക്ക് ഇട്ടുകൊടുക്കുന്നതില്‍ ഗുണമില്ലാതെ ദോഷമേയില്ല.   പിന്നെ വരുന്ന ഇരുമ്പ്(iron) , ക്ലോറിന്‍ , കോപ്പര്‍ , മാംഗനീസ്, സിങ്ക്, മൊളീബ്‌ഡിനം, ബോറോണ്‍ മുതലായ ഏഴ് മൂലകങ്ങള്‍ മൈക്രോ ന്യൂട്രിയന്റ്സ് ആണ്. അവ നേരിയ തോതിലേ ആവശ്യമുള്ളൂ എന്നതിനാല്‍ അവയുടെ കുറവ് മണ്ണില്‍ വരാന്‍ സാധ്യതയില്ല.

( തുടരും)