Links

ഇന്റര്‍നെറ്റില്‍ ലൈവ് സ്ട്രീമിങ്ങ്

നാളെ (30-5-10) ഏറണാകുളത്ത് നടക്കുന്ന ബ്ലോഗ് ശില്പശാല ലൈവ് സ്ട്രീമിങ്ങ് ചെയ്യാന്‍ ഏര്‍പ്പാടാക്കിയതായി അതിന്റെ സംഘാടകര്‍ ഇവിടെ അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പറഞ്ഞാല്‍ തീരില്ല.  നമുക്ക് നമ്മുടെ ആശയങ്ങള്‍ ലൈവായി ലോകത്തെ അറിയിക്കാം. ആരെങ്കിലും എവിടെ നിന്നെങ്കിലും കാണാതിരിക്കില്ല. കാണുന്നവര്‍ക്ക് നമ്മോട് ചാറ്റ് ചെയ്യാം. വേണമെങ്കില്‍ അവരുടെ കമന്റ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് നമ്മെ തല്‍ക്ഷണം അറിയിക്കാം. ഈ സൌകര്യം  സൌജന്യമായി നല്‍കുന്നത് യൂസ്ട്രീം എന്ന സൈറ്റാണ്.

ഏറണാകുളം ബ്ലോഗ് ശില്പശാലയ്ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

ഞാന്‍ വെറുതെ ഒരു പ്രഭാഷണം സ്ട്രീം ചെയ്തത് താഴെ കാണുക.


പാലേരിയില്‍ പറയാതെ പോയത് ....

സി.ആര്‍  നീലകണ്ഠനെ പോലെ ശുദ്ധന്മാരായ ചില മനുഷ്യസ്നേഹികളുണ്ട്. അരുന്ധതിറോയിയും മേധാപട്കറും ഒക്കെ ഈ ഗണത്തില്‍ പെടുന്നവരാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നത് ചിലപ്പോള്‍ ഇക്കൂട്ടരുടെ വാക്കും പ്രവര്‍ത്തിയും ഒക്കെ കാണുമ്പോള്‍ തോന്നാറുണ്ട്.  പാലേരിയില്‍ സി.ആര്‍ പ്രസംഗം തുടങ്ങുമ്പോഴേക്കും ഡിഫിക്കാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്ത് ആശുപത്രിയിലാക്കി. എന്താണ് അദ്ദേഹം പാലേരിയില്‍ പ്രസംഗിക്കുക എന്ന് വിഷയം മുന്‍‌കൂട്ടി പ്രഖ്യാപിച്ചിരുന്നത്കൊണ്ട്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്ത എഴുതാന്‍ എളുപ്പമായി. മാവോയിസ്റ്റുകളെ അനുകൂലിച്ച്കൊണ്ട് പാലേരിയില്‍ ഏതോ വിദ്വാന്‍ പ്രസംഗിച്ചത്കൊണ്ട് നാട്ടുകാര്‍ പ്രതികരിച്ചു എന്നാണ് പിണറായിയും അതേപറ്റി പ്രതികരിച്ചത്. ഈ തൊട്ടതിനും പിടിച്ചതിനും നാട്ടുകാര്‍ ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇവിടെ ഈ പോലീസും നീതിന്യായവ്യവസ്ഥയും ഒക്കെ എന്തിനാണ്? നമുക്ക് നേരിട്ടങ്ങ് പ്രാകൃതസമൂഹത്തിലേക്ക് തിരിച്ചു പോകാവുന്നതല്ലേയുള്ളു. ഇതിനെ പറ്റി മറ്റൊരു പോസ്റ്റ് എഴുതാം. തല്‍ക്കാലം നമുക്ക് നീലകണ്ഠനിലേക്ക് വരാം.


പാലേരിയില്‍ പ്രസംഗിക്കാന്‍ കഴിയാതെ പോയത് എന്തൊക്കെയാണെന്ന് നീലകണ്ഠന്‍ കേരള ഫ്ലാഷ് ലേഖകനോട് പറഞ്ഞത്  ഇവിടെ  ഞാന്‍ വായിച്ചു. അത് തയ്യാറാക്കിയ വരുണ്‍ രമേഷ് തന്നെയാണ് എനിക്ക് പ്രസ്തുത ലേഖനത്തിന്റെ ലിങ്ക് അയച്ചുതന്നത്. അത് വായിച്ചപ്പോഴാണ് ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നെനിക്ക് ബോധ്യമായത്.  നീലകണ്ഠന്റെ ബൌദ്ധികമായ സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും എനിക്ക് അശേഷം സംശയമില്ല. അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തിന്റെ മുന്നില്‍ തല കുനിക്കുകയും ചെയ്യുന്നു. എന്നാല്‍ മവോയിസ്റ്റുകളെ ന്യായീകരിക്കാന്‍ അദ്ദേഹം കണ്ടെത്തിയ കാരണങ്ങളും, മാവോയിസ്റ്റുകളുടെ ജനാധിപത്യനിഷേധത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചതും ആത്മഹത്യാപരമാണെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  പാലേരിയില്‍ ആക്രമിക്കപ്പെട്ടതിന്റെ അടിസ്ഥാനപരമായ കാരണം അദ്ദേഹം ആഴത്തില്‍ വിശകലനം ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല.  കേവലം സി.പി.എം. ആക്രമണം എന്നേ ധരിച്ചിട്ടുണ്ടാകൂ. മറ്റുള്ളവരുടെ പൌരാവകാശ-ജനാധിപത്യാവകാശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ , അത് സി.പി.എം. ആയാലും മാവോയിസ്റ്റുകളായാലും ആര്‍ക്കും അനുവദിച്ചുകൊടുക്കുകയില്ല എന്നതാണ് നീലകണ്ഠന്‍ പാലേരിയില്‍ നിന്ന് പഠിക്കേണ്ടിയിരുന്നത്. നാളെ സി.പി.എമ്മോ മാവോയിസ്റ്റുകളോ ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ പ്രസംഗിക്കാനിരിക്കുന്ന നീലകണ്ഠന്മാരുടെ തലകള്‍ കഴുത്തിന് മീതെ കാണില്ല. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ജനാധിപത്യം അവരുടെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും മാത്രമാണ്. അവര്‍ക്ക് അധികാരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ എന്നാല്‍ അവരുടെ പാര്‍ട്ടിയുടെ ഉപകരണങ്ങള്‍ മാത്രം. എല്ലാം പാര്‍ട്ടി തീരുമാനിക്കും. അനുസരിക്കുക എന്ന ആധിപത്യമേ ജനങ്ങള്‍ക്ക് ബാക്കിയുണ്ടാവൂ. പാലേരിയില്‍ നീലകണ്ഠന്റെ ജീവന്‍ ഡിഫിക്കാര്‍ ഒഴിവാക്കിക്കൊടുത്തത് ഇവിടെ ജനാധിപത്യം നിലവിലുള്ളത്കൊണ്ടാണ്.  ഡിഫിക്കാര്‍ക്ക് പകരം മാവോയിസ്റ്റുകളായാലും ഗതി തഥൈവ.


സി.പി.എമ്മും മാവോയിസ്റ്റുകളും ഒക്കെ ഒരേ സിദ്ധാന്തത്തിന്റെ വക്താക്കള്‍ തന്നെയാണ്.  അവര്‍ തമ്മില്‍ മൂപ്പിളമത്തര്‍ക്കമെയുള്ളൂ. അധികാരം കിട്ടിയാല്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യമാണ് സ്ഥാപിക്കുക. എന്ന് വെച്ചാല്‍ ഏകകക്ഷിഭരണം. പ്രതിപക്ഷമോ, എതിര്‍പ്പോ, ഭിന്നസ്വരമോ, സമരങ്ങളോ സ്വതന്ത്രപത്രപ്രവര്‍ത്തനമോ, ഒന്നുമില്ല. ഇതെന്തേ ഈ ബുദ്ധിജീവികളൊന്നും കാണാത്തത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. എല്ലാ സാമൂഹികപ്രശ്നങ്ങളും ഒരേ പോലെ തന്നെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ജനാധിപത്യരാജ്യങ്ങളിലുമുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ അതേപറ്റി ആരും ഒന്നും ശബ്ദിക്കാന്‍ പാടില്ല. ജനാധിപത്യരാജ്യങ്ങളില്‍ എല്ലാം തുറന്ന് പറയാം, പ്രക്ഷോഭം നടത്താം. ആ വ്യത്യാസമേയുള്ളൂ.  ചൈനയില്‍ എന്താണ് ഇല്ലാത്തത്? തൊഴിലില്ലായ്മയില്ലേ? അഴിമതിയും കൈക്കൂലിയും ഇല്ലേ? പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരമില്ലേ? എല്ലാം ഉണ്ട്. അവിടെയും  വിപ്ലവം കഴിഞ്ഞിട്ട് അറുപത് വര്‍ഷം കഴിഞ്ഞു.  പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍ തന്നെയാണ് അവരും.  പൌരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചിട്ട് അവര്‍ക്ക് മെച്ചമൊന്നുമില്ല.  അപ്പോള്‍ പ്രശ്നങ്ങള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുന്നതല്ലേ അഭികാമ്യം? തീര്‍ച്ചയായും അതെ. ഒരു പാര്‍ട്ടിക്ക് ഒരു രാജ്യത്തിന്റെ ഭരണക്കുത്തക അനന്തമായി കൈവശം വെച്ചു അനുഭവിച്ചുകൊണ്ടിരിക്കാന്‍ കഴിയുന്നതിന്റെ നീതിയും ധാര്‍മികതയും എന്താണ്? തങ്ങള്‍ ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിക്കുന്നു എന്ന് പരസ്യമായി പറയാത്ത കാലത്തോളം ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സി.പി.എമ്മും മറ്റ് ഇടത് കക്ഷികളും ഇവിടെ ബാധ്യസ്ഥരാണ്.


തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ മാവോയിസ്റ്റുകള്‍ അവലംബിക്കുന്ന മാര്‍ഗ്ഗം ഇവിടെ സായുധസമരവും ഗറില്ലായുദ്ധമുറയുമാണ്. സി.പി.എം. അവലംബിക്കുന്നത് ധനസമ്പാദനവും കെട്ടിടനിര്‍മ്മാണവുമാണ്. കെട്ടിടങ്ങളുടെ വളര്‍ച്ച പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പ്രതീകമാണെന്നാണ് പിണറായി പ്രസ്ഥാവിച്ചത്. അങ്ങനെയെങ്കില്‍ ലോകത്ത് അതിവേഗം വളരുന്ന ഒരേയൊരു പാര്‍ട്ടി സി.പി.എം. മാത്രമായിരിക്കും. കെട്ടിടങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴായിരിക്കും ഇന്ത്യയില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കാനുള്ള വസ്തുനിഷ്ടവും ആത്മനിഷ്ടവുമായ ഭൌതികസാഹചര്യങ്ങള്‍ പരിപക്വമാവുക. പറയുന്നത് പിണറായി ആയത്കൊണ്ട് നമ്മള്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ പേടിക്കേണ്ടതുണ്ട്. കാരണം സംഗതി ഏതായാലും നമുക്ക് നഷ്ടപ്പെടാനുള്ളത് നമ്മുടെ സ്വാതന്ത്ര്യമാണ്. അടിമത്വം ആരെങ്കിലും  സംഭാവന കൊടുത്ത് സ്വീകരിക്കുമോ? അതും പറഞ്ഞത് സാക്ഷാല്‍ പിണറായി തന്നെ.  നായനാര്‍ സ്മാരകത്തിന് പണം തന്ന് സഹകരിക്കാന്‍ ഞങ്ങളെയും അനുവദിക്കൂ എന്ന് പ്രവാസികള്‍ മുറവിളി കൂട്ടിയത് കൊണ്ടാണ് പോലും അദ്ദേഹം ഗള്‍ഫ് പര്യടനം നടത്തിയത്. എന്നാലും ഈ പ്രവാസികള്‍ ഇങ്ങനെ ഇരിക്കുന്ന കൊമ്പ് മുറിക്കാമോ? ഇത്തരത്തില്‍ ഇവിടെ പത്ത് സ്മാരകങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച വിപ്ലവത്തിന്റെ വക്കിലേക്കല്ലേ എത്തുക? ഗ്രാമങ്ങളില്‍ താവളങ്ങള്‍ ഉറപ്പിച്ച് നഗരങ്ങള്‍ വളഞ്ഞ് പിടിച്ച് അധികാരം പിടിച്ചെടുക്കാം എന്ന മാവോയിസ്റ്റുകളുടെ മോഹം ഏതായാലും പൂവണിയില്ല. അതിനൊക്കെ ഇവിടെ സര്‍വ്വസജ്ജമായ ഇന്ത്യന്‍ പട്ടാളമുണ്ട്. എന്നാല്‍ സി.പി.എമ്മിന്റെ കാര്യം അങ്ങനെയല്ല. അവര്‍ വളര്‍ന്നാല്‍ നമ്മുടെ കാര്യം ഗോപി! അതാണ് പാലേരി നല്‍കുന്ന പാഠം. ഇത് ടി.പി.രാജീവനും ഓര്‍ക്കുന്നത് നന്ന്.


ഒറീസ മുതല്‍ക്കിങ്ങോട്ട് ആന്ധ്ര വരെ നീളുന്ന ചുവപ്പ് ഇടനാഴി എന്ന് പറയുന്ന പ്രദേശത്ത് സ്വാതന്ത്ര്യം കിട്ടിയിട്ട് നാളിത് വരെയായി ഒരു വികസനവും നടന്നിട്ടില്ല എന്നും അത്കൊണ്ട് അവിടത്ത്കാര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് പോയെന്നും അതില്‍ അവരെ കുറ്റം പറയാന്‍ പാടില്ലെന്നുമാണ് നീലകണ്ഠന്‍ പറയുന്നത്. ആര്‍ക്കും മാവോയിസ്റ്റാകാം, ഗാന്ധിയിസ്റ്റ് ആകുന്ന പോലെ ലോഹ്യയിസ്റ്റ് ആകുന്ന പോലെ എന്നും അദ്ദേഹം പറയുന്നുണ്ട്. എത്ര ലാഘവത്തോടെയാണ് അദ്ദേഹം ഇത് പറയുന്നത്. മാവോയിസ്റ്റ് ആധിപത്യത്തില്‍ അദ്ദേഹത്തിന് ഇങ്ങനെ ആര്‍ക്കും ഗാന്ധിയിസ്റ്റ് ആകാം ലോഹ്യയിസ്റ്റ് ആകാം എന്ന് പറയാന്‍ കഴിയുമോ? ഇല്ല. എല്ലാ പ്രശ്നങ്ങളും ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും നമുക്ക് കഴിയണം നീലകണ്ഠന്‍ സര്‍ .  അഭിപ്രായസ്വാതന്ത്ര്യവും പൌരാവകാശങ്ങളും പ്രദാനം ചെയ്യുന്ന ജനാധിപത്യം ആദ്യം. ബാക്കിയെല്ലാം പിന്നെ. ഇവിടെ എല്ലാ പാര്‍ട്ടികളും ദുഷിച്ചുപോയിട്ടുണ്ടെങ്കില്‍ അതിന് പ്രതിവിധി ജനാധിപത്യം നശിപ്പിച്ച് മാവോയിസ്റ്റുകള്‍ക്കോ മാര്‍ക്സിസ്റ്റുകള്‍ക്കോ ഏകകക്ഷി ഭരണത്തിനുള്ള അവസരം ഒരുക്കലല്ല. നിങ്ങളെ പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തേണ്ടത് ഈ ഫാസിസ്റ്റ് ശക്തികളെ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ പ്രവേശിപ്പിക്കുന്നത്തിന് വേണ്ടി കൂടിയാണ്.  തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ഓമനപ്പേരിലുള്ള ഒറ്റപാര്‍ട്ടി ഫാസിസത്തിലൂടെയല്ല ജനാധിപത്യസമ്പ്രദായത്തിലൂടെ മാത്രമേ ഇനി ലോകത്ത് എന്ത് പ്രശ്നവും ഉയര്‍ത്തിക്കാട്ടാവൂ.  അങ്ങനെയേ എന്ത് പ്രശ്നവും പരിഹരിക്കാനും കഴിയൂ.  കമ്മ്യൂണിസ്റ്റുകള്‍ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് അവ പരിഹരിക്കാനല്ല, മുതലെടുപ്പ് നടത്തി പാര്‍ട്ടി വളര്‍ത്തി ജനങ്ങളില്‍ അടിമത്വം അടിച്ചേല്‍പ്പിക്കാനാണ്. ഇത് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് ഇനിയും എത്ര പാലേരികള്‍ താണ്ടണം?


(ഫോട്ടോ കടപ്പാട്: കേരള ഫ്ലാഷ് ന്യൂസ്)

ബ്ലോഗും കമന്റും ഡിസ്ക്കസ്സും

സാമൂഹ്യജീവിയെന്ന നിലയില്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഒക്കെ ഉണ്ടാവും. അതെല്ലാം മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയാനും നമുക്കെല്ലാം താല്പര്യവുമുണ്ടാകും.  അതിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള നല്ലൊരു മാധ്യമമാണ് ബ്ലോഗ്. തികച്ചും സൌജന്യമായാണ് ഈ സേവനം നമുക്ക് ലഭിക്കുന്നത് എന്നത് എന്തൊരു അനുഗ്രഹമാണ്.  ബ്ലോഗില്‍ പോസ്റ്റുകള്‍ എഴുതി പബ്ലിഷ് ചെയ്യുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒരു ആത്മാവിഷ്ക്കാര ഉപാധിയാണ് കമന്റെഴുത്തും. കമന്റ് എഴുതുന്നതിലൂടെയാണ് നമുക്ക് പലരെയും പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും സൌഹൃദം സമ്പാദിക്കാനും കഴിയുന്നത്. ഒരു ബ്ലോഗര്‍ക്ക് തന്റെ ബ്ലോഗില്‍ മാത്രമേ അയാളുടെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ കമന്റര്‍ക്ക് അത്തരം പരിമിതിയില്ല. ഏത് ബ്ലോഗിലും പോയി കമന്റുകള്‍ എഴുതുക വഴി അയാളുടെ അഭിപ്രായങ്ങള്‍ കുറെ സ്ഥലത്ത് പ്രകാശിപ്പിക്കാം.  അങ്ങനെ ചെയ്യുമ്പോള്‍ ആ ബ്ലോഗറുടെ ചങ്ങാത്തവും ശ്രദ്ധയും അയാള്‍ക്ക് ലഭിക്കുന്നു. അധികമൊന്നും കമന്റുകള്‍ എഴുതിയിട്ടില്ലെങ്കിലും എന്റെ കമന്റുകളിലൂടെയാണ് ഞാന്‍ ബൂലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

സ്വന്തമായി ബ്ലോഗ് എഴുതുന്നില്ലെങ്കിലും കമന്റുകള്‍ മാത്രം എഴുതി ഒരാള്‍ക്ക് തന്റെ വ്യക്തിത്വം വെബ് ലോകത്ത് സ്ഥാപിച്ചെടുക്കാന്‍ കഴിയും.  സത്യത്തില്‍ ബ്ലോഗര്‍മാരെക്കാളും  ആശയപ്രകാശനസാധ്യത കമന്റ് എഴുതുന്നവര്‍ക്കാണ് ഉള്ളത്. എന്നാല്‍ കമന്റ് എഴുതുന്നവര്‍ക്ക് ഒരു പരിമിതി ഉണ്ടായിരുന്നത് താന്‍ എഴുതുന്ന കമന്റുകള്‍ ഒരുമിച്ച് കാണാനോ, അത് പിന്നീട് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധ്യമല്ല എന്നതാണ്. ബ്ലോഗറെ സംബന്ധിച്ച് അയാളുടെ പോസ്റ്റുകള്‍ ബ്ലോഗില്‍ തന്നെയുണ്ടല്ലോ. മേല്‍പ്പറഞ്ഞതൊക്കെ അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാം. മറ്റൊന്ന്  ഒരാള്‍ എഴുതിയ കമന്റുകള്‍ വേറെ ആളുകള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് വായിക്കാനും കഴിയില്ല, ബ്ലോഗ് വായിക്കുന്ന പോലെ. ഈ പരിമിതികളെ ഒക്കെ മറികടക്കുന്ന ഒരു സംവിധാനമാണ് ഡിസ്ക്കസ് എന്ന കമന്റിങ്ങ് സിസ്റ്റം.

ആര്‍ക്കും ഡിസ്ക്കസ്സില്‍ അക്കൌണ്ട് എടുക്കാം.  ഡിസ്ക്കസ്സ് എനേബിള്‍ ചെയ്ത ബ്ലോഗുകളിലോ മറ്റ് വെബ്‌പേജുകളിലോ കമന്റ് എഴുതുമ്പോള്‍ ഡിസ്ക്കസ്സില്‍ ലോഗ്‌ഇന്‍ ചെയ്തതിന് ശേഷം കമന്റുകള്‍ എഴുതുക. ഡിസ്ക്കസ്സില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവിടെ വെച്ച് തന്നെ ഡിസ്ക്കസ്സില്‍ സൈന്‍‌അപ് ചെയ്യുക. മാതൃഭൂമി ഓണ്‍‌ലൈന്‍ പത്രത്തില്‍ ഡിസ്ക്കസ് ഇനേബിള്‍ ചെയ്തിട്ടുണ്ട്.  എല്ലാ ബ്ലോഗര്‍മാരും ഈ ഡിസ്ക്കസ്സ് കമന്റിങ്ങ് സിസ്റ്റം തങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുന്നത് വളരെ നന്നായിരിക്കും.

ഡിസ്ക്കസ്സ് കമന്റിങ്ങ് സിസ്റ്റത്തിന്റെ പ്രാധാന്യത്തെ പറ്റി ഇവിടെ വായിക്കുക.

പിന്‍‌കുറിപ്പ്: ഒരാഴ്ച്ച ബ്ലോഗില്‍ ഉണ്ടാവില്ല. കൊല്ലത്ത് ബന്ധുവീട്ടില്‍ പോകേണ്ടതുണ്ട്. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ..

ബ്ലോഗിലെ വിഷജന്തുക്കള്‍

ഞാന്‍ പറഞ്ഞല്ലോ ,  എനിക്ക് മറ്റുള്ളവരുമായി ചില ആശയങ്ങളും അഭിപ്രായങ്ങളും പങ്ക് വയ്ക്കാനുണ്ടായിരുന്നു.  എഴുതാനുള്ള കഴിവൊന്നും ഇല്ലായിരുന്നു.  വഴങ്ങുന്ന ഒരു മാധ്യമം പ്രസംഗമായിരുന്നു. എന്നാല്‍ ഒരു വേദിയില്‍ മൈക്ക് കിട്ടുക എന്നത് വളരെ സാഹസമുള്ള ഏര്‍പ്പാടാണ്. കുറെയൊക്കെ പ്രസംഗിച്ച് എസ്റ്റാബ്ലിഷ്ഡ് ആയാല്‍ പിന്നെ ആളുകള്‍ വന്ന് വിളിക്കും. വേണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് ആ പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കാമായിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രസംഗം വളരെ അരോചകമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അപൂര്‍വ്വം ചില നല്ല പ്രാസംഗികര്‍ രാഷ്ട്രീയത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എടോ ഗോപാലകൃഷ്ണ മോഡല്‍ പ്രസംഗങ്ങള്‍ക്കാണ് രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്. നമ്മളുടെ വാക്ക് കൊണ്ട് കേള്‍ക്കുന്നവന്റെ മനസ്സിലെ മാലിന്യങ്ങള്‍ അല്പമെങ്കിലും കളയാന്‍ കഴിയണം.  വാക്ക് ആയുധമാണ്. അത് മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കാനേ ഉപയോഗപ്പെടുത്താവൂ.  സാംസ്ക്കാരികമായി അല്പം കൂടി ഔന്നത്യത്തിലേക്ക് കേള്‍വിക്കാരനെ നയിക്കാന്‍ പ്രാസംഗികന് കഴിയണം. അത്തരം പ്രസംഗങ്ങള്‍ ചെയ്യാനുള്ള അവസരം  സാംസ്ക്കാരികവേദിയിലേ കിട്ടുകയുള്ളൂ.

ഞാന്‍ ഏതായാലും മൈക്കിന് വേണ്ടി അലഞ്ഞു നടക്കാനൊന്നും പോയില്ല.  പ്രസംഗിക്കാനുള്ള ആശ മൂത്ത് ഞാനും ഒരു സ്നേഹിതനും ( പള്ളിപ്രം പ്രസന്നന്‍ ) കൂടി മൈക്കും ടേബിളും ഒക്കെ സംഘടിപ്പിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഹ്യൂമനിസ്റ്റ് മൂവ്‌മെന്റിന്റെ ബാനറില്‍ ഒരിക്കല്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. പതിനഞ്ച് മിനിറ്റോളം ഞാന്‍ പ്രസംഗിക്കുന്നത് സദസ്യര്‍ സാകൂതം കേട്ടുകൊണ്ടിരുന്നിട്ടുണ്ട്. പ്രസംഗം ഒരു നല്ല കലയായിരുന്നു. ആ കലയെ ഇവിടത്തെ തറ രാഷ്ട്രീയക്കാര്‍ വികൃതമാക്കി നശിപ്പിച്ചു.  ഒരു പ്രസംഗം കേട്ടുപോകുമ്പോള്‍ കേള്‍വിക്കാരന്റെ മനസ്സില്‍ നിന്ന് അല്പമെങ്കിലും അജ്ഞാനം വിട്ടുപോകണം. പ്രാകൃതമായ വാസനകള്‍ കുറച്ചെങ്കിലും സംസ്ക്കരിക്കപ്പെടണം.  പിന്നീട് സാംസ്ക്കാരികവേദികള്‍ കേരളത്തില്‍ അന്യം നിന്ന് പോയി.  മൈക്ക് രാഷ്ട്രീയക്കാരന്റെ മാത്രം കുത്തകയായി. രാഷ്ട്രീയക്കാരന്റെ പ്രസംഗം കേട്ട് മനസ്സില്‍ വെറുപ്പും പകയും സ്പര്‍ദ്ധയും മൂത്ത് അസ്വസ്ഥരായിട്ടാണ് കേള്‍വിക്കാര്‍ പിരിഞ്ഞുപോകുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.  ഞാനും ബ്ലോഗ് തുടങ്ങി. എനിക്ക് പറയാനുള്ളത് ആരോടായാലും ധൈര്യപൂര്‍വ്വം പറയണമെന്ന് എനിക്കുണ്ടായിരുന്നു. ഒളിഞ്ഞിരുന്ന് പറയുന്നതിനോട് എനിക്ക് വെറുപ്പായിരുന്നു. നമ്മള്‍ എന്തിന് ഭീരുക്കള്‍ ആകണം?  ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കണം.  അഹിതമായി  എന്തെങ്കിലും ഞാന്‍ പറഞ്ഞുപോയാല്‍ അതിന്റെ ഭവിഷ്യത്ത് ഞാന്‍ നേരിടണം.  എന്റെ സ്വന്തം പേരും ഫോട്ടോവും ഒക്കെ വെളിപ്പെടുത്തിക്കൊണ്ടാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്.  തൂലികാനാമങ്ങള്‍ എനിക്കിഷ്ടം തന്നെയാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒട്ടേറെ സാഹിത്യകാരന്മാര്‍ തൂലികാനാമങ്ങളില്‍ അറിയപ്പെടുന്നവരായിരുന്നു. ബ്ലോഗിലും ചില നല്ല എഴുത്തുകാര്‍ തൂലികാനാമങ്ങളില്‍ എഴുതുന്നുണ്ടായിരുന്നു.  എന്നാല്‍ വേറൊരുതരം ബ്ലോഗെഴുത്തുകാരുണ്ട്. അനോണികള്‍ എന്നാണവരുടെ ഓമനപ്പേര്.  ഇത്തരം അനോനികളില്‍ ചില വിഷജന്തുക്കളുമുണ്ട്.

എന്നാല്‍ ഈ വിഷജന്തുക്കളെയെല്ലാം കവച്ചു വയ്ക്കുന്ന ഒരു ഉഗ്രന്‍ സാധനമായിരുന്നു  വിചിത്രകേരളം  എന്ന ബ്ലോഗിന്റെ ഉടമ. അനോനികളില്‍ ഇവനൊരു രാജവെമ്പാല തന്നെ. നായര്‍ എന്ന വിഭാഗത്തില്‍ പെടുന്നവരെ പുലഭ്യം പറയുന്ന അവന്‍ തെരഞ്ഞെടുത്ത ബ്ലോഗ് നാമം  കൃസ്ത്യന്‍ മതത്തെ സൂചിപ്പിക്കുന്ന പേര്.  അവന്‍ ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ പിടിയില്‍ ആയത്രെ. ഷൈന്‍ എന്നാണ് പോലും പേര്. നായര്‍ സമുദായത്തിന്റെ ചരിത്രമാണെങ്കില്‍ അത് സത്യസന്ധമായി എഴുതണം.  ഒരു കാലത്തെ സംബന്ധം, സ്ത്രീപുരുഷബന്ധങ്ങള്‍ ഒക്കെ ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ സാംഗത്യവും ഉദ്ദേശ്യവും മനസ്സിലാകുന്നില്ല. ഒരു കാലത്ത് മലബാ‍റില്‍ തോന്നിയ പോലെ വീട്ടുസംബന്ധങ്ങള്‍ എല്ലാ ജാതിയിലും പതിവായിരുന്നു. രണ്ടും മൂന്നും ഭാര്യമാരും ഒന്നും രണ്ടും ഭര്‍ത്താക്കന്മാരും സര്‍വ്വസാധാരണമായിരുന്നു. എന്നാല്‍ ഇന്നോ?  ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ മതപരമായ സമ്മതം ഉണ്ടായിട്ടും അങ്ങനെ ചെയ്യുന്ന മുസ്ലീം സഹോദരന്മാര്‍ ഇന്ന് അപൂര്‍വ്വമാണ്.  ഇവിടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി താന്‍ ഒരു കൃസ്ത്യന്‍ സമുദായാംഗമാണ് എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിച്ച്കൊണ്ടാണ് ഷൈന്‍ ബ്ലോഗില്‍ വിഷം വമിക്കാന്‍ തുടങ്ങിയത്. സൈബര്‍ സെല്‍ അവനെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ അവന്റെ പേര്‍ നമ്മള്‍ അറിയില്ലായിരുന്നു. ഇത്തരം വിഷജന്തുക്കള്‍  സാങ്കേതികവിദ്യയുടെ വളര്‍ച്ച കൊണ്ട് നമുക്ക് കിട്ടുന്ന സൌജന്യമായ ഒരു ആവിഷ്ക്കാരമാധ്യമത്തെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഇവനൊന്നും മനുഷ്യരാശിയ്ക്ക് നല്ലതൊന്നും കൊടുക്കാന്‍ കഴിയുന്നില്ല. എന്നാലും ഇങ്ങനെ വിഷമെങ്കിലും കലര്‍ത്താതിരുന്നുകൂടേ?

ഏതൊരു മനുഷ്യനും ആദ്യമായും അവസാനമായും മനുഷ്യനാണ്.  അവനെ തിരിച്ചറിയാന്‍ വേണ്ടി മനുഷ്യന്‍ എന്ന വിശേഷണം മാത്രം മതി.  മതം , ജാതി ഇത്യാദി വിഭാഗീയതകള്‍ മനുഷ്യന്റെ മനസ്സിലേയുള്ളൂ. ചോരയിലും മജ്ജയിലും മാംസത്തിലും ഒന്നും  വ്യത്യാസമില്ല.  മുന്നോട്ട് ചരിക്കുന്ന മനുഷ്യന്‍ ഈ ജാതി വിഴുപ്പ് ഭാണ്ഡങ്ങള്‍ ചുമക്കുന്നതിന് ഒരു ന്യായീകരണവുമില്ല.  ഒരേ പോലെയുള്ള ജീവിതമാണ് ഇവിടെ ഏത് മനുഷ്യനും അവന്റെ ആയുഷ്ക്കാലത്തിനിടയില്‍ ജീവിച്ചു തീര്‍ക്കുന്നത്.  കഴിഞ്ഞ കാലത്ത് ഏതെങ്കിലും ജാതിയിലോ മതത്തിലോ പെടുന്നു എന്ന് പറയപ്പെടുന്ന ചിലര്‍ എന്തെങ്കിലും തെറ്റുകളോ ക്രൂരതകളോ ചെയ്തിട്ടുണ്ടെങ്കില്‍ വര്‍ത്തമാനകാലത്ത് ആ ജാതി-മതക്കാരെ  ഒന്നടങ്കം കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ജാതി എന്നതും മതം എന്നതും  അനാവശ്യമായ വിഴുപ്പുകളാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. നമ്മള്‍ പിന്നോട്ടല്ലല്ലോ പോകുന്നത്.  ഇത്ര പരിണമിച്ചിട്ടും മനുഷ്യന്‍ അവന് പൈതൃകമായി കിട്ടിയ മൃഗീയവാസനകളെ വളരെ കുറച്ച് മാത്രമേ ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.  ഇനിയും നമ്മള്‍ മനുഷ്യന്‍ എന്ന നിലയില്‍ ഏറെ മാറാനുണ്ട്.  അങ്ങനെ മാനവികതയുടെ പൂര്‍ണ്ണതയിലേക്കാകട്ടെ നമ്മുടെ പ്രയാണം. അപ്പോള്‍ ഈ ജാതി-മത വിഴുപ്പുകള്‍ താനെ കൊഴിഞ്ഞുപോയ്ക്കൊള്ളും.

പിന്‍‌കുറിപ്പ്: കെ.വി.ഷൈന്‍ എന്ന ആ ബ്ലോഗ് വിഷജീവി സൈബര്‍ സെല്ലിന്റെ പിടിയിലായത് സമാനജന്തുക്കള്‍ക്കും പാഠമാകുമെന്ന് പ്രത്യാശിക്കാം.

കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..

കണ്ണൂര്‍ തെക്കി ബസാറിലെ വീട്ടമ്മമാര്‍ നടത്തിവന്നിരുന്ന കള്ള് ഷാപ്പ് ഒഴിപ്പിക്കല്‍ സമരം ഒത്ത്
തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തില്‍ സമരങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യരുത്, ഒത്ത്തീരാനേ പാടുള്ളൂ. ഒത്ത്തീര്‍പ്പിന് എപ്പോഴും ഒരു ശാന്തിയുടെയും സമാധാനത്തിന്റെയും സൌന്ദര്യമുണ്ടാകും. വീടുകള്‍ക്ക് നടുവില്‍ ഷാപ്പ് നിലനിര്‍ത്തി കള്ള് വില്‍ക്കരുത് എന്ന തികച്ചും ന്യായമായ ആവശ്യം മാത്രമായിരുന്നു വീട്ടമ്മമാര്‍ക്ക്. ആ ആവശ്യം നിവര്‍ത്തി ചെയ്യപ്പെട്ടിരിക്കുന്നു. ഇടയില്‍ സംഭവിച്ച തര്‍ക്കങ്ങളും അനിഷ്ടസംഭവങ്ങളും ദൌര്‍ഭാഗ്യകരമെന്ന് കരുതി വിസ്മരിക്കാം. എന്നാല്‍ ഈ സമരം നല്‍കുന്ന മഹത്തായ ഒരു പാഠമുണ്ട്. ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം. ആ സമരങ്ങള്‍ അഹിംസയില്‍ ഊന്നിയതായുമിരിക്കണം. സമരം ന്യായവും ധാര്‍മ്മികവുമാണെങ്കില്‍ ബഹുജനങ്ങള്‍ അതേറ്റെടുത്ത് പരിഹാരത്തിലേക്ക് എത്തിച്ചിരിക്കും. അത്തരം കൊച്ചു കൊച്ചു സമരങ്ങള്‍ ജനാധിപത്യത്തിന്റെ മുന്നേറ്റം കൂടിയായിരിക്കും. സമരങ്ങള്‍ തുടങ്ങാന്‍ പ്രൊഫഷണല്‍ നേതാക്കളെ കാത്തിരിക്കുകയോ ആശ്രയിക്കുകയോ വേണ്ട. അവര്‍ ഇങ്ങോട്ട് വന്ന് പിന്‍‌തുണ പ്രഖ്യാപിക്കും. ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.

നേതാക്കള്‍ പലപ്പോഴും ഇടത്തട്ടുകാരന്റെ ചാഞ്ചാട്ടം കാണിക്കാന്‍ ഇടയുണ്ട്. ആ ചാഞ്ചാട്ടം ചിലപ്പോള്‍ ഒറ്റ്കൊടുക്കലിലും എത്തിപ്പെടാം. കള്ള്ഷാപ്പ് സമരത്തില്‍ സി.പി.എം. ഒഴികെ മറ്റ് മിക്ക പാര്‍ട്ടികളും ബഹുജനസംഘടനകളും വീട്ടമ്മമാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍ സമരത്തെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളും ഹൈജാക്ക് ചെയ്തു എന്ന ആക്ഷേപവുമായാണ് സി.പി.എം. സമരത്തെ നേരിട്ടത്. ഇതൊരു വില കുറഞ്ഞ അടവ് തന്ത്രമാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ബഹുജനസംഘടനകള്‍ സമരത്തിന്  പിന്തുണയുമായി വരുമ്പോള്‍ അവരെ വര്‍ഗ്ഗീയ-തീവ്രവാദ ചാപ്പ കുത്തി സമരത്തെ വികൃതമായി ചിത്രീകരിക്കുക. സമരത്തിലെ മറ്റ് സംഘടനാപങ്കാളിത്തം ചൂണ്ടിക്കാട്ടി സമരത്തിന്റെ ന്യായത്തെ മറയ്ക്കാന്‍ ശ്രമിക്കുക. സമരത്തിന് ആധാരമായ പ്രശ്നമല്ല, തീവ്രവാദ-വര്‍ഗ്ഗീയതയാണ് ഏറ്റവും വലുത് എന്ന് വരുത്തി തീര്‍ക്കുക. കിനാലൂരിലും ഇത് കാണാം.

 ഒരു സംഘടന ഈ രാജ്യത്ത് നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാലത്തോളം അതിന്
ഏത് ജനകീയസമരത്തിന് പിന്തുണ നല്‍കാനോ ഏറ്റെടുത്ത് നടത്താനോ അവകാശമുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും നിറവ്യത്യാസമില്ല. ഇടത്തട്ടുകാരന് എറിഞ്ഞുകൊടുക്കാതെ ബാധിക്കപ്പെട്ടവര്‍ മുന്നിട്ടിറങ്ങിയാല്‍ സമരങ്ങള്‍ ഒത്ത്തീര്‍പ്പാകാതിരിക്കാന്‍ സാധ്യതയില്ല. ബംഗാളിലെ സിംഗൂര്‍ , നന്ദിഗ്രാം തൊട്ട് ഇങ്ങേയറ്റത്ത് തെക്കി ബസാറിലെ കള്ള് ഷാപ്പ് മുതല്‍ കിനാലൂര്‍ വരെ ഏത് ജനകീയസമരങ്ങള്‍ എടുത്താലും സി.പി.എം. എന്ന പാര്‍ട്ടി ജനങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ജനകീയസമരങ്ങളെ പോലീസിനൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. എന്ത്കൊണ്ടാണ് സി.പി.എം. ഇങ്ങനെ മാറിപ്പോയത്? കാരണം സുവ്യക്തം.

സി.പി.എം. ഇന്ന് സാധാരണക്കാരന്റെ മാത്രം പാര്‍ട്ടിയല്ല. അത് ബ്യൂറോക്രാറ്റുകളുടെയും, വ്യാപാരി-വ്യവസായികളുടെയും, റീയല്‍ എസ്റ്റേറ്റുകാരുടെയും എല്ലാം പാര്‍ട്ടിയാണ്. എല്ലാവരും ഒരു കുടക്കീഴില്‍ എന്നതാണവരുടെ നയം ഇപ്പോള്‍ . അപ്പോള്‍ ആ‍ പാര്‍ട്ടിയില്‍ നിന്ന് സാധാരണക്കാ‍രന് നീതി കിട്ടാനോ, സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടി നിലകൊള്ളാന്‍ ആ പാര്‍ട്ടിക്കോ സാധിക്കാതെ വരുന്നു. അങ്ങനെ എല്ലാ വിഭാഗത്തിന്റെയും പാര്‍ട്ടിയായത്കൊണ്ട് സാധാരണക്കാരന്റെ വോട്ട് വാങ്ങി അധികാരം കരസ്ഥമാക്കാനും സമ്പന്നന്മാരുടെ പക്കല്‍ നിന്ന് അവിഹിതമായി പണം കൈപറ്റി കൂറ്റന്‍ കെട്ടിടസമുച്ചയങ്ങളും തീം പാര്‍ക്കുകളും മറ്റും പണിയാനും കഴിയുന്നു. മിക്കവാറുമെല്ലാ നേതാക്കള്‍ക്കും ഇപ്പോള്‍ നല്ല വീടുകളും മറ്റെല്ലാ സൌകര്യങ്ങളുമുണ്ട്. ഇതൊക്കെ അവരുടെ രേഖകളില്‍ പറയുന്ന കാര്യം തന്നെയാണ്.

സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് സമരം ചെയ്യാന്‍ സി.പി.എം.കാരെ കിട്ടുന്നില്ല എന്ന് മാത്രമല്ല അത്തരം സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ (ഇത് സി.പി.എം.ഭാഷയാണ്. അതാണ് അതിശയോക്തി കലരാന്‍ കാരണം) സി.പി.എം.കാര്‍ കോടാലിക്കൈകളായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. അത്കൊണ്ട് സമരം ചെയ്യുന്നവര്‍ അത് മുതലാളിയോടായാലും സര്‍ക്കാരിനോടായാലും ആദ്യം നേരിടേണ്ടി വരുന്നത് സി.പി.എം.കാരോടാണ്. അത്കൊണ്ട് നന്ദിഗ്രാമിലായാലും കിനാലൂരിലായാലും തെക്കി ബസാറിലായാലും സമരം ഒത്ത് തീരുക എന്ന് വെച്ചാല്‍ സി.പി.എമ്മിന്റെ കുതന്ത്രങ്ങള്‍ പരാജയപ്പെടുക എന്ന് കൂടിയാണ് അര്‍ത്ഥം.

കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോള്‍ ഒരു ദേവാസുര യുദ്ധം നടക്കുകയാണ്. അച്യുതാനന്ദനെ കുറിച്ച് എന്ത് എതിരഭിപ്രായമുണ്ടെങ്കിലും അദ്ദേഹമാണ് ദേവഗണത്തെ ഇന്ന് പ്രതിനിധീകരിക്കുന്നത്. അസുരഗണത്തെ ചേര്‍ന്നവര്‍ പാര്‍ട്ടിയെ കൈയ്യടക്കിയെങ്കിലും കേന്ദ്രനേതൃത്വം ഒന്ന് ഉള്ളത്കൊണ്ട് ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട് എന്ന സോ കോള്‍ഡ് കമ്മ്യൂണിസ്റ്റ് തന്ത്രമാണ് പയറ്റുന്നത്. ഈ യുദ്ധത്തില്‍ അസുരവര്‍ഗ്ഗമേ ജയിക്കുകയുള്ളൂ. എന്നാല്‍ ആത്യന്തികമായി വിജയിക്കുക ദേവഗണമായിരിക്കുമെന്നത് അനിവാര്യമായൊരു കാവ്യനീതിയാണ്. അച്യുതാനന്ദരും കൂട്ടരും സി.പി.എമ്മില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടാലും പാര്‍ട്ടിക്ക് പുറത്ത് ജനങ്ങളുണ്ട്. അവരാണ് യഥാര്‍ത്ഥ ദേവന്മാര്‍ . ഇന്നല്ലെങ്കില്‍ നാളെ ഈ അസുരന്മാര്‍
ജനങ്ങളോട് അടിയറവ് പറഞ്ഞേ തീരൂ.

സി.പി.എമ്മും രാഹുല്‍ ഗാന്ധിയും

ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും ആത്മാവ് തന്നെയും ആവാഹിച്ചെടുത്ത ദേശീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ്. സ്വാതന്ത്ര്യസമരം മുന്നില്‍ നിന്ന് നയിച്ച് വെള്ളക്കാരന്റെ അടിമത്വത്തില്‍ നിന്ന് നാടിനെ മോചിപ്പിച്ചു എന്ന് മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പ്രത്യേകത. സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ഇത:പര്യന്തമുള്ള പുരോഗതിക്ക് കോണ്‍ഗ്രസ്സിന്റെ നയങ്ങളാണ് കാരണമായത്. ഒട്ടേറെ പുരോഗമന നയങ്ങളുമായി കോണ്‍ഗ്രസ്സ് ഇന്നും ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റപാര്‍ട്ടി തന്നെ. ഇന്ത്യയെ പോലെ ഇത്രയും നാനാത്വമുള്ള ഒരു രാജ്യത്തെ ഒറ്റക്കെട്ടായി അതും ജനാധിപത്യരാഷ്ട്രമായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയുകയുള്ളൂ. കോണ്‍ഗ്രസ്സ് തകര്‍ന്നാല്‍ ഇന്ത്യ ഛിന്നഭിന്നമാവുമെന്ന് ദേശാഭിമാനമുള്ള ആരും സമ്മതിക്കും.  ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് പകരം വയ്ക്കാന്‍ കോണ്‍ഗ്രസ്സ് മാത്രം.  ബദലായി ഉയര്‍ന്ന് വന്ന ബി.ജെ.പി.യുടെ ഗതി കണ്ടില്ലേ?  ഹിന്ദുത്വവികാരവും മുസ്ലീം വിരോധവും ആളിക്കത്തിച്ച് പാര്‍ട്ടി വളര്‍ത്താം എന്നാണ് ബി.ജെ.പി.നയം. മറ്റൊരു പരിപാടിയുമില്ല.

ഇന്ത്യ എന്നത് ഹിന്ദുവിന്റെ മാത്രം രാജ്യമല്ല. ഹിന്ദുവിനും  മുസല്‍മാനും കൃസ്ത്യാനിക്കും അങ്ങനെ എല്ലാവര്‍ക്കും അവകാശമുള്ള മണ്ണാണിത്. നമ്മള്‍ എല്ലാവരും ചേര്‍ന്നാണ് ഈ മണ്ണ് പുതുക്കിപ്പണിത്കൊണ്ടിരിക്കുന്നത്. മുസ്ലീം വിരോധം ഈ മണ്ണില്‍ വിലപോകില്ല. മുസ്ലീം സഹോദരീസഹോദരന്മാരുടെ സ്നേഹവും ആത്മാര്‍ത്ഥബന്ധവും അനുഭവിച്ചറിഞ്ഞ ആര്‍ക്കും മുസ്ലീമിങ്ങളെ രക്തബന്ധമെന്ന് കരുതി സ്നേഹിക്കാനല്ലാതെ വെറുക്കാന്‍ കഴിയില്ല. ബി.ജെ.പി.ക്കാരന് ഈ സത്യം മനസ്സിലാവുന്നില്ല. കേരളത്തില്‍ മാത്രമാണ് മുസ്ലീം സമുദായത്തിലുള്ളവര്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ അവര്‍ വളരെ പിന്നോക്കാവസ്ഥയിലാണ്. കുറച്ച് തീവ്രവാദികളെയും ഒറ്റപ്പെട്ട അപഥസഞ്ചാരികളെയും കാട്ടി ഒരു മതത്തെ മൊത്തത്തില്‍ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. അത്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി.ക്ക് വിശ്വാസ്യത ലഭിച്ചില്ല. കാരണം ഇന്ത്യയുടെ പാരമ്പര്യം മതേതരമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇക്കാലത്തെ  കോണ്‍ഗ്രസ്സ് ഒരു ജനാധിപത്യപാര്‍ട്ടി എന്ന് പറയാന്‍ പറ്റില്ല. കാക്കപിടുത്തക്കാരുടെയും സ്തുതിപാഠകരുടെയും ഒരു ആള്‍ക്കൂട്ടം എന്നേ പറയാന്‍ കഴിയൂ. തെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ കോണ്‍ഗ്രസ്സിലെ നേതാക്കള്‍ക്ക് ചിത്തഭ്രമം വരും. കാരണം അണികളുടെ വിശ്വാസം ആര്‍ജ്ജിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരുത്തനും കോണ്‍ഗ്രസ്സിന്റെ നേതൃതലങ്ങളിലില്ല. പാരവെച്ചും ഏണി വലിച്ചും കാല് തിരുമ്മിക്കൊടുത്തും നേതാക്കന്മാര്‍ ആയവരേ ഉള്ളൂ. അവിടെയാണ് വേറിട്ടൊരു ഗര്‍ജ്ജനമായി മൃദുഭാഷിയായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ മുഴങ്ങുന്നത്.

യൂത്ത് കോണ്‍ഗ്രസ്സില്‍ സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസ്സില്‍ നോമിനേഷന്‍ അവസാനിപ്പിക്കുമെന്നാണ് ഇത്തവണ കേരളത്തിലെത്തി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇന്നത്തെ യുവാക്കളാണല്ലൊ നാളെ നാടിനെ നയിക്കേണ്ടത്.  ബന്ധുബലത്തിന്റെയും മുന്‍‌പരിചയത്തിന്റെയും പേരില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ ഇനി നേതാക്കളുണ്ടാകില്ല എന്നും നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും മുകളില്‍ നിന്ന് കെട്ടിയിറക്കുന്ന പാരാട്രൂപ്പിങ്ങ് സമ്പ്രദായം അവസാനിപ്പിക്കും എന്നും രാഹുല്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ കുറിച്ചുള്ള  പ്രതീക്ഷ വര്‍ദ്ധിക്കുന്നു. ഇതാ ഇക്കാലഘട്ടത്തില്‍ മാതൃകയാക്കാവുന്ന ഒരേ ഒരു ഇന്ത്യന്‍ യുവനേതാവ് എന്ന് രാഹുലിനെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നു.

സ്വകാര്യസംഭാഷണത്തില്‍ ഒരു സി.പി.എം. അനുഭാവി എന്നോട് മനസ്സ് തുറന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനശൈലി ഇപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് നടത്തുന്നത് എന്നാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍  ഓടിയെത്തി ജനങ്ങളോട് സംവദിക്കുന്ന ദേശീയരാഷ്ട്രീയ നേതാവ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രമാണ്. പാര്‍ട്ടികമ്മറ്റികളില്‍ മാത്രം പങ്കെടുക്കുന്ന, മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ മാത്രം സന്ധിക്കുന്ന പ്രകാശ് കാരാട്ട് എന്ന സ്വന്തം നേതാവിനെക്കുറിച്ചുള്ള ദു:ഖം അവന്റെ വാക്കുകളില്‍ വായിച്ചെടുക്കാമായിരുന്നു. എന്നിട്ടും പക്ഷെ ഇടത്പക്ഷം എന്ന വിശ്വാസം അവന് ത്യജിക്കാ‍ന്‍ കഴിയുന്നില്ല. പാവം.  ഒരു ജനറല്‍ മാനേജര്‍ അല്ലെങ്കില്‍ ചീഫ് എക്സിക്യൂട്ടീ‍വ് എന്ന നിലയില്‍ അല്ലാതെ എന്ത് നേതൃഗുണമാണ് പ്രകാശ് കാരാട്ടിനോ പിണറായി വിജയനോ ഉള്ളത്? പാര്‍ട്ടി സ്റ്റേജുകളില്‍ അല്ലാതെ മണ്ണില്‍ ഇറങ്ങി പത്ത് സാധാരണക്കാരുമായി ഈ കാരാട്ടും പിണറായിയും എന്നെങ്കിലും സംവദിച്ചിട്ടുണ്ടോ?  എന്നിട്ട് ഇവരൊക്കെ ജനകീയജനാധിപത്യവിപ്ലവത്തിന് നേത്രത്വം നല്‍കുമെന്നും സോഷ്യലിസമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും പറയാന്‍ ഇടത് ബുജികള്‍ക്കും ബ്ലോഗര്‍മാര്‍ക്കും എത്ര തൊലിക്കട്ടിയും ലജ്ജയില്ലായ്മയും വേണം?  എടോ, നിങ്ങള്‍ കമ്മ്യൂണിസവും സോഷ്യലിസവും വിപ്ലവവും ഉപേക്ഷിച്ചു എന്ന് പറ. പിന്നെ നിങ്ങളെ ആരും വിമര്‍ശിക്കില്ല.  വിമര്‍ശിക്കപ്പെടാന്‍ ഇവിടെ പാര്‍ട്ടികള്‍ക്ക് പഞ്ഞമില്ലല്ലൊ.


നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയായ രാഹുല്‍ ഗാന്ധിയ്ക്ക്  ആയിരമായിരം അഭിവാദനങ്ങള്‍ !

കണ്ടല്‍ക്കാടേ കേഴുക !

സി.പി.എമ്മിന്റെ പാര്‍ട്ടി മാനേജര്‍മാരെ സമ്മതിക്കണം.  എത്ര സമര്‍ത്ഥമായിട്ടാണ് അവര്‍ സ്വന്തം അണികളെ പോലും വഞ്ചിച്ചുകൊണ്ട് ഭീമന്‍ വ്യവസായസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നത്. സൊസൈറ്റികള്‍ തട്ടിക്കൂട്ടി വൈവിധ്യമാര്‍ന്ന ബിസിനസ്സ് സംരഭങ്ങളാണ് നാടൊട്ടാകെ പടുത്തുയര്‍ത്തുന്നത് ചില്ലിക്കാശ് മുതല്‍‌മുടക്കില്ലാതെ.  സൊസൈറ്റികള്‍ എന്ന് പേരിട്ടാല്‍ അണികള്‍ വിചാരിക്കും ഇത് പാര്‍ട്ടി സ്വത്താണെന്ന്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഇതൊന്നും സഹകരണ സൊസൈറ്റികളല്ല.  ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെടുന്ന വെറും സ്വകാര്യസൊസൈറ്റികള്‍ .  പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് അതിന്റെ ഭാരവാഹികളും അംഗങ്ങളുമെന്നാല്‍ തന്നെയും  സാങ്കേതികമായി അത് സ്വകാര്യവ്യക്തികളുടെ ട്രസ്റ്റോ സൊസൈറ്റിയോ ആണ്.  സഹകരണമേഖലയില്‍ കെട്ടിപ്പടുത്താല്‍ എം.വി.ആറിനെ പോലെ വിരുതന്മാര്‍ ആരെങ്കിലും ഭാവിയില്‍ കൈവശപ്പെടുത്തിയാലോ എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഇപ്പോള്‍ വെറും സൊസൈറ്റികളായി കോടികള്‍ മുതല്‍‌മുടക്കില്‍ പലതും ആരംഭിക്കുന്നത്. പറശ്ശിനിക്കടവിലെ വിസ്മയപാര്‍ക്ക് അങ്ങനെയൊരു സ്വകാര്യസൊസൈറ്റിയുടെ കീഴിലാണ്.

പാപ്പിനിശ്ശേരിയിലെ മാന്‍‌ഗ്രോവ്സ് തീം പാര്‍ക്കും  പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ചതാണ്. അങ്ങനെയൊരു സാധ്യത ഏത് നേതാവിന്റെ തലയിലാണ് ഉദിച്ചത് എന്നറിയില്ല. അതൊരു സംഭവം തന്നെയാണ്. പന്ത്രണ്ട് ഏക്കര്‍ എന്ന് പറയുന്നു. എന്നാല്‍ വളപട്ടണം പുഴയോരം അങ്ങ് നീണ്ട് കിടക്കുകയല്ലേ? സി.പി.എമ്മിന്റെ കണ്ണൂര്‍ നേതാക്കള്‍ക്ക് തലമുറകളോളം ഈ കണ്ടല്‍ വനങ്ങള്‍ മതി.  ഉമ്മന്‍ ചാണ്ടി എന്തൊക്കെയോ പറയുന്നുണ്ട്. അതൊക്കെ ആളുകളെ പറ്റിക്കാനാണ്. കേരളം നമുക്ക് വീതിച്ചെടുക്കാം എന്ന്  പിണറായിയും ഉമ്മന്‍ ചാണ്ടിയും അലിഖിത കരാറില്‍ ഏര്‍പ്പെട്ട പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്ത അഞ്ച് കൊല്ലത്തേക്ക് പിടിപ്പതും സി.പി.എം.ആക്കി. അതൊക്കെ മാനേജ് ചെയ്തു അഭിവൃദ്ധിപ്പെടുത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി അടുത്ത ഭരണം പിണറായിയെ ഏല്‍പ്പിക്കും. ഇപ്പോള്‍ നിയമവിരുദ്ധമായി കൈയ്യേറിയതിന്റെയൊന്നും മേലെ ഉമ്മന്‍ ചാണ്ടി കൈ വെക്കില്ല. ഒരേ പണിക്കാറല്ലേ? അവര്‍ക്കറിയാമല്ലൊ കാര്യങ്ങളുടെ കിടപ്പ് വശം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സെറ്റപ്പ് കൊണ്ട് അവരിങ്ങനെ വെട്ടിപ്പിടിക്കുന്നു. ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്ന പോലെ അദ്ദേഹവും നോക്കുന്നുണ്ടല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സ്വന്തമായി കിട്ടിയില്ലേ അത് ചില്ലറ കാര്യമാണോ?  അടുത്ത വര്‍ഷം ഇതേ മാസം മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുക ഉമ്മന്‍ ചാണ്ടി ആയിരിക്കുമല്ലോ. ഈ നിയമവിരുദ്ധകയ്യേറ്റത്തെ ഒഴിപ്പിച്ച് കണ്ടല്‍ വനത്തെ സംരക്ഷിക്കാനും പൊതുസ്വത്താക്കിമാറ്റാനും ഉമ്മന്‍ ചാണ്ടി തയ്യാറാവുമോ? ഇല്ല എന്നത് മൂന്ന് തരം. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ വനങ്ങള്‍ ആള്‍ബലവും കൈയ്യൂക്കും കൊണ്ട് സി.പി.എമ്മിന്റെ ഒരു പിടി നേതാക്കള്‍ പതിച്ചെടുത്ത് സ്വന്തമാക്കി. അതിനി വിട്ടുകൊടുക്കില്ല എന്ന രീതിയിലാണ് അവിടെ പണി നടന്നുകൊണ്ടിരിക്കുന്നത്.  അതിലിനി മാറ്റമൊന്നും വരാനില്ല.

ഞാന്‍ ടിക്കറ്റെടുത്ത് അവിടെ പോയി കണ്ടു. നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തകൃതിയായി നടക്കുന്നു. “ വിസ്മയ”യില്‍ 250രൂപ ടിക്കറ്റില്‍ ലഭിക്കാത്ത  ലാഭം ഇവിടെ 10രൂപ ടിക്കറ്റില്‍ ലഭിക്കും.  ഒരു മഹാ ടൂറിസ്റ്റ് വ്യാപാരകേന്ദ്രമായി വളര്‍ന്ന് വരാനുള്ള സാധ്യതയാണ് കണ്ടത്. കണ്ടല്‍ മരങ്ങള്‍ അവിടെ ചേതനയറ്റ് നിലനിന്നേക്കാം. എന്നാല്‍ കണ്ടല്‍ക്കാടുകളുടെ ജൈവപരിസ്ഥിതി ഏറെ താമസിയാതെ നിര്‍ജ്ജീവമാവും.  ഭൂമിയുള്ളത് മുതല്‍ ഉള്ള കണ്ടല്‍ക്കാടുകളാണ്. എന്നാലും സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബി എന്ന് പറയുന്നത് ഒരു അവതാരങ്ങള്‍ തന്നെ. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ വളപ്പട്ടണം പാലത്തിന്റെ അടിയില്‍ വിശാലമായ കാര്‍പാര്‍ക്കിങ്ങ്.  ആരെയും അസൂയപ്പെടുത്തുന്ന അപാരസാധ്യതകള്‍ . അണികള്‍ക്ക് പിന്നെ തങ്ങളുടെ നേതാക്കള്‍ തടിച്ചുകൊഴുക്കുന്നുണ്ടോ എന്ന ഒറ്റക്കാര്യത്തിലേ ശ്രദ്ധയുള്ളൂ.  പരിസ്ഥിതി പ്രവര്‍ത്തകര്‍ പാവം. ജീവനില്‍ കൊതിയുള്ളവര്‍ അങ്ങോട്ട് ഇനി പോകില്ല. ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ പറ്റൂ.

ഈ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാറിന്റെ മാന്‍‌ഗ്രോവ്സ് കണ്‍‌സര്‍വേഷന്‍ ഫണ്ടില്‍ നിന്ന് 55ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ തുക എന്താക്കി? പുഴയുടെ ഓരത്ത് അല്പസ്ഥലം വളച്ച് കെട്ടി കുറച്ച് കണ്ടല്‍ചെടികള്‍ നട്ടുവെച്ചിരിക്കുന്നത് കണ്ടു.
ആളുകള്‍ക്ക് പുറത്ത് നിന്ന് കാണുമ്പോള്‍ കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തുന്ന പോലെ തോന്നും. അകത്ത് വിനോദത്തിനല്ലേ ആളുകള്‍ പോകൂ. കണ്ടല്‍ച്ചെടികള്‍ മരിക്കുന്നത് അവര്‍ കാണണമെന്നില്ല. അല്ലെങ്കിലും അടിച്ചുപൊളിയുടെ ഇക്കാലത്ത് എന്ത് പരിസ്ഥിതി? ഇപ്പോള്‍ തന്നെ വൈകുന്നേരമാകുമ്പോള്‍ ആളുകള്‍ ധാരാളം വന്നു ചേരുന്നുണ്ട്. കച്ചവടസ്റ്റാളുകളും ഉണ്ട്. മൊബൈലില്‍ ഫോട്ടോ എടുത്താല്‍ ശിക്ഷിക്കപ്പെടും എന്നൊരു ബോര്‍ഡും കണ്ടു.  അതെന്താ മൊബൈലില്‍ ഫോട്ടോഎടുത്താല്‍ എന്നറിയില്ല. ശിക്ഷ എന്താണെന്നോ ആരാണ് നടപ്പാക്കുക എന്നോ അറിയില്ല. ഇതിന്റെ ഉള്ളുകള്ളിയൊന്നുമറിയാത്ത ടൂറിസ്റ്റുകള്‍ ആരെങ്കിലും ഇത്തരം ഒരു സ്ഥലത്ത് വന്നാല്‍ ഫോട്ടോ എടുത്ത് പോവുക സ്വാഭാവികമാണ്. ഞാന്‍ ഉള്ള ധൈര്യത്തിന് കുറച്ചു ഫോട്ടോകള്‍ എടുത്തത് താഴെ കാണാം.

പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരം ചെയ്ത് ഫാക്ടറികള്‍ ഒന്നൊന്നായി പൂട്ടിക്കുമ്പോള്‍ ഇങ്ങനെയൊരു സാധ്യത കണ്ടിരിക്കാന്‍ വഴിയില്ല. അങ്ങനെ പൂട്ടിപ്പോയ ഫാക്ടറികള്‍ ഒന്നൊന്നായി ഇപ്പോള്‍ പാര്‍ട്ടി വിലക്കെടുത്ത്  പഞ്ചനക്ഷത്രഹോട്ടലുകളും ഐമാക്സ് തീയേറ്ററുകളും ഒക്കെ തുടങ്ങുകയാണ്. കണ്ണൂരിലെ ഒരു പിടി നേതാക്കളുടെ അധീനതയില്‍ സി.പി.എം. അമര്‍ന്നപ്പോഴാണ് ഈ ബുദ്ധിയൊക്കെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്. തിരുവേപ്പതി മില്‍ സമരം ചെയ്ത് പൂട്ടി. ചില തൊഴിലാളികള്‍ ആത്മഹ്യത്യ ചെയ്തു.  തിരുവേപ്പതി മില്ലിലെ തൊഴിലാളികള്‍ക്ക് അന്ന് ഒരു ഘട്ടത്തില്‍ കേന്ദ്രഗവണ്മേണ്ട് സഹായധനം നല്‍കിയിരുന്നു. 2007ല്‍ ആ മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്ര സ്ഥലം ബാങ്ക് ലേലത്തിന് വെച്ചു.  എന്താ മറിമായം എന്നറിയില്ല ലേലത്തില്‍ പങ്കെടുക്കാന്‍ സി.പി.എം.മാത്രം. ആറരക്കോടിക്ക് ലേലത്തില്‍ സ്ഥലം സ്വന്തമാക്കി. അവിടെ നായനാര്‍ക്ക് സ്മാരകം പണിയാനാണ് പണം പിരിക്കാന്‍ പിണറായിയും സെറ്റും ഗള്‍ഫില്‍ പോയത്. എത്ര കോടി പിരിച്ചു എന്ന് പുറത്ത് പറഞ്ഞിട്ടില്ല. പിരിവ് നിര്‍ത്തിയിട്ടില്ല തുടരും എന്നാണ് പിണറായി പറഞ്ഞത്. ഈ നായനാര്‍ സ്മാരകവും ഒരു സൊസൈറ്റിയാണ്. നോക്കണം സ്വകാര്യസൊസൈറ്റിക്ക് സ്ഥലം വാങ്ങാന്‍ അണികള്‍ ബക്കറ്റെടുത്ത് കോടികള്‍ പിരിക്കുന്നു. സ്മാരകം പണിയാന്‍ പാര്‍ട്ടി സെക്രട്ടരി ഗള്‍ഫില്‍ പോകുന്നു. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ ഇദ്ദേഹം പോകുമോ? ബാങ്കുകളിലുള്ള കോടികളില്‍ നിന്ന് ചില ആയിരങ്ങള്‍ അതിന് വേണ്ടി ചെലവാക്കുമോ? ഇല്ല. പാവം സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നും ബക്കറ്റോ രശീത് ബുക്കോ എടുത്ത് പഴയപോലെ പിരിവിനിറങ്ങുന്നു.  ആളുകള്‍ അഹമഹമികയാ എന്ന പോലെ കൊടുക്കുകയും ചെയ്യുന്നു, നൂറ് കൊടുത്തില്ലെങ്കില്‍ ആയിരത്തിന്റെ ചേതം ഉണ്ടാക്കിയാലോ എന്ന് പേടിച്ച്.  അണികളുടെ അചഞ്ചലമായ വിശ്വാസവും ജനങ്ങളുടെ പേടിയുമാണ് സി.പി.എമ്മിനെ ഒരു മഹാ വ്യവസായസ്ഥാപനമായി മാറ്റിക്കൊണ്ടിരിക്കുന്നത്.

ഇതൊക്കെ സാമര്‍ത്ഥ്യം പോലെ ചെയ്തോട്ടെ. പക്ഷെ ഞങ്ങള്‍ വിപ്ലവപാര്‍ട്ടിയാണ്. സോഷ്യലിസമാണ് ലക്ഷ്യം. ജനകീയജനാധിപത്യവിപ്ലവം സൌകര്യം പോലെ നടപ്പാക്കും എന്ന് അണികളോട് പറഞ്ഞ് വിശ്വസിപ്പിക്കുന്നത് തട്ടിപ്പല്ലേ? പണം പിരിച്ചുകൊടുക്കുന്ന അണികള്‍ക്ക് ഇങ്ങനെ കെട്ടിപ്പൊക്കുന്ന കൊട്ടാരങ്ങളുടെ ഗേറ്റിന് പുറത്ത് നിന്ന് കാണാമെന്നല്ലാതെ അകത്ത് പ്രവേശിക്കാന്‍ കഴിയുമോ?  ഇങ്ങനെ കുറെ തീം പാര്‍ക്കുകളും സൂപ്പര്‍ സ്പെഷ്യാലിറ്റികളും ഷോപ്പിങ്ങ് മാളുകളും പഞ്ചനക്ഷത്രഹോട്ടലുകളും ഒക്കെ സ്ഥാപിച്ച് കഴിഞ്ഞ് ഒഴിവ് കിട്ടുമ്പോള്‍ എന്തായാലും ഞങ്ങള്‍ക്ക് സോഷ്യലിസം കൊണ്ടുവന്ന് തരാതിരിക്കില്ല എന്ന് പ്രതീക്ഷിച്ച് കഴിയുകയാണ് ലക്ഷോപലക്ഷം സി.പി.എം. അണികളും ചില ബ്ലോഗര്‍മാരും.  ലോകത്ത് തന്നെ ഒരു ബഹുജനരാഷ്ട്രീയപാര്‍ട്ടി കാണക്കാണെ ഇങ്ങനെ വന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായി പരിണമിക്കുന്ന ചരിത്രം വേറെ ഉണ്ടാവില്ല. ഇനി ജനങ്ങള്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞ് സി.പി.എം. പിരിച്ച് വിടപ്പെട്ടാലും സൊസൈറ്റികളും അതിന്റെ ആസ്തികളും ഒരു പിടി നേതാക്കളുടെ കൈവശം ഇരിക്കും.  അതാണ് ലോകോത്തരബുദ്ധി എന്ന് പറയുന്നത്.

മരിച്ചു കൊണ്ടിരിക്കുന്ന കണ്ടല്‍ക്കാട് :

ഹര്‍ത്താലിനെ പറ്റി തന്നെ

ര്‍ത്താലിനെ എതിര്‍ത്ത്കൊണ്ട്  വല്ലപ്പോഴുമേ ബ്ലോഗില്‍ എഴുതാന്‍ കഴിയൂ.  ദേശീയപണിമുടക്ക് എന്ന പേരില്‍ കേരളത്തില്‍ അത് ഹര്‍ത്താലാണെന്ന് പറഞ്ഞ് ബന്ദ് അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ ബ്ലോഗില്‍ എഴുതിയെന്ന് വെച്ച് ജനശക്തിക്കാരന്‍ ആവശ്യപ്പെടുന്ന പോലെ  സര്‍വ്വ ഹര്‍ത്താലുകള്‍ക്കെതിരെയും എഴുതാന്‍ പറ്റില്ല.  അത്പോലെ കഴിഞ്ഞ വര്‍ഷമോ അതിന് മുന്‍പോ ആരെങ്കിലും നടത്തിയ ബന്ദിനെ എതിര്‍ത്ത് എഴുതിയില്ല എന്നത്കൊണ്ട് ഇനി നടക്കുന്ന ഹര്‍ത്താലിനെ എതിര്‍ത്ത് ജനശക്തിക്കാരന്‍ പറഞ്ഞത് പോലെ എഴുതാതിരിക്കാനും കഴിയില്ല. ഹര്‍ത്താല്‍ എന്നാല്‍ ഇന്ന് ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്ന പ്രാകൃതമായ ഒരു സമരമുറയാണ്. ചിന്താശക്തിയ്ക്ക് ക്യാന്‍സര്‍ ബാധിച്ച നേതാക്കള്‍ക്കേ ഹര്‍ത്താല്‍ ആഹ്വാനം നടത്താന്‍ കഴിയൂ. ഞാനിത് ബ്ലോഗില്‍ എഴുതിയില്ലെങ്കിലും സംഗതിയില്‍ മാറ്റമില്ല. ഹര്‍ത്താല്‍ എന്നാല്‍ അതിന് ആഹ്വാനം ചെയ്യുന്ന ചില്ലറ നേതാക്കളുടെ പ്രതിഷേധവും മൃഗീയമായ പ്രതികരണവും മാത്രമാണ്. ജനങ്ങള്‍ക്ക് ഇന്ന് ഹര്‍ത്താല്‍ എന്ന സമരരീതിയോടാണ് പ്രതിഷേധമുള്ളത്. എന്നാല്‍ ജനങ്ങള്‍ക്ക് അത് പ്രകടിപ്പിക്കാന്‍ അവസരമോ വേദിയോ ഇല്ല.  ഒരു സമരം എന്നാല്‍ ആര്‍ക്കെതിരെയാണോ നടത്തുന്നത് അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകേണ്ടേ? ഹര്‍ത്താല്‍ എന്നാല്‍ ആര്‍ക്കെതിരെയാണോ നടത്തുന്നത് , അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ബുദ്ധിമുട്ടും വിഷമങ്ങളും ജനങ്ങള്‍ക്ക് മാത്രം. ചുരുക്കത്തില്‍ ഇന്ന് സമരങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് ജനങ്ങള്‍ക്ക് മാത്രം ദുരിതങ്ങള്‍ സൃഷ്ടിക്കുന്ന സമരാഭാസങ്ങള്‍ മാത്രമാണ്. ഇക്കാലത്തെ ഒരു സമരവും മുതലാളിമാര്‍ക്കോ, മന്ത്രിമാര്‍ക്കോ, ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കോ, നേതാക്കള്‍ക്കോ നേരിയ അലമ്പ് പോലും ഉണ്ടാക്കുന്നില്ല. അവരൊക്കെ ദന്തഗോപുരങ്ങളിലാണ്.  എന്ത് സമരമായാലും ബാധിക്കപ്പെടുന്നത് സാധാരണക്കാരന്‍ മാത്രം.

ഇന്ന് കണ്ണൂര്‍ നഗരസഭാപരിധിയില്‍ ഹര്‍ത്താലാണ്. യു.ഡി.എഫും ബി.ജെ.പി.യുമാണ് ആഹ്വാനിച്ചത്. രാവിലെ പത്രം വായിച്ചാണ് ആ‍ളുകള്‍ അറിഞ്ഞിട്ടുണ്ടാവുക.  ഹര്‍ത്താലിന് കാരണമായി ഉന്നയിച്ച പ്രശ്നം എല്ലാവര്‍ക്കും പ്രതിഷേധമുള്ള സംഗതിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ത്താല്‍ ആചരിച്ചത്കൊണ്ട് എന്ത് പ്രയോജനം. ഹര്‍ത്താലില്‍ പ്രയാസം നേരിടുന്നവരുടെ പ്രതിഷേധം ഹര്‍ത്താലിനെതിരെ മാത്രമായിരിക്കും എന്നത് മാത്രം മിച്ചം. ബാക്കിയൊക്കെ മുറ പോലെ നടക്കണ്ടേ? പ്രശ്നം ജനശ്രദ്ധ പിടിച്ചു പറ്റാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിരുന്നുവെങ്കില്‍ എത്രയോ പിന്തുണ ലഭിക്കുമായിരുന്നു. ഹര്‍ത്താല്‍ നിമിത്തം ജനങ്ങള്‍  കണ്ണുര്‍ നഗരത്തില്‍ പ്രവേശിക്കാതിരുന്നത്കൊണ്ട് ആര്‍ക്ക് എന്ത് നേട്ടം? പ്രശ്നപരിഹാരത്തിന് ഹര്‍ത്താല്‍ തെല്ലെങ്കിലും ഉപകരിക്കില്ല എന്ന് തീര്‍ച്ചയല്ലെ.  നമ്മുടെ നാട്ടില്‍ നേതാക്കള്‍ എന്നൊരു വര്‍ഗ്ഗമുണ്ട്. അവരെ ആരാണ് നിയമിച്ചത്, ജനങ്ങളുടെ ഉത്തരവാദിത്വം ആരാണ് അവരെ ഏല്‍പ്പിച്ചത് എന്നൊന്നും അറിയില്ല. ഒന്ന് മാത്രം അറിയാം. അവര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യരാണ്.  ശിപാര്‍ശയ്ക്ക് വേണമെങ്കില്‍ സമീപിക്കാം എന്ന് മാത്രം. അവരുടെ ബോധമണ്ഡലം നവീകരണക്ഷമമല്ല. ജനങ്ങളെ നയിക്കുന്നു എന്നാണ് വയ്പ്പ് എങ്കിലും ജനങ്ങള്‍ക്ക് പിറകെയാണ് അവര്‍ സഞ്ചരിക്കുന്നത്.  ഒരു സംഭവം നടക്കുമ്പോള്‍ ഉടനെ ഹര്‍ത്താല്‍ എന്ന് ആഹ്വാനം ചെയ്യുന്നത് നേതാവ് എന്നവന്റെ തലച്ചോറില്‍ മറ്റൊരു ഐഡിയയും  തോന്നാത്തവാറ് ചിന്താശക്തി ദ്രവിച്ചുപോയത്കൊണ്ടാണ്. അതിന്റെ ദുരിതം പേറുന്നത് ജനങ്ങളും. ഞാന്‍ നേരത്തെയുള്ള പോസ്റ്റില്‍ പറഞ്ഞപോലെ സുനാമി,പകര്‍ച്ചവ്യാധി,അപകടങ്ങള്‍ എന്ന പോലെ ഹര്‍ത്താലുകള്‍ ആഹ്വാനിക്കുന്ന നേതാക്കളും ശപിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ തന്നെ.

ഇന്നത്തെ കണ്ണൂര്‍ ഹര്‍ത്താലിന്റെ കാരണം നമ്മുടെ സാസ്ക്കാരികാധ:പതനത്തിന്റെ മറ്റൊരു ജീര്‍ണ്ണിച്ച മുഖമാണ് വെളിവാക്കുന്നത്. തെക്കിബസാറിലെ ഒരുപറ്റം വീട്ടമ്മമാര്‍ 47ദിവസമായി ഉപവാസസമരത്തിലാണ്. അവരുടെ വീടുകള്‍ക്ക് നടുവിലുള്ള കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടാണ് വീട്ടമ്മമാര്‍ ഉപവാസസമരം നടത്തുന്നത്. കള്ള്,കള്ളുകുടിയന്‍ എന്നൊക്കെ പറയുന്നതില്‍ തന്നെ ഒരു ആഭാസത്തിന്റെ ചുവയുണ്ട്. അപ്പോള്‍ വീടുകള്‍ക്ക് നടുവില്‍ കള്ള്ഷാപ്പ് ഉണ്ടായാല്‍ അവിടെ മലയാള ഭാഷ ക്ലാസിക്കല്‍ ആവുകയല്ല ചെയ്യുകയെന്നും അകത്ത് കയറിയവന്‍ ആഭാസനായിട്ടാണ് പുറത്തിറങ്ങുക എന്നും ആരും പറഞ്ഞു മനസ്സിലാക്കിത്തരേണ്ടതില്ലല്ലൊ. കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റിയാല്‍ ആര്‍ക്കും ഒരു ചേതവും വരാനില്ലല്ലൊ. വീട്ടുകാര്‍ക്ക് അവിടെ നിന്ന് മാറിപ്പോകാന്‍ കഴിയില്ല എന്നത് സത്യമല്ലെ. സിമ്പിളായി പരിഹരിക്കാവുന്ന ഒരു പ്രശ്നം. എന്നാ‍ല്‍ ഇന്നലെ തൊഴിലാളിയൂനിയന്റെ സംസ്ഥാനനേതാവിന്റെ നേതൃത്വത്തില്‍ ചെത്ത്തൊഴിലാളികള്‍ കൂട്ടമായെത്തി ഉപവാസസമരപന്തല്‍ തകര്‍ക്കുകയും സ്ത്രീകളെ ചവിട്ടുകയും കയ്യേറ്റം ചെയ്യുകയും ആഭാസം വിളിച്ചുപറയുകയും ഒക്കെയാണ് ഉണ്ടായത്. തൊഴിലാളികളുടെ തൊഴില്‍ എടുക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല എന്നാണ് ധാര്‍ഷ്ഠ്യം മുഖത്ത് സ്ഥിരഭാവമാക്കിയ  തൊഴിലാളിനേതാവ് ആക്രോശിച്ചത്.  എവിടെയെത്തി നമ്മള്‍ ? ചെത്ത്തൊഴിലാളികള്‍ക്കും കള്ളുകുടിയന്മാര്‍ക്കും മാത്രം അവകാശം. സ്വന്തം വീടുകളില്‍ സ്വൈര്യമായി ജീവിയ്ക്കാന്‍ ക്ലാസിക്കലാകാന്‍ പോകുന്ന ഭൂമിമലയാളത്തില്‍ വീട്ടമ്മമാര്‍ക്ക് അവകാശമില്ല. ഏതായാലും  ഇന്നലത്തെ സംഭവത്തോടെ ഉപവാസസമരം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായിട്ടുണ്ട്.  വീട്ടമ്മമാരോടും ഉപവാസസമരത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഇന്നത്തെ ഹര്‍ത്താല്‍ എന്ന സമരവൈകൃതത്തെ അപലപിക്കുകയും ചെയ്യുന്നു.

* വാര്‍ത്ത ഇവിടെ

നമ്മളെ ആര് രക്ഷിക്കും ?

ഓരോ വീട്ടിലും ഇപ്പോള്‍ അനവധി വേസ്റ്റുകളാണ് ഉണ്ടാകുന്നത്. അതില്‍ പ്രധാനം പ്ലാസ്റ്റിക് വേസ്റ്റുകളാണ്.  രാവിലെ പാല് മുതല്‍ വൈകുന്നേരം പലവ്യഞ്ജനങ്ങള്‍ തൊട്ട് മീന് വരെ എല്ലാം പ്ലാസ്റ്റിക് ബാഗുകളിലാണ് കൊണ്ടുവരുന്നത്. പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടുമ്പോള്‍ ഈ പ്ലാസ്റ്റിക്ക് നിരോധിക്കാറുണ്ടായിരുന്നു. നിരോധനം ചില്ലറ ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പിന്നെ വീണ്ടും പതിവ് പോലെ. പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമല്ല എന്ന് കണ്ടത്കൊണ്ടാവാം പരിസ്ഥിതിവാദികള്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. അല്ലെങ്കിലും ഏതാനും പേര്‍ ബഹളം ഉണ്ടാക്കിയത്കൊണ്ട് എന്ത് കാര്യം. ഒന്നുകില്‍ ജനങ്ങള്‍ക്ക് വിവരം വയ്ക്കണം. അല്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ അങ്ങോട്ടുള്ള ഭരണാധികാരികള്‍ക്ക് ഭാവനയും ഇച്ഛാശക്തിയും ഉണ്ടാവണം. ഇത് രണ്ടും നടക്കാത്ത കാര്യങ്ങളും.

ജനസാന്ദ്രത ഏറിയ നാടാണ് നമ്മുടേതെന്ന് അറിയാമല്ലൊ. അടുത്തടുത്താണ് വീടുകള്‍ എവിടെയും. പലര്‍ക്കും മുറ്റം തന്നെയില്ല.  വീടുകളില്‍ ദിനേന ഉണ്ടാകുന്ന വേസ്റ്റുകള്‍ പ്ലാസ്റ്റിക്ക് ബേഗുകള്‍ ഉള്‍പ്പെടെ വീടിന്റെ പിന്നാമ്പുറത്ത് വെച്ച് കത്തിച്ചു കളയുന്ന സമ്പ്രദായമാണ് ഇപ്പോള്‍ നാട്ടില്‍ നിലവിലുള്ളത്. വീട്ടമ്മമാര്‍ മണ്ണെണ്ണ ഒഴിച്ചിട്ടാണ് തീ കൊടുക്കുന്നത്. അങ്ങനെ കുറെ നേരം ഇത് പുകഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെ ഉണ്ടാകുന്ന പുകയില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത്? ഈ പുകയെല്ലാം എവിടേക്കാണ് പോകുന്നത്? എവിടേക്കും പോകുന്നില്ല. അതൊക്കെ നമ്മുടെ അന്തരീക്ഷത്തിന്റെ ഭാഗമായി അവിടെയങ്ങനെ സ്ഥിരമായി നിലനില്‍ക്കും. ഇപ്പോള്‍ തന്നെ ചൂട് അസഹ്യമായി തീര്‍ന്നിട്ടുണ്ട്. ഇക്കണക്കിന് പോയാല്‍ ഒരമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഇവിടെ മനുഷ്യന് ജീവിയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വീടിന്റെ പിന്‍‌പുറത്ത് നിന്ന് കത്തിക്കുമ്പോള്‍ നിരവധി വിഷവായുകള്‍ അതില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഡയോക്സിന്‍ എന്ന വിഷവാതകമാണ്. എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ന്  ഇവിടെ വായിക്കുക. ഞാന്‍ വിവരിക്കുന്നില്ല.  വായിച്ചത്കൊണ്ടും വിവരിച്ചത്കൊണ്ടും പറയത്തക്ക പ്രയോജനമൊന്നുമില്ലല്ലൊ.  ഞങ്ങളുടെ വീടിന്റെ നാല് ചുറ്റും അടുത്ത വീടുകളുടെ പിന്‍‌ഭാഗമാണ്. നടുക്കായിപോയി ഞങ്ങളുടെ വീട്. എന്റെ മകള്‍ക്ക് രണ്ട് പിഞ്ചുകുട്ടികളും. എനിക്കാണെങ്കില്‍ ഈ പുക അല്പം ശ്വസിക്കുമ്പോഴേക്കും അലര്‍ജി വരും. എന്ത് ചെയ്യാന്‍ പറ്റും? അയല്‍ക്കാരോട് ഇങ്ങനെ പുകയിടരുതെന്ന് പറയാന്‍ പറ്റുമോ?  പറയാന്‍ വേറെ ആരെങ്കിലുമുണ്ടോ?  എല്ലാറ്റിലും രാഷ്ട്രീയം. പിന്നെന്ത് ചെയ്യും.

നമ്മുടെ പഞ്ചായത്തുകള്‍ എന്താണ് ചെയ്യുന്നത്?  അതാത് പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും പ്ലാസ്റ്റിക്കുകള്‍ റീ-സൈക്ലിങ്ങ് ചെയ്യാനും എന്തെങ്കിലും പദ്ധതി ഉണ്ടാക്കുമോ? എനിക്കെന്റെ ചെറുമക്കളെ ഓര്‍ക്കുമ്പോഴാണ് സങ്കടം സഹിക്കാന്‍ വയ്യാത്താവുന്നത്. ഞങ്ങളുടെ കാലശേഷം ഈ കുട്ടികള്‍ വളരുമ്പോള്‍ അവരുടെയൊക്കെ ആരോഗ്യസ്ഥിതി എന്താവും. എല്ലാ വീടുകളിലും കുട്ടികളുണ്ട്. ഇങ്ങനെ കത്തിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.  ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം വേറെ.  അനാവശ്യമായ വിവാദങ്ങളും തര്‍ക്കങ്ങളും വാദകോലാഹലങ്ങളുമല്ലാതെ നാടിന്റെ നന്മയ്ക്കോ ഗുണത്തിനോ ആവശ്യമായ ചര്‍ച്ചകളോ പരിപാടികളോ എങ്ങും കാണുന്നില്ല.  വല്ലാത്തൊരു കലികാലം തന്നെ!

* ഫീഡ് ബാക്ക് അപ് ഡേഷന്‍ ഇവിടെ കാണാം

വീടും നമ്മളും

ഭാരതതത്വചിന്തപ്രകാരം ശരീരം എന്നാല്‍ ആത്മാവ് കുടിയിരിക്കുന്ന വീടാണ്. വെറും വാടകവീട്. ഒഴിഞ്ഞുകൊടുത്തേ പറ്റൂ. എന്നാല്‍ ഐഹികജീവിതത്തില്‍ നമ്മള്‍ വീട് ഏറ്റവും മോടിപിടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ഒരു വീട് നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയത് അടുത്ത കാലത്താണ്. അപ്പോഴേക്കും മക്കള്‍ക്ക് ജോലിയൊക്കെ ശരിയായിരുന്നു. മക്കള്‍ക്ക് ജോലിയും നമുക്ക് പ്രായവും ആയാല്‍ പിന്നെ നമ്മുടെ മുന്‍പില്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ സ്വന്തം വീട്ടില്‍ ഭാര്യയുമൊത്ത് കഴിയാം. അല്ലെങ്കില്‍ മക്കളുടെ കൂടെ പോയി താമസിക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്. സ്വന്തം വീട് പൂട്ടിയിട്ടിരിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ ഇങ്ങനെയുള്ള വീടുകള്‍ ധാരാളം കാണാം.  ഇപ്പോള്‍ ഞാന്‍ നാട്ടില്‍ മകളുടെ വീട്ടിലാണുള്ളത്.  ബാംഗ്ലൂരില്‍ നിന്ന് മകന്‍ കാണാനെത്തി. അവന്‍ എടുത്ത ചിത്രങ്ങളില്‍ ഒന്ന് രണ്ട് ഇവിടെ പബ്ലിഷ് ചെയ്യുന്നു.
                                                      താഴെ മകന്‍ സുമേഷ്
                                                               വീട് മറ്റൊരു ദൃശ്യം

ഡ്രൈവ് - ഇന്‍ ബീച്ച് മുഴപ്പിലങ്ങാട്

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബീച്ച് മദ്രാസിലെ മരീന ബീച്ച് ആണ്. മിക്കവാറും എല്ലാ വര്‍ഷവും ഞാന്‍ അവിടെ എത്തിപ്പെടാറുണ്ട്. ഇക്കൊല്ലവും പോയിരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ തന്നെ മനോഹരമായ ബീച്ച് ഉണ്ടല്ലൊ എന്തിന് ചെന്നൈ വരെ പോകണം എന്ന് തോന്നിയത് ഇന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ പോയപ്പോഴാണ്.  കടല്‍ത്തീരത്ത് കൂടി ആ തണുപ്പ് കാറ്റേറ്റ് കൊണ്ട് വണ്ടിയില്‍ സഞ്ചരിക്കാനുള്ള സൌകര്യം വേറെ എവിടെയാണുള്ളത് എന്നറിയില്ല. കാരണം ഇത് കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഡ്രൈവ്-ഇന്‍ ബീച്ചാണ്. നല്ലൊരു അനുഭവമാണ് മുഴപ്പിലങ്ങാട് ബീച്ചിലൂടെ കാറില്‍ സഞ്ചരിക്കുക എന്നത്.

അവിടെ ഏപ്രില്‍ 15 മുതല്‍ മെയ് 2 വരെ ബീച്ച് ഫെസ്റ്റിവല്‍ നടക്കുന്നുണ്ടായിരുന്നു.  നിരവധി ആളുകള്‍ പങ്കെടുക്കുന്നുണ്ട്.  ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ക്ക് ഈ ബീച്ച് മറക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ താഴെ കൊടുക്കുന്നു:


ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം

ഇന്റര്‍നെറ്റിന്റെ സ്പീഡ് പലര്‍ക്കും പ്രശ്നമാണ്.  സ്പീഡ് കൂട്ടാന്‍ ഞാന്‍ ചെറിയ ഒരു ചൊട്ടുവിദ്യ പ്രയോഗിച്ചു. നെറ്റില്‍ നിന്ന് മനസ്സിലാക്കിയതാണ്. എനിക്ക് സ്പീഡ് വര്‍ദ്ധിച്ചതായി തോന്നുണ്ട്. അതിവിടെ ഷേര്‍ ചെയ്യുന്നു. നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്.  ആദ്യമായി START ക്ലിക്ക് ചെയ്യുക. RUN സെലക്റ്റ് ചെയ്യുക. അതില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന്

Administrative Templates സെലക്റ്റ് ചെയ്ത് , വലത് ഭാഗത്ത് കാണുന്ന Network ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍ നിന്ന്
QoS Packet Scheduler ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ നിന്ന്
Limit Reservable bandwidth സെലക്റ്റ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍
Enabled ടിക്ക് ചെയ്ത് , Bandwidth കോളത്തില്‍ 22 എന്ന് ടൈപ്പ് ചെയ്ത്, Apply ടിക്ക് ചെയ്ത് OK അടിച്ച് സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക.  സ്പീഡ് വര്‍ദ്ധിക്കേണ്ടതാണ്.  പരീക്ഷിച്ചു നോക്കുക. അങ്ങനെയല്ലെ ഓരോന്ന് പഠിക്കുക. 


NB:  Bandwidth കോളത്തില്‍ “0” (പൂജ്യം) വാല്യു കൊടുത്താലാണ് സ്പീഡ് വര്‍ദ്ധിക്കുക എന്ന്  കമ്പ്യൂട്ടര്‍ സഹായി എന്ന ബ്ലോഗര്‍ പരീഷിച്ച് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ 22 എന്ന് പറഞ്ഞിടത്ത് പൂജ്യം കൊടൂത്ത് പരീക്ഷിച്ചു നോക്കാന്‍ താല്പര്യം. ഇത്തരത്തില്‍ സെറ്റിങ്ങ്സ് മാറ്റിയപ്പോള്‍ സ്പീഡ് വര്‍ദ്ധിച്ചതായി അനില്‍@ബ്ലോഗ് എന്ന ബ്ലോഗറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ശരീരം എന്ന യന്ത്രം

നമ്മുടെ ശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു യന്ത്രം പോലെയാണ്. അത്യത്ഭുതകരമായ പ്രവര്‍ത്തനങ്ങളാണ് ശരീരത്തില്‍ അനവരതം നടന്നുകൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ച് അധികമാരും ചിന്തിക്കാനോ മനസ്സിലാക്കാനോ മെനക്കെടുന്നില്ല എന്നത് മറ്റൊരു അത്ഭുതം.  ഒരു ജലദോഷം വരുമ്പോഴേക്കും ഓടി ഡോക്ടറുടെ അടുത്ത് പോയി മണിക്കൂര്‍ കണക്കിന് ക്യൂ നിന്ന് പാരസിറ്റമോളും ആന്റിബയോട്ടിക്കും ഗുളികകള്‍ കുറിച്ച് വാങ്ങി ആരോഗ്യരംഗം വന്‍ വ്യവാസായമാക്കി ആളുകള്‍. 99 ശതമാനം ജലദോഷ രോഗവും പാരസിറ്റാമോള്‍ ഗുളികയും ആന്റിബയോട്ടിക്ക് ഗുളികയും കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് മാറുന്നതും കഴിച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറുന്നതുമാണ്. ഒരു ശതമാനത്തിന് മാത്രമേ ഗുളികകള്‍ കഴിച്ചാല്‍ മാത്രം മാറുന്നതുള്ളൂ. സ്വന്തം ശരീരത്തെ കുറിച്ച് , അത് എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഒരു സാമാന്യ ധാരണയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുറെ അനാവശ്യഭയങ്ങള്‍ ഒഴിവാക്കാമായിരുന്നു.  ശരീരത്തെ യന്ത്രമെന്ന  പോലെ ചിത്രീകരിക്കുന്ന ഒരു വീഡിയോ താഴെ കാണുക.