Links

Showing posts with label നന്ദിഗ്രാം. Show all posts
Showing posts with label നന്ദിഗ്രാം. Show all posts

നന്ദിഗ്രാമിന്റെ ബാക്കിപത്രവും , കണ്ണൂരിന്റെ ഭാവിയും !

നന്ദിഗ്രാമിനെക്കുറിച്ച് മലയാളമനോരമയില്‍ ആന്‍ഡ്രൂസ് ഫിലിപ്പ് എഴുതിയ തുടര്‍ ലേഖനം ആരുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ് . മനോരമയെ ആര്‍ക്കും വെറുക്കാം , പക്ഷെ വസ്തുതകള്‍ അത് കൊണ്ട് വസ്തുതകള്‍ അല്ലാത്തായിപ്പോകുമോ ? അക്രമം തന്നെയാണ് എക്കാലത്തും സി.പി.എമ്മിന്റെ മുഖമുദ്ര . കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യു.ഡി.എഫിന്റെ ഭരണകാലത്ത് പൊതുവേ ക്രമസമാധാനം ഭദ്രമായിരുന്നു എന്ന് ആരും സമ്മതിക്കും . കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയതായിരുന്നു അതിന് കാരണം . അന്ന് ക്രിമനലുകള്‍ നിയമവാഴ്ച്ചയെ ഭയപ്പെട്ടു . അക്രമം നടത്തിയാല്‍ പിടിക്കപ്പെടുമെന്നും , തങ്ങളുടെ നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വന്ന് തങ്ങളെ മോചിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ആക്രമകാരികള്‍ മനസ്സിലാക്കി .

ഇടത് പക്ഷം അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ത്തന്നെ ആക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് സര്‍വ്വരും ഭയന്നതാണ് . കാരണം ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് തീപ്പൊരി പ്രസംഗം നടത്തുന്ന നേതാവ് തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായാല്‍ പിന്നെ പറയാനുണ്ടോ ? എന്നാല്‍ രണ്ട് വിരുദ്ധചേരികളില്‍ പെട്ട് നേതൃത്വം തന്നെ പരസ്പരം പോരടിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായതിനാല്‍ താഴെത്തട്ടിലുള്ള അണികള്‍ക്ക് തല്‍ക്കാലം ആയുധങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല . ഇപ്പോള്‍ പഴയത് പോലെ നാട് ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും തിരിയുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി . കണ്ണൂര്‍ അതിന്റെ പഴയ ചോരപ്പാടുകളിലേക്ക് മടങ്ങുകയാണ് . ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആളുകള്‍ മരിക്കാന്‍ തുടങ്ങി . ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ബോംബുകള്‍ കണ്ടെത്താന്‍ തുടങ്ങി . പ്രകോപനപരമായ വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി . തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് എന്ന മട്ടിലുള്ള താക്കീത്തുകളാണ് പോസ്റ്ററുകളില്‍ . എന്താണ് തീക്കൊള്ളി എന്ന് പറയേണ്ടല്ലോ !

കണ്ണൂരില്‍ മട്ടന്നൂരിന്നടുത്ത ഒരു സ്ഥലത്ത് വെച്ച് ബോംബ് പൊട്ടി ഒരു ചെറുപ്പക്കാരന്‍ മരിച്ചു , മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു . പരിക്കേറ്റവരുടെ ഏകസ്വരത്തിലുള്ള മൊഴി ഇങ്ങിനെ : ഒരു അപരിചിതന്‍ നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അന്വേഷിക്കാന്‍ പോയി . അപ്പോള്‍ അയാള്‍ ഓടി . ഓടുമ്പോള്‍ കാല്‍ തടഞ്ഞു വീണപ്പോള്‍ ബോംബ് പൊട്ടി . അതായത് ഒരു അപരിചതന്‍ ഒറ്റയ്ക്ക് ബോംബുമാ‍യി ആ സ്ഥലത്ത് വന്നുവെന്ന് ! ഏതായാലും മൂവരുടെയും മൊഴികള്‍ പോലീസിന് നന്നെ ബോധ്യപ്പെട്ടു . ഇനിയങ്ങോട്ട് കണ്ണൂര്‍ വീണ്ടും കലാപഭൂമിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് സാരം . ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോള്‍ ജില്ലയില്‍ ദിവസേന അരങ്ങേറുന്നുണ്ട് . അടുത്ത ഭരണം വന്‍പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി സഖാക്കള്‍ . കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പതിവ് പോലെ തെരഞ്ഞെടുപ്പ് സമയത്ത് സ്ലിപ്പ് കൊടുക്കേണ്ട പണിയേ ബാക്കിയുണ്ടാവൂ . എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളില്‍ കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ മുതല്‍ തലശ്ശേരി വരെ ഒരു ശാന്തിയാത്ര കോണ്‍ഗ്രസ്സുകാര്‍ നടത്തി . വളരെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ ശാന്തിയാത്രയ്ക്ക് കഴിഞ്ഞുവെങ്കിലും , ബോംബുനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതിന് പോലീസിന് പഴയ സ്വാതന്ത്ര്യം ലഭിക്കുക തന്നെ വേണം . അത് ആര് നല്‍കും ? ഏതായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇനി കണ്ണൂരിന് ഉറക്കം കെടുത്തുന്ന രാത്രികള്‍ ആയിരിക്കും !

നമ്മള്‍ കേരളീയര്‍ എത്രയോ ഭാഗ്യവാന്മാരാണ് . കാരണം കേരളം ഒരു ബംഗാളായില്ലല്ലോ ! അന്‍‌വിര്‍ അരവിന്ദ് എഴുതിയ "കൊല്‍ക്കത്തയില്‍ നിന്നുള്ള കത്തുകള്‍" എന്ന ബ്ലോഗ് ഇവിടെ വായിക്കുക !

നന്ദിഗ്രാമിന്റ ബാക്കിപത്രം ഇവിടെ :

ഒന്ന് , രണ്ട് ,മൂന്ന് , നാല് , അഞ്ച് . അഞ്ച്-2

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കണം !

നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട് . എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ തന്നെയാണ് ആ പാര്‍ട്ടി പതിവ് പോലെ തുനിയുന്നത് . ജനാധിപത്യസമ്പ്രദായത്തിലെ പല കീഴ്വഴക്കങ്ങളും സാമാന്യമര്യാദകളും ആ പാര്‍ട്ടിക്ക് ബാധകമല്ലാത്തത് കൊണ്ട് അവര്‍ക്ക് അപരിമിതമായ സൌകര്യങ്ങളാണ് ഇങ്ങിനെ പ്രതിരോധത്തിനായി ലഭിക്കുന്നത് .

പിണറായി വിജയന്റെ മകനെ എങ്ങിനെ ഇത്രയും വലിയ തുക കൊടുത്ത് വിദേശത്ത് പഠിപ്പിക്കാന്‍ കഴിയുന്നു , അദ്ദേഹം ആദായ നികുതി ദായകനല്ലല്ലോ എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി പറയുന്നത് ബഹിരാകാശത്ത് ഉപരിപഠന സാധ്യതയുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ്കാരന്റെ മക്കളെ അവിടെയും അയച്ച് പഠിപ്പിക്കുമെന്നാണ് , മറ്റൊരു മന്ത്രി പറഞ്ഞത് ഗാന്ധിജിക്ക് വിദേശത്ത് പഠിക്കാമെങ്കില്‍ പിണറായിയുടെ മകനും വിദേശത്ത് പഠിക്കാമെന്നാണ് . ഇതാണ് അവരുടെ ശൈലി . ഇങ്ങിനെ അവര്‍ കാലാകാലങ്ങളില്‍ പറഞ്ഞത് സമാഹരിച്ചാല്‍ വിചിത്രമായ പല ശൈലീ വിലാസങ്ങളും ഭാഷയുടെ മുതല്‍ക്കൂട്ടാവും .

ജനാധിപത്യത്തിന്റെ വളരെ വിപുലമായ സൌകര്യങ്ങളാണ് അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി ലഭിക്കുന്നത് . എന്നാല്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഉച്ചരിക്കുന്ന ഓരോ വാക്കും ജനാധിപത്യത്തിന്റെ ചെലവില്‍ ജനാധിപത്യത്തെ വികലമാക്കാനും വികൃതമാക്കുവാനുമാണ് അവര്‍ ഉപയോഗിക്കുന്നത് .മാര്‍ക്സിസ്റ്റ്കാരുടെ എന്തെങ്കിലും ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . നിങ്ങള്‍ എന്ത് കൊണ്ട് മറ്റുള്ളവരുടെ ചെയ്തികളെ വിമര്‍ശിക്കുന്നില്ല എന്ന് . അതായത് ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളെയും വിമര്‍ശിച്ചതിന് ശേഷം ഏറ്റവും അവസാനത്തെ ഇനമായി മാത്രമേ അവരെ വിമര്‍ശിക്കാവൂ എന്ന് .

ഉദാഹരണത്തിന് പരിയാരം തെരഞ്ഞെടുപ്പില്‍ അവര്‍ കൈയ്യൂക്ക് കാട്ടി ഭരണം പിടിച്ചക്കിയതിനെ പറ്റി കമാ എന്നൊരക്ഷരം ഉരിയാടുന്നത് ഇന്നേവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ തെരഞ്ഞെടുപ്പ് അതിക്രമങ്ങളും തെരഞ്ഞ് പിടിച്ച് അക്കമിട്ട് നിരത്തിയതിന് ശേഷമേ പാടുള്ളൂ എന്ന് . എന്നാല്‍ ഇത് അവര്‍ക്ക് ബാധകവുമല്ല .ജനാധിപത്യത്തെ കുറിച്ചൊന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ല .

എന്നാല്‍ നന്ദിഗ്രാമുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ കൂടുതലായി അവരില്‍ നിന്ന് അകലുമ്പോള്‍ ഒരു പക്ഷേ അവര്‍ എന്നെങ്കിലും മാറി ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരായേക്കാം .

മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ.ബി.ആര്‍.പി. ഭാസ്കര്‍ എഴുതിയ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത് . ഏതായാലും 1948ല്‍ കല്‍ക്കത്താ തീസീസ് പ്രകാരം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത പാര്‍ട്ടി ഈ പരുവത്തില്‍ എത്തിയല്ലോ . ഇനിയും ഒരു അമ്പത് വര്‍ഷം കഴിഞ്ഞാല്‍ അവര്‍ ജനാധിപത്യം അംഗീകരിക്കുമായിരിക്കും .

താഴെയുള്ള ലേഖനത്തെപ്പറ്റി ശ്രീ.ബി.ആര്‍.പി.ഭാസ്കറിന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച ഇവിടെ .....












“ നന്ദിഗ്രാം " സി.പി.എം തുറന്ന് കാട്ടപ്പെടുന്നു .

ജനാധിപത്യത്തിന്റെയും , ന്യൂനപക്ഷത്തിന്റെയുമൊക്കെ കാവല്‍ മാലാഖയാണ് തങ്ങള്‍ എന്ന മട്ടിലാണ് സി.പി.എം. നേതാക്കളും അണികളും എപ്പോഴും സംസാരിക്കാറ് . മാത്രമല്ല ലോകത്തുള്ള സകലമാന പേരും തങ്ങള്‍ക്കെതിരാണെന്നും അവര്‍ പലപ്പോഴും വിലപിക്കാറുമുണ്ട് . അമേരിക്ക പോലും തങ്ങളെയാണ് ഭയപ്പെടുന്നത് , അത് കൊണ്ട് തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയും സദാ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും അവര്‍ ആരോപിക്കാറുണ്ട് . എന്ത് കൊണ്ടാണ് ഇങ്ങിനെ എല്ലാവരും സി.പി.എമ്മിനെ എതിര്‍ക്കുന്നത് . തങ്ങള്‍ മാത്രമാണ് ശരിയായി ജനപക്ഷത്ത് നിന്ന് കൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടി പാട് പെടുന്നത് . അത് കൊണ്ടാണ് സകല ബൂര്‍ഷ്വാ-സാ‌മ്രാജ്യത്വ പിന്‍‌തിരിപ്പന്‍ ശക്തികളും തങ്ങള്‍ക്കെതിരെ അണിനിരക്കുന്നത് എന്നാണ് അവരുടെ അവകാശ വാദം .

എന്നാല്‍ നന്ദിഗ്രാം സംഭവ പരമ്പരകള്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്‍പാകെ തുറന്ന് കാട്ടപെട്ടിരിക്കുന്നു . ഗൂഗ്‌ളില്‍ നന്ദിഗ്രാം എന്ന് സര്‍ച്ച് ചെയ്താല്‍ കിട്ടുന്ന നിരവധി വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് , നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ ഇത്ര വഷളാവാന്‍ കാരണം സി.പി.എം അനുവര്‍ത്തിച്ച ഫാസിസ്റ്റ് മാതൃകയിലുള്ള സമീപനം മൂലമാണെന്നാണ് . സി.പി.എം ജാനാധിപത്യ സമ്പ്രദായം അംഗീകരിക്കുന്ന ഒരു പാര്‍ട്ടിയല്ല . തങ്ങളുടെ വിപ്ലവം വിജയിപ്പിച്ച് ഇന്ത്യയില്‍ തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഏകകക്ഷി ഭരണം നടപ്പിലാക്കുക എന്ന പാര്‍ട്ടി പരിപാടി അനുസരിച്ച് തന്നെയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് . അതിനിടയില്‍ ഒരു അടവ് നയം എന്ന നിലയിലാണ് അവര്‍ ഇവിടത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് .

ഈ വിഷയം കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ട് ഞാന്‍ കൂടുതലായി ഇവിടെ വിസ്തരിക്കുന്നില്ല .

കൂടുതല്‍ വായനക്ക് :

കേരള കൌമുദിയില്‍ ഇവിടെ