Links

ഒരു ഇടയലേഖനവും ചില ദാര്‍ശനിക ചിന്തകളും !

കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ബ്ലോഗില്‍ “ കുഞ്ഞുങ്ങള്‍ കൂടണം എന്ന് ഇടയലേഖനം ’ എന്ന ഒരു പോസ്റ്റ് വായിക്കുകയും അതില്‍ ഞാന്‍ എന്റെ അഭിപ്രായം എഴുതുകയും ചെയ്തു . പിന്നീട് ആലോചിച്ചപ്പോള്‍ എന്റെ ആശയങ്ങള്‍ കുറച്ചു കൂടി വിസ്തരിക്കാമെന്ന് തോന്നി . വീണ്ടും അവിടെ പോയി ഒരു കമന്റ് എഴുതുന്നത് ശരിയല്ലല്ലോ . അത് കൊണ്ട് ആ കമന്റും ചേര്‍ത്ത് ഒരു പോസ്റ്റ് ! ഇതാണ് അവിടെ എഴുതിയ കമന്റ് :

ജീവിതത്തിന്റെ ദു:ഖങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ കരുതുന്നു. ഭൂമിയില്‍ മനുഷ്യന് മനുഷ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ് പിറക്കുന്നത് .( മനുഷ്യരാശിക്ക് പൊതുവായ വായുവും വെള്ളവും ആഹാരവും മറ്റ് വിഭവങ്ങളും ഉപയൊഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ വളരുന്നത് . ) ഒരു മതക്കുഞ്ഞോ സമുദായക്കുഞ്ഞോ ജാതിക്കുഞ്ഞോ പിറക്കാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല . ഇക്കണ്ട മതങ്ങളും ജാതികളും സമുദായങ്ങളും പ്രവാചകന്മാരും ഒക്കെ ഉണ്ടാവുന്നതിന് മുന്‍പേ മനുഷ്യക്കുഞ്ഞുങ്ങളാണ് ഭൂമിയില്‍ ജനിച്ചുകൊണ്ടിരുന്നത് . അതിന് എന്നെങ്കിലും മാറ്റം വന്നതായി ചരിത്രരേഖകളില്ല.ഇന്ന് ജീവിതത്തിന്റെ പ്രയാസങ്ങളും മത്സരങ്ങളും സംഘര്‍ഷങ്ങളും ഒക്കെ കാണുമ്പോള്‍ മരണപ്പെട്ടവരും ജനിക്കാതെ പോയവരും എത്ര ഭാഗ്യവാന്മാര്‍ എന്നെനിക്ക് തോന്നുന്നു .

ഇവിടെ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ , അങ്ങിനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സന്തോഷത്തോടും സമാധാനത്തോടും ഇവിടെ ജീവിയ്ക്കാന്‍ എന്ത് ഭൌതീക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടാണ് അങ്ങിനെ ആഹ്വാനം ചെയ്യുന്നത് ? എന്ത് അഹ്വാനവും ആര്‍ക്കും ചെയ്യാം . അടുത്ത നൂറ്റാണ്ടിലെ ജനങ്ങള്‍ക്കായി ഞാന്‍ ഒരു ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ടവരേ , നിങ്ങള്‍ വിവാഹം കഴിക്കുക ! എന്നാല്‍ ദയവായി കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക . നിങ്ങളോ ജനിച്ചു പോയി , അത് കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്തി ഉള്ള സന്തോഷത്തോടെ ജീവിതം ജീവിച്ചു തീര്‍ക്കുക ! ശപിക്കപ്പെട്ട ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ജനിയ്ക്കാതിരിക്കട്ടെ !

NB: ഇത് 22ആം നൂറ്റാണ്ടിലെ ജനങ്ങളോടുള്ള ആഹ്വാനം മാത്രമാണ് . അവര്‍ മനസ്സുണ്ടെങ്കില്‍ അനുസരിക്കട്ടെ !
(മേലെ ബ്രായ്ക്കറ്റില്‍ ഉള്ള ഒരു വരി ഞാന്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്)

ആ ഇടയലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില ദാര്‍ശനീക ചിന്തകള്‍ ഇവിടെ കുറിച്ചിടട്ടെ . എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ ജനിയ്ക്കുന്നത് ? ജീവിതത്തിന്റെ ഉദ്ധേശ്യം തന്നെ എന്താണ് ? ദൈവത്തിന്റെ ഒരു വിനോദമാണോ ഇത് ? മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ , മനുഷ്യന് വേണ്ടി മറ്റെന്ത് സൌകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . ഇക്കാണുന്നതെല്ലം മനുഷ്യന്റെ അധ്വാനത്തിന്റെ ഫലമാണ് ! മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചിട്ട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി . അന്നൊന്നും മനുഷ്യന് ആശയവിനിമയം നടത്താന്‍ ഭാഷയില്ലായിരുന്നു. ഭാഷയില്ലാതെ ദൈവവും പ്രവാചകനും ഒന്നും ഇല്ലല്ലോ ? ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം പ്രകൃത മനുഷ്യന്‍ പരസ്പരം സംസാരിക്കാന്‍ ആംഗ്യഭാഷയാണ് ഉപയോഗിച്ചത് . ഇന്നത്തെ ആധുനികമനുഷ്യനും ആംഗ്യം കൂടാതെ ഒരു വാക്ക് പോലും ഉച്ഛരിക്കാന്‍ കഴിയില്ല എന്നത് ആംഗ്യഭാഷ നമ്മുടെ ജീനുകളുടെ തന്നെ ഭാഗമായി കലര്‍ന്നതിന്റെ തെളിവാണ് . വാമൊഴി പ്രചാരത്തില്‍ വന്നിട്ട് ഏകദേശം ഒരു പതിനായിരം വര്‍ഷമേ ആയിട്ടുള്ളൂ . വരമൊഴി രൂപം കൊണ്ടത് പിന്നെയും ചില ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് . ഭാഷയുടെ കണ്ടുപിടുത്തമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം . അങ്ങിനെ മനുഷ്യന്‍ എല്ലാറ്റിനും ഓരോ പേരുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി . ദൈവത്തിന്റെ രംഗപ്രവേശം പിന്നീടാണ് . കാരണം ദൈവം എന്നോ ഗോഡ് എന്നോ ആരെങ്കിലും പറയുമ്പോഴല്ലേ ദൈവം ഉണ്ടാകുന്നുള്ളു . ഒരു മൂവായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ തൊട്ടിങ്ങോട്ടാണ് പ്രവാചകന്മാരുടെ വരവുകളും തുടങ്ങിയത് . അതിലും ഹിന്ദുക്കളുടെ ഒരവതാരം ഇനിയും വരാനുണ്ട് താനും . പത്താമത്തെ അവതാരമായ സാക്ഷാല്‍ കല്‍ക്കിയാണത് . അത് പച്ചക്കുതിരയായിട്ടാണ് വരിക ! കുതിരപ്പുറത്ത് ഒരു വാളേ നമ്മള്‍ കാണൂ . കല്‍ക്കി വരില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . ലങ്കയിലേക്ക് പാലം നിര്‍മ്മിച്ചതിന് തെളിവില്ലെന്നും രാമന്‍ ചരിത്രപുരുഷന്‍ അല്ലെന്നും പറഞ്ഞു പോയതിന്റെ പുകില്‍ കണ്ടില്ലേ . പത്ത് തലയുള്ള രാവണന് സീതയെ കട്ട് കൊണ്ട് പോകാന്‍ എല്ലാ സജ്ജീകരണങ്ങളുമുള്ള പുഷ്പകവിമാനവും പയലറ്റും ഉണ്ടായിരുന്നു. ( വിമാനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരന്മാരാണ് എന്ന് ചില മൂഢന്മാര്‍ കരുതുന്നുണ്ട് . എല്ലാ കണ്ടുപിടുത്തങ്ങളും നടത്തിയത് ആര്‍ഷ ഭാരതത്തിലെ വനങ്ങളില്‍ താമസിച്ചിരുന്ന ഋഷിമാരായിരുന്നു. ) ഹനുമാന് നിഷ്പ്രയാസം ലങ്കയിലെക്ക് പറക്കാനും കഴിഞ്ഞിരുന്നു . പക്ഷേ പാവം രാമന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു . അത് നിര്‍മ്മിച്ചു കൊടുത്തത് കുറേ ഊച്ചാളി കുരങ്ങന്മാരും കൂട്ടത്തില്‍ ഒരണ്ണാരക്കണ്ണനും കൂടിയായിരുന്നു . ഇതൊക്കെ ചരിത്ര വസ്തുതകളാണ് . ഇത് ഉത്തരവാദപ്പെട്ട ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . നാട് കത്തിയെരിയും . ബി.ജെ.പി.ക്ക് സീറ്റുകള്‍ അഞ്ഞൂറ് കവിയും .

പറഞ്ഞ് വന്നത് കുഞ്ഞുങ്ങളെ കൂടുതല്‍ ജനിപ്പിക്കണമെന്ന ഇടയലേഖനത്തെപ്പറ്റിയായിരുന്നു. വെറും കുഞ്ഞുങ്ങള്‍ പോര ! അവര്‍ക്ക് കൃസ്ത്യാനി കുഞ്ഞുങ്ങള്‍ തന്നെ വേണം . കാരണം അവരുടെ ജനസംഖ്യ കുറഞ്ഞു പോകുമത്രെ ! ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിന് ബാലന്മാര്‍ ജീവിയ്കാന്‍ വഴിയില്ലാതെ കൂലി വേല ചെയ്യുന്നു . തെരുവുകളില്‍ അന്തിയുറങ്ങുന്നു. ഇന്‍ഡ്യയിലങ്ങോളമിങ്ങോളം യാചകവൃത്തിയ്ക്ക് ഉപയോഗപ്പെടുത്തപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ് . കുഞ്ഞുങ്ങളുടെ അംഗങ്ങള്‍ക്ക് വൈകല്യം വരുത്തിയിട്ടാണ് യാചകാവശ്യത്തിന് ഉപയോഗിക്കുന്നത് . ഇതിലൊന്നും ദൈവത്തിനോ മതത്തിനോ സഭയ്ക്കോ ഒരു ഉല്‍ക്കണ്ഠയുമില്ല. സമുദായത്തിലെ ജനസംഖ്യ കൂടിയാല്‍ എന്താണ് നേട്ടം ? അഥവാ അല്പം കുറഞ്ഞു പോയാല്‍ എന്താണ് ചേതം ? അങ്ങിനെ കൂടുന്ന ജനം ഈ രാജ്യത്തിലുള്ള പൊതു വിഭവങ്ങളും ഊര്‍ജവും സ്രോതസുകളുമല്ലേ ഉപയോഗിക്കുക ? അപ്പോള്‍ ആ വര്‍ധന ഒരു ദേശീയ പ്രശ്നമല്ലേ ? ജനസംഖ്യാ വര്‍ധനയാണ് ഭാരതത്തിന്റെ എക്കാലത്തുമുള്ള പ്രശ്നം . അതല്ല അങ്ങിനെ കൂടുന്ന ജനത്തിന് സഭ തന്നെ എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുമോ ? ഇനി കുറേ കുഞ്ഞുങ്ങള്‍ അധികമായി ജനിച്ചു എന്ന് തന്നെ വയ്ക്കാം . ആ ജന്മം കൊണ്ടും ജീവിതം കൊണ്ടും അവര്‍ക്ക് എന്താണ് പ്രയോജനം ? ഇതൊരു ദാര്‍ശനീക ചോദ്യമാണ് . നമ്മള്‍ എല്ലാം നാം ആവശ്യപ്പെടാതെ ജനിച്ചു പോയതാണ് . ഇവിടെ ഇനിയും ജനിയ്ക്കാത്തവരുടെ ജനനം ആവശ്യപ്പെടുമ്പോള്‍ ആ ജനനത്തിന്റെ ആവശ്യകത എന്താണ് ? സമുദായത്തിലെ അംഗസംഖ്യ കൂട്ടാനോ ? കൂടിയ അംഗബലത്തില്‍ സമുദായ നേതാക്കള്‍ക്ക് അഹങ്കരിക്കാനോ ? അംഗബലത്തിന്റെ പേരില്‍ വില പേശാനോ ?

മനുഷ്യന്‍ പൊതുവേ പാപികളായിട്ടാണ് ജനിയ്ക്കുന്നതെന്നാണ് കൃസ്തുമത പൌരോഹിത്യം കാണുന്നതെന്ന് തോന്നുന്നു . എനിക്ക് ആ മതത്തെക്കുറിച്ച് ഒന്നുമറിയില്ല . ഞാന്‍ മനുഷ്യനെ അടുത്തറിയാനേ ശ്രമിച്ചിട്ടുള്ളൂ . അത് കൊണ്ട് ഏതൊരു മനുഷ്യന്റെയും പ്രശ്നങ്ങള്‍ മനുഷ്യത്വപരവും സാമൂഹീകപരമെന്നും മാത്രമാണെന്നേ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളൂ . അതായത് മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂല കാരണം അവന്‍ ഒരു സാമൂഹ്യ ജീവിയായത് കൊണ്ടാണ് . അവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതും സമൂഹത്തില്‍ വെച്ചാണ് . സമൂഹമെന്നാല്‍ അസംഖ്യം കോശങ്ങളുള്ള ഒരു ശരീരം പോലെയാണ് . ഓരോ കോശത്തിന്റെയും ക്ഷേമവും സുസ്ഥിതിയും അരോഗദൃഢമായ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു . ശരീരത്തിന്റെ ക്ഷേമവും സുസ്ഥിതിയും മുഴുവന്‍ കോശങ്ങളുടെയും ആരോഗ്യത്തേയും ആശ്രയിച്ചിരിക്കുന്നു . ഞാന്‍ ചിലപ്പോള്‍ ടി.വി.യില്‍ ഈ സുവിശേഷ പരിപാടികള്‍ ശ്രദ്ധിയ്ക്കാറുണ്ട് . സുവിശേഷ പ്രഭാഷകന്‍ തന്റെ പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ തവണ പറയുന്ന പദം പാപി .. പാപി... എന്നാണ് . അത് കേള്‍ക്കുന്തോറും ശ്രോതാക്കള്‍ പൊട്ടിപ്പൊട്ടിക്കരയുന്നതും കാണാം . ചിരിയ്ക്കുന്ന ഒരു മുഖവും ഞാനിത് വരെ സുവിശേഷ പരിപാടികളില്‍ കണ്ടിട്ടില്ല . ഇങ്ങിനെ പാപികളായി കരയാനാണോ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിയ്ക്കേണ്ടത് ?

നാട്ടിന്‍‌പുറത്തിന്റെ നന്മകളിലേക്ക് ഒരു മടക്കയാത്ര !

കഴിഞ്ഞ ആഴ്ച്ച ഞാന്‍ കുടുംബസമേതം കൊല്ലം ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയുണ്ടായി . അവിടെ നാട്ടിന്‍ പുറത്തിന്റെ നന്മകളും , വയലുകളും , പച്ചപ്പും , കാവുകളും , കുളങ്ങളും ഒക്കെ കാണാനിടയായത് ഏറെക്കാലത്തിന് ശേഷം അവിസ്മരണീയമായ ഒരു അനുഭവമായി .

ജബ്ബാര്‍ മാഷും സ്നേഹസംവാദവും !

ജബ്ബാര്‍ മാഷിന്റെ സ്നേഹസംവാദം എന്ന ബ്ലോഗില്‍ അദ്ധേഹം പ്രൊഫൈലില്‍ തന്നെപ്പറ്റി ഇങ്ങിനെ പരിചയപ്പെടുത്തുന്നു .

" സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മന്‍ഷ്യസ്നേഹി. "

ഇത് വായിച്ചപ്പോള്‍ അദ്ധേഹത്തെ പറ്റി ആ ബ്ലോഗില്‍ രണ്ട് വരി കമന്റ് എഴുതണമെന്ന് തോന്നി . എഴുതിവന്നപ്പോള്‍ അല്‍പ്പം നീണ്ടുപോയി . എന്നാല്‍ പിന്നെ ആ കമന്റ് ഇവിടെ ഒരു പോസ്റ്റായി ചേര്‍ക്കാമെന്നും തോന്നി .

ജബ്ബാര്‍ മാഷേ
താങ്കള്‍ , താങ്കളെക്കുറിച്ച് പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിയ വാക്കുകള്‍ താങ്കളുടെ മഹത്വം വെളിവാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന്‍, സൂക്ഷ്മവിശകലനത്തില്‍ അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത് . മതത്തോടും ദൈവത്തോടും ഒരാള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അയാള്‍ മറ്റ് മനുഷ്യരില്‍ നിന്ന് അകലുന്നു. തന്റെയും തന്നെപ്പോലെയുള്ള മറ്റ് സഹജീവികളുടെയും ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അയാള്‍ തിരിച്ചറിയുന്നില്ല . കാരണം ഒരു സര്‍വ്വശക്തന്‍ തന്നെ രക്ഷിക്കുമെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ആകസ്മികമായതും, അന്തിമമായി അനിവാര്യമായതുമായ ദുരന്തങ്ങള്‍ക്ക് അയാള്‍ കീഴടങ്ങുക തന്നെ ചെയ്യുന്നു.

മനുഷ്യന്‍ ഇവിടെ അനാഥനും നിസ്സാരനും നിസ്സഹായനും ആണെന്നതാണ് യാഥാര്‍ത്ഥ്യം . അത്കൊണ്ട് അയാള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു . തന്റെയും മറ്റ് മനുഷ്യരുടെയും നിജസ്തിതി അയാള്‍ക്ക് മനസ്സിലായിരുന്നുവെങ്കില്‍ അയാള്‍ സമൂഹവുമായി കൂടുതല്‍ താദാത്മ്യപ്പെടുമായിരുന്നു.

അമ്പലങ്ങളിലും ,പള്ളികളിലും , ചര്‍ച്ചുകളിലും ഒരു വലിയ ജനസമൂഹത്തെ നാം കാണുന്നുണ്ട് . തങ്ങളുടെ രക്ഷ ഉറപ്പ് വരുത്താനാണ് അവര്‍ അവിടെ എത്തുന്നത് . അവര്‍ അരോഗദൃഢഗാത്രരാണ് . അവര്‍ സ്വയം സമാധാനപ്പെടുത്തിക്കൊണ്ട് അവിടെ നിന്ന് പിരിയുന്നു. എന്നാല്‍ അങ്ങിനെയുള്ള ആരാധാനാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അനേകം അവശന്മാരും നിരാലംബരുമുണ്ട് . അവര്‍ക്ക് രക്ഷ ആര്‍ നല്‍കും. ഇന്ന് രക്ഷ ഉറപ്പാക്കിപ്പോയവര്‍ക്കും ആ രക്ഷ ശാശ്വതമെന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പരലോകത്തെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറയും . മനുഷ്യന് മരണത്തെ ഭയമാണ് . അത് കൊണ്ടാണ് പരലോകവിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് . നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ , എനിക്ക് എന്റെ വിശ്വാസമാണ് വലുത് എന്ന ധാരണയുടെ മന:ശാസ്ത്ര പരമായ അടിസ്ഥാനം പരീക്ഷണവിധേയമാക്കേണ്ടതാണ് .

സത്യത്തില്‍ ഈ ഭൂമിയില്‍ അധിവസിക്കുന്ന ജീവികള്‍ തുല്യരാണ് . ഒരു ജീവിയ്ക്കും പ്രത്യേക അവകാശമോ , അധികാരമോ , പ്രാമാണ്യമോ പ്രാധാന്യമോ ഇല്ല തന്നെ . കഴിവുകള്‍ വ്യത്യസ്തമായിരിക്കും , കുതിരയെപ്പോലെ മനുഷ്യന് ഓടാന്‍ കഴിയില്ല ,എന്തിന് ഒരു ചിലന്തിയെപ്പോലെ വല നെയ്യാനും കഴിയില്ല . അങ്ങിനെ ഓരോ ജീവിയ്ക്കും വ്യത്യസ്ത കഴിവുകളാണുള്ളത് . എല്ലാ ജീവികളും, ജനനവും ജീവിതവും മരണവുമെന്ന യാഥാര്‍ത്ഥ്യം പങ്ക് വെക്കുന്നു. ബുദ്ധിശക്തി കൂടുതലുള്ള മനുഷ്യന്‍ ഒരു സമാന്തര പ്രകൃതി സൃഷ്ടിച്ച് കൂടുതല്‍ സുഖസൌകര്യങ്ങളോടെ മരണം വരെ ജീവിയ്ക്കുന്നു എന്ന് മാത്രം . ഈ പ്രകൃതിയുടെ അവിഭാജ്യഭാഗമാണ് ഓരോ ജീവിയും ,ഓരോ മണ്‍‌തരിയും . ഇതില്‍ ,തന്നെ മാത്രം രക്ഷിക്കാന്‍ ഒരു സര്‍വ്വശക്തന്‍ ഉണ്ടെന്ന വിശ്വാസം ഒരു സോദ്ധേശചിന്ത (wishful thinking)മാത്രമാണെന്നേ പറയാന്‍ കഴിയൂ.

എല്ലാ ജീവികളും പരസ്പരബന്ധത്തിലും പരസ്പാരാശ്രിതത്വത്തിലുമാണ് കഴിഞ്ഞ്കൂടുന്നത് എന്ന വസ്തുത നിലനില്‍ക്കേ , മനുഷ്യരുടെയിടയിലുള്ള വിഭാഗീയതയും വിഭജനവും എന്ത് മാത്രം ക്രൂരവും അപലപനീയവുമാണ്, അതും ഒരു ദൈവത്തിന്റെ പേരില്‍ ! ശരി , ദൈവത്തിന്റെ പേരിലാണെങ്കില്‍ അങ്ങിനെയെങ്കിലും മനുഷ്യന് ഐക്യപ്പെട്ടുകൂടേ ?

ഇതില്‍ ഒരു തമാശ എന്താണെന്ന് വെച്ചാല്‍ ദൈവത്തിനേ ആര്‍ക്കും വേണ്ട എന്നതാണത് . ദൈവം ഇല്ല എന്ന് നമുക്ക് എവിടെ വെച്ചും പറയാം. (അതാണ് സത്യം എന്നത് വേറെ കാര്യം ) ആരും ഉപദ്രവിക്കാന്‍ വരില്ല . എന്നാല്‍ പ്രവാചകന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ പറ്റി പറഞ്ഞു നോക്കൂ . അതാത് വിശ്വാസികള്‍ കൈയില്‍ കിട്ടുന്ന ആയുധങ്ങളുമായി കൊല ചെയ്യാന്‍ വരും . ഇങ്ങിനെ കൊല ചെയ്യാന്‍ വിശ്വാസികള്‍ക്ക് എങ്ങിനെ തോന്നുന്നു , അതിന്റെ ചേതോവികാരം എന്ത്, എന്ത് കൊണ്ട് അവര്‍ക്ക് സഹിഷ്ണുത ഉണ്ടാവുന്നില്ല എന്നതും മന:ശാസ്ത്രപരീക്ഷണവിഷയമാണ് . മനുഷ്യനെ കൊല്ലുന്നത് ഇന്ന് മതങ്ങളുടെ ഒരു ഫാഷനായിട്ടുണ്ട്. കൊല്ലുക എന്നത് ഒന്നിനും ഒരു പോംവഴിയല്ല എന്ന് എന്തേ ഇവര്‍ തിരിച്ചറിയുന്നില്ല . കണ്ടില്ലേ , രാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് പറഞ്ഞതിന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തല അറുക്കാന്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ഒരു എക്സ്. ബി.ജെ.പി MP . ചോദിച്ചപ്പോള്‍ പറയുന്നു , ഞാന്‍ ഭാഗവതത്തില്‍ ഉള്ളത് പറഞ്ഞതാണെന്ന് . ഇങ്ങിനെ ചോദ്യം ചെയ്യുന്നവരെ കൊന്നൊടുക്കിയാല്‍ ഇക്കുട്ടരുടെ ദൈവവും പ്രവാചകന്മാരും രക്ഷപ്പെടുമോ ? ഞാന്‍ പറഞ്ഞു വന്നത് ദൈവത്തേക്കാളും പ്രാധന്യം അവതാരങ്ങള്‍ക്കും പ്രവാചകാന്മാര്‍ക്കും കൊടുക്കാനും അവര്‍ക്ക് വേണ്ടി ചാവാനും കൊല്ലാനും ഈ വിശ്വാസികള്‍ എന്ത്കൊണ്ട് തയാറാവുന്നു എന്നാണ് . ഓ, വിശ്വാസത്തില്‍ ചോദ്യമില്ല അല്ലേ ? ഒന്ന് വിശ്വസിക്കണം പിന്നെ അത് മുറുകെപ്പിടിക്കണം അത്ര തന്നെ !

മാഷേ , കുറേ എഴുതിപ്പോയി . ദൈവസ്നേഹം എന്നത് സ്വസ്നേഹം മാത്രമാണെന്നും ; അതില്ലാത്തവര്‍ക്കേ മനുഷ്യസ്നേഹം ഉണ്ടാവൂ എന്നും താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ പറയാന്‍ വന്നതാണ് . എഴുതി വന്നപ്പോള്‍ ഇങ്ങിനെ നീണ്ടുപോയതാണ് ......

അപ്പുവിന് ഒരു മറുപടി !

പ്രിയപ്പെട്ട അപ്പു ,
നമ്മുടെ നാട്ടില്‍ ധാരാളം പാര്‍ട്ടികളും സംഘടനകളും ഉണ്ട് , അത്രതന്നെ പ്രശ്നങ്ങളും ഉണ്ട് . എല്ലാ പാര്‍ട്ടികളും സംഘടനകളും അവരവരുടെ നിലനില്‍പ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതും ! അത് കൊണ്ട് അതാത് സംഘടനകളുടെ നേതാക്കള്‍ മോശമല്ലാത്ത രീതിയില്‍ കഴിഞ്ഞു പോകുന്നു. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നില്ല . നികുതിദായകരായ പൌരജനങ്ങളാണ് ഈ നേതാക്കളെയും ഉദ്യോഗസ്ഥ പ്രഭൃതികളെയും എല്ലാം തീറ്റിപ്പോറ്റുന്നത്. ജനങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത് പ്രസംഗങ്ങളും , പ്രസ്ഥാവനകളും , വാഗ്ദാനങ്ങളും മാത്രം . ഇന്നും ഒരു സര്‍ക്കരാപ്പീസില്‍ സാധാരണ പൌരന്‍ പോയാല്‍ ഒരു കാര്യവും സാധിച്ചു കിട്ടില്ല . പോലീസ് സ്റ്റേഷനില്‍ അടുക്കാന്‍ കഴിയില്ല . ഒരു പരാതി പിവലിക്കാന്‍ പോലും കൈക്കൂലി കൊടുക്കണം . ജീവിതം അസാധ്യമാക്കുന്ന ആചാരങ്ങളാണ് പെരുകി വരുന്നത് . സ്ത്രീധനം നിമിത്തം പെണ്‍‌മക്കളെ കെട്ടിച്ചയച്ച് കിടപ്പാടം വിറ്റ് നിരാലംബരായ രക്ഷിതാക്കള്‍ എത്രയോ ... സര്‍ക്കാറാശുപത്രികളിലെ മരുന്നുകളെല്ലാം പുറത്ത് മറിച്ചു വില്‍ക്കുകയാണ് . ഒരു പാരാസിറ്റാമോള്‍ ഗുളിക പോലും ആര്‍ക്കും സൌജന്യമായി അവിടെ നിന്ന് കിട്ടുന്നില്ല .

ചുരുക്കത്തില്‍ സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുന്നു . നേതാക്കള്‍ സാധാരണക്കാര്‍ക്ക് ഒരു ബന്ധവുമില്ലാത കാര്യങ്ങളാണ് അവരോട് പ്രസംഗിക്കുന്നത് .. ആഗോളവല്‍ക്കരണം , സാമ്രാജ്യത്വം , അധിനിവേശം ഇത്യാദി .. ഇതൊക്കെ കേട്ട് വായും പൊളിച്ച് അവര്‍ ഇരുന്നു കൊടുക്കും , അത് വേറൊരു കാര്യം . പിന്നെ ജനങ്ങളുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും കുറെ മാറ്റങ്ങള്‍ വരാനുണ്ട് . കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന് അറിയാവുന്ന രക്ഷിതാക്കള്‍ വിരളം .. മുക്കിന് മുക്കിന് ജ്യോത്സ്യന്മാരുണ്ട് . ശരിക്ക് പറഞ്ഞാല്‍ നമുക്ക് ഫേമിലി കൌണ്‍‌സിലര്‍മാര്‍ ആയിരുന്നു വേണ്ടിയിരുന്നത് .. പിന്നെ കുറെ ആത്മീയക്കാരുണ്ട് , അവര്‍ക്ക് പിന്നെ സാമൂഹ്യകാര്യങ്ങളോ ,രാഷ്ട്രീയകാര്യങ്ങളോ പഥ്യമല്ലല്ലോ . അവനവന്റെ ഉള്ളില്‍ ഇറങ്ങി പരബ്രഹ്മത്തെ കണ്ട് സായൂജ്യമടയാനാണ് ഒര്‍ജിനലും വ്യാജനുമായ എല്ലാ ആത്മീയക്കാരും ഉല്‍ബോധിപ്പിക്കുന്നത് .

അപ്പോള്‍ പൊതുജനങ്ങളുടെ , പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ഒരു പൊതുവേദിയില്ല . അത് കൊണ്ടാണ് ഒരു ജനാധിപത്യ സാംസ്ക്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത് . ശരിക്ക് പറഞ്ഞാല്‍ സുകുമാര്‍ അഴീക്കോടോ അത് പോലെയുള്ള നായകന്മാര്‍ക്കാണ് ഇത്തരം നിര്‍ദ്ധേശങ്ങള്‍ വെക്കാനുള്ള അവകാശം . ഈ മുന്നണിയില്‍ എല്ലാവരും പങ്കെടുക്കട്ടെ . പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ . സ്ത്രീധനം , വിവാഹാര്‍ഭാടങ്ങള്‍ , ജാതി ചിന്ത , കൈക്കൂലി , മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ബോധവല്‍ക്കരണം നടത്തട്ടെ . അങ്ങിനെയും കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാമല്ലോ . ജനങ്ങളുടെ ഉപ്പും ചോറും തിന്നിട്ട് ദന്തഗോപുരങ്ങളിലിരുന്ന് പ്രസ്താവനകളും ഉല്‍ഘാടനങ്ങളും നടത്തുന്നതിനിടയില്‍ വല്ലപ്പോഴും ഇങ്ങിനെ വെയില്‍ കൊണ്ട് ഉപകാരപ്രദമായ നല്ല കാര്യങ്ങളും നാക്ക് കൊണ്ട് പറയാമല്ലോ .

ഇന്ന് നാലാള്‍ കൂടണമെങ്കില്‍ തരക്കേടില്ലാത്ത ഒരു നേതാവോ നായകനോ വേണമല്ലോ .. ഇനി അഥവാ ഇങ്ങിനെ ഒന്നും നടന്നില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല അപ്പൂ .. ഞാന്‍ പറഞ്ഞു വെക്കുന്നു എന്ന് മാത്രം . ആരെങ്കിലും നാലു പേരുണ്ടെങ്കില്‍ എനിക്ക് കഴിയുന്നത് ചെയ്യുന്നതിന് ഞാനും തയ്യാറാണ് . അതല്ലാതെ ഉരിയാടിയില്ലേ എന്നാല്‍ പോയി പ്ലാവില എടുത്ത് വാ എന്ന് പറയുകയാണെങ്കില്‍ എനിക്ക് ഒരു നിര്‍ബ്ബന്ധവുമില്ല .

അപ്പുവിന്റെ നാട്ടില്‍ കുടുംബശ്രീ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാന്‍ സന്തോഷമുണ്ട് . ഞങ്ങളുടെ നാട്ടില്‍ അതിലും രാഷ്ട്രീയമാണ് . നേതാക്കള്‍ക്ക് അധികാരവും പണവും ബക്കറ്റ് പിരിവെടുത്ത് നല്‍കി അവരെ തടിപ്പിച്ച് കൊഴുപ്പിച്ച് സായൂജ്യം അടയുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് കുടുംബങ്ങള്‍ ! ശ്രീയെല്ലാം നേതാക്കള്‍ക്ക് , ഞങ്ങള്‍ക്ക് കള്ളും വിദേശനും പിന്നെ ലോട്ടറിടിക്കറ്റും പോരേ .......

അഭിമുഖം അവസാന ഭാഗം !

അഭിമുഖന്‍ : കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെ എങ്ങിനെയാണ് താങ്കള്‍ വിലയിരുത്തുന്നത് ?

ഞാന്‍ : കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് സ:ഇ.എം.എസ്സിന്റെ ഒരു ശൈലിയാണ് ഓര്‍മ്മ വരുന്നത് . വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടുക എന്നത് . എല്ലാ രംഗങ്ങളിലും കേരളം തകര്‍ച്ചയിലാണ് . ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു .... എന്ന മാനസികാവസ്ഥയിലാണ് കേരളീയര്‍ . വെറും പൊങ്ങച്ചം മാത്രം . ഉള്ള് വെറും പൊള്ള ! പിന്നെ , പ്രവാസികള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു നാട്ടിലേക്ക് അയക്കുന്ന കുറെ പണമുണ്ട് . അത് കൊണ്ട് അങ്ങിനെ ആര്‍മ്മാദിച്ചും ദൂര്‍ത്തടിച്ചും കഴിഞ്ഞു പോകുന്നു ..അത്രതന്നെ ! മലയാളി മേലനങ്ങി പണിയെടുക്കുന്നത് ഗള്‍ഫില്‍ പോയാലാണ് . അറബിക്കഥ കണ്ടല്ലോ ? നാട്ടില്‍ ഒരു പണിക്കും ആളെ കിട്ടാനില്ല . പിന്നെ കുറെ തമിഴന്മാരും , ഇപ്പോള്‍ ബംഗാളികളും ഒറീസ്സക്കാരും മറ്റും കടന്നു വരുന്നത് കൊണ്ട് കെട്ടിടനിര്‍മ്മാണങ്ങള്‍ അങ്ങിനെ നടന്നു പോകുന്നു ... കെട്ടിട നിര്‍മ്മാണം മാത്രമാണല്ലോ നാട്ടില്‍ ഒരേയൊരു തൊഴില്‍ മേഖല ...

അഭി : ഇ.എം.എസ്സിനെ കുറിച്ച് എന്താണഭിപ്രായം ?

ഞാന്‍ : അദ്ധേഹത്തെ പറ്റി എനിക്ക് അത്ര നല്ല അഭിപ്രായമല്ല ഉള്ളത് . അദ്ധേഹം തന്റെ സമ്പാദ്യം മുഴുവന്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്ത ആളാണെന്നൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ അതിനേക്കാളുപരി അദ്ധേഹം തന്റെ പേരില്‍ നിന്ന് ആ വാല് മുറിച്ചു കളഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അദ്ധേഹം ആദരിക്കപ്പെടുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കാന്‍ ഒരിക്കലും പാടില്ലായിരുന്നു. കാരണം ചില ജാതികള്‍ മറ്റുള്ള ജാതികളേക്കാളും ഉയര്‍ന്നതാണെന്നും , ഉയര്‍ന്ന ജാതിയെന്നു കരുതപ്പെടുന്നവര്‍ തങ്ങളുടെ ജാതിപ്പേരുകള്‍ പരസ്യപ്പെടുത്തിയാല്‍ സമൂഹത്തില്‍ തങ്ങളുടെ അന്തസ്സ് ഉയരുമെന്നുമുള്ള ധാരണയിലാണ് അങ്ങിനെ ചെയ്യുന്നത് . അതുകൊണ്ടാണല്ലോ താഴ്ന്ന ജാതി എന്ന് കരുതപ്പെടുന്ന ജാതികളില്‍ പെടുന്നവര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിയടയാളം ചേര്‍ക്കാത്തത് . ഉദാഹരണത്തിന് അച്യുതാനന്ദന്‍ ഈഴവന്‍ , കുട്ടപ്പന്‍ ദളിതന്‍ എന്നൊന്നും പേര്‍ പറയാറില്ലല്ലോ . മനുഷ്യര്‍ ജന്മനാ സമന്മാരാണെന്നും , ജാതിയോ മതമോ , അതു പോലെ മറ്റു പണമോ പദവിയോ ഒന്നും തന്നെ ഒരാളെ മറ്റൊരാളില്‍ നിന്ന് ഉയര്‍ന്നവനാക്കുന്നില്ലെന്ന സാമാന്യതത്വം കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസ്സിലാക്കണമായിരുന്നു .

അഭി : താങ്കള്‍ എന്തെങ്കിലും സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടോ ? അങ്ങിനെയൊരു ശ്രുതി കേള്‍ക്കുന്നുണ്ടല്ലോ . ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് ഒരു പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ വായിച്ചതായി ഓര്‍ക്കുന്നു . ഒരു പുതിയ സംഘടന രൂപീകരിച്ചാല്‍ അതും കാലക്രമേണ ദുഷിച്ചു പോവുകയില്ലേ ?

ഞാന്‍ : കേരളത്തില്‍ ഒരു പുതിയ ജനാധിപത്യ-സാംസ്കാരീക മുന്നണി കെട്ടിപ്പടുക്കണം എന്ന് എനിക്ക് താല്‍പ്പര്യമുണ്ട് . എന്നാല്‍ അതിന്റെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ എനിക്ക് പരിമിതികളുണ്ട് . ഈ ഒരു ആവശ്യം മനുഷ്യ സ്നേഹികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . പുതിയ പാര്‍ട്ടി എന്ന പോസ്റ്റ് , ഒരു പാര്‍ട്ടി എങ്ങിനെ ആയിരിക്കണം എന്ന എന്റെ സങ്കല്‍പ്പം വിശദീകരിക്കാന്‍ വേണ്ടി എഴുതിയതാണ് . നിലവിലുള്ള പാര്‍ട്ടികള്‍ ഇങ്ങിനെ അധ:പതിക്കാന്‍ കാരണം ജനങ്ങളുടെ സാംസ്കാരീക നിലവാരം ഉയരാത്തത് കൊണ്ടാണ് . അതു കൊണ്ട് ഒരു സാംസ്കാരീക മുന്നേറ്റമാണ് ഇന്നത്തെ ആവശ്യം . പിന്നെ പുതിയത് ഒന്ന് തുടങ്ങിയാല്‍ അതും ദുഷിച്ചു പോവുകയില്ലേ എന്ന ചോദ്യത്തിന് , ദുഷിക്കട്ടെ എന്നേ പറയാന്‍ കഴിയൂ . അപ്പോള്‍ പുതിയ വേറൊന്ന് തുടങ്ങാമല്ലോ . സമൂഹം അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . ഒന്നു ദുഷിക്കുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്ന് വരും . അങ്ങിനെയാണ് നവീകരിക്കപ്പെടുക . അല്ലാതെ ഒരു സംഘടന ഉദയം ചെയ്താല്‍ അത് പ്രളയം വരെ നിലനില്‍ക്കണം എന്ന് പ്രതീക്ഷിക്കരുതല്ലോ ?

അഭി : എന്താണ് ജനാധിപത്യ-സാംസ്കാരീക മുന്നണി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ?

ഞാന്‍ : എല്ലാ മത ജാതികളിലും , പാര്‍ട്ടികളിലും മറ്റു സംഘടനകളിലും പെടുന്ന എത്രയോ ആളുകള്‍ ഇന്നത്തെ ഈ ജീര്‍ണ്ണതയില്‍ അസ്വസ്ഥരാണ് . എന്നാല്‍ ഇവരൊക്കെ വ്യത്യസ്ഥ ആശയക്കാരും ചിന്താഗതിക്കാരുമാണ് . എന്നാല്‍ എല്ലാവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലയാണ് സാംസ്കാരീകരംഗം . അവിടെ ഒരു നിരീശ്വരവാദിക്കും , തികഞ്ഞ ഒരു ഭക്തനും ഒന്നിച്ചു പ്രവത്തിക്കാം . സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് പ്രധാനം .പൌരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും, അതേ പോലെ നമ്മുടെ കടമകളെ കുറിച്ചും സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട് . ഇന്ന് ഒരു തരം അരാഷ്ട്രീയ വാദം വളര്‍ന്ന് വരുന്നുണ്ട് . അതും അപകടമാണ് . രാഷ്ട്രീയമെന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് ആ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലി കഴിക്കലല്ല . മറിച്ചു നമ്മുടെ നാടിന്റെ പ്രശ്നങ്ങളില്‍ സക്രിയമായി ഇടപെടുക എന്നതാണ് . ഇന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധ:പതിച്ചു കഴിഞ്ഞു . ഇതിന്റെ ഒരു പ്രധാന കാരണം വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതാണ് . നമ്മുടെ സാംസ്കാരിക രംഗം ഏറ്റവും അപടകരാംവണ്ണം ജീര്‍ണ്ണുച്ചു പോയി . യുവ തലമുറ മദ്യത്തിന്റെ പിന്നാലെയാണ് . യാതൊരു ധാര്‍മ്മിക ബോധമില്ലാതെയാണ് അവര്‍ വളരുന്നത് . എല്ലാ മതങ്ങളിലും അനാചാരങ്ങളും അസഹിഷ്ണുതയും വളര്‍ന്നു വരുന്നു . ഇങ്ങിനെ പോയാല്‍ നാളെ ഇവിടെ മനുഷ്യ ജീവിതം ദു:സാധ്യമായിപ്പോകും . ഒറ്റക്കും കൂട്ടായും സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട് . എന്നാല്‍ ഒന്നും ഏശുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . സമൂഹത്തില്‍ സാംസ്ക്കാരിക മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും , അയാള്‍ ഏത് മതത്തില്‍ , പാര്‍ട്ടിയില്‍ , സംഘടനയില്‍ പെട്ട ആളായാലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാംസ്കാരിക ഐക്യമുന്നണിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത് . ഉദാഹരണത്തിന് മദ്യപാനത്തിന്റെ കാര്യമെടുക്കാം . ഇന്ന് 15 വയസ്സ് കഴിഞ്ഞ മിക്കവാറും ബാലന്മാര്‍ മദ്യപാനം ശീലിച്ചു വരുന്നുണ്ട് . അത് കൂടാതെ മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് കേരളത്തിലാണ് . ഈ ദുശ്ശീലങ്ങള്‍ക്കെതിരെ മദ്യവിരുദ്ധസമിതി മാത്രം പ്രചരണം നടത്തിയാല്‍ അതാരുംശ്രദ്ധിക്കുകയില്ല . എന്നാല്‍ ഒരു സ്ഥലത്ത് , മാര്‍ക്സിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പിക്കാരനും , ഹിന്ദു മുസ്ലീം കൃസ്ത്യന്‍ ആദി മതങ്ങളില്‍ പെട്ടവരും ; യുക്തിവാദി സംഘം, പരിഷത്ത് , തുടങ്ങി എല്ലാ സംഘടനകളില്‍ പെട്ടവരും ചേര്‍ന്ന് ഒരു പ്രചരണം നടത്തിയാല്‍ തീര്‍ച്ചയായും മദ്യത്തിന്റെ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നുറപ്പാണ് .അങ്ങിനെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ആവശ്യമായ ഒട്ടേറെ മേഖലകളുണ്ട്. ഇന്ന് അങ്ങിനെ സമൂഹത്തിന്റെ അപചയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പോംവഴി നിര്‍ദ്ധേശിക്കാനും ഒരു പൊതുവേദിയില്ല . താന്താങ്ങളുടെ വിയോജിപ്പുകള്‍ മാറ്റിവെച്ചു , യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി സമൂഹത്തിന്റെ സാംസ്കാരികവളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ സാംസ്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ ചിന്തിക്കുന്ന എല്ലാ മലയാളികളുടെയും മുന്‍പാകെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു .

അഭി : ശരി സുകുമാരേട്ടാ .... ഇനിയും ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് .. നമുക്ക് വീണ്ടും കാണാം .. നന്ദി !

ഞാന്‍ : ഓക്കെ , വീണ്ടും കാണാം നന്ദി !!!

അഭിമുഖം തുടരുന്നു ......... ( 2 )

അഭിമുഖന്‍ : താങ്കള്‍ എല്ലാറ്റിനെയും കണ്ണുമടച്ചു എതിര്‍ക്കുകയാണെന്ന് ഒരു പരാതിയുണ്ട് . താങ്കളുടെതായ ഒരു " ഇസം"
ലോകത്തിന് സംഭാവന ചെയ്യാനുള്ള ശ്രമമാണോ ?

ഞാന്‍ : ഞാന്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നില്ലല്ലോ . നിലവിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു എന്നേയുള്ളൂ . ഞാനായിട്ട് ഒരു പുതിയ ഇസമൊന്നും സൃഷ്ടിക്കാന്‍ പരിപാടിയില്ല . ഇസങ്ങള്‍ക്ക് അസഹിഷ്ണുക്കളായ അനുയായികളെ ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളൂ . നല്ല ഇസങ്ങള്‍ക്ക് നല്ല മനുഷ്യരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല . കണ്‍ഫ്യൂഷനിസം മുതല്‍ ബുദ്ധിസം ,ജൈനിസം , കൃസ്ത്യനിസം, ഇസ്ലാമിസം , മാര്‍ക്സിസം ,ഗാന്ധിസം തൊട്ട് ബഹായിയിസം വരെ എത്ര ഇസങ്ങള്‍ നമുക്കുണ്ട് . എന്നിട്ടും മനുഷ്യന്‍ നന്നായോ ? മനുഷ്യന്‍ നന്നാക്കപ്പെടുകയേയുള്ളൂ . അതിന് നിയമവാഴ്ച്ച അഭംഗുരം പുലരണം . മാത്രമല്ല സമൂഹത്തെ ഒരു വിപ്ലവത്തിലൂടെ അടിമുടി മാറ്റിയെടുക്കാനും കഴിയില്ല . അതൊരു നീണ്ട പ്രോസ്സസ്സിങ്ങ് ആണ് . നമ്മുടേ സ്വാതന്ത്ര്യ സമരം അതിനൊരുദാഹരണമാണ് . സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം നിരവധി സാമൂഹ്യ തിന്മകള്‍ക്കെതിരെയും അന്ന് പോരാട്ടങ്ങള്‍ നടന്നിരുന്നു . അന്ന് ദൂരീകരിക്കപ്പെട്ട മദ്യപാനം പോലെയുള്ള തിന്മകള്‍ വീണ്ടും സമൂഹ ഗാത്രത്തില്‍ അര്‍ബ്ബുദം പോലെ വളരുന്നു .

അഭി : ഇതിനൊക്ക എന്ത് പ്രതിവിധിയാണ് താങ്കള്‍ക്ക് നിര്‍ദ്ധേശിക്കാനുള്ളത് ?

ഞാന്‍ : എന്റെ കൈയില്‍ ഒറ്റമൂലിയൊന്നുമില്ല . ചിന്തിക്കുന്നവരും മനുഷ്യസ്നേഹികളും ഒരു കൂട്ടായ്മ ഉണ്ടാക്കി ജനമധ്യത്തില്‍ ഇറങ്ങി പ്രത്യേകിച്ച് കോളേജുകളിലും മറ്റും ബോധവല്‍ക്കരണം നടത്തിയാല്‍ അതൊരു മൂവ്മെന്റായി വളര്‍ന്ന് മാറ്റത്തിനും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും തുടക്കം കുറിച്ചേക്കാം .

അഭി : അപ്പോള്‍ നിലവിലിവിടെ ജനാധിപത്യം ഇല്ലെന്നാണോ ?

ഞാന്‍ : ജനാധിപത്യമെന്നാല്‍ വെറും വോട്ട് ചെയ്യലല്ല . അത് ഒരു ജനത തങ്ങളുടെ രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹത്തായ സൃഷ്ടിപ്രക്രിയയാണ് .

അഭി : ഒന്ന് വിശദീകരിക്കാമോ ?

ഞാന്‍ : സമയം അനുവദിക്കുന്നില്ല . മാത്രമല്ല അത് വിശാലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെടേണ്ടതാണ് .

അഭി : ഇവിടെ സര്‍ക്കാറിന്റെ നയങ്ങളല്ലെ ദുരിതങ്ങള്‍ ഉണ്ടാക്കുന്നത് ?

ഞാന്‍ : ആര് പറഞ്ഞു ? സര്‍ക്കാര്‍ എന്നാല്‍ എന്താണ് ? ആത്യന്തികവും ശരിയായതുമായ വിശകലനത്തില്‍ സര്‍ക്കാര്‍ എന്നാല്‍ പാര്‍ലമെന്റും , ബ്യൂറോക്രസിയും , ജനങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് . സര്‍ക്കാറിന് പുറത്തല്ല ജനങ്ങള്‍ . ഇവിടെ സര്‍ക്കാറും ജനങ്ങളും രണ്ടും രണ്ടാണെന്നും , എല്ലാം ചെയ്യേണ്ടത് സര്‍ക്കാറാണെന്നും ജനങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളോ കടമകളോ ഒന്നുമില്ലെന്ന അര്‍ത്ഥത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത് .

അഭി : ഒന്നു കൂടി ലളിതമാക്കാമോ ?

ഞാന്‍ : ഇത്തരം ഒരഭിമുഖത്തില്‍ എങ്ങിനെയാണ് ഇതിനേക്കാളും ലളിതമായി പറയാന്‍ കഴിയുക ? എന്നാലും ഞാന്‍ ഒരു ഉദാഹരണം പറയാം . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശുന്ന സമയത്ത് കേരള യുക്തിവാദി സംഘം അതിനെതിരെ , ക്ഷേത്രനടയില്‍ ഒരു ധര്‍ണ്ണ നടത്താന്‍ പരിപാടിയിട്ടു.“ നിന്റെയൊക്കെ തറവാട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം കൊണ്ടല്ലടാ ഇവിടെ പൂശുന്നത് , ഭക്തന്മാര്‍ ഭഗവാന് കാണിക്കയിട്ട സ്വര്‍ണ്ണം കൊണ്ടാ .... " എന്നാക്രോശിച്ചു കൊണ്ട് ഭക്തന്മാരും പോലീസും ചേര്‍ന്ന് യുക്തിവാദികളെ തല്ലിയോടിച്ചു . പ്രത്യക്ഷത്തില്‍ ഇത് ശരിയല്ലേ എന്നു തോന്നിപ്പോകും . എന്നാല്‍ യുക്തിവാദികളുടെ സമരപരിപാടി ഒരു പ്രതീകാത്മകമായിരുന്നു . സ്വര്‍ണ്ണം എന്നാല്‍ ധനമാണ് . ധനം ഉല്‍പ്പാദന പ്രക്രിയയുടെ വികസനത്തിന് ഉപയോഗിക്കുമ്പോള്‍ അത് മൂലധനമാകുന്നു . നമ്മുടെ രാഷ്ട്രപുരോഗതിക്ക് തടസ്സമായിട്ടുള്ളത് ഊര്‍ജ്ജത്തിന്റെയും മൂലധനത്തിന്റെയും അപര്യാപ്തതയാണ് . ഇന്നും അത് തന്നെയാണ് സ്ഥിതി . കൊടിമരം സ്വര്‍ണ്ണം പൂശുമ്പോള്‍ വികസനത്തിനുപയോഗിക്കേണ്ട മൂലധനം നിഷ്ക്രിയമാവുകയാണ് ചെയ്യുന്നത് . ഭഗവാന് എന്തിനാണ് സ്വര്‍ണ്ണക്കൊടിമരം എന്ന യുക്തിവാദികളുടെ ചോദ്യം ഭക്തന്മാരെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു . ഇന്ന് ടണ്‍ കണക്കിന് സ്വര്‍ണ്ണം ബാങ്ക് ലോക്കറുകളില്‍ കെട്ടിക്കിടക്കുന്നു . ഇന്ത്യയിലെ പോലെ സ്വര്‍ണ്ണം ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാജ്യം വേറെ ഇല്ല . ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കാണും ഇത് പോലെ ധാരാളം സ്വര്‍ണ്ണസൂക്ഷിപ്പുകള്‍ . ഈ സ്വര്‍ണ്ണം മുഴുവനും പ്രതിഫലം വാങ്ങി സര്‍ക്കാറിലേല്‍പ്പിക്കുകയും , സര്‍ക്കാര്‍ അത് വില്‍ക്കുകയും ചെയ്താല്‍ ആ പണം കൊണ്ട് വിദേശക്കടം മുഴുവന്‍ തീര്‍ക്കാമെന്ന് മാത്രമല്ല ബാക്കി തുക കൊണ്ട് മൂലധനനിക്ഷേപം നടത്തി നമ്മുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യാം . കോടാനുകോടി രൂപക്ക് തുല്യമായ സ്വര്‍ണ്ണം നിഷ്ക്രിയമൂലധനമാക്കി ഒരു പ്രയോജനമില്ലാതെ വെച്ചിട്ടാണ് നമ്മള്‍ ഒരു റോഡ് ടാറിടാനുള്ള പണത്തിനു പോലും വായ്പക്കായി ഏ.ഡി.ബി.യെ സമീപിക്കുന്നത് . അപ്പോള്‍ നാട് വിദേശശക്തികള്‍ക്ക് പണയപ്പെടുത്തുന്നേ എന്ന മുറവിളി വേറെയും . രാജ്യത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനും , നാട്ടിലെ ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിനാവശ്യമായ മൂലധനം സ്വരൂപിക്കാനും വേണ്ടി , ആഭരണ ഭ്രമം നമ്മള്‍ ഉപേക്ഷിക്കുമോ ? എന്നിട്ടോ തൊഴിലില്ലായ്മ പരിഹരിക്കലും ദാരിദ്ര്യരേഖ മായ്ക്കലും സര്‍ക്കാര്‍ ചെയ്യുകയും വേണം .

അഭി : താങ്കള്‍ ഊര്‍ജ്ജത്തെ പറ്റി പറഞ്ഞല്ലോ ? ഇപ്പോള്‍ വിവാദമായ ആണവക്കരാറിനെ പറ്റി എന്താണഭിപ്രായം ?

ഞാന്‍ : നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുവേണ്ടിയും , നിലവിലുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികളും കരാറുകളും എല്ലാം തന്നെ ചിന്തിക്കുന്നതും പോംവഴികള്‍ കണ്ടെത്തുന്നതുമെല്ലാം അതത് തലത്തിലുള്ള വിദഗ്ദന്മാരാണ് . മന്ത്രിമാര്‍ക്ക് അതിന് നേതൃത്വം കൊടുക്കുന്ന ജോലിയേയുള്ളൂ . ഇത്തരം കാര്യങ്ങളൊന്നും പഠിക്കാന്‍ രാഷ്ട്രീയക്കാര്‍ പൊതുവെ മിനക്കെടാറില്ല. അവര്‍ക്കതിനുള്ള നേരവുമില്ല. നമ്മുടെ പ്രധാനമന്ത്രി ഒരു ലോകപ്രശസ്ത സാമ്പത്തീക ശാസ്ത്രജ്ഞന്‍ കൂടിയാണ് . വിവിധ തട്ടുകളിലുള്ള വിദഗ്ദന്മാരും ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപം നല്‍കിയ ഈ കരാറിനെ സംശയിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം . ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗതികേട് കൊണ്ടാണ് ഇപ്പോള്‍ ഇതൊരു വിവാദമായത് .സര്‍ക്കാരിന് സ്വന്തം നിലയില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. അത് ഭരണത്തിന് നേതൃത്വം കോണ്‍ഗ്രസ്സിന്റെ ഗതികേട് . തങ്ങളുടെ ആജന്മശത്രുവായ അമേരിക്ക ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധത്തെ ചെറുക്കാന്‍ കഴിയാത്തത് ഇടത് പക്ഷം എന്നവകാശപ്പെടുന്നവരുടെ ഗതികേട് . ഇടത് പക്ഷത്തെ കൂട്ട് പിടിച്ച് ഭരണത്തെ അട്ടിമറിച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താമെന്ന മോഹം പൂവണിയാത്തത് ബി.ജെ.പി.യുടെ ഗതികേട് . ഈ ഗതികേടുകള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടുന്നത് ഇന്ത്യയുടെ വികസന മോഹങ്ങളും ആണ് .
കരാരിനെ എതിര്‍ത്ത് ബി.ജെ.പി.യും , ഇടത് പക്ഷവും ഉന്നയിക്കുന്ന വാദമുഖങ്ങള്‍ ബാലിശമാണ് . ബി.ജെ.പി. പ്രധാനമായും പറയുന്നത് തങ്ങള്‍ അമേരിക്കക്കെതിരല്ലെന്നും എന്നാല്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന എല്ലാ കരാറുകളും പാര്‍ലമെന്റിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ബ്ബന്ധമാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് . എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അങ്ങിനെയൊരു ഭരണഘടനാഭേദഗതിക്ക് ഒരു സര്‍ക്കാരും മുതിരുകയില്ല എന്ന് ബി.ജെ.പി.ക്ക് നന്നായി അറിയാം . 1998ന് മുന്‍പ് ഇതേ ആവശ്യം ഉന്നയിക്കാറുണ്ടായിരുന്ന അവര്‍ 2004 വരെ അധികാരം കൈയാളുമ്പോള്‍ ഇതിനെ പറ്റി മൌനം പാലിച്ചു . മാത്രമല്ല അവര്‍ ഒരു പടികൂടി കടന്ന് ഞങ്ങള്‍ അധികാരത്തിയാല്‍ ആറ് മാസത്തിന് ശേഷം ഗാട്ട് കരാറില്‍ നിന്ന് പിന്‍‌മാറുമെന്നും അപ്പോള്‍ പറഞ്ഞിരുന്നു. പിന്നീട് നടന്നത് നമുക്കറിയാമല്ലോ .
ഇനി ഇടത് പക്ഷത്തിന്റെ പ്രധാന പരാതി നമ്മുടെ വിദേശനയം അമേരിക്കക്ക് പണയം വെക്കുന്നു എന്നാണ് . ഇത് അവര്‍ ഇപ്പോഴും 1990 ന് മുന്‍പുള്ള മാനസികാവസ്ഥയിലാണ് ജീവിയ്ക്കുന്നത് എന്നതിന്റെ തെളിവാണ് . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ശാക്തീകച്ചേരികളായി മാറി . ഇതില്‍ ഏതെങ്കിലും ഒരു ചേരിയുടെ കൂടെ നിലയുറപ്പിക്കാന്‍ അവികസിത രാജ്യങ്ങള്‍ നിര്‍ബ്ബന്ധിതമായി . ഈ അവസരത്തിലാണ് യൂഗോസ്ലാവ്യന്‍ പ്രസിഡണ്ടായിരുന്ന മാര്‍ഷല്‍ ടീറ്റോയുടേയും , നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു ചേരി ചേരാ പ്രസ്ഥാനം രൂപം കൊള്ളുന്നത് . ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന യൂഗോസ്ലാവ്യ, സോവിയറ്റ് ചേരിയില്‍ ചേരാതിരുന്നതിനാല്‍ അന്ന് ടീറ്റോ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വിരോധത്തിന് പാത്രമായിരുന്നു. ഇന്ത്യ സോവിയറ്റ് ചേരിയില്‍ നിലയുറപ്പിക്കണമെന്നായിരുന്നു അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വാഭാവികമായും വാദിച്ചത് . എന്നാല്‍ സോവിയറ്റ് യൂനിയനിലും മറ്റ് കി.യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലം‌പരിശായതോടെ ലോകത്ത് ശാക്തീകച്ചേരി എന്നൊന്ന് ഇല്ലാത്താവുകയും ചേരിചേരാപ്രസ്ഥാനം അപ്രസക്തമാവുകയും ചെയ്തു . യഥാര്‍ത്ഥത്തില്‍ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും സ്വദേശനയവും സ്വന്തം താല്‍പ്പര്യങ്ങളും മാത്രമേയുള്ളൂ . വിദേശനയം എന്ന ഒന്നുണ്ടെങ്കില്‍ അത് സ്വന്തം താല്‍പ്പര്യങ്ങളെ മുന്‍‌നിര്‍ത്തിയാണെന്ന് സാരം . ഇതിന് ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെയാണ് . അമേരിക്കന്‍ മൂലധനത്തിന്റെ തണലിലാണ് ചൈന മുന്നോട്ട് കുതിക്കുന്നത് . ഇന്ന് ലോകം കുറെക്കൂടുതല്‍ ജനാധിപത്യവല്‍ക്കൃതമാണ് . രാജ്യങ്ങളെ വെട്ടിപ്പിടിച്ച് സാമ്രാജ്യം വികസിപ്പിക്കലോ കോളനി സ്ഥാപിക്കലോ ഇനി നടക്കില്ല . അത്കൊണ്ട് ഒരു സാങ്കല്‍പ്പികഭയത്തിന്റെ പുറത്ത് കരാറില്‍ നിന്ന് പിന്‍‌മാറി , പ്രധാനമന്ത്രി പറഞ്ഞപോലെ നമ്മള്‍ വികസനത്തിന്റെ അവസാനത്തെ ബസ്സ് മിസ്സ് ചെയ്യേണ്ടതില്ല .

( ബാക്കി ഭാഗം നാളെ )

ചരിത്രപ്രാധാന്യമുള്ള ഒരു അഭിമുഖം !

ഇന്നലെ ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു ഞാന്‍ താങ്കളുമായി ഒരു അഭിമുഖം ആഗ്രഹിക്കുന്നു എന്ന് . ഞാന്‍ ഉടനെ സമ്മതിച്ചു . ജീവിതത്തില്‍ ആദ്യമായാണ് എന്നോട് ഒരാള്‍ ഇങ്ങിനെ ഒരഭിമുഖം ആവശ്യപ്പെടുന്നത് . അത്കൊണ്ട് ഈ അഭിമുഖം എന്നെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ളതായതിനാല്‍ റെക്കോഡ് ചെയ്യുകയും ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു .

അഭിമുഖന്‍ : ഞാന്‍ താങ്കളുടെ ബ്ലോഗ്ഗ് സ്ഥിരമായി വായിക്കുന്ന ഒരാളാണ് . താങ്കള്‍ ഒരു നിരീശ്വര വാദിയാണോ ?

ഞാന്‍ : അല്ല. ദൈവം ഒരു സങ്കല്‍പ്പമോ വിശ്വാസമോ ആണ് . ഞാന്‍ അങ്ങിനെ സങ്കല്‍പ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല .

അഭി : ദൈവം ഇല്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ ?

ഞാന്‍ : ഉണ്ട് എന്ന് പറയുന്നവര്‍ക്കാണ് തെളിയിക്കാനുള്ള ബാധ്യത . ഇല്ല എന്ന് എങ്ങിനെ തെളിയിക്കും !

അഭി : ദൈവ വിശ്വാസത്തെ താങ്കള്‍ എന്ത് കൊണ്ടാണ് എതിര്‍ക്കുന്നത് ?

ഞാന്‍ : ദൈവത്തെ വിശ്വസിക്കരുത് എന്ന് ഞാന്‍ ആരോടും പറയാറില്ല . എന്നാല്‍ വിശസിക്കാന്‍ മാത്രം ശീലിക്കുന്ന മനുഷ്യര്‍ ഒരു അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുന്നു. യുക്തിസഹമായി ചിന്തിക്കാന്‍ ശീലിക്കുക എന്ന് മാത്രമാണ് ഞാന്‍ പറയുന്നത് .

അഭി : ഏതൊരു നിരീശ്വര വാദിയും വയസ്സാവുമ്പോള്‍ ദൈവ വിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നു എന്ന് പറയുന്നുണ്ടല്ലോ . അതിനെ പറ്റി എന്ത് പറയുന്നു ?

ഞാന്‍ : അങ്ങിനെയുള്ളവര്‍ ധാരാളമുണ്ടാകാം . അത് അവര്‍ക്ക് ഒരു ശാസ്ത്രീയ വീക്ഷണം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് . എത്രയോ ആളുകള്‍ 90 വയസ്സിനപ്പുറവും നിരീശ്വരവാദം പ്രചരിപ്പിച്ചുകൊണ്ട് ജീവിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ “ കടവുള്‍ ഇല്ലൈ , ഇല്ലവേ ഇല്ലൈ , കടവുളൈ നമ്പുകിറവന്‍ മുട്ടാള്‍ “ എന്ന് അന്ത്യശ്വാസം വരെ വിളിച്ചു പറഞ്ഞിട്ടുണ്ട് . ഏ.ടി . കോവൂര്‍ മറ്റൊരു ഉദാഹരണം . ഇന്നും എത്രയോ പേരുണ്ട് . ചിലര്‍ നിരീശ്വരവാദവും വിപ്ലവവും ഒക്കെ പ്രസംഗിച്ചിട്ട് പില്‍ക്കാലത്ത് വിശ്വാസങ്ങളില്‍ അഭയം തേടുന്നുണ്ടാകാം . അത് അവരുടെ വ്യക്തിപരമായ ദൌര്‍ബ്ബല്യങ്ങളുടെ പ്രശ്നമാണ് . അവരെ ഉദാഹരണം കാട്ടി ദൈവം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നത് ശരിയല്ലല്ലോ . ദൈവം ഉണ്ട് എന്ന് പറയുന്നവര്‍ അത് സ്വന്തം നിലയില്‍ ബോധ്യപ്പെടുകയും , ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.

അഭി : താങ്കള്‍ ഒരു ഇടത് പക്ഷക്കാരനാണോ ? കമ്മ്യൂണിസ്റ്റുകാരനാണോ ?

ഞാന്‍ : ഞാന്‍ ഒരു മനുഷ്യപക്ഷക്കാരന്‍ മാത്രമാണ് . ഇടത് പക്ഷം എന്ന ഒരു വാക്ക് എങ്ങിനെയോ ഭാഷയില്‍ കടന്നു കയറി . ആ വാക്ക് ഇപ്പോഴും ഉപയോഗിക്കുന്നു എന്ന് മാത്രം . ഇന്ന് ആ വാക്കിന് യാതൊരു അര്‍ത്ഥമോ പ്രസക്തിയോ ഇല്ല . മാര്‍ക്സിസം ഞാന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് . അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു . എന്നാല്‍ എനിക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിഞ്ഞിട്ടില്ല . അതിന്റെ ഒരു പ്രധാന കാരണം അവരുടെ ആക്രമണോത്സുകതയായിരുന്നു . അതിനു ശേഷം ഞാന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും , അതിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ചും വിശദമായി പഠിച്ചപ്പോള്‍ ലെനിനിസം , മാര്‍ക്സിസത്തിന്റെ തന്നെ വിപരീതമായ ഒരു പുനരാവിഷ്ക്കാരമാണെന്ന് മനസ്സിലാക്കി . ലെനിനെ എതിര്‍ത്തവരെയെല്ലാം റിവിഷനിസ്റ്റുകള്‍ എന്ന് മുദ്രകുത്തി നിര്‍ദ്ദയം കൊന്നൊടുക്കി . അത്തരത്തില്‍ നാട് കടത്തപ്പെട്ടിട്ടും പിന്‍‌തുടര്‍ന്ന് വധിക്കപ്പെട്ട മഹാനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു ട്രോട്സ്കി . ലെനിന്‍ തുടങ്ങി വെച്ച് സ്റ്റാലിന്‍ വികസിപ്പിച്ച വികൃതവും ഭീകരവുമായ ഒരു തിയറിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടര്‍ന്നത് . ആദ്യകാലത്ത് കമ്മ്യൂണിസം സര്‍വ്വരാലും ആകര്‍ഷിക്കപ്പെട്ടിരുന്നു. ജവഹര്‍ലാല്‍ , ജയപ്രകാശ് നാരായണന്‍ , ലോഹ്യ തുടങ്ങി നിരവധി നേതാക്കള്‍ . എന്നാല്‍ ലെനിനിസത്തിന്റെ അക്രമണപരതയും , സര്‍വ്വാധികാര ശൈലിയും അവരെയെല്ലാം കമ്മ്യൂണിസത്തില്‍ നിന്ന് അകറ്റി . ഇന്ന് ലെനിനിസം കാലഹരണപ്പെട്ടു . ആ സിദ്ധാന്തം ഇനി ആരാലും ആകര്‍ഷിക്കപ്പെടുകയില്ലെന്ന് മാത്രമല്ല , ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയപരിപാടികളില്‍ പറയുന്ന പോലെയുള്ള ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഇനി ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും സംഭവിക്കുകയുമില്ല . ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയില്‍ ആ പാര്‍ട്ടികളെ വെറുക്കുകയും ചെയ്യുന്നു .

അഭി : അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭാവിയില്ല എന്നാണോ പറയുന്നത് ?

ഞാന്‍ : ശോഭനമായ ഭാവിയുണ്ട് , എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യവുമുണ്ട് . പക്ഷെ അവര്‍ അവരുടെ ഭരണഘടനയും നയവും പരിപാടിയും എല്ലാം പൊളിച്ചെഴുതണം . മുന്‍‌വിധികള്‍ ഉപേക്ഷിക്കണം , സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ മാറ്റിവെക്കണം , മാറി വരുന്ന ലോക പരിസ്ഥിതികള്‍ക്കനുസൃതമായി ഏകലോക വീക്ഷണവും ജനാധിപത്യശൈലിയും അംഗീകരിക്കണം . അതിന് ഇന്നുള്ള നേതാക്കള്‍ക്ക് കഴിയില്ല . റഷ്യയിലും മറ്റു കി.യൂറോപ്പുകളിലുമുള്ള കമ്മ്യു:പാര്‍ട്ടികള്‍ക്ക് , ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് മാറിവാരാനുള്ള നിര്‍ബ്ബന്ധിത സാഹചര്യം ഉണ്ടായ പോലെ ഇന്ത്യയിലുണ്ടാവുകയില്ല. സ്വമേധയാ മാറാന്‍ ഒരു സംഘടനക്കും കഴിയുകയുമില്ല . അത്കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി ഇനിയും ഇല്ലാത്താവാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത് .

അഭി : അപ്പോള്‍ താങ്കള്‍ ഒരു കോണ്‍ഗ്രസ്സുകാരനാണോ ?

ഞാന്‍ : ഒരാള്‍ ഒരു പാര്‍ട്ടിക്കാരനായേ പറ്റൂ എന്ന മുന്‍‌വിധിയില്‍ നിന്നാണ് ഈ ചോദ്യം ഉയരുന്നത് . ഇന്ത്യയുടെ ആത്മാവ് ആവാഹിച്ചെടുത്ത ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന് ആലങ്കാരിക ശൈലിയില്‍ പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃപേടകമാണ് കോണ്‍ഗ്രസ്സ് . ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെറ്റി പിരിഞ്ഞ് പലരും പല പാര്‍ട്ടികളുണ്ടാക്കി . കോണ്‍ഗ്രസ്സിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് എല്ലാ പാര്‍ട്ടികളും ഇവിടെ വളര്‍ന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഈ ജനാധിപത്യ സ്വാതന്ത്ര്യവും , പുരോഗതിയുമുണ്ടാവാന്‍ കോണ്‍ഗ്രസ്സാണ് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഇന്ത്യയില്‍ മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായേനേ . ജനസംഘത്തിനാണ് മുന്‍‌തൂക്കമായിരുന്നെങ്കില്‍ ഒരു ഹിന്ദു രാഷ്ട്രമായി ഇന്നത്തെ പാകിസ്ഥാനേക്കാള്‍ മോശമായേനേ . അല്ല , ഇന്നുള്ള പോലെ പ്രാദേശിക കക്ഷികള്‍ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഛിന്നഭിന്നമായി കൊച്ചു കൊച്ചു രാജ്യങ്ങളായി ചിതറിത്തെറിച്ചേനേ ! എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ചില നടപകളിലൂടെ അതായത് മുഴുവന്‍ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള കുത്സിതശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സ് ഒരു സ്തുതിപാഠക വൃന്ദമായി അധ:പതിച്ചു . എന്നാലും കോണ്‍ഗ്രസ്സ് എത്ര ദുഷിച്ചാലും , കോണ്‍ഗ്രസ്സിനേക്കാളും മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഞാന്‍ കരുതുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഞാന്‍ എന്തിന് ഒരു കോണ്‍ഗ്രസ്സുകാരനാവണം ? നിലവില്‍ വിശ്വപൌരത്വം കൊതിക്കുന്ന ഒരു ഇന്‍ഡ്യന്‍ പൌരന്‍ മാത്രമാണ് ഞാന്‍ . തെരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യുന്നു . ഒരു നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്തെങ്കില്‍ എന്ന് വൃഥാ ആഗ്രഹിക്കുകയും ചെയ്യുന്നു . കാരണം ഞാന്‍ ഒരു ഭൌതീക വാദിയാണെന്നത് തന്നെ !

(ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങള്‍ നാളെ )

പുതിയ രാഷ്ട്രീയ നേതൃത്വം വേണം !

മന്ദാരം എന്ന ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ ഞാനുമായി ഒരു അഭിമുഖം നടന്നു വരികയാണ് . ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഒരു ബ്ലോഗ്കാസ്റ്റായി പോസ്റ്റ് ചെയ്തിരുന്നത് . ഇന്നത്തെ അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ഇവിടെ പോസ്റ്റ് ചെയ്യുന്നു .

അഡ്വ.അനില്‍ ഐക്കര : വളരെ നന്ദി സുകുമാരേട്ടാ, സെകുലര്‍ ഹ്യൂമനിസം വളരെ നല്ല ഒരു ആശയം തന്നെ.
പഠിക്കുവാന്‍ ലിങ്കുകള്‍ നല്‍കിയതു വളരെ ഉപകരിച്ചു.?(യഥാര്‍ത്ഥത്തില്‍ ഈ ദര്‍ശനത്തിന്റെ വിത്തുകള്‍ നമ്മുടെ ഉപനിഷത്തുകളില്‍ ഉണ്ട്‌ കേട്ടോ.)

ഹ്യൂമനിസത്തെ നമുക്ക്‌ മാനവികത എനു വിളിക്കാമല്ലോ?ഒരു തരം വിശ്വ മാനവ വാദം തന്നെയല്ലേ ഇത്‌? നമുക്കിതിനെ മാനവദര്‍ശനം എന്നു വിളിക്കരുതോ?
സര്‍വ്വ മാനവ ദര്‍ശനം എന്നാണോ നല്ലത്‌?ഗാന്ധിസവും ഉപനിഷത്‌ ദര്‍ശനങ്ങളും,മാര്‍ക്സിസവും ചേര്‍ത്ത്‌ നമുക്കൊരു പുതിയ ദര്‍ശനം ലോകത്തിനു നല്‍കിക്കൂടെ?

ഞാന്‍ :
അനില്‍ .. വേദങ്ങള്‍ , ഉപനിഷത്തുക്കള്‍ തുടങ്ങി ബൈബിള്‍ ഖുറാന്‍ മുതലുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും സാരോപദേശങ്ങള്‍ മനുഷ്യനന്മയെയും , മാനവീക മൂല്യങ്ങളെയും അടിസ്ഥാനപ്പെടുത്തി തന്നെയാണ് . ദര്‍ശനങ്ങള്‍ക്കൊന്നും നിലവില്‍ പഞ്ഞമില്ല . എന്നാല്‍ മാര്‍കിസസവും , സെക്യുലര്‍ ഹ്യുമാനിസവും മറ്റും ഭൌതീക വാദത്തെ ആധാരമാക്കിയുള്ളതാണ് . ഭൌതീകേതരമായ ഒരു സൂപ്പര്‍ പവ്വര്‍ ആ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്നില്ല . മനുഷ്യന്‍ അവന്റെ ജീവിതം സ്വയം തീരുമാനിക്കുന്നു എന്നതാണ് ഭൌതീക വാദത്തിന്റെ കാതല്‍ . ഇത് മത ദര്‍ശനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണല്ലോ . മതത്തിന്റെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ മനുഷ്യന് അവനവന്റെ കാര്യത്തില്‍ പോലും റോള്‍ ഒന്നുമില്ല. എല്ലാം മുന്‍‌കൂട്ടി തീര്‍ച്ചപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ എല്ലാം ഒരു ശക്തി നിയന്ത്രിക്കുന്നു . മനുഷ്യന്‍ അവന്റെയും സമൂഹത്തിന്റെയും, വര്‍ത്തമാനവും ഭാവിയും സ്വയമായും കൂട്ടായും ചിന്തിച്ചു രൂപപ്പെടുത്തണമെന്ന് ഭൌതീക വാദികള്‍ വിചാരിക്കുന്നു.

നമുക്ക് വര്‍ത്തമാന കാല സമൂഹ്യ-സാമ്പത്തീക-രാഷ്ട്രീയ യാഥര്‍ത്ഥ്യങ്ങള്‍ വസ്തു നിഷ്ടമായി വിശകലനം ചെയ്യാം . ഇന്‍ഡ്യ എന്തുകൊണ്ടും പുരോഗതിയുടെ പാതയിലാണ് . ഒരു വന്‍ സാമ്പത്തീക ശക്തിയായി മുന്നോട്ട് കുതിക്കുന്നു, ശാസ്ത്ര-സാങ്കേതിക രംഗം അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൊയ്യുന്നു . അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഇന്‍ഡ്യ തിളങ്ങിയേനേ ! എന്നാല്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദവും , ജീര്‍ണ്ണിച്ച് ജരാനര ബാധിച്ച രാഷ്ട്രീയ നേതൃത്വങ്ങളും , ലാഭക്കൊതി മാത്രമുള്ള മുതലാളിത്തവും , പൌരബോധം തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത ജനതയും ഇന്‍ഡ്യയുടെ സമകാല ശാപമായി ഈ തിളക്കങ്ങള്‍ കെടുത്തുന്നു . അതുകൊണ്ട് ആര്‍ജ്ജവമുള്ള ഒരു പുത്തന്‍ രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ അടിയന്തിരമായ ആവശ്യം !

ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന് ചിന്തിക്കുന്നവരുടെ മുന്നിലുള്ള ചരിത്രപരമായ കടമ ! നിലവിലുള്ള സകലമാന നേതാക്കളെയും നിരാകരിച്ചു കൊണ്ട് ; ആത്മാര്‍തയും , സ്ഥാന മോഹമില്ലായമയും , അര്‍പ്പണ ബോധവും , സേവനസന്നദ്ധതയും , കാര്യപ്രാപ്തിയും , വിദ്ധ്യാഭ്യാസവും , ശാസ്ത്രീയമായ ലോക വീക്ഷണവുമുള്ള യുവതലമുറയാണ് ഇതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് . പ്രായമായവര്‍ ഇവര്‍ക്ക് വഴികാട്ടുകയും വേണം ! വേറെ ഒരു വഴി ഞാന്‍ കാണുന്നില്ല .