Links

Showing posts with label കമ്മ്യൂണിസം. Show all posts
Showing posts with label കമ്മ്യൂണിസം. Show all posts

കമ്മ്യൂണിസ്റ്റ് വിരോധികളാവുക !

എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത്? കാരണം മനുഷ്യരാശിക്ക് ഇത്രയും മാരകമായ മറ്റൊരു സിദ്ധാന്തം ലോകത്ത് ഇത്‌വരെയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത്കൊണ്ട് തന്നെ. മനുഷ്യസ്നേഹവും പൗരാവകാശബോധവും ജനാധിപത്യവിശ്വാസവും കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്. ഇവയ്ക്കെല്ലാം എതിരാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യസ്നേഹം ഇല്ല, പൗരാവകാശങ്ങൾ ഇല്ല, ജനാധിപത്യം തീരെയില്ല. കമ്മ്യൂണിസ്റ്റുകൾക്ക് സ്നേഹമുള്ളത് പാർട്ടിയോട് മാത്രം, പാർട്ടി നേതാക്കളോട് മാത്രം. എല്ലാ മനുഷ്യരും പാർട്ടിക്ക് വേണ്ടിയുള്ള ഉപകരണമാണു എന്നതാണു കമ്മ്യൂണിസം. വ്യക്തികൾക്ക് ഒരവകാശവും വേണ്ട. പാർട്ടി ഉണ്ടായാൽ മതി. പാർട്ടിക്ക് വേണ്ടി ആരെയും കൊല്ലാം. സ്വന്തം അച്ഛനായാലും അമ്മയായാലും മകനായാലും പാർട്ടി കൊല്ലണം എന്ന് വിധിച്ചാൽ കൊല്ലണം.

കമ്മ്യൂണിസം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ഏതെങ്കിലും ജനങ്ങളോ ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഇല്ല. കുറെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റുകൾ ഭരിച്ചല്ലൊ. അവിടെയൊക്കെ ജനങ്ങൾ സഹികെട്ട് കമ്മ്യൂണിസ്റ്റ് ഭരണക്കാരെ ചവുട്ടി പുറത്താക്കി. ഓരോ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും ക്രൂരതയ്ക്ക് കൈയും കാലും വെച്ച രാക്ഷസീയരൂപങ്ങളായിരുന്നു. പാർട്ടിക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാർ കൊന്നൊടുക്കിയ പൗരജനങ്ങൾക്ക് കൈയും കണക്കുമില്ല. സോവിയറ്റ് യൂനിയൻ തകർന്ന് അവിടെ ജനാധിപത്യസർക്കാർ നിലവിൽ വന്നപ്പോൾ മൊത്തമായി കുഴിച്ചിടപ്പെട്ട നിലയിൽ പതിനായിരക്കണക്കിനു തലയോട്ടികളാണു കണ്ടെടുക്കപ്പെട്ടത്. കമ്പോഡിയയിൽ പോൾപോട്ടിന്റെ ഇഷ്ടവിനോദം തന്നെ മനുഷ്യക്കശാപ്പ് ആയിരുന്നു. കമ്മ്യൂണിസ്റ്റുകൾ നടത്തിയ മനുഷ്യക്കുരുതിക്ക് ചരിത്രത്തിൽ സമാനതകളില്ല. അത്കൊണ്ടാണു പറയുന്നത് ഇത്രയും മനുഷ്യവിരുദ്ധവും കാട്ടാളത്തപരവും ആയ സിദ്ധാന്തം വേറെയില്ല.

എന്ത്കൊണ്ട് കമ്മ്യൂണിസം ഇത്രയും ക്രൂരമായി? കുറ്റം കാൾ മാർക്സിന്റേതല്ല. മനസ്സിലാക്കിയേടത്തോളം കാൾ മാർക്സ് മഹാനായ ചിന്തകനായിരുന്നു. മാർക്സിന്റെ സിദ്ധാന്തത്തിനു പ്രായോഗികരൂപം നൽകിയത് ലെനിൻ ആയിരുന്നു. ലെനിൻ മാർക്സിസത്തെ കുഴിച്ചുമൂടി. എന്നിട്ട് തന്റേതായ ഒരു ഇസം സംഭാവന ചെയ്തു. അതാണു മാർക്സിസം-ലെനിനിസം. കമ്മ്യൂണിസ്റ്റല്ലാത്ത ആരെയും ഭൂമുഖത്ത് വെച്ചിരിക്കരുത് എന്ന് മാർക്സിസം-ലെനിനിസം സിദ്ധാന്തിക്കുന്നു. അത്കൊണ്ടാണു കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകാരല്ലാത്തവർ ആരെയും ജീവിയ്ക്കാൻ അനുവദിക്കാത്തത്. കമ്മ്യൂണിസത്തിനെതിരായി ഒരു വാക്ക് ഉരിയാടിയാൽ പിറ്റേന്ന് കഴുത്തിന്റെ മേൽ തല കാണുകയില്ല. പഴയ സോവിയറ്റ് യൂനിയനിൽ മൂന്നിൽ ഒരാൾ കെ.ജി.ബി.യുടെ ഇൻഫോർമർ ആയിരുന്നു. ആർക്കും പരസ്പരം അറിയില്ല. ആരെങ്കിലും പാർട്ടിക്കും സർക്കാരിനും എതിരെ മിണ്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു അവരുടെ ജോലി. ചൈനയിൽ ഇപ്പോൾ അവിടത്തെ ഓരോ പൗരനും സദാ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണു. ടിയാനൻമെൻ സ്ക്വയറിൽ ജനാധിപത്യപ്രക്ഷോഭം നടന്നതിനുശേഷമാണു പൗരനിരീക്ഷണം ഇത്രയും കർക്കശമാക്കിയത്.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് ഒരുഗതിയും പരഗതിയും ഇല്ല. എന്നിട്ടും പശ്ചിമ ബംഗാളിൽ എന്താണു ചെയ്തത്? അവിടെ രാഷ്ട്രീയപ്രതിയോഗികളെ ജീവനോടെ കുഴിയിലിട്ട് ഉപ്പും ചേർത്ത് മൂടുക എന്ന പുത്തൻ ഉന്മൂലനമാണു നടപ്പാക്കിയത്. ആട്ടെ, 34 കൊല്ലം ബംഗാളിൽ ഭരണം നടത്തിയിട്ട് ഏതെങ്കിലും ഒരു സിംഗിൾ ബംഗാളിക്ക് ഗുണം കിട്ടിയോ? ആകെ ചെയ്തത് കുറെ ബംഗ്ലാദേശികളെ പിടിച്ച് വോട്ടും റേഷൻ കാർഡും ഉണ്ടാക്കിക്കൊടുത്തു എന്നതാണു. അവരുടെ വോട്ടും കള്ളവോട്ടും കൊണ്ടാണു 34കൊല്ലം ഭരിച്ചത്. ഒരാൾക്കും ഗുണവും ഇല്ല. ഗുണമെല്ലാം പാർട്ടിക്ക്. പാർട്ടിയെക്കൊണ്ടുള്ള ഗുണം നേതാക്കൾക്ക്. ഒടുവിൽ ബംഗാളികൾക്ക് വിവരം വെച്ചപ്പോൾ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഇപ്പോൾ അവിടെ അടി കിട്ടും. അത്രയ്ക്കാണു ജനം അവിടെ സഹിച്ചത്.

കേരളത്തിൽ ഇക്കാണുന്ന എല്ലാം ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റുകാരാണു എന്ന് ഒരു പ്രചാരണമുണ്ട്. എത്രയോ സാമൂഹ്യപരിഷ്ക്കർത്താക്കളാണു ആധുനികകേരളത്തിനു രൂപം നൽകിയത്. അക്കൂട്ടത്തിൽ ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരൻ പോലുമില്ല. സായുധവിപ്ലവത്തിനു ആഹ്വാനം ചെയ്തതിനെ തുടർന്ന് 1948മുതൽ രണ്ട് വർഷക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നു. ആ സമയത്ത് കമ്മ്യൂണിസ്റ്റുകൾ കുറെ പോലീസ് വേട്ടയാടലിനു വിധേയരായി. ആ സിമ്പതി കൊണ്ടാണു കേരളത്തിൽ കമ്മ്യൂണിസം പച്ചപിടിച്ചത്. മറ്റൊരു കാരണം അന്നത്തെ ദാരിദ്ര്യവും പട്ടിണിയും ആയിരുന്നു. പാവങ്ങളുടെ പാർട്ടിയാണു കമ്മ്യൂണിസ്റ്റ് എന്ന പ്രചാരണം നല്ല പോലെ ജനങ്ങളിൽ ഏശി.

1957ൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർട്ടിയുടെ കീഴിൽ സെൽ ഭരണമാണു നടപ്പാക്കിയത്. ഉദ്യോഗസ്ഥന്മാർക്ക് പാർട്ടി മെമ്പർമാർ ഉത്തരവുകളും നിർദ്ദേശവും നൽകി. ഒടുവിൽ സഹികെട്ട് ജനങ്ങൾ വിമോചനത്തിനായി തെരുവിൽ ഇറങ്ങി. ജനാധിപത്യത്തിനു വേണ്ടി കേരളജനത നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1959ലെ വിമോചനസമരം. ആ സമരം വിജയിച്ചത് ജനങ്ങളുടെ വിജയമായി എന്ന് മാത്രമല്ല, ഇന്ന് നാം കാണുന്ന ജനാധിപത്യകേരളം തന്നെ ആ സമരവിജയത്തിൽ പിറന്നതാണു.

പറഞ്ഞുവന്നത് , അരിയാഹാരം കഴിക്കുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം. നമുക്ക് എല്ലാവർക്കും എല്ലാ പാർട്ടിക്കാർക്കും എല്ലാ മതക്കാർക്കും പൗരാവകാശവും ജനാധിപത്യവും വേണം. അത്കൊണ്ട് എല്ലാ ജനാധിപത്യവാദികളുടെയും പൊതുശത്രുവാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസ്റ്റുകാർക്ക് സൂര്യനു താഴെയുള്ള സകലതിനെയും വിരോധിക്കാം. എന്നാൽ കമ്മ്യൂണിസ്റ്റുകാരോട് നമുക്ക് വിരോധം തോന്നരുത് പോലും. എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത് എന്ന് അവർ ആലോചിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ അക്രമം, മനുഷ്യക്കുരുതി, പൗരാവകാശനിഷേധം, റൗഡിസം, അഹന്ത , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവരും അല്പമെങ്കിലും സ്വാഭിമാനവും ഉള്ളവർ ആരായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആയിപ്പോകും. ലോകം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൂടെയാണു. അത്കൊണ്ടാണു ലോകത്ത് നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കപ്പെടുന്നത്.

അങ്ങനെ ശശി ഒരു വഴിക്കായി

യഥാര്‍ഥത്തില്‍ ശശിക്ക് എന്താണ്  സംഭവിച്ചത്?  ശശിയെക്കുറിച്ച് ആരോപണങ്ങളും പരാതിയുമുണ്ടെന്ന് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്ന ഉടനെ പതിവ് പോലെ പാര്‍ട്ടി അത് നിഷേധിച്ചു.  മാധ്യമങ്ങള്‍ക്ക് ചവയ്ക്കാന്‍ കിട്ടിയ അവല്‍ ആണ് ശശിയുടെ പേരില്‍ ഉണ്ടെന്ന് പറയുന്ന പരാതി എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.  അങ്ങനെ പരാതി ഉണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു.  ശശിക്ക്  ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളത്കൊണ്ട് അവധിക്ക് അപേക്ഷിച്ചെന്നും , അവധി അനുവദിക്കപ്പെട്ടെന്നും കോയമ്പത്തൂരില്‍ ചികിത്സയ്ക്ക് പോയെന്നും പിന്നീട് അറിയിപ്പ് വന്നു.  ചികിത്സ കഴിഞ്ഞുവന്നാല്‍ സെക്രട്ടരി സ്ഥാനത്ത് തിരികെ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ ശശിയുടെ ഗതി അന്നേ എല്ലാവര്‍ക്കും മനസ്സിലായിരുന്നു.  ഇതിനിടയില്‍ ശശിക്കെതിരെയുള്ള പരാതി എന്താണെന്ന് കേരളം മുഴുക്കെ അറിഞ്ഞിരുന്നു. അതിന്റെ തെളിവാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനം.  എന്നിട്ടും പാര്‍ട്ടി പരാതിയൊന്നുമില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു.

പിന്നെയാണ്  കുറെ കാത്തിരുന്ന ശേഷം വി.എസ്സ്. വെടി പൊട്ടിച്ചത്.  ശശിക്കെതിരെ പരാതിയുണ്ടെന്നും , അന്വേഷണക്കമ്മീഷന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റിസല്‍ട്ട് ഉണ്ടാകുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അപ്പോള്‍ പാര്‍ട്ടിക്കും ആര്‍ജ്ജവം കിട്ടി.  പരാതിയുടെയും അന്വേഷണക്കമ്മീഷന്റെയും നിജസ്ഥിതി സ്ഥിരീകരിക്കപ്പെട്ടു.  ഇതിനിടയില്‍  വി.എസ്സിന്റെ ഒരു പ്രയോഗം  ഏറെ ശ്രദ്ധിക്കപ്പെട്ടു. കോയമ്പത്തൂരില്‍  ഏത് സൂക്കേടിനും ചികിത്സ ഉണ്ടല്ലോ എന്നായിരുന്നു വി.എസ്സിന്റെ പരിഹാസം.  അതോടുകൂടി ആരോപണവും പരാതിയും എന്തെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാതായി.

അങ്ങനെയിരിക്കുമ്പോഴാണ് ശശി സംസ്ഥാനക്കമ്മറ്റിക്കും പാര്‍ട്ടി സെക്രട്ടരിക്കും കത്തയച്ചിരിക്കുന്നു എന്ന് പത്രങ്ങളില്‍ വാര്‍ത്ത വരുന്നത്. അല്ലെങ്കില്‍ തന്നെ കുറെയായി  സി.പി.എമ്മിന്റെ കാര്യങ്ങള്‍ ആദ്യം പത്രങ്ങളിലാണ് വരുന്നത്.  പിന്നെയാണ് പാര്‍ട്ടിക്കമ്മറ്റികള്‍ പോലും അറിയുന്നത്.  എങ്ങനെയാണ് അവയൊക്കെ പത്രങ്ങള്‍ക്ക് കിട്ടുന്നത് എന്നതിനെ പറ്റി ഒരു ചുക്കും ആര്‍ക്കും മനസ്സിലാകുന്നുമില്ല.  കത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കത്തിനെ പറ്റി ഒന്നുമറിയില്ല എന്നാണ് പാര്‍ട്ടി സെക്രട്ടരി പ്രതികരിച്ചെങ്കിലും  പിറ്റേന്നത്തെ പത്രത്തില്‍ കത്തിന്റെ പൂര്‍ണ്ണരൂപം തന്നെ അച്ചടിച്ചു വന്നു.  സി.പി.എം. എന്ന പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അതിന്റെ  സഹയാത്രികര്‍ ഗൌരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  വി.എസ്സ്. പാര്‍ട്ടിക്കാര്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയുന്നു എന്ന് ഓരോ ദിവസവും പി.ബി.ക്ക് പരാതി പോകുന്നു എന്ന വാര്‍ത്തയും പത്രങ്ങളില്‍ കാണാറുണ്ട്. അതും പത്രങ്ങള്‍ അറിയുന്നു. എന്തൊരത്ഭുതം!  പാര്‍ട്ടി സെക്രട്ടരിക്ക് അയച്ച കത്ത് പത്രങ്ങള്‍ക്ക് നല്‍കിയതിന്റെ ഫോട്ടോസ്റ്റാറ്റ് ആണോ എന്ന് അതിശയിപ്പിക്കും വിധമാണ് കത്തുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ കത്തുകള്‍ പത്രങ്ങള്‍ക്ക് ആര് നല്‍കി? ശശി തന്നെയാണ് അത് പത്രങ്ങള്‍ക്ക് നല്‍കിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

കത്തിലെ ഉള്ളടക്കം വായിച്ചാല്‍ ഏത് കഠിനഹൃദയന്റെയും  മനസ്സ് അലിഞ്ഞുപോകും.  ഗുരുതരമായ അവസ്ഥയിലാണ് അദ്ദേഹം എന്നാണ് കത്തില്‍ കാണുന്നത്.  ഇനിയും ചികിത്സിക്കണമത്രെ. ഒരുപാട് സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണ് ചികിത്സ.  പത്ത് ലക്ഷം ഇതിനകം കടക്കാരനായി. പാര്‍ട്ടി ഒരുപാട് സഹായിച്ചു. ഇനിയും സാമ്പത്തികഭാ‍രം പാര്‍ട്ടിയുടെ മേല്‍ കെട്ടി വെച്ചു  പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കാന്‍ മന:സാക്ഷി സമ്മതിക്കുന്നില്ല.  കടക്കാരനാണെങ്കിലും ചികിത്സയ്ക്കുള്ള വിഭവം സ്വന്തമായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. അത്കൊണ്ട് എന്നെ എല്ല്ലാ പാര്‍ട്ടിച്ചുമതലകളില്‍ നിന്നും ഒഴിവാക്കിത്തരണം.  ഇങ്ങനെ പോകുന്നു ആവലാതികള്‍.  ഇതിന്റെയിടയില്‍  അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാനും കത്തിലൂടെ ശ്രമിച്ചു.  അത് കേട്ട് മുഖ്യമന്ത്രിക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ?  നിയമസഭയില്‍ ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ,  പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്നത് കണ്ടോ എന്ന് ആഞ്ഞടിക്കുകയും ചെയ്തു.  ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അതോടെ തീര്‍ന്നിരിക്കും.

പി.ശശിക്ക്  പാര്‍ട്ടിയുടെ ചട്ടക്കൂടും  ഭരണഘടനയും അറിയാതിരിക്കാന്‍ ന്യായമില്ല.  പാര്‍ട്ടിയില്‍ നിന്ന് ആര്‍ക്കും രാജി വയ്ക്കാന്‍ കഴിയില്ല. സത്യത്തില്‍  ന്യായവും നീതിയുമില്ലാത ഒരു തരം മാഫിയ വകുപ്പ് ആണത്.  ഏതൊരാള്‍ക്കും ഏത് സംഘടനയില്‍ ചേരാനും സ്വയം രാജി വെച്ചു പോകാനും കഴിയേണ്ടതാണ്.  രാജി വെക്കാന്‍ പറ്റില്ല, വേണമെങ്കില്‍ പുറത്താക്കാം എന്ന വകുപ്പ് കൊള്ളക്കൂട്ടങ്ങള്‍ക്ക് മാത്രം ചേര്‍ന്നതാണ്.  ജനകീയപ്രസ്ഥാനങ്ങള്‍ക്ക് പറ്റിയതല്ല.  ഒരുപക്ഷെ സായുധരായ വിപ്ലവസംഘടന എന്ന നിലയിലായിരിക്കാം ആ വകുപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ കയറി പറ്റിയത്.  യുദ്ധരംഗത്ത് നിന്ന് ആ‍രും രാജി വെച്ചു ഒഴിഞ്ഞു പോകരുതല്ലൊ.  ഇക്കാലത്ത് എന്ത് വിപ്ലവം,  എന്ത് സായുധസമരം?  പാര്‍ട്ടി അടിമുടി മറ്റ് ജനാധിപത്യപാര്‍ട്ടികളെ പോലെയായി.  എന്നിട്ടും പഴയ സായുധ വിപ്ലവപാര്‍ട്ടിയുടെ ചട്ടക്കൂടുകളാണ് ഇപ്പോഴും യാന്ത്രികമായി പിന്തുടരുന്നത്.

അത് ശരി, പാര്‍ട്ടി എന്ത് ചെയ്യണമെന്നായിരുന്നു ശശി പ്രതീക്ഷിച്ചത്?  കത്ത് വായിച്ചിട്ട് അതില്‍ പറഞ്ഞ പോലെ നിരുപാധികമായി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിക്കൊടുക്കണമെന്നോ?  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതി വെച്ചിട്ടുണ്ടാവും അല്ലെ.  അങ്ങനെയെങ്കില്‍ കത്ത് പാര്‍ട്ടിക്കും വേണമെങ്കില്‍ സെക്രട്ടരിക്കും കൊടുത്തയച്ചു മിണ്ടാതിരിക്കുകയല്ലെ വേണ്ടിയിരുന്നത്.  പാര്‍ട്ടിക്കയച്ച കത്ത് ഫാക്സായി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പേ കണ്ണൂരിലെ പത്രക്കാര്‍ക്ക് കിട്ടിയല്ലോ.  കോപ്പികള്‍ പ്രസ്സ് ക്ലബ്ബില്‍ ഏല്‍പ്പിച്ചിട്ടാണോ ഫാക്സ് അയക്കാന്‍ പോയത്?  അച്യുതാനന്ദനെതിരെ ആരോപണം ഉന്നയിച്ച് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്തിന്?  വിനാശകാലേ വിപരീത ബുദ്ധി, അല്ലേ?

കത്ത് പത്രങ്ങള്‍ക്ക് കൊടുത്തത് തെറ്റ് എന്ന്  അവയലബിള്‍ സെക്രട്ടരിയേറ്റ് വിലയിരുത്തി എന്ന് വൈകുന്നേരത്തെ പത്രത്തില്‍ കാണാന്‍ കഴിഞ്ഞു.  ഇനി ശശിയെ പുറത്താക്കുക എന്നത് മാത്രമേ ഭരണ ഘടന പ്രകാരം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുകയുള്ളൂ.  അതാകട്ടെ വി.എസ്സിന് വ്യക്തിപരമായി ഉജ്ജ്വലവിജയവുമായിരിക്കും.  ഒറ്റയാള്‍ പട്ടാളമായി ഒരു പ്രസ്ഥാനത്തിന്റെ തെറ്റുകള്‍ക്കെതിരെ നിലകൊണ്ട ഒരു പഴയ കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ണ്ണായകമായ വിജയം. എന്തെന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്  കണ്ണൂര്‍മുഖം രൂപപ്പെടുത്തുന്നതിലും പാര്‍ട്ടിയുടെ നിയന്ത്രണം കണ്ണൂര്‍ ലോബിയുടെ കൈകളില്‍ അമരുന്നതിനും  മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ശശി. ആ ശശി പുറത്താക്കപ്പെടുക എന്ന് വന്നാല്‍ അത് കണ്ണൂര്‍ ലോബിയെ ദുര്‍ബ്ബലമാക്കും.  അച്യുതാനന്ദന്‍ കൂടുതല്‍ ശക്തിമാനാകും. ശശിക്കെതിരെയുള്ള പരാതിയും  അന്വേഷണക്കമ്മീഷനും എല്ലാം  എവിടെയുമെത്താതെ വിസ്മരിക്കപ്പെട്ടാലും  പാര്‍ട്ടി അകപ്പെട്ട ജീര്‍ണ്ണത , ചിന്തിക്കുന്ന മാര്‍ക്സിസ്റ്റ് സഹയാത്രികരെ അലോസരപ്പെടുത്തുക തന്നെ ചെയ്യും.

അത്രയെയുള്ളൂ , അതിനപ്പുറമൊന്നും സംഭവിക്കാനില്ല.   രാഷ്ട്രീയവും നമ്മുടെ പൊതുബോധവുമെല്ലാം  ക്രമേണ മോശമായി വരികയാണ്.  ഇക്കാലഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രം കരക്റ്റ് ആയിരിക്കണം എന്ന്  പ്രതീക്ഷിക്കാന്‍ അവര്‍ക്ക് തന്നെ അവകാശമില്ല.  ലോകത്ത് പല സംഭവങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യം എത്രയോ ഭേദം എന്നാണ് തോന്നുന്നത്.  ഒന്നുമില്ലെങ്കില്‍ ഇവിടെ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടല്ലൊ.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ ജീര്‍ണ്ണതകളെ ഇനി മറികടക്കാനാവില്ല.  എന്തെന്നാല്‍  കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ദേശീ‍യ നേതാക്കള്‍ ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ കുറവാണ്.  പ്രകാശ് കാരാട്ടും പിണറായി സഖാവും  നേതൃത്വം വഹിക്കുന്ന പ്രസ്ഥാനം എന്ന് പറഞ്ഞാല്‍ തന്നെ  എന്ത് പ്രതീക്ഷിക്കാനാണ്.  ഒരേ അച്ചില്‍ വാര്‍ത്ത പോലെയാണ്  സഖാക്കള്‍  ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  കമ്യൂണിസ്റ്റുകാ‍രായാല്‍  സ്വന്തമായി ചിന്തിക്കാനും അത് തുറന്ന് സംസാരിക്കാനും പാടില്ലേ?   അങ്ങനെയാകുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് ആകില്ലേ എന്ന് എന്നോട് ആരോ ചോദിച്ചിട്ടുണ്ട്.  ഇപ്പോഴത്തെ പോലെ കോണ്‍ഗ്രസ്സ് ആകാതിരുന്നിട്ട്  എന്താണ് നേട്ടം എന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. ഒരു പക്ഷെ നല്ല കോണ്‍ഗ്രസ്സ് ആയാലോ , നല്ലതല്ലേ എന്ന എന്റെ മറുചോദ്യം അയാള്‍ക്ക് മനസ്സിലായതുമില്ല. 

കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി

ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ചൈനയിലെ സ്വതന്ത്രചിന്തകനും കവിയും എഴുത്തുകാരനുമായ പ്രൊഫസ്സര്‍ ലിയു സിയാബോയ്ക്ക് ലഭിച്ചതില്‍ ചൈനയെ കൂടാതെ പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. എന്ത്കൊണ്ടാണ് പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചത്? ചൈനയെ തൃപ്തിപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശമേയുള്ളു അതില്‍ .  പാക്കിസ്ഥാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് അവിടത്തെ പട്ടാളമാണെന്നത് സുവിദിതമാണ്. എപ്പോഴൊക്കെ സര്‍ക്കാര്‍ ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനും ഇന്ത്യയോട് അടുക്കാനും ശ്രമിക്കുന്നുവോ അപ്പോഴൊക്കെ അവിടത്തെ പട്ടാളം അത് തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്. പട്ടാളമാണ് പാക്കിസ്ഥാന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് എന്നര്‍ത്ഥം. പാക്കിസ്ഥാന്‍ ഇന്ത്യയെ ശത്രുരാജ്യമായാണ് കാണുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന അടവ് നയമാണ് പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയ്ക്കെതിരെ ചൈന-പാക്കിസ്ഥാന്‍ അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് വരെ ഈ ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ്.

ചൈനയിലെ ഭരണകൂടം ജനാധിപത്യവല്‍ക്കരിക്കപ്പെടുക എന്ന് പറഞ്ഞാല്‍ അവിടെ ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം നടപ്പിലാവുകയും ഭരണാധികാരികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയും വേണം എന്നാണ് അര്‍ത്ഥം.  ഇപ്പോഴും അവിടെ തെരഞ്ഞെടുപ്പ് എന്നൊരു പ്രഹസനം നടക്കുന്നുണ്ട്. അന്താരാഷ്ട്രസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണത്. തെരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാകൂ. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല.  ജനങ്ങള്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ യെസ് എന്നോ നോ എന്നോ പറയാം. പക്ഷെ ആരും നോ എന്ന് പറയില്ല. പറഞ്ഞാലുള്ള ഭവിഷ്യത്ത്  ജനങ്ങള്‍ക്ക് അറിയാം. പാക്കിസ്ഥാനിലെ ഭരണകൂടത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്ന് പറഞ്ഞാല്‍ അവിടത്തെ പട്ടാളത്തെ സിവിലിയന്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരിക എന്നാണര്‍ത്ഥം.  ഇത് രണ്ടും തല്‍ക്കാലത്തേക്ക് എളുപ്പമുള്ള സംഗതിയല്ല. അത്കൊണ്ട് ഇന്ത്യ എന്നും ജാഗരൂകത പാലിക്കേണ്ടതുണ്ട്.

ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കും ലിയു സിയാബോയ്ക്ക് സമ്മാനം നല്‍കപ്പെട്ടതില്‍ എതിര്‍പ്പുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധന് തേടിപ്പിടിച്ചു ഈ സമ്മാനം കൊടുത്തു എന്നും ഗാന്ധിജിക്ക് കൊടുക്കാത്തത്കൊണ്ട് ഈ സമ്മാനം മോശമായിപ്പോയി എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. നമുക്കറിയാം, ഏതൊരു അവാര്‍ഡും കൊടുക്കുന്നത് അവാര്‍ഡ് കമ്മറ്റി ആരെയെങ്കിലും തേടിപ്പിടിച്ചല്ല. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ക്കോ മറ്റ് സംഗതികള്‍ക്കോ ആണ് അവാര്‍ഡ് ലഭിക്കുക. ഏത് അവാര്‍ഡും അങ്ങനെയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ നിന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് അവാര്‍ഡ് കമ്മറ്റിക്ക് ചെയ്യാനുള്ളത്. ആരെയെങ്കിലും നോമിനേറ്റ് ചെയ്യാന്‍ കമ്മറ്റിക്ക് കഴിയില്ല. നോമിനേറ്റ് ചെയ്യപ്പെടാത്ത ആര്‍ക്കും അവാര്‍ഡ് കൊടുക്കാനും കഴിയില്ല. അത്പോലെ തന്നെ നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും കിട്ടണമെന്നുമില്ല. ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍ എന്ത്കൊണ്ട് കിട്ടിയില്ല എന്നൊക്കെ പറയേണ്ടത് അതില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. ലിയു സിയാബോയ്ക്ക്  സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാന്‍ വേണ്ടി അദ്ദേഹത്തെ ഒരുപാട് പേര്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ (KWAME ANTHONY APPIAH, Laurance S. Rockefeller University Professor of Philosophy, and the University Center for Human Values at Princeton University , and President of PEN American Center. ) നോമിനേഷനോടോപ്പം നല്‍കിയ കുറിപ്പ്  ഇവിടെ താല്പര്യമുള്ളവര്‍ വായിക്കുക.  സത്യത്തെ എത്ര വികൃതപ്പെടുത്തിയാണ് കമ്മ്യൂണിസ്റ്റുകള്‍ അവതരിപ്പിക്കാറ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

ആരാണ് ലിയു സിയാബോ? ബീജിംഗ് സര്‍വ്വകലാശാലയില്‍ സാഹിത്യത്തില്‍ പ്രൊഫസ്സര്‍ ആയിരുന്ന അദ്ദേഹം വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസ്സര്‍ ആയിരുന്നു.  1989ല്‍ ബീജിംഗില്‍ ജനാധിപത്യത്തിനും ഉദ്യോഗസ്ഥ അഴിമതിക്കുമെതിരെ വിദ്യാര്‍ത്ഥികളുടെ സമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലിയൂ സിയാബോ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറായി ജോലി ചെയ്യുകയായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് ഒരു അമേരിക്കന്‍ പൌരത്വം തരപ്പെടുത്തി അവിടെ സസുഖം ജീവിയ്ക്കാമായിരുന്നു. എന്നാല്‍ നാട് അദ്ദേഹത്തെ മാടി വിളിച്ചു.  അന്ന് അദ്ദേഹം ചൈനയിലേക്ക് തിരിച്ച് വന്ന്, ജൂണ്‍ നാലിന് ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ പതിനായിരങ്ങള്‍ അന്ന് അവിടെ ടാങ്കിനടിയില്‍ ചതഞ്ഞ് മരിക്കുമായിരുന്നു. എന്തിനും തയ്യാറായി മുന്നോട്ട് ഉരുളുകയായിരുന്നു പട്ടാള ടാങ്കുകള്‍ ശത്രുരാജ്യത്തിന്റെ നേര്‍ക്കെന്ന പോലെ.

എന്താണ് ടിയാന്‍‌മെന്‍ സ്ക്വയര്‍ സംഭവം? ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടരി ആയിരുന്നു ഹ്യു യോബാംഗ് (20 November 1915 – 15 April 1989). പരിഷ്ക്കരണവാദിയായ അദ്ദേഹത്തെ 1987ല്‍ നിര്‍ബ്ബന്ധിച്ച് രാജി വെപ്പിച്ചു.  പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ്  1989 ഏപ്രില്‍ 15ന് അദ്ദേഹം മരണപ്പെട്ടതായി പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ജനങ്ങളെ അറിയിക്കുന്നു. മഹാനായ ഒരു നേതാവായിരുന്നു യോബാംഗ് എന്നും എന്നാല്‍ അദ്ദേഹത്തിന് തെറ്റ് പറ്റിപ്പോയിരുന്നു എന്നും ഏപ്രില്‍ 22ന് ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ശവസംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമെന്നും അറിയിപ്പ് ഉണ്ടായി.  ഏപ്രില്‍ 22 ന് അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ശവസംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ടിയാനന്‍‌മെന്‍ സ്ക്വയറിലേക്ക് നീങ്ങി.  അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങിന് ഒരു നിവേദനം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയുണ്ടായിരുന്നു. ഇത്രയ്ക്കും അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടനാരൂപമോ നേതൃത്വമോ ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.  സംസ്ക്കാരച്ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രവേശനം തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.  അങ്ങനെ ഹ്യൂ യോബാംഗിന്റെ മരണം അന്ന് ഒരു നിമിത്തമാവുകയായിരുന്നു.

ലക്ഷക്കണക്കിന്  വിദ്യാര്‍ത്ഥികള്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹം ആരംഭിച്ചു.  ജനാധിപത്യം അനുവദിക്കണമെന്നും അഴിമതി നിര്‍ത്തലാക്കണമെന്നുമായിരുന്നു ആവശ്യം. ചൈനീസ് സര്‍ക്കാരും പാര്‍ട്ടിയും ഇതിനെ എങ്ങനെ നേരിടണമെന്ന് അങ്കലാപ്പിലായി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ്  വിദ്യാര്‍ത്ഥികളോട് അനുഭാവമുള്ള ആളായിരുന്നു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങ് സമരത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. മുന്‍ പ്രധാനമന്ത്രി ചൌ എന്‍ ലായിയുടെ മകനായിരുന്നു ലീപെങ്ങ്.  ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ് മെയ് 19ന് (1989) ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. അതിന്റെ പൂര്‍ണ്ണരൂപം ഇതാ.  അങ്ങനെ സംസാരിച്ചതിന്റെ പേരില്‍ ഴാവോ സിയാങ്ങിനെ സെക്രട്ടരി സ്ഥാനത്ത് നിന്ന് പുറത്താക്കി. പിന്നീട് 2005 ജനവരി 5ന് അദ്ദേഹം മരണപ്പെടുന്നത് വരെ വീട്ടുതടങ്ങലില്‍ ആയിരുന്നു.  കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ എങ്ങനെയാണുണ്ടാകുന്നത് എന്ന് നോക്കുക. അങ്ങനെ 1989 ജൂണ്‍ നാലിന് ചൈനീസ് പട്ടാള ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് ഇരച്ചുനീങ്ങി. ലിയൂ സിയാബോ വിദ്യാര്‍ത്ഥികളോട് സമാധാനപരമായി പിരിഞ്ഞുപോകാന്‍ ആഹ്വാനം ചെയ്തു.  എന്നിട്ടും എത്രയോ വിദ്യാര്‍ത്ഥികള്‍ അന്ന് മരിച്ചുവീണു. എത്രയോ പേര്‍ പിന്നീട് വേട്ടയാടപ്പെട്ട് ജയിലിലായി.  എല്ലാം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതാന്‍ കഴിയുന്നില്ല.

ഞാന്‍ ഈ പോസ്റ്റിന്  കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി എന്ന് പേര് കൊടുക്കാന്‍ കാരണം , ജനാധിപത്യത്തിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ജനാധിപത്യവാദികളെ ആദരിച്ചില്ല എന്നും എപ്പോഴും സര്‍വ്വാധികാരികളെ ആരാധിക്കുന്നു എന്നത്കൊണ്ടുമാണ്.  ലിയൂ സിയാബോ  സ്വന്തം ജീവിതം ത്യാഗം ചെയ്തുകൊണ്ട്  ജനങ്ങളുടെ പൌരാവകാശങ്ങള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കുന്നു. ആ ലിയൂ സിയാബോ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ . ജനങ്ങളുടെ മേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ച് ചക്രവര്‍ത്തിമാരായി വാഴുന്ന നേതാക്കന്മാര്‍ ഇക്കൂട്ടര്‍ക്ക് നല്ല കമ്മ്യൂണിസ്റ്റ്.  ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ജനാധിപത്യം എന്നാല്‍ അവരുടെ നേതാക്കളുടെ സര്‍വ്വാധിപത്യമാണ്. അത്കൊണ്ട് നമ്മള്‍ ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം.  പരാക്രമങ്ങള്‍ ഫലിക്കാതിടത്ത് അവര്‍ മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍ പറയും.  സ്വാധീനം വര്‍ദ്ധിച്ചാല്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സ്ഥാപിക്കും. അപ്പോള്‍ കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം. കേരളത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നേയുള്ളൂ.

എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ പൌരസ്വാതന്ത്ര്യത്തെ ഇന്നും ഭയപ്പെടുന്നത് എന്ന് അറിയില്ല. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഭരണം നടത്തിക്കൂടേ? ഗോര്‍ബച്ചേവ് എന്ന് കേട്ടാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗശത്രുവാണ്. ഗോര്‍ബച്ചേവ് എന്ന ഒറ്റയാളാണ് സോവിയറ്റ് യൂനിയന്‍ തകര്‍ത്തത് എന്നാണ് കമ്മ്യൂണിസ്റ്റ്കാര്‍ കരുതുന്നത്. അങ്ങനെ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയെയും സാമ്രാജ്യത്തെയും തകര്‍ക്കാന്‍ കഴിയുമോ? എന്ത്കൊണ്ട് കമ്മ്യൂണിസം അങ്ങനെ തകര്‍ന്നു എന്ന് ചിന്തിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും മുതിരുന്നില്ല.  കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണങ്ങളെയും പൌരാവകാശധ്വംസനങ്ങളെയും ചൂണ്ടിക്കാട്ടിയാല്‍ പറയും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്ന്.  ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ എല്ലാ അധികാരവും ഉണ്ടാകാന്‍  പാടുള്ളൂ എന്നും അതിനെ എതിര്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ഭാഷ്യം. ആ കമ്മ്യൂണിസത്തിന് അല്പം മാനുഷികമുഖം നല്‍കാനാണ് സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവ്  ചില ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞത്. എന്നാല്‍ അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ജനങ്ങള്‍ കമ്മ്യൂണിസത്തെ കടപുഴക്കിയെറിഞ്ഞു. ജനങ്ങള്‍ അത്ര കണ്ട് കമ്മ്യൂണിസത്തെ വെറുത്ത് കഴിഞ്ഞിരുന്നു എന്നാണത് കാണിക്കുന്നത്. എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കുന്നത്?  ഞാന്‍ എപ്പോഴും പറയുന്നത് പോലെ നല്ലത് മാത്രമേ കാലത്തെ അതിജീവിയ്ക്കുകയുള്ളൂ.  കമ്മ്യൂണിസം ജനങ്ങള്‍ക്ക് നല്ലതല്ല. അത്കൊണ്ടാണ് അതിന് അതിജീവനശേഷിയില്ലാത്തത്.  ചിലര്‍ നല്ല കമ്മ്യൂണിസം വരും എന്ന് കാത്തിരിക്കുന്നുണ്ട്. ആരാണ് അത് കൊണ്ടുവന്നു തരിക? അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടാല്‍ ഒരു പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ലവരാകാന്‍ പറ്റും.  അധികാരം കിട്ടുകയില്ലെങ്കില്‍ ആരാണ് കമ്മ്യൂണിസ്റ്റുകാരന്‍ ആവുക? എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം എന്നൊരു പുസ്തകം എഴുതിയത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലിയു ഷാവോചി ആയിരുന്നു. അത്തരം പുസ്തകങ്ങള്‍ ഒന്നും ഒരു കമ്മ്യൂണിസ്റ്റുകാരനും വായിക്കുകയില്ല. എന്തെന്നാല്‍ നല്ല കമ്മ്യൂണിസ്റ്റായിപ്പോയാലോ !



കമ്മ്യൂണലിസവും കമ്മ്യൂണിസവും


ഇന്ത്യയില്‍ കമ്മ്യൂണിസം  വരാത്തത്കൊണ്ട് ദു:ഖിക്കുന്ന കുറെ കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെയുണ്ട്.  സമത്വസുന്ദരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍ കമ്മ്യൂണിസം വരണമെന്നാണ് അവരുടെ ആഗ്രഹം.  എന്നാല്‍ ഗാന്ധിജിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതിലും  ദു:ഖമുള്ള ചില കമ്മ്യൂണിസ്റ്റുകാരും  ഇവിടെ  ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.  ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടികള്‍ ഇടത്പക്ഷം മാത്രമാണെന്നാണ് വെപ്പ്. അതിലും മുന്‍പന്‍ സി.പി.എമ്മും. ബാക്കിയുള്ള പാര്‍ട്ടികളെല്ലാം തരം കിട്ടിയാല്‍ ഇന്ത്യയുടെ പരമാധികാരം സാമ്രാജ്യത്വത്തിന് പണയം വെക്കാന്‍ കാത്തിരിക്കുന്നവരാണ്.  ഈ സി.പി.എമ്മുകാര്‍ പറയുന്ന ജനാധിപത്യം ഏതാണെന്ന്  പഠിക്കാന്‍ നമുക്ക് ചൈനയിലേക്കൊന്നും പോകേണ്ട.  മേല്‍പ്പറഞ്ഞ ലേഖനം വായിച്ചാല്‍ മതി.  ചൈനയിലെ ഗവമെന്റിനെതിരെ കുത്തിത്തിരിപ്പും കലാപവും കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും  സാമ്രാജ്യത്വത്തിനുവേണ്ടി സ്വന്തം നാടിനെ തകര്‍ക്കാന്‍ പുറപ്പെട്ടയാളുമായ  ലിയു സിയാബോയ്ക്ക് ഇത്തവണത്തെ നോബല്‍ സമ്മാനം കിട്ടിയതിലാണ് ലേഖകന്റെ ധാര്‍മ്മികരോഷം.

സമാധാനത്തിനായുള്ള നോബല്‍ സമ്മാനം ലഭിച്ച ലിയു സിയാബോ എപ്രകാരമാണ് സ്വന്തം നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കിയാല്‍ കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യം എന്താണെന്ന് നമുക്ക് മനസ്സിലാകും.  അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികമായ 2008 ഡിസംബര്‍ 10ന്  ലിയു സിയാബോ  ചാര്‍ട്ടര്‍ 8 എന്നൊരു രേഖ മുന്നൂറിലധികം പേരുടെ ഒപ്പോട് കൂടി പ്രസിദ്ധീകരിച്ചു. 1977ല്‍ ചൊക്കോസ്ലാവാക്യയില്‍ ചാര്‍ട്ടര്‍ 77 എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയും  വലിയ തോതില്‍ പിന്തുണ ലഭിക്കുകയും ചെയ്ത മനുഷ്യാവകാശരേഖയുടെ ചുവട് പിടിച്ചാണ് ലിയൂ ചാര്‍ട്ടര്‍ 8 തയ്യാറാക്കിയത്. ആ രേഖ ഇവിടെ കാണാം.  അങ്ങനെയാണ് ലിയു സിയാബോ 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട്  ഇപ്പോള്‍ തടവില്‍ കഴിയുന്നത്. ഇതിന് മുന്‍പ് ലേബര്‍ ക്യാമ്പിലും കഴിഞ്ഞിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. നമ്മുടെ നാട്ടിലുള്ളത്ര ജനാധിപത്യം പോലും  ലിയൂ  ചൈനയില്‍ വേണമെന്ന് പറഞ്ഞിട്ടില്ല. പരിമിതമായ ജനാധിപത്യ-പൌരാവകാശങ്ങളാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 1989ല്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹസമരം നടത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടത് അത്രയേയുള്ളൂ.  അതാണ് പ്രതിവിപ്ലവമാണെന്നും ഭരണകൂടത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും അവിടത്തെ സര്‍ക്കാരും ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും ഒരേ സ്വരത്തില്‍ പറയുന്നത്.

ജനാധിപത്യം അനുവദിച്ചാല്‍ ചൈന തകര്‍ന്നുപോകും  എന്നാണ് ചൈനയിലെ നേതാക്കള്‍ പറയുന്നത്.  സോവിയറ്റ് യൂനിയനിലെയും കി.യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അനുഭവം  ചൈനയുടെ മുന്നിലുണ്ട്.  അപ്പോള്‍ രാജ്യം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ആണോ? കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഇല്ലാതായെങ്കിലും റഷ്യയിലും ഇതര മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും  ഇപ്പോഴും ജനങ്ങളും സര്‍ക്കാരുമൊക്കെയുണ്ട്. ജനാധിപത്യം നിലവിലുള്ള നമ്മുടെ രാജ്യത്തും 120 കോടി ജനങ്ങളും സര്‍ക്കാരും ഉണ്ട്.  ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തിട്ട്  അറുപത് വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. അതിന് മുന്‍പും അവിടെ മനുഷ്യര്‍ ജീവിച്ചിട്ടുണ്ട്. ഇനി ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതായാലും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഒന്നും വരാനില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇല്ലെങ്കിലും  ചൈനയിലും ജനജീവിതം അതോടുകൂടി ഇല്ലാതാകാനും പോകുന്നില്ല.

കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചാലേ സമത്വവും പുരോഗതിയും മനുഷ്യസ്നേഹവും  കരുണയും എല്ലാം ഉണ്ടാകൂ എന്നും ഇന്ത്യയിലെ പോലെ ബൂര്‍ഷ്വാജനാധിപത്യം ഉള്ള രാജ്യങ്ങളില്‍ ഇതൊന്നും ഉണ്ടാകില്ല എന്നും ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത്, ഇവിടത്തെ ജനാധിപത്യസ്വാതന്ത്ര്യം ആവോളം അനുഭവിച്ചുകൊണ്ടാണ്.  നമ്മെ സംബന്ധിച്ചെടുത്തോളം നമുക്ക് ഏറ്റവും പ്രധാനമായി വേണ്ടത് സ്വാതന്ത്ര്യമാണ്. പൌരാവകാശങ്ങളാണ്. ബാക്കിയെല്ല്ലാം പിന്നെ. ഉരിയാടാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ മറ്റെന്ത് പുരോഗതിയുണ്ടെങ്കിലും ജീവിച്ചിട്ടെന്ത് കാര്യം. കുറെ കൊല്ലം ഈ ഭൂമിയില്‍ ജീവിയ്ക്കുക എന്നതില്‍ എന്താണ് പുണ്യം?  ഒരു ദിവസമാണെങ്കില്‍ ഒരു ദിവസം അത് സ്വാതന്ത്ര്യത്തോടുകൂടി ജീവിച്ച് മരിക്കണം എന്നേ ഓരോ ഇന്ത്യക്കാരനും പറയൂ. കാരണം അസ്വാതന്ത്ര്യം മരണത്തെക്കാള്‍ ഭയാനകമാണ്.

ഇന്ത്യയില്‍  കമ്മ്യൂണിസ്റ്റ്  ഭരണം വന്നാല്‍   അത് ചൈന മോഡല്‍ ആയിരിക്കില്ലെന്നും  ഇന്ന് ഇവിടെയുള്ള ജനാധിപത്യം അതേ പോലെ നിലനിര്‍ത്തും എന്നും  ബംഗാളിലും കേരളത്തിലും ഇപ്പോള്‍ തന്നെ മാര്‍ക്സിസ്റ്റ് ഭരണം ഉണ്ടല്ലോ എന്നും ഒരിക്കല്‍ കാളിദാസന്‍ കമന്റിലൂടെ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ലിയൂ സിയാബോയ്ക്ക് നോബല്‍ സമ്മാനം കിട്ടിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്കൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനം.  തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍  പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാന്‍ അനുവദിക്കുകയില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവരുടെ ജനാധിപത്യസങ്കല്പം.


ഇവിടെയും അവര്‍ക്ക് മേധാവിത്വമുള്ള  പ്രദേശങ്ങളില്‍ എന്താണ് സ്ഥിതി? ഇപ്പോള്‍ തന്നെ കണ്ണൂരില്‍  അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളുടെ എണ്ണം കുറഞ്ഞുപോയതില്‍ വിറളി പൂണ്ടിരിക്കുകയാണ് നേതൃത്വം.  ചില സ്ഥലങ്ങളില്‍ മത്സരിക്കാനുള്ള ധൈര്യം ചിലര്‍ ആര്‍ജ്ജിച്ചിരിക്കുന്നതാണ് അവരുടെ വിറളിക്ക് കാരണം.  എത്രയോ ബൂത്തുകളില്‍ ഏജന്റുമാരെ അകത്ത് കടക്കാന്‍ അനുവദിക്കാറില്ല.  എന്നിട്ട് പറയുന്നതോ? മത്സരിക്കാനും ബൂത്തിലിരിക്കാനും  മറ്റ് പാര്‍ട്ടികള്‍ക്ക് ആളെ കിട്ടുന്നില്ല എന്ന്. അതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യം.  

ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക്  ഇന്നുള്ളതിലും കൂടുതല്‍  സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?  അഖിലേന്ത്യാതലത്തില്‍ വിപ്ലവം ജയിച്ച് അധികാരം കിട്ടിയാലത്തെ സ്ഥിതി ഊഹിക്കാവുന്നതല്ലേയുള്ളൂ.  കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും ഭയപ്പെടുന്നത് ജനാധിപത്യത്തെ ആണെന്ന് ലിയൂ സിയാബോയുടെ തടവ് ശിക്ഷയും ഇവിടത്തെ എതിരില്ലാതെ തങ്ങള്‍ തെരഞ്ഞെടുക്കപ്പെടണമെന്ന ശാഠ്യവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു

കമ്മ്യൂണലിസം അഥവാ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് പ്രചരിപ്പിക്കുന്നത്  കമ്മ്യൂണിസ്റ്റുകാരാണ്.  എന്നാല്‍ കമ്മ്യൂണിസമാണ് ഏറ്റവും വലിയ വിപത്ത് എന്ന് ജനാധിപത്യവാദികള്‍ക്ക് അറിയാം.  വര്‍ഗ്ഗീയത എന്നതിന്റെ നിര്‍വ്വചനം എന്താണ്?  മാര്‍ക്സിസത്തിലെ വര്‍ഗ്ഗവൈരുദ്ധ്യമല്ല ഇവിടെ വിവക്ഷിക്കുന്നത് എന്ന് തീര്‍ച്ച. പിന്നെയോ? മതങ്ങള്‍ തമ്മിലുള്ള വൈരുധ്യവും സംഘര്‍ഷങ്ങളുമാണ് ഇവിടെ വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നമുക്ക് മനസ്സിലാകും,  മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥായിയാതല്ല.  എത്രയോ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ മതങ്ങള്‍ നിലനില്‍ക്കുന്നു.  സ്ഥായിയായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല രഞ്ജിപ്പിനും സമാധാനത്തിനും കൂടി മതങ്ങള്‍ മുന്‍‌കൈ എടുക്കാറുണ്ട്.  കമ്മ്യൂണിസ്റ്റുകാരെ പോലെ  മറ്റുള്ളവരുടെ പൌരാവകാശങ്ങള്‍ മതങ്ങള്‍ കവര്‍ന്നെടുക്കാറില്ല.  ചില പ്രത്യേക ഇഷ്യൂ മുന്‍‌നിര്‍ത്തി മതങ്ങള്‍ക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാമെങ്കിലും  അതൊക്കെ താല്‍ക്കാലികങ്ങള്‍ മാത്രമായിരിക്കും.  തങ്ങളുടെ ഭീകരമായ സ്വേച്ഛാധിപത്യമുഖം മറച്ചുപിടിക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയത എന്ന വികാരം  എങ്ങനെയാണ് ഒരാളുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്. അത് താന്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ശരി എന്ന് തോന്നുകയും മറ്റുള്ളവയോട് ശത്രുത തോന്നുകയും ചെയ്യുമ്പോഴല്ലേ? കമ്മ്യൂണിസ്റ്റുകാരന്റെ  മനസ്സിലല്ലേ മറ്റുള്ള സംഘടനകളോട്  സദാ ശത്രുതയുള്ളത്. അപ്പോള്‍ ഏറ്റവും വലിയ വര്‍ഗ്ഗീയവാദി കമ്മ്യൂണിസ്റ്റുകാരല്ലേ?  വിഭാഗീയത എന്ന അര്‍ത്ഥം കൂടി വര്‍ഗ്ഗീയത എന്ന വാക്ക് ദ്യോതിപ്പിക്കുന്നില്ലേ? അപ്പോള്‍ പാര്‍ട്ടികള്‍ തമ്മില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും വര്‍ഗ്ഗീയത തന്നെയല്ലെ?  മതങ്ങള്‍ തമ്മിലുള്ള വിഭാഗീയത മാത്രമാണ് വര്‍ഗ്ഗീയത എന്നും പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയത വര്‍ഗ്ഗീയത അല്ല എന്നും പറയാന്‍ പറ്റുമോ? ഇന്നത്തെക്കാലത്ത് പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയതയാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഏറെ സൃഷ്ടിക്കുന്നത്.

ഇത്തരം ചിന്തകള്‍ ഒന്നും യുക്തിവാദികളുടെ  മനസ്സില്‍  ഉദിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  യുക്തിവാദം എന്നാല്‍ ഒരു പ്രോഗ്രാം ആണെന്നാണ് യുക്തിവാദികള്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു.  ദൈവം, മതം, ആചാരം ഈ മൂന്ന് സംഗതികള്‍ മാത്രമേ യുക്തിവാദത്തിന്റെ പരിധിയില്‍ വരൂ എന്ന് യുക്തിവാദികള്‍ ധരിച്ചുവശായിരിക്കുന്നു. അതാണ് മറ്റൊരു സംഗതികളും അവര്‍ വിശകലനവിധേയമാക്കാത്തത്.  ഒരു നൂറ്റാണ്ട് കാലം ലോകത്തെ സ്വാധീനിക്കുകയും  അതില്‍ തന്നെ അന്തര്‍ലീനമായ മനുഷ്യത്വവിരുദ്ധത കൊണ്ട്  നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസത്തെ കുറിച്ച് ചോദിച്ചാല്‍ ഒഴുക്കന്‍ മട്ടില്‍ എന്തെങ്കിലും പറഞ്ഞ് തടി തപ്പുകയാണ് യുക്തിവാദികള്‍ ചെയ്യുക.

കമ്മ്യൂണിസമാണ് ലോകത്തിന്റെ ഭാവിയെന്നും മതങ്ങള്‍ മണ്ണടിഞ്ഞ് പകരം കമ്മ്യൂണിസം സ്ഥാപിതമായാല്‍ എല്ലാം ശുഭം എന്നും സ്വപ്നം കാണുന്ന യുക്തിവാദികളും നമ്മുടെയിടയിലുണ്ട്. അത്തരം യുക്തിവാദികള്‍  അന്ധയുക്തിവിശ്വാസികളാണ്.  ഒരു പാര്‍ട്ടിക്ക് ഒരു രാജ്യത്ത്  പരമാധികാരക്കുത്തക എന്നെന്നും നിലനില്‍ക്കുക എന്നതിലെ യുക്തി എന്താണ്?  അങ്ങനെയൊരു പാര്‍ട്ടിക്ക് ആ കുത്തക സിദ്ധിക്കുന്നത് എങ്ങനെയാണ്?  ഒന്നിലധികം പാര്‍ട്ടികള്‍  ജനങ്ങളുടെ സമ്മതിക്ക് വേണ്ടി ജനങ്ങളെ സമീപിക്കുകയും  അങ്ങനെ ജനങ്ങളുടെ സമ്മതം ലഭിക്കുന്ന പാര്‍ട്ടി ഭരണ നിര്‍വ്വഹണം നടത്തുകയും ചെയ്യുക എന്നതല്ലേ യുക്തി?  അങ്ങനെയെങ്കില്‍ ഒരിക്കലും യുക്തിവാദിക്ക് കമ്മ്യൂണിസ്റ്റ് ആകാനോ, കമ്മ്യൂണിസ്റ്റിന് യുക്തിവാദിയാകാനോ കഴിയില്ല.

ഈ വിധം യുക്തിസഹമായി  ചിന്തിച്ചത്കൊണ്ട് മാത്രമാണ്  ലിയൂ സിയാബോ ജയിലില്‍ ആയത്. മറ്റൊരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റം  ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്.  അതാണ് 1989ല്‍ ടിയാന്‍‌മെനന്‍ സ്ക്വയറില്‍  കണ്ടത്.  തനിക്ക് നോബല്‍ സമ്മാനം കിട്ടിയത് ലിയൂ അറിഞ്ഞത് ഭാര്യ  ജയിലില്‍ ചെന്ന് അറിയിച്ചപ്പോഴാണ്.  ഈ സമ്മാനം ടിയാനന്‍‌മെന്‍ സ്ക്വയറില്‍  മരിച്ച് വീണവര്‍ക്ക് അര്‍പ്പിക്കുന്നു എന്നാണ് ലിയൂ പ്രതികരിച്ചത്.  ലിയൂ സിയാബോയുടെ ഭാര്യയും ഇപ്പോള്‍ വീട്ടുതടങ്ങലില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലിയൂ സിയാബോ  സാമ്രാജ്യത്വത്തിന് വേണ്ടി തന്റെ രാജ്യത്ത് കുത്തിത്തിരിപ്പുകള്‍  ഉണ്ടാക്കുകയാണ് എന്ന് ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരനും പറയുമ്പോള്‍ ,  കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം എന്താണെന്ന് അറിയാതെ പുറത്ത് വരുന്നുണ്ട്. ഇതിലൊന്നും യുക്തിവാദി ഒന്നും മിണ്ടുകയില്ല.  കാരണം യുക്തിവാദിയുടെ യുക്തി  “ഠ” വട്ടത്തില്‍ ഒതുങ്ങുന്നു. എന്നിട്ടോ പ്രപഞ്ചത്തിന്റെ ആദിയും അന്തവും  മനസ്സിലായപോലെ തര്‍ക്കിക്കുകയും ചെയ്യുന്നു. 

കമ്മ്യൂണിസവും മുതലാളിത്വവും

ഒരു കാര്യം നമുക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, വികസിതരാജ്യങ്ങളിലെല്ലാം മുതലാളിത്ത സാമ്പത്തികഘടനയും ജനാധിപത്യഭരണസമ്പ്രദായവുമാണുള്ളത്. അതായത് ഭൂമിശാസ്ത്രപരമായ അനുകൂല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നത് ക്യാപിറ്റലിസ്റ്റ് എക്കണോമിയും പാര്‍ലമെന്ററി ഡിമോക്രസിയുമാണ്. പുരോഗതിയും വികസനവും വേണോ അത് ജനങ്ങള്‍ക്ക് എന്ത് നല്‍കുന്നു എന്നതൊക്കെ മറ്റ് പ്രശ്നമാണ്. രാജ്യങ്ങളും സമൂഹവും പുരോഗതിയുടെയും വികസനത്തിന്റെയും പിറകെയാണെന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ പുരോഗതിയും വികസനവും വേണമെങ്കില്‍ മുതലാളിത്തവും ജനാധിപത്യവും അതിന്റെ മുന്നുപാധികള്‍ ആണെന്ന് കാണാന്‍ കഴിയും.

സാമ്രാജ്യത്വവും കൊളോണിയല്‍ ചൂഷണവും കൊണ്ട് ചില രാജ്യങ്ങള്‍ ചില കാലത്തേക്ക് പുരോഗതി പ്രാപിച്ചിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി ആ സ്ഥിതി മാറി. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എന്നേക്കുമായി അന്ത്യം കുറിച്ചുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധം പര്യവസാനിച്ചത്. എന്നാല്‍ അതിന് ശേഷവും നാല്പത് വര്‍ഷത്തോളം അതായത് 1989 വരെ ലോകത്ത് ഒരു സാമ്രാജ്യം നിലനിന്നിരുന്നു. അതായിരുന്നു സോവിയറ്റ് യൂനിയന്‍ . ഈ യാഥാര്‍ഥ്യം കമ്മ്യൂണിസ്റ്റുകാരുടെ പ്രചണ്ഡപ്രചാരണം മൂലം അധികമാരും മനസ്സിലാക്കിയിരുന്നില്ല. ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കയാണ് സാമ്രാജ്യം. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് പരമാധികാരം വിസ്തൃതമാക്കുന്ന രാജ്യമാണ് സാമ്രാജ്യം. റഷ്യ അതിന്റെ ചുറ്റുപാടുമുള്ള രാജ്യങ്ങളെ കൈവശപ്പെടുത്തി വിപുലപ്പെടുത്തിയതായിരുന്നു സോവിയറ്റ് യൂനിയന്‍ എന്ന സാമ്രാജ്യം. കൂടാതെ രണ്ടാം ലോകമഹായുദ്ധാനന്തരം ഒട്ടേറെ കി.യൂറോപ്യന്‍ രാജ്യങ്ങള്‍ സോവിയറ്റ് യൂനിയന്റെ ചൊല്പടിയിലായിരുന്നു. അവിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ സോവിയറ്റ് പട്ടാളം അപ്പപ്പോള്‍ അടിച്ചമര്‍ത്തിയിരുന്നു. ആ സാമ്രാജ്യമാണ് 1989 അവസാനത്തില്‍ അല്പം പോലും ചോര ചിന്താതെ തകര്‍ന്ന് തരിപ്പണമായത്. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായത് പോലെ റഷ്യ വീണ്ടും റഷ്യയായി.

അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്.ഏ.) എന്ന രാജ്യം രൂപീകൃതമായതിന് ശേഷം ചരിത്രത്തില്‍ ഇന്നേവരെ ആ രാജ്യം മറ്റൊരു രാജ്യത്തെയും കോളനിയാക്കിയിട്ടില്ല. അമേരിക്ക ഒരു കോളനിയായിരുന്നുവെന്നും അത് സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷവും ലോകത്ത് കോളനിവല്ക്ക‍രണം ഊര്‍ജ്ജിതമായി നടന്നിരുന്നുവെന്നും രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നെന്നും സോവിയറ്റ് യൂനിയന്റെ ഉദയവും അസ്തമയവും ഉണ്ടായതെന്നും മനസ്സിലാക്കുക. 1948ല്‍ ചൈനയില്‍ വിപ്ലവം കഴിഞ്ഞ ഉടനെ അവര്‍ ചെയ്തത് തൊട്ടടുത്ത അയല്‍‌രാജ്യമായ തിബത്തിനെ കൂട്ടിപ്പിടിച്ച് രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. അപ്പോള്‍ അമേരിക്ക എങ്ങനെയാണ് സാമ്രാജ്യമാകുന്നത്. പറഞ്ഞു വന്നത് കമ്മ്യൂണിസവും മുതാലാളിത്തവുമാണല്ലോ, അങ്ങോട്ട് പോകാം.


പ്രാകൃതകാലത്ത് ഒരു തരം കമ്മ്യൂണിസം നിലനിന്നിരുന്നതായി മാര്‍ക്സ് വിലയിരുത്തുന്നു. അതായത് സമ്പത്ത് മുഴുവന്‍ ഗോത്രങ്ങളുടെ പൊതു ഉടമസ്ഥതയില്‍ ആയിരുന്നു. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നുമില്ല. ആധുനികാലത്ത് അതേ മാതൃകയില്‍ ഒരു സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരുമെന്ന് മാര്‍ക്സ് സ്വപ്നം കാണുന്നു, അതാണ് ശാസ്ത്രീയ കമ്മ്യൂണിസം. എന്നാല്‍ അത്തരം കമ്മ്യൂണിസം ലോകത്ത് ഒരിക്കലും നിലവില്‍ വരില്ലയെന്ന് തെളിയിച്ചത് മാര്‍ക്സിന്റെ ശിഷ്യന്മാര്‍ തന്നെ. സോവിയറ്റ് യൂനിയനില്‍ സമ്പത്ത് ദേശസാല്‍ക്കരിച്ചെങ്കിലും അവിടെ പാര്‍ട്ടി ഭാരവാഹികളും ബ്യൂറോക്രാറ്റുകളും പുത്തന്‍ മുതലാളി വര്‍ഗ്ഗമായി ഉയര്‍ന്നുവന്നു. ചൈനയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ കോടീശ്വരന്മാര്‍ അംഗങ്ങളായുണ്ട്. കേരളത്തിലും സ്ഥിതി മോശമൊന്നുമല്ല.


പേരിന് സോഷ്യലിസം എന്ന് പറയപ്പെട്ട സോവിയറ്റ് യൂനിയനില്‍ ഉല്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഇന്‍സെന്റീവ് ഒന്നും ലഭിച്ചിരുന്നില്ല. അതായത് ഉല്പാദനം കൂട്ടി എന്തെങ്കിലും സമ്പാദിക്കാനോ ജീവിതനിലവാരം ഉയര്‍ത്താനോ കഴിഞ്ഞിരുന്നില്ല. അധ്വാനിക്കുക, സര്‍ക്കാര്‍ തരുന്നത് വാങ്ങുക അത്രമാത്രം. അധ്വാനത്തില്‍ മുരടിപ്പും അധ്വാനത്തിന്റെ അന്യവല്‍ക്കരണവുമാണ് ഇത് കൊണ്ടുണ്ടായത്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും വലിയ ഒരു സാമ്രാജ്യമായിട്ടും സോവിയറ്റ് യൂനിയനില്‍ സാമ്പത്തിക മുരടിപ്പ് ഉണ്ടായി. ആ മുരടിപ്പ് മാറ്റാന്‍ ചൈന സ്വീകരിച്ച നടപടി മുതലാളിത്തത്തിലേക്ക് തിരിച്ചു പോവുക എന്നതാണ്. ഇന്ന് ലോകത്ത് പല രീതിയിലുള്ള സാമ്പത്തികഘടനയും ഭരണസമ്പ്രദായങ്ങളും നിലവിലുണ്ട്. എന്നാല്‍ മുതലാളിത്ത സമ്പല്‍ഘടനയും ജനാധിപത്യഭരണസമ്പ്രദായവുമുള്ള രാജ്യങ്ങളില്‍ ജീവിയ്ക്കാനും കുടിയേറാനും ആണ് ആളുകള്‍ ആഗ്രഹിക്കുന്നത്. അമേരിക്കയില്‍ കുറച്ച് കാലം ജീവിച്ച ആളുകള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇവിടത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !

അമ്പലപ്പുഴയില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. കൈരളിക്ക് രണ്ട് മൂന്ന് ചാനലുകള്‍ ഉണ്ടെങ്കിലും ഈ ടിവിയുടെ വരവ് ചില്ലറയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷതം ഏല്‍പ്പിച്ചത്. മുന്‍പൊക്കെ പത്രങ്ങളില്‍ എന്തൊക്കെ അച്ചടിച്ച് വന്നാലും അതൊക്കെ ബൂര്‍ഷ്വാപ്രചരണം എന്ന് പരിഹസിച്ചു തള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമായിരുന്നു. ടിവി ഇല്ലായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതും ബര്‍ലിന്‍ മതില്‍ തകര്‍ന്നതും ഒന്നും ഇന്നും ആളുകള്‍ വിശ്വസിക്കില്ലായിരുന്നു. അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂല പ്രകടനക്കാരെ അവരുടെ കൊടി തന്നെ പിടിച്ചു വാങ്ങി പൊതിരെ തല്ലി ഓടിക്കുകയായിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എത്രയോ സി.പി.ഐ.ക്കാരെ കൈയും കാലും ഒടിച്ചിട്ടിട്ടാണ് കേരളത്തില്‍ സി.പി.എമ്മിന്റെ അരങ്ങേറ്റം. അതില്‍ പിന്നെ സി.പി.എമ്മിന്റെ അടി വാങ്ങാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. എവിടെ രാഷ്ട്രീയാക്രമണങ്ങള്‍ നടന്നാലും ഒരു ഭാഗത്ത് സി.പി.എം.ഉണ്ടാവും. ഞങ്ങളെ അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്നാണ് സി.പി.എം.ഭാഷ്യം. സി.പി.എം.തിരിച്ചടിക്കാറേയുള്ളൂവെന്ന്. എല്ലാ പാര്‍ട്ടികളുടേയും അടി ഏറ്റുവാങ്ങി തിരിച്ചടിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം പാര്‍ട്ടി !

അമ്പലപ്പുഴയില്‍ പ്രകടനക്കാര്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ പോലീസ് സമീപത്തുണ്ടായിരുന്നു എന്നും ഒരു പഞ്ചായത്ത് പ്രസിഡണ്ടാണ് തല്ലിന് നേതൃത്വം നല്‍കിയതെന്നും സംഭവസ്ഥലത്ത് നിന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ ദൃക്‌സാക്ഷി വിവരണവും ഒരു ക്യാമറാമാന്‍ ഓടുന്നതും മറ്റൊരു ക്യാമറാമാന്‍ അടി വാങ്ങുന്നതും എല്ലാം നമ്മള്‍ കണ്ടതാണ്. എന്നിട്ട് തല്ല് കിട്ടി ഓടിയവന്റെ പേരില്‍ കേസ് . ഇതാണ് മഹത്തായ കമ്മ്യൂണിസവും അതിന്റെ പരിപാവനമായ ജനാധിപത്യവും. കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരും സി.എം.പിക്കാരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമാണ് അവിടെ പ്രകടനം നടത്തിയതെന്നാണ് വിശദീകരണം. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ വാക്‍സാമര്‍ത്ഥ്യം. ഒരു നാടന്‍ ചൊല്ലുണ്ട് “കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടിയില് ” എന്ന്. ഇതിനപ്പുറമൊന്നും ഇവര്‍ക്ക് കഴിയില്ലല്ലോ എന്ന് സമാധാനിക്കാം. മാത്രമല്ല ഇനി ഉള്ളതും നശിക്കുന്ന പാതയിലാണ് കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റുകള്‍. ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തനാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മൌഢ്യം കൊണ്ടല്ല അങ്ങനെ പറയുന്നത്. അതും വാക്‍സാമര്‍ത്ഥ്യം തന്നെ. കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണം എന്ന കൌശലത്തിലാണ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. നേതാക്കള്‍ക്കും മക്കള്‍ക്കും രണ്ടുതലമുറക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു. രണ്ടു തലമുറ കഴിഞ്ഞാല്‍ കമ്മ്യൂണിസത്തെ മ്യൂസിയത്തില്‍ പോലും കാണാന്‍ കഴിയില്ല.

എന്റെ ഈ പോസ്റ്റ് വായിക്കുന്ന ശുദ്ധാത്മാക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നോട് അരിശം തോന്നാം. അവരോട് പറയാനുള്ളത്, സുഹൃത്തേ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണുള്ളത് എന്ന് ഒന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അമ്പലപ്പുഴയും മനസ്സില്‍ കാണുക. ടിയാനന്‍‌മെന്‍ സ്ക്വയറിന്റെ ആയിരം ഇരട്ടി വലിപ്പമുള്ള ഒരമ്പലപ്പുഴ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജനാധിപത്യത്തില്‍ ജീവിയ്ക്കുന്നത്കൊണ്ടാണ് നിങ്ങള്‍ക്കെന്നോട് അരിശം തോന്നുന്നത്; ജനാധിപത്യത്തിന്റെ വില മനസ്സിലാകാതിരിക്കുന്നത്. അമ്പലപ്പുഴയിലെ നൂറ് സഖാക്കള്‍ക്ക് വി.എസ്സിനോട് അനുഭാവം തോന്നാനും അവര്‍ക്കത് പരസ്യമായി പ്രകടിപ്പിക്കാനും അവകാശമില്ലേ? ഉണ്ട് എന്ന് ജനാധിപത്യവാദികള്‍ പറയും. ഇല്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയും. അത് കൊണ്ടാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായത്. ഭാവി ജനാധിപത്യത്തിന്റേതാണ്, കമ്മ്യൂണിസത്തിന്റേതല്ല. ഈ ഒരു ഭാവി ഞങ്ങള്‍ക്കായി ഒരുക്കിത്തന്നത് ക്രൂശിതരായ എത്രയോ എക്സ്-കമ്മ്യൂണിസ്റ്റുകാര്‍ കൂടിയായിരുന്നു എന്ന് നിങ്ങള്‍ ഒര്‍ക്കണം. പാര്‍ട്ടിക്ക് പുറത്ത് പൂര്‍ണ്ണമായും വരുമ്പോഴാണ് കമ്മ്യൂണിസ്റ്റിലെ മനുഷ്യനും പൂര്‍ണ്ണമായും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മഹത്താണെന്ന് പലരും പറയാറുണ്ട്. ആ മഹത്വം കിത്താബിലെ വരികള്‍ക്കല്ലേ സഖാവേ? പ്രവര്‍ത്തിയില്‍ മഹത്വത്തിന്റെ അംശം ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ. ജനാധിപത്യം എന്നാല്‍ അതെല്ലാവര്‍ക്കുമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത കമ്മ്യൂണിസത്തിന് എന്ത് മഹത്വം സഖാവേ?

അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂലികള്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ അതിലൊരു കാവ്യനീതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ ക്രിമിനല്‍‌വല്‍ക്കരിച്ച, ഗുണ്ടായിസത്തിന്റെ തലതൊട്ടപ്പനായിരുന്ന എം.വി.ആറിനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തന്നെ വേട്ടയാടിയ പോലൊരു കാവ്യനീതി. സി.പി.എമ്മിന്റെ രൂപീകരണത്തിലും പിണറായിയുടെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച നേതാവാണല്ലൊ വി.എസ്സ്. ലാവലിന്‍ കേസിന്റെ അവസാനം പിണറായിയുടെ ഗതി കണ്ട് തന്നെ അറിയണം. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ കമ്മ്യൂണിസ്റ്റ്കാരന്റെ ശൌര്യം ഫലിക്കൂ, ബക്കറ്റിലാവുമ്പോള്‍ ഗതി അധോഗതിയാവും. എം.വി.ആറിന് രക്ഷകനായത് കരുണാകരനായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂത്തുപറമ്പ് വരെയൊന്നും രാഘവന്‍ എത്തുകയില്ലായിരുന്നു.

ഒരു സിസ്റ്റം അത്ര വേഗമൊന്നും ഇല്ലാതാവില്ല. ക്രമേണ ക്രമേണയേ അത് അപ്രത്യക്ഷമാകൂ. അത്തരമൊരാനുകൂല്യമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ അനുഭവിക്കുന്നത്. ലോകത്തിന് ഒരു മാതൃകയും കമ്മ്യൂണിസം സംഭാവന ചെയ്തിട്ടില്ല. എന്നെന്നും ചരിത്രത്തിന് ഓര്‍ക്കാന്‍ സമാനതകളില്ലാത ക്രൂരതകള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട് താനും. അത് ആ സിസ്റ്റം അപ്രകാരം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടത് കൊണ്ടാണ്. ഇതില്‍ ഒന്നാം പ്രതി ലെനിന്‍ തന്നെയാണ്. സ്റ്റാലിനെ ലെനിന്‍ രൂപപ്പെടുത്തിയ സിസ്റ്റമാണ് സ്റ്റാലിനാക്കിയത്. മനുഷ്യസ്നേഹിയായിരുന്ന മാര്‍ക്സ് ഇത്തരമൊരു സിസ്റ്റം രൂപപ്പെട്ടുവരുമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.

വിജയന്‍ മാഷിന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ അമ്പലപ്പുഴ ഒരു പ്രതീകമാണ്. ചരിത്രം എല്ലായ്പോഴും നേര്‍‌രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. അത്കൊണ്ട് ഗതകാലസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. വി.എസ്സ്. രാജി വെക്കുകയില്ല. രാജി വെക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. പുറത്താക്കപ്പെട്ടാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശോഭനമാവും. ചരിത്രപരമായ അനിവാര്യതയാണത്. ഇവിടെ ആരും കുറ്റക്കാരല്ല. കാലത്തിന്റെ രംഗവേദിയില്‍ കേവലം അഭിനേതാക്കള്‍ മാത്രം!

പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍

മലയാളത്തില്‍ എന്ത് സംസാരിക്കുമ്പോഴും , എഴുതുമ്പോഴും , ചര്‍ച്ച ചെയ്യുമ്പോഴും അതിലൊക്കെ കമ്മ്യൂണിസവും ഇടത് പക്ഷവും അനിവാര്യമായും കടന്ന് വരും . കാരണം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു പ്രബല ശക്തിയായതിനാലാണത് . എന്നാല്‍ കേരളത്തിന് പുറത്ത് ബംഗാളിലും ത്രിപുരയിലും ഒഴികെ മറ്റൊരു സംസ്ഥാനത്തും സാധാരണ ജനങ്ങളുടെ സംസാരങ്ങളിലും ചര്‍ച്ചകളിലും കമ്മ്യൂണിസമോ , കമ്മ്യൂണിസ്റ്റുകാരുടെ സാങ്കേതീക പദാവലികളോ കടന്നു വരാറില്ല . സാധാരണക്കാര്‍ക്കിടയില്‍ അവിടങ്ങളിലൊന്നും കമ്മ്യു:പാര്‍ട്ടികള്‍ക്ക് വേരുകളില്ലാത്തതാണ് അതിന്റെ കാരണം . എന്നാല്‍ മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ നഗരങ്ങളിലും ട്രേഡ് യൂനിയന്‍ മേഖലകളില്‍ ഏറ്റവും ശക്തവും സംഘടിതവുമായ യൂനിയന്‍ , സി.പി.എം. സ്പോണ്‍സര്‍ ചെയ്യുന്ന CITU ആണ് താനും . അങ്ങിനെ ആ യൂനിയനില്‍ അണി നിരന്നിട്ടുള്ള തൊഴിലാളികള്‍ രാഷ്ട്രീയമായി അണി ചേര്‍ന്നിട്ടുള്ളത് അതാത് സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചിട്ടുള്ള മേജര്‍ പാര്‍ട്ടികളിലാണ് . ചെങ്കൊടി പിടിച്ച് യൂനിയന്‍ പരിപാടികളില്‍ പങ്കെടുക്കുമെങ്കിലും , തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നു എന്നല്ലാതെ കമ്മ്യൂണിസത്തെക്കുറിച്ച് അവര്‍ക്ക് ഒന്നുമറിയില്ല . ട്രേഡ് യൂനിയന്‍ ബലത്തെ രാഷ്ട്രീയബലമാക്കി മാറ്റാന്‍ സി.പി.എമ്മിനോ മറ്റ് കമ്മ്യൂ:പാര്‍ട്ടികള്‍ക്കോ ഇതുവരെയായി കഴിഞ്ഞിട്ടില്ല .

കമ്മ്യൂണിസത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് വിധിയെഴുതാറായിട്ടില്ലെങ്കിലും , ഇനി വരുന്ന കാലങ്ങളില്‍ കമ്മ്യൂണിസത്തിന് പ്രസക്തി തീരെ ഉണ്ടാവുകയില്ല എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട് . ഇത് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ഈ നിഗമനത്തെ ഒട്ടും അംഗീകരിച്ച് തരില്ല . അതിന്റെ പേരാണ് പ്രത്യയശാസ്ത്ര ശാഠ്യം എന്നത് . എല്ലാ വിശ്വാസികളും അവരവരുടെ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവുകയില്ല . എന്നാല്‍ സമൂഹമോ , രാജ്യമോ മുന്നോട്ട് പോകുന്നതിന് ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രം ആവശ്യമുണ്ടോ ? അങ്ങിനെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തെവിടെയെങ്കിലും ഇന്ന് നിലവിലുണ്ടോ ? ബൈബിള്‍ പ്രകാരമോ , ശരീയത്ത് നിയമപ്രകാരമോ , ഗാന്ധിസം അനുസരിച്ചോ , മാര്‍ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ചോ എവിടെയെങ്കിലും ഒരു സമൂഹമോ രാജ്യമോ മുന്നോട്ട് പോകുന്നുണ്ടോ ? തീര്‍ച്ചയായും ഇല്ല തന്നെ .

മാര്‍ക്സിസത്തെ പറ്റി പറയുകയാണെങ്കില്‍ മാര്‍ക്സ് വിഭാവനം ചെയ്ത പോലെ മുതലാളിത്തം അതിന്റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച് , തല്‍‌ഫലമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം ലോകത്തെവിടെയും ഒരിക്കലും നടന്നിട്ടില്ല . മാര്‍ക്സിന്റെ വര്‍ഗ്ഗസമരസിദ്ധാന്തപ്രകാരം ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു സോഷ്യലിസ്റ്റ് വിപ്ലവം ആദ്യം നടക്കേണ്ടിയിരുന്നത് . കാരണം വ്യാവസായിക വിപ്ലവം നിമിത്തം അവിടങ്ങളിലാണ് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊളിലാളി സമൂഹം ഉയര്‍ന്ന് വന്നത് . റഷ്യ സാറിസ്റ്റ് ഭരണത്തിന്‍‌കീഴില്‍ ഒരവികസിത രാജ്യമായിരുന്നു . ചൈന തികച്ചും ഒരു കാര്‍ഷികരാജ്യമായിരുന്നു . രണ്ടിടത്തും ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു നിലവിലുണ്ടായിരുനത് .

മാര്‍ക്സിന്റെ തീയറി അനുസരിച്ച് ഫ്യൂഡല്‍ വ്യവസ്ഥിതി തകര്‍ന്ന് മുതലാളിത്തം വളര്‍ച്ച പ്രാപിച്ചാലേ , തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഭൌതീക സാഹചര്യം പരിപക്വമാവുകയുള്ളൂ . അത്തരം ഒരു ഭൌതിക സാഹചര്യം നിലവിലുണ്ടായിരുന്ന യൂറോപ്പില്‍ വിപ്ലവം നടന്നില്ല . റഷ്യയിലും ചൈനയിലും നടന്നത് മാര്‍ക്സിയന്‍ തീയറി അനുസരിച്ച് നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങളായിരുന്നില്ല . പ്രത്യുത കേവലം അധികാരം പിടിച്ചടക്കലായിരുന്നു. മാര്‍ക്സിന്റെ കാഴ്ച്ചപ്പാടില്‍ വിപ്ലവമെന്നത് വെറും അധികാരകൈമാറ്റമല്ല . സാമൂഹ്യഘടനയുടെ സമഗ്രമായ പരിവര്‍ത്തനമാണ് . അങ്ങിനെയൊരു പരിവര്‍ത്തനം നടന്നു കഴിഞ്ഞാല്‍ അതില്‍ നിന്ന് സമൂഹത്തിന് പിന്നീട് പിറകോട്ട് പോകാന്‍ കഴിയില്ല . നമുക്ക് വീണ്ടും മൊഹഞ്ചദാരോ, ഹാരപ്പാ സംസ്കൃതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത പോലെ ! ഇവിടെ മാര്‍ക്സിയന്‍ സിദ്ധാന്തം പരാജയപ്പെടുകയോ , അഥവാ ആ സിദ്ധാന്തം പ്രായോഗീകവല്‍ക്കരിക്കാന്‍ കഴിയാതെ വരികയോ ചെയ്തു. എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും ഗതി ഇത് തന്നെയാണ് . എല്ലാ പ്രത്യയശാസ്ത്രങ്ങളും ഇന്നും ആര്‍ക്കും പ്രയോജനപ്പെടാതെയോ , ആരാലും പ്രയോജനപ്പെടുത്തപ്പെടാതെയോ വെറും പുസ്തകത്താളുകളില്‍ നിര്‍ജ്ജീവമായി മഷി പുരണ്ട് കിടക്കുകയാണ് . എന്നിട്ടും പ്രത്യയശാസ്ത്രങ്ങളില്‍ വിദൂരപ്രതീക്ഷ അര്‍പ്പിക്കുകയും അത് മുറുകെപ്പിടിക്കുകയും ചെയ്യുന്നതിന്റെ പേരാണ് പ്രത്യയശാസ്ത്രശാഠ്യം . ദൈനംദിന ജിവിതത്തില്‍ ആര്‍ക്കും മാര്‍ഗ്ഗദര്‍ശനാമാവാത്ത പ്രത്യയശാസ്ത്രം പിന്നെ ആര്‍ക്ക് വേണ്ടിയാണ് .

ഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങളും നിര്‍ദ്ധേശങ്ങളും ഇന്നിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ പോം‌വഴിയോ അല്ല . ഒരോ കാലഘട്ടങ്ങളിലും ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കാലഘട്ടങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യര്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട് . നാളത്തെ പ്രശ്നങ്ങള്‍ക്ക് പോം‌വഴി കണ്ടെത്താന്‍ നാളെ ജീവിയ്ക്കുന്നവര്‍ക്കേ കഴിയൂ . ഇന്നുള്ളവര്‍ക്ക് കഴിയില്ല . അങ്ങിനെയാണ് മനുഷ്യ സമൂഹം മുന്നേറിയിട്ടുള്ളത് . എക്കാലത്തേക്കും സാധുവായ ഒരു തീയറി ആവിഷ്കരിക്കാന്‍ ഒരു ദാര്‍ശനികനും ചിന്തകനും കഴിയില്ല . സത്യത്തില്‍ എല്ലായ്പ്പൊഴും മനുഷ്യന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്രങ്ങളെ വകവയ്ക്കാതെ നിലവിലുണ്ടാവുന്ന പൊതുയുക്തിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് . ഇന്ന് ലോകത്തില്‍ ഉണ്ടാവുന്ന സകല സംഘര്‍ഷങ്ങള്‍ക്കും കാരണം ഈ പ്രത്യയശാസ്ത്രശാഠ്യങ്ങളുടെ ഏറ്റുമുട്ടലാണ് . പ്രത്യയശാസ്ത്രപരമായ മുന്‍‌വിധികളില്ലാതെ മാനവീകമുല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമേ എതൊരു പ്രശ്നവും പരിഹരിക്കാന്‍ കഴിയു . ഏതെല്ലാം പ്രശ്നങ്ങള്‍ എവിടെയെല്ലാം പരിഹരിക്കപ്പെടുന്നുണ്ടോ അതെല്ലാം ഇങ്ങിനെ തന്നെയാണ് .