Links

ജീവിതവും കാലവും

ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു. അടുത്ത ക്രിസ്മസിനു ഞാൻ ഉണ്ടാകുമോ എന്നറിയില്ല. ശരിക്ക് പറഞ്ഞാൽ ഈ ആശങ്ക എനിക്ക് എന്നും ഉണ്ടായിരുന്നു. നാളെ ഞാൻ ഉണ്ടാകുമോ എന്ന ആശങ്ക. ജീവിതത്തോടുള്ള അഭിനിവേശമാണ് ഈ ആശങ്കയുടെ അടിസ്ഥാനം എന്നും എനിക്കറിയാം. ജീവിതം നമ്മെ അത്രമേൽ പ്രലോഭിപ്പിക്കുന്നു. ഇതിനിടയിൽ എന്താണ് നാളെ എന്നും ഞാൻ കുട്ടിക്കാലം മുതൽ ചിന്തിക്കാറുണ്ടായിരുന്നു. മദ്രാസിൽ വെച്ചാണ് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ആദ്യമായി വായിക്കുന്നത്. ആദ്യത്തെ വായനയിലും പിന്നീടങ്ങോട്ടുള്ള തുടർവായനയിലും നിരന്തരമായ ചിന്തയിലും കാലത്തിന്റെ പൊരുൾ എന്റെ ബുദ്ധിക്ക് വഴങ്ങിയിരുന്നില്ല.

പിന്നീട് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ടെക്‌നിക്കൽ വശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കാലം ആപേക്ഷികമാണ് എന്ന അറിവ് എനിക്ക് ഗ്രഹിക്കാനായി. അതോടൊപ്പം കാലം കേവല യാഥാർഥ്യം ആണെന്ന ബോധമാണ് മനുഷ്യരുടെ സകല ദു:ഖങ്ങൾക്കും കാരണം എന്നും എനിക്ക് മനസ്സിലായി. അപ്പോൾ ശ്രീബുദ്ധനെ തിരുത്താനാണ് എനിക്ക് തോന്നിയത്. ആശകളല്ല, മിഥ്യയായ കാലത്തെ സത്യമായി കരുതുന്നതാണ് ദു:ഖത്തിനു നിദാനം എന്നായിരുന്നു എന്റെ കണ്ടെത്തൽ. അതുകൊണ്ടാണല്ലൊ നാളെയെ പറ്റിയ ആശങ്ക മനുഷ്യരെ വേട്ടയാടുന്നത്. ഇതൊക്കെ ചിന്തിച്ചുകൊണ്ട് നടന്നിരുന്ന എന്റെ മദ്രാസ് ജീവിതത്തിൽ എനിക്ക് നാളെകൾ ഉണ്ടായിരുന്നില്ല എന്ന് ഇതെഴുതുമ്പോൾ ഞാൻ ഓർക്കുന്നു. നാട്ടിൽ വന്ന് ഒരു കുടുംബം സ്ഥാപിച്ചതിനു ശേഷമാണ് എനിക്കും നാളെയെ പറ്റി ആശങ്ക ഉണ്ടാകാൻ തുടങ്ങിയത്. അപ്പോൾ മുതൽ ഞാൻ, ഞാൻ മാത്രം അല്ലല്ലൊ. എന്നെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ടല്ലൊ.

ക്രിസ്തുമസിനെ പറ്റിയാണല്ലൊ പറഞ്ഞു തുടങ്ങിയത്. ആഘോഷങ്ങളെ ജീവിതത്തിന്റെ അലങ്കാരങ്ങളായാണ് ഞാൻ കാണുന്നത്. അല്ലാതെ എന്ത് അർഥമാണ് ആഘോഷങ്ങൾക്കുള്ളത്. വെറും കെട്ടുകഥകളും പൊലിപ്പിച്ച നൂണകളുമാണ് എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനം. കന്യകയായ ഒരു സ്ത്രീ പ്രസവിക്കുമോ? ഇല്ല. കുരിശിലേറ്റപ്പെട്ട ഒരാൾ അവിടെ കിടന്ന് ഉയിർത്തെഴുന്നേൽക്കുമോ? ഒരിക്കലുമില്ല. കുരിശിൽ തറയ്ക്കൽ അക്കാലത്തെ ഒരു വധശിക്ഷാ രീതിയായിരുന്നു, അത്രയേയുള്ളൂ. ഇവിടെ തൂക്കിക്കൊല്ലുന്നത് പോലെ. എന്തെന്ത് കെട്ടുകഥകളാണ്. ദൈവം പ്രവാചകരെ ഏർപ്പാടാക്കുമോ? ആരാണത് പറഞ്ഞത്. ദൈവം എനിക്ക് അരുളപ്പാട് നൽകി എന്ന് ഞാൻ പറഞ്ഞാൽ ഞാനൊരു പ്രവാചകനാകുമോ? ഒരിക്കലുമില്ല. അത് പോലെ മഹാബലി എന്നൊരു ചക്രവർത്തി ഭൂമിയെ ഭരിച്ചിരുന്നോ? ആ ഭരണത്തിൽ എല്ലാ മനുഷ്യരും ഒരേപോലെയുള്ള സോഷ്യലിസം നടപ്പാക്കിയിരുന്നോ? എന്നിട്ട് ആ ചക്രവർത്തി പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ടോ? എത്ര മനോഹരമായ ഭാവനകളാണ്. ആഘോഷങ്ങളുടെ കാര്യം ഇത്രയേയുള്ളൂ. പുതിയ ആഘോഷങ്ങൾ ചിട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് നാം പഴയ ആഘോഷങ്ങൾ ആഘോഷിക്കുന്നു. ഇമ്മാതിരി അലങ്കാരങ്ങൾ ജീവിതത്തിന്റെ വിരസത ഇല്ലാതാക്കുന്നു.

അപ്പോൾ എന്താണ് നാളെ, അഥവാ എന്താണ് കാലം? കാലം ചലിക്കുന്നുണ്ടോ? ഭൂതകാലം അവിടെയുണ്ടോ? നാളെ ഉണ്ടാകുമോ? സമയം എന്നത് ചലിക്കുന്ന ഒരു രഥം ആണോ? സത്യം പറഞ്ഞാൽ ചലിക്കുന്നത് ഭൂമിയാണ്. ഭൂമിയാണ് ചലിച്ച് ചലിച്ച് ദിവസങ്ങൾ ഉണ്ടാക്കുന്നത്. ആ ദിവസങ്ങളുടെ ഓർമ്മയാണ് ഭൂതകാലം. വരാനിരിക്കുന്ന ദിവസത്തിന്റെ സങ്കല്പമാണ് നാളെ. ഓർമ്മകളെയും സങ്കല്പങ്ങളെയും കൂട്ടിയിണക്കി മനസ്സ് കാലബോധം നെയ്തെടുക്കുകയാണ്. കാലം യാഥാർഥ്യമല്ല അപേക്ഷികമാണ്.

ഭൂമി മാത്രമല്ല ചലിക്കുന്നത്. ഭൂമിയിലെ ഓരോ അണുവും അണുവിലെ പാർട്ടിക്കിളുകളും അണുക്കൾ ചേർന്ന തന്മാത്രകളും നിരന്തരം ചലിക്കുന്നു. പ്രകൃതിയിൽ , പ്രപഞ്ചത്തിൽ സകലതും ചില്ലറയായും മൊത്തമായും ചലിക്കുന്നു. ആ ചലനമാണ് തലച്ചോറ് വികസിച്ച മനുഷ്യരിൽ കാലബോധം ഉണ്ടാക്കുന്നത്. അതെ കാലം മനുഷ്യർക്ക് മാത്രമാണ് സ്വന്തം. ആപേക്ഷികമായ കാലത്തെ യാഥാർഥ്യമായി കരുതുന്നത് ദു:ഖത്തെ മാത്രമല്ല ജീവിതത്തിനു പ്രതീക്ഷയും കൂടി നൽകുന്നു. ആ പ്രതീക്ഷ തന്നെയാണല്ലൊ ജീവിതത്തിന്റെ പ്രേരണയും പ്രലോഭനവും.

മനുഷ്യാ നീ സ്വയം തിരിച്ചറിയൂ

 ഒരു സിദ്ധാന്തം അല്ലെങ്കിൽ പ്രത്യയശാസ്ത്രം സമൂഹത്തിൽ പ്രയോഗവൽക്കരിക്കാനോ നടപ്പാക്കാനോ ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് കാൾ മാർക്സിന്റെ സോഷ്യലിസമോ മുഹമ്മദ് നബിയുടെ ഇസ്ലാമിസമോ ഗാന്ധിജിയുടെ രാമരാജ്യമോ അതുപോലുള്ള ഒരു ഇസവും നടപ്പാകില്ല. വിശ്വാസികളും അനുയായികളും ഉണ്ടാകും. പക്ഷെ തിയറി നടക്കില്ല. ഗാന്ധിജിയുടെ മഹത്വം ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിപ്പിച്ചു എന്നത് മാത്രമാണ്. അതിനപ്പുറം ഒരു ആത്മീയവാദിയായ ഗാന്ധിജിയുടെ ഒരാശയവും നടക്കില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ അത് രാജ്യത്തിന്റെ ദുരന്തമായി പരിണമിച്ചേനേ. ജവഹർലാൽ നെഹ്‌റു ആദ്യപ്രധാനമന്ത്രി ആയതിനാൽ ആ ദുരന്തം ഒഴിവായിക്കിട്ടി.

ഇപ്പോഴും സോഷ്യലിസം സ്വപ്നം കാണുന്ന മാർക്സിന്റെ അനുയായികൾ ഉണ്ടാവാം. പക്ഷെ അതൊന്നും ഒരിക്കലും നടക്കില്ല. നടക്കണമെങ്കിൽ മനുഷ്യർ വീണ്ടും ബാർട്ടർ എക്കണോമിയിലേക്ക് തിരിച്ചു പോകണം. കറൻസി നാണയ വിനിമയ സിസ്റ്റത്തിൽ ലാഭം, അസമത്വം, ചൂഷണം ഒരു പരിധി വരെ അഴിമതി കൈക്കൂലി എന്നിവ സമൂഹ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായി എന്നും തുടരും. ഈ സിസ്റ്റത്തെ ക്യാപിറ്റലിസം എന്ന് വിളിച്ചാലും മനുഷ്യന്റെ പുരോഗതിയും വികസനവും കുതിക്കുന്നത് കറൻസി സമ്പ്രദായം കണ്ടുപിടിച്ചത് കൊണ്ടാണ്.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടി ആണെങ്കിലും അവരുടെ ആശയ ബാങ്ക് എന്നത് ആർ.എസ്.എസ്. ആണ്. എന്നാൽ RSS ന്റെ ഒരു ആശയവും പ്രയോഗവൽക്കരിക്കാൻ ബി.ജെ.പി. സർക്കാരിനു കഴിയില്ല. അങ്ങിങ്ങ് ചില ചായം പൂശലുകൾ നടക്കുമെങ്കിലും ബി.ജെ.പി.ഒരു പാർട്ടിയായും RSS ഒരു സാംസ്ക്കാരിക സംഘടനയായും വേറിട്ട് നിൽക്കും. ആർ.എസ്.എസ്സിന്റെ ഒരു സിദ്ധാന്തവും നടക്കാൻ പോകുന്നില്ല.
മുസ്ലീങ്ങൾ അവരുടെ വേഷഭൂഷാദികളിലും ആചാരങ്ങളിലും ഒക്കെ വേറിട്ട് നിന്ന് ഐഡന്റിറ്റി സൂക്ഷിക്കാൻ പാട് പെടുമെങ്കിലും ഖുർആനും ഹദീസും വിഭാവനം ചെയ്യുന്നത് നടപ്പാക്കുന്ന ശുദ്ധ മുസ്ലീമും ശുദ്ധമുസ്ലീം രാജ്യമോ ഒരിക്കലും ഉണ്ടാവില്ല. ക്രിസ്ത്യാനി, ബുദ്ധ,സിഖ് മതക്കാർക്ക് ഒക്കെ ഇത് ബാധകമാണ്. സിദ്ധാന്തങ്ങൾ വിശ്വസിക്കാൻ കൊള്ളാം എന്നല്ലാതെ ജീവിതത്തിൽ പകർത്താൻ ഒരാൾക്കും സാധ്യമല്ല.
എന്തുകൊണ്ടെന്നാൽ, ഓരോ വ്യക്തിയുടെയും ജീവിതം അവന്റെ ആഗ്രഹങ്ങളും വികാരങ്ങളും വിശപ്പും ശമിപ്പിച്ച് ജീവിയ്ക്കാൻ ഉള്ളതാണ്. അല്ലാതെ ഏതെങ്കിലും കിത്താബിലെ ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ ഉള്ളതല്ല. എല്ലാ മനുഷ്യരുടെയും വിശപ്പും വികാരങ്ങളും ഒന്നാണ്. ആഗ്രഹങ്ങളിലാണ് വൈവിധ്യം ഉണ്ടാകുന്നത്. മതം, പാർട്ടി, സംഘടന എന്നതൊക്കെ തൊലിപ്പുറമേ ധരിക്കുന്ന കുപ്പായം പോലെയാണ്. ഉള്ളിൽ മനുഷ്യർ ഒന്നാണ്. അവനു ജീവിയ്ക്കണം, മോഹങ്ങൾ പൂവണിയണം, വിശപ്പ് മാറണം, ലൈംഗികത അനുഭവിക്കണം എന്നൊക്കെയേയുള്ളൂ. കിട്ടുമെങ്കിൽ മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും അംഗീകാരവും കൂടി വേണം. ഇതെല്ലാം കിട്ടിയാൽ ജീവിതം ധന്യമായി.
അതുകൊണ്ട് മനുഷ്യാ നീ സ്വയം തിരിച്ചറിയൂ. നിന്റെ ജീവിതം മതത്തിനോ പാർട്ടിക്കോ ഏതെങ്കിലും ഗ്രൂപ്പിനു വേണ്ടിയോ അല്ല. നിനക്കുള്ളതാണ് നിന്റെ ജീവിതം. അത് കഴിയുന്നതും പൂർണ്ണമാക്കാൻ ശ്രമിക്കൂ. ആരെയും ദ്രോഹിക്കാതിരിക്കൂ. കാരണം നിന്നെ പോലെയാണ് എല്ലാവരും. ആരെയും വലുതോ ചെറുതോ എന്ന് കാണാതിരിക്കൂ. അതിനും കാരണം എല്ലാവരും നിന്നെ പോലെ ഏതെങ്കിലും അമ്മയുടെ വയറ്റിൽ നിന്ന് ജനിക്കുന്നതാണ്. വലിപ്പച്ചെറുപ്പങ്ങൾ മറ്റുള്ളവർ ആരോപിക്കുന്നതാണ്. അത് ആപേക്ഷികമാണ്. ജനനവും മരണവും ഒന്നാണെങ്കിൽ ജീവിതത്തിൽ വലിപ്പച്ചെറുപ്പങ്ങൾ കൊണ്ടാടുന്നത് ഭോഷ്ക്ക് ആണ്.