Links

വിശ്വാസങ്ങൾ ഭ്രാന്താകുമ്പോൾ ...

ഭക്തിയുടെ പേരിൽ വിശ്വാസികൾ കാട്ടിക്കൂട്ടുന്ന ആചാരങ്ങളും കോപ്രായങ്ങളും തികച്ചും പ്രാകൃതമാണു. പ്രാകൃതകാലത്ത് തുടങ്ങിവെച്ച പല ആചാരങ്ങളും ഇക്കാലത്തും തുടരുന്നത് ആളുകൾ തൊലിപ്പുറമേ മാത്രമേ പരിഷ്കൃതരായിട്ടുള്ളൂ മനസ്സ് ഇപ്പോഴും പ്രാകൃതമാണു എന്നതിന്റെ തെളിവാണു. ദൈവം എന്നൊരു പ്രപഞ്ചശക്തിയുണ്ട് എന്ന് വാദത്തിനു വേണ്ടി അംഗീകരിക്കാം. ആ ശക്തിയെ ശാന്തമായ പശ്ചാത്തലത്തിൽ പ്രാർത്ഥിക്കുകയോ തൊഴുകയോ ആരാധിക്കുകയോ ചെയ്താൽ പോരേ? പരിഷ്കൃതമനുഷ്യനാണെങ്കിൽ അങ്ങനെ മതി. യാതൊരു കോപ്രായങ്ങളും വേണ്ട. കാട്ടിക്കൂട്ടുന്ന ഒരു കോപ്രായവും ദൈവം കാണുകയോ അറിയുകയോ ചെയ്യില്ല. പ്രാകൃതമായ മനസ്സിന്റെ പ്രാകൃതവാഞ്ചകളെ തൃപ്തിപ്പെടുത്താൻ മാത്രമാണു തൊലിപ്പുറത്ത് മാത്രം പരിഷ്കാരിയായ ഇന്നത്തെ ആളുകൾ ഇതൊക്കെ ചെയ്യുന്നത്.

വെടിക്കെട്ടുകളും പടക്കങ്ങളും പൊട്ടിക്കുന്നവർ മനുഷ്യരാശിക്ക് കടുത്ത ദ്രോഹമാണു ചെയ്യുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും നൈമിഷികമായ ഒരനുഭൂതി. എന്നാൽ പൊട്ടുന്ന ഈ പടക്കങ്ങളെല്ലാം ഉല്പാദിപ്പിക്കുന്ന വിഷവാതകവും രാസപദാർത്ഥങ്ങളും അന്തരീക്ഷത്തിൽ കലർന്ന് സ്ഥിരമായി അവിടെ തങ്ങിനിൽക്കുകയാണു. ഇതൊന്നും പൊട്ടിക്കുന്നവരോ കണ്ട് സുഖിക്കുന്നവരോ അറിയേണ്ടല്ലൊ. ഇമ്മാതിരി വിഷവാതകങ്ങളെ ഇനിയും കുറേക്കാലം താങ്ങാൻ നമ്മുടെ ഭൗമാന്തരീക്ഷത്തിനു കഴിയുകയില്ല. ഓരോ പടക്കം പൊട്ടുമ്പോഴും അത്രയും മലിനീകരിക്കപ്പെടുകയാണു നമ്മുടെ അന്തരീക്ഷം. ഇപ്പോൾ തന്നെ ചൂട് താങ്ങാൻ കഴിയുന്നില്ല. കാർബൺ ഡൈ‌ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ അളവിൽ കൂടിയത് കൊണ്ട് ഉണ്ടാകുന്ന ആഗോളതാപനത്തിലെ വർദ്ദനവാണു ചൂടിനു കാരണം.

നമ്മൾ ആഗോളതാപനം കുറച്ചുകൊണ്ടു വരാൻ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല അത് വർദ്ധിപ്പിക്കാനാണു ഉത്സാഹിക്കുന്നത്. അതിന്റെ ഭാഗമാണു പടക്കങ്ങളുടെ വലിയ തോതിലുള്ള ഉപയോഗം. സർക്കാർ എന്ത് കൊണ്ട് പടക്കങ്ങൾ നിരോധിക്കുന്നില്ല എന്നത് വിചിത്രമാണു. പടക്കങ്ങൾ ഇന്ത്യയിലേക്ക് കയറ്റി വിട്ടുകൊണ്ട് ചൈന കോടികൾ സമ്പാദിക്കുന്നു എന്ന് മാത്രമല്ല അത്ര കണ്ട് നമ്മുടെ വായുമണ്ഡലത്തെ താറുമാറാക്കുകയും ചെയ്യുന്നു.

ദൈവങ്ങളെയും ദേവന്മാരെയും ദേവികളെയും സന്തോഷിപ്പിക്കാനും സം‌പ്രീതമാക്കാനും വേണ്ടിയാണല്ലോ ഈ കോപ്രായങ്ങളൊക്കെ കാട്ടിക്കൂട്ടുന്നത്. ഏതെങ്കിലും ദേവനോ ദേവിയോ പ്രസാദിച്ചിട്ട് ആർക്കെങ്കിലും ഇത് വരെയായി എന്തെങ്കിലും കിട്ടിയോ? അപകടം സംഭവിക്കുമ്പോൾ രക്ഷയ്ക്ക് എത്തിയോ? അപകടത്തിൽ ഗുരുതരപരിക്ക് പറ്റി ജീവിതകാലം മുഴുവൻ നരകിക്കുമ്പോൾ ഏതെങ്കിലും ദേവദേവി തുണയ്ക്ക് എത്തുമോ?

തമാശ എന്തെന്നാൽ പണ്ട് നാട്ടിൽ ദാരിദ്ര്യം കൊടികുത്തി വാഴുമ്പോൾ, ആളുകൾ വിശപ്പ് കൊണ്ട് മുണ്ട് മുറുക്കിയുടുക്കുമ്പോൾ ഇത്രയും ഭക്തിയും ആചാരബഹളങ്ങളും ഇല്ല്ലായിരുന്നു. ഇപ്പോൾ ഒരു മുപ്പത് കൊല്ലത്തിനിപ്പുറം ആളുകൾക്ക് പണം കൂടിയപ്പോഴാണു ഭക്തിയും വിശ്വാസവും ആചാരഭ്രമങ്ങളും എല്ലാ പരിധിയും കടന്ന് ഒരു മാതിരി മാനസികരോഗത്തോളം മൂർച്ഛിച്ചത്. ഉള്ളത് പോയ്പ്പോകുമോ എന്നോ ഇനിയും കിട്ടേണമേ എന്നുള്ള ആക്രാന്തമാണോ ഈ ഭക്തിപ്രകടനപരതയ്ക്ക് കാരണം എന്നറിയില്ല. യഥാർത്ഥ ഭക്തി എന്നത് ഏകാന്തശാന്തതയിൽ ഉണ്ടാകുന്ന അനിർവ്വചനീയമായ അവസ്ഥയാണു. ആൾക്കൂട്ടത്തിനൊപ്പം ഉറയുന്നതും തുള്ളുന്നതും ഭക്തിയോ ആത്മീയതയോ അല്ല. പിരാന്ത് എന്ന് പറയും.

എന്തോ ആകട്ടെ, പടക്കങ്ങൾ പൊട്ടിച്ച് അന്തരീക്ഷത്തെ നശിപ്പിക്കുന്നതിൽ നിന്ന് ആളുകൾ പിന്മാറിയാൽ അത്രയ്ക്കത്രയ്ക്ക് മനുഷ്യനു ഭൂമിയിൽ ജീവിയ്ക്കാമായിരുന്നു.

ആയുർവേദ-ഹോമിയോ തട്ടിപ്പ് ചികിത്സാ ബിരുദങ്ങൾ പഠിക്കാതിരിക്കുക


സമയം ഉള്ളത് കൊണ്ടാണു ഞാൻ ഓരോ വിഷയങ്ങളും എഴുതുന്നത്. ചിലർക്കൊക്കെ അത് ഉപകാരപ്രദമാകുന്നുണ്ട് എന്നറിയുമ്പോൾ സന്തോഷം തോന്നാറ...
Posted by KP Sukumaran on Friday, 8 April 2016