Links

ശ്രീ. കെ.കരുണാകരന്‍ ബാക്കി വെച്ചു പോയത് ....

ബ്ലോഗ് വായനക്കിടയില്‍  ഒരു പോസ്റ്റിന്റെ തലക്കെട്ട് കണ്ടത്  ലീഡര്‍ക്ക് ഇനി നമുക്ക് മാപ്പ് കൊടുത്തൂടെ ...  എന്നാണ്.  എന്തിനാണ് അല്ലെങ്കില്‍ ആരാണ് ലീഡര്‍ക്ക് മാപ്പ് കൊടുക്കേണ്ടത്?   കേരളത്തിലെ ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്ന സാധാ‍രണക്കാരുടെ മനസ്സുകളില്‍ ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അത് പക്ഷെ അവര്‍ക്ക് തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ വേദി ഉണ്ടായിരുന്നില്ല.  എന്തെന്നാല്‍ സാധാരണക്കാര്‍ക്ക് പത്രങ്ങളില്‍ എഴുതാന്‍ കഴിയില്ല.പ്രസംഗിക്കാന്‍ കഴിയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ കഴിയില്ല.  അവരുടെ നാക്കുകള്‍ക്ക് വളരെ പരിമിതിയുണ്ട്.  അന്യോന്യമുള്ള സംസാരം പോലും ഇപ്പോള്‍ അപൂര്‍വ്വമാണ്.  അത്കൊണ്ട് സാധാരണക്കാര്‍ ഇപ്പോള്‍ വെറും മൂകസാക്ഷികള്‍ മാത്രമാണ്.  ഒച്ച വെക്കുന്നവരുടെ ശബ്ദഘോഷങ്ങളാണ് സമൂഹത്തിന്റെ  അഭിപ്രായങ്ങളായി കരുതപ്പെടുന്നത്.  സാധരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആകെയുള്ള അവസരം  കൈയ്യില്‍ ഒരു ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ മാത്രമാണ്.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ നേതാ‍വിനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടാറില്ല.  വീതം വയ്പ്പിലൂടെ  സ്ഥാനം കരസ്ഥമാക്കുന്ന, യോഗ്യത കുറഞ്ഞവരെ അഗീകരിക്കുക എന്ന വിധിയാണ് അവര്‍ക്കുള്ളത്.

ശ്രീ.കെ.കരുണാകരന്‍ മരണപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ നേതാവ് എന്ന്  പ്രകടിപ്പിക്കാനുള്ള അവസരം സാധാരണക്കാര്‍ക്ക് കിട്ടിയത്.  മരണം സംഭവിച്ച് സംസ്ക്കാരം  നടക്കുന്നതിനിടിയില്‍ കഴിഞ്ഞുപോയ  രണ്ട് രാവും പകലും  കേരളം അക്ഷരാര്‍ത്ഥത്തില്‍ കണ്ണടച്ചില്ല. അന്ത്യയാത്ര കടന്നുപോയ വഴികളില്‍ നീളെ ആളുകള്‍  രാത്രി പുലരുന്നത് വരെയും കാത്തിരുന്നു.  ഒരു നേതാവിനും കേരളം ഇത്രയും  വികാരനിര്‍ഭരമായ അന്ത്യോപചാരം  നല്‍കിയിട്ടില്ല.  അന്തരിച്ച ലീഡറോട് ജനങ്ങള്‍ക്കുള്ള വികാരവാ‍യ്പ്പ് കണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീ‍യ എതിരാളികള്‍ അന്തം വിട്ടുപോയിട്ടുണ്ടാവണം.  തങ്ങള്‍ എത്ര നിസ്സാരന്മാര്‍ എന്ന് ഒരു ഗണം അവര്‍ ആലോചിച്ചു പോയിട്ടുണ്ടാവും.

മാപ്പ് ചോദിക്കാന്‍ മാത്രം  എന്ത് അപരാധമായിരുന്നു കരുണാകരന്‍ കേരളത്തോട്  ചെയ്തിരുന്നത്?  പാമോയില്‍ കേസ് അവിടെ നില്‍ക്കട്ടെ.  ഇറക്കുമതിയില്‍ നഷ്ടം ഏര്‍പ്പെട്ടു എന്നാണ് കേസ്.  ഇറക്കുമതിയില്‍ അഴിമതി ആരോപിച്ചിട്ടില്ല.  ബംഗാളില്‍ അതേ പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായതിനെക്കാളും ലാഭം കേരളത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായിട്ടുണ്ട്.  പിന്നെയുള്ളത് രാജന്‍ കേസ് ആണ്.  രാജന്‍ കൊല ചെയ്യപ്പെട്ടത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരമാണ്.  എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.  രാജന്‍ കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ കൊലയാളി എന്നും കരിങ്കാലി എന്നും  അദ്ദേഹം  നിരന്തരം  എതിരാളികളാല്‍ തേജോവധം ചെയ്യപ്പെട്ടു.  എന്നാല്‍ അത്തരം  പ്രചാര വേലകള്‍ ഒന്നും അദ്ദേഹത്തിന് ഏശിയിരുന്നില്ല.

മഹാത്മാ ഗാന്ധിജിയും  ഇന്ദിരാ ഗാന്ധിയും  രാജീവ് ഗാന്ധിയും  എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.  രാഷ്ട്രീയപ്പകയാല്‍  എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.  ഈച്ചരവാര്യരുടെ ദു:ഖം മാത്രം  ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത്  അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.  എന്താണ് ആ പകയ്ക്ക് കാരണം?  കേരളം  തീര്‍ത്തും  മാര്‍ക്സിസ്റ്റ് അധീനതയില്‍  അകപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്ഥാനമാ‍യിരുന്നു.  അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പൌരസ്വാതന്ത്ര്യം എന്നത്  ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.  അങ്ങനെ മാര്‍ക്സിസ്റ്റ് കുത്തക ആകുമായിരുന്നതില്‍ നിന്ന് അദ്ദേഹം തന്റെ അസാമാന്യമായ നേതൃപാടവം കൊണ്ടും  സംഘാടനശേഷി കൊണ്ടും  കേരളത്തെ രക്ഷിച്ചെടുത്തു.  ആ  ജനാധിപത്യ കേരളത്തെ ഇവിടെ ബാക്കി വെച്ചിട്ടാണ്  ലീഡര്‍ നമ്മോട്  വിട പറഞ്ഞത്.

അദ്ദേഹം ബാക്കി വെച്ച കേരളം ഇനിയൊരിക്കലും  മാര്‍ക്സിസ്റ്റ്  കുത്തകാധിപത്യത്തില്‍ അകപ്പെടാതെ ഇവിടെ ഉണ്ടാവും.  അതിന്റെ രാഷ്ട്രീയ ഗുണഫലം  കോണ്‍ഗ്രസ്സിലെ  വീതം വയ്പ്പ് വിരുതന്മാര്‍ അനുഭവിച്ചു പോകുന്നെങ്കില്‍ അനുഭവിച്ച് പോകട്ടെ.  നമ്മള്‍ സാധാരണക്കാര്‍ക്ക്  നിര്‍ഭയം വഴി നടന്നു പോകാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മതി.  മുരളിയെ തിരിച്ചെടുക്കുന്നതെല്ല്ലാം അവരുടെ കാര്യം.  മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എത്രയോ പ്രാവശ്യം  കരുണാകരന്‍  ഡല്‍ഹിയില്‍ പോയി ഹൈക്കമാന്റിനെ കണ്ടു.  മുരളി തന്നെ പരസ്യമായി മാപ്പ് പറഞ്ഞു.  എന്നിട്ടും അദ്ദേഹം  മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും  മുരളിയെ തിരിച്ചെടുക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട്  അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള  സന്മനസ്സ് ഇവിടത്തെ  വീതംവയ്പ്പ്  വീരന്മാര്‍ക്ക് ഉണ്ടായില്ല.

രാഷ്ട്രീയ എതിരാളികളുടെ മാപ്പ് അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. എന്തെന്നാല്‍ അവരോട്  ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല്ല.  നേരെ മറിച്ച്  കോണ്‍ഗ്രസ്സിലെ  വീതംവയ്പ്പ് നേതാക്കളാണ് അദ്ദേഹത്തോട്  കടുത്ത തെറ്റ് ചെയ്തുകൊണ്ടേയിരുന്നത്.  ഇല്ല്ലാത്ത ചാരക്കേസില്‍  കുടുക്കി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കിയത് ഇപ്പറഞ്ഞ കോണ്‍ഗ്രസ്സുകാരാണ്.  ആ കേസ് ചാരമായിട്ടും അദ്ദേഹത്തോട് മാപ്പ് പറയാനുള്ള  മാന്യത അവര്‍ കാണിച്ചില്ല.  കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് പോയി പാര്‍ട്ടിയെ അങ്ങേയറ്റം ദ്രോഹിച്ചവരും , കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരും  പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നവരും,  ചേര്‍ന്നവരുമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ള അധികം പേരും. അവരോളം തെറ്റ്  കരുണാകരനോ മുരളിയോ കോണ്‍ഗ്രസ്സിനോട് ചെയ്തിട്ടില്ല.  ഇതൊന്നും പക്ഷെ പറഞ്ഞിട്ട് കാര്യമില്ല.  കറക്ക് കമ്പനികള്‍ക്ക്   സംഘടനയെ വരുതിയിലാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നതാണ്  നമ്മള്‍ കാണുന്നത്. കോണ്‍ഗ്രസ്സിന്റെ കാര്യം മാത്രമല്ല.

രാജന്‍ കേസ് ആളുകള്‍  ഇത്രയും പ്രധാനമായി കാണാന്‍ കാരണം  ഈച്ചരവാര്യര്‍ കൊടുത്ത കേസും  അതിന്റെ അനന്തര നടപടികളും വിധിയും ഒക്കെയാണ്.  ഈച്ചരവാര്യരുടെ കൃതിയും  പിറവി എന്ന സിനിമയും ഒക്കെ ഒരു ഘടകമാണ്. എന്നാല്‍ കൊല്ലപ്പെടുന്നവരുടെയെല്ലാം ബന്ധുക്കളുടെ ദു:ഖം ഒരു പോലെയാണെന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല.  ആര് ആരെ കൊന്നാലും തെറ്റാണ്, അപലപിക്കപ്പെടേണ്ടതാണ്.  മറ്റൊരു മനുഷ്യനെ കൊല്ലാന്‍  ആര്‍ക്കും തോന്നാന്‍ പാടില്ലാത്തതാണ്.  എന്തെന്നാല്‍ ഏതൊരു മനുഷ്യന്റെയും  ആയുസ്സ് നിശ്ചിതമാണ്.  കൊല്ലപ്പെട്ടവന്‍ വേഗം ചത്തു എന്നേയുള്ളൂ ,  കൊന്നവന്‍ ചാകാന്‍ കുറച്ച് കാലം കഴിയണം എന്നും.

രാജന്റെ കൊലപാതകവുമായി കരുണാകരന് ബന്ധമുള്ളത്  ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മാത്രമാണ്.   നക്സലുകള്‍  ആളുകളുടെ തല അറുത്ത് വീട്ടിന്റെ മതിലുകളില്‍ കൊണ്ടുവെക്കുന്ന കാലമായിരുന്നു അത്.  വര്‍ഗ്ഗശത്രുവിന്റെ ഉന്മൂലനമായിരുന്നു അന്ന് നക്സലുകളുടെ പ്രഖ്യാപിതപരിപാടി.  നക്സലുകള്‍ ആളെക്കൊല്ലുന്നതും തെറ്റ് തന്നെയാണ്.  ആ നക്സലുകളെ  അമര്‍ച്ച  ചെയ്യുക എന്നത്  അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു.  ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്.  രാജനെ പ്രത്യേകമായി പിടിച്ചുകൊല്ലണം എന്ന്  അന്ന്  ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ഉത്തരവ് ഇട്ടിട്ടില്ല. കൊന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീ‍സ്കാര്‍ക്കാണ്.  പ്രതികളെ പിടിച്ചു കൊല്ലാന്‍ പോലീസുകാരെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയൊരു വകുപ്പും ഇല്ല. എന്നിട്ടും ഇന്നും പോലീസുകാര്‍ പ്രതികളെ കൊല്ലുന്നു.  സമൂഹത്തിലും പോലീസിലും ഇന്നും കൊലപാതകികളും കൊലപാതകം ചെയ്യാ‍ന്‍ നെഞ്ചുറപ്പുള്ളവരും വിഹരിക്കുന്നുണ്ട്  എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ലീഡര്‍ക്ക് ആരും  മാപ്പ് കൊടുക്കേണ്ടതില്ല എന്നാണ്.  ലീഡറോട് അനീതി കാണിച്ച കോണ്‍ഗ്രസ്സിലെ വീതംവയ്പ്പ്  ഭാരംതാങ്ങികളാണ് ജനങ്ങളോട് മാപ്പ് ചോദിക്കേണ്ടിയിരുന്നത്.  പക്ഷെ അതിന്റെ ആവശ്യം അവര്‍ക്ക്  വരുന്നില്ല.  എന്തെന്നാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനേ വോട്ട് ചെയ്യാന്‍ പറ്റൂ.  കരുണാകരനോട് അനീതി കാണിച്ചു എന്ന് വെച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചാല്‍ ,  അത് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യവും  അടിമത്വം ഇരന്ന് വാങ്ങുന്നതിന് സമവും ആകുമെന്ന്  ജനങ്ങള്‍ക്കറിയാം.  അത്തരത്തിലുള്ള  ഒരു  പാര്‍ട്ടി സംവിധാനമാണല്ലോ അപ്പുറത്ത് ഉള്ളത്.  ചുരുക്കത്തില്‍  ഉമ്മന്‍ ചാണ്ടി- ചെന്നിത്തല  വീതംവയ്പ്പ് പ്രഭൃതികളെ താങ്ങി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്.  മാര്‍ക്സിസ്റ്റ് വിരോധം ഒന്ന് മാത്രമാണ് ആളുകളെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.  അവര്‍ പറയുന്നത് പോലെ ഒരു യഥാര്‍ഥ ഇടത്പക്ഷമായിരുന്നു സി.പി.എം. എങ്കില്‍  ,  ആക്രമണവും നാടന്‍ ബോമ്പും , കള്ളവോട്ടും  ധാര്‍ഷ്ട്യവും വെടിയാന്‍ അണികളോട്  നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍  പാര്‍ട്ടിക്ക്  അമിതമായ ആസ്ഥി വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.  മെയ്യനങ്ങാതെ  ഇസ്തിരി ചുളിയാത്ത ഖദര്‍ധാരികളുടെ പത്രാസ് അപ്പോള്‍ കാണാമായിരുന്നു.  പക്ഷെ സി.പി.എമ്മിന് ഇനി മാറാന്‍ കഴിയില്ല.  ആദര്‍ശത്താല്‍ പ്രചോദിതരായി കമ്മ്യൂണിസം  സ്വീകരിച്ചവരുടെ കൈയ്യിലല്ല ആ പാര്‍ട്ടിയും ഇന്ന്.

കേരാളത്തിന്റെ വികസനത്തിലും പുരോഗതിയിലും  കരുണാകരന്റെ മുദ്രയുമുണ്ട്.  പക്ഷെ അതിനേക്കാളും എല്ലാമുപരി അദ്ദേഹം നമുക്കായി ബാക്കി വെച്ചത് ബംഗാളാകാത്ത ഒരു കേരളമാണ്.  അതിനായി മാത്രമെങ്കിലും ജനാധിപത്യകേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു ......

(എന്റെ ഒരു പഴയ പോസ്റ്റും വായിക്കാം)

കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം

എന്റെ ബ്ലോഗ് പതിവായി വായിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി വടകരയില്‍ നിന്നും  എന്നെ കാണാന്‍ ബാംഗ്ലൂരില്‍ വന്നിരുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  മാര്‍ക്സിസ്റ്റ് വിമതര്‍ കൂട്ടത്തോടെ ജയിച്ച മേഖലയില്‍ നിന്നാണ് പുള്ളി വരുന്നത്.  കമ്മ്യൂണിസത്തെയും അതിന്റെ ഭാവിയെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായി തന്നെ സംസാരിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യമായ പരിഗണനയും  ഉദ്ദേശിച്ച കാര്യങ്ങളുടെ ഫലപ്രാപ്തിയും ലഭിക്കാത്തവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി ഇടത് ഏകോപനസമിതി രൂപീകരിച്ചത്. അങ്ങനെ വരുമ്പോള്‍ അക്കൂട്ടര്‍ക്ക് എങ്ങനെ ഒരു നല്ല ഇടത് പക്ഷ ബദല്‍ ആകാന്‍ കഴിയും?  എന്ത്കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാ‍ര്‍ട്ടിയോട് ആളുകള്‍ക്ക് ഇങ്ങനെ വെറുപ്പ് വര്‍ദ്ധിക്കാന്‍ കാരണം എന്ന് തുടങ്ങി കമ്മ്യൂണിസത്തിന്റെ പ്രസക്തിയും ഭാവിയും അങ്ങനെ നിരവധി കാര്യങ്ങള്‍ അവന്‍ ചോദിച്ചു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആളുകള്‍ വെറുക്കുന്നതിന് എത്രയോ കാരണങ്ങളുണ്ട്. അവരുടെ ഓരോ വാക്കും പ്രവര്‍ത്തിയും ആളുകളില്‍ വെറുപ്പ് വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരിക്കുന്നു, വെറുക്കുന്നവരുടെ കൂടെ ആളുകള്‍ കൂടിക്കൊണ്ടേ വരുന്നു എന്നതാണ് സത്യം.  കാരണങ്ങളെ പ്രത്യേകമായി എടുത്ത് വിശകലനം ചെയ്യാന്‍ കഴിയില്ല. അതിന്റെ ആവശ്യവുമില്ല.  വെറുപ്പുകള്‍ ഒന്നൊന്നായി കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമായിക്കൊണ്ടേ വരുന്നു.  അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കേരളത്തിലെ ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറന്തള്ളപ്പെട്ടത്.  ജനങ്ങളെ മനസ്സിലാക്കാനുള്ള കോമണ്‍ സെന്‍സ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് തീരെയില്ല.  നേതാവായിക്കഴിഞ്ഞാല്‍ അണികള്‍ തങ്ങളുടെ അടിമകള്‍ ആണെന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കരുതുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ വിഴുങ്ങുന്നവരുടെ  സംഖ്യ  അനുദിനം കുറഞ്ഞുവരികയാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടരി കഴുത്തിന് സുഖമില്ലാത്തത്കൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധിക്ക് അപേക്ഷിക്കുന്നു. പോലിസ് മര്‍ദ്ധനം മൂലമാണ് കഴുത്തിന് സുഖമില്ലാത്തതായത് പോലും.  ഇപ്പോള്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ ആണത്രെ.  അവധിക്ക് അപേക്ഷിച്ചാ‍ല്‍  അനുവദിക്കാതിരിക്കാന്‍ പറ്റുമോ എന്നാണ് ഒരു ഉന്നത നേതാവ് പ്രതികരിച്ചത്.  ഈ അവധിചികിത്സാപ്രയോഗ വിശദീകരണം അപ്പാടെ അണികള്‍ വിശ്വസിച്ചിരിക്കും എന്നാണ് നേതാക്കള്‍ കരുതുന്നുണ്ടാവുക.  എന്നാല്‍ അവധി ചികിത്സയുടെ പിന്നാമ്പുറ കഥകള്‍ കാതോടുകാതായി പ്രചരിക്കുന്നത് നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല.  ഏതായാലും  പത്രങ്ങള്‍ അതിനെക്കുറിച്ച് പിന്നെയൊന്നും എഴുതിയിട്ടില്ല.  ചികിത്സ കഴിഞ്ഞ് വന്നാല്‍ സെക്രട്ടരി സ്ഥാനം മടക്കി നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ അത് അപ്പോള്‍ ആലോചിക്കും എന്ന പാര്‍ട്ടി വക്താവിന്റെ മറുപടിയും അവധിയെക്കുറിച്ച് അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും  എല്ലാം തുറന്ന് പറയുന്നുണ്ട്.

ചികിത്സയും അവധിയും കഴിഞ്ഞ് ആ ഉഗ്രപ്രതാപിയായിരുന്ന നേതാവിന് സെക്രട്ടരിക്കസേര മടക്കിക്കിട്ടിയില്ലെങ്കില്‍  ഇപ്പോള്‍ അടക്കം പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ജനം കരുതും.  മാത്രമല്ല ആ നേതാവിനെതിരെ സ്വന്തം ജന്മനാട്ടില്‍ പോലും  വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി ശ്രുതിയുണ്ടായിരുന്നു.  അവധിചികിത്സ ലഭിക്കേണ്ടവര്‍ പാര്‍ട്ടിയില്‍ ഇനിയും ഉണ്ടാകില്ലേ എന്നും അണികള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം.  എന്തായാലും  അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍  വോട്ടുകള്‍ വരവില്‍ വര്‍ദ്ധിക്കുകയില്ല എന്ന് മാത്രമല്ല, നഷ്ടം കൂടുകയും ചെയ്യും.  ഇങ്ങനെ ഓരോ ദിവസവും  കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമാക്കുന്ന ഏര്‍പ്പാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനം മുഴുകിയിരിക്കുന്നത്.  പാര്‍ട്ടിയെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ല എന്ന് പറയുമ്പോഴും  പാ‍ര്‍ട്ടി കൂടുതല്‍ കൂടുതല്‍ തൊലിയുരിക്കപ്പെടുകയാണെന്ന് നേതാക്കള്‍ അറിഞ്ഞതായി ഭാവിക്കുന്നേയില്ല.

ആസ്തിയോടും പണത്തോടും  കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ആര്‍ത്തി സുവിദിതമാണ്.  പാര്‍ട്ടി സമ്പത്ത് വാരിക്കൂട്ടുക, നേതാക്കള്‍ അത് അനുഭവിച്ച്  ഉന്മത്തരാവുക എന്നതാണ് ശൈലി.  മറ്റ് പാര്‍ട്ടിക്കാര്‍ ഒറ്റയ്ക്ക് സമ്പാദിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി കൂട്ടായി പാര്‍ട്ടി എന്ന നിലയിലാണ് സമ്പാദിക്കുക.  അത്കൊണ്ട് ഗുണം കൂടുതല്‍ മാര്‍ക്സിസ്റ്റ് നേതാ‍ക്കള്‍ക്കാണ്.  കൂട്ടായി സമ്പാദിക്കുമ്പോള്‍ നേട്ടം പതിന്മടങ്ങാണ്.  പാര്‍ട്ടി നോട്ടമിട്ട  വസ്തുവും കെട്ടിടങ്ങളും അനായാസമായി പാര്‍ട്ടി അധീനതയിലാകും.  ഈ മന്ത്രിസഭയുടെ കാലത്ത് പാര്‍ട്ടി എത്ര ആസ്തി സമ്പാദിച്ചു എന്ന കണക്ക് അണികള്‍ക്ക് ഒരിക്കലും ലഭ്യമാവുകയില്ല.  ഇതിലൊന്നും യാതൊരു അപാകതയും കാണാത്തവര്‍ തന്നെയാണ് ഇന്നും പാര്‍ട്ടിയുടെ ഭൂരിപക്ഷം അണികളും എന്നത് സത്യമാണെങ്കിലും  ഈ വെട്ടിപ്പിടുത്തത്തില്‍ അമര്‍ഷം പൂണ്ട് പാര്‍ട്ടിയോട് വിട പറയുന്നവരുടെ എണ്ണം ദിവസവും കൂടി വരുന്നുണ്ട്.

പാര്‍ട്ടിയിലേക്ക്  ആകര്‍ഷിക്കപ്പെടാന്‍ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ ഒന്നുമില്ല.  ഒപ്പം കൂടിയാല്‍  സാമ്പത്തികനേട്ടം ഉണ്ടാക്കാം  എന്ന ഒരേയൊരു പ്രലോഭനം മാത്രമേ ഇന്ന്  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി അതില്‍ ചേരുന്നവര്‍ക്ക് ഉണ്ടാകൂ.  കമ്മ്യൂണിസവും സോഷ്യലിസവും ഇടത് പക്ഷവുമൊന്നും ഇനിയുള്ള കാലം ആരെയും ആകര്‍ഷിക്കാന്‍ പോന്നതല്ല.  ഇപ്പോള്‍ അതിലൊക്കെ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിച്ച് കഴിയാമെന്ന് മാത്രം.  സമരങ്ങള്‍ നടത്താനുള്ള ശേഷിയും ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാവില്ല.  ഭരണം ഒഴിഞ്ഞുപോയാല്‍  വഴിപാട് പോലെ ബന്ദുകളും ഹര്‍ത്താ‍ലുകളും മാത്രമേ ഇനി നടത്താന്‍ കഴിയുകയുള്ളൂ.  എന്തിനെ എതിര്‍ത്തിട്ടാണ് ഇനി സമരം നടത്താന്‍ കഴിയുക?  കഴിഞ്ഞ കാലങ്ങളില്‍  എന്തിനെയെങ്കിലും  എതിര്‍ത്ത് സമരം നടത്തിയിട്ടാണ് പാര്‍ട്ടി പിടിച്ച് നില്‍ക്കാറ്.  സമരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞുപോയി.  ബന്ദും ഹര്‍ത്താലുമാണെങ്കില്‍ അത് നാട്ടുകാര്‍ക്ക് സമരമേയല്ല, ഉത്സവമാണ്.

“എന്റെ പാര്‍ട്ടി ഇനി നന്നാവില്ല. ഇത് ക്രമേണ മുരടിച്ചുപോവുകയേയുള്ളൂ. ഇപ്പോഴൊക്കെ പാര്‍ട്ടി കോര്‍പ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ മേലെയായില്ലേ?  കോണ്‍ഗ്രസ്സ് പാര്‍ട്ടി നിലനില്‍ക്കും. എന്തെന്നാല്‍ അത് ജനാധിപത്യപാര്‍ട്ടിയല്ലെ. ഇതൊന്നും ആരോടും തുറന്ന് പറയാറില്ല. കാരണം ഭയം എന്ന സംഗതി നമ്മളെ വേട്ടയാടുന്നുണ്ട്.  എന്റെ ഒറ്റയ്ക്കുള്ള അഭിപ്രായമല്ല ഇത്..”  ഇങ്ങനെ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചത്  പിണറായിയിലെ  എന്റെ സുഹൃത്തായ ഒരു കെ.എസ്.ടി.എ. അദ്ധ്യാപകനാണ്.  തെളിവൊന്നും ഹാജരാക്കുന്നില്ല. പക്ഷെ ആ സുഹൃത്ത്  സാക്ഷാല്‍ സംസ്ഥാന സെക്രട്ടരിയുടെ പഴയ വീടിന്റെ അയല്‍പ്പക്കത്തുള്ള ഒരു പ്രശസ്ത കമ്മ്യൂണിസ്റ്റ് തറവാട്ടിലെ അനന്തരാവകാശിയാണ്.  ഞാന്‍ മനസ്സിലാക്കിയേടത്തോളം  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും ഭയക്കുന്നത് പാര്‍ട്ടിയുടെ വര്‍ഗ്ഗ സംഘടനകളില്‍ പെട്ടവര്‍ തന്നെയാണ്. അത്തരത്തിലാണ് പാര്‍ട്ടി സെറ്റപ്പ്.

മറ്റ് സംഘടനകളില്‍ പെട്ടവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ   അസൂയയോടുകൂടിയാണ് മാര്‍ക്സിസ്റ്റ് സംഘടനകളില്‍ പെട്ടവര്‍ നോക്കുന്നത്.  പാ‍ര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് നിര്‍ബ്ബന്ധിക്കുക മാത്രമല്ല പരോക്ഷമായി ഭയപ്പെടുത്തുകയും ചെയ്യും.  പിരിവിന്റെ കാര്യമാണ് കടുപ്പം.  പണപ്പിരിവിന്റെ കാര്യത്തില്‍  ഒരു ദാക്ഷിണ്യവും മാര്‍ക്സിസ്റ്റുകള്‍ കാണിക്കുകയില്ല. എത്ര കൊടുത്താലും മതിയാകില്ല.  പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും മോശമാവുമ്പോള്‍ തങ്ങള്‍ ഇങ്ങനെ കാശ് കൊടുത്ത് ഈ പാര്‍ട്ടിയെ നിലനിര്‍ത്തേണ്ട ബാധ്യത എന്താണെന്ന് നാളെ ആളുകള്‍ ചിന്തിച്ചുകൂടായ്കയില്ല.  ഇപ്പോഴും ചിന്തിക്കുന്നവരുണ്ട്. പക്ഷെ ഭയം നിമിത്തം കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള ഭയം നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നാട്ടില്‍ നിലനില്‍പ്പുള്ളൂ.  രണ്ട് പ്രാവശ്യം തുടര്‍ച്ചയാ‍യി യു.ഡി.എഫ്. അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഉണ്ടായാല്‍ പിന്നെയാരും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടില്ല. അത്തരമൊരു സാഹചര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി സംജാതമാവും എന്നാ‍ണ് എന്റെ കണക്ക് കൂട്ടല്‍ .  എന്തെന്നാല്‍  കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ എന്നത്തേക്കാളും ഭദ്രമാണ് ഇന്ന്.

സത്യത്തില്‍ എന്താണ് കമ്മ്യൂണിസം?  ഒരിക്കലും നടക്കാത്ത ഊട്ടോപ്യന്‍ സ്വപ്നമാണ് കമ്മ്യൂണിസവും.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  കമ്മ്യൂണിസം സ്ഥാപിക്കും എന്ന് കാറല്‍ മാര്‍ക്സ് എവിടെയും പറഞ്ഞിട്ടില്ല.  തൊഴിലാളിവര്‍ഗ്ഗം  ആര്‍ജ്ജിക്കുന്ന ബോധപരമായ ഔന്നത്യത്തിലൂടെ പടിപടിയായി മുന്നേറി  ഭരണകൂടങ്ങളെപ്പോലും  പിഴുതെറിഞ്ഞ് ആധുനികകമ്മ്യൂണിസം സ്ഥാപിക്കും എന്നാണ് മാര്‍ക്സ് സ്വപ്നം കണ്ടത്.  തൊഴിലാളി വര്‍ഗ്ഗം എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരല്ല.  എന്നാല്‍ മാര്‍ക്സ് സ്വപ്നം കണ്ട പോലെയൊരു തൊഴിലാളിവര്‍ഗ്ഗം ലോകത്ത് എവിടെയും ഉരുത്തിരിഞ്ഞ് വന്നില്ല.  അവനവന്‍ മുതലാളിമാരാണ് ഇന്ന് ലോകത്ത് അധികവും.  ചരിത്രം  മാര്‍ക്സിന്റെ സ്വപ്നത്തെ തള്ളിക്കളഞ്ഞു.  വര്‍ഗ്ഗപരമായി തൊഴിലാളികള്‍ സംഘടിക്കാനുള്ള സാഹചര്യം ഇല്ലെങ്കിലും  മനുഷ്യര്‍ക്ക്  ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാമായിരുന്നു.  എല്ലാവര്‍ക്കും  സുഖമായി കഴിയാനുള്ള ഇടം ഭൂമിയില്‍ ഉണ്ട്. പോരെങ്കില്‍  ഒരുമിച്ചാണെങ്കില്‍ നമുക്ക് കടലിലും ആകാശത്തും ഇടം സൃഷ്ടിക്കാനും കഴിയും.  എന്നാല്‍ മനുഷ്യന്‍ എന്നാല്‍ പുറത്ത് കാണിക്കാന്‍ ശ്രമിക്കുന്ന പോലെ അത്ര നല്ലവനല്ല.  തന്റെ ആവശ്യങ്ങളോട്  കോമ്പ്രമൈസ് ചെയ്യാന്‍ ആരും തയ്യാറല്ല.  എത്രയാണ് ഒരാളുടെ ആവശ്യം? അത്  അടുത്തവനെക്കാളും എന്തായാലും അധികമാണ്.  മാവേലി നാട് വാണീടും കാലം എല്ലാരും ഒന്ന് പോലെ എന്ന് ഈണത്തില്‍ പാടാന്‍ എല്ലാവരും കേമന്മാരാണ്.  എന്നാല്‍ അടുത്തുള്ളവനെക്കാളും എനിക്ക് അധികം വേണമെന്ന ആസക്തി ആരും ഉപേക്ഷിക്കുകയില്ല.  തൊഴിലാളി വളര്‍ന്നാല്‍ അവന്‍ നോക്കുകൂലിയാണ് അധികം വാങ്ങുക. അല്ലാതെ കമ്മ്യൂണിസം സ്ഥാപിക്കുകയല്ല ചെയ്യുക.  സമൂഹത്തിന്റെ ചലനം  എന്ന് പറയുന്നത് തന്നെ ഈ സ്വാര്‍ത്ഥതയാണ്.   കമ്മ്യൂണിസ്റ്റുകാരാണ് എല്ലാ അര്‍ത്ഥത്തിലും  ഏറ്റവും  സ്വാര്‍ത്ഥരായത് എന്നത് വിരോധാഭാസമായി തോന്നാം.  ഗാന്ധിജിയെ പോലെ ഒരു മഹാത്മാവിനെ  സംഭാവന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിഞ്ഞിട്ടില്ല.

തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം,  വര്‍ഗ്ഗസമരസിദ്ധാന്തം എന്നൊക്കെയുള്ള  വരട്ടുതത്വങ്ങള്‍ ഒഴിവാക്കിയാല്‍  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ നല്ലൊരു ജനാധിപത്യപാര്‍ട്ടിയാകാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെന്ന്  എന്നെ കാണാന്‍ വന്ന ആ സുഹൃത്തിനോട് അന്ന് ഞാന്‍ പറഞ്ഞിരുന്നു.  എന്നാല്‍  അങ്ങനെയൊരു സാധ്യതയുമില്ലെന്ന് എനിക്ക് ബോധ്യമായത്  പിണറായിയിലെ ആ സുഹൃത്തുമായി  കുറെ നേരം സംസാരിച്ചതിന് ശേഷമാണ്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് ആ പാര്‍ട്ടിയെ ന്യായീകരിക്കുന്നതും പ്രതിരോധിക്കുന്നവരും.  പാര്‍ട്ടിയെ അറിയുന്നവര്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരില്‍  പലരും മാനസികമായി കോണ്‍ഗ്രസ്സ് അനുകൂലികളാണ്.  കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാത്ത  കെ.എസ്.ടി.യു. മാഷ്മ്മാരെ എനിക്കറിയാം.  സ്വന്തം ചിഹ്നത്തില്‍ ചെയ്യാന്‍ വെറുപ്പ്.  യു.ഡി.എഫിന്  ചെയ്താല്‍ പിടിച്ചുപോകും എന്ന ഭയം.   അടിമപ്പണി എടുപ്പിക്കുന്നതിലും  കൂടെക്കൂടെ സംഭാവന കൊടുക്കാന്‍ നിര്‍ബ്ബന്ധിതര്‍ ആകുന്നതിലുമാണ് പലര്‍ക്കും വെറുപ്പ്.

ഇത്തരക്കാരുടെ സംഖ്യ ഇന്ന് കുറവാണെങ്കിലും  പാര്‍ട്ടി അടിത്തറ ദുര്‍ബ്ബലമായി വരികയും  വിരുദ്ധരുടെ എണ്ണം പാര്‍ട്ടിയില്‍ തന്നെ ഏറി വരികയുമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്.  ധാ‍രാളം ആസ്തിയും  ബിസിനസ്സും , എന്തിനും തയ്യാറുള്ള അണികള്‍ ധാരാളവും ഉണ്ട് എന്ന കാരണത്താല്‍ മാര്‍ക്സിസ്റ്റ്കാരുടെ ധാര്‍ഷ്ട്യത്തിന് അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നര്‍ത്ഥം.  നോക്കുക, കേരളത്തില്‍ ആളുകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ വെറുക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മാത്രമാണ്.  കോണ്‍ഗ്രസ്സിനോടും ലീഗിനോടും ഒക്കെ ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടാകാം. പക്ഷെ വെറുക്കുന്നില്ല. കാരണം മറ്റൊരു പാര്‍ട്ടിയും ആളുകളെ വെറുപ്പിക്കുന്നില്ല.  ശുംഭന്‍ എന്ന് ജഡ്ജിയെ വിളിച്ചിട്ട് , ആ പ്രയോഗം മലബാറില്‍  സാധാരണയാണ് എന്ന് ന്യായീകരിക്കുക.  ഇമ്മട്ടിലുള്ള ന്യായങ്ങളും അതൊക്കെ പ്രകടിപ്പിക്കുമ്പോഴുള്ള ശരീരഭാഷയുമൊന്നും ഇനിയുള്ള കാലം ആരും വകവെച്ചുകൊടുക്കുകയില്ല.

ഞാന്‍ ഈ ബ്ലോഗ്  എഴുതുന്നത്കൊണ്ടോ  , ഇത് ചില്ലറ ആളുകള്‍ വായിക്കുന്നത്കൊണ്ടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു പോറലും  സംഭവിക്കുകയില്ല. എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ അതിന്റെ ഉള്ളില്‍ തന്നെയാണ് ഉള്ളത്. ഈ പോസ്റ്റ് വായിച്ച് അസഹിഷ്ണുത തോന്നുന്നവര്‍ അതാണ് ആദ്യം മനസ്സിലാക്കേണ്ടത്.  ഒരു തരത്തിലുള്ള  തിരുത്തലും  പ്രയോജനം ചെയ്യില്ല.  കാരണം ആര് ആരെയാണ് തിരുത്തുക.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതി  ചൂണ്ടിക്കാട്ടി  ചിലര്‍ യഥാര്‍ത്ഥ ഇടത്പക്ഷത്തിന്റെ റോളില്‍ അവതരിക്കാന്‍ നോക്കുന്നുണ്ട്.  സംഗതിയൊക്കെ കൊള്ളാം.  പക്ഷെ കമ്മ്യൂണിസത്തിന്റെ  മേധാവിത്വമനോഭാവവും ആക്രമണോത്സുകതയും ഗീബത്സീയന്‍ പ്രചരണരീതിയും ധാര്‍ഷ്ട്യവും കുതന്ത്രങ്ങളും ജനാധിപത്യ വിരുദ്ധതയും  എല്ലാം ഒഴിവാക്കിയാല്‍ വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേരിന്റെയും നെറിയുടെയും  പാതയില്‍ സഞ്ചരിച്ചാല്‍ കാലം ചില ദൌത്യങ്ങള്‍ നിങ്ങളെ ഏല്‍പ്പിച്ചേക്കാം.   എന്നാല്‍  ഏതെങ്കിലും തരത്തിലുള്ള വിപ്ലവമാണ് ലക്ഷ്യമെങ്കില്‍  അത്  മനസ്സില്‍ സൂക്ഷിച്ചാല്‍ മതി.

ഓരോ കാലത്തും  ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒന്നുകില്‍ അവര്‍ തന്നെ പരിഹരിക്കും. അല്ലെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും.  തങ്ങളാണ് ജനങ്ങളുടെ സംരക്ഷകര്‍ ,  തങ്ങള്‍ക്കാണ് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത എന്ന് കരുതി മുന്നോട്ട് വരേണ്ടതില്ല.  എല്ലാവര്‍ക്കും തുല്യ ബാധ്യത,  തുല്യ അവകാശം,  തുല്യ അവസരം അത്രയേയുള്ളൂ.  നേതാവെന്നാല്‍  അസാധാരണ സൃഷ്ടിയൊന്നുമല്ല.  സംഘടനാ ഭാരവാഹിത്വം ലഭിക്കുന്നു എന്ന് വെച്ച് ആരും നേതാവാകുകയില്ല. അതിന്  ചില ഗുണങ്ങളൊക്കെ വേണം .

വികലാംഗരെന്ന് വിളിക്കരുത് ...

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അംഗവൈകല്യമുള്ളവരെ ഉടല്‍ ഊനമുറ്റോര്‍ എന്ന് വിളിക്കാറില്ല. പകരം  മാറ്റ്തിറനാളി  (மாற்றுத் திறனாளி) എന്നാണ് വിളിക്കുന്നത്. Differently -abled Person എന്ന ഇംഗ്ലിഷ് പദത്തിന്റെ തമിഴ് അര്‍ത്ഥമാണിത്.  മുന്‍പ് ഇംഗ്ലീഷില്‍ Handicapped എന്നോ Disabled എന്നോ ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്.  എന്നാല്‍ 80കളില്‍ തന്നെ അവര്‍ ആ പ്രയോഗം നിര്‍ത്തി.  ഏതെങ്കിലും ഒരു ആവയവത്തിന് ഊനമുള്ളവര്‍ക്ക് മറ്റ് അവയങ്ങള്‍ക്ക്  കൂടുതല്‍ കഴിവ് ഉണ്ടാകും. അത്കൊണ്ടാണ് ഇംഗ്ലീഷില്‍  ഡിഫറന്റ്ലി ഏബിള്‍ഡ് എന്നും തമിഴില്‍ മാറ്റ് തിറന്‍ ( மாற்றுத்திறன்)  ഉള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ മാറ്റ്‌തിറനാളന്‍ എന്നും വിളിക്കുന്നത്.

നമ്മള്‍ സാ‍ധാരണയായി കാലിന് ഊനമുള്ളവരെ മുടന്തന്‍ എന്നും കാഴ്ചശക്തിയില്ലാത്തവരെ കുരുടന്‍ എന്നൊക്കെയാണ് മുന്‍പ് വിളിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയൊന്നും വിളിക്കാറില്ല. എന്നാലും വികലാംഗര്‍ എന്ന പദം നമ്മള്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. അതിന് പകരം  അംഗവൈകല്യം ഉള്ളവര്‍ക്ക്  അപകര്‍ഷതാബോധം ഉണ്ടാകാത്ത തരത്തില്‍  മറ്റൊരു വാക്ക് നമ്മള്‍ കണ്ടുപിടിക്കണം.  വികലാംഗന്‍/ര്‍ എന്ന വിശേഷണം ബന്ധപ്പെട്ട എല്ലാ സംഗതികളില്‍ നിന്നും ഒഴിവാക്കാന്‍ നാം ഇനിയും അമാന്തിച്ചുകൂട.  വികലാംഗ അസോസിയേഷന്‍‌കാരും ഇത് ശ്രദ്ധിക്കണം.

അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിനായി ഗവണ്മേന്റുകള്‍  പ്രത്യേകം വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അനുശാസിക്കുന്നുണ്ട്. ഇന്ത്യയും അതില്‍ ഒപ്പ് വെച്ചതാണ്.  തമിഴ്‌നാട്ടില്‍  ഇക്കൂട്ടര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ഇന്ത്യയിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തോളം പേര്‍ ഇങ്ങനെ വ്യത്യസ്തകഴിവുള്ളവരാണ്.  അത്കൊണ്ട് തന്നെ അവര്‍ക്ക് കേവലം നിസ്സാരമായ പെന്‍ഷന്‍ മാത്രം പോര.

അതൊക്കെ ശരി,  Differently abled people എന്ന വാക്ക് നമ്മള്‍ എങ്ങനെയാണ് മലയാളീകരിക്കുക ? തമിഴ് ഭാഷ എങ്ങനെയും വഴങ്ങും. എന്നാല്‍ മലയാളമോ?  എന്ത് തന്നെയായാലും ഈ വികലാംഗര്‍ എന്ന പദം ഒഴിവാക്കിയേ പറ്റൂ !

വെബ്‌സൈറ്റുകള്‍ 3D വ്യൂവില്‍ കാണാന്‍ ....

നിങ്ങളുടെ കമ്പ്യൂട്ടറില്‍ എന്തായാലും ഫയര്‍ഫോക്സ് ബ്രൌസര്‍ ഉണ്ടാവും.  ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ പോയി ഇന്‍സ്റ്റാള്‍ ചെയ്യുക.  ഫയര്‍ഫോക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഡ്-ഓണ്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്.  നമ്മള്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വെബ്‌സൈറ്റുകള്‍ തുറന്ന് വെക്കാറുണ്ടല്ലൊ. ആ സൈറ്റുകളെല്ലാം  ഒരേ ജാലകത്തില്‍ 3ഡി ആയി കാണാന്‍ സഹായിക്കുന്ന ഫോക്സ്ടാബ് എന്ന ആഡ്-ഓണ്‍ ആണ് ഇത്.  ഇവിടെ  നിന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് ഫയര്‍ഫോക്സ് റീ-സ്റ്റാര്‍ട്ട് ചെയ്യുക.

 ഇനി നിങ്ങള്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ ഒന്നില്‍ കൂടുതല്‍ ടാബുകളില്‍  സൈറ്റുകള്‍ തുറക്കുക. എന്നിട്ട് മേലെയുള്ള ടാബ് ബാ‍റില്‍  താഴെ ചിത്രത്തില്‍  അടയാളപ്പെടുത്തിയ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ എല്ലാ സൈറ്റുകളും ഒരേ ജാലകത്തില്‍ കാണാന്‍ പറ്റും.  ബാക്കി നിങ്ങള്‍ തന്നെ പരീക്ഷിച്ച് മനസ്സിലാക്കുക.


ഫയര്‍ഫോക്സില്‍  ഇങ്ങനെ ഉപകാരപ്രദമായ നിരവധി ആഡ്‌-ഓണുകളുണ്ട്. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഒറിജിനല്‍ വലിപ്പത്തില്‍ കാണാം)

അനുഭവം ( ഒരു തമിഴ് കഥ )

(തമിഴ് എഴുത്തുകാരന്‍  കെ.ബി.ജനാ (ജനാര്‍ദ്ധനന്‍) തന്റെ ബ്ലോഗില്‍ എഴുതിയ കഥയുടെ സ്വതന്ത്ര പരിഭാഷ. ഈ കഥ കുമുദം വാരികയിലും പ്രസിദ്ധീകരിച്ചിരുന്നു.)


വിശാലത്തിന്  തന്റെ ഭര്‍ത്താവിനെ ഒട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.  പെട്ടെന്ന് ഇങ്ങനെയൊരു മനം മാറ്റം? പത്ത് വര്‍ഷത്തിന് മുന്‍പ്  അനിയന്‍  കച്ചവടം നഷ്ടത്തിലായി , ഇവിടെ വന്ന് ഒരു അയ്യായിരം രൂപ വായ്പ ചോദിച്ചതാണ്. ആ തുക കിട്ടിയാല്‍ തല്‍ക്കാലത്തേക്ക്  രക്ഷപ്പെടാന്‍ കഴിയും എന്ന് അവന്‍ പറഞ്ഞിട്ടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വെറും കയ്യോടെ മടക്കി അയച്ച മനുഷ്യന്‍ ഇന്ന് ഒരു ലക്ഷം രൂപ വെറുതെ അവന് എണ്ണിക്കൊടുക്കാന്‍ എന്നെ വിളിക്കുന്നു......

പണവും വാങ്ങി അവന്‍ പോയപ്പോള്‍  ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന വിശാലം ഭര്‍ത്താവിനോട് ചോദിച്ചു:

ഒരു ലക്ഷം രൂപ ഇങ്ങനെ നിസ്സാരമായി കൊടുത്തിട്ട് ,  ഇത്കൊണ്ടുപോയി  എല്ലാം വേണ്ട പോലെ ശരിയാക്ക് ... എനിക്ക്  മടക്കിത്തരണ്ട എന്ന് പറയാ‍ന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു? അന്ന്  അയ്യായിരം രൂപ വായ്പ ചോദിച്ചിട്ട് ....... ?

അയാള്‍ വിശാലത്തെ ഒരു കുട്ടിയെ എന്ന പോലെ നോക്കിയിട്ട് പതുക്കെ പറഞ്ഞു :

വിശാലം...... ,  അന്ന് അവന് കച്ചവടത്തില്‍ യാതൊരു അനുഭവവുമില്ല. തൊട്ടതെല്ലാം നഷ്ടത്തിലാണ് കലാശിക്കാറ്... അന്ന് ആര് എന്തൊക്കെ സഹായിച്ചാലും  പിന്നെയും പിന്നെയും അവന്‍ നഷ്ടത്തില്‍ തന്നെയായിരിക്കും ചെന്ന് ചാടുക.  സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കില്ലായിരുന്നു..അന്ന് ഞാന്‍ സഹായിച്ചില്ലെങ്കിലും കിട്ടാവുന്ന സഹായം എല്ലാം അവന്‍ വാങ്ങി. ഭാഗം വെച്ചു കിട്ടിയ സ്വത്തെല്ലാം വിറ്റു. ഇപ്പോള്‍ അനുഭവമല്ലാതെ കൈമുതലായി അവന്റെയടുത്ത് വേറെ ഒന്നുമില്ല. ഇപ്പോഴാണ്  അവന് യഥാര്‍ത്ഥ സഹായം ആവശ്യമുള്ളത്. അത്കൊണ്ടാണ് അന്നത്തെ അയ്യായിരം രൂപ ഇന്ന് ഞാനവന് കൊടുത്തത്.

അതെവിടെ,  ഒരു ലക്ഷമല്ലെ നിങ്ങള്‍ ഇപ്പൊ എട്ത്ത് കൊടുത്തത് ..... ?

അത് തന്നെയാ ഇത് ....  മനസ്സിലായിട്ടില്ല അല്ലേ ... അന്ന് കൊടുക്കാത്ത ആ അയ്യായിരം രൂപക്കാണ്  ഞാന്‍  ആ അഞ്ച് സെന്റ് തരിശ് വാങ്ങിയത്. ഇന്ന് ആ സ്ഥലത്ത് ഭൂമിക്ക് വില കൂടി. സെന്റിന്  ഇരുപതിനായിരം വില വെച്ച് ഒരു ലക്ഷത്തിന് ഞാനത് കഴിഞ്ഞയാഴ്ച വിറ്റു. ആ തുകയാണ് ഞാനിപ്പോള്‍ അവന് കൊടുത്തത്.  അന്ന് കൊടുത്തിരുന്നെങ്കിലോ .. ?

വിശാലത്തിന് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു.....

ലാല്‍ ബാഗ് വെര്‍ച്വല്‍ ടൂര്‍

കഴിഞ്ഞ ആഴ്ചയും ഞങ്ങള്‍ ലാല്‍ ബാഗില്‍ പോയിരുന്നു.  ഇടക്കിടെ പോകാറുണ്ട്. അത്കൊണ്ടാണ് കഴിഞ്ഞ ആഴ്ചയും പോയിരുന്നു എന്ന് പറഞ്ഞത്. ബാംഗ്ലൂരില്‍ ഉള്ളവര്‍ക്ക് പോകാന്‍ അധികം സ്ഥലങ്ങളൊന്നുമില്ല. അത്കൊണ്ട് എല്ലാ‍വരും ലാല്‍ബാഗില്‍ കൂടെക്കൂടെ പോകും.  ഒരു പാര്‍ക്ക് എന്ന നിലയില്‍ മാത്രമേ ബാംഗ്ലൂര്‍ നിവാസികള്‍ ലാല്‍ബാഗിനെ കാണുന്നുള്ളൂ എന്ന് തോന്നുന്നു. വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ലാല്‍ബാഗ്. ഒന്നാമത്തേത് കൊല്‍ക്കത്തയിലാണ്.  ലാല്‍ബാഗിനെ പറ്റി കൂടുതലായി  ഇവിടെയും  ബാംഗ്ലൂരിനെ പറ്റി ഇവിടെയും വായിക്കാം. 260 ഏക്കറില്‍ പരന്ന് കിടക്കുന്ന ലാല്‍ബാഗ് മുഴുവനും  ചുറ്റിനടന്ന് കാണാന്‍ പ്രയാസമാണ്. അങ്ങനെ കാണണമെന്നുള്ളവര്‍ക്ക്  ചെറിയൊരു പിക്കപ്പ് വാന്‍ സൌകര്യമുണ്ട്.  100രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്ജ്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകുതി ചാര്‍ജ്ജ് മതി.  വാനിന്റെ ഡ്രൈവര്‍ ഗൈഡ് കൂടിയാണ്.  ഞങ്ങള്‍ അങ്ങനെ ലാല്‍ബാഗ് ചുറ്റിക്കണ്ടു. ഏകദേശം 45മിനിറ്റ് മാത്രമേ ചുറ്റിക്കാണാന്‍ ചെലവഴിച്ചുള്ളൂ.  ചുറ്റുന്നതിനിടയില്‍ ഞാന്‍ മൊബൈല്‍ പകര്‍ത്തിയ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.  വീഡിയോ എഡിറ്റ് ചെയ്തിട്ടൊന്നുമില്ല. വാനിന്റെ ചൂളം വിളി അസഹ്യമായി തോന്നുണ്ടെങ്കില്‍ സൌണ്ട് അല്പം കുറച്ചിട്ട് കാണുക.ചില ഫോട്ടോകളും :

ജമാ‌അത്തെ ഇസ്ലാമി എന്ത് ചെയ്യണം ?

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഏതാണ് എന്ന് ചോദിച്ചാല്‍  സംശയമില്ല , ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന് ശേഷവും സി.പി.എം. തന്നെയാണ്. തെരഞ്ഞെടുപ്പ് ഫലം ഒരു പാര്‍ട്ടിയുടെ ശക്തി അളക്കാനുള്ള മാനദണ്ഡമല്ല. എന്തെന്നാല്‍ വോട്ടര്‍മാര്‍ എല്ലാവരും തങ്ങളുടെ വോട്ട് ആര്‍ക്കും തീറ് കൊടുത്തിട്ടില്ല.  ഇന്ന് തോല്‍പ്പിച്ച അതേ വോട്ടര്‍മാര്‍ നാളെ സി.പി.എമ്മിനെ വിജയിപ്പിച്ചുകൂടെന്നില്ല. സി.പി.എം. കഴിഞ്ഞാല്‍  കോണ്‍ഗ്രസ്സും മുസ്ലീം ലീഗും കേ.കോണ്‍ഗ്രസ്സുകളും വലിയ പാര്‍ട്ടികള്‍ തന്നെയാണ്. വളരാന്‍ വെമ്പി നില്‍ക്കുന്ന ബി.ജെ.പി.യും  മോശം എന്ന് പറയാനാവില്ല. ലീഗ് കൂടാതെ മുസ്ലീം സമുദായത്തില്‍ നിന്ന് പിന്നെയും പാര്‍ട്ടികളുണ്ട്.  എന്നാല്‍ എത്ര പാര്‍ട്ടികള്‍ക്ക് കേഡര്‍ സംവിധാനമുണ്ട്. അഖിലേന്ത്യാതലത്തില്‍ കേഡര്‍ പാര്‍ട്ടി എന്ന് അറിയപ്പെടുന്ന ബി.ജെ.പി.യുടെ കേരളഘടകത്തിന്റെ സ്ഥിതി അറിയില്ല. സി.പി.എം. ആണ് കേരളത്തിലെ ഏക കേഡര്‍ പാര്‍ട്ടി.  ബാക്കി പാര്‍ട്ടികളെല്ലാം  കേവലം ആള്‍ക്കൂട്ടമാണെന്ന് പറഞ്ഞാല്‍ തെറ്റാകുമെന്ന് തോന്നുന്നില്ല. സി.പി.എം. ഈ കേഡര്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ മാത്രമാണ് ഇന്ന്  ശ്രമിക്കുന്നത് എന്നത് വസ്തുതയാണ്.  അത്കൊണ്ട്  ജനങ്ങളുമായി ഇന്ന് ആ പാര്‍ട്ടിക്ക് പഴയ ബന്ധമില്ല. അത്കൊണ്ടാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് തലത്തില്‍ പോലും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ സ്വന്തം അണികളില്‍ നിന്ന് തന്നെ ആളുകള്‍ ഉണ്ടായത്.  ഈ പ്രതിഭാസം ആ പാര്‍ട്ടി വേണ്ട വണ്ണം മനസ്സിലാക്കിയതായി തോന്നുന്നില്ല.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി പഞ്ചായത്തില്‍ രണ്ട് വിള വയലില്‍ മൂന്ന് എക്കര്‍ വയല്‍ നികത്തി രാജസ്ഥാന്‍ മാര്‍ബിളിന് ഷോറൂം പണിയാന്‍ ഉന്നതതലത്തില്‍ ഒത്താശ ചെയ്തുകൊടുത്തതും ജില്ലയിലെ പ്രമുഖ സി.പി.എം. നേതാവ് തന്നെ ആ ഷോ റൂം ഉല്‍ഘാടനം ചെയ്തതും.  ആ വയല്‍ നികത്തുന്നതിനെതിരെയുള്ള ജനകീയസമരത്തെ പാര്‍ട്ടി നേതൃത്വം തന്നെ ഇടപെട്ട് പരാജയപ്പെടുത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും  സര്‍ക്കാരില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങി മൂന്നേക്കര്‍ നികത്തി സുന്ദരമായി രാജസ്ഥാന്‍ മാര്‍ബിള്‍ മുതലാളി ഷോ റൂം ഉണ്ടാക്കി. ഇരിണാവ് പദ്ധതി പോലെയോ കണ്ടല്‍ പാര്‍ക്ക് പോലെയോ ഇത് മാധ്യമശ്രദ്ധയില്‍ വന്നില്ല.  എന്നാല്‍ ആ പരിസരങ്ങളിലുള്ള ജനങ്ങളുടെ വികാരം ഞാന്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു.  വെട്ടിനിരത്തലിന് എത്ര പാവങ്ങള്‍ ഇരയായിട്ടുണ്ട്.  ആ പാവങ്ങളെ നോക്കി അഹങ്കാരത്തോടെ കൊഞ്ഞനം കുത്തുകയല്ലേ മാര്‍ബിള്‍ ഷോറൂം ?  ഈ ഒരു ട്രാക്കില്‍ നിന്ന് സി.പി.എം. എന്ന കേഡര്‍  സംവിധാനത്തിന് ഇനി പിറകോട്ട് പോകാന്‍ കഴിയില്ല.  അതൊക്കെ അവരുടെ സ്വന്തം കാര്യം.  ഞാന്‍ പറയാന്‍ വന്നത് അതല്ല.

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകന്മാര്‍ അതേത് പാര്‍ട്ടിയായാലും താന്താങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടിയാണ് ഇന്ന് പണിയെടുക്കുന്നത്. ജനങ്ങളെ സേവിക്കലാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നതൊക്കെ അന്തക്കാലം.  പൊതുജനങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട്.  ഒന്നൊന്നായി എടുത്ത് പറയാന്‍ കഴിയില്ല.  ഒരു റേഷന്‍ കാര്‍ഡ് സമ്പാദിക്കാന്‍ പോലും ആളുകള്‍ക്ക് പ്രശ്നമാണ്.  ഗ്യാസ് കുറ്റി കിട്ടണമെങ്കില്‍ പ്രശ്നമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനം പൊറുതി മുട്ടുന്നു.  പഞ്ചായത്തുകളില്‍ കാര്യങ്ങല്‍ പത്രത്തില്‍ കാണുന്ന പോലെയല്ല നടക്കുന്നത്. അവിടെ പോയി നോക്കണം, സംഗതികളുടെ കിടപ്പ് മനസ്സിലാക്കാന്‍. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ശമ്പളം വാങ്ങുന്നത് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണോ എന്ന് തോന്നിപ്പോകും.   ഇങ്ങനെ പ്രശ്നങ്ങളുടെ ചുഴിയില്‍ പെട്ട് ഉഴലുന്ന ആള്‍ക്കാരെ സഹായിക്കാന്‍  പ്രാദേശിക തലങ്ങളില്‍ സഹായ സമിതികള്‍ രൂപീകരിച്ചുകൂടേ?  ഈ രീതിയില്‍ ജമാ‌അത്തെ ഇസ്ലാമിക്ക്  ആലോചിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും.  അത്കൊണ്ടാണ്  ജമാ‌അത്തെ ഇസ്ലാ‍മി എന്ത് ചെയ്യണം എന്ന് ഈ പോസ്റ്റിന് തലക്കെട്ട് വെച്ചത്. അല്ലാതെ അവരോട് ആ‍ജ്ഞാപിക്കാന്‍ ഞാന്‍ ആര് .

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  ഒരു പരീക്ഷണം എന്ന നിലയിലാണ് ജനകീയ വികസന  മുന്നണി മത്സരിച്ചത്.  പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയമുക്തമാകണം എന്നതായിരുന്നു ആ മുന്നണി മുന്നോട്ട് വെച്ച പ്രധാനമുദ്രാവാക്യം.  പഞ്ചായത്തുകളില്‍  സമ്പൂര്‍ണ്ണ ജനകീയപങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ കക്ഷിരഹിതപഞ്ചായത്തുകള്‍ നിലവില്‍ വന്നേ പറ്റൂ. എന്നാല്‍ വികസനമുന്നണി ഉയര്‍ത്തിയ ഈ മുദ്രാവാക്യത്തിന് ജനങ്ങള്‍ ചെവികൊടുത്തില്ല. രാഷ്ട്രീയമായ പകപോക്കലിനാണ് വോട്ടര്‍മാ‍ര്‍ അവസരം വിനിയോഗിച്ചത്.  പല സ്ഥലത്തും മതിപ്പുളവാക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും തങ്ങളുടെ വോട്ട് വികസനമുന്നണിക്ക് നല്‍കിയാല്‍ തോല്‍പ്പിക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ വീഴേണ്ട വോട്ടുകള്‍ ഭിന്നിച്ചുപോകുമല്ലോ എന്ന് വോട്ടര്‍മാര്‍ ചിന്തിച്ചിരിക്കണം.  നിശ്ശബ്ദമായ ഇടത് വിരുദ്ധതരംഗത്തില്‍ കക്ഷിരഹിതപഞ്ചായത്ത് എന്ന മുദ്രാവാക്യം അമര്‍ന്നു പോയി.

വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞ ഒരു കാര്യമുണ്ട്. തോറ്റാലും ജയിച്ചാലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവും. തോല്‍‌വിയുടെ ക്ഷീണത്തില്‍ , കൊടുത്ത വാക്ക് മറന്നു പോകരുത്.  ജനങ്ങളുടെ കൂടെ ഇന്ന് ആരുമില്ല. അവരുടെ കൂടെ നില്‍ക്കാ‍ന്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ തയ്യാറാവണം.  പ്രാദേശികമായ പ്രശ്നങ്ങള്‍ അവര്‍ പഠിക്കട്ടെ.  എന്തെങ്കിലുമായ പ്രശ്നങ്ങളില്ലാതെ ദിവസങ്ങള്‍ പുലരുന്നില്ലല്ലൊ.  അവനവന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ തന്നാലാവും വിധം അല്പസമയം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാവണം. ഇന്നത്തെ നിലയില്‍ ഈ അഭ്യര്‍ത്ഥന വികസനമുന്നണി പ്രവര്‍ത്തകരോട് നടത്താനേ എനിക്ക് കഴിയൂ.  ജമാ‌അത്തെ ഇസ്ലാമി എന്ന സംഘടനയില്‍ ആ‍ള് കുറവാ‍ണെങ്കിലും സുശിക്ഷിതമായൊരു കേഡര്‍ പ്രസ്ഥാനമാണത്. വികസനമുന്നണിയെ ജനകീയ സഹായ സമിതി കൂടിയാക്കി വികസിപ്പിച്ച്  നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ജമാ‌അത്തെ ഇസ്ലാ‍മിക്ക് കഴിയും. അത്കൊണ്ട് ഈ അഭ്യര്‍ത്ഥന ഞാന്‍ അവരുടെ പരിഗണനയ്ക്ക് വേണ്ടി വെക്കുന്നു.

( ഈ പോസ്റ്റ് എഴുതിയതിന്റെ പേരില്‍ എന്റെ വിമര്‍ശകര്‍ എന്നോട് ക്ഷമിക്കട്ടെ. സാമൂഹ്യബോധം ഒന്ന് കൊണ്ട് മാത്രം എഴുതിപ്പോയതാണ്. വേറെ ഒരു ദുരുദ്ദേശ്യവുമില്ല. നാട്ടില്‍ നേരും നെറിയും പുലര്‍ന്നാല്‍ മതിയായിരുന്നു)

കൂട്ടായ്മകളുടെ ആനന്ദം

ആദ്യകാല മലയാളം ബ്ലോഗിലെ  ദമ്പതികളാണ്  മാവേലികേരളവും  ആവനാഴിയും.  അന്ന് ഇങ്ങനെയൊക്കെയാണ് ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗ് പേരുകള്‍ സ്വീകരിക്കാറ്.  പ്രസന്ന ടീച്ചറും രാഘവന്‍ മാഷും എന്ന ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ബ്ലോഗില്‍ എല്ലാവര്‍ക്കും അറിയാവുന്നത്കൊണ്ട് ഇവിടെ അത് പ്രകാശിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രയാസം ഉണ്ടാവില്ല എന്ന് കരുതുന്നു.  സൌത്ത് ആഫ്രിക്കയില്‍ താമസിക്കുന്ന ഇവര്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വരുന്നുണ്ട്.  അപ്പോള്‍  എവിടെയെങ്കിലും ഒരു ബ്ലോഗ് മീറ്റ് നടക്കുകയാണെങ്കില്‍  പങ്കെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മാവേലികേരളം  ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇവിടെ.  ആദ്യകാലത്ത് ബ്ലോഗില്‍ നല്ലൊരു  സാഹോദര്യബന്ധം നിലനിന്നിരുന്നു. ആ നൊസ്റ്റാള്‍ജിയ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ ആഗ്രഹം വ്യക്തമാക്കുന്നത്.  ആ പോസ്റ്റ്  അധികം പേരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. മുന്‍പായിരുന്നെങ്കില്‍ അവിടെ അനേകം കമന്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടേനേ.

എന്തൊക്കെ സൌഭാഗ്യങ്ങള്‍ ജീവിതത്തില്‍ നേടിയാലും  മറ്റുള്ളവരുമായി കൂടിച്ചേരുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥമായ ആനന്ദം അനുഭവിക്കുന്നത് എന്നതിന് ഇക്കാലത്തും മാറ്റം വന്നിട്ടില്ല.  ശരിക്ക് പറഞ്ഞാല്‍ നമ്മള്‍ ഓരോന്ന് നേടുന്നത് തന്നെ ആരെയെങ്കിലും തന്നിലേക്ക് ആകര്‍ഷിച്ച് അവരുടെ പ്രീതി സമ്പാദിക്കുന്നതിന് വേണ്ടിയല്ലേ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.  നമ്മളുടെ ഓരോ പ്രവര്‍ത്തിയും മറ്റുള്ളുവരുടെ അംഗീകാരം പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്ന്  ഡെയില്‍ കാര്‍ണഗി തന്റെ പ്രശസ്തമായ പുസ്തകത്തില്‍  പറഞ്ഞിട്ടുണ്ട്.  അങ്ങനെ നോക്കുമ്പോള്‍  മനുഷ്യന് തന്റെ നിലനില്പിന്  വളരെ കുറച്ച് ആവശ്യങ്ങളേയുള്ളൂ.  ബാക്കിയൊക്കെ അവന്‍ കഷ്ടപ്പെട്ട് ആര്‍ജ്ജിക്കുന്നത്  മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിച്ച് അങ്ങനെ ലഭിക്കുന്ന സംതൃപ്തിക്ക് വേണ്ടി തന്നെയാണ്.  ആഡംബരപൂര്‍ണ്ണമായ വീട് നിര്‍മ്മിക്കുന്നത് പിന്നെ എന്തിനാണ്?  ഗൃഹപ്രവേശ ദിനത്തിലും പിന്നീട് വല്ലപ്പോഴും വരുന്ന അതിഥികളുടെ അംഗീകാരം  നല്‍കുന്ന സന്തോഷമാണ് വീട് ആ‍വശ്യത്തിലുമധികം ആഡംബരബഹുലമാക്കുന്നതിന്റെ കാരണം. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്  ആരുടെയെങ്കിലും സ്നേഹവും അംഗീകാരവും ഇല്ലാതെ ആര്‍ക്കും ജീവിയ്ക്കാന്‍ കഴിയില്ല എന്നാണ്.

മുന്‍പൊക്കെ സ്നേഹം ആര്‍ക്കും  നിരുപാധികം ലഭിച്ചിരുന്നു. കൂട്ടുകുടുംബം ഇന്നത്തെ പോലെ ശിഥിലമായിരുന്നില്ല. അന്യോന്യം ബന്ധമുണ്ടായിരുന്നു. ഇടക്കിടെ വിരുന്ന് പോവുക പതിവായിരുന്നു. അയല്പക്കബന്ധങ്ങളും  നല്ല നിലയിലായിരുന്നു.  പുരോഗതിയുടെ ഫലമായി ആനന്ദദായകമായ നിരവധി ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ പറ്റുമെങ്കിലും യഥാര്‍ത്ഥ ആനന്ദം ഉളവാക്കുന്ന സ്നേഹം എന്നത് കിട്ടാക്കനിയായി.  കുടുംബബന്ധങ്ങള്‍ വെറും ഔപചാരികം മാത്രമാണിന്ന്. കല്യാണം , വീട്ടില്‍ കൂടല്‍ , മരണം എന്നിങ്ങനെ മൂന്നോ നാലോ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുടുംബസന്ദര്‍ശനങ്ങള്‍ നടക്കുന്നത്.  സൌഹൃദബന്ധങ്ങളിലാണ്  ഇന്ന് സ്നേഹസംഗമങ്ങള്‍ നടക്കുന്നത്.  അത്കൊണ്ട് സുഹൃദ്ബന്ധം എന്നത് ഇക്കാലത്ത് കുടുംബബന്ധത്തെക്കാളും  പ്രധാനമാണ്.  സൊഹൃദബന്ധങ്ങള്‍ നിരുപാധികമാണ് എന്നതും പ്രത്യേകതയാണ്.  സൌഹൃദക്കൂട്ടായ്മകളുടെ പ്രസക്തി ഇതാണ്.

ഞാന്‍ മാവേലികേരളത്തിന്റെ പ്രസ്തുത പോസ്റ്റില്‍ കമന്റ് എഴുതിയ പോലെ അപരിചിതരായ സുഹൃത്തുക്കളെ നേരില്‍ കാണുന്നതിന്റെ ത്രില്‍ ആണ് ബ്ലോഗ് കൂട്ടായ്മകളുടെ സവിശേഷത. അതിന്  ബ്ലോഗ് മീറ്റ് തന്നെ വേണമെന്നില്ലല്ലൊ.  ഓര്‍ക്കുട്ട് മീറ്റ്, ഫേസ് ബുക്ക് മീറ്റ് , “കൂട്ടം”കൂട്ടായ്മ, അതുമല്ലെങ്കില്‍ വിശാലാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ അങ്ങനെയൊക്കെ ഒന്നിച്ചുകൂടാലോ. ഞാന്‍ ഇത് വരെയിലും ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ മറ്റ് മീറ്റുകളില്‍ പങ്കെടുത്ത് ഊഷ്മളമായ സൌഹൃദത്തിന്റെ ആനന്ദം അനുഭവിച്ചിട്ടുണ്ട്. ബ്ലോഗ് മീറ്റുകളെ കുറിച്ച് ബ്ലോഗില്‍ വായിച്ച അറിവേയുള്ളൂ. ഒന്നോ രണ്ടോ മീറ്റുകളില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍ പിന്നീട് അത്തരം മീറ്റുകളില്‍ പങ്കെടുക്കാന്‍ ആ‍ാവേശം കാണിക്കുന്നതായി ബ്ലോഗില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.  ബ്ലോഗ് കൂട്ടായ്മകള്‍ ഇനി നടക്കുമോ എന്ന് ചോദിച്ചാല്‍ നടന്നേക്കാം എന്നേ പറയാന്‍ പറ്റുകയുള്ളൂ. ബ്ലോഗര്‍മാരില്‍ അധികം പേരും പ്രവാസികളാണ്.  ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിക്കുക എന്നത് ദുഷ്ക്കരമാവുന്നത് അത്കൊണ്ടാണ്.  നാ‍ട്ടിലുള്ളവര്‍ക്ക് കൂടാനും മറ്റും  അവസരങ്ങള്‍ സുലഭമായത്കൊണ്ട് ബ്ലോഗ് മീറ്റ് നിര്‍ബന്ധമില്ല. ബ്ലോഗര്‍മാരിലെ പിണക്കങ്ങളും അവിശ്വാസങ്ങളും  ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നതില്‍ പ്രയാസമുണ്ടാക്കാറുണ്ടോ എന്ന് അറിയില്ല. നേരില്‍ കണ്ടാല്‍ പിണക്കങ്ങള്‍ മാറാനും സാധ്യത ഇല്ലാതില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും  ഒരു ബ്ലോഗ് മീറ്റ് കൂടി നടക്കുകയും ആ മീറ്റില്‍ മാവേലികേരളത്തെയും ആവനാഴി മാഷെയും കാണാനും മറ്റ് ബ്ലോഗര്‍മാരെയും നേരില്‍ കാണാനും എനിക്കും നിഗൂഢമായ ആഗ്രഹമുണ്ട്. ഒരു അഖില കേരള ബ്ലോഗേര്‍സ് മീറ്റ് തന്നെയാകാമായിരുന്നു.  കണ്ണൂരില്‍ സംഘടിക്കുകയാണെങ്കില്‍ എനിക്ക് സംഘാടനത്തില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിയും.  ബ്ലോഗര്‍മാര്‍ക്ക് ,  പത്രക്കാര്‍ക്ക് പ്രസ്സ് കൌണ്‍സില്‍ ഉള്ള പോലെ ഒരു ഔപചാരിക ഫോറം ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന ആഗ്രഹം ഞാ‍ന്‍ ബ്ലോഗില്‍ പല തവണ എഴുതിയിട്ടും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബ്ലോഗിനെ ബ്ലോഗര്‍മാര്‍ പോലും ഗൌരവമായി കാണുന്നില്ല എന്ന് തോന്നുന്നു. ഇതിനിടയില്‍ മലയാളം ബ്ലോഗ് കൌണ്‍സില്‍ എന്നൊരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയതായി അവരുടെ ബ്ലോഗില്‍ കണ്ടിരുന്നു. മൂന്നോ നാലോ ബ്ലോഗര്‍മാരും അതില്‍ ചേര്‍ന്നതായും കണ്ടു. പിന്നെ എന്തായി എന്നറിയില്ല.

ഏതായാലും നാട്ടിലേക്ക് അവധി ആഘോഷിക്കാന്‍ വരുന്ന മാവേലികേരളത്തിനും ആവനാഴിമാഷിനും ഞാന്‍ ആസംസകള്‍ നേരുന്നു!

ഇന്റര്‍നെറ്റില്‍ നമ്മുടെ ഫോട്ടോകള്‍ എവിടെയൊക്കെയാണുള്ളത് ?

ഇന്റര്‍നെറ്റില്‍  അസംഖ്യം ഫോട്ടോകള്‍  പരന്ന് കിടക്കുകയാണ്.  ഗൂഗിളില്‍ ഇമേജ് സര്‍ച്ച് ചെയ്തുനോക്കുമ്പോള്‍ കാണാമല്ലൊ.  എത്രയെത്ര ഫോട്ടോകള്‍ !  നെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും  ഏതെങ്കിലും തരത്തില്‍ ഫോട്ടോകള്‍  നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. സ്വന്തം ഫോട്ടോകളും കുടുംബഫോട്ടോകളും,  സ്വന്തമായി മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ഫോട്ടോകളും ഇക്കൂട്ടത്തില്‍ പെടും.  ചിലപ്പോള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന Personal photos ദുരുപയോഗം ചെയ്യപ്പെടാനും  സാദ്ധ്യതയുണ്ട് എന്ന് പറയേണ്ടതില്ലല്ലൊ.  പൊതുവായ പടങ്ങള്‍ നെറ്റില്‍ അപ്‌ലോഡ്  ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അടിച്ചുമാറ്റാതിരിക്കാന്‍ ഫോട്ടോകളില്‍ copyright അല്ലെങ്കില്‍ watermark ചേര്‍ക്കുക പതിവാ‍ണ്.  എന്നാലും  ഇത്തരം ഫോട്ടോകള്‍ നെറ്റില്‍ നിന്നും എടുത്ത്  പലരും ഉപയോഗിക്കുന്നുണ്ടാകാം.

അങ്ങനെ നമ്മള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്ത പടങ്ങള്‍ ആരെങ്കിലും  കോപ്പി ചെയ്ത് നെറ്റില്‍ ഇട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ.  അങ്ങനെ കണ്ടുപിടിക്കാന്‍  നമ്മെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്. അതാണ്  TinEye എന്ന സൈറ്റ്.  നമ്മുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ ആരൊക്കെ മോഷ്ടിച്ച്  നെറ്റില്‍ ഇട്ടിട്ടുണ്ടെന്ന്  ഈ സൈറ്റ് നമുക്ക് കാട്ടിത്തരും.  ഈ സൈറ്റില്‍ പോയി ഒന്നുകില്‍ നമ്മുടെ  കമ്പ്യൂട്ടറിലുള്ള ഫോട്ടോ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു സെര്‍ച്ചു ചെയ്യുക, അല്ലെങ്കില്‍ നമ്മുടെ ഫോട്ടോ പബ്ലിഷ് ആയിട്ടുള്ള  യു ആര്‍ എല്‍ കൊടുത്ത് സെര്‍ച്ച് ചെയ്യുക.  നാം അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോയുടെ Digital signature അനുസരിച്ച്  എവിടെയൊക്കെ ഇതേ ഫോട്ടോ ഉണ്ട് എന്ന് തേടി കണ്ടുപിടിക്കുകയാണ് ഈ സൈറ്റ് ചെയ്യുന്നത്. സാധാരണ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഈ സേവനം നമുക്ക് ലഭിക്കുകയില്ല. നമ്മുടെ ഫോട്ടോകളില്‍ എന്തെങ്കിലും മാ‍റ്റം വരുത്തി നെറ്റില്‍ ഇട്ടാലും ഈ സൈറ്റ് കണ്ടുപിടിക്കും.  ഒരു തമാശയ്ക്ക്  ആയാലും നമുക്ക് ഈ സൈറ്റ് സന്ദര്‍ശിച്ച്  ഒരേ ഫോട്ടോ എവിടെയൊക്കെ ഉണ്ട് എന്ന് കണ്ടുപിടിക്കാം.

ഇതാണ് ലിങ്ക് 

ഈദ് സുഹൃദ് സംഗമത്തില്‍ ......

ന്നലെ (27.11.10) വൈകുന്നേരം നല്ലൊരു  അനുഭവമായിരുന്നു.  ഡയലോഗ് സെന്റര്‍ ബാംഗ്ലൂര്‍ യൂനിറ്റ്  സംഘടിപ്പിക്കുന്ന ഈദ്  സുഹൃദ്‌സംഗമത്തില്‍ പങ്കെടുക്കാന്‍  എന്നെയും കുടുംബത്തെയും , ഷാഹിര്‍ ചേന്ദമംഗലൂര്‍ സുഹൃത്തോടൊപ്പം ഞങ്ങളുടെ വീട്ടില്‍ വന്ന് ക്ഷണിച്ചിരുന്നു.  കൃത്യസമയത്ത് തന്നെ ഞങ്ങള്‍ ഇന്ദിരാനഗറിലെ പ്രിസ്റ്റിന്‍ പബ്ലിക്ക് സ്കൂളില്‍ എത്തി. അവിടെയായിരുന്നു പരിപാടി നടക്കുന്നത്.  അവിടെയുള്ളവര്‍ ഹസ്തദാനം ചെയ്ത്കൊണ്ട് എന്നെ സ്വാ‍ഗതം ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി.  ഞാന്‍ മിക്കവര്‍ക്കും പരിചിതനായിരുന്നു. ഡയലോഗ് സെന്റര്‍  എന്ന സംഘടന ജമാ‌അത്തേ ഇസ്ലാമി സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് തോന്നുന്നു.  അത്കൊണ്ട് സ്വാ‍ഭാവികമായും ജെ.ഇ.യുടെ പ്രവര്‍ത്തകര്‍ ആയിരുന്നു കൂടുതലും.  ജമാ‌അത്തേ ഇസ്ലാമിയും വിമര്‍ശകരും എന്ന എന്റെ ബ്ലോഗ് പോസ്റ്റ് വായിച്ചവരായിരുന്നു അവരെല്ലാം.  പലരോടും സംസാ‍രിച്ചപ്പോള്‍ എന്റെ ആ പോസ്റ്റ് അവരിലെല്ലാം വളരെ ആശ്വാസമാണുണ്ടാക്കിയത് എന്ന് മനസ്സിലായി. നാനാഭാഗത്ത് നിന്നും മാത്രമല്ല സ്വന്തം സമുദായത്തില്‍ നിന്ന് പോലും  എതിര്‍പ്പ്  വരുന്നതില്‍ അവരുടെ മനസ്സിലുള്ള സങ്കടം  എനിക്ക് വായിച്ചെടുക്കാന്‍ പറ്റി.

ഇത്രയ്ക്കും  എതിര്‍ക്കപ്പെടാന്‍  ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ എന്ത് തെറ്റാണ് ചെയ്യുന്നത്.  മൌദൂദിയുടെ പേര് ഒന്ന് പറഞ്ഞ് മാത്രമാണ് എല്ലാവരും എതിര്‍ക്കുന്നത്. ഞാന്‍ ജമാ‌അത്തേ ഇസ്ലാമിയെ ന്യായീകരിച്ച് ബ്ലോഗ് എഴുതുമ്പോള്‍ ചിലരുടെയെങ്കിലും  മനസ്സില്‍ തോന്നുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്.  ക്ഷമിക്കണം സുഹൃത്തുക്കളെ ,  എന്റെ പരിമിതമായ അറിവില്‍ , എനിക്ക് ന്യായികരിക്കാന്‍ മറ്റ് സംഘടനകളെ കാണാന്‍ കഴിയുന്നില്ല. അതിനര്‍ത്ഥം സാമൂഹികസേവനരംഗത്ത് വേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നോ പ്രവര്‍ത്തിക്കുന്നതില്‍ നല്ലത് ഇല്ല എന്നോ അല്ല.  ജമാ‌അത്തേ ഇസ്ലാമിയെ എതിര്‍ക്കാന്‍ എനിക്കൊരു കാരണവുമില്ല എന്ന് മാ‍ത്രമല്ല ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുമുണ്ട് താ‍നും.  പ്രവര്‍ത്തകരുടെ  ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും അവരോട് ഇടപഴകുമ്പോള്‍ ആര്‍ക്കും അനുഭവവേദ്യമാകും. ഒന്നും പറയാന്‍ കഴിയാത്തത്കൊണ്ടാണല്ലോ എല്ലാ‍ തെറ്റും മൌദൂദിയില്‍ ചാര്‍ത്തി , ഇക്കൂട്ടര്‍ മുഖം‌മൂടിക്കാരാണ് സൂ‍ക്ഷിക്കണം എന്ന് പറയുന്നത്.

എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍  ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ എതിര്‍ക്കുന്നവര്‍ക്ക് എന്നും മൌദൂദി ... മൌദൂദി... എന്ന് മാ‍ത്രം പൂച്ചാണ്ടി കാട്ടേണ്ടി വരുമായിരുന്നില്ല. മുഖം‌മൂടി ... മുഖം‌മൂടി ... എന്ന് മാത്രം ഉരുവിട്ടുകൊണ്ടിരിക്കേണ്ടി വരുമായിരുന്നില്ല.  ഇക്കാലമത്രയായിട്ടും ഒരു ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകന്‍ പോലും ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാകാത്തത്  എതിര്‍ക്കുന്നവരെ തെല്ലൊന്നുമായിരിക്കില്ല നിരാശരാക്കുന്നത്.  സാമൂഹികരംഗത്ത് എവിടെയൊക്കെ ഇടപെടുന്നുവോ അവിടെയൊക്കെ അവര്‍ ആളുകളുടെ ആദരവ് പിടിച്ചു പറ്റുന്നു.  ഇടുങ്ങിയ സാമുദായിക ചിന്തയില്‍ ഊന്നിയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്.  സമൂഹത്തെ സമഗ്രമായി കണ്ടിട്ടാണ് അവരുടെ സഹായഹസ്തങ്ങള്‍ സഹജീവികള്‍ക്ക് നേരെ നീളുന്നത്.  എന്‍ഡോസല്‍ഫാന്‍  ദുരിതബാധിതര്‍ എന്ന്  ആവശ്യം വരുമ്പോള്‍ മാത്രം മറ്റുള്ളവര്‍ ഒച്ച വെക്കുമ്പോള്‍ , കാസര്‍ക്കോട്ടെ ദുരിതമേഖലകളില്‍ നിതാന്തമായി നിശ്ശബ്ദസേവനം നടത്തുന്നവരുടെ മുന്‍‌നിരയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരാണുള്ളത്.

ഏഴ് മണിയോടെയാണ്  സുഹൃദ്സംഗമം ആരംഭിക്കുന്നത്.  സ്വാഗതപ്രാസംഗികന്‍ റിയാസ് ഈ സുഹൃദ്സംഗമത്തിന്റെ പ്രസക്തിയെപറ്റി ഭംഗിയായി വിവരിച്ചു.  മറുനാട്ടില്‍ ഇത്തരം സംഗമങ്ങള്‍ അന്യം നിന്നുപോകുന്ന വര്‍ത്തമാനകാലത്ത് ഈ കൂട്ടായ്മ സംഘടിപ്പിച്ച ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചേ മതിയാകൂ. സ്ത്രീകളും കുട്ടികളും അടക്കം നല്ല സദസ്സായിരുന്നു.  സ്വാഗതപ്രസംഗത്തിന് ശേഷം കെ.വി.ഖാലിദ് സദസ്സിന് ഈദ് സന്ദേശം നല്‍കി. എല്ലാ മതങ്ങളുടെയും അന്തര്‍ദ്ധാര ഏകത്വത്തില്‍ അധിഷ്ഠിതമാണെന്ന് ഖാലിദ് പുരാണ കഥകള്‍ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു.  സദസ്സിന് ആശംസ നേരുക എന്ന കര്‍ത്തവ്യം എന്നില്‍ നിക്ഷിപ്തമായിരുന്നു.

സദസ്സിനോടായി സത്യം ഞാന്‍ ആദ്യം തന്നെ തുറന്നു പറഞ്ഞു:  ഒന്നാമത്തെ കാര്യം, ഞാനൊരു പ്രാസംഗികനല്ല. ബ്ലോഗ് എഴുതാറുണ്ട്. എഴുതുന്നത് പോലെയല്ല പ്രസംഗിക്കുന്നത്.  രണ്ടാമത്തെ കാര്യം, പ്രാസംഗികന്‍ പ്രസംഗിക്കുകയും സദസ്യര്‍ മിണ്ടാതെ കേട്ടുപോവുകയും ചെയ്യുന്ന പതിവ് രീതിയല്ല എനിക്കിഷ്ടം. സദസ്സില്‍ എല്ലാവരും അവരവര്‍ക്ക് കഴിയുന്ന പോലെ സംസാരിക്കുകയും പാടുകയും ഒക്കെ ചെയ്യുന്നതാണ്. അപ്പറഞ്ഞതിന് ഫലമുണ്ടായി.  ഷാഹിറിന് വാക്ക് കൊടുത്ത പോലെ ഇരുപത്തിയഞ്ച് മിനിറ്റ് ഞാന്‍ സംസാരിച്ച് ഉപസംഹരിച്ചപ്പോള്‍ , സംസാരിക്കാനും പാടാനും കവിത ചൊല്ലാനും ചിലര്‍ മുന്നോട്ട് വന്നു.  സംസാ‍രിച്ച കൂട്ടത്തില്‍ ഒരു പ്രദീപിന്റെ വാക്കുകള്‍ സദസ്സിനെ അമ്പരപ്പിച്ചു. പ്രദീപ് കഴിഞ്ഞ ചെറിയ പെരുന്നാ‍ളിന് നോമ്പ് അനുഷ്ടിച്ചു പോല്‍ . നോമ്പിന്റെ സുഖം ഒന്ന് പരീക്ഷിക്കാന്‍ . ആദ്യദിവസങ്ങളില്‍ കുഴഞ്ഞുപോയത്രെ. പിന്നെ ശീലമായി. ഈ ശബരിമല മണ്ഡല വൃതകാലത്തും പ്രദീപ് വൃതത്തിലാണ്. ഓ എന്‍ വി യുടെ ആവണിപ്പാടം എന്ന കവിത ഈണത്തില്‍ ചൊല്ലിയും പ്രദീപ് സദസ്സിനെ കൈയ്യിലെടുത്തു. ഇത്തരത്തിലൊരു സുഹൃദ്സംഗമത്തില്‍ ആദ്യമായി പങ്കെടുത്ത , ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ ഒരു ടീച്ചര്‍ മൈക്ക് വാങ്ങി “ എനിക്ക് ഇതൊരു പുത്തന്‍ അനുഭവമാണെന്നും ഈ സ്നേഹസന്ദേശം ഞനെന്റെ വിദ്യാര്‍ത്ഥികള്‍ക്കും കൈമാറുമെന്ന്  വൈകാരികമായി പറഞ്ഞപ്പോള്‍ സംഘാടകര്‍ കൃതാര്‍ത്ഥരായിട്ടുണ്ടാവണം.

അടുത്ത പരിപാടി അറിയാമല്ലോ ,  വിഭവസമൃദ്ധമായ ഡിന്നര്‍ തന്നെ. ബുഫെ ആയിരുന്നു. എനിക്ക് വേണമെങ്കില്‍ രണ്ടാമതും വാങ്ങാമായിരുന്നു. കാ‍രണം നല്ല ടേസ്റ്റ്. പക്ഷെ പിന്നെയും വാങ്ങാന്‍ ഞാന്‍ മടിച്ചു. കൈ കഴുകി തിരിയുമ്പോള്‍ പിന്നില്‍ നിന്നും സുകുമാരേട്ടാ എന്ന് നീട്ടിയൊരു വിളി.  പ്ലസ്സ് റ്റൂ വിന് പഠിക്കുന്ന പോലെയുള്ള ഒരു പയ്യന്‍ . കണ്ണട ധരിച്ചിട്ടുണ്ട്. മുഖത്ത് നിഷ്ക്കളങ്കമായ പുഞ്ചിരി.  ആള്‍ ആരെന്നല്ലേ , ബ്ലോഗര്‍ എന്‍ ജെ ജോജു.  ബ്ലോഗ് ചര്‍ച്ചകളില്‍ ഗൌരവമായി കമന്റുകള്‍  എഴുതാറുള്ള ജോജുവിന്റെ മുഖത്ത് അതിന്റെ അഹങ്കാരം തെല്ലുമില്ല എന്ന് മാത്രമല്ല കുട്ടിത്തം കലര്‍ന്ന വിനയം വഴിഞ്ഞൊഴുകയും ചെയ്യുന്നു. ഞങ്ങള്‍ സംസാരിക്കുന്ന രംഗം  മകന്‍ സുമേഷ് മൊബൈലില്‍ പകര്‍ത്തിയിരിന്നു.  വെളിച്ചം കുറവായതിനാല്‍ ക്ലീയര്‍ പോര. എന്നാ‍ലും ഇവിടെ പോസ്റ്റ് ചെയ്യാമായിരുന്നു. സംഭാഷണമധ്യേ അനോനിമിറ്റിയാണ് ബ്ലോഗിന്റെ സുഖം എന്ന് സാന്ദര്‍ഭികമായി പറഞ്ഞത്കൊണ്ട് ഞാനതിന് മുതിരുന്നില്ല. പിന്നെയും പലരുമായും കുറെ നേരം സംസാരിച്ച് രാത്രി പത്ത് മണിയോടെ ഞങ്ങള്‍ മടങ്ങി.  പങ്കെടുത്തതില്‍ എന്റെ ശ്രീമതിക്കായിരുന്നു കൂടുതല്‍ തൃപ്തി. മതിലുകളില്ലാത്ത സൌഹൃദം പങ്ക് വയ്ക്കാന്‍ കഴിയുന്ന ഇത്തരം കൂട്ടായ്മകളില്‍ ആര്‍ക്കാണ് തൃപ്തി തോന്നാത്തത്.

കീടനാശിനിയും രാസവളവും

ഹരീഷ് തൊടുപുഴയുടെ ഗുല്‍മോഹര്‍ എന്ന ബ്ലോഗില്‍ നിന്ന് എടുത്ത രണ്ട് ചിത്രങ്ങളാണ് ഇവിടെ കാണുന്നത്. മന:പൂര്‍വ്വമാണോ എന്നറിയില്ല ഹരീഷ്  ഈ ചിത്രങ്ങളുടെ പോസ്റ്റിന് തലക്കെട്ടോ അടിക്കുറിപ്പോ ചേര്‍ത്തിട്ടില്ല.  എന്നാല്‍  ഈ രണ്ട് ചിത്രങ്ങളും  സിമ്പോളിക്കാണ്.  ഒരു നാല്പത് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഈ ചിത്രങ്ങള്‍ കാര്‍ഷികാഭിവൃദ്ധിയുടെയും  ഐശ്വര്യത്തിന്റെയും പ്രതീകങ്ങള്‍ ആയിരുന്നു.
(ഇന്നും സത്യത്തില്‍ അങ്ങനെ തന്നെയാണ്, പക്ഷേ..) ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആളുകള്‍ക്ക് എന്താണ് തോന്നുക.  അത്  ഒരു കമന്റര്‍ അവിടെ മനോഹരമായി എഴുതിയിട്ടുണ്ട്. “ വിഷമടിച്ചും, വിഷം വിതറിയും,വിള കൊയ്യാം“.  അതെ ,  ആളുകള്‍ക്ക് ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ പ്രത്യക്ഷത്തില്‍ തോന്നുക ഈ വികാരമാണ്.  ഈ വികാരത്തെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേട് എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. എന്റെ ഈ  വിശേഷണം വായിച്ച ഉടനെ എന്നോട് വെറുപ്പ് തോന്നുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. എന്തിനാണ് മനസ്സ് വെറുതെ അസ്വസ്ഥമാക്കുന്നത്.  മറ്റൊരു ബ്ലോഗില്‍ ഒരു പരിസ്ഥിതിപ്രേമി ഇങ്ങനെ എഴുതിക്കണ്ടു “ കീടനാശിനികൾ ഇല്ലാത്ത ഒരു ലോകം.അതാകട്ടെ നമ്മുടെ മുദ്രാവാക്യം“ ഈ മുദ്രാവാക്യത്തെ അനുകൂലിക്കുന്നവര്‍ എന്റെ ബ്ലോഗ് തന്നെ വായിക്കാതിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.  എന്നാലും എനിക്ക് സത്യങ്ങള്‍ പറയാതിരിക്കാനാവില്ല. വെട്ടിത്തുറന്ന് പറയട്ടെ, ഞാന്‍ കീടനാശിനികള്‍ക്കും രാസവളത്തിനും അനുകൂലമാണ്.  അത്കൊണ്ടാണ് ഈ ചിത്രങ്ങള്‍ ഇന്നും എനിക്ക് സിമ്പോളിക്കലായി ഐശ്വര്യത്തിന്റെ പ്രതീകമാവുന്നത്.  എന്ത് ഉണ്ടായിട്ടെന്താ , ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യന്‍ എങ്ങനെ ജീവിയ്ക്കും?

നാല്പത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടിണിയിലാണ്ട ഒരു ജനതയെ ഭക്ഷ്യസുരക്ഷയില്‍ എത്തിച്ചത് കീടനാശിനികളും രാസവളവും കണ്ടുപിടിച്ചത്കൊണ്ടും കര്‍ഷകര്‍ക്ക് അവ  ലഭ്യമായത്കൊണ്ടുമാണ്.  അത്കൊണ്ടാണ് രാസവളത്തെയും കീടനാശിനികളെയും തള്ളിപ്പറയുന്നത് നന്ദികേടാണെന്ന് ഞാന്‍ പറയുന്നത്.  ഇവ രണ്ടും കണ്ടുപിടിക്കുന്നതിന് മുന്‍പ് ജൈവകൃഷി തന്നെയായിരുന്നു ലോകത്ത് നിലവിലിരുന്നത്.  ആവശ്യം കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന തത്വമനുസരിച്ചാണ് രാസവളങ്ങളും കീടനാശിനികളും കണ്ടുപിടിക്കപ്പെട്ടത്. ഇന്നും രാസവളങ്ങളും കീടനാശിനികളും ഇല്ലെങ്കില്‍ കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ സാധിക്കില്ല. അത്ര മാത്രം കീടങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് മൂലം മണ്ണിലെ പോഷക ഘടകങ്ങള്‍ തീര്‍ന്നുപോകുന്നത് കൊണ്ട് രാസവളങ്ങള്‍ ചേര്‍ക്കാതിരിക്കാനും സാധ്യമല്ല. ഫാക്ടം ഫോസ് കിട്ടാത്തത്കൊണ്ട് കര്‍ഷകര്‍ വിഷമിക്കുന്നു എന്ന് ഇന്നലെ പത്രത്തില്‍ വായിച്ചു.  സല്‍ഫ്യുരിക്ക് ആസിഡ് കിട്ടാത്തത്കൊണ്ട് ഫാക്ടില്‍ വേണ്ടത്ര രാസവളനിര്‍മ്മാണം നടക്കുന്നില്ലത്രെ.  ഫാക്റ്റ് (FACT) പൂട്ടിക്കാന്‍ എന്നാണ് കേരളത്തില്‍ പരിസ്ഥിതിവാദികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങുക എന്നാണ് ഞാന്‍ കാത്തിരിക്കുന്നത്. രാസവളം വിഷമാണെങ്കില്‍ ആ വിഷം കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ പാടുണ്ടോ?

കീടങ്ങള്‍ ഭൂമിയില്‍ ഉള്ള കാലത്തോളം മനുഷ്യന് കൃഷി നടത്തണമെങ്കില്‍ കീടങ്ങളെ നശിപ്പിക്കാനുതകുന്ന നാശിനികള്‍ കൂടിയേ തീരൂ എന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ വിശദമാക്കിയത്കൊണ്ട് വീണ്ടും ഇവിടെ പരത്തി പറയുന്നില്ല.  ചിലര്‍ സുരക്ഷിതകീടനാശിനി, ജൈവ കീടനാശിനി എന്നൊക്കെ പറയുന്നുണ്ട്.  “ജൈവ” ആയാലും “ രാസ” ആയാലും കീടങ്ങള്‍ നശിക്കണമെങ്കില്‍ അവ കീടങ്ങള്‍ക്ക് വിഷം തന്നെ ആകണ്ടേ?  വിഷം എന്ന വാക്കിനെ സമൂഹത്തെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. കീടങ്ങള്‍ക്ക് വിഷമായത് മനുഷ്യന് വിഷമല്ല എന്നതാണ് സത്യം. അത്കൊണ്ടാണ് എന്തിനും അനുവദനീയമായ അളവ് എന്ന് നിശ്ചയിച്ചിരിക്കുന്നത്. അതായത് അനുവദനീയമായ അളവില്‍ ഉള്ളത് ഒന്നും മനുഷ്യന് വിഷമല്ല. ഉദാഹരണം പറയാം.  കൊതുകിനെ കൊല്ലാന്‍ നാം കത്തിച്ചു വെക്കുന്ന ഗുഡ്‌നൈറ്റ് ഇല്ലേ. അത് കൊതുകിന് വിഷമാണ്. കൊതുക് ചാകും. എന്നാല്‍ നമുക്ക് ഒന്നും സംഭവിക്കുന്നില്ല. എന്ത്കൊണ്ട്? നമ്മളും അത് ശ്വസിക്കുന്നുണ്ടല്ലൊ. അവിടെയാണ് അനുവദനീയമായ അളവിന്റെ പ്രസക്തി. ആ അളവില്‍ ഉള്‍ക്കൊണ്ടാല്‍ അവ പുറന്തള്ളാനുള്ള മെഷിനറിയൊക്കെ നമ്മുടെ ശരീരത്തില്‍ പ്രകൃത്യാ ഉണ്ട്. എന്നാല്‍ ഒരു മൂന്നോ നാലോ ഗുഡ്‌നൈറ്റ് ഒരുമിച്ച് കത്തിച്ച് വെച്ച് ഉറങ്ങിയാല്‍ എന്താവും സംഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ല. ഊഹിക്കാമല്ലോ. കീടനാശിനികളുടെ കാര്യത്തിലും ഇതാണ് ശരി.  മനസ്സിലാകുന്നവര്‍ക്ക് ഇത്രയും പറഞ്ഞാല്‍ മതി. അല്ലാത്തവര്‍ക്ക് എത്ര പറഞ്ഞിട്ടും പ്രയോജനമില്ല.

മനുഷ്യന് വിഷമായത്  എല്ലാം  മണ്ണിന് വിഷമല്ല. പരിസ്ഥിതിവാദികളുടെ പ്രശ്നം സൂക്ഷ്മജീവികള്‍ നശിച്ചുപോകും എന്നാണ്.  ആ ഭയവും അസ്ഥാനത്താണ്. മനുഷ്യന് മുന്നേ ഭൂമിയില്‍ കുടിയേറിയവരാണ് സൂക്ഷ്മജീവികള്‍ എന്നും മനുഷ്യന് ശേഷമേ അവയൊക്കെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുകയുള്ളൂ എന്നും ശാസ്ത്രം പറയുന്നുണ്ട്. ഞാ‍ന്‍ പറയുന്നതല്ല , എന്നോട് ആരും പരിഭവിക്കരുത്. മതങ്ങളും സയന്‍സും ഒരു പോലെ മനുഷ്യന് വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍ .  നൈതികമൂല്യങ്ങള്‍ നല്‍കുന്നതിലാണ് മതങ്ങളുടെ പ്രസക്തി. പ്രതികൂലസാഹചര്യങ്ങളെ മനുഷ്യന് അനുകൂലമായി മെരുക്കുന്നതിലാണ് സയന്‍സിന്റെ പ്രസക്തി. ഒന്ന് മറ്റൊന്നിനെ നിരാകരിക്കേണ്ടതില്ല.  മണ്ണും ജലവും അന്തരീക്ഷവും മലിനമാക്കപ്പെടുന്നതില്‍ നാം ആശങ്കപ്പെടുന്നത് , മനുഷ്യനും മനുഷ്യന് ഉപദ്രവം ചെയ്യാത്ത ജീവജാലങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയാകുന്നത്കൊണ്ടാണ്.  പ്ലാസ്റ്റിക്കും റബ്ബറും ഒക്കെ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും  അങ്ങനെ നാനാവിധത്തില്‍ ആളുകള്‍ നിത്യേന അന്തരീക്ഷത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.  അതിനെതിരെ ആരും കമാ എന്നൊരക്ഷരം മിണ്ടുന്നതായി കാണുന്നില്ല.  ഇങ്ങനെ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ അന്തരീഷത്തില്‍ നിന്ന് എങ്ങോട്ടും പോകുന്നില്ല.  കീടനാശിനികള്‍ എത്ര തളിച്ചാലും ഉണ്ടാകുന്നതിനേക്കാളും ദോഷമാണ് ഒറ്റ ദീപാവലി ദിവസം പടക്കങ്ങള്‍ പൊട്ടിക്കുന്നത്കൊണ്ട് ഉണ്ടാകുന്നത്.  ജയിക്കുമ്പോള്‍ ആഘോഷിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വേണം പടക്കങ്ങള്‍ .  അവ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍  സെക്കന്റുകള്‍ക്കകം അവശേഷിക്കാതെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും. എന്നാല്‍ പുറപ്പെടുന്ന വാതകങ്ങള്‍ ഒരിക്കലും നശിക്കാതെ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചുകൊണ്ടിരിക്കുകയും ഓസോണ്‍ പാ‍ളികളെ ദുര്‍ബ്ബലമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഞാന്‍ പറഞ്ഞുവരുന്നത്  വലിയ വിപത്തുകളെ കണ്ടില്ലെന്ന് നടിക്കുകയും താരതമ്യേന നിസ്സാരദോഷങ്ങളെ പെരുപ്പിച്ചു കാട്ടി ആളുകളുടെ ശ്രദ്ധ തിരിച്ചു വിടുന്നു എന്നുമാണ്. അതിലും  രാസവളം തീരെ നിര്‍ദ്ദോഷമാണ് താനും. അനുവദനീയമായ അളവ് രാസവളത്തിനും ബാധകമാണ്. പാലിനും തേനിനും പോലും അനുവദനീയമായ അളവുണ്ട് എന്ന് ഓര്‍ക്കുക.

രാസവളത്തിന്റെ കാര്യം.  ഞാന്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി  ഇവിടെ  എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ക്ക് വായിക്കാം. അനുബന്ധമായി കുറച്ചു കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്. കീടനാശിനികളും രാസവളങ്ങളും ഇല്ലാത്ത ലോകമാണ് പരിസ്ഥിതിവാദികള്‍ സ്വപ്നം കാണുന്നത്. രാസവളത്തോട് മാത്രമല്ല എല്ലാ രാസപദാര്‍ത്ഥങ്ങളോടും അവര്‍ക്ക് എതിര്‍പ്പാണ്. രാസപദാര്‍ത്ഥങ്ങള്‍ എല്ലാം വിഷമാണ് പോലും. ഈ ചിന്താഗതി ഇന്ന് പൊതുവെ എല്ലാവരെയും സ്വാധീനിച്ചതായാണ് കാണുന്നത്. പത്താം തരെ വരെ എല്ലാവരും സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്നുണ്ടെങ്കിലും ശാസ്ത്രവീക്ഷണത്തിന്റെ അഭാവമാണ് ഈ അബദ്ധധാരണകള്‍ക്ക് കാരണം. കൃത്രിമമായി ഉല്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എല്ലാം വിഷം എന്നാണല്ലൊ പരക്കെ കരുതപ്പെടുന്നത്.  എന്നാല്‍ അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍  ആദ്യം നല്‍കുന്ന ഡ്രിപ്പ്  എന്താണ്?  സലൈന്‍ വാട്ടര്‍ . അത് രാസപദാര്‍ത്ഥമല്ലേ? എവിടെയാണ് നല്‍കുന്നത്? ഞരമ്പിലൂടെ നേരിട്ട് രക്തക്കുഴലുകളിലേക്ക്.  സലൈന്‍ വാട്ടറിന്റെ കൂടെ എന്തെല്ലാം ചേര്‍ക്കും?  ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍ , ആന്റിബയോട്ടിക്ക് മരുന്നുകള്‍ .  ഓപ്പറേഷന് വിധേയരായ രോഗികളുടെ കൂടെ കഴിഞ്ഞവര്‍ക്ക് മനസ്സിലാകും. ഇതൊക്കെ ഒന്നാംതരം രാസപദാര്‍ത്ഥങ്ങളാണ്.  ഇവയൊക്കെ Intravenous ആയി നല്‍കുന്നത്കൊണ്ടുള്ള സൈഡ് ഇഫക്റ്റ് എന്താണ്? രോഗി രക്ഷപ്പെടുന്നു.  ഇളനീര്‍ ഒന്നാംതരം  പ്രകൃതിജന്യ ജൈവ ദ്രാവകമാണ്.  എന്നാല്‍ അത് കുടിക്കാനേ പറ്റൂ.  Intravenous ആ‍യി ഞരമ്പിലൂടെ 100 മില്ലി കുത്തിവെച്ചാല്‍ സൈഡ് ഇഫക്റ്റ് ഭയാനകമായിരിക്കും. കാരണം അറിയില്ലെങ്കില്‍ എന്റെ ജനകീയശാസ്ത്രം ബ്ലോഗ് വായിച്ചു നോക്കുക അല്ലെങ്കില്‍ നെറ്റില്‍ ഗൂഗിള്‍ ചെയ്യുക.

ജൈവ കൃഷിയെ പറ്റി. മേലെയുള്ള ചിത്രം വീണ്ടും നോക്കുക.  നെല്ല് ഒരു ഹ്രസ്വകാല വിളയാണ്. അരി നമ്മുടെ മുഖ്യ ആഹാരമാണ്.  ഓരോ വിളവെടുപ്പിന് ശേഷവും വയലിലെ മണ്ണില്‍ പോഷകഘടകങ്ങള്‍ (പ്രധാനമായും നൈട്രജന്‍, പൊട്ടാസിയം, ഫോസ്ഫറസ്) തീര്‍ന്നുപോകും. ഈ പോഷകഘടങ്ങള്‍ സന്തുലിതമായി മിശ്രണം ചെയ്യപ്പെട്ടതാണ് രാസവളങ്ങള്‍ .  ഇത് വയലില്‍ വിതറിയാല്‍  പെട്ടെന്ന് തന്നെ വെള്ളത്തില്‍ ലയിച്ച് നെല്‍ച്ചെടികള്‍ക്ക് ആഗിരണം ചെയ്യാനും പോഷിപ്പോടെ വളരാനും കഴിയും.  ജൈവ വളത്തിലും ഇപ്പറഞ്ഞതൊക്കെ സമൃദ്ധമായുണ്ട്.  എന്നാല്‍ അളവുകള്‍ ഏറ്റക്കുറച്ചിലിലായിരിക്കും. ചെടികള്‍ക്ക് ആവശ്യമായ അനുപാതത്തില്‍ ആയിരിക്കില്ല. മാത്രമല്ല,  ജൈവവളം ചെടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പാകമാകണമെങ്കില്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് വിഘടിക്കപ്പെടണം. അത് മാസങ്ങളോളം നീളുന്ന ജൈവപ്രക്രിയയാണ്.  ആവശ്യമായ സമയത്ത് ചെടികള്‍ക്ക് ലഭ്യമാവുകയില്ല. മാത്രമല്ല , ഇങ്ങനെ ജൈവവളം വിഘടിക്കപ്പെട്ടാലും അവസാനം ഉണ്ടാകുന്നത് നൈട്രജന്‍ , പൊട്ടാസിയം, ഫോസ്ഫറസ്സ് , പോലുള്ള  ചെടികള്‍ക്ക് ആവശ്യമുള്ള മൂലകങ്ങള്‍ തന്നെയാണ്. അവ ആഗിരണം ചെയുമ്പോള്‍ ഈ മൂലകങ്ങള്‍ ജൈവവളത്തില്‍ നിന്ന് കിട്ടുന്നതാണോ രാസവളത്തില്‍ നിന്ന് കിട്ടുന്നതാണോ എന്ന വ്യത്യാസം ചെടികള്‍ക്കില്ല.

മനസ്സിലാകുന്നവര്‍ക്കും ഉറക്കം നടിക്കാത്തവര്‍ക്കും മനസ്സിലാകും എന്നത്കൊണ്ട് നീട്ടുന്നില്ല. കീടനാശിനികളെ പറ്റി രണ്ട് വാക്ക് കൂടി. അവ ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.  കര്‍ഷകരുടെ അജ്ഞതയും അമിതമായ സ്വാര്‍ത്ഥതയുമാണ് പ്രശ്നം.  ജനങ്ങളുടെയും  ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്ത്നിന്ന് ജാഗ്രതയാണ് വേണ്ടത്.  കേരളത്തില്‍ എത്തുന്ന  മിക്ക ധാന്യങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും അനാവശ്യമാ‍യി തളിക്കപ്പെട്ട കീടനാശിനികള്‍ കലര്‍ന്നിട്ടുണ്ട്.  അവയെല്ലാം  ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയാല്‍ അപകടരഹിതമാണ്.  കടകളില്‍ നിന്ന് ആട്ട എന്ന് പറയുന്ന ഗോതമ്പ് പൊടി ഒരു കാരണവശാലും വാങ്ങി ഉപയോഗിക്കാതിരിക്കുക. പകരം ഗോതമ്പ് വാങ്ങി വൃത്തിയായി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുക എന്ന ആ പഴയ ശീലത്തിലേക്ക് മടങ്ങുക.  എന്തും നമ്മള്‍ സ്വന്തമായി പാകം ചെയ്ത് കഴിക്കുക എന്ന് തീരുമാനിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം.

അധിക വായനയ്ക്ക്:  സസ്യങ്ങള്‍ എങ്ങനെയാ‍ണ് പോഷകങ്ങള്‍ വലിച്ചെടുക്കുന്നത്?

                               കൃഷിലോകം  ,  സസ്യങ്ങള്‍ക്ക് ആഹാരം , മണ്ണിന്റെ ആരോഗ്യം

സ്പെക്ട്രം എന്നാല്‍ എന്ത് ? ( ഒന്നാം ഭാഗം)

2G/3G  സ്പെക്ട്രം എന്താണെന്ന് വിശദമാക്കുന്ന ഒരു ബ്ലോഗ് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കട്ടെ. ആര്‍ക്കും എന്താണെന്ന് വലിയ പിടിയൊന്നുമില്ല എന്ന് നിലമ്പൂരാന്‍ (കരീം) എന്ന ബ്ലോഗര്‍ എന്നോട് കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സ്പെക്ട്രം എന്ന വാക്ക് ഇപ്പോള്‍ ഏറെ ബഹളങ്ങള്‍ക്ക് കാരണമായ ഒന്നാണല്ലൊ.  അഴിമതി ഇന്ന് എല്ലാ തലങ്ങളിലും ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ അഴിമതി ഇല്ലാതാക്കാനല്ല അതും ആഘോഷമാ‍ക്കാനാണ് എല്ലാവര്‍ക്കും താല്പര്യം.  ഏ.രാ‍ജ എന്ന മുന്‍‌മന്ത്രി അഴിമതി നടത്തി എന്ന് സി.ഏ.ജി. പറഞ്ഞിട്ടില്ല. എന്നാല്‍ രാജയുടെ തീരുമാനം നിമിത്തം ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടമായി എന്നാണ് സി.ഏ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. നഷ്ടം എന്നത് വേറെ, അഴിമതി എന്നത് വേറെ. അഴിമതി എന്നത് നമ്മുടെ നാട്ടില്‍ സ്വാഭാവികമായ ഒന്നായതിനാല്‍ രാജ സ്പെക്ട്രം അനുവദിക്കുമ്പോഴും അഴിമതി നടന്നിരിക്കാം.  എന്നാല്‍ രാജ ഈ ഒന്നേമുക്കാല്‍ ലക്ഷം കോടി ഖജനാവില്‍ നിന്ന് അടിച്ചുമാറ്റി എന്നാണ് അഴിമതി ആഘോഷക്കാര്‍ വിളിച്ചുകൂവുന്നത്. രാജ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതിനിയും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ.  സി.ഏ.ജി. പറഞ്ഞ കണക്ക് ഒരു സാ‍ങ്കല്‍പ്പിക കണക്ക് ആണ്.  ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ എന്നത് ഒരു മാ‍യപണത്തിന്റെ കണക്കാണ്, യഥാര്‍ഥ മുല്യത്തിന്റേതല്ല. അതൊക്കെ ഈ ഒച്ചയും ബഹളവും അടങ്ങിയാല്‍ എല്ലാവര്‍ക്കും ബോധ്യമാവും. അതിന് മുന്‍പ് നമുക്ക് ഈ സ്പെക്ട്രം എന്താണെന്ന് നോക്കാം.

തരംഗങ്ങളെക്കുറിച്ച് നമുക്കറിയാം.  ശബ്ദതരംഗം, പ്രകാ‍ശതരംഗം, റേഡിയോ തരംഗം അങ്ങനെ ഒട്ടേറെ തരംഗങ്ങള്‍ .  ഇതില്‍ ശബ്ദതരംഗങ്ങള്‍ ഒഴികെയുള്ള മറ്റ് തരംഗങ്ങള്‍ എല്ലാം വൈദ്യുതകാന്തികതരംഗങ്ങളാണ്. എല്ലാ തരംഗങ്ങള്‍ക്കും പൊതുവായ സംഗതിയാണ്  തരംഗദൈര്‍ഘ്യം, ഫ്രീക്വന്‍സി,  വേഗം എന്നിവ.  ഇതില്‍ ശബ്ദതരംഗം ഒഴികെയുള്ള എല്ലാ വൈദ്യുതകാന്തിക (ഇലക്ട്രോ-മാഗ്നറ്റിക്) തരംഗങ്ങളുടെയും വേഗത പ്രകാശം സഞ്ചരിക്കുന്നതിന്റെ വേഗതയാണ്. സെക്കന്റില്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റര്‍.  പ്രകാശവും വൈദ്യുതകാന്തിക തരംഗമാണെന്ന് പറയേണ്ടല്ലൊ.  എല്ലാ തരംഗങ്ങള്‍ക്കും അതിന്റേതായ ഊര്‍ജ്ജവും ഉണ്ട് എന്നതും  ഓര്‍ത്ത് വയ്ക്കണം.  വൈദ്യുതകാന്തികതരംഗങ്ങള്‍ സൃഷ്ടിക്കുന്നത് സുര്യനും മറ്റ് നക്ഷത്രങ്ങളും മാത്രമല്ല  പലരുടെയും അടുക്കളയില്‍ കാണുന്ന മൈക്രോ വേവ് അടുപ്പിലും സൃഷ്ടിക്കപ്പെടുന്നത് വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുതിയും കാന്തവും തമ്മിലുള്ള ബന്ധം ജേംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചതിന് ശേഷമാ‍ണ് ഇതൊക്കെ സാധ്യമായത്.  അതായത്  വൈദ്യുതകാന്തിക തരംഗവും സ്പെക്ട്രവും ഒക്കെ പ്രകൃതിയിലെ പ്രതിഭാ‍സങ്ങളാണ്.  മനുഷ്യന്‍ അത് കണ്ടുപിടിച്ച്  മെരുക്കിയെടുത്ത്  പ്രയോജനപ്പെടുത്തുന്നു എന്ന് മാത്രം.  സ്പെക്ട്രം സര്‍ക്കാരിന്റെ സ്വന്തമാകുന്നത്  അത് ഉപയോഗിക്കാന്‍ കഴിയുന്ന മനുഷ്യരുടെ മേല്‍ അധീശാധികാരം ചെലുത്താന്‍ സര്‍ക്കാ‍രിന് സാധിക്കുന്നത്കൊണ്ടാണ്.  സ്പെക്ട്രം എന്ന വാക്കിന്റെ മലയാളം വര്‍ണ്ണരാജി എന്നോ മറ്റോ ആ‍ണെന്ന് തോന്നുന്നു.  എന്നാല്‍  സ്പെക്ട്രം എന്നതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ താ‍ഴെ കാണുന്ന ചിത്രം നോക്കുക:


തരംഗത്തിന്റെ നീളവും  ആവൃത്തിയും(ഫ്രീക്വന്‍സി)  പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് ചിത്രത്തില്‍ നിന്ന് മനസ്സിലാ‍ക്കാം.  ഫ്രീക്വന്‍സി കൂടുമ്പോല്‍ തരംഗനീളം കുറയുന്നു.  തരംഗദൈര്‍ഘ്യം വര്‍ദ്ധിക്കുമ്പോള്‍ ഫ്രീക്വന്‍സി കുറയുന്നു.  ഏറ്റവും കുറഞ്ഞ തരംഗനീളമുള്ള അഥവാ  ഫ്രീക്വന്‍സി ഏറ്റവും കൂടിയ തരംഗങ്ങള്‍ക്കാണ് കൂടുതല്‍ ഊര്‍ജ്ജം.  അതായത് ഫ്രീക്വന്‍സി കുറയുന്തോറും ഊര്‍ജ്ജവും കുറയുന്നു.  അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ശക്തി കൂടിയത്  ഗാമ കിരണങ്ങള്‍ ആണെന്നും ശക്തി കുറഞ്ഞത് റേഡിയോ അലകള്‍ക്കും ആണെന്ന് ചിത്രത്തില്‍ കാണാം.  ഇതിന്റെ ഇടയിലാണ് നമ്മള്‍ കാ‍ണുന്ന പ്രകാശത്തിന്റെ സ്പെക്ട്രം ഉള്ളത്. ദൃശ്യപ്രകാശത്തില്‍ ഏറ്റവും ശക്തി കൂടിയത് അല്ലെങ്കില്‍ ഫ്രീക്വന്‍സി കൂടിയത് വയലറ്റ് നിറവും  കുറഞ്ഞത്  ചുകപ്പ് നിറവുമാണെന്ന് നിങ്ങള്‍ക്കറിയാവുന്നതും  ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതുമാണ്.  മേലെ കാണുന്ന ചിത്രത്തില്‍  നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന മൊബൈല്‍ സ്പെക്ട്രത്തിന്റെ സ്ഥാനം എവിടെയാണെന്ന് നോക്കാം.  അതിന് മുന്‍പ്  തരംഗദൈര്‍ഘ്യം ,  ഫ്രീക്വന്‍സി  എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.  അതിനിടയില്‍ , തരംഗദൈര്‍ഘ്യവും ഫ്രീക്വന്‍സിയും  പ്രകാശവേഗതയും തമ്മിലുള്ള ബന്ധം പറയാന്‍ വിട്ടുപോയി.  തരംഗദൈര്‍ഘ്യം X ഫ്രീക്വന്‍സി = പ്രകാശ വേഗത എന്നതാണ് ആ ബന്ധത്തിന്റെ ഫോര്‍മ്യൂല.  അപ്പോള്‍ പ്രകാശവേഗതയെ ഫ്രീക്വന്‍സി കൊണ്ട് ഹരിച്ചാല്‍ തരംഗനീളവും,  നീളം കൊണ്ട് ഹരിച്ചാല്‍ ഫ്രീക്വന്‍സിയും കിട്ടുമെന്ന് പറയേണ്ടല്ലൊ.  തരംഗദൈര്‍ഘ്യവും ആവൃത്തി അല്ലെങ്കില്‍ ഫ്രീക്വന്‍സിയും എന്താണെന്ന് താഴെയുള്ള ചിത്രത്തില്‍ നോക്കി മനസ്സിലാക്കാം.


തരംഗത്തിന്റെ ഉയരം എന്ന ഗുണം ഇവിടെ പരാമര്‍ശിച്ചിട്ടില്ല.  റേഡിയോ നിലയങ്ങളെ പറ്റി പറയുമ്പോള്‍ AM സ്റ്റേഷന്‍,  FM സ്റ്റേഷന്‍ എന്ന് വിശേഷിപ്പിക്കാറില്ലേ. അവിടെ തരംഗത്തിന്റെ ഉയരം (amplitude) പ്രധാനമാണ്.  ചിത്രത്തില്‍  ഒരു തരംഗം ആരംഭിച്ച് മേലോട്ടും താ‍ഴോട്ടും പോകുന്നത് കാണുന്നില്ലേ?  ഇങ്ങനെയുള്ള  രണ്ട് ഉയര്‍ച്ചകള്‍ക്കോ താഴ്ചകള്‍ക്കോ ഇടയിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം അഥവാ വേവ് ലംഗ്ത്ത്.  ഈ അകലം ഒരു മില്ലിമീറ്ററിന്റെ , നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും കുറവാകാം, കിലോമീറ്ററുകള്‍ അധികവുമാകാം.  ഫ്രീക്വന്‍സി എന്നാ‍ല്‍ ഒരു ക്ലോക്കിലെ  പെന്‍ഡൂലം  അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടിട്ടില്ലേ.  ഒരു പ്രാവശ്യം അങ്ങോട്ട് പോയി ഇങ്ങോട്ട് വന്നാല്‍ ഒരു ആവൃത്തിയായി. അല്ലെങ്കില്‍ ഒരു സെക്കന്റ് ആയി. അപ്പോള്‍ പെന്‍ഡൂലത്തിന്റെ ഫ്രീക്വന്‍സി 1 സൈക്കിള്‍ പെര്‍ സെക്കന്റ് ആണ്.  ഈ ആവൃത്തി നമ്മള്‍ ഹെര്‍ട്ട്സ് എന്ന യൂനിറ്റിലാണ്  പറയുന്നത്.  മേലെ കാണുന്ന തരംഗം അത് ആരംഭിച്ച് സെക്കന്റില്‍ 14 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. അത്കൊണ്ട് അതിന്റെ ഫ്രീക്വന്‍സി 14 ഹെര്‍ട്ട്സ് ആണ്.  ഹെര്‍ട്ട്സ് എപ്പോഴും  കിലോ ഹെര്‍ട്ട്സ്, മെഗാഹെര്‍ട്ട്സ്, ടെറാഹെര്‍ട്ട്സ് എന്ന കണക്കിലാണ് പറയാറ്. 1000 ഹെര്‍ട്ട്സ് = 1 കിലോ ഹെര്‍ട്ട്സ്,   1000 കിലോ ഹെര്‍ട്ട്സ് = 1 മെഗാഹെര്‍ട്ട്സ്,  1000 മെഗാ ഹെര്‍ട്ട്സ് = 1 ഗിഗാഹെര്‍ട്ട്സ്, 1000 ഗിഗാഹെര്‍ട്ട്സ് = 1 ടെറാഹെര്‍ട്ട്സ് - അങ്ങനെ പോകുന്നു കണക്ക്.  കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍  ഫ്രീക്വന്‍സിയുടെ ആനിമേഷന്‍ ഇമേജ്   ഇവിടെ  കാണുക.

നമ്മുടെ നാട്ടിലെ കരണ്ടിന് 240 വോള്‍ട്ടേജും  50 ഹെര്‍ട്ട്സ് ഫ്രീക്വന്‍സിയുമാണ്.  ഇതിന്റെ അര്‍ത്ഥം എന്താണ്?  വോള്‍ട്ടേജിന്റെ കാര്യം ഇവിടെ പറയേണ്ടതില്ല.  എന്നാല്‍ 50 ഹെര്‍ട്ടിസിന്റെ അര്‍ത്ഥം മനസ്സിലാക്കിയേ പറ്റൂ.  കരണ്ടിന്റെ ഉല്പാദനകേന്ദ്രം മുതല്‍ വീട്ടിലെ കരണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ഉപകരണം വരെ വൈദ്യുതി സെക്കന്റില്‍  50 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്നാണ് അര്‍ത്ഥം. വൈദ്യുതിയും തരംഗമാണ്.  തരംഗമാണ് പോയി വരുന്നത്. അല്ലാതെ ചെമ്പ് കമ്പിയിലെ ഇലക്ട്രോണുകള്‍ എങ്ങും പോകുന്നില്ല. അവ ഒന്നോടൊന്ന് മുട്ടി ചാഞ്ചാടിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം.

ശരി , ഇനി നമുക്ക്  മൊബൈല്‍ സ്പെക്ട്രത്തിലേക്ക് വരാം.   800, 900, 1800   എന്നീ മെഗാ ഹെര്‍ട്ട്സിലാണ് (MHz)  ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങള്‍ നടത്തപ്പെടുന്നത്.  മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ് ഈ സ്പെക്ട്രം  മുഴുവനും സൈനികാവശ്യത്തിന് നീക്കി വെച്ചതായിരുന്നു.  പൊതുവെ  ഈ സ്പെക്ട്രം എന്ന് പറയുന്ന ഫ്രീക്വന്‍സി ബാന്‍ഡുകള്‍  ഇന്ത്യയില്‍  എന്തിനൊക്കെയാണ് നീക്കി വെച്ചിരുന്നത് എന്ന് താഴെ പട്ടികയില്‍ കാണുക:


മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വരികയും  മൊബൈല്‍ സേവനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സൈന്യത്തിന്റെ  കൈയ്യില്‍ നിന്ന് കുറെ സ്പെക്ട്രം  എടുത്ത്  ബി.എസ്.എന്‍ . എല്‍ മറ്റും  സ്വകാര്യ സേവന ദാതാക്കള്‍ക്ക് അലോട്ട് ചെയ്യുകയും ചെയ്തു.  എന്നിട്ടും  സൈന്യത്തിന്റെ അധീനതയില്‍ ഉപയോഗപ്പെടുത്താതെ  കുറെ ഫ്രീക്വന്‍സികള്‍ ചുമ്മാ കിടന്നിരുന്നു.  അതാണ് രാജ എന്ന മന്ത്രി എടുത്ത് ചില കമ്പനികള്‍ക്ക് കൊടുത്തത്.  അതിന്റെയൊക്കെ ചരിത്രം പിന്നീട് പറയാം.   സ്പെക്ട്രത്തെക്കുറിച്ച്  ഏകദേശ ധാരണ ഉണ്ടായാലേ അക്കാര്യം ഒക്കെ വിശദമായി ചര്‍ച്ച ചെയ്യാന്‍ പറ്റുകയുള്ളൂ.  GSM , CDMA എന്നീ  രണ്ട് ടെക്നോളജിയിലാണ് ഇവിടെ 2G മൊബൈല്‍ സേവനം നല്‍കി വരുന്നത്.  1G, 2G, 3G, 4G എന്നൊക്കെ പറയുന്നത്  പരിഷ്ക്കരിച്ച  വെര്‍ഷനുകളാണ്.  1G എന്നത് അനലോഗ് സമ്പ്രദായവും 2G എന്നത് ഡിജിറ്റല്‍ സങ്കേതവുമാണ്.  3G-യില്‍  വീഡിയോ കോള്‍ , ഹൈസ്പീഡ് ഇന്റര്‍നെറ്റ് ബ്രൌസിങ്ങ് ഒക്കെ സാധ്യമാണ്.  2G സങ്കേതമാണ് ഇന്ത്യയിലെ മുക്കിലും മൂലയിലും എല്ലാവര്‍ക്കും ആശയവിനിമയം സാധ്യമാക്കിയത് എങ്കിലും  അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ 2G പൂര്‍ണ്ണമായും കാലഹരണപ്പെടും.  ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് അത്രയേ ആയുസ്സുള്ളൂ.  3 ജി പൂര്‍ണ്ണമായി നടപ്പിലായാലും ആ സങ്കേതത്തില്‍  2ജിയും  ഉപയോഗിക്കാമെന്നുള്ളത്കൊണ്ട് 3ജി ഫോണോ സിം കാര്‍ഡോ ഇല്ലാത്തവര്‍ക്കും പ്രശ്നമില്ല.

GSM , CDMA  എന്നീ ടെക്നോളജിയെ കുറിച്ച് പറഞ്ഞു.  ഇതില്‍ GSM  900, 1800 എന്നീ മെഗാഹെര്‍ട്ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലും  CDMA 800 മെഗാഹെര്‍ട്ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലുമാണ് പ്രവര്‍ത്തിക്കുന്നത്.  അതേ സമയം 3ജി 2100 MHz  ഫ്രീക്വന്‍സി ബാന്‍ഡിലുമാണ്  പ്രവര്‍ത്തിക്കുക എന്ന് തീരുമാനിച്ചിട്ടുണ്ട്.  ഇപ്പോഴത്തെ  വിവാദമായ സ്പെക്ട്രം കുംഭകോണത്തെ പറ്റി  മറ്റൊരു പോസ്റ്റ് എഴുതാം.  അതിന് മുന്‍പ്  നിലമ്പൂരാന്‍ ആവശ്യപ്പെട്ട പോലെ  ചില അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ  ഉദ്ദേശ്യം.  അഴിമതി ക്യാന്‍സര്‍ പോലെ നമ്മുടെ രാജ്യത്തെ സര്‍വ്വമേഖലകളെയും ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളാണ് എല്ലാവരുടെയും ഭാഗത്ത്നിന്ന് ഉണ്ടാകേണ്ടിയിരുന്നത്.  എന്നാല്‍ എല്ലാവരും അഴിമതിയുടെ സൌഭാഗ്യം അനുഭവിക്കുകയും  തനിക്കെതിരെ ആരോപണം വരുമ്പോള്‍ ഞഞ്ഞാമിഞ്ഞ പറയുകയും മറ്റുള്ളവരുടെ അഴിമതികള്‍ ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.  ഇപ്പോഴത്തെ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ നാ‍ടകം ആഘോഷമല്ലാതെ മറ്റെന്താണ്.  ലാവലിന്‍ കേസില്‍ സി.പി.എമ്മിന്റെയും യെദ്ദ്യൂരപ്പയുടെ കാര്യത്തില്‍  ബി.ജെ.പി.യുടെയും നിലപാടുകള്‍ ഞഞ്ഞാമിഞ്ഞ അല്ലാതെ  വേറൊന്നുമല്ല.

നമ്മുടെ രാ‍ഷ്ട്രീയക്കാര്‍ അഴിമതിയുടെ ഗുണഭോക്താക്കളാണ്.  അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് തനിക്ക് ഇത്രയല്ലേ കഴിയുന്നുള്ളൂ,  അവനെ പോലെ കഴിയുന്നില്ലല്ലോ എന്ന് മാത്രമായിരിക്കും. എന്നാല്‍ ഇത് എല്ലാവരെയും അടക്കി പറയുന്നത് ഒരിക്കലും ശരിയല്ല.  അഴിമതി വിരുദ്ധരായ രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും  ,  ഉദ്യോഗസ്ഥര്‍ എല്ലാ വകുപ്പുകളിലുമുണ്ട്.  നമ്മള്‍  എല്ല്ലാ വസ്തുതകളും മുന്‍‌വിധിയില്ലാതെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.  ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അനുയായി ആയി നിന്നിട്ട്  ആ പാര്‍ട്ടിയിലെ നേതാക്കളെ വെള്ള പൂശുകയും  മറ്റ് പാര്‍ട്ടിയില്‍ പെട്ടവരുടെ അഴിമതികള്‍  പെരുപ്പിച്ച് കാട്ടി ഒച്ച വെക്കുകയും ചെയ്യുന്നത്കൊണ്ട് അഴിമതി വര്‍ദ്ധിക്കുകയേയുള്ളൂ.

സ്പെക്ട്രം - രണ്ടാം ഭാഗം

കഴിഞ്ഞ പോസ്റ്റില്‍ അങ്കിള്‍ ഇങ്ങനെ കമന്റ്  എഴുതി: 
 "സി.എ. ജി യുടെ കണക്കുകള്‍ സാങ്കല്പികം എന്നെഴുതിയതിനോട് യോജിക്കാന്‍ കഴിയുന്നില്ല മാഷേ . ഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഏറ്റവും കുറഞ്ഞത്‌ സെന്റിന് അഞ്ചു ലെക്ഷം രൂപ വച്ച് കിട്ടുന്ന പത്തു സെന്റു ഭുമി ഉണ്ട്. ഞാന്‍ അത് വിശ്വസ്തനായ ഒരാളെ വില്കാന്‍ ഏല്‍പിക്കുന്നു. അയാള്‍ അതിനെ സെന്റിന് പതിനായിരം രൂപ വച്ച് വില്കുന്നു. എനിക്കുണ്ടായ നഷ്ടം സാങ്കല്പികം ആണോ? അത് തന്നെയാണ് ഇവിടെയും നടന്നത്. 2001 ല് ലേലം വിളിച്ചു കിട്ടിയ അതേ തുകക്ക് 2008 ല്‍ സ്പെക്ട്രം വിട്ടു. 1,76,000 കോടി രൂപ കിട്ടുമായിരുന്ന നാടിന്റെ പ്രകൃതി വിഭവത്തെ വെറും 12,386 കോടിക്ക് ഡി.എം.കെ. മന്ത്രി എ.രാജ മുന്‍കൈ എടുത്ത് വിറ്റ് തുലച്ചു. അത് നാടിന്റെ നഷ്ടം അല്ലെ?" 

ഇതിന് വിശദമായ ഒരു മറുപടി വേണമെന്ന് തോന്നി. അത്കൊണ്ട് മറുപടി ഒരു പോസ്റ്റ് ആയി എഴുതുന്നു. 

@ അങ്കിള്‍ ,  മാ‍ഷേ 2001 ല്‍ 2G സ്പെക്ട്രം ലേലം ചെയ്തിരുന്നു എന്ന് ആ‍രാണ് പറഞ്ഞത്? അങ്ങനെയൊന്നുമല്ല സംഗതികള്‍ .  ഇന്ത്യയില്‍ 1994ലാണ് ദേശീയ വിവരസാങ്കേതിക നയം രൂപപ്പെടുത്തുന്നത്.  അതിന്റെ അടിസ്ഥാനത്തില്‍ അന്ന് 2ജി സ്പെക്ട്രം ലേലം ചെയ്യപ്പെടുകയും മൂന്ന് കമ്പനികള്‍ സ്പെക്ട്രം വാങ്ങുകയും ചെയ്തു.  അപ്പോള്‍ ഒട്ട് ഗോയിങ്ങ് കോളുകള്‍ക്ക് മിനിറ്റിന് 16 രൂപയായിരുന്നു മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇന്‍‌കമിങ്ങ് കോളുകള്‍ക്കും ചാര്‍ജ്ജ് ഈടാക്കിയിരുന്നു. എന്നിട്ടും ലേലത്തില്‍ സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ , തങ്ങള്‍ക്ക് ഈ ഇടപാടില്‍ നഷ്ടമാണെന്നും ലേലത്തുക മുഴുവനും കൊടുക്കാന്‍ കഴിയില്ലെന്നും പുനര്‍നിര്‍ണ്ണയം ചെയ്യണം എന്നും കാണിച്ച് സുപ്രീം കോടതില്‍ കേസ് കൊടുത്തു.  ഹരജി പരിഗണിച്ച കോടതി വേണ്ട മാറ്റങ്ങള്‍ ചെയ്യാനും പുതിയ നയം രൂപപ്പെടുത്താനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.  അപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 1999 ല്‍  പുതിയ നയം ആ‍വിഷ്ക്കരിച്ചു.  ആ നയത്തിന്റെ അടിസ്ഥാനത്തില്‍ 2ജി സ്പെക്ട്രം ഇനി ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. നിശ്ചിത തുക ലൈസന്‍സ് ഫീ ആയി വാങ്ങിയിട്ട് , ലൈസന്‍സ് നേടുന്ന കമ്പനികളില്‍ നിന്ന് ലാഭത്തില്‍ പങ്ക് (റവന്യു ഷേറിങ്ങ്)  എന്ന നിലയില്‍ വാങ്ങാം എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. 

ഈ സമ്പ്രദായത്തില്‍ രണ്ട് ഗുണമുണ്ട് എന്നാണ് എന്റെ നിരീക്ഷണം. ഒന്ന് സര്‍ക്കാരിന് നിരന്തര വരുമാനം. മറ്റൊന്ന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനം. അന്നേ ലേല സമ്പ്രദായം ആയിരുന്നുവെങ്കില്‍ ഇത്ര കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ക്ക് മൊബൈല്‍ സേവനം നല്‍കാന്‍ കഴിയില്ലായിരുന്നു. ലേലത്തില്‍ കിട്ടുന്ന അത്രയും തുക സര്‍ക്കാരിന് ഒരുമിച്ച് ലഭിക്കുന്നില്ല എന്നേയുള്ളൂ.  ലാഭത്തില്‍ പങ്ക് സ്ഥിരം കിട്ടുന്നുണ്ടല്ലോ.  ഇനി സര്‍ക്കാരിന് എത്ര കിട്ടിയാലും ജനങ്ങള്‍ക്ക് ലഭിക്കുന്ന മെച്ചം തുച്ഛമായിരിക്കും എന്നത് വേറെ കാര്യം. ഇന്നും ലാന്‍ഡ് ഫോണിന് മിനിറ്റിന് ഒരു രൂപയല്ലേ, മൊബൈലിലോ? മൊബലില്‍ മിനിറ്റിന് 10 പൈസ ആക്കാനുള്ള ശ്രമത്തിലായിരുന്നു രാജ. മറ്റൊന്ന് , സിം കാര്‍ഡ് മാറ്റിയാലും ഒരേ നമ്പര്‍ നില നിര്‍ത്താന്‍ കഴിയുന്ന സമ്പ്രദായം (നമ്പര്‍ പോര്‍ട്ടബിലിറ്റി) നടപ്പിലാക്കാനും രാജ കമ്പനികളെ നിര്‍ബ്ബന്ധിക്കുന്നുണ്ടായിരുന്നു.

അപ്പോള്‍ പറഞ്ഞുവന്നത്  1999 മുതല്‍ 2ജി സ്പെക്ട്രം ലേലം ചെയ്യുന്നുണ്ടായിരുന്നില്ല. 2007ലാണ് രാജ ടെലിക്കോം മന്ത്രി ആകുന്നത്. അതേ വരെ പ്രമോദ് മഹാജന്‍ , അരുണ്‍ ഷൂറി , ദയാനിധി മാരന്‍ എന്നിവര്‍ 2ജി സ്പെക്ട്രം അനുവദിച്ചതും ലേലം ചെയ്തിട്ടല്ല റെവന്യു ഷേറിങ്ങ്   സമ്പ്രദായത്തിലാണ്. ലൈസന്‍സ് ഫീ 2001ലേത് തന്നെയായിരുന്നു 2008ലും എന്നതാണ് നേര് എന്ന് തോന്നുന്നു. 2007 വരെ നടക്കാത്ത ലേലം 2008ല്‍ മറ്റ് ചില കമ്പനികള്‍ക്ക് 2ജി അനുവദിക്കുമ്പോള്‍ നടത്തണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്?  അപ്പോള്‍ 2007 വരെ ലേലത്തിലല്ലാതെ 2ജി സ്പെക്ട്രം വാങ്ങിയവരുമായി മത്സരിക്കാന്‍ 2008ല്‍ ലേലത്തില്‍ സ്പെക്ട്രം വാങ്ങുന്ന കമ്പനികള്‍ക്ക് സാധിക്കുമോ? മാത്രമല്ല അങ്ങനെ 2008ല്‍ ലേലം ചെയ്യുകയാണെങ്കില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ മുന്നോട്ട് വരുമായിരുന്നോ? വന്നാലും  2010 ല്‍ 3ജി ലേലത്തില്‍ എടുത്ത അതേ നിരക്കില്‍  2008ല്‍ 2ജി എടുക്കുമായിരുന്നോ?  ഇവിടെയാണ്  സി.ഏ.ജി.യുടെ കണക്ക് സാങ്കല്‍പ്പികമാകുന്നത്.  3ജി സ്പെക്ട്രത്തെ സംബന്ധിച്ച്  അത് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.  ആ സാഹചര്യം 2ജി-യെ സംബന്ധിച്ച് 2008ല്‍ പ്രായോഗികമല്ല എന്ന്  പ്രധാനമന്ത്രിയും കരുതിയാല്‍  എന്താണ് തെറ്റ്.  ഒരു കാര്യം വീണ്ടും ഊന്നി പറയട്ടെ. 2ജി ലേലത്തില്‍ വില്‍ക്കുക എന്ന നയം സര്‍ക്കാര്‍ 1999ല്‍ തിരുത്തിയത്കൊണ്ടാണ് ഇന്ന് പാവപ്പെട്ടവര്‍ക്കും മൊബൈല്‍ പ്രാപ്യമായത്.  ലേലത്തില്‍ മത്സരിച്ച്  അധിക പണം കൊടുത്ത്  കമ്പനികള്‍ 2ജി വാങ്ങിയാല്‍ അതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിലല്ലേ വരിക.  സര്‍ക്കാ‍രിന് എത്ര കിട്ടിയാലും  മൂക്കില്‍ വിരല്‍ ഇട്ടത് പോലെയാണ്.  2ജി-യെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് പാവപ്പെട്ടവന്റെ സ്പെക്ട്രമാണ്.  3ജി ഇന്നത്തെ നിലയില്‍ എന്ത്കൊണ്ടും പാവപ്പെട്ടവര്‍ക്ക് അപ്രാ‍പ്യമായ ആഡംബര സ്പെക്ട്രമാണ്.  സര്‍ക്കാര്‍ ഈ വസ്തുതയും കണക്കിലെടുക്കണ്ടേ?  

ഇനി, ഒന്നേമുക്കാല്‍ ലക്ഷം കോടി എന്ന കണക്ക്  സി.ഏ.ജി.ക്ക്  എങ്ങനെ കിട്ടി എന്ന് നോക്കാം.   ഈ വര്‍ഷം (2010)  3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന്  കിട്ടിയത് 67 ആയിരം കോടി രൂപ.  ഈ കണക്ക് വെച്ച്  2007-08  സാമ്പത്തിക വര്‍ഷം  2ജി പഴയ നിരക്കില്‍ 122 ലൈസന്‍സും 35 ഡബിള്‍ ടെക്നോളജി ലൈസന്‍സും നല്‍കിയത്കൊണ്ട് സര്‍ക്കാരിന് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം കോടി രൂപ നഷ്ടം  എന്നാണ് സി.ഏ.ജി. കണക്കാക്കിയത്.  ലേലം ചെയ്താലും 2010ല്‍ 3ജിക്ക്  കിട്ടിയ അതേ  വില ഒട്ടും കുറയാതെ  2008ല്‍ 2ജിക്കും കിട്ടും എന്നത് ഊഹമല്ലേ?  അത്കൊണ്ടാണ് സി.ഏ.ജി. കണക്ക് സാങ്കല്‍പ്പികം എന്ന് പറഞ്ഞത്.  2008ല്‍ ലേലം ചെയ്യാത്തത് സാങ്കേതികമായും ധാര്‍മ്മികമായും ശരിയാണ് എന്നാണ് എന്റെ തോന്നല്‍ . എന്നാല്‍ 2008ല്‍ രാജ ലൈസന്‍സ് അനുവദിക്കുമ്പോള്‍ നടപ്പ് രീതി അനുസരിച്ച് അഴിമതി നടത്തിയിട്ടുണ്ടാവും.  പ്രമോദ് മഹാജന്‍ തൊട്ട് അരുണ്‍ ഷൂറിയും ദയാനിധി മാരനും വരെ നടത്തിയിരിക്കാന്‍ സാധ്യതയുള്ള അഴിമതി.  അതൊക്കെ കണ്ടുപിടിക്കാന്‍ ഇപ്പോഴത്തെ സുബ്രഹ്മണ്യം സ്വാമി കൊടുത്ത കേസോ ജെ.പി.സി.യോ  പാര്‍ലമെന്റ് സ്തംഭിപ്പിക്കലോ പര്യാപ്തമല്ല താനും .... 

( ബാക്കി സ്പെക്ട്രം തുടര്‍ക്കഥ - മൂന്നാം ഭാഗത്തില്‍ )

ഡെസ്ക്ടോപ് ഷേറിങ്ങ്

Aviary showmypc-com Picture 1ബ്ലോഗ് ഭാഷയില്‍ ബ്ലോഗ് പുലി എന്നൊരു പ്രയോഗമുണ്ട്. എന്താണതിന്റെ അര്‍ത്ഥം എന്ന് എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല. എന്നാലും എല്ലാവരും ബ്ലോഗ് പുലികള്‍ അല്ലല്ലൊ.  കുറെ കാര്യങ്ങള്‍ പലര്‍ക്കും അറിയാം.  അറിയാത്ത കാര്യങ്ങളുമുണ്ട്.  കമ്പ്യൂട്ടര്‍ എന്നാല്‍ തന്നെ മഹാസമുദ്രം പോലെയാണ്. പഠിച്ചാലും തീരുകയില്ല.  വല്ലാത്ത കണ്ടുപിടുത്തം തന്നെ.  മനുഷ്യന്റെ ജീവിതം  ഈ ചെറിയ ഉപകരണം  കമ്പ്ലീറ്റ്  മാറ്റി തീര്‍ത്തു.  ഇന്ന് ഓരോരുത്തരുടെയും ജീവിതം  ഈ ഉപകരണവുമായി പ്രത്യക്ഷമായോ പരോഷമായോ ബന്ധപ്പെട്ടിരിക്കുന്നു.  എല്ലാ കണ്ടുപിടുത്തങ്ങളും അങ്ങനെ തന്നെയാണ്.  നേരിട്ട് ബന്ധമില്ലെങ്കിലും എല്ലാ മനുഷ്യരും  അതിന്റെ ഉപഭോക്താക്കളാണ്.

കമ്പ്യൂട്ടറിന്റെ കാര്യം  പറയുമ്പോള്‍ എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു  സംഗതിയുണ്ട്.  കേരളത്തില്‍ കമ്പ്യൂട്ടര്‍ വിരുദ്ധസമരം കൊടുമ്പിരിക്കൊള്ളുന്ന കാലം. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. ഞാനും കമ്പ്യൂട്ടറിനെ പറ്റി കേട്ടിട്ടേയുള്ളൂ , കണ്ടിട്ടില്ല.  ഒരു ദിവസം അവന്‍ ചോദിച്ചു,  സുകുമാരേട്ടാ ഈ കമ്പ്യൂട്ടര്‍ വന്നാല്‍ മഹാമോശമാണല്ലേ?  അതെന്താ മോനേ എന്ന് ഞാന്‍ ചോദിച്ചു. അല്ല, കമ്പ്യൂട്ടര്‍ വന്നാല്‍ എനിക്കൊന്നും പഠിച്ചു വലുതാകുമ്പോ ജോലി കിട്ടില്ലല്ലോ. അവന്റെ ഉത്തരം.   ആ കുട്ടിയുടെ മനസ്സില്‍ കുത്തിവയ്ക്കപ്പെട്ട വിഷത്തെ ഓര്‍ത്ത് എനിക്കന്ന് സങ്കടം തോന്നി. എന്തോ ആയ്ക്കോട്ടെ, ഒരു കണ്ടുപിടുത്തം വരുമ്പോള്‍ ഇങ്ങനെയാണോ കുട്ടികളുടെ മനസ്സ് വിഷലിപ്തമാക്കേണ്ടത്?  അവന്‍ ഇന്ന് കുവൈറ്റില്‍  സിസ്റ്റം അഡ്‌മിനിസ്ട്രേറ്റര്‍ ആണ്.

പറഞ്ഞ് വന്നത് ബ്ലോഗിന്റെ കാര്യം.  നിങ്ങള്‍ ബ്ലോഗില്‍ പുലി അല്ലെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റും.  ഞാന്‍ ബ്ലോഗ് പുലി ആയത്കൊണ്ടല്ല , അറിയുന്നത് ചെയ്യാലോ.  നിങ്ങള്‍ അവിടെ നിന്ന് നിങ്ങളുടെ ബ്ലോഗില്‍ ലോഗിന്‍ ചെയ്താല്‍ മതി. ബാക്കി ഞാന്‍ ഇവിടെയിരുന്നു ചെയ്തോളും.  നിങ്ങളുടെ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും എനിക്കറിയില്ല. അത്കൊണ്ട് പേടിക്കേണ്ട.   ഇതെങ്ങനെയാണ് സാധിക്കുക എന്നല്ലേ. ഈ സങ്കേതത്തിനാണ് റിമോട്ട് ഡെസ്ക്ടോപ്പ് ഷേറിങ്ങ്  എന്ന് പറയുന്നത്.  ഇതിന് നിരവധി സോഫ്റ്റ്‌വേര്‍ ഇന്ന് ലഭ്യമാണ്. കാശ് കൊടുത്ത് വാങ്ങണം എന്ന് മാത്രം.  ചിലത് സൌജന്യമായും ലഭിക്കും.  പൂര്‍ണ്ണമായും സൌജന്യമായിരിക്കില്ല.  കുറച്ച് സൌകര്യങ്ങള്‍ ഫ്രീയായും  ബാക്കി പണം മുടക്കി പ്രീമിയമായും.

നിങ്ങള്‍ ചെയ്യേണ്ട ത്   http://showmypc.en.softonic.com/ എന്ന സൈറ്റില്‍ പോവുക.  അവിടെ നിന്ന് ഷോമൈപിസി എന്ന സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ്  ചെയ്യുക.   എവിടെയാണോ  അത് ഡൌണ്‍‌ലോഡ് ആയിട്ടുള്ളത്  എന്ന് കണ്ടുപിടിച്ച് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍  മേലെയുള്ള ചിത്രത്തില്‍ കാണുന്ന പോലെ ഒരു വിന്‍ഡോ തുറക്കും.  അതില്‍ Show my PC  Now എന്നും   View Remote PC എന്നും രണ്ട് ഓപ്ഷന്‍ കാണാം.   ഡെസ്ക്ടോപ്പ് ഷേര്‍ ചെയ്യണമെങ്കില്‍  രണ്ട് അറ്റത്തുമുള്ള  സിസ്റ്റത്തില്‍ ഈ ‘ഷോ-മൈ-പിസി’  ഡൌണ്‍‌ലോഡ് ചെയ്യണമെന്നും  ഒരേസമയം രണ്ടുപേരും ഓണ്‍‌ലൈനില്‍ വേണമെന്നും പറയേണ്ടതില്ലല്ലോ.  ഇപ്പോള്‍ സംഗതി മനസ്സിലായില്ലേ.

ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ , എനിക്ക് ഇവിടെ ഇരുന്ന്  എന്തും ചെയ്യാന്‍ പറ്റും.  നിങ്ങള്‍ പാസ്സ്‌വേര്‍ഡ് ആയി  ചില അക്കങ്ങള്‍ എനിക്ക് പറഞ്ഞുതരികയും ആ അക്കങ്ങള്‍ ഇവിടെ നിന്ന് എന്റര്‍ ചെയ്യുമ്പോഴുമാണ് എനിക്ക് നിങ്ങളുടെ സിസ്റ്റം ആക്സസ്സ് ചെയ്യാന്‍ പറ്റുന്നത്. ഞാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവിടെയിരുന്നു നിങ്ങള്‍ക്ക് മൌസ് ചലിക്കുന്നതിലൂടെ കാണാന്‍ പറ്റും.  ഏത് സമയത്തും  നിങ്ങള്‍ക്ക് ക്വിറ്റ് ചെയ്യാനും സാധിക്കും.  ഓരോ പ്രാവശ്യവും അന്യോന്യം ആക്സസ്സ് ചെയ്യാന്‍ പാസ്സ്‌വേര്‍ഡ് നമ്പര്‍ റിഫ്രഷ് ചെയ്യപ്പെടുകയാണ്.  ഇത് വളരെ രസകരവും അതിശയകരവുമാണ്.  ഞാന്‍ വേണമെന്നില്ല. ആരുമായും നിങ്ങള്‍ക്ക് പരസ്പരം  സിസ്റ്റം ഷേര്‍ ചെയ്യാം.

റിമോട്ട് ഡെസ്ക്ടോപ് ഷേറിങ്ങിന് http://www.teamviewer.com/download/index.aspx ടീം വ്യൂവര്‍ മറ്റൊരു നല്ല സോഫ്റ്റ്‌വേര്‍ ആണ് . ഈ വിവരം അറിയിച്ച റീനുവിന് നന്ദി.

(ബ്ലോഗും ഞാനും രണ്ടാം ഭാഗം വേഗം എഴുതാം)

ബ്ലോഗിലെ തമാശകള്‍

Latheef and me പ്രിയപ്പെട്ട  സുഹൃത്തുക്കളെ ,  ബ്ലോഗില്‍ ഇത്രയേറെ പരസ്പര വിരുദ്ധങ്ങളായ  പോസ്റ്റുകളും കമന്റുകളും എഴുതിയിട്ടും  എനിക്ക്  ധാരാളം പിന്തുണയും  സ്നേഹവും  ആണ് പൊതുവെ മലയാളം സൈബര്‍ സ്പെയിസില്‍ നിന്ന് ലഭിക്കുന്നത്.  എല്ലാവരോടും നന്ദി പറയാനല്ലാതെ മറ്റെന്താണ് എനിക്ക് കഴിയുക.  ബ്ലോഗും ഞാനും എന്ന എന്റെ കഴിഞ്ഞ അഭിമുഖ പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.  കമന്റിലൂടെ മാത്രമല്ല മെയിലിലൂടെയും  ചാറ്റിലൂടെയും  പലരും  എന്നോട് കൂറും സ്നേഹവും പ്രകടിപ്പിക്കുന്നുണ്ട്.  കഴിഞ്ഞ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങള്‍ ഞാന്‍ തുടര്‍ച്ചയായി എഴുതുന്നുണ്ട്.  അഭിമുഖം പോലെയുള്ള ചില പോസ്റ്റുകളാണ് ഉദ്ദേശിക്കുന്നത്. തലക്കെട്ടുകള്‍ മാറും.  കുറെ കാര്യങ്ങള്‍ പറയാനുണ്ട്.

ബ്ലോഗില്‍ ഞാന്‍ ചിലപ്പോഴൊക്കെ തമാശകളും കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒന്നാണ് മേലെ കാണുന്ന ചിത്രം.  ക്ലിക്ക് ചെയ്ത് നോക്കൂ.  കുറച്ച് നേരം മുന്‍പ് ഞാനും  സി.കെ.ലത്തീഫും ഈ ബ്ലോഗിലെ  ചാറ്റ്‌റൂമില്‍ വെച്ച്  ചാറ്റ് ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് മുകളില്‍ കാണുന്നത്.  മുഖം മൂടിയില്ലാതെ ബ്ലോഗില്‍ ഇടപെടുന്നവരായത്കൊണ്ട് ഈ ചിത്രം ബ്ലോഗില്‍ ഇടുന്നത്കൊണ്ട് ലത്തീഫിനും പരാതിയുണ്ടാവില്ല.  നമുക്ക് ജീവിതം തുറന്ന പുസ്തകം പോലെ ആക്കിക്കൂടെ. സ്വകാര്യതകള്‍ വേണം . എന്നാല്‍ അത് ആവശ്യത്തിന് മാത്രം പോരേ?  അനാവശ്യമായി പ്രൈവസിയും  ഈഗോയും നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ടോ? അത് മനസ്സിന് പിരിമുറുക്കം മാത്രമേ ഉണ്ടാക്കൂ. കഴിയുന്നതും മനസ്സിന് ലാഘവം ഉണ്ടാക്കുകയാണ് വേണ്ടത്.  എല്ലാവരിലും പെട്ട എല്ലാവരേയും പോലെയുള്ള ഒരാളാണ് ഞാനും എന്ന ബോധമാണ് നമുക്ക് വേണ്ടത്.  അപ്പോള്‍  കുറെ ഭാരം ഒഴിവായിക്കിട്ടും.  പൊതുവായി പറഞ്ഞാല്‍ ശരീരത്തിനും മനസ്സിനും അധികഭാരം കൂട്ടി അത് ചുമക്കുന്നതില്‍ കാര്യമൊന്നുമില്ല.

എല്ലാറ്റിനും ഓരോ ടേസ്റ്റ് ഉണ്ട്. അതൊക്കെ ആസ്വദിക്കാന്‍ കഴിയണമെങ്കിലും നമുക്ക് ലാഘവമുള്ള മനസ്സ് വേണം.  നമുക്ക് ഓരോരുത്തര്‍ക്കും അടിസ്ഥാനപരമായ ഒരു പ്രകൃതമുണ്ട്.  മുന്‍‌കോപം , ശുണ്ഠി ,  ദയ , ആര്‍ദ്രത അതൊക്കെ ആ മൌലികപ്രകൃതത്തിന്റെ ഭാഗമാണ്. അതൊന്നും മാറ്റാന്‍ കഴിയില്ല. എന്നാല്‍  ചിലതൊക്കെ മാറ്റാന്‍ കഴിയും. അതിന് ഞാന്‍ ആരാണെന്ന് അറിയണം.  മറ്റാരേക്കാളും പ്രാമുഖ്യമോ പ്രാധാന്യമോ എനിക്ക് ഇല്ലെന്നും  എല്ലാവരെയും പോലെയാണ് ഞാനെന്നുമുള്ള തിരിച്ചറിവാണ് അതില്‍ പ്രധാനം. അപ്പോള്‍ ഈഗോ പമ്പ കടക്കും. നമ്മുടെ ചുണ്ടുകളില്‍ സ്ഥായിയായ പുഞ്ചിരി വിരിയും. മനസ്സിന് ഭാരം കുറയും.  മുഖത്ത് വിനയം തെളിയും.  ബാക്കി നിങ്ങള്‍ പൂരിപ്പിക്കുക..

ബ്ലോഗും ഞാനും - 1

നമസ്കാരം  കെ.പി.എസ്.

നമസ്ക്കാരം..  പറയൂ , എന്തൊക്കെയാ വിശേഷങ്ങള്‍ ...

മുഖവുര കൂടാതെ വിഷയത്തിലേക്ക് കടക്കാം.  എന്തിനാണ് താങ്കള്‍ ബ്ലോഗ് എഴുതുന്നത്?

എന്തിനാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത് എന്ന് ചോദിച്ചാല്‍ ,  എന്തിനാണ് ഞാന്‍ ജീവിയ്ക്കുന്നത് എന്ന് ചോദിക്കുന്ന പോലെയാണ്.  മറുപടി പറയാന്‍ പ്രയാസം.  നമ്മള്‍ ഓരോരുത്തരും  ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതോരോന്നും എന്തിനാണെന്ന് ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക.  എനിക്ക് തോന്നുന്നത് ഒരോരുത്തരും ഓരോ കര്‍മ്മമണ്ഡലങ്ങളില്‍ യാദൃച്ഛികമായോ ആകസ്മികമായോ എത്തിപ്പെടുന്നു എന്നാണ്.  എന്നെ സംബന്ധിച്ച്  പ്രാരബ്ധങ്ങള്‍ എല്ലാം ഒഴിവായിക്കിട്ടിയപ്പോള്‍  ഈ കമ്പ്യൂട്ടറും  സമയവും  ബ്ലോഗ് എന്ന മീഡിയയും എന്റെ മുന്നില്‍ വന്നുപെട്ടു. അത്കൊണ്ടാവാം ബ്ലോഗ് എഴുതുന്നത്.  എന്റെ ബ്ലോഗിനെ ആരും കാത്തിരിക്കുന്നില്ല. ഞാനും  എന്റെ ബ്ലോഗ് വായിക്കാ‍ന്‍ ആരെയും കാത്തിരിക്കുന്നില്ല.  ഏത് സംഗതിയും അങ്ങനെയാണ്.  എന്നാല്‍  സംഭവ്യതയുടെ നിയമപ്രകാരം ആരൊക്കെയോ എന്റെ ബ്ലോഗ് വായിക്കുന്നു.  അത്കൊണ്ട് ഞാന്‍ പിന്നെയും എഴുതുന്നു. 

ബ്ലോഗ് എഴുതുന്നതില്‍ സംതൃപ്തനാണോ?  എന്താണ് ഇതില്‍ നിന്ന് ലഭിക്കുന്ന നേട്ടം ?

സത്യം പറഞ്ഞാല്‍ മനുഷ്യരോട് നേരില്‍ ഇടപഴകാനാണ് എനിക്ക് ഇഷ്ടം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുക, അവരെ കുറിച്ച് അടുത്തറിയുക,  അവരുടെ വ്യഥകളില്‍ പങ്ക് ചേരുക , അറിവുകളും അനുഭവങ്ങളും കൈമാറുക അങ്ങനെയങ്ങനെ...  എനിക്കതിനുള്ള സാഹചര്യം ഇല്ലാതായിപ്പോയി. ആരോഗ്യപരമായ കാരണങ്ങളാല്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല. അത്കൊണ്ട് വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയേണ്ടി വന്നു. അങ്ങനെയൊരവസ്ഥയില്‍ താല്‍ക്കാലികമായൊരു ആശ്വാസമായിട്ടാണ് ബ്ലോഗ് കണ്ടെത്തുന്നത്.  ചില്ലറ സൌഹൃദങ്ങളാണ് ഇതിലൂടെ ലഭിച്ച നേട്ടം.  ഏറ്റവും പ്രധാനമായത് സമയം പോകുന്നു എന്നത് തന്നെ.  എന്നാല്‍ ക്രീയേറ്റീവായല്ല സമയം പോക്കുന്നത് എന്ന വേദന ഇല്ലാതില്ല.

ബ്ലോഗെഴുത്ത് ക്രീയേറ്റിവിറ്റി അല്ലെന്നാണോ?  ആശയപ്രകാശനത്തിന് നല്ലൊരു മാധ്യമമല്ലേ ബ്ലോഗ്?

നല്ലൊരു മാധ്യമം തന്നെയാണ്,  മറ്റെന്തെങ്കിലും  മേഖലയുമായി ബന്ധപ്പെടുത്തി സപ്ലിമെന്ററിയായി പ്രയോജനപ്പെടുത്തുന്നെങ്കില്‍ .  ഉദാഹരണത്തിന് കുറെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഭാഗമായി ബ്ലോഗ് ഉപയോഗപ്പെടുത്താം.  ഒരു ചാരിറ്റി സൊസൈറ്റി തുടങ്ങി പ്രവര്‍ത്തിക്കുന്നെങ്കില്‍ ബ്ലോഗിനെ ഉപയോഗപ്പെടുത്താമായിരുന്നു.  അങ്ങനെ എത്രയോ മേഖലകള്‍ . വെറുതെ കുത്തിയിരുന്ന് പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ എന്ത് ക്രീയേറ്റീവിറ്റി ആണുള്ളത്.  എന്നാലും  ബ്ലോഗ് ഉള്ളത്കൊണ്ടാണ് എന്റെ ദിവസങ്ങള്‍ക്ക് മടുപ്പ് ഇല്ലാത്തത്.  ആളുകളുടെയിടയില്‍  ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്രയോ ആഹ്ലാദം കിട്ടിയേനേ ...

ആളുകളുടെയിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ എന്താണ് തടസ്സം,  ആരോഗ്യപ്രശ്നങ്ങള്‍ ... ?

ആരോഗ്യപ്രശ്നം മറി കടക്കാമായിരുന്നു.  ഒരു വേദി വേണ്ടേ?  സത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ വേദി ആരും ഉണ്ടാക്കിതരികയല്ല വേണ്ടത്,  സ്വയം സൃഷ്ടിക്കുകയാണ്.  എന്നാലും  നമുക്ക് ആശയപരമായി യോജിക്കാന്‍ പറ്റുന്ന നാലഞ്ച് സുഹൃത്തുക്കളെങ്കിലും വേണ്ടേ?  അതാണ് പ്രശ്നം.

താങ്കള്‍ എല്ലാവരുമായും  വിയോജിക്കുകയാണല്ലൊ , പിന്നെ എങ്ങനെ യോജിപ്പുള്ളവരെ കണ്ടെത്തും? ഏറ്റവും  ഒടുവില്‍  എന്‍ഡോസല്‍ഫാനെ അനുകൂലിച്ചും  ബ്ലോഗ് എഴുതി.  എല്ലാവരെയും  എതിര്‍ക്കുന്നു. യുക്തിവാദികളെ ,  കമ്മ്യൂണിസ്റ്റുകാരെ,  പരിസ്ഥിതിപ്രവര്‍ത്തകരെ  അങ്ങനെ എല്ലാറ്റിനെയും.  എന്ത്കൊണ്ടാണിങ്ങനെ ?

ഇങ്ങനെയൊരു കുഴയ്ക്കുന്ന ചോദ്യം ഞാന്‍ ഒട്ടും  പ്രതീക്ഷിച്ചില്ല.  ഇതിന്  എന്റെ കൃത്യമായ ഉത്തരം ലളിതമാണ്.  പക്ഷെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് സങ്കീര്‍ണ്ണമായി തോന്നും.  എനിക്ക് ആരോടും എതിര്‍പ്പില്ല എന്നതാണ് സത്യം.  മനുഷ്യന്‍ യാദൃച്ഛികമായി ജനിക്കുന്നു എന്നാണ് ഞാ‍ന്‍ കരുതുന്നത്. ശരിക്ക് പറഞ്ഞാല്‍  അനേകം ബീജാണുക്കളില്‍ നിന്ന് ഒരു നിശ്ചിത ബീജം തികച്ചും ആകസ്മികമായി അണ്ഡവുമായി സംയോജിക്കുന്നു.  അങ്ങനെ ഒരു വ്യക്തിയുടെ അസ്തിത്വം ആകസ്മികതയുടെ ആനുകൂല്യത്താല്‍ തുടക്കം കുറിക്കപ്പെടുന്നു.  പിന്നീട് ജീവിതകാലം മുഴുവനും  ആകസ്മികസംഭവങ്ങളാല്‍ നയിക്കപ്പെടുന്നു എന്നും എനിക്ക് തോന്നുന്നു. ഏത് നിമിഷവും എന്തും സംഭവിക്കാം.  എന്നാലും  മനുഷ്യന്‍ പോരാടുന്നു.  ചിലര്‍ ലഷ്യസ്ഥാനത്ത് എത്തുന്നു. അതിലും ആകസ്മികതയുടെ ആനുകൂല്യം ഉണ്ട് എന്ന് ഞാന്‍ പറയും.  ഇപ്രകാരം  മരണം വരെ ജീവിയ്ക്കുക മാത്രം ചെയ്യുന്ന എല്ലാ മനുഷ്യരോടും എനിക്ക് എതിര്‍പ്പില്ല എന്ന് മാത്രമല്ല നിഗൂഢമായ സ്നേഹവുമുണ്ട്.

ഞാന്‍ ഏതെങ്കിലും ഒരു സംഘടനയില്‍ ചേര്‍ന്നു  എന്ന് വയ്ക്കുക.  എതിര്‍സംഘടനയില്‍ പെട്ടവരെ ഞാന്‍ എതിര്‍ക്കണം. അല്ലെങ്കില്‍ എതിരാളിയായി ഭാവിക്കണം.  ആ എതിര്‍പ്പില്‍ എനിക്ക് ബോധ്യമാവുന്ന ലോജിക്ക് ഉണ്ടാവണമെന്നില്ല.  അത്കൊണ്ട്  എല്ലാ സംഘടനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും  പുറത്ത് നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളൂ.  അങ്ങനെ നില്‍ക്കുന്നത്കൊണ്ട്  ഓരോ സംഘടനയിലും കാണുന്ന വൈരുദ്ധ്യങ്ങള്‍  ഞാന്‍ ബ്ലോഗ് പോസ്റ്റുകളില്‍ വിഷയമാക്കുകയാണ് ചെയ്യുന്നത്.  അപ്പോള്‍ ബന്ധപ്പെട്ട വിശ്വാസികളോ  അവിശ്വാസികളോ അനുയായികളോ എന്റെ അഭിപ്രായത്തെ എതിര്‍പ്പായോ വിരുദ്ധതയായോ കാണുന്നു.  എനിക്ക് തന്നെ അങ്ങനെയൊക്കെ എഴുതിപ്പോകുന്നതില്‍ യോജിപ്പില്ല എന്നതാണ് സത്യം. എന്നാലും എഴുതിപ്പോകുന്നു.  എന്റെ എഴുത്തുകളില്‍ എനിക്ക് പക്ഷെ ന്യായം കാണാന്‍ കഴിയുന്നുണ്ട് എന്നത് വേറെ കാര്യം.

എന്താണ്  ജീവിതത്തെ കുറിച്ച് താങ്കളുടെ വീക്ഷണം , അഥവാ ഫിലോസഫി ? 


അതൊക്കെ ഒറ്റവാക്കില്‍ പറയാന്‍ വിഷമമല്ലേ?  ഞാന്‍ പറഞ്ഞല്ലൊ,  യാദൃച്ഛികമായി ഒരു വ്യക്തി ജനിക്കുന്നു.  ആ വ്യക്തി ജീവിക്കുന്നതിന്  ഒരു സിസ്റ്റം ഇവിടെ  മുന്‍‌കൂട്ടി ഒരുക്കി വെച്ചിട്ടുണ്ട്.  ആ സിസ്റ്റത്തിലേ അവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ.  സിസ്റ്റം എന്നത്  ഇവിടെ ഉള്ളവരാല്‍ അനുസരിക്കപ്പെടുന്നതിനാല്‍ നിലനില്‍ക്കുന്നതാണ്. അല്ലാതെ ആരും ഒരുക്കി വെച്ചതല്ല.  അങ്ങനെ അവനും ഈ സിസ്റ്റത്തിന്റെ ഭാഗമായി അനുസരിക്കാന്‍ ശീലിക്കുകയും  മറ്റുള്ളവരെ അനുകരിച്ച് ജീവിതം  തുടങ്ങുകയും ചെയ്യുന്നു.  നിലവിലുള്ള  സിസ്റ്റം  വേറെ രൂ‍പത്തിലും ആകാമായിരുന്നു.  ഉദാഹരണത്തിന് ,  ഒരു ലോകം ,  ഒരു ഭരണകൂടം,  ഒരു നിയമം,  ഒരേ മതം  അങ്ങനെ എല്ലാം ഒന്ന്.   എന്നാല്‍ ഇപ്പോഴുള്ളത് പോലെയാണ് സിസ്റ്റം രൂപപ്പെട്ട് വന്നത്.  ഈ സിസ്റ്റത്തെ അനിവാര്യതയായി ആളുകള്‍ സ്വീകരിക്കുന്നു. മറിച്ചും ആകാമായിരുന്നു എന്നോ ആയാല്‍ എന്താ എന്നും അവന് തോന്നുന്നില്ല.


ഈ സിസ്റ്റത്തിന്റെ ഭാഗമായതിനാല്‍ ഓരോ വ്യക്തിയും  തന്റെ ജാതി,മതം, പാര്‍ട്ടി, രാജ്യം, ഭാഷ, അങ്ങനെ അനേകം വിഭാഗീയതകളില്‍ തന്റെ ഇടം ഇന്നതാണെന്ന് കണ്ടെത്തുന്നു.  ആ ഇടത്തില്‍ നിന്നുകൊണ്ടാണ് അവന്‍ ചിന്തിക്കുന്നതും  കാഴ്ചപ്പാടുകള്‍  സ്വരൂപിക്കുന്നതും.  ആശയങ്ങളില്‍ വൈരുധ്യവും  പൊരുത്തക്കേടുകളും വരുന്നത് അങ്ങനെയാണ്.  അടിസ്ഥാനപരമായി ഓരോ വ്യക്തിയും ഒറ്റപ്പെട്ടവന്‍ തന്നെയാണ്. ഒറ്റയ്ക്ക് തന്നെയാണ് അവന്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതും.  എന്നാല്‍ ഈ ഒറ്റപ്പെടല്‍ അവന്റെ ബോധമനസ്സിന് താങ്ങാന്‍ കഴിയില്ല. അത്കൊണ്ട്  കുടുംബം ,  മറ്റ് സംഘടനകളില്‍ അവന്‍ ഭാഗഭാക്കാകുന്നു.  എന്തിന്റെയെങ്കിലും  ഭാഗമായി ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനുള്ള  അവിരാമമായ ശ്രമമാണ് ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഒന്നും മനസ്സിലായില്ല എന്ന് പറയേണ്ടി വന്നതില്‍  ക്ഷമിക്കണം.  മതങ്ങള്‍ മനുഷ്യന് ആവശ്യമാണ് എന്ന്  താ‍ങ്കള്‍ എഴുതിക്കണ്ടു.  എന്നാല്‍ താങ്കളുടെ ഈ ഫിലോസഫി ഒരു മതത്തിലും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.  എന്താണ് ഈ വൈരുദ്ധ്യം?

ഞാന്‍ മനുഷ്യന്റെ കൂടെയാണ്.  അത്കൊണ്ടാണ് മനുഷ്യന് മതം വേണമെന്ന് പറഞ്ഞത്.  മനുഷ്യര്‍ക്ക് വേണ്ടത്കൊണ്ട്  മതങ്ങള്‍ നിലനില്‍ക്കുന്നു.  ഇന്ന മതം വേണമെന്നോ എനിക്ക് മതം വേണമെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ.  എല്ലാ മതങ്ങളിലും  മനുഷ്യരെയാണ് ഞാന്‍ കാണുന്നത്.  ആ മനുഷ്യരെല്ലാം എന്നെ പോലെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു.  ആ മനുഷ്യര്‍ ആരും എന്റെ ശത്രു അല്ലാത്തത്കൊണ്ട് അവരുടെ മതവും  എനിക്ക് അന്യമല്ല.  മനുഷ്യര്‍ക്ക് മതം വേണ്ടായിരുന്നെങ്കില്‍ മതം വേണമെന്ന് പറയില്ലായിരുന്നു.  നല്ല മനുഷ്യരായി ജീവിയ്ക്കാനുള്ള മാര്‍ഗ്ഗരേഖയാണ് ഓരോ മതവും മുന്നോട്ട് വയ്ക്കുന്നത്.  അത്കൊണ്ട് മതങ്ങളെ എനിക്ക് എതിര്‍ക്കേണ്ടി വരുന്നില്ല. പിന്നെ മതങ്ങളിലെ തെറ്റുകള്‍ .  അത് ബന്ധപ്പെട്ട മതങ്ങളിലെ വിശ്വാസികളാല്‍ തിരുത്തപ്പെടേണ്ടതാണ്. ഒരു മതവും എനിക്ക് അന്യമല്ലാത്തതിനാല്‍  ഞാന്‍ എന്നെ ഒരു മതക്കാരനാ‍യും ഭാവിക്കുന്നില്ല. എനിക്ക് മനുഷ്യന്‍ എന്ന ഒറ്റ മതത്തില്‍ ചേര്‍ന്നാല്‍ മതി.

വിചിത്രമായ വാദം.  ദൈവത്തെക്കുറിച്ച്,  നിരീശ്വരപരവും പിന്നെ ആത്മീയപരമായും ബ്ലോഗ് എഴുതിക്കണ്ടു.  ഇപ്പോള്‍ ദൈവവിശ്വാസിയാണോ? 

എന്റെ പരിമിതിയില്‍ നിന്നുകൊണ്ട്  എനിക്ക് ഇപ്പോള്‍ ഇതിന്  വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല.  എനിക്ക് മുന്നേ ഈ പ്രാകൃതിക പ്രപഞ്ചവും ഇവിടത്തെ ആശയപ്രപഞ്ചവും നിലവിലുണ്ട്. എനിക്ക് ശേഷവും ഉണ്ടാകും.  ലഭ്യമായ അറിവ് വച്ച് ചിന്തിക്കാനേ എനിക്ക് കഴിയുകയുള്ളൂ.  അന്തിമമായ നിഗമനത്തില്‍ എത്താന്‍ എനിക്ക് കഴിയില്ല.  അത്കൊണ്ട് എനിക്ക് പിടി തരാ‍ത്ത സമസ്യയായാണ് ഞാന്‍ ദൈവത്തെ കാണുന്നത്.  അങ്ങനെ കാണുന്നത്  എന്റെ കഴിവ്കേട് കൊണ്ടാ‍ണെന്നും എനിക്ക് തോന്നുന്നു.  ഇവിടെ ഞാന്‍ എന്നത് തികച്ചും നശ്വരമായ ഒരു പ്രതിഭാ‍സമാണ്.  അത്കൊണ്ട് എന്റെ ധാരണ എന്തായാലും അത് സംഗതമേയല്ല.  മനുഷ്യമനസ്സിന്  ഒരു പ്രപഞ്ചശക്തിയുടെ തുണ ആലംബമായി വേണം.   ആ ശക്തിയില്‍ മനുഷ്യന്‍ അഭയം കണ്ടെത്തുന്നത്  അവന്റെ വ്യക്തിപരമായ കാര്യമാണ്.   എന്റേതായ ഒരു ചിന്താസരണിയിലൂടെ കടന്നുവന്നത്കൊണ്ട്  ഇത്രയേ എനിക്ക് പറയാന്‍ കഴിയൂ.

രാഷ്ട്രീയം?  

കക്ഷിരാഷ്ട്രീയത്തില്‍  താല്പര്യമില്ല.  കോണ്‍ഗ്രസ്സിനേക്കാളും മികച്ച മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെ കാണാന്‍ കഴിയാത്തത്കൊണ്ട്  പലപ്പോഴും കോണ്‍ഗ്രസ്സിനെ അനുകൂലിച്ച് എഴുതാറുണ്ട്. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ വേണമല്ലോ. സംഘടന തെരഞ്ഞെടുപ്പ് പോലും നടത്താത ആ പാര്‍ട്ടിയോട് അത്ര ആഭിമുഖ്യമില്ല.  എന്നാലും സംഘടന തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുന്ന ബി.ജെ.പി.യോടോ സി.പി.എമ്മിനോടോ ആഭിമുഖ്യം തീരെയില്ല.  നമ്മുടെ രാജ്യത്തിന്റെ സംസ്ക്കാരവുമായി  യോജിച്ചു പോകുന്നത് എന്ത് ന്യൂനതകള്‍ ഉണ്ടെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനമാണെന്ന് കരുതുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന ലേബലിനെ കുറിച്ച് ... ? 

അതെന്തൊരു ലേബലാണ്?  അങ്ങനെയൊരു ലേബലുണ്ടോ?  കമ്മ്യൂണിസ്റ്റുകാര്‍ ലോകത്ത്  ഒരു വിഭാഗമാണ്.  അങ്ങനെ പല അഭിപ്രായക്കാരും  പ്രത്യയശാസ്ത്രക്കാരുമുണ്ട്.  കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ വിരുദ്ധര്‍ ഉണ്ടാവുന്നതായി കേട്ടിട്ടുള്ളൂ.  ആ പ്രയോഗം  കമ്മ്യൂണിസ്റ്റുകാരുടെ മാത്രം പദാവലികളില്‍ പെട്ട ഒന്നാണ്. ഇങ്ക്വിലാബ്,  വിപ്ലവം, ബൂര്‍ഷ്വ, വര്‍ഗ്ഗസമരം, എന്നൊക്കെ പറയുന്ന പോലെ.  ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല അത്രയേയുള്ളൂ.  കമ്മ്യൂണിസ്റ്റ് പദാവലികളും വിശേഷണങ്ങളും ഒന്നും നമുക്ക് ചേരുകയില്ല.

കമ്മ്യൂണിസ്റ്റ്കാരന്‍ ആയിരുന്നോ  എന്നെങ്കിലും? 

കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് പറഞ്ഞുകൂട.  എന്നാല്‍ മനുഷ്യസ്നേഹം നിമിത്തം  ആ പ്രത്യയശാസ്ത്രത്തില്‍  ആകൃഷ്ടനായിരുന്നു.   എന്നാല്‍  ഇസം വേറെ പാര്‍ട്ടി വേറെ എന്ന് വേഗം മനസ്സിലായി.  പാര്‍ട്ടി വളര്‍ത്താന്‍  എന്ത് കുതന്ത്രങ്ങളും  അക്രമങ്ങളും ഒരു മന:സാക്ഷിക്കുത്തുമില്ലാതെ പ്രയോഗിക്കുന്ന പാര്‍ട്ടിയോട് അങ്ങേയറ്റം വെറുപ്പ് തോന്നി.  കമ്മ്യൂണിസത്തിന്റെ  തകര്‍ച്ച എന്റെ വെറുപ്പിനെ സാധൂകരിക്കുന്നു.

ഇപ്പോള്‍ ബ്ലോഗില്‍ നിന്ന്  കുറെ സൃഷ്ടികള്‍  പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ?  ശിഥില ചിന്തകളില്‍ നിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൂടേ?

പ്രസിദ്ധീകരണക്കാര്‍ ആരും  മുന്നോട്ട് വന്ന്  എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കില്ല.   അച്ചടിക്കാനുള്ള  മുഴുവന്‍ ചെലവും  അതിലധികവും  അങ്ങോട്ട് കൊടുത്താല്‍ എതെങ്കിലും പ്രസിദ്ധീകരണക്കാര്‍ പ്രസിദ്ധീകരിച്ചു തരും. അവര്‍ക്ക് മുടക്ക് ഒന്നുമില്ലല്ലൊ.  പുസ്തകം അവര്‍ വില്‍ക്കുമോ , വിറ്റാലും കാശ് നമുക്ക് തരുമോ എന്നൊന്നും ഉറപ്പില്ല.  അഥവാ വിറ്റാലും നൂറ് പേര്‍ പുസ്തകം വായിക്കും എന്നും ഉറപ്പിക്കാന്‍ പറ്റില്ല.  പുസ്തകം അച്ചടിച്ചല്ലോ എന്നൊരു  സമാധാനമേ കിട്ടുകയുള്ളൂ.  എല്ലാവരുടെയും കാര്യമല്ല കേട്ടോ എന്റെ കാര്യമാണ് പറഞ്ഞത്.  നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ഒരു പരിധി കല്‍പ്പിക്കണമല്ലൊ. അത്കൊണ്ട് ആ ഉദ്ദേശ്യം ഇല്ല.  ബ്ലോഗ് ആളുകള്‍ ദിവസവും വായിക്കുന്നുണ്ട്.  അത് മതി.

എന്‍ഡോസല്‍ഫാന്‍ പ്രശ്നത്തില്‍  എല്ലാവരില്‍ നിന്നും  വിപരീതമായി അഭിപ്രായം എഴുതിയതില്‍ ഖേദമുണ്ടോ? 

ഒട്ടുമില്ല , ഞാന്‍  യാഥാര്‍ഥ്യമാണ് എഴുതിയത്.  കാസര്‍ഗോഡ്  ആവശ്യത്തിന് മാത്രം മിതമായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നുവെങ്കില്‍ ഒരിക്കലും അത്തരം  ദുരന്തം സംഭവിക്കില്ലായിരുന്നു.  എന്‍ഡോസല്‍ഫാനെതിരെ എതിര്‍പ്പ് കേന്ദ്രീകരിച്ചത്കൊണ്ട് കുറ്റക്കാര്‍  സുരക്ഷിതരായി.  അവര്‍ക്ക് ഒരു ആക്ഷേപം പോലും ആരില്‍ നിന്നും കേള്‍ക്കേണ്ടി വന്നില്ല.   ബുദ്ധിമുട്ടുകള്‍  ചൂണ്ടിക്കാണിച്ചിട്ടും  വര്‍ഷങ്ങളോളം  അവിടെ ഹെലികോപ്റ്ററുകളില്‍ നിന്ന് എന്‍ഡോസല്‍ഫാന്‍ വര്‍ഷിച്ചു.  അത് ചെയ്തവരെ  ഒന്ന് കുറ്റപ്പെടുത്തുക പോലും ചെയ്യാതെ  എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക എന്ന് മുറവിളി കൂട്ടുന്നത് എന്ത് വിരോധാഭാസമാണ്.  

( ബാക്കി ഭാഗം നാളെ )