Links

രാഹുൽ ; നാളെയുടെ പ്രതീക്ഷ !

ഒരു വാക്ക് മതി രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ! അതാണു ഇപ്പോൾ രാഹുൽ ഗാന്ധി ചെയ്തിരിക്കുന്നത്. ആരെന്തൊക്കെ പറഞ്ഞാലും ശരി, രാഹുൽ ഗാന്ധി അങ്ങനെ പരസ്യമായി പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ കുറ്റവാളിരാഷ്ട്രീയക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര ഓർഡിനൻസ് നിയമമാകുമായിരുന്നു. കുറ്റവാളികൾക്ക് നമ്മെ എന്നും ഭരിക്കാൻ കഴിയുമായിരുന്നു. രാഷ്ട്രപതി പ്രസ്തുതബില്ലിൽ ഒപ്പ് വെക്കില്ലായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. അതൊക്കെ വിവരം പോരാഞ്ഞിട്ട് പറയുന്നതാണു. രാഷ്ട്രപതി ആ ഓർഡിനൻസ് തിരിച്ചയച്ചാൽ സർക്കാർ മടക്കത്തപ്പാലിൽ തന്നെ അതങ്ങോട്ട് വീണ്ടും അയച്ചാൽ ഭരണഘടനപ്രകാരം പ്രസിഡണ്ട് ഒപ്പ് വെക്കണം. ഒപ്പ് വെക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനും കഴിയില്ല. രാഷ്ട്രീയനേതൃത്വം ഇച്ഛിച്ചാൽ അത് നിയമമായിരിക്കും എന്നുറപ്പ്.

ആ സാഹചര്യമാണു രാഹുൽ ഗാന്ധി ഒറ്റ വാക്കിലൂടെ മാറ്റി മറിച്ചത്. ചിലർ പറയുന്നു ഇത് നാടകമാണെന്ന്. അപ്പറയുന്നത് വിവരം കൂടിയത്കൊണ്ടാണു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒറ്റ മനസ്സുള്ളവർ ആണെന്നും അവർ രണ്ട് പേരും ചേർന്ന് മാത്രമാണു സകല തീരുമാനങ്ങളും എടുക്കുന്നത് എന്ന് വരുത്തിത്തീർക്കാനുമാണു അമ്മാതിരി അധികവിവരക്കാർ ശ്രമിക്കുന്നത്. അതെന്തോ ആകട്ടെ, അതിനൊന്നും ഉത്തരം പറഞ്ഞ് ഊർജ്ജം പാഴാക്കേണ്ടതില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണു ആ ബില്ലിനു കോൺഗ്രസ്സിന്റെ കോർ ഗ്രൂപ്പും മന്ത്രിസഭയും അംഗീകാരം നൽകിയത് എന്ന് വ്യക്തമാണു. എന്തെന്നാൽ കുറ്റവാളിരാഷ്ട്രീയക്കാരെ സംരക്ഷിച്ചില്ലെങ്കിൽ ഭരണം നിലനിർത്താനും പിന്നെയും കൈപ്പറ്റാനും പ്രയാസമാണു.

ആ ഒത്തുതീർപ്പ് രാഷ്ട്രീയത്തെയാണു രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്. അതാകട്ടെ രാജ്യത്തെ പ്രബുദ്ധപൗരാവലിയുടെ രാഷ്ട്രീയബോധത്തെ പ്രതിഫലിപ്പിക്കുന്നതും ആയി. ഒരു ചെറിയ ഒത്തുതീർപ്പിനു നമ്മൾ വഴങ്ങിയാൽ പിന്നെ എന്തിലും ഒത്തുതീർപ്പ് വേണ്ടി വരും എന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. അത് വെറും പറച്ചിൽ മാത്രമല്ല. ഒത്തുതീർപ്പ് രാഷ്ട്രീയം എനിക്ക് സമ്മതമല്ല എന്ന് കൂടി രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരിക്കുന്നു. ആ വെല്ലുവിളി പാർട്ടി അച്ചടക്കത്തിനു വിരുദ്ധമാണെങ്കിൽ അത്തരം അച്ചടക്കരാഹിത്യമാണു നമുക്ക് വേണ്ടത്.

സോണിയ ഗാന്ധി ഒരു വ്യാജബിംബമാണു. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയും വോട്ടർമാരെ പ്രീണിപ്പിക്കുന്ന സൗജന്യങ്ങളിലുടെയും പിടിച്ചുനിൽക്കാനാണു അവർ ശ്രമിക്കുന്നത്. രാജീവ് ഗാന്ധി വോട്ടർമാരെ പ്രീണിപ്പിക്കാൻ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. രാജ്യത്തെ 21ആം നൂറ്റാണ്ടിലേക്ക് എത്തിക്കാനാണു അദ്ദേഹം ശ്രമിച്ചത്. അതിന്റെ ഫലമായാണു വിവരസാങ്കേതികരംഗത്ത് നാം ഇത്ര കണ്ട് മുന്നേറിയത്. തൊഴിലുറപ്പ് , ഭക്ഷ്യസബ്‌സിഡി പോലുള്ള ജനപ്രിയ പദ്ധതികൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല മുടിക്കാൻ ഉള്ളതാണു.

രാഷ്ട്രീയത്തിൽ നമുക്ക് എപ്പോഴും വേണ്ടത് നരച്ച വൃദ്ധനേതൃത്വമല്ല. യുവനേതൃത്വമാണു. അപ്പോൾ മാത്രമേ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കി ധീരമായ നടപടികൾ എടുക്കാൻ കഴിയുകയുള്ളൂ. അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയാണോ അതോ രാഹുൽ ഗാന്ധിയാണോ എന്നത് എനിക്ക് വിഷയമല്ല. മോഡിയാണെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിപ്പിക്കുമെന്നോ അല്ലെങ്കിൽ എന്തെങ്കിലും ദുരന്തം വിതയ്ക്കുമെന്നോ ഞാൻ കരുതുന്നില്ല. പക്ഷെ എന്റെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണു. രാഹുൽ ഗാന്ധി കുറെ പഠിക്കാനുണ്ട്. പഠിക്കാനുള്ള മനസ്സും രാഹുലിനുണ്ട്.

2014 ?

UPA ഗവൺമേന്റ് രണ്ട് ടേം പൂർത്തിയാക്കുകയാണു. ഇനി ഒരു ഇടവേള മാറി നിൽക്കുന്നതാണു എന്തുകൊണ്ടും നല്ലത്. അടുത്ത തെരഞ്ഞെടുപ്പിൽ NDA യോ അല്ലെങ്കിൽ മറ്റൊരു ഒറ്റപാർട്ടിയോ രാജ്യത്തിന്റെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് നന്നായിരിക്കും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UPA ഗവൺമേന്റിന്റെ ഭരണം മോശമായത്കൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആരു ഭരിച്ചാലും ഇതിനേക്കാൾ നന്നായി ഭരിക്കാനൊന്നും കഴിയുകയും ഇല്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എന്ത് വിടുവായത്തവും പറയാം. എന്നാൽ ഭരണത്തിന്റെ ചുമതല ഏറ്റെടുത്താൽ നിരുത്തരവാദപരമായി അത്‌വരെ പറഞ്ഞതൊന്നും നടപ്പാക്കാൻ കഴിയുകയും ഇല്ല. കാരണം സർക്കാരിനെ നയിക്കുമ്പോൾ മൂർത്തമായ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. പ്രതിപക്ഷത്താകുമ്പോൾ നീളമുള്ള നാക്ക് മതി.

കോൺഗ്രസ്സിനെ കുറ്റം പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന കോൺഗ്രസ്സിതര സർക്കാരുകൾക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല കാര്യങ്ങൾ കുറച്ചുകൂടി മോശമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഒരു പാർട്ടിയോ മുന്നണിയോ തുടർച്ചയായി ഭരിക്കുന്നത് ആശാസ്യമല്ല. അത്കൊണ്ടാണു അടുത്ത തവണ കോൺഗ്രസ്സ് മാറി നിൽക്കട്ടെ എന്ന് പറയുന്നത്.

ഇപ്പോൾ നരേന്ദ്രമോഡി എന്നൊരു ഒറ്റയാൾ മായാജാലക്കാരനെ കാട്ടി ഇയ്യാൾ വന്നാൽ ഇന്ത്യയെ ഒരു പൂങ്കാവനമാക്കും എന്ന പ്രചാരണവും ആയിട്ടാണു ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ഇന്ത്യയിലെ വോട്ടർമാർ പ്രാദേശികപാർട്ടികളുടെ ഫിക്സ്‌ഡ് ഡിപ്പോസിറ്റ് ആയി മാറിയിട്ട് കാലം കുറെയായി. അത്കൊണ്ട് മോഡിയെ മോടി പിടിപ്പിച്ചാലോ, ഞങ്ങൾ 80 കോടി ജനങ്ങൾക്ക് രണ്ട് രൂപയ്ക്ക് അരി കൊടുക്കുന്നില്ലേ എന്ന് പറഞ്ഞാലോ ആരും വോട്ട് മാറി ചെയ്യാൻ പോകുന്നില്ല.

പ്രാദേശികപാർട്ടികൾ ഏത് മുന്നണിയിൽ കൂടുതൽ അണിനിരക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത സർക്കാരിന്റെ രൂപീകരണം. നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ ഇനി കുറേക്കാലത്തേക്കൊന്നും ഒറ്റപാർട്ടി ഭരണം നിലവിൽ വരാൻ പോകുന്നില്ല. വോട്ടർമാർ വോട്ട് ബാങ്ക് ആകുന്ന പ്രതിഭാസം കൊണ്ടാണിത്. ഈ പ്രതിഭാസം ഏത് പാർട്ടിയുടെയും വളർച്ചയ്ക്ക് തടസ്സം തന്നെ. പാർട്ടികൾ തന്നെയാണു ഈ പ്രതിഭാസത്തെ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി സംരക്ഷിക്കുന്നതും. വോട്ട് ബാങ്ക് പ്രതിഭാസം കൊണ്ട് ജനാധിപത്യം മുരടിക്കുകയും വോട്ടർമാരുടെ മനസ്സ് വിഷലിപ്തമാവുകയും ചെയ്യുന്നു. നാടിനു വേണ്ടി ചിന്തിക്കേണ്ട പൗരമനസ്സ് പാർട്ടിക്ക് വേണ്ടി ചിന്തിച്ച് ഒന്നിനും കൊള്ളാതെ പാഴായി പോകുന്നു.

മോഡിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് രാജ്യത്ത് ഒരു ധ്രുവീകരണം നടക്കാനാണു സാധ്യത. മോഡി ഗുജറാത്തിൽ മായാജാലം കാട്ടി എന്നും സൊമാലിയ പോലെയിരുന്ന ഗുജറാത്തിനെ മോഡി ഒരു സിങ്കപ്പൂർ പോലെയാക്കി എന്ന് പറഞ്ഞാലൊന്നും രാജ്യത്തെ മുസ്ലീം വോട്ടർമാർക്ക് മനസ്സിലെ ഭീതി ഒഴിഞ്ഞുകിട്ടും എന്ന് തോന്നുന്നില്ല. ബാബറി മസ്‌ജിദ് തകർക്കപ്പെട്ട അരക്ഷിതമനോഭാവവും മുസ്ലീം സമുദായത്തിനു മാറിയിട്ടില്ല. ഹിന്ദു വോട്ട് സമാഹരിക്കാൻ ബി.ജെ.പി. ഇങ്ങനെയൊരു വർഗ്ഗീയകാർഡ് ഇറക്കി കളിക്കേണ്ടതില്ലായിരുന്നു. അത്കൊണ്ടാണു മതേതരഹിന്ദുക്കൾക്ക് ബി.ജെ.പി. അനഭിമതമായിപ്പോയത്. പക്ഷെ കോൺഗ്രസ്സിനെ എതിർത്ത് മാത്രം പാർട്ടി വളർത്തുക എന്ന എളുപ്പവഴി സ്വീകരിച്ച ബി.ജെ.പി.ക്ക് മുന്നിൽ മറ്റ് മാർഗ്ഗം ഉണ്ടായില്ല എന്ന് തോന്നുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ ജയലളിത, മമത ബാനർജി, മുലായം സിങ്ങ്, നിതീഷ് കുമാർ മുതലായവരുടെ പിന്തുണ ആർക്ക് കിട്ടുന്നുവോ അവർക്കായിരിക്കും സർക്കാർ രൂപീകരിക്കാനാവുക. ചിലപ്പോൾ അവരുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന ഫെഡറൽ മുന്നണിക്ക് പിന്തുണ കൊടുക്കാൻ പരസ്പരവൈരത്തിന്റെ പേരിൽ കോൺഗ്രസ്സോ ബി.ജെ.പി.യോ നിർബ്ബന്ധിതമായേക്കാം. അങ്ങനെ സംഭവിക്കുമെങ്കിൽ അതൊരു ദേശീയദുരന്തമായിരിക്കും എന്ന് പറയാതെ വയ്യ.