Links

Showing posts with label FB Post. Show all posts
Showing posts with label FB Post. Show all posts

എന്താണ് ആകാശം?

ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. പണ്ട് പണ്ട് വളരെ പണ്ട് ഈ പഞ്ചഭൂതങ്ങളാണ് പ്രകൃതിയിലുള്ള സർവ്വചരാചരങ്ങളും നിർമ്മിതമായിരിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് മണ്ണിനൊപ്പം ആകാശവും പഞ്ചഭൂതങ്ങളിൽ ഒന്നായി കരുതപ്പെട്ടത് എന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. മണ്ണ് നമുക്ക് ടാൻജിബിൾ ആയിട്ടുള്ള എന്ന് വെച്ചാൽ കൈയിൽ വാരിയെടുക്കാവുന്ന ഒരു പദാർത്ഥമാണ്. എന്നാൽ ആകാശം എന്നത് അമൂർത്തമായ ഒന്നാണ്.

ആകാശം എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. എന്നാൽ ആകാശം എന്ന ഒന്ന് ശരിക്കും അവിടെയുണ്ടോ? അതോ മിഥ്യയായ ഒരു മായക്കാഴ്ചയോ? ഭൂമിയിൽ അല്ലാതെ വേറെ ഏതെങ്കിലും ഗ്രഹത്തിൽ ആകാശം ഉണ്ടോ? ചന്ദ്രനിൽ എന്തായാലും ആകാശം ഇല്ല. ചൊവ്വയിൽ നേരിയ തോതിൽ ഒരാകാശം പേരിനുണ്ട്. അതെന്താണ് അങ്ങനെ? ചന്ദ്രനിൽ അന്തരീക്ഷം എന്നൊന്ന് ഇല്ല. അതുകൊണ്ട് അവിടെ ആകാശം ഇല്ല. ചൊവ്വയിലെ അന്തരീക്ഷത്തിൽ കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകളും വളരെ നേർത്ത പൊടിപടലങ്ങളുമാണുള്ളത്. അതുകൊണ്ട് നേരിയ ഒരാകാശവും.
അപ്പോൾ അന്തരീക്ഷം ഉണ്ടെങ്കിലേ ആകാശവും ഉണ്ടാകൂ. എന്താണ് അന്തരീക്ഷം എന്നത്? ഒരു ഗ്രഹം അതിന്റെ ആകർഷണബലം കൊണ്ട് പിടിച്ചു വയ്ക്കുന്ന ലഘുതന്മാത്രകളുടെയും പൊടിപടലങ്ങളുടെയും ആവരണമാണ് അന്തരീക്ഷം എന്നത്. ചന്ദ്രന്റെ ആകർഷണബലം എന്നത് ഭൂമിയുടേതിനേക്കാളും ആറിൽ ഒന്ന് മാത്രമാണ്. അതുകൊണ്ട് ചന്ദ്രനിൽ അന്തരീക്ഷവും ഇല്ല ആകാശവും ഇല്ല. നൈട്രജൻ, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് മുതലായ തന്മാത്രകളെയും പൊടിപടലങ്ങളെയും ജലകണികകളെയും ഭൂമി അതിന്റെ ആകർഷണബലത്താൽ പിടിച്ചു വയ്ക്കുന്നു. അതാണ് ഭൂമിയുടെ അന്തരീക്ഷം. അങ്ങനെ ഒരന്തരീക്ഷം ഉള്ളത് കൊണ്ടാണ് സമ്പൂർണ്ണമായ ഒരാകാശം നമുക്ക് കാണാൻ കഴിയുന്നത്. അതെ, ആകാശം ഒരു കാഴ്ച മാത്രമാണ്. അല്ലാതെ മണ്ണ് പോലെ ഒരു പദാർഥം അല്ല.
ആകാശത്തെ നീല പശ്ചാത്തലത്തിലാണ് നമ്മൾ കാണുന്നത്. അത് തന്നെയാണ് നമ്മളെ പ്രലോഭിപ്പിക്കുന്ന മാസ്മരികതയും. സൂര്യപകാശത്തിൽ ഏഴ് വർണ്ണരാജികൾ ആണല്ലോ ഉള്ളത്. പ്രകാശത്തിൽ വിവിധ തരംഗദൈർഘ്യമുള്ള കിരണങ്ങളാണുള്ളത് എന്ന് നമുക്ക് അറിയാം. അതിൽ ദൈർഘ്യം കുറഞ്ഞ നീല തരംഗം വേഗത്തിൽ സഞ്ചരിക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലും തന്മാത്രകളിലും സൂര്യപ്രകാശം പതിക്കുമ്പോൾ അത് വിവിധ തരംഗങ്ങളായി ചിതറുകയും വേഗത്തിൽ സഞ്ചരിക്കുന്ന നീല തരംഗം നമ്മുടെ കണ്ണുകളിൽ എത്തുകയും ചെയ്യുന്നു. അങനെയാണ് ആകാശം നീലയായി നമ്മൾ കാണുന്നത്. ചുരുക്കി പറഞ്ഞാൽ അന്തരീക്ഷത്തിലെ തന്മാത്രകളും പ്രകാശരശ്മികളുടെ ചിതറലും എല്ലാം ചേർന്ന് സംഭവിക്കുന്ന ഒരു ദൃശ്യപ്രതിഭാസം മാത്രമാണ് ആകാശം എന്നത്.
എല്ലാ വസ്തുക്കളും പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ പ്രതിഫലിക്കുന്ന രശ്മികൾ കണ്ണിലെ റെറ്റിനയിൽ കൂടി കടന്ന് തലച്ചോറിൽ എത്തുമ്പോഴാണ് നമ്മൾ ആ വസ്തുവിനെ കാണുന്നത്. ഉദാഹരണത്തിന് പച്ചിലകൾ പച്ചനിറം തരുന്ന രശ്മിയെ പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ രശ്മികളെയും ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ നമ്മൾ പച്ചിലകളെ കാണുന്നു. രണ്ട് കണ്ണുകളും രണ്ട് ദൃശ്യങ്ങളാണ് തലച്ചോറിലേക്ക് കടത്തി വിടുന്നത്. തലച്ചോർ അവയെ ഒറ്റക്കാഴ്ചയായി സമന്വയിപ്പിക്കുന്നത് കൊണ്ടാണ് നമ്മൾ ചുറ്റുപാടുകളെയും വസ്തുക്കളെയും നീളം വീതി ഘനം എന്നീ മൂന്ന് പരിമാണത്തിൽ കാണുന്നത്. മനുഷൻ ഒഴികെ മറ്റൊരു ജീവിയ്ക്കും ഇത്ര സമ്പൂർണ്ണമായ കാഴ്ചാനുഭവം ഇല്ല. മനുഷ്യനെ പോലെ എല്ലാ വർണ്ണങ്ങളും മറ്റ് ജീവികൾ കാണുന്നുമില്ല.
എത്രയോ കാലം ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ വസ്തുതാപരമായി തെളിയിക്കപ്പെട്ടപ്പോൾ ആ വിശ്വാസം തിരുത്തി. അതുപോലെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 അടിസ്ഥാന മൂലകങ്ങളാണ് ഭൂമിയിലെ സർവ്വ ചരാചര വസ്തുക്കളുടെയും ഘടകപദാർത്ഥങ്ങൾ എന്ന് തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും ചിലർ ഇപ്പോഴും പഞ്ചഭൂത സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നുണ്ട്. അത് തെറ്റാണ് എന്ന് പറഞ്ഞാൽ പറയുന്നവർ ഭാരത വിരുദ്ധരാണ് എന്ന് പറയുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.
പണ്ട് പണ്ടത്തെ പുരാതന വിശ്വാസങ്ങൾ മുറുകെ പിടിച്ചാലേ ഭാരതീയൻ ആകൂ എന്ന് ശഠിച്ചാൽ ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളും പൂട്ടിക്കെട്ടേണ്ടി വരും. കാരണം എല്ലാ യൂനിവേഴ്‌സിറ്റികളും പഠിപ്പിക്കുന്നത് ആധുനികശാസ്തമാണ്. അല്ലാതെ വിശ്വാസ ശാസ്ത്രങ്ങളല്ല. നമ്മൾ ജീവിയ്ക്കുന്നത് ആധുനിക ശാസ്തത്തിന്റെ കണ്ടുപിടുത്തങ്ങൾ പ്രയോജനപ്പെടുത്തിയിട്ടാണ്. അതൊക്കെ കണ്ടുപിടിച്ചത് പാശ്ചാത്യ ശാസ്ത്രജ്ഞരാണ് താനും. പുരാതന വിശ്വാസങ്ങളും ഭാരതത്തിലെ ഋഷിമാർ കണ്ടുപിടിച്ചതും മാത്രം മതിയെങ്കിൽ നമ്മൾ പണ്ടത്തെ കാനന ജീവിതത്തിലേക്ക് മടങ്ങി പോകേണ്ടി വരും.

ജീവിതം എത്ര സുന്ദരം !

ഓരോ ദിവസവും ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത് ഒരു വിദ്യാർഥിയായിട്ടാണ്. എന്തെന്തെന്ന് വിവരങ്ങളാണ് ഇനിയും മനസ്സിലാക്കാനും പഠിക്കാനുമുള്ളത്. എല്ലാം പഠിക്കാൻ എത്രയോ ആയുസ്സ് വേണ്ടി വരും. ഇന്റർനെറ്റ് എന്നത് വിവരങ്ങളുടെ അതിബൃഹത്തായ ഒരു വെർച്വൽ കലവറയാണ്. ഈ ഒരു ഇന്റർനെറ്റ് കാലത്ത് ജീവിക്കാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്. ഓരോ വിവരവും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. അത് ഒരു ആറ്റത്തിന്റെയാകാം, അല്ലെങ്കിൽ ഒരു കോശത്തിന്റെയാകാം , ഒരു മഴത്തുള്ളിയുടെയോ, മൺതരിയുടെയോ ആകാം.

പ്രകൃതിയിൽ നടക്കുന്ന ഈ വക ഒരോന്നും മനസ്സിലാക്കുമ്പോൾ ഈ അത്ഭുതങ്ങളൊന്നും അടുത്തുള്ളവരുമായി പങ്ക് വെക്കാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയാണ് എനിക്ക്. ഫേസ്ബുക്കിൽ എഴുതിയാൽ ഉടനെ കമന്റ് വരും ഇതൊക്കെ ആ ഡിസൈനർ ഡിസൈൻ ചെയ്യുന്നതല്ലേ എന്ന്. അങ്ങനെ വിശ്വസിക്കുന്നവർക്ക് എന്ത് അത്ഭുതം.
ആരാണ് ആ ഡിസൈനർ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല. അതിഭയങ്കര കഴിവുള്ള ഒരു സൂപ്പർമാൻ ആയിരിക്കും അവരുടെ മനസ്സിൽ ഉണ്ടാവുക. കാരണം ചിന്തിക്കാനും ഡിസൈൻ ചെയ്യാനും ഒരു തലച്ചോർ വേണമല്ലോ. അപ്പോൾ വിശ്വാസികളുടെ മനസ്സിൽ ഉള്ള ഡിസൈനർ സൂപ്പർ തലച്ചോറുള്ള ഒരു അൾട്രാ സൂപ്പർമാൻ ആയിരിക്കും. വിശ്വാസിക്ക് വിശ്വാസം മതി. വിശ്വാസം ഒരു തടവറയാണ്. വിവരങ്ങൾ അതിന്റെ പടിക്ക് പുറത്താണ്.
ജീവിതം എനിക്കൊരു പരീക്ഷണം ആയിരുന്നു. അതുകൊണ്ടാണ് പതിനാലാം വയസ്സിൽ കള്ളവണ്ടി കയറി നാട് ചുറ്റിയത്. ലൈബ്രറികളാണ് എവിടെ പോയാലും തേടി നടന്നത്. പത്ത് കൊല്ലത്തോളം മദ്രാസിൽ ജീവിച്ചപ്പോൾ അധിക സമയവും ചെലവഴിച്ചത് എഗ്‌മോറിലെ കന്നിമാറ ലൈബ്രറിയിലും പിന്നെ മൗണ്ട് റോഡിലെ LLB ലൈബ്രറി ആസ്ഥാനത്തും ആയിരുന്നു. വിവരങ്ങൾ സമ്പാദിക്കുക എന്നല്ലാതെ കാശ് ഉണ്ടാക്കുക എന്റെ അജണ്ടയിൽ ഇല്ലായിരുന്നു. രണ്ട് മൂന്ന് ദിവസം പട്ടിണിയിൽ കഴിഞ്ഞ് വിശപ്പ് അസഹ്യമാകുമ്പോഴാണ് ഏതെങ്കിലും ഹോട്ടലിൽ ചെന്ന് സപ്ലൈയറുടെ ഒഴിവുണ്ടോ എന്ന് ചോദിക്കുക. ചോദിച്ചിടത്തൊക്കെ ജോലി കിട്ടും. പക്ഷെ ഒരാഴ്ചയിൽ കൂടുതൽ എവിടെയും ജോലി ചെയ്തിട്ടില്ല. ഞായറാഴ്ചകളിൽ സ്റ്റാർ ഹോട്ടലുകളിൽ എക്സ്ട്രാ ഡ്യൂട്ടി ചെയ്യും. നല്ല ടിപ്പും കിട്ടും.
അങ്ങനെയൊരു ഹോട്ടലിന്റെ ചിത്രമാണ് ഈ പോസ്റ്റിന്റെ കൂടെയുള്ളത്. മൗണ്ട് റോഡിൽ ജെമിനി സ്റ്റുഡിയോയുടെ എതിർവശം കത്തീഡ്രൽ റോഡിൽ ഏക്കറ് കണക്കിന് പരന്നു കിടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റ്. തെന്നിന്ത്യയിലെ ആദ്യത്തെ ഡ്രൈവ് ഇൻ റസ്റ്റാറന്റ് ആയിരുന്നു അത്. ആളുകൾ കാറുകളിൽ വരും. സപ്ലൈയേർസ് കാറിന്റെ അടുത്ത് പോയി ചില്ല് താഴ്ത്തിയ ഡോറിൽ സ്റ്റീലിന്റെ ട്രേ ഘടിപ്പിക്കും. ഓർഡർ ചെയ്യുന്ന പലഹാരങ്ങൾ കൗണ്ടറിൽ നിന്ന് വാങ്ങി ട്രേയിൽ വെക്കും. ഇംഗ്ലീഷിൽ സംസാരിച്ച് വിനയപൂർവ്വം സേർവ് ചെയ്യുന്ന എനിക്ക് ആരും ടിപ്പ് തരാതെ പോയിട്ടില്ല. ആ പൈസ എനിക്ക് ഒരാഴ്ചത്തേക്കുള്ള ചെലവിന് മതിയായിരുന്നു. രാവിലെ കയറിയാൽ വൈകുന്നേരമാണ് ലൈബ്രറിയിൽ നിന്ന് ഇറങ്ങുക.
ഇന്ന് ഇതൊക്കെ ഓർമ്മിക്കാൻ കാരണം ഇന്നത്തെ മാതൃഭൂമിയിൽ രവിമേനോൻ എഴുതിയ ജയചന്ദ്രൻ അനുസ്മരണത്തിൽ അയാളും ജയചന്ദ്രനും വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റിൽ പോയതും പി.ബി.ശ്രീനിവാസനുമായി സംസാരിച്ചിരുന്നതും സ്റ്റീൽ ടംബ്ലറിൽ ഫിൽട്ടർ കാപ്പി കുടിച്ചതും ഒക്കെ വായിച്ചപ്പോഴാണ്. ഇപ്പോൾ ആ റസ്റ്റാറന്റ് അവിടെയില്ല. 2008 ൽ അത് പൂട്ടിയിരുന്നു. ഇപ്പോൾ അതേ പേരിൽ അതിന്റെ ഉടമയുടെ പിൻതലമുറക്കാർ അരുമ്പാക്കത്ത് പുതുതായി റസ്റ്റാറന്റ് തുടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ പഴയ 1964-1976 കാലത്തെ മദാസിലെ കാര്യങ്ങൾ എന്ത് പറഞ്ഞാലും അതൊക്കെ ഏതെങ്കിലും വിധത്തിൽ എന്നോട് കണക്റ്റ് ചെയ്യുന്നതായിരിക്കും. ഞാൻ പക്ഷെ അന്ന് ജീവിതത്തിന്റെ പുറമ്പോക്കിൽ വെറും കാഴ്ചക്കാരൻ ആയിരുന്നു എന്ന് മാത്രം.
ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടെങ്കിലും എന്റെ കൈയിൽ ഭാഷയിലെ വാക്കുകൾ വളരെ കുറവായിരുന്നു. ഉള്ള വാക്കുകൾ കൊണ്ട് എന്തെങ്കിലും എഴുതി മുഴുമിക്കാനുള്ള കഴിവും എനിക്കില്ലായിരുന്നു. അതുകൊണ്ട് എനിക്ക് എവിടെയും എത്താൻ കഴിഞ്ഞില്ല. എത്ര പേർ വാക്കുകൾ ഉപയോഗിക്കാനുള്ള വൈഭവം കൊണ്ട് അതിപ്രശസ്തരും ആരാധനാപാത്രങ്ങളും ആയിട്ടുണ്ട്. കഴിവുകൾ ജന്മസിദ്ധമാണ്. ഓരോരുത്തരുടെ കഴിവും വ്യത്യസ്തമാണ്. എല്ലാവരുടെ കഴിവുകളും ചേരുമ്പോഴാണ് എല്ലാവർക്കും ജീവിയ്ക്കാൻ കഴിയുന്നതും സമൂഹം മുന്നോട്ട് പോകുന്നതും. ആരുടെ കഴിവും കുറച്ച് കാണരുത്.
എവിടെയും എത്തിയില്ല എന്ന പരിഭവം ഒന്നും എനിക്കില്ല. ഓർക്കുമ്പോൾ ഇത്രയും കാലം ജീവിച്ചല്ലോ ഇന്നും ജീവിക്കുന്നല്ലോ എന്ന ആശ്ചര്യമാണെനിക്ക്. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് കിട്ടിയതിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. പ്രത്യേകിച്ചും എന്റെ രണ്ട് മക്കളും നൽകുന്ന സംരക്ഷണവും കരുതലും. എന്തൊക്കെയായാലും ഈ ജീവിതം മനോഹരവും സുന്ദരവും ആണ്. ഇത് വിട്ടുപോയേ തീരൂ എന്നത് കൊണ്ട് ആ റിയാലിറ്റി അംഗീകരിച്ചേ പറ്റൂ. എനിക്ക് മുൻപും എനിക്ക് ശേഷവും ഞാൻ എന്ന എന്റെ ഈ അസ്തിത്വം ഇല്ലായിരുന്നു, ഉണ്ടാവുകയും ചെയ്യില്ല എന്നതാണ് യാഥാർഥ്യം എന്നും ഞാൻ കരുതുന്നു.

ഒരു എഫ് ബി പോസ്റ്റ് അപാരത

 

ചേമ്പിനെ കുറിച്ച് പറഞ്ഞ് കൃഷിയിൽ രാസവളത്തിന്റെ ആവശ്യകതയെ പറ്റി എഴുതിയ എന്റെ കഴിഞ്ഞ പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം പേർ കണ്ടതായും രണ്ടര ലക്ഷത്തിലധികം പേർ വായിച്ചതായും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എനിക്ക് തന്നെ വിശ്വാസം വരുന്നില്ല, പിന്നെയല്ലേ നിങ്ങൾക്ക്. എന്നാൽ ഫേസ്ബുക്കിന്റെ insights കാണിക്കുന്നത് അങ്ങനെയാണ്. എന്റെ ആ പോസ്റ്റ് അക്ഷരാർത്ഥത്തിൽ വൈറൽ ആയിരിക്കുന്നു. ആളുകൾക്ക് ജൈവകൃഷിയുടെ നിഷ്പ്രയോജനം മനസ്സിലായി വരുന്നതിന്റെയും രാസവളം ഉപയോഗിക്കാൻ താല്പര്യം കൂടി വരുന്നതിന്റെയും സൂചനയായിട്ടാണ് ആ പോസ്റ്റിന്റെ റീച്ചിനെ ഞാൻ കാണുന്നത്.

നാട്ടിൽ ഇപ്പോൾ പച്ചക്കറികൃഷി തീർത്തും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. കാരണം രണ്ട് വട്ടം ജൈവരീതിയിൽ കൃഷി ചെയ്താൽ പിന്നെയാരും അതിന് മെനക്കെടില്ല. ജൈവകൃഷിയിൽ ചെടികൾക്ക് ആവശ്യമുള്ള പോഷണം കിട്ടാതെ അരണ്ട് വളരുകയും കായ്‌ഫലം ശുഷ്ക്കമായതും കൊണ്ടാണ് ആളുകൾ പച്ചക്കറികൃഷി തന്നെ ഉപേക്ഷിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കൃഷിയെ തന്നെ ഇങ്ങനെ നശിപ്പിച്ചതിൽ മാധ്യമങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ കൃഷിമന്ത്രി സുനിൽ കുമാറും നിർവഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ കൃഷി നാട്ടിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ആർക്കും മിണ്ടാട്ടമില്ല.
പച്ചക്കറികൾ അവനവന്റെ വീട്ടുമുറ്റത്തോ ടെറസ്സിലോ കൃഷി ചെയ്ത് അവരവരുടെ വീട്ടാവശ്യത്തിന് ആാവശ്യമായത് സമൃദ്ധമായി ഉണ്ടാക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. ഈ സമയം അതിന് പറ്റിയതാണ് താനും. ചെടികൾക്ക് വേണ്ടത് ആവശ്യത്തിന് പോഷണവും വെള്ളവും സൂര്യപ്രകാശവും ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ ചെടികൾ ആരോഗ്യത്തോടെ വളരില്ല.
മുറ്റത്തും ടെറസ്സിലും ഗ്രോബാഗിൽ ചെടികൾ വളർത്താവുന്നതാണ്. ഗ്രോബാഗിൽ നിറക്കാൻ ഉപയോഗിക്കുന്ന മേൽമണ്ണിൽ ആവശ്യമുള്ള പോഷണങ്ങൾ ഒരിക്കലും ഉണ്ടാവില്ല. എവിടെയെങ്കിലും ഉണ്ടാകാം പക്ഷെ അങ്ങനെയുള്ള മണ്ണ് എല്ലാവർക്കും കിട്ടില്ല. ആ കുറവ് പരിഹരിക്കേണ്ടത് രാസവളം വാങ്ങി വെള്ളത്തിൽ കലക്കി അപ്പപ്പോൾ കുറേശ്ശേ ഒഴിച്ചു കൊടുത്തോ ഇലകളിൽ സ്പ്രേ ചെയ്തോ ആണ്. ഇലകളിൽ സ്പ്രേ ചെയ്താൽ ഗ്രോ ബാഗിലെ മണ്ണിൽ പതിക്കുമല്ലോ.
ടെറസ്സിൽ ഗ്രോബാഗിൽ നിറക്കാൻ മണ്ണ് എടുക്കുമ്പോൾ ആ മണ്ണ് വെയിലിൽ ഉണക്കുന്നത് നല്ലതാണ്. അപ്പോൾ മണ്ണിലുള്ള വൈറസ്സുകളും ബാക്റ്റീരിയകളും നശിച്ചു പോകും. ചെടികളെ ബാധിക്കുന്ന സൂക്ഷ്മജീവികൾ മണ്ണിൽ നിന്നാണ് ചെടികളിലേക്ക് പടരുന്നത്. ടെറസ്സിൽ ആകുമ്പോൾ പിന്നീട് ആ മണ്ണിൽ സൂക്ഷ്മജീവികൾ കടന്ന് വരില്ല. വല്ല കീടങ്ങളോ പ്രാണികളോ ചുറ്റുപാടിൽ നിന്ന് വന്ന് ചെടികളെ ആക്രമിക്കുന്നെങ്കിൽ അപ്പോൾ രാസകീടനാശിനികൾ സ്പ്രേ ചെയ്ത് കൊടുക്കണം. ഒരു ലിറ്റർ വെള്ളത്തിൽ 5ml രാസകീടനാശിനി ഏതാണോ അത് ചേർത്ത് നേർപ്പിച്ചിട്ടാണ് സ്പ്രേ ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ കീടങ്ങൾ നശിക്കും. അവശേഷിക്കുന്ന കീടനാശിനി അവശിഷ്ടങ്ങൾ വെയിലിൽ വിഘടിച്ചു പോകും. ഇങ്ങനെയൊക്കെ ചെയ്താൽ ചെടികളും ഹാപ്പി നമ്മളും ഹാപ്പിയാകും.
ചെടികൾക്ക് വേണ്ടത് 13 മൂലകങ്ങൾ ആണെന്നും അതിൽ പ്രധാനം N.P.K എന്ന മൂന്ന് മൂലകങ്ങൾ ആണെന്നും ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. ആ വളം ആണ് വാങ്ങി ഉപയോഗിക്കേണ്ടത്. ചിലപ്പോൾ മെഗ്‌നീഷ്യം, കാൽസിയം , ബോറോൺ , മൊളിബ്‌ഡിനം എന്നീ മൂലകങ്ങളുടെ കുറവ് അപൂർവ്വമായി ഉണ്ടാകാം. ഇലകൾക്ക് നല്ല കരിം‌പച്ച ഇല്ലാതിരിക്കലാണ് ഇതിന്റെ ലക്ഷണങ്ങൾ. അങ്ങനെയുണ്ടെങ്കിൽ മേല്പറഞ്ഞ മൂലകങ്ങൾ അടങ്ങിയ വളം വാങ്ങി അല്പ, മാത്രം സ്പ്രേ ചെയ്യേണ്ടി വരും. എല്ലാ വളങ്ങളും ഓൺലൈനിൽ ലഭിക്കും. NPK18:18:18, Urea, DAP (Diammonium phosphate), Factomphos ഇവയിൽ ഏതെങ്കിലും വാങ്ങി ഉപയോഗിച്ചിട്ട് ചെടിക്ക് നല്ല ആരോഗ്യവും ഇലകൾക്ക് നല്ല പച്ച നിറവും കാണുന്നെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട.
ജലത്തിന്റെ സമ്പർക്കം കൊണ്ട് ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും വിധമാണ് രാസവളത്തിന്റെ മോളിക്യൂൾ ഘടന. അതുകൊണ്ട് വളം കൊടുത്തതിന്റെ റിസൾട്ട് രണ്ടോ മൂന്നോ ദിവസം കൊണ്ട് കാണാൻ കഴിയും. അല്പം മാത്രം എടുത്ത് വെള്ളത്തിൽ കലക്കി ഒഴിക്കുമ്പോൾ വേരിന് തട്ടുമോ എന്ന് പേടിക്കേണ്ട. എന്നാലും കഴിയുന്നതും ചെടിയുടെ മുരട് ഒഴിവാക്കി ചുറ്റും ഒഴിക്കുന്നതാണ് സേഫ്റ്റി.
ശരിക്ക് പറഞ്ഞാൽ ചെടികൾക്ക് പുഷ്ടിയോടെ വളരാനും നൂറ് ശതമാനം പോഷകഗുണമുള്ള കായ്‌ഫലങ്ങൾ വിളയാനും നമ്മൾ 13 മൂലകങ്ങൾ അവയ്ക്ക് നൽകിയാൽ മതി. മണ്ണ് വേണമെന്നില്ല. അങ്ങനത്തെ കൃഷിരീതിക്ക് ലോകത്ത് ഇന്ന് നല്ല പ്രചാരം ഉണ്ട്. ഹൈഡ്രോപോണിക് എന്നാണ് ആ രീതിയുടെ പേര്. അതിന് നമ്മൾ 13 മൂലകങ്ങളും കൃത്യമായ അനുപാതത്തിൽ അടങ്ങിയ ലായനി സ്വയം തയ്യാറാക്കുകയോ ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങുകയോ വേണം. ഹൈഡ്രോപോണിക്കിൽ വിവിധ സിസ്റ്റം രീതികൾ ഉണ്ട്. അതിൽ ഏറ്റവും എളുപ്പം തിരി സിസ്റ്റം ആണ്. താഴെയുള്ള ഇമേജ് കാണുക. അത് ഏത് സാധാരണക്കാർക്കും പ്ലാസ്റ്റിക്ക് ബോട്ടിൽ കൊണ്ട് പോലും ചെയ്യാം.
ഞാൻ നാട്ടിൽ വന്ന് ഹൈഡ്രോപോണിക്കിന്റെ സിസ്റ്റം സ്ഥാപിച്ച് കൃഷി ചെയ്യാനും ആളുകൾക്ക് പരിശീലനം നൽകാനും ന്യൂട്രിയന്റ് ലായനി തയ്യാറാക്കാനും ഒക്കെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ നാട്ടിൽ എനിക്ക് ഇനിയും സ്ഥിരതാമസമാക്കാൻ പറ്റിയില്ല. ഇതിനിടയിൽ പ്രായം കടന്നു പോവുകയും ചെയ്യുന്നു. മറ്റാരെങ്കിലും ഇതിന് തയ്യാറാവുകയാണെങ്കിൽ അതൊരു നല്ല സാമൂഹ്യപ്രവർത്തനം ആകുമായിരുന്നു. ആഹാരത്തിൽ നിറയെ പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം. അധികം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ് നമ്മുടെ ആരോഗ്യം കവരുന്ന വില്ലൻ. അല്ലാതെ കൊളസ്ട്രോൾ അല്ല. രാസം എന്നാൽ വിഷം എന്ന ഭീതിയും മൂഢത്വവും ഉപേക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ. കീടങ്ങൾക്കും സൂക്ഷ്മജീവികൾക്കും വിഷം ആയത് അവയേക്കാൾ എത്രയോ മടങ്ങ് വലിയ ശരീരവും ബോഡി പ്രൊട്ടക്‌ഷനും ഉള്ള നമുക്ക് വിഷമാവില്ല എന്ന സാമാന്യബോധവും നമുക്ക് ഉണ്ടാകേണ്ടതാണ്.

രാസവളം വിഷം അല്ല


വെറുതെ ഇരിക്കുമ്പോൾ ഇട്ടമ്മില് രണ്ട് മൂട് വാഴച്ചേമ്പിന്റെ വിത്ത് നട്ടതാണ്. അതിന് അല്പം N.P.K വളം ഇട്ടുകൊടുത്തിരുന്നു. അതുകൊണ്ട് നന്നായി പോഷിച്ചു വളർന്നു. കിളച്ചു നോക്കിയപ്പോൾ തോന വിത്തുകൾ കിട്ടി. ഇന്നലെ പകുതി എടുത്ത് പുഴുങ്ങി. എന്താ ഒരു ടേസ്റ്റ്. എനിക്ക് വാഴച്ചേമ്പ് പുഴുങ്ങിയത് വളരെ ഇഷ്ടമാണ്. ചുമ്മാ ഉപ്പ് മാത്രം ഇട്ട് പുഴുങ്ങിയാൽ മതി. അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. വേറെ ഒന്നും വേണ്ട. നല്ലത് പോലെ വെന്താൽ വെണ്ണ പരുവത്തിലാകും. അതാണ് ടേസ്റ്റ്.

ഇത്രയും വിത്തുകൾ കിട്ടിയത് N.P.K എന്ന വളം ഇട്ടുകൊടുത്തത് കൊണ്ടാണ്. എന്തുകൊണ്ട് N.P.K ? അത് പറയാനാണ് ഈ കുറിപ്പ്. നാട്ടിൽ രാസവളം എന്നാൽ വിഷം ആണ്. വീട്ടിലെ ജൈവമാലിന്യം കൊണ്ട് ഉണ്ടാക്കുന്ന കമ്പോസ്റ്റ് പിന്നെ ചാണകം ഒക്കെയാണ് വളം. രാസവളം ഇട്ടാൽ ലഭിക്കുന്ന വിളവുകളും വിഷം ആയിരിക്കും എന്നാണ് പൊതുബോധം. പൊതുബോധത്തോട് ഒരു രക്ഷയും ഇല്ല. അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല. അത്യാവശ്യം പച്ചക്കറി നടുന്ന അയൽക്കാരനോട് ഞാൻ പറഞ്ഞു, ലേശം N.P.K ഇട്ടുകൊടുത്തുകൂടേ? അവജ്ഞയോടെ അവൻ പറഞ്ഞു, അതൊന്നും ഞങ്ങൾ ഉപയോഗിക്കാറില്ല. എന്റെ അഭിപ്രായത്തെ വിഷം തീറ്റിക്കാനുള്ള ദുരുപദേശം ആയിട്ടായിരിക്കും അവൻ എടുത്തിരിക്കുക.
ജൈവകൃഷി എന്നത് ഏറ്റവും വലിയ മൂഢവിശ്വാസം ആണ്. നമ്മൾ ഭക്ഷണം കഴിക്കുന്നില്ലേ. അതൊക്കെ അതിന്റെ ഏറ്റവും ചെറിയ രൂപത്തിൽ തന്മാത്രകളും തന്മാത്രകൾ മൂലകങ്ങൾ ചേർന്നതും ആണ്. ചുരുക്കി പറഞ്ഞാൽ ഇക്കാണുന്ന ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം തന്നെ മൂലകങ്ങൾ കൊണ്ട് ഉണ്ടായതാണ്. ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങൾ ചേർന്നതാണ്. അതുകൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. അവ മൂന്നിന്റെയും കൂടെ നൈട്രജൻ എന്ന നാലാമതൊരു മൂലകം കൂടി ചേർന്നാൽ അത് പ്രോട്ടീൻ തന്മാത്രയായി. വെള്ളം രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും മൂലകങ്ങൾ ചേർന്ന് ഉണ്ടായ തന്മാത്രകളാണ്. വായുവിലെ ഓക്സിജൻ എന്ന് നമ്മൾ പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്.
ഒരു മൂലകവും കൃത്രിമമായി ഉണ്ടാക്കാൻ സാധ്യമല്ല. രാസവളം നിർമ്മിക്കുന്നത് പ്രകൃതിയിലെ തന്മാത്രകൾ ശേഖരിച്ച് അവയെ മൂലകങ്ങളായി പിരിച്ചും തന്മാത്രകളായി കൂട്ടിച്ചേർത്തും ആണ്. യൂറിയയിൽ ഉള്ള നൈട്രജൻ വായുവിൽ ഉള്ള നൈട്രജൻ തന്നെയാണ്. വായുവിൽ 79 ശതമാനവും നൈട്രജൻ മൂലകം ആണുള്ളത് എന്ന് ഓർക്കുക. ആ നൈട്രജൻ തന്നെയാണ് ശേഖരിച്ച് ഒരു കൃത്രിമത്വവും ഇല്ലാതെ ഡാപ്, യൂറിയ, ഫേക്ടംഫോസ്, മുതലായ രാസവളങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. എളുപ്പത്തിൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. എന്നിട്ടാണ് ഇതിനെ ആളുകൾ വിഷം എന്ന് വിശ്വസിച്ച് പേടിക്കുന്നതും പേടിപ്പെടുത്തുന്നതും. ജൈവകൃഷി എന്ന മൂഢപ്രചാരണമാണ് കേരളത്തിൽ കൃഷി നശിക്കാൻ കാരണം.
അല്പം ഡാപ്പ് അല്ലെങ്കിൽ യൂറിയയോ ഫേക്ടംഫോസോ പിന്നെ ലേശം പൊട്ടാസ്യവും ഇട്ടുകൊടുത്ത് ചെടികൾ പോഷിച്ചു വളരുകയും നല്ല വിളവ് കിട്ടുകയും ചെയ്യുമ്പോൾ ആളുകൾ ഉത്സാഹത്തോടെ അവരവർക്ക് വേണ്ടുന്ന പച്ചക്കറികൾ നട്ടു വളർത്തുമായിരുന്നു. ജൈവം എന്ന് പറയുന്നതിൽ 99.9 ശതമാനവും കാർബൺ മൂലകം ആണുള്ളത്. കാർബൺ മൂലകം ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമില്ല. അതുകൊണ്ടാണ് ജൈവം ഇട്ടുകൊടുത്ത ചെടികൾ മഞ്ഞളിച്ച് ശോഷിച്ച് അങ്ങനെ മുരടിച്ച് വളരുന്നത്.
നമുക്ക് ആഹാരത്തിൽ കൂടി നിശ്ചിത എണ്ണം മൂലകങ്ങളാണ് കിട്ടേണ്ടത് എന്ന പോലെ ചെടികൾക്ക് മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും കൂടി കിട്ടേണ്ടത് ആകെ 16 മൂലങ്ങളാണ്. അവ താഴെ കൊടുക്കുന്നു :
Carbon (C), Oxygen (O), Hydrogen (H), Nitrogen , Phosphorus (P), Potassium (K), Calcium (Ca), Magnesium (Mg), Sulfur (S), Iron (Fe), Manganese (Mn), Zinc (Zn), Copper (Cu), Boron (B), Molybdenum (Mo), and Chlorine (Cl).
ഇവയിൽ ആദ്യത്തെ മൂന്ന് എണ്ണം Carbon (C), Oxygen (O), Hydrogen (H) എന്നിവ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡിൽ നിന്നാണ് കാർബൺ കിട്ടുന്നത്. മണ്ണിൽ നിന്ന് ചെടികൾ കാർബൺ എടുക്കുന്നില്ല. അതുകൊണ്ടാണ് 99.9 ശതമാനവും അടങ്ങിയ ജൈവം ചെടികൾക്ക് പ്രയോജനം ഇല്ല എന്ന് പറയാൻ കാരണം. ബാക്കി 0.01 ശതമാനം മൂലകങ്ങൾക്ക് വേണ്ടി കൊട്ടക്കണക്കിന് ജൈവം ഇടേണ്ട കാര്യം ഇല്ലല്ലോ. അതേ സമയം ചാരത്തിൽ ആവശ്യമുള്ള മൂലകങ്ങൾ ഉണ്ട്. ചാരം എന്നത് കാർബൺ കത്തി കാർബൺ ഡൈഓക്സൈഡായി പോയി ശേഷിക്കുന്ന മൂലകങ്ങളാണ്. അത് ചെടികൾക്ക് ഗുണം ചെയ്യും. എന്നാൽ ചാരം ഇപ്പോൾ എവിടെ കിട്ടാനാണ്. ആ കുറവ് നികത്താനാണ് ഏറ്റവും ഫലപ്രദവും സയന്റിഫിക്കും ആയ രാസവളങ്ങൾ ഉപയോഗിക്കേണ്ടത്.
ചെടികൾക്ക് മണ്ണിൽ നിന്ന് കിട്ടേണ്ടത് മേലെ കൊടുത്തവയിൽ Carbon (C), Oxygen (O), Hydrogen (H) ഒഴികെ 13 മൂലകങ്ങളാണ്. ഇവയിൽ Nitrogen , Phosphorus , Potassium ഈ മൂന്നെണ്ണമാണ് അധികം കിട്ടേണ്ടത്. അതാണ് N.P.K എന്ന വളത്തിന്റെ പ്രസക്തി. മേല്പറഞ്ഞ 13 മൂലകങ്ങളും മണ്ണിൽ ഉള്ളതാണ്. മണ്ണ് എന്ന് പറയുന്നത് തന്നെ ഇത് പോലത്തെ കുറേ മൂലകങ്ങൾ ചേർന്ന മിശ്രിതം അല്ലാതെ മറ്റൊന്നല്ല. ചെടികളും വൃക്ഷങ്ങളും ഒക്കെ മണ്ണിൽ നിന്ന് ഇപ്പറഞ്ഞ 13 മൂലകങ്ങൾ വലിച്ചെടുത്തുകൊണ്ടാണ് വളരുന്നത്. എന്നാൽ തുടർന്ന് ഒരു സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് അധികം ആവശ്യമായ Nitrogen , Phosphorus , Potassium എന്നീ മൂലകങ്ങൾ മേൽമണ്ണിൽ ശോഷിച്ചു പോകും അല്ലെങ്കിൽ തീരെ കുറഞ്ഞു പോകും. ആ കുറവ് നികത്താനാണ് നമ്മൾ N.P.K എന്ന കോം‌പ്ലക്സ് വളം ഇട്ടുകൊടുക്കേണ്ടത്. ചെടികൾ തഴച്ചു വളരും. ആ കാഴ്ച തന്നെ എത്ര നയനമനോഹരമാണ്.
പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ പ്രവർത്തന രീതികൾ മനസ്സിലാക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും. എല്ലാവരും അതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ വെറുതെ ആശിക്കാറുണ്ട് .....