Links

Showing posts with label ഷുഗർ. Show all posts
Showing posts with label ഷുഗർ. Show all posts

എന്താണ് ഷുഗർ?

ഷുഗർ എന്ന വാക്ക് എല്ലാവർക്കും പരിചിതമാണ് എന്ന് മാത്രമല്ല ഷുഗർ എന്ന് നിത്യജീവിതത്തിൽ പറയാത്തവരും കുറവാണ്. എന്നാൽ എന്താണ് ഷുഗർ എന്ന് ആളുകൾക്ക് ഒരു ധാരണയും ഇല്ല. ഷുഗറിനെ പറ്റി വിശദീകരിക്കുന്നതിന് മുൻപ് ആദ്യമേ ഒരു കാര്യം പറയട്ടെ, പ്രമേഹവുമായി ബന്ധപ്പെട്ട ഷുഗറും ചായയിൽ ഇടുന്ന ഷുഗറും രണ്ടും രണ്ടാണ്. അതുകൊണ്ട് പ്രമേഹം ഉള്ളവരും അത് വരാൻ സാധ്യത ഉള്ളവരും ചായയിലോ കാഫിയിലോ പഞ്ചസാര ഇടാതെ കുടിക്കുന്നതിൽ കാര്യമില്ല. ആകെ മൊത്തം കഴിക്കുന്ന കാർബ്‌സ് അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് കുറക്കുകയാണ് വേണ്ടത്.

എന്താണ് ഷുഗർ എന്ന് പറയുമ്പോൾ ആദ്യം ഗ്ലൂക്കോസിനെ പറ്റി പറയേണ്ടി വരും. നമ്മുടെ രക്തത്തിൽ ഉള്ളതാണ് ഈ ഗ്ലൂക്കോസ്. ബ്ലഡ് ഗ്ലൂക്കോസ് എന്ന് പറയും. രക്തത്തിൽ ഇത് അധികമാകുന്ന അവസ്ഥയാണ് പ്രമേഹം. പഞ്ചസാരയിൽ ഉള്ളത് സൂക്രോസ് ആണ്. ടേബിൾ ഷുഗർ എന്ന് പറയും.
ഗ്ലൂക്കോസിനെ പരിചയപ്പെടാം. ഗ്ലൂക്കോസിന്റെ രാസസൂത്രം അഥവാ കെമിക്കൽ ഫോർമ്യുല C₆H₁₂O₆ ആണ്. ഒന്ന് മനസ്സിലാക്കുക രാസം എന്നും കെമിക്കൽ എന്നും പറയുന്നത് പദാർത്ഥങ്ങളെ സയൻസിൽ വിശദീകരിക്കാൻ വേണ്ടിയാണ്. അല്ലാതെ രാസം എന്നും ജൈവം എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. സസ്യങ്ങൾ അടക്കമുള്ള ജീവികളുടെ ശരീരത്തിൽ ഉള്ളതിനെ ജൈവപദാർത്ഥം എന്ന് പറയുന്നു. എന്നാൽ രാസപദാർത്ഥങ്ങൾ തന്നെയാണ് ശരീരത്തിൽ ജൈവപദാർത്ഥങ്ങളായി മാറുന്നത്.

പദാർത്ഥങ്ങൾ ഒന്നേയുള്ളൂ ജൈവം എന്നും രാസം എന്നും രണ്ട് തരം ഇല്ല. കാർബണും ഹൈഡ്രജനും ഓക്സിജനും രാസപദാർത്ഥങ്ങളാണ്. എന്നാൽ ആ മുന്ന് രാസമൂലകങ്ങളും ചേർന്ന് ഗ്ലൂക്കോസ് ആയി ശരീരത്തിൽ എത്തുമ്പോൾ അത് ഗ്ലൂക്കോസ് എന്ന ജൈവ തന്മാത്രയാണ്. ഈ മൂന്ന് രാസമൂലകങ്ങളോടൊപ്പം നൈട്രജൻ എന്ന രാസമൂലകവും കൂടി ചേരുമ്പോൾ അത് പ്രോട്ടീൻ എന്ന ജൈവതന്മാത്രയായി. ഇങ്ങനെ രാസമൂലകങ്ങൾ ചേർന്ന് ജൈവതന്മാത്രകളായി മാറുന്ന പ്രവർത്തനത്തെ രാസപ്രവർത്തനം എന്ന് പറയും. രാസം എന്ന് കേട്ടാൽ പേടിക്കരുത് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.

ഗ്ലൂക്കോസ് ഒരു അത്ഭുത പദാർത്ഥമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡും മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന ജലതന്മാത്രകളും സൂര്യപ്രകാശത്തിലെ ഊർജ്ജവും (സോളാർ എനർജി) ഉപയോഗിച്ച് സസ്യങ്ങളുടെയും ചെടികളുടെയും മരങ്ങളുടെയും ഒക്കെ ഇലകളാണ് ഗ്ലൂക്കോസ് തന്മാത്രകൾ നിർമ്മിക്കുന്നത്. ഈ തന്മാത്രയിൽ 6 കാർബൺ മൂലകങ്ങളും 12 ഹൈഡ്രജൻ മൂലകങ്ങളും 6 ഓക്സിജൻ മൂലകങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് രസതന്ത്രത്തിൽ (കെമിസ്ട്രി) ഇതിന്റെ ഫോർമ്യുല C₆H₁₂O₆ എന്ന് എഴുതുന്നത്.

ഇപ്രകാരം ആറ് വീതം കാർബണും ഓക്സിജനും പന്ത്രണ്ട് ഹൈഡ്രജനും മുലകങ്ങൾ ഒരുമിച്ച് ഒരു തന്മാത്രയായി കെമിക്കൽ ബോണ്ടിൽ (രാസബന്ധനം) ഏർപ്പെടാൻ സൗരോർജ്ജത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് പറഞ്ഞല്ലോ. അതിന്റെ അർത്ഥം ഗ്ലൂക്കോസ് തന്മാത്രകളിൽ സൗരോർജ്ജം തടവിലാക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ ഊർജ്ജം തന്നെയാണ് നമ്മളടക്കം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിയ്ക്കാനും നിലനിൽക്കാനും പ്രവർത്തിക്കാനും കിട്ടുന്ന ഊർജ്ജവും. അതായത് സസ്യങ്ങൾ നിർമ്മിച്ച ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിൽ വെച്ച് ശ്വസിക്കുന്ന ഓക്സിജനുമായി ചേർന്ന് കത്തുകയും ബൈ പ്രോഡക്ടായി കാർബൺ ഡൈഓക്സൈഡും ജലതന്മാത്രകളും ഊർജ്ജവും ഉണ്ടാകുന്നു, അതായത് സസ്യങ്ങളുടെ ഇലകൾ ഗ്ലൂക്കോസ് തന്മാതയിൽ തടവിലാക്കിയ സോളാർ എനർജി നമ്മുടെ കോശങ്ങളിൽ റിലീസ് ആകുന്നു, ആ ഊർജ്ജത്തിലാണ് നമ്മൾ ജീവിയ്ക്കുന്നത്. നമ്മൾ ജീവനോടെ ഇരിക്കാൻ ഇപ്രകാരം ഊർജ്ജോല്പാദനം കോശങ്ങളിൽ വെച്ച് നിരന്തരം നടക്കണം. ശ്വാസോച്ഛ്വാസം മൂലമാണ് ഈ പ്രക്രിയ നടക്കുന്നത്.

ചെടികൾ നിർമ്മിക്കുന്ന ഗ്ലൂക്കോസിന്റെ അനേകം തന്മാത്രകൾ ചെയിൻ പോലെ ഒന്നിച്ച് ചേർന്ന് കാർബോഹൈഡ്രേറ്റും സെല്ലുലോസും ആയി ചെടികളിൽ ശേഖരിക്കപ്പെടുന്നു. അങ്ങനെ നെൽച്ചെടിയിൽ ശേഖരിക്കപ്പെടുന്ന കാർബോഹൈഡ്രേറ്റ് (സ്റ്റാർച്ച്) ആണ് നാം കഴിക്കുന്ന ചോറിൽ ഉള്ളത്. സെല്ലുലോസിനെയാണ് ഫൈബർ എന്ന് നാം പറയുന്നത്. സെല്ലുലോസ് കൊണ്ടാണ് സസ്യകോശങ്ങളുടെ പുറം ഭിത്തി നിർമ്മിതമായിരിക്കുന്നത്.

അപ്പോൾ ഗ്ലൂക്കോസിനെ കാർബോഹൈഡ്രേറ്റ്സിന്റെ അടിസ്ഥാന യൂനിറ്റ് എന്ന് പറയാം. എന്നാൽ ഗ്ലൂക്കോസ് പോലെ വേറെയും രണ്ട് അടിസ്ഥാന യൂനിറ്റ് ഉണ്ട്. അവ ഫ്രക്ടോസും (ഫ്രൂട്ട്സ് ഷുഗർ) ഗ്യാലക്ടോസും (മിൽക്ക് ഷുഗർ) ആണ്. മൂന്നിന്റെയും ഫോർമുല C₆H₁₂O₆ എന്ന് തന്നെയാണ്. മൂന്നിലും കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ മൂലകങ്ങൾ വ്യത്യസ്ത രീതിയിൽ വിന്യസിച്ചത് കൊണ്ടാണ് മൂന്ന് വ്യത്യസ്ത തന്മാത്രകൾ ആയത്.

ഒരു ഗ്ലൂക്കോസ് തന്മാത്രയും ഒരു ഫ്രക്ടോസ് തന്മാത്രയും ഒരുമിച്ച് ചേർന്ന തന്മാത്രയാണ് സൂക്രോസ്. ടേബിൾ ഷുഗർ എന്ന പഞ്ചസാരയിൽ ഉള്ളത് ഈ സൂക്രോസ് ആണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ്,ഗ്യാലക്ടോസ് എന്നീ അടിസ്ഥാന യൂനിറ്റ് ആയ ഷുഗറിനെ മോണോസാക്കറൈഡ് എന്ന് പറയുന്നു. രണ്ട് യൂനിറ്റ് ചേർന്നാൽ ഡൈസാക്കറൈഡ് എന്നും അനേകം യൂനിറ്റുകൾ ഒരുമിച്ചാൽ പോളിസാക്കറൈഡ് എന്നും പറയുന്നു. പഞ്ചസാര എന്ന് പറയുന്ന സൂക്രോസ് ഡൈസാക്കറൈഡ് ആണ്. പാലിൽ ഉള്ളത് ഗ്ലൂക്കോസും ഗ്യാലക്ടോസും ചേർന്ന ലാക്ടോസ് എന്ന ഡൈസാക്കറൈഡ് ആണ്. രണ്ട് ഗ്ലൂക്കോസ് തന്മാത്രകൾ ചേന്ന ഡൈസാക്കറൈഡ് മാൾട്ടോസ്.

സ്റ്റാർച്ച് എന്നത് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്ന പോളിസാക്കറൈഡ് ആണെന്ന് പറഞ്ഞല്ലോ. ഫൈബർ എന്ന സെല്ലുലോസും അങ്ങനെ തന്നെ. എല്ലാറ്റിനും പൊതുവെ പറയുന്ന പേരാണ് കാർബോഹൈഡ്രേറ്റ് എന്നത് കാർബണും ജലതന്മാത്രയും ഒരുമിച്ചത് എന്ന അർത്ഥത്തിലാണ് കാർബോഹൈഡ്രേറ്റ് എന്ന പേര് ഉണ്ടായത്. ഇതിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഏത് കാർബ്‌സ് കഴിച്ചാലും അതൊക്കെ ചെറുകുടലിൽ വെച്ച് ദഹിച്ച് ഗ്ലൂക്കോസ് ആയി മാറിയതിന് ശേഷം മാത്രമേ രക്തത്തിൽ കലർന്ന് ശരീരകോശങ്ങളിൽ എത്തുകയുള്ളൂ എന്നതാണ്. അതായത് ഏത് ധാന്യമോ കിഴങ്ങോ പഴമോ പഞ്ചസാരയോ കഴിച്ചാലും അതൊക്കെ ഗ്ലൂക്കോസ് ആയി മാറിയാൽ മാത്രമേ രക്തത്തിൽ പ്രവേശനമുള്ളൂ. ചെറുകുടലിലെ നേരിയ സുഷിരങ്ങളിൽ കൂടിയാണ് ഇത് രക്തത്തിൽ കലരുന്നത്.

അത് പോലെ ആഹാരത്തിലെ കൊഴുപ്പ് ഫാറ്റി ആസിഡായും പ്രോട്ടീൻ അമിനോആസിഡ്‌സ് ആയും വിഘടിക്കപ്പെട്ടതിന് ശേഷമേ രക്തത്തിൽ കലരൂ. എന്നാൽ കൊളസ്ട്രോൾ നേരിട്ട് കടക്കും കേട്ടോ. കൊളസ്ട്രോൾ ദഹിക്കാനോ വിഘടിക്കാനോ ഒന്നുമില്ല. കാരണം കൊളസ്റ്റ്രോൾ കൊഴുപ്പല്ല. കൊഴുപ്പിന്റെ സ്വഭാവം ഉണ്ട് എന്ന് മാത്രം. മാംസാഹാരങ്ങളിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. ദിവസവും ആവശ്യത്തിന് കൊളസ്ട്രോൾ നമുക്ക് ആഹാരത്തിൽ നിന്ന് ലഭിക്കില്ല. അതുകൊണ്ട് ഗ്ലൂക്കോസിന്റെ തന്മാത്രകൾ ഉപയോഗിച്ച് ലിവർ ആവശ്യാനുസരണം കൊളസ്ട്രോൾ ദിവസവും നിർമ്മിക്കുന്നു.

എതൊന്നിന്റെയും ഏറ്റവും ചെറിയ കണത്തെ നമ്മൾ അണു അഥവാ അറ്റം എന്ന് പറയുന്നു. അണുക്കൾ ചേർന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത്. എന്നാൽ അണു എന്നത് പൊതുവായി എല്ലാ കണങ്ങളെയും സൂചിപ്പിക്കുന്നതാണല്ലോ. പക്ഷെ വ്യത്യസ്ത അണുക്കൾ ഉണ്ടല്ലോ. ഉദാഹരണത്തിന് ഹൈഡ്രജൻ, കാർബൺ നൈട്രജൻ ഇങ്ങനെ. അതുകൊണ്ട് ഇവയെ മൂലകങ്ങൾ എന്ന് പറയുന്നു. ആറ്റത്തിലെ ന്യൂക്ലിയസ്സിലെ പ്രോട്ടോണിന്റെ എണ്ണം ആണ് മൂലകങ്ങളെ നിർണ്ണയിക്കുന്നത്, ഹൈഡ്രജൻ മൂലകത്തിൽ ഒരു പ്രോട്ടോണും യുറേനിയം മൂലകത്തിൽ 92 പ്രോട്ടോനുകളും ഉണ്ട്. മൂലകങ്ങൾ ചേർന്നാണ് തന്മാത്രകൾ ഉണ്ടാകുന്നത്. ഉദാഹരണം രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന ഓക്സിജൻ തന്മാത്രയാണ് നമ്മൾ ശ്വസിക്കുന്നത്. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്ന തന്മാത്രയാണ് ജലത്തിന്റെ ഒരു കണിക എന്നത്.
ആറ്റങ്ങൾ ഇപ്രകാരം കൂടിച്ചേരാൻ ഒരു നിയമം പ്രവർത്തിക്കുന്നുണ്ട്, നിങ്ങൾ പഠിച്ചതാണ്. ഓർത്തു നോക്കൂ. അതിനെ പറ്റി പിന്നെ എഴുതാം.

ഷുഗർ എന്നാൽ എന്താണ്?

നമ്മുടെ ആളുകൾ വ്യാപകമായി വിശ്വസിക്കുന്ന രണ്ട് തെറ്റായ ധാരണകളാണ് പ്രമേഹം ഉള്ളവർ പഞ്ചസാര കഴിക്കരുത് എന്നും ശരീരത്തിൽ വിഷം കെട്ടിക്കിടക്കുമെന്നും. രണ്ടാമത്തെ തെറ്റിദ്ധാരണ പരത്തുന്നത് ആയുർവേദക്കാരും പ്രകൃതിചികിത്സാവാദക്കാരും ആണ്. ആദ്യത്തെ തെറ്റിദ്ധാരണയ്ക്കുള്ള കാരണം പഞ്ചസാരയെ കുറിച്ചുള്ള വിവരക്കേടാണ്. ശരീരത്തിൽ കോശങ്ങളിലോ രക്തത്തിലോ വിഷമോ മാലിന്യങ്ങളോ കെട്ടിക്കിടക്കുകയില്ല, അതൊക്കെ അപ്പപ്പോൾ പുറന്തള്ളുന്ന പണിയാണ് ലിവറും കിഡ്‌നിയും അനവരതം ചെയ്തുകൊണ്ടിരിക്കുന്നത്. ചർമ്മത്തിൽ കൂടി വിയർപ്പിലൂടെയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. കിഡ്‌നിക്കും ലിവറിനും തകരാറ് ഇല്ലാത്ത കാലത്തോളം ശരീരവും രക്തവും പരിശുദ്ധമാണ്. സ്വന്തം ശരീരത്തെ കുറിച്ച് ഈ ധാരണ എല്ലാവർക്കും വേണം.
പഞ്ചസാരയെ കുറിച്ച് ആളുകൾക്ക് ഒരു ചുക്കും അറിയില്ല എന്നതാണ് വാസ്തവം. സ്കൂളിൽ പഠിച്ചതാണ്. പക്ഷെ അതൊക്കെ മറക്കും. എന്നിട്ട് ആളുകൾ പറയുന്ന വിവരക്കേടുകൾ മനസ്സിൽ സൂക്ഷിക്കും. ഇതാണ് പൊതുവെ വിദ്യാഭ്യാസത്തിനു സംഭവിക്കുന്നത്.
കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും സംയോജിച്ച് ഉണ്ടാകുന്ന സംയുക്തങ്ങളെയാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റിന്റെ ഏറ്റവും ലഘുവായ രൂപങ്ങളാണ് ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ് എന്നിങ്ങനെയുള്ള മൂന്ന് തരം മോണോ സാക്കറൈഡുകൾ ((Mono Saccharide). സാക്കറൈഡ് എന്ന് പറഞ്ഞാൽ ഷുഗർ എന്ന് തന്നെയാണ് അർത്ഥം. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ആറ്റങ്ങളാണ് ഈ മൂന്ന് ഷുഗറിലും ഉള്ളത്. അതുകൊണ്ട് മോണോ സാക്കറൈഡിന്റെ ഫോർമുല C₆H₁₂O₆ എന്ന് എഴുതുന്നത്. ഒരേ എണ്ണം കാർബണും ഹൈഡ്രജനും ഓക്സിജനും സംയോജിച്ചിട്ടാണ് ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും ഉണ്ടാകുന്നത് എങ്കിലും അവ വ്യത്യാസപ്പെടുന്നത് അവയുടെ യോജിക്കുന്ന ഘടനയിൽ ആണ്.
ഈ മൂന്ന് ഷുഗറിലും ഏറ്റവും മധുരം ഫ്രക്ടോസിനാണ്.
ഫ്രക്ടോസ് മാത്രമാണ് ഭക്ഷണപദാർത്ഥങ്ങളിൽ , അതായത് പഴങ്ങളിലും പച്ചക്കറികളിലും നിന്ന് കിട്ടുന്നത്. ഗ്ലൂക്കോസും ഗാലക്ടോസും അതേ രൂപത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം.
ഗ്ലൂക്കോസും ഫ്രക്ടോസും, ഗ്ലൂക്കോസും ഗാലക്ടോസും , ഗ്ലൂക്കോസും ഗ്ലൂക്കോസും അങ്ങനെ രണ്ട് C₆H₁₂O₆ തന്മാത്രകൾ ചേർന്നുണ്ടാകുന്ന ഷുഗറിനെ ഡൈസാക്കറൈഡ് എന്ന് പറയുന്നു. മൂന്ന് തരം ഡൈ സാക്കറൈഡുകൾ താഴെ കാണുക:
ഗ്ലൂക്കോസ് + ഫ്രക്ടോസ് = സൂക്രോസ് = പഞ്ചസാര (ടേബിൾ ഷുഗർ)
ഗ്ലൂക്കോസ്+ഗാലക്ടോസ് = ലാക്ടോസ് = മിൽക്ക് ഷുഗർ
ഗ്ലൂക്കോസ്+ഗ്ലൂക്കോസ് = മാൾട്ടോസ് = മൊളാസസ്സ്
മേൽപ്പറഞ്ഞതിൽ നിന്നും ചായയിൽ ഇടുന്ന ടേബിൾ ഷുഗർ എന്നത് സൂക്രോസ് എന്ന ഡൈ സാക്കറൈഡ് ആണെന്ന് മനസ്സിലാക്കാം. അത് പോലെ പാലിൽ ഉള്ള മിൽക്ക് ഷുഗറും ഡൈ സാക്കറൈഡ് ആണ്. ഇവ ദഹിച്ച് ഗ്ലൂക്കോസ് എന്ന സിമ്പിൾ ഷുഗർ ആയിട്ടാണ് രക്തത്തിൽ കലരുന്നത്. ദഹിക്കുക എന്ന് പറഞ്ഞാൽ വലിയ സംയുക്തങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ വിഘടിക്കപ്പെടുക എന്നതാണ്. രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ. എല്ലാ കാർബോ ഹൈഡ്രേറ്റുകളും ഗ്ലൂക്കോസ് ആയിട്ടാണ് രക്തത്തിൽ കടക്കുന്നത്. അതായത് പഞ്ചസാരയിലെ സൂക്രോസും പാലിലെ ലാക്ടോസും അതെ രൂപത്തിലല്ല രക്തത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെട്ടതിനു ശേഷമാണ്. രക്തത്തിൽ ഉള്ള ഷുഗർ ആയത് കൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു.
അനേകം മോണോ സാക്കറൈഡ് യൂനിറ്റുകൾ ചേർന്ന് ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റുകളെ പോളി സാക്കറൈഡുകൾ എന്ന് പറയുന്നു. അതിനുദാഹരണമാണ് നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലെ സ്റ്റാർച്ച്, ഫൈബർ എന്നിവ. ഇതിൽ സ്റ്റാർച്ച് ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ കടക്കുന്നു. ഫൈബറിനെ ദഹിപ്പിക്കാൻ മനുഷ്യനു കഴിയില്ല. അതുകൊണ്ട് ഭക്ഷണത്തിലെ ഫൈബർ വൻകുടലിൽ പോയി പിന്നീട് മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു.
ഗ്ലൂക്കോസ് , ഗാലക്ടോസ് എന്നീ രണ്ട് മോണോ സാക്കറൈഡുകൾ സ്വതന്ത്ര രൂപത്തിൽ ഭക്ഷണങ്ങളിൽ ഇല്ല എന്ന് പറഞ്ഞല്ലൊ. ഫ്രക്ടോസ് എന്ന മോണോ സാക്കറൈഡ് മാത്രമാണ് സ്വതന്ത്രമായി ഭക്ഷണത്തിൽ ഉള്ളത്. ഗ്ലൂക്കോസ് പോലെ തന്നെ ഫ്രക്ടോസും രക്തത്തിൽ പ്രവേശിക്കും. പക്ഷെ ഫ്രക്ടോസിനെ ലിവർ ഗ്ലൂക്കോസ് ആയി മാറ്റിയതിനു ശേഷം മാത്രമേ രക്തത്തിലേക്ക് കടത്തി വിടുകയുള്ളൂ. കാരണം പറഞ്ഞല്ലോ രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ.
അപ്പോൾ പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ ഉള്ളത് ഗ്ലൂക്കോസ് എന്ന ബ്ലഡ് ഷുഗർ ആണ്. പഞ്ചസാരയിലെയും പാലിലെയും ഡൈ സാക്കറൈഡുകൾ നേരത്തെ തന്നെ ദഹിച്ച് ഗ്ലൂക്കോസ് ആയി മാറിയിരുന്നല്ലൊ.
എന്തുകൊണ്ടാണ് പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ കൂടി ഗ്ലൂക്കോസ് പുറത്ത് പോകുന്നത്? സാധാരണ ഗതിയിൽ നമ്മൾ എത്ര കാർബോ കഴിച്ചാലും അതൊക്കെ ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ എത്തിയാലും, രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ലിവർ ഗ്ലൈക്കോജനാക്കി മാറ്റി സൂക്ഷിക്കും. ഗ്ലൈക്കോജൻ എന്നത് അനേകം ഗ്ലൂക്കോസുകൾ ചേർന്ന പോളി സാക്കറൈഡ് ആണ്. ആവശ്യം വരുമ്പോൾ ഊർജ്ജം ലഭിക്കാൻ വേണ്ടിയാണ് ഗ്ലൂക്കോസിനെ ഇങ്ങനെ ഗ്ലൈക്കോജനാക്കി മാറ്റി സംഭരിച്ചു വയ്ക്കുന്നത്.. കാരണം തലച്ചോറിനു അനവരതം ഗ്ലൂക്കോസ് കിട്ടിക്കൊണ്ടിരിക്കണം.
ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ വേണം. പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥിയുടെ കാര്യക്ഷമത കുറയുമ്പോൾ ഇൻസുലിൻ ഉല്പാദനം കുറയുന്നു. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റാൻ കഴിയാതെ വരുന്നു. രക്തത്തിൽ അളവിൽ കൂടുതൽ ഗ്ലൂക്കോസ് പാടില്ല താനും. അങ്ങനെയാണ് അധികം വരുന്ന ഗ്ലൂക്കോസ് കിഡ്‌നി വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നത്. ഇത് കിഡ്‌നിക്കും ഓവർ ലോഡ് വർക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ.
അപ്പോൾ പ്രമേഹം ഉള്ളവർ പഞ്ചസാര എന്ന ടേബിൾ ഷുഗർ മാത്രം വർജ്ജിക്കുകയോ അരിക്ക് പകരം ഗോദമ്പ് ഉപയോഗിക്കുകയോ അല്ല വേണ്ടത്, മൊത്തത്തിൽ ഭക്ഷിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. ഒരു ദിവസം 200 ഗ്രാം കാർബോഹൈഡ്രേറ്റിൽ ആധികം ഭക്ഷിക്കാതെ നോക്കിയാൽ പ്രമേഹ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും.