Links

Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

ഉപ്പും ഹൈ ബിപി യും ..

അധിക ബി പി ഉള്ളവർ ഉപ്പ് കഴിക്കരുത് എന്ന് പലരും നിരുത്സാഹപ്പെടുത്തുന്നത് കാണാം. പ്രത്യേകിച്ചും അച്ചാറ്, പപ്പടം ഒക്കെ കഴിക്കുമ്പോൾ. എന്നാൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ധാതു ആണ് സോഡിയം. ഈ സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഒരു ദിവസം 2.3 ഗ്രാം സോഡിയം നമുക്ക് ലഭിച്ചിരിക്കണം. ഇത്രയും സോഡിയം ലഭിക്കണമെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത ആഹാരം നമ്മൾ ദിവസവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.

ഒരു ടീസ്പൂൺ ഉപ്പ് എന്ന് പറഞ്ഞാൽ 5 ഗ്രാം ആണ് ഉണ്ടാവുക. ആ ഉപ്പ് എന്നത് സോഡിയം ക്ലോറൈഡ് ആണ്. ഇതിൽ 45 ശതമാനമാണ് സോഡിയം ഉണ്ടാവുക. ബാക്കി ക്ലോറിൻ ആണ്. അപ്പോൾ 5 ഗ്രാം ഉപ്പിൽ 2.3 ഗ്രാം സോഡിയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദിവസേന ഒരു സ്പൂൺ ഉപ്പ് ആഹാരത്തിൽ നിന്ന് ലഭിക്കണം എന്ന് പറയുന്നത്.
ഉപ്പ് രക്തസമ്മർദ്ധം അധികരിപ്പിക്കും എന്നാണല്ലോ പറയുന്നത്. എന്നാൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും, നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തിൽ ഒരു പങ്കു വഹിക്കുന്നതിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം എന്നതാണ് വസ്തുത.
ഉപ്പ് അധികമാകുന്നത് പോലെ തന്നെ അപകടമാണ് ഉപ്പ് കുറച്ചാൽ സോഡിയത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതും . ഈ ഉപ്പ് പേടി മൂലം ഇന്ന് എത്രയോ ആളുകൾ സോഡിയം കുറഞ്ഞതിന്റെ പേരിൽ ആസ്പത്രികളിൽ എത്തുന്നുണ്ട്. സോഡിയം കുറഞ്ഞ അവസ്ഥയിൽ എത്രയും പെട്ടെന്ന് ആസ്പത്രിയിൽ എത്തിയില്ലെങ്കിൽ പക്ഷാഘാതം വരെ സംഭവിക്കാം. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിൽ കൂടിയാണല്ലോ നമുക്ക് സോഡിയം കിട്ടുന്നത്. അതുകൊണ്ട് ഉപ്പ് ചേർന്ന ആഹാരം കഴിക്കുന്നതിൽ പേടിക്കണ്ട എന്ന് മാത്രമല്ല കഴിക്കണം എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ടീസ്പൂൺ ഉപ്പ് അല്ലേ ആകെക്കൂടി നമ്മൾ ഒരു ദിവസം കഴിക്കുകയുള്ളൂ അല്ലേ?
ചിലർ ഇന്ദുപ്പ് കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്. ഇന്ദുപ്പ് എന്നാൽ പൊട്ടാസിയം ക്ലോറൈഡ് ആണ്. അതിൽ പൊട്ടാസിയവും ക്ലോറിനും ആണുള്ളത്. ഇതും നമുക്ക് ആവശ്യമാണ്. പക്ഷെ സോഡിയത്തിന് പകരമാവില്ലല്ലോ പൊട്ടാസിയം. വാഴപ്പഴങ്ങളിലും ഉരുളക്കിഴങ്ങിലും ഒക്കെ പൊട്ടാസിയം ഉണ്ട്. ആരോഗ്യം കീപ്പ് ചെയ്യാൻ നമ്മൾ സമീകൃത ആഹാരം കഴിക്കണം എന്ന് പറയുമ്പോൾ ഇത് പോലത്തെ എല്ലാ ധാതുക്കളും ലവണങ്ങളും വൈറ്റമിൻസും പ്രോട്ടീനും ഒക്കെ ആവശ്യത്തിന് ഒരോ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് ഉദ്ദേശിക്കുന്നത്. അളവിൽ കൂടുന്നത് പോലെ തന്നെ ദോഷമാണ് അളവിൽ കുറയുന്നതും. അതുകൊണ്ടാണ് ബാലൻസ്‌ഡ് ഡയറ്റ് എന്ന് പറയുന്നത്.
നമ്മുടെ ശരീരം ഓരോ ദിവസവും പുതുപ്പിക്കപ്പെടുന്നുണ്ട്. അതായത് ആകെയുള്ള ശരീരകോശങ്ങളിൽ ഒരു ശതമാനം കോശങ്ങൾ ഓരോ ദിവസവും മരിക്കുകയും പകരം അത്രയും പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ ലഭിക്കാനാണ് എല്ലാ പോഷക ഘടകങ്ങളും ഉൾക്കൊള്ളുന്ന ആഹാരം കഴിക്കേണ്ടത്. അതാണ് സമീകൃതാഹാരം. ആരോഗ്യം ആഹാരത്തിലാണ്, എന്നാൽ അത് ബാലൻസ്‌ഡ് ആയിരിക്കണം. എല്ലാം ചേരണം, ഒന്നും കുറയാനോ കൂടുതലാകാനോ പാടില്ല എന്നർത്ഥം.

വിഷരഹിത ഭക്ഷണം എന്ന മിഥ്യ

വിഷരഹിത ഭക്ഷണം എന്ന് കേട്ടാൽ കോൾമൈയിർ കൊള്ളാത്ത മലയാളിയില്ല. എല്ലാവരും അവരവർക്ക് വേണ്ടത് കൃഷി ചെയ്താൽ വിഷരഹിത ഭക്ഷണം കഴിച്ച് ആമോദത്തോടെ വാഴാം എന്ന ആഹ്വാനം കേരളമെങ്ങും ദിനവും മാറ്റൊലിക്കൊള്ളുകയാണ്. അത് കേട്ട് ആവേശഭരിതരായി മൂന്ന് നാല് ചെടികൾ നട്ട് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റി നിർവൃതിയടയുന്നവരുടെ എണ്ണവും പെരുകി വരികയാണ്. ഇതൊക്കെ കണ്ടാൽ തോന്നുക മലയാളി ജീവിയ്ക്കുന്നത് പച്ചക്കറി തിന്നിട്ടാണ് എന്നാണ്. ചോറ്‌ വേണ്ടേ? അതിനു അരി വേണ്ടേ? എല്ലാവർക്കും അവരവർക്ക് വേണ്ട നെല്ല് കൃഷി ചെയ്യാൻ പറ്റുമോ? അപ്പോൾ ഈ വിഷരഹിത ഭക്ഷണം എന്ന സ്വപ്നം എന്നെങ്കിലും സഫലമാകുമോ? എന്തിനാണ് നടക്കാത്ത സ്വപ്നവും കണ്ട് തിന്നുന്ന ചോറിനെ വിഷം എന്ന് കരുതി വാരി വിഴുങ്ങുന്നത് സുഹൃത്തുക്കളെ? കർഷകർ ഉല്പാദിപ്പിക്കുന്ന ചോറ്‌ തിന്നാതെ ഒരു ദിവസം നിങ്ങൾക്ക് തള്ളിനീക്കാൻ പറ്റുമോ? കീടനാശിനിയും രാസവളവും ഇല്ലാതെ കർഷകർക്ക് നെല്ലും പയറും മറ്റ് ഭക്ഷണ സാധനങ്ങളും കൃഷി ചെയ്യാൻ സാധിക്കുമോ?

ആദ്യം മനസ്സിലാക്കേണ്ടത് രാസവളവും കീടനാശിനിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിഷം അല്ല എന്നാണ്. എന്തായാലും രാസവളവും കീടനാശിനിയും കൃഷിക്ക് ഉപയോഗിക്കാത്ത ആഹാരം മാത്രം കഴിച്ച് നിങ്ങൾക്ക് ഈ ജന്മത്തിൽ ജീവിയ്ക്കാൻ കഴിയില്ല. കാരണം അത് രണ്ടും ഇല്ലാതെ കൃഷി നടക്കില്ല. എന്നാൽ പിന്നെ തിന്നുന്നത് വിഷം അല്ല എന്ന് കരുതിക്കൂടേ? കീടനാശിനി സ്പ്രേ ചെയ്താൽ അത് കാർഷിക ഉല്പന്നങ്ങളിൽ അഥവാ പറ്റിപ്പിടിച്ചെങ്കിൽ തന്നെ വെള്ളത്തിൽ കഴുകി പാചകം ചെയ്യുമ്പോഴത്തേക്കും അതൊക്കെ പോകും. എന്നിട്ടും എന്തെങ്കിലും അംശം അഥവാ ബാക്കിയാവുകയാണെങ്കിൽ തന്നെ നമ്മുടെ ശരീരം അത് പുറന്തള്ളും. പിന്നെ എന്തിനാണ് ഭക്ഷണത്തെ വിഷം എന്ന് കരുതുന്നത്? എന്തൊരു വൃത്തികെട്ട ചിന്തയാണിത്.

കീടനാശിനി ഇല്ലാതെ കൃഷി ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതിന്റെ അർത്ഥം എന്തെന്നാൽ ഇപ്പോൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ 20-25 ശതമാനം കീടങ്ങൾ നശിപ്പിക്കുകയാണ്. അപ്പോൾ പിന്നെ കീടനാശിനികൾ കൂടി ഇല്ലെങ്കിലോ? 60 ശതമാനത്തിൽ അധികം കീടങ്ങൾ നശിപ്പിക്കും. പിന്നെ ബാക്കി എന്ത് ഉണ്ടാകും. അതുകൊണ്ട് ഇത്രയും ജനങ്ങൾക്ക് ജീവിയ്ക്കാൻ സാധിക്കുമോ? കീടങ്ങൾ പെരുകും മനുഷ്യർ പട്ടിണി കൊണ്ട് ചാകും. അതാണ് കീടനാശിനികൾ ഇല്ലെങ്കിൽ സംഭവിക്കുക. അല്ലെങ്കിൽ തന്നെ കൃഷി ചെയ്യുന്ന സ്ഥലം ചുരുങ്ങി വരികയാണ്. ദ്രുതഗതിയിൽ സംഭവിക്കുന്ന നഗരവൽക്കരണം ആണതിനു കാരണം. അതേ സമയം ജനസംഖ്യ പെരുകുകയും ചെയ്യുന്നു.

ജൈവ കീടനാശിനിയും രാസ കീടനാശിനിയും തമ്മിൽ കീടങ്ങളെ നശിപ്പിക്കുന്ന ടോക്സിനുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന് നാച്വറൽ മറ്റേത് സിന്തറ്റിക് അതാണ് വ്യത്യാസം. സിന്തറ്റിക് ആയ രാസകീടനാശിനി കൃത്യമായിരിക്കും എന്ന മേന്മയുണ്ട്. കീടങ്ങൾ നശിക്കണമെങ്കിൽ അതിൽ ടോക്സിൻ ഉണ്ടാകണമല്ലൊ. അപ്പോൾ ജൈവകീടനാശി കൊണ്ട് കീടങ്ങൾ നശിക്കുമെങ്കിൽ അതിലും ടോക്സിൻ ഉണ്ട് എന്നാണർത്ഥം. നാച്വറൽ ടോക്സിനു സിന്തറ്റിക് ടോക്സിനേക്കാൾ മഹത്വം ഒന്നുമില്ല. സയൻസ് ചെയ്യുന്നത് നാച്വറൽ പദാർത്ഥങ്ങളിൽ നിന്ന് സിന്തസൈസ് ചെയ്ത് കൃത്യമായ കീടനാശിനികളും വളങ്ങളും നിർമ്മിക്കുക എന്നതാണ്. ഈ സിന്തസൈസ് ചെയ്യുന്നതിനെയാണ് കൃത്രിമം എന്നും രാസം എന്നും വിശേഷിപ്പിച്ച് വിഷമായി ചിത്രീകരിച്ച് ഭീതിയും അന്ധവിശ്വാസങ്ങളും പരത്തുന്നത്.

രാസവളം എന്നത് പ്രകൃതിയിൽ നിന്നും പദാർത്ഥങ്ങൾ ശേഖരിച്ച് ചെടികൾക്ക് അപ്പോൾ തന്നെ ആഗിരണം ചെയ്യാൻ പാകത്തിൽ സിന്തസൈസ് ചെയ്തതാണ്. ഉദാഹരണത്തിനു NPK എന്ന വളത്തിലെ നൈട്രജൻ അന്തരീക്ഷത്തിൽ നിന്നും ഫോസ്‌ഫറസ് പാറകളിൽ നിന്നും സംഭരിക്കുന്നതാണ്. ഏത് ചെടിക്കും വൃക്ഷത്തിനും 13 തരം മൂലകങ്ങൾ ആണ് മണ്ണിൽ നിന്ന് ലഭിക്കേണ്ടത്. ഈ 13 മൂലകങ്ങളും പ്രകൃതിയിൽ നിന്ന് തന്നെ ശേഖരിച്ച് ചെടികൾ ആഗിരണം ചെയ്യുന്ന തന്മാത്രകളാക്കി സിന്തസൈസ് ചെയ്തതാണ് വിപണിയിൽ വിൽക്കുന്നത്. ഇത് സയൻസിന്റെ കണ്ടുപിടുത്തം ആണ്. അതാണ് വിഷം എന്ന് പ്രചരിപ്പിക്കുന്നത്. എന്തൊരു കഷ്ടമാണ്.

സിന്തറ്റിക് വളങ്ങളുടെ പ്രത്യേകതയും മേന്മയും എന്തെന്നാൽ അത് ചെടിക്ക് ഇട്ടു കൊടുത്ത ഉടനെ തന്നെ ജലത്തിന്റെ സമ്പർക്കത്താൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും. ചെടികൾ എങ്ങനെ അതിനാവശ്യമുള്ള തന്മാത്രകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നു എന്ന അറിവ് സയൻസിനു ലഭ്യമായതോടെയാണ് അവ സിന്തസൈസ് ചെയ്യാനുള്ള ടെൿനിക്കും വികസിപ്പിച്ചത്. അങ്ങനെ സിന്തറ്റിക് വളങ്ങളും കീടനാശിനികളും പ്രചാരത്തിൽ ആയതോടെയാണ് മനുഷ്യർക്ക് വിശപ്പ് മാറ്റാനുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞത്. അല്ലാതെ പഴയ ജൈവകൃഷി തന്നെ ആയിരുന്നെങ്കിൽ മനുഷ്യരാശി ആഹാരം കിട്ടാതെ ചത്തൊടുങ്ങിയേനേ. എന്നിട്ടാണ് ഇപ്പോൾ നല്ല സമൃദ്ധമായ ആഹാരം കഴിച്ച് ഏമ്പക്കമിട്ട് എല്ലിന്റിടയിൽ കയറി പണ്ടത്തെ ജൈവകൃഷി വീണ്ടും വരണം എന്ന് വാദിക്കുന്നത്.

ജൈവവളം ഇട്ടാൽ അതിൽ ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ എന്തൊക്കെ എത്ര അനുപാതത്തിൽ ഉണ്ട് എന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് മണ്ണ് പരിശോധിച്ച് അതിൽ ഏത് മൂലകം ആണ് കുറവ് എന്ന് കണ്ടെത്തിയാൽ ആ മൂലകം ഉള്ള സിന്തറ്റിക് വളം തന്നെ ഇട്ടു കൊടുക്കേണ്ടി വരും. ജൈവവളം കൊണ്ട് ആ സ്പെസിഫിക് മൂലകത്തിന്റെ കുറവ് പരിഹരിക്കാൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇട്ടാൽ അതിൽ എന്തെങ്കിലും യൂസ് ഫുൾ മൂലകങ്ങൾ ഉണ്ടെങ്കിൽ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കണമെങ്കിൽ അവയിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വിഘടിക്കപ്പെടണം. ആ വിഘടിക്കൽ കാലം ചിലപ്പോൾ ആറ്‌ മാസം വരെയാകാം. അതേ സമയം സിന്തറ്റിക് വളം അപ്പോൾ തന്നെ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. അതുകൊണ്ട് കൃഷിയെ നിലനിർത്തുന്നത് സിന്തറ്റിക് വളങ്ങളും കീടനാശിനികളും ആണ്.

ഇത്രയും വായിച്ചിട്ട് പിന്നെയും ആരെങ്കിലും കുറുക്ക് ചോദ്യവുമായി വരികയാണെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ,  നിങ്ങൾ പുകഴ്ത്തുന്ന വിഷരഹിത ഭക്ഷണം ഒരിക്കലും കിട്ടാൻ പോകുന്നില്ല. ജീവിതാവസാനം വരെ വിഷഭക്ഷണം കഴിക്കേണ്ടി വരും. അപ്പോഴും ഈ വിഷഭക്ഷണത്തിന്റെ പേരിൽ ആസ്പത്രിയിൽ പോകേണ്ടി വരില്ല, അതിനു ചികിത്സയും ഇല്ല. അതുകൊണ്ട് എന്തും വാഷ് ചെയ്ത് പാചകം ചെയ്യുക.  ഭക്ഷണത്തെ രുചിച്ച്, നുണഞ്ഞ് , ആസ്വദിച്ച് കഴിക്കുക. നമ്മുടെ രുചിമുകുളങ്ങൾ ആഹാരം കാണുമ്പോൾ ത്രസിക്കട്ടെ.

കൊറോണയും മഞ്ഞളും

മഞ്ഞൾ കൊറോണയെ പ്രതിരോധിക്കുമോ? മഞ്ഞൾ എന്നല്ല നമ്മൾ ഭക്ഷിക്കുന്ന ഒന്നിനും പ്രത്യേകിച്ച് പ്രതിരോധ ശക്തിയോ ഔഷധഗുണമോ ഇല്ല. ഇത് മനസ്സിലാകണമെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അല്ലെങ്കിൽ വായിലിട്ട് ഇറക്കുന്ന എന്തിന്റെയും സഞ്ചാരപഥം അറിയണം. ചിലതിനൊക്കെ ഔഷധഗുണം ഉണ്ടെന്നത് ആയുർവേദത്തിന്റെ ഒരു സങ്കല്പനം ആണ്. അങ്ങനെ സങ്കല്പിക്കുന്ന കാലത്ത് ശരീരത്തിന്റെ ആന്തരീകഘടനയെ കുറിച്ചോ ഭക്ഷിക്കുന്നത് സഞ്ചരിക്കുന്ന അന്നനാളം എന്ന സഞ്ചാരവഴികളെ കുറിച്ചോ ഒന്നും യാതൊരു അറിവും ഇല്ലായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എല്ലാം അറിയാം. പക്ഷെ 90 ശതമാനം ജനങ്ങളും ഈ അറിവ് നേടുന്നില്ല. അതുകൊണ്ടാണ് ഇമ്മാതിരി പൊട്ട വിശ്വാസങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത്.
ഔഷധം എന്നത് എല്ലാറ്റിലും ഉണ്ട്. എന്നാൽ അത് വേർതിരിച്ച് എടുക്കണം. അങ്ങനെ വേർതിരിച്ച് എടുക്കുന്ന സിസ്റ്റം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. എന്തെങ്കിലും തിന്നാൽ അതിനു പ്രതിരോധശക്തിയും ഔഷധഗുണവും ഉണ്ടെന്ന് പറഞ്ഞാൽ അത് ഇക്കാലത്ത് അറിവില്ലായ്മയാണ്. നമ്മൾ എന്തിനാണ് ചുമ്മാ ഔഷധഗുണം തിന്നുന്നത്. ഒരു സ്പെസിഫിക് രോഗത്തിനാണ് ഔഷധം വേണ്ടത്. ആ സ്പെസിഫിക് രോഗത്തിനു സ്പെസിഫിക് ഔഷധം കണ്ടുപിടിക്കണം. അതാണ് മോഡേൺ മെഡിസിൻ ചെയ്യുന്നത്. അങ്ങനെ ഔഷധം കണ്ടുപിടിക്കാനുള്ള സാങ്കേതിക വിജ്ഞാനം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. ഇത് ദൈവവിശ്വാസികൾക്കും അംഗീകരിക്കാം.
മഞ്ഞളോ പപ്പായനീരോ കമ്മ്യൂണിസ്റ്റ് അപ്പയുടെ നീരോ മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങും. അത് ആ മുറിവിൽ പ്രവേശിക്കുന്ന ബാക്റ്റീരിയകൾക്ക് അവ മാരകം ആയത് കൊണ്ടാണ്. എന്ന് വെച്ച് മഞ്ഞൾ ഭക്ഷിച്ചാൽ അവ നേരെ പോയി പ്രതിരോധം ഉണ്ടാക്കും എന്ന് വിചാരിക്കരുത്. എന്താണ് പ്രതിരോധം എന്ന് ഞാൻ മുൻപ് എഴുതിയിരുന്നു. ഒന്ന് കൂടി ചുരുക്കി പറയാം.
നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ്, ബാക്റ്റീരിയ, ഫംഗസ് മുതലായ അന്യപദാർത്ഥങ്ങളെ അപ്പോൾ തന്നെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതിനെയാണ് പ്രതിരോധ ശക്തി എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് രക്തത്തിലെ വെള്ള അണുക്കളാണ്. അല്ലാതെ മഞ്ഞളോ അതിലെ കുർക്കുമിനോ നേരിട്ട് പോയിട്ടല്ല. രക്തത്തിലെ വെള്ള അണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത് എല്ലിൽ ഉള്ള മജ്ജയിൽ വെച്ചാണ്. ഒരു പ്രത്യേക തരം വെള്ള അണുക്കൾ എന്ന കോശങ്ങളിലാണ് ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നത്. ഈ ആന്റിബോഡികൾ ആണ് ഓരോ ആന്റിജനെയും എന്ന് വെച്ചാൽ അന്യപദാർത്ഥങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നത്.
നമ്മൾ എന്ത് കഴിച്ചാലും അവയെയൊക്കെ ലഘുഘടകങ്ങളാക്കി എന്ന് വെച്ചാൽ പ്രോട്ടീനെ അമിനോ‌ആസിഡുകളാക്കി, സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി, കൊഴുപ്പിനെ ഫാറ്റി ആസിഡുകളാക്കി പിന്നെ മിനറൽസിനെയും ജീവകങ്ങളെയും വേർ തിരിച്ച് ചെറുകുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയാണ്. ബാക്കി വരുന്നത് വൻകുടൽ (Colon) വഴി സഞ്ചരിച്ച് പുറത്തേക്ക് പോകുകയാണ്. വൻകുടലിൽ വെച്ച് ബാക്കിയുള്ള ജലത്തിൽ ഒരു ഭാഗവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. (ചിത്രം നോക്കുക)
ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് കഴിച്ചാലും കുടിച്ചാലും അവയൊക്കെ വിഘടിക്കപ്പെട്ട് അമിനോ ആസിഡ്‌സ് ആയും ഗ്ലൂക്കോസ് ആയും ഫാറ്റി ആസിഡ്‌സ് ആയും ധാതുലവണങ്ങൾ ആയും ജീവകങ്ങൾ ആയും പിന്നെ ജലവും ആണ് രക്തത്തിൽ പ്രവേശിക്കുന്നത്. രക്തം ഇവയെ ഓരോ കോശങ്ങളിലും എത്തിക്കുന്നു. പിന്നെ എല്ലാ പണിയും നടക്കുന്നത് കോശങ്ങളിലാണ്. പ്രതിരോധത്തിന് ആവശ്യമുള്ള വെള്ള രക്താണുക്കളും ആന്റിബോഡികളും മാത്രമല്ല രക്തവും കോശങ്ങളും എല്ലാം നിർമ്മിക്കപ്പെടുന്നത് നമ്മൾ ആകെ കഴിച്ച ഭക്ഷണത്തിലെ മേൽപ്പറഞ്ഞ പോഷകഘടകങ്ങൾ ഉപയോഗിച്ചാണ്. ഓരോ കോശങ്ങളും ആണ് ഇതിന്റെയൊക്കെ പണിപ്പുര. സംഗതി മനസ്സിലാവുന്നവർക്ക് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു. തൽക്കാലം ഇത്രമാത്രം. സമാന വിഷയങ്ങൾ ഇനിയും എഴുതാം

വൃക്കരോഗം

വൃക്കരോഗം ബാധിച്ച്, ഡയാലിസിസോ അല്ലെങ്കിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷനോ വേണ്ടി വരും എന്ന് ഡോക്ടർ നിർദ്ദേശിച്ച ഒരു പേഷ്യന്റിനെ നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോയി പച്ചമരുന്ന് ചികിത്സ നടത്തിയപ്പോൾ രക്തത്തിലെ ക്രിയാറ്റിനിൻ കുറയുകയും പതിനൊന്ന് മാസത്തെ പച്ചമരുന്ന് ചികിത്സ കൊണ്ട് കിഡ്നി പൂർവ്വസ്ഥിതിയിൽ ആകുമെന്ന് ആ വൈദ്യൻ ഉറപ്പ് നൽകിയതായും ഇന്നലെ രാത്രി ഒരു സുഹൃത്ത് ഫോണിൽ സംസാരിക്കവേ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, സുഹൃത്തേ ഒരാളുടെ കിഡ്നി ശരിക്കും ഡാമേജ് ആയിട്ടുണ്ടെങ്കിൽ അതൊരു ഫിസിക്കൽ ഡാമേജ് ആണ്. അപ്പോൾ രണ്ട് വഴികളേ ഉള്ളൂ ഒന്ന് പതിവായി ഡയാലിസിസ് ചെയ്യുക അല്ലെങ്കിൽ കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യുക. അല്ലാതെ പച്ചമരുന്ന് കഴിച്ചാൽ കിഡ്നിയുടെ ഫിസിക്കൽ ഡാമേജ് പരിഹരിക്കപ്പെട്ട് പൂർവ്വസ്ഥിതിയിൽ ആകില്ല. മാത്രമല്ല ഡാമേജ് ആയ കിഡ്നി വൈദ്യൻ പറഞ്ഞത് പോലെ പച്ച മരുന്ന് കൊണ്ട് പതിനൊന്ന് മാസം പിടിച്ചു നിൽക്കുകയും ഇല്ല. അപ്പോൾ ആ സുഹൃത്ത് പറയുകയാണ് ഒരാളുടെ കിഡ്‌നി മറ്റൊരാൾക്ക് മേച്ച് ആകില്ലെന്നും കിഡ്‌നി മാറ്റി വെച്ച ആൾക്ക് പിന്നീട് നോർമൽ ലൈഫ് സാധ്യമല്ല എന്നും. എനിക്കപ്പോൾ ദ്വേഷ്യം വന്ന് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. കിഡ്‌നി ഫെയിലർ ആയിട്ടുണ്ടെങ്കിൽ പച്ച മരുന്ന് കഴിച്ച് കിഡ്നിയുടെ ആരോഗ്യം വീണ്ടെടുത്ത് നോർമൽ ലൈഫ് സാധ്യമാകും എന്ന് വിശ്വസിക്കുന്ന ആ സുഹൃത്തിന് വേണ്ടിയാണ് ഈ പോസ്റ്റ്.

നമ്മൂടെ ആമാശയത്തിന്റെ പിന്നിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി പയർമണിയുടെ ആകൃതിയിൽ മുഷ്ടിയോളം വലിപ്പത്തിൽ സ്ഥിതി ചെയ്യുന്നതാണല്ലൊ വൃക്കകൾ അഥവാ കിഡ്‌നികൾ. ഒരാൾക്ക് ആരോഗ്യത്തോടെ ജീവിയ്ക്കാൻ ഒരു കിഡ്‌നി മതി. അതുകൊണ്ടാണ് രണ്ട് കിഡ്‌നിയും ഫെയിലർ ആയ ഒരാൾക്ക് അതേ രക്തഗ്രൂപ്പിൽ പെട്ട മറ്റൊരാൾക്ക് ഒരു വൃക്ക ദാനം ചെയ്യാനും രണ്ട് പേർക്കും പിന്നീട് ആരോഗ്യത്തോടെ ജീവിയ്ക്കാനും സാധിക്കുന്നത്. ഈ സത്യം ആളുകളിൽ പ്രചരിപ്പിക്കാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായി തന്റെ ഒരു കിഡ്‌നി ദാനം ചെയ്തത്. പക്ഷെ ആ ഒരു സന്ദേശമല്ല ആളുകളിൽ എത്തിയത്, നേരേ മറിച്ച് ആരാണ് ഈ ക്രിയാറ്റിനിൻ ലവൽ തീരുമാനിക്കുന്നത് എന്നും അങ്ങനെ ടെസ്റ്റ് ചെയ്യാനേ പാടില്ല എന്നും മോഡേൺ മെഡിസിൻ ആണ് വൃക്കകൾ തകരാറിലാക്കുന്നത് എന്നും പച്ചമരുന്നാണ് പ്രതിവിധി എന്നുമുള്ള മോഹനൻ വൈദ്യരുടെ വാദമാണ് പരക്കെ ഷെയർ ചെയ്യപ്പെടുന്നത്.

ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി രക്തത്തിൽ രൂപപ്പെടുന്ന പല തരത്തിലുള്ള മാലിന്യങ്ങളെ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് കിഡ്‌നിയുടെ പ്രധാന ജോലി. അത്തരം മാലിന്യങ്ങളിൽ ഒന്നാണ് ക്രിയാറ്റിനിൻ. നമ്മുടെ ശരീരം ഉണ്ടാക്കുന്ന ഒരു പ്രോട്ടീൻ ആണ് ക്രിയാറ്റിൻ. ആ ക്രിയാറ്റിന്റെ ചെറിയൊരു ഭാഗം ശാരീരീക പ്രവർത്തനങ്ങളുടെ ഫലമായി ക്രിയാറ്റിനിൻ എന്ന വേസ്റ്റ് ആയി മാറുന്നു. അതുകൊണ്ടാണ് അനുവദനീയമായ ലവലിൽ അധികം ക്രിയാറ്റിനിൻ രക്തത്തിൽ കാണുമ്പോൾ വൃക്കകൾക്ക് തകരാറ് തുടങ്ങുന്നു എന്ന് പറയുന്നത്. എന്നാൽ ഒരാളുടെ വൃക്കകൾ പൂർണ്ണമായും തകരാറിലായോ എന്ന് തീരുമാനിക്കാൻ ക്രിയാറ്റിനിൻ ടെസ്റ്റ് കൊണ്ട് മാത്രം കഴിയില്ല. അതിനു ACR (Albumin to Creatinine Ratio) എന്ന മൂത്രപരിശോധനയും GFR (glomerular filtration rate) എന്ന രക്തപരിശോധനയും കൂടി നടത്തേണ്ടതുണ്ട്.

ഇതിനിടയിൽ എന്താണ് ദഹനവും ഉപാപചയവും (Digestion and Metabolism) തമ്മിലുള്ള വ്യത്യാസം എന്ന് നിങ്ങൾ ശരിക്ക് മനസ്സിലാക്കണം. ദഹനം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം വായ മുതൽ ആമാശയം, ചെറുകുടൽ, വൻകുടൽ വരെ അന്നനാളത്തിലൂടെ നീങ്ങുമ്പോൾ വിവിധ എൻസൈമുകളുടെ സമ്പർക്കത്തിൽ ലഘുഘടകങ്ങളായി വിഘടക്കപ്പെടുന്നതാണ്. അപ്രകാരം ആഹാരത്തിലെ പ്രോട്ടീൻ അമിനോ ആസിഡുകളായും , സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും കൊഴുപ്പ് ഫാറ്റി ആസിഡുകളായും വിഘടിക്കപ്പെടുന്നു. എന്നിട്ട് മാത്രമാണ് ഇവ ചെറുകുടലിലെ നേരിയ സുഷിരങ്ങളിൽ കൂടി രക്തത്തിൽ പ്രവേശിക്കുന്നത്. ഈ അന്നനാളം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാൽ ശരീരത്തിന്റെ അകം അല്ല. ശരീരത്തിനകത്ത് വായ മുതൽ ഗുദം വരെ നീളുന്ന ഒരു ചുരുളൻ കുഴൽ ആണ് അന്നനാളം. അതുകൊണ്ട് നമ്മൾ കഴിക്കുന്ന ആഹാരം അതേ പടി ശരീരത്തിനകത്ത് പ്രവേശിക്കുന്നില്ല. മേൽപ്പറഞ്ഞത് പോലെ വിഘടിക്കപ്പെട്ട ലഘുതന്മാത്രകളാണ് ചെറുകുടലിലെ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നത്. അപ്പോൾ മാത്രമാണ് ആഹാരത്തിലെ പോഷകഘടകങ്ങൾ ശരീരത്തിനകത്ത് പ്രവേശിപ്പിച്ചതായി പറയാൻ പറ്റുക. അതിന്റെ അർത്ഥം ആഹാരത്തിലെ പ്രോട്ടീനും സ്റ്റാർച്ചും കൊഴുപ്പും ഒന്നും അതേ പടി അകത്ത് കയറിക്കൂട എന്നാണ്.

ഇനി എന്താണ് ഉപാപചയം എന്ന് ചോദിച്ചാൽ, രക്തത്തിൽ പ്രവേശിച്ച പോഷകങ്ങൾ ലിവറിലൂടെ കടന്ന് ഓരോ കോശങ്ങളിലേക്കും രക്തം തന്നെ വഹിച്ചുകൊണ്ടുപോയി എത്തിക്കുന്നു. അങ്ങനെ കോശങ്ങളിൽ വെച്ച് പോഷകങ്ങൾ പലവിധ രാസപ്രവർത്തനങ്ങൾക്ക് വിധേയമാകുന്നു. ഉദാഹരണത്തിനു അമിനോ ആസിഡുകൾ കൊണ്ട്  നമുക്ക് വേണ്ട പ്രോട്ടീനുകൾ ഉണ്ടാക്കുന്നു. ഗ്ലൂക്കോസ് വിഘടിപ്പിച്ച് ഊർജ്ജം ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള രാസപ്രവർത്തനങ്ങളുടെ ഫലമായി കുറെ മാലിന്യങ്ങൾ ഉണ്ടാകുന്നു. അതൊക്കെ പുറത്തേക്ക് കളയുന്നത് കിഡ്‌നികളാണ്. ഭക്ഷണത്തിൽ കൂടി ലഭിക്കുന്നവയിൽ ശരീരം സ്റ്റോർ ചെയ്യാത്ത അധിക പോഷകങ്ങളും രക്തത്തിൽ നിന്ന് കിഡ്‌നികൾ നീക്കം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിനു അധികം പ്രോട്ടീൻ കഴിച്ചാൽ ശരീരം അത് സ്റ്റോർ ചെയ്യില്ല. എന്നാൽ സ്റ്റാർച്ച് അധികം കഴിച്ചാൽ അതിനെ കൊഴുപ്പാക്കി മാറ്റി സ്റ്റോർ ചെയ്യും.

Diabetic nephropathy, Kidney stones, Kidney infections, Renal failure, Kidney hydronephrosis, Duplicated ureter, Interstitial nephritis, Kidney tumor, Nephrotic syndrome ഇവയൊക്കെ കിഡ്‌നിയെ ബാധിക്കുന്ന അസുഖങ്ങളാണ്. വിസ്താരഭയത്താൽ ഇതിനെ പറ്റിയൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. അതിന്റെ ആവശ്യവും ഇല്ല. ബന്ധപ്പെട്ട ഡോക്ടർമാരെ കൺസൽട്ട് ചെയ്യുകയാണ് വേണ്ടത്. ഇതൊക്കെ ആയുർവേദ-നാട്ടുവൈദ്യനു കണ്ടെത്താനോ ചികിത്സിക്കാനോ കഴിയുമോ? പച്ച മരുന്നു എന്നൊരു മരുന്നില്ല. സസ്യങ്ങളുടെ ഇലയും വേരും തണ്ടും തൊലിയും പൂവും കായും ഒക്കെ നമുക്ക് റോ മെറ്റീരിയൽസ് ആണ്. രോഗവും മരുന്നും ചികിത്സയും ഒക്കെ സയന്റിഫിക്ക് ആയി പരീക്ഷിച്ചും ഗവേഷണം നടത്തിയും ഒക്കെ കണ്ടെത്തണം. അതാണ് മോഡേൺ മെഡിസിൻ എന്ന് പറയുന്നത്. ഒരു നൂറ് വർഷത്തിനിപ്പുറം ആണ് ഈ കണ്ടെത്തലുകൾ വികസിച്ചതും രോഗങ്ങൾ മിക്കതും ചികിത്സിച്ച് ഭേദമാക്കാം എന്ന നില വന്നതും. മോഡേൺ മെഡിസിനിൽ മാത്രമേ യഥാർത്ഥ ചികിത്സയും മരുന്നുകളും ഉള്ളൂ. ബാക്കിയെല്ലാം വിശ്വാസങ്ങളോ തട്ടിപ്പുകളോ വ്യാജമോ ആണ്. മോഡേൺ മെഡിസിൻ പണത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന വൻ ആസ്പത്രികളോ ഡോക്ടർമാരോ ഉണ്ടായേക്കാം. അതൊന്നും മോഡേൺ മെഡിസിന്റെ കുറ്റം അല്ല. നമ്മൾ ശരിയായ ആസ്പത്രിയും ഡോക്ടർമാരെയും കണ്ടെത്തുകയാണ് വേണ്ടത്. അത് അത്ര പ്രയാസമുള്ള കാര്യവുമല്ല. 

വ്യാജപ്രചരണങ്ങള്‍ തിരിച്ചറിയുക

ശ്രീ.മോഹനന്‍ വൈദ്യര്‍ എന്റെ ഫേസ്‌ബുക്ക് സുഹൃത്താണു. ഞങ്ങള്‍ നേരില്‍ കാണുകയും ഒരു ടിവി ചാനലില്‍ സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മോഹനന്‍ വൈദ്യരുടെ ഒരുപാട് പ്രഭാഷണങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണു. പ്രശസ്തനായ ഒരു പ്രകൃതിചികിത്സകനാണു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രത്യേകത നുണകള്‍ ഒരു സങ്കോചവും കൂടാതെ പറഞ്ഞുകൊണ്ടേയിരിക്കും എന്നതാണു. നുണകള്‍ക്കാണു ഇന്ന് മാര്‍ക്കറ്റ്. ക്യാന്‍സറിനെ പറ്റി അദ്ദേഹം ക്ലാസ്സ് എടുക്കുന്നത് ശ്രദ്ധിക്കുക.

ക്യാന്‍സര്‍ എന്നാല്‍ കോശങ്ങളുടെ അമിതവാര്‍ദ്ധക്യമാണ് എന്ന് 2009ല്‍ WHO സാക്ഷ്യപ്പെടുത്തി എന്നും അതിനു മുന്‍പ് കോശങ്ങളുടെ അമിതവളര്‍ച്ചയെന്നാണു ക്യാന്‍സറിനെ പറ്റി ഇതേ WHO പറഞ്ഞിരുന്നത് എന്നുമാണു ശ്രീ. വൈദ്യര്‍ അവകാശപ്പെടുന്നത്. എന്നിട്ട് അന്നും ഇന്നും കീമോതെറാപിയും റേഡിയേഷനും മാത്രമാണു ക്യാന്‍സറിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് എന്നും ഈ രണ്ട് ചികിത്സയ്ക്കും വിധേയരായ രോഗികള്‍ മരിച്ചുപോകുന്നു എന്നും ചികിത്സിക്കാത്തവര്‍ രക്ഷപ്പെടുന്നു എന്നുമാണു വൈദ്യര്‍ ഉല്‍ബോധിപ്പിക്കുന്നത്. എന്തിനാണു അദ്ദേഹം സമൂഹത്തെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നറിയില്ല. സമൂഹത്തെ വഴിതെറ്റിക്കല്‍ ജീവിതദൌത്യമായി ഏറ്റെടുത്ത പോലെയാണു അദ്ദേഹം നിരന്തരം സംസാരിക്കുന്നത് എന്ന് പറയാന്‍ ഖേദമുണ്ട്.

ശരീരത്തില്‍ കോശങ്ങള്‍ ക്രമം തെറ്റി വളരുന്നതിനെയാണ് ആധുനികവൈദ്യശാസ്ത്രത്തില്‍ ക്യാന്‍സര്‍ എന്നു പറയുന്നത്. അങ്ങനെ അനാവശ്യമായി വളരുന്ന കോശസമൂഹത്തെ കരിച്ചുകളയുക എന്നതാണു റേഡിയേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം എന്ന് പറഞ്ഞാല്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണു. കോശങ്ങള്‍ ശരീരത്തില്‍ അനവരതം ഉണ്ടായിക്കൊണ്ടിരിക്കുകയും നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്കൊണ്ട് ക്യാന്‍സര്‍ ശരീരത്തില്‍ എവിടെയും ബാധിക്കാം. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ക്യാന്‍സര്‍ മിക്കവാറും ചികിസിച്ച് ഭേദമാക്കാന്‍ കഴിയും. മോഹനന്‍ വൈദ്യര്‍ പറയുന്നത് ഒരു കാരണവശാലും ഡോക്ടര്‍മാരെ സമീപിക്കരുത് എന്നാണു.

ദോഷം പറയരുതല്ലൊ, ഇപ്പോഴത്തെ ആയുര്‍വേദക്കച്ചവടത്തെയും അദ്ദേഹം കണക്കിനു പരിഹസിക്കുന്നുണ്ട്. മോഡേണ്‍ മെഡിസിനെ എതിര്‍ക്കുന്നതില്‍ പ്രകൃതിചികിത്സക്കാരും ഹോമിയോക്കാരുമാണ് വീറോടെ രംഗത്ത് ഉള്ളത്. എവിടെ പോയാലും മോഡേണ്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നീണ്ട ക്യൂവാണു. എന്നാലോ എല്ല്ലാവരും ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ എന്റെ ഒരു വാചകം ഇവിടെ ആവര്‍ത്തിക്കുന്നു. ആയുര്‍വേദാദി ഹോമിയോ മരുന്നുകള്‍ ഇല്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കില്ല. എന്നാല്‍ മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ഒരു നിമിഷം ലോകത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ല.

മോഹനന്‍ വൈദ്യര്‍ പറയുന്നത് കേള്‍ക്കുക:

നമ്മളെ ആര് രക്ഷിക്കും ?

ഓരോ വീട്ടിലും ഇപ്പോള്‍ അനവധി വേസ്റ്റുകളാണ് ഉണ്ടാകുന്നത്. അതില്‍ പ്രധാനം പ്ലാസ്റ്റിക് വേസ്റ്റുകളാണ്.  രാവിലെ പാല് മുതല്‍ വൈകുന്നേരം പലവ്യഞ്ജനങ്ങള്‍ തൊട്ട് മീന് വരെ എല്ലാം പ്ലാസ്റ്റിക് ബാഗുകളിലാണ് കൊണ്ടുവരുന്നത്. പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടുമ്പോള്‍ ഈ പ്ലാസ്റ്റിക്ക് നിരോധിക്കാറുണ്ടായിരുന്നു. നിരോധനം ചില്ലറ ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പിന്നെ വീണ്ടും പതിവ് പോലെ. പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമല്ല എന്ന് കണ്ടത്കൊണ്ടാവാം പരിസ്ഥിതിവാദികള്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. അല്ലെങ്കിലും ഏതാനും പേര്‍ ബഹളം ഉണ്ടാക്കിയത്കൊണ്ട് എന്ത് കാര്യം. ഒന്നുകില്‍ ജനങ്ങള്‍ക്ക് വിവരം വയ്ക്കണം. അല്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ അങ്ങോട്ടുള്ള ഭരണാധികാരികള്‍ക്ക് ഭാവനയും ഇച്ഛാശക്തിയും ഉണ്ടാവണം. ഇത് രണ്ടും നടക്കാത്ത കാര്യങ്ങളും.

ജനസാന്ദ്രത ഏറിയ നാടാണ് നമ്മുടേതെന്ന് അറിയാമല്ലൊ. അടുത്തടുത്താണ് വീടുകള്‍ എവിടെയും. പലര്‍ക്കും മുറ്റം തന്നെയില്ല.  വീടുകളില്‍ ദിനേന ഉണ്ടാകുന്ന വേസ്റ്റുകള്‍ പ്ലാസ്റ്റിക്ക് ബേഗുകള്‍ ഉള്‍പ്പെടെ വീടിന്റെ പിന്നാമ്പുറത്ത് വെച്ച് കത്തിച്ചു കളയുന്ന സമ്പ്രദായമാണ് ഇപ്പോള്‍ നാട്ടില്‍ നിലവിലുള്ളത്. വീട്ടമ്മമാര്‍ മണ്ണെണ്ണ ഒഴിച്ചിട്ടാണ് തീ കൊടുക്കുന്നത്. അങ്ങനെ കുറെ നേരം ഇത് പുകഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെ ഉണ്ടാകുന്ന പുകയില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത്? ഈ പുകയെല്ലാം എവിടേക്കാണ് പോകുന്നത്? എവിടേക്കും പോകുന്നില്ല. അതൊക്കെ നമ്മുടെ അന്തരീക്ഷത്തിന്റെ ഭാഗമായി അവിടെയങ്ങനെ സ്ഥിരമായി നിലനില്‍ക്കും. ഇപ്പോള്‍ തന്നെ ചൂട് അസഹ്യമായി തീര്‍ന്നിട്ടുണ്ട്. ഇക്കണക്കിന് പോയാല്‍ ഒരമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഇവിടെ മനുഷ്യന് ജീവിയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വീടിന്റെ പിന്‍‌പുറത്ത് നിന്ന് കത്തിക്കുമ്പോള്‍ നിരവധി വിഷവായുകള്‍ അതില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഡയോക്സിന്‍ എന്ന വിഷവാതകമാണ്. എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ന്  ഇവിടെ വായിക്കുക. ഞാന്‍ വിവരിക്കുന്നില്ല.  വായിച്ചത്കൊണ്ടും വിവരിച്ചത്കൊണ്ടും പറയത്തക്ക പ്രയോജനമൊന്നുമില്ലല്ലൊ.  ഞങ്ങളുടെ വീടിന്റെ നാല് ചുറ്റും അടുത്ത വീടുകളുടെ പിന്‍‌ഭാഗമാണ്. നടുക്കായിപോയി ഞങ്ങളുടെ വീട്. എന്റെ മകള്‍ക്ക് രണ്ട് പിഞ്ചുകുട്ടികളും. എനിക്കാണെങ്കില്‍ ഈ പുക അല്പം ശ്വസിക്കുമ്പോഴേക്കും അലര്‍ജി വരും. എന്ത് ചെയ്യാന്‍ പറ്റും? അയല്‍ക്കാരോട് ഇങ്ങനെ പുകയിടരുതെന്ന് പറയാന്‍ പറ്റുമോ?  പറയാന്‍ വേറെ ആരെങ്കിലുമുണ്ടോ?  എല്ലാറ്റിലും രാഷ്ട്രീയം. പിന്നെന്ത് ചെയ്യും.

നമ്മുടെ പഞ്ചായത്തുകള്‍ എന്താണ് ചെയ്യുന്നത്?  അതാത് പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും പ്ലാസ്റ്റിക്കുകള്‍ റീ-സൈക്ലിങ്ങ് ചെയ്യാനും എന്തെങ്കിലും പദ്ധതി ഉണ്ടാക്കുമോ? എനിക്കെന്റെ ചെറുമക്കളെ ഓര്‍ക്കുമ്പോഴാണ് സങ്കടം സഹിക്കാന്‍ വയ്യാത്താവുന്നത്. ഞങ്ങളുടെ കാലശേഷം ഈ കുട്ടികള്‍ വളരുമ്പോള്‍ അവരുടെയൊക്കെ ആരോഗ്യസ്ഥിതി എന്താവും. എല്ലാ വീടുകളിലും കുട്ടികളുണ്ട്. ഇങ്ങനെ കത്തിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.  ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം വേറെ.  അനാവശ്യമായ വിവാദങ്ങളും തര്‍ക്കങ്ങളും വാദകോലാഹലങ്ങളുമല്ലാതെ നാടിന്റെ നന്മയ്ക്കോ ഗുണത്തിനോ ആവശ്യമായ ചര്‍ച്ചകളോ പരിപാടികളോ എങ്ങും കാണുന്നില്ല.  വല്ലാത്തൊരു കലികാലം തന്നെ!

പകര്‍ച്ചപ്പനി നമുക്ക് ഒഴിവാക്കിക്കൂടേ ?



കഴിഞ്ഞ ചില ആഴ്ചകളിലായി നാട്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയും പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍‌ഗുനിയ എന്ന പകര്‍ച്ചപ്പനിയുമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു നരകിക്കുകയായിരുന്നു. ഇതില്‍ അത്യന്തം സങ്കടകരമായ വസ്തുത ഓരോ ആളും അല്പം ശ്രദ്ധിച്ചാല്‍ ഈ ദുര്യോഗം ഒഴിവാക്കാനാകുമായിരുന്നു എന്നതാണ്. മഴക്കാലം തുടങ്ങുമ്പോഴാണ് ഈ പനി വ്യാപിക്കുന്നത്. ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുക് ആണ് ഇവിടെ വില്ലന്‍ .

നമ്മുടെ നാട്ടില്‍ ഓരോ വീട്ടിന് ചുറ്റും ഏറിയോ കുറഞ്ഞോ അളവില്‍ വിസ്തീര്‍ണ്ണമുള്ള പറമ്പുകളുണ്ട്. വീടുകളില്‍ ഉപയോഗശൂന്യമായ ചിരട്ടകള്‍ , മുട്ടത്തോടുകള്‍ , ഉടഞ്ഞ ഗ്ലാസുകള്‍ , പോളിത്തീന്‍ സഞ്ചികള്‍ എന്നിവ പറമ്പിലെവിടെയെങ്കിലും ഉപേക്ഷിക്കുന്ന ശീലമാണ് എല്ലാവര്‍ക്കും. ഇവകളില്‍ മഴക്കാലത്ത് മഴവെളം കെട്ടിക്കിടക്കുന്നു. ഈ മഴവെള്ളം ശുദ്ധജലമാണ്. കൊതുകുകള്‍ ഇവകളില്‍ പെട്ടെന്ന് പെരുകുന്നു. പുരയിടങ്ങളില്‍ ഒന്ന് ദിവസവും അല്പനേരം ചുറ്റി നടന്ന് ഈ കെട്ടിക്കിടക്കുന്ന ജലം കമിഴ്ത്തിക്കളഞ്ഞാല്‍ ഈ സാമൂഹ്യദുരന്തം ഒരു പരിധിവരെ ഒഴിവാക്കാം. വെള്ളം കെട്ടിക്കിടക്കാന്‍ പാകത്തില്‍ പാഴ്‌വസ്തുക്കള്‍ വീടിന് ചുറ്റും വലിച്ചെറിയുന്നതിന് പകരം അവ ഒരു കുഴിയിലോ മറ്റോ ഇട്ട് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കാം. രോഗത്താല്‍ അവശരായി സര്‍ക്കാറിന്റെ സൌജന്യറേഷന്‍ വാങ്ങുന്നതിനേക്കാളും നല്ലതാണിത്.

ഇത്തരം കാര്യങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നാട്ടിലിന്ന് സന്നദ്ധസംഘടനകള്‍ തയ്യാറാവുന്നില്ല. കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ യൂനിറ്റുകള്‍ പ്രാദേശികതലങ്ങളില്‍ മിക്കവാറും നിര്‍ജ്ജീവമായി. ഡോക്ടര്‍മാര്‍ ഇക്കാര്യം ജനത്തോട് മിണ്ടുകയേയില്ല. പകര്‍ച്ചപ്പനികളെ ഒരു കൊയ്ത്തായാണ് അവര്‍ കാണുന്നത്. രാഷ്ട്രീയപ്പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പിടിപ്പത് പണികള്‍ വേറെയുണ്ട്. ചാനലുകള്‍ മഴക്കെടുതികളെയും ആസ്പത്രിദൃശ്യങ്ങളെയും ആഘോഷമാക്കി മാറ്റുകയായിരുന്നു. തനിക്ക് പനി വരുന്നത് വരെ ആരും ഈ കൊതുകുകളെ പറ്റി വേവലാതിപ്പെടുന്നേയില്ല.

ഇപ്രാവശ്യത്തെ പനി ബാധിച്ചവരുടെ ശാരീരികാവശതകള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. പനിക്ക് കാരണമായ വൈറസ്സ് കൂടുതല്‍ മാരകമായ രീതിയില്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ടാവണം. പനി ബാധിച്ച ആളിനെ കടിച്ച കൊതുക് വേറെ ആളെ കടിക്കുമ്പോഴാണ് പനി പകരുന്നത്. കൊതുക് ഇന്ന് നാട്ടില്‍ എല്ലായ്പോഴും എവിടെയും ഭീഷണിയാണ്. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും? ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോള്‍ അതിവേഗം പിറകോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. പൌരബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമായിരുന്നു.

അലോപ്പതിയെ കണ്ടവരുണ്ടോ ?

എന്റെ ജനകീയശാസ്ത്രം ബ്ലോഗില്‍ മനോജ് ചോദിച്ച ഒരു ചോദ്യം ഇതാണ് : “ അലോപ്പതിക്ക് മുന്‍പ് ഭാരതത്തില്‍ ആയൂര്‍വേദമായിരുന്നില്ലേ മാഷേ ഉപയോഗിച്ചിരുന്നത് ? ” ഈ ചോദ്യം കൊണ്ട് മനോജ് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല . ഏറോപ്ലെയിന്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് കാളവണ്ടിയിലല്ലേ സഞ്ചരിച്ചിരുന്നത് , ഉരുണ്ടതാണെന്ന് കണ്ടുപിടിക്കുന്നതിന് മുന്‍പ് ഭൂമി പരന്നതായിരുന്നില്ലേ എന്നൊക്കെ ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക . അതെ ഉപയോഗിച്ചിരുന്നു അതിനെന്താ ? ശരീരത്തിന്റെ സ്വാഭാവികപ്രതിരോധം കൊണ്ട് രോഗങ്ങളെ അതിജീവിച്ചര്‍ രക്ഷപ്പെട്ടു , അല്ലാത്തവര്‍ രോഗങ്ങള്‍ക്കടിമപ്പെട്ട് മരണപ്പെട്ടിട്ടുണ്ടാവണം . ശരീരം തന്നെ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒരു സംവിധാനമാണ് . പിന്നെ ശരീരത്തിന് തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചികിത്സ വേണ്ടി വരുന്നു . ചികിത്സിക്കണമെങ്കില്‍ രോഗകാരണം എന്തെന്ന് മനസ്സിലാവണം . അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കാന്‍ മാര്‍ഗ്ഗമില്ലായിരുന്നു . അന്നത്തെ നിഗമനങ്ങളും അനുമാനങ്ങളും വെച്ച് ചില നിരീക്ഷണങ്ങള്‍ നടത്തി . വാതം , പിത്തം , കഫം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം എന്ന് അന്നവര്‍ വിലയിരുത്തി . അതല്ല കാരണമെന്നും അനേകം സൂക്ഷ്മജീവികളാണ് ശരീരത്തില്‍ പ്രവേശിച്ച് രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നും അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1850 കളില്‍ ലൂയിസ് പാശ്ചര്‍ കണ്ടെത്തി . ലൂയിസ് പാശ്ചറുടെ കണ്ടെത്തല്‍ അവിശ്വസിക്കേണ്ടതില്ല . രോഗബാധിതനായ ഒരാളുടെ രക്തം മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ അതില്‍ ഈ സൂക്ഷ്മജീവികളെ ആര്‍ക്കും കാണാന്‍ കഴിയും . ഈ പശ്ചാത്തലത്തില്‍ ഈ വാതം ,പിത്തം ,കഫം ആണ് രോഗകാരണം എന്ന നിഗമനത്തില്‍ ഇന്നും ചികിത്സ നടത്തേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ ഭൂമി ഇന്നും പരന്നിരിക്കണം .

മറ്റൊന്ന് ഈ അലോപ്പതിയെ ആരെങ്കിലും കണ്ടവരുണ്ടോ ? 1796 ല്‍ ജര്‍മ്മനിയില്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഭിഷഗ്വരന്‍ , താന്‍ ആധുനികമായ ഒരു ചികിത്സാരീതി കണ്ടെത്തി എന്ന് പ്രഖ്യാപിച്ചു . LIKE CURES LIKE അതാണ് അതിന്റെ ശാസ്ത്രീയത പോലും . തന്റെ സിദ്ധാന്തത്തിന് പേരും വിളിച്ചു , അതാണ് ഹോമിയോപ്പതി . അതേവരെ നൂറ്റാണ്ടുകളായി ജര്‍മ്മനിയിലും യൂറോപ്പിലും നിലനിന്നിരുന്ന പഴഞ്ചന്‍ രീതി OPPOSITE CURES OPPOSITE ആയിരുന്നു പോലും . ആ അറുപഴഞ്ചന്‍ രീതി അലോപ്പതി ആയിരുന്നു പോലും . അങ്ങനെ തന്റേതിനെ ആധുനികമെന്നും അത് ഹോമിയോപ്പതിയാണെന്നും തനിക്ക് മുന്‍പേ ഉണ്ടായിരുന്നത് പഴഞ്ചനാണെനും അത് അലോപ്പതിയാണെന്നും പറഞ്ഞത് 1796 ല്‍ ജര്‍മ്മന്‍‌കാരനായ ശാമുവല്‍ ഹാനിമാനാണ് . ആ അലോപ്പതി ഇന്ന് ലോകത്തെവിടെയെങ്കിലും പ്രചാരത്തിലുണ്ടോ എന്നെനിക്കറിയില്ല . നമ്മള്‍ ഇന്ന് വ്യഹഹാരഭാഷയില്‍ ഉപയോഗിക്കുന്ന , രോഗങ്ങളുടെ പേരുകള്‍ മുഴുവനും ആധുനികവൈദ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിച്ച പേരുകളാണ് . ആയുര്‍വേദത്തില്‍ വാത-പിത്ത-കഫ കാരണങ്ങളോട് പൊരുത്തപ്പെടുന്ന പേരുകളാണ് രോഗങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നത് . ഹാനിമാന് പിന്നെ രോഗങ്ങളുമില്ല പേരുമില്ല . രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി, സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ക്കേ ഹോമിയോയില്‍ പേരുകളുള്ളൂ .

രോഗങ്ങള്‍ക്കും , രോഗകാരികളായ സൂക്ഷ്മജീവികള്‍ക്കും , മരുന്നുകള്‍ക്കും ഒക്കെ പേരുകള്‍ നല്‍കിയെങ്കിലും ചികിത്സാരീതിക്ക് ആധുനികവൈദ്യശാസ്ത്രം പേരൊന്നും നല്‍കിയിട്ടില്ല . ചികിത്സക്കെന്തിന് പേര് . വര്‍ക്ക് ഷോപ്പില്‍ വാഹനങ്ങള്‍ നന്നാക്കുന്നതിന് പ്രത്യേകം പ്രത്യേകം പേരുകള്‍ വേണോ ? എന്നാലും രോഗകാരണങ്ങളും അത് മനസ്സിലാക്കാനുള്ള ഉപകരണങ്ങളും , അതിന്റെ പ്രതിവിധികളുമൊക്കെ ഈയടുത്ത നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ടത് കൊണ്ട് അതിനെ പൊതുവെ ആധുനികവൈദ്യശാസ്ത്രം അഥവാ മോഡേണ്‍ മെഡിസിന്‍ എന്ന് പറയുന്നു . ഈ മോഡേണ്‍ മെഡിസിനെ അതായത് ശാമുവല്‍ ഹാനിമാന് ശേഷം പ്രയോഗത്തില്‍ വന്ന ആധുനികചികിത്സാരീതിയെ ഹാനിമാന്‍ തന്നെ തള്ളിക്കളഞ്ഞ അലോപ്പതി എന്ന് പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ് . ഇന്ന് പത്രക്കാരും മറ്റ് ദൃശ്യമാധ്യമക്കാരും മന്ത്രിമാരും പിന്നെ വലിയ വലിയ ആള്‍ക്കാരും എല്ലാം അലോപ്പതി എന്ന് ആധുനികവൈദ്യസമ്പ്രദായത്തെപ്പറ്റി പറയുന്നുണ്ട് എന്നത് വിവരക്കേട് ആരുടെയും കുത്തകയല്ല എന്നതിന് തെളിവാണ് .

ഹാനിമാന്റെ കാലത്ത്, ദൃഷ്ടിക്ക് ഗോചരമല്ലാത്ത സൂക്ഷ്മജീവികള്‍ ഭൂമിയിലുണ്ട് എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും , അത്തരം ജീവികളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു . അത് കൊണ്ട് ഹാനിമാനും ശരിയായ രോഗകാരണങ്ങള്‍ മനസ്സിലാക്കാനായില്ല . ഇന്നാണ് ഹാനിമാന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഒരു മികച്ച ആധുനികവൈദ്യശാസ്ത്രജ്ഞനായേനേ . അപ്പോള്‍ നമ്മള്‍ ആധുനിക ശാസ്ത്രം കണ്ടുപിടിച്ച മറ്റൊന്നിനേയും തള്ളിക്കളയാതെ , അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചാരത്തിലുണ്ടായിരുന്ന ആയുര്‍വേദം ഇന്നും വേണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ? മോഡേണ്‍ മെഡിസിന്‍ കൊണ്ട് മാറ്റാന്‍ കഴിയാത്ത രോഗങ്ങള്‍ ആയുര്‍വേദ-ഹോമിയോ കൊണ്ട് മാറ്റാന്‍ കഴിയും എന്ന് പറയുന്നത് ശുദ്ധതട്ടിപ്പ് ആണ് . സൈഡ് എഫക്റ്റ് എന്ന് പറഞ്ഞാല്‍ , മോഡേണ്‍ മെഡിക്കല്‍ രംഗത്ത് മാത്രമണ് മരുന്നുകളുടെ ഇഫക്റ്റും അതുണ്ടാക്കുന്ന സൈഡ് എഫക്റ്റും സദാ പരിശോധിക്കുന്നത് . എഫക്റ്റ് ഉണ്ടാക്കുന്ന എന്തും സൈഡ് എഫക്റ്റും ഉണ്ടാക്കും . എഫക്റ്റ് ഇല്ലെങ്കില്‍ സൈഡ് എഫക്റ്റും ഇല്ല . ഇന്നയിന്ന മരുന്നുകള്‍ക്കെല്ലാം സൈഡ് എഫക്റ്റുകളുമുണ്ടാവാമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് ആധുനികവൈദ്യശാസ്ത്രത്തിന്റെ മാത്രം മേന്മയാണ് . ആ ഒരു മേന്മ തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ തകാരാറാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ദുഷ്ടലാക്കാണ് . ആയുര്‍വേദ-ഹോമിയോക്കാര്‍ക്ക് പരീക്ഷണം നടത്തേണ്ടതോ അതിന്റെ എഫക്റ്റുകളെക്കുറിച്ചോ സൈഡ് എഫക്റ്റുകളെക്കുറിച്ചോ പറയേണ്ടതോ ആവശ്യമില്ല .

ഇന്ന് പലരോഗങ്ങള്‍ക്കും പ്രതിരോധമരുന്നുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ആയുര്‍വേദ-ഹോമിയോക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ട് . പ്രതിരോധ മരുന്ന് എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഹാനിമാന്‍ ഹോമിയോക്കാര്‍ക്ക് അനുവാദം നല്‍കുന്നില്ല . ഉള്ള ലക്ഷണങ്ങള്‍ക്ക് സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള മരുന്ന് നല്‍കാനേ ഹാനിമാന്റെ ശിഷ്യന്മാര്‍ക്ക് അവകാശമുള്ളൂ . വരാന്‍ പോകുന്ന ലക്ഷണങ്ങളെ എങ്ങനെ ഒരു ഹോമിയോ ഡോക്റ്റര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയും ? രോഗപ്രതിരോധം അഥവാ ഇമ്മ്യൂണിറ്റി എന്ന വാക്ക് തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ സംഭാവനയാണ് .

ആരോഗ്യരംഗത്ത് എല്ലാ ചികിത്സയെയും സമന്വയിപ്പിച്ച് ഒരു ഇന്റഗ്രേഷന്‍ നല്ലതല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് . എന്താണതിന്റെ അവശ്യം ? അതെങ്ങനെ സാധ്യമാവും ? ക്ഷയ രോഗത്തിന് രോഗിക്ക് ആന്റിബയോട്ടിക്ക് ഇഞ്ചക്‍ഷനും , കഷായവും , ഹോമിയോ മതര്‍ടിങ്ചര്‍ ചേര്‍ത്ത ഗ്ലൂക്കോസ് ഗുളികയും ഒരുമിച്ച് കൊടുക്കാനോ ? ഇന്ന് കേന്ദ്രഗവണ്മേന്റിന്റെ കീഴില്‍ ആയുഷ് എന്ന് ഒരു വകുപ്പ് ഉണ്ട് . ആയുര്‍വേദ-സിദ്ധ-യുന്നാനി-യോഗ-ഹോമിയൊ-പ്രകൃതി ചികിത്സകളില്‍ ഗവേഷണം നടത്താന്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ടും നല്‍കിവരുന്നുണ്ട് . അടിസ്ഥാനമില്ലാത്ത രോഗസങ്കല്പങ്ങളെക്കുറിച്ച് ഗവേഷണം നടത്തി എന്ത് ഫലമാണ് കണ്ടെത്താന്‍ കഴിയുക ? അതേ സമയം ആരോഗ്യരംഗം ഒരു വന്‍‌വ്യവസായമായി , വ്യാജഡോക്ടര്‍മാരുടെയും വ്യാജമരുന്നുകളുടെയും പിടിയിലമര്‍ന്ന് ജനം നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ചികിത്സാരംഗത്ത് നിന്ന് പിന്‍‌മാറുകയാണ് .

വഞ്ചിക്കപ്പെടാനും കബളിപ്പിക്കപ്പെടാനും പാകത്തിലാണ് ഇവിടെ ജനങ്ങളുടെ വിശ്വാസങ്ങളും മുന്‍‌വിധികളും . എന്ത് ചെയ്യും ?

അക്ഷരക്കഷായത്തിനു ചികിത്സ !

ശ്രീ അശോക് കര്‍ത്തയുടെ അക്ഷരക്കഷായം എന്ന ബ്ലോഗില്‍ ഞാന്‍ ചില കമന്റുകള്‍ എഴുതിയിരുന്നു. അവസാനം അദ്ദേഹം എന്നോട് ഇങ്ങിനെ ചോദിച്ചു : “ ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്, താങ്കളുടെ ചെറുപ്പത്തില്‍ എത്ര പേര്‍ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു?ജനസംഖ്യാനുപാതികമായി അതെത്രയാണു?അന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ എത്ര? ഇന്ന് ആശുപ്ത്രികള്‍ ഇത്രയധികം ഉണ്ടായിട്ട് ആ സംഖ്യ എത്ര വരും. രോഗികളുടെ എണ്ണം ന്യായമായും കുറയേണ്ടതല്ലെ? “ . ഇതിനു ഞാന്‍ ഇന്നു മറുപടിയായി എഴുതിയ കമന്റ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. വിശദമായി പിന്നീട് എഴുതാം.

“ സര്‍, വളരെ നല്ല ഒരു ചോദ്യമാണു താങ്കള്‍ എന്നോട് ചോദിച്ചിരിക്കുന്നത് ? തിരിച്ച് ഒരു മറുചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ. താങ്കളുടെ ചെറുപ്പകാലത്ത് എത്രപേര്‍ വസൂരി വന്ന് മരിക്കുമായിരുന്നു ? ചില പ്രദേശങ്ങളില്‍ വസൂരി പടര്‍ന്ന് പിടിച്ചാല്‍ ശവശരീരം സംസ്കരിക്കാന്‍ ആളെ കിട്ടാതെ ചീഞ്ഞു നാറിയിരുന്ന ഒരവസ്ഥ എനിക്കോര്‍മ്മയുണ്ട്. ഇന്നോ ? ചൊറിയും,ചിരങ്ങും,മൂക്കൊലിപ്പും ഇല്ലാത്ത ഏതെങ്കിലും കുട്ടികളെ കാണാന്‍ കഴിയുമായിരുന്നോ ? ഇന്നോ ? മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം അന്നെത്രയായിരുന്നു ,ഇന്നെത്രയാണു ? ചികിത്സിച്ച് ചികിത്സിച്ച് രോഗമേയില്ലാത്ത ഒരു ലോകം സൃഷ്ടിച്ചെടുക്കണമെന്നാണെന്ന് തോന്നുന്നു താങ്കളുടെ ആഗ്രഹം. നല്ലത് തന്നെ. പക്ഷെ എങ്ങിനെ ? വസൂരി നമ്മള്‍ തീര്‍ത്തും നിര്‍മ്മാര്‍ജ്ജനം ചെയ്തു,പോളിയോയും ഏറെക്കുറെ അങ്ങിനെ തന്നെ . താങ്കള്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ ദൃഷ്ടിക്ക് ഗോചരമായ ജീവജാലങ്ങള്‍ ഭൂമിയില്‍ എത്രയുണ്ടോ അതിന്റെ എത്രയോ ഇരട്ടി , ദൃഷ്ടിക്ക് അഗോചരമായ സൂക്ഷ്മജീവികളും ഇവിടെ ജീവിയ്ക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണു,ചിലത് രോഗകാരികളും. ഭൂമിയില്‍ ജീവനുള്ള കാലത്തോളം ഈ സൂക്ഷ്മജീവികളും നമ്മോടൊപ്പം സഹവസിക്കും.അത്കൊണ്ട് ഡോക്റ്റര്‍മാരും,മരുന്നും,ചികിത്സയും ലോകാവസാനം വരെയുണ്ടാവും. പിന്നെ അഴിമതിയുടെയും,കോഴയുടെയും കാര്യമാണു. ഇന്നേത് മേഖലയിലാണു ഇതില്ലാത്തത്? ഇതില്‍ ആരാണു കുറ്റവാളി ? സമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന് അഴിമതിപൂരിതമായി, മാത്രമല്ല കൂടുതല്‍ കൂടുതല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ജനങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പോകാത്തായതോടെയല്ലേ സ്വകാര്യ ആസ്പത്രികള്‍ പെരുകിയതും ആരോഗ്യരംഗം ഒരു വ്യവസായമായി മാറിയതും. എല്ലാ തിന്മകളും , അഴിമതികളും,അധര്‍മ്മങ്ങളും നിലനിര്‍ത്തുന്നത് നമ്മള്‍ ജനങ്ങളാണു സര്‍ ! ജനങ്ങള്‍ !! ജനങ്ങളാണു സര്‍ മാറേണ്ടത് ! ജനങ്ങളെ ആരു മാറ്റും ? അതായത് പൂച്ചക്ക് ആരു മണി കെട്ടും ? അതിനല്ലേ ഇക്കണ്ട രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പെടാപ്പാട് പെടുന്നത്. എന്നാല്‍ വേലി തന്നെയാണു ഇപ്പോള്‍ വിളവ് തിന്നുന്നത്. അതായത് സകല അഴിമതിയും തുടങ്ങുന്നത് മുകള്‍ത്തട്ടില്‍ നിന്നാണു, രാഷ്ട്രീയത്തില്‍ നിന്ന്. ഇക്കാര്യം തല്‍ക്കാലം മാറ്റി വെച്ച് ചികിത്സയിലേക്ക് തിരിച്ചു വരാം. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കാം. ഒട്ടനവധി ചികിത്സാരീതികള്‍ ഇന്ന് ലോകത്ത് നിലവിലുണ്ട്.അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ആളല്ല.എന്നാല്‍ ഈ ചികിത്സാരീതികളില്‍ ഒന്നു പോലും ഒരിക്കലും സ്വീകരിക്കാതെ വെറും മോഡേണ്‍ മെഡിസിന്റെ സഹായത്തോടെ എനിക്ക് ജീവിയ്ക്കാന്‍ പറ്റും. അതേപോലെ മോഡേണ്‍ മെഡിസിന്റെ സഹായം ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ? ഇന്ന് മോഡേണ്‍ മെഡിസിന്‍ ചില ഡോക്റ്റര്‍മാരും , രോഗികളും ദുരുപയോഗം ചെയ്യുന്നുണ്ട്. അതൊക്കെ ഞാന്‍ നടേ പറഞ്ഞ സാമൂഹ്യജീര്‍ണ്ണതയുടെ ഭാഗമാണു. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു അനിവാര്യമായ ഒരു സിസ്റ്റം അതെന്തായാലും ,അതിനു തകരാറ് പറ്റിയാല്‍ ആ തകരാറ് പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ ആ സിസ്റ്റം വേണ്ടെന്നു വെക്കുകയല്ല. താങ്കള്‍ ഒരു പക്ഷേ ഇതൊന്നും അംഗീകരിച്ചെന്നു വരില്ല. കാരണം ഇന്ന് ഉറക്കം നടിക്കുന്നവരാണു കൂടുതലും !


വാല്‍ക്കഷണം;
സയന്‍സിന്റെ സംഭാവനകളായ ആധുനീകോപകരണങ്ങള്‍ മിക്കതും വാങ്ങാനുള്ള ക്രയശേഷി ആധുനിക മനുഷ്യന്‍ ആര്‍ജ്ജിച്ചു !

സയന്‍സിന്റെ കണ്ടെത്തലുകള്‍ നല്‍കിയ പുതിയ അറിവുകള്‍ സ്വീകരിക്കാനുള്ള മാനസീകമായ ഗ്രാഹ്യശേഷി ഇന്നത്തെ മനുഷ്യര്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിയാതെയും പോയി !!

ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !

ആയുര്‍വ്വേദം,ഹോമിയോപ്പതി, സിദ്ദ,യുനാനി,റെക്കി, എലക്‍ട്രോപ്പതി,നേച്ച്വറോപ്പതി, കാന്തചികിത്സ, ലാടവൈദ്യം,മന്ത്രവാദം,ഉറുക്കു,ഭസ്മം എന്നിങ്ങിനെ പഴയതും പുതിയതുമായി ഒട്ടനവധി ചികിത്സാവിധി കള്‍ക്ക് ഇന്നു പ്രചുരപ്രചാരം വര്‍ധിച്ചുവരികയാണ്. അലോപ്പതി സൈഡ് എഫക്റ്റ് ഉള്ളതാണെന്നും
അതിനാല്‍ അത് വര്‍ജ്ജിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ക്കും മുന്‍‌തൂക്കം ലഭിക്കുന്നുണ്ട്. ഒരു കാര്യം
എടുത്തുപറയേണ്ടതുണ്ട്, അലോപ്പതി എന്ന പദപ്രയോഗം ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്
ശാമുവല്‍ ഹാനിമാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കല്‍പ്പിച്ചു നല്‍കിയതാണ്. മോഡേണ്‍ മെഡിസിനു ഈ പേര്‍ അതിന്റെ വക്താക്കള്‍ ആരും നല്‍കിയതല്ല. അതുകൊണ്ട് അലോപ്പതി എന്നു
പറയുന്നത് ശരിയല്ല.തന്റെ ചികിത്സാരീതിക്ക് ഹോമിയോപ്പതി എന്നു നാമകരണം ചെയ്യാനുള്ള
അവകാശം അംഗീകരിക്കാം,എന്നാല്‍ മോഡേണ്‍ മെഡിസിനു അലോപ്പതി എന്നു പേര്‍ വിളിക്കാന്‍
അദ്ദേഹത്തിനു അവകാശമില്ലായിരുന്നു.

ഹോമിയോപ്പതിയില്‍ രോഗം,രോഗി എന്ന സങ്കല്പം ഇല്ല. രോഗഹേതുക്കളായ ഫംഗസ്സ്,ബാക്റ്റീരിയ,
വൈറസ്സ് തുടങ്ങിയ സൂക്ഷ്മജീവികളുമില്ല. ഒരാള്‍ക്ക് അയാളുടെ ദുര്‍ന്നടപടികള്‍ നിമിത്തം രോഗലക്ഷ
ണങ്ങള്‍ (symptoms) ആണുണ്ടാകുന്നത്. ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കി സമാനമായലക്ഷണങ്ങള്‍ അയാളില്‍ സൃഷ്ടിച്ചു നേരത്തെയുണ്ടായിരുന്ന ലക്ഷണങ്ങള്‍ ഇല്ലായ്മ ചെയ്യുക. ഇതാണ് ഹോമിയോ
ചികിത്സയുടെ സൈദ്ധാന്തികമായ അടിത്തറ. സമാനമായതിനെ സമാനമായത് കൊണ്ട് ഇല്ലാതാക്കു
ക. ഈ അര്‍ത്ഥത്തിലാണ് ഈ രീതിക്ക് ഹോമിയോപ്പതി എന്ന് ഹാനിമാന്‍ പേര്‍ നല്‍കിയത്. അദ്ദേ
ഹത്തിന്റെ രീതിക്ക് വിപരീതമായിരുന്നതിനാല്‍ ജര്‍മന്‍ ഭിഷഗ്വരനായിരുന്ന ഹാനിമാന്‍ മോഡേണ്‍
മെഡിസിന് അലോപ്പതി എന്നു പേരിടുകയും ചെയ്തു. സിസ്റ്റംസ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍സില്‍
ഹോമിയോപ്പതി ഉള്‍പ്പെടുത്തിയത് ഭരണാധികാരികളുടെ ഭാവനാരാഹിത്യം എന്നേ പറയാനാവൂ.
മാത്രമല്ല്ല, ഹോമിയോപ്പതിക്ക് ജന്മം നല്‍കിയ ജര്‍മനിയില്‍ ഈ ചികിത്സാ‍ാസമ്പ്രദായം ഇന്ന്
നിലവിലുണ്ടോ എന്നറിയില്ല. വെറും ഗ്ലൂക്കോസ് ഗുളികയില്‍ ഹോമിയോ ഡോക്റ്റര്‍ കണ്ടെത്തുന്ന
ലക്ഷണങ്ങള്‍ക്കനുസൃതമായി മദര്‍ ടിങ്ക്ചര്‍, പൊട്ടന്‍ഷ്യല്‍ കണക്കാക്കി നല്‍കുന്ന മരുന്ന് കൊണ്ട്
സര്‍വ്വരോഗങ്ങളും മാററാമെന്നു അവര്‍ അവകാശപ്പെടുന്നു. ഇന്ന് പക്ഷെ , പിടിച്ചു നില്‍ക്കാന്‍ വേണ്ടി
ചില വിരുതന്മാര്‍ ഹാനിമാന്റെ തിയറിക്ക് വിരുദ്ധമായി പുതിയ പുതിയ മരുന്നുകള്‍ സ്വയം നിര്‍മ്മിച്ച്
വിപണിയില്‍ ഇറക്കുന്നുണ്ട്. ഇത് വായിക്കാനിടയാവുന്ന ചിലര്‍ എതിര്‍ത്തേക്കാം. അവര്‍ ഹാനിമാന്റെ
സിദ്ധാന്തം അതായത് രോഗകാരികളായ സൂക്ഷ്മജീവികള്‍ ഒന്നുമില്ല എന്നത് സമര്‍ത്ഥിക്കാന്‍ തയ്യാറാ
വണം. പലരും ഇതൊന്നും അറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല.

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥമാണ് ആയുര്‍വ്വേദ ചികി ത്സയുടെ അടിസ്ഥാനം. ആ സിദ്ധാന്തപ്രകാരം ഈ പ്രപഞ്ചവും,പ്രകൃതിയും പഞ്ചഭൂത ( വായു,അഗ്നി,
ആകാശം,ജലം,മണ്ണ് ) ങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ശരീരവും ഇങ്ങിനെ പഞ്ചഭൂതനിമ്മിതമത്രെ.
ആയുര്‍വ്വേദവിധിപ്രകാരം രോഗങ്ങള്‍ വരാന്‍ കാരണം ത്രിദോഷങ്ങളുടെ (വാതം,പിത്തം,കഫം) അസന്തുലിതാവസ്ഥയാണ്. അതായത് ഈ ത്രിദോഷങ്ങള്‍ ശരീരത്തില്‍ സന്തുലിതമായിരിക്കുമ്പോള്‍
രോഗമൊന്നുമില്ല്ല.ഏതെങ്കിലും ഒന്ന് കൂടുകയോ,കുറയുകയോ ചെയ്താല്‍ രോഗഗ്രസ്ഥനാകുന്നു. ഈ ത്രി
ദോഷങ്ങളെ ക്രമീകരിക്കാനാണ് കഷായം,ലേഹ്യം,ചൂര്‍ണ്ണം,തൈലം,എണ്ണ എന്നിവ നല്‍കുന്നത്.
അങ്ങിനെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ ചികിത്സാരീതിക്ക് വമ്പിച്ച ജനപിന്തുണ
യും,പ്രചാരവും വര്‍ദ്ധിക്കുകയാണത്രെ. ആര്‍ക്കും ഏത് പേരിട്ടും സ്വന്തം മരുന്നു നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെയൊരു സൌകര്യം.ആയുര്‍വ്വേദത്തെത്തേടിവിദേശികള്‍ പോലുംവന്നുതുടങ്ങി പോലും.പാവം
ആധുനികവൈദ്യശാസ്ത്രത്തിന്റെ കഥ കഴിഞ്ഞത് തന്നെ. പറഞ്ഞു പറഞ്ഞു പറമ്പിലും,വഴിയിലും,നാടാ
യനാട്ടിലും,കാട്ടിലും ഉള്ളതെല്ലാം ഔഷധസസ്യങ്ങളാണെന്നാണു പറയപ്പെടുന്നത്. ഇതെല്ലാം ഏത്
പരീക്ഷണശാലയിലാണ് പരിശോധനാവിധേയമാക്കിയതെന്നോ, ആരാണ് തെളിയിച്ചതെന്നോ ചോദിക്കരുത്. ഇന്നേവരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതും എല്ലാം നമ്മുടെ
മഹര്‍ഷിമാര്‍ താളിയോല ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടത്രെ.

ആരോഗ്യവകുപ്പ് എന്നാല്‍ അലോപ്പതി ചികിത്സ മാത്രമാണെന്ന ധാരണ സര്‍ക്കാര്‍ മാററിയെടുക്കുമെന്നും നിലവിലുള്ള എല്ലാ ചികിത്സകളും സമന്വയിപ്പിച്ച് സങ്കരചികിത്സ നടപ്പാക്കുമെന്നും ഈയ്യിടെ ആരോഗ്യമന്ത്രി പ്രസ്ഥാവിക്കുന്നത് കേട്ടു.നല്ലതാണ് ഇക്കണക്കിന് പോയാല്‍ നമുക്ക് സൈഡ് എഫക്റ്റുള്ളമോഡേണ്‍മെഡിസിന്‍ വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല. ഒരു കാര്യം വ്യക്തമാണ് ,ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം വളര്‍ച്ച പ്രാപിച്ചതുകൊണ്ടാണ് അതിന്റെ തണലില്‍ മററ് ചികിത്സകള്‍(ഒരുപകാരമില്ലെങ്കിലും)നില നില്‍ക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഇല്ലാതെ ഒരു നിമിഷം ഇവിടെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ചികിത്സാരീതിക്ക് ഇങ്ങിനെ പറയാന്‍ കഴിയുമോ........ ?