മലയാളികളില്‍ ഇന്ന് ഏറിയ പങ്കും പ്രവാസികളാണ്. വിദേശങ്ങളില്‍ മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും ധാരാളം മലയാളി കുടുംബങ്ങള്‍ ജീവിച്ചു വരുന്നുണ്ട്. അത്കൊണ്ട് സോഷ്യല്‍ ഐഡന്റിറ്റിയുടെ പ്രാധാന്യം മലയാളികളെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. മനുഷ്യന് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ തന്നെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനാവശ്യമാണ് സോഷ്യല്‍ ഐഡന്റിറ്റി അഥവാ സാമൂഹികാസ്തിത്വം. നാട്ടില്‍ ജീവിയ്ക്കുന്നവര്‍ക്ക് അത് സ്വമേധയാ ലഭിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് ഇങ്ങനെയൊരാവശ്യം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അല്ലെങ്കിലും എന്താണ് തന്റെ ആവശ്യങ്ങള്‍ എന്ന് അധികമാരും ആലോചിക്കാറില്ല. സമൂഹത്തിന്റെ ഒഴുക്കില്‍ അങ്ങനെ ഒഴുകിപ്പോകുന്നു എന്ന് മാത്രം. അത്കൊണ്ടാണ് പല അനാവശ്യങ്ങളും ആവശ്യങ്ങളായി കരുതി ആളുകള്‍ പാട് പെടുന്നത്. എന്താണോ തനിക്ക് സംതൃപ്തി തരുന്നത് അതാണ് ഒരാളുടെ ആവശ്യം. എന്നാല്‍ മറ്റുള്ളവര്‍ക്കുള്ളത് ഒക്കെ അതിലധികം തനിക്കും വേണം എന്ന വെപ്രാളത്തില്‍ ഒന്നും മുഴുവനും നേടാനാകാതെയും സംതൃപ്തി കണ്ടെത്താനാകാതെയും ഉഴറുകയാണ് ആളുകള്‍ ഇന്ന്.