Links

കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപമല്ല ........


Noushad Koodaranhi
ഫേസ് ബുക്കിലെ ചാറ്റ്ഷോയില്‍  ഒരു ചോദ്യത്തിന് കൂടി മറുപടി പറയാനുണ്ടായിരുന്നു.  പ്രിയ സുഹൃത്ത് നൗഷാദ് കൂടരഞ്ഞി ആണ് ചോദ്യകര്‍ത്താവ്.  എന്തായാലും  എന്റെ ബ്ലോഗ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നു ഈ ചാറ്റ് ഷോ.  എനിക്ക് സ്വയം അനാവരണം ചെയ്യാന്‍ അവസരം നല്‍കിയ അതിന്റെ  സംഘാടകരോട് എനിക്കുള്ള കടപ്പാട് നിസ്സീമമാണ്.  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ  അംഗങ്ങള്‍ എന്നോട് വളരെ ആദരവാണ് കാണിക്കുന്നത്. എല്ലാ അംഗങ്ങള്‍ക്കും  എന്റെ സ്നേഹവും നന്ദിയും അറിയിക്കാനും ഈ അവസരം  വിനിയോഗിക്കട്ടെ.  കഴിയുന്നതും  എന്തിനെക്കുറിച്ചും  മുന്‍‌വിധിയില്ലാതെ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.  നമ്മിലേക്ക് വരുന്ന വിവരങ്ങള്‍ എല്ലാം  സത്യസന്ധമാകണമെന്നില്ല.  വിവരമാലിന്യങ്ങളും വര്‍ത്തമാന കാലത്തിലെ ഒരു പ്രതിഭാസമാണ്.  ഇനി ചോദ്യങ്ങ:ളിലേക്ക് :


പ്രിയ സര്‍, അല്പം വൈകിയതില്‍ ക്ഷമിക്കുക. താങ്കളെ പോലുള്ള ഒരാളോട് സംവദിക്കാന്‍ കഴിയുന്നതിലെ എന്റെ സന്തോഷം പങ്കു വെക്കട്ടെ...


1) എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ താങ്കളുടെ വ്യത്യസ്തമായ ലേഖനം വായിച്ചിരുന്നു..ഏറെ ബഹുമാനവും തോന്നി. യഥാര്‍ഥത്തില്‍ കൂടുതല്‍ ആളുകള്‍ പറയുന്നതാണ് ശരി എന്ന രീതിയിലല്ലേ മലയാളികള്‍ ചിന്തിക്കുന്നത്..?

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വരുന്നത്.  ആരെങ്കിലും ഒരു വിഷയം എടുത്തിടുന്നു. ഉടനെ എല്ലാവരും ഓടി വന്ന് ആ വിഷയം ഏറ്റെടുത്ത് കോറസ്സ് പോലെ പാടുന്നു. എല്ലാ കാര്യത്തിലും ഇത്പോലെ തന്നെയാണ് നടക്കുന്നത്.  സ്വന്തമായി ഒന്നിനെക്കുറിച്ചും ആളുകള്‍ ചിന്തിക്കുന്നില്ല.  അഥവാ ആരെങ്കിലും ഒറ്റപ്പെട്ട നിലയില്‍ ചിന്തിച്ച് അഭിപ്രായം പറഞ്ഞാല്‍ അത് എന്തോ ജനദ്രോഹമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നു. അത്കൊണ്ട് സ്വന്തമായ അഭിപ്രായം പറയാന്‍ ആളുകള്‍ മടിക്കുന്നു.  അത്കൊണ്ട് പൊതുജനാഭിപ്രായം എപ്പോഴും  ആള്‍ക്കൂട്ടത്തിന്റെ അര്‍ത്ഥശൂന്യമായ ആരവമായി മാറുന്നു.  ഞാന്‍ എന്റെ സ്വന്തം നിലയിലാണ് ചിന്തിക്കാറ്.  എന്‍ഡോസല്‍ഫാന്റെ കാര്യത്തില്‍ എന്റെ നിലപാട് സുചിന്തിതമാണ്.  കാസര്‍ഗോഡ് ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസല്‍ഫാന്‍ ആണെങ്കില്‍ അത് അമിതമായി പ്രയോഗിച്ചത്കൊണ്ടാണ്.  അതിന് നിരോധിക്കേണ്ട ആവശ്യം ഇല്ല.  അഥവാ നിരോധിച്ചാലും പ്രശ്നം തീരുകയില്ല.  കീടനാശിനികള്‍ ഇല്ലാതെ കൃഷി നടത്താന്‍ കഴിയില്ല.  ജൈവവാദികള്‍ക്ക്  പറഞ്ഞാല്‍ മതി. അവര്‍ക്ക് കൃഷി ചെയ്യേണ്ടല്ലൊ.  കീടനാശിനി കമ്പനികളെ സഹായിക്കുകയാണെന്ന് ചിലര്‍ പറയും.  കീടനാശിനികള്‍ ഉല്പാദിച്ച് വിതരണം നടത്താന്‍ പിന്നെ കമ്പനികള്‍ വേണ്ടേ?  എല്ലാ സംഗതികളും അങ്ങനെയാണ്.  കമ്പനികള്‍ ഇല്ലാതെ എന്തെങ്കിലും നടക്കുമോ?  പുരോഗമനം , മനുഷ്യത്വം എന്നൊക്കെ പറഞ്ഞാല്‍ എല്ലാറ്റിനെയും കണ്ണും പൂട്ടി എതിര്‍ക്കുക എന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.  അവനവന്‍ തന്നെ സ്വന്തമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക്  സംഗതികള്‍ മനസ്സിലാകും. നൗഷാദ് പറഞ്ഞത് തന്നെയാണ് ശരി. കൂടുതല്‍ ആളുകള്‍ പറയുന്നതാണ് ശരി എന്ന രീതിയിലാണ് മലയാളികള്‍ ചിന്തിക്കുന്നത്.

2) ഒരു മുന്‍ കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍...


A) പുതുതായി കമ്മ്യൂ ണിസത്തിലേക്ക് ആകൃഷ്ടരാവുന്നവരോട് എന്താണ് പറയാനുള്ളത്..?

കമ്മ്യൂണിസം ഒരു സിദ്ധാന്തം അല്ലെങ്കില്‍ പ്രായോഗിക ചിന്താപദ്ധതി എന്ന നിലയില്‍  ഇനി  ആരേയും ആകര്‍ഷിക്കുകയില്ല.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തന്നെ ആളുകള്‍ കൂടുതലുള്ള പാര്‍ട്ടിയില്‍ മാത്രമേ പുതുതായി ആളുകള്‍ ചേരുകയുള്ളൂ.  അത് കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള ഇഷ്ടം കൊണ്ടല്ല.  എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാ‍ഗമായി സുരക്ഷിതരാവുക എന്ന മന:ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്കൊണ്ടാണ്. സി.പി.ഐ. എന്ന പാര്‍ട്ടിയില്‍ ആരും ഇനി ചേരില്ല. എന്നാല്‍ സി.പി.എമ്മില്‍ ചേര്‍ന്നുകൊണ്ടേയിരിക്കും.  എന്തെന്നാല്‍ ആ പാര്‍ട്ടിയില്‍ ആളുകള്‍ക്ക് സുരക്ഷിതത്വം കിട്ടും. അത്കൊണ്ട് സി.പി.എം. എന്ന പാര്‍ട്ടിയെ നടത്തികൊണ്ടു പോകാ‍ന്‍ ആ പാര്‍ട്ടിക്ക് ഇന്ന് കമ്മ്യൂണിസം വേണ്ട.  ആള്‍ക്കൂട്ടം ചോര്‍ന്നുപോകാതെ നോക്കിയാല്‍ മതി.  വലിയ ആള്‍ക്കൂട്ടം എസ്റ്റാബ്ലിഷ് ആയാല്‍ അതിലേക്ക് സദാ ആളുകള്‍ ഒഴുകി വരികയും അത് നിലനില്‍ക്കുകയും ചെയ്യും.  ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് സമൂഹം ഒരു മൂവ്മെന്റ് എന്ന നിലയില്‍ സഞ്ചരിക്കാ‍ത്ത സാധാരണ അവസ്ഥയിലെ സ്ഥിതിയാണിത്.  കമ്മ്യൂണിസം ഇനി ഒരു മൂവ്മെന്റ് ആയി മാറാന്‍ പോകുന്നില്ല.  മാവോയിസ്റ്റുകള്‍ക്ക് ഇപ്പോഴുള്ള സ്വാധീനം ആ മേഖലയില്‍ ദാരിദ്ര്യവും അവികസിതാവസ്ഥയും ഉള്ളത്കൊണ്ടാണ്.  മാവോയിസം കൊണ്ടോ കമ്മ്യുണിസം കൊണ്ടോ അതിന് പരിഹാരം കാണാന്‍ കഴിയുകയുമില്ല.

B) അതിലെ മികച്ചത്, അതേ സമയം ഒരിക്കലും നടപ്പിലാവാത്തത് എന്ന് താങ്കള്‍ കരുതുന്ന ആശയങ്ങള്‍ എന്തെല്ലാമാണ്..?

ആ‍ശയങ്ങള്‍ എന്നത് നടപ്പിലാക്കാന്‍ പറ്റുന്ന സംഗതികള്‍ അല്ല എന്ന് തോന്നുന്നു. അത്കൊണ്ടാണ് നമ്മള്‍ ആശയങ്ങള്‍ എന്ന് പറയുന്നത്.  പ്രായോഗികമായത് എന്താണോ അതാണ് നടപ്പാവുകയും നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യുക.  പ്രായോഗികതയും ആശയങ്ങളും തമ്മില്‍ എപ്പോഴും  വൈരുധ്യമുണ്ടാവും.  കമ്മ്യൂണിസത്തിന്റെ പേരില്‍ നടന്നത് ചില രാജ്യങ്ങളില്‍ വിപ്ലവം എന്ന് അറിയപ്പെട്ട അധികാരം  പിടിച്ചുപറ്റലാണ്.  പിന്നീട് അവിടെയൊക്കെ കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം നടപ്പാകും എന്ന് കരുതപ്പെട്ടു.  സോഷ്യലിസം എന്നത് ഒരു ആശയമാണ്. അത്കൊണ്ട് തന്നെ അത് എവിടെയും നടപ്പിലാവുകയും ചെയ്തില്ല. ചൈനയില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടെങ്കിലും അവിടെയും സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല. ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍  മുതലാളിത്വം പ്രതിസന്ധിയില്‍ ആണെന്നും  സോഷ്യലിസം വരും എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.  അതൊന്നും ഒരിക്കലും പ്രായോഗികമല്ല.  ഇപ്പോള്‍ നോക്കുമ്പോള്‍ കമ്മ്യൂണിസത്തില്‍  മികച്ചത് എന്ന് തോന്നുന്നത് അതിലെ ആശയങ്ങള്‍ മാത്രമാണ്. നടപ്പിലാക്കാന്‍ ഒന്നുമില്ല.  ആശയങ്ങള്‍ മതങ്ങളിലുമുണ്ട്.  നല്ല ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കട്ടെ.  നമ്മള്‍ വെറും യന്ത്രങ്ങള്‍ ആയിപ്പോകാതിരിക്കാന്‍ ആശയങ്ങള്‍ നല്ലതാണ്.

C) അതിലെ ആശയങ്ങള്‍ക്ക് ഏതെല്ലാം മത ദര്‍ശനങ്ങളുമായി താങ്കള്‍ താദാത്മ്യം കാണുന്നു..?

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മത ദര്‍ശനങ്ങളുമായി യാതൊരു താദാത്മ്യവുമില്ല.  മനുഷ്യനെ കേവലം ഭൌതികസത്ത ആയിട്ടാണ് മാര്‍ക്സിസം കാണുന്നത്.  മതമാകട്ടെ മനുഷ്യനെ ആത്മീയതയുടെ തലത്തില്‍ ദൈവവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്.  കമ്മ്യൂണിസം  ഭൌതികേതരമായ ഒന്നിനെയും അംഗീകരിക്കുന്നില്ല. അത്കൊണ്ട് തന്നെ രണ്ടും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സമ്പത്തിന്റെ വികേന്ദ്രീകരണമാണ്  മാര്‍ക്സിസം മുന്നോട്ട് വെക്കുന്ന പ്രധാന സാമ്പത്തിക കാഴ്ചപ്പാട് എന്നത്കൊണ്ട് ഇസ്ലാമിസവുമായി താദാത്മ്യം ആരോപിക്കാമെങ്കിലും  അത് ഉപരിപ്ലവമായ സാമ്യം മാത്രമായിരിക്കും.  മാര്‍ക്സിസം ഹിംസയെ അടിസ്ഥാനപ്പെടുത്തിയ പ്രത്യയശാസ്ത്രമാണ്. അത്കൊണ്ടാണ് സ്റ്റാ‍ലിനെ പോലുള്ള ക്രൂരന്മാര്‍ അതിന്റെ നേതാക്കളാകുന്നത്.

D) യഹൂദനായിരുന്ന മാര്‍ക്സ് ഖുറാന്‍ വായിച്ചിരുന്നുവെങ്കില്‍ മത വിശ്വാസത്തിലധിഷ്ടിതമായ ഒരു പുതിയ ആശയം രൂപീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ എന്ന് നിരൂപിക്കുന്നവരുണ്ട്. താങ്കക്ക് എന്ത് തോന്നുന്നു.?

മാര്‍ക്സ് അടിസ്ഥാനപരമായി മനുഷ്യസ്നേഹിയാണ്. സമൂഹത്തില്‍ വര്‍ഗ്ഗപരമായ വിഭജനം മാത്രമാണ് അദ്ദേഹം നിരീക്ഷിച്ചത്.  മതപരമായി യഹൂദന്‍ എന്നോ കൃസ്ത്യന്‍ അല്ലെങ്കില്‍ ഇസ്ലാം അങ്ങനെ വേര്‍തിരിച്ച്  കാണാന്‍ മാര്‍ക്സിന് കഴിയുമായിരുന്നില്ല.  അത്കൊണ്ട് ഖുര്‍‌ആന്‍ വായിച്ചാലും ഇല്ലെങ്കിലും  അദ്ദേഹത്തിന് മത വിശ്വാസത്തിലധിഷ്ടിതമായ ഒരു  ആശയം രൂപീകരിക്കുവാന്‍ കഴിഞ്ഞിരിക്കും എന്ന് നിരീക്ഷിക്കാനുള്ള വകുപ്പ് കാണുന്നില്ല.

E) കമ്മ്യുണിസ്റ്റ് സംഘടനാ പാടവത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കോണ്ഗ്രസ് പാര്‍ടിയെ അഴിച്ചു പണിയണമെന്ന് താങ്കള്‍ക്കു തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും  കിടയറ്റതാണ് കമ്മ്യൂണിസ്റ്റ് സംഘടനാ പാടവം.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ കൃത്യമായ ഇടവേളകളില്‍ സംഘടനാതെരഞ്ഞെടുപ്പ് എങ്കിലും നടന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നാണാലോചിക്കുന്നത്.

F) ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന് യഥാര്‍ത്ഥ മത വിശ്വാസിയാകുവാന്‍ സാധിക്കുമോ..?

ഒരിക്കലും സാധ്യമല്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന്  ചൂഷകനും ചൂഷിതനും എന്ന് രണ്ട് വിധത്തിലുള്ള ആളുകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.  യഥാര്‍ഥ കമ്മ്യൂണിസം ലോകത്ത് നടപ്പാവുകയാണെങ്കില്‍  മതങ്ങള്‍ക്ക് പ്രസക്തി തന്നെ ഇല്ലാതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  കമ്മ്യൂണിസവും മതവിശ്വാസവും ഒരിക്കലും സഹവര്‍ത്തിക്കുകയില്ല.

3) താങ്കളുടെ ഒരു പോസ്റ്റില്‍ (മുസ്ലിം ലീഗിന് ഒരു സല്യൂട്ട്) ലീഗിന്റെ നല്ല വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മതേതര വാദികളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ വലിയ അളവ് വിജയിച്ച മുസ്ലിം ലീഗ് എന്ത് കൊണ്ടാണ് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാത്തത്..?

സ്വാതന്ത്ര്യസമരത്തിന്റെ  നാളുകളില്‍ മുസ്ലീം ലീഗ്  ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമായിരുന്നുവല്ലോ.  എന്നാല്‍ രാജ്യം വിഭജിക്കപ്പെടുകയും  പാക്കിസ്ഥാന്‍ രൂപീകൃതമാവുകയും ചെയ്തതോടെ  ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍  മുസ്ലീം ലീഗിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാവുകയായിരുന്നു എന്ന് പറയാം.  പിന്നീട് പുനരുജ്ജീവിക്കപ്പെട്ട മുസ്ലീം ലീഗ്, മുന്നണി രാഷ്ട്രീയത്തിന്റെ ആനുകൂല്യം പറ്റി കേരളത്തില്‍ മാത്രം വളര്‍ന്നു എന്ന് പറയുന്നതായിരിക്കും ശരി.  വിഭജനം നിമിത്തം  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീംങ്ങള്‍ക്ക്  വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ പോയി എന്നാണ് എനിക്ക് തോന്നുന്നത്.  പാക്കിസ്ഥാനില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ല.  അവിഭക്ത ഇന്ത്യയായിരുന്നുവെങ്കില്‍  മുസ്ലീം ലീഗ് ഇന്ത്യയില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ ശക്തിയാകുമായിരുന്നു.  എന്തായാലും  നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതും നല്ലതിന് എന്ന് സമാധാനിക്കുകയാണ് ശരി. കേരളത്തില്‍ വര്‍ഗ്ഗീയവികാരം വളരാതെ ഒരു ബാലന്‍സ് ഇവിടെ നിലനിര്‍ത്തിയത് മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഒരു കോട്ട പോലെ ഇവിടെ നിലനിന്നത്കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.  

ഞാനും ബ്ലോഗും ജീവിതവും ..... (നാലാം ഭാഗം)

[12122009021+copy.png] 
പ്രിയ സുഹൃത്ത്  നൗഷാദ് വടക്കേലിന്റേതാണ് അടുത്ത ചോദ്യം:

പ്രിയ സുകുമാരന്‍ സാര്‍ ,
താങ്കള്‍ എഴുതിയ ബ്ലോഗ്‌ പോസ്റ്റുകളില്‍ പിന്നീട് പിന്‍ വലിക്കണം
എന്ന് തോന്നിയ ഏതെങ്കിലും പോസ്റ്റ്‌ ഉണ്ടോ ?ഞാന്‍ എഴുതിയ ബ്ലോഗ്‌ പോസ്റ്റുകളില്‍ ചിലത് പിന്നീട്  പിന്‍‌വലിക്കണം എന്ന് തോന്നുകയും  അങ്ങനെ ചിലത് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  നിരീശ്വരവാദപരമായ ചില പോസ്റ്റുകള്‍ ആയിരുന്നു അത്. ഈ പ്രപഞ്ചത്തെ നിര്‍വ്വചിക്കാന്‍ മാത്രമുള്ള ബുദ്ധിശക്തി എനിക്കില്ല എന്ന വിനയം എനിക്ക് വൈകിയാണ് ഉണ്ടായത്.  മാത്രമല്ല മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അവരുടെ ഉണര്‍വ്വുകളെയും മാനിക്കണമെന്നും തോന്നി. തെറ്റും ശരിയും അവിടെ കിടക്കട്ടെ.  മനുഷ്യരുടെ വ്യാകുലതകളില്‍ എനിക്ക് അലിവ് തോന്നി. എന്റെ വാക്കുകള്‍ കൊണ്ട് വിശ്വാസികളുടെ മനസ്സ് വൃണപ്പെടരുത് എന്നും തോന്നി. എന്റെ ഈ നിലപാട് തെറ്റോ ശരിയോ എന്നറിയില്ല. പക്ഷെ മറ്റുള്ളവരുടെ ദു:ഖങ്ങള്‍ എന്നെ അലട്ടുന്നു.  അവരുടെ മന:ശാന്തിയാണ് എന്റെ പ്രശ്നം.  എന്റെ യുക്തിയേക്കാള്‍ അവരുടെ ഉല്‍ക്കണ്ഠകള്‍ എന്നെ തീവ്രമായി ബാധിച്ചപ്പോഴാണ് ചില പോസ്റ്റുകള്‍ മായ്ച്ച് കളഞ്ഞത്. അതിന് ശേഷം ഞാന്‍ യുക്തിവാദ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല.  പ്രായമാകുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് ചില യുക്തിവാദികള്‍ കളിയാക്കിയിട്ടുണ്ട്. ഞാന്‍ പക്ഷെ മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഇങ്ങനെ തീരുമാനമെടുത്തത്. 


നിരീക്ഷണപാടവമുള്ള , ചിന്തിക്കുകയും,സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തി എഴുതുകയും ചെയ്യുന്ന പല പുതു ബ്ലോഗേര്‍സിനെയും കമന്റുകളിലെ ജീവനില്ലായ്മ മടുപ്പിക്കുന്നു എന്ന് ഞാന്‍ നിരീക്ഷിച്ചാല്‍ ജീവനുള്ള കമന്റുകള്‍ എഴുതാറുള്ള താങ്കളുടെ പ്രതികരണം ..?


കമന്റുകള്‍ നമുക്ക് സന്തോഷം തരുമെങ്കിലും  കമന്റിന് വേണ്ടി എഴുതുമ്പോള്‍ ബ്ലോഗിന്റെ നിലവാരം കുറയുന്നുണ്ട്.  നമ്മള്‍ കമന്റുകള്‍ പ്രതീക്ഷിക്കരുത് എന്നാണ് എന്റെ അഭിപ്രായം. കിട്ടുന്നത് ബോണസ്സായി കരുതുകയും വേണം. ആളുകള്‍ വായിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. അതിന് ബ്ലോഗറിലെ തന്നെ സ്റ്റാറ്റ്സ് ശ്രദ്ധിച്ചാല്‍ മതിയല്ലൊ.  നമുക്ക് പറയാനുള്ളത് ആത്മാര്‍ത്ഥമായും സത്യസന്ധമായും പറയാനാണ് പോസ്റ്റുകളെയും കമന്റുകളെയും ഉപയോഗപ്പെടുത്തേണ്ടത്.  അങ്ങനെ വരുമ്പോള്‍ അത് ബ്ലോഗിന്റെ  മൊത്തത്തിലുള്ള ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കും. മറിച്ച് കമന്റിന്റെ പിറകെ പോയാല്‍  അവനവനിലെ സര്‍ഗ്ഗശക്തിയും മുരടിക്കും, ബ്ലോഗ് എന്ന മാധ്യമത്തിന്റെ നിലവാരവും തകരും.


മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ  പ്രധാന പേജില്‍ കാമ്പുള്ള , സാമൂഹിക പ്രതിബദ്ധതയുള്ള ,സാഹിത്യ ഭംഗി തുളുമ്പുന്ന,അതേ സമയം ഗ്രൂപ്പ് അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നു എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ?


മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍  സൌഹൃദാന്തരീക്ഷത്തില്‍  ചര്‍ച്ചകള്‍ നടക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതും ഒരുപാട് പേര്‍ തല്‍ക്ഷണം പ്രതികരിക്കുന്നതും റിപ്പോര്‍ട്ടര്‍ എന്ന ഗ്രൂപ്പിലാണ്. അവിടെ പക്ഷെ സഹിഷ്ണുതയോ പരസ്പരബഹുമാനമോ ഇല്ല. പലപ്പോഴും തെറി വിളിയും കാണാം. അത് കൊണ്ട് ഞാന്‍ ആ ഗ്രൂപ്പില്‍  ഇടപെടാറില്ല. നമ്മുടെ ഈ ഗ്രൂപ്പിലെ  ചാറ്റില്‍ സൌഹൃദവും  കുശലങ്ങളും പങ്ക് വയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്, ഞാന്‍ പങ്കെടുക്കുന്നില്ലെങ്കിലും


************************************************************************************************************************
കൊച്ചന്ന  എന്ന ബ്ലോഗ് എഴുതുന്ന അബ്ബാസ് അലി.


പ്രിയ സുകുമാരന്‍ സാര്‍,  താങ്കളുടെ പല പോസ്റ്റിനോടും വിയോജിപ്പുണ്ടെങ്കിലും ഞാന്‍ ബഹുമാനത്തോടെ കാണുന്ന ഒരാളാണ് താങ്കള്‍..

താങ്കളുടെ കമന്റു ബോക്സില്‍ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് ഒരുപാട് കമന്റുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ചില പോസ്റ്റുകള്‍ക്കെതിരെ ഞാന്‍ തന്നെ വിമര്‍ശനം എഴുതിയിട്ടും ഉണ്ട്. അത്തരം വിമര്‍ശനങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു..?

എന്റെ പോസ്റ്റുകളും കമന്റുകളും  വിമര്‍ശിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. എന്നാലേ എനിക്ക് എന്റെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ.   അത്തരം കമന്റുകളെ ഞാന്‍ സ്വാഗതം ചെയ്യാറുമുണ്ട്.  നാം നമ്മുടെ നിലപാടുകള്‍ ശരിയാണ് എന്ന വിശ്വാസത്തിലാണ് പറയുന്നത്. അതൊന്നും വ്യക്തിപരമായ കാര്യങ്ങളല്ല. അത്കൊണ്ട് തന്നെ പറയുന്നതിനെ വ്യക്തിപരമായി എടുക്കാന്‍ പാടില്ല.  വാദങ്ങളെ എതിര്‍വാദങ്ങള്‍ കൊണ്ട് നേരിടാനേ പാടുള്ളൂ. ചിലര്‍ എന്നെ വ്യക്തിപരമായി പരാമര്‍ശിച്ചുകൊണ്ട് അധിക്ഷേപിക്കുന്ന പോലെ  കമന്റ് എഴുതാറുണ്ട്. അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യാറുമുണ്ട്.


താങ്കള്‍ കടുത്ത ഇടതുപക്ഷ വിരോധിയാണ്‌ എന്ന് പോസ്റ്റുകളില്‍ നിന്നും വായിച്ചെടുക്കാം...എന്താണ് അതിനു കാരണം..വ്യക്തിപരമായ അനുഭവങ്ങള്‍ അതിനു കാരണമായിട്ടുണ്ടോ?..അതോ ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ നിന്നും വന്നതാണോ അതിനു കാരണം.. താങ്കളുടെ രാഷ്ട്രീയം എന്താണ്?


ഞാന്‍ ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ തന്നെയാണ് ജനിച്ചത്.  അക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തില്‍ വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്നേ കമ്മ്യൂണിസ്റ്റ്കാരില്‍  ആക്രമണോത്സുകത ഉണ്ടായിരുന്നു. എന്നാല്‍ മനുഷ്യസ്നേഹികളും ത്യാഗധനരുമായ ഒരുപാട് പ്രവര്‍ത്തകരും നേതാക്കളും ഉണ്ടായിരുന്നു.  പിന്നീ‍ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഞാന്‍ ആകൃഷ്ടനായി അവരോടൊപ്പം സഹകരിക്കാന്‍ തുടങ്ങി.  സി.പി.ഐ.യോടാണ് ആഭിമുഖ്യമുണ്ടായിരുന്നത്. അടിയന്തിരാവസ്ഥയില്‍  സി.പി.എമ്മിലേക്ക് പോയി.  പിന്നെപ്പിന്നെ മാര്‍ക്സിസ്റ്റുകാരുടെ പ്രവര്‍ത്തനശൈലി എനിക്ക് പിടിക്കാതെ വന്നു. എന്തും വെട്ടിപ്പിടിക്കുക എന്നതായിരുന്നു ശൈലി.  ആക്രമണം നടത്താന്‍ ഗുണ്ടാസ്വഭാവമുള്ള കേഡര്‍മാര്‍ വേറെ ഉണ്ടായിരുന്നു. ഭൂരിപക്ഷവും നല്ലവരും  സാമൂഹ്യപ്രതിബദ്ധതയുള്ളവരുമാണ്. പക്ഷെ കള്ളവോട്ട് , അക്രമങ്ങള്‍ , എതിരാളികളെ തേജോവധം ചെയ്യാന്‍ കുതന്ത്രങ്ങള്‍ ഒക്കെ എനിക്ക് അസഹ്യമായി തോന്നി.

പിന്നീട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ചരിത്രം പഠിച്ചപ്പോള്‍  പാര്‍ട്ടി ഏകാധിപത്യത്തിന്റെ കഥകള്‍ മനസ്സിലായി. അപ്പോഴേക്കും സോവിയറ്റ് യൂനിയനും കി.യൂറോപ്യന്‍ രാജ്യങ്ങളും കമ്മ്യൂണിസത്തില്‍ നിന്ന് കുതറി മാറുകയും ചെയ്തു. ടിയാനന്‍‌മെന്‍ സ്ക്വയര്‍ സംഭവം എന്നെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു.  ഇവിടെ സി.പി.എം. എന്ന പാര്‍ട്ടി പൂര്‍ണ്ണമായും കണ്ണൂര്‍ ലോബിയുടെ പിടിയില്‍ ആയപ്പോള്‍ അത് ഇനി നന്നാകില്ല എന്നും  ബോധ്യമായി. ഇതൊക്കെയാണ് എന്റെ ഇടത്പക്ഷ വിരോധത്തിന് കാരണം.

ഇപ്പോള്‍ കോണ്‍ഗ്രസ്സിനേക്കാളും മികവുള്ള ഒരു പാര്‍ട്ടിയെ ഇന്ത്യയില്‍ കാണാന്‍ കഴിയാത്തത്കൊണ്ട് ആ പാര്‍ട്ടിയോട് ആഭിമുഖ്യമുണ്ട്. കോണ്‍ഗ്രസ്സ് എത്ര മോശമായാലും നമ്മുടെ ദേശീയത, മതേതരത്വം, ജനാധിപത്യം എന്നിവ ആ പാര്‍ട്ടിയുടെ കൈയില്‍ ഭദ്രമാണെന്ന് ഞാന്‍ കരുതുന്നു.  ബി.ജെ.പി. ഇവിടെ ശക്തിപ്പെട്ടാല്‍ അത് നമ്മുടെ മതമൈത്രിയെ തകര്‍ക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.  സി.പി.എം.കാര്‍ക്ക്  ഇന്ത്യയെന്നാല്‍ പുച്ഛമാണെന്നും  ചൈന , ക്യൂബ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുണ്ടെന്നും  എനിക്ക് തോന്നുന്നു. അത് അവര്‍ വിശ്വസിക്കുന്ന സിദ്ധാന്തമനുസരിച്ചുള്ള പാര്‍ട്ടി അവിടങ്ങളില്‍ ഭരിക്കുന്നത്കൊണ്ടാവാം. 

താങ്കളുടെ ഒരു ദിവസം എങ്ങനെ ഉപയോഗിക്കുന്നു ?


എന്റെ ഒരു ദിവസം ശരിക്ക് പറഞ്ഞാല്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ തന്നെയാണ് ചെലവഴിക്കുന്നത്.  ഇതില്‍ മടുപ്പ് ഇല്ലാതില്ല.  എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്നുണ്ട്. നോക്കട്ടെ എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ. 


എന്നോടുള്ള ബഹുമാനത്തിന്  സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

**********************************************************************************
കഥകളോടും കവിതയോടും പ്രേമവും എന്തോ ഒരു ആത്മബന്ധവും  പുലര്‍ത്തുന്ന, മനസ്സിലുള്ളത് വെറുതെ കുത്തിക്കുറിച്ചിരുന്നു സ്വന്തം ഡയറിയില്‍, ആരും കാണാതെ ഒരു മൂലക്ക് ഒളിച്ചു വച്ചു, ഇപ്പോള്‍ സ്വന്തം ബ്ലോഗിലൂടെ ഇത് പബ്ലിഷ് ചെയ്യുന്ന സുഖം ആസ്വദിക്കട്ടെ എന്ന് സ്വയം പരിചയപ്പെടുത്തുന്ന റാണിപ്രിയ “ദേവൂട്ടി പറയട്ടെ..” എന്ന പേരില്‍ ബ്ലോഗ് എഴുതുന്നു.
                                            അര്‍ദ്ധനാരീശ്വരന്‍ (റാണിപ്രിയയുടെ ഒരു സ്കെച്ച്)


റാണിപ്രിയ: 2007 ഇല്‍ ബ്ലോഗിങ്ങ് തുടങ്ങി വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ നില്‍ക്കുന്ന മാഷോട് എനിക്ക് ചോദിക്കാനുള്ളത്
രാഷ്ട്രീയത്തിന്റെയോ പത്ര പ്രവര്തനത്തിന്റെയോ കാര്യങ്ങള്‍ അല്ല....മറിച്ച്‌ മാഷിലെ ആത്മീയ കാര്യങ്ങളെ ആണ്...

മാഷുടെ ബ്ലോഗിലെ രാമായണവും  അനുബന്ധ ഡൌണ്‍ലോഡ് ലിങ്കുകളും വളരെ പ്രയോജനപ്രദം ആയി..പക്ഷെ മാഷ്‌ ജ്യോല്‍സ്യത്തെ കുറിച് എഴുതിയതും വായിച്ചു ഇപ്പോള്‍ യന്ത്രങ്ങളും ഏലസ്സും ഒക്കെ ജപിച്ചു കെട്ടുന്നവര്‍ തന്നെയാണ്അതിനെകുറിച്ച് പുറമേ വളരെ മോശമായി പറയുന്നതും....നമുക്ക് കാണാന്‍ സാധിക്കും സമൂഹത്തിലെ ഉന്നതന്മാരാണ് ഇപ്പോള്‍ രഹസ്യമായി ജപിച്ചു കെട്ടാന്‍ പോകുന്നവരില്‍ ഏറെഅതിനെക്കുറിച്ച് മാഷുടെ അഭിപ്രായം കൂടാതെ മാഷിന്റെ മകളുടെ കല്യാണത്തിന് ജാതകം നോക്കിയിരിന്നില്ല എന്ന് പറയാന്‍ സാധിക്കുമോ? 
ആത്മീയ കാര്യങ്ങള്‍ എത്രത്തോളം എന്നറിയാന്‍ താല്പര്യം...


ഞാന്‍ ആത്മീയതയും വേദാന്തവും  ഒക്കെ ഉള്‍ക്കൊണ്ടുകൊണ്ടാണ് വളര്‍ന്നത്.  ജീവിതത്തിന്റെ എല്ലാ സമസ്യകള്‍ക്കും ഉത്തരങ്ങള്‍ ആത്മീയതയിലാണ് കണ്ടെത്തിയിരുന്നത്.  നാം ഹിന്ദുക്കള്‍ക്ക് മറ്റ് സെമറ്റിക്ക് മതങ്ങളെ പോലെ ഒരേയൊരു പ്രാമാണിക ഗ്രന്ഥം ഇല്ല എന്നറിയാമല്ലോ. ഹിന്ദുക്കള്‍ക്ക് വിശ്വാസങ്ങള്‍ക്ക് പരിധിയുമില്ല.  ഒരിക്കല്‍  ചെങ്കുത്തായ മലമുകളിലുള്ള ഒരു അമ്പലത്തില്‍ പോയിരുന്നു.  എന്തിനാണ് ഭക്തന്മാര്‍ ഞാനടക്കം ഇത്രയും കഷ്ടപ്പെട്ട് മലകയറി പ്രാര്‍ത്ഥിക്കാന്‍ വരുന്നത് എന്ന് ഒരു നിമിഷം ആലോചിച്ചു.  പരാതിയും പരിഭവങ്ങളും ദൈവത്തോട് പറയാനും തന്റെ ആവശ്യങ്ങളുടെ പട്ടിക നിരത്താനും. മറ്റെന്തിന്?  ആലോചിച്ചപ്പോള്‍ അങ്ങനെയൊരു ദൈവം ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ എന്ന് തോന്നി.   പിന്നീട് ധാരാളം സയന്‍സ് പുസ്തകങ്ങളും  കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളും ഒക്കെ വായിച്ച് ഞാനൊരു യുക്തിവാദിയും ദൈവനിഷേധിയുമായി. ഈ അടുത്ത കാലത്ത് എന്റെ ചിന്തയില്‍ മാറ്റമുണ്ടായി.  വിശ്വാസം മനുഷ്യന് നല്‍കുന്ന മന:ശാന്തിയെക്കുറിച്ചാണ് ചിന്തിച്ചത്.  ആ വിശാസ്വം ഇല്ലെങ്കില്‍  എത്രയോ പേര്‍ക്ക് വിശ്വാസരാഹിത്യം മൂലം കടുത്ത വിഷാദരോഗം ബാധിക്കുമെന്ന് എനിക്ക് മനസ്സിലായി.  വിശ്വാസം ഒരു ഔഷധമാണെന്നും ബോധ്യമായി.  യുക്തിയെ ഞാന്‍ ഉപേക്ഷിച്ചു.  ജീവിതത്തെ യുക്തികൊണ്ട് വ്യാഖ്യാനിക്കാന്‍ പറ്റില്ല.  ഒരു വിശ്വാസത്തെയും  എതിര്‍ക്കേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ എന്റെ നിലപാട്.  ആ വിശ്വാസം അയാള്‍ക്ക് സമാധാനം തരുന്നുണ്ടോ എന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്.  പ്രപഞ്ചത്തെക്കുറിച്ച്  ഒന്നുമറിയില്ല എന്നതാണ് ഇപ്പോഴത്തെ എന്റെ അറിവ്.  സയന്‍സ് കൊണ്ട് നമുക്ക് ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും വ്യാഖ്യാനിക്കാം. എന്നാല്‍  ജീവിതത്തിന് അതിനുമപ്പുറത്ത് ഉത്തരം കിട്ടാത്ത ഒരു സമസ്യയുണ്ട്. ആ അജ്ഞതയാണ് ഇന്നെന്റെ ആത്മീയത.  ഭൌതിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ആസക്തികള്‍ക്കും എന്റെ ആത്മീയതയുമായി ബന്ധമില്ല.


ഹിന്ദുക്കളുടെയിടയില്‍ വിശ്വാസങ്ങള്‍ക്ക് പരിധിയില്ല എന്ന് പറഞ്ഞല്ലോ. അതില്‍ പെട്ടതാണ് ജ്യോതിഷം , ജാതകം,  ഏലസ്സുകള്‍ ,  വിവിധ  ആവശ്യപരിഹാര യന്ത്രങ്ങള്‍,   വാസ്തു എന്നിവയൊക്കെ.  ഈ വിശ്വാ‍സങ്ങളെല്ലാം  ആത്മീയതയുടെ ഭാഗമല്ല മറിച്ച് ദൈനംദിന ജീവിതത്തിലെ ആസക്തികളുമായി ബന്ധപ്പെട്ടതാണ്.  അത്കൊണ്ട് തന്നെ ഇത്തരം വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാണ്.  ഇതില്‍ പലതും  നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഗ്രീക്ക് നാട്ടില്‍ നിന്ന് ഇവിടെയെത്തി പ്രചരിച്ച വിശ്വാസങ്ങളാണ്.  ജീവിതത്തില്‍ സഹജമായ അനിശ്ചിതത്വമാണ് ഈ വിശ്വാസങ്ങളില്‍ അഭയം പ്രാപിക്കാന്‍ ആധുനികമനുഷ്യനെയും പ്രേരിപ്പിക്കുന്ന ഘടകം.  അനിയന്ത്രിതമായ ആസക്തികളും കാരണമാണ്.  എന്റെ അഭിപ്രായത്തില്‍ മനുഷ്യന്‍ ദൈവത്തില്‍ മാത്രം വിശ്വസിച്ചാല്‍ മതിയായിരുന്നു.  എവിടെയും ദൈവത്തെ കാണാനും ശീലിച്ചാല്‍ മതിയല്ലൊ.


മാഷുടെ "ശിഥില ചിന്തകള്‍ " എന്ന ബ്ലോഗ്‌ നെയിമിനെ വിരോധാഭാസം എന്ന് തോന്നത്തക്ക രീതിയിലല്ലേ മാഷുടെ ചിന്തകള്‍ ?


എന്റെ ചിന്തകളുടെ ആധികാരികതയില്‍ എനിക്ക് തന്നെ ഉറപ്പ് പോരാത്തത്കൊണ്ടാണ് ബ്ലോഗിന് ശിഥില ചിന്തകള്‍ എന്ന് പേരിട്ടത്.  ബ്ലോഗിലൂടെ ഞാന്‍ വായനക്കാരെ പഠിപ്പിക്കുകയോ ഉപദേശിക്കുകയോ അല്ല ചെയ്യുന്നത്. അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുക മാത്രമാണ്.


അഞ്ചരക്കണ്ടിയുടെ അഭിമാനമായ (എന്റെ സിരകളിലും കണ്ണൂര്‍ രക്തം ) മാഷിന്റെ ബ്ലോഗ്‌ വായിച്ചു എപ്പോള്‍ തീര്‍ക്കുമെന്ന ചിന്തയില്ലാണ് ഞാന്‍.
ഇത് കൂടാതെ വേറെയും 2 ഇല്‍ കൂടുതല്‍ ബ്ലോഗിന് സൃഷ്ടി കര്‍മം നടത്തിയെന്ന് കണ്ടു അത് തുടരുന്നുണ്ടോ എന്ന് അറിയാന്‍ മോഹം..

വേറെയും രണ്ട് ബ്ലോഗുകള്‍ ഉണ്ട്. ഒന്ന് എന്റെ കമന്റുകള്‍ സൂക്ഷിച്ചു വെക്കാനുള്ള കമന്റ് ബോക്സ്. മറ്റൊന്ന് ജനകീയശാസ്ത്രം.  ശാസ്ത്രബ്ലോഗ് തുടര്‍ന്ന് എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.  ബുദ്ധിപരവും ചിന്താപരവുമായി കൂടുതല്‍ അധ്വാനം ആവശ്യമായത്കൊണ്ട് അതങ്ങനെ നീണ്ടുപോയി. ഇനി അത് തുടര്‍ന്ന് എഴുതുമോ എന്ന് പറയാന്‍ കഴിയില്ല.

നാലു കൊല്ലമായി തുടര്‍ന്ന് പോസ്റ്റുകളും കമന്റുകളും എഴുതി ബ്ലോഗില്‍ നില്‍ക്കുന്നു എന്നല്ലാതെ ഈ രംഗത്ത് വെന്നിക്കൊടി നാട്ടിയതായി എനിക്ക് തോന്നിയിട്ടില്ല.  തുടര്‍ന്നുള്ള വായനയ്ക്ക് നന്ദിയും നാട്ടുകാരി എന്ന നിലയ്ക്ക് വാത്സല്യവും അറിയിക്കട്ടെ.
*****************************************************************
Shaju Ath
ഷാജു  ചോദിക്കുന്നു :

ബ്ലോഗര്‍മാര്‍ക്ക് എന്താ ഒരു സംഘടന ആയിക്കൂടേ,അതിന് വേണ്ടി ഒരു ഇനിയും ചിന്തിച്ചുകൂടേ?


തീര്‍ച്ചയായും  ബ്ലോഗര്‍മാര്‍ക്ക്  സംഘടന ഉണ്ടാക്കുന്നതിനെ പറ്റി ഇനിയും ചിന്തിക്കാവുന്നതാണ്.  താല്പര്യമുള്ളവര്‍ മുന്നോട്ട് വന്നാല്‍ മതി.  താല്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാലും മതി. ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യവുമില്ല.  എന്റെ ഭാഗത്ത് നിന്ന് അത്തരമൊരു സംരംഭത്തിന് ധാര്‍മ്മിക പിന്‍‌തുണ ഉണ്ടാകും. ഭാരവാഹിത്വം ഒന്നും ഏല്‍ക്കുകയില്ല.  ഈ ഗ്രൂപ്പില്‍ പെട്ടവര്‍ക്കും മുന്‍‌കൈ എടുക്കുകയോ അല്ലെങ്കില്‍ ഗ്രൂപ്പ് മൊത്തം റജിസ്റ്റേര്‍ഡ് സംഘടനയാക്കി പരിവര്‍ത്തിപ്പിക്കാവുന്നതുമാണല്ലോ.
*************************************************************
സമീര്‍ തിക്കോടി : 
സുകുമാര്‍ ജീ , താങ്കളുടെ ഒട്ടു മിക്ക പോസ്റ്റുകളും വായിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ താങ്കള്‍ എഴുതുന്ന പോസ്റ്റുകള്‍ താങ്കള്‍ പറഞ്ഞ പോലെ തന്നെ യുക്തി വാദ - നാസ്തിക വിഷയങ്ങള്‍ വിഷയീകരിച്ചായിരുന്നു . പിന്നീടുള്ള ചില പോസ്റ്റുകള്‍ താങ്കള്‍ ഒരു മത വിശ്വാസി എന്ന നിലയിലേക്ക് വന്നു എന്ന് പറഞ്ഞാല്‍ സത്യം ആണോ ? അതോ ഏതെങ്കിലും മതത്തില്‍ ഇപ്പോഴും വിശ്വാസം ഇല്ല എന്ന് തന്നെയാണോ ?  ചില പോസ്റ്റുകള്‍ ജമാഅത്തിനെ അനുകൂലിച്ചും പുകഴ്ത്തിയും എഴുതുകയുണ്ടായല്ലോ ? താങ്കളുടെ മതനിരാസ ചിന്ത മാറ്റി മറിക്കുന്നതില്‍ അവരുടെ പങ്കു വല്ലതും.. ?


മതം മനുഷ്യന്  ഇന്ന് ആവശ്യമുണ്ട്, ആ നിലയില്‍  മനുഷ്യര്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളേയും ഞാന്‍ ആദരിക്കുന്നു . ഇതാണ് എന്റെ ഇപ്പോഴത്തെ എന്റെ മതം സമീര്‍.   ശരിക്ക് പറഞ്ഞാല്‍ ശ്രീ നാരായണ ഗുരു പറഞ്ഞ ഒരു ജാതി,ഒരു മതം, ഒരു ദൈവം മനുഷ്യന്  എന്നതിനോടാ‍ണ് എനിക്ക് യോജിപ്പ്. എല്ലാം ഒന്ന് മതി.  ഒരു ലോകം, ഒരു ഗവണ്മേണ്ട്, ഒരു പൌരത്വം അങ്ങനെയങ്ങനെ.  അതൊന്നും നടക്കാത്തതിന്റെ പേരില്‍ ആരോടും കലഹിക്കാന്‍ ഞാനില്ല.  ഞാന്‍ പക്ഷെ എല്ലാം ഒന്നാ‍യി കാണുന്നു.

ജമാ‌അത്തെ ഇസ്ലാമിക്കാര്‍ മതരാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി പൊയ്മുഖം അണിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്  എന്ന ആരോപണത്തെയാണ് ഞാന്‍ യുക്തിയുക്തം എതിര്‍ത്തത്.  അവരോട് ഇടപഴകുമ്പോള്‍ അവരുടെ വിനയവും ആത്മാര്‍ത്ഥതയും  ആര്‍ജ്ജവവും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.  എന്റെ മതനിരാസചിന്തയെ മാറ്റുന്നതില്‍ അവരുടെ സ്വാധീനം ഇല്ല.  മനുഷ്യനോട് ഞാന്‍ കൂടുതല്‍ അടുത്തത് കൊണ്ട് എനിക്കുണ്ടായ മനം മാറ്റമായി കണ്ടാല്‍ മതി.
**************************************************************
എന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ശ്രീജിത് കൊണ്ടോട്ടി. ഞങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും വിയോജിപ്പുകളും ചിലതിലൊക്കെ യോജിപ്പുമുണ്ട്. എന്നാലും എന്തോ ഒരു അദൃശ്യമായ ബന്ധം ഞങ്ങളുടെയിടയില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

ശ്രീജിത്തിന്റെ ചോദ്യം ഏറെ പ്രസക്തമായിരുന്നു:

ബഹുമാന്യ ബ്ലോഗ്ഗര്‍ ശ്രീ.കെ.പി സുകുമാരന്‍ സാര്‍, നമസ്കാരം!


അങ്ങയുടെ ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരന്‍ ആണ് ഞാന്‍. അങ്ങയുടെ "ശിഥില ചിന്തകള്‍" ബ്ലോഗ്ഗില്‍ വരുന്ന വിമര്‍ശനങ്ങളോടും, ഉന്നയിക്കുന്ന വിമര്‍ശകരോടും അങ്ങേക്കുള്ള മനോഭാവം എങ്ങനെ ഉള്ളതാണ്? വിമര്‍ശനങ്ങള്‍ ആണ് പ്രശംസയെക്കാള്‍ ഒരു എഴുത്തുകാരന് മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത് എന്ന് അന്തരിച്ച പ്രമുഖ സാഹിത്യ നിരൂപകന്‍ എം. കൃഷ്ണന്‍നായര്‍ സാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അനുമോദനങ്ങളെ സഹര്‍ഷം സ്വീകരിക്കുമ്പോള്‍ വിമര്‍ശനങ്ങളെ പലപ്പോഴും അവഗണിക്കുന്നത് എതിര്‍വാദങ്ങള്‍ കഴമ്പില്ലാത്തതിനാലോ അല്ലെങ്കില്‍ അവയെല്ലാം ഒറ്റതിരിഞ്ഞുള്ള ആക്രമണം ആയി കാണുന്നതിനാലോ ആണോ?

പ്രിയ ശ്രീജിത്,  തീര്‍ച്ചയായും  എഴുത്തുകാരന്  പ്രശംസയെക്കാളും വിമര്‍ശനങ്ങളാണ് എന്ത് കൊണ്ടും ഗുണം ചെയ്യുക.  പ്രശംസ കൊണ്ട് നൈമിഷികമായ സന്തോഷം തോന്നുമെങ്കിലും എഴുത്തുകാരനിലെ സര്‍ഗ്ഗാത്മത  വികസിക്കാന്‍ അത് ഒരു തരത്തിലും സഹായിക്കുകയില്ല. എന്നാല്‍ വിമര്‍ശനം  ധിഷണയുടെ മൂര്‍ച്ച കൂട്ടാന്‍ ഉപകരിക്കും.  വിമര്‍ശിക്കപ്പെടാത്ത ഏതൊരാളും അയാളുടെ മേഖലയില്‍ വളര്‍ച്ച പ്രാപിക്കുകയില്ല.  ബ്ലോഗിനെ സംബന്ധിച്ച്  വിമര്‍ശനാത്മകമായ കമന്റ്  വരുമ്പോള്‍  തന്റെ നിലപാട് ഒന്നുകൂടി വിശദമാക്കാനും അരിക്കിട്ടുറപ്പിക്കാനും  സാധിക്കുന്നു. അഥവാ തെറ്റായ നിലപാ‍ടാണ് പോസ്റ്റില്‍  എഴുതിയിരുന്നുവെങ്കില്‍ സ്വയം വിമര്‍ശനം ചെയ്യാനും തിരുത്താനും സഹായിക്കുന്നു.  ഇങ്ങനെയുള്ള കമന്റുകളെ ഞാന്‍ സ്വാഗതം ചെയ്യാറുണ്ട്.

എന്നാല്‍ ചിലര്‍ വ്യക്തിപരമായി പരാമര്‍ശിച്ചുകൊണ്ട്  കമന്റ് എഴുതുമ്പോള്‍ ഞാനത് നിഷ്ക്കരുണം  ഡിലീറ്റ് ചെയ്യാറുണ്ട്.  ഉദാഹരണത്തിന്  വിഡ്ഢിത്തം, വിവരക്കേട്  എന്നിങ്ങനെയുള്ള പ്രയോഗം പോലും ഞാന്‍ വെച്ചുപൊറുപ്പിക്കാറില്ല.  എന്തെന്നാല്‍ വിമര്‍ശകന്‍ എഴുത്തുകാരനെ അളക്കാന്‍ നില്‍ക്കരുത്. വിയോജിപ്പുള്ള നിലപാടുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തുക മാത്രമേ ചെയ്യാവൂ.  എതിര്‍ചേരിയിലാണെങ്കില്‍ പോലും  എഴുത്തുകാരനെ തന്നെപ്പോലെ സമാനനായി കാണാന്‍ വിമര്‍ശകന് കഴിയണം. മറിച്ചും അങ്ങനെ തന്നെ.

ബ്ലോഗിലാണെങ്കില്‍  ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പ്രവണതയുണ്ട്. ഞാനത് വകവെച്ചു കൊടുക്കാറില്ല.  ചിലര്‍ക്ക് ചില കാര്യങ്ങളില്‍ ഉള്ള എതിര്‍പ്പ്  ബാഹ്യസ്രോതസ്സുകളില്‍ നിന്ന് ഫീഡ് ചെയ്യപ്പെട്ടതാണ്.  അത്തരക്കാര്‍ക്ക്  കൊഞ്ഞനം കുത്താനേ അറിയൂ.  മൌലികമായി ചിന്തിക്കാന്‍ കഴിയില്ല.  അങ്ങനെയുള്ളവരെ എന്റെ ബ്ലോഗില്‍ ഞാന്‍ അടുപ്പിക്കാറില്ല.  എതിര്‍വാദങ്ങളില്‍  കഴമ്പില്ല എന്ന് തോന്നുമ്പോഴും  ചര്‍വ്വിതചര്‍വ്വണം വേണ്ടി വരുന്ന അവസരങ്ങളിലും  ചില കമന്റുകള്‍  അവഗണിക്കാറുണ്ട്.  ആക്രമണങ്ങളെ പറ്റി വേവലാതിപ്പെടാറില്ല.

(അഭിമുഖം അവസാനിക്കുന്നു)

ഞാനും ബ്ലോഗും ജീവിതവും ..... (മൂന്നാം ഭാഗം)

ചാറ്റ് ഷോയില്‍  അടുത്ത ചോദ്യം  ചോദിച്ചത്  പാവം കുഞ്ഞാക്കയാണ്. ഫസലുല്‍ എന്നാണ് യഥാര്‍ഥ പേര്.   ഫോട്ടോഷോപ്പ്  എ.പി.സ്കൂളിലെ ഹെഡ്മാഷാണ് പുള്ളി


ഇന്നിന്റെ കേരള രാഷ്ട്രീയത്തില്‍ പൊതുജനസേവനം മാത്രം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവൂള്ളതായി താങ്കള്‍ വിശ്വസിക്കുന്നുവോ ? 


ഉത്തരം : രാഷ്ട്രീയത്തില്‍  പൊതുവെ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കിലും  പൊതുജന സേവനം  നേതാക്കള്‍ ലക്ഷ്യം വെക്കുന്നില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  രാഷ്ട്രീയക്കാരെ കൊള്ളാത്തവര്‍ എന്നൊരു ചിന്ത പൊതുസമൂഹത്തില്‍  വളര്‍ന്നു വരുന്നുണ്ട്. ആ രീതിയില്‍ ഞാനും ബ്ലോഗില്‍ എഴുതാറുണ്ട്. എന്നാല്‍ നമുക്ക് രാഷ്ട്രീയത്തെയും രാഷ്ട്രീയനേതാക്കളെയും അങ്ങനെ തള്ളിപ്പറയാന്‍ കഴിയില്ല.  ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ നേതാക്കളും കൂടിയേ തീരൂ.  ജനങ്ങള്‍ വിചാരിച്ചാല്‍ നല്ല നേതാക്കളെ  സൃഷ്ടിക്കാന്‍ കഴിയും.  തെറ്റ് കണ്ടാല്‍ അത് സ്വന്തം പാ‍ര്‍ട്ടി നേതാവായാലും തുറന്ന് വിമര്‍ശിക്കാനുള്ള ആര്‍ജ്ജവം അണികള്‍ക്ക് ഉണ്ടായാല്‍ പാര്‍ട്ടികളും നേതാക്കളും നന്നാവും.  നമ്മളാണ് നേതാക്കളെ മോശമാക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. ഓരോ നേതാവും എന്തെങ്കിലുമായി നല്ല കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ടാവാതിരിക്കില്ല.  
വെറുപ്പിന്റെ രാഷ്ട്രീയം മാറ്റി  സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടുകൂടി രാഷ്ട്രീയത്തെ കാണാന്‍ നമ്മള്‍ ശീലിക്കലാണ് പ്രധാനം.
**************************************************************************************
Sundar Raj Sundar
സുന്ദര്‍ രാജ് സുന്ദര്‍ എന്ന ബ്ലോഗര്‍ പറയുന്നു :

സര്‍ വണക്കം. ഒരു ചോദ്യം മാത്രം ..... ധാരാളം അനുഭവങ്ങളിലൂടെ കടന്നുപോയ അങ്ങക്ക്‌ ജീവിതം എന്താണ് ? ഒരു അവസരം കൂടി ലഭിച്ചാല്‍ എവിടെ എങ്ങിനെ ജീവിക്കാനാണ് ഇഷ്ടം?

ഈ ചോദ്യത്തിന്  എനിക്ക് വളരെ സുദീര്‍ഘമായ മറുപടി പറയാനുണ്ടായിരിന്നു.  അത് ഏറെക്കുറെ ദാര്‍ശനികവും ആവും.  ഞാന്‍ പക്ഷെ ചുരുക്കിയിട്ടാണ് പറഞ്ഞത്. ഇങ്ങനെ :

ജീവിതം  എന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍  എന്തൊക്കെയാണ് ചെയ്യുന്നത്,  അതിന്റെയൊക്കെ ആകെത്തുകയാണ് ജീവിതം എന്നേ പറയാന്‍ കഴിയൂ.  ജീവിതത്തിന്റെ അര്‍ത്ഥം കുറെക്കാലം ഞാന്‍ അന്വേഷിച്ചിട്ടുണ്ട്.  തൃപ്തികരമായ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.  ജനിച്ചത് കൊണ്ട് ജീവിയ്ക്കുന്നു എന്ന ന്യായീകരണമാണ് എന്റെ ജീവിതത്തിന് എനിക്ക് കിട്ടിയത്.  എന്നാല്‍ ഈ ഉത്തരം നിരാശ പടര്‍ത്തുന്നതാകയാല്‍ ജീവിതം  അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു.  ആ ശ്രമത്തിന്റെ  ഭാഗമായിരുന്നു എന്റെ കുടുംബം.  എനിക്ക്  കൊക്കില്‍ ഒതുങ്ങുന്നത് മാത്രം ആഗ്രഹിച്ചു.  എല്ലാ മോഹങ്ങള്‍ക്കും പരിധി കല്‍പ്പിച്ചുകൊണ്ട് മോഹഭംഗങ്ങളെ എപ്പോഴും അകറ്റി. ഈ ആയുസ്സ് പൂര്‍ത്തിയാക്കുന്നത് വരേക്കും ഒരു വര്‍ഷത്തേക്കും ഒരു ദിവസത്തേക്കും ഓരോ മണിക്കൂറിലേക്കും  പ്ലാന്‍ തയ്യാറാക്കി. അത് പ്രാവര്‍ത്തികമാക്കി.  ഒന്നും ബാക്കി വയ്ക്കരുത് എന്നെനിക്ക് നിര്‍ബന്ധമായിരുന്നു.  അടുത്ത നിമിഷം നമുക്ക് അവകാശപ്പെടാന്‍ കഴിയുന്നതല്ലല്ലോ.  അങ്ങനെയാണ് ഞാന്‍ ജീവിതം ചെലവഴിച്ചത്.  പിന്നെയും സമയം ബാക്കി കിട്ടി. ആ സമയമാണ് ഇപ്പോള്‍ ഓണ്‍‌ലൈനില്‍ ചെലവാക്കുന്നത്.

ഒരു അവസരം കൂടി ലഭിച്ചാല്‍ എവിടെ എങ്ങിനെ ജീവിക്കാനാണ് ഇഷ്ടം എന്ന്  ചോദിച്ചാല്‍  നമ്മുടെ ഇഷ്ടങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്.  ഈ ജീവിതം തന്നെ ഇഷ്ടപെട്ട പോലെ അല്ലല്ലോ നമുക്ക് ലഭിച്ചത്.  എന്നിട്ടും നമ്മള്‍ ഇവിടെ ഇങ്ങനെ ജീവിക്കുകയും ഈ ജീവിതത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.  ഇഷ്ടപ്പെടുന്നത് ഈ ജീവിതത്തില്‍ കിട്ടിയോ എന്ന് ചോദിച്ചാല്‍ കിട്ടിയത് ഇഷ്ടപ്പെട്ടു എന്നേ നമുക്ക് പറയാന്‍ കഴിയുകയുള്ളൂ.  അത്കൊണ്ട്  ഇനി ഒരവസരം കൂടി ലഭിക്കുകയാണെങ്കില്‍ കിട്ടുന്നത് ഇഷ്ടപ്പെടാനല്ലേ കഴിയുകയുള്ളൂ.  എന്നിരുന്നാലും ഈ ജീവിതം നമ്മെ വളരെ പ്രലോഭിപ്പിക്കുന്നുണ്ട്. ഇനി ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ അതും എവിടെ, എങ്ങനെയായാലും പ്രലോഭനീയം തന്നെ ആയിരിക്കും എന്ന് കരുതുന്നു.

*******************************************************************

Mohamad Imthiyaztk
അടുത്ത ചോദ്യം  ആചാര്യന്‍   എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ഇംതിയാസിന്റേതായിരുന്നു. പുള്ളിക്കാരന്‍ തന്നെയാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടതും  എന്നെ ഈ ചാറ്റ് ഷോയ്ക്ക് ക്ഷണിച്ചതും.  അതിന് മുന്‍പ് നൌഷാദ് വടക്കേലും  ഇതില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.  നൌഷാദിന്റെ ചോദ്യം അന്യത്ര ചേര്‍ക്കുന്നുണ്ട്.

ഇംതിയാസിന്റെ ചോദ്യം:


സുകുമാരന്‍ സാര്‍ , ഈ പംക്തിയില്‍ സംബന്ധിക്കാം എന്ന് ഏറ്റു, അതിനു ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.


1) സാര്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന താങ്കള്‍,ഇപ്പോള്‍ താങ്കളുടെ എഴുത്തിലും മറ്റും എന്തു കൊണ്ട് അവരോടു പുറം തിരിഞ്ഞു നില്‍ക്കുന്നു?


2) എന്‍ഡോ സള്‍ഫാന്‍ എന്ന വിഷത്തെ സംബന്ധിച്ചും ,ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചും താങ്കള്‍ ഇതിനെയൊക്കെ അനുകൂലിച്ചു എഴുതിക്കണ്ടു,ഇത് ജന ദ്രോഹകരമായ സംഗതികള്‍ ആല്ലേ എന്ന് സംശയിച്ചാല്‍?


3) ഇപ്പോള്‍ കോടതികളില്‍ രണ്ട് തരം നിയമങ്ങള്‍ നടത്തപ്പെടുന്നു എന്ന് പറഞ്ഞാല്‍,പണത്തിന്റെ കനം നോക്കിയും ,കക്ഷികളെ നോക്കിയും നിയമങ്ങള്‍ മാറ്റി മറിക്കുന്നു ?ഇതിനെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം?

ഉത്തരം :


 1)  വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം എന്നൊക്കെ പറയുമ്പോള്‍ ഇക്കാലഘട്ടത്തില്‍  അതൊരു ആലങ്കാരികപ്രയോഗമോ  ക്ലീഷേയോ എന്തോ ആണ്.  വിപ്ലവപ്രസ്ഥാനം , ഇടത്പക്ഷം എന്നൊക്കെ പറയുമ്പോള്‍ പറയുന്നവരുടെ മനസ്സില്‍ ഒരു സങ്കല്പമുണ്ടാവും. അത്തരം സങ്കല്പത്തിലുള്ള  പ്രസ്ഥാനമൊന്നും നിലവിലില്ല.  ഇവിടെ ഈ പ്രസ്ഥാനങ്ങളുടെ കുത്തക സി.പി.എം. എന്ന പാര്‍ട്ടിക്ക് ആയിപ്പോയി.  കൂടുതല്‍ ആളുകള്‍ ആ പാര്‍ട്ടിയുടെ പിന്നില്‍ ഉണ്ട് എന്നത്കൊണ്ടാണ് അങ്ങനെ ഒരു ധാരണ ഉണ്ടായിപ്പോയത്.  അളവ് കൂടുന്നത്കൊണ്ട് ഗുണവും കൂടണമെന്നില്ല.  എനിക്ക് നേരും നെറിയും ഉള്ള പ്രസ്ഥാനമേ പറ്റൂ.  ആ നേരും നെറിയും സി.പി.ഐ.യില്‍ ഉണ്ടെന്ന് എനിക്കറിയാം.  എന്നാല്‍ സി.പി.ഐ.യുടെ അവസ്ഥ കാണുന്നില്ലേ?  ആളുകള്‍ കൂടുന്നിടത്താണ് പിന്നെയും ആളുകള്‍ കൂടുക. അങ്ങനെ കൂടുമ്പോള്‍ അതൊരു വിപ്ലവപ്രസ്ഥാനമാകില്ല.  സി.പി.എം. എന്ന പ്രസ്ഥാനം ഇപ്പോള്‍ എന്തായി തീര്‍ന്നിരിക്കുന്നു എന്ന് അതിന്റെ അണികള്‍ക്ക് തന്നെ വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍   ഞാന്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതോ ബ്ലോഗില്‍ എഴുതുന്നതോ ഒരു വിഷയമേയല്ല.

2)  കീടനാശിനികളും രാസവളവും  ഒഴിവാക്കിക്കൊണ്ട്  വലിയ തോതില്‍ കൃഷി സാധ്യമല്ല എന്നാണ് ഞാന്‍ പറയുന്നത്. രാസവളം വിഷമേയല്ല എന്ന് കെമിസ്ട്രി പഠിച്ച ആര്‍ക്കും മനസ്സിലാകും.  ചെറിയ തോതിലൊക്കെ ജൈവകൃഷി നടക്കും. കീടനാശിനികള്‍ അടിസ്ഥാനപരമായി വിഷം തന്നെയാണ്. എന്നാല്‍ മിതമായും ആവശ്യത്തിനും കീടനാശിനികള്‍ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാവുകയില്ല.  ഇതൊക്കെ ഞാന്‍ ബ്ലോഗില്‍ കുറെ വിശദീകരിച്ചതാണ്. എന്‍ഡോസല്‍ഫാനെ കുറിച്ച്  വിദഗ്ദ സമിതി പഠിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. കാസര്‍ഗോഡ് ദുരന്തം പോലെ ഇന്ത്യയില്‍ വേറെ എവിടെയും സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. അപ്പോള്‍ എന്താണ് കാസര്‍ഗോഡ് സംഭവിച്ചത് എന്ന് മനസ്സിലാക്കണമല്ലോ. ഇനി ഒന്നും പഠിക്കാനില്ല, ഇന്ത്യ മൊത്തം നിരോധിച്ചാല്‍ മതി എന്ന വാദം  ബാലിശമാണ്.  എന്‍ഡോസല്‍ഫാന്‍ രാജ്യത്തെ മറ്റ് സംസ്ഥാ‍നങ്ങളിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുണ്ട്.  അത് നിരോധിച്ചിട്ട് കൂടുതല്‍ വില കൊടുത്ത് കൂടുതല്‍ മാരകമായ വിഷാംശം ഉള്ളത് വാങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുതല്ലൊ. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിദഗ്ദര്‍ പഠിക്കട്ടെ.

3)  കോടതികളുടെ പ്രത്യേകത എന്തെന്നാല്‍  ഏത് ഭരണ സമ്പ്രദായത്തിലും ഏത് വ്യവസ്ഥിതിയിലും  കോടതികള്‍ പ്രവര്‍ത്തിച്ചേ മതിയാകൂ എന്നതാണ്. അത്കൊണ്ടാണ് ഭരണ വ്യവസ്ഥ എന്തായാലും കോടതികള്‍ ഇല്ലാത്ത രാജ്യം ഇല്ലാത്തത്.  നമ്മുടെ നാട്ടില്‍ ശക്തവും അടിയുറപ്പ് ഉള്ളതുമായ ഒരു ഭരണഘടനയും ജനാധിപത്യ സമ്പ്രദായവും ഉണ്ട്. നമ്മള്‍ ഇതില്‍ വിശ്വസിക്കണം.  ജ്യൂഡീഷ്യറിയും  എക്സിക്യൂട്ടീവും  ചിലപ്പോള്‍ ദുഷിച്ചു പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്തരം ദൂഷ്യങ്ങളെ അതിജീവിയ്ക്കാന്‍ നമ്മുടെ ജനാധിപത്യത്തിന് കരുത്തുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്.  നിലവില്‍ കോടതികളും  സംശയങ്ങള്‍ക്ക് അതീതമല്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നമുക്കത് തിരുത്താന്‍ പറ്റും.  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്നുപെട്ട അപചയം ജ്യൂഡീഷ്യറിയിലേക്കും വ്യാപിക്കുന്നു എന്നാണ് എന്റെ നിരീക്ഷണം.  കോടതികളെ കുറ്റം പറയുമ്പോള്‍ , കോടതികള്‍ എന്നില്ല എന്തിനെ കുറിച്ചും കുറ്റം പറയുമ്പോള്‍ പര്‍ട്ടിക്യുലര്‍ ആയ സംഗതികളെ മുന്‍‌നിര്‍ത്തിയാണ് പറയണ്ടത്. അല്ലാതെ മൊത്തം അടക്കി പറയുമ്പോള്‍ പറയുന്നതിന് വിശ്വാസ്യത ഉണ്ടാവില്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ശൈലിയാണ് പിന്തുടരുന്നത്.  ശരിയായ വിധികളും  കോടതികളില്‍ നിന്ന് വരുന്നുണ്ടല്ലൊ.  പണത്തിന്റെ സ്വാധീനം സമസ്ത മേഖലകളിലും ഉണ്ട്.  ജനങ്ങള്‍ മാറ്റത്തിന് തയ്യാറായാലേ എന്തെങ്കിലും നടക്കുകയുള്ളൂ.

ഈ ചാറ്റിലേക്ക് ക്ഷണിച്ചതിന്  ഒരുപാട് സ്നേഹവും നന്ദിയും .
*************************************************************
Danish K. Daniel
Danish K. Daniel

സര്‍ നമസ്കാരം. സമീപകാല രാഷ്ട്രിയ പ്രവര്‍ത്തനങ്ങളെ പറ്റി ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടല്ലോ. ഇതിനൊരു ചെറിയ മാറ്റംവരുത്താന്‍, ഒരു ചെറു മാതൃകയെങ്കിലും നല്‍കാന്‍, ഒരു ബ്ലോഗ്ഗര്‍ എന്നാ നിലയിലും, നാട്ടിലെ ഒരു പൌരന്‍ എന്നാ നിലയിലും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?


Dear Danish,   നമ്മുടെ നാട്ടില്‍ പൊതുവെ എല്ലാ രംഗങ്ങളിലും  ഒരു തരം ജീര്‍ണ്ണതയാണ് കാണുന്നത്.  ഇതിന് മാറ്റം വരുത്താന്‍ ഒറ്റപ്പെട്ട വ്യക്തികള്‍ എന്ന നിലയില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല. നമ്മള്‍  കരക്റ്റായി ജീവിയ്ക്കുക എന്നതാണ് പ്രധാനം.  ബ്ലോഗര്‍ എന്ന നിലയിലും പൌരന്‍ എന്ന നിലയിലും ശരിയായ അഭിപ്രായങ്ങള്‍ കിട്ടാവുന്ന വേദികളില്‍ പറയുക.  അത്രയൊക്കെയേ ഇപ്പോള്‍ കഴിയൂ.  നമ്മെ പോലെ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അവരൊക്കെ സ്വന്തം നിലയില്‍ പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍ അതൊക്കെ ഒരു ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാകണമെങ്കില്‍ ഒരു മൂവ്‌മെന്റ് ആയി വളരേണ്ടതുണ്ട്.  അങ്ങനെയൊരു മൂവ്മെന്റിന് വേണ്ടി കാത്തിരിക്കാനേ നമുക്ക് ഇപ്പോള്‍ സാധിക്കുകയുള്ളൂ.
**********************************************************************
Abu Raihan    ബ്ലോഗെഴുത്തുകാര്‍ അവഗണിച്ച് തള്ളേണ്ടവരല്ല എന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തെളിയിക്കപ്പെട്ടു. ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ഫോര്‍ത്ത് എസ്റ്റേറ്റായ മീഡിയകളില്‍ ബ്ളോഗിനെ മുന്നിലെത്തിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ?


Dear Abu Rahiman ,  ബ്ലോഗ് ഇന്ന് മുന്നോട്ടുള്ള പാതയിലും വളര്‍ച്ചയിലും  തന്നെയാണ്.  നാളയുടെ മാധ്യമവും ബ്ലോഗ് തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല.  എന്നാല്‍ ബ്ലോഗില്‍ സജീവമായ ഇന്ററാക്‍ഷന്‍  ഫേസ് ബുക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ നടക്കുന്നില്ല.  പക്ഷെ ഒരു കാര്യമുണ്ട് ഫേസ് ബുക്കില്‍ പ്രതികരണങ്ങള്‍ സ്ക്രോള്‍ ചെയ്തു പോവുകയാണ്.  കഴിഞ്ഞു പോകുന്ന വിഷയങ്ങള്‍ വീണ്ടും തേടിപ്പിടിച്ച് വായിക്കാനുള്ള സാധ്യത ഫേസ് ബുക്കില്‍ വിരളമാണ്. അത്കൊണ്ട് ബ്ലോഗിന് തന്നെയാണ് പ്രസക്തിയും സാധ്യതയും കൂടുതല്‍ എന്ന് ഞാന്‍ കരുതുന്നു. ബ്ലോഗ് കൂട്ടാ‍യ്മകള്‍ നാട്ടില്‍ സംഘടിക്കുന്നതും  വായനക്കാരും ബ്ലോഗര്‍മാരും  ഒരുമിച്ചു സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതും  ബ്ലോഗിനെ മുന്നിലെത്തിക്കാന്‍ സഹായിക്കും. അതിന് നമുക്ക് ഈ ഗ്രൂപ്പിനും മുന്‍‌കൈ എടുക്കാമല്ലോ.

**************************************************************************

My Photo
കടലാസ്  എന്ന ബ്ലോഗ് എഴുതുന്ന മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ :


രാഷ്ട്രീയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളും മറ്റുസമകാലിക വിഷയങ്ങളുമെല്ലാം താങ്കളുടെ എഴുത്തില്‍ വായിച്ചിട്ടുണ്ട്. അത്തരത്തില്‍ രണ്ടുമൂന്ന് ചോദ്യങ്ങളാണു എനിക്കുള്ളത്.


1) വര്‍ത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണല്ലൊ മതത്തിന്റെ പേരിലുള്ള സ്വരചേര്‍ച്ചയില്ലയ്മ. മുമ്പ്കാലങ്ങളില്‍ വ്യത്യസ്ത മതങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും ഐക്യവും പരസ്പര വിശ്വാസവും നിലനിന്നിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര സമരത്തില്‍ വരെ ഈ ഐക്യവും കൂട്ടായ്മയും ഉണ്ടായിരുന്നു (ചെറിയ സംഭവങ്ങള്‍ മാറ്റിവെച്ചാല്‍)...ആരാണു നമുക്കിടയില്‍ ഈ മതില്‍കെട്ടുകള്‍ സ്ഥാപിച്ചത്?


2. താങ്കളുടെ നിരീക്ഷണത്തില്‍ കറകളഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടൊ? (അഴിമതിയൊ സ്വജനപക്ഷപാതമോ ഇല്ലാത്ത) ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയ ഇടപെടലുകള്‍ ജനാധിപത്യ മതേതര ഇന്ത്യയെ ഏതുതരത്തില്‍ ബാധിക്കും?


3. മത-ജാതി-വര്‍ഗ്ഗ രാഷ്ട്രീയ ചിന്താഗതികള്‍ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ എത്രത്തോളം ദോഷകരമായി ബാധിക്കും?


ഉത്തരം :


ഒന്നാമത്തെ കാര്യം നമ്മള്‍ കരുതുന്ന പോലെ മതങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ എന്നൊരു വെല്ലുവിളി നമ്മുടെ മുന്നില്‍ ഇല്ല എന്നതാണ്.  ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതങ്ങളെ നിഷേധിക്കുന്ന മതേതരത്വമല്ല നമ്മുടേത്. എല്ലാ മതങ്ങള്‍ക്കും തുല്യ അവസരം നല്‍കുന്ന നാടാണ് നമ്മുടേത്.  ബഹുഭൂരിപക്ഷം ജനങ്ങളും ഈ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്.  രാജ്യത്ത് വ്യാപകമായ വര്‍ഗ്ഗീയ ലഹളകള്‍ , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ദൌര്‍ഭാഗ്യകരമായി നടന്നതൊഴിച്ചാല്‍ പിന്നെ നടന്നിട്ടേയില്ല.  പ്രാദേശികമായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാണേണ്ടതില്ല.

രാഷ്ട്രീയലാഭത്തിന് വേണ്ടി ചില പാര്‍ട്ടികള്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഹിന്ദു വികാരം മുതലെടുത്ത്  അധികാരം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി ഹിന്ദു വര്‍ഗ്ഗീയവാദികളാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും അതിന് ശേഷം ചില മുസ്ലീം സംഘടനകള്‍ നടത്തിയ പ്രചാരണങ്ങളും വീണ്ടും ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും  നമ്മുടെ മതേതരത്വം ആ സാഹചര്യത്തെ അതിജീവിച്ചു. പിന്നീട് അലഹബാദ് ഹൈക്കോടതി വിധിയും  രാജ്യം സമചിത്തതയോടെ കേട്ടു. അപ്പീ‍ലിന് പോയത് നിയമപരപായ കാര്യം. രാജ്യത്ത് ഇതിന്റെയൊന്നും പേരില്‍ സംഘര്‍ഷമുണ്ടായില്ല.  അത്കൊണ്ട് മതങ്ങള്‍ക്കിടയേ ഇവിടെ മതില്‍ക്കെട്ടുകള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.  ലോകത്ത് തന്നെ വ്യത്യസ്ത സമുദായങ്ങള്‍  സമാധാനത്തോടുകൂടി ജീവിയ്ക്കുന്ന രാജ്യം എന്റെ ഇന്ത്യയാണെന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയും.  ഏതൊരു മതവിശ്വാസിക്കും  എന്നെ പോലെ പറയാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസവും.

താങ്കളുടെ നിരീക്ഷണത്തില്‍ കറകളഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടൊ? (അഴിമതിയൊ സ്വജനപക്ഷപാതമോ ഇല്ലാത്ത).  ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയ ഇടപെടലുകള്‍ ജനാധിപത്യ മതേതര ഇന്ത്യയെ ഏതുതരത്തില്‍ ബാധിക്കും? എന്നാണല്ലോ അടുത്ത ചോദ്യം.

ഇതില്‍ കറ കളഞ്ഞ എന്നത് ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ്.  അല്പസ്വല്പം കറ എന്തിലും നാം  പ്രതീക്ഷിക്കണം.  എന്നാല്‍  പൊതുവെ മൂല്യച്യുതിയും  ജീര്‍ണ്ണതയും രാഷ്ട്രീയത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഒന്നും കൈവിട്ടു പോയിട്ടില്ല എന്ന കാര്യത്തില്‍ നാം ആശ്വസിക്കുകയാണ് വേണ്ടത്.  നമ്മുടെ ജനാധിപത്യത്തെ നമുക്ക് പുഷ്ടിപ്പെടുത്താന്‍ കഴിയും. ഇവിടെ എല്ലാം ജനങ്ങളുടെ വരുതിയില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല.  നല്ല രാഷ്ട്രീയ നേതൃത്വം ഉണ്ടാവണമെങ്കില്‍ ജനങ്ങളുടെ അന്ധമായ കക്ഷിരാഷ്ട്രീയവിശ്വാസങ്ങളും  നേതാക്കളോടുള്ള വീരാരാധനയും മാറണം.  കറ കളഞ്ഞ നേതാക്കളെ മാത്രമേ സ്വീകരിക്കൂ എന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ കുറെ രാഷ്ട്രീയ ഇത്തിള്‍‌ക്കണ്ണികള്‍ ഒഴിവായി കിട്ടുകയും നല്ല നേതാക്കള്‍ ഉയര്‍ന്നു വരികയും ചെയ്യും.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ  രാഷ്ട്രീയ ഇടപെടലുകള്‍  നമ്മുടെ രാജ്യത്ത്  കാര്യമായ സ്വാധീനം ഒന്നും ഉണ്ടാക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.  അവര്‍ പല അവകാശ വാദങ്ങളും ഉന്നയിക്കും എന്നത് വേറെ കാര്യം.  എന്തിനെ കുറിച്ചും അവര്‍ക്ക് വരട്ടുതത്വപരമായ നിലപാടുകളാണുള്ളത്. അത്കൊണ്ട് അവരുടെ എല്ലാ ഇടപെടലുകളും നിഷേധാത്മകമായിപ്പോകുന്നു. അതാണ് പ്രശ്നം. പ്രായോഗികതയിലേക്ക് ഒരു വഴിയേയുള്ളൂ.  ആദര്‍ശത്തിന് ആയിരം വഴികളുണ്ട്. ആദര്‍ശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിലാണ് മിടുക്ക്.  ശുദ്ധ ആദര്‍ശം പറയുന്നവന്‍ ദുഷ്ടന്റെ ഫലം ചെയ്യും.  നമ്മുടെ മിശ്രസമ്പദ്‌വ്യവസ്ഥ ഒരു മിടുക്ക് ആണ്. എന്നാല്‍ ഇടത് പക്ഷത്തിന് പൊതുമേഖലയേ പറ്റൂ.  ആദര്‍ശം ദുഷ്ടത്തരമാകുന്നതിന്റെ ഉദാഹരണമാണിത്.  വരട്ടുസിദ്ധാന്തം ഒഴിവാക്കിയാല്‍  ഇടത് പക്ഷങ്ങള്‍ക്ക് നല്ല സംഭാവന ചെയ്യാന്‍ കഴിയുമായിരുന്നു.  പക്ഷെ ആര്‍ജ്ജവവും ഭാവനയുമുള്ളവര്‍ ഇടത് പക്ഷത്ത് കാണുന്നില്ല.

 മത-ജാതി-വര്‍ഗ്ഗ രാഷ്ട്രീയ ചിന്താഗതികള്‍ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് ചോദിച്ചാല്‍ സംശയം വേണ്ട നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഇളകും. പക്ഷെ അങ്ങനെ ഗുരുതരമായൊരു അവസ്ഥ ഇവിടെ നിലിവിലില്ല.  ഇനി ഉണ്ടാകാനും പോകുന്നില്ല എന്ന്  ഇന്ത്യയുടെ മഹത്തായ  ചരിത്രം  നമുക്ക് ഉറപ്പ് തരുന്നുണ്ട്.      

അര്‍ഥവത്തായ ചോദ്യങ്ങള്‍ക്ക്  സ്നേഹം , നന്ദി !

ഞാനും ബ്ലോഗും ജീവിതവും ..... (രണ്ടാം ഭാഗം)

[8-en-2cf9427efa6f535c8ac52937f57f6aba.jpg]
കൊമ്പന്‍ മൂസ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ബ്ലോഗറാണ്  അടുത്ത ചോദ്യം ചോദിച്ചത്.


ചോദ്യം : ഒരു പത്ര പ്രവര്‍ത്തകനും ബ്ലോഗറുമായ താങ്കള്‍, കാലിക വ്യാവസായിക പത്ര പ്രവര്‍ത്തനെത്തെ (പത്ര ധര്‍മ്മം ) എങ്ങനെ നോക്കിക്കാണുന്നു ?

ഉത്തരം:

ഞാനൊരു പത്രപ്രവര്‍ത്തകനല്ല എന്ന് ആദ്യമേ പറഞ്ഞല്ലൊ. പത്ര പ്രവര്‍ത്തനം കാലികമായി വ്യാവസായിക പ്രവര്‍ത്തനമാണെന്ന് മൂസ തന്നെ ചോദ്യത്തില്‍ സൂചിപ്പിച്ചുവല്ലൊ. പത്ര പ്രവര്‍ത്തനം എന്നത് വ്യവസായത്തിന്റെ ഭാഗമാവുമ്പോള്‍ അതിലെ ധര്‍മ്മം ചോര്‍ന്നുപോകും. അത് തന്നെയാണ് നമുക്ക് സംഭവിച്ചതും.  ബിസിനസ്സില്‍ പിടിച്ചു നില്‍ക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ സെന്‍ഷേഷനലാക്കി വിപണിയില്‍ എത്തിക്കുക എന്നതാണ് ഇന്ന് കാണുന്നത്. അത്കൊണ്ട് സകല ചവറുകളും  ഇന്ന് പത്രങ്ങളില്‍ അടിഞ്ഞുകൂടുന്നു.  എന്നാല്‍ തന്നെയും  നമുക്കറിയേണ്ട സംഗതികള്‍ സുതാര്യമായി പത്രങ്ങള്‍ നമ്മിലേക്ക് എത്തിക്കുന്നുണ്ട് എന്ന പോസിറ്റീവായ അംശവുമുണ്ട്.  പല സത്യങ്ങളും പത്രങ്ങളാണ് നമ്മെ അറിയിക്കുന്നത്. പത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഇരുട്ടില്‍ തപ്പുമായിരുന്നു.  ചില സത്യങ്ങള്‍ ചിലര്‍ക്ക് അപ്രിയമാവുമ്പോള്‍ ജനങ്ങള്‍ അത് അറിഞ്ഞു പോകുമല്ലോ എന്ന ജാ‍ള്യത്തില്‍ മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇത് പത്രപ്രവര്‍ത്തനത്തിന്റെ മൂല്യച്യുതി പോലെ തന്നെ മോശമാണ്. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന പോലെയാണത്. സ്വന്തം മുഖം വികൃതമാകാതെ നോക്കുന്നതിന് പത്രങ്ങള്‍ സഹായിക്കുകയാണ് ഇത് മൂലം നടക്കുന്നത്.

പത്രങ്ങള്‍ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നില്ലായിരുന്നുവെങ്കില്‍ പൊതുജീവിതം ഇതിനേക്കാളും  ചീഞ്ഞുനാറി ബീഭത്സമായേനേ.  മൂല്യങ്ങളില്‍ വ്യതിയാനം വന്നിട്ടുണ്ടെങ്കിലും പത്രങ്ങള്‍ അതിന്റെ ധര്‍മ്മം  സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. പത്രപ്രവര്‍ത്തനം തന്നെ ഇന്ന് റിസ്ക് ഉള്ള ഒരു ജോലിയായിട്ടുണ്ട്. ഏത് പത്രപ്രവര്‍ത്തകനാണ് തല്ല് കിട്ടുകയെന്നും ക്യാമറ എപ്പോഴാണ് പിടിച്ചുപറിക്കപ്പെടുക എന്നും നിശ്ചയമില്ലാത്ത അവസ്ഥ നിലവിലുണ്ട്. സമൂഹത്തില്‍ പൊതുവെ ജീര്‍ണ്ണതയും അസഹിഷ്ണുതയും വ്യാപിക്കുന്നുണ്ട്. ഇത് കാണാതെ പത്രത്തിന്റെ ജീര്‍ണ്ണതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. തങ്ങള്‍ക്ക് ഹിതകരമായതേ എഴുതാവൂ , അഹിതമായത് എഴുതരുത് എന്ന അസഹിഷ്ണുതയില്‍ നിന്നാണ്  പത്രങ്ങളോട് വെറുപ്പും മാധ്യമ സിണ്ടിക്കേറ്റ് പോലുള്ള പ്രയോഗങ്ങളും വരുന്നത്. ആളുകള്‍ക്ക് മുമ്പത്തേക്കാളും ത്യാജ്യഗ്രാഹ്യബുദ്ധി ഇന്ന് കൂടുതലുണ്ട്. അത്കൊണ്ട് പത്രങ്ങളില്‍ എന്ത് ചവറ് വന്നാലും വായനക്കാര്‍ക്ക് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും കഴിയും.  ഒരു പത്രവായനക്കാരന്‍ എന്ന നിലയില്‍ ഇതാണ് എനിക്ക് പറയാനുള്ളത് ..

***************************************************************


ഷാനവാസ് ഇളയോടന്‍  എന്ന ബ്ലോഗറുടേതാണ് അടുത്ത ചോദ്യം.


തിരക്കുകള്‍ക്കിടയിലും ഇതൊരു മറ്റൊരു തിരക്കാക്കി കണ്ടു ഇവിടെ എത്തിയതിനു നന്ദി.

1) സാറിനെ പോലുള്ള വലിയ ഒരാള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ചാറ്റ് ഷോയുക്ക് വേണ്ടി സമയം കണ്ടെത്തുവാനുള്ള സാഹചര്യം?

2) ഈ ഗ്രൂപ്പിന് താങ്കള്‍ക്ക് നല്‍കുവാനുള്ള ഉപദേശം എന്താകുന്നു?

3) താങ്കളുടെ മിക്ക എഴുത്തിലും കമ്മ്യൂനിസത്തിന് ഭാവിയില്ല എന്ന് കാണുന്നു. കാരണം? ഇന്ത്യയില്‍ എന്നെങ്കിലും CPM അധികാരത്തില്‍ വരുമോ?

ഉത്തരം:

1) ഒന്നാമത്തെ കാര്യം ഞാന്‍ തിരക്കുള്ള ആളല്ല എന്നതാണ്.  ബ്ലോഗും  ഓണ്‍‌ലൈന്‍ ഇന്ററാക്‍ഷന്‍സുമാണ് എന്റെ ദിവസങ്ങളെ സജീവമാക്കുന്നത്.  ഇതൊക്കെ ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.  മലയാളം ബ്ലോഗേര്‍സ് ഗ്രൂ‍പ്പിലെ അംഗങ്ങളുമായി ഇങ്ങനെ സംവദിക്കാന്‍ കഴിയുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു.  സമയം കണ്ടെത്തുകയല്ല ,  ഉള്ള സമയം  വിനിയോഗിക്കാന്‍  കഴിയുന്ന സാഹചര്യം എന്നെ തേടിയെത്തുകയായിരുന്നു എന്ന് പറയാം.  അത്കൊണ്ട് എനിക്ക് ഈ ഗ്രൂപ്പിനോട് കടപ്പാടാണ് ഉള്ളത്.

2)  സുതാര്യമായും  സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടും  ഗ്രൂപ്പിലെ ചര്‍ച്ചകള്‍ അര്‍ത്ഥവത്തും  രസകരവും ആക്കുക എന്നാണ് എനിക്ക് ആദ്യമായി നല്‍കാനുള്ള  ഉപദേശം. എതിരഭിപ്രായങ്ങളോട്  സഹിഷ്ണുത കാണിക്കുക, സംവാദങ്ങളില്‍ പരസ്പരബഹുമാനം പുലര്‍ത്തുക പിന്നെ വല്ലപ്പോഴും കൂടിച്ചേര്‍ന്ന്  അനുഭവങ്ങളും അറിവുകളും  പങ്ക് വയ്ക്കുക അങ്ങനെ ഈ ഗ്രൂപ്പിനെ നല്ലൊരു സ്നേഹക്കൂട്ടായ്മയായി വികസിപ്പിക്കാന്‍ ശ്രമിക്കുക എന്നും  ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നു.

3)  കമ്മ്യൂണിസത്തിന് ഭാവിയില്ല എന്ന് തെളിയിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബ്ലോഗില്‍ അതിനെ പറ്റി ഞാന്‍ കുറെ എഴുതിയത്കൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല. കാരണം ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസം എന്നത് ഒരു ആദര്‍ശമാണ്.  ആദര്‍ശം നടപ്പാക്കാന്‍ മനുഷ്യനെ കിട്ടുകയില്ല എന്നതാണ് ലളിതമായ സത്യം.  എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെടാനുള്ള കാരണം ആ പാര്‍ട്ടി ആന്തരീകമായും ബാഹ്യമായും ജനാധിപത്യം പുലര്‍ത്തുന്നില്ല എന്നാണ് എന്റെ നിരീക്ഷണം.  പേരിന് ജനാധിപത്യവികേന്ദ്രീകരണം പറയുമെങ്കിലും ഫലത്തില്‍ ഉന്നത നേതാവില്‍ അധികാരം കേന്ദ്രീകരിക്കുന്ന സെറ്റപ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ളത്.  തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയത്തില്‍ കെട്ടിപ്പടുത്തത്കൊണ്ടും  പാര്‍ലമെന്ററി സംസ്ക്കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്കൊണ്ടുമാണത്.  കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളിലെ നേതാക്കള്‍ ഏകാധിപതികള്‍ ആയിപ്പോകുന്നത് അത്കൊണ്ടാണ്.

വര്‍ഗ്ഗസമരം. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നിങ്ങനെയുള്ള വരട്ടു സിദ്ധാങ്ങള്‍ ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായത്തിന്റെ അടിസ്ഥാ‍നത്തില്‍ പാര്‍ട്ടി ഭരണഘടന മാറ്റിയാല്‍ സി.പി.ഐ(എം)ക്ക് രാഷ്ട്രീയപ്രസക്തിയുണ്ടാവും.  ഇന്ത്യയില്‍ എന്നെങ്കിലും സി.പി.എം. അധികാരത്തില്‍ വരുമോ എന്നത് നമ്മുടെ ഭാഗത്തു നിന്ന് വരുന്ന ചോദ്യമാണ്.  അവരുടെ ലക്ഷ്യം ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കലാണ്. അത് ഒരിക്കലും നടക്കില്ല. അത്കൊണ്ട് അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ലമെന്ററി സമ്പ്രദായം അഗീകരിക്കലും  അങ്ങനെ അധികാരത്തില്‍ എത്തുന്നതും  ഇന്നത്തെ നിലയില്‍ ചിന്തിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല.

(തുടരും)

ഞാനും ബ്ലോഗും ജീവിതവും ..... (ഒന്നാം ഭാഗം)


ഫേസ്ബുക്കിലെ  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്  ചാറ്റ് ഷോ എന്ന പേരില്‍ ഒരു പരിപാടി നടത്തി വരുന്നുണ്ട്.  ഒരു ബ്ലോഗറോട് ഗ്രൂപ്പിലെ അംഗങ്ങള്‍  ചോദ്യങ്ങള്‍ ചോദിക്കുകയും  മറുപടി പറയുകയും ചെയ്യുക എന്നതാണ് പരിപാടി. ഈ ചാറ്റ് ഷോയില്‍ ഞാനും പങ്കെടുക്കുകയുണ്ടായി.  ചുരുക്കം ബ്ലോഗര്‍മാര്‍ എന്നോട് കാര്യമാത്രപ്രസക്തമായ ഏതാനും ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി.  ആ ചോദ്യോത്തരങ്ങള്‍ ഇവിടെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയാണ്.  ഈ പോസ്റ്റിലും തുടര്‍ന്ന് പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകളിലും  കമന്റിലൂടെ ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഞാന്‍ ഉത്തരം പറയുന്നതായിരിക്കും. എന്നെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കുന്നതായിരിക്കും.

ആദ്യത്തെ ചോദ്യം  നാമൂസ്  എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ബ്ലോഗറുടേതാണ്.

ചോദ്യം:  

ബഹുമാന്യ സുഹൃത്തിന് സ്വാഗതം , താങ്കളിലെ പത്ര പ്രവര്‍ത്തകനോട് ബഹുമാന പുരസ്സരം.

1) കെ കെ ഷാഹിന വിഷയത്തില്‍ താങ്കളുടെ നിലപാട്. കൂടെ, അതോടൊപ്പം തന്നെ അത്രയും ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍ വാസവും എന്നതിനോടുള്ള താങ്കളുടെ അഭിപ്രായം. (ഏതൊന്നിന്‍റെ പേരിലാണോ അവര്‍ ക്രൂശിക്കപ്പെടുന്നത്‌ അതിന്നാധാരമായ സംഭവത്തെ തിരസ്കരിച്ചു കൊണ്ട് ഷാഹിനയുടെ വിഷയത്തില്‍ ഇടപെടുന്നതില്‍ എന്ത് നീതിയാണുള്ളത്)

2 ) അഴിമതിക്കെതിരില്‍ എഴുതിയ ബ്ലോഗിലെ ഒരു കുറിപ്പില്‍ താങ്കള്‍ സംവരണത്തെ പരാമര്‍ശിച്ചു കണ്ടു. സംവരണത്തോടുള്ള താങ്കളുടെ സമീപനം...? ഒരു കൂട്ടം ആളുകള്‍ ബോധപൂര്‍വ്വം രാജ്യത്തെ ദളിതുകളെ കൊള്ളരുതാത്തവരും അഴിമതിക്കാരുമായി ചിത്രീകരിക്കുകയും അവരുടെ ആത്മവീര്യത്തെ കെടുത്തുകയും ചെയ്യുന്നു എന്ന അഭിപ്രായത്തോട്..?

3 ) ഇക്കാലമത്രയുമുള്ള ജീവിതത്തില്‍ നിന്നും ബ്ലോഗനുഭവത്തില്‍ നിന്നും അനിയന്മാരായ ഞങ്ങളോട് പ്രത്യേകമായി പറയാനുള്ളത്..?

താങ്കളെപ്പോലെയുള്ള ബഹുമാന്യ സുഹൃത്തിനോട് സംവദിക്കാന്‍ ലഭിച്ച അവസരത്തിന് നന്ദി അറിയിക്കുന്നു. ഗ്രൂപ്പിനും താങ്കള്‍ക്കും എല്ലാ നന്മകളും ആശംസിക്കുന്നു.

ഉത്തരം:

ആദ്യമേ പറയട്ടെ ഞാന്‍ പത്രപ്രവര്‍ത്തകനല്ല. ബ്ലോഗില്‍ എഴുതി വന്നപ്പോള്‍ അങ്ങനെയൊരു കഴിവ് എനിക്കുണ്ടെന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഞാന്‍ അത് വിശ്വസിച്ചിട്ടില്ല. എന്റെ പരിമിതി ഞാന്‍ മനസ്സിലാക്കണമല്ലോ.

1)  ഷാഹിന എന്ന പത്രപ്രവര്‍ത്തകയെ  കര്‍ണ്ണാടക പോലീസ് വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല.  രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള അമിതാവേശമായേ കാണാന്‍ പറ്റൂ.  മദനിയുടെ കാര്യത്തില്‍  അദ്ദേഹം ജയിലില്‍ നിന്ന് വന്നതിന് ശേഷം എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല.  അതിന് മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അദ്ദേഹം ശിക്ഷ അനുഭവിക്കുകയും ചെയ്തതാണ്.  ജയിലില്‍ നിന്ന് വന്നതിന് ശേഷം അദ്ദേഹത്തിന്  പുതിയൊരു മനുഷ്യനായി ജീവിയ്ക്കാനുള്ള സാഹചര്യം വേണമായിരുന്നു. എല്ലാ കുറ്റങ്ങളും അദ്ദേഹം ഏറ്റ് പറഞ്ഞതാണ്.  ആത്മീയതയുടെ പാതയിലാണ് ഇനി എന്റെ ജീവിതം എന്നും അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു.  അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍  അദ്ദേഹം  രാഷ്ട്രീയം ഒഴിവാക്കുകയും  പി.ഡി.പി. എന്ന പാര്‍ട്ടി പിരിച്ചു വിടുകയും വേണമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കൂടി മാത്രമേ ജനങ്ങളെ സേവിക്കാന്‍ കഴിയൂ എന്നില്ല.  എന്നെ സംബന്ധിച്ച്  കുറെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ടാകുന്നതിനോട് യോജിപ്പില്ലാത്ത ആളാണ് ഞാന്‍. ഇപ്പോള്‍ അദ്ദേഹം ജയിലില്‍ പോയതിന് ശേഷം ആന്തരീകമായ വൈരുദ്ധ്യങ്ങളാല്‍ പി.ഡി.പി. എന്ന പാര്‍ട്ടി ശിഥിലമായിരിക്കുന്നു എന്ന വസ്തുത എന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ട്.  ജയിലില്‍ നിന്ന് മോചിതനായ ശേഷം അദ്ദേഹത്തിന്റെ കഴിവുകള്‍  മതത്തിന്റെ ആത്മീയകാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയത്തില്‍ അഭയം കണ്ടെത്താന്‍ ശ്രമിച്ചത് ശരിയായില്ല.  ഇത് എന്റെ മാത്രം വിലയിരുത്തലാണ്.

2)  സംവരണം എന്നത്  വിദ്യാഭ്യാസത്തിലും  സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മാത്രമാണ്.  ദളിതരുടെയും പിന്നോക്കക്കാരുടെയും ഉന്നമനത്തിന്  സംവരണം ഒറ്റമൂലിയാണെന്ന് ഞാന്‍ കരുതുന്നില്ല. എന്തെന്നാല്‍ സംവരണത്തിലൂടെ ചെറിയൊരു ശതമാനം മാത്രമാണ് മറ്റുള്ളവരോടൊപ്പം എത്തുന്നത്.  അങ്ങനെ  ഉയരങ്ങളില്‍ എത്തുന്നവരുടെ കുടുംബം തുടര്‍ന്നും സംവരണത്തിന്റെ ആനുകൂല്യം പറ്റുകയും അതിനുള്ള സാഹചര്യം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.  ഭൂരിപക്ഷം ദളിതരും പിന്നോക്കക്കാരും  വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും സംവരണാനുകൂല്യം പറ്റാന്‍ കഴിയാതെ ബുദ്ധിപരമായും  സാമൂഹികപരമായും പിന്‍‌തങ്ങി തന്നെ ഇപ്പോഴും തുടരുന്നു.  അവരുടെ ഭൌതികസാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിന് സമാന്തരമായ നടപടികള്‍ വേണമായിരുന്നു.  കടലാസില്‍ പല പദ്ധതികളും ഉണ്ടെങ്കിലും  അവര്‍ക്ക് അതൊന്നും  കരഗതമാവുന്നില്ല.  സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം  ഇത്രയും വര്‍ഷം സംവരണം നടപ്പാക്കിയിട്ടും  ആകെ മൊത്തം ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടവര്‍ വളരെ കുറവാണെന്ന് കാണാം.  സംവരണം ഏര്‍പ്പെടുത്തിയാല്‍ എല്ലാം ആയി എന്ന അലസ ചിന്തയാണിതിന് കാരണം. ആളുകളുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി മാത്രമല്ല ഏത് ജോലിയും അഭിമാനകരമാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തണമായിരുന്നു.

3) ജീവിതത്തില്‍ ചില മൂല്യങ്ങളും  ഡിസിപ്ലിനും പിന്‍‌പറ്റുക. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒന്നും ചെയ്യാതിരിക്കുക. അവനവന്റെ മന:സാക്ഷിയോട് മാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക.  ഏതൊരു മനുഷ്യനും തന്നെക്കാളും വലിയവനോ ചെറിയവനോ അല്ല്ലെന്ന് തിരിച്ചറിയുക. ഏറ്റവും അടുത്ത ബന്ധുക്കളെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കൂടിയാക്കുക.  അതായത് ബന്ധങ്ങളില്‍ സൌഹൃദം സ്ഥാപിക്കുക. സ്വന്തം വീട്ടില്‍ സൌഹൃദാന്തരീക്ഷം ഉണ്ടാക്കുക.   ബ്ലോഗില്‍ മനസ്സില്‍ തോന്നുന്നത് എല്ലാം കുറിച്ചിടുക.  അവിടെയും അവനവനോട് സത്യസന്ധത പുലര്‍ത്തുക.  കമന്റ് കിട്ടിയില്ലെങ്കില്‍ മടുപ്പ് വരാതിരിക്കുക.  കഴിയുമെങ്കില്‍ എന്തെങ്കിലും സന്ദേശം സഹജീവികള്‍ക്ക് നല്‍കാന്‍ ബ്ലോഗിലൂടെ ശ്രമിക്കുക.  മനുഷ്യന്‍ ഒന്നാണെന്ന് കരുതി ബ്ലോഗില്‍ ഇടപെടുക.

വിസ്താരഭയത്താല്‍ മറുപടി ചുരുക്കുന്നു.  സ്നേഹത്തോടെ,
**********************************************************************
രണ്ടാമത്തെ  ചോദ്യം  ഇസ്മായില്‍  ചെമ്മാട്

സാര്‍, ഒരു തുടക്കക്കാരനായ എന്റെ ബ്ലോഗിലെ നാലാമത്തെ പോസ്റ്റായ "ലീഡര്‍ക്കു ഇനി നമുക്ക് മാപ്പുകൊടുത്തൂടെ..." എന്ന പോസ്റ്റിനെ വിഷയമാക്കി സാര്‍ സ്വന്തം ബ്ലോഗിലെഴുതിയ "ശ്രീ.കെ കരുണാകരന്‍ ബാക്കി വെച്ച് പോയത്" എന്ന ലേഖനം ഞാന്‍ വായിച്ചിരുന്നു.ആദ്യമായി നന്ദി അറിയിക്കുന്നു .

ചോദ്യം: 

1) ഈ ബൂലോഗത്ത് സജീവമായി സഞ്ചരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ മലയാള ബ്ലോഗിന്റെ ഇപ്പോഴത്തെ നിലവാരത്തെയും
സാധ്യതകളെയും, ഭാവിയും കുറിച്ച് ഒന്ന് വിശദമാക്കാമോ?

2) മലയാള സാഹിത്യവും , ബ്ലോഗും എങ്ങിനെ താരതമ്യം ചെയ്യുന്നു ?

3) സാര്‍ സ്ഥിരമായി വായിക്കാറുള്ള ബ്ലോഗുകള്‍ ?

ഉത്തരം :

1) മലയാളം ബ്ലോഗ് അതിന്റെ ബാലാരിഷ്ടതകള്‍ അതിജീവിച്ചു വരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.  ധാരാളം പേര്‍ ഇപ്പോള്‍ ബ്ലോഗിലേക്ക് വരുന്നുണ്ട്.  എഴുതി ശീലിക്കാനുള്ള കളരി കൂടിയാണ് ബ്ലോഗ്. അത്കൊണ്ട് അച്ചടി മാധ്യമങ്ങളില്‍ എഴുതുന്ന പരിണത പ്രജ്ഞരായ ആളുകള്‍ എഴുതുന്നത് പോലെയുള്ള നിലവാരം ബ്ലോഗില്‍ പ്രതീക്ഷിക്കരുത്. ധാരാളം പേര്‍ ബ്ലോഗില്‍ എഴുതിത്തെളിയുന്നുണ്ട്. അനോനി ആക്രമണം, വ്യക്തിഹത്യ തുടങ്ങിയ ദുഷിച്ച പ്രവണതകള്‍ ബ്ലോഗില്‍ കുറഞ്ഞു വരുന്നുണ്ട്. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി എഴുതാനും ഇപ്പോള്‍ ആളുകള്‍ മുന്നോട്ട് വരുന്നു. ബ്ലോഗിലൂടെയുള്ള സൌഹൃദവലയം വിപുലപ്പെട്ടു വരുന്നു. നിലവാരമുള്ള കവിതകളും കഥകളും ബ്ലോഗില്‍ നിത്യേനയെന്നോണം പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. ഒരു പോരായ്മ തോന്നുന്നത്. തുടക്കത്തില്‍ കുറെ എഴുതി പിന്നെ ബ്ലോഗില്‍ നിന്നും ആളുകള്‍ വിട്ടുപോകുന്നു എന്നതാണ്. അതിന് കാരണം ബ്ലോഗെഴുത്തിലെ സ്പെഷ്യലൈസേഷനാണ്.  രാഷ്ട്രീയം എഴുതുന്നവര്‍ രാഷ്ട്രീയവും അങ്ങനെ മതകാര്യങ്ങളും യുക്തിവാദവും എഴുതുന്നവര്‍ അത് മാത്രം എഴുതുന്നു. കുറച്ചു വിശാലഹൃദയം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാവുകയും എഴുത്തില്‍ വിഷയ വൈവിധ്യം പുലര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ ആര്‍ക്കും ബ്ലോഗില്‍ സ്ഥിരമായി എഴുതാന്‍ പറ്റും. അവനവനെ എന്തിന് ഒരു കുറ്റിയില്‍ തളച്ചിടണം? എന്തായാലും ബ്ലോഗിന്റെ സാധ്യത ഇന്നുള്ളവര്‍ നല്ല പോലെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ ചാറ്റ് ഷോ തന്നെ ഒന്നാംതരം ഉദാഹരണം. നല്ല ഭാവിയാണ് ബ്ലോഗിന് ഉള്ളത്. എന്തെന്നാല്‍ ഇ-വായനയ്ക്ക് പരിധികളില്ല. ഉത്തരം പറയുന്നതിന്റെ പരിമിതിയോര്‍ത്ത് കൂടുതല്‍ വിശദമാക്കാന്‍ കഴിയുന്നില്ല. ക്ഷമിക്കുമല്ലോ.

2) മലയാള സാഹിത്യം  എഴുതിത്തെളിഞ്ഞ എഴുത്തുകാരാല്‍ എഴുതപ്പെടുന്നതാണ്. ബ്ലോഗ് എന്നത് എഴുതിത്തെളിയേണ്ടവര്‍ എഴുതുന്നതും. അത്കൊണ്ട് രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. നല്ല സാഹിത്യങ്ങള്‍ ബ്ലോഗില്‍ പിറക്കുന്നുണ്ട്. സാഹിത്യം എന്നത് മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ ഒഴിച്ചുകൂടാനാ‍വാത്ത ഒരു ചേരുവയാണ്. സാഹിത്യവുമായി ബന്ധമില്ലാത്തവരുടെ മനസ്സും ചിന്തയും സംസ്ക്കരിക്കപ്പെടാന്‍ വേറെ വഴിയില്ല. പുസ്തകവായന ഇന്ന് കുറഞ്ഞു വരുന്നുണ്ട്. ആ നഷ്ടം ബ്ലോഗ് സാഹിത്യം കൊണ്ട് നികത്തപ്പെടും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

3)  ബ്ലോഗില്‍ പൊതുവെ ഒരു ഓട്ടപ്രദക്ഷിണമാണ് ഞാന്‍ നടത്താറുള്ളത്. അത്കൊണ്ട് സ്ഥിരമായി വായിക്കുന്ന ബ്ലോഗുകള്‍ എന്ന് പറയാന്‍ ഒന്നുമില്ല. പുതിയ പോസ്റ്റുകള്‍ മിക്കവാറും വായിക്കാറുണ്ട്. കമന്റുകള്‍ എഴുതുന്നത് കുറവായതിനാല്‍ എന്റെ സാന്നിധ്യം പല ബ്ലോഗര്‍മാരും അറിയുന്നില്ല എന്നേയുള്ളൂ.  വായന പരന്നു പോകുന്നത്കൊണ്ടാണ് കമന്റ് എഴുതാന്‍ സമയം കിട്ടാതെ പോകുന്നത്.  അഗ്രിഗേറ്റര്‍ നോക്കി ഏറ്റവും ലേറ്റസ്റ്റ് പോസ്റ്റുകള്‍ വായിക്കുന്നു.

ഇസ്മായിലിന്റെ നല്ല വാക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും നന്ദിയും സ്നേഹവും.
******************************************************************


കണ്ണന്‍ അരുണ്‍ കുമാര്‍ 


സുകുമാരന്‍ സാറിനോട്,  എനിക്ക് ചോദ്യങ്ങള്‍ ഒന്നും ഇല്ല.. അങ്ങയുടെ മറുപടികള്‍ക്കായി കാത്തിരിക്കുന്നു!

പ്രിയ കണ്ണന് സ്നേഹവും നന്ദിയും !


(തുടരും)

ബ്ലോഗും ഞാനും ......

ബ്ലോഗര്‍മാര്‍ക്ക് എന്താ ഒരു സംഘടന ആയിക്കൂടേ? പലപ്പോഴും ബ്ലോഗില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യമാണിത്.  എന്നാല്‍ ഇതിന് അനുകൂലമായി വിരലിലെണ്ണാവുന്നവര്‍ പോലും മുന്നോട്ട് വന്നതായി അറിവില്ല.  ഇതിനിടയില്‍ കേരള ബ്ലോഗ് അക്കാദമി എന്നൊരു വിര്‍ച്വല്‍ സംരഭം മുന്നോട്ട് വരികയും പിന്നീട് അത് നിശ്ചലമാവുകയും ചെയ്തു. ആ അക്കാദമി ഏതാനും ശില്പശാലകള്‍ നടത്തുമ്പോഴേക്കും പല കോണില്‍ നിന്നും എതിര്‍പ്പും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ബ്ലോഗര്‍മാര്‍ അക്കാദമി എന്ന പേരിലോ മറ്റേതെങ്കിലും സംഘടനാരൂപത്തിലോ സംഘടിക്കുന്നത് ബ്ലോഗില്‍ ഊരുവിലക്ക് പോലെ ബ്ലോഗ്‌വിലക്ക് വരുത്തും എന്ന് പോലും ചിലര്‍ ആശങ്കപ്പെടുന്നതും കണ്ടിട്ടുണ്ട്.  എന്നാല്‍ പ്രസ്സ് കൌണ്‍സില്‍ പോലെ ബ്ലോഗര്‍മാര്‍ക്കും ഒരു സംഘടനയാവാം എന്നാണ് എന്റെ അഭിപ്രായം.  പല തരം അഭിപ്രായമൂള്ളവരും പല പല രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരും ഉണ്ടായിട്ടും പ്രസ്സ് കൌണ്‍സില്‍ വിജയകരമായി നിലനില്‍ക്കുന്നുണ്ടല്ലൊ.  എന്തും തുടങ്ങും മുന്നേ അതിന്റെ ദോഷൈകവശങ്ങള്‍ പ്രവചിച്ച് നിരുത്സാഹപ്പെടുത്തുന്നത് എന്തിനാണ്?  എന്ത് സംഭവിക്കും എന്ന് നോക്കാലോ. ഒരു പക്ഷെ വിജയിച്ചാലോ അല്ലേ?

ബ്ലോഗിന് പൊതുവെ ഇപ്പോള്‍ ഒരു മാന്ദ്യമാണെന്ന് എല്ലാവരും സമ്മതിക്കും.  ഇപ്പോള്‍ വളരെ സജീവമായ ചര്‍ച്ച നടക്കുന്നത് ഫേസ് ബുക്കിലാണ്.  പ്രശസ്തരും അപ്രശസ്തരുമാ‍യ ഒട്ടേറെ പേര്‍ ഫേസ് ബുക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് കാണാം. നമ്മുടെ അഭിപ്രായങ്ങള്‍ കുറെ പേരിലേക്ക് എത്തുന്നത് ഇപ്പോള്‍ ഫേസ് ബുക്കിലൂടെയാണ്.  ഏതാനും ദിവസം മാത്രമേ ആയിട്ടുള്ളൂ ഫേസ് ബുക്കില്‍  മലയാളം ബ്ലോഗേര്‍സ് എന്നൊരു ഗ്രൂപ്പ് തുടങ്ങിയിട്ട്. ഇതിനകം 230 ഓളം മെമ്പര്‍മാര്‍ അതില്‍ ചേര്‍ന്നുകഴിഞ്ഞു.  എപ്പോഴും ആ ഗ്രൂപ്പില്‍ ലൈവ് ചാറ്റ് നടക്കുന്നുണ്ട്.  ഇതിനിടയില്‍  ആ ഗ്രൂപ്പില്‍ രണ്ട് ചാറ്റ് ഷോ നടക്കുകയുണ്ടായി.  ഇത് ഒരു പക്ഷെ മലയാളം ബ്ലോഗില്‍ ആദ്യത്തെ സംരംഭമായിരിക്കും.  ഒരു ബ്ലോഗറോട് ഗ്രൂപ്പിലെ മറ്റ് ബ്ലോഗര്‍മാര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും  ആ ബ്ലോഗര്‍ മറുപടി പറയുകയും ചെയ്യുക എന്നതാണ് സംഭവം.  നാളെ എന്നോടാണ് ചോദ്യങ്ങള്‍ ചോദിക്കുക.  ചോദ്യങ്ങള്‍ക്ക് നമ്മുടെ സമയത്തിന്റെ സൌകര്യം നോക്കി മറുപടി പറഞ്ഞാല്‍ മതി.

ഞാന്‍ എന്നെത്തന്നെ ഇന്റര്‍വ്യൂ ചെയ്യുന്ന പോലെ ഒരു പോസ്റ്റ് ബ്ലോഗും ഞാനും എന്ന പേരില്‍ ഒന്നാം ഭാഗം  ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.  അതിന്റെ രണ്ടാം ഭാഗം എഴുതുന്നത് എന്ത്കൊണ്ടോ നീണ്ടുപോയി.  അപ്പോഴാണ്  നമ്മുടെ  ഇംതിയാസ്     ചാറ്റ് ഷോയില്‍ പങ്കെടുക്കാമോ എന്ന് എന്നോട് ചോദിക്കുന്നത്.  ഞാന്‍ സന്തോഷപൂര്‍വ്വം ആ അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ബ്ലോഗും ഞാനും -2  എന്ന പോസ്റ്റ് എഴുതാന്‍ എനിക്ക്  സബ്ജക്റ്റ് കിട്ടുകയും ചെയ്യുമല്ലോ. എല്ലാവരേയും ഞാന്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍   ഇവിടെ  ക്ലിക്ക് ചെയ്യുക.

വിക്കിപീഡിയ വാര്‍ഷികം കണ്ണൂരില്‍ : ലഘുറിപ്പോര്‍ട്ട്

വിക്കിപീഡിയയുടെ പത്താം വാര്‍ഷികവും മലയാളം വിക്കിയുടെ എട്ടാം വാര്‍ഷികവും കണ്ണൂരില്‍ നടന്നു. ആഘോഷിച്ചു എന്ന് പറയാന്‍ പറ്റില്ല കാരണം കേരളം മൊത്തം ഒരു നടുക്കത്തില്‍ ആയിരുന്നുവല്ലൊ ഇന്ന്.  ശബരിമല ദുരന്തത്തെ തുടര്‍ന്ന് ഈ ആഘോഷം മാറ്റി വെക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു എന്ന് മുഖ്യസംഘാടകനായ വിജയകുമാര്‍ ബ്ലാത്തൂര്‍ പറഞ്ഞു. എന്നാല്‍ വിക്കിപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെ ആയതിനാല്‍  ഈ കൂടിച്ചേരല്‍ ഇന്ന് തന്നെ നടക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവത്രെ.  ഈ വാര്‍ഷികം ഡോ.ബി.ഇക്ബാല്‍  ഓണ്‍ലൈനില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്  സദസ്സിന് പുതുമയായി.  ഡോ.ഇക്ബാലിന്റെ പ്രസംഗം നല്ല ക്ലാരിറ്റിയോടെ കേള്‍ക്കാന്‍ കഴിഞ്ഞില്ല.  ശബ്ദം ഫുള്‍ വാള്യത്തില്‍ വെച്ചത്കൊണ്ടാണെന്ന് തോന്നുന്നു.  ഓപ്പറേറ്റര്‍മാര്‍ക്ക് ശ്രദ്ധിക്കാമായിരുന്നു.  പിന്നീട് വിജയകുമാര്‍ ബ്ലാത്തൂര്‍ വിക്കിപീഡിയയുടെ ലക്ഷ്യത്തെ കുറിച്ച് നന്നായി സംസാരിച്ചു.  വിക്കിപീഡിയയുടെ ആരംഭം, ആസ്കി ഫോണ്ടില്‍ നിന്ന് യൂനികോഡിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഡോ.മഹേഷ് മംഗലാട്ട് പ്രൌഢഗംഭീരമായ പ്രഭാഷണം തന്നെ നടത്തി.  യൂനിക്കോഡിനെ കുറിച്ചൊക്കെ  നമ്മള്‍ കുറെ മനസ്സിലാക്കാനുണ്ട്. അതിന് മുന്‍പായി  മഹേഷ് മംഗലാട്ട് എഴുതിയ  ഈ ലേഖനം  എല്ലാവരും ഒന്ന് വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിക്കിപീഡിയയില്‍ ഞാന്‍ 2007ല്‍ തന്നെ അംഗത്വം എടുത്തിരുന്നുവെങ്കിലും  അവിടെ എന്തെങ്കിലും എഴുതുകയോ കൂടുതല്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.  അത്കൊണ്ട് ഇന്നത്തെ പരിപാടിയെ പറ്റി വിശദമായി എഴുതാന്‍ എനിക്ക് കഴിയുന്നില്ല.  എന്നാല്‍ മഹേഷ് മംഗലാട്ടിന്റെ പ്രഭാഷണവും വിക്കിപീഡിയയുടെ ഒരു അഡ്മിനിസ്ട്രേറ്റര്‍ ആയ സിദ്ധാര്‍ത്ഥന്റെ വിശദീകരണവും കേട്ടത്കൊണ്ട് ഇനി വിക്കിപീഡിയയില്‍  എന്നാല്‍ കഴിയുന്നത് സംഭാവന ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.  ഭാഷയായാലും സംസ്ക്കാരമായാലും  വിവരങ്ങള്‍ ആയാലും ശാസ്ത്രമായാലും എത്രയോ പേര്‍ സംഭാവന ചെയ്ത് സമ്പുഷ്ടമാക്കിയതാണ് നമ്മള്‍ ഉപയോഗിക്കുന്നത്. അത്കൊണ്ട് നമുക്ക് കഴിയുന്നത് എത്ര നിസ്സാരമായാലും അത് സംഭാവന ചെയ്യാനുള്ള ബാധ്യത നമുക്കുണ്ട്. അല്ലെങ്കില്‍  മനുഷ്യരാശിയോട്  ചെയ്യുന്ന കടുത്ത നന്ദികേട് ആയിപ്പോകും.

ഞാന്‍ കുറച്ചു ഫോട്ടോകളും  അല്പസമയം വീഡിയോയും  മൊബൈലില്‍ എടുത്തു. പക്ഷെ ഹാളിലെ തുറന്ന് കിടന്ന ജാലകത്തിലൂടെ പ്രകാശം  അധികമായി അകത്ത് കടന്നതിനാല്‍ ഒന്നും അത്ര ക്ലീയര്‍ ആയില്ല.  ആ ഫോട്ടോകളും വീഡിയോ ക്ലിപ്പും താഴെ ചേര്‍ക്കുന്നു.  ഈ പോസ്റ്റ് എനിക്ക് തന്നെ അത്ര തൃപ്തികരമായില്ല എന്ന് വായനക്കാരോട് പറയട്ടെ.

                             ഡോ.ഇക്ബാല്‍  ഓണ്‍‌ലൈനില്‍ ഉത്ഘാടനം നിര്‍വഹിക്കുന്നു.


                             വിജയകുമാര്‍ ബ്ലാത്തൂര്‍  വീക്കിയുടെ ലക്ഷ്യങ്ങളെ കുറിച്ച് പറയുന്നു.                                                              ഡോ.മഹേഷ് മംഗലാട്ട്                         സിദ്ധാര്‍ത്ഥന്‍( കോഴിക്കോട്) വിക്കിപീഡിയയെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു.               മാസ്റ്റര്‍ സിദ്ധാര്‍ത്ഥ്,  വിക്കിയുടെ വാഗ്ദാനം . വിജയകുമാര്‍ ബ്ലാത്തൂരിന്റെ മകന്‍നമ്മുടെ മിനി ടീച്ചര്‍ , വിക്കിയുടെ യൂനിഫോം അണിഞ്ഞ് ഫുള്‍ ഫോമില്‍ ....(വെളിച്ചം എന്നെ പറ്റിച്ചു)                       സാക്ഷാല്‍ കുമാരന്‍ ലീല ടീച്ചറുടെയും, ടീച്ചറുടെ  ഭര്‍ത്താവ് ചന്ദ്രന്റെയും കൂടെ..                                      മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ദിനകരന്‍ കൊമ്പിലാത്ത്


എന്നെ ഞാന്‍ സദസ്സിന് പരിചയപ്പെടുത്തുന്നത് മിനി ടീച്ചര്‍ ഫോട്ടോ എടുത്തിരുന്നു. ടീച്ചറുടെ വിശദമായ റിപ്പോര്‍ട്ട്  ഇവിടെ  വായിക്കാം.


മക്ബൂലിന്റെ ഫോട്ടോ തിരക്കില്‍ എടുത്തപ്പോള്‍ ശരിയായില്ല.  സദസ്സിനെ ഫോട്ടോയില്‍ കാണാനില്ല. അടുത്ത് നിന്ന് ഫോക്കസ് ചെയ്തത്കൊണ്ടാണ് പറ്റിയത്.  ലൈറ്റും ശരിയായില്ല.


                                                              

                                                                  അനൂപ് നാരായണ്‍

ഇനി ചെറിയൊരു വീഡിയോ ക്ലിപ്പ്

ശാന്തി ഭൂഷണ്‍ , താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോകൂ പ്ലീസ്!

അങ്ങനെ നമ്മുടെ രാജ്യം എല്ലാംകൊണ്ടും അഴിമതിയില്‍ മുങ്ങിത്താണ്കൊണ്ടിരിക്കുകയാണ്.  ഇനി ഈ രാജ്യത്തെ ഈ അഴിമതിയില്‍ നിന്ന് രക്ഷിക്കാന്‍ സാക്ഷാല്‍ ദൈവത്തിന് പോലും കഴിയില്ല.  ജ്യൂഡിഷ്യറി പോലും അഴിമതിവിമുക്തമല്ല എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് നമ്മളിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.  നമ്മള്‍ സാധാരണക്കാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? നമ്മുടെ കൈയില്‍ എന്താണ് ഉള്ളത്. ഇടക്കിടെ കിട്ടുന്ന ബാലറ്റ് പേപ്പര്‍ മാത്രം. അത്കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്.  രാഷ്ട്രീയക്കാരല്ലേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.  നമുക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളെ ലഭിക്കാന്‍ നമുക്ക് സാധിക്കുകയില്ലല്ലൊ.  സ്ഥാനാര്‍ത്ഥികളും ദുഷിച്ച് നാറിയ ഇന്നത്തെ സിസ്റ്റത്തിന്റെ ഉല്പന്നങ്ങളല്ലേ. അവറ്റകളും ഈ സിസ്റ്റം  കാത്ത് സൂക്ഷിക്കുകയല്ലെ ചെയ്യുക.

അഴിമതിക്കെതിരെ ദുര്‍ബ്ബലമായ ചെറുത്ത്നില്പുകള്‍ അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും  അത്തരം ചെറുത്ത് നില്‍പ്പുകളെ രാഷ്ട്രീയവര്‍ഗ്ഗം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ ലോക്പാല്‍ സന്തോഷ് ഹെഗ്ഡേ.  അവിടെ അഴിമതിക്കെതിരെ ഒറ്റയാള്‍ പട്ടാളമാണ് സന്തോഷ് ഹെഗ്ഡേ.  അഴിമതിയുടെ ദക്ഷിണേന്ത്യന്‍ തലസ്ഥാനമാണ് കര്‍ണ്ണാടക.  ബി.ജെ.പി.യാണ് അവിടെ ഭരിക്കുന്നത്. ആ ബി.ജെ.പി.കേന്ദ്രത്തില്‍  അഴിമതി വിരുദ്ധത്തിന്റെ നേതൃത്വവും വഹിക്കുന്നു.  അഴിമതി ഇവിടെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും അതിന്റെ ഗുണം അനുഭവിക്കുന്നതും അതേ സമയം അഴിമതിക്കെതിരെ സംസാരിക്കുന്നതും രാഷ്ട്രീയക്കാര്‍ ആണെന്നതാണ് നമ്മുടെ ദേശീയദുരന്തം. അഴിമതിക്കെതിരെ സംസാരിക്കാനുള്ള അവകാശം ഇടത്പക്ഷങ്ങള്‍ക്കുമില്ല.  ഇപ്പോഴത്തെ വിവാദത്തില്‍ ലാവലിന്‍ കേസും പൊന്തി വരുന്നു.  പണത്തിന് മീതെ ഇടത്പക്ഷവും പറക്കില്ല എന്ന് പാര്‍ട്ടി പത്രത്തിന് വേണ്ടി ലോട്ടറിത്തട്ടിപ്പ് വീരന്‍ സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി വാങ്ങിയതില്‍ നിന്ന്  വ്യക്തമാകുന്നുണ്ട്. വാങ്ങിയത് മടക്കിക്കൊടുത്തോ എന്നത് വിഷയമല്ല.  സമ്പത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തിയില്‍ നിന്നാണ് അഴിമതി ജനിക്കുന്നത്. ആ ആര്‍ത്തിയില്‍ നിന്ന് ഇടത്പക്ഷവും  മുക്തമല്ല എന്ന് അവരുടെ ഇടപാടുകളും തെളിയിക്കുന്നു.

ഈ അടുത്ത കാലത്തെല്ലാം വെച്ച് എനിക്ക് ഏറ്റവും രോമാഞ്ചമുണ്ടായ വാക്കുകള്‍ കേട്ടത് ശ്രീ. ശാന്തിഭൂഷണില്‍ നിന്നാണ്.  മുന്‍ ചീഫ് ജസ്റ്റിസ്മാരില്‍ അഴിമതിക്കാര്‍ ഉണ്ടെന്നും  അങ്ങനെ പറഞ്ഞതിന് മാപ്പ് പറയില്ലെന്നും വേണ്ടി വന്നാല്‍ അതിന്റെ പേരില്‍ ജയില്‍ പോകാനും തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.  ഇങ്ങനെ എത്ര പേര്‍ക്ക് ഇക്കാലത്ത് പറയാന്‍ കഴിയും?  തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് വേണ്ടി മൂട് താങ്ങുന്ന സകലമാന ആളുകളും ഈ വാക്കുകള്‍ കേട്ട് ലജ്ജിക്കണം. പ്രത്യേകിച്ചും യുവതലമുറ, ശാന്തിഭൂഷന്റെ പ്രായത്തെ പരിഗണിക്കുമ്പോള്‍.  മാപ്പ് പറയാത്തതിന്റെ പേരില്‍ സുപ്രീം കോടതി ശാന്തിഭൂഷനെതിരെ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ട് പോകുമെന്നാണ് പത്രങ്ങളില്‍ കണ്ടത്. അങ്ങനെയെങ്കില്‍  അത് ജ്യൂഡിഷ്യറി പാതാളത്തോളം താഴുന്നതിന് തുല്യമാണെന്ന് ഞാന്‍ പറയില്ല. എന്തെന്നാല്‍ എനിക്ക് ജയിലില്‍ പോകാനോ കോടതിയലക്ഷ്യക്കേസ് നടത്താനോ ഉള്ള ആര്‍ജ്ജവം ഇന്നില്ല.  പക്ഷെ ഒന്ന് എനിക്ക് ഉറപ്പുണ്ട്.  ശ്രീ. ശാന്തിഭൂഷണ്‍ ഈ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ജയിലില്‍  പോവുകയാണെങ്കില്‍ ഇവിടെ വീണ്ടും ഒരു സ്വാതന്ത്ര്യസമരം നടക്കും.  എത്ര കാലമാണ് ജനങ്ങള്‍ എല്ലാം സഹിക്കുക.

എല്ലാവരും ഒരു സത്യം ഇനിയും മനസ്സിലാക്കണം.  ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ കുറുക്കന്മാരാണ്. രാജ്യം എന്ന കോഴിയെ പോറ്റാന്‍ നമ്മള്‍ ഏല്‍പ്പിച്ചിട്ടുള്ളത് ഈ കുറുക്കന്മാരെയാണ്.  ഈ രാഷ്ട്രീയക്കാര്‍ പരസ്പരം ചെളി വാരിയെറിയുന്നത് നമ്മളെ പറ്റിക്കാനാണ്.  ഇത് വരെയിലും രാഷ്ട്രീയക്കാരും  മുതലാളിമാരും ഉദ്യോഗസ്ഥന്മാരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഉണ്ടായിരുന്നതെങ്കില്‍  ഇപ്പോള്‍ ആ കൂട്ടുകെട്ടിലേക്ക്  മാധ്യമങ്ങളും ജ്യൂഡീഷ്യറിയും ചേരുന്നു എന്നതാണ് അവസ്ഥ. ഈ കൂടിച്ചേരല്‍ നമ്മള്‍ ജനങ്ങളെ സേവിക്കാനല്ല. നാട് നന്നാക്കാനല്ല. നമ്മളെ ചുരണ്ടാനാണ്. നാം കൊടുക്കുന്ന നികുതിപ്പണം കൊണ്ട് ഇവരൊക്കെ വിദേശത്ത് സന്ദര്‍ശനത്തിന് പോകുന്നത് എന്തിനാണ്? ആലോചിക്കണം.  സ്വിസ്സ് ബാങ്കിലെ നിക്ഷേപം ഇരട്ടിപ്പിക്കാനല്ലേ പോകുന്നത്. അല്ലാതെ നാട്ടിനോ നമ്മള്‍ക്കോ എന്ത് ഗുണം.  അവിഹിതമായി സമ്പാദിക്കാനുള്ള സാഹചര്യം ഒത്ത് വരുന്ന ഓരോരുത്തന്റെയും ദുര ഇന്ന് ആസുരമാണ്.  ഒരുത്തനും ആര്‍ത്തി തീരുന്നില്ല.  എന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും അതും പോര ലോകാവസാനം വരെയിലും എന്റെ തലമുറയ്ക്ക് എന്നാണ് ഓരോരുത്തനും ചിന്തിക്കുന്നത്.  ഇവന്റെയൊക്കെ ഒടുക്കത്തെ ദുരാശയോ ദൈവമേ എന്നാണ് എനിക്ക് ചിന്തിക്കാന്‍ തോന്നുന്നത്.  രാഷ്ട്രീയക്കാര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ അഴിമതി എന്ന ദുര്‍ഭൂതത്തെ കുപ്പിയിലാക്കാന്‍ കഴിയും.  പക്ഷെ അവനാണ് ഇന്ന് ഏറ്റവും ദുര. അവനാണ് ഇന്ന് ഏറ്റവും അനുകൂലമായ സാഹചര്യവുമുള്ളത്.

അത്കൊണ്ട് ബഹുമാനപ്പെട്ട ശാന്തിഭൂഷണ്‍ ,  താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ജയില്‍ പോകണം എന്ന് ഞാന്‍ അങ്ങയോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിജി ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ആ സ്വാതന്ത്ര്യം കുരങ്ങനെ കൈയില്‍ കിട്ടിയ പൂമാല പോലെയായി. ഇപ്പോള്‍ ഞങ്ങള്‍ സ്വന്തം നാട്ടിലെ അഴിമതിക്കാരുടെ അടിമകളാണ്. ഈ അടിമത്വത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാനുള്ള ദൌത്യമാണ് അങ്ങ് ജയില്‍ പോകുന്നതോടെ നിറവേറ്റപ്പെടുക.

ഇന്നത്തെ മാധ്യമം പത്രത്തിലെ ഒരു റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചിന്തകളാണ് മേലെ എഴുതിയത്.  സംഗതി കോടതിയലക്ഷ്യമാവുമോ എന്തോ? റിപ്പോര്‍ട്ട് താഴെ :


ന്യൂദല്‍ഹി: കോടികള്‍ കോഴ വാങ്ങി ഉത്തരവുകള്‍ അനുകൂലമാക്കുന്ന പ്രവണതയില്‍ നിന്ന് സുപ്രീം കോടതി മുക്തമല്ലെന്ന് രാജ്യത്തെ പ്രമുഖ നിമജ്ഞനും മുന്‍ കേന്ദ്ര നിയമന്ത്രിയുമായ  ശാന്തിഭൂഷണ്‍. അഴിമതിക്കാരായ ജഡ്ജിമാരെ തുറന്നു കാട്ടുമ്പോള്‍ ആരും പരിഭ്രമിച്ചിട്ടു കാര്യമില്ലെന്നും അതിന്റെ പേരില്‍ ഏതറ്റം വരെ പോകാന്‍ താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.  കെ.ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ദുബൈ കേന്ദ്രീകരിച്ച് നടന്ന പല ഇടപാടുകളെ കുറിച്ചും സമഗ്ര അന്വേഷണം ആവശ്യമാണെന്നും  'മാധ്യമം 'ആഴ്ചപ്പതിപ്പിന് അനുവദിച്ച സുദീര്‍ഘ അഭിമുഖത്തില്‍ ശാന്തിഭൂഷണ്‍ തുറന്നടിച്ചു. ജഡ്ജിമാരെ പ്രലോഭിപ്പിച്ച് വിധികള്‍ അനുകൂലമാക്കാന്‍ കോര്‍പറേറ്റുകള്‍ സജീവമാണ്. കോടികളാണ് ഇതിനായി മറിയുന്നത്. ജഡ്ജിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുടമിടയില്‍ കച്ചവടം ഉറപ്പിക്കാന്‍ ജുഡീഷ്യറിയില്‍ നിരവധി  ഇടനിലക്കാരുണ്ട്.  ഇന്ത്യയില്‍ ഇടക്കാലത്തുണ്ടായ പല ജനവിരുദ്ധ ഉത്തരവുകളുടെയും പിന്നില്‍ അമ്പരപ്പിക്കുന്ന പിന്നാമ്പുറമുണ്ട്.

സുപ്രീം കോടതിയിലെ അഴിമതി ജഡ്ജിമാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളില്ല.-അഭിമുഖത്തില്‍ ശാന്തി ഭൂഷണ്‍ വെളിപ്പെടുത്തുന്നു.
സ്വിറ്റ്‌സര്‍ലാന്റിലും ദുബൈയിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ഉന്നത ജഡ്ജിമാര്‍ താല്‍പര്യമെടുക്കുന്നത് സംശയാസ്‌പദമാണ്.ഇന്ത്യ സമ്മര്‍ദം ചെലുത്തി  സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ട് വിവരം പുറത്തു കൊണ്ടുവന്നാല്‍  ജുഡീഷ്യറി മൊത്തം കുലുങ്ങും.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളും ശാന്തിഭൂഷണ്‍ ഉന്നയിച്ചു. നിര്‍ണായകമായ ഒരു കേസ് സുപ്രീം കോടതി പരിഗണിക്കവെ, കെ.ജി.ബിയുടെ മരുമരുമകന്‍ ഏഴു തവണ ദുബൈയില്‍ സന്ദര്‍ശനം നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. ദുബൈയിലാണ് പല ഡീലുകളും ആ ഘട്ടത്തില്‍ നടന്നത്.  ബാലകൃഷ്ണനായിരുന്നു ഇന്നും സുപ്രീം ചീഫ് ജസ്റ്റിസെങ്കില്‍ 2ജി സ്‌പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ബാലകൃഷ്ണനോട് കാണിക്കുന്നത് ഉപകാര സ്മരണയാണ്. കെ.ജി.ബിക്കെതിരായ വിമര്‍ശം ദലിത് വിരുദ്ധമാണെന്ന വാദം വിലപ്പോകില്ല.

ജഡ്ജിമാര്‍ മാത്രമല്ല രാജ്യത്തെ ഭൂരിഭാഗം അഭിഭാഷകരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.ബാര്‍ കൗണ്‍സിലുകള്‍ പട്ടികളുടെ  ഇരിപ്പിടം മാത്രമാണ്. ജഡ്ജിമാര്‍ക്കെതിരെ അഴിമതി അന്വേഷണം നടത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്ന ഉത്തരവ് ചവറ്റുകൊട്ടയില്‍ തള്ളേണ്ട സമയം അതിക്രമിച്ചു. സര്‍ക്കാര്‍ കൊണ്ടു വരുന്ന ലോക്പാല്‍ ബില്‍ പൊള്ളയാണെന്നും സന്തോഷ് ഹെഗ്‌ഡെ സമര്‍പ്പിച്ച ബദല്‍ ബില്‍ അംഗീകരിക്കാതെ അഴിമതി തുടച്ചു നീക്കാനുള്ള നീക്കം വിജയിക്കില്ലെന്നും    ശാന്തി ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ജുഡീഷ്യറിയില്‍ നടക്കുന്ന ഞെട്ടിക്കുന്ന അഴിമതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ശാന്തിഭൂഷന്റെ  അഭിമുഖം ഉള്‍പ്പെടുന്ന 'മാധ്യമം' ആഴ്ചപ്പതിപ്പ് തിങ്കളാഴ്ച പുറത്തിറങ്ങും.