Links

Showing posts with label തീവ്രവാദം. Show all posts
Showing posts with label തീവ്രവാദം. Show all posts

പാക്കിസ്ഥാന്‍ പടുകുഴിയിലേക്ക് ?

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണം നടന്ന ഉടനെ അവിടെ നിന്ന് വന്ന ആദ്യ ഔദ്യോഗികപ്രതികരണം ഇതിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു എന്നാണ്. ഇന്ത്യയാണ് ആ രാഷ്ട്രം സംശയിക്കുന്ന വിദേശരാഷ്ട്രം എന്ന് പറയേണ്ടല്ലൊ. ഇതാണ് പാക്കിസ്ഥാന്റെ ഒരു പ്രത്യേകശൈലി. പൊസിറ്റീവ് ആയി ഒരു പരിപാടിയുമില്ലാത്ത ആ രാഷ്ട്രം ഇസ്ലാമിക മൌലികവാദത്തിന്റെ പിടിയില്‍ പെട്ട് അനുദിനം നാശത്തിന്റെ പടുകുഴിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരിക നമ്മളും കൂടിയാണ്. എങ്ങനെ ഈ വിപത്തില്‍ നിന്ന് നമ്മെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചാല്‍ ഒരു വഴിയും കാണുന്നുമില്ല. ആ രാഷ്ട്രത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുക എന്ന് വെച്ചാല്‍ അത് അതിനേക്കാളും വിനാശകരമാണ്. വേലികെട്ടി അതിര്‍ത്തി സംരക്ഷിക്കുക എന്നാണെങ്കില്‍ അതും അത്ര പ്രായോഗികമല്ല. എത്രയോ കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ത്തീരം വേറെ.

മതത്തിന്റെയോ,ഭാഷയുടെയോ,മറ്റ് ദേശീയതകളുടെയോ അടിസ്ഥാനത്തില്‍ മാത്രം ഒരു രാജ്യം കെട്ടിപ്പടുത്താല്‍ അത് പൌരന്മാരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവില്ല എന്നതിന് നല്ല ഉദാഹരണമാണ് പാക്കിസ്ഥാന്‍. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ചില വര്‍ഷങ്ങള്‍ക്കകം തന്നെ പാക്കിസ്ഥാന്‍ ജനാധിപത്യത്തില്‍ നിന്ന് വഴുതിമാറിയിരുന്നു. ഇപ്പോള്‍ ഒരു പ്രവര്‍ത്തിക്കുന്ന പരമാധികാരരാഷ്ട്രം എന്ന നിലയില്‍ നിന്നും അത് അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആരാണ് അവിടെ ഭരിക്കുന്നത്, ആര്‍ ആരെയാണ് തോല്‍പ്പിക്കുന്നത്, അവിടത്തെ ഭരണഘടനാപരമായ തലവന്‍ ആരാണ്, ഭരണം നിയന്ത്രിക്കുന്നത് പാര്‍ലമെന്റാണോ പ്രസിഡണ്ടാണോ പട്ടാളമാണോ അതോ മതമേലാളന്മാരാണോ ആര്‍ക്ക് ആരോടൊക്കെയാണ് വിധേയത്വം എന്നൊക്കെ പാക്കിസ്ഥാനികള്‍ക്ക് പോലും അറിയാത്ത അവസ്ഥാവിശേഷം. നമ്മുടെ അയല്‍‌രാഷ്ട്രം മാത്രമല്ല ഒരേ പൈതൃകത്തിന്റെ അവകാശികളായ നമ്മുടെ മുന്‍പില്‍ വെച്ച് ആ സഹോദരരാജ്യം നശിക്കുന്നതിന് സാക്ഷിയാവുകയാണ് നമ്മള്‍. ഇന്ത്യാവിരോധവും ഇസ്ലാമികമതമൌലികവാദവും ആണ് ആ രാജ്യത്തിന്റെ അധ:പതനത്തിന്റെ അടിസ്ഥാനകാരണങ്ങള്‍. ഇത് രണ്ടുമില്ലാതെ ഒരു ജനാധിപത്യരാഷ്ട്രമായി തുടര്‍ന്നിരുന്നുവെങ്കില്‍ അത് ഇന്ന് എത്രയോ ഐശ്വര്യപൂര്‍ണ്ണമായ രാജ്യമാവുമയിരുന്നു. പാക്കിസ്ഥാന്‍ ജനത ഈ യഥാര്‍ഥ്യം മനസ്സിലാക്കിയിട്ടുണ്ടോ എന്തോ!

സൃഷ്ടിപരമായ ഒരു പദ്ധതിയോ അജണ്ടയോ ആ രാജ്യത്തിന് നടപ്പാക്കാന്‍ കഴിയുന്നില്ല. ആര് അധികാരത്തില്‍ വന്നാലും ഇന്ത്യാവിരോധം എന്ന ഒറ്റ അജണ്ടയിലേ അവിടെ നിലനില്‍ക്കാന്‍ പറ്റുന്നുള്ളൂ. ഇന്ത്യ മിസ്സൈല്‍ പരീക്ഷിക്കുമ്പോള്‍ അതിനേക്കാളും ശക്തിയുള്ള ഒന്ന് അവരും പരീക്ഷിക്കുന്നു. ഇന്ത്യ അണുപരീക്ഷണം നടത്തുമ്പോള്‍ രണ്ടു പരീക്ഷണം അവരും നടത്തുന്നു. ഭീമമായ അമേരിക്കന്‍ സഹായം മുഴുവന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു. ചൈനയുമായി ഇന്ത്യക്കെതിരെ തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തുന്നു. മുംബൈ ആക്രമണം നടന്നപ്പോള്‍ പറഞ്ഞത് കേട്ടില്ലെ, പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ചൈനയ്ക്ക് ബ്ലാങ്ക് ചീട്ട് നല്‍കിയിട്ടുണ്ട് എന്ന്. ഇങ്ങനെ എത്ര നാള്‍ ഇന്ത്യാവിരോധം മാത്രം കൈമുതലാക്കി പാകിസ്ഥാന് മുന്നോട്ട് പോകാനാവും?

പാക്കിസ്ഥാനില്‍ കാര്‍ഷികപരിഷ്കരണം ഒട്ടും നടപ്പിലാക്കിയിട്ടില്ല. വന്‍‌കിട ഭൂപ്രഭുക്കന്മാരുടെ കൈവശമാണ് ഭുമി മുഴുവന്‍. ഭൂവിതരണം ഭരണാധികാരികള്‍ ചിന്തിച്ചിട്ടുപോലുമില്ല. പൊതുവിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് ശോചനീയം. അതിനാല്‍ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ ബഹുഭൂരിപക്ഷവും ഇന്നും പഠിക്കുന്നത് മദ്രസ്സകളില്‍. അവിടെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാകാനേ വഴിയുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ ഇന്ത്യാവിരോധവും മതപരമായ അസഹിഷ്ണുതയും ചൊല്ലിക്കൊടുക്കുന്നുണ്ട്. താലിബാന്‍ ശക്തിപ്രാപിക്കാന്‍ വേറേ എന്ത് വേണം? പാക്കിസ്ഥാന്റെ ഒരു ഭാഗം ഇപ്പോള്‍ തന്നെ താലിബാന്റെ നിയന്ത്രണത്തിലാണ്. അവിടെ ആകെക്കൂടിയുള്ള പുരോഗതി എന്ന് പറയാവുന്നത് സൌദി അറേബ്യയുടെ പണം ഒഴുകുന്നത് കൊണ്ട് കൂണ് പോലെ മുളച്ചു പൊങ്ങിയ പള്ളികള്‍ മാത്രം.

എതിരാളിയെ നശിപ്പിക്കാന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും അവലംബിക്കും എന്നതിന്റെ ഉദാഹരണമാണ് അവിടെ പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തായിബയുടെ നേതൃത്വത്തില്‍ നടത്തിയ മുംബൈ ആക്രണം പോലുള്ളവ. ആ സംഘടന ഇപ്പോള്‍ ഭസ്മാസുരന് വരം കിട്ടിയ പോലെ പാക്കിസ്ഥാന് തന്നെ വിനയായിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണം. ഇനി ആ രാജ്യത്ത് ഏതെങ്കിലും ടീം കളിക്കാന്‍ പോകുമോ?

നവാസ് ഷെരീഫിനെയും സഹോദരനെയും കോടതി അയോഗ്യനാക്കിയ സംഭവം സര്‍ദാരിയുടെ ഗൂഢാലോചനയാണെന്ന് ഷെരീഫ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല പിരിച്ചുവിടപ്പെട്ട മുന്‍‌ചീഫ് ജസ്റ്റിസ് ചൌധരിയെ ഇനിയും തിരിച്ചെടുത്തിട്ടുമില്ല. ഇത് സര്‍ദാരിയും ഷെരീഫും തമ്മിലുള്ള ബന്ധം വഷളാക്കും. പ്രധാനമന്ത്രി ഗിലാനിയും സര്‍ദാരിയും തമ്മിലും അത്ര സ്വരച്ചേര്‍ച്ചയിലല്ല. പട്ടാളവും ഐ.എസ്.ഐയും തമ്മിലും, ഐ.എസ്.ഐ.യും തീവ്രവാദികളും, തീവ്രവാദികളും മതമൌലികവാദികളും അങ്ങനെ ദുഷ്ടശക്തികള്‍ എല്ലാം തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകള്‍ അങ്ങനെ പാകിസ്ഥാന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സ്വതവെ ദുര്‍ബ്ബലമായ പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഇതൊന്നും പരിഹരിക്കാന്‍ കഴിയില്ല തന്നെ. ഇതൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യയെയും ബാധിക്കുമെന്നതിനാല്‍ നാം എന്തെങ്കിലും ഉപായം കണ്ടുപിടിച്ചേ മതിയാവൂ. നമ്മുടെ പരമ്പരാഗതമായ ശുദ്ധഗതിയും സഹനവും കൊണ്ട് പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ജീവിതത്തിന്റെ അയുക്തികത !

നമ്മള്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കാനും അനുകൂലിക്കാനും ആളുകളുണ്ടാവും. ഒന്നിനെ അനുകൂലിച്ചാല്‍ പ്രതികൂലിക്കാനും , എതിര്‍ത്താല്‍ അനുകൂലിക്കാനും ആളുകള്‍ സദാ റെഡി. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നോ മറ്റോ അല്ലേ മഹദ്‌വചനം. ഈ തര്‍ക്കവിതര്‍ക്കങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലും ഇല്ല. ജീവിതം പോലെ അതൊക്കെ അതിന്റെ പാട്ടിന് അങ്ങനെ തുടരും. എന്ന് വെച്ച് നമുക്ക് തര്‍ക്കിക്കാതിരിക്കാനും കഴിയില്ല, ജീവിയ്ക്കാതിരിക്കാന്‍ കഴിയാത്ത പോലെ.

ഇസ്ലാം തീവ്രവാദികളാണ് ഇന്നത്തെ പ്രധാന തര്‍ക്കവിഷയം. മുസ്ലീമിങ്ങളെല്ലാം തീവ്രവാദികളല്ല. എന്നിട്ടും പറയുമ്പോള്‍ ഇസ്ലാം തീവ്രവാദികള്‍ എന്നാണ് പറഞ്ഞു വരുന്നത് . ഇസ്ലാം മതം തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട് താനും. ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്. അത് തന്നെയാണ് മൌദൂദിസത്തിന്റെ സ്വാധീനവും. മുസ്ലീമിങ്ങള്‍ക്കും മതേതരവിശ്വാസികളാവാം. അതെങ്ങനെ ? മതം ഒരു ആത്മീയ വ്യവസ്ഥ മാത്രമാണെന്നും രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതിന് സ്ഥാനമില്ലെന്നും തിരിച്ചറിയുമ്പോള്‍ ഒരു മുസ്ലീം വിശ്വാസിക്ക് മതേതരനാകാന്‍ കഴിയും. അപ്രകാരമാണ് ഹിന്ദു വിശ്വാസികളില്‍ ഇന്നും ഭൂരിപക്ഷവും മതേതരവാദികളായി ജീവിയ്ക്കുന്നത് . ബി.ജെ.പി. ഒരു വര്‍ഗ്ഗീയകക്ഷി ആണെന്ന് സമ്മതിച്ചാല്‍ പോലും ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളും മതേതരപ്പാര്‍ട്ടികളാണ്. ബി.ജെ.പി. ഇവിടെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന പരിപാടി മുന്നോട്ട് വെച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിന് ഒരിക്കലും വര്‍ദ്ധിച്ച ജനപിന്തുണ ലഭിക്കുകയില്ല. കാരണം ഒരു ഹിന്ദു രാഷ്ട്രം വേണമെന്ന് ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കളും കുറവൊന്നുമല്ല്ല. എന്നാല്‍ അവര്‍ രാഷ്ട്രീയത്തെയും ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കെട്ടുന്നില്ല.

മുസ്ലീമിങ്ങള്‍ക്ക് ദൈവവും മതവും രാഷ്ട്രീയവും നിയമങ്ങളും ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് വേര്‍പിരിക്കാനാവാത്ത വിധത്തിലാണ്. അത് കൊണ്ടാണ് അവര്‍ക്ക് തീവ്രവാദികളെ തള്ളിപ്പറയാനും കഴിയാതിരിക്കുന്നത്. ഇപ്പോള്‍ ചില ഭാഗത്ത് നിന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. എന്നാലും മൌദൂദിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുസ്ലീം സമുദായത്തെ കരകയറ്റുന്നവരെ ഇസ്ലാം തീവ്രവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന ഒരു കറകളഞ്ഞ മതേതരവാദി ആയിരുന്നു. ജിന്നയോളം പോന്ന ഒരു മതേതര നേതാവ് ഇന്ത്യന്‍ മുസ്ലീമിങ്ങള്‍ക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ സത്യം പാക്കിസ്ഥാനില്‍ പോയി തുറന്ന് പറഞ്ഞതിനാണ് അദ്വാനിക്ക് പാര്‍ട്ടി അദ്ധ്യക്ഷപദം ഒഴിയേണ്ടി വന്നത്.

തീവ്രവാദത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ തീവ്രവാദികള്‍ തന്നെയാണ്. തീവ്രവാദത്തില്‍ യജമാനനും അടിമകളുമുണ്ട്. അല്‍ ഖ്വൈദയുടെ യജമാനന്‍ ഒസാമാ ബിന്‍ ലാദനും, ലഷ്കര്‍ ഇ തായിബയുടെ യജമാനന്‍ ഹാഫിസ് മൊഹമ്മദ് സയിദും തമിഴീഴം പുലികളുടെ യജമാനന്‍ വേലുപ്പിള്ള പ്രഭാകരനുമാണ്. ദാരിദ്ര്യവും ജീവിതപ്രയാസങ്ങളുമാണ് അടിമകളെ തീവ്രവാദി പാളയത്തിലെത്തിക്കുന്നത്. എത്തിക്കിട്ടിയാല്‍ പിന്നെ യജമാന്റെ വക മസ്തിഷ്ക്ക പ്രക്ഷാളനവും സാമ്പത്തിക പ്രലോഭനങ്ങളും കൊണ്ട് അടിമ ഒരു ലക്ഷണമൊത്ത തീവ്രവാദിയാവുന്നു. പ്രഭാകരനാണെങ്കില്‍ അടിമകളെ റിക്രൂട്ട് ചെയ്യുന്നത് , നമ്മള്‍ നികുതി അടക്കുന്നത് പോലെയാണ്. ഒരു തമിഴ് കുടുംബത്തില്‍ നിന്ന് ഒരംഗത്തിനെ ശൈശവ പ്രായത്തിലേ പുലിത്തലവനെ ഏല്‍പ്പിച്ചിരിക്കണം.

തീവ്രവാദം കൊണ്ട് രണ്ട് കാര്യങ്ങളേ നടക്കൂ. ഒന്ന്, കുറെ നിരപരാധികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടും. രണ്ട്, തീവ്രവാദി യജമാനന് ചക്രവര്‍ത്തി സമാനനായി വാഴാം. തീവ്രവാദം കൊണ്ട് മറ്റൊന്നും ഒരിക്കലും നേടാന്‍ കഴിയില്ല. എന്നാലും തീവ്രവാദത്തെ പലരും വ്യാമോഹിക്കും പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് നമ്മോടൊപ്പം എന്നുമുണ്ടാവും . അല്ലെങ്കിലും ഈ തീവ്രവാദം കൊണ്ട് മാത്രമാണോ നിരപരാധികള്‍ മരണപ്പെടുന്നത്. നൂറ് നൂറ് കാരണങ്ങള്‍ കൊണ്ട് ഇവിടെ നിരപരാധികള്‍ എന്നും അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. വാഹനാപകടകങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വൈറസ്സ് ബാധകള്‍, ഇഴജീവികള്‍, രാഷ്ട്രീയാക്രമണങ്ങള്‍ തുടങ്ങിയവയെ പോലെ തീവ്രവാദി ആക്രമണങ്ങളും മരണകാരണമായി ഉണ്ട് എന്നല്ലേ ഉള്ളൂ .

എവിടെ മരണം നടന്നാലും എന്റെ അമ്മ പറയുമായിരുന്നു, അവന്റെ സമയം അതായത് ആയുസ്സ് അവിടെ എത്തി എന്ന്. തീവ്രവാദി ആക്രമണമായാലും കൊലപാതകമായാലും പകര്‍ച്ചവ്യാധി ആയാലും അതൊക്കെ നിമിത്തങ്ങളായേ അമ്മ കാണൂ. രക്ഷപ്പെടുന്നവര്‍ക്ക് സമയം ആയിട്ടില്ല എന്നതില്‍ അമ്മയ്ക്ക് സംശയമേയുണ്ടായിരുന്നില്ല. യുക്തിവാദത്തിന്റെ ലഹരി തലക്ക് പിടിച്ച അക്കാലത്ത് ഞാന്‍ അമ്മയോട് തര്‍ക്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെ അമ്മയോട് തര്‍ക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മയ്ക്ക് ആ വിശ്വാസം എത്രയോ ആശ്വാസം നല്‍കിയിരിക്കണം.

യുക്തിവാദികള്‍ക്ക് അങ്ങനെയാണ് . അവര്‍ക്ക് ഉള്ളതേ ഉള്ളൂ, ഇല്ലാത്തത് ഇല്ല. സിമ്പിള്‍ ലോജിക്ക്. വിശ്വാസികള്‍ക്ക് ഉള്ളത് മാത്രമല്ല ഇല്ലാത്തത് പലതും ഉണ്ട്. ഉള്ളതായ ഭൌതികലോകത്തിന് പുറമെ സമാന്തരമായി ഒരു സാങ്കല്പിക ലോകവും അവര്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും , പാപവും പുണ്യവും, പുനര്‍ജ്ജന്മവും , ആത്മാവും, മോക്ഷവും, പ്രാര്‍ത്ഥനയും, പൂജയും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. എന്താണ് ഉള്ളതിന് തെളിവ് എന്ന് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കും തെളിവുണ്ടെങ്കിലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന്. കാറ്റിനെ കാണാന്‍ പറ്റുമോ കരണ്ടിനെ കാണാന്‍ പറ്റുമോ എന്നൊക്കെ നൂറായിരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കും. അതൊക്കെ കേട്ടാല്‍ തോന്നും അവര്‍ക്കൊക്കെ എല്ലാം ബോധ്യമാകുന്നുണ്ടെന്ന്. എവിടെ ? ഒരു വിശ്വാസം അത്രമാത്രം. പക്ഷെ വിശ്വാസം തന്നെയാണ് നല്ലതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. അതിനെകുറിച്ച് പിന്നെ എഴുതാം.

എന്റെ ഒരു പഴയ പോസ്റ്റില്‍ ഈ അടുത്തായി ഒരു ബ്ലോഗര്‍ സുഹൃത്ത് താഴെ കാണും പ്രകാരം ഒരു കമന്റ് എഴുതി. അത് വായിച്ച് ഞാന്‍ കുറെ നേരം ചിന്താധീനനായി ഇരുന്നു പോയി.

“യുക്തികതയുടെ നിരാസമാണ് ജീവിതം. പൊതുവെ വ്യര്‍ത്ഥവും, ആത്യന്തികമായി നശ്വരവും ആയ ജീവിതം എന്തുകൊണ്ട് മനുഷ്യന്‍ ജീവിക്കുന്നു? നൈരന്തര്യവും നൈരന്തര്യ നിഷേധവും ഉപോല്‍ബലകങ്ങള്‍ ആയ ശാസ്ത്ര ചിന്തയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍, മാറാരോഗവും, ദാരിദ്ര്യവും, സമ്പന്നതയുടെ വ്യര്‍ത്ഥതയും നിശ്ചയമായ മരണവും എന്തുകൊണ്ടാണ് ജീവിതം എന്ന അനാവശ്യമായ ഒരു കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കാത്തത്? കാരണം ജീവിതം അയുക്തികമാണ്. അയുക്തികമായ ജീവിതത്തെ വരുതിയിലാക്കാനുള്ള കേവലം ഒരു പരിശ്രമം മാത്രമാണ് യുക്തി ചിന്ത.”

ജീവിതത്തിന്റെ അയുക്തികത എന്ന് ഞാന്‍ ഈ പോസ്റ്റിന് തലക്കെട്ട് കൊടുക്കുമ്പോള്‍ എഴുതാന്‍ ഉദ്ദേശിച്ചത് വേറെന്തോ ആയിരുന്നു. അത് പിന്നെയെഴുതാം, തലക്കെട്ട് വേറെ കിട്ടാതിരിക്കില്ല.

(മൌദൂദിസം)