Links

രാസവളം വിഷം അല്ല


വെറുതെ ഇരിക്കുമ്പോൾ ഇട്ടമ്മില് രണ്ട് മൂട് വാഴച്ചേമ്പിന്റെ വിത്ത് നട്ടതാണ്. അതിന് അല്പം N.P.K വളം ഇട്ടുകൊടുത്തിരുന്നു. അതുകൊണ്ട് നന്നായി പോഷിച്ചു വളർന്നു. കിളച്ചു നോക്കിയപ്പോൾ തോന വിത്തുകൾ കിട്ടി. ഇന്നലെ പകുതി എടുത്ത് പുഴുങ്ങി. എന്താ ഒരു ടേസ്റ്റ്. എനിക്ക് വാഴച്ചേമ്പ് പുഴുങ്ങിയത് വളരെ ഇഷ്ടമാണ്. ചുമ്മാ ഉപ്പ് മാത്രം ഇട്ട് പുഴുങ്ങിയാൽ മതി. അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. വേറെ ഒന്നും വേണ്ട. നല്ലത് പോലെ വെന്താൽ വെണ്ണ പരുവത്തിലാകും. അതാണ് ടേസ്റ്റ്.

ഇത്രയും വിത്തുകൾ കിട്ടിയത് N.P.K എന്ന വളം ഇട്ടുകൊടുത്തത് കൊണ്ടാണ്. എന്തുകൊണ്ട് N.P.K ? അത് പറയാനാണ് ഈ കുറിപ്പ്. നാട്ടിൽ രാസവളം എന്നാൽ വിഷം ആണ്. വീട്ടിലെ ജൈവമാലിന്യം കൊണ്ട് ഉണ്ടാക്കുന്ന കമ്പോസ്റ്റ് പിന്നെ ചാണകം ഒക്കെയാണ് വളം. രാസവളം ഇട്ടാൽ ലഭിക്കുന്ന വിളവുകളും വിഷം ആയിരിക്കും എന്നാണ് പൊതുബോധം. പൊതുബോധത്തോട് ഒരു രക്ഷയും ഇല്ല. അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല. അത്യാവശ്യം പച്ചക്കറി നടുന്ന അയൽക്കാരനോട് ഞാൻ പറഞ്ഞു, ലേശം N.P.K ഇട്ടുകൊടുത്തുകൂടേ? അവജ്ഞയോടെ അവൻ പറഞ്ഞു, അതൊന്നും ഞങ്ങൾ ഉപയോഗിക്കാറില്ല. എന്റെ അഭിപ്രായത്തെ വിഷം തീറ്റിക്കാനുള്ള ദുരുപദേശം ആയിട്ടായിരിക്കും അവൻ എടുത്തിരിക്കുക.
ജൈവകൃഷി എന്നത് ഏറ്റവും വലിയ മൂഢവിശ്വാസം ആണ്. നമ്മൾ ഭക്ഷണം കഴിക്കുന്നില്ലേ. അതൊക്കെ അതിന്റെ ഏറ്റവും ചെറിയ രൂപത്തിൽ തന്മാത്രകളും തന്മാത്രകൾ മൂലകങ്ങൾ ചേർന്നതും ആണ്. ചുരുക്കി പറഞ്ഞാൽ ഇക്കാണുന്ന ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം തന്നെ മൂലകങ്ങൾ കൊണ്ട് ഉണ്ടായതാണ്. ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങൾ ചേർന്നതാണ്. അതുകൊണ്ടാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. അവ മൂന്നിന്റെയും കൂടെ നൈട്രജൻ എന്ന നാലാമതൊരു മൂലകം കൂടി ചേർന്നാൽ അത് പ്രോട്ടീൻ തന്മാത്രയായി. വെള്ളം രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും മൂലകങ്ങൾ ചേർന്ന് ഉണ്ടായ തന്മാത്രകളാണ്. വായുവിലെ ഓക്സിജൻ എന്ന് നമ്മൾ പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്.
ഒരു മൂലകവും കൃത്രിമമായി ഉണ്ടാക്കാൻ സാധ്യമല്ല. രാസവളം നിർമ്മിക്കുന്നത് പ്രകൃതിയിലെ തന്മാത്രകൾ ശേഖരിച്ച് അവയെ മൂലകങ്ങളായി പിരിച്ചും തന്മാത്രകളായി കൂട്ടിച്ചേർത്തും ആണ്. യൂറിയയിൽ ഉള്ള നൈട്രജൻ വായുവിൽ ഉള്ള നൈട്രജൻ തന്നെയാണ്. വായുവിൽ 79 ശതമാനവും നൈട്രജൻ മൂലകം ആണുള്ളത് എന്ന് ഓർക്കുക. ആ നൈട്രജൻ തന്നെയാണ് ശേഖരിച്ച് ഒരു കൃത്രിമത്വവും ഇല്ലാതെ ഡാപ്, യൂറിയ, ഫേക്ടംഫോസ്, മുതലായ രാസവളങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. എളുപ്പത്തിൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. എന്നിട്ടാണ് ഇതിനെ ആളുകൾ വിഷം എന്ന് വിശ്വസിച്ച് പേടിക്കുന്നതും പേടിപ്പെടുത്തുന്നതും. ജൈവകൃഷി എന്ന മൂഢപ്രചാരണമാണ് കേരളത്തിൽ കൃഷി നശിക്കാൻ കാരണം.
അല്പം ഡാപ്പ് അല്ലെങ്കിൽ യൂറിയയോ ഫേക്ടംഫോസോ പിന്നെ ലേശം പൊട്ടാസ്യവും ഇട്ടുകൊടുത്ത് ചെടികൾ പോഷിച്ചു വളരുകയും നല്ല വിളവ് കിട്ടുകയും ചെയ്യുമ്പോൾ ആളുകൾ ഉത്സാഹത്തോടെ അവരവർക്ക് വേണ്ടുന്ന പച്ചക്കറികൾ നട്ടു വളർത്തുമായിരുന്നു. ജൈവം എന്ന് പറയുന്നതിൽ 99.9 ശതമാനവും കാർബൺ മൂലകം ആണുള്ളത്. കാർബൺ മൂലകം ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമില്ല. അതുകൊണ്ടാണ് ജൈവം ഇട്ടുകൊടുത്ത ചെടികൾ മഞ്ഞളിച്ച് ശോഷിച്ച് അങ്ങനെ മുരടിച്ച് വളരുന്നത്.
നമുക്ക് ആഹാരത്തിൽ കൂടി നിശ്ചിത എണ്ണം മൂലകങ്ങളാണ് കിട്ടേണ്ടത് എന്ന പോലെ ചെടികൾക്ക് മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും കൂടി കിട്ടേണ്ടത് ആകെ 16 മൂലങ്ങളാണ്. അവ താഴെ കൊടുക്കുന്നു :
Carbon (C), Oxygen (O), Hydrogen (H), Nitrogen , Phosphorus (P), Potassium (K), Calcium (Ca), Magnesium (Mg), Sulfur (S), Iron (Fe), Manganese (Mn), Zinc (Zn), Copper (Cu), Boron (B), Molybdenum (Mo), and Chlorine (Cl).
ഇവയിൽ ആദ്യത്തെ മൂന്ന് എണ്ണം Carbon (C), Oxygen (O), Hydrogen (H) എന്നിവ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡിൽ നിന്നാണ് കാർബൺ കിട്ടുന്നത്. മണ്ണിൽ നിന്ന് ചെടികൾ കാർബൺ എടുക്കുന്നില്ല. അതുകൊണ്ടാണ് 99.9 ശതമാനവും അടങ്ങിയ ജൈവം ചെടികൾക്ക് പ്രയോജനം ഇല്ല എന്ന് പറയാൻ കാരണം. ബാക്കി 0.01 ശതമാനം മൂലകങ്ങൾക്ക് വേണ്ടി കൊട്ടക്കണക്കിന് ജൈവം ഇടേണ്ട കാര്യം ഇല്ലല്ലോ. അതേ സമയം ചാരത്തിൽ ആവശ്യമുള്ള മൂലകങ്ങൾ ഉണ്ട്. ചാരം എന്നത് കാർബൺ കത്തി കാർബൺ ഡൈഓക്സൈഡായി പോയി ശേഷിക്കുന്ന മൂലകങ്ങളാണ്. അത് ചെടികൾക്ക് ഗുണം ചെയ്യും. എന്നാൽ ചാരം ഇപ്പോൾ എവിടെ കിട്ടാനാണ്. ആ കുറവ് നികത്താനാണ് ഏറ്റവും ഫലപ്രദവും സയന്റിഫിക്കും ആയ രാസവളങ്ങൾ ഉപയോഗിക്കേണ്ടത്.
ചെടികൾക്ക് മണ്ണിൽ നിന്ന് കിട്ടേണ്ടത് മേലെ കൊടുത്തവയിൽ Carbon (C), Oxygen (O), Hydrogen (H) ഒഴികെ 13 മൂലകങ്ങളാണ്. ഇവയിൽ Nitrogen , Phosphorus , Potassium ഈ മൂന്നെണ്ണമാണ് അധികം കിട്ടേണ്ടത്. അതാണ് N.P.K എന്ന വളത്തിന്റെ പ്രസക്തി. മേല്പറഞ്ഞ 13 മൂലകങ്ങളും മണ്ണിൽ ഉള്ളതാണ്. മണ്ണ് എന്ന് പറയുന്നത് തന്നെ ഇത് പോലത്തെ കുറേ മൂലകങ്ങൾ ചേർന്ന മിശ്രിതം അല്ലാതെ മറ്റൊന്നല്ല. ചെടികളും വൃക്ഷങ്ങളും ഒക്കെ മണ്ണിൽ നിന്ന് ഇപ്പറഞ്ഞ 13 മൂലകങ്ങൾ വലിച്ചെടുത്തുകൊണ്ടാണ് വളരുന്നത്. എന്നാൽ തുടർന്ന് ഒരു സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് അധികം ആവശ്യമായ Nitrogen , Phosphorus , Potassium എന്നീ മൂലകങ്ങൾ മേൽമണ്ണിൽ ശോഷിച്ചു പോകും അല്ലെങ്കിൽ തീരെ കുറഞ്ഞു പോകും. ആ കുറവ് നികത്താനാണ് നമ്മൾ N.P.K എന്ന കോം‌പ്ലക്സ് വളം ഇട്ടുകൊടുക്കേണ്ടത്. ചെടികൾ തഴച്ചു വളരും. ആ കാഴ്ച തന്നെ എത്ര നയനമനോഹരമാണ്.
പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ പ്രവർത്തന രീതികൾ മനസ്സിലാക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും. എല്ലാവരും അതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ വെറുതെ ആശിക്കാറുണ്ട് .....

No comments: