ഒരു പ്രശ്നം തീരാതെ നില നിര്ത്തപ്പെടേണ്ടത് എന്തിന്റെയും തലപ്പത്തുള്ളവരുടെ നിലനില്പ്പിന്റെ പ്രശ്നമാണ്. തര്ക്കങ്ങളും പ്രശ്നങ്ങളും ഇല്ലെങ്കില് പിന്നെ തലപ്പത്തുള്ളവര് എന്ത് ചെയ്യും? അവര്ക്ക് പിന്നെ എന്താ പണി? ഈ പ്രശ്നം തീര്ക്കാന് സാധാരണക്കാരായ ഹിന്ദു - മുസ്ലീം സഹോദരന്മാരെ ഏല്പ്പിച്ചു നോക്കൂ , ഒറ്റ ദിവസം കൊണ്ട് അവര് പ്രശ്നം പരിഹരിച്ച് അമ്പലവും പള്ളിയും പണിത് അങ്ങോട്ടും ഇങ്ങോട്ടും പോയി പ്രാര്ത്ഥിച്ചെന്നുമിരിക്കും. കാരണം സാധാരണക്കാര്ക്ക് നിക്ഷിപ്തതാല്പര്യങ്ങളില്ല. അവരുടെ ജീവിതം തുലോം ചെറുതാണ്. അന്നന്നത്തെ ആവശ്യങ്ങള് , കുറച്ചു ബന്ധങ്ങള് ആവശ്യത്തിന് വിശ്വാസം ഭക്തി അങ്ങനെയങ്ങനെ വലിയ വലിയ മോഹങ്ങളൊന്നുമില്ലാത്ത കുഞ്ഞ് ജീവിതം. എന്നാല് തലപ്പത്തുള്ളവരുടെ ജീവിതവും അവരുടെ ആവശ്യങ്ങളും ഭീമാകാരങ്ങളാണ്. അവര്ക്ക് ഒന്നും പോര. പ്രശസ്തി പോര, പദവി പോര, അനുയായികള് പോര, ഫണ്ട് പോര, സ്ഥാനമാനങ്ങള് പോര അങ്ങനെ ഇനിയുമിനിയും പോരട്ടേ എല്ലാം എന്നൊരവസ്ഥയിലാണ് അവര് . സാധാരണജനങ്ങളുടെ കൊച്ചുകൊച്ചു ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് തലപ്പത്തുള്ളവരുടെ സ്രോതസ്സ്. അത് മുട്ടിപ്പോകാതിരിക്കാന് പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ നീണ്ടുപോകണം. ആ ഒറ്റക്കാരണം കൊണ്ട് തന്നെ ബാബറി മസ്ജിദ് തര്ക്കവും ഈ വിധിക്ക് ശേഷവും നീണ്ട് പോകും.
അമ്പലവും പള്ളിയും ആരാധിക്കാനുള്ള കേന്ദ്രങ്ങളാണ്. അത്തരം കേന്ദ്രങ്ങളില് പോയി തന്നെ ആരാധിക്കണം എന്നത് ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്. ഒരു പ്രദേശത്തുള്ളവര്ക്ക് ആരാധിക്കാന് വേണ്ടിയാണ് അമ്പലമോ പള്ളിയോ പണിയുന്നത്. എല്ലാ പ്രദേശത്തും അമ്പലവും പള്ളിയും പണിയാമല്ലൊ. അങ്ങനെ പണിഞ്ഞിട്ടും പണിയുന്നുമുണ്ട്. ആരാധനാലയങ്ങള് ഇല്ലാതെ ആരും വലയുന്നില്ല എന്ന് ചുരുക്കം. പിന്നെയെങ്ങനെയാണ് ബാബറി മസ്ജിദ് തര്ക്കം ഉത്തര്പ്രദേശവും കടന്ന് ഇന്ത്യയിലുള്ള പ്രബലമായ രണ്ട് മതവിഭാഗങ്ങളുടെ മൊത്തം പ്രശ്നമാകുന്നത്? ഈ തര്ക്കത്തില് ദൈവമോ വിശ്വാസമോ ആരാധനയോ കക്ഷിയല്ല. പിന്നെ ആരാണ് കക്ഷി? ഈഗോ ! അതെ ബാബറി മസ്ജിദ് , പ്രശ്നമാണ് എന്ന് ചിന്തിക്കുന്ന ഓരോരുത്തരുടെയും ഈഗോയാണ് ഈ തര്ക്കത്തില് കക്ഷി. ആ ഈഗോ മാറ്റി വെച്ചാല് ആ നിമിഷം തര്ക്കം തീരും. പക്ഷെ ആരുടെയും ഈഗോ ഇറക്കി വെക്കാന് തലപ്പത്തുള്ളവര് സമ്മതിക്കുകയില്ല.
ദൈവവിശ്വാസവും ഭക്തിയും ഉള്ളവരെല്ലാം ലേശം തത്വജ്ഞാനികള് കൂടിയാകേണ്ടതാണ്. ആ തത്വജ്ഞാനം അവരിലെ ഈഗോയെ ഇല്ലാതാക്കേണ്ടതായിരുന്നു. അമ്പലവും പള്ളിയും സ്ഥലവും ഭൂമിയും ഒക്കെ ആര്ക്കാണ് സ്വന്തം? അഞ്ഞൂറ് വര്ഷങ്ങള്ക്ക് മുന്പ് ക്ഷേത്രം പൊളിച്ച് ബാബര് പള്ളി നിര്മ്മിച്ചു എന്ന് പറയുന്നു. ആയിക്കോട്ടെ. എന്നിട്ട് ആ ബാബര് ഇന്നെവിടെ? പതിനെട്ട് വര്ഷം മുന്പ് ആ പള്ളി പൊളിച്ചവര്ക്കും ഇന്ന് തര്ക്കിക്കുന്ന നമ്മള്ക്കും അഞ്ഞൂറ് വര്ഷം കഴിഞ്ഞാല് എന്ത് തെളിവാണ് ഉണ്ടാവുക? വ്യക്തികളുടെ സ്വന്തം ജീവിതത്തില് ഇത്തരം തത്വജ്ഞാനം പ്രായോഗികമാക്കുന്നത് അസാധ്യമാണെന്ന് സമ്മതിക്കുന്നു. ഇത് പക്ഷെ പൊതുസ്വത്ത് അല്ലെ? ആര്ക്കും ഒറ്റയ്ക്കൊറ്റയ്ക്ക് ഒന്നും കിട്ടാനില്ലല്ലൊ. തലപ്പത്തുള്ളവര്ക്ക് എന്തും ചക്കരക്കുടമാക്കാനുള്ള വൈഭവമുണ്ട്. അതിനാണല്ലൊ അവര് തലപ്പത്ത് വലിഞ്ഞുകയറുന്നത്.
ബാബറിമസ്ജിദ് ഒരു പ്രതീകമായി നിലനിര്ത്താനാണ് തല്പരക്ഷികള് ആഗ്രഹിക്കുന്നത്.
ബാബറിമസ്ജിദ് എന്നൊരു തര്ക്കം ഇല്ലായിരുന്നെങ്കില് ബി.ജെ.പി. എന്ന പാര്ട്ടിക്ക് ഒരിക്കലും ഇന്ത്യയില് അധികാരത്തില് എത്താന് കഴിയില്ലായിരുന്നു. പള്ളി ഇന്ന് പൊളിക്കും നാളെ പൊളിക്കും എന്നൊരു വികാരതരംഗം സൃഷ്ടിച്ചാണ് അവര് വളര്ന്നത്. ഒടുവില് അവര്ക്ക് പള്ളിപൊളിക്കാതെ വയ്യെന്നായി. പൊളിച്ചപ്പോഴോ ബി.ജെ.പി. കാറ്റ് പോയ ബലൂണ് പോലെയുമായി. ജനസംഘം എന്നൊരു പാര്ട്ടി രൂപീകരിച്ച് ആഞ്ഞ് ശ്രമിച്ചിട്ടും ക്ലച്ച് പിടിച്ചില്ല. കോണ്ഗ്രസ്സില് നിന്ന് തെറിച്ചു പോയി ഗതി പിടിക്കാത പാര്ട്ടികള് വേറെയുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില് രണ്ട് ദേശീയകക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് കോണ്ഗ്രസ്സ് മറ്റേത് കമ്മ്യൂണിസ്റ്റ്. ബാക്കിയെല്ലാം കോണ്ഗ്രസ്സ് എന്ന വന്വൃക്ഷത്തില് നിന്ന് അടര്ന്ന് വീണ ചുള്ളിക്കമ്പുകളായിരുന്നു. ഇതില് രണ്ടാമത്തെ വലിയ പാര്ട്ടിയായ കമ്മ്യൂണിസ്റ്റ്പാര്ട്ടിക്ക് ട്യൂഷന് അങ്ങ് റഷ്യയില് നിന്ന് കിട്ടണമായിരുന്നു. അത്കൊണ്ട് ആ പാര്ട്ടിക്ക് ഇന്ത്യക്കാരന്റെ പാര്ട്ടിയാകാന് കഴിയാതെ അതും ശുഷ്ക്കിച്ചു പോയിരുന്നു.
അങ്ങനെ ഗതിയില്ലാത്ത എല്ലാ പാര്ട്ടിക്കാര്ക്കും ലോട്ടറി അടിച്ച പോലെയായി അടിയന്തിരാവസ്ഥ. ജനത പാര്ട്ടി അധികാരം പിടിച്ചടക്കി. ഏച്ചുകെട്ടിയ ആ സഖ്യം രണ്ട് കൊല്ലം എത്തും മുന്പേ തമ്മില് തല്ലി നാനാവിധമായി. ജനസംഘം പുനരുജ്ജീവിപ്പിച്ച് ഉണ്ടാക്കിയ ബി.ജെ.പിക്ക് ബാബറിമസ്ജിദ് നല്ലൊരു അക്ഷയപാത്രമായിരുന്നു. അത് തല്ലിപ്പൊളിച്ചപ്പോള് അവരും ഇപ്പോള് ഗതി മുട്ടി നില്ക്കുകയാണ്. കോണ്ഗ്രസ്സിന്റെ കാര്യവും ഇപ്പോള് പരിതാപകരമാണ്. മതേതരത്വത്തിന്റെ ഏക ആശ്രയം എന്ന നിലയില് അഖിലേന്ത്യാ ലവലില് പിടിച്ചു നില്ക്കുന്നു. ഒരു മുന്നണിക്ക് നേതൃത്വം നല്കാന് കഴിയുന്നു എന്നതാണ് കോണ്ഗ്രസ്സിന്റെ ഒരേയൊരു പ്രസക്തി. വില പേശി കാര്യം ഉണ്ടാക്കുന്നത് പ്രാദേശിക-ജാതി പാര്ട്ടികളും. ഇതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയനിലവാരം.
ബാബറിമസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീരാമന് ജനിച്ചത് അത്കൊണ്ട് ആ സ്ഥലം രാമജന്മഭൂമിയാണ് എന്ന് പറഞ്ഞാല് അത് യാഥാര്ത്ഥ്യബോധത്തോടെയുള്ള അവകാശവാദമാണെന്ന് ഹിന്ദുക്കളില് തന്നെ അധികം പേരും കരുതുകയില്ല. കാരണം വിശ്വാസവും മിത്തും ഒക്കെ ഉള്ച്ചേര്ന്നതാണ് ഹിന്ദുവിന്റെ ഭക്തി. രാമായണം എന്ന ഇതിഹാസകൃതി ഉള്ളത്കൊണ്ടാണ് ശ്രീരാമന് പ്രാധാന്യത്തോടെ ഓര്മ്മിക്കപ്പെടുന്നത്. അല്ലെങ്കില് ദശാവതാരത്തില് മത്സ്യമോ കൂര്മ്മമോ വരാഹഹമോ പോലെ ഒരു അവതാരം മാത്രമാണ് ശ്രീരാമന് . അവതാരങ്ങളുടെ കാലവും സ്ഥലവും ആരും അത്ര ഗൌരവമായി കാണുന്നുണ്ടെന്ന് തോന്നുന്നില്ല. മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന് എന്ന് ചിന്തിക്കുമ്പോള് മഹാവിഷ്ണു എവിടെയും തര്ക്കത്തില് പെടുന്നുമില്ല.
ഇത്തരം തര്ക്കങ്ങള് ബാലിശമാണെന്നാണ് എന്റെ അഭിപ്രായം. രാമന്റെ പേരില് ഉണ്ടായിരുന്ന ക്ഷേത്രം അഞ്ഞൂറ് കൊല്ലം മുന്പ് പൊളിച്ച് ബാബര് പള്ളി നിര്മ്മിച്ചു എന്നായിരുന്നു ആക്ഷേപം. ഒരു നൂറ് കൊല്ലം മുന്പ് വരെ തര്ക്കങ്ങള് ഒന്നുമില്ലാതെ അവിടെ മുസ്ലീങ്ങളും ഹിന്ദുക്കളും ആരാധന നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. ആ പള്ളിയാണ് പതിനെട്ട് വര്ഷങ്ങള്ക്ക് മുന്പ് പൊളിച്ചത്. ഇതൊക്കെ ദൌര്ഭാഗ്യകരമായ സംഭവങ്ങള് എന്ന് കരുതി മറക്കാനും പൊറുക്കാനുമുള്ള ഹൃദയവിശാലതയാണ് എല്ലാവര്ക്കും വേണ്ടത്. അല്ലാതെ എരിതീയില് എണ്ണ കോരിയൊഴിച്ചിട്ട് ആര്ക്കെന്ത് നേട്ടം. അത്രയ്ക്കൊന്നുമില്ല ഈ ജീവിതം എന്ന് കൂടി എല്ലാവര്ക്കും ഓര്ക്കാവുന്നതേയുള്ളൂ .
അപ്ഡേറ്റ് : നാളത്തെ വിധിക്ക് ഒരാഴ്ച സ്റ്റേ.