Links

വായനയും ബ്ലോഗും ....

ഈ ആഴ്ചയിലെ മാതൃഭൂമി വാരികയില്‍ വര്‍ദ്ധിച്ചുവരുന്ന ആള്‍ദൈവങ്ങളെപ്പറ്റിയും മറ്റും കനപ്പെട്ട ലേഖനങ്ങളാണുള്ളത് . ഇത്തരത്തിലുള്ള ഒരു വായന നമുക്ക് ബ്ലോഗില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല . വായനക്കാരുടെ കത്തുകള്‍ പോലും എത്ര പ്രൌഢഗംഭീരങ്ങളാണ് . മലയാളത്തിലെ എഴുത്തുകാരും വായനക്കാരും ബ്ലോഗിനെ കണക്കിലെടുക്കുന്നതേയില്ല എന്നാണിത് കാണിക്കുന്നത് . ചില നല്ല എഴുത്തുകാര്‍ ഇപ്പോഴും ബ്ലോഗിലുണ്ട് . അവരും ക്രമേണ ബ്ലോഗിനോട് വിട പറയും . ബ്ലോഗ് വളര്‍ന്ന് അച്ചടിമാധ്യമങ്ങളോട് കിടപിടിക്കത്തക്ക വിധം ഗൌരവമായി എഴുതാനും വായിക്കാനും കഴിയുന്ന ഒരു മാധ്യമമായി വികസിക്കുന്നതില്‍ നിന്ന് അതിനെ തടയുന്ന ദുഷ്പ്രവണതകള്‍ മലയാളം ബ്ലോഗിന്റെ പര്യായമായി കഴിഞ്ഞിട്ടുണ്ട് . ഇനി അത് മാറ്റിയെടുക്കാന്‍ കഴിയില്ല . വായിക്കുന്നവരും എഴുതുന്നവരും കമന്റ് എഴുതുന്നവരുമായി ആകെ ഒരു നൂറോളം പേരേ ഇപ്പോള്‍ ബ്ലോഗില്‍ സജീവമയുള്ളൂ . എന്നാല്‍ ആയിരക്കണക്കിന് ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ട് താനും . ബ്ലോഗിനെ പറ്റി ഞാന്‍ വെറുതെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയതാണ് . ഒരു പരദൂഷണ വേദി എന്നതിലപ്പുറം ബ്ലോഗിന് കേരളീയ സമൂഹത്തില്‍ പ്രസക്തിയൊന്നും ഇപ്പോഴില്ല .

അനോണിയായി ബ്ലോഗിലെ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ എന്ത് തോന്നും എന്ന് പരീക്ഷിക്കാന്‍ ഞാന്‍ ഒരു ബിനാമി ഐഡി ഉണ്ടാക്കി ബെര്‍ളി തോമസ്സിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതി . വളരെ ഗൌരവമായ ഒരു ചര്‍ച്ചയായി തോന്നിയിരുന്നു എനിക്കത് . കമന്റ് പബ്ലിഷ് ആയപ്പോള്‍ എനിക്ക് നിരാശയാണ് തോന്നിയത് . കാരണം ഞാന്‍ പറഞ്ഞ അഭിപ്രായവും ഗൌരവമായതായിരുന്നു . കേരള സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു പ്രശ്നം . ഒരനോണി നാമത്തിലായിരുന്ന ആ കമന്റിന്, ബെര്‍ളി ആ കമന്റിന്റെ പ്രസക്തി ഉള്‍ക്കൊണ്ടിട്ടാവണം മറുപടിയുമെഴുതി . പിന്നീട് ഞാന്‍ അനോണി നാമത്തില്‍ തുടര്‍ന്നൊന്നുമെഴുതിയില്ല . എനിക്ക് എന്റെ സ്വന്തം പേരില്‍ തന്നെ ആ പോസ്റ്റില്‍ എഴുതാന്‍ തോന്നി . പക്ഷെ താല്‍ക്കാലികമായി ബ്ലോഗില്‍ നിന്ന് വിട്ട് നില്‍ക്കാ‍നും കമന്റ് എഴുത്ത് നിര്‍ത്താനും തീരുമാനിച്ചതിനാല്‍ എനിക്ക് ആ തീരുമാനത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു . ഞാന്‍ ഉടനെ തന്നെ ആ ബിനാമി ഐഡി ഡിലീറ്റ് ചെയ്തു .

അവനവന്റെ ഐഡന്റിറ്റി ഒരാള്‍ക്ക് എത്ര പ്രധാനപ്പെട്ടതാണ് . ഐഡന്റി നഷ്ടപ്പെട്ടാല്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന മാനസികാഘാതത്തെപ്പറ്റി വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചെറുകഥ വായിച്ചതോര്‍ക്കുന്നു . എം.മുകുന്ദനോ , കാക്കനാടനോ , പുനത്തിലോ അല്ലെങ്കില്‍ വേറെ ആരെങ്കിലുമാണോ എഴുതിയതെന്ന് ഓര്‍മയില്ല . കഥയുടെ സാരാംശം ഇതായിരുന്നു :

അന്നും പതിവ് പോലെയാണ് അയാള്‍ വീട്ടില്‍ നിന്നും ഓഫീസിലേക്ക് പുറപ്പെട്ടത് . ഭാര്യ കൈ വീശി യാത്രയയച്ചതാണ് , ഓഫീസ് ബാഗ് തന്നെ ഏല്‍പ്പിച്ചതും അവള്‍ തന്നെ ! വീട്ടില്‍ നിന്ന് ഇറങ്ങി റോഡിലൂടെ അല്പദൂരം നടന്നപ്പോള്‍ ചില സുഹൃത്തുക്കള്‍ എതിരെ നടന്നു വരുന്നു . അയാള്‍ അവരെ കൈയുര്‍ത്തി അഭിവാദ്യം ചെയ്തു . പക്ഷെ എന്തതിശയം ! ഇന്നലെ രാത്രി പോലും സംസാരിച്ചു പിരിഞ്ഞ അവര്‍ അയാളെ ഒരപരിചിതനെപ്പോലെ നോക്കുന്നു . അടുത്ത് ചെന്ന് കുശലം പറയാന്‍ ഭാവിച്ചപ്പോള്‍ അവര്‍ ചോദിക്കുന്നു “ സാര്‍ എവിട്‌ന്നാ ... ? ”

വഴിയില്‍ പിന്നീട് ആരും അയാളെ തിരിച്ചറിയുന്നില്ല . വിയര്‍ത്ത് കുളിച്ച് ഒരു വിധം ഓഫീസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ അയാളോട് അപരിചിതഭാവത്തില്‍ ചോദിക്കുന്നു “ ആരെക്കാണാനാ .... എന്തിനാ ... ? ”

ഒന്നും പറയാതെ തിരിച്ച് നടന്ന് വീട്ടിലെത്തിയപ്പോള്‍ സ്വന്തം ഭാര്യയും അയാളെ തിരിച്ചറിയുന്നില്ല . !

ഇതാണ് കഥയുടെ രത്നച്ചുരുക്കം . ഒരു ഫാന്റസിയുടെ രൂപത്തില്‍ ഒരുവന്റെ ഐഡന്റിറ്റി ക്രൈസിസ് അയാളിലുണ്ടാക്കുന്ന ആഘാതം വളരെ മനോഹരമയി ആ കഥയില്‍ ചിത്രീകരിച്ചിരുന്നു .

അനോണി മുതല്‍ ആണവക്കരാര്‍ വരെ .....

മിനിഞ്ഞാന്ന് രാവിലെ തലശ്ശേരി സ്റ്റാന്‍ഡില്‍ ബസ്സിറങ്ങുമ്പോള്‍ മഴക്കാലത്തിന്റെ യാതൊരു പ്രതീതിയുമില്ലായിരുന്നു. അതെനിക്ക് തെല്ലൊരു നിരാശയുണ്ടാക്കി . മഴ കാണാനും, പറ്റുമെങ്കില്‍ മഴയില്‍ നന്നായൊന്ന് നനയാനുമാണ് ഇക്കുറി നാട്ടിലെത്തിയത് . മിക്കവാറും എല്ലാ മാസങ്ങളിലും ഞാന്‍ ഓരോ കാരണങ്ങള്‍ക്കായി നാട്ടിലെത്താറുണ്ട് . പക്ഷെ ഇത്തവണ മഴ കാണാനായിട്ട് തന്നെയായിരുന്നു പുറപ്പെട്ടത് . പുറപ്പെടുന്നതിന് മുന്‍പ് ജിടോക്കില്‍ ചാറ്റ് ചെയ്ത ഷാജി മുല്ലൂക്കാരന്‍ എന്ന ഓര്‍ക്കുട്ട് സുഹൃത്ത് പറഞ്ഞു : “ നാട്ടില്‍ നല്ല മഴയാണ് മാഷേ ... ” അത് തന്നെയാണ് എനിക്കും വേണ്ടത് എന്ന് മനസ്സില്‍ പറഞ്ഞ് അവനോട് വിട പറഞ്ഞതാണ് . വരണ്ടുണങ്ങിയ തലശ്ശേരി ബസ് സ്റ്റാന്‍ഡ് കണ്ട് ഞാന്‍ ഞെട്ടി . ഏതായാലും ഇന്നലെ സാമാന്യം നല്ല പോലെ ഒരു മഴ പെയ്തിരുന്നു . പക്ഷെ ഇനിയും നാട്ടില്‍ പല സ്ഥലത്തും കിണറുകളില്‍ ഉറവ വന്നിട്ടില്ല . ഇന്നലെ ഞാന്‍ വീടിന്റെ ഇറയത്ത് ( “ഛേദി ”എന്നാണ് നാട്ടില്‍ പറയുക, കോലായ് എന്നാണ് പൊതുവായ പ്രയോഗം)ഇരുന്ന് മഴവെള്ളം മുറ്റത്ത് വീഴുന്നതിന്റെ രൌദ്രതാളം ആസ്വദിച്ചു . മഴയ്ക്ക് ആയിരം ഭാവങ്ങളാണെന്ന് തോന്നാറുണ്ട് . മഴ നമ്മെ സാന്ത്വനിപ്പിക്കും, ചിലപ്പോള്‍ അത് നമ്മെ ഭയചകിതരാക്കും . പ്രകൃതിയുടെ ഈ ഭാവമാറ്റങ്ങളെല്ലാം കടലാസില്‍ പകര്‍ത്തി ഒരു വലിയ എഴുത്തുകാരനാകണമെന്നായിരുന്നു ചെറുപ്പത്തിലുണ്ടായിരുന്ന മോഹം . പക്ഷെ , എവിടെയാണ് പിഴച്ചതെന്ന് അറിയില്ല . ഇപ്പോള്‍ പക്ഷെ ഓര്‍ക്കുമ്പോള്‍ ഒന്നിലും നിരാശ തോന്നുന്നില്ല . നമ്മള്‍ ആരൊക്കെയോ ആകണമെന്ന് മോഹിക്കുന്നു . ഒടുവില്‍ ആരോ ആയിത്തീരുന്നു . അത്രേയുള്ളൂ ജീവിതം . പിന്നെ ഒന്നുണ്ട് ; എനിക്ക് ഞാനാകാനേ കഴിയുമായിരുന്നുള്ളൂ .

നാലാള്‍ ഒത്ത് കൂടുമ്പോള്‍ അല്ലെങ്കില്‍ വേണ്ട രണ്ട് ആളായാലും മതി , നമ്മള്‍ സംസാരിക്കുക പൊതുകാര്യങ്ങളായിരിക്കും . അങ്ങനെയാണ് അനോണി പ്രശ്നം മുതല്‍ ആണവക്കരാര്‍ തുടങ്ങി എന്തും ചര്‍ച്ചാ വിഷയമാകുന്നത് . വാസ്ഥവത്തില്‍ നമ്മള്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ നാം ചിന്തിക്കുന്നതേയില്ല . നമ്മുടെ മനസ്സില്‍ നമ്മെ അലട്ടുന്ന നൂറ് നൂറ് പ്രശ്നങ്ങള്‍ ഉണ്ടാവും . അതാരുമായും ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുന്നില്ല . ആരും അതിനൊരുക്കവുമല്ല . അമൂര്‍ത്തമായ പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെയോ അതിനാക്കാളേറെയോ സ്വന്തം വ്യക്തിപരമായ കാര്യങ്ങളും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും നമുക്ക് കഴിയണമായിരുന്നു .

ഞാന്‍ എത്രയോ ജീവിതം ഒരുമിച്ച് ജീവിച്ചു തീര്‍ത്ത പോലെ എനിക്ക് തോന്നാറുണ്ട് . എത്രയെത്ര പേരെ എവിടെയെവിടെ വെച്ചെല്ല്ലാം കണ്ടുമുട്ടി ! പരിചയപ്പെടുന്നവരോടെല്ലാം അവരുടെ കുടുംബകാര്യങ്ങള്‍ തൊട്ട് അവരുടെ അനുഭവങ്ങള്‍ , കാഴ്ചപ്പാടുകള്‍ , എല്ലാം ചോദിച്ചറിയാറുണ്ട് . ഓരോ മനുഷ്യനും ഓരോ ഇതിഹാസമാണെന്നും അത് അനുപമമാണെന്നും ഞാന്‍ കരുതുന്നു . ഞാന്‍ ഇതേവരെ കണ്ട് , മനസ്സ് കൊണ്ട് അടുത്തറിഞ്ഞവരില്‍ എത്ര പേര്‍ ഇന്ന് ബാക്കിയുണ്ട് ? ഉള്ളവര്‍ തന്നെ എവിടെ , എങ്ങനെയായിരിക്കും ഇപ്പോള്‍ കഴിയുന്നുണ്ടാവുക ? എന്റെ സമപ്രായക്കാര്‍ എത്രയോ പേര്‍ ഇന്നില്ല . മരിക്കാനാണെങ്കില്‍ പിന്നെയെന്തിന് ജനിയ്ക്കണം എന്ന് ഞാന്‍ മുന്‍പൊക്കെ സുഹൃത്തുക്കളോട് കുസൃതിയായി ചോദിക്കാറുണ്ടായിരുന്നു .

“സ്വീറ്റി പ്രിയദര്‍ശന്‍ ” എന്നായിരുന്നു അവളുടെ മുഴുവന്‍ പേര് . മെഡിസിന് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അവളെ മദിരാശിയില്‍ എഞ്ചിനീയര്‍ ആയിരുന്ന പ്രിയദര്‍ശന്‍ വിവാഹം കഴിക്കുന്നു . അങ്ങനെയാണ് സ്വീറ്റി , സ്വീറ്റിപ്രിയദര്‍ശന്‍ ആയത് . കല്യാണത്തിന് ശേഷവും തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കുമെന്ന് വരനും രക്ഷിതാക്കളും ഉറപ്പ് നല്‍കിയതായിരുന്നു . എന്നാല്‍ കല്യാണം കഴിഞ്ഞതിന്റെ അടുത്ത ആഴ്ച തന്നെ അവര്‍ മദിരാശിയിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റി . സ്വീറ്റിക്ക് തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല . ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയാല്‍ തിരിച്ചെത്തുക രാത്രിയായിരിക്കും .

1975ല്‍ മദിരാശിയില്‍ മലയാളം സര്‍ക്യുലേറ്റിങ്ങ് ലൈബ്രറി നടത്തിക്കൊണ്ടിരുന്ന ഞാന്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് വേണ്ടി മലയാളികളുടെ വീടുകള്‍ പരതിപ്പിടിച്ച് നടക്കുന്നതിനിടയില്‍ സ്വീറ്റിയുടെ ഫ്ലാറ്റിലെത്തുമ്പോള്‍ അവള്‍ തനിച്ചായിരുന്നു . വീടുകളില്‍ പുസ്തകങ്ങള്‍ വരിക്കാര്‍ക്ക് എത്തിക്കുന്ന ഒരു ലൈബ്രറി നടത്തുന്നവനാണ് ഞാന്‍ എന്ന് സ്വയം പരിചയപ്പെടുത്തുമ്പോഴേക്കും അവളുടെ മുഖത്ത് കണ്ട ഭാവം വിവരണാതീതമായിരുന്നു . കാരണം അന്ന് റേഡിയോ അല്ലാതെ വിനോദത്തിനോ , വിവരങ്ങള്‍ കൈമാറാനോ മറ്റൊരു ഉപാധിയുമില്ലായിരുന്നു . ആര്‍ത്തിയോടെ മൂന്ന് നാല് പുസ്തകങ്ങള്‍ അവള്‍ തെരഞ്ഞെടുത്തു. അന്നാണ് സ്വീറ്റി അവളുടെ കഥ എന്നോട് പറയുന്നത് . ഡോക്റ്റര്‍ ആവുക എന്ന ആഗ്രഹം സഫലമാകാത്തതിന്റെ നിരാശ അവള്‍ മറച്ചു വെച്ചില്ല . ഡ്രോയിങ്ങ് റൂമിലെ ഷോ കെയിസില്‍ ഒരു വൃദ്ധന്റെ എണ്ണച്ഛായാചിത്രം സ്വീറ്റി എനിക്ക് കാണിച്ചു തന്നു . താന്‍ വൃദ്ധനായാല്‍ എങ്ങനെയുണ്ടാവും എന്ന് പ്രിയദര്‍ശന്‍ വരച്ച സെല്‍ഫ് പോര്‍ട്രേറ്റ് ആയിരുന്നു അത് . എഞ്ചിനീയര്‍ ആയിരുന്ന പ്രിയദര്‍ശന്‍ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു . പിന്നീട് എത്രയോ പ്രാവശ്യം ഞാന്‍ അവരുടെ ഫ്ലാറ്റില്‍ പുസ്തകങ്ങളുമായി പോയെങ്കിലും പ്രിയദര്‍ശനെ നേരില്‍ കാണാനുള്ള അവസരം എനിക്ക് കിട്ടിയില്ല . ഇങ്ങനെ പുസ്തകങ്ങളുമായി അലയുന്നതിന് പകരം സ്ഥിരമായ ഒരു ജോലി സംഘടിപ്പിച്ചു കൂടേ എന്ന് സ്വീറ്റി എന്നോട് ചോദിച്ചിരുന്നു . പിന്നീട് ഞാന്‍ എത്രയോ ജോലികള്‍ ചെയ്തു . പ്രിയദര്‍ശനെയും സ്വീറ്റിയെയും കാണാന്‍ എനിക്കിന്നും മോഹം . ഒന്നിനുമല്ല , താന്‍ വരച്ച പോര്‍ട്രെയിറ്റിലെ പോലെ തന്നെയാണോ പ്രിയദര്‍ശന്റെ ഇപ്പോഴത്തെ രൂപം എന്നറിയാന്‍ .... അങ്ങനെ എത്ര പേര്‍ ..... അവരൊക്കെ ..... ?

അക്കാലത്ത് തന്നെയാണ് ഞാന്‍ മദിരാശി അഡയാറില്‍ താമസിച്ചിരുന്ന ശ്രീമതി വിജയമ്മയുടെ വീട്ടില്‍ എത്തിപ്പെടുന്നത് . അതിന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പേ ആത്മഹത്യ ചെയ്ത സുപ്രസിദ്ധ സിനിമാതാരം വിജയശ്രീയുടെ മാതാവായിരുന്നു അവര്‍ . അറിഞ്ഞുകൊണ്ടല്ല അവിടെ പോയത് . സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞറിയുകയായിരുന്നു . ഒരു മകള്‍ ആത്മഹത്യ ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ എന്നിരിക്കെ അവരുടെ മുഖത്ത് വ്യസനത്തിന്റെ ഒരു ഭാവമൊന്നും കാണാന്‍ കഴിയാത്തിരുന്നത് എന്നെ അമ്പരപ്പിച്ചിരുന്നു . ഏറെ വിവാദമായിരുന്നു വിജയശ്രീയുടെ ആത്മഹത്യ . എന്റെ ലൈബ്രറിയില്‍ അംഗത്വം സ്വീകരിച്ച അവര്‍ പോരാന്‍ നേരത്ത് എനിക്ക് ഒരു പുസ്തകം സംഭാവനയായി നല്‍കി . ശ്രീ. യു. ഏ . ഖാദര്‍ എന്ന നോവലിസ്റ്റ് സ്വന്തം കൈപ്പടയില്‍ ആശംസയെഴുതി ഒപ്പിട്ട് കോം‌പ്ലിമെന്ററിയായി വിജയശ്രീക്ക് സമ്മാനിച്ച ഖുറൈശിക്കൂട്ടം എന്ന നോവലായിരുന്നു അത് . ഒടുവില്‍ ലൈബ്രറി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നത് വരെ ആ പുസ്തകം ഞാന്‍ ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചിരുന്നു ...

ഇന്ന് രാവിലെ ബാംഗ്ലൂരില്‍ തിരിച്ചെത്തി ... ബ്ലോഗും കമന്റുകളും വായിക്കാത്തത് കൊണ്ട് നഷ്ടമൊന്നും തോന്നുന്നില്ല . മനസ്സിന്, വെറുതെ തേടിച്ചെന്ന് സ്വന്തമാക്കാറുണ്ടായിരുന്ന ടെന്‍ഷനുകളില്‍ നിന്ന് മോചനം കിട്ടിയ പോലെയുള്ള ഒരു ലാഘവത്വം തോന്നുന്നുണ്ട് താനും ....

സൂരജിന്റെ മെയിലും ; എന്റെ മറുപടിയും !

രണ്ട് ദിവസമായി ബ്ലോഗുകളോ കമന്റുകളോ ഒന്നും വായിച്ചില്ല . പകരം മലയാളം ഇ-പേപ്പറുകളും ചില ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളും ഹൌ സ്റ്റഫ് വര്‍ക്സ് പോലുള്ള സയന്‍സ് സൈറ്റുകളിലെ ലേഖനങ്ങളും വായിച്ചു . നെറ്റ് ഒരത്ഭുതം തന്ന . ഭാവിതലമുറകള്‍ക്കായി എന്ത് മാത്രം വിജ്ഞാനങ്ങളാണ് ഇവിടെ സഞ്ചയിച്ചു വെച്ചിട്ടുള്ളത് .ഇന്ന് രാവിലെ പത്രം വായിച്ചപ്പോള്‍ ഹിന്ദുവിലെ ഒരു റിപ്പോര്‍ട്ട് രസകരമായി തോന്നി . ഇന്‍ഡ്യയിലെ 130 ഓളം യൂനിവേര്‍സിറ്റികളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും 1100 ല്‍ പരം ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ രാജ്യവ്യാപകമായി ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അവരില്‍ 29 ശതമാനം പേരും “ കര്‍മ്മ” സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു . മുജ്ജന്മഫലമാണ് ഈ ജന്മം അനുഭവിക്കുന്നത് എന്നതാണ് കര്‍മ്മ സിദ്ധാന്തത്തിന്റെ കാതല്‍ . 26 ശതമാനം ശാസ്ത്രജ്ഞന്മാര്‍ മരണാനന്തരജീവിതത്തിലും 7 ശതമാനം ഗവേഷകര്‍ ഭൂത-പ്രേത-പിശാചുക്കളിലും വിശ്വക്കുന്നു പോലും . ഇന്‍ഡ്യന്‍ ശാസ്ത്രരംഗം ഒരോ മേഖലയിലും കുതിച്ചുചാട്ടം നടത്തുമ്പോഴും ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞരിലും ഗവേഷകരിലും മനസ്സില്‍ മതവിശ്വാസത്തിന്റെ വേരുകള്‍ രൂഢമൂലമാണ് എന്നതാണ് ഈ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത് . നമ്മുടെ നാട്ടില്‍ ശാസ്ത്രജ്ഞരേക്കാളും ആരാധനയും ബഹുമാനവും അംഗീകാരവും സന്തോഷ് മാധവന്മാര്‍ക്കും ഹിമവല്‍ ഭദ്രാനന്ദമാര്‍ക്കും കിട്ടുന്നതില്‍ എന്തത്ഭുതം ? ഈ ശാസ്ത്രജ്ഞരില്‍ പലരും നാളെ റിട്ടയര്‍മെന്റിന് ശേഷം ഇത്തരം ഹിമവല്‍ ഭദ്രാനന്ദമാരുടെ പാദാരവിന്ദത്തില്‍ സാഷ്ടാംഗം പ്രണമിക്കേണ്ടവരല്ലേ ?


ഇന്നലെ പലരുമായും ഫോണിലും ജിടോക്കിലുമായി സംസാരിച്ചു . ഓര്‍ക്കുട്ടില്‍ ചില സ്ക്രാപ്പുകള്‍ക്ക് മറുപടി എഴുതി . ബ്ലോഗിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഞാന്‍ കഴിവതും ഒഴിവാക്കി . ചില മെയിലുകളും വന്നിരുന്നു . അവകളില്‍ ഡോക്റ്റര്‍ സൂരജ് അയച്ച മെയിലും അതിന് ഞാന്‍ നല്‍കിയ മറുപടിയും ഈ ഓപ്പണ്‍ ഡയറിയില്‍ ചേര്‍ത്ത് വയ്ക്കാം .


സുകു മാഷിന്റെ "ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല !" എന്ന പോസ്റ്റിന് ഇടാനുദ്ദേശിച്ച കമന്റ് അവിടെ comments restricted to team members എന്നു കാണുന്നതിനാല്‍ ഇവിടെ മെയിലായി അയയ്ക്കുന്നു.

പ്രിയ സുകുമാഷ്,
ഈ ലേഖനത്തിനു ശേഷം വന്ന ചില വിവാദങ്ങളാണ് ഈ പോസ്റ്റിലേക്ക് എത്തിച്ചത്. വന്നപ്പോള്‍ പറയാനുള്ളതു ഏതാണ്ടത്രയും 'സപ്തവര്‍ണ്ണങ്ങള്‍' എന്ന ബ്ലോഗര്‍ പറഞ്ഞു കഴിഞ്ഞു.
അദ്ദേഹം ചൂണ്ടിക്കാട്ടിയ വലിയൊരു സത്യമുണ്ട് - യഥാര്‍ത്ഥമെന്നു നമുക്കു തോന്നാവുന്ന 'ഫോട്ടോ' അടക്കമുള്ള ഒരു പ്രൊഫൈല്‍ പോലും അയഥാര്‍ത്ഥമാകാം. ഞാന്‍ 'സൂരജ്' ആണെന്നും തൊഴില്‍ വൈദ്യമാണെന്നും എഴുതിവച്ചാല്‍ മാത്രം അതു സത്യമാകണമെന്നില്ല.

സത്യത്തില്‍ പ്രൊഫഷനോ പ്രൊഫൈലോ ഒന്നും ബ്ലോഗ് തുടങ്ങുമ്പോള്‍ ഇടണമെന്നേ കരുതിയിരുന്നില്ല. എന്നാല്‍ ബൂലോഗത്ത് പ്രത്യേകിച്ച് അഡ്രസ്സില്ലെങ്കിലും സ്ഥിരമായി ഞാനെഴുതുന്നത് മെയിലില്‍ വായിക്കുന്ന കുറേ സുഹൃത്തുക്കള്‍ - സഹപാഠികളും അധ്യാപകരും ഗുരുതുല്യരുമായവര്‍ - എനിക്കുണ്ട് എന്നതുകൊണ്ടാണ് സ്വന്തം പടവും പേരുമൊക്കെ വച്ചു ബ്ലോഗാം എന്ന് കരുതിയത്. നാളെ ഞാന്‍ കഥയോ കവിതയോ ഫോട്ടോയോ ഒക്കെ പോസ്റ്റാനായി ഒരു ബ്ലോഗ് തുടങ്ങിയാല്‍ തീര്‍ച്ചയായും അതു അനോണിപ്പേരിലായിരിക്കും തുടങ്ങുക; ഇല്ലെങ്കില്‍ ഇപ്പോള്‍ എന്നെ അറിയാവുന്ന ആരെങ്കിലും നാളെ അതില്‍ കമന്റുമ്പോള്‍ അതിലെ പോസ്റ്റുകളെ കാണുക എന്നെയോ എന്റെ നിലപാടുകളെയോ ഒക്കെ മുന്‍ നിര്‍ത്തി തന്നെയാവുമെന്ന് ഉറപ്പ്. അതെനിക്കിഷ്ടവുമല്ല.

നമുക്കു രണ്ടാള്‍ക്കും ബ്ലോഗില്‍ വരും മുന്‍പേ ഓര്‍ക്കുട്ട് സൌഹൃദമുണ്ട് എന്നതുകൊണ്ടാണ് നാം ഒരിക്കലും നേരിട്ടുകണ്ടിട്ടില്ലെങ്കിലും സുകുമാരന്‍ അഞ്ചരക്കണ്ടിയും സൂരജ് രാജനും യഥാര്‍ത്ഥവ്യക്തികളാണ് എന്ന തോന്നലുള്ളത്. എന്നാല്‍ ബ്ലോഗില്‍ അനോണിയായി പോസ്റ്റുന്ന പല വ്യക്തികളേയും എനിക്ക് ഇ-മെയില്‍ വഴിയായും ഫോണ്‍ വഴിയായും അറിയാം. ആരെയും നേരില്‍ക്കാണാന്‍ പറ്റിയിട്ടില്ലെങ്കിലും.അവര്‍ക്കൊക്കെ ബ്ലോഗിനു പുറത്ത് (പലപ്പോഴും തികച്ചും വ്യത്യസ്ഥമായ) സ്വന്തജീവിതങ്ങളുമുണ്ട്.സ്ഥായിയായ അനോണിമിറ്റി പലരും ഉപയോഗിക്കുന്നത് പല കാര്യങ്ങള്‍ക്കാണ് : ചിലര്‍ക്ക് അവരുടെ സ്വകാര്യ ജീവിതം സംരക്ഷിക്കാന്‍, ചിലര്‍ക്ക് അവരുടെ രാഷ്ട്രീയ/സാമൂഹിക ജീവിതങ്ങള്‍ മറച്ചുപിടിക്കാന്‍, ചിലര്‍ക്ക് പ്രൊഫഷനല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍. ബ്ലോഗില്‍ വിപ്ലവകാരി ചമയുന്ന ഒരാള്‍ സ്വജീവിതത്തില്‍ അസല്‍ മൂരാച്ചിയാവും. ചിലപ്പോള്‍ മറിച്ചും. ബ്ലോഗില്‍ ഒരു പാര്‍ട്ടിയെ തെറിവിളിക്കുന്നവന്‍ ചിലപ്പോള്‍ അതേ പാര്‍ട്ടിക്ക് ദശകങ്ങളായി സ്ഥിരം വൊട്ടുകുത്തുന്നവനാകും. ബ്ലോഗില്‍ യുക്തിവാദി കളിക്കുന്നയാള്‍ സ്വജീവിതത്തില്‍ കടുത്ത മതവിശ്വാസിയാകാം. ബ്ലോഗില്‍ പാരമ്പര്യവാ‍ദി കളിക്കുന്നവര്‍ പുറത്ത് ആധുനികതയുടെ റേയ് ബാന്‍ ഗ്ലാസുമായി സ്പ്ലെന്ററില്‍ കറങ്ങുന്നവനായിരിക്കും... ഇവിടെക്കാണുന്നതൊക്കെയും മായയാണു മാഷേ :)( ഈയിടെവരെ യഥാര്‍ത്ഥമെന്ന് കരുതിയിരുന്ന ഒരു ബ്ലോഗറുടെ പ്രൊഫൈലില്‍ കൊടുത്തിരുന്ന ഫോട്ടോ വലിപ്പം കൂട്ടി നോക്കിയപ്പോള്‍ അതൊരു ഉത്തരേന്ത്യന്‍ വ്യവസായ/രാഷ്ട്രീയ പ്രമുഖന്റേതാണ്! മൂപ്പരാകട്ടെ മെയിലുകള്‍ വഴി ചില വിഷയങ്ങള്‍ ഇടയ്ക്കിടെ ചൂണ്ടിക്കാണിച്ചു തരുന്നയാളും.)അനോണിയായി വന്ന് ചര്‍ച്ചകള്‍ കലക്കി തെറിവിളി നടത്തിയും ഉത്തരവാദിത്തമില്ലാതെ കമന്റുകള്‍ പാസാക്കിയും പോകുന്നവര്‍ ഇഷ്ടമില്ലാത്ത താരത്തിന്റെ സിനിമയ്ക്കു കൂകാന്‍ വരുന്ന ഫാന്‍സ് അസോസിയേഷന്‍കാരെപോലെയാണ്. രാജീവ് ചേലനാട്ടിന്റെ ബ്ലോഗിലെ ചര്‍ച്ചകള്‍ താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? ബ്ലോഗില്‍ പ്രഖ്യാപിതമായ ഒരു രാഷ്ട്രീയ നിലപാടുള്ള വ്യക്തിയെന്ന നിലയ്ക്ക് പുള്ളി എന്തെഴുതിയാലും എട്ടുപത്ത അനോണിത്തെറികളെങ്കിലും വരും. പ്രസക്തമെന്നു പുള്ളിക്ക് തോന്നുന്ന അനോണിക്കമന്റുകള്‍ക്ക് മറുപടിനല്‍കും. ഓരിയിടല്‍ സ്റ്റൈലുള്ള കമന്റുകളെ അവഗണിക്കുന്നു എന്ന് വ്യക്തമായി പറയും. രാജീവ് ജീ യുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പിന്നാലെ വന്നു കടിക്കുന്ന പട്ടികളെപ്പോലെയാണ് അവ'. കുറേ കുരച്ചുകഴിയുമ്പോള്‍ അവ നിര്‍ത്തിപ്പോകും. അത്രതന്നെ :)സംഗതി ബ്ലോഗാണെങ്കിലും വിവരസാങ്കേതികതയുടെ ഏറ്റവും പുതിയ സാധ്യതയാണെങ്കിലും എഴുതുന്നത് മനുഷ്യര്‍ തന്നെയല്ലേ ? അതും, ബൂലോഗത്തിലാണെങ്കില്‍ എഴുതുന്നത് മലയാളിയും!

ഏഷണി,കുശുമ്പ്,കുന്നായ്മ, കോക്കസ്, ഗ്രൂപ്പിസം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നത് വേര്‍ച്വല്‍ ലോകത്തിനു പുറത്തുള്ള മനുഷ്യരുടെ വികാരവിചാരങ്ങള്‍തന്നെയാണ്. ബൂലോഗത്തെ എന്റെ പരിമിതമായ പരിചയം വച്ചു പറഞ്ഞാല്‍, ഇവിടെ ചര്‍ച്ച എന്ന് നമ്മള്‍ വിളിക്കുന്ന മിക്ക സംഭവങ്ങളും 'അവനവന്റെ നിലപാടില്‍ തൂങ്ങിയുള്ള' സര്‍ക്കസ് മാത്രമാണ്. എതിരഭിപ്രായം എത്ര logical ആണെങ്കിലും നാം അതു സമ്മതിച്ചുകൊടുക്കില്ല. അങ്ങനെ 'ഞാന്‍ പിടിച്ച മുയലിന്..' സ്റ്റൈലില്‍ നടക്കുന്ന വാദപ്രതിവാദങ്ങളെയാണ് നാം 'ചര്‍ച്ച' എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നത്. അതില്‍ തെറ്റൊന്നുമില്ല, കാരണം അഭിപ്രായങ്ങള്‍ തമ്മിലുള്ള അത്തരം friction എല്ലാ മനുഷ്യ ഇടപെടലിലും സാര്‍വ്വലൌകികമായി ഉള്ളതത്രെ.ബ്ലോഗ് ജനാധിപത്യത്തിന്റെ നെക്സ്റ്റ് സ്റ്റെപ്പാണെന്നൊക്കെ വലിയവായില്‍ പറഞ്ഞാലും പോസ്റ്റിട്ടവന്റെ സമ്പൂര്‍ണ്ണ ഏകാധിപത്യം ഓരോ ബ്ലോഗിലുമുണ്ട്.പോസ്റ്റെഴുതിയവന് പോസ്റ്റിന്റെ ഓരോ വരിയും കമന്റുന്നവനോ വായനക്കാരനോ വീണ്ടും വീണ്ടും വ്യാഖ്യാനിച്ചും വിശദീ‍കരിച്ചും നല്‍കേണ്ട ബാധ്യതയൊന്നുമില്ല. വിഷയവുമായി ബന്ധമില്ലാതെ 'പരദൂഷണ'സ്റ്റൈലില്‍ വരുന്ന അനോണിക്കമന്റുകള്‍ക്ക് മറുപടി നല്‍കി വിരലുകളെ ആയാസപ്പെടുത്തേണ്ടതുമില്ല. സി.കെ ബാബുവിന്റെ ബ്ലോഗും ഈ 'ഏകാധിപത്യം' വളരെ നന്നായി ഉപയോഗിക്കുന്നുവെന്നു കണ്ടിട്ടുണ്ട്.സുകുമാഷ് ബ്ലോഗ് ജീവിതത്തെ യഥാര്‍ത്ഥ ജീവിതവുമായി വേറിട്ട് കാണാത്തതുകൊണ്ടോ ബ്ലോഗ് എന്നത് പത്രമാധ്യമങ്ങള്‍ പോലെത്തന്നെ ശക്തമായ സാമൂഹിക ഇടപെടലിന്റെ വേദിയാണെന്ന് കരുതുന്നതുകൊണ്ടോ ആണ് അനോനിമസായുള്ള അഭിപ്രായപ്രകടനങ്ങള്‍ ഭീരുത്വമാണെന്ന് പറയുന്നത്. ബ്ലോഗിനെ എങ്ങനെ വേണേലും ഡിഫൈന്‍ ചെയ്യാം. കുറച്ചാളുകള്‍ക്കെങ്കിലും പ്രയോജനമാകട്ടെ എന്നു കരുതി ഞാന്‍ വൈദ്യസംബന്ധിയായ കാര്യങ്ങള്‍ എഴുതുന്നു. ചിലര്‍ സാമൂഹിക വിഷയങ്ങള്‍ ഗവേഷണം ചെയ്തെഴുതുന്നു. ചിലര്‍ പ്രശ്നങ്ങളില്‍ സ്വന്തം അഭിപ്രായം കുറിക്കുന്നു. ചിലര്‍ തങ്ങള്‍ കണ്ട നാടുകളെക്കുറിച്ചും വേറെ ചിലര്‍ കോളെജിലെയും കൌമാരത്തിലെയും ചാപല്യങ്ങളെക്കുറിച്ചെഴുതുന്നു. പിന്നെ ചിലര്‍ കഥയും കവിതയും കുറിച്ചിടുന്നു. ഇതിനെയെല്ലാം കൂടി ഒറ്റ കുടയ്ക്കു കീഴില്‍ ഡിഫൈന്‍ ചെയ്തുവയ്ക്കാന്‍ പറ്റില്ലല്ലോ.


അതുകൊണ്ട് സുകു മാഷ് മാഷിനു ബോധ്യമുള്ളതൊക്കെ എഴുതിയിടുക. If you fear criticism, then do nothing, say nothing... അത്രതന്നെ.
(ഇതൊന്നും ഉപദേശമല്ല, മാഷ് തന്നെ പണ്ട് പരോക്ഷമായിട്ടെങ്കിലും എന്നോട് പറഞ്ഞ കാര്യങ്ങളാണ്:)

ആശംസകള്‍!

**********************************************

ഞാന്‍ സൂരജിന് അയച്ച മറുപടി :

**********************************************

പ്രിയ സൂരജ് ,
സുദീര്‍ഘമാ‍യ മെയിലിന് നന്ദിയും സ്നേഹവും അറിയിക്കട്ടെ . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ബ്ലോഗ് ഒരു അഡിക്റ്റ് ആയത് പോലെയായിരുന്നു എനിക്ക് . ഈ കാലയളവില്‍ സൂരജിനെപ്പോലെ വിലപ്പെട്ട ഏതാനും കുറച്ച് സൌഹൃദങ്ങള്‍ കിട്ടി എന്നതാണ് എന്നെ സംബന്ധിക്കുന്ന പ്ലസ് പോയിന്റ് . എന്നാല്‍ വിജ്ഞാനപ്രദങ്ങളായ വളരെ കുറച്ച് വായനയേ ഇക്കാലത്ത് നടന്നുള്ളൂ . വെറുതെ വിവാദങ്ങളുടെ പിറകേ പോയി ഒരു തരം വിഷാദരോഗം എന്നെ ബാധിച്ചോ എന്ന് ഞാന്‍ സംശയിക്കുന്നു . ഈ മാനസികാവസ്ഥയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു .

അനോണി പ്രശ്നം ഞാന്‍ ഒരു നയപരമായ സംഗതി എന്ന നിലയില്‍ എടുത്തിട്ടത് മാത്രമാണ് . ബൂലോഗവിവാദങ്ങളില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കാനുള്ള ഒരു നിമിത്തമായി ഞാനതിനെ എടുക്കുന്നു എന്ന് മാത്രം . ബ്ലോഗ് ഒരു ഓപ്പണ്‍ ഡയറിയായി മാറ്റുക വഴി എനിക്ക് എന്റെ ചിന്തകള്‍ എപ്പോഴും അവിടെ എഴുതുകയും , താല്പര്യമുള്ള ബ്ലോഗുകള്‍ വായിക്കുകയും ചെയ്യാം .

ശാരീരികമായി ചില പ്രശ്നങ്ങള്‍ എനിക്കുണ്ട് . നട്ടെല്ല് സംബന്ധപ്പെട്ടതാണത് . ഞാന്‍ ചികിത്സയ്ക്ക് തയ്യാറാവാന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയായിരുന്നു . മകന്റെ ജോലി കാരണമായി ചികിത്സയ്ക്ക് ഇന്‍ഷൂറന്‍സ് സംരക്ഷണം ഉണ്ട് . ഏതായാലും ഇവിടെ ബാംഗ്ലൂരിലുള്ള അപ്പോളോ അസ്പത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍ . ചെന്നൈയില്‍ ആയിരുന്നു എനിക്ക് താല്പര്യം . അതിനിടയില്‍ ഇന്ന് വൈകുന്നേരം ഒന്ന് നാട്ടിലേക്ക് പോകുന്നുണ്ട് . ഇങ്ങനെയാണ് ഞാന്‍ കാരണങ്ങള്‍ ഉണ്ടാക്കാറ് ! ഇനി പക്ഷെ താമസിപ്പിക്കുകയില്ല .

തല്‍ക്കാലം നിര്‍ത്തുന്നു ,

ഒത്തിരിയൊത്തിരി സ്നേഹത്തോടെ,

ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല !

ഇന്നലെ മുതല്‍ ബ്ലോഗ് വായന നിര്‍ത്തി . വായിക്കാന്‍ ഒന്നും കിട്ടാതിരുന്ന സമയത്ത് യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത് . നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന വായന തിരിച്ചു കിട്ടിയ അനുഭവമായിരുന്നു അപ്പോള്‍ . നല്ല നല്ല പോസ്റ്റുകളും നിത്യേന ബ്ലോഗില്‍ വന്നുകൊണ്ടിരുന്നു . ഇന്ന് ബ്ലോഗിന്റെ സ്ഥിതി മാറി . ചിലര്‍ ഓഫീസിലിരുന്ന് ഒഴിവ് സമയങ്ങളില്‍ അഞ്ചും പത്തും ബിനാമി ഐഡികള്‍ ഉണ്ടാക്കി ബ്ലോഗുകള്‍ തോറും കയറി മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന വെളിമ്പറമ്പ് ആയി മാറി ബ്ലോഗ് . മാന്യമായി എഴുതാനും വായിക്കാനും പറ്റാത്ത ഒരു വിര്‍ച്ച്വല്‍ പുറമ്പോക്കാണ് ഇന്ന് മലയാളം ബ്ലോഗ് .

ഭാഗ്യവശാല്‍ ഇന്ന് നെറ്റില്‍ വായിക്കാന്‍ മലയാളത്തില്‍ ധാരാളം വെബ് സൈറ്റുകളുണ്ട് . സമയം തികയാത്തതിന്റെ കുറവേയുള്ളൂ . ഈ പേജ് എന്റെ പബ്ലിക്ക് ഡയറിയായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു . ദിവസവും മനസ്സില്‍ തോന്നുന്നത് അല്പസമയം എന്തെങ്കിലും എഴുതിവെക്കാം . നിയമവിരുദ്ധമായത് ഒന്നും എഴുതുകയില്ലാത്തത് കൊണ്ട് ഐ.പി.അഡ്രസ്സ് കണ്ട് പിടിച്ച് ആരെങ്കിലും വരുമെന്ന ഭയമൊന്നും വേണ്ട . ആരെങ്കിലും കണ്ടന്റ് മോഷ്ടിക്കുമെന്ന പ്രശ്നവുമില്ല . കുറച്ച് സമയം എന്റെ ജിമെയില്‍ തുറന്ന് മറുമൊഴിയില്‍ നിന്ന് വരുന്ന കമന്റുകള്‍ വായിക്കാറുണ്ടായിരുന്നു . അവിടെ നിന്ന് അണ്‍‌സബ്‌സ്ക്രൈബ് ചെയ്തു . അങ്ങനെ കുറച്ച് ശുദ്ധജലം ഉണ്ടായിരുന്നെങ്കിലും കൂടവേ ഒഴുകി വന്നിരുന്ന ദുര്‍ഗ്ഗന്ധം വമിക്കുന്ന മലിനജലം മെയിലിലേക്ക് കടക്കുന്ന പഴുതും അടച്ചു .

അല്പദിവസം കഴിഞ്ഞാല്‍ ബ്ലോഗിലെ അനോണിവര്‍മ്മമാര്‍ എന്നെ മറക്കും . ഞാന്‍ ബ്ലോഗിനേയും . ബ്ലോഗിലൂടെ ലഭിച്ച സൌഹൃദങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചു . അല്ലെങ്കിലും സൌഹൃദങ്ങള്‍ക്ക് നെറ്റില്‍ തന്നെ എത്ര വേദികളുണ്ട് . അനോണികളെ ഉല്പാദിപ്പിക്കാന്‍ വേണ്ടി മാത്രം ഉപയോഗപ്രദമായേക്കാവുന്ന ബ്ലോഗ് അക്കാദമിയുമായുള്ള ബന്ധവും വിച്ഛേദിച്ചു . സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കാനാണെങ്കില്‍ വേറെ മാന്യമായ എത്ര വേദികളുണ്ട് .

ഇനി പത്രം , മറ്റ് ഓണ്‍‌ലൈന്‍ മേഗസിനുകള്‍ നോക്കട്ടെ ....

അനോണികള്‍ക്ക് പ്രവേശനമില്ലാത്ത മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് !

എന്റെ ബ്ലോഗില്‍ രണ്ട് മൂന്ന് ദിവസമായി സദാ ആളുകള്‍ വന്നും പോയും ഇരിക്കുന്നു . ഹിറ്റ് കുത്തനെ ഉയരുന്നു . ഇപ്പോഴാണ് അതിന്റെ കാരണം എന്റെ ശ്രദ്ധയില്‍ പെട്ടത് . ആരൊക്കെയോ എന്നെ മഹത്‌വല്‍ക്കരിച്ചു കൊണ്ട് അനോണി സ്റ്റൈലില്‍ പോസ്റ്റുകള്‍ ഇറക്കുന്നു . അനോണി സ്റ്റൈലില്‍ മഹത്‌വല്‍ക്കരിക്കുക എന്ന് വെച്ചാല്‍ തെറി വിളിക്കുക എന്നാണ് അര്‍ത്ഥം . ഇങ്ങനെ തെറി കേള്‍ക്കാത്തവര്‍ ബൂലോഗത്ത് വിരളമാണ് . തെറി വിളിക്കലിന് വിധേരായവരാണ് ഇങ്ങനെ അനോണിയായി അവതരിച്ച് മറ്റുള്ളവരെ തെറി വിളിച്ച് പോസ്റ്റുകള്‍ ഇറക്കുന്നത് . എന്നെ കുറിച്ച് പോസ്റ്റ് ഇറക്കിയവര്‍ അവരുടെ പോസ്റ്റില്‍ എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുക്കുന്നു . ആ ലിങ്കില്‍ നിന്നാണ് ആളുകള്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത് . മനുഷ്യസഹജമായ ഒരു ജിജ്ഞാസ കാരണം . അങ്ങനെ വന്നവര്‍ക്ക് എന്റെ പോസ്റ്റില്‍ അപക്വമായതോ പരിധി ലംഘിച്ചു കൊണ്ട് ഉള്ളതോ ആയ പരാമര്‍ശങ്ങള്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടാവില്ല . ഏതായാലും ആരുടെ ബ്ലോഗിലാണോ എന്റെ പോസ്റ്റിന്റെ ലിങ്ക് നല്‍കപ്പെട്ടിരിക്കുന്നത് ആ ലിങ്ക് എനിക്ക് എന്റെ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് . അപ്രകാരം എന്റെ ശ്രദ്ധയില്‍ പെട്ട ചില ലിങ്കുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് . ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കുന്ന ലിങ്ക് അവിടെത്തന്നെയുണ്ട് .

അനോണിമിറ്റി എന്ന പ്രതിഭാസം ബ്ലോഗ്ഗിങ്ങിന്റെ വിശ്വാസ്യതയും ആധികാരികതയും ആണ് തകര്‍ക്കുന്നത് എന്നത് എന്റെ അഭിപ്രായമാണ് . ആ അഭിപ്രായം തുടര്‍ന്നും ബ്ലോഗിലൂടെ ഞാന്‍ പ്രചരിപ്പിക്കും . ഏത് അഭിപ്രായങ്ങള്‍ക്കും അനുകൂലിക്കാനും പ്രതികൂലിക്കാ‍നും ആളുകള്‍ ഉണ്ടാവും . ഇക്കാര്യത്തിലും എന്നെ അനുകൂലിക്കുന്നവരുണ്ട് . പക്ഷെ അവരൊന്നും പരസ്യമായി ബ്ലോഗില്‍ വന്ന് എന്നെ അനുകൂലിക്കുന്നില്ല . അനോണികള്‍ ബ്ലോഗില്‍ അത്ര ശക്തരും സംഘടിതരുമാണ് . എന്നെ ബ്ലോഗില്‍ ഹരികുമാറാക്കിക്കളയുമോ എന്ന ഭയം പലര്‍ക്കും നിലവിലുണ്ട് . അനോണികള്‍ക്ക് ഭാഷയിലെ ഏത് പദവും ശൈലിയുമെടുത്ത് അമ്മാനമാടാം . അതാണ് അനോണിമിറ്റിയുടെ ഒരു സൌകര്യം .

ഏതായലും മലയാളം ബൂലോഗം ഇപ്രകാരം അനോണികളുടെ ശക്തമായ കരങ്ങളില്‍ അമര്‍ന്ന് പോയത് കൊണ്ടും അടുത്തൊന്നും അതിന് മാറ്റമുണ്ടാവാന്‍ സാധ്യതയില്ലാത്തതിനാലും എന്റെ ബ്ലോഗ് ബഹിഷ്കരിക്കാന്‍ ഞാന്‍ അനോണികളോട് ആവശ്യപ്പെടുന്നു . ഞാനും അനോണി ബ്ലോഗുകള്‍ ബഹിഷ്കരിക്കുകയാണ് . വായിക്കാന്‍ ധാരാളം സൈറ്റുകള്‍ ഇന്ന് ലഭ്യമാണ് . ബ്ലോഗ് വായന തന്നെ വേണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ട് . എന്നെക്കുറിച്ച് അനോണി പോസ്റ്റുകള്‍ എഴുതുക . പക്ഷെ അവിടെ എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്താല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഞാന്‍ ആ ലിങ്ക് ഡിലീറ്റ് ചെയ്യും . എന്നെ കുറിച്ച് അത്തരം അനോണി പോസ്റ്റുകളില്‍ കമന്റുകളും എഴുതുക . പരദൂഷണമാണല്ലോ മലയാളികളുടെ ഇപ്പോഴത്തെ പ്രധാന ഹോബ്ബി . എന്നാല്‍ ഞാന്‍ അത്തരം പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ മറുപടി പറയുന്നതല്ല . എന്റെ ഈ ബ്ലോഗില്‍ അനോണികള്‍ വരരുത് എന്നാണ് എന്റെ താല്പര്യം . പക്ഷെ അനോണിയല്ലേ എന്ത് ചെയ്യാന്‍ പറ്റും ?

ഞാ‍ന്‍ ഈ ബ്ലോഗ് , ബൂലോഗത്തിന് പുറത്തുള്ള വായനക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നത് . ബ്ലോഗ് വായന മലയാളികളുടെ ഒരു ശീലമാവുമ്പോള്‍ , അന്ന് എന്റെ ബ്ലോഗ് ചിലര്‍ വായിച്ചേക്കാം . അത് വരെ പോസ്റ്റുകള്‍ എഴുതുകയാണ് എന്റെ ലക്ഷ്യം .

ഇത്തവണ അനോണികളോട് ഞാന്‍ ക്ഷമാപണം നടത്തുന്നില്ല , കാരണം അനോണികള്‍ ഇവിടെ വരുമെന്ന് ഞാന്‍ കരുതുന്നില്ല്ല . ബ്ലോഗ് പൂട്ടുന്നതിനേക്കാളേറെ ഇതാണ് അഭികാമ്യം എന്നെനിക്ക് തോന്നുന്നു .

ഞാന്‍ ഒരു അനോണിക്കാരനേയും വിമര്‍ശിച്ചിട്ടില്ല . ഒരു അനോണിക്കാരനേയും ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടിട്ടില്ല . അനോണിമസ് എന്ന രീതിയില്‍ ബ്ലോഗിങ്ങ് നടത്തുന്നത് ആരോഗ്യകരമായ ബ്ലോഗ്ഗിങ്ങ് അല്ല എന്ന ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം . അത് കേട്ട് ബൂലോഗം ആകെ വിറളി പിടിച്ച മട്ടാണ് . എന്റെ പേരും താമസസ്ഥലവും കൂടി ചേര്‍ത്ത് തലക്കെട്ട് ആക്കിയാണ് പോസ്റ്റ് ഇറക്കുന്നത് . ബൂലോഗത്ത് അനോണികള്‍ക്ക് എന്തും ആവാം . അതാണ് ബൂലോഗത്തെ പ്രത്യേകത . എന്റെ പേര്‍ ബൂലോഗത്ത് ഇന്ന് ഒരു വിധപ്പെട്ട പ്രശസ്തിയൊന്നുമല്ല ആര്‍ജ്ജിച്ചിരിക്കുന്നത് . അനോണികള്‍ക്ക് എന്തും കഴിയും . കാരണം അവര്‍ക്ക് യാതൊരു ബാധ്യതയുമില്ല. അവര്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ് . “ അല്ലാ ..... അനോണീ ...... നിങ്ങളുടെ പേരും താമസസ്ഥലവും ആര്‍ക്കും അറിയില്ല , അപ്പോള്‍ നിങ്ങള്‍ മറ്റുള്ള ബ്ലോഗ്ഗറുടെ പേരും താമസസ്ഥലവും ചൂണ്ടിക്കാണിച്ച് തലക്കെട്ടാക്കി പോസ്റ്റുന്നത് ശരിയായ കീഴ്വഴക്കമാണോ ? ”എന്ന് ഒരു അനോണിയും ചോദിക്കില്ല .

(തുടരും )

സിബുവിന് ഒരു തുറന്ന കത്ത് !

ബീരാന്‍ കുട്ടി എന്ന ബ്ലോഗര്‍ എനിക്കൊരു തുറന്ന കത്തെഴുതി . അപ്പോള്‍ എനിക്കുമൊരു മോഹം തുറന്ന കത്തെഴുതാന്‍ . എന്റെ കമന്റ് ബോക്സില്‍ ഒരു കമന്റ് നിക്ഷേപിച്ച സിബുവിന് തന്നെ ഇങ്ങനെയൊരു കത്ത് എഴുതാമെന്ന് വെച്ചു !

പ്രിയപ്പെട്ട സിബു ,

ഇന്റര്‍നെറ്റില്‍ ഒരു മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍ , കണക്‍ഷനിലുള്ള ഏത് സിസ്റ്റത്തില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത് ആ സിസ്റ്റത്തിന്റെ ഐ.പി.വിലാസം എവിടെയൊക്കെയോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു . ഈ അര്‍ത്ഥത്തിലാണല്ലോ അധികാരികളില്‍ നിന്ന് ഏത് അനോനിമസ് വ്യക്തിക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് സിബു പറഞ്ഞത് . അത് ശരിയാണ് താനും . അപ്പോള്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല അപ്രകാരം ചെയ്യുന്നത് . പിന്നെയോ ?

സിബു തന്നെ പറയുന്നു : “അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്‌? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.”

ഇന്ന് മലയാളം ബ്ലോഗില്‍ അനോണിമസ് ആയി എഴുതുക എന്നത് ഒരു ശീലവും അനുകരണവും ആയിരിക്കുന്നു .

ഞാന്‍ ഒന്ന് ചോദിക്കട്ടെ സിബൂ , ഇങ്ങനെ എന്തിനാണ് അഭിപ്രായം പറയുന്നത് ? അങ്ങനെ പറയുന്ന അഭിപ്രായത്തിന് എന്ത് വിലയാണ് ഉള്ളത് ? ഓരോ ഇഷ്യൂവിലും പൌരന്മാര്‍ നിര്‍ഭയം സ്വന്തം അഭിപ്രായം പറയുമ്പോഴല്ലേ ജനാധിപത്യം അര്‍ത്ഥവത്താകുന്നത് . അപ്പോള്‍ ഈ പറയുന്നവര്‍ അതായത് അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര്‍ ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല എന്നല്ലേ അര്‍ത്ഥം ? അത് ഭീരുത്വമല്ലേ ?

ജനാധിപത്യസംവിധാനത്തില്‍ ഒരു പൌരന്റെ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ അത് . മറിച്ച് ഒരോ ഇഷ്യൂവിലും ഉത്തരവാദപ്പെട്ട ഒരു പൌരന്‍ എന്ന നിലയില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ ഏറ്റവും നവീനവും , റീച്ചബിളും ആയ ഈ ബ്ലോഗ് എന്ന മാധ്യമത്തെ നമ്മള്‍ ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത് . ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് സിബുവിനോടല്ല , സിബുവിന്റെ മന:സാക്ഷിയോടാണ് .

ദയവായി ഈ അനോണിമസ് എന്ന പ്രതിഭാസത്തിന് പ്രചാരം നല്‍കാതിരിക്കുക. പൌരന്മാര്‍ അവരവര്‍ക്ക് കിട്ടാവുന്ന വേദികളിലും ,അവസരങ്ങളിലും , മാധ്യമങ്ങളിലും അവരവരുടെ കാഴ്ചപ്പാടുകള്‍ സ്വന്തം നിലയില്‍ , സ്വന്തം മന:സാക്ഷിക്കനുസരിച്ച് പറയട്ടെ . അതിന് ശക്തി പകരുകയും പ്രചോദനം നല്‍കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത് .

മുമ്പത്തെ പോലെയല്ല ഇപ്പോള്‍ മലയാളികള്‍ അതായത് നാട്ടുകാ‍ര്‍ കൂടുതല്‍ കൂടുതലായി കമ്പ്യൂട്ടര്‍ ആശയവിനിമയത്തിന് ഉപയോഗപെടുത്താന്‍ തുടങ്ങിയിട്ടുണ്ട് . മൊബൈല്‍ ഫോണ്‍ പോലെ കമ്പ്യൂട്ടറും പെട്ടെന്ന് സാര്‍വ്വത്രികമാവാം . സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ എത്തിപ്പെടാനുള്ള സുതാര്യമായ വഴിയാണ് തുറന്ന് വരുന്നത് . ഇനി ബ്ലോഗിലേക്ക് കടന്ന് വരുന്നവരും ഇവരായിരിക്കും . അവരെ അനോണികളാക്കാന്‍ നാം കൂട്ട് നില്‍ക്കാമോ സിബൂ . ഒരു അഴിമതി ഒരാള്‍ കണ്ട് പിടിച്ചാല്‍ ആ വിവരം അനോണിയായി പറഞ്ഞാല്‍ അതിനാരെങ്കിലും ചെവി കൊടുക്കുമോ ?

നേരത്തേ ബ്ലോഗിനെ ഒരു തമാശയായോ അല്ലെങ്കില്‍ അത്ര കാര്യമാക്കാതേയോ ബ്ലോഗ് എഴുതിത്തുടങ്ങിയവര്‍ വിചിത്രമായ അനോണിമസ് പേരുകളില്‍ അങ്ങനെ ചെയ്തിരിക്കാം . എന്നാല്‍ ഇന്ന് ബ്ലോഗിന്റെ ഭൂമിക വിപുലപ്പെടുകയാണ് . ധാരാളം സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ബ്ലോഗിലേക്ക് അനായാസം കടന്ന് വരട്ടെ . ജനാധിപത്യത്തിന്റെ ജിഹ്വകളാവട്ടെ ബ്ലോഗുകള്‍ .

ബ്ലോഗ് എഴുതിയാല്‍, വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവര്‍ ഉണ്ടാവും എന്ന മുന്‍‌വിധി എന്തിനാണ് സിബൂ . ജീവന്‍ തൃണവല്‍ഗണിച്ച് പോലും പത്രലേഖകര്‍ വിവരങ്ങള്‍ ശേഖരിച്ച് നമുക്ക് നല്‍കുന്നില്ലേ . അവരും ഇതേ പോലെ ഭയപ്പെട്ടിരുന്നെങ്കില്‍ നാം ജീവിയ്ക്കുന്ന ലോകം എങ്ങനെയുണ്ടാകും . എന്ത് പറഞ്ഞാലും നിഷേധാത്മകമായേ അതിനെ കാണൂ എന്നത് മലയാളി ശീലമാക്കിയിരിക്കുന്നു സിബൂ . അതിന് മാറ്റം വരുത്തനൊന്നുമല്ല എന്റെ ഈ മറുപടി, ഞാന്‍ പറഞ്ഞല്ലോ സിബുവിന്റെ മന:സാക്ഷിയോടാണ് സംവദിക്കുന്നതെന്ന് .

ബ്ലോഗ് എന്നാല്‍ ബ്ലോഗ്ഗര്‍ എന്നാല്‍ എന്തൊക്കെയോ ആണെന്ന് പലരും ധരിച്ചുവശായ പോലെ തോന്നുന്നു . പ്രാകൃതമായ വാമൊഴിയുടെ ഏറ്റവും ആധുനികമായ എക്സ്റ്റന്‍ഷന്‍ മത്രമല്ലേ ബ്ലോഗ് ? അതെ സിബൂ അത് മാത്രമാണ് , അതിനപ്പുറമൊന്നുമല്ല ബ്ലോഗും !

അനോണികളോട് വിരോധം കൊണ്ടല്ല ഞാന്‍ ഇതൊക്കെ പറയുന്നത് . ഇതൊരു നയപരമായ പ്രശ്നമാണ് . സമൂഹത്തില്‍ അരങ്ങേറുന്ന ഇഷ്യൂകളില്‍ ഇടപെട്ട് അഭിപ്രായം പറയുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെളിച്ചത്ത് വന്ന് നിന്ന് പറയണം . അല്ലെങ്കില്‍ പറയാതിരിക്കണം . പറയാന്‍ വേറെയും ആണുങ്ങള്‍ ആരെങ്കിലും ഉണ്ടാവും . അത്തരക്കാരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ജനാധിപത്യത്തില്‍ പൌരന് അവകാശങ്ങള്‍ മാത്രമല്ല ചുമതലകളുമുണ്ട് . അവകാശങ്ങള്‍ ഏകപക്ഷീയമല്ല . കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന കൂലിയാണ് പൌരാവകാശം !
തല്‍ക്കാലം നിര്‍ത്തുന്നു ,
സ്നേഹപൂര്‍വ്വം,
കെ.പി.എസ്.
***********************************************
അനുബന്ധം :
ചേര്‍ത്ത് വായിക്കാന്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച :
Anonymity on the Blog: Bad, Good or .......

ചില ബ്ലോഗ് ചിന്തകള്‍ ....

മനുഷ്യന്റെ ഭാവനയില്‍ ഉള്‍ക്കൊള്ളുന്നതല്ല ഈ പ്രപഞ്ചം . ഇവിടെ ഓരോന്നിനും ജനനം , വളര്‍ച്ച, മരണം ഇങ്ങനെയുള്ള പരിണാമം അനിവാര്യമാണെന്ന് കാണാം . മനുഷ്യനും മറ്റ് ജന്തു-സസ്യജാലങ്ങള്‍ക്കും മാത്രമല്ല നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും എല്ലാം ഈ നിയമം ബാധകം തന്നെ . ഈ നിമിഷത്തിലും പ്രപഞ്ചത്തിന്റെ ഏതൊ കോണുകളില്‍ നക്ഷത്രങ്ങള്‍ ജനിക്കുന്നുണ്ടാവണം , മരണപ്പെടുന്നുമുണ്ടാവണം .

ഈ നിയമം മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും , സാമ്രാജ്യങ്ങള്‍ക്കും , സംഘടനകള്‍ക്കും , രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എല്ലാം ബാധകമാണ് . ചിലതിന്റെ ആയുസ്സ് ചുരുങ്ങിയതായിരിക്കും , ചിലപ്പോള്‍ ഒരു നിമിഷത്തേക്ക് . ചിലതിന്റേത് എത്രയോ വര്‍ഷങ്ങളായിരിക്കും , നൂറ്റാണ്ടുകള്‍ സഹസ്രാബ്ദങ്ങള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ അങ്ങനെയങ്ങനെ . ഒന്ന് നശിച്ച് പോകുന്നു അല്ലെങ്കില്‍ തകര്‍ന്നു പോകുന്നു എന്നത് മറ്റൊന്ന് ജനിക്കാതിരിക്കുന്നതിന് ഉണ്ടാക്കാതിരിക്കുന്നതിന് ന്യായീകരണമല്ല . ഉള്ളതെല്ലാം നശിച്ചേ പറ്റൂ , തകര്‍ന്നേ പറ്റൂ . പുതിയവ ഉണ്ടായേ പറ്റൂ . അനുസ്യൂതമായ , അവിരാമമായ പ്രക്രിയ ആണിത് .

മനുഷ്യന് ദൈനം‌ദിന ജീവിതത്തിന്റെ കൃത്യാന്തരബഹുല്യങ്ങളുമായി “കാല”മെന്ന പുറന്തോടിനുള്ളില്‍ ജീവിയ്ക്കുന്നത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല . നിലവിലുള്ളത് ശാശ്വതമാണെന്നും അലംഘനീയമാണെന്നും അനിവാര്യമായിരുന്നെന്നും ധരിച്ചു പോകുന്നു . ഇന്ന് കാണുന്ന രീതിയില്‍ എല്ലാം പരിണമിച്ച് വന്നു എന്നേയുള്ളൂ . മറിച്ച് മറ്റൊരു രീതിയിലും ആകാമായിരുന്നു . രാഷ്ട്രങ്ങളെ എടുക്കാം . ഈ അതിര്‍ത്തികളെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ് . അതൊന്നും അനിവാര്യമായവയല്ലായിരുന്നു . ഒരായിരം വര്‍ഷം കഴിഞ്ഞാല്‍ ഇന്നത്തെ അതിരുകള്‍ മാഞ്ഞ് പോയേക്കാം . ഇന്ന് കാണുന്ന മതങ്ങളും പാര്‍ട്ടികളും എല്ലാം സഹസ്രാബ്ധങ്ങളോളം ഇതേ പോലെ ഉണ്ടാവണമെന്നില്ല .

വര്‍ത്തമാന കാലത്തില്‍ ഉള്ളതെല്ലാം അതേ പോലെ മാറ്റമില്ലതെ തുടരണമെന്ന് മനുഷ്യര്‍ എന്ത് കൊണ്ടോ ശാഠ്യം പിടിക്കുന്നു . മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മനസ്സ് വിസമ്മതിക്കുന്നു . പുതിയതായി ഒരു സംഘടന രൂപം കൊള്ളുമ്പോള്‍ ആളുകള്‍ സംശയത്തോടെ ചോദിക്കാറുണ്ട് , മറ്റേ സംഘടന പിളര്‍ന്നത് കണ്ടില്ലേ , ദുഷിച്ച് നാശമായിപ്പോയത് കണ്ടില്ലേ .. വേറെ ഒന്ന് ഉണ്ടാക്കിയാല്‍ അത് നന്നാവും എന്നതിന് എന്താണ് ഒരുറപ്പ് അതും കാലക്രമേണ ദുഷിച്ചു പോകില്ലേ എന്ന് . മനുഷ്യന്‍ ഭൂമിയില്‍ ഉള്ള കാ‍ലത്തോളം പുതിയ സംഘടനകള്‍ പുതിയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നേ പറയാന്‍ കഴിയൂ .

ഒറ്റപ്പെട്ട വ്യക്തികളുടെ ആശയാഭിലാഷങ്ങളാലല്ല ലോകം ചരിക്കുന്നത് . ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ചാലകമായ നിയമങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമാണ് . ബ്ലോഗിന്റെ സമകാലിക പ്രസക്തിയെ പറ്റി ഉറക്കെ ചിന്തിക്കുന്നതില്‍ അപാകതയില്ല . ഇന്ന് ബ്ലോഗ് എഴുതാന്‍ മാത്രമല്ല കൊച്ചു വര്‍ത്തമാനം പറയാന്‍ പോലും കമ്പ്യൂട്ടര്‍ ഉപയോഗപെടുത്തുന്നു . അതായത് നമ്മെപ്പോലെ കമ്പ്യൂട്ടറും മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങി എന്നര്‍ത്ഥം .

മലയാളം ബ്ലോഗിന്റെ ആരംഭകാലത്ത് അന്ന് ബ്ലോഗ് എഴുതിയവര്‍ ഇത്തരം ഒരു സാധ്യത ദീര്‍ഘദര്‍ശനം ചെയ്തിരുന്നോ എന്നറിയില്ല . എന്നാല്‍ അക്കാലത്ത് ബോഗ് എഴുതുന്നവര്‍ അപരനാമങ്ങളിലാണ് എഴുതിത്തുടങ്ങിയത് . എന്നാല്‍ ഇന്ന് അത് ഒരു നിയമം പോലെ പിന്‍‌തുടരപ്പെടുന്നു . സ്വന്തം കൃതികളോ , അനുഭവങ്ങളോ , ആശയങ്ങളോ അപ്രകാരം എഴുതുന്നതില്‍ അപാകതയില്ല . കാരണം ആ എഴുത്തിന്റെ ആധികാരികത ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല . എന്നാല്‍ സമൂഹത്തിന്റെ പൊതുവായ കാര്യങ്ങളെപ്പറ്റി എഴുതുമ്പോഴും അത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് ചര്‍ച്ച നയിക്കുമ്പോഴും ഒരു വിശ്വാസ്യതയുടെ പ്രശ്നമുണ്ട് .

ഇന്ന് നാട്ടിലെ പ്രശ്നങ്ങള്‍ ചൂടോടെ അപ്പപ്പോള്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന ഒരേ ഒരു വേദി ബ്ലോഗ് മാത്രമാണ് . മുന്‍പ് ഗ്രാമീണ വായനശാലകളും തൊഴിലിടങ്ങളും ചായക്കടകളും ബാര്‍ബര്‍ ഷാപ്പുകള്‍ പോലും സജീവമായ ചര്‍ച്ചാവേദികളായിരുന്നു .അത് കൊണ്ട് തന്നെ അന്നൊക്കെ സമൂഹം ജീവസ്സുറ്റതായിരുന്നു . ഇന്ന് അതൊക്കെ നിജ്ജീവമായി . ഓരോരുത്തരും അവനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ട് സമൂഹത്തില്‍ നിന്ന് സ്വയം വേര്‍പ്പെടുത്തി ഒതുങ്ങിക്കഴിയുന്നു . ഈ വിടവില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ അരങ്ങ് തകര്‍ക്കുകയാണ് . ഇവിടെയാണ് പുതിയ പ്രതീക്ഷകളുമായി ഉയര്‍ന്ന് വന്ന ബ്ലോഗ് എന്ന മാധ്യമം വിശകലന വിധേയമാക്കേണ്ടത് .

ബ്ലോഗിന്റെ ഇന്നത്തെ പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ അനോണി നാമത്തില്‍ ബ്ലോഗ് എഴുതുന്നവരല്ല . ബ്ലോഗിന് പുറത്ത് ബ്ലോഗ് വായിക്കാന്‍ വായനക്കാരില്ല എന്നതാണ് . ബ്ലോഗ് എഴുതുന്നവര്‍ തന്നെയാണ് ഇന്ന് ബ്ലോഗ് വാ‍യനക്കാരും . വായനയ്ക്ക് ബ്ലോഗ് എന്ന ഒരിടം ഉണ്ട് . അവിടെ പൊതുപ്രശ്നങ്ങള്‍ സത്യസന്ധമായി അനുനിമിഷം ചര്‍ച്ചചെയ്യപ്പെടുന്നു എന്ന് സാമാന്യജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട് . ഇതാര് ചെയ്യും . ഇത്തരം കാര്യങ്ങള്‍ക്ക് ബ്ലോഗ് അക്കാദമി പോലെ ഒരു സംവിധാനം ഉണ്ടായേ പറ്റൂ . ബ്ലോഗ് എഴുതുന്നവരുടെ ഒരു സംഘടനയായിരിക്കരുത് അക്കാദമി . അത് ബ്ലോഗ് എഴുതാനും വായിക്കാനും ആളുകളെ പ്രേരിപ്പിക്കാനും ബ്ലോഗുകള്‍ പ്രചരിപ്പിക്കാനും ആയിരിക്കണം .

ബ്ലോഗ് തന്നെ അതിന്റെ മുന്‍‌മാതിരികളില്‍ നിന്ന് മോചിപ്പിക്കപെടേണ്ടതുണ്ട് . ബൂലോഗം എന്ന വാക്ക് സാര്‍വ്വത്രികമായി ഉപയോഗിക്കപെടുന്നത് കൊണ്ട് അത് ഒരു പ്രത്യേക ലോകമാണെന്ന് വരെ ഇന്ന് തെറ്റിദ്ധരിക്കുന്നുണ്ട് . എഴുത്തിനും ആശയവിനിമയത്തിനും , ആത്മാവിഷ്കാരത്തിനും പണ്ടെത്തെ താളിയോലകള്‍ക്ക് പകരം അച്ചടിയും കടലാസും വന്ന പോലെ ഇന്ന് കമ്പ്യൂട്ടറും കീബോര്‍ഡും വന്നു എന്നേയുള്ളൂ .

ബീരാന്‍ കുട്ടിക്ക് മറുപടി !

പ്രിയ ബീരാന്‍ കുട്ടി ,

ആദ്യമേ പറയട്ടെ ഇങ്ങനെ ഒരു കത്തിന്റെ അവശ്യമില്ലായിരുന്നു . ബീരാന്‍ കുട്ടിയുടെ പേരില്‍ ആകെ ഒരു കമന്റ് മാത്രമേ എന്റെ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളൂ . അത് വ്യക്തിപരമായി എന്നെ പരിഹസിക്കുന്നതായിരുന്നുമില്ല . ഞാന്‍ പൊതുവേ സീരിയസ്സായ വിഷയങ്ങള്‍ മാത്രമേ ബ്ലോഗില്‍ വായിക്കാറുള്ളൂ . ഫിക്‍ഷന്‍സ് വായിക്കാറുമില്ല . തേങ്ങ ഉടക്കാറോ ചാറ്റ് ശൈലിയില്‍ കമന്റാറുമില്ല . ബ്ലോഗില്‍ ഞാന്‍ മറ്റുള്ളവരുടെ ശൈലി പിന്‍‌തുടരാറുമില്ല .

ആശയപരമായി എനിക്ക് കുറെ ശത്രുക്കള്‍ ബ്ലോഗിലുണ്ട് . ഞാന്‍ പക്ഷെ അവരെ അങ്ങനെ കാണാറില്ല . ജീവിതത്തെ ഞാന്‍ എന്റേതായ രീതിയില്‍ ഫിലോസഫിക്കലായിട്ടാണ് കാണുന്നത് . ഏതൊരു മനുഷ്യനോടും എനിക്ക് അനുകമ്പയേയുള്ളൂ . പിന്നെ മനുഷ്യനെ മനുഷ്യനായല്ലാതെ മതക്കാരനായോ ജാതിക്കാരനായോ പാര്‍ട്ടിക്കാരനായോ ഞാന്‍ കാണുന്നില്ല . എന്നെ സംബന്ധിച്ച് ഒരോ മനുഷ്യനും മരണം വരെ ജീവിയ്ക്കാന്‍ വേണ്ടി പോരാടുന്ന നിസ്സഹായനും നിസ്സാരനുമായ ജീവി മാത്രമാണ് മറ്റേതൊരു ജീവിയേയും പോലെ . ഇങ്ങനെ ഒറ്റ നോട്ടത്തില്‍ മറ്റുള്ളവര്‍ക്ക് വിചിത്രമെന്ന് തോന്നാവുന്ന തീയറികള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഞാന്‍ ബ്ലോഗ് എഴുതുന്നത് ആരുടെയെങ്കിലും പ്രീതിയോ സ്നേഹമോ പിടിച്ചു പറ്റാനുമല്ല , ശത്രുതയും !

പിന്നെയോ , വെറുതെ എന്നേ എനിക്ക് പറയാന്‍ കഴിയൂ . ഒന്നും സ്ഥാപിക്കാനല്ല , മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ കുറിച്ചിടുന്നു .

ലോകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് . ഇത് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . എന്റെ വിശ്വാസം ആണ് ശരി , ഞാന്‍ പറയുന്നത് ആണ് ശരി എന്ന് എല്ല്ലാവരും കരുതുന്നു . എന്നാല്‍ പൂര്‍ണ്ണമായ ശരി ആരും പറയുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത് . മാത്രമല്ല എല്ലാ ശരികളും ആപേക്ഷികമാണെന്നും ഞാന്‍ കരുതുന്നു . ഒരു വിശ്വാസിക്ക് ഈ ആശയം സഹിക്കാന്‍ കഴിയില്ല . കാരണം അവന്റെ പ്രവാചകന്‍ , അല്ലെങ്കില്‍ അവന്റെ അവതാരം , അല്ലെങ്കില്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും ഉള്ളതും എല്ലാം അവന് കേവലശരികളാണ് . ഞാന്‍ നീട്ടുന്നില്ല .

ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കാണുകയോ ഫോണില്‍ കൂടി സംസാരിക്കുകയോ ചെയ്തവരുമായി മാത്രമേ എനിക്ക് മാനസികമായി ബന്ധമുള്ളൂ . എന്റെ കോണ്‍‌ടാക്ട് നംബര്‍ പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട് . ചിലര്‍ വിളിക്കാറുണ്ട് . അനോണിയായി വന്ന് കമന്റ് എഴുതുന്നവര്‍ ഒന്ന് വിളിക്കാന്‍ മെനക്കെടാറില്ല . പരിപാവനമായ അനോണിത്വം നഷ്ടപ്പെട്ട് പോകുമെന്നത് കൊണ്ടോ ബന്ധപ്പെട്ടാല്‍ പിന്നെ പരിഹസിച്ചുകൊണ്ട് കമന്റ് എഴുതാന്‍ കഴിയാത്തത് കൊണ്ടുമാണ് അനോണികള്‍ അതിന് മുതിരാത്തത് . ഓര്‍ക്കുട്ടിലും ബ്ലോഗിലും ഏതാനും പേരെ എനിക്ക് നേരില്‍ കണ്ട് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . അതൊരു അനുഗ്രഹമായി കാണുന്നു . ബീരാന്‍ കുട്ടിയെ നേരില്‍ കാണാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയില്ല . മലപ്പുറത്ത് എനിക്ക് ചില സുഹൃത്തുക്കളുണ്ട് . കാവന്നൂരില്‍ ഒരു സെയ്തലവി , എടവണ്ണയില്‍ ഒരു നാസര്‍ , തിരൂരില്‍ ഒരു നജീബ് അങ്ങനെയങ്ങനെ .. മലപ്പുറത്ത് താമസിച്ച ഒന്ന് രണ്ട് ദിനങ്ങളില്‍ ഞാന്‍ അവിടെ ഒറ്റ മുസ്ലീമിനേയോ ഹിന്ദുവിനേയോ കണ്ടിട്ടില്ല . പക്ഷെ മനുഷ്യസ്നേഹവും കറകളഞ്ഞ മതേതര സമഭാവനയും ഞാന്‍ അനുഭവിച്ചത് അവിടെ വെച്ചാണ് . എടവണ്ണയിലെ നാസര്‍ എന്നേക്കും ഓര്‍ക്കാന്‍ വേണ്ടി എന്നെ ചാലിയാര്‍ പുഴയില്‍ കുളിപ്പിച്ചിട്ടേ വിട്ടൂള്ളൂ .

ബ്ലോഗ് എനിക്ക് അങ്ങനെ തടിക്ക് പിടിക്കുന്ന ഒന്നല്ല . പക്ഷെ ഈ മാധ്യമത്തെ സമൂഹത്തില്‍ മാനവികതയും പൌരധര്‍മ്മവും മൂല്യങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗപെടുത്താമല്ലോ എന്ന് ചിന്തിക്കുന്നു എന്ന് മാത്രം . അനോണിയായി എഴുതുന്നവരുടെ ന്യായവാദങ്ങളൊന്നും എനിക്ക് ബാധകമല്ല . എന്നെ സംബന്ധിച്ച് ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കേണ്ടതുണ്ട് . അനോണികളുടെ കാര്യം എനിക്കറിയില്ല . ഒരു അനോണിയും എന്റെ ശത്രുവോ മിത്രമോ അല്ല .
എന്ന് ,
കെ.പി.സുകുമാരന്‍

കേരളാ ബ്ലോഗ് അക്കാദമി മുന്നോട്ട് .. ... !

എന്റെ ഒരു ദിവസത്തെ സ്വപ്നങ്ങളില്‍ മുഴുവന്‍ ബ്ലോഗ് അക്കാദമിയായിരുന്നു . അക്കാദമി കേരള പൊതുസമൂഹത്തില്‍ ബൌദ്ധികമായ ഉണര്‍വ്വുണ്ടാക്കി , അതിന്റെ പൊതു ഇടങ്ങളില്‍ സജീവമായ പൌരപങ്കാളിത്തം കൊണ്ട് ജനാധിപത്യം സഫലവും സാര്‍ത്ഥകവുമാവുന്ന ഒരു നവവ്യവസ്ഥിതിയായിരുന്നു ആ സ്വപ്നങ്ങളില്‍ പൂത്ത് വിരിഞ്ഞത് . ചിത്രകാരന്‍ എന്ന പ്രശസ്ത ബ്ലോഗ്ഗര്‍ എന്നെ ഫോണില്‍ വിളിച്ച് ബ്ലോഗിന് ഒരു അക്കാദമി തുടങ്ങണം .... കാര്‍ട്ടൂണ്‍ അക്കാദമി എന്നൊക്കെ പറയുന്ന പോലെ ... .... എന്ന് പറഞ്ഞ അന്നല്ല ഞാന്‍ ഇങ്ങനെ സ്വപ്നം കണ്ടത് . അന്ന് ഇതിന്റെ പ്രായോഗികതയെ പറ്റി എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല . പിന്നീട് ചിത്രകാരന്‍ കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ബ്ലോഗ് തുടങ്ങി , ഈ വിവരം ബൂലോഗരെ അറിയിച്ചു . കേരള ബ്ലോഗ് അക്കാദമിയുടെ യൂനിറ്റുകളായി ജില്ലാ തല അക്കാദമി ബ്ലോഗുകളും ക്രീയേറ്റ് ചെയ്യപ്പെട്ടു . പിന്നീട് നടന്ന ചര്‍ച്ചകളുടെ ഫലമായി ചിത്രകാരനും , ഞാനും, കണ്ണൂരാനും മുന്‍‌കൈ എടുത്ത് കണ്ണൂരില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല എന്ന ആദ്യ പൊതുപരിപാടി നടത്തപ്പെട്ടു . അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കണ്ണൂരില്‍ വെച്ച് നടത്തിയത് ചിത്രകാരനും കണ്ണൂരാനുമായിരുന്നു . ആ ശില്പശാല വമ്പിച്ച വിജയമായിരുന്നു . തുടര്‍ന്ന് കോഴിക്കോട് വെച്ച് ശില്പശാല നടത്തപ്പെടുമെന്ന് പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിക്കപെട്ടു .

അങ്ങനെ കേരള ബ്ലോഗ് അക്കാദമിയും ശില്പശാലയും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു . ഈ സമയം വരെ ഇങ്ങനെ ഒന്ന് നടക്കുന്നതായി ബൂലോഗത്തുള്ള കൂടപ്പിറപ്പുകള്‍ ആരും അറിഞ്ഞ ഭാവം നടിച്ചില്ല . അക്കാദമി അതിന്റെ അസ്തിത്വം ഏതാണ്ട് ഉറപ്പിച്ച അവസരത്തിലാണ് , ഇങ്ങനെ ഒരു സംരംഭത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്ത് കൊണ്ട് ബൂലോഗത്തെ പുലി എന്നറിയപ്പെടുന്ന ബെര്‍ളി തോമസ് അദ്ദേഹത്തിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് . അത് ബൂലോഗത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപെട്ടു . ഏതായാലും അക്കാദമി അനിഷേധ്യമായ യാഥാര്‍ഥ്യമായിത്തീര്‍ന്നുവെന്ന് അംഗീകരിച്ചു കൊണ്ട് ബെര്‍ളി സുസ്മേരവദനനായി കോഴിക്കോട് ശില്പശാലയുടെ രംഗവേദിയിലെത്തി . അക്കാദമി പ്രവര്‍ത്തകര്‍ കെട്ടിപ്പിടിച്ചു കൊണ്ട് ബെര്‍ളിയെ വരവേറ്റു . ബെര്‍ളിയുടെ മുഖത്തെ കുസൃതിയും ആര്‍ജവവും കണ്ടപ്പോള്‍ ബ്ലോഗിന്റെ രോമാഞ്ചമാണ് ആ ചെറുപ്പക്കാരനെന്ന് ഒരു നിമിഷം എനിക്ക് തോന്നിപ്പോയി .

ഞാന്‍ സ്വപ്നം കണ്ടത് പക്ഷെ , ബെര്‍ളിയുടെ പോസ്റ്റിന് ഒരു പ്രതി പോസ്റ്റ് എന്ന രീതിയില്‍ അനുമാനിക്കാവുന്ന , ബ്ലോഗിലെ വാഗ്‌പ്രതിഭയായ (ഇവനാരെടാ ... ഇങ്ങനെയൊക്കെ സര്‍ട്ടിഫൈ ചെയ്യാന്‍ എന്ന് ആരും കരുതുകയില്ല കാരണം എന്റെ ബ്ലോഗ്, എന്റെ ചിന്ത!) മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ “ബോഗ് അക്കാദമി, ചില വേറിട്ട ചിന്തകള്‍ ” എന്ന പോസ്റ്റ് വായിച്ച അന്നാണ് . ആ പോസ്റ്റില്‍ മാരീചന്‍ മുന്നോട്ട് വെച്ച എല്ലാ നിര്‍ദ്ദേശങ്ങളോടും എനിക്ക് യോജിപ്പായിരുന്നു . ആ യോജിപ്പാണ് എന്നെ അന്നത്തെ ദിവാസ്വപ്നങ്ങളിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയത് .

കേരള ബ്ലോഗ് അക്കാദമി ഔപചാരികമായി രൂപം കൊള്ളുന്നു . സംസ്ഥാനതലത്തില്‍ തുടങ്ങി പഞ്ചായത്ത് തലം വരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലകള്‍ ഏറ്റെടുക്കുന്നു . ഒരു ഇന്റര്‍‌നെറ്റ് വിപ്ലവം കേരളീയ ഗ്രാമങ്ങളെ കൊടുമ്പിരി കൊള്ളിക്കുന്നു . പൌരജനങ്ങള്‍ക്ക് സൌജന്യമായി ഉപയോഗിക്കാന്‍ കഴിയും വിധം സര്‍ക്കാര്‍ സഹായത്തോടെ ഇന്റര്‍നെറ്റ് കിയോസ്കുകള്‍ നാടാകെ ഉയരുന്നു . ജനകീയ ഭരണം സുതാര്യമാവുന്നു . അഴിമതികളും ചുവപ്പ് നാടകളും ഗതകാല സ്മരണകളാവുന്നു .

എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകണമെന്നില്ല . എന്നാല്‍ ഏത് യാഥാര്‍ഥ്യവും സ്വപ്നത്തിലാണ് തുടക്കം കുറിക്കുന്നത് . കേരള ബ്ല്ലോഗ് അക്കാദമി വ്യപസ്ഥാപിതമായ രീതിയില്‍ കെട്ടിപ്പടുക്കപെടുന്ന ഒരു സംഘടനയാകണം എന്ന നിര്‍ദ്ദേശം ഞാന്‍ എല്ലാ മലയാളം ബ്ലോഗര്‍മാരുടെയും മുന്‍പാകെ സമര്‍പ്പിക്കുന്നു .
മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസക്തിയെപ്പറ്റി മുഖ്യമന്ത്രി പറയുന്നു.

അനോണികള്‍ ഉദ്ധേശശുദ്ധിയുടെ പേരില്‍ മാപ്പ് തരണം !

വിജയകൃഷ്ണന്‍ രഘുവംശിയുടെ രഘുവംശം എന്ന ബ്ലോഗില്‍ " ഗുരുജി-ഒരു പേരിലൊരുപാട് കാര്യങ്ങളുണ്ടെന്ന തോന്നലില്‍” എന്ന പോസ്റ്റ് വായിച്ചപ്പോള്‍ അവിടെ ഒരു കമന്റ് എഴുതാന്‍ തുടങ്ങി . എഴുതി വന്നപ്പോള്‍ അത് നീണ്ടു പോയി . മാത്രമല്ല അതൊരു വിവാദമായി ബൂലോഗത്തിന്റെ പതിവ് ശൈലിയില്‍ കടന്നാക്രമിക്കപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാല്‍ പകുതിയ്ക്ക് നിര്‍ത്തി . അത് അല്പം കൂടി വിശദീകരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു .
നിത്യേന ധാരാളം ബ്ലോഗുകള്‍ വായിച്ചിട്ടാണ് ഇവിടെ ബാംഗ്ലൂരില്‍ സമയം ചെലവഴിക്കുന്നത് . വെറുതെ വിരസമായി ഭാരമായിപ്പോകുമായിരുന്ന സമയം എനിക്ക് ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്ന തരത്തില്‍ ഒരു സജീവത നല്‍കുന്നത് ബ്ലോഗുകളാണ് . എന്നിലെ ഭാഷ ചോര്‍ന്നു പോകാതെ അവശേഷിക്കുന്നതും ഈ ബ്ലോഗ് വായന കൊണ്ട് തന്നെ . വായനയില്‍ ഞാന്‍ സെലക്റ്റീവാണ് . വെറുതെ പൈങ്കിളികളും ചാറ്റുകളും നേരം കൊല്ലികളും വായിച്ച് കളയാന്‍ മത്രം സമയം എനിക്കിനിയില്ലല്ലോ . അത് കൊണ്ട് ഗൌരവമുള്ള വിഷയങ്ങളേ വായിക്കാറുള്ളൂ .

അങ്ങനെ വായിച്ചു പോകുമ്പോള്‍ ഇഷ്ടപ്പെട്ട ബ്ലോഗില്‍ കമന്റ് എഴുതാനും തോന്നാറുണ്ട് . കമന്റ് എഴുതുമ്പോള്‍ ആ ബ്ലോഗ്ഗറോടുള്ള ഐക്യദാര്‍ഡ്യം വെളിപ്പെടുത്താന്‍ , സ്നേഹപൂര്‍വ്വം സംബോധന ചെയ്യണമെന്നും (പ്രായത്തിന്റെ ഒരു അസ്കിത ആയിരിക്കാം)തോന്നാറുണ്ട് . പക്ഷെ സംബോധന ചെയ്യാന്‍ മനസ്സ് അനുവദിക്കുന്ന തരത്തിലല്ല പല ബ്ലോഗ് നാമങ്ങളും . അത് കൊണ്ട് പല സ്ഥലത്തും കമന്റ് എഴുതാറുമില്ല .
ഗുരുജിയായി വന്ന് ഞാന്‍ വിജയകൃഷ്ണന്‍ ആണെന്ന് ഒരിക്കല്‍ എന്റെ ബ്ലോഗില്‍ സ്വത്വം വെളിപ്പെടുത്തിയത് ഓര്‍ക്കുന്നു . അങ്ങനെ വിജയകൃഷ്ണന്‍ എനിക്കൊരു പ്രിയപ്പെട്ട ബ്ലോഗ്ഗറുമായി . ഇപ്പോഴത്തെ പേര് മാറ്റത്തില്‍ എനിക്കൊന്നും തോന്നുന്നില്ല . വിശ്വപ്രഭ ഗുരുജീ എന്നേ ഇനിയും വിളിക്കൂ എങ്കില്‍ വിജയകൃഷ്ണന്‍ എന്ന് വിളിക്കാന്‍ എന്നെ അനുവദിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി .


ഇങ്ങനെ പറയാന്‍ കാരണമുണ്ട് . ഒരു പ്രാവശ്യം ഫോണ്‍ സംഭാഷണത്തിലൂടെ ഒരു ബ്ലോഗ്ഗറുടെ യഥാര്‍ത്ഥ പേര് ഞാന്‍ മനസ്സിലാക്കി . പിന്നീട് അയാളുടെ പോസ്റ്റില്‍ അയാളെ സ്വന്തം പേരില്‍ സംബോധന ചെയ്തുകൊണ്ട് ഒരു കമന്റ് എഴുതി . അത് അയാളെ അലോസരപെടുത്തിയിരിക്കണം . അയാളുടെ മറുപടിക്കമന്റില്‍ അതിന്റെ നീരസം പ്രകടമായിരുന്നു . പിന്നീട് ഒരവസരത്തില്‍ മെയിലിലൂടെ ആശയസംവാദം നടത്തിയപ്പോള്‍ അയാള്‍ പറഞ്ഞു , നിങ്ങള്‍ ബ്ലോഗില്‍ എന്റെ യഥാര്‍ത്ഥ പേരില്‍ സംബോധന ചെയ്യരുതെന്ന് . അനോണിപ്പേരില്‍ എഴുതുന്ന മികവും കഴിവുമുറ്റ ബ്ലോഗ്ഗര്‍മാരുടെ ചങ്ങാത്തം വേണ്ടെന്നും അവരോട് വ്യക്തിപരമയി അടുക്കേണ്ടതില്ലെന്നും ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു .


യഥാര്‍ഥ ലോകത്ത് നിരുപാധികവും അകൃത്രിമവുമായ ബന്ധങ്ങള്‍ ഇപ്പോള്‍ ദുര്‍ലഭമായിരിക്കുന്നു . എന്നിട്ടും ജീവിയ്ക്കുന്നില്ലേ . അപ്പോള്‍ വ്യക്തി ബന്ധങ്ങള്‍ സ്വന്തം പേരില്‍ സ്ഥാപിക്കണമെന്ന പ്രലോഭനങ്ങള്‍ അതിജീവിച്ചും ബ്ലോഗുകള്‍ വായിക്കാം . നിജത്തെ അവഗണിച്ച് നിഴലിനെ പുണരുക എന്നതാണല്ലോ ആധുനികകാലത്തെ നീതിശാസ്ത്രം .

മനുഷ്യന്‍ ജീവിയ്ക്കാന്‍ പഠിക്കുന്നത് തന്നെ മറ്റുള്ളവരെ അനുകരിച്ചുകൊണ്ടാണെന്ന് തോന്നുന്നു . മനുഷ്യന് മറ്റ് വേറെ മാര്‍ഗ്ഗങ്ങളില്ലല്ലോ. സാമൂഹ്യജീവിതത്തിന് ഒരു നൈരന്തര്യവും ഒഴുക്കും കിട്ടുന്നത് തന്നെ ഈ അനുകരണം കൊണ്ടായിരിക്കണം . സ്വന്തം വഴി വെട്ടിത്തെളിക്കുന്നവര്‍ അപൂര്‍വ്വമാണ് . ബ്ലോഗില്‍ അനോണികള്‍ പെരുകാന്‍ കാരണമെന്തെന്നത് അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക മലയാളിയുടെ അനുകരണശേഷിയുടെ അപാരമായ സാധ്യതകളിലേക്കാണ് .
മലയാളം ബ്ലോഗ് എഴുതുന്നവരില്‍ പ്രതിഭയും കഴിവും സമൃദ്ധമായുള്ളവര്‍ മിക്കവാറും എഴുതുന്നത് അനോണി നാമങ്ങളിലാണ് . അത് കൊണ്ട് ഒരു ഗുണമുണ്ട് .

പല പല അനോണി നാമങ്ങളില്‍ വന്ന് ബ്ലോഗുകളില്‍ ആഭാസം എഴുതുന്നവരുടെ സംരക്ഷകരായി ഈ അനോണി പ്രതിഭകളും പരോക്ഷമായി മാറുന്നു എന്നതാണത് . അനോണി പേരില്‍ എഴുതുന്നത് ആശാസ്യമാണോ എന്ന് ഋജുമനസ്കരായ ആരെങ്കിലും ചോദിച്ചു പോയാല്‍ ഇക്കൂട്ടര്‍ ശക്തരായി രംഗത്ത് വരും . അനോണി എന്ന് കേള്‍ക്കുമ്പോള്‍ ഛര്‍ദ്ദില്‍ വരുന്നവര്‍ എന്ന് ഇങ്ങനെ ചോദിക്കുന്നവരെ ഭാവനാസമ്പന്നനായ ഒരു ബ്ലോഗര്‍ ഈയ്യിടെ വിശേഷിപ്പിക്കുകയുണ്ടായി . അത് കൊണ്ട് അനോണികള്‍ക്ക് ബൂലോഗത്ത് ശോഭനമായ ഭാവിയാണുള്ളത് . ബൂലോഗത്ത് അനോണികളുടെ ധാരാളിത്തവും സ്വന്തം പേരില്‍ എഴുതുന്നവര്‍ വിരളവുമായതിനാലായിരിക്കണം പുതുതായി കടന്നുവരുന്നവരും സ്വതസിദ്ധമായ അനുകരണശേഷി നിമിത്തം അനോണിയായി എഴുതാന്‍ തന്നെ തീരുമാനിക്കുന്നത് .

സ്വന്തം പേരില്‍ ബ്ലോഗില്‍ എഴുതുന്നത് ഔദ്യോഗികമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ടാണ് ഞാന്‍ നടേ പരാമര്‍ശിച്ച പ്രതിഭാശാലികളായ എഴുത്തുകാര്‍ അപരനാമങ്ങളില്‍ ബ്ലോഗെഴുത്ത് നടത്തുന്നത് . തൂലികാനാമങ്ങളില്‍ എഴുതുന്ന എത്രയോ എഴുത്തുകാര്‍ സാഹിത്യലോകത്ത് ഉണ്ടല്ല്ലോ . അവരെക്കൊണ്ട് സാഹിത്യലോകം സമ്പന്നമായതേയുള്ളൂ . എന്നാല്‍ ഈ അനോണിത്വം ബ്ലോഗില്‍ വൃത്തികേടുകള്‍ ഉണ്ടാക്കാനാണ് ഉപയോഗപ്പെടുത്തുന്നത് എന്നത് ഖേദകരമാണ് . മറ്റുള്ളവരെ ചെളി വാരിയെറിയാം , വ്യക്തിഹത്യ നടത്താം , എന്ത് തെറിയും മന:സാക്ഷിക്കുത്തില്ലാതെ ടൈപ്പ് ചെയ്യാം എന്നിങ്ങനെയുള്ള സാധ്യതകളാണ് അനോണിത്വം പലര്‍ക്കും നല്‍കുന്നത് . എഴുതിത്തെളിയുന്ന പലരെയും വഴി തെറ്റിക്കാനും ഈ പ്രവണത കാരണമാകുന്നു . എത്രയോ ബിനാമി ഐഡികള്‍ നിത്യേന സൃഷ്ടിക്കപ്പെടുന്നു . അങ്ങനെ ഡാറ്റാ സ്റ്റോറേജുകളും മാലിന്യങ്ങള്‍ കൊണ്ട് നിറയുന്നു . അന്തരീക്ഷമലിനീകരണം പോലെ ഈ സ്റ്റോറേജ് മാലിന്യങ്ങള്‍ നാളെ ഒരു വിപത്തായേക്കാം . നൈമിഷികമായ സംതൃപ്തികള്‍ക്ക് വേണ്ടി ഭൌതികലോകവും വിര്‍ച്ച്വല്‍ ലോകവും അനുനിമിഷവും മലിനീകരിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് .

ബൂലോഗത്ത് പല പല ഗ്രൂപ്പുകളും കൂട്ടായ്മകളും ക്ലബ്ബുകളും നിലവിലുണ്ട് . ഞാനും ഒരു ഗ്രൂപ്പ് തുടങ്ങുകയാണ് . സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി സ്വന്തം നിലയില്‍ യഥാര്‍ത്ഥ ലോകത്തെന്ന പോലെ ബൂലോഗത്തും അറിയപ്പെടാനാഗ്രഹിക്കുന്നവരുടെ ഗ്രൂപ്പ് . അങ്ങനെയും ഒരു കീഴ്വഴക്കം ബുലോഗത്ത് സൃഷ്ടിക്കേണ്ടതുണ്ട് . പ്രത്യേകിച്ചും ധാരാളം ആളുകള്‍ ബ്ലോഗ് ചെയ്യാന്‍ നിത്യേന പുതിയതായി കടന്നു വരുന്ന സാഹചര്യത്തില്‍ .
ഈ ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഗ്രൂപ്പ് ബോക്സില്‍ സബ്‌സ്ക്രൈബ് ചെയ്യുകയാണ് വേണ്ടത് . കേരള ബ്ലോഗ് അക്കാദമിയുടെ പേരിലായിരുന്നു ഞാന്‍ ആ ഗ്രൂപ്പ് തുടങ്ങിയിരുന്നത് . എന്നാല്‍ അതൊരു കൂട്ടായ തീരുമാനമായിരുന്നില്ല . അതിനാല്‍ തല്‍ക്കാലം ആ ഗ്രൂപ്പ് ഈ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് . പിന്നീട് പേര്‍ മാറ്റാമല്ലോ .
ഇതൊരു ഹോബി മാത്രമാണെന്ന് കരുതിയാല്‍ മതി . ആരും തല്ലാന്‍ വരരുത് !

ബ്ലോഗ് ശില്പശാല ഒരോര്‍മ്മ

1-6-2008ന് കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വെച്ചു ഒരു ബ്ലോഗ് ശില്പശാല നടന്നു. എനിക്ക് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് ഒരു ആശംസ‍ റെക്കൊര്‍ഡ് ചെയ്തു സംഘാടകര്‍ക്ക് അയച്ചു കൊടുത്തു. കേരള ബ്ലോഗ് അക്കാദമിയുടെ ഒരു ലഘുചരിത്രം എന്ന നിലയില്‍ ഈ പോഡ്‌കാസ്റ്റ് ഇവിടെ കിടക്കട്ടെ.