ചേമ്പിനെ കുറിച്ച് പറഞ്ഞ് കൃഷിയിൽ രാസവളത്തിന്റെ ആവശ്യകതയെ പറ്റി എഴുതിയ എന്റെ കഴിഞ്ഞ പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം പേർ കണ്ടതായും രണ്ടര ലക്ഷത്തിലധികം പേർ വായിച്ചതായും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എനിക്ക് തന്നെ വിശ്വാസം വരുന്നില്ല, പിന്നെയല്ലേ നിങ്ങൾക്ക്. എന്നാൽ ഫേസ്ബുക്കിന്റെ insights കാണിക്കുന്നത് അങ്ങനെയാണ്. എന്റെ ആ പോസ്റ്റ് അക്ഷരാർത്ഥത്തിൽ വൈറൽ ആയിരിക്കുന്നു. ആളുകൾക്ക് ജൈവകൃഷിയുടെ നിഷ്പ്രയോജനം മനസ്സിലായി വരുന്നതിന്റെയും രാസവളം ഉപയോഗിക്കാൻ താല്പര്യം കൂടി വരുന്നതിന്റെയും സൂചനയായിട്ടാണ് ആ പോസ്റ്റിന്റെ റീച്ചിനെ ഞാൻ കാണുന്നത്.
നാട്ടിൽ ഇപ്പോൾ പച്ചക്കറികൃഷി തീർത്തും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. കാരണം രണ്ട് വട്ടം ജൈവരീതിയിൽ കൃഷി ചെയ്താൽ പിന്നെയാരും അതിന് മെനക്കെടില്ല. ജൈവകൃഷിയിൽ ചെടികൾക്ക് ആവശ്യമുള്ള പോഷണം കിട്ടാതെ അരണ്ട് വളരുകയും കായ്‌ഫലം ശുഷ്ക്കമായതും കൊണ്ടാണ് ആളുകൾ പച്ചക്കറികൃഷി തന്നെ ഉപേക്ഷിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കൃഷിയെ തന്നെ ഇങ്ങനെ നശിപ്പിച്ചതിൽ മാധ്യമങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ കൃഷിമന്ത്രി സുനിൽ കുമാറും നിർവഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ കൃഷി നാട്ടിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ആർക്കും മിണ്ടാട്ടമില്ല.
പച്ചക്കറികൾ അവനവന്റെ വീട്ടുമുറ്റത്തോ ടെറസ്സിലോ കൃഷി ചെയ്ത് അവരവരുടെ വീട്ടാവശ്യത്തിന് ആാവശ്യമായത് സമൃദ്ധമായി ഉണ്ടാക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്. ഈ സമയം അതിന് പറ്റിയതാണ് താനും. ചെടികൾക്ക് വേണ്ടത് ആവശ്യത്തിന് പോഷണവും വെള്ളവും സൂര്യപ്രകാശവും ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ ചെടികൾ ആരോഗ്യത്തോടെ വളരില്ല.
മുറ്റത്തും ടെറസ്സിലും ഗ്രോബാഗിൽ ചെടികൾ വളർത്താവുന്നതാണ്. ഗ്രോബാഗിൽ നിറക്കാൻ ഉപയോഗിക്കുന്ന മേൽമണ്ണിൽ ആവശ്യമുള്ള പോഷണങ്ങൾ ഒരിക്കലും ഉണ്ടാവില്ല. എവിടെയെങ്കിലും ഉണ്ടാകാം പക്ഷെ അങ്ങനെയുള്ള മണ്ണ് എല്ലാവർക്കും കിട്ടില്ല. ആ കുറവ് പരിഹരിക്കേണ്ടത് രാസവളം വാങ്ങി വെള്ളത്തിൽ കലക്കി അപ്പപ്പോൾ കുറേശ്ശേ ഒഴിച്ചു കൊടുത്തോ ഇലകളിൽ സ്പ്രേ ചെയ്തോ ആണ്. ഇലകളിൽ സ്പ്രേ ചെയ്താൽ ഗ്രോ ബാഗിലെ മണ്ണിൽ പതിക്കുമല്ലോ.
ടെറസ്സിൽ ഗ്രോബാഗിൽ നിറക്കാൻ മണ്ണ് എടുക്കുമ്പോൾ ആ മണ്ണ് വെയിലിൽ ഉണക്കുന്നത് നല്ലതാണ്. അപ്പോൾ മണ്ണിലുള്ള വൈറസ്സുകളും ബാക്റ്റീരിയകളും നശിച്ചു പോകും. ചെടികളെ ബാധിക്കുന്ന സൂക്ഷ്മജീവികൾ മണ്ണിൽ നിന്നാണ് ചെടികളിലേക്ക് പടരുന്നത്. ടെറസ്സിൽ ആകുമ്പോൾ പിന്നീട് ആ മണ്ണിൽ സൂക്ഷ്മജീവികൾ കടന്ന് വരില്ല. വല്ല കീടങ്ങളോ പ്രാണികളോ ചുറ്റുപാടിൽ നിന്ന് വന്ന് ചെടികളെ ആക്രമിക്കുന്നെങ്കിൽ അപ്പോൾ രാസകീടനാശിനികൾ സ്പ്രേ ചെയ്ത് കൊടുക്കണം. ഒരു ലിറ്റർ വെള്ളത്തിൽ 5ml രാസകീടനാശിനി ഏതാണോ അത് ചേർത്ത് നേർപ്പിച്ചിട്ടാണ് സ്പ്രേ ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ കീടങ്ങൾ നശിക്കും. അവശേഷിക്കുന്ന കീടനാശിനി അവശിഷ്ടങ്ങൾ വെയിലിൽ വിഘടിച്ചു പോകും. ഇങ്ങനെയൊക്കെ ചെയ്താൽ ചെടികളും ഹാപ്പി നമ്മളും ഹാപ്പിയാകും.
ചെടികൾക്ക് വേണ്ടത് 13 മൂലകങ്ങൾ ആണെന്നും അതിൽ പ്രധാനം N.P.K എന്ന മൂന്ന് മൂലകങ്ങൾ ആണെന്നും ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. ആ വളം ആണ് വാങ്ങി ഉപയോഗിക്കേണ്ടത്. ചിലപ്പോൾ മെഗ്‌നീഷ്യം, കാൽസിയം , ബോറോൺ , മൊളിബ്‌ഡിനം എന്നീ മൂലകങ്ങളുടെ കുറവ് അപൂർവ്വമായി ഉണ്ടാകാം. ഇലകൾക്ക് നല്ല കരിംപച്ച ഇല്ലാതിരിക്കലാണ് ഇതിന്റെ ലക്ഷണങ്ങൾ. അങ്ങനെയുണ്ടെങ്കിൽ മേല്പറഞ്ഞ മൂലകങ്ങൾ അടങ്ങിയ വളം വാങ്ങി അല്പ, മാത്രം സ്പ്രേ ചെയ്യേണ്ടി വരും. എല്ലാ വളങ്ങളും ഓൺലൈനിൽ ലഭിക്കും. NPK18:18:18, Urea, DAP (Diammonium phosphate), Factomphos ഇവയിൽ ഏതെങ്കിലും വാങ്ങി ഉപയോഗിച്ചിട്ട് ചെടിക്ക് നല്ല ആരോഗ്യവും ഇലകൾക്ക് നല്ല പച്ച നിറവും കാണുന്നെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട.
ജലത്തിന്റെ സമ്പർക്കം കൊണ്ട് ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും വിധമാണ് രാസവളത്തിന്റെ മോളിക്യൂൾ ഘടന. അതുകൊണ്ട് വളം കൊടുത്തതിന്റെ റിസൾട്ട് രണ്ടോ മൂന്നോ ദിവസം കൊണ്ട് കാണാൻ കഴിയും. അല്പം മാത്രം എടുത്ത് വെള്ളത്തിൽ കലക്കി ഒഴിക്കുമ്പോൾ വേരിന് തട്ടുമോ എന്ന് പേടിക്കേണ്ട. എന്നാലും കഴിയുന്നതും ചെടിയുടെ മുരട് ഒഴിവാക്കി ചുറ്റും ഒഴിക്കുന്നതാണ് സേഫ്റ്റി.
ശരിക്ക് പറഞ്ഞാൽ ചെടികൾക്ക് പുഷ്ടിയോടെ വളരാനും നൂറ് ശതമാനം പോഷകഗുണമുള്ള കായ്‌ഫലങ്ങൾ വിളയാനും നമ്മൾ 13 മൂലകങ്ങൾ അവയ്ക്ക് നൽകിയാൽ മതി. മണ്ണ് വേണമെന്നില്ല. അങ്ങനത്തെ കൃഷിരീതിക്ക് ലോകത്ത് ഇന്ന് നല്ല പ്രചാരം ഉണ്ട്. ഹൈഡ്രോപോണിക് എന്നാണ് ആ രീതിയുടെ പേര്. അതിന് നമ്മൾ 13 മൂലകങ്ങളും കൃത്യമായ അനുപാതത്തിൽ അടങ്ങിയ ലായനി സ്വയം തയ്യാറാക്കുകയോ ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങുകയോ വേണം. ഹൈഡ്രോപോണിക്കിൽ വിവിധ സിസ്റ്റം രീതികൾ ഉണ്ട്. അതിൽ ഏറ്റവും എളുപ്പം തിരി സിസ്റ്റം ആണ്. താഴെയുള്ള ഇമേജ് കാണുക. അത് ഏത് സാധാരണക്കാർക്കും പ്ലാസ്റ്റിക്ക് ബോട്ടിൽ കൊണ്ട് പോലും ചെയ്യാം.
ഞാൻ നാട്ടിൽ വന്ന് ഹൈഡ്രോപോണിക്കിന്റെ സിസ്റ്റം സ്ഥാപിച്ച് കൃഷി ചെയ്യാനും ആളുകൾക്ക് പരിശീലനം നൽകാനും ന്യൂട്രിയന്റ് ലായനി തയ്യാറാക്കാനും ഒക്കെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ നാട്ടിൽ എനിക്ക് ഇനിയും സ്ഥിരതാമസമാക്കാൻ പറ്റിയില്ല. ഇതിനിടയിൽ പ്രായം കടന്നു പോവുകയും ചെയ്യുന്നു. മറ്റാരെങ്കിലും ഇതിന് തയ്യാറാവുകയാണെങ്കിൽ അതൊരു നല്ല സാമൂഹ്യപ്രവർത്തനം ആകുമായിരുന്നു. ആഹാരത്തിൽ നിറയെ പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം. അധികം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ് നമ്മുടെ ആരോഗ്യം കവരുന്ന വില്ലൻ. അല്ലാതെ കൊളസ്ട്രോൾ അല്ല. രാസം എന്നാൽ വിഷം എന്ന ഭീതിയും മൂഢത്വവും ഉപേക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ. കീടങ്ങൾക്കും സൂക്ഷ്മജീവികൾക്കും വിഷം ആയത് അവയേക്കാൾ എത്രയോ മടങ്ങ് വലിയ ശരീരവും ബോഡി പ്രൊട്ടക്‌ഷനും ഉള്ള നമുക്ക് വിഷമാവില്ല എന്ന സാമാന്യബോധവും നമുക്ക് ഉണ്ടാകേണ്ടതാണ്.
No comments:
Post a Comment