ഹാരൂണ്‍ക്കയുടെ വീട്ടില്‍ ഇന്നലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. എനിക്കതിനെ പറ്റി സരസമായി എഴുതാന്‍ അറിയില്ല. പോങ്ങുമ്മൂടനോ മറ്റോ ആയിരുന്നെങ്കില്‍ ബ്ലോഗനയില്‍ വരാന്‍ പാകത്തില്‍ നല്ലൊരു പോസ്റ്റ് എഴുതിയേനേ. ബ്ലോഗ് എഴുതുന്ന നമ്മളൊക്കെ ബ്ലോഗര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. ബ്ലോഗര്‍ ജയന്‍ ഏവൂര്‍ ഇന്നലെ കണ്ണൂരില്‍ വന്നിരുന്നു. പുള്ളിക്ക് കണ്ണൂരില്‍ ഒരു പരീക്ഷയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ട് മണിയോടെ പാപ്പിനിശ്ശേരിയിലുള്ള , ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ വന്നു. ഞാന്‍ ഇപ്പോള്‍ പകുതി പാപ്പിനിശ്ശേരിക്കാരനും പകുതി ബാംഗ്ലൂര്‍കാരനുമാണ്. അഞ്ചരക്കണ്ടിയിലെ വീട് അവിടെയുണ്ട്. ഒരു വാടകക്കാരന്‍ താമസിക്കുന്നു. പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഉച്ചയൂണ് കഴിഞ്ഞാണ് ജയന്‍ ഡോക്ടര്‍ ഞങ്ങളുടെ വീട്ടില്‍ വന്നത്. അത്കൊണ്ട് ഒരു ചായ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞുള്ളൂ.
ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ബ്ലോഗിനേക്കാളും കൂട്ടം എന്ന മലയാളം സോഷ്യല്‍ കമ്മ്യൂണിറ്റിയെ കുറിച്ചാണ് ജയന്‍ വാചാലനായത്. അതില്‍ കാര്യവുമുണ്ട്. കൂട്ടത്തിലെ അംഗങ്ങള്‍ക്ക് ബ്ലോഗിലെ ആളുകളെ പോലെ ഈഗോ ഇല്ല. മറ്റൊന്ന് കൂട്ടത്തില്‍ ധാരാളം വായനക്കാരുണ്ട്. അവിടെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയാല്‍ നിരവധി വായനക്കാര്‍ വായിക്കും. ലക്ഷക്കണക്കിനല്ലേ അംഗങ്ങള്‍. സജീവമായ ചര്‍ച്ചകളും നടക്കും. ബ്ലോഗിലാണെങ്കില്‍ എഴുതുന്നതും വായിക്കുന്നതും എല്ലാം ബ്ലോഗര്‍മാര്‍ തന്നെ. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലാണ് ബ്ലോഗില്‍ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ പുരോഗമിക്കാറ്. ബ്ലോഗ് ഇപ്പോള്‍ തീരെ ഡ്രൈ ആയിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ദിനേനെ പുതിയ ബ്ലോഗുകളും ബ്ലോഗര്‍മാരും വരുന്നുണ്ടെങ്കിലും ബ്ലോഗിന് ആരോഗ്യകരമായ വളര്‍ച്ച സംഭവിക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയില്ല. തുടര്‍ച്ചയായി ആരും ബ്ലോഗ് എഴുതാറില്ല. ഒരാവേശത്തിന് ബ്ലോഗ് തുടങ്ങി മതിയാക്കി പോകുന്നവരാണ് ഏറെയും.
ജയന്‍ ഡോക്ടര്‍ കണ്ണൂരില്‍ വരുന്നത് പ്രമാണിച്ച് ഹാരൂണ്‍ക്കയാണ് ഇഫ്താര്‍ വിരുന്നു ഒരുക്കിയത്. സത്യം പറഞ്ഞാല്‍ കണ്ണൂരില്‍ കുറെ ബ്ലോഗര്‍മാരുണ്ട്. എന്നാല്‍ അധികം പേരും സജീവമല്ലാത്തതിനാല്‍ ആര്‍ക്കും പരസ്പരം അറിയില്ല. അത്കൊണ്ട് എന്നെ കൂടാതെ ജയനോടൊപ്പം ചിത്രകാരനും കുമാരനും മാത്രമേ ഈ വിരുന്നില്‍ പങ്കെടുത്തുള്ളൂ.
ഞാന്‍, ഹാരൂണ്‍ക്ക,കുമാരന്‍, ജയന്‍ ഏവൂര്‍
കടും ചുവപ്പ് ഷര്‍ട്ടുമിട്ടാണ് കുമാരന്റെ വരവ്. ഒരു റെഡ് വളണ്ടിയറെ പോലെ. അസ്സല്‍ കമ്മ്യൂണിസ്റ്റ് ലുക്ക്. പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരനെ പോലെ അകൃത്രിമത്വവും നാടന്‍ പെരുമാറ്റവുമാണ് പുള്ളിക്ക്. എനിക്ക് പഴയകാല സഖാക്കളെ ഓര്‍മ്മ വന്നു. ഒരു പക്ഷെ കുമാരന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമായിരിക്കാം. നാലുമണിയോടെ ഞാനും ജയന്‍ ഏവൂരും ഹാരൂണ്‍ക്കയുടെ വീട്ടില്‍ എത്തി. സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളും സമയവും ഉണ്ടായിരുന്നു.
ഹാരൂണ്‍ക്കയും മക്കളും പ്രാര്‍ത്ഥനയില്‍ ....
ആറ് മണിയോടെയാണ് ചിത്രകാരനും പിന്നെ കുമാരനും എത്തിയത്. ആറേമുക്കാലിന് നോമ്പ് തുറ തുടങ്ങി. ധാരാളം വിഭവങ്ങള്‍ ഒരുക്കിയിരുന്നു. നല്ലൊരു അനുഭവമായിരുന്നു. ഞാന്‍ പറഞ്ഞില്ലേ, എനിക്ക് അതൊന്നും വര്‍ണ്ണിക്കാനുള്ള വൈഭവം ഇല്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും പിന്നെയും ഹാരൂണ്‍ക്ക പറയുന്നുണ്ടായിരുന്നു, എനിക്ക് തൃപ്തിയായില്ല. കാരണം ഇതൊക്കെ ഒരുക്കി വെച്ചിട്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അടുത്ത വീട്ടില്‍ മറ്റൊരു ഇഫ്താര്‍ വിരുന്നിന് പോയിരുന്നു. മുപ്പതില്‍ അധികം വനിതകള്‍ പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്ന് ആയിരുന്നു അതെന്നും പകുതിയില്‍ അധികം പേര്‍ അയല്‍പ്പക്കങ്ങളിലെ ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ആയിരുന്നെന്നും എടുത്ത് പറയേണ്ടതുണ്ട്. ഭാര്യ ഇല്ലാതെ നോമ്പ് തുറന്നതാണ് ഹാരൂണ്‍ക്കക്ക് തൃപ്തിയില്ലാതെ പോയത്. ഇതിനിടയില്‍ ഹാരൂണ്‍ക്കയുടെ മക്കള്‍ എല്ലാവരും പരിചയപ്പെടാന്‍ മുറിയില്‍ എത്തിയിരുന്നു. എന്തായാലും നാട്ടില്‍ ഇത്തവണ വന്നിട്ട് കുറെ ആക്റ്റീവ് ആകാന്‍ അച്ഛന് കഴിഞ്ഞല്ലോ എന്ന് എന്റെ മോന്‍ ഇന്നലെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. പോരാന്‍ നേരത്ത് കുടുംബത്തോടൊപ്പം വീണ്ടും വരാന്‍ ഹാരൂണ്‍ക്ക പറഞ്ഞു. ഒരു ദിവസം ഇനിയും പോകണം ഹാരൂണ്‍ക്കയെയും മക്കളെയും കാണാന്‍ കുടുംബസമേതം. ബ്ലോഗിന് നന്ദി പറഞ്ഞുകൊണ്ട് അപൂര്‍ണ്ണമായ ഈ പോസ്റ്റിന് ഞാന്‍ വിരാമമിടുകയാണ്.
.jpg)

.jpg)