ഭാരതീയ ജനതാ പാര്ട്ടി ഇന്ത്യയിലെ രാഷ്ട്രീയപാര്ട്ടികള്ക്ക് എന്ത്കൊണ്ടും നല്ല മാതൃകയാണ്. എന്ത്കൊണ്ടെന്നാല് ചിന്തിക്കുന്ന ആളുകള്ക്ക് ഇപ്പോള് തന്നെ രാഷ്ട്രീയപാര്ട്ടികള് എന്നാല് പുച്ഛമാണ്. അടിമത്വബോധം പേറുന്നവരാണ് ഈ രാജ്യത്തെ സാധാരണക്കാരില് ബഹുഭൂരിപക്ഷവും. അത്കൊണ്ട് എല്ലാ പാര്ട്ടികള്ക്കും അവരുടെ ചിഹ്നത്തെ പൂജിക്കാന് അടിമകളെ കിട്ടുന്നുണ്ട്. എന്നാല് ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിയാല് രാഷ്ട്രീയക്കാരെ കണ്ടാല് കല്ലെറിയുന്ന ഒരു കാലം വരാതിരിക്കില്ല. ആ ദിശയിലേക്ക് ആളുകളെ ചിന്തിപ്പിക്കുന്നതില് ബി.ജെ.പി. വഹിക്കുന്ന പങ്ക് മഹത്തായതാണ്. കര്ണ്ണാടകയിലെ ബി.ജെ.പി.യാണ് ഇക്കാര്യത്തില് ഇന്ത്യയ്ക്കാകെ മാതൃകയാവുന്നത്. ഓപ്പറേഷന് താമര എന്നാണ് ആ മഹാദൌത്യത്തിന്റെ പേര്.
ഇന്ത്യന് മതേതരത്വത്തിനും സംസ്ക്കാരത്തിനും തീരാകളങ്കം വരുത്തിയ മസ്ജിദ് തകര്ക്കലിലൂടെയാണല്ലോ ബി.ജെ.പി. ഇന്ത്യയില് അധികരത്തില് എത്തിയത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്ക്കൊള്ളുന്ന പാരമ്പര്യവും പൈതൃകവുമാണ് ഭാരതത്തിന്റേത്. അമ്പലങ്ങള്ക്കും പള്ളികള്ക്കും ചര്ച്ചുകള്ക്കും എല്ലാം ഇന്ത്യയില് എന്നും ഒരേ ശുദ്ധിയും പുണ്യവും മഹത്വവുമാണ് കല്പിച്ചിരുന്നത്. പൊളിക്കാനല്ല , പടുത്തുയര്ത്താനാണ് ഇവിടെ എല്ലാ മതവിഭാഗങ്ങളും അന്യോന്യം സഹകരിച്ചിരുന്നത്. ചരിത്രത്തില് ചില ഒറ്റപ്പെട്ട രാജാക്കന്മാര് ചെയ്തുകൂട്ടിയ തെറ്റുകള് ഒന്നും നമ്മുടെ പാരമ്പര്യത്തിന്റെ ഗതി മാറ്റാന് സഹായകരമായിട്ടില്ല. ആ ഒരു പാരമ്പര്യം ഇന്നും നമ്മുടെ ദേശീയതയില് വേരോടിക്കിടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ബി.ജെ.പി.യെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും അടുപ്പിക്കുന്നില്ല എന്ന സത്യം.
ബി.ജെ.പി.ക്കാര് ഗുജറാത്തിലെ മോഡിയെ മാതൃകയായി ഉയര്ത്തിക്കാട്ടുന്നുണ്ട്. എന്നാല് ബി.ജെ.പി.ക്കാര് ശരിക്കും അഭിമാനിക്കേണ്ടത് കര്ണ്ണാടകയിലെ ബി.ജെ.പി.യെ മുന്നിര്ത്തിയാണ്. പള്ളികളൊന്നും ഇനി ഇന്ത്യയില് പൊളിക്കാന് കഴിയില്ല. അപ്പോള് അധികാരം പിടിക്കാനും നിലനിര്ത്താനും സാധിക്കുന്ന അത്ഭുതകരമായൊരു വഴിയാണ് ഓപ്പറേഷന് താമര.
2008ല് യെദ്ദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള് അവിടെ ബി.ജെ.പി.ക്ക് കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല. അങ്ങനെയാണ് യെദ്ദ്യൂരപ്പ കണ്ണൂര്ക്കാരനായ ജ്യോത്സ്യന് രമേശന്റെ ഉപദേശം തേടുന്നത്. രമേശന് കവടി നിരത്തി പറഞ്ഞു , താങ്കളുടെ പേരില് ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു 'D' യുടെ കുറവുണ്ട്. പിന്നെ വിധാന് സൌധയുടെ നിര്മ്മാണത്തില് വാസ്തുശാസ്ത്രപരമായ ന്യൂനതകളുണ്ട്. കണ്ട അണ്ടനും അടകോടനും ഒക്കെ ഇരുന്നതാണ് താങ്കള് ഇരിക്കാന് പോകുന്ന മുഖ്യമന്ത്രിയുടെ കസേര. ഏറ്റവും പ്രധാനം ഞങ്ങളുടെ നാട്ടില് തളിപ്പറമ്പില് ഒരു രാജരാജേശ്വരി ക്ഷേത്രമുണ്ട്. അവിടെ ആനയെ നടയിരുത്തണം. അങ്ങനെ യെദ്ദ്യൂരപ്പ പേരില് D കൂട്ടിച്ചേര്ത്ത് യെഡ്ഡ്യൂരപ്പയായി. വിധാനസൌധയുടെ വാതിലുകള് മാറ്റി സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ മുറിയില് ശുദ്ധികലശപൂജ ചെയ്തു. തളിപ്പറമ്പില് നേരിട്ടെത്തി ആനയെ നടയിരുത്തി.
പക്ഷെ പണത്തിന്റെ മേലെ പരുന്തും പറക്കില്ല എന്നറിയാമായിരുന്ന ബെല്ലാരിയിലെ റെഡ്ഡിസഹോദരന്മാരുടെ തലയില് മറ്റൊരു പദ്ധതിയാണ് ഉദിച്ചത്. അതാണ് ഓപ്പറേഷന് താമര. റെഡ്ഡി സഹോദരന്മാര് എന്ന് പറഞ്ഞാല് മൂന്ന് സഹോദരന്മാരും ഒരു സഹോദരീഭര്ത്താവും. അവര് നാല് പേരും മന്ത്രിമാരാണ്. ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭ വിശ്വാസവോട്ട് തേടുമ്പോഴെക്കും കോണ്ഗ്രസ്സില് നിന്നും ഗൌഡയുടെ ജനതാദളില് നിന്നും ചില എമ്മെല്ലേമാര് രാജി വയ്ക്കുന്നു. യെഡ്ഡ്യൂരപ്പയുടെ മന്ത്രിസഭ പുഷ്പം പോലെ വോട്ടെടുപ്പില് വിജയിക്കുന്നു. സത്യം പറഞ്ഞാല് കര്ണ്ണാടകയിലെ ബി.ജെ.പി.മന്ത്രിസഭയ താങ്ങിനിര്ത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ ദേവനോ ദേവിയോ അല്ല. ബെല്ലാരിയിലെ ഖനിരാജാക്കന്മാരുടെ നക്കാപ്പിച്ചക്കാശ് കൊണ്ടാണ്. 50 കോടിയാണ് ആ നക്കാപ്പിച്ച എന്നാണ് അസൂയാലുക്കള് പറയുന്നത്. അമ്പത് കോടിയെന്നൊക്കെ പറയുന്നത് റെഡ്ഡിസഹോദരന്മാരെ സംബന്ധിച്ച് നമ്മള് ഒരു സിഗരറ്റിന്റെ കാശ് എന്നൊക്കെ പറയുന്ന പോലെയാണ്. ആന്ധ്ര-കര്ണ്ണാടക അതിര്ത്തിയിലെ ഖനികളില് നിന്ന് റെഡ്ഡിമാര് കൊള്ളയടിക്കുന്നത് കോടാനുകോടികളല്ലെ. ആരുണ്ടിവിടെ ഞങ്ങളെ തളയ്ക്കാന് എന്ന് വെല്ലുവിളിച്ചുകൊണ്ടല്ലെ റെഡ്ഡിമാര് ഖനിസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രബാബുനായിഡുവും നോക്കി ഈ യാഗാശ്വത്തെ പിടിച്ചുകെട്ടാന് പറ്റുമോ എന്ന്. പാവം നായിഡുവും ഒരു സൈഡായി.
ഇക്കഴിഞ്ഞ ആഴചയിലും യെഡ്ഡ്യൂരപ്പയുടെ മന്ത്രിസഭയ്ക്ക് ഭീഷണിയുണ്ടായി. ആസ്ഥാന ജ്യോത്സ്യന് രമേശന് ഓടിയെത്തി. ഉടനെ യെഡ്ഡ്യൂരപ്പയും പരിവാരങ്ങളും രമേശനാല് അനുഗതരായി തളിപ്പറമ്പിലെത്തി തൊഴുത് തേങ്ങയും ഉടച്ചു. വിശ്വാസവോട്ടെടുപ്പില് അനായാസേന വിജയിച്ചു. കോടതിയില് കേസ് മുറ പോലെ നടക്കും. പക്ഷെ ഇന്നലെയും ഓപ്പറേഷന് താമര വിജയം കണ്ടു. ഒരു കോണ്ഗ്രസ്സ് എമ്മെല്ലേ രാജി വെച്ചു. യെഡ്ഡ്യൂരപ്പ മന്ത്രിസഭ അതിന്റെ കാലാവധി പൂര്ത്തിയാക്കും എന്നതില് ഇപ്പോഴാര്ക്കും സംശയമുണ്ടാവില്ല. ബി.ജെ.പി.യുടെ യശസ്സ് ചില്ലറയൊന്നുമല്ല ഉയരുന്നത്. ഇന്ത്യന് ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും ബി.ജെ.പി. നല്കുന്ന സംഭാവന വിവരണാതീതമാണ്. റെഡ്ഡി സഹോദരന്മാരുടെ തലയില് സുഷമ സ്വരാജ് കൈ വച്ചു അനുഗ്രഹിക്കുന്ന , മേലെ കാണുന്ന ഫോട്ടോ ഓരോ ബി.ജെ.പി.ക്കാരനും ചില്ലിട്ട് മൂന്ന് നേരവും പൂജിക്കേണ്ടതാണ്, ഗുണം കിട്ടും.

