Links

Showing posts with label ഫിലോസഫി. Show all posts
Showing posts with label ഫിലോസഫി. Show all posts

ജീവിതം എത്ര സുന്ദരം !

ഓരോ ദിവസവും ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത് ഒരു വിദ്യാർഥിയായിട്ടാണ്. എന്തെന്തെന്ന് വിവരങ്ങളാണ് ഇനിയും മനസ്സിലാക്കാനും പഠിക്കാനുമുള്ളത്. എല്ലാം പഠിക്കാൻ എത്രയോ ആയുസ്സ് വേണ്ടി വരും. ഇന്റർനെറ്റ് എന്നത് വിവരങ്ങളുടെ അതിബൃഹത്തായ ഒരു വെർച്വൽ കലവറയാണ്. ഈ ഒരു ഇന്റർനെറ്റ് കാലത്ത് ജീവിക്കാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്. ഓരോ വിവരവും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. അത് ഒരു ആറ്റത്തിന്റെയാകാം, അല്ലെങ്കിൽ ഒരു കോശത്തിന്റെയാകാം , ഒരു മഴത്തുള്ളിയുടെയോ, മൺതരിയുടെയോ ആകാം.

പ്രകൃതിയിൽ നടക്കുന്ന ഈ വക ഒരോന്നും മനസ്സിലാക്കുമ്പോൾ ഈ അത്ഭുതങ്ങളൊന്നും അടുത്തുള്ളവരുമായി പങ്ക് വെക്കാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയാണ് എനിക്ക്. ഫേസ്ബുക്കിൽ എഴുതിയാൽ ഉടനെ കമന്റ് വരും ഇതൊക്കെ ആ ഡിസൈനർ ഡിസൈൻ ചെയ്യുന്നതല്ലേ എന്ന്. അങ്ങനെ വിശ്വസിക്കുന്നവർക്ക് എന്ത് അത്ഭുതം.
ആരാണ് ആ ഡിസൈനർ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല. അതിഭയങ്കര കഴിവുള്ള ഒരു സൂപ്പർമാൻ ആയിരിക്കും അവരുടെ മനസ്സിൽ ഉണ്ടാവുക. കാരണം ചിന്തിക്കാനും ഡിസൈൻ ചെയ്യാനും ഒരു തലച്ചോർ വേണമല്ലോ. അപ്പോൾ വിശ്വാസികളുടെ മനസ്സിൽ ഉള്ള ഡിസൈനർ സൂപ്പർ തലച്ചോറുള്ള ഒരു അൾട്രാ സൂപ്പർമാൻ ആയിരിക്കും. വിശ്വാസിക്ക് വിശ്വാസം മതി. വിശ്വാസം ഒരു തടവറയാണ്. വിവരങ്ങൾ അതിന്റെ പടിക്ക് പുറത്താണ്.
ജീവിതം എനിക്കൊരു പരീക്ഷണം ആയിരുന്നു. അതുകൊണ്ടാണ് പതിനാലാം വയസ്സിൽ കള്ളവണ്ടി കയറി നാട് ചുറ്റിയത്. ലൈബ്രറികളാണ് എവിടെ പോയാലും തേടി നടന്നത്. പത്ത് കൊല്ലത്തോളം മദ്രാസിൽ ജീവിച്ചപ്പോൾ അധിക സമയവും ചെലവഴിച്ചത് എഗ്‌മോറിലെ കന്നിമാറ ലൈബ്രറിയിലും പിന്നെ മൗണ്ട് റോഡിലെ LLB ലൈബ്രറി ആസ്ഥാനത്തും ആയിരുന്നു. വിവരങ്ങൾ സമ്പാദിക്കുക എന്നല്ലാതെ കാശ് ഉണ്ടാക്കുക എന്റെ അജണ്ടയിൽ ഇല്ലായിരുന്നു. രണ്ട് മൂന്ന് ദിവസം പട്ടിണിയിൽ കഴിഞ്ഞ് വിശപ്പ് അസഹ്യമാകുമ്പോഴാണ് ഏതെങ്കിലും ഹോട്ടലിൽ ചെന്ന് സപ്ലൈയറുടെ ഒഴിവുണ്ടോ എന്ന് ചോദിക്കുക. ചോദിച്ചിടത്തൊക്കെ ജോലി കിട്ടും. പക്ഷെ ഒരാഴ്ചയിൽ കൂടുതൽ എവിടെയും ജോലി ചെയ്തിട്ടില്ല. ഞായറാഴ്ചകളിൽ സ്റ്റാർ ഹോട്ടലുകളിൽ എക്സ്ട്രാ ഡ്യൂട്ടി ചെയ്യും. നല്ല ടിപ്പും കിട്ടും.
അങ്ങനെയൊരു ഹോട്ടലിന്റെ ചിത്രമാണ് ഈ പോസ്റ്റിന്റെ കൂടെയുള്ളത്. മൗണ്ട് റോഡിൽ ജെമിനി സ്റ്റുഡിയോയുടെ എതിർവശം കത്തീഡ്രൽ റോഡിൽ ഏക്കറ് കണക്കിന് പരന്നു കിടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റ്. തെന്നിന്ത്യയിലെ ആദ്യത്തെ ഡ്രൈവ് ഇൻ റസ്റ്റാറന്റ് ആയിരുന്നു അത്. ആളുകൾ കാറുകളിൽ വരും. സപ്ലൈയേർസ് കാറിന്റെ അടുത്ത് പോയി ചില്ല് താഴ്ത്തിയ ഡോറിൽ സ്റ്റീലിന്റെ ട്രേ ഘടിപ്പിക്കും. ഓർഡർ ചെയ്യുന്ന പലഹാരങ്ങൾ കൗണ്ടറിൽ നിന്ന് വാങ്ങി ട്രേയിൽ വെക്കും. ഇംഗ്ലീഷിൽ സംസാരിച്ച് വിനയപൂർവ്വം സേർവ് ചെയ്യുന്ന എനിക്ക് ആരും ടിപ്പ് തരാതെ പോയിട്ടില്ല. ആ പൈസ എനിക്ക് ഒരാഴ്ചത്തേക്കുള്ള ചെലവിന് മതിയായിരുന്നു. രാവിലെ കയറിയാൽ വൈകുന്നേരമാണ് ലൈബ്രറിയിൽ നിന്ന് ഇറങ്ങുക.
ഇന്ന് ഇതൊക്കെ ഓർമ്മിക്കാൻ കാരണം ഇന്നത്തെ മാതൃഭൂമിയിൽ രവിമേനോൻ എഴുതിയ ജയചന്ദ്രൻ അനുസ്മരണത്തിൽ അയാളും ജയചന്ദ്രനും വുഡ്‌ലാന്റ്സ് ഡ്രൈവ് ഇൻ റസ്റ്റാറന്റിൽ പോയതും പി.ബി.ശ്രീനിവാസനുമായി സംസാരിച്ചിരുന്നതും സ്റ്റീൽ ടംബ്ലറിൽ ഫിൽട്ടർ കാപ്പി കുടിച്ചതും ഒക്കെ വായിച്ചപ്പോഴാണ്. ഇപ്പോൾ ആ റസ്റ്റാറന്റ് അവിടെയില്ല. 2008 ൽ അത് പൂട്ടിയിരുന്നു. ഇപ്പോൾ അതേ പേരിൽ അതിന്റെ ഉടമയുടെ പിൻതലമുറക്കാർ അരുമ്പാക്കത്ത് പുതുതായി റസ്റ്റാറന്റ് തുടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ പഴയ 1964-1976 കാലത്തെ മദാസിലെ കാര്യങ്ങൾ എന്ത് പറഞ്ഞാലും അതൊക്കെ ഏതെങ്കിലും വിധത്തിൽ എന്നോട് കണക്റ്റ് ചെയ്യുന്നതായിരിക്കും. ഞാൻ പക്ഷെ അന്ന് ജീവിതത്തിന്റെ പുറമ്പോക്കിൽ വെറും കാഴ്ചക്കാരൻ ആയിരുന്നു എന്ന് മാത്രം.
ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടെങ്കിലും എന്റെ കൈയിൽ ഭാഷയിലെ വാക്കുകൾ വളരെ കുറവായിരുന്നു. ഉള്ള വാക്കുകൾ കൊണ്ട് എന്തെങ്കിലും എഴുതി മുഴുമിക്കാനുള്ള കഴിവും എനിക്കില്ലായിരുന്നു. അതുകൊണ്ട് എനിക്ക് എവിടെയും എത്താൻ കഴിഞ്ഞില്ല. എത്ര പേർ വാക്കുകൾ ഉപയോഗിക്കാനുള്ള വൈഭവം കൊണ്ട് അതിപ്രശസ്തരും ആരാധനാപാത്രങ്ങളും ആയിട്ടുണ്ട്. കഴിവുകൾ ജന്മസിദ്ധമാണ്. ഓരോരുത്തരുടെ കഴിവും വ്യത്യസ്തമാണ്. എല്ലാവരുടെ കഴിവുകളും ചേരുമ്പോഴാണ് എല്ലാവർക്കും ജീവിയ്ക്കാൻ കഴിയുന്നതും സമൂഹം മുന്നോട്ട് പോകുന്നതും. ആരുടെ കഴിവും കുറച്ച് കാണരുത്.
എവിടെയും എത്തിയില്ല എന്ന പരിഭവം ഒന്നും എനിക്കില്ല. ഓർക്കുമ്പോൾ ഇത്രയും കാലം ജീവിച്ചല്ലോ ഇന്നും ജീവിക്കുന്നല്ലോ എന്ന ആശ്ചര്യമാണെനിക്ക്. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് കിട്ടിയതിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. പ്രത്യേകിച്ചും എന്റെ രണ്ട് മക്കളും നൽകുന്ന സംരക്ഷണവും കരുതലും. എന്തൊക്കെയായാലും ഈ ജീവിതം മനോഹരവും സുന്ദരവും ആണ്. ഇത് വിട്ടുപോയേ തീരൂ എന്നത് കൊണ്ട് ആ റിയാലിറ്റി അംഗീകരിച്ചേ പറ്റൂ. എനിക്ക് മുൻപും എനിക്ക് ശേഷവും ഞാൻ എന്ന എന്റെ ഈ അസ്തിത്വം ഇല്ലായിരുന്നു, ഉണ്ടാവുകയും ചെയ്യില്ല എന്നതാണ് യാഥാർഥ്യം എന്നും ഞാൻ കരുതുന്നു.

ജീവിതവും കാലവും

ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു. അടുത്ത ക്രിസ്മസിനു ഞാൻ ഉണ്ടാകുമോ എന്നറിയില്ല. ശരിക്ക് പറഞ്ഞാൽ ഈ ആശങ്ക എനിക്ക് എന്നും ഉണ്ടായിരുന്നു. നാളെ ഞാൻ ഉണ്ടാകുമോ എന്ന ആശങ്ക. ജീവിതത്തോടുള്ള അഭിനിവേശമാണ് ഈ ആശങ്കയുടെ അടിസ്ഥാനം എന്നും എനിക്കറിയാം. ജീവിതം നമ്മെ അത്രമേൽ പ്രലോഭിപ്പിക്കുന്നു. ഇതിനിടയിൽ എന്താണ് നാളെ എന്നും ഞാൻ കുട്ടിക്കാലം മുതൽ ചിന്തിക്കാറുണ്ടായിരുന്നു. മദ്രാസിൽ വെച്ചാണ് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ആദ്യമായി വായിക്കുന്നത്. ആദ്യത്തെ വായനയിലും പിന്നീടങ്ങോട്ടുള്ള തുടർവായനയിലും നിരന്തരമായ ചിന്തയിലും കാലത്തിന്റെ പൊരുൾ എന്റെ ബുദ്ധിക്ക് വഴങ്ങിയിരുന്നില്ല.

പിന്നീട് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ടെക്‌നിക്കൽ വശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കാലം ആപേക്ഷികമാണ് എന്ന അറിവ് എനിക്ക് ഗ്രഹിക്കാനായി. അതോടൊപ്പം കാലം കേവല യാഥാർഥ്യം ആണെന്ന ബോധമാണ് മനുഷ്യരുടെ സകല ദു:ഖങ്ങൾക്കും കാരണം എന്നും എനിക്ക് മനസ്സിലായി. അപ്പോൾ ശ്രീബുദ്ധനെ തിരുത്താനാണ് എനിക്ക് തോന്നിയത്. ആശകളല്ല, മിഥ്യയായ കാലത്തെ സത്യമായി കരുതുന്നതാണ് ദു:ഖത്തിനു നിദാനം എന്നായിരുന്നു എന്റെ കണ്ടെത്തൽ. അതുകൊണ്ടാണല്ലൊ നാളെയെ പറ്റിയ ആശങ്ക മനുഷ്യരെ വേട്ടയാടുന്നത്. ഇതൊക്കെ ചിന്തിച്ചുകൊണ്ട് നടന്നിരുന്ന എന്റെ മദ്രാസ് ജീവിതത്തിൽ എനിക്ക് നാളെകൾ ഉണ്ടായിരുന്നില്ല എന്ന് ഇതെഴുതുമ്പോൾ ഞാൻ ഓർക്കുന്നു. നാട്ടിൽ വന്ന് ഒരു കുടുംബം സ്ഥാപിച്ചതിനു ശേഷമാണ് എനിക്കും നാളെയെ പറ്റി ആശങ്ക ഉണ്ടാകാൻ തുടങ്ങിയത്. അപ്പോൾ മുതൽ ഞാൻ, ഞാൻ മാത്രം അല്ലല്ലൊ. എന്നെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ടല്ലൊ.

ക്രിസ്തുമസിനെ പറ്റിയാണല്ലൊ പറഞ്ഞു തുടങ്ങിയത്. ആഘോഷങ്ങളെ ജീവിതത്തിന്റെ അലങ്കാരങ്ങളായാണ് ഞാൻ കാണുന്നത്. അല്ലാതെ എന്ത് അർഥമാണ് ആഘോഷങ്ങൾക്കുള്ളത്. വെറും കെട്ടുകഥകളും പൊലിപ്പിച്ച നൂണകളുമാണ് എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനം. കന്യകയായ ഒരു സ്ത്രീ പ്രസവിക്കുമോ? ഇല്ല. കുരിശിലേറ്റപ്പെട്ട ഒരാൾ അവിടെ കിടന്ന് ഉയിർത്തെഴുന്നേൽക്കുമോ? ഒരിക്കലുമില്ല. കുരിശിൽ തറയ്ക്കൽ അക്കാലത്തെ ഒരു വധശിക്ഷാ രീതിയായിരുന്നു, അത്രയേയുള്ളൂ. ഇവിടെ തൂക്കിക്കൊല്ലുന്നത് പോലെ. എന്തെന്ത് കെട്ടുകഥകളാണ്. ദൈവം പ്രവാചകരെ ഏർപ്പാടാക്കുമോ? ആരാണത് പറഞ്ഞത്. ദൈവം എനിക്ക് അരുളപ്പാട് നൽകി എന്ന് ഞാൻ പറഞ്ഞാൽ ഞാനൊരു പ്രവാചകനാകുമോ? ഒരിക്കലുമില്ല. അത് പോലെ മഹാബലി എന്നൊരു ചക്രവർത്തി ഭൂമിയെ ഭരിച്ചിരുന്നോ? ആ ഭരണത്തിൽ എല്ലാ മനുഷ്യരും ഒരേപോലെയുള്ള സോഷ്യലിസം നടപ്പാക്കിയിരുന്നോ? എന്നിട്ട് ആ ചക്രവർത്തി പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ടോ? എത്ര മനോഹരമായ ഭാവനകളാണ്. ആഘോഷങ്ങളുടെ കാര്യം ഇത്രയേയുള്ളൂ. പുതിയ ആഘോഷങ്ങൾ ചിട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് നാം പഴയ ആഘോഷങ്ങൾ ആഘോഷിക്കുന്നു. ഇമ്മാതിരി അലങ്കാരങ്ങൾ ജീവിതത്തിന്റെ വിരസത ഇല്ലാതാക്കുന്നു.

അപ്പോൾ എന്താണ് നാളെ, അഥവാ എന്താണ് കാലം? കാലം ചലിക്കുന്നുണ്ടോ? ഭൂതകാലം അവിടെയുണ്ടോ? നാളെ ഉണ്ടാകുമോ? സമയം എന്നത് ചലിക്കുന്ന ഒരു രഥം ആണോ? സത്യം പറഞ്ഞാൽ ചലിക്കുന്നത് ഭൂമിയാണ്. ഭൂമിയാണ് ചലിച്ച് ചലിച്ച് ദിവസങ്ങൾ ഉണ്ടാക്കുന്നത്. ആ ദിവസങ്ങളുടെ ഓർമ്മയാണ് ഭൂതകാലം. വരാനിരിക്കുന്ന ദിവസത്തിന്റെ സങ്കല്പമാണ് നാളെ. ഓർമ്മകളെയും സങ്കല്പങ്ങളെയും കൂട്ടിയിണക്കി മനസ്സ് കാലബോധം നെയ്തെടുക്കുകയാണ്. കാലം യാഥാർഥ്യമല്ല അപേക്ഷികമാണ്.

ഭൂമി മാത്രമല്ല ചലിക്കുന്നത്. ഭൂമിയിലെ ഓരോ അണുവും അണുവിലെ പാർട്ടിക്കിളുകളും അണുക്കൾ ചേർന്ന തന്മാത്രകളും നിരന്തരം ചലിക്കുന്നു. പ്രകൃതിയിൽ , പ്രപഞ്ചത്തിൽ സകലതും ചില്ലറയായും മൊത്തമായും ചലിക്കുന്നു. ആ ചലനമാണ് തലച്ചോറ് വികസിച്ച മനുഷ്യരിൽ കാലബോധം ഉണ്ടാക്കുന്നത്. അതെ കാലം മനുഷ്യർക്ക് മാത്രമാണ് സ്വന്തം. ആപേക്ഷികമായ കാലത്തെ യാഥാർഥ്യമായി കരുതുന്നത് ദു:ഖത്തെ മാത്രമല്ല ജീവിതത്തിനു പ്രതീക്ഷയും കൂടി നൽകുന്നു. ആ പ്രതീക്ഷ തന്നെയാണല്ലൊ ജീവിതത്തിന്റെ പ്രേരണയും പ്രലോഭനവും.

മനുഷ്യാ നീ സ്വയം തിരിച്ചറിയൂ

 ഒരു സിദ്ധാന്തം അല്ലെങ്കിൽ പ്രത്യയശാസ്ത്രം സമൂഹത്തിൽ പ്രയോഗവൽക്കരിക്കാനോ നടപ്പാക്കാനോ ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് കാൾ മാർക്സിന്റെ സോഷ്യലിസമോ മുഹമ്മദ് നബിയുടെ ഇസ്ലാമിസമോ ഗാന്ധിജിയുടെ രാമരാജ്യമോ അതുപോലുള്ള ഒരു ഇസവും നടപ്പാകില്ല. വിശ്വാസികളും അനുയായികളും ഉണ്ടാകും. പക്ഷെ തിയറി നടക്കില്ല. ഗാന്ധിജിയുടെ മഹത്വം ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിപ്പിച്ചു എന്നത് മാത്രമാണ്. അതിനപ്പുറം ഒരു ആത്മീയവാദിയായ ഗാന്ധിജിയുടെ ഒരാശയവും നടക്കില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ അത് രാജ്യത്തിന്റെ ദുരന്തമായി പരിണമിച്ചേനേ. ജവഹർലാൽ നെഹ്‌റു ആദ്യപ്രധാനമന്ത്രി ആയതിനാൽ ആ ദുരന്തം ഒഴിവായിക്കിട്ടി.

ഇപ്പോഴും സോഷ്യലിസം സ്വപ്നം കാണുന്ന മാർക്സിന്റെ അനുയായികൾ ഉണ്ടാവാം. പക്ഷെ അതൊന്നും ഒരിക്കലും നടക്കില്ല. നടക്കണമെങ്കിൽ മനുഷ്യർ വീണ്ടും ബാർട്ടർ എക്കണോമിയിലേക്ക് തിരിച്ചു പോകണം. കറൻസി നാണയ വിനിമയ സിസ്റ്റത്തിൽ ലാഭം, അസമത്വം, ചൂഷണം ഒരു പരിധി വരെ അഴിമതി കൈക്കൂലി എന്നിവ സമൂഹ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായി എന്നും തുടരും. ഈ സിസ്റ്റത്തെ ക്യാപിറ്റലിസം എന്ന് വിളിച്ചാലും മനുഷ്യന്റെ പുരോഗതിയും വികസനവും കുതിക്കുന്നത് കറൻസി സമ്പ്രദായം കണ്ടുപിടിച്ചത് കൊണ്ടാണ്.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടി ആണെങ്കിലും അവരുടെ ആശയ ബാങ്ക് എന്നത് ആർ.എസ്.എസ്. ആണ്. എന്നാൽ RSS ന്റെ ഒരു ആശയവും പ്രയോഗവൽക്കരിക്കാൻ ബി.ജെ.പി. സർക്കാരിനു കഴിയില്ല. അങ്ങിങ്ങ് ചില ചായം പൂശലുകൾ നടക്കുമെങ്കിലും ബി.ജെ.പി.ഒരു പാർട്ടിയായും RSS ഒരു സാംസ്ക്കാരിക സംഘടനയായും വേറിട്ട് നിൽക്കും. ആർ.എസ്.എസ്സിന്റെ ഒരു സിദ്ധാന്തവും നടക്കാൻ പോകുന്നില്ല.
മുസ്ലീങ്ങൾ അവരുടെ വേഷഭൂഷാദികളിലും ആചാരങ്ങളിലും ഒക്കെ വേറിട്ട് നിന്ന് ഐഡന്റിറ്റി സൂക്ഷിക്കാൻ പാട് പെടുമെങ്കിലും ഖുർആനും ഹദീസും വിഭാവനം ചെയ്യുന്നത് നടപ്പാക്കുന്ന ശുദ്ധ മുസ്ലീമും ശുദ്ധമുസ്ലീം രാജ്യമോ ഒരിക്കലും ഉണ്ടാവില്ല. ക്രിസ്ത്യാനി, ബുദ്ധ,സിഖ് മതക്കാർക്ക് ഒക്കെ ഇത് ബാധകമാണ്. സിദ്ധാന്തങ്ങൾ വിശ്വസിക്കാൻ കൊള്ളാം എന്നല്ലാതെ ജീവിതത്തിൽ പകർത്താൻ ഒരാൾക്കും സാധ്യമല്ല.
എന്തുകൊണ്ടെന്നാൽ, ഓരോ വ്യക്തിയുടെയും ജീവിതം അവന്റെ ആഗ്രഹങ്ങളും വികാരങ്ങളും വിശപ്പും ശമിപ്പിച്ച് ജീവിയ്ക്കാൻ ഉള്ളതാണ്. അല്ലാതെ ഏതെങ്കിലും കിത്താബിലെ ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ ഉള്ളതല്ല. എല്ലാ മനുഷ്യരുടെയും വിശപ്പും വികാരങ്ങളും ഒന്നാണ്. ആഗ്രഹങ്ങളിലാണ് വൈവിധ്യം ഉണ്ടാകുന്നത്. മതം, പാർട്ടി, സംഘടന എന്നതൊക്കെ തൊലിപ്പുറമേ ധരിക്കുന്ന കുപ്പായം പോലെയാണ്. ഉള്ളിൽ മനുഷ്യർ ഒന്നാണ്. അവനു ജീവിയ്ക്കണം, മോഹങ്ങൾ പൂവണിയണം, വിശപ്പ് മാറണം, ലൈംഗികത അനുഭവിക്കണം എന്നൊക്കെയേയുള്ളൂ. കിട്ടുമെങ്കിൽ മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും അംഗീകാരവും കൂടി വേണം. ഇതെല്ലാം കിട്ടിയാൽ ജീവിതം ധന്യമായി.
അതുകൊണ്ട് മനുഷ്യാ നീ സ്വയം തിരിച്ചറിയൂ. നിന്റെ ജീവിതം മതത്തിനോ പാർട്ടിക്കോ ഏതെങ്കിലും ഗ്രൂപ്പിനു വേണ്ടിയോ അല്ല. നിനക്കുള്ളതാണ് നിന്റെ ജീവിതം. അത് കഴിയുന്നതും പൂർണ്ണമാക്കാൻ ശ്രമിക്കൂ. ആരെയും ദ്രോഹിക്കാതിരിക്കൂ. കാരണം നിന്നെ പോലെയാണ് എല്ലാവരും. ആരെയും വലുതോ ചെറുതോ എന്ന് കാണാതിരിക്കൂ. അതിനും കാരണം എല്ലാവരും നിന്നെ പോലെ ഏതെങ്കിലും അമ്മയുടെ വയറ്റിൽ നിന്ന് ജനിക്കുന്നതാണ്. വലിപ്പച്ചെറുപ്പങ്ങൾ മറ്റുള്ളവർ ആരോപിക്കുന്നതാണ്. അത് ആപേക്ഷികമാണ്. ജനനവും മരണവും ഒന്നാണെങ്കിൽ ജീവിതത്തിൽ വലിപ്പച്ചെറുപ്പങ്ങൾ കൊണ്ടാടുന്നത് ഭോഷ്ക്ക് ആണ്.