Links

വിഷരഹിത ഭക്ഷണം എന്ന മിഥ്യ

വിഷരഹിത ഭക്ഷണം എന്ന് കേട്ടാൽ കോൾമൈയിർ കൊള്ളാത്ത മലയാളിയില്ല. എല്ലാവരും അവരവർക്ക് വേണ്ടത് കൃഷി ചെയ്താൽ വിഷരഹിത ഭക്ഷണം കഴിച്ച് ആമോദത്തോടെ വാഴാം എന്ന ആഹ്വാനം കേരളമെങ്ങും ദിനവും മാറ്റൊലിക്കൊള്ളുകയാണ്. അത് കേട്ട് ആവേശഭരിതരായി മൂന്ന് നാല് ചെടികൾ നട്ട് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റി നിർവൃതിയടയുന്നവരുടെ എണ്ണവും പെരുകി വരികയാണ്. ഇതൊക്കെ കണ്ടാൽ തോന്നുക മലയാളി ജീവിയ്ക്കുന്നത് പച്ചക്കറി തിന്നിട്ടാണ് എന്നാണ്. ചോറ്‌ വേണ്ടേ? അതിനു അരി വേണ്ടേ? എല്ലാവർക്കും അവരവർക്ക് വേണ്ട നെല്ല് കൃഷി ചെയ്യാൻ പറ്റുമോ? അപ്പോൾ ഈ വിഷരഹിത ഭക്ഷണം എന്ന സ്വപ്നം എന്നെങ്കിലും സഫലമാകുമോ? എന്തിനാണ് നടക്കാത്ത സ്വപ്നവും കണ്ട് തിന്നുന്ന ചോറിനെ വിഷം എന്ന് കരുതി വാരി വിഴുങ്ങുന്നത് സുഹൃത്തുക്കളെ? കർഷകർ ഉല്പാദിപ്പിക്കുന്ന ചോറ്‌ തിന്നാതെ ഒരു ദിവസം നിങ്ങൾക്ക് തള്ളിനീക്കാൻ പറ്റുമോ? കീടനാശിനിയും രാസവളവും ഇല്ലാതെ കർഷകർക്ക് നെല്ലും പയറും മറ്റ് ഭക്ഷണ സാധനങ്ങളും കൃഷി ചെയ്യാൻ സാധിക്കുമോ?

ആദ്യം മനസ്സിലാക്കേണ്ടത് രാസവളവും കീടനാശിനിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിഷം അല്ല എന്നാണ്. എന്തായാലും രാസവളവും കീടനാശിനിയും കൃഷിക്ക് ഉപയോഗിക്കാത്ത ആഹാരം മാത്രം കഴിച്ച് നിങ്ങൾക്ക് ഈ ജന്മത്തിൽ ജീവിയ്ക്കാൻ കഴിയില്ല. കാരണം അത് രണ്ടും ഇല്ലാതെ കൃഷി നടക്കില്ല. എന്നാൽ പിന്നെ തിന്നുന്നത് വിഷം അല്ല എന്ന് കരുതിക്കൂടേ? കീടനാശിനി സ്പ്രേ ചെയ്താൽ അത് കാർഷിക ഉല്പന്നങ്ങളിൽ അഥവാ പറ്റിപ്പിടിച്ചെങ്കിൽ തന്നെ വെള്ളത്തിൽ കഴുകി പാചകം ചെയ്യുമ്പോഴത്തേക്കും അതൊക്കെ പോകും. എന്നിട്ടും എന്തെങ്കിലും അംശം അഥവാ ബാക്കിയാവുകയാണെങ്കിൽ തന്നെ നമ്മുടെ ശരീരം അത് പുറന്തള്ളും. പിന്നെ എന്തിനാണ് ഭക്ഷണത്തെ വിഷം എന്ന് കരുതുന്നത്? എന്തൊരു വൃത്തികെട്ട ചിന്തയാണിത്.

കീടനാശിനി ഇല്ലാതെ കൃഷി ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതിന്റെ അർത്ഥം എന്തെന്നാൽ ഇപ്പോൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ 20-25 ശതമാനം കീടങ്ങൾ നശിപ്പിക്കുകയാണ്. അപ്പോൾ പിന്നെ കീടനാശിനികൾ കൂടി ഇല്ലെങ്കിലോ? 60 ശതമാനത്തിൽ അധികം കീടങ്ങൾ നശിപ്പിക്കും. പിന്നെ ബാക്കി എന്ത് ഉണ്ടാകും. അതുകൊണ്ട് ഇത്രയും ജനങ്ങൾക്ക് ജീവിയ്ക്കാൻ സാധിക്കുമോ? കീടങ്ങൾ പെരുകും മനുഷ്യർ പട്ടിണി കൊണ്ട് ചാകും. അതാണ് കീടനാശിനികൾ ഇല്ലെങ്കിൽ സംഭവിക്കുക. അല്ലെങ്കിൽ തന്നെ കൃഷി ചെയ്യുന്ന സ്ഥലം ചുരുങ്ങി വരികയാണ്. ദ്രുതഗതിയിൽ സംഭവിക്കുന്ന നഗരവൽക്കരണം ആണതിനു കാരണം. അതേ സമയം ജനസംഖ്യ പെരുകുകയും ചെയ്യുന്നു.

ജൈവ കീടനാശിനിയും രാസ കീടനാശിനിയും തമ്മിൽ കീടങ്ങളെ നശിപ്പിക്കുന്ന ടോക്സിനുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന് നാച്വറൽ മറ്റേത് സിന്തറ്റിക് അതാണ് വ്യത്യാസം. സിന്തറ്റിക് ആയ രാസകീടനാശിനി കൃത്യമായിരിക്കും എന്ന മേന്മയുണ്ട്. കീടങ്ങൾ നശിക്കണമെങ്കിൽ അതിൽ ടോക്സിൻ ഉണ്ടാകണമല്ലൊ. അപ്പോൾ ജൈവകീടനാശി കൊണ്ട് കീടങ്ങൾ നശിക്കുമെങ്കിൽ അതിലും ടോക്സിൻ ഉണ്ട് എന്നാണർത്ഥം. നാച്വറൽ ടോക്സിനു സിന്തറ്റിക് ടോക്സിനേക്കാൾ മഹത്വം ഒന്നുമില്ല. സയൻസ് ചെയ്യുന്നത് നാച്വറൽ പദാർത്ഥങ്ങളിൽ നിന്ന് സിന്തസൈസ് ചെയ്ത് കൃത്യമായ കീടനാശിനികളും വളങ്ങളും നിർമ്മിക്കുക എന്നതാണ്. ഈ സിന്തസൈസ് ചെയ്യുന്നതിനെയാണ് കൃത്രിമം എന്നും രാസം എന്നും വിശേഷിപ്പിച്ച് വിഷമായി ചിത്രീകരിച്ച് ഭീതിയും അന്ധവിശ്വാസങ്ങളും പരത്തുന്നത്.

രാസവളം എന്നത് പ്രകൃതിയിൽ നിന്നും പദാർത്ഥങ്ങൾ ശേഖരിച്ച് ചെടികൾക്ക് അപ്പോൾ തന്നെ ആഗിരണം ചെയ്യാൻ പാകത്തിൽ സിന്തസൈസ് ചെയ്തതാണ്. ഉദാഹരണത്തിനു NPK എന്ന വളത്തിലെ നൈട്രജൻ അന്തരീക്ഷത്തിൽ നിന്നും ഫോസ്‌ഫറസ് പാറകളിൽ നിന്നും സംഭരിക്കുന്നതാണ്. ഏത് ചെടിക്കും വൃക്ഷത്തിനും 13 തരം മൂലകങ്ങൾ ആണ് മണ്ണിൽ നിന്ന് ലഭിക്കേണ്ടത്. ഈ 13 മൂലകങ്ങളും പ്രകൃതിയിൽ നിന്ന് തന്നെ ശേഖരിച്ച് ചെടികൾ ആഗിരണം ചെയ്യുന്ന തന്മാത്രകളാക്കി സിന്തസൈസ് ചെയ്തതാണ് വിപണിയിൽ വിൽക്കുന്നത്. ഇത് സയൻസിന്റെ കണ്ടുപിടുത്തം ആണ്. അതാണ് വിഷം എന്ന് പ്രചരിപ്പിക്കുന്നത്. എന്തൊരു കഷ്ടമാണ്.

സിന്തറ്റിക് വളങ്ങളുടെ പ്രത്യേകതയും മേന്മയും എന്തെന്നാൽ അത് ചെടിക്ക് ഇട്ടു കൊടുത്ത ഉടനെ തന്നെ ജലത്തിന്റെ സമ്പർക്കത്താൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും. ചെടികൾ എങ്ങനെ അതിനാവശ്യമുള്ള തന്മാത്രകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നു എന്ന അറിവ് സയൻസിനു ലഭ്യമായതോടെയാണ് അവ സിന്തസൈസ് ചെയ്യാനുള്ള ടെൿനിക്കും വികസിപ്പിച്ചത്. അങ്ങനെ സിന്തറ്റിക് വളങ്ങളും കീടനാശിനികളും പ്രചാരത്തിൽ ആയതോടെയാണ് മനുഷ്യർക്ക് വിശപ്പ് മാറ്റാനുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞത്. അല്ലാതെ പഴയ ജൈവകൃഷി തന്നെ ആയിരുന്നെങ്കിൽ മനുഷ്യരാശി ആഹാരം കിട്ടാതെ ചത്തൊടുങ്ങിയേനേ. എന്നിട്ടാണ് ഇപ്പോൾ നല്ല സമൃദ്ധമായ ആഹാരം കഴിച്ച് ഏമ്പക്കമിട്ട് എല്ലിന്റിടയിൽ കയറി പണ്ടത്തെ ജൈവകൃഷി വീണ്ടും വരണം എന്ന് വാദിക്കുന്നത്.

ജൈവവളം ഇട്ടാൽ അതിൽ ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ എന്തൊക്കെ എത്ര അനുപാതത്തിൽ ഉണ്ട് എന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് മണ്ണ് പരിശോധിച്ച് അതിൽ ഏത് മൂലകം ആണ് കുറവ് എന്ന് കണ്ടെത്തിയാൽ ആ മൂലകം ഉള്ള സിന്തറ്റിക് വളം തന്നെ ഇട്ടു കൊടുക്കേണ്ടി വരും. ജൈവവളം കൊണ്ട് ആ സ്പെസിഫിക് മൂലകത്തിന്റെ കുറവ് പരിഹരിക്കാൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇട്ടാൽ അതിൽ എന്തെങ്കിലും യൂസ് ഫുൾ മൂലകങ്ങൾ ഉണ്ടെങ്കിൽ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കണമെങ്കിൽ അവയിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വിഘടിക്കപ്പെടണം. ആ വിഘടിക്കൽ കാലം ചിലപ്പോൾ ആറ്‌ മാസം വരെയാകാം. അതേ സമയം സിന്തറ്റിക് വളം അപ്പോൾ തന്നെ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. അതുകൊണ്ട് കൃഷിയെ നിലനിർത്തുന്നത് സിന്തറ്റിക് വളങ്ങളും കീടനാശിനികളും ആണ്.

ഇത്രയും വായിച്ചിട്ട് പിന്നെയും ആരെങ്കിലും കുറുക്ക് ചോദ്യവുമായി വരികയാണെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ,  നിങ്ങൾ പുകഴ്ത്തുന്ന വിഷരഹിത ഭക്ഷണം ഒരിക്കലും കിട്ടാൻ പോകുന്നില്ല. ജീവിതാവസാനം വരെ വിഷഭക്ഷണം കഴിക്കേണ്ടി വരും. അപ്പോഴും ഈ വിഷഭക്ഷണത്തിന്റെ പേരിൽ ആസ്പത്രിയിൽ പോകേണ്ടി വരില്ല, അതിനു ചികിത്സയും ഇല്ല. അതുകൊണ്ട് എന്തും വാഷ് ചെയ്ത് പാചകം ചെയ്യുക.  ഭക്ഷണത്തെ രുചിച്ച്, നുണഞ്ഞ് , ആസ്വദിച്ച് കഴിക്കുക. നമ്മുടെ രുചിമുകുളങ്ങൾ ആഹാരം കാണുമ്പോൾ ത്രസിക്കട്ടെ.

ഡിവോഴ്‌സ് പരിഹാരം അല്ല

ഡിവോഴ്സ് ഇപ്പോൾ ആവശ്യത്തിൽ അധികം നടക്കുന്നുണ്ട് എന്നും അത് കൂടാൻ കാരണം സ്ത്രീ സാമ്പത്തികമായും ചിന്താപരമായും സ്വതന്ത്രമാകുന്നതിന്റെ സൂചിക ആണെന്നുമാണ് എന്റെ കഴിഞ്ഞ പോസ്റ്റിൽ വന്ന ഒരഭിപ്രായം. അതേ സമയം ഒരുമിച്ച് പോകാൻ യാതൊരു നിവൃത്തിയുമില്ലാതെ വന്നാൽ ഡിവോഴ്സ് ചെയ്ത് പിരിയുന്നതാണ് ഏറ്റവും നല്ലത് എന്ന അഭിപ്രായത്തിന് ഇപ്പോൾ നല്ല സ്വീകാര്യതയും ഉണ്ട്.
എന്റെ അഭിപ്രായത്തിൽ ഡിവോഴ്സ് പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. കാരണം നമ്മുടെ രാജ്യത്ത് പൌരന്മാർക്ക് യാതൊരു സോഷ്യൽ സെക്യൂരിറ്റിയും ഇല്ല. വാർദ്ധക്യത്തിൽ സംരക്ഷിക്കാൻ കുടുംബം ഇല്ലെങ്കിൽ അതൊരു വല്ലാത്ത അവസ്ഥയായിരിക്കും. ശരിക്ക് പറഞ്ഞാൽ 60 വയസ്സ് കഴിയുന്ന എല്ലാ പൌരന്മാർക്കും ജീവിയ്ക്കാൻ ആവശ്യമായ പെൻഷനും ചികിത്സയും ആണ് സർക്കാർ കൊടുക്കേണ്ടത്. അതാണ് സോഷ്യൽ സെക്യൂരിറ്റി എന്ന് പറയുന്നത്.
ഇപ്പോൾ കൊടുക്കുന്ന തൊഴിലില്ലായ്മ വേതനവും തൊഴിലുറപ്പും സൌജന്യ റേഷനും ഒക്കെ അനാവശ്യവും അസംബന്ധവും ആണ്. അധ്വാനിക്കാൻ ശേഷിയുള്ളവർക്ക് സർക്കാർ സൌജന്യം കൊടുക്കേണ്ടതില്ല. അധ്വാനിക്കാൻ ശേഷിയില്ലാത്തവരുടെ ബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണം. അതാണ് ന്യായവും ശരിയും. പക്ഷെ നമ്മുടെ രാജ്യത്ത് സർക്കാർ ചെയ്യുന്നത് എന്തും വോട്ട് ആകർഷിക്കാനുള്ള തരികിടകളാണ്. അതൊരു ആചാരമായിപ്പോയി. ഈ ആചാരം മാറാൻ പോകുന്നില്ല. സർക്കാരിന്റെ നക്കാപ്പിച്ചകൾ കൊണ്ട് ഒരാൾക്കും ജീവിയ്ക്കാനും കഴിയില്ല. വയസ്സ് കാലത്ത് സമാധാനമായി മരിക്കാൻ മക്കൾ വേണം, കുടുംബം വേണം. വിവാഹത്തിന്റെയും അത് അവസാനം വരെ തുടരേണ്ടതിന്റെയും ആവശ്യകത ഇതാണ്.
എന്തുകൊണ്ട് ഡിവോഴ്സ് വേണ്ടി വരുന്നു? ഇടയിൽ കയറിവരുന്ന പൊരുത്തക്കേടുകൾ ആണ് പ്രശ്നം. ആദ്യം മുതലേ ഇല്ലല്ലൊ. അപ്പോൾ എന്താണ് പൊരുത്തക്കേടുകൾ എന്ന് കണ്ടെത്തി അത് പരിഹരിക്കാനുള്ള സന്നദ്ധത രണ്ടാൾക്കും ഉണ്ടെങ്കിൽ ഡിവോഴ്സ് വേണ്ടി വരില്ല. എന്തായാലും ഭാര്യയും അല്ലെങ്കിൽ ഭർത്താവും മക്കളും വേണം. അല്ലെങ്കിൽ സെക്യൂരിറ്റി ഇല്ല. അപ്പോൾ പിന്നെ ഉള്ളതിനെ ഒഴിവാക്കി വേറെ അന്വേഷിച്ച് പോകുന്നത് എന്തിനാണ്? ഇനി കിട്ടാൻ പോകുന്ന ബന്ധം ഇതിനേക്കാൾ മെച്ചം എന്ന് എന്താണ് ഒരുറപ്പ്? ചിലർക്ക് ഡിവോഴ്സിനു ശേഷം നല്ല ബന്ധങ്ങൾ കിട്ടുന്നുണ്ട് കേട്ടോ. ഇല്ല എന്ന് പറയുന്നില്ല. എന്നാലും മക്കളൊക്കെ ആയവർക്ക് ആ വൈകാരിക പ്രശ്നം ജീവിതകാലം മുഴുവൻ വേട്ടയാടുന്ന സംഗതിയാണ്. സെന്റിമെന്റ്സ് ഉള്ളവരുടെ കാര്യമാണ് പറഞ്ഞത്. അതൊന്നും ഇല്ലാത്തവർക്ക് ഒന്നും ഇല്ല.
ജോലിക്ക് പോകുന്ന സ്ത്രീകളോട്, പൊതുരംഗത്ത് കഴിവ് പ്രകടിപ്പിക്കുന്ന സ്ത്രീകളോട് ഭർത്താക്കന്മാർക്ക് തോന്നുന്ന ഇൻഫീരിയോരിറ്റി കോം‌പ്ലക്സും സംശയവും ഒക്കെയാണ് കുടുംബജീവിതത്തിൽ ഇക്കാലത്ത് ഉണ്ടാകുന്ന പൊരുത്തക്കേടുകൾ. അന്യസ്ത്രീകളെ കണ്ടമാനം വായ്‌നോക്കുകയും സ്വന്തം ഭാര്യയെ സംശയിക്കുകയും ചെയ്യുന്ന ഞരമ്പ് രോഗം ഇപ്പോൾ വളരെ കൂടുതലാണ്. ഞാൻ അന്യസ്ത്രീകളെ പഞ്ചാരയടിക്കുന്നത് പോലെ എന്റെ ഭാര്യയും പഞ്ചാരയ്ക്ക് നിന്നുകൊടുക്കുന്നുണ്ടോ എന്നതാണ് സംശയരോഗികളായ ഭർത്താക്കന്മാരുടെ പ്രശ്നം. തിരിച്ചും ഉണ്ടാകാം.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. ഒരേ ഇണയിൽ സംതൃപ്തി കണ്ടെത്തുന്ന ജീവിയല്ല മനുഷ്യൻ. ആണായാലും പെണ്ണായാലും അവരിൽ പോളിഗാമിക് ത്വരകൾ അന്തർലീനമായിട്ടുണ്ട്. അത് കൺ‌ട്രോൾ ചെയ്യുകയാണ് എല്ലാവരും ചെയ്യുന്നത്. ആ കൺ‌ട്രോൾ ആണ് കൃത്രിമം. പോളിഗാമിക് വാസനയാണ് നാച്വറൽ. കുടുംബജീവിതത്തിന്റെ ലക്ഷ്യം ലൈംഗികത മാത്രമല്ല സ്നേഹം, മക്കൾ, സുരക്ഷിതത്വം, പരസ്പരസഹായം അങ്ങനെ ഒരുപാട് ഘടകങ്ങൾ അനിവാര്യമാക്കി തീർക്കുന്നതാണ് കുടുംബം എന്ന സ്ഥാപനം. വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിൽ ഇപ്പറഞ്ഞ ഘടകങ്ങൾ ഒന്നും ഉണ്ടാവുകയില്ല. വെറും പോളിഗാമിക് ത്വര മാത്രമേ ഉണ്ടാവുകയുള്ളൂ. അതൊരു നിസ്സാര പ്രശ്നം ആയി കാണാനും പരസ്പരം പറഞ്ഞ് തീർക്കാനും കുടുംബം എന്ന സ്ഥാപനം തുടർന്ന് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞാൽ കുറേ പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും.
തന്നേക്കാളും കഴിവും പ്രാവീണ്യവും പൊതുരംഗത്തെ പ്രസൻസും ഭാര്യയ്ക്ക് ഉണ്ടെങ്കിൽ അതിൽ അപകർഷത തോന്നാതെ അഭിമാനിക്കാനും പ്രോത്സാഹിപ്പിക്കാനും ഭർത്താക്കന്മാർക്ക് കഴിയുമെങ്കിൽ നിരവധി ഡിവോഴ്സുകൾ ഒഴിവാക്കാൻ സാധിക്കും. ഭക്ഷണം, വസ്ത്രം, സെക്സ്, കീർത്തി ഇത് നാലും ആണ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ. ഈ നാല് ആവശ്യങ്ങൾ നിവർത്തിക്കപ്പെടാനാണ് മനുഷ്യർ പ്രയത്നിക്കുന്നത്. അല്ലാതെ ഈ ജീവിതം കൊണ്ട് വേറൊരു മലമറിക്കലും ഇല്ല. ഇതിൽ നാലാമത്തെ ആവശ്യമായ കീർത്തി സമ്പാദിക്കാൻ എല്ലാവർക്കും കഴിയില്ല. ചിലർ വിജയിക്കുന്നു, പലരും പരാജയപ്പെടുന്നു. എന്നാൽ കീർത്തി ആഗ്രഹിക്കാത്ത ആരും ഇല്ല. ഭർത്താക്കന്മാരുടെ കീർത്തിയിൽ ഭാര്യമാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയുമ്പോൾ ഭാര്യമാരുടെ കീർത്തിയിൽ ഭർത്താക്കന്മാർ അപകർഷതയാൽ അസ്വസ്ഥരാകുന്നതും ഡിവോഴ്സിനു കാരണമാകുന്നതും ഉണ്ട്.
അതുകൊണ്ട് വിശാലമായി ചിന്തിക്കാൻ കഴിഞ്ഞാൽ പല ഡിവോഴ്സുകളും ഒഴിവാക്കാം എന്നും അതാണ് നല്ലത് എന്നുമാണ് എന്റെ അഭിപ്രായം.

സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം

ഞാൻ ഒരു ഡോക്ടർ ആയിരുന്നെങ്കിൽ രോഗികളോട് രോഗത്തെ കുറിച്ചും രോഗകാരണത്തെ കുറിച്ചും മരുന്നിനെ കുറിച്ചും വിശദമായി പറഞ്ഞു കൊടുക്കുമായിരുന്നു. ഇപ്പോൾ ഈ ലോക്ക് ഡൌൺ കാലത്ത് ആരെങ്കിലും ആസ്പത്രിയിൽ പോകുന്നുണ്ടോ? അത്യാവശ്യ രോഗികൾ മാത്രമേ പോകുന്നുള്ളൂ. സാധാരണയായി ഡോക്ടറുടെ മുറിക്ക് പുറത്തും ഫാർമസിയിലും അതൊരു തിരക്ക് ആയിരുന്നു. ഇപ്പോൾ ആ തിരക്ക് എവിടെ പോയി? അതിന്റെ അർത്ഥം 60 ശതമാനം ആളുകളും വെറുതെ ഒരു ജലദോഷം വരുമ്പോഴേക്കും പേടി കൊണ്ട് ഡോക്ടറെ സമീപിച്ച് തിരക്ക് കൂട്ടുകയായിരുന്നു എന്നാണ്. ആസ്പത്രി വ്യവസായം തന്നെ നാട്ടിൽ പച്ച പിടിച്ചത് ഈ ഒരൊറ്റ ജലദോഷം കൊണ്ടാണ്. രണ്ട് ദിവസം വയറ് നിറയെ ഭക്ഷണം കഴിച്ച് നല്ല പോലെ വെള്ളവും കുടിച്ച് വിശ്രമിച്ചാൽ മാറുന്നതേയുള്ളു പല വൈറൽ പനികളും. അപൂർവ്വം ചിലർക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ വേണ്ടി വരും. രണ്ട് ദിവസം വിശ്രമിച്ചിട്ടും പനി മാറുന്നില്ലെങ്കിൽ ഡോക്ടറെ സമീപിച്ചാൽ മതി. ആ രണ്ട് ദിവസത്തെ ക്ഷമ ഇല്ലാതെ ദേഹത്ത് ചൂട് അനുഭവപ്പെടുമ്പോഴേക്കും ആസ്പത്രി നോക്കി ഓടുന്ന തിരക്കും ക്യൂവും ആയിരുന്നു നമ്മൾ ആസ്പത്രികളിൽ കണ്ടുകൊണ്ടിരുന്നത്. ഈ ലോക്ക് ഡൌൺ അവസാനിച്ചാൽ പഴയ രീതി തുടരും. ആളുകൾക്ക് വിവരം വയ്ക്കുന്നില്ലല്ലൊ.

മാത്രമല്ല ഞാൻ മരുന്നുകളെ കുറിച്ചും സയൻസിലെ എല്ലാ ശാഖകളെ കുറിച്ചും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. അതൊക്കെ രോഗികളോട് പങ്ക് വയ്ക്കുമായിരുന്നു. രോഗികളിൽ നിന്ന് ലഭിക്കുന്ന കൃതജ്ഞത ഏറ്റവും വലിയ ഫീസ് ആയി കരുതുമായിരുന്നു. ഡോക്ടർ ആകാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതല്ല, ഇങ്ങനെയുള്ള ഡോക്ടർമാർ ഉണ്ടല്ലൊ. എനിക്കും അങ്ങനെ ആകാമല്ലൊ. ഇപ്പോൾ എന്താണ്, റിസപ്‌ഷനിൽ ഫീസ് മുൻ‌കൂട്ടി അടച്ച് ഡോക്ടറെ കാണുന്നു. ഡോക്ടർ നമ്മെ കേൾക്കുന്നു , പ്രിസ്‌ക്രിപ്‌ഷൻ എഴുതി തരുന്നു. അത്രേള്ളൂ. രോഗത്തെ കുറിച്ച് ഒന്നും ചോദിക്കാനോ മനസ്സിലാക്കാനോ ഒരു ചാൻസും ഇല്ല. ഞാൻ ആരെയും കുറ്റം പറയുന്നതല്ല. നമ്മുടെ സിസ്റ്റം അതാണ്.

ഡോക്ടർ എന്ന പ്രഫഷൻ ദൈവികമായ ജോലി ആണെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ദൈവം ഉണ്ടോ എന്ന് അറിഞ്ഞു കൂട. യുക്തി എന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ദൈവത്തിന്റെ ആവശ്യം എനിക്ക് തോന്നിയിട്ടുമില്ല. ഞാൻ പ്രവർത്തിക്കുന്നു, പ്രതിഫലം കിട്ടുന്നു കുടുംബം നോക്കുന്നു. അതിനപ്പുറം ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് ഞാൻ പ്രാർഥിക്കാറുമില്ലായിരുന്നു. ഉള്ളത് മതി. എക്സ്ട്രാ ഒന്നും വേണ്ട. ഇതായിരുന്നു എന്റെ പോളിസി. പക്ഷെ ഡോക്ടർമാർ രണ്ടാം ജന്മം തരുന്ന ദൈവങ്ങളാണ് എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഒന്നാം ജന്മം സ്വാഭാവികമായി നടക്കുന്നതാണല്ലൊ. എനിക്ക് തന്നെ ഡിസ്ക് തകരാറിലായി നടക്കാൻ കഴിയാതെ കിടപ്പിലായപ്പോൾ സ്പൈൻ സർജൻ ശസ്ത്രക്രിയ ചെയ്ത് നൽകിയ രണ്ടാം ജന്മം കൊണ്ടാണ് പത്ത് വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മോഡേൺ മെഡിസിൻ മാത്രമാണ് ചികിത്സ എന്ന് പറയുമ്പോൾ ആയുർവേദ-ഹോമിയോ വിശ്വാസികൾക്ക് കോപം വരുന്നത് ചികിത്സയുടെ ശാസ്ത്രം അവർക്ക് അറിയാത്തത് കൊണ്ടാണ്. ഒരോ ചികിത്സയ്ക്കും പിന്നിൽ ഓരോ സിദ്ധാന്തം ഉണ്ട്.

ആയുർവേദ സിദ്ധാന്തം എന്നത് പ്രപഞ്ചവും മനുഷ്യനും പഞ്ചഭൂതങ്ങളാൽ ഉണ്ടാക്കപ്പെട്ടതും രോഗകാരണം ത്രിദോഷങ്ങൾ ആണെന്നുമാണ്. ആയുർവ്വേദ വിശ്വാസികൾ ഇത് ഇന്നും വിശ്വസിക്കുകയും ചെയ്യുന്നു. പഴയ പ്രാചീനമായ ഒരു വിശ്വാസം ആണത്. ഇന്നും എന്തിനത് വിശ്വസിക്കുന്നു എന്ന് ചോദിച്ചാൽ വിശ്വാസമല്ലേ വിടാൻ പറ്റുമോ എന്നായിരിക്കും ഉത്തരം. പഞ്ചഭൂത-ത്രിദോഷ സിദ്ധാന്തവും അഷ്ടാംഗഹൃദയം എന്ന കിത്താബും ആണ് ആയുർവേദത്തിന്റെ അടിസ്ഥാനം. ഈ സിദ്ധാന്തത്തിൽ രോഗനിർണ്ണയം നടത്താൻ കഴിയും എന്ന് ഇന്നും വിശ്വസിക്കുന്നത് എന്തൊരു മണ്ടത്തരം ആണ്. ഹോമിയോ സിദ്ധാന്തം അതിലും വിചിത്രമാണ്. മോഡേൺ മെഡിസിൻ സിദ്ധാന്തമല്ല. വസ്തുനിഷ്ടമായ അറിവുകളും പ്രൂഫുകളും ആണ്. ആ വ്യത്യാസം മനസ്സിലാക്കാനുള്ള കോമൺ സെൻസ് വിശ്വാസികൾക്ക് ഇല്ല.

എഴുതാൻ ഉദ്ദേശിച്ച ചിന്ത എഴുതി വന്നപ്പോൾ മാറിപ്പോയി. സ്വാർത്ഥതയെ പറ്റി എഴുതാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാനൊരു നിസ്വാർത്ഥൻ എന്ന് തോന്നിപ്പിച്ച് നിസ്വാർത്ഥത എന്നൊന്നില്ല എന്നും സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം എന്ന് സ്ഥാപിക്കാനായിരുന്നു എഴുതാൻ തുടങ്ങുമ്പോൾ ആലോചന. സ്വാർത്ഥതയ്ക്ക് തമിഴിൽ സ്വയനലം എന്നാണ് പറയുക. അതിന്റെ വിപരീതപദം പൊതുനലം എന്നും. സ്വയനലവും പൊതുനലവും. നല്ല വാക്കുകളാണത്. നിസ്വാർത്ഥത എന്ന വാക്ക് ശരിയല്ല. സ്വന്തം കാര്യവും പൊതുകാര്യവും അങ്ങനെയല്ലേ ഉള്ളൂ. നിസ്വാർത്ഥത എന്നത് ആർക്കും ഇല്ലാത്ത ഒന്നാണ്.

ഞാൻ ഈ ഫേസ്‌ബുക്കിൽ എഴുതുന്നത് എനിക്ക് പ്രശസ്തിക്ക് വേണ്ടിയാണ്, എനിക്ക് അംഗീകാരത്തിനു വേണ്ടിയാണ്. അതായത് ലൈക്കിനു വേണ്ടിയാണ്. എല്ലാ‍വരും എന്ത് ചെയ്യുന്നതും അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ്. വിവാഹം കഴിക്കുന്നത് ലൈംഗികമായ ഇണയ്ക്ക് വേണ്ടിയും വാർദ്ധക്യത്തിൽ സംരക്ഷണം ലഭിക്കാനുമാണ്. സാഹിത്യകാരന്മാരും കവികളും എഴുതുന്നതും നടന്മാർ അഭിനയിക്കുന്നതും നർത്തകികൾ നടനമാടുന്നതും രാഷ്ട്രീയ പ്രവർത്തകർ പൊതുപ്രവർത്തനം നടത്തുന്നതും എല്ലാമെല്ലാം കീർത്തിക്ക് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും അംഗീകാരത്തിനു വേണ്ടിയും ആണ്. സാമൂഹ്യസേവനം നടത്തുന്നതിന്റെ പിന്നിലും സ്വന്തം തൃപ്തി എന്നൊരു ചേതോവികാരമുണ്ട്. ചുരുക്കത്തിൽ സ്വന്തം സ്വാർത്ഥത വിട്ട് ഒരാളും ഒന്നും ചെയ്യുന്നില്ല. കാമുകികാമുകന്മാർ പ്രണയിക്കുന്നത് പോലും സ്വന്തം ഇഷ്ടം എന്നൊരു സ്വാർത്ഥതയുടെ പുറത്താണ്.

സ്വാർത്ഥത ഒരു തെറ്റേ അല്ല. സ്വാർത്ഥത ഇല്ലെങ്കിൽ ആർക്കും ജീവിയ്ക്കാനാകില്ല. സമൂഹത്തെ നിലനിർത്തുന്നത് തന്നെ സ്വാർത്ഥതയാണ്. എനിക്ക് കൂടുതൽ സമ്പാദിക്കണം എന്ന സ്വാർത്ഥത കൊണ്ടാണ് സമൂഹം ചലനാത്മകമാകുന്നത് തന്നെ. അപ്പോൾ വ്യക്തികളുടെ സ്വാർത്ഥതകളാൽ തന്നെയാണ് സമൂഹത്തിന്റെ പൊതുനലവും നിറവേറ്റപ്പെടുന്നത് എന്ന മായാജാലം നിങ്ങൾക്ക് കാണാം. കമ്മ്യൂണിസം എന്നത് ഈ അടിസ്ഥാനപരമായ മനുഷ്യ പ്രകൃതത്തിനു വിരുദ്ധമായ സിദ്ധാന്തം ആയിരുന്നു എന്ന് പറഞ്ഞൂകൊണ്ട് ഇന്നത്തെ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.