Links

Showing posts with label ശിഥിലചിന്തകള്‍. Show all posts
Showing posts with label ശിഥിലചിന്തകള്‍. Show all posts

കൂത്ത് , ബ്ലോഗ് , പ്രവാസി ......

കൂത്ത്

കൂത്ത് കലാകാരനായ ഗോവിന്ദന്‍ തന്റെ മകന്‍ കതിരിനെയും കൂട്ടി രാവിലെ തന്നെ ചെന്നൈ നഗരത്തിലെത്തുന്നു. പത്ത് മണിക്ക് ഒരു സ്കൂളില്‍ ഫങ്ഷനോടനുബന്ധിച്ച് അന്ന് കൂത്ത് ഏര്‍പ്പാട് ചെയ്തിരുന്നു.  കര്‍ണ്ണന്‍ ആയിരുന്നു കഥ. പരിപാടി തുടങ്ങാന്‍ താമസിച്ചു പോകേണ്ട എന്ന് കരുതി വഴിയിലൊരു മൈതാനത്തിരുന്നു കര്‍ണ്ണന്റെ മേക്കപ്പ് ചെയ്തിട്ടാണ് വഴി ചോദിച്ച് മനസ്സിലാക്കി ഗോവിന്ദന്‍ സ്കൂളില്‍ എത്തുന്നത്.  കൂത്ത് കഴിഞ്ഞ് കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന്  ഒരു ക്രിക്കറ്റ് ബാറ്റും ബോളും വാങ്ങിത്തരാമെന്ന് വഴിയില്‍ വെച്ചു തന്നെ മകനോട് വാഗ്ദ്ധാനവും ചെയ്തിരുന്നു. ഗ്രാമത്തില്‍ നിന്നും 50 രൂപയും കൊണ്ടാണ് ഗോവിന്ദന്‍ പട്ടണത്തില്‍ എത്തിയിരുന്നത്.  സ്കൂളില്‍ എത്തിയപ്പോള്‍ അവിടെ വിജനം.  ഏതോ വി.ഐ.പി.യുടെ മരണം നിമിത്തം സ്കൂളിന് അന്ന് അവധിയായിരുന്നു. ഫങ്ഷന്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരുന്നു.  മുട്ടുക്കാട്ടില്‍ ടൂര്‍ പോയിരുന്ന സ്കൂള്‍ പ്രിന്‍സിപ്പളിനെ ഫോണില്‍ വിളിച്ചു ഗോവിന്ദന്‍ പറയുന്നു, നാട്ടില്‍ നിന്ന് അമ്പത് രൂപയുമായിട്ടാണ് വന്നത്, സഹായിക്കണം.  രാത്രി ഏഴു മണിക്ക് ഞാന്‍ തിരിച്ചു വീട്ടില്‍ വരും എന്നെ കാത്തിരിക്കാമോ എന്ന് പ്രിന്‍സിപ്പള്‍ ചോദിക്കുന്നു.  ശരി, ഗോവിന്ദന്റെ മുന്നില്‍ വേറെ വഴി ഇല്ലായിരുന്നു.  ഗോവിന്ദന്റെ അന്നത്തെ ദിവസമാണ്  "കര്‍ണ്ണമോക്ഷം" എന്ന ഹ്രസ്വചിത്രം. തമിഴാണ്. നേഷനല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  എനിക്കത് നന്നെ ഇഷ്ടപ്പെട്ടു.  അതിന്റെ തിരക്കഥ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇവിടെ പോസ്റ്റ് ചെയ്യണം.  രണ്ട് ഭാഗങ്ങളുള്ള വീഡിയോ താഴെ കാണാം.

ബ്ലോഗ്


 ഒരു  വിഷയത്തില്‍ സ്പെഷ്യലൈസ്  ചെയ്ത പോലെയാണ് ആളുകള്‍ ബ്ലോഗ് എഴുതുന്നത്.  രാഷ്ട്രീയം എഴുതുന്നവര്‍ രാഷ്ട്രീയം മാത്രം.  സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാ‍നും ന്യായീകരിക്കാനും മാത്രമേ കമന്റ് പോലും എഴുതുകയുള്ളൂ.  യുക്തിവാദം എഴുതുന്നവര്‍ യുക്തിവാദം മാത്രം.  കഥയും  കവിതയും  എല്ലാം അങ്ങനെ തന്നെ. അത്കൊണ്ട് കുറെ കഴിയുമ്പോള്‍ ആളുകള്‍ക്ക് വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടാവണം. അത്കൊണ്ടാണല്ലൊ ബ്ലോഗര്‍മാരെ ബൂലോഗത്ത് കണ്ട് കണ്ട് കാണാത്താവുന്നത്.  ബ്ലോഗെഴുത്തുകാരന്  ഫ്ലെക്സിബിലിറ്റി വേണം എന്നെനിക്ക് തോന്നുന്നു. അപ്പോള്‍ മാത്രമേ ബ്ലോഗിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും  പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.  ഇപ്പോള്‍ ഈ നിമിഷം  എന്താണ് ചിന്തിക്കുന്നത് അല്ലെങ്കില്‍ കാണുന്നത് അത് ബ്ലോഗില്‍ അടയാളപ്പെടുത്തി വെക്കാലോ.  കുറെ കഴിഞ്ഞ് , അന്ന് ഞാന്‍ അങ്ങനെ ചിന്തിച്ചിരുന്നു അല്ലെങ്കില്‍ അനുഭവിച്ചിരുന്നു എന്ന് വീണ്ടും ബ്ലോഗില്‍ വന്ന് ഓര്‍മ്മ പുതുക്കാലോ അല്ലേ.

പ്രവാസി


അയലത്തെ ഉണ്ണി അങ്ങനെ വീണ്ടും  ഗള്‍ഫിലേക്ക് തിരിച്ചു പോയി.  അറിഞ്ഞപ്പോള്‍ എനിക്ക് നേരിയ ദു:ഖം തോന്നി.  എല്ലാം മതിയാക്കി വന്നതായിരുന്നു അവന്‍ , ഇനിയുള്ള കാലം നാട്ടില്‍ ജീവിയ്ക്കാന്‍ വേണ്ടി.  നാലഞ്ച് മാസം പിടിച്ചുനിന്നു.  നാട്ടില്‍ ജീവിയ്ക്കാന്‍ ദിവസേന ഏറ്റവും കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും വേണം.  കല്യാണക്ഷണിതങ്ങള്‍ വേറെ. ഗള്‍ഫ്കാരനല്ലെ.  എന്തെങ്കിലും കുറയ്ക്കാന്‍ പറ്റുമോ.  ഉള്ള കാശ് എന്തിലാണ് മുടക്കുക. അല്ലെങ്കില്‍  നാട്ടില്‍ എന്ത് പണിയെടുക്കും.  ഇനിയും നിന്നാല്‍  എല്ലാം തീര്‍ന്ന് പെരുവഴിയിലാകും.  കുടുംബത്തെ കരയ്ക്കടുപ്പിക്കണ്ടെ.  പാതിവഴി ഇനിയും താണ്ടാനുണ്ട്.  പുതിയ വിസ തരപ്പെടുത്തി ഉണ്ണി വീണ്ടും  വിമാനം കയറി.

ഇന്നലെ  ബന്ധു കൂടിയായ മനുവിനെ ഫോണില്‍ വിളിച്ചു.  സൌദിയില്‍ നിന്ന് അവധിക്ക് വന്നതായിരുന്നു.  ഇനി പോയിട്ട് വേഗം തിരിച്ചു വന്ന് ബോംബേയില്‍  സെറ്റില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.  ചെറുപ്പത്തില്‍ ബോംബെയ്ക്ക് നാടുവിട്ടുപോയ അവന്‍ അവിടെ നിന്നാണ് സൌദിയിലേക്ക് പോയതും  ജീവിതപങ്കാളിയെ കണ്ടെത്തിയതുമെല്ലാം.  ഒറ്റ മോനേ ഉള്ളൂ.  നാട്ടില്‍ വീട് പുതുക്കി പണിതിരുന്നു, ചില്ലറ സ്ഥലവും വാങ്ങിയിട്ടുമുണ്ട്.  രണ്ട് കുട്ടികളും പഠിക്കുന്നത് നാട്ടില്‍ തന്നെ. അവന് പ്രവാസം മതിയായി.  ഇവിടെ എന്ത് ചെയ്യാനാ, ബോംബേയില്‍ എങ്ങനെയും ജീവിയ്ക്കാം. അവന്‍ പറഞ്ഞു. അപ്പോള്‍ അച്ഛനും  അമ്മയും (രണ്ടാനമ്മയാണ്) എന്ത് ചെയ്യും? കുട്ടികളുടെ വിദ്യാഭ്യാസം? ഞാന്‍ ചോദിച്ചു. അവരും വരട്ടെ,  മറ്റിപ്പൊ എന്താ ചെയ്യുക .. അവന്റെ നിസ്സഹായത.  എനിക്ക് നേരിയ ആധി.  എന്റെ മരുമകനും പ്രവാസിയാണ്.  പ്രവാസം ഒരു കെണിയാണോ?  പ്രവാസികള്‍ക്ക് നാട് നഷ്ടപ്പെടുകയാണോ?