Links

Showing posts with label മാര്‍ക്സിസ്റ്റ് പാര്‍ട്ടി. Show all posts
Showing posts with label മാര്‍ക്സിസ്റ്റ് പാര്‍ട്ടി. Show all posts

മാര്‍ക്സിസ്റ്റ് നേതാക്കളുടെ കോടതിവിരുദ്ധ പ്രസംഗം അപലപനീയം

പൊതുനിരത്തുകളില്‍ പൊതുയോഗം കൂടുന്നത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പൊതുതാല്പര്യ ഹരജി കോടതിയില്‍ എത്തുന്നു. ഹരജി വിചാരണയ്ക്കെടുത്ത കോടതി റോഡ് വക്കില്‍ മീറ്റിങ്ങ് ചേരുന്നത് നിരോധിക്കുകയും ചെയ്തു. തെരുവ് യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് അസൌകര്യം സൃഷ്ടിക്കുന്നു എന്ന് പോലീസ് വകുപ്പില്‍ നിന്നും അറിയിച്ചതും കൂടി കണക്കിലെടുത്താണ് കോടതി വിധി പ്രസ്ഥാവിച്ചത്. ആ വിധിക്കെതിരെയും ജഡ്‌ജിമാര്‍ക്കെതിരെയും ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാരും കുട്ടിസഖാക്കളും ഉറഞ്ഞുതുള്ളുകയാണ്. അതാണ് മാര്‍ക്സിസ്റ്റ് സംസ്ക്കാരം. എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. തങ്ങളുടെയും കൂടി വയറ്റത്തടിക്കുന്നതാണ് ആ വിധി എന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. എന്നാല്‍ ജനാധിപത്യമര്യാദകളെ മാനിക്കുന്നത്കൊണ്ട് അവരാരും കോടതികളെ വിമര്‍ശിക്കുന്നില്ല. കോടതികളെ മാനിക്കുന്നത് പരിഷ്കൃതസമൂഹത്തിന്റെ ലക്ഷണമാണ്. മാര്‍ക്സിസ്റ്റുകള്‍ പരിക്ഷ്കൃത സമൂഹത്തിന് അപമാനമാണ് എന്ന് തോന്നിക്കും വിധമാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. ഈ പാര്‍ട്ടി ഒന്ന് രണ്ട് സംസ്ഥാനത്ത് ഒതുങ്ങിപ്പോയത്കൊണ്ട് പേടിക്കാനില്ല. കേരളം തങ്ങള്‍ക്ക് തീറ് കിട്ടിയ പോലെയാണ് അഹന്തയുടെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത്.  എന്തും ചെയ്യാന്‍ മടിക്കാത്ത കുറെ ക്രിമനലുകള്‍ തങ്ങളുടെ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ് മാര്‍ക്സിസ്റ്റുകള്‍ ഇങ്ങനെ ആക്രോശിക്കുന്നത്. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് അധിക്ഷേപിച്ച ജയരാജനെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല എന്നാണ് കുട്ടിസഖാക്കള്‍ അവകാശപ്പെടുന്നത്. ഈ പാര്‍ട്ടി ഇന്ത്യ മുഴുവന്‍ വളര്‍ന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു  അവസ്ഥ എന്ന് ചിന്തിക്കാന്‍ തന്നെ ഭയമാകുന്നു.

സാധാരണഗതിയില്‍ ഭരണം കിട്ടിയാല്‍ മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ തനിനിറം ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. ഇപ്പോള്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഭരണം കൈയില്‍ ഉണ്ടാവൂ എന്ന് അറിയാവുന്നത്കൊണ്ട് തനിനിറം പുറത്ത് എടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് തെരുവുകള്‍ കലാപഭൂമിയാക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ കച്ച കെട്ടിത്തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്.  അടുത്ത പ്രാവശ്യം ഭരണം മാറുന്നത് കേരളത്തിന് കൂടുതല്‍ ദോഷമേ ചെയ്യൂ എന്നാണ് തോന്നുന്നത്.  കാരണം ഉമ്മന്‍ ചാണ്ടിയാണ് അടുത്ത മുഖ്യമന്ത്രി ആയി വരാന്‍ പോകുന്നത്.  പ്രതിപക്ഷനേതാവെന്ന നിലയില്‍ മാര്‍ക്സിസ്റ്റുകളുടെ സഹയാത്രികന്‍ എന്ന പോലെയാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചത്. പേരിന് ചില ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ചില പ്രസ്ഥാവനകള്‍ നടത്തി. അല്ലാതെ മാര്‍ക്സിസ്റ്റ് ഫാസിസ്റ്റുകള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് അഹിതമായ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. ഉമ്മഞ്ചാണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തന്ത്രപൂര്‍വ്വം സ്വന്തം വരുതിയിലാക്കി. ഈ അടവും തന്ത്രവും മാര്‍ക്സിസ്റ്റുകളില്‍ നിന്നാണ് ഉമ്മഞ്ചാണ്ടി അഭ്യസിച്ചത്. ആ കടപ്പാടാണ് ഉമ്മഞ്ചാണ്ടിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട്.

ഏ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിരുന്നു. അന്ന് നാട്ടില്‍ ഒരു കുഴപ്പവും നടന്നില്ല. മാര്‍ക്സിസ്റ്റ് ക്രിമിനലുകള്‍ക്ക് അടങ്ങിയൊതുങ്ങി കഴിയേണ്ടി വന്നു. കണ്ണൂര്‍ പോലും ശാന്തമായിരുന്നു.  ആന്റണിയെ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാടുകടത്തിയത് ഉമ്മഞ്ചാണ്ടിയുടെ തന്ത്രമാണ്.  വി.എം.സുധീരനെ പോലെ നല്ല നേതാക്കള്‍ മുഖ്യമന്ത്രിയാവാന്‍ കേരളത്തിലുണ്ട്. പക്ഷെ കുലീനരായവര്‍ കുതന്ത്രങ്ങള്‍ പയറ്റാന്‍ മുതിരാറില്ലല്ലൊ. ഇനി ഉമ്മഞ്ചാണ്ടിയുടെ കാലശേഷം മാത്രമേ മറ്റൊരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുകയുള്ളൂ, മറിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ .  അത്കൊണ്ട് ഭരണം മാറിയാലും ഉമ്മഞ്ചാണ്ടിയെക്കൊണ്ട് കേരളത്തിന് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാകാനില്ല. എന്നാല്‍ മാര്‍ക്സിസ്റ്റുകളുടെ അക്രമങ്ങള്‍ സഹിക്കുകയും വേണം.  എന്ന് വെച്ച് മാര്‍ക്സിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാതിരിക്കാനും കഴിയില്ല. ഇതാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ ഗതികേട്.

മാര്‍ക്സിസ്റ്റുകളുടെയും കുട്ടിസഖാക്കളുടെയും പ്രസംഗം പത്രങ്ങളില്‍ വായിക്കുമ്പോള്‍ ഇത്രയും അപരിഷ്കൃതമായ പാര്‍ട്ടി നിലനില്‍ക്കുന്ന നാട്ടില്‍ ജനിച്ചുപോയല്ലൊ എന്ന് ഖേദം തോന്നുന്നു. ഇങ്ങനെ പ്രസംഗിക്കുന്ന നേതാക്കളെ സഹിക്കുന്ന ഒരു നാട് ഇക്കാലത്ത് ലജ്ജിക്കണം.  കേരളത്തിലെ ജനങ്ങള്‍ എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ മാത്രമല്ല.  വോട്ട് ഭിന്നിച്ചുപോയില്ലെങ്കില്‍ ജനാധിപത്യവിശ്വാസികള്‍ തന്നെയാണ് കേരളത്തില്‍ എന്നും ഭൂരിപക്ഷം. ആ ജനാധിപത്യവിശ്വാസികളെ ഏകോപിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇന്ന് കേരളത്തിലില്ല. ഒരുകാലത്ത് കെ.കരുണാകരന് അത് സാധിച്ചിരുന്നു. ഉമ്മഞ്ചാണ്ടി ശരിക്ക് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകളുടെ ട്രോജന്‍ കുതിരയാണ്. ബംഗാളിലെ മമത ബാനര്‍ജിയെ പോലെ ഒരു നേതാവാണ് കേരളത്തിന്റെ ആവശ്യം.  ഈ യു.ഡി.എഫ്- എല്‍‌ഡി എഫ് വീതംവയ്പ്പ് ഭരണത്തില്‍ കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്.  ഈ സെറ്റപ്പാണ് ഉമ്മഞ്ചാണ്ടിക്ക് ഇഷ്ടം.  കുപ്പായത്തില്‍ തുള ഉണ്ടാക്കണമെന്നല്ലാതെ മേലനങ്ങണ്ടല്ലൊ.  രണ്ട് പ്രാവശ്യം യുഡി‌എഫ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നാല്‍ ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഡ്രസ്സ് കാണില്ല. അത് അസാധ്യമായ കാര്യമൊന്നുമല്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് സമാധാനപ്രേമികളെ പ്രകോപിപ്പിക്കാനേ കഴിയൂ. ആ പാര്‍ട്ടിയെ വെറുക്കുന്നവര്‍ക്കാണ് കേരളത്തില്‍ മുന്‍‌തൂക്കം.  അത്തരക്കാരെ ഒന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയമുന്നണി വളര്‍ന്ന് വരണം.  ഏതായാലും ഇത്രയും പറഞ്ഞെങ്കിലും ശ്രീമാന്‍ ഉമ്മഞ്ചാണ്ടിയോട് ഒരഭ്യര്‍ത്ഥനയുണ്ട്. താങ്കളായിരിക്കുമല്ലോ അടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. പോലീസിന് മുഖം നോക്കാതെ കൃത്യനിര്‍വ്വണം ചെയ്യാനുള്ള സ്വാതന്ത്ര്യം താങ്കള്‍ നല്‍കണം. അത്രയെങ്കിലും കേരളം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്. മാര്‍ക്സിസ്റ്റുകള്‍ക്ക് വേണ്ടത് എന്നും കുഴപ്പങ്ങളാണ്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികള്‍ക്ക് വെറുക്കപ്പെടുന്നവര്‍ ആകുന്നത്.