Links

Showing posts with label കെ.കരുണാകരന്‍. Show all posts
Showing posts with label കെ.കരുണാകരന്‍. Show all posts

ശ്രീ. കെ.കരുണാകരന്‍ ബാക്കി വെച്ചു പോയത് ....

ബ്ലോഗ് വായനക്കിടയില്‍  ഒരു പോസ്റ്റിന്റെ തലക്കെട്ട് കണ്ടത്  ലീഡര്‍ക്ക് ഇനി നമുക്ക് മാപ്പ് കൊടുത്തൂടെ ...  എന്നാണ്.  എന്തിനാണ് അല്ലെങ്കില്‍ ആരാണ് ലീഡര്‍ക്ക് മാപ്പ് കൊടുക്കേണ്ടത്?   കേരളത്തിലെ ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്ന സാധാ‍രണക്കാരുടെ മനസ്സുകളില്‍ ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അത് പക്ഷെ അവര്‍ക്ക് തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ വേദി ഉണ്ടായിരുന്നില്ല.  എന്തെന്നാല്‍ സാധാരണക്കാര്‍ക്ക് പത്രങ്ങളില്‍ എഴുതാന്‍ കഴിയില്ല.പ്രസംഗിക്കാന്‍ കഴിയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ കഴിയില്ല.  അവരുടെ നാക്കുകള്‍ക്ക് വളരെ പരിമിതിയുണ്ട്.  അന്യോന്യമുള്ള സംസാരം പോലും ഇപ്പോള്‍ അപൂര്‍വ്വമാണ്.  അത്കൊണ്ട് സാധാരണക്കാര്‍ ഇപ്പോള്‍ വെറും മൂകസാക്ഷികള്‍ മാത്രമാണ്.  ഒച്ച വെക്കുന്നവരുടെ ശബ്ദഘോഷങ്ങളാണ് സമൂഹത്തിന്റെ  അഭിപ്രായങ്ങളായി കരുതപ്പെടുന്നത്.  സാധരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആകെയുള്ള അവസരം  കൈയ്യില്‍ ഒരു ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ മാത്രമാണ്.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ നേതാ‍വിനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടാറില്ല.  വീതം വയ്പ്പിലൂടെ  സ്ഥാനം കരസ്ഥമാക്കുന്ന, യോഗ്യത കുറഞ്ഞവരെ അഗീകരിക്കുക എന്ന വിധിയാണ് അവര്‍ക്കുള്ളത്.

ശ്രീ.കെ.കരുണാകരന്‍ മരണപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ നേതാവ് എന്ന്  പ്രകടിപ്പിക്കാനുള്ള അവസരം സാധാരണക്കാര്‍ക്ക് കിട്ടിയത്.  മരണം സംഭവിച്ച് സംസ്ക്കാരം  നടക്കുന്നതിനിടിയില്‍ കഴിഞ്ഞുപോയ  രണ്ട് രാവും പകലും  കേരളം അക്ഷരാര്‍ത്ഥത്തില്‍ കണ്ണടച്ചില്ല. അന്ത്യയാത്ര കടന്നുപോയ വഴികളില്‍ നീളെ ആളുകള്‍  രാത്രി പുലരുന്നത് വരെയും കാത്തിരുന്നു.  ഒരു നേതാവിനും കേരളം ഇത്രയും  വികാരനിര്‍ഭരമായ അന്ത്യോപചാരം  നല്‍കിയിട്ടില്ല.  അന്തരിച്ച ലീഡറോട് ജനങ്ങള്‍ക്കുള്ള വികാരവാ‍യ്പ്പ് കണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീ‍യ എതിരാളികള്‍ അന്തം വിട്ടുപോയിട്ടുണ്ടാവണം.  തങ്ങള്‍ എത്ര നിസ്സാരന്മാര്‍ എന്ന് ഒരു ഗണം അവര്‍ ആലോചിച്ചു പോയിട്ടുണ്ടാവും.

മാപ്പ് ചോദിക്കാന്‍ മാത്രം  എന്ത് അപരാധമായിരുന്നു കരുണാകരന്‍ കേരളത്തോട്  ചെയ്തിരുന്നത്?  പാമോയില്‍ കേസ് അവിടെ നില്‍ക്കട്ടെ.  ഇറക്കുമതിയില്‍ നഷ്ടം ഏര്‍പ്പെട്ടു എന്നാണ് കേസ്.  ഇറക്കുമതിയില്‍ അഴിമതി ആരോപിച്ചിട്ടില്ല.  ബംഗാളില്‍ അതേ പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായതിനെക്കാളും ലാഭം കേരളത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായിട്ടുണ്ട്.  പിന്നെയുള്ളത് രാജന്‍ കേസ് ആണ്.  രാജന്‍ കൊല ചെയ്യപ്പെട്ടത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരമാണ്.  എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.  രാജന്‍ കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ കൊലയാളി എന്നും കരിങ്കാലി എന്നും  അദ്ദേഹം  നിരന്തരം  എതിരാളികളാല്‍ തേജോവധം ചെയ്യപ്പെട്ടു.  എന്നാല്‍ അത്തരം  പ്രചാര വേലകള്‍ ഒന്നും അദ്ദേഹത്തിന് ഏശിയിരുന്നില്ല.

മഹാത്മാ ഗാന്ധിജിയും  ഇന്ദിരാ ഗാന്ധിയും  രാജീവ് ഗാന്ധിയും  എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.  രാഷ്ട്രീയപ്പകയാല്‍  എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.  ഈച്ചരവാര്യരുടെ ദു:ഖം മാത്രം  ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത്  അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.  എന്താണ് ആ പകയ്ക്ക് കാരണം?  കേരളം  തീര്‍ത്തും  മാര്‍ക്സിസ്റ്റ് അധീനതയില്‍  അകപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്ഥാനമാ‍യിരുന്നു.  അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പൌരസ്വാതന്ത്ര്യം എന്നത്  ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.  അങ്ങനെ മാര്‍ക്സിസ്റ്റ് കുത്തക ആകുമായിരുന്നതില്‍ നിന്ന് അദ്ദേഹം തന്റെ അസാമാന്യമായ നേതൃപാടവം കൊണ്ടും  സംഘാടനശേഷി കൊണ്ടും  കേരളത്തെ രക്ഷിച്ചെടുത്തു.  ആ  ജനാധിപത്യ കേരളത്തെ ഇവിടെ ബാക്കി വെച്ചിട്ടാണ്  ലീഡര്‍ നമ്മോട്  വിട പറഞ്ഞത്.

അദ്ദേഹം ബാക്കി വെച്ച കേരളം ഇനിയൊരിക്കലും  മാര്‍ക്സിസ്റ്റ്  കുത്തകാധിപത്യത്തില്‍ അകപ്പെടാതെ ഇവിടെ ഉണ്ടാവും.  അതിന്റെ രാഷ്ട്രീയ ഗുണഫലം  കോണ്‍ഗ്രസ്സിലെ  വീതം വയ്പ്പ് വിരുതന്മാര്‍ അനുഭവിച്ചു പോകുന്നെങ്കില്‍ അനുഭവിച്ച് പോകട്ടെ.  നമ്മള്‍ സാധാരണക്കാര്‍ക്ക്  നിര്‍ഭയം വഴി നടന്നു പോകാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മതി.  മുരളിയെ തിരിച്ചെടുക്കുന്നതെല്ല്ലാം അവരുടെ കാര്യം.  മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എത്രയോ പ്രാവശ്യം  കരുണാകരന്‍  ഡല്‍ഹിയില്‍ പോയി ഹൈക്കമാന്റിനെ കണ്ടു.  മുരളി തന്നെ പരസ്യമായി മാപ്പ് പറഞ്ഞു.  എന്നിട്ടും അദ്ദേഹം  മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും  മുരളിയെ തിരിച്ചെടുക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട്  അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള  സന്മനസ്സ് ഇവിടത്തെ  വീതംവയ്പ്പ്  വീരന്മാര്‍ക്ക് ഉണ്ടായില്ല.

രാഷ്ട്രീയ എതിരാളികളുടെ മാപ്പ് അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. എന്തെന്നാല്‍ അവരോട്  ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല്ല.  നേരെ മറിച്ച്  കോണ്‍ഗ്രസ്സിലെ  വീതംവയ്പ്പ് നേതാക്കളാണ് അദ്ദേഹത്തോട്  കടുത്ത തെറ്റ് ചെയ്തുകൊണ്ടേയിരുന്നത്.  ഇല്ല്ലാത്ത ചാരക്കേസില്‍  കുടുക്കി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കിയത് ഇപ്പറഞ്ഞ കോണ്‍ഗ്രസ്സുകാരാണ്.  ആ കേസ് ചാരമായിട്ടും അദ്ദേഹത്തോട് മാപ്പ് പറയാനുള്ള  മാന്യത അവര്‍ കാണിച്ചില്ല.  കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് പോയി പാര്‍ട്ടിയെ അങ്ങേയറ്റം ദ്രോഹിച്ചവരും , കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരും  പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നവരും,  ചേര്‍ന്നവരുമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ള അധികം പേരും. അവരോളം തെറ്റ്  കരുണാകരനോ മുരളിയോ കോണ്‍ഗ്രസ്സിനോട് ചെയ്തിട്ടില്ല.  ഇതൊന്നും പക്ഷെ പറഞ്ഞിട്ട് കാര്യമില്ല.  കറക്ക് കമ്പനികള്‍ക്ക്   സംഘടനയെ വരുതിയിലാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നതാണ്  നമ്മള്‍ കാണുന്നത്. കോണ്‍ഗ്രസ്സിന്റെ കാര്യം മാത്രമല്ല.

രാജന്‍ കേസ് ആളുകള്‍  ഇത്രയും പ്രധാനമായി കാണാന്‍ കാരണം  ഈച്ചരവാര്യര്‍ കൊടുത്ത കേസും  അതിന്റെ അനന്തര നടപടികളും വിധിയും ഒക്കെയാണ്.  ഈച്ചരവാര്യരുടെ കൃതിയും  പിറവി എന്ന സിനിമയും ഒക്കെ ഒരു ഘടകമാണ്. എന്നാല്‍ കൊല്ലപ്പെടുന്നവരുടെയെല്ലാം ബന്ധുക്കളുടെ ദു:ഖം ഒരു പോലെയാണെന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല.  ആര് ആരെ കൊന്നാലും തെറ്റാണ്, അപലപിക്കപ്പെടേണ്ടതാണ്.  മറ്റൊരു മനുഷ്യനെ കൊല്ലാന്‍  ആര്‍ക്കും തോന്നാന്‍ പാടില്ലാത്തതാണ്.  എന്തെന്നാല്‍ ഏതൊരു മനുഷ്യന്റെയും  ആയുസ്സ് നിശ്ചിതമാണ്.  കൊല്ലപ്പെട്ടവന്‍ വേഗം ചത്തു എന്നേയുള്ളൂ ,  കൊന്നവന്‍ ചാകാന്‍ കുറച്ച് കാലം കഴിയണം എന്നും.

രാജന്റെ കൊലപാതകവുമായി കരുണാകരന് ബന്ധമുള്ളത്  ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മാത്രമാണ്.   നക്സലുകള്‍  ആളുകളുടെ തല അറുത്ത് വീട്ടിന്റെ മതിലുകളില്‍ കൊണ്ടുവെക്കുന്ന കാലമായിരുന്നു അത്.  വര്‍ഗ്ഗശത്രുവിന്റെ ഉന്മൂലനമായിരുന്നു അന്ന് നക്സലുകളുടെ പ്രഖ്യാപിതപരിപാടി.  നക്സലുകള്‍ ആളെക്കൊല്ലുന്നതും തെറ്റ് തന്നെയാണ്.  ആ നക്സലുകളെ  അമര്‍ച്ച  ചെയ്യുക എന്നത്  അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു.  ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്.  രാജനെ പ്രത്യേകമായി പിടിച്ചുകൊല്ലണം എന്ന്  അന്ന്  ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ഉത്തരവ് ഇട്ടിട്ടില്ല. കൊന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീ‍സ്കാര്‍ക്കാണ്.  പ്രതികളെ പിടിച്ചു കൊല്ലാന്‍ പോലീസുകാരെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയൊരു വകുപ്പും ഇല്ല. എന്നിട്ടും ഇന്നും പോലീസുകാര്‍ പ്രതികളെ കൊല്ലുന്നു.  സമൂഹത്തിലും പോലീസിലും ഇന്നും കൊലപാതകികളും കൊലപാതകം ചെയ്യാ‍ന്‍ നെഞ്ചുറപ്പുള്ളവരും വിഹരിക്കുന്നുണ്ട്  എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ലീഡര്‍ക്ക് ആരും  മാപ്പ് കൊടുക്കേണ്ടതില്ല എന്നാണ്.  ലീഡറോട് അനീതി കാണിച്ച കോണ്‍ഗ്രസ്സിലെ വീതംവയ്പ്പ്  ഭാരംതാങ്ങികളാണ് ജനങ്ങളോട് മാപ്പ് ചോദിക്കേണ്ടിയിരുന്നത്.  പക്ഷെ അതിന്റെ ആവശ്യം അവര്‍ക്ക്  വരുന്നില്ല.  എന്തെന്നാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനേ വോട്ട് ചെയ്യാന്‍ പറ്റൂ.  കരുണാകരനോട് അനീതി കാണിച്ചു എന്ന് വെച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചാല്‍ ,  അത് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യവും  അടിമത്വം ഇരന്ന് വാങ്ങുന്നതിന് സമവും ആകുമെന്ന്  ജനങ്ങള്‍ക്കറിയാം.  അത്തരത്തിലുള്ള  ഒരു  പാര്‍ട്ടി സംവിധാനമാണല്ലോ അപ്പുറത്ത് ഉള്ളത്.  ചുരുക്കത്തില്‍  ഉമ്മന്‍ ചാണ്ടി- ചെന്നിത്തല  വീതംവയ്പ്പ് പ്രഭൃതികളെ താങ്ങി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്.  മാര്‍ക്സിസ്റ്റ് വിരോധം ഒന്ന് മാത്രമാണ് ആളുകളെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.  അവര്‍ പറയുന്നത് പോലെ ഒരു യഥാര്‍ഥ ഇടത്പക്ഷമായിരുന്നു സി.പി.എം. എങ്കില്‍  ,  ആക്രമണവും നാടന്‍ ബോമ്പും , കള്ളവോട്ടും  ധാര്‍ഷ്ട്യവും വെടിയാന്‍ അണികളോട്  നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍  പാര്‍ട്ടിക്ക്  അമിതമായ ആസ്ഥി വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.  മെയ്യനങ്ങാതെ  ഇസ്തിരി ചുളിയാത്ത ഖദര്‍ധാരികളുടെ പത്രാസ് അപ്പോള്‍ കാണാമായിരുന്നു.  പക്ഷെ സി.പി.എമ്മിന് ഇനി മാറാന്‍ കഴിയില്ല.  ആദര്‍ശത്താല്‍ പ്രചോദിതരായി കമ്മ്യൂണിസം  സ്വീകരിച്ചവരുടെ കൈയ്യിലല്ല ആ പാര്‍ട്ടിയും ഇന്ന്.

കേരാളത്തിന്റെ വികസനത്തിലും പുരോഗതിയിലും  കരുണാകരന്റെ മുദ്രയുമുണ്ട്.  പക്ഷെ അതിനേക്കാളും എല്ലാമുപരി അദ്ദേഹം നമുക്കായി ബാക്കി വെച്ചത് ബംഗാളാകാത്ത ഒരു കേരളമാണ്.  അതിനായി മാത്രമെങ്കിലും ജനാധിപത്യകേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു ......

(എന്റെ ഒരു പഴയ പോസ്റ്റും വായിക്കാം)

കരുണാകരന്റെ കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചു പോക്ക് സ്വാഗതാര്‍ഹം !


കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുകയും , എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരേയൊരു നേതാവാണ് ശ്രീ.കെ.കരുണാകരന്‍ . അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചു പോക്ക് ജനാധിപത്യ വിശ്വാസികള്‍ പൊതുവേ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല .
കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ഒരു വ്യക്തിത്വമാണ് കരുണാകരന്റേത് . അണികള്‍ക്ക് ഇത്രയധികം ആരാധ്യനാകാന്‍ എന്ത് സവിശേഷതയാണ് കരുണാകരനിലുള്ളത് ? ഉത്തരം ഒന്ന് മാത്രം ! കേരളത്തില്‍ ഇന്നും ജനാധിപത്യം അഭംഗുരം പുലരുന്നുണ്ടെങ്കില്‍ , അതിന്റെ കാരണം കരുണാകരന്റെ രാഷ്ട്രീയ നേതൃത്വം ഒന്ന് കൊണ്ട് മാത്രമായിരുന്നു .

കേരളത്തില്‍ മൃതപ്രായമായിരുന്ന കോണ്‍ഗ്രസ്സിന് പുതുജീവന്‍ നല്‍കി അതിനെ ഒരു ജനകീയ ജനാധിപത്യ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ കഴിഞ്ഞത് കരുണാകരന്റെ കിടയറ്റ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഒന്ന് കൊണ്ട് മാത്രമാണ് . അല്ലെങ്കില്‍ കേരളം 1967 മുതല്‍ തന്നെ ഒരു ബംഗാളായാനേ ! 77 ന് ശേഷമാണ് ബംഗാള്‍ ഇന്ന് കാണുന്ന ബംഗാളായത് . 30 വര്‍ഷത്തെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണം ബംഗാളിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ബംഗാളാക്കിയിട്ടുണ്ട് . എന്താണ് ബംഗാള്‍ എന്ന് അവിടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ചവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് .

കരുണാകരന്‍ ഒരു പ്രായോഗിക രാഷ്ട്രീയനേതാവ് മാത്രമാണ് . അദ്ദേഹത്തിന് ആദര്‍ശത്തിന്റെ അസ്ക്യത തീരെയില്ല . എന്നാല്‍ അദ്ദേഹം രൂപം നല്‍കിയ ഐക്യജനാധിപത്യമുന്നണി എന്ന മഹാപ്രസ്ഥാനമായിരുന്നു , കേരളത്തെ ഒരു ബംഗാളാകാതെ സംരക്ഷിച്ചത് . കേരളം ബംഗാളായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ? അത് ഓര്‍ക്കുവാന്‍ പോലും കഴിയില്ല . ഒന്ന് മാത്രം പറയാം , സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി ഞാന്‍ ഈ ബ്ലോഗ് പബ്ലിഷ്
ചെയ്യുകയില്ലായിരുന്നു !

എതിരാളികളാല്‍ ഇത്രമാത്രം പരിഹസിക്കപ്പെടാന്‍ മാത്രം എന്ത് അപരാധമാണ് ശ്രീ.കരുണാകരന്‍ ചെയ്തത് ? ഒന്ന് പറയുന്നത് , അദ്ദേഹം മക്കളെ വല്ലാതെ സ്നേഹിച്ചു , അവരെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നു എന്നാണ് . ആരാണ് മക്കളെ സ്നേഹിക്കാത്തത് ? മക്കളെയോ , ബന്ധുക്കളെയോ , ഭാര്യയെയോ, ഭാര്യവീട്ടുകാരെയോ , സില്‍ബന്ധികളെയോ രാഷ്ട്രീയത്തില്‍ കൊണ്ടു വരാത്ത ഏത് രാഷ്ട്രീയപ്പാര്‍ട്ടിയുണ്ട് ഇന്ത്യയില്‍ ?

മറ്റൊന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ രാജന്‍ എന്ന വിദ്യാര്‍ത്ഥി പൊലീസുകാരാല്‍ കൊല്ലപ്പെട്ടു എന്നതാണ് . ആ ഒറ്റക്കാരണം കൊണ്ട് കൊലയാളി കരുണന്‍ എന്ന് വിളിക്കപ്പെട്ട നേതാവാണ് അദ്ദേഹം . മറ്റ് നേതാക്കളാരും ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരിക്കുമ്പോള്‍ പോലീസുകാരാല്‍ ആരും തന്നെ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടില്ലേ ? വയനാടിന്റെ രോമാഞ്ചമായിരുന്ന വര്‍ഗ്ഗീസിനെ എങ്ങിനെയാണ് കൊന്നത് ? അന്നത്തെ ആഭ്യന്തരമന്ത്രിയെ ആരെങ്കിലും കൊലയാളി എന്ന് വിളിച്ചോ ?

കോണ്‍ഗ്രസ്സ് വിട്ട് ഗതി പിടിക്കാതെ വീണ്ടും കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നു എന്നതാണ് ലേറ്റസ്റ്റ് പരിഹാസം . ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കോണ്‍ഗ്രസ്സ് വിട്ട് വീണ്ടും തറവാട്ടിലേക്കെന്ന് പറഞ്ഞ് തിരിച്ചു വന്നവരല്ലാത്ത എത്ര നേതാക്കളുണ്ട് കോണ്‍ഗ്രസ്സില്‍ ? ഇനി കോണ്‍ഗ്രസ്സിനെ തന്നെ തെറി വിളിക്കുന്നവരോടൊരു ചോദ്യം ! എല്ലാ കുറ്റവും കോണ്‍ഗ്രസ്സിന്റേത് തന്നെ , എന്നാല്‍ കോണ്‍ഗ്രസ്സിനെക്കാളും മികച്ച പാര്‍ട്ടി ഏതാണ് ഇന്ത്യയില്‍ ? എന്താണ് ആ മികവ് ?
ഞാന്‍ എന്റെ ഒരു പഴയ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നു :
" ഇന്ത്യയുടെ ആത്മാവ് ആവാഹിച്ചെടുത്ത ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന് ആലങ്കാരിക ശൈലിയില്‍ പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃപേടകമാണ് കോണ്‍ഗ്രസ്സ് . ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെറ്റി പിരിഞ്ഞ് പലരും പല പാര്‍ട്ടികളുണ്ടാക്കി . കോണ്‍ഗ്രസ്സിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് എല്ലാ പാര്‍ട്ടികളും ഇവിടെ വളര്‍ന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഈ ജനാധിപത്യ സ്വാതന്ത്ര്യവും , പുരോഗതിയുമുണ്ടാവാന്‍ കോണ്‍ഗ്രസ്സാണ് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഇന്ത്യയില്‍ മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായേനേ . ജനസംഘത്തിനാണ് മുന്‍‌തൂക്കമായിരുന്നെങ്കില്‍ ഒരു ഹിന്ദു രാഷ്ട്രമായി ഇന്നത്തെ പാകിസ്ഥാനേക്കാള്‍ മോശമായേനേ . അല്ല , ഇന്നുള്ള പോലെ പ്രാദേശിക കക്ഷികള്‍ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഛിന്നഭിന്നമായി കൊച്ചു കൊച്ചു രാജ്യങ്ങളായി ചിതറിത്തെറിച്ചേനേ !

എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ചില നടപകളിലൂടെ അതായത് മുഴുവന്‍ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള കുത്സിതശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സ് ഒരു സ്തുതിപാഠക വൃന്ദമായി അധ:പതിച്ചു . എന്നാലും കോണ്‍ഗ്രസ്സ് എത്ര ദുഷിച്ചാലും , കോണ്‍ഗ്രസ്സിനേക്കാളും മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഞാന്‍ കരുതുന്നു."
ഇന്ത്യന്‍ ജനാധിപത്യം ഇന്ന് ഗുരുതരമായ ഒരു പ്രതിസന്ധിയിലാണ് . കോണ്‍ഗ്രസ്സ് എന്ന ദേശീയ പ്രസ്ഥാനത്തിന് മാത്രമേ ഇന്ത്യയെ , ഇന്ത്യയായി നിലനിര്‍ത്താന്‍ കഴിയൂ . കോണ്‍ഗ്രസ്സ് ശിഥിലമായാല്‍ ഇന്ത്യ ശിഥിലമായി എന്നാണര്‍ത്ഥം . അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നത് നമ്മുടെ അയല്‍ രാജ്യങ്ങള്‍ തന്നെയാണ് .

കുറേ നാളത്തെ രാഷ്ട്രീയ നിരീക്ഷണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം , സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാത്രമാണ് നാട്ടില്‍ ഐശ്വര്യമുണ്ടാവുന്നത് എന്നാണ് . കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും ഊര്‍ജ്ജസ്വലനായിരുന്ന നേതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ന് കാണുന്ന ഈ വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് നാന്ദി കുറിച്ചത് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും സമ്മതിക്കും .
കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ ! കോണ്‍ഗ്രസ്സിന്റെ ജനദ്രോഹനയങ്ങളാണ് ഇവിടത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് നിങ്ങള്‍ 1947 ആഗസ്റ്റ് 15 മുതല്‍ പറഞ്ഞു വരുന്നുണ്ടല്ലോ . ഒന്നുമില്ലായ്മയില്‍ നിന്ന് ഈ മഹാരാജ്യത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ നിങ്ങളുടെ നേതാക്കളുടെ സംഭാവന എന്താണ് ? കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ തെറ്റാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്നുണ്ടല്ലോ . നിങ്ങളുടെ നയങ്ങളാണ് ഇന്ത്യ പിന്‍‌തുടര്‍ന്നിരുന്നുവെങ്കില്‍ രാജ്യം ഇന്ന് ഈ കാണുന്ന അവസ്ഥയില്‍ ഉണ്ടാകുമായിരുന്നോ ?

ഇന്ത്യയുടെ അഖണ്ഡതയ്ക്കും , മതേതരത്വത്തിനും , ജനാധിപത്യത്തിനും ഏറ്റവും ഭീഷണി ഇന്ന് ബി.ജെ.പി എന്ന ആസുരസംഘടനയാണ് . വാജ്‌പൈയുടെ മന്ദസ്മിതം തൂകുന്ന ശാന്തമുഖം ബി.ജെ.പി ക്ക് നഷ്ടമായി . പകരം കിട്ടിയത് നരേന്ദ്രമോഡിയുടെ ദാര്‍ഷ്ട്യവും രൌദ്രവും നിറഞ്ഞ അസുരമുഖമാണ് . ഇവിടെ നമുക്കും നമ്മുടെ പിന്‍‌ഗാമികള്‍ക്കും സമാധാനത്തോടെ തുടര്‍ന്നും ജീവിയ്ക്കണമെങ്കില്‍ ചിന്തിക്കുന്ന എല്ലാവരുടെയും കടമ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുക എന്നതാണ് . കാരണം മുഴുവന്‍ ഇന്ത്യക്കാരെയും , ഭാഷയുടെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ ജാതിയുടേയോ വര്‍ഗ്ഗങ്ങളുടെയോ പേരിലല്ലാതെ പ്രതിനിധാനം ചെയ്യുന്ന ഒരേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമാണ് . എല്ലാം നമ്മുടെ കൈയില്‍ നിന്ന് കൈവിട്ട് പോയാല്‍ പിന്നെ പശ്ചാത്തപിച്ചിട്ട് കാര്യമുണ്ടാവുകയില്ല . ലീഡര്‍ കരുണാകരന്‍ നല്‍കുന്ന സന്ദേശം അതാണ് !