Links

Showing posts with label ലാവലിന്‍. Show all posts
Showing posts with label ലാവലിന്‍. Show all posts

ലാവലിൻ കേസും കണ്ടൽക്കാടും

ലാവലിൻ ഇടപാടിൽ പിണറായി വിജയൻ ഇടനിലക്കാരിൽ നിന്ന് പണം കൈപ്പറ്റുന്നതിന് തെളിവില്ല എന്ന് സി.ബി.ഐ. കോടതി മുമ്പാകെ ബോധിപ്പിച്ച വാർത്ത പത്രങ്ങളിൽ വന്നയുടനെ അത് പാർട്ടി പത്രവും ,പാർട്ടിചാനലും പാർട്ടി ബ്ലോഗർമാരും നല്ലവണ്ണം ആഘോഷിച്ചു. പിണറായി കുറ്റവിമുക്തനായ പ്രതീതിയാണ് രണ്ട് ദിവസം സൃഷ്ടിക്കപ്പെട്ടത്. എന്നാ‍ൽ പണം വാങ്ങുന്നതിന് തെളിവില്ല എന്ന് മാത്രമേ സി.ബി.ഐ.പറഞ്ഞിട്ടുള്ളൂ എന്നും സർക്കാറിന് നഷ്ടവും ലാവലിൻ കമ്പനിയ്ക്ക് നേട്ടവും ഉണ്ടാകത്തക്കവിധം ലാവലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ട് എന്ന കേസ് വിചാരണ പോലും തുടങ്ങിയിട്ടില്ല എന്ന സത്യം സുബോധമുള്ള എല്ലാവർക്കും അപ്പോഴും അറിയാമായിരുന്നു. അല്ലെങ്കിലും തെളിവുകൾ ബാക്കിയാകാൻ മാത്രം സാക്ഷികളെ നിർത്തിക്കൊണ്ട് ആരെങ്കിലും കോഴപ്പണം കൈപ്പറ്റുമോ? ഏതെങ്കിലും അഴിമതിയിൽ പണം വാങ്ങുന്നതിന് തെളിവുകൾ ഉണ്ടാകുമോ? തെളിവുകൾ ഇല്ല എന്നതിന്റെ പേരിൽ ഈ രാ‍ജ്യത്ത് ആരും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നില്ല എന്ന് അർത്ഥമുണ്ടോ? പിന്നെ ഈ ആഡംബരജീവിതമൊക്കെ സാധ്യമാകുന്നത് എങ്ങനെ?

ലാവലിൻ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന തങ്ങളുടെ നിലപാട് സി.ബി.ഐ. തന്നെ ശരി വച്ചിരിക്കുന്നു എന്നാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. ആറെസ്പിയുടെ ഇന്ദുചൂഢൻ പറഞ്ഞത്, കേന്ദ്രം രാഷ്ട്രീയപക പോക്കലിന് സി.ബി.ഐ.യെ ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ് ഇതെന്നാണ്. രണ്ട് ദിവസം സഖാക്കൾക്ക് സി.ബി.ഐ. വേണ്ടപ്പെട്ടതായി മാറിയ കാഴ്ച കൌതുകകരമായിരുന്നു. എന്റെ കൈകൾ ശുദ്ധമെന്ന് പിണറായിയും കിട്ടിയ ചാൻസിന് വെച്ചുകാച്ചി. എന്നാൽ രാഷ്ട്രീയത്തിൽ ഒരു പൊന്നുമോന്റെയും കൈകൾ ശുദ്ധമല്ല എന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമ്പാദിക്കാൻ തന്നെയാണ് ഇന്ന് ആളുകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും രാഷ്ട്രീയം കൊണ്ടുനടക്കുന്നതും. സ്വാതന്ത്ര്യം നേടാൻ കോൺഗ്രസ്സുകാരും വിപ്ലവം നടത്താൻ കമ്മ്യൂണിസ്റ്റുകളും ഇറങ്ങിപ്പുറപ്പെട്ടതൊക്കെ അന്തകാലം.രണ്ട് ദിവസം കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മാധ്യമസിണ്ടിക്കേറ്റും സി.ബി.ഐ.യും അതിന്റെ വർഗ്ഗസ്വഭാവം കാണിച്ചു. ലാവലിൻ കേസിൽ ആർക്കും ക്ലീൻ‌ചിറ്റ് നൽകിയിട്ടില്ല എന്നാണ് ഇപ്പോൾ സി.ബി.ഐ. കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പിണറായി പണം (കോടികൾ എന്ന് പത്രം) വാങ്ങുന്നത് കണ്ടതായി ഒരു ദീപക് കുമാറിന്റെ പരാതി സി.ബി.ഐ.ക്ക് ലഭിച്ചതായും കോടതിയെ അറിയിച്ചിരിക്കുന്നു.

ഇത്തരം അഴിമതികളും കേസും വിചാരണയും ഒന്നും ഇവിടെ പുത്തരിയല്ല. അഴിമതി നടത്തിയതിന്റെ പേരിലോ അവിഹിതമായി ധനം സമ്പാദിച്ചതിന്റെ പേരിലോ ഒരു നേതാവും ഇവിടെ രാഷ്ട്രീയം ഉപേക്ഷിച്ചു പോയിട്ടില്ല. തൽക്കാലം കുറച്ച് നാളത്തേക്ക് മറഞ്ഞിരുന്നാലും പിന്നീട് താരപ്രഭയോടെ തിരിച്ചു വരാറാണ് പതിവ്. കാരണം നേതാക്കൾ ഇല്ലെങ്കിൽ ഈ രാജ്യവും ജനങ്ങളും പാ‍ർട്ടികളും എല്ലാം അനാഥമായിപോകും. ഇല്ലാത്ത ബില്ല് പാസ്സാക്കി ഖജനാവിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇറങ്ങേണ്ടി വന്ന നേതാവ് അടുത്ത നാൾ കയറിയിരുന്നത് കേന്ദ്രന്റെ റെയിൽ‌വേ മന്ത്രിക്കസേരയിലാണ്. പിണറായിയ്ക്കും ഒരു ചുക്കും സംഭവിക്കില്ല. കേസ് എന്നെങ്കിലും ഒരു വഴിക്ക് ആകാനും പോകുന്നില്ല.

ലാവലിൻ കേസിൽ പക്ഷെ ഒരു പ്രത്യേകതയുണ്ട്. അത് സാധാ‍രണ അഴിമതിക്കേസ് പോലെയല്ല. സി.പി.എമ്മിനെ തകർക്കാൻ വേണ്ടിയാണ് ഈ കേസിൽ പാർട്ടി സെക്രട്ടരിയും പി.ബി.അംഗവുമായ പിണറായിയെ പ്രതിയാക്കിയത് എന്നാണ് ആരോപണം. അതായത് പാർട്ടിയെ തകർക്കണമെങ്കിൽ സെക്രട്ടരിയെ കേസിൽ കുടുക്കി ശിക്ഷിച്ചാൽ മതി എന്ന് സാരം. സി.പി.എം. എന്ന പാർട്ടി ഇത്രയ്ക്കേ ഉള്ളോ? പിണറായി ശിക്ഷിക്കപ്പെട്ടാൽ പാർട്ടി തകരുമോ? കേസും ശിക്ഷയും എന്തോ ആകട്ടെ, ഇന്നത്തെ നിലയിൽ സി.പി.എമ്മിന് പിണറായി ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്ത്കൊണ്ടാണത്? അത്രയ്ക്കും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന ത്യാഗിയും വിപ്ലവകാരിയുമായ ജനകീയനേതാവാണോ അദ്ദേഹം? അതറിയണമെങ്കിൽ ഈ പാർട്ടിയെക്കുറിച്ച് എന്തെങ്കിലും കുറച്ച് മനസ്സിലാക്കണം. ആയിരക്കണക്കിലല്ല, പതിനായിരക്കണക്കിലുമല്ല (ലക്ഷക്കണക്ക് തന്നെ പറയേണ്ടി വരും) ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ് ഇന്ന് പാർട്ടി. അത് നടത്തിക്കൊണ്ട് പോകാൻ അസാമാന്യമായ മാനേജ്‌മെന്റ് വൈദഗ്ദ്യം വേണം. വെറും രാഷ്ട്രീയം മാത്രം പോര.

തച്ചങ്കിരി ഗൾഫിൽ പോയത് സത്യമാണോ, എന്തിനാണ് പോയത് എന്നൊന്നും നമുക്കറിയില്ല. എന്നാൽ പിണറായി ഗൾഫിൽ പോയത് എന്തിനാണെന്ന് കണ്ണൂരിൽ ഒരു ജയരാജൻ വിശദീകരിച്ചിട്ടുണ്ട്. ദേശാഭിമാനിക്ക് ഫണ്ട് പോരാതെ വന്നപ്പോൾ പണ്ട് ഏ.കെ.ജി.യോ ഇ.എം.എസ്സോ മറ്റോ സിലോണിൽ പോയിട്ടുണ്ടത്രെ പണം പിരിക്കാൻ വേണ്ടി. അത്കൊണ്ട് പണം പിരിവ് മോശം ഏർപ്പാടല്ല. ഒരു ദിവസത്തെ ബക്കറ്റ് പിരിവ്കൊണ്ട് കിട്ടിയ ആറ് കോടി കൊടുത്ത് കണ്ണുർ നഗരത്തിൽ മൂന്ന് ഏക്കറയിൽ അധികം സ്ഥലം വാങ്ങി. അവിടെ നായനാരുടെ പേരിൽ അക്കാദമി പണിയണം. അതിന് വേണ്ടി പണം പിരിക്കാനാണ് അദ്ദേഹം ഗൾഫിൽ പോയത് പോലും. ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പ്രവാസികളുടെ മുന്നിൽ തുറന്ന് കാണിക്കാനും അദ്ദേഹം അവിടെ തയ്യാറായി. നായനാർ അക്കാദമി എന്നത് പാർട്ടിപ്രവർത്തകരുടെ സ്വപ്നമാണെന്നാണ് ജയരാജൻ പറഞ്ഞത്. ഇമ്മാതിരി സ്വപ്നങ്ങൾ പ്രവർത്തകർ കാണുമ്പോൾ നേതാക്കൾക്ക് ഗൾഫിൽ പോയിട്ടായാലും പണം പിരിക്കാതിരിക്കാൻ കഴിയുമോ? അധികമധികം സ്ഥലങ്ങൾ അധികമധികം കെട്ടിടങ്ങൾ , അക്കാദമികൾ , സംരംഭങ്ങൾ , തീം പാർക്കുകൾ ഇതൊക്കെയാണ് ഇപ്പോൾ പാർട്ടിപ്രവർത്തകരുടെ സ്വപ്നങ്ങൾ .

മറ്റൊരു സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് ഇപ്പോൾ പാർട്ടിപ്രവർത്തകർ. അത് വളപട്ടണം പുഴയുടെ ഇരുകരകളിലും കിലോമീറ്ററുകളോളം ദൂരത്തിൽ ഏക്കർ കണക്കിൽ വിസ്തൃതിയിൽ കണ്ടൽ‌ക്കാടുകൾ നശിപ്പിച്ച് തീം പാർക്ക് സ്ഥാപിക്കുക എന്നതാണ്. ഇക്കോ-ടൂറിസം പദ്ധതി എന്നാണ് ഓമനപ്പേര്. പതിവ് പോലെ അതിനായി ഒരു സൊസൈറ്റിയും. ചില പരിസ്ഥിതിവാദികൾ മുറവിളി കൂട്ടുന്നുണ്ട്. ചിലർ റോഡിൽ ഉപവാസവും അനുഷ്ഠിച്ചിരുന്നു. അതൊക്കെ കൈകാര്യം ചെയ്യാൻ ആരും പഠിപ്പിക്കേണ്ടതില്ല. ഇനി കണ്ടൽ‌ക്കാടുകളുടെ സ്ഥാനത്ത് കൂറ്റൻ കെട്ടിടങ്ങൾ എപ്പോൾ ഉയരുമെന്ന് കാത്തിരുന്നാൽ മതി. ഇതേ പോലെയാണ് മുൻപ് തലശ്ശേരിക്കടുത്ത് കണ്ടൽക്കാടുകൾ മണ്ണിട്ട് നികത്തി സിറ്റി സെന്റർ നിർമ്മിക്കുമ്പോൾ ഏതാനും പരിസ്ഥിതിവാദികൾ അലമ്പുണ്ടാക്കാൻ നോക്കിയത്. എന്നിട്ടെന്തായി? ശാരദ ടീച്ചറുടെ എതിർപ്പ് കാരണം നായനാരുടെ പേര് ഇട്ടില്ല എന്ന് മാത്രം. പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾ പാർട്ടിക്ക് അക്ഷയഖനി ആകാൻ പോവുകയാണ്. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രവും വരുതിയിലാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വിജയിക്കാതിരിക്കാൻ ന്യായമില്ല. ബൂർഷ്വയുടെ ജനാധിപത്യമാണ് ഇവിടെ ഉള്ളതെങ്കിലും കേരളത്തിൽ അത് ഏറ്റവും അധികം മുതലാക്കുന്നത് സി.പി.എം. എന്ന സ്ഥാപനമാണ്.

പിണറായി വിജയന് ഒരു തുറന്ന കത്ത് !

ബഹുമാനപ്പെട്ട പിണറായി സഖാവിന്,

താങ്കള്‍ തീര്‍ച്ചയായും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവാണ്. എന്നാല്‍ പാര്‍ട്ടി എന്നത് ഒരു തുടര്‍ച്ചയാണ്. അനേകലക്ഷം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‍ ആ പാര്‍ട്ടി. താങ്കള്‍ക്ക് ശേഷവും പാര്‍ട്ടി നില നില്‍ക്കേണ്ടതുണ്ട്. ലാവലിന്‍ കേസിനെ പറ്റി താങ്കളും മറ്റ് പാര്‍ട്ടി നേതാക്കളും എന്ത് തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഇതില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ഒരു ധാരണയുണ്ട്. ഈ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് ജനങ്ങള്‍ക്കുള്ളത്. കേസിനെ ഇങ്ങനെ പ്രതിരോധിക്കുന്നത് താന്‍ ശിക്ഷിക്കപ്പെടുമല്ലോ എന്ന ഭീതി കൊണ്ടാണെന്നും ജനം സംശയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായി വോട്ട് ചെയ്യാറുള്ള ഒരാള്‍ പോലും താങ്കളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കാരണം താങ്കള്‍ കുറ്റക്കാരന്‍ ആയിരിക്കാം എന്ന നിഗമനത്തിലാണ്. ഉറച്ച പാര്‍ട്ടി വോട്ട് എന്നത് എന്നെന്നേക്കുമായി സുരക്ഷിതമായ ഫിക്സ്ഡ് ഡിപ്പോസിറ്റ് അല്ല എന്ന് താങ്കളെങ്കിലും തിരിച്ചറിയണം. അതേ പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കാനുള്ള ബാധ്യതയും താങ്കള്‍ക്കുണ്ട്.

പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ ഗവര്‍ണ്ണര്‍ തീരുമാനം എടുത്തത് നീതിയുക്തമായും നിഷ്പക്ഷമായും അദ്ദേഹം കാര്യങ്ങളെ വിലയിരുത്തിയത്കൊണ്ടാണ്. വിധി വരേണ്ടത് കോടതിയില്‍ നിന്നാണ്. താങ്കളുടെ ഭാഗം വാദിക്കാന്‍ അവിടെ മതിയായ അവസരങ്ങളുണ്ട്. കോടതിക്ക് പുറത്ത് ഇനിയും ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കുന്നത് , താങ്കള്‍ നിയമങ്ങള്‍ക്കും കോടതികള്‍ക്കും അതീതനായ വ്യക്തിയാണെന്ന് സ്വയം കരുതുന്നതായേ ജനങ്ങള്‍ക്ക് തോന്നുകയുള്ളൂ. ഏത് അളവു കോല്‍ ഉപയോഗിച്ചാലും ഇനിയും ബഹളങ്ങള്‍ ഉണ്ടാക്കാതെ കേസിനെ ധീരമായി നേരിടുന്നതാണ് മാന്യത. അല്ലെങ്കില്‍ തന്നെ വേറെ മാര്‍ഗ്ഗം താങ്കളുടെ മുന്നില്‍ ഇല്ല. കോലാഹലങ്ങള്‍ ഉണ്ടാക്കാതെ കേസിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ക്രമേണ കഴിയും. എന്നാല്‍ ഇത്തരം ജനാധിപത്യ മര്യാദകളില്‍ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും ഇപ്പോഴെങ്കിലും ആഭിമുഖ്യം കൈവരുമോ എന്നറിയില്ല. ഏതായാലും മറ്റുള്ളവരെ ഉപദേശിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ഞങ്ങള്‍ക്കും ബാധകമാണ് എന്ന് സിവില്‍ സമൂഹത്തിന് മുന്‍പില്‍ സാക്ഷ്യപ്പെടുത്താനുള്ള അവസരമാണ് താങ്കള്‍ക്ക് കൈവന്നിട്ടുള്ളത്. അത് മറക്കണ്ട.

എന്ന് ,

വിധേയന്‍,

കെ.പി.എസ്.

Mathrubhumi

ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ട് !

ലാവലിന്‍ കരാറിനെ പറ്റി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ മാധ്യമങ്ങളിലും ബ്ലോഗിലും ഒക്കെ നടക്കുന്നത് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയിരുന്നു. ഇതില്‍ പ്രതിസ്ഥാനത്തുള്ള പിണറായി ആകട്ടെ ഒരിക്കലും ഒന്നും വ്യക്തമായി തുറന്നു പറഞ്ഞിരുന്നില്ല. അളന്ന് മുറിച്ചു ഏതാനും വാക്കുകള്‍ മാത്രം. അതിനിടയില്‍ മൂന്ന് നാല് ദിവസം മുന്‍പ് പിണറായി ഒരു വെടി പൊട്ടിച്ചു. യു.ഡി.എഫ്. ധാരണാപത്രം പുതുക്കാത്തത് കൊണ്ടാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് മുഴുവനും കിട്ടാതെ പോയതെന്ന്. പിണറായി ഇത് പറഞ്ഞ അന്നേ ദിവസം തന്നെ എസ്സെന്‍സി ലാവലിന്റെ വെബ്‌സൈറ്റിലും ഇതേ വിശദീകരണം വന്നു. പത്രങ്ങളില്‍ ഇത് പ്രധാന വാര്‍ത്തയായി. ഞാന്‍ ആലോചിച്ചത് ഇതെങ്ങനെ ഒരേ സമയം സംഭവിച്ചു. പിണറായിയും ലാവലിനും ഇപ്പോഴും സമ്പര്‍ക്കത്തിലുണ്ടോ. ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡണ്ടും പ്രതിയായ സ്ഥിതിക്ക് അതിനുള്ള സാധ്യതയുണ്ട്. പക്ഷെ ഗ്രാന്റ് ലഭിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം, ഉത്തരവാദപ്പെട്ട വ്യക്തിയായ പിണറായിയും ലാവലിന്‍ കമ്പനിയും യു.ഡി.എഫിന്റെ മേലെ ഒരേ സമയം ചുമത്തുമ്പോള്‍ അത് തികച്ചും സത്യസന്ധമായിരിക്കേണ്ടേ? ആയിരിക്കണം തീര്‍ച്ച. അല്ലെങ്കില്‍ അതില്‍ അഴിമതിയുണ്ട്, ലാവലിനും പിണറായിയും ഒത്തുകളിക്കുന്നു എന്ന് പറയേണ്ടി വരും. ഇക്കാര്യത്തില്‍ യു.ഡി.എഫിന്റെ കുറ്റമല്ല, അതിന് മുന്‍പേ നടപടിക്രമങ്ങളില്‍ അസ്വാഭാവികതയുണ്ട്, അത് വിരല്‍ ചൂണ്ടുന്നത് ഏതോ അഴിമതിയുടെ കാണാക്കയങ്ങളിലേക്കാണ് എന്നെനിക്ക് ബോധ്യമായത് സൈറ്റ് ഇന്‍ഡ്യ ഡോട്ട് കോം എന്ന സൈറ്റില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം ലഭിക്കാതിരുന്നത് ധാരണാപത്രം പുതുക്കാത്തതിനാലല്ല എന്ന ലേഖനം വായിച്ചപ്പോഴാണ്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

കൊച്ചി.ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയതിന്‌ പകരമായി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്ത തുക ലഭിക്കാതിരുന്നത്‌ കേരള സര്‍ക്കാര്‍ ധാരണപത്രം യഥാ സമയം പുതുക്കാത്തതു കൊണ്ടാണെന്ന ലാവ്‌ ലിന്‍ കമ്പനിയുടെ പുതിയ വാദം വസ്തുതാ വിരുദ്ധവും യഥാര്‍ത്ഥ പ്രതികളെ വെള്ള പൂശുന്നതിനും പുകമറ സ്യഷ്ടിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന്‌ മുന്‍ കാല രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.

ഇതിനോട്‌ ചേര്‍ന്ന്‌ കൊണ്ട്‌ മന്ത്രി കടവൂര്‍ ശിവദാസന്‍ ധാരണാപത്രം പുതുക്കാഞ്ഞതിനാലാണ്‌ കാന്‍സര്‍ സെന്ററിന്‌ പണം നഷ്ടമായതെന്ന്‌ പിണറായി വിജയനും പറയുന്നു. കടവൂരിന്റെ കാലത്ത്‌ ലാവലിന്‍ ആവശ്യപ്പെട്ടത്‌ പോലെ ഒരു അപ്രീസിയേഷന്‍ ലെറ്റര്‍ കൊടുക്കാഞ്ഞതു കൊണ്ടാണ്‌ സഹായം മുടങ്ങിയത്‌ എന്ന്‌ മന്ത്രി ടി കെ ബാലനും പി ജയരാജനും പറയുന്നു. എന്നാല്‍ കടവൂരിനു മുന്‍പ്‌ വൈദ്യുതി മന്ത്രിയായിരുന്ന എസ്‌ ശര്‍മ്മ ഫയലില്‍ രേഖപ്പെടുത്തിയതിനെ കുറിച്ച്‌ സിബിഐ യുടെ പ്രതികളായ ലാവ്‌ലിനും പിണറായിയും മൗനം ദിക്ഷീക്കുകയാണ്‌.

1998 ഏപ്രില്‍ 25 നാണ്‌ ലാവ്‌ ലിന്‍ കമ്പനി സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി ധാരണാപത്രം ഒപ്പിടുന്നത്‌. 1998 മാര്‍ച്ച്‌ 3 ലെ കാമ്പിനറ്റ്‌ മീറ്റിംഗില്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കല്‍ വൈദ്യുതി നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്തമാണെന്നാണ്‌. അതെ സമയം കെ എസ്‌ സി ബി സെക്രട്ടറി 98 ജനുവരി 21 ന്‌ പവര്‍ സെക്രട്ടറിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ഗ്രാന്‍ന്റ്‌ കിട്ടുന്നത്‌ വൈദ്യുത ബോര്‍ഡിനല്ലെന്നും അതിനാല്‍ വാഗ്ദാനം ചെയ്ത തുക ക്യത്യമായി സര്‍ക്കാര്‍ തന്നെ വാങ്ങിച്ചെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിനുവേണ്ടി സര്‍ക്കാര്‍ ലാവ്‌ ലിനുമായി ഏതെങ്കിലും വ്യക്തമായ കരറില്‍ ഏര്‍പ്പെടണമെന്നും ബോര്‍ഡ്‌ സെക്രട്ടറി മൂന്നറിയിപ്പ്‌ നല്‍കിയിരുന്നു.

എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ കഴിയാത്ത ( എന്‍ഫോഴ്സബിള്‍ അല്ലാത്ത ) ഒരു ധാരണാപത്രം മാത്രമാണ്‌ 98 ഏപ്രില്‍ 25ന്‌ ഉണ്ടാക്കിയത്‌. അതെ സമയം പദ്ധതിക്കുവേണ്ടി ലാവ്‌ലിന്‍ കമ്പനി കെ എസ്‌ സി ബിയുമായി ഉണ്ടാക്കിയ കരാറില്‍ 98.3 കോടിയുടെ സഹായത്തെ കുറിച്ച്‌ ഒരു വാക്കു പോലും പരാമര്‍ശിച്ചിരുന്നില്ല.

പിണറായിക്ക്‌ ശേഷം വൈദ്യുതി മന്ത്രിയായ എസ്‌ ശര്‍മ്മ കാന്‍സര്‍ സെന്ററിന്‌ പണം നല്‍കുന്നത്‌ സംബന്ധിച്ച്‌ എന്‍ഫോഴ്സബിള്‍ അല്ലാത്ത ധാരണാപ്ത്രം ഇങ്ങനെ പുതുക്കി കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യക്തമായ കരാര്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ലാവ്‌ലിന്‍ കമ്പനി 13-5-2000 ല്‍ ഒരു കരട്‌ കരാര്‍ ഒപ്പിടുന്നതിനുവേണ്ടി കേരളാ സര്‍ക്കാറിന്‌ അയച്ചു. അതില്‍ നേരത്തെ പറഞ്ഞ " വീ വില്‍ അറേഞ്ച്‌ ഫിനാന്‍സ്‌ " എന്ന വ്യവസ്ഥയില്‍ നിന്നും ലാവ്‌ലിന്‍ പിന്‍മാറി. പകരം "എസ്‌ എന്‍ സി ഷാല്‍ അണ്ടര്‍ റ്റെയ്ക്ക്‌ ഓള്‍ റീസനബിള്‍ എഫോര്‍ട്ട്‌ ടു അറേഞ്ച്‌ ദി ഫിനാന്‍സ്‌ ' എന്നാക്കി മാറ്റി.

ഈ കരട്‌ കരാര്‍ സംബന്ധിച്ച്‌ മന്ത്രി ശര്‍മ്മ 21-4-2001 ല്‍ ഫയലില്‍ എഴുതിയ നോട്ട്‌ ഇപ്രകാരം ആണ്‌. " കരട്‌ എഗ്രിമെന്റ്‌ ഖണ്ഡിക 2 (1) പ്രകാരം പ്രോജറ്റ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ച്‌ നലകുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്‌ലിന്‍ സമ്മതിച്ചതായെ കാണുന്നുള്ളു. ഇത്‌ എം ഒ യു വിലെ ഖണ്ഢിക 3 (എ) അനുസരിച്ച്‌ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണെന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്‌. ഈ സാഹചര്യത്തില്‍ എം ഒ യുവിലെ (എ) വ്യവസ്ഥ പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്‌ലിന്‍ ലഭ്യമാക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭേദഗതികളോടെ എഗ്രിമെന്റ്‌ വെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക ". എന്നാല്‍ ഇതനുസരിച്ച്‌ ഒരു എഗ്രിമെന്റ്‌ വെക്കുവാന്‍ ലാവ്‌ലിന്‍ തയ്യാറായില്ല. അതുകൊണ്ട്‌ തന്നെ ശര്‍മ്മ സ്ഥാനം ഒഴിയുന്നതുവരെ ഈ കരട്‌ കരാറില്‍ ഒപ്പുവെച്ചില്ല. ഇതെ കുറിച്ച്‌ ലാവ്‌ലിന്‍ കമ്പനിയും മൗനം ദീഷിക്കുകയാണ്‌.

പിന്നീട്‌ കടവൂര്‍ ശിവദാസന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലും ഈ ഫയല്‍ വന്നു. 12-07-2001 ല്‍ ഫയലില്‍ കടവൂര്‍ ശിവദാസന്‍ ഇങ്ങനെ എഴുതി. " മെസ്സേഴ്‌ സ്‌ ഏസ്‌ എന്‍ സി ലാവ്‌ലിന്‍ കാനഡ പണം തരുന്നത്‌ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവ്യക്തത നിറഞ്ഞതാണ്‌ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാരിന്‌ മുന്നോട്ട്‌ പോകുവാന്‍ സാധിക്കുകയുള്ളു. 98.30 കോടി രൂപ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക്‌ നല്‍കുമോ ? അങ്ങനെയെങ്കില്‍ എപ്പോള്‍ ? ഏത്‌ വ്യവസ്ഥയില്‍ നല്‍കും ? അപ്രകാരം ചെയ്യുന്നതിന്‌ കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണോ ? അര്‍ത്ഥ ശംങ്കയ്‌ ക്ക്‌ ഇടയില്ലാതെ കരാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുക .

ഇതിന്‌ ലാവ്‌ലിന്‌ അയച്ച മറുപടിയില്‍ ' അറേഞ്ചിങ്‌ ദി ഫിനാന്‍സിങ്‌ ഫോര്‍ ദി ബാലന്‍സ്‌ ഓഫ്‌ ദി ഫെസിലിറ്റീസ്‌ വില്‍ നോ ബി ഈസി ' എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതോടെ ലാവ്‌ലിന്‍ പണം നല്‍കേണ്ടുന്ന ബാധ്യതയില്‍ നിന്ന്‌ പരിപൂര്‍ണ്ണമായി പുറകോട്ട്‌ പോവുകയായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട്‌ കടവൂരിന്റെ കാലത്ത്‌ 12-07-2002 ല്‍ ലാവ്‌ലിന്‌ അയച്ച കത്തിന്‌ അവര്‍ കേരളാ വൈദ്യുത വകുപ്പിന്‌ 15-10-2002 ല്‍ അയച്ച മറുപടിയില്‍ ശബരിഗിരി, നേര്യമംഗലം പ്ദ്ധതികളുടെ കരാറും ടെണ്ടറില്ലാതെ ലാവ്‌ലിന്‌ നല്‍കിയാലേ കാന്‍ സര്‍ സെന്ററിന്‌ തുടര്‍ന്ന്‌ ധസഹായം നല്‍കു എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു.

ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌. (Note this point)പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു. ഇതില്‍ നിന്ന്‌ എം ഒ യു പുതുക്കാഞ്ഞതുമൂലമാണ്‌ തുടര്‍ന്ന്‌ ധനസഹായം ലഭിക്കാതിരുന്നെന്ന ലാവ്‌ലിന്റെയും പിണറായിയുടെയും വാദം പൊളിയുന്നു.

2-12-2002 ല്‍ കേരളാ മുഖ്യമന്ത്രിക്ക്‌ ലാവ്‌ലിന്‍ അയച്ച കത്തില്‍ പണം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടെന്നും കാന്‍സര്‍ സെന്ററിന്‌ ഇനി കേരളാ സര്‍ക്കാര്‍ തന്നെ പണം മുടക്കണമെന്നും പറഞ്ഞിട്ടുണ്ട്‌. കടവൂരിന്റെ കാലത്ത്‌ അപ്രീസിയേഷന്‍ ലെറ്റര്‍ നല്‍കാന്‍ തയ്യാറായില്ലെന്ന മന്ത്രി ടികെ ബാലന്റെയും പി ജയരാജന്‍ എം എല്‍ എയുടെ വാദവും ശരിയല്ല. 30-11-2002 ല്‍ വൈദ്യുത വകൂു‍പ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ്‌ അപ്രീസിയേഷന്‍ കത്ത്‌ അയച്ചിരുന്നു.

പിന്നീട്‌ വൈദ്യുതി മന്ത്രിയായിരുന്ന അര്യാടന്‍ മുഹമ്മദ്‌ 2005 ഡിസംബര്‍ 19 ന്‌ കാനഡാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ കാന്‍സര്‍ സെന്ററിന്‌ ലാവ്‌ലിന്‍ നലകാമെന്നേറ്റ പണം നല്‍കാത്തതിനെ കുറിച്ച്‌ അന്വേഷിച്ചു. ഇതില്‍ 2009 ഡിസംബര്‍ 19 ന്‌ കാനഡ ഹൈകമ്മീഷണര്‍ ലൂയീസ്‌ എഡ്വേര്‍ഡ്‌ നല്‍കിയ മറുപടിയില്‍ പറയുന്നത്‌ സിഡാ വഴി 1.8 മില്ല്യന്‍ കനേഡിയന്‍ ഡോളര്‍ സിഡാ ലാവ്‌ലിന്‌ നല്‍കുകയുണ്ടായി. പദ്ധതി പൂര്‍ത്തിയായതായി തങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡായിക്ക്‌ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല. കാനഡയിലെ ഒരു സ്വകാര്യ കമ്പനിയായ ലാവ്‌ലിന്റെ കാര്യത്തില്‍ അവര്‍ കേരള സര്‍ക്കാറുമായി മേറ്റ്ന്തെങ്കിലും എഗ്രിമെന്റ്‌ ഉണ്ടെങ്കില്‍ സിഡാ (കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌ മെന്റ്‌ ഏജന്‍സി ) അതില്‍ കക്ഷിയല്ല എന്നാണ്‌.


വാല്‍ക്കഷണം:
Note this point:ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌.

ലാവലിന്‍ കമ്പനി ഈ ലേഖനത്തില്‍ പറയുന്ന പോലെ ഒരു കത്ത് 4-7-02 ന് സര്‍ക്കാറിന് അയക്കുകയും അതില്‍ 13-5-00 ലെ കരട് കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും, അതായത് വെള്ളം ചേര്‍ത്തെന്ന പേരില്‍ ശര്‍മ്മ ഒപ്പിടാന്‍ വിസമ്മതിച്ച കരാര്‍, എം.ഒ.യു. പുതുക്കേണ്ട ആവശ്യം ഇല്ലെന്നും ഉണ്ടെങ്കില്‍ അതെങ്ങനെ യു.ഡി.എഫിന്റെ കുറ്റമാകും. അതൊക്കെ കഴിഞ്ഞ് ഇപ്പോള്‍ പിണറായിയും ലാവലിനും ഒരേ സ്വരത്തില്‍ യു.ഡി.എഫ് ധാരണാപത്രം പുതുക്കാത്ത ഒറ്റക്കാരണം നിമിത്തമാണ് ഗ്രാന്റ് ലാപ്സായത് എന്ന് പറയുന്നുണ്ടെങ്കില്‍ ഇതിലൊക്കെ സുവ്യക്തമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അതില്ലാതിരിക്കണമെങ്കില്‍ മേലെയുള്ള ലേഖനത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും വാസ്തവവിരുദ്ധമായിരിക്കണം.