Links

Showing posts with label പോലീസ്. Show all posts
Showing posts with label പോലീസ്. Show all posts

പോലീസ്‌കാരേ നിങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു..

അടിയന്തിരാവസ്ഥയുടെ അവസാനനാളുകളിലാണെന്ന് തോന്നുന്നു, എന്റെ വീടിനടുത്ത് ഒരു കലാ-സാംസ്ക്കാരികസമിതിയുണ്ടായിരുന്നു. താഴെ പലചരക്ക് കട. മേലെ സമിതി. എല്ലാ പത്രങ്ങളും സമിതിയില്‍ വാങ്ങാറുണ്ടായിരുന്നു. ഞാന്‍ എന്നും രാവിലെ പലചരക്ക് കടയില്‍ വന്നിരുന്ന് ദേശാഭിമാനി പത്രം ഉറക്കെ വായിക്കും. അത് കേള്‍ക്കാന്‍ പരിസരത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ എന്റെ ചുറ്റും കൂടും. അത്ര ആവേശത്തോടുകൂടിയാണ് ഞാന്‍ വായിക്കുക.  രാജനെ ഉരുട്ടിക്കൊന്നതിന്റെയും കക്കയം പോലീസ് ക്യാമ്പിലെ മര്‍ദ്ധനമുറകളെ പറ്റിയും അന്ന് ദേശാഭിമാനിയില്‍ തുടര്‍ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അതാണ് ഞാന്‍ വായിച്ചുകൊണ്ടിരുന്നത്. അന്നേ എനിക്ക് പോലീസിനോട് വെറുപ്പായിരുന്നു. എന്റെ അമ്മയുടെ ഇളയമ്മയുടെ മകന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആയിരുന്നു. അന്നൊരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ എഴുനേറ്റ് നിന്ന് ബഹുമാനിച്ചില്ല. അമ്മാവന്‍ ആയാലെന്ത്, സര്‍ക്കിള്‍ ആയാലെന്ത് പോലീസ് പോലീസ് തന്നെ. ഇതായിരുന്നു എന്റെ മനോഭാവം. അതിന്റെ പേരില്‍ ചില്ലറ നഷ്ടങ്ങളൊക്കെ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്.

അടിയന്തിരാവസ്ഥയും കക്കയം ക്യാമ്പും ഒക്കെ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു? ഇന്നത്തെ ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പോലീസിനെതിരെ എത്രയെത്ര മുദ്രാവാക്യങ്ങള്‍ വിളിച്ചു? ലോക്കപ്പ് മരണങ്ങളുടെ പേരില്‍ കെ.കരുണാകരനെ കരിങ്കാലി, കൊലയാളി എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് എത്രയെത്ര ചുവരെഴുത്തുകള്‍ എഴുതി? എന്നിട്ട് ഇപ്പോഴോ? ഇപ്പോള്‍ പോലീസിനെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. കോടിയേരി പോലീസ് മന്ത്രിയായിരിക്കെ എത്ര പേര്‍ ലോക്കപ്പ് മര്‍ദ്ധനത്തില്‍ മരണപ്പെട്ടു. തലേന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ശവം പിറ്റേന്ന് ആസ്പത്രിയില്‍ എത്തിക്കുന്നു. രാവിലെ കസ്റ്റഡിയില്‍ എടുത്ത ആളെ ഉച്ചയ്ക്ക് ജാമ്യത്തില്‍ വിട്ടെങ്കിലും അയാള്‍ രക്തം ഛര്‍ദ്ദിച്ച് വഴിയില്‍ മരിച്ചു വീഴുന്നു. എന്നിട്ടും പോലീസിനെതിരെ  ആരും മുദ്രാവാക്യം വിളിക്കുന്നില്ല, കമാന്ന് ഒരക്ഷരം  ഉരിയാടുന്നില്ല. പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. നമ്മുടെ പോലീസ് ഇങ്ങനെയൊക്കെ മതിയോ?

എന്തിനുമേതിനും പ്രതികരിക്കുന്ന സി.പി.എം.നേതാക്കളും സാംസ്ക്കാരികനായകരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് അപകടകരമാണ്. പറയുന്നതിന്റെ വിശ്വാസ്യത ഇല്ലാത്താവും.  ഭരിക്കുമ്പോള്‍ പോലീസിന്റെ മൂന്നാം മുറ കണ്ടില്ലെന്ന് നടിക്കുകയും ഭരിക്കാത്തപ്പോള്‍ പോലീസിനെ കാക്കിക്കുള്ളിലെ ചെകുത്താന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണ്. പോലീസിനെ നവീകരിക്കേണ്ടേ? നമ്മുടെ പോലീസിന്റെ ഇന്നത്തെ പ്രതിഛായ എന്താണ്? ഒരു പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതാണോ നമ്മുടെ പോലീസ് സേന? പുരോഗമനം പ്രസംഗത്തില്‍ മാത്രം മതിയോ?  പ്രവൃത്തിയിലും എന്തെങ്കിലും ചെയ്യേണ്ടേ? പോലീസ് എന്നാല്‍ ജനങ്ങളുടെ ഉത്തമസുഹൃത്തായിരിക്കണം എന്നതല്ലേ പുരോഗമനം.

പാലക്കാട്ടെ ഷീല എന്ന വീട്ടമ്മ കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്ത് ഞെട്ടലോടെയാണ് നമ്മള്‍ വായിച്ചത്. എന്നാല്‍ അതിലേറേ നമ്മെ ഞെട്ടിച്ചത് ആ കൊലക്കേസിലെ പ്രധാനപ്രതി സമ്പത്ത് പോലീസിന്റെ ഭീകരമര്‍ദ്ദനമേറ്റ് മരണപ്പെടാനിടയായ വാര്‍ത്തയാണ്.  കള്ളന്മാര്‍ ആളുകളെ കൊല്ലുന്നത് പോലെയല്ല പോലീസുകാര്‍ (പ്രതികളെയാണെങ്കിലും) സ്റ്റേഷനില്‍ വെച്ചു മര്‍ദ്ധിച്ച് ജീവഛവങ്ങളാക്കുന്നത്. പോലീസിന്  ആരെയും തല്ലാനോ കൊല്ലാനോ അധികാരമില്ല. മാത്രമല്ല ആളുകളെ കൊല്ലാന്‍ കഴിയുന്നവര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. അത്തരക്കാര്‍ ഇന്നും പോലീസില്‍ ഉണ്ട് എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്.  സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന പല മുന്‍ പോലീസുകാരുടെയും ശിഷ്ടജീവിതം പരിതാപകരമാണ്. കാരണം ഔദ്യോഗികജീവിതകാലത്ത് അയാള്‍ ജനങ്ങളെ പരമാവധി വെറുപ്പിച്ചിരിക്കും. കാക്കി നഷ്ടപ്പെട്ട് വയസ്സ് കാലത്ത് മനുഷ്യനാകുന്ന അയാള്‍ക്ക് സൌഹൃദങ്ങളോ അയല്‍പക്ക ബന്ധങ്ങളോ ലഭിക്കുകയില്ല. അങ്ങനെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട പോലീസ്‌കാരെ എനിക്കറിയാം.

പോലീസുകാര്‍ക്ക് ഇന്ന് സംഘടനയുണ്ട്. പോലീസുകാര്‍ക്ക് സംഘടന പാടില്ലായിരുന്നു എന്നാണെന്റെ അഭിപ്രായം. ആ സംഘടനയുടെ നേതാക്കള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടാവാം. അതായിരിക്കാം ഇപ്പോള്‍ ഇത്രയും ലോക്കപ്പ് മരണങ്ങള്‍ നടക്കുന്നതിന്റെയും ആരും ഒന്നും പ്രതികരിക്കാതിരിക്കുന്നതിന്റെയും കാരണം. സി.പി.എമ്മിന്റെ പോഷകസംഘടനയുടെ നേതൃതലത്തിലെത്തിയാല്‍ പിന്നെ ജനങ്ങള്‍ അവരെ പേടിച്ചോളും എന്നൊരവസ്ഥയുണ്ട്.  സത്യത്തില്‍ സി.പി.എമ്മിനെ ഭരണത്തില്‍ കയറ്റാതിരിക്കുകയാണ് നാട്ടുകാര്‍ക്ക് നല്ലത്. എന്തെന്നാ‍ല്‍ സമരം ചെയ്തോളുമല്ലൊ. കുറെയൊക്കെ അനാവശ്യസമരങ്ങളാണെങ്കിലും ചിലതൊക്കെ ന്യായമായ ആവശ്യങ്ങള്‍ മുന്‍‌നിര്‍ത്തിയാണ് സമരങ്ങള്‍ നടത്താറ്. ഇപ്പോള്‍ തന്നെ യു.ഡി.എഫ്.ആണ് ഭരിക്കുന്നതെങ്കില്‍ പോലീസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ പറ്റുമായിരുന്നോ?

മറ്റേതൊരു ജോലിയും പോലെ തന്നെയല്ലെ പോലീസ് ജോലിയും? ജീവിയ്ക്കാന്‍ വേണ്ടി ഒരു തൊഴിലിന് അന്വേഷിച്ച് അങ്ങനെയല്ലെ അവര്‍ പോലീസില്‍ എത്തിപ്പെടുന്നത്. അവര്‍ക്ക് കുടുംബവും ഭാര്യയും മക്കളും എല്ലാം ഉണ്ടാവുമല്ലോ. അവരുടെ കുടുംബം മൊത്തം പോലീസ് അല്ലല്ലൊ. അപ്പോള്‍ സമൂഹത്തിലെ മറ്റേത് പൌരനെയും പോലെ തന്നെയല്ലേ പോലീസുകാരനും? പിന്നെന്താ പോലീസായാല്‍ ഈ ക്രൂരത അവര്‍ക്ക് ഉണ്ടാകുന്നത്. ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ, തെറി അവരുടെ മാതൃഭാഷയാകുന്നത്?

സംഗതി വ്യക്തമാണ്. സ്വാതന്ത്ര്യം കിട്ടി വര്‍ഷം 63 ആയെങ്കിലും പോലീസ് ഇന്നും സായ്പിന്റെ പോലീസാണ്. ഈ പോലീസ് നമ്മള്‍ ജനങ്ങളുടെ പോലീസ് അല്ല. സായ്പന്മാരാണ് പോലീസുകാരെ ഉരുട്ടാനും ചതയ്ക്കാനും  ചീത്ത വിളിക്കാനും ഒക്കെ പഠിപ്പിച്ചത്. അത് ഇന്നും തുടരുന്നു. അധികാരം കിട്ടിയാല്‍ നമ്മുടെ മന്ത്രിമാരും പഴയ വൈസ്രോയ്‌മാര്‍ തന്നെ.

അത്കൊണ്ട് പോലീസ്‌കാരേ നിങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു. പോലീസ് വരുന്നു എന്നാണ് ഇന്നും അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നത്. പോലീസിന്റെ യൂനിഫോം, തൊപ്പി, പോലീസ് സ്റ്റേഷന്റെ കെട്ടിടം ഇവയൊക്കെ ഇന്നും ജനങ്ങളെ പേടിപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. ഈ പേടി മാറ്റാന്‍ കഴിയുന്ന ജനനേതാക്കള്‍ക്കായി നമുക്ക് കാത്തിരിക്കാം!

പോലീസ് നന്നാകുന്നു


ഒരു ഗൂഗ്‌ള്‍ ഗ്രൂപ്പില്‍ സര്‍ക്യൂലേറ്റ് ചെയ്യപ്പെടുന്ന പത്രവാര്‍ത്തയുടെ കട്ടിങ്ങിന്റെ ഇമേജ് ആണ് മേലെ കാണുന്നത്. അതില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാന്‍ പറ്റും. ഞാന്‍ പോലീസിനെ പറ്റി ഒരു പോസ്റ്റ് മുന്‍പ് എഴുതിയിരുന്നു. അത് ഒന്ന് കൂടി ഈ പത്രറിപ്പോര്‍ട്ടിന്റെ കൂടെ ചേര്‍ത്ത് വായിക്കണമെന്ന് താല്പര്യപ്പെടുന്നു. പഴയ പോസ്റ്റ് ഇവിടെ

പോലീസ് സേനയെ (മാ)നവീകരിക്കുക !!

എന്തെങ്കിലും ഒന്നെഴുതണമല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോളാണ് , ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ടത്. പോലീസില്‍ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ധാരാളം ഉണ്ടെന്നും അത്തരക്കാരെ പ്രധാനപദവികളില്‍ ഇനി നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം. പോലീസുകാര്‍ തങ്ങള്‍ മനുഷ്യാവകാശപാലകരാണെന്നു ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു വാര്‍ത്ത വായനക്കാരന്റെ കമന്റും. മന്ത്രിമാരും നേതാക്കന്മാരും പ്രസംഗങ്ങളിലും, ഉല്‍ഘാടനച്ചടങ്ങ് പോലുള്ള മററു വേദികളിലും ഇങ്ങിനെയൊക്കെ വെച്ചുകാച്ചുന്നത് നടപ്പിലാക്കാനല്ല. നടപ്പിലായാല്‍ നാളെ പ്രസംഗിക്കാന്‍ വിഷയങ്ങള്‍ എവിടെ നിന്നു കിട്ടും? പ്രസംഗങ്ങളൊക്കെ മുന്‍ കൂട്ടി തീരുമാനിച്ചുറച്ചു വരുന്നതാണ്.പ്രസംഗിച്ചില്ലെങ്കില്‍ പിന്നെയെന്ത് നേതാവ് ? പ്രസംഗത്തിനു ഇരുന്നുകൊടുത്തില്ലെങ്കില്‍ പിന്നെയെന്ത് അനുയായി ?

ഒന്നോ,രണ്ടോ മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കാന്‍ കഴിയുക എന്നതാണ് നേതാവോ മന്ത്രിയോ ആകാനുള്ള പരമാവധി യോഗ്യത. മററ് ഒരു കഴിവും വേണ്ട. ഒരു കമ്മിററി വിളിച്ചുചേര്‍ത്താല്‍ ഒച്ച വെക്കുന്നവനെയാണ് ഭാരവാഹിയാക്കുക, ഭാവനയുള്ളവനെയല്ല. രാഷ്ട്രീയപ്രസംഗത്തില്‍ എതിര്‍പ്പാര്‍ട്ടിക്കാരെ എത്രകണ്ട് തെറി പറയാന്‍ കഴിയുമോ,അത്രകണ്ട് അനുയായികളുടെ രോമം കമ്പിത്തിരിയാകും. സ്വയം നന്നാകാനുള്ളതോ,ഗുണമുള്ളതോ ആയ ഒരു കാര്യവും മിണ്ടിപ്പോകരുതെന്നേയുള്ളൂ. (ഇങ്ങിനെ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കള്‍ അന്യോന്യം കണ്ടുമുട്ടിയാല്‍ തങ്ങളുടെ വര്‍ഗ്ഗബോധം കാട്ടാറുണ്ടെന്നും താന്താങ്ങളുടെ എല്ലാ‍ ആവശ്യങ്ങളും മുടക്കമില്ലാതെ നിര്‍വ്വഹിക്കപ്പെട്ടു കിട്ടാറുണ്ട് എന്നും എല്ല്ലാവര്‍ക്കും ഇന്നു അറിയാം. എന്നാലും പൊതുജനം പണ്ടാരോ പറഞ്ഞപോലെ തന്നെ)

പ്രസംഗങ്ങള്‍ കൊണ്ട് നേതാക്കള്‍ ജനങ്ങളെ സുഖിപ്പിക്കുന്നു, ജനങ്ങളും കേട്ടു സുഖിക്കുന്നു. അത്ര തന്നെ. ബാക്കിയൊക്കെ ഇങ്ങിനെയങ്ങ് പോട്ടെ, എത്ത്ന്നട്ത്ത് വരെ എത്തണം. കയ്യടിക്കണമെന്നെയുള്ളൂ. അമേരിക്കയില്‍ പ്രസിഡണ്ടാണെങ്കിലും രഷ്ട്രീയം വിട്ടാല്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാം,അല്ലെങ്കില്‍ താരതമ്യേന ചെറുതായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാം. ഇവിടെയത് പററില്ല. മരണശേഷം ഒരു പാര്‍ട്ടിക്കൊടി പുതപ്പിച്ചുകിട്ടിയില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിനെന്തര്‍ത്ഥം? അതുകൊണ്ട് 24 മണിക്കുറും കക്ഷിരാഷ്ട്രിയം കത്തിച്ച് ജ്വലിപ്പിച്ച് അണയാതെ സൂക്ഷിക്കേണ്ടത് ഒരാവശ്യമായി വരുന്നു. ഇതിനുള്ള ഇന്ധനങ്ങളാണ് വിലക്കയററം,തൊഴിലില്ലായ്മ,ദാരിദ്ര്യരേഖ,സംവരണം....തുടങ്ങിയ പ്രശ്നങ്ങള്‍. നമ്മളെല്ലാം ഒന്നല്ലേ, നമ്മുടെ പ്രശ്നങ്ങളല്ലേ വരൂ... നമുക്ക് ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കാം എന്നൊന്നും പറഞ്ഞേക്കരുത് കഞ്ഞികുടി മുട്ടും.

പറഞ്ഞു വന്നത് പോലീസിനെപ്പററിയാണല്ലോ. കേരളത്തില്‍ ഇന്നും ഒരു സാധാരണ പൌരന്‍ ഒററയ്ക്ക് ഒരു പോലീസ് സ്റ്റേഷനിലും പോകാന്‍ ധൈര്യപ്പെടുകയില്ല.അഥവാ പോയിട്ടുണ്ടെങ്കില്‍ പോലീസുകാരുടെ പച്ചത്തെറി കേള്‍ക്കാതെ തിരിച്ചു വന്നിട്ടുമുണ്ടാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പോലീസിനെക്കുറിച്ചു പറയേണ്ടത്. ഇടതും വലതും മാറി മാറി ഭരിച്ചില്ലേ? അടിയും,പുളിച്ച തെറിയും മേടിച്ചവര്‍ പലവട്ടം ആഭ്യന്തരമന്ത്രിമാരായില്ലെ? കുറഞ്ഞപക്ഷം പൌരന്മാരോട് അശ്ലീലമെങ്കിലും പറയരുതെന്നു ആരെങ്കിലും പോലീസുകാരെ ഉപദേശിച്ചോ? വന്ദ്യവയോധികനായ ഒരു മുതിര്‍ന്ന ആളോട് മീശ കിളിര്‍ത്തുവരുന്ന ഒരു യുവകോമളപോലീസുകാരന്‍ പറഞ്ഞ തെറി കേട്ട് എനിക്ക് അറപ്പ് തോന്നിയിട്ടുണ്ട്. തെറിയാണ് ഇന്നും പോലീസിന്റെ ഔദ്യോഗികഭാഷ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതൊരു പൌരനും വല്ല സഹായങ്ങളും വേണ്ടിവന്നാല്‍ ആദ്യം വിളിക്കുക അവിടത്തെ പോലീസിനെയാണ്. അവരും കൊടുക്കുന്നു നികുതി, നമ്മളും കൊടുക്കുന്നു നികുതി !

ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ മുമ്പാകെ ഒന്നു രണ്ടു എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ,അധികമൊന്നുമില്ല.

1) കാക്കിയെ നിങ്ങള്‍ ഒരുപാട് ചീത്തവിളിച്ചതല്ലേ.മാത്രമല്ല കാക്കി ഒരു കൊളോണിയല്‍ മുദ്രയാണുതാനും. അതുകൊണ്ട് പോലീസിന് തൂവെള്ള യൂനിഫോം നല്‍കുക.(കാക്കി മാറിയാല്‍ തന്നെ സ്വഭാവം പകുതി നന്നാകും)

2) പോലീസിനു ട്രെയിനിങ്ങില്‍ അശ്ലീലവും തെറിയും പറയാന്‍ പാടില്ലെന്നു പഠിപ്പിക്കുക.

3) സ്വകാര്യ ബസ്സുകളില്‍ പണം കൊടുത്തു ടിക്കററു വാങ്ങി സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കുക.(ഇതില്‍ ഒരു ധാര്‍മ്മീകതയുടെ പ്രശ്നമുണ്ട്)

4) കുഴപ്പങ്ങള്‍ നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലൊഴികെ ലാത്തി താഴെ വെക്കാന്‍ പറയുക...

ഇതു നടപ്പാക്കുമോയെന്നു നോക്കട്ടെ, വെറുതേയിങ്ങനെ പട്ടിക നിരത്തിയതുകൊണ്ട് കാര്യമില്ലല്ലൊ.വാര്‍ത്തയില്‍ മന്ത്രി ഇങ്ങിനെയും പറഞ്ഞിരുന്നു, ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പോലീസ് മാന്വല്‍ എത്രയും പെട്ടെന്നു പരിഷ്കരിച്ചു കളയുമെന്നു.................................
ഇതു വായിക്കുന്ന ആരെങ്കിലും ഇതിനൊരു വാല്‍ക്കഷണം തുന്നിച്ചേര്‍ക്കുക!!