Links

Showing posts with label സ്പെക്ട്രം. Show all posts
Showing posts with label സ്പെക്ട്രം. Show all posts

സ്പെക്ട്രം എന്നാല്‍ എന്ത് ? ( ഒന്നാം ഭാഗം)

2G/3G  സ്പെക്ട്രം എന്താണെന്ന് വിശദമാക്കുന്ന ഒരു ബ്ലോഗ് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കട്ടെ. ആര്‍ക്കും എന്താണെന്ന് വലിയ പിടിയൊന്നുമില്ല എന്ന് നിലമ്പൂരാന്‍ (കരീം) എന്ന ബ്ലോഗര്‍ എന്നോട് കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സ്പെക്ട്രം എന്ന വാക്ക് ഇപ്പോള്‍ ഏറെ ബഹളങ്ങള്‍ക്ക് കാരണമായ ഒന്നാണല്ലൊ.  അഴിമതി ഇന്ന് എല്ലാ തലങ്ങളിലും ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ അഴിമതി ഇല്ലാതാക്കാനല്ല അതും ആഘോഷമാ‍ക്കാനാണ് എല്ലാവര്‍ക്കും താല്പര്യം.  ഏ.രാ‍ജ എന്ന മുന്‍‌മന്ത്രി അഴിമതി നടത്തി എന്ന് സി.ഏ.ജി. പറഞ്ഞിട്ടില്ല. എന്നാല്‍ രാജയുടെ തീരുമാനം നിമിത്തം ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടമായി എന്നാണ് സി.ഏ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. നഷ്ടം എന്നത് വേറെ, അഴിമതി എന്നത് വേറെ. അഴിമതി എന്നത് നമ്മുടെ നാട്ടില്‍ സ്വാഭാവികമായ ഒന്നായതിനാല്‍ രാജ സ്പെക്ട്രം അനുവദിക്കുമ്പോഴും അഴിമതി നടന്നിരിക്കാം.  എന്നാല്‍ രാജ ഈ ഒന്നേമുക്കാല്‍ ലക്ഷം കോടി ഖജനാവില്‍ നിന്ന് അടിച്ചുമാറ്റി എന്നാണ് അഴിമതി ആഘോഷക്കാര്‍ വിളിച്ചുകൂവുന്നത്. രാജ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതിനിയും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ.  സി.ഏ.ജി. പറഞ്ഞ കണക്ക് ഒരു സാ‍ങ്കല്‍പ്പിക കണക്ക് ആണ്.  ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ എന്നത് ഒരു മാ‍യപണത്തിന്റെ കണക്കാണ്, യഥാര്‍ഥ മുല്യത്തിന്റേതല്ല. അതൊക്കെ ഈ ഒച്ചയും ബഹളവും അടങ്ങിയാല്‍ എല്ലാവര്‍ക്കും ബോധ്യമാവും. അതിന് മുന്‍പ് നമുക്ക് ഈ സ്പെക്ട്രം എന്താണെന്ന് നോക്കാം.

തരംഗങ്ങളെക്കുറിച്ച് നമുക്കറിയാം.  ശബ്ദതരംഗം, പ്രകാ‍ശതരംഗം, റേഡിയോ തരംഗം അങ്ങനെ ഒട്ടേറെ തരംഗങ്ങള്‍ .  ഇതില്‍ ശബ്ദതരംഗങ്ങള്‍ ഒഴികെയുള്ള മറ്റ് തരംഗങ്ങള്‍ എല്ലാം വൈദ്യുതകാന്തികതരംഗങ്ങളാണ്. എല്ലാ തരംഗങ്ങള്‍ക്കും പൊതുവായ സംഗതിയാണ്  തരംഗദൈര്‍ഘ്യം, ഫ്രീക്വന്‍സി,  വേഗം എന്നിവ.  ഇതില്‍ ശബ്ദതരംഗം ഒഴികെയുള്ള എല്ലാ വൈദ്യുതകാന്തിക (ഇലക്ട്രോ-മാഗ്നറ്റിക്) തരംഗങ്ങളുടെയും വേഗത പ്രകാശം സഞ്ചരിക്കുന്നതിന്റെ വേഗതയാണ്. സെക്കന്റില്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റര്‍.  പ്രകാശവും വൈദ്യുതകാന്തിക തരംഗമാണെന്ന് പറയേണ്ടല്ലൊ.  എല്ലാ തരംഗങ്ങള്‍ക്കും അതിന്റേതായ ഊര്‍ജ്ജവും ഉണ്ട് എന്നതും  ഓര്‍ത്ത് വയ്ക്കണം.  വൈദ്യുതകാന്തികതരംഗങ്ങള്‍ സൃഷ്ടിക്കുന്നത് സുര്യനും മറ്റ് നക്ഷത്രങ്ങളും മാത്രമല്ല  പലരുടെയും അടുക്കളയില്‍ കാണുന്ന മൈക്രോ വേവ് അടുപ്പിലും സൃഷ്ടിക്കപ്പെടുന്നത് വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുതിയും കാന്തവും തമ്മിലുള്ള ബന്ധം ജേംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചതിന് ശേഷമാ‍ണ് ഇതൊക്കെ സാധ്യമായത്.  അതായത്  വൈദ്യുതകാന്തിക തരംഗവും സ്പെക്ട്രവും ഒക്കെ പ്രകൃതിയിലെ പ്രതിഭാ‍സങ്ങളാണ്.  മനുഷ്യന്‍ അത് കണ്ടുപിടിച്ച്  മെരുക്കിയെടുത്ത്  പ്രയോജനപ്പെടുത്തുന്നു എന്ന് മാത്രം.  സ്പെക്ട്രം സര്‍ക്കാരിന്റെ സ്വന്തമാകുന്നത്  അത് ഉപയോഗിക്കാന്‍ കഴിയുന്ന മനുഷ്യരുടെ മേല്‍ അധീശാധികാരം ചെലുത്താന്‍ സര്‍ക്കാ‍രിന് സാധിക്കുന്നത്കൊണ്ടാണ്.  സ്പെക്ട്രം എന്ന വാക്കിന്റെ മലയാളം വര്‍ണ്ണരാജി എന്നോ മറ്റോ ആ‍ണെന്ന് തോന്നുന്നു.  എന്നാല്‍  സ്പെക്ട്രം എന്നതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാന്‍ താ‍ഴെ കാണുന്ന ചിത്രം നോക്കുക:


തരംഗത്തിന്റെ നീളവും  ആവൃത്തിയും(ഫ്രീക്വന്‍സി)  പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് ചിത്രത്തില്‍ നിന്ന് മനസ്സിലാ‍ക്കാം.  ഫ്രീക്വന്‍സി കൂടുമ്പോല്‍ തരംഗനീളം കുറയുന്നു.  തരംഗദൈര്‍ഘ്യം വര്‍ദ്ധിക്കുമ്പോള്‍ ഫ്രീക്വന്‍സി കുറയുന്നു.  ഏറ്റവും കുറഞ്ഞ തരംഗനീളമുള്ള അഥവാ  ഫ്രീക്വന്‍സി ഏറ്റവും കൂടിയ തരംഗങ്ങള്‍ക്കാണ് കൂടുതല്‍ ഊര്‍ജ്ജം.  അതായത് ഫ്രീക്വന്‍സി കുറയുന്തോറും ഊര്‍ജ്ജവും കുറയുന്നു.  അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ശക്തി കൂടിയത്  ഗാമ കിരണങ്ങള്‍ ആണെന്നും ശക്തി കുറഞ്ഞത് റേഡിയോ അലകള്‍ക്കും ആണെന്ന് ചിത്രത്തില്‍ കാണാം.  ഇതിന്റെ ഇടയിലാണ് നമ്മള്‍ കാ‍ണുന്ന പ്രകാശത്തിന്റെ സ്പെക്ട്രം ഉള്ളത്. ദൃശ്യപ്രകാശത്തില്‍ ഏറ്റവും ശക്തി കൂടിയത് അല്ലെങ്കില്‍ ഫ്രീക്വന്‍സി കൂടിയത് വയലറ്റ് നിറവും  കുറഞ്ഞത്  ചുകപ്പ് നിറവുമാണെന്ന് നിങ്ങള്‍ക്കറിയാവുന്നതും  ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതുമാണ്.  മേലെ കാണുന്ന ചിത്രത്തില്‍  നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന മൊബൈല്‍ സ്പെക്ട്രത്തിന്റെ സ്ഥാനം എവിടെയാണെന്ന് നോക്കാം.  അതിന് മുന്‍പ്  തരംഗദൈര്‍ഘ്യം ,  ഫ്രീക്വന്‍സി  എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.  അതിനിടയില്‍ , തരംഗദൈര്‍ഘ്യവും ഫ്രീക്വന്‍സിയും  പ്രകാശവേഗതയും തമ്മിലുള്ള ബന്ധം പറയാന്‍ വിട്ടുപോയി.  തരംഗദൈര്‍ഘ്യം X ഫ്രീക്വന്‍സി = പ്രകാശ വേഗത എന്നതാണ് ആ ബന്ധത്തിന്റെ ഫോര്‍മ്യൂല.  അപ്പോള്‍ പ്രകാശവേഗതയെ ഫ്രീക്വന്‍സി കൊണ്ട് ഹരിച്ചാല്‍ തരംഗനീളവും,  നീളം കൊണ്ട് ഹരിച്ചാല്‍ ഫ്രീക്വന്‍സിയും കിട്ടുമെന്ന് പറയേണ്ടല്ലൊ.  തരംഗദൈര്‍ഘ്യവും ആവൃത്തി അല്ലെങ്കില്‍ ഫ്രീക്വന്‍സിയും എന്താണെന്ന് താഴെയുള്ള ചിത്രത്തില്‍ നോക്കി മനസ്സിലാക്കാം.


തരംഗത്തിന്റെ ഉയരം എന്ന ഗുണം ഇവിടെ പരാമര്‍ശിച്ചിട്ടില്ല.  റേഡിയോ നിലയങ്ങളെ പറ്റി പറയുമ്പോള്‍ AM സ്റ്റേഷന്‍,  FM സ്റ്റേഷന്‍ എന്ന് വിശേഷിപ്പിക്കാറില്ലേ. അവിടെ തരംഗത്തിന്റെ ഉയരം (amplitude) പ്രധാനമാണ്.  ചിത്രത്തില്‍  ഒരു തരംഗം ആരംഭിച്ച് മേലോട്ടും താ‍ഴോട്ടും പോകുന്നത് കാണുന്നില്ലേ?  ഇങ്ങനെയുള്ള  രണ്ട് ഉയര്‍ച്ചകള്‍ക്കോ താഴ്ചകള്‍ക്കോ ഇടയിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം അഥവാ വേവ് ലംഗ്ത്ത്.  ഈ അകലം ഒരു മില്ലിമീറ്ററിന്റെ , നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും കുറവാകാം, കിലോമീറ്ററുകള്‍ അധികവുമാകാം.  ഫ്രീക്വന്‍സി എന്നാ‍ല്‍ ഒരു ക്ലോക്കിലെ  പെന്‍ഡൂലം  അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടിട്ടില്ലേ.  ഒരു പ്രാവശ്യം അങ്ങോട്ട് പോയി ഇങ്ങോട്ട് വന്നാല്‍ ഒരു ആവൃത്തിയായി. അല്ലെങ്കില്‍ ഒരു സെക്കന്റ് ആയി. അപ്പോള്‍ പെന്‍ഡൂലത്തിന്റെ ഫ്രീക്വന്‍സി 1 സൈക്കിള്‍ പെര്‍ സെക്കന്റ് ആണ്.  ഈ ആവൃത്തി നമ്മള്‍ ഹെര്‍ട്ട്സ് എന്ന യൂനിറ്റിലാണ്  പറയുന്നത്.  മേലെ കാണുന്ന തരംഗം അത് ആരംഭിച്ച് സെക്കന്റില്‍ 14 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. അത്കൊണ്ട് അതിന്റെ ഫ്രീക്വന്‍സി 14 ഹെര്‍ട്ട്സ് ആണ്.  ഹെര്‍ട്ട്സ് എപ്പോഴും  കിലോ ഹെര്‍ട്ട്സ്, മെഗാഹെര്‍ട്ട്സ്, ടെറാഹെര്‍ട്ട്സ് എന്ന കണക്കിലാണ് പറയാറ്. 1000 ഹെര്‍ട്ട്സ് = 1 കിലോ ഹെര്‍ട്ട്സ്,   1000 കിലോ ഹെര്‍ട്ട്സ് = 1 മെഗാഹെര്‍ട്ട്സ്,  1000 മെഗാ ഹെര്‍ട്ട്സ് = 1 ഗിഗാഹെര്‍ട്ട്സ്, 1000 ഗിഗാഹെര്‍ട്ട്സ് = 1 ടെറാഹെര്‍ട്ട്സ് - അങ്ങനെ പോകുന്നു കണക്ക്.  കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍  ഫ്രീക്വന്‍സിയുടെ ആനിമേഷന്‍ ഇമേജ്   ഇവിടെ  കാണുക.

നമ്മുടെ നാട്ടിലെ കരണ്ടിന് 240 വോള്‍ട്ടേജും  50 ഹെര്‍ട്ട്സ് ഫ്രീക്വന്‍സിയുമാണ്.  ഇതിന്റെ അര്‍ത്ഥം എന്താണ്?  വോള്‍ട്ടേജിന്റെ കാര്യം ഇവിടെ പറയേണ്ടതില്ല.  എന്നാല്‍ 50 ഹെര്‍ട്ടിസിന്റെ അര്‍ത്ഥം മനസ്സിലാക്കിയേ പറ്റൂ.  കരണ്ടിന്റെ ഉല്പാദനകേന്ദ്രം മുതല്‍ വീട്ടിലെ കരണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ഉപകരണം വരെ വൈദ്യുതി സെക്കന്റില്‍  50 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്നാണ് അര്‍ത്ഥം. വൈദ്യുതിയും തരംഗമാണ്.  തരംഗമാണ് പോയി വരുന്നത്. അല്ലാതെ ചെമ്പ് കമ്പിയിലെ ഇലക്ട്രോണുകള്‍ എങ്ങും പോകുന്നില്ല. അവ ഒന്നോടൊന്ന് മുട്ടി ചാഞ്ചാടിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം.

ശരി , ഇനി നമുക്ക്  മൊബൈല്‍ സ്പെക്ട്രത്തിലേക്ക് വരാം.   800, 900, 1800   എന്നീ മെഗാ ഹെര്‍ട്ട്സിലാണ് (MHz)  ഇന്ത്യയില്‍ മൊബൈല്‍ സേവനങ്ങള്‍ നടത്തപ്പെടുന്നത്.  മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ് ഈ സ്പെക്ട്രം  മുഴുവനും സൈനികാവശ്യത്തിന് നീക്കി വെച്ചതായിരുന്നു.  പൊതുവെ  ഈ സ്പെക്ട്രം എന്ന് പറയുന്ന ഫ്രീക്വന്‍സി ബാന്‍ഡുകള്‍  ഇന്ത്യയില്‍  എന്തിനൊക്കെയാണ് നീക്കി വെച്ചിരുന്നത് എന്ന് താഴെ പട്ടികയില്‍ കാണുക:


മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വരികയും  മൊബൈല്‍ സേവനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സൈന്യത്തിന്റെ  കൈയ്യില്‍ നിന്ന് കുറെ സ്പെക്ട്രം  എടുത്ത്  ബി.എസ്.എന്‍ . എല്‍ മറ്റും  സ്വകാര്യ സേവന ദാതാക്കള്‍ക്ക് അലോട്ട് ചെയ്യുകയും ചെയ്തു.  എന്നിട്ടും  സൈന്യത്തിന്റെ അധീനതയില്‍ ഉപയോഗപ്പെടുത്താതെ  കുറെ ഫ്രീക്വന്‍സികള്‍ ചുമ്മാ കിടന്നിരുന്നു.  അതാണ് രാജ എന്ന മന്ത്രി എടുത്ത് ചില കമ്പനികള്‍ക്ക് കൊടുത്തത്.  അതിന്റെയൊക്കെ ചരിത്രം പിന്നീട് പറയാം.   സ്പെക്ട്രത്തെക്കുറിച്ച്  ഏകദേശ ധാരണ ഉണ്ടായാലേ അക്കാര്യം ഒക്കെ വിശദമായി ചര്‍ച്ച ചെയ്യാന്‍ പറ്റുകയുള്ളൂ.  GSM , CDMA എന്നീ  രണ്ട് ടെക്നോളജിയിലാണ് ഇവിടെ 2G മൊബൈല്‍ സേവനം നല്‍കി വരുന്നത്.  1G, 2G, 3G, 4G എന്നൊക്കെ പറയുന്നത്  പരിഷ്ക്കരിച്ച  വെര്‍ഷനുകളാണ്.  1G എന്നത് അനലോഗ് സമ്പ്രദായവും 2G എന്നത് ഡിജിറ്റല്‍ സങ്കേതവുമാണ്.  3G-യില്‍  വീഡിയോ കോള്‍ , ഹൈസ്പീഡ് ഇന്റര്‍നെറ്റ് ബ്രൌസിങ്ങ് ഒക്കെ സാധ്യമാണ്.  2G സങ്കേതമാണ് ഇന്ത്യയിലെ മുക്കിലും മൂലയിലും എല്ലാവര്‍ക്കും ആശയവിനിമയം സാധ്യമാക്കിയത് എങ്കിലും  അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ 2G പൂര്‍ണ്ണമായും കാലഹരണപ്പെടും.  ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് അത്രയേ ആയുസ്സുള്ളൂ.  3 ജി പൂര്‍ണ്ണമായി നടപ്പിലായാലും ആ സങ്കേതത്തില്‍  2ജിയും  ഉപയോഗിക്കാമെന്നുള്ളത്കൊണ്ട് 3ജി ഫോണോ സിം കാര്‍ഡോ ഇല്ലാത്തവര്‍ക്കും പ്രശ്നമില്ല.

GSM , CDMA  എന്നീ ടെക്നോളജിയെ കുറിച്ച് പറഞ്ഞു.  ഇതില്‍ GSM  900, 1800 എന്നീ മെഗാഹെര്‍ട്ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലും  CDMA 800 മെഗാഹെര്‍ട്ട്സ് ഫ്രീക്വന്‍സി ബാന്‍ഡിലുമാണ് പ്രവര്‍ത്തിക്കുന്നത്.  അതേ സമയം 3ജി 2100 MHz  ഫ്രീക്വന്‍സി ബാന്‍ഡിലുമാണ്  പ്രവര്‍ത്തിക്കുക എന്ന് തീരുമാനിച്ചിട്ടുണ്ട്.  ഇപ്പോഴത്തെ  വിവാദമായ സ്പെക്ട്രം കുംഭകോണത്തെ പറ്റി  മറ്റൊരു പോസ്റ്റ് എഴുതാം.  അതിന് മുന്‍പ്  നിലമ്പൂരാന്‍ ആവശ്യപ്പെട്ട പോലെ  ചില അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ  ഉദ്ദേശ്യം.  അഴിമതി ക്യാന്‍സര്‍ പോലെ നമ്മുടെ രാജ്യത്തെ സര്‍വ്വമേഖലകളെയും ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളാണ് എല്ലാവരുടെയും ഭാഗത്ത്നിന്ന് ഉണ്ടാകേണ്ടിയിരുന്നത്.  എന്നാല്‍ എല്ലാവരും അഴിമതിയുടെ സൌഭാഗ്യം അനുഭവിക്കുകയും  തനിക്കെതിരെ ആരോപണം വരുമ്പോള്‍ ഞഞ്ഞാമിഞ്ഞ പറയുകയും മറ്റുള്ളവരുടെ അഴിമതികള്‍ ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.  ഇപ്പോഴത്തെ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ നാ‍ടകം ആഘോഷമല്ലാതെ മറ്റെന്താണ്.  ലാവലിന്‍ കേസില്‍ സി.പി.എമ്മിന്റെയും യെദ്ദ്യൂരപ്പയുടെ കാര്യത്തില്‍  ബി.ജെ.പി.യുടെയും നിലപാടുകള്‍ ഞഞ്ഞാമിഞ്ഞ അല്ലാതെ  വേറൊന്നുമല്ല.

നമ്മുടെ രാ‍ഷ്ട്രീയക്കാര്‍ അഴിമതിയുടെ ഗുണഭോക്താക്കളാണ്.  അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് തനിക്ക് ഇത്രയല്ലേ കഴിയുന്നുള്ളൂ,  അവനെ പോലെ കഴിയുന്നില്ലല്ലോ എന്ന് മാത്രമായിരിക്കും. എന്നാല്‍ ഇത് എല്ലാവരെയും അടക്കി പറയുന്നത് ഒരിക്കലും ശരിയല്ല.  അഴിമതി വിരുദ്ധരായ രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും  ,  ഉദ്യോഗസ്ഥര്‍ എല്ലാ വകുപ്പുകളിലുമുണ്ട്.  നമ്മള്‍  എല്ല്ലാ വസ്തുതകളും മുന്‍‌വിധിയില്ലാതെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.  ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അനുയായി ആയി നിന്നിട്ട്  ആ പാര്‍ട്ടിയിലെ നേതാക്കളെ വെള്ള പൂശുകയും  മറ്റ് പാര്‍ട്ടിയില്‍ പെട്ടവരുടെ അഴിമതികള്‍  പെരുപ്പിച്ച് കാട്ടി ഒച്ച വെക്കുകയും ചെയ്യുന്നത്കൊണ്ട് അഴിമതി വര്‍ദ്ധിക്കുകയേയുള്ളൂ.

സ്പെക്ട്രം - രണ്ടാം ഭാഗം

കഴിഞ്ഞ പോസ്റ്റില്‍ അങ്കിള്‍ ഇങ്ങനെ കമന്റ്  എഴുതി: 
 "സി.എ. ജി യുടെ കണക്കുകള്‍ സാങ്കല്പികം എന്നെഴുതിയതിനോട് യോജിക്കാന്‍ കഴിയുന്നില്ല മാഷേ . ഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഏറ്റവും കുറഞ്ഞത്‌ സെന്റിന് അഞ്ചു ലെക്ഷം രൂപ വച്ച് കിട്ടുന്ന പത്തു സെന്റു ഭുമി ഉണ്ട്. ഞാന്‍ അത് വിശ്വസ്തനായ ഒരാളെ വില്കാന്‍ ഏല്‍പിക്കുന്നു. അയാള്‍ അതിനെ സെന്റിന് പതിനായിരം രൂപ വച്ച് വില്കുന്നു. എനിക്കുണ്ടായ നഷ്ടം സാങ്കല്പികം ആണോ? അത് തന്നെയാണ് ഇവിടെയും നടന്നത്. 2001 ല് ലേലം വിളിച്ചു കിട്ടിയ അതേ തുകക്ക് 2008 ല്‍ സ്പെക്ട്രം വിട്ടു. 1,76,000 കോടി രൂപ കിട്ടുമായിരുന്ന നാടിന്റെ പ്രകൃതി വിഭവത്തെ വെറും 12,386 കോടിക്ക് ഡി.എം.കെ. മന്ത്രി എ.രാജ മുന്‍കൈ എടുത്ത് വിറ്റ് തുലച്ചു. അത് നാടിന്റെ നഷ്ടം അല്ലെ?" 

ഇതിന് വിശദമായ ഒരു മറുപടി വേണമെന്ന് തോന്നി. അത്കൊണ്ട് മറുപടി ഒരു പോസ്റ്റ് ആയി എഴുതുന്നു. 

@ അങ്കിള്‍ ,  മാ‍ഷേ 2001 ല്‍ 2G സ്പെക്ട്രം ലേലം ചെയ്തിരുന്നു എന്ന് ആ‍രാണ് പറഞ്ഞത്? അങ്ങനെയൊന്നുമല്ല സംഗതികള്‍ .  ഇന്ത്യയില്‍ 1994ലാണ് ദേശീയ വിവരസാങ്കേതിക നയം രൂപപ്പെടുത്തുന്നത്.  അതിന്റെ അടിസ്ഥാനത്തില്‍ അന്ന് 2ജി സ്പെക്ട്രം ലേലം ചെയ്യപ്പെടുകയും മൂന്ന് കമ്പനികള്‍ സ്പെക്ട്രം വാങ്ങുകയും ചെയ്തു.  അപ്പോള്‍ ഒട്ട് ഗോയിങ്ങ് കോളുകള്‍ക്ക് മിനിറ്റിന് 16 രൂപയായിരുന്നു മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇന്‍‌കമിങ്ങ് കോളുകള്‍ക്കും ചാര്‍ജ്ജ് ഈടാക്കിയിരുന്നു. എന്നിട്ടും ലേലത്തില്‍ സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ , തങ്ങള്‍ക്ക് ഈ ഇടപാടില്‍ നഷ്ടമാണെന്നും ലേലത്തുക മുഴുവനും കൊടുക്കാന്‍ കഴിയില്ലെന്നും പുനര്‍നിര്‍ണ്ണയം ചെയ്യണം എന്നും കാണിച്ച് സുപ്രീം കോടതില്‍ കേസ് കൊടുത്തു.  ഹരജി പരിഗണിച്ച കോടതി വേണ്ട മാറ്റങ്ങള്‍ ചെയ്യാനും പുതിയ നയം രൂപപ്പെടുത്താനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.  അപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 1999 ല്‍  പുതിയ നയം ആ‍വിഷ്ക്കരിച്ചു.  ആ നയത്തിന്റെ അടിസ്ഥാനത്തില്‍ 2ജി സ്പെക്ട്രം ഇനി ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. നിശ്ചിത തുക ലൈസന്‍സ് ഫീ ആയി വാങ്ങിയിട്ട് , ലൈസന്‍സ് നേടുന്ന കമ്പനികളില്‍ നിന്ന് ലാഭത്തില്‍ പങ്ക് (റവന്യു ഷേറിങ്ങ്)  എന്ന നിലയില്‍ വാങ്ങാം എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. 

ഈ സമ്പ്രദായത്തില്‍ രണ്ട് ഗുണമുണ്ട് എന്നാണ് എന്റെ നിരീക്ഷണം. ഒന്ന് സര്‍ക്കാരിന് നിരന്തര വരുമാനം. മറ്റൊന്ന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനം. അന്നേ ലേല സമ്പ്രദായം ആയിരുന്നുവെങ്കില്‍ ഇത്ര കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ക്ക് മൊബൈല്‍ സേവനം നല്‍കാന്‍ കഴിയില്ലായിരുന്നു. ലേലത്തില്‍ കിട്ടുന്ന അത്രയും തുക സര്‍ക്കാരിന് ഒരുമിച്ച് ലഭിക്കുന്നില്ല എന്നേയുള്ളൂ.  ലാഭത്തില്‍ പങ്ക് സ്ഥിരം കിട്ടുന്നുണ്ടല്ലോ.  ഇനി സര്‍ക്കാരിന് എത്ര കിട്ടിയാലും ജനങ്ങള്‍ക്ക് ലഭിക്കുന്ന മെച്ചം തുച്ഛമായിരിക്കും എന്നത് വേറെ കാര്യം. ഇന്നും ലാന്‍ഡ് ഫോണിന് മിനിറ്റിന് ഒരു രൂപയല്ലേ, മൊബൈലിലോ? മൊബലില്‍ മിനിറ്റിന് 10 പൈസ ആക്കാനുള്ള ശ്രമത്തിലായിരുന്നു രാജ. മറ്റൊന്ന് , സിം കാര്‍ഡ് മാറ്റിയാലും ഒരേ നമ്പര്‍ നില നിര്‍ത്താന്‍ കഴിയുന്ന സമ്പ്രദായം (നമ്പര്‍ പോര്‍ട്ടബിലിറ്റി) നടപ്പിലാക്കാനും രാജ കമ്പനികളെ നിര്‍ബ്ബന്ധിക്കുന്നുണ്ടായിരുന്നു.

അപ്പോള്‍ പറഞ്ഞുവന്നത്  1999 മുതല്‍ 2ജി സ്പെക്ട്രം ലേലം ചെയ്യുന്നുണ്ടായിരുന്നില്ല. 2007ലാണ് രാജ ടെലിക്കോം മന്ത്രി ആകുന്നത്. അതേ വരെ പ്രമോദ് മഹാജന്‍ , അരുണ്‍ ഷൂറി , ദയാനിധി മാരന്‍ എന്നിവര്‍ 2ജി സ്പെക്ട്രം അനുവദിച്ചതും ലേലം ചെയ്തിട്ടല്ല റെവന്യു ഷേറിങ്ങ്   സമ്പ്രദായത്തിലാണ്. ലൈസന്‍സ് ഫീ 2001ലേത് തന്നെയായിരുന്നു 2008ലും എന്നതാണ് നേര് എന്ന് തോന്നുന്നു. 2007 വരെ നടക്കാത്ത ലേലം 2008ല്‍ മറ്റ് ചില കമ്പനികള്‍ക്ക് 2ജി അനുവദിക്കുമ്പോള്‍ നടത്തണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്?  അപ്പോള്‍ 2007 വരെ ലേലത്തിലല്ലാതെ 2ജി സ്പെക്ട്രം വാങ്ങിയവരുമായി മത്സരിക്കാന്‍ 2008ല്‍ ലേലത്തില്‍ സ്പെക്ട്രം വാങ്ങുന്ന കമ്പനികള്‍ക്ക് സാധിക്കുമോ? മാത്രമല്ല അങ്ങനെ 2008ല്‍ ലേലം ചെയ്യുകയാണെങ്കില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ മുന്നോട്ട് വരുമായിരുന്നോ? വന്നാലും  2010 ല്‍ 3ജി ലേലത്തില്‍ എടുത്ത അതേ നിരക്കില്‍  2008ല്‍ 2ജി എടുക്കുമായിരുന്നോ?  ഇവിടെയാണ്  സി.ഏ.ജി.യുടെ കണക്ക് സാങ്കല്‍പ്പികമാകുന്നത്.  3ജി സ്പെക്ട്രത്തെ സംബന്ധിച്ച്  അത് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.  ആ സാഹചര്യം 2ജി-യെ സംബന്ധിച്ച് 2008ല്‍ പ്രായോഗികമല്ല എന്ന്  പ്രധാനമന്ത്രിയും കരുതിയാല്‍  എന്താണ് തെറ്റ്.  ഒരു കാര്യം വീണ്ടും ഊന്നി പറയട്ടെ. 2ജി ലേലത്തില്‍ വില്‍ക്കുക എന്ന നയം സര്‍ക്കാര്‍ 1999ല്‍ തിരുത്തിയത്കൊണ്ടാണ് ഇന്ന് പാവപ്പെട്ടവര്‍ക്കും മൊബൈല്‍ പ്രാപ്യമായത്.  ലേലത്തില്‍ മത്സരിച്ച്  അധിക പണം കൊടുത്ത്  കമ്പനികള്‍ 2ജി വാങ്ങിയാല്‍ അതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിലല്ലേ വരിക.  സര്‍ക്കാ‍രിന് എത്ര കിട്ടിയാലും  മൂക്കില്‍ വിരല്‍ ഇട്ടത് പോലെയാണ്.  2ജി-യെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് പാവപ്പെട്ടവന്റെ സ്പെക്ട്രമാണ്.  3ജി ഇന്നത്തെ നിലയില്‍ എന്ത്കൊണ്ടും പാവപ്പെട്ടവര്‍ക്ക് അപ്രാ‍പ്യമായ ആഡംബര സ്പെക്ട്രമാണ്.  സര്‍ക്കാര്‍ ഈ വസ്തുതയും കണക്കിലെടുക്കണ്ടേ?  

ഇനി, ഒന്നേമുക്കാല്‍ ലക്ഷം കോടി എന്ന കണക്ക്  സി.ഏ.ജി.ക്ക്  എങ്ങനെ കിട്ടി എന്ന് നോക്കാം.   ഈ വര്‍ഷം (2010)  3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന്  കിട്ടിയത് 67 ആയിരം കോടി രൂപ.  ഈ കണക്ക് വെച്ച്  2007-08  സാമ്പത്തിക വര്‍ഷം  2ജി പഴയ നിരക്കില്‍ 122 ലൈസന്‍സും 35 ഡബിള്‍ ടെക്നോളജി ലൈസന്‍സും നല്‍കിയത്കൊണ്ട് സര്‍ക്കാരിന് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം കോടി രൂപ നഷ്ടം  എന്നാണ് സി.ഏ.ജി. കണക്കാക്കിയത്.  ലേലം ചെയ്താലും 2010ല്‍ 3ജിക്ക്  കിട്ടിയ അതേ  വില ഒട്ടും കുറയാതെ  2008ല്‍ 2ജിക്കും കിട്ടും എന്നത് ഊഹമല്ലേ?  അത്കൊണ്ടാണ് സി.ഏ.ജി. കണക്ക് സാങ്കല്‍പ്പികം എന്ന് പറഞ്ഞത്.  2008ല്‍ ലേലം ചെയ്യാത്തത് സാങ്കേതികമായും ധാര്‍മ്മികമായും ശരിയാണ് എന്നാണ് എന്റെ തോന്നല്‍ . എന്നാല്‍ 2008ല്‍ രാജ ലൈസന്‍സ് അനുവദിക്കുമ്പോള്‍ നടപ്പ് രീതി അനുസരിച്ച് അഴിമതി നടത്തിയിട്ടുണ്ടാവും.  പ്രമോദ് മഹാജന്‍ തൊട്ട് അരുണ്‍ ഷൂറിയും ദയാനിധി മാരനും വരെ നടത്തിയിരിക്കാന്‍ സാധ്യതയുള്ള അഴിമതി.  അതൊക്കെ കണ്ടുപിടിക്കാന്‍ ഇപ്പോഴത്തെ സുബ്രഹ്മണ്യം സ്വാമി കൊടുത്ത കേസോ ജെ.പി.സി.യോ  പാര്‍ലമെന്റ് സ്തംഭിപ്പിക്കലോ പര്യാപ്തമല്ല താനും .... 

( ബാക്കി സ്പെക്ട്രം തുടര്‍ക്കഥ - മൂന്നാം ഭാഗത്തില്‍ )