Links

Showing posts with label ലൈവ് സ്ട്രീമിങ്ങ്. Show all posts
Showing posts with label ലൈവ് സ്ട്രീമിങ്ങ്. Show all posts

ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം

ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ്  എന്നത് വളരെ ലളിതമായ ഒരു പരിപാടിയാണ്.  ഇതിന് ആകെ വേണ്ടത് ഒരു നല്ല വെബ്ക്യാം ആണ്. ഇപ്പോഴത്തെ ലാപ്‌ടോപ് കമ്പ്യൂട്ടറുകളില്‍ ഇന്‍‌ബില്‍ട്ട് ആയി തന്നെ  വെബ്കാം ഉണ്ട്.  ഡെസ്ക്‍ടോപ്പ് കമ്പ്യൂട്ടര്‍ ഉള്ളവര്‍ നല്ലൊരു കാം വാങ്ങേണ്ടി വരും. വാങ്ങുമ്പോള്‍ വില അല്പം കൂടിയാലും നല്ലതൊരെണ്ണം വാങ്ങുന്നതാണ് നല്ലത്. ശ്രദ്ധിക്കേണ്ടത് മൈക്ക് ഇന്‍ബില്‍ട്ട് ആയിട്ടുള്ള കാം മാത്രമേ വാങ്ങാവൂ എന്നതാണ്. വെബ്കാമുകളുടെ ക്ലാരിറ്റി നിശ്ചയിക്കുന്നത് അതിന് എത്ര മെഗാപിക്സല്‍ ഉണ്ടെന്നതാണ്. അത്കൊണ്ട് കഴിയുന്നതും 2 മെഗാപിക്സലിന് മേല്‍പ്പോട്ടുള്ളത് വാങ്ങാ‍ന്‍ ശ്രദ്ധിക്കുക. ചില വെബ്കാമുകളുടെ വിവരങ്ങള്‍ ഇവിടെ കാണുക.   അപ്പോള്‍  വെബ്കാം റെഡി അല്ലേ?   ഇനി തുടങ്ങാം.

ആദ്യമായി യൂസ്ട്രീം (http://www.ustream.tv/)  എന്ന വെബ്സൈറ്റില്‍ പോയി അവിടെ Sign Up ചെയ്ത് ഒരു അക്കൌണ്ട് ക്രീയേറ്റ് ചെയ്യുക. (ചിത്രം-1)  നിങ്ങളുടെ പേരും  മെയില്‍ ഐഡിയും ഒക്കെ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍  ഇപ്രകാരം ഒരു പേജാണ് വരിക.  ചിത്രം 2 നോക്കുക.  ഞാന്‍ പുതിയ ഒരു അക്കൌണ്ട് ഉണ്ടാക്കി അതിന്റെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സ്ക്രീന്‍ ഷോട്ട് എടുത്തുകൊണ്ടാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.

രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള പേജില്‍ എത്തിയാല്‍ ഇനി എങ്ങോട്ട് പോകണം എന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം.  ചിത്രത്തിന്റെ മുകളില്‍ കാണുന്ന kpsmaran എന്നത് എന്റെ പ്രൊഫൈല്‍ പേരാണ്. നിങ്ങളുടെ പേജില്‍ കാണുക നിങ്ങളുടെ പേരായിരിക്കുമല്ലൊ. നിങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്യുക.



അപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡ് ചിത്രം 3ലെ പോലെ കാണാം.  അവിടെ സെറ്റിങ്ങ്സ് ഒക്കെ പിന്നെ നിങ്ങള്‍ക്ക് സൌകര്യം പോലെ മാറ്റം വരുത്താം.
പ്രൊഫൈല്‍ ഫോട്ടോ ഒക്കെ ചേര്‍ക്കാം.  ഞാന്‍ നേരെ ലൈവ് സ്ട്രീമിങ്ങിലേക്കാണ് ഇപ്പോള്‍ പോകുന്നത്, വരൂ. ഡാഷ്ബോര്‍ഡില്‍ Create a show എന്ന് കാണുന്നില്ലേ അവിടെ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ചിത്രം 4 പോലെ നിങ്ങളുടെ ഷോയ്ക്ക് ഒരു പേര് കൊടുക്കാന്‍ പറയും.  പേര് ടൈപ്പ് ചെയ്ത് Create എന്ന് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍






ചിത്രം 5 പോലെ പൂരിപ്പിച്ച് Seve ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചാനല്‍ പിക്ചര്‍ അപ്പോള്‍ കൊടുക്കണമെന്നില്ല. ഉണ്ടെങ്കില്‍ നല്ലത്. സേവ് ചെയ്ത് കഴിഞ്ഞാല്‍ അത് സേവ് ആയി എന്നു മേലെ കാണിക്കുകയേ ഉള്ളൂ പേജ് മാറുകയില്ല. വലത് ഭാഗത്ത് ടോപ്പ് കോര്‍ണറില്‍ കാണുന്ന Broadcast  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.




ചിലപ്പോള്‍ ചിത്രം 6ലേത് പോലെ ഒരു കാറ്റഗറി സെലക്റ്റ് ചെയ്യാന്‍ പറഞ്ഞേക്കും. അത് സെലക്റ്റ് ചെയ്ത് വീണ്ടും Broadcast ക്ലിക്ക് ചെയ്യുക. ഇപ്പോള്‍  പുതിയ ഒരു വിന്‍ഡോ തന്നെ തുറന്ന് വരും.  ആ പേജില്‍ കറുപ്പ് നിറത്തില്‍ എന്തെങ്കിലും ടെക്സ്റ്റ് കാണുന്നെങ്കില്‍ അത് ക്ലോസ് ചെയ്യുക.




അപ്പോള്‍ പുതിയ വിന്‍ഡോ ചിത്രം 7 ലേത് പോലെ ഉണ്ടാവും. ഇനിയാണ് ശ്രദ്ധിക്കേണ്ടത്.  നിങ്ങളുടെ വെബ്കാം ഓണ്‍ ആകണമെങ്കില്‍ Allow എന്ന് ക്ലിക്ക് ചെയ്യണം എന്ന് അറിയാമല്ലൊ. അത് ക്ലിക്ക് ചെയ്യുക.






ഇപ്പോള്‍ ചിത്രം 8 പോലെ നിങ്ങളുടെ കേമറ റെഡി.  പച്ച നിറത്തില്‍  START BROADCAST എന്നും  START RECORD എന്നും കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ലൈവ് സ്ട്രീമിങ്ങ് ആരംഭിക്കുയായി. അതോടോപ്പം അത് റിക്കോര്‍ഡ് ചെയ്യപ്പെടുന്നുമുണ്ടാവും.  ലൈവ് സ്ട്രീമിങ്ങ് അവസാനിച്ചാല്‍  STOP BROADCAST എന്നും  STOP  RECORD എന്നും ക്ലിക്ക് ചെയ്യുക.


അപ്പോള്‍ ചിത്രം 9 പോലെ കാണും. അവിടെ വലത് ഭാഗത്ത് Play-Delet-Save എന്ന് മൂന്ന് ബട്ടണ്‍ കാണാം. നിങ്ങള്‍ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സേവ് ചെയ്യാന്‍  ടൈറ്റില്‍ , ഡിസ്ക്രിപ്ഷന്‍ , ടാഗ് ഒക്കെ ചേര്‍ക്കണം. എന്നിട്ട് Your recording was successfully saved എന്ന് കാണിക്കുന്ന വരെ കാത്തിരിക്കുക. ഇപ്പോള്‍  വീഡിയോ നിങ്ങളുടെ ഡാഷ്ബോര്‍ഡില്‍ കാണാം.  ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ ഒരു പരീക്ഷണത്തിന് വേണ്ടി ആദ്യം ചെയ്യുക.

ബ്ലോഗിലെ ലൈവ് സ്ട്രീമിങ്ങ് ചെയ്യുന്നതിന് മുന്‍പ് ഇത്തരം ഒരു പരിശീലനം ആവശ്യമാണ്.  ഇനി ഒന്ന് കൂടി ചെയ്യുക. ഡാഷ് ബോര്‍ഡില്‍ പോയി നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ കാണുക. അവിടെ വീഡിയോവിന്റെ Embed കോഡ് കാണാം. അത് കോപ്പി ചെയ്ത്  ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം. ഇങ്ങനെ എംബഡ് കോഡ് പോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങള്‍ ന്യൂ പോസ്റ്റ് ക്ലിക്ക് ചെയ്താല്‍  ടൈപ്പ് ചെയ്യാനുള്ള  എഡിറ്റര്‍ പേജ് തുറന്നു വരുമല്ലോ. അത് ഡിഫാള്‍ട്ടായി  Compose മോഡില്‍ ആയിരിക്കും.  അത്  Edit HTML മോഡില്‍ ആക്കിയിട്ടേ എംബഡ് കോഡ്  പേസ്റ്റ് ചെയ്യാവൂ.  എന്നിട്ട് വീണ്ടും  Compose മോഡിലേക്ക് മാറ്റുക.  ഇതും ഒരു വട്ടം പരീക്ഷിക്കുന്നത് നല്ലതാണ്.  എന്തെന്നാല്‍ ചിലപ്പോള്‍ Embed കോഡില്‍ എറര്‍ കാണിക്കാം. എനിക്ക് അങ്ങനെ സംഭവിച്ചു. html കോഡില്‍ എറര്‍ കാണിച്ചാല്‍ പോസ്റ്റ് പബ്ലിഷ് ആകില്ല. ഇവിടെ സംഭവിക്കാന്‍ സാധ്യതയുള്ള എറര്‍ embed എന്ന ടാഗ് ക്ലോസ് ചെയ്തിട്ടില്ല എന്നായിരിക്കും. അത്കൊണ്ട് കോപ്പി ചെയ്ത കോഡിന്റെ  അവസാനം ക്ലോസ് ചെയ്ത object ന് മുന്‍പായി  embed  എന്ന് കൂടി ടൈപ്പ് ചെയ്ത് ക്ലോസ് ചെയ്യുക.(ഉദാ:</embed></object>)ഇപ്പോള്‍ വീഡിയോ പബ്ലിഷ് ആയിരിക്കും.

ഇത്രയും നിങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ ഇനി ലൈവ് സ്ട്രീമിങ്ങിലേക്ക്  കടക്കാം.  യൂസ്ട്രീം സൈറ്റില്‍ നിങ്ങള്‍ക്ക് ഒരു പ്രൊഫൈല്‍ ആയല്ലൊ.  ലോഗിന്‍ ചെയ്യുക. ഡാഷ് ബോര്‍ഡില്‍ Your Events ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ Schedule a New Event ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ ടൈറ്റില്‍ (ഉദാഹരണത്തിന് Blog meet ) കൊടുത്ത് എപ്പോഴാണോ സ്ട്രീം ചെയ്യുക ആ തീയ്യതി , സമയം ഒക്കെ ശ്രദ്ധയോടെ പൂരിപ്പിച്ച് സേവ് ചെയ്യുക.  ഇനി ഡാഷ്ബോര്‍ഡില്‍ നിന്ന് Go To Show Page ക്ലിക്ക് ചെയ്ത് ലൈവ് സ്ട്രീമിങ്ങിന്റെ ടൈറ്റില്‍ സെലക്റ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക. അവിടെ ബ്ലാങ്ക് വീഡിയോ കാണാം.  അതിന്റെ എംബഡ് കോഡ് ഞാന്‍ നേരത്തെ പറഞ്ഞ പോലെ കോപ്പി ചെയ്ത് ബ്ലോഗില്‍ ന്യു പോസ്റ്റ് തുറന്ന്  പേസ്റ്റ് ചെയ്ത് തലക്കെട്ടും എഴുതി ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുക.  ലൈവ് സ്ട്രീമിങ്ങ് തുടങ്ങുമ്പോള്‍ ബ്ലോഗില്‍ ഡ്രാഫ്റ്റ് ചെയ്തത് പബ്ലിഷ് ചെയ്ത്, യൂസ്ട്രീമില്‍ ലോഗിന്‍ ചെയ്ത്  ഷോ പേജില്‍ പോയി ടൈറ്റില്‍ സെലക്റ്റ് ചെയ്ത്  ബ്രോഡ്കാസ്റ്റ് ആദ്യം പറഞ്ഞ പോലെ സ്റ്റാര്‍ട്ട് ചെയ്യുക. റെക്കോര്‍ഡ് ബട്ടണും ക്ലിക്ക് ചെയ്യാന്‍ മറക്കണ്ട. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ ലൈവ് സ്ട്രീം  നടന്നുകൊണ്ടിരിക്കുന്നുണ്ടാവും.

ഇത്രയും പരത്തി പറഞ്ഞത്കൊണ്ട് കണ്‍ഫ്യൂഷന്‍ ആകണ്ട. സ്വയം ചെയ്ത് നോക്കുമ്പോള്‍ ഈസിയായി തോന്നും. ഞാന്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ കാണുക.  സംശയമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ മടിക്കണ്ട.

മൊബൈല്‍ ഫോണില്‍ നിന്ന് ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ്

ലൈവ് സ്ട്രീമിങ്ങിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു.  അത് പക്ഷെ യൂസ്ട്രീം എന്നൊരു വെബ്‌സൈറ്റ് മുഖാന്തിരമായിരുന്നു. എന്നാല്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കവേ നമുക്ക് നമ്മുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാം. അത് അപ്പോള്‍ തന്നെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷേര്‍ ചെയ്യാം. യൂട്യൂബ് , ട്വിറ്റര്‍ , ഫേസ്ബുക്ക് എന്നിവയിലും ഷേര്‍ ചെയ്യാം. മാത്രമല്ല നമ്മുടെ ബ്ലോഗിലും ലൈവായി കാണിക്കാം. ആലോചിച്ചു നോക്കൂ. നമ്മള്‍ മൊബൈല്‍ ഫോണുമായി എവിടെയെങ്കിലും പോകുന്നു. വഴിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അത് അപ്പോള്‍ തന്നെ ലൈവായി ബ്ലോഗില്‍ സ്ട്രീം ചെയ്യപ്പെടുന്നു. ഇങ്ങനെ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമായി വര്‍ദ്ധിച്ചു വരുമ്പോള്‍ ആളുകള്‍ ബ്ലോഗില്‍ നിന്ന് പിന്നോട്ട് പോകുന്നതും പുതിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതും കഷ്ടമാണ്. വെറും വിവാദങ്ങള്‍ക്കും അടികൂടാനും മാത്രമല്ല ബ്ലോഗ്. അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കാന്‍ കൂടിയാണ്. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമായി ബ്ലോഗിന്റെ സാധ്യത ചുരുക്കിക്കളയരുത്. വിശ്വസിക്കുന്ന ആശയങ്ങള്‍ക്കപ്പുറത്ത് അനുഭവവേദ്യമായൊരു വ്യക്തിജീവിതവും നമുക്കെല്ലാവര്‍ക്കുമുണ്ട്. അത് പരസ്പരം പങ്ക് വയ്ക്കാനും നമുക്ക് കഴിയണം. അതിന് ചിലപ്പോഴെങ്കിലും ആ‍ശയങ്ങളുടെ ഭാരം ഒന്നിറക്കി വയ്ക്കണം. സന്തോഷിക്കാനുള്ള ഫോര്‍മ്യൂലകള്‍ ഏവര്‍ക്കും ഏറെക്കുറെ സമാനമാണ്.

എങ്ങനെയാണ് മൊബൈലില്‍ ലൈവ് സ്ട്രീം ചെയ്യുന്നത് എന്ന് നോക്കാം. കിക്ക് ഡോട്ട് കോം എന്നൊരു സൈറ്റാണ് അതിന് സൌകര്യം ചെയ്തു തരുന്നത്. കിക്ക് ഡോട്ട് കോമില്‍ എന്റെ പ്രൊഫൈല്‍ ഇവിടെ കാണുക. qik.com ല്‍ അക്കൌണ്ട് തുറക്കുക. എന്നിട്ട് ഏത് ഫോണ്‍ ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ ഫോണിന് പറ്റിയ ആപ്ലിക്കേഷന്‍സ് അവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. എല്ലാ ഫോണുകളും QIK സപ്പോര്‍ട്ട് ചെയ്യുന്നില്ല. ബാക്കി കാര്യങ്ങളൊക്കെ അവിടെ സൈറ്റില്‍ നിന്ന് വായിച്ച് മനസ്സിലാക്കേണ്ടതാണ്. ഒന്ന് പരിചയപ്പെടുത്തുക മാത്രമാണ് എന്റെ ഉദ്ദേശ്യം. എനിക്ക് ഒരു ബ്ലാക്ക്ബെറി (ബോള്‍ഡ് 9700) കിട്ടിയിട്ടുണ്ട്. അതില്‍ പരീക്ഷിച്ച് നോക്കി. ശരിക്ക് പഠിച്ചു വരുന്നതേയുള്ളൂ. പ്രൊഫൈലില്‍ My Live Channel എന്നൊരു ലിങ്ക് കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ വിഡ്ജറ്റിന്റെ എംബഡ് കോഡ് ലഭിക്കും. അത് താഴെ കാണുന്ന പോലെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ നമ്മള്‍ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ബ്ലോഗില്‍ ലൈവായി കാണുകയും സേവ് ആവുകയും ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യാം.