Links

വി.എസ്സ്. പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നായനാര്‍ ഗ്രൂപ്പും അച്യുതാനന്ദന്‍ ഗ്രൂപ്പും ഉണ്ടായിരുന്ന കാലത്ത് പിണറായി അച്യുതാനന്ദന്റെ ആളായാണ് അറിയപ്പെട്ടിരുന്നത്. അത് കണ്ണൂര്‍ക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള സംഗതിയായിരുന്നു. എന്നാലും സംസ്ഥാന സെക്രട്ടരിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ മരണപ്പെട്ടപ്പോള്‍ അന്ന് വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടരി ആക്കിയത് അച്യുതാനന്ദന്റെ താല്പര്യപ്രകാരമായിരുന്നു എന്നത് രഹസ്യമല്ല. വൈദ്യതവകുപ്പില്‍ കഴിവും പിടിപ്പും തെളിയിച്ച മന്ത്രിയായ പിണറായിയെ തന്നെ സെക്രട്ടരി സ്ഥാനത്ത് അവരോധിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് വി.എസ്സ്. നിര്‍ബന്ധം പിടിച്ചതായി അന്ന് പത്രവാര്‍ത്തകളും ഉണ്ടായിരുന്നു. ഒരു പക്ഷെ തന്റെ ഒരേയൊരു മന:സക്ഷി സൂക്ഷിപ്പുകാരനായി വി.എസ്സ്. പിണറായിയെ കണ്ടിരിക്കണം.

2000-മാണ്ടോട് കൂടി കേരളത്തെ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാക്കിയിരിക്കും എന്ന് ദൃഢപ്രതിജ്ഞ എടുത്തിരുന്ന പിണറായിയെ ആ ദൌത്യം നിറവേറ്റാന്‍ വി.എസ്സ്.അനുവദിച്ചില്ല. പിണറായി കേരളത്തെ വൈദ്യുതി മിച്ചസംസ്ഥാനമാക്കാന്‍ തീവ്രശ്രമം നടത്തിയതിന്റെ ബാക്കിപത്രമാണ് ലാവലിന്‍ കേസ്. അദ്ദേഹത്തിന് ആരോഗ്യകാര്യങ്ങളിലും അതീവതാല്പര്യം ഉണ്ടായിരുന്നതായി വേണം അനുമാനിക്കാന്‍. അത് കൊണ്ടായിരിക്കുമല്ലൊ വൈദ്യുതവകുപ്പിന്റെ കീഴില്‍ തന്നെ വേണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ എന്ന് അദ്ദേഹം ശാഠ്യം പിടിച്ചത്. കണ്ണൂര്‍ ജില്ലയില്‍ എന്തും പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരിക്കണം എന്ന് ഒരലിഖിതനിയമം ഉണ്ടെന്ന് തല്പരകഷികള്‍ കുശുകുശുക്കാറുണ്ട്. ഉറക്കെ പറഞ്ഞൂടല്ലൊ.

സംസ്ഥാനസെക്രട്ടരി ആയതോടെ പിണറായി സ്വാഭാവികമായി പി.ബി.അംഗവുമായി. അവിടെയാണ് വി.എസ്സിന് അടി തെറ്റിയത്. പി.ബി.അംഗമായ പിണറായി വി.എസ്സിനോളം വളര്‍ന്നു എന്ന് മാത്രമല്ല സംഘടന കൈയിലെടുക്കാനുള്ള മിടുക്ക് കൊണ്ട് വി.എസ്സിനേക്കാളും ശക്തനുമായി. പിണറായിയുടെ മോഹങ്ങളുടെ അതിര് വി.എസ്സിനെക്കാളും വിശാലമായിരുന്നു. അങ്ങനെയാണ് പത്രഭാഷയില്‍ പാര്‍ട്ടിയില്‍ വി.എസ്സ്-പിണറായി ഗ്രൂപ്പ് ഉടലെടുക്കുന്നത്. പിന്നിടങ്ങോട്ട് പിണറായി എന്ത് പരിപാടി മുന്നോട്ട് വെച്ചാലും വി.എസ്സ്. എതിര്‍ക്കും. വി.എസ്സിന് തത്വങ്ങളുടെയും ആദര്‍ശങ്ങളുടെയും പിന്‍‌ബലമുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികരാഷ്ട്രീയത്തില്‍ പിണറായിയുടെ വിരുത് അണികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. ഇരുവരും അന്യോന്യം ഒളിയമ്പുകള്‍ എയ്തുകൊണ്ടേയിരുന്നു.

കേരളത്തെ മറ്റൊരു ബംഗാളാക്കി ഭരണം സ്ഥിരമായി കൈയിലൊതുക്കാന്‍ പിണറായി പദ്ധതിയിട്ടു. ലീഗിനെ കൂടെ കൂട്ടിയാല്‍ അത് നിഷ്പ്രയാസം സാധ്യമാവുമായിരുന്നു എന്ന് കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റ് അബ്ദുള്ളക്കുട്ടിയെന്ന മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് മാത്രം പിടിച്ചെടുത്തതിലൂടെ എല്ലാവര്‍ക്കും ബോധ്യമായതാണ്. എന്നാല്‍ വി.എസ്സ്. വിട്ടില്ല. വര്‍ഗ്ഗീ‍യപാര്‍ട്ടികളുമായി ബന്ധം പാടില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലെ നയം ചൂണ്ടിക്കാട്ടിയാണ് വി.എസ്സ്. പിണറായിയുടെ മോഹത്തിന് തടയിട്ടത്. അത്രയും കാലം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് വെറുതെയായി. ലീഗിനെക്കാളും വര്‍ഗ്ഗീയതയുള്ള പല സംഘടനകളും ഇന്ന് സി.പി.എമ്മിനോടൊപ്പമാണ് എന്നത് വേറെ കാര്യം. ഏറ്റവും അവസാനത്തെ അവസരമായിരുന്നു കരുണാകരന്റെ പാര്‍ട്ടിയായിരുന്ന ഡമൊക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ (DIC) ഇടത് മുന്നണിയിലേക്കുള്ള പ്രവേശം. അന്ന് കരുണാകരനെ ഇടത് മുന്നണിയിലെടുത്തിരുന്നുവെങ്കില്‍ കേരളമങ്ങോളമിങ്ങോളം ധാരാളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുയായികളും ഡി.ഐ.സി.യില്‍ ചേരുകയും അങ്ങനെ കേരളം എന്നേന്നേക്കുമായി സി.പി.എമ്മിന് കിട്ടുകയും ചെയ്യുമായിരുന്നു. അതിനും തുരങ്കം വെച്ചത് വി.എസ്സ്. തന്നെ. കരുണാകരന്‍ ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു വി.എസ്സിന്റെ ന്യായം. മുന്നണിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കും എന്ന അപകടം മണത്തറിഞ്ഞ സി.പി.ഐ. കരുണാകരന്റെ മുന്നണി പ്രവേശത്തെ നഖശിഖാന്തം എതിര്‍ത്തതും വി.എസ്സിന് ബലമായി. നോക്കണേ ഓരോരുത്തരുടെ താല്പര്യങ്ങള്‍ പോകുന്ന പോക്ക്.

ഇന്നിപ്പോള്‍ വി.എസ്സ്. പാര്‍ട്ടിയില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. “താന്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയായതിനാല്‍ ഭരണഘടനക്കകത്ത് നിന്ന് പ്രവര്‍ത്തിക്കും” എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. സാക്ഷാല്‍ സോമനാഥ ചാറ്റര്‍ജി പോലും ഇത്ര കടുപ്പത്തില്‍ പറഞ്ഞിട്ടില്ല. ഈ ഭരണഘടന കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതും വേറെ ഗതിയില്ലാത്തത് കൊണ്ട് അത് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണെന്നും കോടിയേരി അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടോ ? സംഗതി അദ്ദേഹം ചുരുക്കം വാക്കുകളില്‍ അസന്നിഗ്ദമായി പറഞ്ഞിരിക്കുന്നു. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് നടക്കുകയാണെന്ന്. എന്നാല്‍ പുറത്തേക്ക് പോകുന്ന തന്റെ പിന്നാലെ പാര്‍ട്ടിയും വരുമെന്ന ആത്മധൈര്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴങ്ങുന്നുമുണ്ട്. ഞാന്‍ വെറുമൊരു രാഘവനോ ഗൌരിയമ്മയോ അല്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു.

പാര്‍ട്ടി പിണറായിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നു. അതിന് കാരണവുമുണ്ട്. പാര്‍ട്ടിയെന്നാല്‍ ഇന്ന് വെറുമൊരു പാര്‍ട്ടിയല്ല. അത് ഒരു വന്‍‌വ്യവസായ സ്ഥാപനം കൂടിയാണ്. അത് നടത്തിക്കൊണ്ട് പോകണമെങ്കില്‍ പിണറായി വേണം. വി.എസ്സിന്റെ ആദര്‍ശത്തിന് കാല്‍ക്കാശിന്റെ വിലയില്ലെന്ന് എസ്.എഫ്.ഐ.കുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ആദര്‍ശങ്ങളിലാണ് ഇന്നും. ഒന്നും കിട്ടുകയില്ലെങ്കിലും സ്വപ്നമെങ്കിലും കാണാലോ. അവിടെയാണ് വി.എസ്സിന്റെ വിജയം. അവിടെയാണ് വി.എസ്സ്. ആദര്‍ശകേരളത്തിന്റെ ഒരേയൊരു സമകാലികപ്രതീകമാവുന്നത്.

വി.എസ്സ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അഥവാ സ്വയം പുറത്ത് പോയാല്‍ അത് സി.പി.എമ്മില്‍ അപരിഹാര്യമായ പ്രതിസന്ധി ഉണ്ടാക്കും. കാരണം സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബ്ബലനായ ജനറല്‍ സെക്രട്ടരിയാണ് പ്രകാശ് കാരാട്ട്. വി.എസ്സോളം തലയെടുപ്പുള്ള മറ്റൊരു നേതാവ് ഇന്ന് സി.പി.എമ്മിലില്ല. അത് കൊണ്ടാണല്ലൊ പാര്‍ട്ടിയില്‍ ഒറ്റയാനായി ഇപ്പോഴും അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയുന്നത്. എസ്.രാമചന്ദ്രന്‍ പിള്ളയെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുത്തു എന്നും സത്യപ്രതിജ്ഞയേ ബാക്കിയുള്ളൂ എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പൊതുയോഗങ്ങളും കുടുംബയോഗങ്ങളും വിളിച്ച് ചേര്‍ത്ത് പറഞ്ഞാല്‍ അണികള്‍ മറുത്തൊന്നും പറയാതെ കേള്‍ക്കും. എന്നാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 20ഉം യു.ഡി.എഫ് അടിച്ചു മാറ്റുകയും ചെയ്യും.

അഴിമതിക്കേസുകള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് വാസ്തവത്തില്‍ ഒരലങ്കാരമാണ്. അതിനപവാദമാണ് പൊതുവെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. തീരെ ഇല്ലെന്നല്ല. ഒട്ടും അഴിമതിയില്ലാതെ ഇക്കാലത്ത് നിന്ന് പിഴയ്ക്കാന്‍ സാധ്യമല്ല എന്നതാണല്ലൊ പരിപ്പ് വടയും കട്ടന്‍ ചായയും എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. സാധാരണഗതിയില്‍ ഒരു കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാല്‍ സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അയാള്‍ മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ മാറ്റുകയോ ആണ് വേണ്ടത് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. ഇവിടെ പ്രതി ചേര്‍ക്കപ്പെട്ട ആളെ സംരക്ഷിക്കാന്‍ പി.ബി.യടക്കം പാര്‍ട്ടിയുടെ സര്‍വ്വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനേ ഉപകരിക്കൂ എന്നത് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അതാണ് സി.പി.എം. ഇന്ന് അകപ്പെട്ടിട്ടുള്ള അപചയത്തിന്റെ ആഴം.

സി.പി.എമ്മില്‍ ഇനി എന്ത് ?

ലാവ്‌ലിന്‍ ഇടപാടില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. രഷ്ട്രീയത്തിലെ അഴിമതികള്‍ അതെത്ര ശതകോടികളുടേതായാലും ഇപ്പോള്‍ ആളുകള്‍ കണക്കിലെടുക്കാറില്ല. ബോഫേഴ്സ് കേസ് ചില ലക്ഷങ്ങള്‍ കമ്മീഷന്‍ പറ്റി എന്നായിരുന്നു. എന്നാല്‍ ആ കേസ് വളരെ കാലം മാധ്യമങ്ങളും കോണ്‍ഗ്രസ്സിതര കക്ഷികളും ജ്വലിപ്പിച്ച് പര്‍വ്വതീകരിച്ച് ആഘോഷിച്ച് നിലനിര്‍ത്തിയതിനാല്‍ ജനങ്ങള്‍ക്ക് ഇപ്പോഴൊക്കെ അഴിമതി എന്നൊക്കെ പറയുന്നത് ഒരു തരം ചായ കുടി പോലെയേയുള്ളൂ. അതും കോടികള്‍ കോടി കടന്നാലും പ്രശ്നമില്ല. പത്ത് രൂപ പോലെയേയുള്ളൂ പത്ത് കോടി എന്നൊക്കെ പറയുമ്പോള്‍. കോടിക്കപ്പുറം ആളുകളെ പേടിപ്പിക്കുന്ന ഒരു സംഖ്യ മലയാളത്തില്‍ കണ്ടുപിടിച്ചാലേ ഇനി അഴിമതി എന്ന് കേട്ടാല്‍ ഏശുകയുള്ളു. പിണറായി അഥവാ ലാവ്‌ലിന്‍ ഇടപാടില്‍ പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അതൊന്നും പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ അദ്ദേഹത്തെ അനഭിമതനാക്കുന്ന സംഗതിയല്ല. നേതാക്കന്മാര്‍ ആരും തന്നെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും ഇക്കാണുന്നതെല്ലാം സമ്പാദിക്കുന്നത് പേരിന് ഭാര്യമാര്‍ക്ക് ജോലിയൊന്ന് ഉള്ളത് കൊണ്ട് മാത്രമല്ലെന്നും ആര്‍ക്കാണ് അറിയാത്തത്? സി.പി.എമ്മില്‍ ഒരു നേതാവ് പുറത്താക്കപ്പെടുമ്പോള്‍ മാത്രമാണ് അണികള്‍ക്ക് വര്‍ഗ്ഗശത്രുവാകുന്നത്. മറ്റ് കാരണങ്ങളൊന്നും വേണ്ട. ഒരു സാധാരണ പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു പോയി എന്ന് വെക്കുക. ശേഷം മിണ്ടാതിരുന്നാല്‍ പ്രശ്നമില്ല. എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആള് ബാക്കിയായിട്ട് വേണ്ടേ. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ്-ബി.ജെ.പി സംഘട്ടനപരമ്പരകളുടെ അടിസ്ഥാന കാരണം അതാണ്.

പിണറായിക്കെതിരെ കേസ് ഉണ്ടാവില്ല എന്നാണ് എല്ലാവരും കരുതിയത്. അതിന് വേണ്ടി സാധ്യമായ എല്ലാ നീക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൂനിന്മേല്‍ കുരു പോലെ നാടാകെ ഷൊര്‍ണ്ണൂരാവുമ്പോള്‍ പാര്‍ട്ടി സെക്രട്ടരി കേസില്‍ പ്രതിസ്ഥാനത്തും! ആണവക്കരാറിന്റെ പേരില്‍ സര്‍ക്കാറിന് പിന്‍‌തുണ പിന്‍‌വലിച്ചതിന്റെ പേരില്‍ പ്രതികാരം ചെയ്യുകയാണെന്നും,ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കുകയാണെന്നും മറ്റും പറഞ്ഞ് നവകേരള യാത്ര നടത്തി ജനങ്ങളെ ഉല്‍ബോധിപ്പിച്ചാലൊന്നും പാര്‍ട്ടി അകപെട്ടിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല. ഒരേ ഒരു വഴിയുണ്ട്. എത്രയും പെട്ടെന്ന് പകരക്കാരന്‍ ഒരാളെ പാര്‍ട്ടി സെക്രട്ടരി സ്ഥാനം ഏല്‍പ്പിച്ച് പിണറായി മാറി നില്‍ക്കുക. കുറെക്കാലമായി പാര്‍ട്ടി എന്നാല്‍ പിണറായി ആണ്. സാധാരണ അനുയായികള്‍ അച്യുതാനന്ദന്റെ ഭാഗത്തും ഭാരവാഹികളും മെംബര്‍മാറും പിണറായിയുടെ ചൊല്‍പ്പടിയിലും ആയിരുന്നു. അച്യുതാനന്ദനും പിണറായിയും രണ്ട് വിരുദ്ധമൂല്യങ്ങളുടെ പ്രതീകങ്ങളാണിന്ന്. അതില്‍ അച്യുതാനന്ദന്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ മാത്രമേ അന്തിമമായി വിജയിക്കൂ എന്നതിന്റെ തെളിവായിരുന്നു അമ്പലപ്പുഴയിലെ വിജയാഘോഷത്തില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ കണ്ട ആവേശം. അച്യുതാനന്ദന്‍ എന്ന ഒരു വ്യക്തി ഒരു പ്രശ്നമല്ല. മിണ്ടാപ്രാണികളായ ജനങ്ങളുടെ ആശയാഭിലാഷങ്ങളുടെ പ്രതീകമായ അച്യുതാനന്ദന്‍ എന്നാല്‍ പ്രശ്നം തന്നെയാണ്. പിണറായി മാറി നിന്നാല്‍ രക്ഷപ്പെടുക സി.പി.എം എന്ന പാര്‍ട്ടി മാത്രമല്ല, ക്ഷയോന്മുഖമായ ഇടത് പക്ഷ മൂല്യങ്ങള്‍ കൂടിയായിരിക്കും. അത്ര എളുപ്പത്തില്‍ പിണറായി മാറുമോ അതോ മാറ്റുമോ എന്നറിയാന്‍ എതാനും ദിവസങ്ങള്‍ കാത്തിരുന്നാല്‍ മതി. അനിവാര്യമായ ഒരു പതനത്തിലേക്ക് പാര്‍ട്ടിയും പിണറായിയും നടന്നടുക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഒരു പോറലും പറ്റുകയില്ല എന്നതിന്റെ തെളിവുകള്‍ ഷൊര്‍ണ്ണൂരിലെയും അമ്പലപ്പുഴയിലെയും വിജയിച്ച വിമതസ്ഥാനാര്‍ത്ഥികളുടെ പ്രസംഗങ്ങളില്‍ മുഴങ്ങുന്നുണ്ട്. കുലം കുത്തികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് തുറന്ന് പറയാവുന്ന ദിവസങ്ങള്‍ അടുത്ത് വരുന്നു. സി.പി.എം എന്ന പാര്‍ട്ടി എന്ത് തന്നെയായാലും കേരളത്തില്‍ നിലനിന്നേ പറ്റൂ . ലാവ്‌ലിന്‍ പിണറായിയെ സംബന്ധിച്ച് ഒരു ഇടര്‍ച്ച ആയിരുന്നു. അത് നന്നായി. അല്ലെങ്കില്‍ സി.പി.എം കേരളത്തിലെങ്കിലും ഛിന്നഭിന്നമായേനേ.

നിഷേധാത്മക രാഷ്ട്രീയമാണ് സി.പി.എം എക്കാലത്തും പിന്‍‌തുടര്‍ന്ന് പോന്നിട്ടുള്ളത്. ഒരു കണക്കിന് കോണ്‍ഗ്രസ്സ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിഷേധാത്മക രാഷ്ട്രീയത്തിലൂടെ തന്നെയാണ് വളര്‍ന്ന് വന്നിട്ടുള്ളത് എന്ന് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയും. ഈ നിഷേധാത്മകരാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യത്തെ വളരാനനുവദിക്കാതെ മുരടിപ്പിച്ചതും വികൃതമാക്കിയതും. ഇന്നും ദുര്‍ബലമായിട്ടാണെങ്കില്‍ പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ നിലനില്പിന് തന്നെ ആധാരം എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാവും.

കേരള സി.പി.എമ്മില്‍ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനിയേതായാലും ദിവസങ്ങളേയുള്ളൂ. പിണറായിയെ പ്രതിരോധിക്കാന്‍ എത്ര ശ്രമിച്ചാലും പിബിക്ക് കഴിയില്ല. ഒരു ഫിനിക്സ് പക്ഷിയെ പോലെ അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ അജയ്യനായി തിരിച്ചു വരാനുള്ള സാധ്യതയാണ് കാണുന്നത്.

ചിത്രകാരനും ഞാനും ..!

ചിത്രകാരനും ഞാനും ബൂലോഗത്തിന് പുറത്തെ നല്ല സ്നേഹിതന്മാരാണ്. അതിനാല്‍ ബ്ലോഗിലെ വിവാദങ്ങളും പോര്‍വിളികളുമൊന്നും ഞങ്ങളുടെയിടയിലുള്ള സൌഹൃദബന്ധത്തെ ബാ‍ധിക്കുകയില്ല. കണ്ണൂരില്‍ പോകുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കാനും, ഏകാന്തനിമിഷങ്ങളില്‍ കുറേ നേരം ഫോണിലൂടെ സംസാരിക്കാനും കഴിയുന്ന ഒരു നല്ല കൂട്ടുകാരന്‍ എന്ന് ചിത്രകാരനെ പറ്റി തുറന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്ന് വെച്ച് ചിത്രകാരന്റെ എല്ലാ അഭിപ്രായങ്ങളോടും നിലപാടുകളോടും എനിക്ക് പൂര്‍ണ്ണമായി യോജിപ്പാണെന്ന് അര്‍ഥമില്ല. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ. ആശയങ്ങള്‍ക്കും ഇസങ്ങള്‍ക്കുമപ്പുറമാണ് വ്യക്തിബന്ധങ്ങള്‍. ഇക്കാര്യത്തിലും ഞങ്ങള്‍ യോജിപ്പുണ്ട്. ബ്ലോഗില്‍ അപരനാമത്തില്‍ എഴുതുന്നതിനെ ഞാന്‍ ശക്തിയുക്തം എതിര്‍ത്തപ്പോള്‍ ചിത്രകാരന്‍ എന്നെ അനുകൂലിച്ചിട്ടില്ല. പൊതുസമൂഹത്തെക്കുറിച്ച് സംസാരിക്കുന്നവന്‍ അത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടേ ചെയ്യാവൂ എന്നാണ് എന്റെ അന്നും ഇന്നും ഉള്ള നിലപാട്. എക്കാരണം കൊണ്ടും ബ്ലോഗില്‍ സ്വന്തം പേരില്‍ എഴുതിക്കൂട എന്ന നിലപാടില്‍ ചിത്രകാരനും ഉറച്ചു നില്‍ക്കുന്നു. അതേ പോലെ കേരള ബ്ലോഗ് അക്കാദമിയുടെ കാര്യത്തില്‍, അക്കാദമിയുടെ ബ്ലോഗില്‍ നിന്ന് സ്വയം പിന്മാറിക്കൊണ്ട് എന്റെ വിയോജിപ്പ് ഞാന്‍ മൌനമായി എന്നാല്‍ ശക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല. എല്ലാറ്റിനുമപ്പുറത്ത് ചിന്താതരംഗങ്ങളുടെ ചില ഫ്രീക്വന്‍സികള്‍ ഞങ്ങളുടേത് ഒരേ അളവിലായിരിക്കാം.

ബ്ലോഗ് അക്കാദമിയെന്നാല്‍ കേരളത്തില്‍ മൂര്‍ത്തമായ ഒരു സമാന്തര ജനകീയമാധ്യമ കൂട്ടായ്മയായി വികസിപ്പിക്കണം എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. വെറും ശില്പശാലകള്‍ നടത്തി കുറേ പേരെ ബൂലോഗത്ത് കൈ പിടിച്ചുയര്‍ത്തിയാല്‍ മാത്രം മതി എന്ന ചിത്രകാരന്റെ നിലപാ‍ട്, അത്തരം ഒരു പ്രസ്ഥാനം മൂര്‍ത്തരൂപം പ്രാപിക്കുന്നതിനെ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പരിഭവം ഇപ്പോഴുമെനിക്കുണ്ട്. ചിലര്‍ ഇത്തരം ഒരു കൂട്ടായ്മ ഉരുത്തിരിയുന്നതിനെതിരെ ബൂലോഗത്ത് കോലാഹലം ഉണ്ടാക്കിയിരുന്നു. അവരെ തൃപ്തിപ്പെടുത്തും വിധം അക്കാദമി ഇന്ന് ഒരു അടഞ്ഞ അധ്യായമായി ഒടുങ്ങി. ഇത് വരെ നടന്ന ശില്പശാലകളില്‍ പങ്കെടുത്തവര്‍ക്കോ സംഘടിപ്പിച്ചവര്‍ക്കോ ഇനി പരസ്പരം കണ്ടാല്‍ തിരിച്ചറിയില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും , നവീനമായ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ആശയവിനിമയത്തിനും വിവരവിതരണത്തിനും പുത്തന്‍ വേദി ഒരുക്കാനും അതിന് നേതൃത്വം നല്‍കാന്‍ കഴിയുമാറ് ഒരു സന്നദ്ധസംഘടന ഉയര്‍ന്നുവരാനുമുള്ള സാധ്യതയാണ് ഇല്ലാതായത്. ഇനി ഇത്തരമൊന്നിന് ആര് മുന്‍‌കൈ എടുത്താലും വിശ്വസനീയത ആര്‍ജ്ജിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഇപ്പോള്‍ ഒരാഴ്ചയായി ബൂലോഗത്തെ വിവാദത്തില്‍ കേന്ദ്ര ബിന്ദു ചിത്രകാരനാണല്ലൊ. ഇതേ പോലെ മുന്‍പ് ഒരവസരത്തില്‍ ഇതേ ചിത്രകാരന്‍ ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഞാന്‍ ബ്ലോഗിലേക്ക് വരുന്നതും,ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതും. ആശയപരമായ സമാനമനസ്ക്കത തന്നെയാണ് ഞങ്ങളെ അടുപ്പിച്ചിരുന്നത്. ജാതി സമ്പ്രദായത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ചു എന്നും അതിന് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്നുമാണ് ആരോപണം. ജാതിയുടെ പേരില്‍ മനുഷ്യനെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും വില നിശ്ചയിക്കുന്ന വൃത്തികെട്ട ഒരു അളവുകോല്‍ ലോകത്തിന് ഇന്ത്യയുടെ മാത്രം സംഭാവനയാണ്. ഈ പരിഷ്കൃതയുഗത്തിലും ആ മാനദണ്ഡം തുടരുന്നുണ്ടെങ്കില്‍ അത് അങ്ങേയറ്റം അപലപനീയമാണ്. താന്‍ ഇന്ന ജാതിയില്‍ പെട്ടവനാണ് എന്ന് ഒരാള്‍ക്ക് തോന്നുകയും അതിന്റെ പേരില്‍ അയാള്‍ക്ക് തന്നെ പറ്റി ഉല്‍ക്കര്‍ഷമോ അപകര്‍ഷമോ ആയ ബോധം ഇക്കാലത്ത് ഉണ്ടാവാന്‍ പാടില്ല. അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടാവുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതായ ഒരു മാനസിക വൈകല്യമാണ്.

ചിത്രകാരന്റെ ഭാഷാശൈലിയെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല തന്നെ. പലരും അത് ബ്ലോഗില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ചിത്രകാരനേക്കാളും മോശപ്പെട്ട, മ്ലേച്ഛമെന്ന് തന്നെ പറയാവുന്ന തരത്തില്‍ പല രാഷ്ട്രീയനായകന്‍‌മാരും പൊതുവേദികളില്‍ പ്രസംഗിക്കുന്നത് കേള്‍ക്കാറുണ്ട് എന്നതും ചിത്രകാരനെ ന്യായീകരിക്കാനുള്ള കാരണമാകുന്നില്ല. പൊതുവേ ഈ വിവാദത്തില്‍ ചിത്രകാരനെതിരെ പ്രതികരിച്ചവര്‍ക്കെല്ലാം ഒന്നോ രണ്ടോ പേര്‍ക്കൊഴികെ ചിത്രകാരനോട് പകയോ വെറുപ്പോ ഇല്ലെന്നും പ്രത്യുത ഒരു കഴിവുള്ള ബ്ലോഗര്‍ എന്ന നിലയില്‍ മതിപ്പാണുള്ളതെന്നും കാണാന്‍ കഴിയും. ഈ ഒരു പോസിറ്റീവ് ആയിട്ടുള്ള വസ്തുത ചിത്രകാരന്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോഴും എന്റെ ഒരു പഴയ പരിഭവം ബാക്കിയാകുന്നു, അക്കാദമി ഒരു യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ചിത്രകാരന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമായിരുന്നു എന്ന്. ചിത്രകാരന്‍ എന്റെ ഈ നിഗമനം സമ്മതിക്കുകയില്ല എങ്കില്‍ തന്നെയും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.