Links

Showing posts with label ഗ്യാസ് ബുക്കിങ്ങ്. Show all posts
Showing posts with label ഗ്യാസ് ബുക്കിങ്ങ്. Show all posts

ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇത് ഒരു പഴയ പോസ്റ്റ് ആണു. ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ആൻഡ്രോയ്‌ഡ് ഫോണിൽ ഇപ്പോൾ ആപ്ലിക്കേഷനുകൾ ലഭ്യമാണു. ആ വിവരം കൂടി ഉൾക്കൊള്ളിച്ച് അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടിയാണു ഇത് ഇപ്പോൾ റി-പോസ്റ്റ് ചെയ്യുന്നത്.

ആൻഡ്രോയ്‌ഡ് ഫോൺ കൈവശമുള്ളവർ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ പോയി യഥാക്രമം Bharatgas , HP GAS , Indane  എന്നിങ്ങനെ സർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും. അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഗ്യാസ് ബുക്കിങ്ങ് വളരെ എളുപ്പമാണു. പക്ഷെ അതിനു മുൻപായി അതാത് ഗ്യാസ് കമ്പനിയുടെ വെബ്സൈറ്റിൽ പോയി റജിസ്റ്റർ ചെയ്യണം. നിലവിൽ ഗ്യാസ് കണക്‌ഷനും ഇ-മെയിൽ ഐഡിയും ഉള്ളവർ ആദ്യമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്   റജിസ്റ്റർ ചെയ്യുക.

HP GAS 
Bharat Gas
INDANE 

ഓരോ ഗ്യാസ് കമ്പനിയുടെയും ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോട്ട് താഴെ കാണുക:




ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ നേരാം വണ്ണം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.  ജനങ്ങള്‍ ഏറ്റവും അധികം കഷ്ടപ്പെടുന്ന ഒരു മേഖലയാണ്  പാചകവാതക സിലിണ്ടര്‍ സമയത്തിന് ലഭിക്കുക എന്നത്.  ബുക്ക് ചെയ്യാന്‍ ഏജന്‍സിയില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല.  ബുക്ക് ചെയ്താല്‍ തന്നെ ഒരു മാസമായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ല.  ഒരു സിലിണ്ടര്‍ മാത്രമുള്ളവര്‍ക്ക് രണ്ടാമതൊരു സിലിണ്ടര്‍ ലഭിക്കുന്നില്ല. അങ്ങനെ നിരവധി പ്രശ്നങ്ങള്‍ .  പാചകവാതക വിതരണം നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്.  അതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. ഗ്യാസ് ന്യായമായി വിതരണം ചെയ്താല്‍ ലഭിക്കുന്ന കമ്മീഷന്‍ അവര്‍ക്ക് പോര.  അത്കൊണ്ട്  രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് സമയത്തിന് ഗ്യാസ് നല്‍കാതെ കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ അധികം തുക ഈടാക്കി മറിച്ചു വില്‍ക്കുന്നു.  പുതിയ കണക്‍ഷനുകള്‍ കൊടുക്കുന്നത് അപൂര്‍വ്വം.  ഉപഭോക്താക്കള്‍ അസംഘടിതരും  ഒറ്റപ്പെട്ടവരുമാണ്.  അത്കൊണ്ട് വളരെ ബുദ്ധിമുട്ടുകളാണ് ഗ്യാസ് ഉപഭോക്താക്കള്‍ നേരിടുന്നത്.  പല സ്ഥലത്തും  ഉപഭോക്താക്കളും  സിലിണ്ടര്‍ വിതരണം ചെയ്യുന്നവരുമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുമുണ്ട്.

ഇതിനൊക്കെ പരിഹാരമാണ്  ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള  ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം.  ഇന്‍ഡേന്‍ , ഭാരത് , എച്ച്.പി.  ഇങ്ങനെ മൂന്ന്  പാചകവാതക കമ്പനികളാണ് നിലവിലുള്ളത്.  ഈ മൂന്ന് കമ്പനികള്‍ക്കും  ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്.  നമ്മള്‍ ഏജന്‍സിയില്‍ ഫോണ്‍ വിളിച്ചോ നേരില്‍ ചെന്നോ ബുക്ക് ചെയ്യേണ്ട ആവശ്യം ഇല്ല.  ഓണ്‍ലൈനില്‍ ആകുമ്പോള്‍ സെന്ട്രലൈസ്ഡ്  ബുക്കിങ്ങ് ആണ് നടക്കുന്നത്. ബുക്ക് ചെയ്താല്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കുന്നു.  സാധാരണ ഗതിയില്‍ ബുക്ക് ചെയ്താല്‍ മൂന്ന് ദിവസത്തിനകം സിലിണ്ടര്‍ ലഭിക്കേണ്ടതാണ്.  അഥവാ ലഭിച്ചില്ലെങ്കില്‍ കമ്പ്ലേന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ അതാത് സൈറ്റില്‍ ഉണ്ട്.  ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ ഗ്യാസ് ഏതാണോ  അതിന്റെ കസ്റ്റമര്‍ സൈറ്റില്‍ ചെന്ന്  ന്യൂ കസ്റ്റമര്‍  എന്ന ലിങ്കില്‍  കണ്‍സ്യൂമര്‍ നമ്പര്‍ മറ്റും പ്രസക്ത വിവരങ്ങള്‍ കൊടുത്ത് അക്കൌണ്ട് എടുക്കുക.  ഇ-മെയില്‍ ഐഡി വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.  മൂന്ന് ഗ്യാസ് കമ്പനികളുടെയും  കസ്റ്റമര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റിന്റെ അഡ്രസ്സ്  ഇതാ:   BHARAT GAS  ,  HP GAS ,  INDANE GAS .

ഓണ്‍ലൈനില്‍  അല്ലാതെ SMS ആയും  ഗ്യാസ് ബുക്ക് ചെയ്യാം.  എങ്ങനെയാണ് മൊബൈല്‍ ഫോണില്‍ നിന്നും  റജിസ്റ്റര്‍ ചെയ്ത് ഗ്യാസ്  ബുക്ക് ചെയ്യേണ്ടത് എന്ന വിവരങ്ങള്‍  താഴെ കൊടുക്കുന്ന ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വായിച്ച് മനസ്സിലാക്കാം. അതില്‍ വിശദമായി എല്ലാം കൊടുത്തിട്ടുണ്ട്.  ബുക്ക് ചെയ്തിട്ടും ഗ്യാസ് ലഭിക്കുന്നില്ലെങ്കിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലോ  നമ്മുടെ കസ്റ്റമര്‍ പേജില്‍ ലോഗിന്‍ ചെയ്തിട്ട് കമ്പ്ലേന്റ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞല്ലൊ , കൂടാതെ നമുക്ക് നേരിട്ട് ഫോണില്‍ സംസാരിക്കുകയും ചെയ്യാം.  മൂന്ന് ഗ്യാസ് കമ്പനികള്‍ക്കും കൂടി പൊതുവായ ടോള്‍ ഫ്രീ നമ്പര്‍ ആണ് 155233. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ഈ നമ്പറില്‍ വിളിച്ച് സംസാരിക്കാം.  ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും പാ‍ചകവാതക വിതരണം സുതാര്യമാക്കാനുമാണ് സര്‍ക്കാര്‍ ഈ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  എല്ലാവരും ഈ സൌകര്യം പ്രയോജനപ്പെടുത്തുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക.

( ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വേറെ ജാലകത്തില്‍ തുറക്കും. അവിടെ ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ വായിക്കാം)