ഷുഗറും കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്സും കൊഴുപ്പും കാർബോഹൈഡ്രേറ്റും ഒക്കെ മൂന്ന് മൂലകങ്ങൾ ചേർന്ന് ഉണ്ടായ തന്മാത്രകൾ ആണെന്ന് നിങ്ങൾക്കറിയാമോ? അറിയാതിരിക്കാൻ വഴിയില്ല. അതൊക്കെ പ്രൈമറി ക്ലാസ്സിൽ പഠിച്ചതാണല്ലോ. പക്ഷെ പിന്നെ അതൊന്നും ഓർക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രം. ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ എന്നിവയാണ് ആ മൂന്ന് മൂലകങ്ങൾ. അപ്പോൾ നമ്മുടെ ശരീരത്തിൽ എത്ര തരം മൂലകങ്ങൾ ഉണ്ടാകും?
ഇതിന് ഉത്തരം പറയുന്നതിന് മുൻപ് അണു (atom), മൂലകം (element), തന്മാത്ര (molecule) ഇവ എന്താണെന്ന് വീണ്ടും ഓർമ്മിക്കണം. ഏത് വസ്തുവിന്റെയും ഏറ്റവും ചെറിയ കണിക ആണല്ലോ അണു. എന്നാൽ വ്യത്യസത അണുക്കൾ ഉണ്ടല്ലോ. അപ്പോൾ ഒരു പ്രത്യേക അണുവിനെ മൂലകം എന്ന് പറയുന്നു.
ഉദാഹരണം : ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ എന്നിവ.
ഒരേ മൂലകമോ വ്യത്യസ്ത മൂലകങ്ങളോ കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ് തന്മാത്ര. ഉദാഹരണത്തിന് നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്, ഉഛ്വസിക്കുന്ന കാർബൺ ഡൈഓക്സൈഡ് എന്നത് ഒരു കാർബൺ മൂലകവും രണ്ട് ഓക്സിജൻ മൂലകവും ചേർന്ന തന്മാത്രയാണ്. കുടിക്കുന്ന വെള്ളം രണ്ട് ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും ചേർന്നതാണ്.
അങ്ങനെ ഭൂമിയിൽ കാണുന്ന ജീവൻ ഉള്ളതും ഇല്ലാത്തതുമായ എല്ലാം തന്നെ മൂലകങ്ങൾ ചേർന്നുണ്ടായ തന്മാത്രകളാൽ ഉണ്ടായതാണ്. ഭൂമിയിൽ പ്രകൃതിയിൽ ആകെ 92 തരം മൂലകങ്ങൾ ആണുള്ളത്. എന്നാൽ പീരിയോഡിക് ടേബിളിൽ 118 മൂലകങ്ങൾ കാണാം. 92 മുതൽ 118 വരെയുള്ള മൂലകങ്ങൾ ഭൂമിയിൽ നിലനിൽക്കുന്നതല്ല, അവയുടെ ആയുസ്സ് ക്ഷണികമാണ്.
നമ്മുടെ ശരീരത്തിൽ 60 തരം മൂലകങ്ങൾ ആണുള്ളത് എന്ന് കണക്കാക്കിയിട്ടുണ്ട്. മുൻപ് അഞ്ച് മൂലകങ്ങൾ ആണെന്നാണ് വിശ്വസിച്ചിരുന്നത്. അവയാണ് പഞ്ചഭൂതങ്ങൾ എന്ന് വിശ്വസിച്ചു വന്നത്. അക്കാലത്ത് അണുവാണ് ഏറ്റവും ചെറുത് എന്ന് മനസ്സിലാക്കിയിരുന്നെങ്കിലും അതിനപ്പുറം അണുക്കൾ, മൂലകങ്ങൾ, തന്മാത്രകൾ എന്നൊക്കെ മനസ്സിലാക്കുന്നത് ആധുനിക സയൻസിന്റെ കണ്ടുപിടുത്തങ്ങളോടെയാണ്.
ഈ 60 മൂലകങ്ങളിൽ Oxygen (65%), carbon (18 %), hydrogen (10%), and nitrogen (3% ) എന്നീ നാല് മൂലകങ്ങൾ ചേർന്നാൽ ശരീരഭാരത്തിന്റെ 96 ശതമാനം ആകും. ബാക്കി നാല് ശതമാനമാണ് ശേഷിക്കുന്ന 56 മൂലകങ്ങളുടെ ആകെ ഭാരം.
ഷുഗർ എന്നത് മധുരമുള്ള പദാർത്ഥങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ്. രക്തത്തിലെ ഷുഗർ എന്നത് ഗ്ലൂക്കോസ് ആണ്, പഞ്ചസാരയിലെ ഷുഗർ എന്നത് സൂക്രോസ് ആണ്, പാലിലെ ഷുഗർ ലാക്ടോസും, പഴങ്ങളിലെ ഷുഗർ ഫ്രക്ടോസും ആണ്. ഗ്ലൂക്കോസ് എന്നത് 6 കാർബൺ മൂലകവും 12 ഹൈഡ്രജൻ മൂലകവും 6 ഓക്സിജൻ മൂലകവും ചേർന്ന തന്മാത്രയാണ്.
ഗ്ലൂക്കോസിനെ അടിസ്ഥാന യൂനിറ്റ് എന്ന് കരുതിയാൽ കാർബോഹൈഡ്രേറ്റ് എന്നത് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്ന ഒരു വലിയ തന്മാത്രയാണ്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെട്ടതിന് ശേഷമാണ് ചെറുകുടലിലെ നേരിയ സുഷിരങ്ങളിൽ കൂടി രക്തത്തിൽ കടക്കുന്നതും പിന്നീട് ലിവറിൽ എത്തുന്നതും. ലിവറിൽ വെച്ച് ഇതേ ഗ്ലൂക്കോസ് പല തന്മാത്രകളായി മാറുന്നുണ്ട്. അതിൽ ഒന്നാണ് കൊളസ്ട്രോൾ.
ഗ്ലൂക്കോസ് എന്നത് നമ്മെ സംബന്ധിച്ച് നമുക്ക് പ്രവർത്തിക്കാനും ജീവൻ നിലനിൽക്കാനും ഊർജ്ജം നൽകുന്ന ഇന്ധനമാണ്. വാഹനങ്ങളിൽ നിറക്കുന്ന പെട്രോളിന് സമാനമാണ് നമുക്ക് ഗ്ലൂക്കോസ് എന്നത്. ഗ്ലൂക്കോസ് ഉണ്ടാകുന്നതും അത് നമുക്ക് ഊർജ്ജം നൽകുന്നതും രസകരമായ അറിവായിരിക്കും.
സസ്യങ്ങൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നു. ആ ജലം ഇലകളിൽ എത്തുന്നു. ഇലകൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈഓക്സൈഡും സ്വീകരിക്കുന്നു. ജലത്തിലെ ഹൈഡ്രജൻ മൂലകവും അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിലെ കാർബണും ഓക്സിജനും ചേർത്ത് ഇലകൾ ഗ്ലൂക്കോസ് എന്ന തന്മാത്ര ഉണ്ടാക്കുന്നു. എന്നാൽ ഇങ്ങനെ ചെയ്യണമെങ്കിൽ അതിന് ഊർജ്ജം വേണം. ആ ഊർജ്ജം പകൽ സമയത്തെ സൂര്യപ്രകാശത്തിൽ നിന്ന് എടുക്കുന്നു. അങ്ങനെ ഒരു ഗ്ലൂക്കോസ് തന്മാത്ര രൂപീകൃതമാകുമ്പോൾ അതിനാവശ്യമായ സൗരോർജ്ജം ഗ്ലൂക്കോസിൽ കെമിക്കൽ എനർജിയായി നിലനിൽക്കുന്നു.
ചെടികൾ ഗ്ലൂക്കോസ് നിർമ്മിച്ച് പിന്നീട് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ കൂട്ടിയിണക്കി കാർബോഹൈഡേറ്റ് ആയി മാറ്റി ചെടിയുടെ പല ഭാഗങ്ങളിൽ ശേഖരിക്കുന്നു. അതാണ് നമ്മൾ ഭക്ഷിക്കുന്നതും, പിന്നീട് ദഹിച്ച് അഥവാ വിഘടിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറി രക്തത്തിൽ എത്തുന്നതും. രക്തം ഈ ഗ്ലൂക്കോസിനെ ഓരോ ശരീര കോശങ്ങളിലും എത്തിക്കുന്നു. കോശങ്ങളിൽ വെച്ച് ഇതേ ഗ്ലൂക്കോസ് സങ്കീർണ്ണമായ രാസ പ്രവർത്തനങ്ങളിലൂടെ വിഘടിക്കപ്പെട്ട് ഊർജ്ജമായി മാറുന്നു. അതായത് ചെടികൾ സൂര്യപ്രകാശത്തിൽ നിന്ന് എടുത്ത് സൂക്ഷിച്ച അതേ കെമിക്കൽ എനർജി നമ്മുടെ ശരീരത്തിന് ചൂടും ഊർജ്ജവും നൽകുന്നു.
NB: പെട്രോളിലെയും ഡീസലിലെയും ഊർജ്ജവും പണ്ട് പണ്ട് സസ്യങ്ങൾ ശേഖരിച്ച സൗരോർജ്ജം തന്നെയാണ്. ഏതോ നിമിത്തത്താൽ ഏതോ കാലത്ത് ഭൂമിക്കടിയിൽ പെട്ടുപോയ സസ്യജന്തുജാലങ്ങൾ, കാലാന്തരേ ഭൂമിക്കടിയിലെ മർദ്ധത്താൽ കുഴമ്പ് രൂപത്തിലായതാണ് ഇന്ന് കുഴിച്ചെടുക്കുന്ന ക്രൂഡ് ഓയിൽ എന്ന് മനസ്സിലാക്കുക.
