Links

Showing posts with label 3G. Show all posts
Showing posts with label 3G. Show all posts

3G - യും ഞാനും ..

കഴിഞ്ഞ കൊല്ലമാണ് എനിക്കൊരു  ബ്ലാക്ക്ബെറി കിട്ടിയത്.  അപ്പോഴാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ ത്രീജി സര്‍വ്വീസും തുടങ്ങുന്നത്.  ഞാന്‍ ഉടനെ തന്നെ BSNL ഓഫീസില്‍ പോയി ഒരു 3G സിം വാങ്ങി. അതോടൊപ്പം ഒരു ഡാറ്റാ പ്ലാനും എടുത്തു.  ത്രീജിയുടെ ഒരാകര്‍ഷണമാണല്ലൊ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുക എന്നത്. ഈ സൌകര്യമൊക്കെ നമ്മുടെ ആയുസ്സില്‍ തന്നെ കാണാന്‍ കഴിയുക എന്നത് ഒരു മഹാഭാഗ്യമല്ലേ. ചെറുപ്പകാലത്ത് ബസ്സ് പോലും നാട്ടില്‍ സുലഭമായിരുന്നില്ല. അഞ്ചരക്കണ്ടിയില്‍ നിന്ന് കണ്ണൂരേക്ക് ആകെ മൂന്ന് ബസ്സുകള്‍ ഉണ്ടായിരുന്നു. അതും  തട്ടാരിയില്‍ തോടിന് കുറുകെ പാലം ഇല്ലാത്തത്കൊണ്ട് എക്കാല്‍ വരെ മാത്രമേ ബസ്സ് വരികയുള്ളൂ. തലശ്ശേരിയില്‍ പോകണമെങ്കില്‍ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയും പാലം നിര്‍മ്മിച്ചിരുന്നില്ല. ആദ്യം തട്ടാരിപ്പാ‍ലം പണിതു. ആദ്യമായി കോണ്‍ഗ്രീറ്റില്‍ പണിത് കണ്ട ആ പാലം നാട്ടുകാര്‍ക്ക് വിസ്മയമയമായിരുന്നു. പിന്നെ അഞ്ചരക്കണ്ടിപ്പുഴയിലും പാലം നിര്‍മ്മിച്ചു. അപ്പോഴും കാളവണ്ടി തന്നെയായിരുന്നു കുട്ടിക്കാലത്ത് നമ്മളെ സംബന്ധിച്ച് പ്രധാന വാഹനം. സൈക്കിള്‍ അപൂര്‍വ്വമായിരുന്നു. അടുത്തുള്ള സ്കൂളിലെ ശങ്കരന്‍ മാഷ്ക്ക് സൈക്കിള്‍ ഉണ്ടായിരുന്നു. കുറ്റിയാട്ടൂരില്‍ നിന്ന് ഞങ്ങള്‍ പഠിക്കുന്ന വിദ്യാവിനോദിനി എല്‍.പി.സ്കൂളിലേക്ക്  മാഷ് സൈക്കിളിലാണ് വരിക. സൈക്കിളിന് അന്ന് റജിസ്ട്രേഷന്‍ വേണമായിരുന്നു.  പഠിപ്പിക്കുന്നതില്‍ അത്ര മിടുക്കൊന്നും ഇല്ല്ലായിരുന്ന ആ മാഷിന്റെ സൈക്കിളില്‍ കയറിയുള്ള വരവിന് ഒരു ഗരിമ വേറെ തന്നെയായിരുന്നു.

ബ്ലാക്ക്ബെറിയില്‍ ത്രീജി സിം ഇട്ടുനോക്കിയപ്പോഴാണ് മനസ്സിലാ‍കുന്നത് അതിന് ഫ്രണ്ട് ക്യാമറ ഇല്ല എന്ന സത്യം.  വീഡിയോ കോളിങ്ങിന് ഫോണില്‍ ഫ്രണ്ട് ക്യാമറ വേണമെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. മകളുടെ കൈയില്‍ ഒരു N73 നോക്കിയ ഫോണ്‍ ഉണ്ടായിരുന്നു. അതില്‍ ഇപ്പറഞ്ഞ ക്യാമറയുണ്ട്.  മകള്‍ക്ക് വേണ്ടിയും ഒരു  സിം വാങ്ങി വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നോ നെറ്റ്‌വര്‍ക്ക്.  കണ്ണൂര്‍ ടൌണില്‍ നെറ്റ്‌വര്‍ക്ക് കവറേജ് ഉണ്ടാകും എന്ന് കരുതിയെങ്കിലും ടൌണില്‍ പോയി ശ്രമിച്ചപ്പോള്‍ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന അറിയിപ്പാണ് അപ്പോഴും ഫോണില്‍ നിന്നും കിട്ടിയത്.  ശരിക്കും BSNL-ന്റെ ത്രീജി വര്‍ക്കൌട്ട് ആകാത്തത്കൊണ്ടാണോ അതോ എന്റെ ബ്ലാക്ക്ബെറിയിലും ഫ്രണ്ട് ക്യാമറ ഇല്ലാത്തത്കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അങ്ങനെ ഞാ‍ന്‍ വീഡിയോ കോള്‍ എന്ന ആശയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇപ്രാവശ്യം  എനിക്ക് മകന്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിത്തന്നു. Samsung Galaxy SII (GT-I9100)  ആണ് സംഭവം. കിടിലന്‍ ഫോണ്‍ തന്നെ.  ഞാന്‍ ഐഡിയയുടെ രണ്ട് ത്രീജി സിം വാങ്ങി, അങ്ങനെ ആദ്യമായി വീട്ടില്‍ വെച്ചു തന്നെ ശ്രീമതിയുമായി വീഡിയോ കോള്‍ ചെയ്തുനോക്കി.  എന്താ ഒരു ക്ലാരിറ്റി, ഐഡിയയുടെ നെറ്റ്‌വര്‍ക്ക് കവറേജ് സൂപ്പര്‍ തന്നെ.  3G എന്നും   H+ എന്നുമാണ് സിഗ്നല്‍ കാണിക്കുന്നത്.   2ജിയും 2.5ജിയും ഉള്ള GPRS , EDGE  എന്നീ മൊബൈല്‍ ടെക്നോളജിയെ പിന്നിലാക്കിക്കൊണ്ട് ത്രീജിയും പ്ലസ്സും ഉള്ള HSDPA /HSUPA  എന്നീ ടെക്നോളജി അങ്ങനെ നമുക്കും ലഭ്യമാവുകയാണ്.  ആദ്യമായി രാജ്യത്ത് ത്രീജി ആരംഭിച്ച BSNL-ന്റെ സ്ഥിതി ഇപ്പോള്‍ എന്താണെന്നറിയില്ല.  അവര്‍ക്കായിരുന്നു ഈ ടെക്നോളജി രാജ്യമൊട്ടാകെ എല്ലാവര്‍ക്കും ലഭ്യമാക്കാ‍ന്‍ കഴിയുമായിരുന്ന ഇന്‍ഫ്രാ‌സ്ട്രക്ചര്‍ ഉണ്ടായിരുന്നത്. പറഞ്ഞിട്ടെന്താ, അവര്‍ കമ്പനിയായെങ്കിലും  സര്‍ക്കാരിന്റെയാണല്ലൊ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരല്ല്ലേ അതിനെ നിയന്ത്രിക്കുന്നത്.  അങ്ങനെ ജനങ്ങള്‍ക്ക് മൊത്തം ആധുനികടെക്നോളജി എളുപ്പത്തില്‍ ലഭ്യമാക്കാനാണോ ആ ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങുന്നത്. നല്ല കാര്യായിപ്പോയി. ദോഷം പറയരുതല്ലോ, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് രാജ്യത്ത് ഒരു വിധം കുഴപ്പമില്ലാതെ അവര്‍ സംഘടിപ്പിച്ച് തരുന്നുണ്ട്.

എന്നാല്‍ അവര്‍ തുടങ്ങിയ EVDO എന്ന ഇന്റര്‍നെറ്റ് സൌകര്യം  ആരോരുമറിയാതെ ഒടുങ്ങിപ്പോകാനാണ് സാധ്യത.  2mbps ആണത്രെ അതിന്റെ സ്പീഡ്. എന്നാല്‍ ത്രീജിയുടെ സ്പീഡ് ഏറ്റവും കുറവ് 3.5mbps മുതല്‍ 21.5mbps വരെയാണത്രെ.  സ്വകാര്യകമ്പനികള്‍ക്ക് വളരാന്‍ വേണ്ടിയാണ് EVDO സംവിധാനം  സാര്‍വ്വത്രികമാക്കാന്‍ BSNL-ന്റെ തലപ്പത്തുള്ളവര്‍ ശ്രമിക്കാത്തത് എന്ന് എന്നോട് പറഞ്ഞത് ഒരു ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ തന്നെയാണ്.  2ജി നാട്ടില്‍ ഒരു മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയെങ്കില്‍ 3ജി ഒരു മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം ഉണ്ടാക്കാന്‍ പോവുകയാണ്. ഐഡിയ പോലുള്ള സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഉള്ളത് നമ്മുടെ ഭാഗ്യം.  ഈ രംഗം സര്‍ക്കാരിന്റെ മാത്രം കുത്തകയായിരുന്നെങ്കില്‍ നമുക്ക് ഇതൊന്നും സ്വപ്നം  കാണാന്‍ കൂടി കഴിയില്ലായിരുന്നു.

സാംസംഗ് ഗാലക്സി ഫോണ്‍ വാങ്ങി ത്രീജിയുടെ സൌകര്യം  അനുഭവിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടിയും സാംസംഗ് ഒരു ത്രീജി ഫോണ്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  SAMSUNG HERO E3213 എന്നാണ് ആ മോഡലിന്റെ പേര്. MRP വില 3730 രൂപയാണ്. എന്നാല്‍ അതിലും കുറച്ചു കിട്ടും.  എവിടെ പോയി വാങ്ങണം എന്നല്ലേ. ഓണ്‍‌ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. അഡ്രസ്സും ഫോണ്‍ നമ്പറും കാണിച്ച് ഓര്‍ഡര്‍ ചെയ്താല്‍  സാധനം വീട്ടില്‍ എത്തുമ്പോള്‍ കാശ് കൊടുത്താല്‍ മതി.  ഇങ്ങനെ ഓണ്‍‌ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച്  സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ കുറെയുണ്ടങ്കിലും ഞാന്‍ ശിപാര്‍ശ ചെയ്യുക ഫ്ലിപ്കാര്‍ട്ട് ആണ്.  ആ സൈറ്റില്‍ പോയി നോക്കൂ,  3730 രൂപ എം.ആര്‍.പി.യുള്ള  ഹീറോ E3213 ഫോണ്‍ 3090 രൂപയ്ക്ക് നിങ്ങളുടെ വീട്ടില്‍ മൂന്ന് ദിവസത്തിനകം എത്തിച്ചു തരും.  ഇന്ന് കിട്ടാവുന്നതില്‍ വില കുറഞ്ഞ ഏറ്റവും നല്ല ത്രീജി ഫോണ്‍ ആണിത്.

കൂട്ടത്തില്‍ പറയട്ടെ, ഞാന്‍ എന്റെ ഗ്യാലക്സി-2 ഫോണില്‍ ഒപേരമിനി ഇന്‍സ്റ്റാള്‍ ചെയ്തു. അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എങ്ങും പോകണ്ട. ഫോണില്‍ തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ഉണ്ട്. അതില്‍ വില കൊടുത്തും ഫ്രീയായും ലഭിക്കുന്ന ആപ്ലിക്കേഷന്‍സ് ഉണ്ട്. ആന്‍ഡ്രോയ്ഡ് ആപ്പ്സ്  ഓപന്‍ ചെയ്ത് ഒപേര മിനി എന്ന് ഫോണില്‍ തന്നെ സര്‍ച്ച് ചെയ്താല്‍ അതിന്റെ ലിങ്ക് കിട്ടുകയും ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.  ഞാന്‍ ഒപേര തുറന്ന് ഈ ബ്ലോഗ് നോക്കിയപ്പോള്‍ വായിക്കാം, പക്ഷെ അക്ഷരങ്ങള്‍ അവ്യക്തമായിട്ടാണ് കാണുന്നത്. സെറ്റിംഗ്സ് ശരിയാക്കണമെന്ന് തോന്നുന്നു. മാതൃഭൂമി പത്രം സുന്ദരമായി വായിക്കാന്‍ കഴിയുന്നുണ്ട്.

അങ്ങനെ ആദ്യമായി ത്രീജിയില്‍ വീഡിയോ കോള്‍ ചെയ്ത സന്തോഷത്തിലാണ് ഞാനിന്ന്.  ഇക്കഴിഞ്ഞ അരനൂറ്റാണ്ട് എന്തെല്ലാം മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.  എന്തെല്ലാം സൌകര്യങ്ങളാണ് മനുഷ്യര്‍ക്ക് ലഭ്യമായത്.  അതേ സമയം, അന്നും ഇന്നും താരതമ്യപ്പെടുത്തിയാല്‍ മനുഷ്യരുടെ മനസ്സ് അന്നത്തേക്കാള്‍ വളരെ സങ്കുചിതമായി പോയി എന്ന് കാണാം.  മനുഷ്യന്റെ പെരുമാറ്റം വെറും കൃത്രിമവും സ്വാര്‍ത്ഥനിര്‍ഭരവുമായി പോയി. അവനവന് എന്തെങ്കിലും നേട്ടമോ കാര്യമോ ഇല്ലെങ്കില്‍ ചുമ്മാ ഒന്ന് പുഞ്ചിരിക്കാന്‍ പോലും ഇന്ന് ആളുകള്‍ തയ്യാറാവുന്നില്ല. കുട്ടികളുടെയും യുവാക്കളുടെയുമിടയില്‍ മാത്രമാണ്  സൌഹാര്‍ദ്ദവും പരസ്പരസഹകരണവുമെല്ലാം  ഇപ്പോള്‍ നിലനില്‍ക്കുന്നത്. കല്യാണം കഴിച്ച് സ്വന്തം കുടുംബമായാ‍ല്‍ പിന്നെ ആരും വേണ്ട എന്നാണ് മനോഭാവം.   ശാസ്ത്ര-സാങ്കേതിക രംഗത്തെ ഈ പുരോഗതിക്കൊപ്പം എല്ലാ മനുഷ്യരുടെയും മനസ്സില്‍ ഈ വികാസം സംഭവിച്ചിരുന്നുവെങ്കില്‍ വര്‍ത്തമാനകാല ജീവിതം എത്രയോ ആനന്ദപ്രദമായേനേ....