കണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ച ശ്രീ.പി.രാമകൃഷ്ണന് ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ആ വിവരം പത്രദ്വാര ജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. സത്യം ധീരമായി എന്നാണ് ബ്ലോഗിന്റെ ടൈറ്റില്‍. അവിടെ ഒരു പോസ്റ്റ് ഇതിനകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എത്താം. ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് അവിടെ എഴുതാമെന്ന് തോന്നി. ടൈപ്പ് ചെയ്ത് വന്നപ്പോള്‍ അത് നീണ്ടുപോയി. വീടിനേക്കാളും വലിയ പടിപ്പുര എന്ന അവസ്ഥ. അത്കൊണ്ട് അദ്ദേഹത്തോട് പറയാനുള്ളത് ഒരു തുറന്ന കത്തായി ഇവിടെ പബ്ലിഷ് ചെയ്ത് ഇതിന്റെ ലിങ്ക് അവിടെ കമന്റ് ബോക്സില്‍ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. കത്തിലേക്ക് :
സുഹൃത്തെ,
താങ്കള്‍ എന്ത് വിചാരിച്ചാലും എഴുതിയാലും സാധാരണക്കാര്‍ ഓര്‍മ്മിക്കുന്ന ഒരു കാര്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിര്‍ഭയം പോരാടിയത് ഒരു കാലത്ത് എന്‍.രാമകൃഷ്ണനും പിന്നീട് കെ.സുധാകരനുമാണ് എന്നതാണത്. ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ പലരും ഇരുന്നിട്ടുണ്ടാവാം, പക്ഷെ മാര്‍ക്സിസ്റ്റ് അക്രമണരാഷ്ട്രീയത്തെയും ജനാധിപത്യധ്വംസന പ്രവണതകളെയും പ്രതിരോധിക്കാന്‍ ഉര്‍ജ്വസ്വലമായി ആര് മുന്നില്‍ നിന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഈ രണ്ട് പേരെയും മാത്രമേ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്നു വരികയുള്ളൂ എന്നതാണ് സത്യം.
താങ്കള്‍ നല്ല ആദര്‍ശശാലിയായിരിക്കാം എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അണികള്‍ ആഗ്രഹിക്കുന്നത് മാര്‍ക്സിസ്റ്റുകാരില്‍ നിന്നുള്ള സംരക്ഷണമായിരുന്നു. ഗുണ്ടാനേതാവ് എന്ന് സുധാകരനെ ആക്ഷേപിക്കുമ്പോള്‍ അത് സി.പി.എം.കാരന്റെ ഗീബല്‍സിയന്‍ പ്രചരണത്തെ താങ്കള്‍ അനുകൂലിക്കുകയാണ് ചെയ്യുന്നത്. സുധാകരന്റെ കൂടെ ഗുണ്ടകള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ അത് സി.പി.എം. അക്രമത്തെ പ്രതിരോധിക്കാനാണെന്ന് മനസ്സിലാവുന്നില്ലേ?
ഗാന്ധിസം നല്ല ആദര്‍ശം തന്നെ. എന്നാല്‍ കുത്താന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലൊ. സി.പി.എം. അക്രമത്തെ പ്രതിരോധിക്കാന്‍ ചിലപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് കണ്ണൂര്‍ ജില്ല അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിന്റെ സര്‍വ്വാധിപത്യത്തില്‍ നിന്ന് മോചിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ എന്‍. രാമകൃഷ്ണനും കെ.സുധാകരനുമാണെന്ന് സ്വന്തം ഈഗോ മാറ്റി വെച്ച് ആലോചിച്ചാല്‍ മനസ്സിലാവും.
സുധാകരന്റെ രാഷ്ട്രീയം ഗുണ്ടായിസം എന്ന് പറയുമ്പോള്‍ സി.പി.എമ്മിന് എതിരാളികളെ വക വരുത്താന്‍ എല്ലാ ലോക്കല്‍ കമ്മറ്റികളിലും തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാരുണ്ടെന്ന് താങ്കള്‍ക്കറിയാത്തതാണോ? അന്ന് കൂത്തുപറമ്പില്‍ സംഘടിച്ചത് ഇങ്ങനെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കേഡര്‍മാരായിരുന്നു എന്നതും ശരിയല്ലേ? അന്ന് എം.വി.ആര്‍ കൂത്തുപറമ്പില്‍ പോയത് എങ്ങനെ തെറ്റാവും? സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു രാജ്യമല്ലേ ഇത്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിക്ക് നാട്ടില്‍ സഞ്ചരിക്കേണ്ടേ? ഒരു വിഭാഗം മന്ത്രിയെ വഴി തടയുന്നു എന്ന് വെച്ച് മന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടേ? വേണ്ടെങ്കില്‍ പിന്നെ നമുക്ക് എന്തിനാണ് ഈ സ്വാതന്ത്ര്യം? എന്തിനായിരുന്നു ആ വഴി തടയല്‍? മന്ത്രിയുടെ എന്തെങ്കിലും അഴിമതിയോ പെരുമാറ്റദൂഷ്യമോ കൊണ്ടായിരുന്നോ?
എം.വി.രാഘവന്‍ കൂത്തുപറമ്പില്‍ പോയത്കൊണ്ടാണ് കുഴപ്പമുണ്ടായത് എന്നും കെ.സുധാകരനാണ് അവിടെ പോകാന്‍ നിര്‍ബ്ബന്ധിച്ചത് എന്നും പറയുമ്പോള്‍ അപരാധം രാഘവന്റെയും സുധാകരന്റെയും മേല്‍ ആരോപിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ , ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ വക വരുത്താന്‍ ജില്ലയുടെ നാനാ ഭാഗത്ത് നിന്നും ക്രിമിനലുകള്‍ സംഘടിച്ചതല്ലെ അപരാധം? അപ്രകാരം ക്രിമിനലുകള്‍ അന്ന് അവിടെ സംഘടിച്ചിരുന്നു എന്ന് താങ്കളും ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചത് കണ്ടല്ലൊ.
മന്ത്രി അവിടെ പോകാതിരുന്നാല്‍ കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്നൊരു വാദം അന്നും ഇന്നും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ക്രിമിനലുകളെ ഭയന്ന് പോകാതിരുന്നാല്‍ അത് രാഷ്ട്രീയ ക്രിമിനലസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ? ആത്മാഭിമാനമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന് അങ്ങനെ പോകാതിരിക്കാന്‍ പറ്റുമോ? ഒരു കാലത്ത് ജീവനില്‍ ഭയമില്ലാതെ എന്‍.രാമകൃഷ്ണന്‍ പെരളശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ ഇത് പോലെ നിര്‍ഭയം സഞ്ചരിച്ചത്കൊണ്ടാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിന് വേരുകള്‍ ഉണ്ടായത് എന്ന ചരിത്രം താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ.
പാമ്പന്‍ മാധവന്‍ ആയിരുന്നല്ലോ ഒരു കാലത്ത് ജില്ലയില്‍ കോണ്‍ഗ്രസ്സ് നേതാവ്. എന്നാല്‍ പാമ്പന്‍ മാധവന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് ജില്ലയിലെ എത്രയോ പ്രദേശങ്ങള്‍ ബാലികേറാമലയായിരുന്നു. പാമ്പന്‍ മാധവന്റെ ഗാന്ധിസവും ആദര്‍ശവും അല്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത്, മറിച്ച് എന്‍.രാമകൃഷ്ണന്റെ പ്രതിരോധത്തില്‍ ഊന്നിയുള്ള രാഷ്ട്രീയപ്രവര്‍ത്തനശൈലിയായിരുന്നു. അതേ ശൈലി പിന്തുടരുന്നത്കൊണ്ടാണ് കെ.സുധാകരന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്കും എന്നെ പോലെയുള്ള മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്കും അഭിമതനും സ്വീകാര്യനുമാവുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കണം.
താങ്കള്‍ ഡി.സി.സി.പ്രസിഡണ്ട് ആയിരിക്കുമ്പോഴാണല്ലൊ കെ.സുധാകരന്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് സംരംഭത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത്. വളപട്ടണം പുഴയുടെ തീരത്ത് വിശാലമായി സ്ഥലം കയ്യേറി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ചില സി.പി.എം. നേതാക്കളുടെ സ്വപ്നപദ്ധതിയായിരുന്നു അത്. നിയമവിരുദ്ധമായ ആ പ്രൊജക്റ്റ് പൊളിച്ചടുക്കിയത് കെ.സുധാകരന്റെ ഇടപെടല്‍ ഒന്ന്കൊണ്ട് മാത്രമായിരുന്നു. അപ്പോള്‍ തന്നെയായിരുന്നു കണ്ണൂര്‍ തെക്കി ബസാറില്‍ കള്ള്ഷാപ്പ് സമരവും നടന്നത്.
ഡി.സി.സി. പ്രസിഡണ്ടിന്റെ കസേരയില്‍ ആര്‍ ഇരിക്കുന്നു എന്നല്ല ആളുകള്‍ നോക്കുക. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ്. കഴിവുകള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. സുധാകരന്റെ കഴിവ് സുധാകരന് മാത്രം. ആ കഴിവ് ജില്ലയിലെ കോണ്‍ഗ്രസ്സ്കാര്‍ക്ക് സ്വയരക്ഷയ്ക്ക് വേണം. താങ്കള്‍ക്കും താങ്കളുടെ കഴിവ് ഉണ്ടാകാം. ആ കഴിവ് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് നല്‍കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അല്ലാതെ കെ.സുധാകരനെതിരെ നിഴല്‍ യുദ്ധം നടത്തിയാല്‍ അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പോലും പ്രയോജനമുണ്ടാവില്ല.
മറ്റൊന്ന് കൂടി താങ്കളടക്കമുള്ള എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്റ്റൈലും ഇസ്തിരി ചുളിയാത്ത ഖദര്‍ കുപ്പായവും കണ്ടിട്ടല്ല. മാര്‍ക്സിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തോട് വെറുപ്പ് ഉള്ളത്കൊണ്ടാണ്. ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും പൊതുജീവിതത്തില്‍ നേരും നെറിയുമാണ് വേണ്ടത്. മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കി, അക്രമരാഷ്ട്രീയവും കുതന്ത്രങ്ങളും ധാര്‍ഷ്ട്യം കലര്‍ന്ന ശരീരഭാഷയും ഒക്കെ ഒഴിവാക്കി ജനാധിപത്യസംസ്കാരം സ്വായത്തമാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണില്ല്ലായിരുന്നു.
അവര്‍ക്ക് എന്തായാലും ഇനി മാറ്റം വരുത്താനൊന്നും കഴിയില്ല. രാഷ്ട്രീയത്തില്‍ മൊത്തം വന്ന ജീര്‍ണ്ണത അവരെയാണ് കൂടുതല്‍ ബാധിച്ചത്. നിലവില്‍ , പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്ന ബിസിനസ്സുകളുടെ പുറത്താണ് അവരുടെ ഇന്നത്തെ നിലനില്‍പ്പ്. കറ കളഞ്ഞ ജനകീയരാഷ്ട്രീയപ്രവര്‍ത്തനമൊന്നും ഇനിയവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. എനിക്കെന്ത് കിട്ടും എന്ന് നോക്കി തന്നെയാണ് ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തകന്മാര്‍ കടന്നുവരുന്നത്. അത്കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ്സ് പോലുള്ള ജനാധിപത്യ പാര്‍ട്ടികള്‍ ആവശ്യമുണ്ട്. സംഘടനാതെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ബൂത്ത് തലം തൊട്ട് ശക്തിപ്പെടുത്തുമോ എന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരമായ കാര്യമാണ്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല.
എനിക്ക് താങ്കളോട് പറയാനുള്ളത് കെ.സുധാകരനോട് നിഴല്‍ യുദ്ധം നടത്താന്‍ താങ്കളുടെ ഊര്‍ജ്ജം ദുര്‍വിനിയോഗം ചെയ്യാതിരിക്കൂ എന്നാണ്. ഗ്രൂപ്പ് രാഷ്ട്രീയം എന്നത് യാഥാര്‍ഥ്യമായതിനാലും ഓരോരുത്തര്‍ക്കും തങ്ങളുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും ശീലങ്ങളും ഒന്നും മാറ്റാന്‍ കഴിയില്ല എന്നതിനാലും താങ്കള്‍ സുധാകരന്റെ ഒപ്പം കൂടണം എന്നില്ല. അതേ സമയം കെ.സുധാകരന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിലൂടെ ജില്ലയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് താങ്കളിലുള്ള വിശ്വാസം കുറഞ്ഞുവരികയേയുള്ളൂ എന്ന് മനസ്സിലാക്കി സുധാകരവിരോധം ഒഴിവാക്കി പാര്‍ട്ടിക്ക് വേണ്ടി തന്നാലായത് പ്രവര്‍ത്തിക്കൂ എന്നും അഭ്യര്‍ഥിക്കുകയാണ്. സുധാകരന്‍ എന്ന വ്യക്തിയല്ല ഇവിടെ പ്രശ്നം. അദ്ദേഹം ഒരു പ്രതീകമാണ്.
അഭിവാദനങ്ങളോടെ,
കെ.പി.എസ്.
പിന്‍മൊഴി : ഇന്ത്യാരാജ്യത്ത് ആരുടെയെങ്കിലും വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പൌരന്മാരുടെ മൌലികാവശങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും അത്കൊണ്ട് തന്നെ അത് ക്രിമിനലിസമാണെന്നും ഞാന്‍ കരുതുന്നു.
( പാമ്പന്‍ മാധവന്റെ ഫോട്ടോ കടപ്പാട് : കെ.പി.മനോഹരന്‍, അലവില്‍)

