സൗരോർജ്ജം എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. അതായത് സൂര്യനിൽ നിന്ന് വരുന്ന ഊർജ്ജം. ഈ ഊർജ്ജം ഇല്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവൻ അസാധ്യമായിരുന്നു. സൗരയൂഥത്തിൽ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ. അതിന് കാരണം ജീവൻ നിലനിൽക്കാൻ ആവശ്യമായ കൃത്യമായ അകലത്തിലാണ് ഭൂമിയുള്ളത്. സൂര്യന്റെ അത്ര അടുത്തുമല്ല ദൂരെയും അല്ല. എങ്ങനെയാണ് സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, അറിയാൻ ക്യൂരിയോസിറ്റി ഉള്ളവർ മാത്രമേ ഇങ്ങനെയൊക്കെ ആലോചിക്കുകയുള്ളൂ.
സൂര്യൻ ശരിക്ക് പറഞ്ഞാൽ ഒരു വാതകക്കൂമ്പാരമാണ്. എന്ന് പറഞ്ഞാൽ സൂര്യനിൽ ഹൈഡ്രജൻ, ഹീലിയം എന്നീ രണ്ട് വാതക തന്മാത്രകൾ മാത്രമേയുള്ളൂ. ഒന്നാമത്തെയും രണ്ടാമത്തെയും മൂലകങ്ങളാണ് ഹൈഡ്രജനും ഹീലിയവും. എന്ന് വെച്ചാൽ ഹൈഡ്രജനിൽ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമേയുള്ളൂ. ഹീലിയത്തിൽ രണ്ട് പ്രോട്ടോണും രണ്ട് ഇലക്ട്രോണും. പ്രോട്ടോണിന്റെ എണ്ണമാണ് ഒരു അണുവിന്റെ അണുസംഖ്യ. 92 അണുസഖ്യയുള്ള യുറേനിയം അണുവിൽ 92 പ്രോട്ടോണും 92 ഇലക്ട്രോണും ഉണ്ടാകും.
അണുക്കൾക്ക് സ്റ്റേബിലിറ്റി അല്ലെങ്കിൽ സ്ഥിരത ഉണ്ടാകാൻ വേണ്ടിയാണ് അവ തന്മാത്രകളായി മാറുന്നത്. ഓരോ അണുവിന്റെയും കേന്ദ്രത്തിൽ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയടങ്ങിയ ന്യൂക്ലിയസ് ഉണ്ടെന്ന് അറിയാമല്ലോ. ഈ ന്യൂക്ലിയസ്സിന് ചുറ്റും ഓരോ ഭ്രമണപഥത്തിൽ എലക്ട്രോണുകൾ കറങ്ങുന്നുണ്ട് എന്ന് സങ്കല്പിക്കാം. ഇങ്ങനെയുള്ള ഭ്രമണപഥത്തെ ഷെൽ (Shell) അല്ലെങ്കിൽ എനർജി ലവൽ എന്ന് പറയാം.
ഷെല്ലുകളിൽ 2, 8, 18, 32 എന്നീ ക്രമത്തിൽ എലക്ട്രോണുകൾ ഉണ്ടെങ്കിൽ മാത്രമേ അണുക്കൾക്ക് സ്ഥിരത കൈവരിക്കാൻ കഴിയൂ. മിക്ക അണുക്കളും അവയുടെ ബാഹ്യ ഷെല്ലിൽ 8 എലക്രോണുകൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് (സോഡിയം ക്ലോറൈഡ്) അങ്ങനെയാണ് ഉണ്ടാകുന്നത്. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്ന് ജല തന്മാത്രകൾ ഉണ്ടായത് സ്ഥിരത കൈവരിക്കലിന്റെ ഭാഗമാണ്.
ഹൈഡ്രജൻ അണുവിൽ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമേയുള്ളൂ എന്ന് പറഞ്ഞല്ലോ. അപ്പോൾ അതിന്റെ ആകെയുള്ള ഒരു ഷെല്ലിൽ ഒരു ഇലക്ട്രോൺ മാത്രമേയുള്ളൂ. അതുകൊണ്ട് രണ്ട് ഹൈഡ്രജൻ അണുക്കൾ അവയിലുള്ള ഓരോ ഇലക്ടോണുകൾ പരസ്പരം ഷെയർ ചെയ്ത് ഒരു ഹൈഡ്രജൻ തന്മാത്രയാകുന്നു. ഹീലിയം അണുവിൽ രണ്ട് പ്രോട്ടോണും രണ്ട് ഇലക്ട്രോണും ഉണ്ട്. അതുകൊണ്ട് ഹീലിയത്തിന്റെ ആകെയുള്ള ഒരു ഷെല്ലിൽ രണ്ട് ഇലക്ട്രോണുകൾ ഉള്ളത് കൊണ്ട് അത് സ്ഥിരതയുള്ള ഒരു മൂലകം ആണ്. ഹീലിയം ഇലക്ട്രോൺ കൊടുക്കുകയോ വാങ്ങുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നില്ല.
സൂര്യൻ ഹൈഡ്രജനും ഹീലിയവും മാത്രമുള്ള ഒരു വാതകഗോളം ആണെന്ന് പറഞ്ഞല്ലോ. എന്നാൽ സൂര്യൻ മാത്രമല്ല എല്ലാ നക്ഷത്രങ്ങളും ഇത് പോലെ വാതക ഗോളങ്ങളാണ്. ഇതിനിടയിൽ ഒരു കാര്യം ശ്രദ്ധിക്കുക. അണുക്കളുടെ ന്യൂക്ലിയസ്സിൽ പ്രോട്ടോണുകൾക്ക് തുല്യമോ അതിലധികമോ ന്യൂട്രോണുകളും ഉണ്ടല്ലോ. പക്ഷെ ഹൈഡ്രജൻ അണുവിന്റെ സാധാരണ ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ല. എന്നാൽ ന്യൂക്ലിയസ്സിൽ ഒന്നും രണ്ടും ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ അണുക്കളും ഉണ്ട്. ഇപ്രകാരമുള്ള അണുക്കളെ ആ അണുവിന്റെ ഐസോടോപ്പ് എന്ന് പറയുന്നു. മിക്ക അണുക്കൾക്കും ഐസോടോപ്പുകൾ ഉണ്ട്. ഹൈഡ്രജൻ ഐസോടോപ്പും ഓക്സിജനും ചേർന്ന് ഉണ്ടായ ജലത്തെയാണ് ഹെവി വാട്ടർ അഥവാ ഘനജലം എന്ന് പറയുന്നത്.
സൂര്യനിൽ ഹൈഡ്രജൻ തന്മാത്രകൾ സംയോജിച്ച് ഹീലിയം തന്മാത്രകളാകുന്ന പ്രക്രിയയാണ് അനവരതം നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഹീലിയം തന്മാത്രകളായി മാറുമ്പോൾ ആകെയുള്ള ഹൈഡ്രജൻ തന്മാത്രകളുടെ ഭാരത്തിൽ നിന്ന് ഹീലിയം തന്മാത്രകളുടെ ഭാരത്തിൽ അല്പം കുറവ് വരുന്നു. ആ കുറവ് വന്ന മാസ്സ് അഥവാ ദ്രവ്യം ഊർജ്ജമായി മാറുന്നു.ആ ഊർജ്ജമാണ് സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്ന സൗരോർജ്ജം എന്നത്. ഐൻസ്റ്റീന്റെ സുപ്രസിദ്ധമായ സമവാക്യം E=mc² ഓർമ്മയുണ്ടല്ലോ. ഓരോ സെക്കന്റിലും 620 million metric ton ഹൈഡ്രജൻ ആണത്രെ ഇപ്രകാരം ഹീലിയം ആയി മാറുന്നത്. ഇനിയും എത്രയോ നൂറ്റാണ്ടുകൾ ഹീലിയം ആയി മാറാനുള്ള ഹൈഡ്രജൻ സൂര്യനിൽ ഉണ്ട് താനും.
NB : ചെമ്പ് (Copper) ഒരു മൂലകം ആണ്. അതിന്റെ അണുസംഖ്യ 29 ആണ്. അതായത് അതിൽ 29 ഇലക്ട്രോണുകൾ ആണുള്ളത്. അതിന്റെ നാലാമത്തെ ഷെല്ലിൽ ഒരു ഇലക്ട്രോൺ മാത്രമാണ് ഉള്ളത്. ആ ഒരു ഇലക്ട്രോൺ ഉപേക്ഷിച്ച് സ്ഥിരത കൈവരിക്കാൻ ചെമ്പ് സദാ ശ്രമിക്കുന്നു. അങ്ങനെ ഉപേക്ഷിക്കുന്ന ഇലക്ടോണുകളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചലനമാണ് നമ്മുടെ വീടുകളിൽ വെളിച്ചം തരുന്നതും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമായ AC കരണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കിയിരുന്നോ?
ചിത്രത്തിന് കടപ്പാട് ഉണ്ട്.

No comments:
Post a Comment