Links
Pages
എന്താണ് രക്തം?
കുട്ടി ആണോ പെണ്ണോ?
എന്താണ് ആകാശം?
ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്. പണ്ട് പണ്ട് വളരെ പണ്ട് ഈ പഞ്ചഭൂതങ്ങളാണ് പ്രകൃതിയിലുള്ള സർവ്വചരാചരങ്ങളും നിർമ്മിതമായിരിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങൾ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയാണ് പഠിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് മണ്ണിനൊപ്പം ആകാശവും പഞ്ചഭൂതങ്ങളിൽ ഒന്നായി കരുതപ്പെട്ടത് എന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. മണ്ണ് നമുക്ക് ടാൻജിബിൾ ആയിട്ടുള്ള എന്ന് വെച്ചാൽ കൈയിൽ വാരിയെടുക്കാവുന്ന ഒരു പദാർത്ഥമാണ്. എന്നാൽ ആകാശം എന്നത് അമൂർത്തമായ ഒന്നാണ്.
ആണുങ്ങൾക്ക് എന്തിനാണ് മുലക്കണ്ണുകൾ?
മുലക്കണ്ണുകൾ കൊണ്ട് പുരുഷശരീരത്തിൽ ഒരു ധർമ്മവും ചെയ്യാനില്ല. പിന്നെ എന്തുകൊണ്ട് ആണുങ്ങൾക്ക് മുലക്കണ്ണുകൾ (nipples ) ഉണ്ടാകുന്നു എന്നത് ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചിരിക്കാനിടയില്ല. അക്കാര്യം വിശദമായി തന്നെ പരിശോധിക്കാം. അതിന് മുൻപ് ഒറ്റവാക്കിൽ അതിനുള്ള ഉത്തരവും പറയാം. ഗർഭപാത്രത്തിൽ ഏത് കുഞ്ഞും പെൺകുഞ്ഞായിട്ടാണ് ആദ്യം വളരുന്നത്. അതായത് പെൺകുഞ്ഞാണ് പിന്നീട് ആൺകുഞ്ഞായി പരിണമിക്കുന്നത്. ഇനി നമുക്ക് വിശദമായി മനസ്സിലാക്കാം.
പിതാവിൻ്റെ ഒരു ബീജവും മാതാവിൻ്റെ അണ്ഡവും ചേർന്നാണല്ലോ ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഭ്രൂണം എന്നാൽ ഒരൊറ്റ കോശമാണ് (Cell). അപ്പോൾ ബീജവും അണ്ഡവും അർദ്ധകോശങ്ങൾ ആണെന്ന് കണക്കാക്കാം. ആ അർദ്ധകോശങ്ങൾ ചേർന്ന് ഒരു കോശമുള്ള ഭ്രൂണം ആവുകയും ആ ഭ്രൂണം പിന്നീട് വിഭജിച്ച് രണ്ട് കോശങ്ങളായി, നാല് കോശങ്ങളായി അങ്ങനെ വിഭജിച്ച് വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുമ്പോഴാണ് ഗർഭസ്ഥശിശു വളരുന്നത്. നമ്മുടെ ശരീരം അനേകം കോശങ്ങൾ ചേർത്തു വെച്ചതാണ്. ഇഷ്ടികകൾ ചേർന്ന് ബിൽഡിങ്ങ് ഉണ്ടായത് പോലെ.
ഓരോ കോശത്തിൻ്റെയും മധ്യത്തിൽ (nucleus) ക്രോസോസോമുകൾ ഉണ്ട്. മനുഷ്യകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുള്ളത്. എന്ന് വെച്ചാൽ 46 ക്രോസോമുകൾ. ക്രോമോസോം എന്നാൽ ഡി എൻ ഏ (DNA) തന്നെയാണ്. പക്ഷെ DNA നൂൽ പോലെ നീണ്ട തന്മാത്രയാണ്. നിവർത്തിയാൽ ഒരു ആളോളം നീളം വരും. അതിനെ ഒരു മാതിരി പ്രോട്ടീനിൽ പൊതിഞ്ഞ പായ്ക്കറ്റിനെയാണ് ക്രോമോസോം എന്ന് പറയുന്നത്. അതുകൊണ്ടാണ് ഇത്രയും നീളമുള്ള DNA കോശത്തിൻ്റെ ന്യൂക്ലിയസ്സിൽ ചുരുങ്ങി നിൽക്കുന്നത്. DNA യുടെ ഒരു ഭാഗമാണ് ജീൻ എന്നത്. ജീനുകളാണ് നമ്മെ നാമാക്കുന്ന പാരമ്പര്യഘടകങ്ങൾ.
ബീജവും അണ്ഡവും ചേർന്ന ഭ്രൂണകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുണ്ടാവുക എന്ന് മനസ്സിലായല്ലോ. ഇതിൽ 23 ക്രോസോമുകൾ വീതം പിതാവിൻ്റെ ബീജത്തിൽ നിന്നും മാതാവിൻ്റെ അണ്ഡത്തിൽ നിന്നും ലഭിക്കുന്നതാണ്. അങ്ങനെയാണ് 23 ജോഡി ആകുന്നത്. ഇതിൽ 23 ആമത്തെ ജോഡി ആണ് ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നത്. X X ജോഡി ആയാൽ പെൺകുഞ്ഞ്, X Y ജോഡി ആയാൽ ആൺകുഞ്ഞ്. അതുകൊണ്ട് സ്ത്രീയുടെ അണ്ഡത്തിൽ X ക്രോമോസോം മാത്രമേ ഉണ്ടാകൂ. പുരുഷൻ്റെ ബീജത്തിൽ X അല്ലെങ്കിൽ Y അങ്ങനെ ക്രോമോസോം ഉണ്ടാകാം. X ക്രോമോസോം ആണ് അണ്ഡവുമായി ചേരുന്നതെങ്കിൽ പെൺകുഞ്ഞ്, Y ക്രോമോസോം ആണെങ്കിൽ ആൺകുഞ്ഞ്. അതുകൊണ്ട് കുഞ്ഞ് ആണോ പെണ്ണോ ആകുന്നതിൽ പുരുഷൻ്റെ ബീജമാണ് കാരണം.
ശരി, പുരുഷൻ്റെ Y ക്രോമോസോമും സ്ത്രീയുടെ X ക്രോമോസോമും ചേർന്ന് ആൺകുഞ്ഞ് ആകാവുന്ന ഭ്രൂണം മാതാവിൻ്റെ ഗർഭപാത്രത്തിൽ രൂപപ്പെട്ടു എന്ന് വിചാരിക്കാം, പക്ഷെ ആ ഭ്രൂണം അഞ്ചോ ആറോ ആഴ്ച വരെ പെൺകുഞ്ഞ് ആയി തന്നെയാണ് വളരുന്നത്. ലിംഗവ്യത്യാസം ആണല്ലോ ആണിനെ ആണായും പെണ്ണിനെ പെണ്ണായുമാക്കുന്നത്. ആറാഴ്ച വരെ പെൺകുഞ്ഞായിട്ടാണ് ഗർഭസ്ഥശിശു വളരുന്നത് എന്നതിൻ്റെ അർത്ഥം ആ കുഞ്ഞിൽ പെൺ സെക്സ് ഓർഗൻസ് ആണ് രൂപപ്പെടുന്നത് എന്നാണ്. അതിന് കാരണം കുഞ്ഞിൻ്റെ Y ക്രോമോസോമിലെ SRY എന്ന ജീൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ പ്രവർത്തന നിരതമാകുന്നില്ല എന്നതാണ്. SRY യുടെ ഫുൾഫോം sex-determining region Y gene എന്നാണ്.
ആറാമത്തെ ആഴ്ച SRY ജീൻ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ഗർഭസ്ഥശിശു പെണ്ണിൽ നിന്ന് ആണായി രൂപാന്തരപ്പെടുന്നത്. അതിൻ്റെ അർത്ഥം പെൺ സെക്സ് ഓർഗൻസ് ആണിൻ്റേതായി രൂപമാറ്റം വരുന്നു എന്നാണ്. അങ്ങനെ അണ്ഡാശയങ്ങൾ (ovaries) വൃഷണങ്ങൾ (testes) ആയും , clitoris എന്ന അവയവം penis ആയും രൂപാന്തരം പ്രാപിക്കുന്നു. നിപ്പിൾസ് യാതൊരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ ആണുങ്ങളും ഗർഭാവസ്ഥയിൽ ആറാഴ്ച വരെ പെൺകുഞ്ഞ് ആയിരുന്നു. അതുകൊണ്ടാണ് ആണുങ്ങൾക്ക് മുലക്കണ്ണുകൾ ഉള്ളത്.
വിരുദ്ധാഹാരം വിഷമോ?
പഴയ വിശ്വാസങ്ങൾ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പണ്ടത്തെ വിശ്വാസങ്ങൾ പലതും ശരിയല്ലെന്നും അവയൊക്കെ അന്നത്തെ ഊഹങ്ങളും അനുമാനങ്ങളും ആണെന്നും ഇന്ന് അവയെ പറ്റി കാര്യകാരണ സഹിതം വിശദീകരിക്കുന്ന അറിവുകൾ സയൻസിൽ ഉണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. സയൻസ് എന്ന് പറയുന്നത് പ്രകൃതിയിലും പ്രപഞ്ചത്തിലും നടക്കുന്ന പ്രതിഭാസങ്ങളുടെ കാര്യകാരണങ്ങളുടെ കണ്ടെത്തലാണ്. തെളിയിക്കപ്പെട്ട വിവരങ്ങളാണ് സയൻസിൽ ഉള്ളത്. എന്നാൽ വിശ്വാസങ്ങളിൽ തെളിയിക്കപ്പെട്ട വിവരങ്ങൾ ഒന്നുമില്ല എന്ന് പറയേണ്ടി വരും.
എന്താണ് (കീഴ്) വായു ?
ഈ പ്രപഞ്ചവും പ്രപഞ്ചത്തിലുള്ള സർവ്വതും പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് പ്രാചീന വിശ്വാസം. ഈ വിശ്വാസം ഇന്നും കൊണ്ട് നടക്കുന്ന മൗലികവാദികളുണ്ട്. പഞ്ചഭൂതങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആകാശം. മണ്ണ്, വായു, ജലം, അഗ്നി എന്നീ അഞ്ച് പദാർത്ഥങ്ങളാണ്. ഈ അഞ്ച് പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിതമാണ് ശരീരം എന്ന വിശ്വാസത്തിൽ എഴുതപ്പെട്ട തിയറിയാണ് ആയുർവേദം. ഈ അഞ്ച് സംഗതികളിൽ ആകാശവും വായുവും പദാർത്ഥമല്ല എന്ന് ഞാൻ എഴുതിയതിനെ ചിലർ പരിഹസിച്ചു. അത് മനസ്സിലാക്കാൻ കഴിയാത്തതിന്റെ ഒരു പ്രശ്നമാണ്. വായു എന്ന വാക്ക് നമുക്ക് ആവശ്യമുണ്ട്. എന്നാൽ എന്താണ് വായു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കണ്ടേ?
എന്താണ് പദാർത്ഥം എന്നാൽ? ഭാരമുള്ളതും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും എന്തോ അതാണ് പദാർത്ഥം. ഈ പദാർത്ഥം മൂന്ന് അവസ്ഥയിൽ സ്ഥിതി ചെയ്യും. മാത്രമല്ല ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുകയും ചെയ്യും. ഇങ്ങനെ മാറുന്നത് ഊഷ്മാവിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടാണ്. ഇത് ഉദാഹരിക്കാൻ ഏറ്റവും ലളിതമായ മാതൃക ജലമാണ്. 4 ഡിഗ്രി സെൽഷ്യസിൽ നിൽക്കുമ്പോൾ ജലം ഒരു ദ്രാവകം ആണ്. വെള്ളം എന്ന് പറയുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ ജലം ഖരപദാർത്ഥമാണ്. ഐസ് എന്ന് പറയും. 100 ഡിഗ്രി സെൽഷ്യസിൽ ജലം വായു ആണ്. അഥവാ വാതകം. നീരാവി എന്ന് പറയുന്നു. അപ്പോൾ നമ്മൾ പൊതുവായി വായു എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് അന്തരീക്ഷത്തിലെ നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് എന്നീ വാതക മിശ്രിതങ്ങളുടെ ആകെത്തുകയെ ആണ്. അതായത് വായു എന്നത് ഒരു ഒറ്റ പദാർത്ഥം അല്ല. ഏതാനും പദാർത്ഥങ്ങളുടെ മിശ്രിതം ആണ്. അപ്പോൾ പിന്നെ എങ്ങനെ പഞ്ചഭൂതം എന്ന പ്രാചീന അനുമാനം ശരിയാകും?
ഇനി എന്താണ് ഈ മൂന്ന് അവസ്ഥകളുടെ പ്രത്യേകത എന്ന് നോക്കാം. ഖരം എന്നാൽ അതിലെ തന്മാത്രകൾ വേർപെട്ടുപോകാതെ ഒട്ടിപ്പിടിച്ചു നിൽക്കുന്നു. ദ്രാവകത്തിൽ തന്മാത്രകൾ സ്വതന്ത്രമാണ് പക്ഷെ വേർപെട്ടു പോകില്ല. വാതകത്തിൽ തന്മാത്രകൾ സ്വതന്ത്രവുമാണ് വേർപെട്ടിട്ടും ആണ്. ഇതൊക്കെ ഇന്ന് നാലാം ക്ലാസ്സ് സയൻസ് ആണ്. ഇതൊന്നും പറ്റില്ല നമുക്ക് പ്രാചീനമായ പഞ്ചഭൂത സിദ്ധാന്തം മതി എന്ന് വാദിക്കുന്നവർ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളാണ്.
ഇനിയാണ് ഈ പോസ്റ്റിന്റെ തലക്കെട്ടിലേക്ക് ഞാൻ വരുന്നത്. കീഴ്‌വായു എന്ന പ്രയോഗത്തിനു ഒരു മാന്യതയുണ്ട്. എന്നാൽ വളി എന്ന് പറഞ്ഞാൽ ആളുകൾ നെറ്റി ചുളിക്കും. വളി എന്നാൽ കാറ്റിന്റെ ഒരു പര്യായം ആണെന്ന് തോന്നുന്നു. കാറ്റ് എന്നാൽ ദ്രുതഗതിയിൽ ചലിക്കുന്ന വാതക തന്മാത്രകളാണ് എന്ന കാര്യം ആരും നിഷേധിക്കില്ലല്ലോ അല്ലേ? അപ്പോൾ കീഴ്വായു എന്നാൽ നമ്മുടെ വൻകുടലിൽ നിന്ന് ബഹിർഗ്ഗമിക്കുന്ന വാതക തന്മാത്രകളാണ്. അതിൽ അധികവും നാം ഭക്ഷണത്തോടൊപ്പം വിഴുങ്ങുന്ന നൈട്രജൻ അടക്കമുള്ള അന്തരീഷത്തിലെ വാതക തന്മാത്രകളും ആണ്. ആഹാരം വായ തുറന്നു കൊണ്ട് ചവയ്ക്കുമ്പോൾ കുറേ വായു തന്മാത്രകൾ അകത്ത് കടക്കും. അവയ്ക്ക് പുറത്ത് പോയല്ലേ പറ്റൂ. അങ്ങനെ പോകാൻ രണ്ട് വഴി ഒന്ന് കീഴ്‌വായു പോകുന്നതും മറ്റൊന്ന് ഏമ്പക്കമായി തൊണ്ട വഴി വായയും ആണ്.
Oxygen, nitrogen, carbon dioxide എന്നിവയാണ് പുറത്ത് നിന്ന് വൻകുടലിൽ എത്തി കീഴ്‌വായു ആയി പോകുന്ന തന്മാത്രകൾ. ഭക്ഷണം ദഹിക്കുമ്പോൾ മറ്റ് ചില വാതകങ്ങൾ ഉണ്ടാകുന്നുണ്ട്. മീഥേൻ, ഹൈഡ്രജൻസൽഫൈഡ് എന്നിവയാണ് അവ. ഇതിൽ ഹൈഡ്രജൻസൽഫൈഡ് ആണ് കീഴ്‌വായുവിനു ദുർനാറ്റം ഉണ്ടാക്കുന്നത്. അളവിൽ ഒരു ശതമാനം മാത്രമേ ഹൈഡ്രജൻ സൽഫൈഡ് ഉള്ളൂ. അതേ സമയം 99 ശതമാനം വാതകത്തിനും യാതൊരു ഗന്ധവും ഇല്ല. ഒരു ശതമാനം ഹൈഡ്രജൻസൽഫൈഡ് ആണ് കീഴ്‌വായുവിലെ വില്ലൻ. ഒരാൾ ദിവസവും പത്ത് പതിനഞ്ച് പ്രാവശ്യം കീഴ്‌വായു വിടുന്നുണ്ട് എന്ന് പറയുന്നു. പക്ഷെ നമ്മൾ അറിയുന്നത് ഒച്ചയോ ദുർഗന്ധമോ ഉള്ളപ്പോൾ മാത്രമാണ് എന്നതാണ് വസ്തുത.
ഞങ്ങൾക്ക് സയൻസ് പറ്റില്ല പ്രാചീന കാലത്തെ ഊഹങ്ങളും അടിസ്ഥാന രഹിതമായ അനുമാനങ്ങളും മാത്രമേ പറ്റൂ എന്ന് വാദിക്കുന്ന ഫണ്ടമെന്റലിസ്റ്റുകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് പ്രകൃതിയിൽ നടക്കുന്ന ഒന്നിനെ കുറിച്ചും മനസ്സിലാക്കാൻ കഴിയില്ല. ആ അജ്ഞത ഒരു അലങ്കാരമായും നിങ്ങൾ കാണുന്നു. അടുത്ത തലമുറയ്ക്ക് കൂടി ഈ അജ്ഞത നിങ്ങൾ പകർന്നു കൊടുക്കുന്നത് കഷ്ടമാണ്. എന്ത്, എന്തുകൊണ്ട് എന്ന് ചോദിക്കാനും ഉത്തരങ്ങൾ അറിയാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇന്നത്തെ മുതിർന്ന പൗരന്മാർ ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തുന്നു.
ചന്ദ്രയാൻ-2
ചന്ദ്രയാൻ-2 ന്റെ പ്രധാന ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഹീലിയം-3 ന്റെ നിക്ഷേപത്തിന്റെ സാന്നിധ്യവും അളവും പഠിക്കുക എന്നതാണ്. ഭാവിയിൽ ആണവോർജ്ജം ഉല്പാദിപ്പിക്കാനുള്ള ഇന്ധനമായി ഹീലിയം-3 ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരിക എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. അതിലേക്കുള്ള ആദ്യപടിയാണ് ഈ വിക്ഷേപണ വിജയത്തോടെ നമ്മൾ കയറിയിട്ടുള്ളത്.
നിലവിൽ നമ്മുടെ ആണവനിലയങ്ങൾ പ്രവർത്തിക്കുന്നത് യുറേനിയം എന്ന മൂലകത്തിന്റെ ന്യൂക്ലിയസ്സിലേക്ക് ന്യൂട്രോണുകൾ അടിച്ചു കയറ്റി ആ മൂലകത്തെ പിളർത്തി, അപ്പോൾ പുറത്ത് വരുന്ന താപോർജ്ജം കൊണ്ട് ജലം ചൂടായി നീരാവിയുണ്ടാവുകയും ആ നീരാവിയുടെ ശക്തിയിൽ ടർബൈൻ കറങ്ങുകയും അങ്ങനെ വിദ്യുഛക്തി ഉല്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന ആണവറിയാക്ടറുകളെ Nuclear fission reactors എന്ന് പറയുന്നു. ഫിഷൻ എന്ന് വെച്ചാൽ വിഘടിപ്പിക്കുക അല്ലെങ്കിൽ പിളർത്തുക എന്നതാണ്. കൂടംകുളത്തും പ്രവർത്തിക്കുന്നത് ഇതേ മാതിരി റിയാക്ടർ ആണ്. യുറേനിയം എന്നത് 92-ആമത്തെ മൂലകം ആണ്. അത് പിളർക്കുമ്പോൾ ഊർജ്ജം ലഭിക്കുമെങ്കിലും അതിൽ നിന്ന് റേഡിയോ ആക്റ്റീവ് വികിരണങ്ങളും ഉണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്ന റേഡിയോ ആക്റ്റീവ് വികിരണങ്ങൾ ഉള്ള പദാർത്ഥങ്ങളെയാണ് നാം ആണവമാലിന്യങ്ങൾ എന്ന് പറയുന്നത്. ഈ ആണവമാലിന്യങ്ങളിൽ നിന്ന് ആണവവികിരണങ്ങൾ പുറത്ത് വരാതെ സൂക്ഷിക്കുക എന്നത് വളരെ ചെലവേറിയതും റിസ്ക് ഉള്ളതുമായ ഏർപ്പാടാണ്. അവിടെയാണ് ഹീലിയം-3 ന്റെ പ്രസക്തി.
മൂലകങ്ങളെ ഒന്ന് മുതൽ 92 വരെ അതായത് ഹൈഡ്രജൻ മുതൽ യുറേനിയം വരെ അണുസംഖ്യയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന്റെ കാരണം നിങ്ങൾ പഠിച്ചിരിക്കും. മൂലകത്തിൽ എത്ര പ്രോട്ടോൺ ഉണ്ടോ അതാണ് അതിന്റെ അണു സഖ്യ. ഹൈഡ്രജനിൽ ഒരു പ്രോട്ടോൺ ആണുള്ളത്. അതുകൊണ്ടാണ് ഹൈഡ്രജൻ ഒന്നാമത്തെ മൂലകം ആകുന്നത്. യുറേനിയം മൂലകത്തിൽ 92 പ്രോട്ടോൺ ഉണ്ട്. അതുകൊണ്ടാണ് യുറേനിയത്തിന്റെ അണുസംഖ്യ 92 ആകുന്നത്. ഹൈഡ്രജൻ കഴിഞ്ഞാൽ രണ്ടാമത്തെ മൂലകം ആണ് ഹീലിയം എന്നും അതിന്റെ അണുസംഖ്യ 2 ആണെന്നും നിങ്ങൾക്കറിയാം.
എന്നാൽ എന്താണ് ഹീലിയം-3 ? ഏതൊരു അണുവിന്റെയും കേന്ദ്രത്തിൽ പ്രോട്ടോണും ന്യൂട്രോണും ഉണ്ടാകും. പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ അണുകേന്ദ്രവും അതിനെ ചുറ്റുന്ന എലക്ടോണുകളും ചേർന്നതാണ് ഒരു മൂലകം. പ്രോട്ടോണിനു പോസിറ്റിവ് ചാർജ്ജ് ആയത് കൊണ്ട് ഒരു മൂലകത്തിൽ എത്ര പ്രോട്ടോൺ ഉണ്ടോ അത്രയും എലക്ട്രോണുകളും ഉണ്ടാകും. അതായത് ഏത് മൂലകത്തിലും പ്രോട്ടോണിന്റെയും എലക്ട്രോണിന്റെയും എണ്ണം തുല്യമായിരിക്കും. എലക്ടോണിനു നെഗറ്റീവ് ചാർജ്ജ് ആണ്. അങ്ങനെയാണ് ഏത് ഒരു ആറ്റവും ന്യൂട്രൽ ആകുന്നത്. അതേ സമയം അണുവിന്റെ കേന്ദ്രത്തിൽ ന്യൂട്രോണും ഉണ്ടെങ്കിലും അതിനു ചാർജ്ജ് ഇല്ലാത്തത് കൊണ്ട് പല മൂലകങ്ങളിലും പ്രോട്ടോണിന്റെ എണ്ണത്തിനു തുല്യമല്ല ന്യൂട്രോണുകളുടെ എണ്ണം. എങ്കിലും പൊതുവെ പ്രോട്ടോന്റെയും ന്യൂട്രോണിന്റെയും എണ്ണം തുല്യമായിരിക്കുകയും ചെയ്യും. പ്രോട്ടോണും ന്യൂട്രോണും ആകെ എത്രയുണ്ടോ അതാണ് ഒരു മൂലകത്തിന്റെ അണുഭാരം എന്നത്.
ഒന്നാമത്തെ മൂലകം ആയ ഹൈഡ്രജനിൽ ഒരു പ്രോട്ടോണും ഒരു എലക്ട്രോണും മാത്രമേയുള്ളൂ. അതുകൊണ്ട് ഹൈഡ്രജന്റെ അണുസംഖ്യയും അണുഭാരവും ഒന്ന് ആണ്. കാരണം അതിൽ ന്യൂട്രോൺ ഇല്ലല്ലൊ. എന്നാൽ ഒരു ന്യൂട്രോണും രണ്ട് ന്യൂട്രോണും ഉള്ള സ്വാഭാവികമല്ലാത്ത ഹൈഡ്രജനുമുണ്ട്. അത്തരം ഹൈഡ്രജനുകളെ ഹൈഡ്രജൻ ഐസോടോപ്പുകൾ എന്ന് പറയുന്നു. ഹീലിയം മുതലുള്ള സ്വാഭാവിക മൂലകങ്ങളിലാണ് ന്യൂട്രോണുകൾ ഉള്ളത്. ഒരു ഹീലിയം അണുവിൽ രണ്ട് പ്രോട്ടോണും രണ്ട് ന്യൂട്രോണും രണ്ട് എലക്ട്രോണും ഉണ്ടാകും. അതായത് ഹീലിയം മൂലകത്തിന്റെ അണുഭാരം 4 (2പ്രോട്ടോൺ+2ന്യൂട്രോൺ) ആണ് എലക്ട്രോണുകൾക്ക് ഭാരം ഇല്ല എന്ന് ഓർക്കുമല്ലൊ. ഇങ്ങനെയുള്ള ഹീലിയം ഒരു വാതകം ആണ്. ഈ വാതകം ആണ് ഹീലിയം ബലൂണുകളിൽ നിറച്ചിരിക്കുന്നത്.
ഹീലിയം-3 ആണവ ഇന്ധനം ആയി ഉപയോഗിക്കുമ്പോൾ അത്തരം ആണവനിലയങ്ങളെ Nuclear fusion reactors എന്നാണ് പറയുക. ഫ്യൂഷൻ എന്ന് വെച്ചാൽ സംയോജിപ്പിക്കുക എന്നാണ് അർത്ഥം. ഇത്തരം റിയാക്ടറുകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ ഒട്ടും ആണവമാലിന്യങ്ങൾ ഉണ്ടാവുകയില്ല എന്നത് കൊണ്ട് ഇതിനെ ക്ലീൻ എനർജി എന്ന് പറയാം. ഇങ്ങനെയുള്ള റിയാക്ടറുകളിൽ ആദ്യം ഹീലിയം-3 ഐസോടോപ്പും ഡ്യൂട്ടീരിയം എന്ന ഹൈഡ്രജൻ ഐസോടോപ്പും സംയോജിപ്പിച്ചുകൊണ്ട് ഊർജ്ജോല്പാദനം നടത്തും. രണ്ടാം ഘട്ടമായി രണ്ട് ഹീലിയം-3 ഐസോടോപ്പുകൾ സംയോജിപ്പിക്കും.
ചന്ദ്രനിൽ നിന്ന് ഹീലിയം-3 ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരുന്ന കാലം വിദൂരമല്ല എന്നാണ് ചാന്ദ്രയാൻ-2ന്റെ വിജയകരമായ വിക്ഷേപണം തെളിയിക്കുന്നത്. ഇതിൽ നാം എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം.
എന്താണ് ശരീരം?
നമ്മുടെ ശരീരത്തിൽ ഉള്ളത് അറുപതോളം കെമിക്കൽ മൂലകങ്ങളാണ് എന്ന് പറയുമ്പോൾ എന്താണ് ജൈവം എന്നതും രാസം എന്നതും തമ്മിലുള്ള വ്യത്യാസം എന്ന് നിങ്ങൾക്ക് തോന്നാം. ഒരു വ്യത്യാസവും ഇല്ല എന്നതാണ് വസ്തുത. ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം കെമിക്കൽ മൂലകങ്ങൾ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. അതായത് പ്രകൃതിയിൽ ജൈവം എന്നും രാസം എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. ജീവൻ ഇല്ലാത്ത കെമിക്കൽ മൂലകങ്ങൾ കൊണ്ടാണ് ജീവൻ ഉള്ളവയും ഉണ്ടായിട്ടുള്ളത്. പ്രകൃതിയിൽ 92 തരം മൂലകങ്ങൾ മാത്രമേയുള്ളൂ. പീരിയോഡിക്ക് ടേബിളിൽ 118 മൂലകങ്ങൾ കാണും. 92ന് ശേഷം വരുന്ന മൂലകങ്ങൾ ലബോറട്ടറിയിൽ ഉണ്ടാക്കുന്നതാണ്. എന്തായാലും ഒന്നാമത്തെ മൂലകം ആയ ഹൈഡ്രജൻ മുതൽ തൊണ്ണൂറ്റിരണ്ടാമത്തെ യുറേനിയം വരെ മാത്രമേ പ്രകൃതിയിൽ നിലനിൽന്നുള്ളൂ എന്ന് സാമാന്യമായി പറയാം.
ഈ 92 മൂലകങ്ങൾ കൊണ്ടാണ് ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും ഉണ്ടായിട്ടുള്ളത് എന്ന് നമ്മൾ അംഗീകരിച്ചേ മതിയാവൂ. ഇക്കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളും എല്ലാം തന്നെ ഈ 92 മൂലകങ്ങളിൽ അടങ്ങും. എന്താണ് ജീവൻ എന്ന് ചോദിച്ചാലും ഈ 92ൽ അറുപതോളം മൂലകങ്ങളുടെ രാസപ്രവർത്തനങ്ങളുടെ ഫലം ആണ് ജീവൻ എന്ന് മാത്രമേ പറയാൻ പറ്റൂ. ശരീരത്തിൽ രാസപ്രവർത്താനം ഇല്ലെങ്കിൽ ജീവൻ ഇല്ല. ജീവൻ നിലനിർത്തുന്ന പ്രധാന രാസപ്രവർത്തനം ഗ്ലൂക്കോസ് എന്ന തന്മാത്ര ഓരോ കോശങ്ങളിലും വെച്ച് ശ്വസിക്കുന്ന വായുവിലെ ഓക്സിജനുമായി ചേർന്ന് ‘കത്തൽ’ എന്ന പ്രക്രിയയാണ്.
കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ എന്നിങ്ങനെ മൂന്ന് മൂലകങ്ങൾ ചേർന്ന തന്മാത്രയാണ് ഗ്ലൂക്കോസ്. സസ്യങ്ങളാണ് ഗ്ലൂക്കോസ് നിർമ്മിച്ചത്. സസ്യങ്ങൾ കാർബണും ഓക്സിജനും ഹൈഡ്രജനും നിർമ്മിക്കാൻ സൗരോർജ്ജം ഉപയോഗിച്ചിട്ടുണ്ട്. ആ സൗരോർജ്ജം തന്മാത്രോർജ്ജം ആയി ഗ്ലൂക്കോസിൽ ഉണ്ട്. വായുവിലെ ഓക്സിജൻ എന്ന് പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന തന്മാത്രയാണ്. ആ ഓക്സിജനും ഗ്ലൂക്കോസും ചേർന്ന് കോശങ്ങളിൽ വെച്ച് കത്തുമ്പോൾ വെളിപ്പെടുന്ന ഊർജ്ജം ആണ് ജീവൻ എന്ന പ്രവർത്തനത്തെ നിലനിർത്തുന്നത്.
നമ്മുടെ ശരീരഭാരത്തിൽ 65% ഓക്സിജനും, 18% കാർബണും, 10% ഹൈഡ്രജനും, 3% നൈട്രജനും, 1.5% കാൽസിയവും, 1% ഫോസ്‌ഫറസും 0.35% പൊട്ടാസിയവും, പിന്നെ സോഡിയം, ഇരുമ്പ്, സൽഫർ, മെഗ്‌നീഷ്യം, ക്ലോറിൻ സിങ്ക് മുതലായ മൂലകങ്ങൾ എല്ലാം കൂടി 1ശതമാനവും ആണുള്ളത് . മൂലകങ്ങളുടെ കണക്കാണ് ഏകദേശമായി പറഞ്ഞത്. നേരിയ വ്യത്യാസങ്ങൾ വരാം. ഈ മൂലകങ്ങൾ ചേർന്ന് തന്മാത്രകളും തന്മാത്രകൾ ചേർന്ന് കോശങ്ങളും കോശങ്ങൾ ചേർന്ന് ടിഷ്യൂകളും ടിഷ്യൂകൾ ചേർന്ന് അവയയവങ്ങളും അവയങ്ങൾ ചേർന്ന് ശരീരവും ഉണ്ടാകുന്നു.
ഉദാഹരണത്തിനു ഓക്സിജനും ഹൈഡ്രജനും ചേർന്ന ജലം ആണ് ശരീരഭാരത്തിന്റെ 62 ശതമാനവും ഉള്ളത്. അത് പോലെ ഓക്സിജനും കാർബണും ഹൈഡ്രജനും ചേർന്ന ഫേറ്റ് 16ശതമാനവും, ഓക്സിജനും നൈട്രജനും ഹൈഡ്രജനും കാർബണും ചേർന്ന പ്രോട്ടീൻ 16ശതമാനവും 1ശതമാനം കാർബോഹൈഡ്രേറ്റും 5 ശതമാനം മിനറൽസും ശരീരത്തിൽ ഉണ്ട്. ശരീരത്തിൽ ജീവന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഇപ്പറഞ്ഞ മൂലകങ്ങൾ വീണ്ടും പ്രകൃതിയുടെ ഭാഗം ആവുകയാണ്.
അപ്പോൾ നമ്മുടെ ശരീരം എന്നത് മുൻപ് പ്രകൃതിയിൽ ഉള്ള മൂലകങ്ങൾ തന്നെയാണ്. ഇതേ മൂലകങ്ങൾ വീണ്ടും പ്രകൃതിയിൽ ലയിച്ച് പിന്നെയും സസ്യങ്ങളുടെയോ മറ്റ് ജീവികളുടെയോ ഭാഗമാകും. അപ്പോൾ പ്രകൃതിയിൽ ഉള്ളതൊന്നും നശിക്കുന്നില്ല എന്നും പുതുതായി ഒന്നും ഉണ്ടാകുന്നുമില്ല എന്നും മനസ്സിലാക്കാം. ആരാണ് പ്രപഞ്ചത്തെയും ഇക്കാണുന്ന സർവ്വചരാചരങ്ങളെയും സൃഷ്ടിച്ചത് എന്ന് ചോദിക്കുമ്പോൾ മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കേണ്ടി വരും. മാത്രമല്ല ആരാണ് സൃഷ്ടിച്ചത് എന്ന ചോദ്യം തന്നെ നിലനിൽക്കാത്ത ചോദ്യമാണ്. കാരണം ആർക്കും സൃഷ്ടിക്കാൻ കഴിയാത്തതാണ് പ്രപഞ്ചം. എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി എന്ന ചോദ്യം മാത്രമേ ചോദിക്കാൻ കഴിയൂ.
ശരീരത്തിൽ ഉള്ള മൂലകങ്ങളുടെ അനുപാതം മേലെ എഴുതിയെങ്കിൽ ഇനി ഭൂമിയിൽ ഉള്ള മൂലകങ്ങളുടെ അനുപാതം നോക്കാം. ഭൂമിയിൽ 46% ഓക്സിജനും, 27% സിലിക്കണും, 8% അലുമിനിയവും, 5% ഇരുമ്പും 4% കാൽസിയവും 2% ശതമാനം വീതം സോഡിയവും മെഗ്‌നീഷ്യവും പൊട്ടാസിയവും ബാക്കി മൂന്ന് ശതമാനമാണ് 80ൽ അധികം മൂലകങ്ങൾ ഉള്ളത്. സൂര്യനിൽ 75ശതമാനം ഹൈഡ്രജനും 24ശതമാനം ഹീലിയവും 1ശതമാനം ഓക്സിജനും ആണുള്ളത് എന്നാണ് കണക്ക്. ഹൈഡ്രജൻ മൂലകം ഹീലിയം മൂലകം ആയി മാറുന്ന രാസപ്രവർത്തനം ആണ് സൂര്യനിൽ അനവരതം നടക്കുന്നത്. അതിന്റെ ഫലമാണ് സൂര്യനിൽ നിന്ന് പ്രകാശവും ഊർജ്ജവും ഭൂമിയിൽ എത്തുന്നത്.
നമ്മുടെ ശരീരത്തിലും ശരി, ചുറ്റുപാടിലും ശരി, അന്തരീക്ഷത്തിലായാലും പ്രകൃതിയിൽ ആയാലും നടക്കുന്ന പ്രവർത്തനങ്ങൾ അത്യന്തം അത്ഭുതകരങ്ങളാണ്. അറിവുകളുടെ മഹാസാഗരത്തിനു മുന്നിലാണ് നാം നിൽക്കുന്നത്. പക്ഷെ ആളുകൾ വിശ്വാസങ്ങളുടെ അന്തകാരത്തിൽ തപ്പിത്തടയുകയാണ്. അറിവുകൾ ജീവിതത്തെ മനോഹരമായ ഒരനുഭവം ആക്കിത്തീർക്കും.
കാലവർഷം എന്നാൽ എന്ത് ; എങ്ങനെ ?
![]() |
| Add caption |
മേഘങ്ങൾ പല തരത്തിലുണ്ട്. ക്യുമുലോനിംബസ് (Cumulonimbus clouds) എന്ന കാർമേഘമാണു മഴ പെയ്യിക്കുന്ന മഴമേഘം. ജലകണങ്ങളും മഞ്ഞ്കണങ്ങളും സാന്ദ്രീകരിച്ച് സൂര്യപ്രകാശം തീരെ കടത്തി വിടാത്തത് കൊണ്ടാണു കാർമേഘത്തിനു കറുത്ത നിറം. ഇതെങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ചോദിച്ചാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണു കാർമേഘത്തിനു കറുപ്പ് നിറം. വിമാനത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ അതേ മേഘം വെളുപ്പായി തോന്നും. കാരണം ആ മേഘം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു.
ശരി, ഇനി നമുക്ക് ഈ ജൂൺ മാസം മുതൽ മഴ കൊണ്ടുവരുന്ന തെക്ക് പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) എങ്ങനെയുണ്ടാകുന്നു എന്ന് നോക്കാം. സൂര്യന്റെ ചൂട് കൊണ്ട് കര വേഗം ചൂടു പിടിക്കുന്നു. എന്നാൽ സമുദ്രം വളരെ സാവധാനം മാത്രമേ ചൂട് പിടിക്കുന്നുള്ളൂ. അതിനു കാരണം കടൽ അതിന്റെ 200 മീറ്ററോളം ആഴത്തിലേക്ക് സൂര്യപ്രകാശത്തെ കടത്തി വിടുന്നു എന്നതാണു. അപ്പോൾ സംഭവിക്കുന്നത് ചൂടു പിടിച്ച കരയുടെ ഉപരിതലത്തിലുള്ള വായു വേഗത്തിൽ ചൂടാവുന്നു. കടലിന്റെ ഉപരിതലത്തിലുള്ള വായു അത്ര വേഗത്തിൽ ചൂടാകുന്നുമില്ല. അങ്ങനെ കരയുടെയും കടലിന്റെയും ഉപരിതലങ്ങളിൽ ഉള്ള വായുവിന്റെ ഊഷ്മാവിൽ അഞ്ച് മുതൽ പത്ത് വരെ സെൽഷ്യസ് ഡിഗി താപവ്യത്യാസം ഉണ്ടാകാം. ചൂട് പിടിക്കുന്ന വായു മേൽപ്പോട്ടേക്ക് പോകും. ആ വിടവിൽ തണുത്ത വായു കടന്നുവരും. അതായത് കരയിലെ ചൂട് പിടിച്ച വായു മേൽപ്പോട്ട് പോകുമ്പോൾ കടലിലെ തണുത്ത വായു കരയിലേക്ക് പ്രവഹിക്കും. കാറ്റ് ഉണ്ടാകുന്നത് ഇങ്ങനെയാണു. ചലിക്കുന്ന വായു ആണു കാറ്റ്.
വേനൽക്കാലത്ത് രാജസ്ഥാനിലെ താർ മരുഭൂമിയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കഠിനമായി ചൂടാകും. അപ്പോൾ ആ പ്രദേശങ്ങളിലെ വായു ചൂട് കൊണ്ട് മേൽപ്പോട്ടേക്ക് ഉയരും. അങ്ങിനെ അവിടത്തെ വായു ചൂടായി മേൽപ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തണുത്ത വായു കാറ്റായി തെക്ക് പടിഞ്ഞാറു ദിക്ക് നോക്കി വീശും. അങ്ങനെ വീശുന്ന തണുത്ത കാറ്റ് ഹിമാലയ പർവ്വതത്തിലേക്ക് ആകർഷിക്കപ്പെടുകയും ഹിമാലയം ആ കാറ്റിനെ ഒരു വൻമതിൽ പോലെ തടുത്ത് നിർത്തുകയും ചെയ്യും. തണുത്ത കാറ്റ് മേഘങ്ങളെ തണുപ്പിച്ച് , അങ്ങനെ തണുക്കുന്ന മേഘം കൂടുതൽ ഘനീഭവിച്ച് കനത്ത് ഭൂമിയുടെ ആകർഷണത്താൽ താഴേക്ക് പതിക്കുന്നതാണു മഴ എന്നറിയാമല്ലൊ. എന്നാൽ നീരാവിയും കാറ്റും മേഘവും മാത്രമുണ്ടായാൽ മഴ പെയ്യില്ല. ആ കാറ്റിനെ തടഞ്ഞു നിർത്താൻ ഉയരം കൂടിയ മലകളും കൂടി വേണം. നമ്മുടെ പശ്ചിമഘട്ട മലനിരകളും ഹിമാലയപർവ്വതവും ഇല്ലായിരുന്നെങ്കിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് തിബത്ത് , പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരെ ടൂർ പോയിരിക്കും ഇന്ത്യയിൽ ഒരു തുള്ളി മഴ പെയ്യിക്കാതെ.
തെക്ക് പടിഞ്ഞാറൻ കാറ്റ് കൊണ്ട് ജൂൺ മുതൽ സപ്തംബർ മാസങ്ങൾ വരെ മഴ കിട്ടുന്നു. ഈ കാറ്റ് തെക്കേ ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ രണ്ട് ശാഖകളായി പിരിയുന്നു. അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും. അറബിക്കടൽ ഭാഗത്ത് നിന്ന് വരുന്ന കാറ്റ് പശ്ചിമഘട്ട മലകളാൽ തടുത്ത് നിർത്തപ്പെടുന്നത് കൊണ്ടാണു കേരളത്തിൽ ആദ്യം തന്നെ മഴ കിട്ടുന്നത്. പിന്നീട് ഈ കാറ്റ് പശ്ചിമഘട്ടവും കടന്ന് വടക്കോട്ട് നീങ്ങുന്നു. ഇങ്ങനെ വടക്കോട്ട് നീങ്ങിയ കാറ്റും ബംഗാൾ ഉൾക്കടൽ ഭാഗത്തെക്ക് പോയ കാറ്റും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യിക്കുന്നു. തെക്ക് പടിഞ്ഞാറൻ കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കരയിലേക്ക് വീശുന്നതാണെങ്കിൽ, ഹിമാലയത്തിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം നോക്കി കരയിൽ നിന്ന് കടലിലേക്ക് വീശുന്ന വടക്ക് കിഴക്കൻ കാറ്റുമുണ്ട്. മഴയെ പറ്റിയുള്ള ഈ ചെറിയ കുറിപ്പ് നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് കരുതുന്നു. നന്ദി.



















