Links

ഒരു രൂപ അരിയുടെ രാഷ്ട്രീയം

ണസമ്മാനമായി ഒരു രൂപയ്ക്ക്  അരി കൊടുക്കും എന്ന സര്‍ക്കാരിന്റെ പ്രഖ്യാ‍പനം വായിച്ചപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്.  എന്തിനാണ് ഇങ്ങനെ ഒരു രൂപയ്ക്ക്  അരി കൊടുക്കുന്നത്?  ഇത് വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൈക്കൂലിയാണ്.  ഞങ്ങള്‍ ഒരു രൂപയ്ക്ക് അരി തന്നില്ലേ. അത്കൊണ്ട് ഞങ്ങള്‍ക്ക് വോട്ട് തരൂ എന്നാണ് ഇതിലെ രാഷ്ട്രീയം. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത് വോട്ട് ചോദിക്കുന്ന ഒരു തരം വൃത്തികെട്ട രാഷ്ട്രീയമാണിത്.  അല്ലാതെ ഒരു രൂപയ്ക്ക് അരി വാങ്ങി കഴിക്കാന്‍ മാത്രം ഗതികെട്ട ഒരു കുടുംബവും ഇന്ന് കേരളത്തില്‍ ഇല്ല.  ഒരു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ശരിയാണ്. അരിയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി, അത് സമര്‍ത്ഥമായി മുതലാക്കി അധികാരം പിടിച്ചെടുത്തത് 1967ല്‍ തമിഴ്‌നാട്ടില്‍ അണ്ണാദുരൈ ആയിരുന്നു. ‘ഒരു രൂപയ്ക്ക് ഒരു പടി അരി’ അതായിരുന്നു 67ല്‍ ഡി.എം.കെ.യുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  അരിമുടക്കി കോണ്‍ഗ്രസ്സ് എന്ന് അച്യുതാനന്ദന്‍ കോണ്‍ഗ്രസ്സുകാ‍രെ ആക്ഷേപിക്കുമ്പോഴും അരിയാണ് ഇന്നും  താരം എന്ന്  രാഷ്ട്രീയക്കാര്‍ കരുതുന്നതായി കാണാം.

ഒരു രൂപയുടെ വില ഇന്ന് എന്താണ്?  വീടുകളില്‍ എത്തുന്ന ഭിക്ഷക്കാര്‍ക്ക് ഒരു രൂപ നാണയം കൊടുത്തുനോക്കു, അത് നോക്കി അവരുടെ മുഖത്ത് ഒരു തരം പുച്ഛം തെളിയുന്നത് കാണാം.  ഒരു രൂപ ആരും ഇന്ന് മൈന്‍ഡ് ചെയ്യാറില്ല.  ഈ ബി.പി.എല്‍ എന്ന്  പറഞ്ഞാ‍ല്‍ ആരാണ്? യഥാര്‍ത്ഥ വരുമാനം എത്രയായാലും റേഷന്‍ കാര്‍ഡില്‍ തുച്ഛമായ വരുമാനം കാണിക്കുക എന്നത് പണ്ടേയുള്ള ഒരു രീതിയാണ്. ഇന്നും പലരുടെയും റേഷന്‍ കാര്‍ഡ് നോക്കിയാല്‍ പ്രതിമാസവരുമാനം മുന്നൂറ് രൂപയായിരിക്കും. എന്നാല്‍ വാസ്തവം എന്താണ്?  ജോലിക്ക് പോകാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഇന്ന് കുറഞ്ഞത് 400രൂപ ദിവസക്കൂലി കിട്ടും.  ശരാശരി 500 രൂപയില്‍ കൂടുതലായിരിക്കും ഇന്നത്തെ   പ്രതിദിന കൂലി.  അതും പണിക്ക് ആളെ കിട്ടാനില്ല. സര്‍ക്കാര്‍ ഓഫീസിലേക്കാളും കുറവാണ് ജോലി സമയം. മിക്ക സ്ഥലത്തും പണിക്കാര്‍ക്ക്  ഊണും ചായയും എല്ലാം യഥേഷ്ടം കൊടുക്കണം. ഞങ്ങളുടെ നാട്ടില്‍ അങ്ങനെയാണ്. ഉച്ചയൂണ് കഴിഞ്ഞ് ഒരു മണിക്കൂര്‍ ഉറക്കവുമുണ്ട്. രാവിലെ 9.30ന് പണിക്കെത്തുന്നവര്‍ ഊണും ഉറക്കവും എല്ലാം കഴിഞ്ഞ് വൈകുന്നേരം നാലേമുക്കാലിന് പണി മതിയാക്കുകയും ചെയ്യും. എത്ര പണി എടുത്തു എന്നത് പ്രശ്നമേയല്ല. ഏത് അവിദഗ്ദ്ധ പണിക്കാരനും വൈകുന്നേരമായാല്‍ 350രൂപ ഉറപ്പ്. എന്നിട്ടും പണിയെടുക്കുന്നത് നാണക്കേടായിട്ടാണ് ശരാശരി മലയാളി കരുതുന്നത്. മക്കള്‍ക്ക് ഒന്നുകില്‍ വെള്ളക്കോളര്‍ ഉദ്യോഗം കിട്ടണം അല്ലെങ്കില്‍ ഗള്‍ഫില്‍ പോകണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. മക്കള്‍ മണ്ണില്‍ പണി എടുക്കുന്നത് ചിന്തിക്കാനേ വയ്യ.

ഇങ്ങനെയുള്ള നാട്ടില്‍ ആരാണ് ബി.പി.എല്‍? ആരാണ് ഒരു രൂപയുടെ അരി അര്‍ഹിക്കുന്നത്? നികുതിദായകര്‍ സര്‍ക്കാരിലേക്ക് അടക്കുന്ന നികുതിപ്പണം ഇങ്ങനെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഉള്ളതാണോ?  സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നടപ്പാക്കിയതില്‍ പിന്നെ കേന്ദ്ര-സംസ്ഥാന ഖജനാവുകളില്‍ നികുതിപ്പണം വന്നു കുവിയുകയാണ്. അതാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നത്.  എന്നാല്‍ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളും വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളായി അധ:പതിച്ചുപോകുന്നു എന്നതാണ് വാസ്തവം. അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടുന്നില്ല എന്ന് കാണാം.  സര്‍ക്കാരിന്റെ പണം ശരിയായ രീതിയില്‍ വിതരണം ചെയ്യപെടുകയാണ് വേണ്ടത്.  ജനപ്രിയപരിപാടികള്‍ നടപ്പാക്കി എന്ന പേരില്‍ വോട്ട് തട്ടാന്‍ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നത് ന്യായീകരിക്കാവുന്നതല്ല.

ഒരു രൂപയ്ക്ക് അരി കിട്ടിയാല്‍ എല്ലാ പ്രശ്നവും തീരുമോ?  കിട്ടുന്ന കൂലിയില്‍  മുക്കാല്‍ ഭാഗവും മലയാളി കുടിച്ചു തീര്‍ക്കുകയാണ് ഇന്ന് ചെയ്യുന്നത്.  മദ്യപാനം സാര്‍വ്വത്രികമായിട്ടുണ്ട്. കൂലി കൂട്ടി വാങ്ങുന്നതിനനുസരിച്ച് കുടിക്കുന്ന മദ്യത്തിന്റെ അളവും കൂടുന്നു.  ഈ സാമുഹ്യവിപത്തിനെതിരെ സര്‍ക്കാരിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഒന്നും ചെയ്യാനില്ലേ?  വിവാഹധൂര്‍ത്താണ് മറ്റൊരു പ്രശ്നം.  ജലദോഷം വന്നാലും ഇന്ന്  ഡോക്ടരെ കാണാനും മരുന്നിനുമായി കുറഞ്ഞത് മുന്നൂറ് രുപ വേണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്  ഒരു മരുന്നും ആര്‍ക്കും ലഭിക്കുന്നില്ല. പിന്നെ എന്തിനാണ് ആരോഗ്യവകുപ്പ്? ഇങ്ങനെയുള്ള അനാസ്ഥകളെ മറച്ചുപിടിക്കാന്‍ ഒരു രൂപ അരിക്ക് കഴിയുന്നു. ഒരു രൂപയ്ക്ക് അരി കിട്ടിയാലും അഞ്ഞൂറ് രൂപ കൂലി കിട്ടിയാലും  എല്ലാവരും പ്രശ്നങ്ങളുടെ നടുക്കാണ് എന്നതാണ് വസ്തുത.  ഇടത്തരക്കാരന്  മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ ഇനി കേരളത്തില്‍ കഴിയില്ല.

ഞാന്‍ സര്‍ക്കാരിനോട് പറയുന്നു;  നിങ്ങള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുകയല്ല വേണ്ടത്. 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 1500 രൂപ പെന്‍ഷന്‍ കൊടുക്കൂ. അവര്‍ ആരോഗ്യമുള്ള കാലത്ത് സമൂഹത്തെ അധ്വാനിച്ച് പോറ്റിയതല്ലേ?  ഇന്ന് പണി എടുക്കുന്നവര്‍ക്ക്  നാനൂറോ അഞ്ഞൂറോ കൂലി കിട്ടുന്നുണ്ടെങ്കിലും  വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരു ചെരുപ്പ് പോലും വാങ്ങിക്കൊടുക്കുന്നില്ല. വയോജനങ്ങളുടെ ജീവിതനിലവാരം പരിതാപകരമാണ് നാട്ടില്‍.  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും  രോഗികള്‍ക്ക്  പാരാസിറ്റമോളും  ഒരു തരമെങ്കിലും ആന്റിബയോട്ടിക്ക് മരുന്നും  ലഭിക്കുമെന്ന് ഉറപ്പ് വരുത്തൂ. ഈ രംഗത്ത് കൊടിയ ചൂഷണത്തിന് ഇരയാവുകയാണ് ജനങ്ങള്‍.  യാചകരെയും അശരണരെയും പുനരധിവസിപ്പിച്ച് സംസ്ഥാനത്ത് യാചകനിരോധനം ഏര്‍പ്പെടുത്തൂ. ഇതൊക്കെയാണ് പരിഷ്കൃത സിവില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. മറ്റൊന്ന് , ഞങ്ങള്‍ ഇന്നതൊക്കെ ചെയ്തു എന്ന് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം കൊടുക്കരുത്.  എന്തെന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ശമ്പളവും തന്ന് ജനങ്ങള്‍ നിങ്ങളെ അവിടെ ഇരുത്തിയിരിക്കുന്നത്.  ചെയ്യുന്നതിനുള്ള പണവും ഞങ്ങള്‍ ജനങ്ങളാണ് തരുന്നത് എന്നതും മറക്കണ്ട. 

പിണറായി യുഗം അവസാനിക്കുമ്പോള്‍ ?

പാര്‍ട്ടിയില്‍ പിണറായി യുഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങി എന്ന് ഞാന്‍  അന്ന്  എഴുതിയത് ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. പുതിയ നിയമസഭയില്‍ വി.എസ്സ്. പ്രതിപക്ഷനേതാവ് ആവുകയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പിണറായിയുഗം അവസാനിക്കും. സമീപകാലത്ത് ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പിണറായിയുടെ ശരീരഭാഷ കണ്ടാലറിയാം, അദ്ദേഹം പരിക്ഷീണിതനാണ്. പഴയ ആക്രമണോത്സുകത ലവലേശം കാണാനില്ല. വി.എസ്സിന് കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായി എന്നത് അദ്ദേഹത്തിന്റെ ഭാവഹാവാദികളില്‍ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വി.എസ്സിന്റെ സാന്നിധ്യമാണ് പിണറായിയുടെ വലംകൈയായിരുന്ന സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ പോലും ആഗ്രഹിച്ചത് എന്നത് വസ്തുതയാണ്. ഇത്തവണത്തെ പ്രചാ‍രണത്തില്‍ വി.എസ്സ്. മാത്രമായിരുന്നു ഇടത്പക്ഷത്തെ നിറസാന്നിധ്യം. പിണറായി തീര്‍ത്തും സൈഡില്‍ ഒതുക്കപ്പെടുകയും വി.എസ്സ്. പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്തു. അതിന് ഫലവും കിട്ടി. തെക്കന്‍ കേരളത്തില്‍ വി.എസ്സ്. ഫാക്റ്റര്‍ ശരിക്കും ഫലം കണ്ടപ്പോള്‍ പിണറായിയുടെ തട്ടകമായ കണ്ണൂരില്‍ സി.പി.എം. അടിപതറി. കണ്ണൂരില്‍ സി.പി.എമ്മിന് നഷ്ടപ്പെട്ട മൂന്ന് സീറ്റുകളാണ് ഇക്കുറി യു.ഡി.എഫിനെ അധികാരത്തില്‍ ഏറ്റിയത്. കോണ്‍ഗ്രസ്സിന് സീറ്റ് നഷ്ടപ്പെടാനിടയായത് അവരുടെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലെ അപാകതകള്‍ കൊണ്ടാണെന്നത് വേറെ വിഷയം.  കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞ പോലെ വി.എസ്സിന് വോട്ടര്‍മാരെ താല്‍ക്കാലികമായി തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു എന്നേയുള്ളൂ.  ഇത്തരം ചില കളികള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്.  ആ തെറ്റിദ്ധരിപ്പിക്കല്‍ പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തുന്നതില്‍ കണ്ണൂരിലെ സീറ്റ് നഷ്ടം തടസ്സമായി എന്നു മാത്രം.

ബംഗാളില്‍ മമത ഒറ്റയാള്‍ പട്ടാളമായി സീറ്റുകള്‍ തൂത്തുവാരിയ പോലെ കേരളത്തില്‍ വി.എസ്സ്.  സംഘടനയെ തൂത്തുവാരുകയായിരുന്നു എന്ന് വേണമെങ്കില്‍ ആലങ്കാരികമായി പറയാം.  പുറത്ത് നിന്നുള്ള നിരീക്ഷണങ്ങള്‍  സി.പി.എം.കാര്‍ പതിവായി നിഷേധിക്കാറുണ്ടെങ്കിലും പിന്നീട് എല്ലാ കാര്യങ്ങളിലും യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ വൈകി സമ്മതിക്കലാണ് പതിവ്. വി.എസ്സിന്റെ വ്യക്തിപ്രഭാവമാണ് ഒരു വന്‍ തകര്‍ച്ചയില്‍ നിന്ന് ഇക്കുറി സി.പി.എമ്മിനെ കേരളത്തില്‍ രക്ഷിച്ചത് എന്ന് എല്ലാ സി.പി.എം.കാരും മനസ്സ് കൊണ്ട് അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.  എന്നാലും വ്യക്തിയല്ല സംഘടനയാണ് വലുത് എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ചില യാന്ത്രികതകള്‍ കമ്മ്യൂണിസത്തിന്റെ പ്രത്യേകതകളാണ്.  എന്നാല്‍ വി.എസ്സ്. സംഘടന പിടിച്ചടക്കിയാലും അദ്ദേഹത്തിന്റെ കൃത്രിമമായ ശൈലിയും സ്വയം കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയെ രക്ഷിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.  തന്നെ ഒരു ബിംബമായി പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ അദ്ദേഹത്തിലെ ചാണക്യന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ വെറും ചാ‍ണക്യതന്ത്രങ്ങള്‍ കൊണ്ട് മാത്രം ഒരു സംഘടനയെ നയിക്കാന്‍ കഴിയില്ല. പ്രതിപക്ഷനേതാവിന്റെ റോളില്‍ പഴയ വെട്ടിനിരത്തല്‍ മോഡല്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍  തുനിയാമെന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പെണ്‍‌വാണിഭക്കാരെന്ന് ആരോപിക്കപ്പെടുന്നവരെയും  ക്രിമിനല്‍ കേസില്‍ പെടുന്നവരെയും മന്ത്രിമാരായി അടിച്ചേല്‍പ്പിക്കരുത് എന്ന് അല്പം അധികാരത്തിന്റെ ഭാഷയില്‍ അദ്ദേഹം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. പ്രത്യേകമായി ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഭാവിയില്‍ ഏത് മന്ത്രിക്കെതിരെയും സ്ത്രീവിഷയവും അഴിമതിയും ആരോപിച്ച് വഴിയില്‍ തടയാമെന്ന ഒരു സാ‍ധ്യത ആ മുന്നറിയിപ്പില്‍ ഉണ്ട്. പെണ്‍‌വാണിഭവും അഴിമതിയുമാണ് ഇനി രാഷ്ട്രീയച്ചന്തയില്‍ എളുപ്പം വിറ്റുപോകാവുന്ന ചരക്ക് എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.

ആരാണ് പിണറായി ?  എന്ത് തന്നെ പറഞ്ഞാലും വ്യക്തിപരമായി അദ്ദേഹം കറപ്റ്റഡ്  ആണെന്ന് ഞാന്‍ പറയില്ല. അദ്ദേഹം എന്ത് ചെയ്താലും , പറഞ്ഞാലും അത് പാര്‍ട്ടിക്ക് വേണ്ടി മാത്രമായിരുന്നു. കുടുംബത്തില്‍ രാഷ്ട്രീയം കൊണ്ടുവരാത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പിണറായി വിജയന്‍. ആകെക്കൂടി കേട്ടത് മകനെ ബര്‍മ്മിങ്ങ്ഹാമില്‍ അയച്ചു പഠിപ്പിച്ചു എന്നാ‍ണ്. ഇക്കാലത്ത് അതൊരു അധികപ്പറ്റാണെന്ന് ആരും പറയില്ല. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയസ്വാധീനം ദുരുപയോഗം ചെയ്തു എന്ന് അദ്ദേഹത്തെ പറ്റി ആരും ഇത് വരെ പറഞ്ഞിട്ടില്ല. അതിലും ആകെക്കൂടി പറഞ്ഞിട്ടുള്ളത് തലശ്ശേരിയില്‍ അദ്ധ്യാപികയായിരുന്ന ഭാര്യയ്ക്ക് തിരുവനന്തപുരത്ത് ഒരു ചെറിയ ജോലി തരപ്പെടുത്തി എന്നാണ്. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലി മാത്രമാണ് തിരുവനന്തപുരത്ത് സമ്പാദിച്ചത്. പിണറായിയുടെ മക്കളെയോ ബന്ധുക്കളെയോ അധികാരത്തിന്റെ കൊത്തളങ്ങളില്‍ ആരും കണ്ടിരിക്കാന്‍ ഇടയില്ല.  ഒരു വലിയ നേതാവിന്റെ മക്കളാണ് തങ്ങളെന്ന ജാഡ പിണറായിയുടെ മക്കളുടെ മുഖത്ത് കാണാന്‍ കഴിയുമായിരുന്നില്ല.  ലാവലിന്‍ കേസ് ഒഴിച്ചു നിര്‍ത്തിയാല്‍ പിണറായിയുടെ കൈകള്‍ അഴിമതിയുടെ കറ പുരളാത്തതാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. ലാവലിന്‍ ഇടപാടില്‍ എന്തെങ്കിലും നടന്നെങ്കില്‍ അത് വ്യക്തിപരമായ നേട്ടത്തിനല്ല, പാര്‍ട്ടിക്ക് വേണ്ടിയായിരിക്കും എന്നേ എനിക്ക് പറയാന്‍ പറ്റൂ. പൊതുരംഗത്ത് പിണറായി ഒരിക്കലും തന്നെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.  വ്യക്തിജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് രീതികളോട് അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ഏത് ചടങ്ങില്‍ പങ്കെടുത്താലും മതപരമായ ആചാരങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കും. അദ്ദേഹത്തിന്റെ ധിക്കാരങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കും ഒരു പ്രോലിറ്റേറിയന്‍ സൌന്ദര്യമുണ്ടായിരുന്നു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുകയാണെങ്കില്‍ പിണറായിയുടെ രാഷ്ട്രീയനിലപാടുകള്‍ ശരിയായിരുന്നു എന്ന് കാണാം. അപ്പോഴൊക്കെ വില്ലന്റെ റോളില്‍ ആയിരുന്നു വി.എസ്സ്. ഒരു കപട ആദര്‍ശത്തിന്റെ കൃത്രിമ വേഷം ധരിച്ച്  പിണറായിയുടെ പാര്‍ട്ടി ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എന്നും വി.എസ്സിന് കഴിഞ്ഞു.  ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമാക്കുക എന്നതായിരുന്നു പിണറായിയുടെ രാഷ്ട്രീയ ലക്ഷ്യം. അതിനാണ് മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. വര്‍ഗ്ഗീയപാര്‍ട്ടികളുമായി കൂട്ടുകെട്ടില്ല എന്ന് പറഞ്ഞാണ് വി.എസ്സ്. ഈ നീക്കത്തെ അട്ടിമറിച്ചത്.  കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയത വേര് പിടിക്കാ‍തെ തടഞ്ഞ് നിര്‍ത്തിയ മിതവാദ പാര്‍ട്ടിയാണ് ലീഗ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. കേരളത്തിലെ മതസൌഹാര്‍ദ്ധത്തിന് ലീഗിന്റെ സംഭാവന മഹത്തായതാണെന്നും ഇന്ന് എല്ലാവരും സമ്മതിക്കും.  അന്തരിച്ച ശ്രീ.കെ. കരുണാകരന്റെ ഡി.ഐ.സി. യെ മുന്നണിയില്‍ ചേര്‍ക്കാനും പിണറായി താല്പര്യപ്പെട്ടു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.ഐ.സി.യെ എല്‍ ഡി എഫില്‍  എടുത്തിരുന്നുവെങ്കില്‍ എത്രയോ കോണ്‍ഗ്രസ്സുകാര്‍ കരുണാകരന്റെ കൂടെ ചേരുകയും കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യത്യസ്തമാവുകയും ചെയ്യുമായിരുന്നു. അടിയന്തിരാവസ്ഥയിലെ രാജന്‍ സംഭവം ഉന്നയിച്ചാണ് വി.എസ്സ്. ഈ നീക്കത്തിന് തടയിട്ടത്. അങ്ങനെയൊരു സ്ഥിരം ശത്രുത പ്രായോഗികരാഷ്ട്രീയത്തില്‍ പമ്പരവിഢിത്തമാണെന്ന് വി.എസ്സിന്റെ മുഖത്ത് നോക്കി പറയാന്‍ ആ‍ര്‍ക്കും ധൈര്യമുണ്ടായില്ല.

ഇപ്പോള്‍ വി.എസ്സ്. എന്നാല്‍ എന്തോ ആണെന്ന ഒരു മിത്ത് പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ പൊതുപ്രവര്‍ത്തനത്തിന് ഈ മിത്ത് ഒട്ടും ഗുണപ്രദമല്ല.  ഒരു നീര്‍ക്കുമിള പോലെ ഏത് നിമിഷവും ഈ മിത്ത് പൊട്ടിത്തെറിക്കാവുന്നതേയുള്ളൂ. യു.ഡി.എഫിന് കേവല ഭൂരിപക്ഷം മാത്രം കിട്ടിയത് വളരെ നന്നായി. കെട്ടുറപ്പോടെയും ഐക്യത്തോടെയും പ്രവര്‍ത്തന മികവോടെയും മുന്നണിയും ഭരണവും മുന്നോട്ട് പോകാന്‍ ഈ 72 എന്ന സംഖ്യ സഹായിക്കും.  പ്രതിപക്ഷ നേതാവ് വി.എസ്സ്. തന്നെ ആകട്ടെ. പക്ഷെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ പിണറായി തന്നെ വേണം. സി.പി.എമ്മിലെ കണ്ണൂര്‍ ലോബി എന്നാല്‍ പിണറായിയ്ക്ക് ചുറ്റുമുള്ള ഒരു കോക്കസ്സാണ്. ആ കോക്കസ്സാണ് സി.പി.എം. എന്ന പാര്‍ട്ടിയെ ബിസിനസ്സ് സംരഭമായി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രീയത്തിലെ ഉപജാപകവൃന്ദം എപ്പോഴും സേഫായ ഒരു പൊസിഷനില്‍ ആയിരിക്കും. അവര്‍ക്ക് ഒരു നേതാവല്ലെങ്കില്‍ മറ്റൊരു നേതാവ്. സി.പി.എമ്മില്‍  സംഘടനാനേതൃത്വം വികേന്ദ്രീകരിക്കപ്പെടുകയാണ് വേണ്ടത്.  അടുത്തടുത്ത പഞ്ചായത്തുകളായ കോടിയേരിയിലും പിണറായിയിലും എന്തിനാണ് ഒരു അഖിലേന്ത്യ പാര്‍ട്ടിക്ക് പി.ബി.അംഗങ്ങള്‍? മറ്റ് ജില്ലകളിലും നേതാക്കള്‍ ഇല്ലേ? ഇല്ലെങ്കില്‍ കണ്ടെത്തണം. അല്ല പിന്നെ ....

എന്തായാലും ഭരണമാ‍റ്റവും കേവല ഭൂരിപക്ഷവും അങ്ങനെയെല്ലാം തന്നെ സംഭവിച്ചത് നല്ലതിന്,  സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും നല്ലതിന് തന്നെ. നല്ലതല്ലാതൊന്നും സംഭവിക്കുന്നില്ല എന്ന് ഗുണപാഠം!

കമ്മ്യൂണിസത്തിന്റെ അവസാനം ഇന്ത്യയിലും..

ങ്ങനെ ഇന്ത്യയിലും കമ്മ്യൂണിസത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കപ്പെട്ടിരിക്കുന്നു. ഇത് പറയുമ്പോള്‍ സഖാക്കള്‍ പതിവ് പോലെ സി.പി.എം. വിരുദ്ധന്‍ എന്ന് എന്നെ വിശേഷിപ്പിക്കാന്‍ ഇനി ധൈര്യപ്പെടുകയില്ല. എന്തെന്നാല്‍ ഒറ്റയടിക്ക് എത്ര ലക്ഷം ജനങ്ങളാണ് പശ്ചിമ ബംഗാളില്‍ സി.പി.എം. വിരുദ്ധരായത്? ഇവരെല്ലാം സി.പി.എം. വിരുദ്ധരായത് എങ്ങനെയാണ്? ഈ ചോദ്യത്തിന് ആരും പെട്ടെന്ന് മറുപടി പറയും, സി.പി.എമ്മിന്റെ കൈയ്യിലിരുപ്പ് കൊണ്ടാണത് എന്ന്. നന്ദിഗ്രാമില്‍ കര്‍ഷകരെ വെടി വെക്കാന്‍ തോക്കുമായി പോയത് പോലീസ്‌കാര്‍ മാത്രമല്ല, സി.പി.എമ്മിന്റെ പാര്‍ട്ടി മെമ്പര്‍മാര്‍ കൂടിയായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാ‍ല്‍ പോലീസിനേക്കാളും അക്കാര്യത്തില്‍ താല്പര്യം പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ആയിരുന്നു. പോലീസ് പണി എടുക്കുന്നത് ശമ്പളത്തിനാണ്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക്, കര്‍ഷകരെ കുടിയൊഴിപ്പിക്കണമെന്ന പാര്‍ട്ടി ആവശ്യം പെട്ടെന്ന് നിറവേറ്റണമായിരുന്നു. ബംഗാളില്‍ പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ അങ്ങനെയല്ലായിരുന്നു. പാര്‍ട്ടിയും സര്‍ക്കാറും ഒന്നു തന്നെ. അതാണ് കമ്മ്യൂണിസ്റ്റ് രീതി. 1957ല്‍ ആ രീതി കേരളത്തിലും നടപ്പാക്കാന്‍ നോക്കിയതാണ്. പക്ഷെ ഭാഗ്യത്തിന് കേരളത്തില്‍ അത് വിജയിച്ചില്ല. 59ലെ വിമോചന സമരത്തിലൂടെ ആ കമ്മ്യൂണിസ്റ്റ് അജണ്ട കേരളം വിജയകരമായി തിരസ്ക്കരിച്ചു.

1977 മുതല്‍ തുടര്‍ച്ചയായി ബംഗാളില്‍ സി.പി.എം. ഭരിച്ചപ്പോള്‍ പാര്‍ട്ടി സര്‍ക്കാറായി മാറുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടി മെഷിനറിക്ക് കീഴ്പ്പെട്ട് ഒതുങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെയാണ് നന്ദിഗ്രാമിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ ചുമലിലാവുന്നത്. അതോടെ ബംഗാ‍ളിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്ക്കാരികപ്രവര്‍ത്തകരും എല്ലാം ഒന്നടങ്കം സി.പി.എമ്മിന്റെ സര്‍വ്വാധിപത്യം തിരിച്ചറിയുകയും പാര്‍ട്ടിക്കെതിരെ തിരിയുകയും ചെയ്തു. സി.പി.എം. ബംഗാള്‍ ഘടകത്തിന്റെ പതനം അവിടെ തുടങ്ങിയെങ്കിലും പാര്‍ട്ടി അത് തിരിച്ചറിഞ്ഞില്ല. ജനങ്ങള്‍ എക്കാലവും കഴുതകള്‍ ആയി തന്നെ തുടരും എന്ന് ഇതിനകം മധ്യവര്‍ഗ്ഗപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചിരുന്ന സി.പി.എം.യജമാനന്മാര്‍ കരുതി. ബംഗാളില്‍ കോണ്‍ഗ്രസ്സുകാര്‍ സി.പി.എമ്മിനെ ഭയന്ന് അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു. അങ്ങനെ ഭയക്കാന്‍ തയ്യാറാവാതിരുന്ന മമത ബാനര്‍ജിയെ കോണ്‍ഗ്രസ്സുകാര്‍ തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുകച്ചു പുറത്താക്കുകയും ചെയ്തു. പക്ഷെ മമതയ്ക്ക് സ്വന്തം നാട്ടില്‍ ജനാധിപത്യം തിരിച്ചുകൊണ്ടു വരണമായിരുന്നു. നന്ദിഗ്രാം മമതയ്ക്ക് നല്ലൊരു അവസരം ഒരുക്കിക്കൊടുത്തു. എന്നാല്‍ അതിനേക്കാളും നല്ലൊരു ചാന്‍സ് മമതയ്ക്ക് സമ്മാനിച്ചത് സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്.

ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍‌വലിച്ചപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ്സ് ഘടകത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ബംഗാളില്‍ വിഘടിച്ചു നിന്ന ജനാധിപത്യശക്തികള്‍ ഒന്നിച്ചു. ഇതിന്റെ അപകടം സി.പി.എം. ബംഗാള്‍ ഘടകം മണത്തറിഞ്ഞിരുന്നു. എന്നാല്‍ കാരാട്ടിന്റെ താരപ്രഭയില്‍ ബംഗാള്‍ ഘടകത്തിന് മിണ്ടാതിരിക്കാനേ കഴിഞ്ഞുള്ളൂ. എന്തിനായിരുന്നു ആണവക്കരാരിന്റെ പേരില്‍ തിരക്കിട്ട് യു.പി.എ.സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചത് എന്ന് പ്രകാശ് കാരാട്ടിന് മാത്രമേ അറിയൂ.  രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പണയം വെക്കുന്നത്കൊണ്ടുള്ള ദേശാഭിമാനപ്രചോദിതമായ ധാര്‍മ്മികരോഷത്തിലാണെങ്കില്‍ , വണ്‍ റ്റൂ ത്രി എന്ന ആ കരാറുമായി ചൈന മുന്‍പേ അമേരിക്കയുമായി ഒപ്പ് വെച്ചിരുന്നു. എന്നിട്ടെന്താ ചൈന അമേരിക്കയുടെ പണയത്തിലായോ? എന്തായാലും അത് നല്ലൊരു നിമിത്തമായി. മന്‍‌മോഹന്‍ സിങ്ങിന് ഇടങ്ങാറില്ലാതെ ഇപ്പോള്‍ ഭരിക്കാന്‍ കഴിയുന്നു. മൂന്നാം മുന്നണി എന്ന് ഇനിയാരും വിളിച്ചു കൂവില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത്പക്ഷത്തെ ഇനിയാരും ഗൌനിക്കില്ല. പ്രകാശ് കാരാട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഞാന്‍ ജനിക്കുന്നതിന് 33 കൊല്ലം മുന്നെ മഹത്തായതെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒക്റ്റോബര്‍ വിപ്ലവം അങ്ങ് റഷ്യയില്‍ അരങ്ങേറിയിരുന്നു. എനിക്ക് ബുദ്ധിയുറക്കുമ്പോള്‍ എന്റെ പഞ്ചായത്തില്‍ മൂന്നോ നാലോ കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏ.കെ.ജി. ആയിരുന്നു. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് , അങ്ങനെയൊരു അച്ചുതണ്ടിലായിരുന്നു ഇന്ത്യന്‍ രാ‍ഷ്ട്രീയം. ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അധിവസിക്കുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളിലാണെന്നും മുതലാളിത്തം അതിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ട് അത്യാസന്ന നിലയില്‍ ആണെന്നും ഇതാ ആഗോള സോഷ്യലിസം വരവായി എന്നും ചെറുതും വലുതുമായ പ്രാസംഗികര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടോ, ഇപ്പോള്‍ എന്തായി? അതിന്റെയൊക്കെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ പോസ്റ്റ് അനന്തമായി നീണ്ടുപോകും എന്നതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.

ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമര്‍ശിക്കുന്നവരെ അസഹിഷ്ണുതയോടെ സി.പി.എം. വിരുദ്ധന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; നിങ്ങള്‍ പറയുന്ന ഈ കമ്മ്യൂണിസം ഇത്രയും നല്ലതാണെങ്കില്‍ എന്ത്കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാല്‍ തുടച്ചു നീക്കപ്പെടുന്നു? 34 കൊല്ലം  സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചിട്ടും ബംഗാളിലെ മുഖ്യമന്ത്രിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുന്നു? കേരളത്തില്‍ 72 സീറ്റ് മാത്രം കിട്ടിയത്കൊണ്ട് എപ്പോള്‍ അടി തുടങ്ങും എന്ന് കാത്തിരിക്കുന്ന സഖാക്കള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ടോ?

ബാ‍ക്കി പിന്നെ .....

ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക

ബാറ്ററി എന്ന് പറയുന്നത് ഇക്കാലത്ത് ഓരോരുത്തരുടെയും നിത്യോപയോഗ സാധനമാണ്. ഉദാഹരണത്തിന് മൊബൈല്‍ ഫോണിന്റെ കാര്യമെടുക്കാം. മൊബൈല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാതെ ഒരു ദിവസം പോലും കടത്തി വിടാന്‍ ഇന്ന് ആര്‍ക്കും സാധ്യമല്ല. ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ലാപ്‌ടോപ്പിന്റെ ബാറ്ററിയുടെ കാര്യമാണ്.  എന്റേത് ഡെല്‍ കമ്പനിയുടെ ലാപ്‌ടോപ് ആയിരുന്നു. ലാപ്‌ടോപ്പിന്റെ ബാറ്ററിക്ക് ലൈഫ് സ്പാന്‍ എന്നൊരു സംഗതിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.  ബാറ്ററി തീരാറാകുമ്പോള്‍  Battery low എന്ന സിഗ്നല്‍ കണ്ടാല്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്നു പതിവ്. ലാപ്‌ടോപ്പില്‍ ചാ‍ര്‍ജ്ജ് ഉണ്ടെങ്കില്‍ അത് വീണ്ടും ലോ ആകുന്നവരെ കരണ്ടില്‍ കുത്തിവെക്കാതെ ഉപയോഗിക്കുകയാ‍യിരുന്നു പതിവ്. അതിന്റെ ഫലമായി ഒരു കൊല്ലം ഉപയോഗിക്കുമ്പോഴേക്കും ബാറ്ററിയുടെ ലൈഫ് തീര്‍ന്നുപോയി. പിന്നെ ബാറ്ററിയില്‍ ചാര്‍ജ്ജ് തീരെ  നില്‍ക്കാതായി.  എപ്പോഴും കരണ്ടില്‍ കുത്തി ഉപയോഗിക്കേണ്ട അവസ്ഥ. ഇനി പുതിയ ബാറ്ററി വാങ്ങണം.

ബാറ്ററിയുടെ ലൈഫ് നീട്ടാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നു. വീട്ടില്‍ ഉപയോഗിക്കുമ്പോഴോ , കരണ്ട് ലഭ്യമായ സ്ഥലത്ത് വെച്ചോ ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ കരണ്ടില്‍ കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ലാപ്‌ടോപ്പില്‍ ചാര്‍ജ്ജ് 100% ഉണ്ടെങ്കില്‍ ബാറ്ററിയിലെ ചാര്‍ജ്ജ് ഉപയോഗിക്കാതെ ലൈനിലെ കരണ്ടാണ് ഉപയോഗപ്പെടുത്തപ്പെടുക. ഈയൊരു  Bypass സൌകര്യം എല്ലാ ലാപ്‌ടോപ്പിലുമുണ്ട്. ബാറ്ററിയില്‍ ചാര്‍ജ്ജ് ഉണ്ടെങ്കില്‍ കരണ്ടുമായി കണക്റ്റ് ചെയ്യാതെ ഉപയോഗിക്കാറാണ് അധികം പേരും എന്ന് തോന്നുന്നു. ബേറ്ററി വീക്ക് ആകുമ്പോഴാണ് സംഗതി പിടി കിട്ടുക.

ബാറ്ററിയുടെലൈഫ് എന്ന് പറഞ്ഞാല്‍ ലാപ്‌ടോപ്പ് ബാറ്ററി 300 മുതല്‍ 400 വരെ സൈക്കിള്‍  (300 - 400 Cycles) ചാര്‍ജ്ജ് ചെയ്യാം. ഡെല്‍ ലാപ്‌ടോപ് ബാറ്ററിയുടെ സ്പെസിഫിക്കേഷന്‍ താഴെ കാണുക.


അപ്പോള്‍ നമ്മള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന തവണകള്‍ കുറച്ചാ‍ല്‍ ബാറ്ററിയുടെ ആയുസ്സ് നീട്ടാം. അതിന് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. കരണ്ട് ഉള്ളപ്പോള്‍ ലൈനില്‍ കണക്റ്റ് ചെയ്ത് തന്നെ ലാപ്‌ടോപ്പ് ഉപയോഗിക്കുക. ബാറ്ററിയില്‍ ചാര്‍ജ്ജ് ഉണ്ടല്ലോ എന്ന് കരുതി കണക്റ്റ് ചെയ്യാന്‍ മടിക്കണ്ട.  ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ പങ്ക് വെക്കുകയാണ്. വായിക്കുന്നവര്‍ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഞാന്‍ ഇനിയും ബാറ്ററി മാറ്റിയിട്ടില്ല. ഒന്നാമത് വീട്ടില്‍ ഡസ്ക്‍ടോപ്പ് ആണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് ലാപ്‌ടോപ്പുമായി എവിടെയും പോകാറില്ല.

എന്റേതായ ഭാഷയിലാണ് ഇത് എഴുതിയത്. ടെക്‍നിക്കല്‍ തെറ്റ് ഉണ്ടെങ്കില്‍ വാസുവിനെ പോലെയുള്ളവര്‍ തിരുത്തുമല്ലോ..

കമ്പ്യൂട്ടറില്‍ എഴുതിയത് വായിക്കുന്ന ട്രിക്ക്

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന പേരോ അല്ലെങ്കില്‍ വാചകങ്ങളോ കമ്പ്യൂട്ടര്‍ തന്നെ വായിച്ചു കേള്‍പ്പിക്കുന്ന ഒരു തമാശ നോട്ട്പാഡില്‍ ചെയ്യാം. ഇങ്ങനെ കുറെ ട്രിക്കുകള്‍ ഉണ്ട്. അറിയുന്നവര്‍ ഇവിടെ കമന്റില്‍ പങ്ക് വയ്ക്കുക.  ഞാന്‍ പറയാന്‍ പോകുന്ന ട്രിക്ക് ഇങ്ങനെയാണ്.  ആദ്യമായി നോട്ട്പാഡ് തുറക്കുക. എന്നിട്ട് അതില്‍ താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക:


Dim userInput
userInput = InputBox("Hi..! Write a message  to say…")
Set nkps = Wscript.CreateObject("SAPI.SpVoice")
nkps.speak userInput

എന്നിട്ട്  File Name ‘.vbs’ എന്ന എക്സ്റ്റന്‍ഷന്‍ ചേര്‍ത്ത്  ഡസ്ക്‍ടോപ്പില്‍  സേവ് ചെയ്യുക. ഉദാഹരണത്തിന് sidhilachinthakal.vbs  

ഇനി സേവ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഡസ്ക്‍ടോപ്പില്‍ തുറന്നു വരും.


അവിടെ കാണുന്ന കോളത്തില്‍ എന്തെങ്കിലും വാചകം എഴുതി OK അടിക്കുക. അപ്പോള്‍ എഴുതിയ വാചകം സ്പീക്കറില്‍ കേള്‍ക്കാം. ഇതേ പോലെ നിങ്ങള്‍ക്ക് അറിയാവുന്ന  ട്രിക്കുകള്‍ എഴുതുമല്ലോ .....

പിന്‍‌കുറിപ്പ്:  ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.

ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി


രണ്ട് ദശാബ്ദത്തോളം ലോകത്തിന്റെ ഉറക്കം കെടുത്തിയ ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദനെ തേടി അമേരിക്കന്‍ കമാന്റോകള്‍ പാക്കിസ്ഥാനിലെ ആബട്ടാബാദില്‍ മെയ് ഒന്ന് ഞായറാഴ്ച രാത്രി ഒരു മണിക്ക് ഹെലികോപ്റ്ററില്‍ എത്തുമ്പോള്‍ ഷോയിബ് അത്തര്‍ ഉറങ്ങിയിരുന്നില്ല. ഒറ്റ രാത്രികൊണ്ട് ലോക പ്രശസ്തനാകാനുള്ള അവസരമാണ് തനിക്ക് ലഭിക്കാന്‍ പോകുന്നത് എന്നറിയാതെ ഷോയിബ് തന്റെ ലാപ്‌ടോപ്പില്‍ ട്വിറ്റര്‍ തുറന്നു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്ത് ഹെലികോപ്റ്ററിന്റെ ഇരമ്പല്‍ കേള്‍ക്കുന്നത്. ഉടനെ അത്തര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടു:

 Helicopter hovering above Abbottabad at 1AM (is a rare event).

ആ നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ കൂടാതെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് നമുക്ക് പിന്നീട് മനസിലായല്ലോ. എന്നാല്‍ ആ ഓപ്പറേഷനെ കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച ഡിജിറ്റല്‍ സാക്ഷിയായി മാറി അത്തര്‍.

മുപ്പത്തിമുന്നുകാരനായ അത്തര്‍ ലാഹോറില്‍ ഐ ടി കണ്‍സല്‍ട്ടന്റ് ആയിരുന്നു. ജോലിയിലുള്ള കിടമത്സരത്താല്‍ മനം നൊന്ത്  പട്ടണജീവിതത്തോട് വിരക്തി തോന്നി ശാന്തസുന്ദരമായ ആബട്ടാബാദില്‍ ഏകാന്തജീവിതം നയിച്ചു വരികയായിരുന്നു. ലോകത്തോട് ബന്ധപ്പെടാന്‍ ReallyVirtual എന്ന പേരില്‍ ബ്ലോഗ് എഴുതുകയും ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തുവന്നു.

ബിന്‍ ലാദനും ആ ചെറുപട്ടണത്തില്‍ ഒളിച്ചു താമസിക്കുന്നുണ്ട് എന്നോ, ആ രാത്രിയുടെ ചരിത്രപരമായ പ്രാധാന്യത്തെ പറ്റിയോ അറിയാതെ ഹെലികോപ്റ്ററിന്റെ ശബ്ദത്തെ കുറിച്ച് ട്വീറ്റ് ചെയ്ത അത്തര്‍, തുടര്‍ന്ന് ഒരു സ്പോടനശബ്ദം കേട്ടപ്പോള്‍ വീണ്ടും ട്വിറ്ററില്‍ കുറിച്ചു:

A huge window shaking bang here in Abbottabad Cantt. I hope its not the start of something nasty :-S

പിന്നീട് ആ രാ‍ത്രി നടന്നതെല്ലാം അത്തര്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒറ്റ രാത്രികൊണ്ട് അത്തര്‍ ലോകപ്രശസ്തനായി. ടിറ്ററില്‍ ഏതാനും ഫോളോവേര്‍സ് മാത്രം ഉണ്ടായിരുന്ന അത്തറിന് ഒരു ദിവസം കൊണ്ട് ഫോളോവേര്‍സിന്റെ എണ്ണം ലക്ഷം കവിഞ്ഞു. പിറ്റേന്ന് രാവിലെ മുതല്‍ ലോക മാധ്യമങ്ങളില്‍ നിന്ന് ഇന്റര്‍വ്യൂവിന് വേണ്ടി അഭ്യര്‍ത്ഥനകള്‍ വന്നുകൊണ്ടിരുന്നു. പ്രശസ്തി എങ്ങനെയെല്ലാമാണ് നിനച്ചിരിക്കാതെ ഒരാളെ തേടി വരുന്നത് അല്ലേ?

                                               ആബട്ടാബാദ് പട്ടണത്തിന്റെ ഒരു ദൃശ്യം
ഷോയിബ് അത്തറിന്റെ  ട്വിറ്റര്‍ പ്രൊഫൈല്‍ ഇവിടെഒരു വീഡിയോഫോട്ടോകള്‍ക്കും വിവരങ്ങള്‍ക്കും ഇന്റര്‍നെറ്റിനോട് കടപ്പാട്.