ക്ഷണിക്കപ്പെടാതെ ഏത് നേരത്തും കടന്നു വരാവുന്ന ഒരു അതിഥിയാണ് മരണം എന്ന് ചൊല്ല് അന്വര്ത്ഥമാക്കുന്നതായിരുന്നു വിജയന് മാഷിന്റെ മരണം . വളരെ ഞെട്ടലോടെയും ഭീതിയോടെയുമായിരിക്കും അദ്ദേഹത്തിന്റെ അന്ത്യരംഗങ്ങള് ആളുകള് ചാനലുകളില് കണ്ടിരിക്കുക . ആ ദൃശ്യങ്ങള് ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും നമ്മെ ഓര്മ്മപ്പെടുത്തുന്നുണ്ട് . എന്നിട്ടും ആ മരണം പോലും വിവാദ പ്രിയരായ മലയാളികള് വിവാദങ്ങളില് നിന്ന് ഒഴിവാക്കിയില്ല എന്നത് നമ്മുടെ സമൂഹ മനസ്സ് എത്രമാത്രം വികലമാണ് എന്നതിന്റെ തെളിവാണ് . മുന്പ് രാജീവ് ഗാന്ധിയുടെ ചിത കത്തിയെരിയുന്നതിന് മുന്പേ , ആ ചിത പോലും വിവാദമാക്കി ആഘോഷിച്ച പാരമ്പര്യം നമുക്കുണ്ട് .
സുകുമാര് അഴീക്കോട് ആണ് അദ്യത്തെ വെടി പൊട്ടിച്ചത് . ആ പത്രസമ്മേളനം അനവസരത്തിലായിരുന്നു , അല്ലെങ്കില് അദ്ദേഹത്തിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്നുമാണ് അഴീക്കോട് പറഞ്ഞതിന്റെ സാരം . അദ്ദേഹത്തിന്റെ ചുവട് പിടിച്ച് എം.മുകുന്ദനും ചുള്ളിക്കാടും പറഞ്ഞതിന്റെ അര്ത്ഥവും ഏതാണ്ട് ഇതേപോലെ തന്നെ . ഇവരെല്ലാവരും ഇങ്ങിനെ വിവാദങ്ങള് ഉണ്ടാക്കിയതാണ് അനവസരത്തില് എന്ന ഗണത്തില് പെടുത്താവുന്നവ എന്നും വിജയന് മാഷിന്റെ ആയുസ്സ് കുറച്ചു കൂടി നീട്ടിക്കിട്ടിയാല് നന്നായിരുന്നു എന്ന സദുദ്ധേശത്തിലല്ല ഈ പ്രസ്താവനകള് വന്നത് എന്നും പകല് പോലെ വ്യക്തം . ആരെയൊക്കെയോ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ ആണ് ഇങ്ങിനെയൊരു വിവാദത്തിന് തിരി കൊളുത്തിയത് എന്നതും കൊച്ചുകുട്ടികള്ക്ക് പോലും മനസ്സിലാവും . ഇങ്ങിനെയുള്ളവരെയാണ് നമ്മള് സാംസ്കാരീകനായകന്മാര് എന്ന പട്ടം ചാര്ത്തിക്കൊടുത്ത് ബഹുമാനിക്കുന്നത് എന്നത് സമകാലിക കേരളത്തിന്റെ ജീര്ണ്ണതയുടെ മറ്റൊരു വികൃതമുഖം .
അഴീക്കോട് ഒരു ഉച്ചഭാഷിണി പ്രിയന് ആണെന്നും മൈക്ക് കിട്ടിയാല് അദ്ദേഹം അത് നല്കിയവരെ പുകഴ്ത്താനും പ്രതിയോഗികളെ ഇകഴ്ത്താനും ഏതറ്റം വരെ പോകുമെന്നും അതിന് വേണ്ടി ഭാഷയെ ഉപയോഗിക്കുന്നതില് അദ്ദേഹം അഗ്രഗണ്യനാണെന്നും എല്ലാവര്ക്കുമറിയാം . എത്ര അവശനായാലും പ്രസംഗിക്കാന് ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണിതം അദ്ദേഹം നിരസിക്കാന് സാദ്ധ്യതയില്ല . മരണം എത് നിമിഷത്തിലാണ് കടന്ന് വരികയെന്ന് ആര്ക്കും മുന്കൂട്ടി പ്രവചിക്കാന് കഴിയില്ലല്ലോ . മരിക്കുമെന്ന് കരുതി ആരും തന്നെ എന്തെങ്കിലും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാറുമില്ല . ഒരു പ്രസംഗവേദിയില് വെച്ചാണ് അഴീക്കോട് മരണപ്പെടുന്നതെങ്കില് ആ മരണത്തിന്റെ ഉത്തരാവാദിത്വം പ്രസംഗിക്കാന് ക്ഷണിച്ചവരില് ആരോപിക്കുന്നത് ഉചിതമായിരിക്കുകയില്ല തന്നെ .
സത്യത്തില് ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന് മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില് അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . മരിക്കുന്നെങ്കില് ഇങ്ങിനെ മരിക്കണമെന്ന് മാലോകരെക്കൊണ്ട് പറയിപ്പിക്കുന്ന മഹത്തായ മരണം . ആ മരണത്തെ വിവാദമാക്കുന്നവര് നാളെ എങ്ങിനെ മരിക്കുമെന്ന് പറയാന് കഴിയില്ല . എല്ലാ മരണവും ഇങ്ങിനെ അനായാസമാകണമെന്നില്ലല്ലോ . വിജയന് മാഷിന്റെ ജീവന് രക്ഷിക്കാമായിരുന്നു എന്ന് വിലപിക്കുന്ന എം.മുകുന്ദനെപ്പോലെയുള്ളവര് , അദ്ദേഹം എപ്പോള് എങ്ങിനെ മരിക്കണമെന്നായിരുന്നു താല്പ്പര്യപ്പെടുന്നത് എന്നറിയുന്നത് കൌതുകകരമായിരിക്കും . സത്യത്തില് ഇതിന്റെയെല്ലാം അടിയില് നിലനില്ക്കുന്നത് വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തിന്റെ മലീമസമായ അടിയൊഴുക്കുകളാണെന്നതാണ് പരമാര്ത്ഥം . തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റെ കീര്ത്തി , തന്റെ നിലനില്പ്പ് എന്നതില് തീരുന്നു ഇന്നത്തെ രാക്ഷ്ട്രീയം ! കേഴുക മമ നാടേ എന്നല്ലാതെ എന്ത് പറയാന് !!