Links

ബാക്കി മെയ് 13 കഴിഞ്ഞിട്ട് പറയാം....


ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍  ഷാജഹാനേ ഇത് കണ്ണൂരാടാ എന്നൊരു പോസ്റ്റ് വായിക്കാനിടയായി. അവിടെ ഞാന്‍ ഒരു കമന്റ് താഴെ കാണുന്ന പോലെ എഴുതി:

പേശീബലവും കുതന്ത്രങ്ങളും നുണപ്രചാരണങ്ങളും കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്. അത് കണ്ണൂരില്‍ മാത്രമല്ല. എവിടെയും അങ്ങനെ തന്നെയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസം ഹിംസയില്‍ അധിഷ്ഠിതമാണ്. കമ്മ്യൂണിസം അധികാരം പിടിച്ചടക്കിയ രാജ്യങ്ങളില്‍ അതില്‍ നിന്ന് മോചനം നേടാന്‍ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ കടുത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെ ജനാധിപത്യമായത്കൊണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ക്രമപ്രവൃദ്ധമായി വര്‍ദ്ധിക്കാത്തത്കൊണ്ടും അതിന്റെ ഭീകരമുഖം അധികം ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് മാത്രം. എന്നാല്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ പാര്‍ട്ടി സ്വേച്ഛാധിപത്യം തന്നെയാണ് നടക്കാറ്. മറ്റ് പത്രങ്ങള്‍ക്ക് വിലക്കുണ്ട്. പോളിങ്ങ് ബൂത്തുകളില്‍ മറ്റ് പാര്‍ട്ടി ഏജന്റുമാരെ ഇരിക്കാന്‍ അനുവദിക്കാറില്ല. പൗരന്മാരുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയുടെ ലോക്കല്‍ മുതല്‍ അങ്ങോട്ട് നേതാവായി കഴിഞ്ഞാല്‍ താന്‍ ജനങ്ങളുടെ യജമാനനാണ് എന്നാണ് മാര്‍ക്സിസ്റ്റുകാര്‍ കരുതാറ്. തങ്ങള്‍ക്ക് മറ്റുള്ളവരെ എന്തും പറയാം. തങ്ങളെ പറ്റി മറ്റാരും ശബ്ദിക്കരുത് എന്നവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ അവരെ പോലെ ഒരുമ്പെടാത്തത്കൊണ്ടാണ് അവരുടെ ഇമ്മാതിരി പോക്രിത്തരങ്ങള്‍ വിജയിക്കാറുള്ളത്. മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് 24 മണിക്കൂറും രാഷ്ട്രീയമാണ്. എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അതിന് കിട്ടുകയില്ല. ഇതൊക്കെ മനസ്സിലാക്കി നേരും നെറിയും പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെറുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആ പാര്‍ട്ടി ശോഷിക്കാന്‍ തുടങ്ങിയത്. 

എന്തോ കണ്ണൂരില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകാധിപത്യപാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പഠിക്കാന്‍ മെനക്കെടാത്തത്കൊണ്ടാണ്. കണ്ണൂരിലും പാണ്ടന്‍ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ല എന്നതാണ് സത്യം. കണ്ടല്‍ പാര്‍ക്ക് പൂട്ടേണ്ടി വന്നില്ലേ? നേരാം വണ്ണം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ വളരാമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്. ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച ശീലമോ പാരമ്പര്യമോ ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇല്ല. അതിനുള്ള ഒരവസരമായിരുന്നു ഇന്ത്യയില്‍ . എന്നാല്‍ അവരതിന് മെനക്കെട്ടില്ല. ആദ്യം പറഞ്ഞു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന്. പിന്നെ ഇവിടെയുള്ളത് ബൂര്‍ഷ്വ ജനാധിപത്യമാണ് എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ചുരുക്കത്തില്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒട്ടും അറിയില്ല. അതിനവര്‍ പാകപ്പെട്ടിട്ടില്ല. അത്കൊണ്ടൊക്കെ ആ പാര്‍ട്ടി ഇവിടെയും നാശത്തിന്റെ വക്കിലാണ്. ഈ തെരഞ്ഞെടുപ്പില്‍ തന്നെ ബംഗാളിലും കേരളത്തിലും തോറ്റാല്‍ ആ നാശം പൂര്‍ണ്ണമാവും. ഇനി അഥവാ തോറ്റില്ലെങ്കിലും നശിച്ചേ തീരൂ. എന്തെന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം വേരോടിക്കഴിഞ്ഞു. ജനാധിപത്യം ശീലിക്കാത്ത ഒരു പാര്‍ട്ടിക്കും ഇനി ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തിലേക്ക് മാറാന്‍ കഴിയില്ല. എന്തെന്നാല്‍ അത് കമ്മ്യൂണിസത്തിന്റെ നിഷേധമായിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിഷ്ക്കളങ്കമായോ പരിശുദ്ധമായോ ആദര്‍ശനിര്‍ഭരമായോ ചിലര്‍ കാണുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല. ഒന്നുകില്‍ ലോകചരിത്രം പഠിക്കാഞ്ഞിട്ട്, അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകളുടെ മസ്സില്‍ പവ്വറിനെ ഭയന്നിട്ട്. മറ്റെന്താണ് പറയാന്‍ കഴിയുക.

എന്റെ മേല്‍ക്കമന്റിനെ പരാമര്‍ശിച്ച് ശ്രീജിത് കൊണ്ടോട്ടി അവിടെ ഇങ്ങനെ എഴുതി:

"എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്."

സാര്‍ പതിവായി പറയുന്ന കുറെ പേരുകള്‍ വിട്ടുപോയി എന്നുതോന്നുന്നു. :) 

അവിടെ ശ്രീജിത്തിന് മറുപടിയായി വീണ്ടും ഒരു കമന്റ് കൂടി എഴുതി. പ്രസക്തമായ ചിന്തയായതിനാല്‍ ആ രണ്ട് കമന്റും ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു.

ശ്രീജിത്തേ , ഞാന്‍ പതിവായി കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്റെ ഓരോ പോസ്റ്റിലും കമന്റിലും പുതിയതായി ഒന്ന് പറയുന്നുണ്ട്. അതൊന്നും ചെറുപ്പക്കാരനായ ശ്രീജിത്തിന് പോലും മനസ്സിലാകാത്തത് സമൂഹമനസ്സ് അത്രമാത്രം യാഥാസ്ഥിതികമായി ഘനീഭവിച്ചുപോയത്കൊണ്ടാണ്. സമൂഹമനസ്സിന്റെ ഒരു യൂനിറ്റ് തന്നെയാണ് വ്യക്തിമനസ്സും. സമൂഹത്തില്‍ ഒരു മാറ്റവും വരാത്തതിന്റെ കാരണവും ഇപ്രകാരം ഘനീകൃതമനസ്സ് നിമിത്തമാണ്. തെറ്റോ ശരിയോ തന്റെ മനസ്സിന്റെ വിശ്വാസങ്ങള്‍ക്കപ്പുറം ഒന്നിനെയും മനസ്സ് കടത്തിവിടുന്നില്ല. ഇവിടെയും പുതിയ ഒരാശയം ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമോ ശീലമോ കമ്മ്യൂണിസ്റ്റുകള്‍ക്കില്ല. എന്ന്. അതിന്റെ അര്‍ത്ഥം പോലും ശ്രീജിത്തിന് മനസ്സിലാകാന്‍ വഴിയില്ലാത്തത്കൊണ്ട് എന്നോട് ചോദിച്ചേക്കാം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന്. ഇവിടെയുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ് എന്ന് വിലയിരുത്തിക്കൊണ്ട് ജനകീയജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യവും മുന്നോട്ട് വെച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ലോകത്ത് മറ്റെല്ലാ ജനാധിപത്യരാജ്യങ്ങളിലും അപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ബോണ്‍സായ് പാര്‍ട്ടിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ച് വിജയിക്കണമെങ്കില്‍ വിപ്ലവപൂര്‍വ്വ റഷ്യയോ ചൈനയോ പോലുള്ള രാജ്യങ്ങള്‍ വേണം. അതൊന്നും ഇനി നടക്കാന്‍ പോകുന്ന സംഗതികളല്ല. കാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്. 

ഞാന്‍ ചോദിക്കുന്നു: ജനാധിപത്യത്തില്‍ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികള്‍ കൂടിയേ തീരൂ. ലോകത്ത് ഏറ്റവും ആധുനികമായ ഭരണസമ്പ്രദായം പാര്‍ലമെന്ററി രീതിയാണ്. അത്കൊണ്ട് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ബൂര്‍ഷ്വാജനാധിപത്യം എന്നൊന്നില്ല എന്നും ഉള്ളത് ബഹുകക്ഷി ജനാധിപത്യം മാത്രമാണ് എന്നും അംഗീകരിക്കുകയും വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പരിപാടി ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നവീനമായ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിവര്‍ത്തിപ്പിച്ചുകൂടേ? എന്നാല്‍ ഈ ചോദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോ അണികളോ കേട്ട മാതിരി നടിക്കുകയില്ല. എന്ത്കൊണ്ട്? മനസ്സിന്റെ ഘനീഭാവം. നേതാക്കള്‍ക്ക് ഉള്ള കാലത്തോളം ഇങ്ങനെ പോകണമെന്നേയുള്ളൂ. അണികള്‍ക്ക് ചിന്തിക്കുക എന്ന റിസ്ക്ക് എടുക്കുകയും വേണ്ട. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടാന്‍ പോവുകയാണെന്ന് ശ്രീജിത്തിനും മനസ്സിലായിക്കാണും. 

എല്ലാം ഇവിടെ പറയുന്നില്ല. ഇനിയും എഴുതണമല്ലോ. മെയ് 13 കഴിഞ്ഞിട്ട് കുറെ പറയാനുണ്ട് :)

മാധ്യമങ്ങളെ ഭയപ്പെടുന്നത് എന്ത്കൊണ്ട് ?

കാശ് വാങ്ങി വാര്‍ത്തകള്‍ എഴുതുന്നു,  മാധ്യമസിണ്ടിക്കേറ്റ് തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നൊക്കെ വിലപിക്കുന്നത്  ഇന്ത്യയില്‍ തന്നെ ഇടത്പക്ഷങ്ങള്‍ മാത്രമാണെന്ന് തോന്നുന്നു. എന്നാല്‍ അവരുടെ പത്രങ്ങളിലും ചാനലുകളിലും മറ്റുള്ളവര്‍ക്കെതിരെ എഴുതുന്നതിനെയും കാണിക്കുന്നതിനെയും പറ്റി ജനാധിപത്യവിശ്വാസികള്‍ വേവലാതിപ്പെടാറില്ല.  എന്തെന്നാല്‍ ജനങ്ങളുടെ ത്യാജ്യഗ്രാഹ്യശേഷിയില്‍ ജനാധിപത്യവാദികള്‍ക്ക് വിശാസമുണ്ട്. മാധ്യമങ്ങളില്‍ വരുന്നത് അപ്പടി വിഴുങ്ങുന്നവരല്ല ജനങ്ങള്‍ . അവര്‍ക്ക് സാമാന്യവിവരവും കുറച്ചൊക്കെ ചിന്തിക്കാനുള്ള ശേഷിയുമുണ്ട്.  ജനങ്ങളെ പൊട്ടന്മാരാക്കാന്‍ ഇക്കാലത്ത് ആര്‍ക്കും കഴിയില്ല.  മാധ്യമങ്ങള്‍ ഇല്ലാതിരിക്കുകയും ഇവിടെ വെറും പാര്‍ട്ടി മാധ്യമങ്ങള്‍ മാത്രമേ ഉള്ളൂ എന്നൊരു അവസ്ഥയായിരുന്നെങ്കില്‍ സത്യം അറിയാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടാകുമായിരുന്നില്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഒരു പാര്‍ട്ടിയോ പ്രസ്ഥാനമോ ഇന്ത്യയില്‍ ഇല്ല. അത്തരം കുറ്റങ്ങളും കുറവുകളും മാധ്യമങ്ങളില്‍ വെളിച്ചം കാണുമ്പോള്‍ , തങ്ങളെപ്പറ്റി ജനങ്ങള്‍ മനസ്സിലാക്കിപ്പോകുമല്ലോ എന്ന് വെപ്രാളപ്പെട്ട് മാധ്യമങ്ങളുടെ മേലെ കുതിര കയറുകയല്ല വേണ്ടത്. സ്വയംവിമര്‍ശനപരമായി ചിന്തിച്ച് തിരുത്താനാണ് മുന്നോട്ട് വരേണ്ടത്. അപ്പോള്‍ പ്രസ്ഥാനം ശുദ്ധീകരിക്കപ്പെടും. അത്തരമൊരു പോസിറ്റീവ് ചിന്തയായിരിക്കും ഗുണം ചെയ്യുക.

മാധ്യമങ്ങള്‍ എഴുതുന്നതും പ്രസിദ്ധപ്പെടുത്തുന്നതും എല്ലാം പരമസത്യങ്ങള്‍ ആണെന്നല്ല പറയുന്നത്.  ആളുകള്‍ക്ക് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും ഉള്ള കഴിവ് ഉണ്ട് എന്നാണ്.  എന്ത് ദോഷങ്ങള്‍ ഉണ്ടായാലും മാധ്യമങ്ങള്‍ ഉണ്ടായാലേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ.  ഏകാധിപത്യവാസനയുള്ളവരാണ് മാധ്യമങ്ങളെ ഭയപ്പെടുന്നത്.  തങ്ങളുടെ തനിനിറം ജനങ്ങള്‍ അറിഞ്ഞുപോകരുത് എന്ന് അവര്‍ കരുതുന്നു.  സമീപകാലത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ സര്‍വ്വ കൊള്ളരുതായ്മകളും ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലും ഉണ്ട് എന്ന് കാണാന്‍ കഴിയും.  തങ്ങളുടേത് പരിശുദ്ധമായ പ്രസ്ഥാനം എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ല. അതൊക്കെ മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതാണോ തെറ്റ് അതല്ല  അത്തരം കൊള്ളരുതായ്മകള്‍ വെച്ചുപൊറുപ്പിക്കുന്നതും കൂട്ട് നില്‍ക്കുന്നതുമാണോ തെറ്റ് എന്ന് ആലോചിക്കണം.  തങ്ങള്‍ക്ക് അനുകൂലമാവുമ്പോള്‍ എല്ലാം ശരിയെന്നും പ്രതികൂലമാവുമ്പോള്‍ എല്ലാം തെറ്റ് എന്നുമുള്ള നിലപാട്  എല്ലാവരും അംഗീകരിച്ച് തരില്ല. അത് സര്‍വ്വാധിപത്യത്തില്‍ നടക്കുമായിരിക്കും. ജനാധിപത്യത്തില്‍ നടക്കില്ല.  വൈരുധ്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ ഇടം ഉണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത.  അത് മനസ്സിലാക്കി സഹിഷ്ണുത ഉണ്ടായാല്‍ നന്ന്.  മാധ്യമങ്ങളും മാധ്യമസ്വാതന്ത്ര്യവും ഇവിടെ പുലരുക തന്നെ ചെയ്യും.  അത് കാക്കാന്‍ ഇവിടത്തെ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് മാധ്യങ്ങളുടെ പ്രചാരവും സര്‍ക്കുലേഷനും എന്ന് പറയാം.

പിന്‍‌മൊഴി :  അവനവന്‍ മാത്രമാണ് സമര്‍ത്ഥന്‍ എന്നും മറ്റുള്ളവര്‍ പൊട്ടന്മാരാണ് എന്നും കരുതുന്നതാണ് ഏറ്റവും വലിയ പൊട്ടത്തരം.

ലിബിയയ്ക്ക് നേരെയുള്ള സഖ്യസേനയുടെ ആക്രമണം സ്വാഗതാര്‍ഹം !

ജനാധിപത്യം ലോകത്ത് പ്രചരിപ്പിക്കാനോ വ്യാപിപ്പിക്കാനോ ഉത്തരവാദപ്പെട്ട  സംഘടനകളോ പ്രസ്ഥാനങ്ങളോ ഇല്ല.  എന്നാല്‍ ചില പ്രത്യയശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ലോകം മൊത്തം പ്രചരിപ്പിക്കാനും  നടപ്പിലാക്കാനും യത്നിക്കുന്ന സംഘടനകളും  പ്രസ്ഥാനങ്ങളും ലോകത്ത്  പ്രവര്‍ത്തിക്കുന്നുണ്ട് താനും.  ചിന്തിക്കുന്ന ആളുകള്‍ പൊതുവെ  ജനാധിപത്യവിശ്വാസികളായിരിക്കും.  അതേ സമയം ജനാധിപത്യം ഒരു സിദ്ധാന്തമോ  പ്രത്യയശാസ്ത്രമോ ആയി ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍   ആ വിശ്വാസികള്‍ സംഘടിതരുമല്ല. ചിലപ്പോള്‍ ചില രാജ്യങ്ങളില്‍ ജനാധിപത്യവിശ്വാസികള്‍ താല്‍ക്കാലികമായി സംഘടിച്ച്  പോരാടുകയും ആ പോരാട്ടങ്ങളുടെ  ഫലമായി ജനാധിപത്യസമ്പ്രദായം ചില രാജ്യങ്ങളില്‍ നടപ്പില്‍ വരികയും ചെയ്തിട്ടുണ്ട്.  കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണ് ഈ രീതിയില്‍ സമീപകാലത്ത്  ജനാധിപത്യപ്രക്ഷോഭങ്ങളില്‍ നിലം പരിശായിരുന്നത്.  എന്നാല്‍ ചൈനയില്‍ ജനാധിപത്യസമരങ്ങളെ  അടിച്ചമര്‍ത്താന്‍ അവിടത്തെ ഭരണകൂടത്തിന്  കഴിഞ്ഞിരുന്നു.

ഇപ്പോള്‍  മുസ്ലീം ഭരണം  നിലവിലുള്ള  രാജ്യങ്ങളിലാണ് ജനാധിപത്യപ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നത്.  ഇവിടെ , ജനാധിപത്യം എന്നാല്‍ എന്താണ്  എന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത് എന്നും ഓര്‍ക്കേണ്ടതുണ്ട്.  കമ്മ്യൂണിസ്റ്റുകളും പറയുന്നത് ജനാധിപത്യമാണ്.  അവരുടെ ജനാധിപത്യം എന്നാല്‍ അവരുടെ പാര്‍ട്ടിക്ക്  സ്ഥിരമായി ഭരണക്കുത്തക ലഭിക്കുകയെന്നതാണ്.  തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്ന ജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യമാണ് എന്നാണ് അവരുടെ സിദ്ധാന്തം.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമായി സ്ഥിരഭരണം കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ ജനാധിപത്യം കരഗതമാവൂ എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ സമര്‍ഥിക്കുന്നത്.  ബൂര്‍ഷ്വ ജനാധിപത്യത്തില്‍ ഭരണാധികാരം ലഭിച്ചാലും ഒരു കാര്യവുമില്ല എന്ന് കമ്മ്യൂനിസ്റ്റുകള്‍ പറയുന്നു. അത്കൊണ്ട്  നിലവിലുള്ള ബൂര്‍ഷ്വാജനാധിപത്യം ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകളുടെ ജനാധിപത്യം സ്ഥാപിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം.  കമ്മ്യൂനിസ്റ്റുകള്‍ അല്ലാത്തവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം നിഷേധിക്കുക എന്ന തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പാക്കാന്‍ വേണ്ടിയാണ്  സി.പി.എം. അടക്കമുള്ള പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.  ഇടത്-പുരോഗമനം പറയുന്ന സാംസ്ക്കാരിക-ബുദ്ധിജീവികളും ഈ നയത്തോട് യോജിപ്പുള്ളവരാണ്.  അത്കൊണ്ട് കമ്മ്യൂണിസ്റ്റുകളുടെ അടിച്ചമര്‍ത്തലിനെക്കുറിച്ച്  പുരോഗമനക്കാര്‍ കമാ എന്ന് മിണ്ടാറില്ല.

ഇവിടെയുള്ള ജനാധിപത്യം  പാശ്ചാത്യമാണ് എന്നും  അമ്പത്തൊന്ന് ശതമാനം പേര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന  സര്‍ക്കാരിനോട് യോജിപ്പില്ലെന്നും ചില മുസ്ലീം സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും  കാണാനിടയായി.  ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം  നടപ്പാക്കുന്ന എല്ലാ നിയമങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നാണവരുടെ ന്യായം.  പിന്നെ എങ്ങനെയാണ് അവര്‍ താല്പര്യപ്പെടുന്ന പ്രകാരമുള്ള ജനാധിപത്യം നടപ്പാക്കുക എന്ന് അവരോട് ചോദിക്കേണ്ടതുണ്ട്.  പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ  വ്യത്യാസമില്ലാതെ ലോകത്തെവിടെയുമുള്ള  ജനാധിപത്യവിശ്വാസികള്‍ക്ക് , ജനാധിപത്യമെന്നാല്‍  കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ മാറ്റാനോ വേറെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനോ ഉള്ള അധികാരമാണ്.  ഭരണാധികാരം  ജനങ്ങളില്‍ നിക്ഷിപ്തമാവുക.  ജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാവുമെന്നത്കൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം സര്‍ക്കാര്‍ നിലവില്‍ വരിക. എന്നും സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് മിനിമം ഭൂരിപക്ഷത്തിന്റെ അംഗീകാരത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍‌ബലത്തില്‍ ആവുക.  ഇതല്ലാതെ ജനാധിപത്യത്തിന് മറ്റെന്ത്  പ്രായോഗികമാര്‍ഗ്ഗമാണുള്ളത്.  ചുരുക്കത്തില്‍ , നിശ്ചിത ഇടവേളകളില്‍ ഭരണാധികാരിയെ മാറ്റാന്‍ ജനങ്ങള്‍ക്ക്  കഴിയണം.  ഈ അവസരമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിലും  മുസ്ലീം രാജ്യങ്ങളിലും ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നത്.

ഒരു രാജ്യത്ത്  എന്ത് ഭരണ സമ്പ്രദായമാണോ ഉള്ളത് അത് ആ രാജ്യത്തെ ജനതയുടെ തലവിധി എന്ന് സമാധാനിക്കാനേ പുറത്തുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ.  ഏതെങ്കിലും രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നിലവിലുള്ളതെങ്കില്‍  അവിടത്തെ ജനങ്ങള്‍ക്ക്  പൌരാവാകാശങ്ങളും ജനാധിപത്യസ്വാതന്ത്ര്യവും  വേണമെങ്കില്‍ അത് നേടിയെടുക്കാന്‍ അവിടത്തെ ജനങ്ങള്‍ തന്നെ പോരാടേണ്ടതുണ്ട്.  ഇക്കാലത്ത്  അത്തരം പോരാട്ടങ്ങള്‍  എളുപ്പമല്ല.  ആധുനികമായ യുദ്ധോപകരണങ്ങളാണ്  സര്‍ക്കാരിന്റെ കൈയില്‍ ഉള്ളത്.  തന്റെയോ അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടിയുടെയോ സര്‍വ്വാധിപത്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആ ആയുധങ്ങള്‍ സ്വന്തം പൌരന്മാരുടെ നേര്‍ക്ക് പ്രയോഗിക്കാന്‍ ഏകാധിപതികള്‍ മടിക്കുകയില്ല.  അത്കൊണ്ട്  മരിക്കാന്‍ പോലും തയ്യാറായിക്കൊണ്ട് ഒരുപറ്റം പോരാളികള്‍ മുന്നോട്ട്  വന്നാല്‍ മാത്രമേ  ഏകാധിപത്യരാജ്യത്ത് ജനാധിപത്യപ്രക്ഷോഭം ആരംഭിക്കാന്‍ പോലും സാധിക്കുകയുള്ളൂ. വിജയവും പരാജയവും  ഒക്കെ പിന്നത്തെ കഥ.

അങ്ങനെ പ്രക്ഷോഭം ആളിപ്പടരുമ്പോള്‍  അത് അടിച്ചമര്‍ത്താന്‍  ഭരണകൂടം  വ്യോമാക്രമണം പോലും നടത്തുമ്പോള്‍  അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് ആരെങ്കിലും അത് തടയാന്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്.  ഇതെന്റെ രാജ്യം , എന്റെ പൌരന്മാര്‍ , എന്നെ എതിര്‍ത്താല്‍ ഞാന്‍ അവരെയൊക്കെ കൊല്ലും എന്ന് പറയാന്‍ ലോകത്ത് ഒരു ഏകാധിപതിക്കും കഴിയരുത്.  അതിനെ ചോദ്യം ചെയ്യുന്ന രാജ്യത്തെയോ രാജ്യങ്ങളുടെ സഖ്യത്തെയോ ലോകപോലീസ് എന്ന് പറയുന്നതില്‍ കാര്യമില്ല.  അത്തരം ഒരു സംവിധാനവും  നിലപാടും ഇല്ലെങ്കില്‍ ലോകം വെള്ളരിക്കാപ്പട്ടണമായിപ്പോകും.  ഏകാധിപത്യം എവിടെയായാലും  സ്വന്തം പൌരജങ്ങളെ കൊന്നൊടുക്കുമ്പോള്‍  അതില്‍ ഇടപെട്ട് ജനാധിപത്യം ഉറപ്പാക്കാന്‍ ലോകത്ത് ഒരു സംവിധാനം വേണമെന്ന് ഞാന്‍ കരുതുന്നു. അത്കൊണ്ടാണ്  ലിബിയയ്ക്ക് മേലുള്ള  സഖ്യസേനയുടെ ആക്രമണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നത്.  ഈ നടപടിയെ അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശം എന്നൊക്കെയായിരിക്കും പുരോഗമനക്കാര്‍ പറയുക.  എന്നാലല്ലെ അവര്‍ പുരോഗമനക്കാരാകൂ.

ലിബിയയ്ക്ക് നേരെയുള്ള  സഖ്യസേനയുടെ ആക്രമണത്തെ  ഇന്ത്യ എതിര്‍ത്തിട്ടുണ്ട്.  പ്രശ്നവുമായി ബന്ധപ്പെട്ട  എല്ലാവരും  അക്രമം വെടിയണമെന്നും ഭീഷണിയുടെയും ആയുധത്തിന്റെയും ഉപയോഗം അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യ ആ‍വശ്യപ്പെടുന്നത്.  ഏത് മധ്യസ്ഥക്കാരനും പറയാന്‍ കഴിയുന്ന ഞഞ്ഞാമിഞ്ഞ ന്യായമാണിത്.  പറയുന്നവന് ഒന്നും ബാധിക്കുന്നില്ലല്ലൊ.  ലിബിയയില്‍ സഖ്യസേന ഇടപെടാതിരിക്കുകയും  അവിടത്തെ ജനാധിപത്യപ്രക്ഷോഭത്തെ ഗദ്ദാഫി  ചോരയില്‍ മുക്കി അടിച്ചമര്‍ത്തുകയും ചെയ്താല്‍ ഇന്ത്യ എന്തെങ്കിലും മിണ്ടുമോ?  മിണ്ടാന്‍ കഴിയുമോ?  അപ്പോള്‍ ഇന്ത്യയുടെ നിലപാട് ആരെ സഹായിക്കാനാണ്?  ഗദ്ദാഫിയെ. അല്ലാതെ പിന്നെ ആരെയാ?  നമ്മുടെ  വിദേശനയത്തിന്റെ  തുടര്‍ന്നു വരുന്ന ഒരു വികലമായ സമീപനമാണിത്.   ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ , ലോകത്ത് ജനാധിപത്യം  വിജയിക്കാനും  വ്യാപിക്കുവാനുമാണ്  ഇന്ത്യ ശ്രമിക്കേണ്ടതും, അത്തരം രാജ്യങ്ങളുമായാണ് ഇന്ത്യ കൈ കോര്‍ക്കേണ്ടതും എന്ന്  ഞാന്‍ പറയും.   ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമാണ് ഞാന്‍ കാണുന്നത്.   ജനങ്ങള്‍ക്ക് മീതെ അവരുടെ  അവകാശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വിരുദ്ധമായി ഒരു ഭരണകൂടമോ ഭരണാധികാരിയോ ഉണ്ടാകാന്‍ പാടില്ല.

ഭരണകൂടം അല്ലെങ്കില്‍  സര്‍ക്കാര്‍ എന്നൊക്കെ പറയുന്ന  സംവിധാനം ദൈവദത്തമോ  അനിവാര്യമോ അല്ല.  മനുഷ്യര്‍ എല്ലാം ഒരുപോലെ നല്ലവരാണെങ്കില്‍  സത്യത്തില്‍ ഭരണകൂടത്തിന്റെ ആവശ്യം തന്നെയില്ല.  അത്കൊണ്ടാണ് മനുഷ്യര്‍ എന്നെങ്കിലും നന്നായി ഭരണകൂടം തന്നെ കൊഴിഞ്ഞുപോകും എന്ന് കാറല്‍ മാര്‍ക്സിന് സ്വപ്നം കാണാന്‍ കഴിഞ്ഞത്.  മനുഷ്യര്‍ പല തരത്തിലും കോലത്തിലും ആണ്  ലോകത്ത് എവിടെയുമുള്ളത്.  അത്കൊണ്ട് മനുഷ്യരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ന സംവിധാനം നമുക്ക് അനിവാര്യമായിത്തീരുന്നു. പക്ഷെ സര്‍ക്കാര്‍ എന്നത് ആര്‍ക്കും ഒരു സംഘടനയ്ക്കോ പാര്‍ട്ടിക്കോ മതത്തിനോ കുത്തകയായി ലഭിക്കരുത്.  അത് നീതിയോ ന്യായമോ അല്ല.  നിശ്ചിത ഇടവേളകളില്‍ ഭൂരിപക്ഷത്തിന്റെ സമ്മതി വാങ്ങുന്ന സര്‍ക്കാരുകളായിരിക്കണം എല്ലാ രാജ്യങ്ങളിലും ഉണ്ടാവേണ്ടത്.  അത്തരം ഒരു ലോക ക്രമത്തിന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.  

നാടകം ആവര്‍ത്തിച്ചാലും ചരിത്രം ആവര്‍ത്തിക്കുകയില്ല


സി.പി.എമ്മിന്റെ  സ്ഥാനാര്‍ത്ഥിനാടകം കഴിഞ്ഞു. വി.എസ്സിന്  സീറ്റ് നിഷേധിച്ചിരുന്നില്ല എന്നും രണ്ട് ദിവസത്തെ വിവാദങ്ങള്‍  മാധ്യമസൃഷ്ടി ആയിരുന്നു എന്നും കോടിയേരി അവകാശപ്പെട്ടു. ഇതേ കോടിയേരി തന്നെയായിരുന്നു പി.ശശിക്കെതിരെ ഒരു പരാതിയും ഇല്ലെന്ന് പറഞ്ഞിരുന്നത്. അതൊക്കെ എന്തോ ആകട്ടെ, അവരുടെ ആഭ്യന്തരകാര്യം.  ഇപ്പോഴത്തെ നാടകത്തിന്റെ ഫലമായി വി.എസ്സിനെ വീണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റും എന്ന് ഇടത് സുഹൃത്തുക്കള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടി വരും. 2006 അല്ല 2011.  അന്ന്  വി.എസ്സിനെ പറ്റി ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.  എന്നാല്‍ പറഞ്ഞതൊന്നും നടപ്പാക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രിയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂച്ചു വിലങ്ങ് ഇടുന്ന കാഴ്ചയാണ് ജനം കണ്ടത്.  പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് എല്ലാം വി.എസ്സും  ,  വി.എസ്സ്നിറ്റെ എല്ലാ നിലപാടുകള്‍ക്ക് പാര്‍ട്ടിയും എതിരായിരുന്നു.  ഒരേയൊരു ആശ്വാസമുള്ളത്  ഔദ്യോഗികവിഭാഗം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ വീതിച്ചെടുക്കുമായിരുന്ന ഒരവസ്ഥ അച്യുതാനന്ദനാല്‍ തടയപ്പെട്ടു എന്നതാണ്.  ഇപ്പോള്‍  വി.എസ്സും  പിണറായിയും തമ്മിലുള്ള വൈരുദ്ധ്യം ഏറ്റവും രൂക്ഷമായിരിക്കുന്നു എന്നതാണ് സത്യം.  വി.എസ്സ്.  ജയിച്ച്  മുഖ്യമന്ത്രി പോയിട്ട് പ്രതിപക്ഷ നേതാവായാല്‍ പോലും ലാവലിന്‍ കേസിന്റെ പേരില്‍ തന്നെ വേട്ടയാടും എന്ന് പിണറായി ഭയപ്പെടാതിരിക്കില്ല.  സര്‍ക്കാരിന് 2 കോടി നഷ്ടം ഉണ്ടാക്കി എന്ന പേരില്‍ ബാലകൃഷ്ണപിള്ളയ്ക്ക്  ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാമെങ്കില്‍ 350 കോടി നഷ്ടം ലാവലിന്‍ കരാറില്‍ ഉണ്ടായി എന്ന കേസില്‍ പ്രതിയായ പിണറായിക്ക്  എത്ര വര്‍ഷം ശിക്ഷ കിട്ടും എന്ന് കണ്ടറിയണം.  ഈ ചാന്‍സ് വി.എസ്സ്. വേണ്ടെന്ന് വയ്ക്കുമോ?  കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ അധികാരത്തര്‍ക്കം വന്നാല്‍ എതിരാളിയെ ഉന്മൂലനം ചെയ്യുക എന്നതാണ് സ്റ്റാലിനിസ്റ്റ് രീതി.  എന്നാല്‍ ഇവിടെ ജനാധിപത്യമായത്കൊണ്ട് അത് നടപ്പില്ല.  പക്ഷെ  വി.എസ്സ്.  നീയമാനുസൃതമായി തന്നെ പിണറായിയെ ജയിലില്‍ എത്തിക്കും എന്ന് ആര് സംശയിച്ചില്ലെങ്കിലും പിണറായി അക്കാര്യത്തെക്കുറിച്ച്  ബോധവാനായിരിക്കും.

ഇനിയും കേരളം ഒരവസരം കൂടി കൊടുത്താല്‍  വി.എസ്സിന്  ഇക്കഴിഞ്ഞ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക.  തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും  തമ്മില്‍ തല്ലുന്ന മാര്‍ക്സിസ്റ്റുകാരെയായിരിക്കും ഇനി കേരളത്തില്‍ കാണാന്‍ കഴിയുക.  വി.എസ്സിന് വേണ്ടി പ്രകടനം നടത്തിയവര്‍ മാര്‍ക്സിസ്റ്റ്കാരല്ലെന്ന് പിണറായി പറഞ്ഞുവെച്ചിട്ടുണ്ട്.   ഒരു രണ്ടാമൂഴം കേരളം ഒരിക്കലും മാര്‍ക്സിസ്റ്റുകള്‍ക്ക് കൊടുക്കാതിരിക്കാന്‍ കാരണം  അങ്ങനെ വന്നാല്‍ കേരളം മറ്റൊരു ബംഗാളാകും എന്ന് ഭയന്നിട്ടാണ്. മാര്‍ക്സിസ്റ്റുകള്‍ തുടര്‍ച്ചയായി ഭരിച്ചാല്‍ നാട് എന്താകും എന്നതിന് നല്ല ഉദാഹരണമാണ് ബംഗാള്‍ .  യു.ഡി.എഫ്. മാറി മാറി ഭരിച്ചത്കൊണ്ട് മാത്രമാണ് കേരളത്തില്‍ ഇക്കണ്ട പുരോഗതി ഉണ്ടായത്.  പുരോഗതിയെ 15കൊല്ലത്തേക്കെങ്കിലും പിറകോട്ട് വലിക്കുക എന്നതായിരുന്നു മാര്‍ക്സിസ്റ്റുകാരുടെ എക്കാലത്തെയും  ശൈലി.  കമ്പ്യൂട്ടര്‍ വിരുദ്ധസമരം നിമിത്തം ലക്ഷക്കണക്കിന്  ഐ.ടി. പ്രൊഫഷണലുകള്‍ക്ക് സ്വന്തം നാട്ടില്‍ ജോലി ചെയ്ത് ജീവിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് മാര്‍ക്സിസ്റ്റ്കാര്‍ ഉണ്ടാക്കിയത്.  എന്തിനായിരുന്നു പ്രി-ഡിഗ്രി ബോര്‍ഡിനെതിരെയുള്ള സമരാഭാസങ്ങള്‍ ? നാലാള്‍ക്ക് പണി കൊടുക്കുന്ന എന്ത് തുടങ്ങിയാലും കൊടി പിടിച്ച് പൂട്ടിക്കും എന്നത് ഇന്നും എല്ലാവരും പറയുന്ന ഒരു ശൈലിയാണ്.  മലയാളികളെ കൂട്ടപ്രവാസികളാക്കി എന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം.  പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ പുരോഗതി.  ആ പുരോഗതികൊണ്ടാണ്  ബംഗാളികള്‍ കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്നത്.   ബംഗാളികള്‍ക്ക് കേരളമെന്നാല്‍ ഗള്‍ഫാണ്.  ഈ പുരോഗതി ഞങ്ങള്‍ ഉണ്ടാക്കിയതാണ് എന്നാണ് ചില കമ്മ്യൂണിസ്റ്റുകാര്‍ വീമ്പ് പറയുന്നത്. ആ വീമ്പിന് മറുപടി ബംഗാളാണ്.

കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ജനാധിപത്യവിശ്വാസികളാണെന്നതാണ് വസ്തുത.  ജനാധിപത്യച്ചേരിയില്‍ വിള്ളല്‍ ഉണ്ടാകുന്നത്കൊണ്ടാണ്  ഇടത്പക്ഷം ജയിക്കുന്നത്.  പലപ്പോഴും കോണ്‍ഗ്രസ്സിനെ ശിക്ഷിക്കക്കാന്‍ വേണ്ടി നിഷ്പക്ഷമതികള്‍  വോട്ട് മറിച്ചു കുത്തുമ്പോള്‍ ഇടത് പക്ഷം ജയിക്കുന്നു എന്നല്ലാതെ  ഇടത്പക്ഷത്തിന്  ജനത്തിന്റെ ഭൂരിപക്ഷ പിന്തുണ ഒരിക്കലുമില്ല.  അത്കൊണ്ടാണ്  അവര്‍ കള്ള വോട്ടിനെയും  പേശിബലത്തെയും അക്രമണങ്ങളെയും ആശ്രയിക്കാറുള്ളത്.  കോണ്‍ഗ്രസ്സിനെ കുറ്റം പറയാന്‍ എല്ലാവര്‍ക്കും കഴിയും.  എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം കോണ്‍ഗ്രസ്സിന്റെ കൈകളില്‍ ലഭിച്ചത് കൊണ്ടാണ്  ഇവിടെ ഇക്കാണുന്ന  സ്വാതന്ത്ര്യവും ജനാധിപത്യവും  മതേതരത്വവും നിലനില്‍ക്കുന്നതും  നാട്  പുരോഗതിയിലേക്ക് നീങ്ങിയതും  എന്നത് അനിഷേധ്യമായ വസ്തുതയാണ്.  ഹിന്ദുത്വശക്തികള്‍ക്ക്  സ്വതന്ത്ര ഇന്ത്യ ലഭിച്ചിരുന്നുവെങ്കില്‍  ഇവിടത്തെ  മുസ്ലീം സഹോദരന്മാരുടെ അസ്തിത്വം അപകടത്തില്‍ ആയേനേ.  കമ്മ്യൂണിസ്റ്റുകള്‍ക്ക്  ലഭിച്ചിരുന്നുവെങ്കില്‍  മറ്റ്  ആശയക്കാരെയെല്ലാം കൊന്നൊടുക്കി രാജ്യം മൊത്തം ഒരു തുറന്ന ജയില്‍ പോലെ ആയേനേ. അതിന്റെ പേരാണ് തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം.

എന്തായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും തോറ്റ്  ദേശീയപാര്‍ട്ടി എന്ന പദവി പോയാലും  അവര്‍ക്ക് തെറ്റ്  തിരുത്തി  മുന്നേറാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രമാത്രം ജീര്‍ണ്ണത ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നു.  യഥാര്‍ത്ഥ ഇടത് ചിന്തകര്‍  ബദല്‍ പ്രസ്ഥാനം രൂപപ്പെടുത്താന്‍ ശ്രമിക്കട്ടെ.  എന്ത് തന്നെയായാലും ഒരു തിരുത്തല്‍ ശക്തിയെന്ന നിലയില്‍ ഇടത്പക്ഷത്തെ രാജ്യത്തിന് ആവശ്യമുണ്ട്.  അത്തരം  ഒരു ബദല്‍ ഇടത്പക്ഷം രൂപപ്പെടുന്നതിന് ഇവിടെയുള്ള  സ്യൂഡോ ഇടത് പക്ഷം കണിശമായും തകരേണ്ടതുണ്ട്.  ആ തകര്‍ച്ചയുടെ ആരംഭമായിരിക്കും  വരുന്ന തെരഞ്ഞെടുപ്പിലെ ഫലം.   അച്യുതാനന്ദന് വേണ്ടി തെരുവില്‍ പ്രകടനം നടത്തിയവര്‍ക്ക്  നാളെ  ആ നവ ഇടത് പക്ഷത്തോടൊപ്പം  ചേരേണ്ടി വരും. എന്തെന്നാല്‍ വി.എസ്സിന്  ഒരു സീറ്റ് കിട്ടാന്‍ മാത്രമുള്ളതല്ല അവരുടെ ദാഹം.  

HTML എന്നാല്‍ എന്ത് - 2

ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ച പ്രകാരം  ഒരു സിമ്പിള്‍ വെബ്പേജ് ഉണ്ടാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ സാരമില്ല. ഇപ്പോള്‍ പുതിയതായി  നോട്ട്പാഡില്‍ ടൈപ്പ് ചെയ്ത് html എന്ന് എക്സ്റ്റന്‍ഷന്‍ കൊടുത്ത് സേവ് ചെയ്യാം.  സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എപ്പോഴും അത് വീണ്ടും നോട്ട്പാഡില്‍ ഓപ്പന്‍ ചെയ്ത് ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തി പിന്നെയും പിന്നെയും സേവ് ചെയ്യാം.  അങ്ങനെ സേവ് ചെയ്യുമ്പോള്‍ ഒപ്പന്‍ ചെയ്ത നോട്ട്പാഡ് മാറ്റങ്ങള്‍ വരുത്തിയ ശേഷം ക്ലോസ് ചെയ്താല്‍ മതി. ക്ലോസ് ചെയ്യുമ്പോള്‍  txt file has changed. Do you want to save the changes ? കമ്പ്യൂട്ടര്‍ നമ്മോട് ചോദിക്കും. അതിന്  yes എന്ന് ക്ലിക്ക് ചെയ്താല്‍ മതി.  മാറ്റങ്ങള്‍ ഓട്ടോമെറ്റിക്ക് ആയി സേവ് ആയിട്ടുണ്ടാകും. ശ്രദ്ധിക്കേണ്ട കാര്യം, വെബ്പേജ് ഉണ്ടാക്കി ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ടുള്ളത് ബ്രൌസറിന്റെ ഐക്കണ്‍ ചിഹ്നത്തിലായിരിക്കും കാണുക.  അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ വെബ്പേജ് ഓപ്പന്‍ ആകും.  എഡിറ്റ് ചെയ്യാന്‍ വീണ്ടും നോട്ട്പാഡില്‍ തുറക്കാന്‍ ആ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പോപ് അപ്പില്‍ open with  എന്ന് കാണുന്നിടത്ത്  Notepad  എന്ന് സെലക്റ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ സേവ് ചെയ്ത വെബ്പേജ് നോട്ട്പാഡില്‍ തുറക്കും.  എഡിറ്റ് ചെയ്ത്, ഞാന്‍ പറഞ്ഞ പോലെ ജസ്റ്റ് ക്ലോസ് ചെയ്യുക.  എച്ച് ടി എം എല്‍  എഴുതി പരീക്ഷിച്ചു  നോക്കാന്‍    ഇവിടെ ക്ലിക്ക് ചെയ്യുക

ശരി, നമ്മള്‍  ഒരു വെബ്പേജ് ഉണ്ടാക്കി എന്നിരിക്കട്ടെ.  നമ്മുടെ സിസ്റ്റത്തില്‍ അല്ലെ അത് സേവ് ചെയ്തിട്ടുള്ളത്.  മറ്റുള്ളവര്‍ അത് കാണണമെങ്കില്‍ അതൊരു വെബ്സൈറ്റ് ആക്കി ഇന്റര്‍നെറ്റില്‍ കണക്റ്റ് ചെയ്യണ്ടേ?  ഒരു വെബ്പേജ് ആണെങ്കിലും ഇന്റര്‍നെറ്റില്‍ കണക്റ്റ് ചെയ്താല്‍ അത് ഒരു വെബ്സൈറ്റ് തന്നെയാണ്. ഒന്നോ അതില്‍ കൂടുതലോ ഉള്ള വെബ്പേജുകള്‍ തന്നെയാണ് വെബ്സൈറ്റ്.  ഒരു വെബ്പേജ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യണമെങ്കില്‍ നമ്മുടെ സിസ്റ്റത്തില്‍ FTP (file transfer protocol) എന്നൊരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വേര്‍ വേണം. അത് പണം കൊടുത്ത് വാങ്ങേണ്ടതാണ്.  എന്നാല്‍ മറ്റേതൊരു പ്രോഗ്രാം പോലെ സൌജന്യമായും FTP ലഭിക്കും.  ഇനി വേണ്ടത് ഒരു ഡൊമൈന്‍ ആണ്.  ഏത് വെബ്സൈറ്റിനും ഒരു അഡ്രസ്സ് (URL -Uniform Resource Locator ) വേണം. അതാണ് ഡൊമൈന്‍.  പിന്നെ പ്രധാനമായി വേണ്ടത് നമ്മുടെ വെബ്പേജ് സ്റ്റോര്‍ ചെയ്യാന്‍ സര്‍വര്‍ സ്പേസ് ആണ്. അതിന് സര്‍വര്‍ കമ്പ്യൂട്ടര്‍ വേണം.  നമ്മുടെ കമ്പ്യൂട്ടര്‍ ക്ലൈയന്റ് കമ്പ്യുട്ടര്‍ ആണ്. വെബ്സൈറ്റ് സ്റ്റോര്‍ ചെയ്യാനുള്ള ഹാര്‍ഡ് ഡിസ്കോ ഇന്റര്‍നെറ്റില്‍ കണക്റ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വേറുകളോ നമ്മുടെ പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഇല്ല. അത്തരം സൌകര്യമുള്ള കമ്പ്യൂട്ടറുകളെയാണ് സര്‍വര്‍ കമ്പ്യൂട്ടര്‍ എന്ന് പറയുന്നത്. ഡൊമൈന്‍ നെയിമും സര്‍വര്‍ സ്പേസും കാശ് കൊടുത്ത് വാങ്ങണം.  എന്നാല്‍ സൌജന്യമായി ഡൊമൈനും സര്‍വര്‍ സ്പെയിസും  ഒക്കെ നല്‍കുന്ന  കമ്പനികളുണ്ട്. അത്കൊണ്ട് ചുരുക്കി പറഞ്ഞാല്‍ അല്പം മെനക്കെട്ടാല്‍ നമുക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ കൊടുക്കാന്‍ സാധിക്കും.

ഒരു പേജ് ആകുമ്പോള്‍ എന്തെല്ലാം വേണം.  തലവാചകം വേണം. പിന്നെ  ഖണ്ഡികകള്‍ വേണം. വരികള്‍ അവസാനിപ്പിക്കാന്‍ ലൈന്‍ ബ്രെയിക്ക് വേണം.  വരികള്‍ക്കിടയില്‍ ലൈന്‍ അങ്ങനെ പലതും.  ഇതിനൊക്കെയുള്ള ടാഗുകളെ പരിചയപ്പെടാം.

തലവാചകത്തിന് <h1>....</h1> എന്ന ടാഗ് ആണ് ഉപയോഗിക്കുക. h1 മുതല്‍  h6 വരെ ആറ് തരത്തില്‍ വ്യത്യസ്ത വലുപ്പമുള്ള ടാഗുകളാണ് തലവാചകങ്ങള്‍ക്ക് വേണ്ടി എച്ച് ടി എം എല്ലില്‍ ഉള്ളത്.  ഈ എച്ച് ടി എം എല്‍ -ന്റെ സ്റ്റാന്റേര്‍ഡ് തീരുമാനിക്കുന്നത് World Wide Web Consortium (W3C) എന്ന സംഘടനയാണ്. അത് പോലെ തന്നെ  HTML-ന്റെ ഉപജ്ഞാതാവ് W3C യുടെ ഡയരക്ടര്‍ ടിം ബെര്‍ണേര്‍സ് ലീ ( Tim Berners-Lee) ആണെന്നും  മനസ്സിലാക്കുക.

ഒന്നാം പാഠത്തിലേത് പോലെ സേവ് ചെയ്ത വെബ്പേജ് റൈറ്റ് ക്ലിക്ക് ചെയ്ത് നോട്ട്പാഡില്‍ തുറന്ന് താ‍ഴെ കാണുന്ന പോലെ ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.  അല്ലെങ്കില്‍ പുതിയതായി നോട്ട്പാഡ് തുറന്ന് താഴെയുള്ളത് കോപ്പി- പേസ്റ്റ് ചെയ്ത്  Mywebsite.html  എന്ന് file name കൊടുത്ത് സേവ് ചെയ്യുക. എന്നിട്ട് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്നു നോക്കൂ. 

<html>
<head>
<title>Mywebsite</title>
</head>
<body>
<h1>ഖണ്ഡിക 1</h1>
<h2>ഖണ്ഡിക 2</h2>
<h3>ഖണ്ഡിക 3</h3>
<h4>ഖണ്ഡിക 4</h4>
<h5>ഖണ്ഡിക 5</h5>
<h6>ഖണ്ഡിക 6</h6>
എന്റെ ബ്ലോഗ്
</body>
</html>

ഇത് പോലെ കാണാം.

<p>....</p>  എന്ന ടാഗ് ഖണ്ഡിക തിരിക്കുന്നതിനാണ്.  ഇവിടെ നോക്കുക. 

<center>....</center>  =  സെന്റര്‍  ഇവിടെ നോക്കുക

എല്ലാറ്റിനും ഓപ്പനിങ്ങ് ടാഗ്, ക്ലോസിങ്ങ് ടാഗ് അങ്ങനെ രണ്ട് ടാഗുകള്‍ ആദ്യവും അവസാനവും വേണം എന്ന് പറഞ്ഞു.  എന്നാല്‍ ഒരു വരി അവസാനിപ്പിച്ച് അടുത്ത വരി തുടങ്ങാന്‍ line break <br>  എന്ന ടാഗിന് കോസിങ്ങ് ടാഗ്  മാത്രം മതി. ആ ടാഗിന് പക്ഷെ സ്ലാഷ് br എന്നതിന് ശേഷമാണ് എഴുതുക.<br /> ഇങ്ങനെ.  ഇവിടെ കാണുക .  ഈ ടാഗ് വെബ്പേജ് ഉണ്ടാക്കാനല്ലാതെ തന്നെ ബ്ലോഗില്‍ ചിലപ്പോള്‍ ഉപകാരമുണ്ടാവും.  അത് പോലെ തന്നെയാണ് hr (horizontal rule ) എന്ന ടാഗ്.  രണ്ട് ഖണ്ഡികകള്‍ക്കിടയില്‍ ഒരു നേര്‍ വര (horizontal line) വേണമെങ്കില്‍ <hr /> എന്ന ക്ലോസിങ്ങ് ടാഗ് മതി.  ഇവിടെ നോക്കുക. 


[ ബ്ലോഗര്‍മാര്‍ക്ക് വളരെ ഉപകാരപ്രദമായ target എന്ന  Anchor tag നെ പറ്റി ഒന്ന് സൂചിപ്പിക്കാം.  നമ്മള്‍ ബ്ലോഗില്‍  പലപ്പോഴും ലിങ്ക് കൊടുക്കാറുണ്ടല്ലൊ. ഈ പോസ്റ്റില്‍ തന്നെ കുറെ ലിങ്കുകള്‍ കാണാം.  ഏതെങ്കിലും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തുനോക്കൂ.  അപ്പോള്‍ മറ്റൊരു ജാലകത്തില്‍ ആ പേജ് തുറക്കുന്നത് കാണാം.  അപ്പോള്‍ വാ‍യനക്കാര്‍ക്ക് ബേക്ക് അടിച്ച് നമ്മുടെ പേജില്‍ വീണ്ടും വരേണ്ടതില്ല.  ഇങ്ങനെ പോസ്റ്റിലെ ഇമേജിനും ആങ്കര്‍ ടാഗ് കൊടുക്കാം. പല ബ്ലോഗര്‍മാരും ഈ ടാഗ് ഉപയോഗിച്ചു കാണുന്നില്ല. എങ്ങനെയാണ് ഈ ടാഗ് പോസ്റ്റില്‍ കൊടുക്കുക എന്ന് നോക്കാം.  W3School എന്നതിന് ലിങ്ക് കൊടുക്കാന്‍ നാം ആ ടെക്സ്റ്റ്  സെലക്റ്റ് ചെയ്തിട്ട് മേലെ Link എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്താല്‍ വരുന്ന  കോളത്തില്‍ http://www.w3schools.com/default.asp എന്ന യു ആര്‍ എല്‍ പെയിസ്റ്റ് ചെയ്തിട്ട് ഓ.കെ. അടിക്കുന്നു അല്ലെ.  ഇപ്പോള്‍ ലിങ്ക് ആയി. ഇനിയാണ് ടാര്‍ഗറ്റ് എന്ന ടാഗ് കൊടുക്കേണ്ടത്.  അതിന് പോസ്റ്റ് ടൈപ്പ് ചെയ്യുന്ന എഡിറ്ററിന്റെ മേലെ കാണുന്ന Edit HTML എന്ന ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ എഡിറ്റര്‍ HTML മോഡില്‍ ആയിരിക്കും. അവിടെ < a href="http://www.w3schools.com/default.asp" >W3School< / a > ഓപ്പനിങ്ങ് ടാഗില്‍ യു ആര്‍ എല്‍ പിന്നെ കൊട്ടേഷന്‍ ചിഹ്നം കഴിഞ്ഞിട്ട് target="_blank"  എന്നു കൂടി ടൈപ്പ് ചെയ്യുക. അപ്പോള്‍ ഇങ്ങനെ ഇരിക്കും : <  a href="http://www.w3schools.com/default.asp" target="_blank">W3School <  / a  >  എന്നിട്ട് വീണ്ടും Compose മോഡില്‍ മാറ്റിയിട്ട് തുടര്‍ന്ന് എഴുതുകയോ പോസ്റ്റ് പബ്ലിഷ് ചെയ്യുകയോ ചെയ്യുക. ]
(തുടരും)