Links

Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

അമൃതാനന്ദമയിക്ക് ആദരവോടെ ...



“വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.”



നമ്മുടെ നാട്ടില്‍  പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തൊട്ട് മേല്‍പ്പോട്ട് മുഖ്യമന്ത്രി വരെ പതിനായിരക്കണക്കിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുണ്ട്.  ജനങ്ങളുടെ ക്ഷേമവും സൌകര്യങ്ങളും ഒക്കെ നോക്കി യഥാവിധി വേണ്ടത് ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ് ഇവരൊക്കെ. ഇങ്ങനെ ചെയ്യുന്നത് ചുമ്മാ ഓസിനല്ല. വാര്‍ഡ് മെമ്പര്‍ക്കും ശമ്പളവും പെന്‍ഷനും എല്ലാം ഉണ്ട്.  പൌരന്മാര്‍ക്ക് അതൊക്കെ ചെയ്ത് കിട്ടുന്നതും സക്കാത്തായല്ല.  വില്ലേജ് ആഫീസ് തൊട്ട് പഞ്ചായത്ത് മുതല്‍ സംസ്ഥാനം വരെ (കേന്ദ്രത്തിന്റെ ഇവിടെ വിടുന്നു, തല്‍ക്കാലം സ്റ്റേറ്റിന്റെ മാത്രം) വേണ്ടുവോളം നികുതി ഓരോ പൌരനും കൊടുക്കുന്നുണ്ട്.  നമ്മള്‍ മിക്ക നികുതികളും പരോക്ഷമായി കൊടുക്കുന്നത് കൊണ്ട് ഒരാള്‍ ഓരോ ദിവസവും കൊടുക്കുന്ന നികുതി എത്രയാണെന്ന് ആരും ചിന്തിക്കുന്നില്ല.  എന്നിട്ടും  പൌരന്മാര്‍ക്ക്  ഈ ഭരണസ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും തിരിച്ചു കിട്ടുന്നത് എന്താണ്?  ഇത്തരം ഭരണസ്ഥാപനങ്ങളെ താങ്ങി നിര്‍ത്തുന്നതും  ജനപ്രതിനിധികള്‍ക്ക് ചെലവിന് കൊടുക്കുന്നതും ജനങ്ങളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

എല്ലാം പോട്ടെ ,  നാട്ടില്‍  ഓരോ മൂത്രപ്പുരയെങ്കിലും വേണം എന്ന് മുഖ്യമന്ത്രി തൊട്ട് താഴെ തട്ടിലുള്ള വാര്‍ഡ് മെമ്പര്‍ വരെ ഇക്കാലമത്രയായിട്ടും ചിന്തിച്ചോ?  നഗരത്തില്‍  കുടുംബസമേതം എത്തിപ്പെടുന്നവര്‍ എത്ര വിഷമിക്കുന്നുണ്ടെന്ന് ഇവരാരെങ്കിലും കണക്കിലെടുത്തോ?  ഇന്നത്തെ പത്രത്തില്‍  രാജ്യത്തെ സ്കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാന്‍ മാതാ അമൃതാനന്ദമയി മഠം തയാറാണെന്ന്  മാതാ അമൃതാനന്ദമയി പ്രസ്ഥാവിച്ചതായി കാണുന്നു.  ഈ കാര്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്ന അമൃതാനന്ദമയിക്ക് ഞാന്‍ ആദരവോടെ പ്രണാമം അര്‍പ്പിക്കുന്നു. പത്ര വാര്‍ത്ത താഴെ :

കൊല്ലം:  സമൂഹ സേവന മേഖലകളിലെ പുതിയ കാല്‍വയ്പുമായി 57ആം പിറന്നാളിനു മുന്നോടിയായി മാതാ അമൃതാനന്ദമയി വീണ്ടും ലോക സേവനത്തിന്. രാജ്യത്തെ സ്കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാന്‍ മാതാ അമൃതാനന്ദമയി മഠം തയാറാണെന്ന് അമ്മ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെയാണിത്. കേരളത്തില്‍ തുടക്കമിടുന്ന പദ്ധതി ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും.  പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ പിറകിലാണെന്ന് അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളില്‍ റോഡുകളും പൊതുസ്ഥലങ്ങളും പൊതു കുളിമുറികളും ടോയ്ലറ്റുകളുമൊക്കെ പരമാവധി വൃത്തിയായാണു സൂക്ഷിക്കുന്നത്.

വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇതു നടപ്പാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം - അമ്മ നിര്‍ദേശിച്ചു.  അമൃതപുരിയില്‍ 27നു നടക്കുന്ന പിറന്നാള്‍ ആഘോഷം പുലര്‍ച്ചെ അഞ്ചിനാണു തുടങ്ങുക. 11നു പിറന്നാള്‍ സമ്മേളനത്തില്‍ അമൃത സ്വാശ്രയ സംഘങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമിടും.

അമൃതനിധി പെന്‍ഷന്‍ പദ്ധതിയിലെ പുതിയ അംഗങ്ങള്‍ക്ക് ആദ്യ ഗഡു വിതരണം, വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ് വിതരണം, സമൂഹവിവാഹം തുടങ്ങിയവയും നടത്തും. ഒന്‍പതു ഭാരതീയ ഭാഷകളില്‍ തയാറാക്കിയ മഠത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും നടക്കും. കാല്‍ ലക്ഷം സ്ത്രീകള്‍ക്കാണു വസ്ത്രം ദാനം ചെയ്യുക. സമൂഹവിവാഹത്തിനു വസ്ത്രം, ഭക്ഷണം, ആഭരണങ്ങള്‍ എന്നിവ സൌജന്യമായി നല്‍കുന്നതിനൊപ്പം ധനസഹായവും നല്‍കും. അമ്മയുടെ കാര്‍മികത്വത്തിലാണു വിവാഹം നടത്തുക. അമ്മയുടെ ജീവചരിത്രം ഇംഗിഷില്‍ തയാറാക്കിയതു ചടങ്ങില്‍ പ്രകാശനം ചെയ്യും.

അമേരിക്കന്‍ റാപ് ഗായകന്‍ ഡഗ് ഇ ഫ്രെഷിന്റെ സാന്നിധ്യമാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ജന്‍മദിനാഘോഷ വേളയില്‍ അദ്ദേഹം സംഗീതവിരുന്നൊരുക്കും. രാജ്യത്ത് ആദ്യമായെത്തുന്ന ഈ നാല്‍പത്തിനാലുകാരന്‍ അമൃത വിശ്വവിദ്യാപീഠം അങ്കണത്തിലെ പ്രത്യേക വേദിയില്‍ അമ്മയ്ക്കായി സംഗീതാര്‍ച്ചന സമര്‍പ്പിക്കും.

(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: മലയാള മനോരമ)

ഇരുട്ട് പരത്താതിരുന്നെങ്കില്‍ ..

ഹ്യൂമനിസ്റ്റ് മൂവ്‌മെന്റ് എന്ന സംഘടനയുടെ ഒരു ഘടകം കണ്ണൂരിലും പ്രവര്‍ത്തിച്ചിരുന്നു.  ഏത് സംഘടനയിലും ഒന്ന് എത്തിനോക്കുക എന്നത് എന്റെ ഒരു ദൌര്‍ബല്യമാണ്.  ഒരു സംഘടന എന്ത് ലക്ഷ്യമാണോ മുന്നോട്ട് വെക്കുന്നത് , ആ ലക്ഷ്യം നിറവേറ്റാന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കൂറും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണം എന്നൊരു മുന്‍‌വിധി ഉള്ളത്കൊണ്ട് ഒരു സംഘടനയിലും നീണ്ട കാലം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയാറില്ല. കുറ്റം എന്റേത് തന്നെയാണ്.  ഹ്യൂമനിസ്റ്റ് മൂവ്മെന്റില്‍ നിന്ന് എനിക്ക് ധാരാളം പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  നിത്യവും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ളത് നിരവധി കാണാം.  സൂക്ഷിച്ചു നോക്കിയാല്‍ പോസിറ്റീവാണ് കൂടുതല്‍ എന്നും മനസ്സിലാകും. എന്നാല്‍ പോസിറ്റീവായിട്ടുള്ളത് ആരും കാണുന്നില്ല. കണ്ടാലും ഓര്‍ക്കുന്നില്ല. ഓര്‍ത്താലും ആരോടും പറയുന്നില്ല. അഥവാ പോസിറ്റീവായവ ആരും പ്രചരിപ്പിക്കുന്നില്ല.  മാധ്യമങ്ങള്‍ നോക്കൂ, രാഷ്ട്രീയക്കാരുടെയും സാംസ്ക്കാരികനായകരുടെയും പ്രസ്ഥാവനകള്‍ നോക്കൂ. എവിടെയും നെഗറ്റീവ് മാത്രം.

 അങ്ങനെ നമ്മള്‍ നെഗറ്റീവ് മാത്രം കാണാനും ചിന്തിക്കാനും പ്രചരിപ്പിക്കാനും ശീലിക്കുന്നു. എവിടെ നോക്കിയാലും നെഗറ്റീവ് മാത്രമേയുള്ളൂ എന്ന തീരുമാനത്തിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു.  ഇത് ശരിക്ക് പറഞ്ഞാല്‍ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഇരുട്ട് പരത്തുന്നത് പോലെയാണ്.  ഏതൊരു വ്യക്തിയുടെ ജീവിതം പരിശോധിച്ചാലും അയാള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറിയ ഭാഗവും പോസിറ്റീവ് തന്നെയായിരിക്കും. എന്നാല്‍ അയാളിലെ നെഗറ്റീവ് കണ്ടുപിടിച്ച് പെരുപ്പിച്ച് പറയാനാണ് നമ്മുടെ വാസന. ഇതൊരു തരം മനോവ്യാധി പോലെ നമ്മളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.  നാലാളുകള്‍ കൂടിയാല്‍ അപരന്റെ ദൂഷ്യങ്ങള്‍ പറയാനാണ് നാം മെനക്കെടുന്നത്. എടുത്ത് പറയാന്‍ മാത്രമുള്ള എന്തെങ്കിലും പോസിറ്റീവ് അംശങ്ങള്‍ അയാളില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ നാം ശ്രമിക്കുന്നേയില്ല. നാം എങ്ങനെയാണോ ലോകത്തെ കാണാന്‍ ശ്രമിക്കുന്നത്, അങ്ങനെയാണ് ലോകം നമുക്ക് കാഴ്ചപ്പെടുക. നെഗറ്റീവ് മാത്രം കാണാന്‍ ശീലിച്ചാല്‍ ക്രമേണ നാം വിഷാദരോഗത്തിന് അടിമയായി പോകും.

നല്ല ശീലങ്ങള്‍ ശീലിക്കുക, നല്ല മനസ്സ് സ്വയം ഉണ്ടാക്കുക,  നല്ല കാര്യങ്ങള്‍ കാണുക പറയുക , എന്നതൊക്കെ കഠിനമായ മാനസികവ്യായാമം ആവശ്യപ്പെടുന്ന സംഗതികളാണ്. എന്തും ചീത്തയാകാന്‍ എളുപ്പമാണ്.  എളുപ്പമായത് ചെയ്യുക എന്നതാണ് മനുഷ്യപ്രകൃതി എന്ന് തോന്നുന്നു. ഉപദേശങ്ങള്‍ കൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ലെന്ന് നമുക്ക് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഉപദേശങ്ങള്‍ തന്നെയാണ് സമൂഹത്തെ കൂടുതല്‍ തിന്മകളിലേക്ക് പോകാതെ നിലനിര്‍ത്തുന്നത്.  എത്രയോ നല്ല ആളുകള്‍ നമുക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  നമ്മളില്‍ മറഞ്ഞിരിക്കുന്ന നന്മകള്‍ക്ക് നിദാനം ആ സദുപദേശങ്ങള്‍ തന്നെയാണ്. അത്കൊണ്ടാണ് വര്‍ത്തമാനകാല ആസുരതകളിലും നമുക്ക് മനുഷ്യനായി ജീവിയ്ക്കാന്‍ സാധിക്കുന്നത്.

പണത്തിന് വേണ്ടി എന്തും ചെയ്യാം എന്നതാണ് ഇന്നത്തെ കാട്ടുനീതി. അങ്ങനെ അഴിമതി അര്‍ബുദം പോലെ നമ്മുടെ സമൂഹഗാത്രത്തെ ഗ്രസിച്ചിരിക്കുന്നു. ഈ രോഗത്തെ എങ്ങനെ മറികടക്കാം എന്നതാണ് ഇന്നത്തെ വെല്ലുവിളി. ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് എല്ലാം അനുസരിച്ചും വിധേയനായിക്കൊണ്ടും മാത്രമെ ജീവിയ്ക്കാന്‍ ഒക്കുകയുള്ളൂ.  പണവും പൊന്നും ഭൂമിയും അധികാരവും സേവകരും എത്ര കിട്ടിയാലും പോര എന്ന മാനസികാവസ്ഥയിലാണ് ഇന്ന് അധികാരസ്ഥാനങ്ങളിലും പദവികളിലും ഇരിക്കുന്നവര്‍ എന്നത് സാമൂഹ്യജീവിതത്തെ അത്യന്തം ഭയാനകമാക്കുന്നുണ്ട്. ന്യായാധിപന്മാര്‍ പോലും ഇത്തരം പ്രലോഭനങ്ങളില്‍ വീഴുമ്പോള്‍ എന്ത് ചെയ്യും.  പ്രസ്ഥാവനകള്‍ ഇറക്കിയത്കൊണ്ടോ,  ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്കൊണ്ടോ, പ്രസംഗിച്ചത്കൊണ്ടോ ആയില്ല.  കുറഞ്ഞ പക്ഷം നമ്മളോരോരുത്തരം ഇരുട്ട് പരത്താതിരുന്നെങ്കില്‍ എന്ന് ആശിക്കാനേ എനിക്ക് കഴിയുന്നുള്ളൂ .....

റോഡുകള്‍ യോഗം ചേരാനുള്ളതല്ല

റോഡുകളില്‍ പൊതുയോഗം ചേരുന്നത് ഹൈക്കോടതിക്ക് നിരോധിക്കേണ്ടി വന്നത് തന്നെ നമ്മുടെ സമൂഹം അത്ര പരിഷ്കൃതമല്ല എന്നത്കൊണ്ടാണ്.  എന്നാല്‍ കോടതി ഇടപെട്ട് അങ്ങനെ നിരോധിച്ചതിനെ പരിഷ്കൃതമനസ്സുള്ളവര്‍ തീര്‍ച്ചയായും സ്വാഗതം ചെയ്തിരിക്കും. റോഡുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ മാത്രമാണ്.  അതിനപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് യാത്രാസൌകര്യത്തെ അപഹരിക്കുന്ന നീചമായ പ്രവൃത്തിയാണ്. എന്നാല്‍ റോഡുകളില്‍ പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രസ്ഥാവിച്ച ജഡ്ജിമാരെ ശുംഭന്മാര്‍ എന്നാണ് സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് വിശേഷിപ്പിച്ചത്. ആരാണ് ശുംഭന്‍ എന്ന് ചിന്തിക്കുന്നവര്‍ തിരിച്ചറിയും.  ഇങ്ങനെ പ്രസംഗിക്കാന്‍ കഴിയുന്നവര്‍ക്കാണ് സി.പി.എമ്മില്‍ ഉയര്‍ന്ന പദവിയില്‍ എത്താന്‍ കഴിയുക. അല്ലാതെ ജനങ്ങളെ കാലത്തിനൊപ്പം പരിഷ്ക്കാരങ്ങളിലേക്കും നവീനസംസ്ക്കാരങ്ങളിലേക്കും നയിക്കാന്‍ കഴിയുന്നവര്‍ക്കല്ല. സി.പി.എം.കാര്‍ക്ക് പാര്‍ട്ടി താല്പര്യമേയുള്ളൂ.  എന്തെന്നാല്‍ ജനാധിപത്യത്തില്‍ അവര്‍ക്ക് അളവില്ലാത്ത സൌകര്യങ്ങളാണ് പാര്‍ട്ടി നിമിത്തം ലഭിക്കുന്നത്. ആരോടും കണക്ക് പറയേണ്ടതില്ല. അത്കൊണ്ട് പാര്‍ട്ടി നിലനിര്‍ത്താന്‍ എന്ത് നെറികേടും പ്രസംഗിക്കും, പ്രവര്‍ത്തിക്കും.  ഇത്തരം ചില രാഷ്ട്രീയവൈകൃതങ്ങളും ജനാധിപത്യത്തില്‍ സഹിക്കേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കെന്താണോ താല്പര്യം അതേ ഉണ്ടാകാന്‍ പാടുള്ളൂ. അല്ലാതെ പാര്‍ട്ടികള്‍ക്ക് പാര്‍ട്ടികളുടെ താല്പര്യം എന്നൊന്നു ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഇവിടെ പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ ഉണ്ടാവുകയും അവ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു. ഇതൊക്കെ പാടില്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാം. കുറെ പാര്‍ട്ടികളെ വേണ്ടാതെ ചുമക്കാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിതരാവുന്നു. സമൂഹം ചിന്താപരമായി തീരെ പുരോഗമിക്കുന്നില്ല എന്നോ അല്ലെങ്കില്‍ പൌരന്മാരായി സംഘടിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല എന്നോ മറ്റോ ആയിരിക്കാം കാരണം. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ വീതം വെച്ചെടുക്കാന്‍ നിഷ്‌പ്രയാസം സാധിക്കുന്നു.

റോഡുകളില്‍ എന്താണ് പൊതുയോഗം ചേരേണ്ടി വരുന്നത്? കുറച്ച് ശ്രോതാക്കളെ ചുളുവില്‍ കിട്ടും. അത് തന്നെ. ഇപ്പോള്‍ പ്രസംഗം കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യമില്ല. ഹാളുകളിലോ , അനുവാദം വാങ്ങി സ്കൂളുകളിലോ അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ പഞ്ചായത്തിനും സാംസ്ക്കാരികനിലയങ്ങളും ഗ്രൌണ്ടുകള്‍ , സ്റ്റേഡിയങ്ങള്‍ ഒക്കെയുണ്ട് അവിടെയൊക്കെ പൊതുയോഗം വെച്ചാല്‍ നാലാള് വരുമെന്ന് ഒരു ഉറപ്പുമില്ല.  രാഷ്ട്രീയപ്രസംഗം ഇപ്പോള്‍ അത്ര അരോചകമാണ്. സ്വന്തം പാര്‍ട്ടിക്കാരന്റെ ആകുമ്പോള്‍ ഒരു തലയെഴുത്ത് പോലെ ഇരുന്നുകൊടുക്കുന്നതാണ് ചിലര്‍. പൊതുയോഗം നടത്തുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒരു വഴിപാട് പോലെ നടത്തപ്പെടുന്ന അനുഷ്ടാനങ്ങളാണ്. അപ്പോള്‍ നാലാള് വന്നില്ലെങ്കില്‍ എന്ത് ചെയ്യും. അവിടെയാണ് റോഡുകളുടെ പ്രസക്തി. ഒന്നുമില്ലെങ്കില്‍ ബസ്സ് കാത്ത് നില്‍ക്കുന്ന നാലാളെങ്കിലും കാണും.  എന്നാലും കേള്‍വിക്കാര്‍ ആരുമില്ലാതെ വിരലിലെണ്ണാവുന്ന ചില സംഘാടകരെ മുന്നില്‍ നിര്‍ത്തി പ്രാസംഗികന്റെ  പ്രസംഗപാടവം പ്രകടിപ്പിക്കുന്ന യോഗങ്ങളും കാണാറുണ്ട്. അതേ സമയം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമ്പോള്‍ ട്രാഫിക്ക് ജാം ആയി വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയാതെ കഷ്ടപ്പെടുന്നതും പതിവാണ്. എന്ത് തന്നെയായാലും പൊതുയോഗം എന്നത് ഒരു ഹാളില്‍ നടക്കുന്നതാണ് സിവിലൈസ്ഡ് രീതി എന്ന് പറയാതെ വയ്യ. നമ്മുടെ സമൂഹത്തെ പ്രാകൃതസമ്പ്രദായങ്ങളില്‍ തളച്ചിടാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. അവര്‍ക്കും അത്രയേ നിലവാരമുള്ളൂ എന്നതാണ് സംഗതി. കഴിവും  ഭാവനയും ചിന്താശക്തിയും ഒക്കെ ഉള്ളവര്‍ ആര് രാഷ്ട്രീയത്തില്‍ വരുന്നു?

ഒരു ജനതയുടെ സംസ്ക്കാരം എന്ത് എന്ന് തിരിച്ചറിയാന്‍ അവിടത്തെ റോഡുകള്‍ നോക്കിയാല്‍ മതി. നമ്മുടെ റോഡുകള്‍ കണ്ടാല്‍ നമ്മള്‍ എത്ര പ്രാകൃതരാണെന്ന് ബോധ്യപ്പെടും. വെറുമൊരു ആള്‍ക്കൂട്ടം എന്നതിലുപരി ഒരു സമൂഹമായി , പരിഷ്കൃത ജനതയായി നമ്മള്‍ ഇനിയും മാറിയിട്ടില്ല എന്ന് ഇവിടത്തെ റോഡുകള്‍ സാക്ഷ്യം പറയുന്നു. നമ്മെ നയിക്കാന്‍ നല്ല നേതാക്കള്‍ ഇല്ലാതെ പോയി. അതാണ് കാരണം. ഇന്‍ഫീരിയോരിറ്റി കോംപ്ലക്സ് ഉള്ളവരാണ് താഴെ തട്ട് മുതല്‍ രാഷ്ട്രീയത്തില്‍ കടന്ന് വന്നത്. അവരാണ് പല ജനാധിപത്യസ്ഥാനങ്ങളിലും ഇരിക്കുന്നത്.  രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും കുറച്ച് നല്ലവര്‍ ഉണ്ട്. പക്ഷെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ വെറുതെ പരാതി പോലെ പറയുന്നതല്ല. നമുക്ക് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാമായിരുന്നു. അതിന് കഴിഞ്ഞില്ല. ആ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു എന്ന് മാത്രം.

കോടതി വിധി ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ജഡ്ജിമാര്‍ രാജി വെക്കണമെന്നും ആ ഉന്നതനേതാവ് ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടേത് പോലെ ഒരു അപരിഷ്കൃത സമൂഹത്തില്‍ മാത്രമേ ഇങ്ങനെ പ്രസംഗിക്കാന്‍ ഒരു നേതാവ് ധൈര്യപ്പെടുകയുള്ളൂ. കവലപ്രസംഗത്തിന് , തെരുവ് പ്രസംഗത്തിന് എന്ത് അന്തസ്സാണുള്ളത്. എന്ത് മാന്യതയാണുള്ളത്? ഒരു കാലത്ത് അതൊക്കെ നടന്നിരിക്കാം. നമ്മള്‍ അത്ര പുരോഗമിക്കാത്തത്കൊണ്ട് തെരുവുകളില്‍ യോഗങ്ങള്‍ കൂടേണ്ടി വന്നിരിക്കും. എന്നാല്‍ എന്നും അങ്ങനെ മതിയോ? ഇന്ന് നിരവധി ഹാളുകള്‍ എവിടെയും ലഭ്യമാണ്. മാത്രമല്ല, ഇന്ന് റോഡുകള്‍ യാത്രാവശ്യത്തിന് തന്നെ അപര്യാപ്തമാണ്. വാഹനങ്ങള്‍ കൂടി. കാല്‍നടക്കാര്‍ കൂടി. റോഡുകള്‍ കൈയ്യേറുന്നതും കൂടി.  എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമാണ് പരിഷ്ക്കാരത്തിന്റെ മുഖമുദ്ര.  നമ്മുടെ റോഡുകള്‍ ശ്രദ്ധിച്ചാല്‍ നമ്മള്‍ തൊലിപ്പുറമെ മാത്രമാണ് പരിഷ്ക്കാരികള്‍ എന്നും മനസ്സ് കാടന്മാരുടേതാണെന്നും തോന്നിപ്പോകും. ഇതില്‍ കുറ്റവാളികള്‍ വ്യക്തികളല്ല. നല്ല നേതാക്കളെ നമുക്ക് സിദ്ധിച്ചില്ല.  ചെന്നൈയില്‍ ഇപ്പോള്‍ എവിടെയും വാള്‍ പോസ്റ്ററുകളോ കട്ട്-ഔട്ടുകളോ കാണാനില്ല. നഗരം ഇപ്പോള്‍ കൂടുതല്‍ സൌന്ദര്യവല്‍ക്കരണത്തിന്റെ പാതയിലാണ്. ചോദിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദ്ദേശമാണെന്നാണ് പറഞ്ഞത്. അങ്ങനെയും ചില വ്യക്തികള്‍ വിചാരിച്ചാല്‍ കഴിയും.

അതിരിക്കട്ടെ, ഈ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരാണ്. ഒരു പാര്‍ട്ടി പറഞ്ഞാല്‍ റോഡുകളില്‍ വന്ന് യോഗം ചേരുന്നവര്‍ മാത്രമാണോ ജനങ്ങള്‍ ? പൊതുയോഗം റോഡുകളില്‍ ചേരുന്നത് എങ്ങനെയാണ് ജനങ്ങളുടെ ആവശ്യമാകുന്നത്. അവര്‍ക്ക് യോഗങ്ങള്‍ വേണമെങ്കില്‍ അവര്‍ ഹാളുകളിലും മൈതാനങ്ങളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലും വരില്ലേ? പൊതുയോഗം റോഡുകളില്‍ തന്നെ വേണം എന്ന് ജനങ്ങള്‍ പറയുമോ? പുരോഗമനപരമായ എന്തിനെയും എതിര്‍ക്കുക, സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടയുക, ജനങ്ങളെ എന്നും അപരിഷ്കൃതരായി തളച്ചിടുക എന്നിങ്ങനെയുള്ള സി.പി.എമ്മിന്റെ പ്രാകൃതരീതിയാണ് ഈ കോടതി വിധിക്കെതിരെയുള്ള എതിര്‍പ്പിലും പ്രകടമാകുന്നത്.  ഏതായാലും ഈ കോടതി വിധി കൊണ്ടൊന്നും നമ്മുടെ റോഡുകള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ബന്ദ് , ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നിവ നിരോധിച്ച പോലെയേ ഇതും ഉള്ളൂ.  കേരളത്തിന്റെ രാഷ്ട്രീയചിന്തയില്‍ , സാംസ്ക്കാരികനിലപാടുകളില്‍ സമഗ്രമായ മാറ്റം വരണം. അതിന് നമ്മള്‍ കുറെ കാത്തിരിക്കണം.  അന്ന് ഈ യു.ഡി.എഫ്-എല്‍‌ഡി‌എഫ് വീതം വയ്പ്പ് അവസാനിക്കും. അന്ന് പുതിയൊരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്ന് വരും. റോഡുകളേ, അത് വരെ കാത്തിരിക്കുക.

കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..

കണ്ണൂര്‍ തെക്കി ബസാറിലെ വീട്ടമ്മമാര്‍ നടത്തിവന്നിരുന്ന കള്ള് ഷാപ്പ് ഒഴിപ്പിക്കല്‍ സമരം ഒത്ത്
തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തില്‍ സമരങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യരുത്, ഒത്ത്തീരാനേ പാടുള്ളൂ. ഒത്ത്തീര്‍പ്പിന് എപ്പോഴും ഒരു ശാന്തിയുടെയും സമാധാനത്തിന്റെയും സൌന്ദര്യമുണ്ടാകും. വീടുകള്‍ക്ക് നടുവില്‍ ഷാപ്പ് നിലനിര്‍ത്തി കള്ള് വില്‍ക്കരുത് എന്ന തികച്ചും ന്യായമായ ആവശ്യം മാത്രമായിരുന്നു വീട്ടമ്മമാര്‍ക്ക്. ആ ആവശ്യം നിവര്‍ത്തി ചെയ്യപ്പെട്ടിരിക്കുന്നു. ഇടയില്‍ സംഭവിച്ച തര്‍ക്കങ്ങളും അനിഷ്ടസംഭവങ്ങളും ദൌര്‍ഭാഗ്യകരമെന്ന് കരുതി വിസ്മരിക്കാം. എന്നാല്‍ ഈ സമരം നല്‍കുന്ന മഹത്തായ ഒരു പാഠമുണ്ട്. ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍‌കൈ എടുത്ത് സമരത്തിനിറങ്ങണം. ആ സമരങ്ങള്‍ അഹിംസയില്‍ ഊന്നിയതായുമിരിക്കണം. സമരം ന്യായവും ധാര്‍മ്മികവുമാണെങ്കില്‍ ബഹുജനങ്ങള്‍ അതേറ്റെടുത്ത് പരിഹാരത്തിലേക്ക് എത്തിച്ചിരിക്കും. അത്തരം കൊച്ചു കൊച്ചു സമരങ്ങള്‍ ജനാധിപത്യത്തിന്റെ മുന്നേറ്റം കൂടിയായിരിക്കും. സമരങ്ങള്‍ തുടങ്ങാന്‍ പ്രൊഫഷണല്‍ നേതാക്കളെ കാത്തിരിക്കുകയോ ആശ്രയിക്കുകയോ വേണ്ട. അവര്‍ ഇങ്ങോട്ട് വന്ന് പിന്‍‌തുണ പ്രഖ്യാപിക്കും. ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.

നേതാക്കള്‍ പലപ്പോഴും ഇടത്തട്ടുകാരന്റെ ചാഞ്ചാട്ടം കാണിക്കാന്‍ ഇടയുണ്ട്. ആ ചാഞ്ചാട്ടം ചിലപ്പോള്‍ ഒറ്റ്കൊടുക്കലിലും എത്തിപ്പെടാം. കള്ള്ഷാപ്പ് സമരത്തില്‍ സി.പി.എം. ഒഴികെ മറ്റ് മിക്ക പാര്‍ട്ടികളും ബഹുജനസംഘടനകളും വീട്ടമ്മമാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍ സമരത്തെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളും ഹൈജാക്ക് ചെയ്തു എന്ന ആക്ഷേപവുമായാണ് സി.പി.എം. സമരത്തെ നേരിട്ടത്. ഇതൊരു വില കുറഞ്ഞ അടവ് തന്ത്രമാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ബഹുജനസംഘടനകള്‍ സമരത്തിന്  പിന്തുണയുമായി വരുമ്പോള്‍ അവരെ വര്‍ഗ്ഗീയ-തീവ്രവാദ ചാപ്പ കുത്തി സമരത്തെ വികൃതമായി ചിത്രീകരിക്കുക. സമരത്തിലെ മറ്റ് സംഘടനാപങ്കാളിത്തം ചൂണ്ടിക്കാട്ടി സമരത്തിന്റെ ന്യായത്തെ മറയ്ക്കാന്‍ ശ്രമിക്കുക. സമരത്തിന് ആധാരമായ പ്രശ്നമല്ല, തീവ്രവാദ-വര്‍ഗ്ഗീയതയാണ് ഏറ്റവും വലുത് എന്ന് വരുത്തി തീര്‍ക്കുക. കിനാലൂരിലും ഇത് കാണാം.

 ഒരു സംഘടന ഈ രാജ്യത്ത് നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാലത്തോളം അതിന്
ഏത് ജനകീയസമരത്തിന് പിന്തുണ നല്‍കാനോ ഏറ്റെടുത്ത് നടത്താനോ അവകാശമുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും നിറവ്യത്യാസമില്ല. ഇടത്തട്ടുകാരന് എറിഞ്ഞുകൊടുക്കാതെ ബാധിക്കപ്പെട്ടവര്‍ മുന്നിട്ടിറങ്ങിയാല്‍ സമരങ്ങള്‍ ഒത്ത്തീര്‍പ്പാകാതിരിക്കാന്‍ സാധ്യതയില്ല. ബംഗാളിലെ സിംഗൂര്‍ , നന്ദിഗ്രാം തൊട്ട് ഇങ്ങേയറ്റത്ത് തെക്കി ബസാറിലെ കള്ള് ഷാപ്പ് മുതല്‍ കിനാലൂര്‍ വരെ ഏത് ജനകീയസമരങ്ങള്‍ എടുത്താലും സി.പി.എം. എന്ന പാര്‍ട്ടി ജനങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ജനകീയസമരങ്ങളെ പോലീസിനൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. എന്ത്കൊണ്ടാണ് സി.പി.എം. ഇങ്ങനെ മാറിപ്പോയത്? കാരണം സുവ്യക്തം.

സി.പി.എം. ഇന്ന് സാധാരണക്കാരന്റെ മാത്രം പാര്‍ട്ടിയല്ല. അത് ബ്യൂറോക്രാറ്റുകളുടെയും, വ്യാപാരി-വ്യവസായികളുടെയും, റീയല്‍ എസ്റ്റേറ്റുകാരുടെയും എല്ലാം പാര്‍ട്ടിയാണ്. എല്ലാവരും ഒരു കുടക്കീഴില്‍ എന്നതാണവരുടെ നയം ഇപ്പോള്‍ . അപ്പോള്‍ ആ‍ പാര്‍ട്ടിയില്‍ നിന്ന് സാധാരണക്കാ‍രന് നീതി കിട്ടാനോ, സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടി നിലകൊള്ളാന്‍ ആ പാര്‍ട്ടിക്കോ സാധിക്കാതെ വരുന്നു. അങ്ങനെ എല്ലാ വിഭാഗത്തിന്റെയും പാര്‍ട്ടിയായത്കൊണ്ട് സാധാരണക്കാരന്റെ വോട്ട് വാങ്ങി അധികാരം കരസ്ഥമാക്കാനും സമ്പന്നന്മാരുടെ പക്കല്‍ നിന്ന് അവിഹിതമായി പണം കൈപറ്റി കൂറ്റന്‍ കെട്ടിടസമുച്ചയങ്ങളും തീം പാര്‍ക്കുകളും മറ്റും പണിയാനും കഴിയുന്നു. മിക്കവാറുമെല്ലാ നേതാക്കള്‍ക്കും ഇപ്പോള്‍ നല്ല വീടുകളും മറ്റെല്ലാ സൌകര്യങ്ങളുമുണ്ട്. ഇതൊക്കെ അവരുടെ രേഖകളില്‍ പറയുന്ന കാര്യം തന്നെയാണ്.

സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് സമരം ചെയ്യാന്‍ സി.പി.എം.കാരെ കിട്ടുന്നില്ല എന്ന് മാത്രമല്ല അത്തരം സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ (ഇത് സി.പി.എം.ഭാഷയാണ്. അതാണ് അതിശയോക്തി കലരാന്‍ കാരണം) സി.പി.എം.കാര്‍ കോടാലിക്കൈകളായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. അത്കൊണ്ട് സമരം ചെയ്യുന്നവര്‍ അത് മുതലാളിയോടായാലും സര്‍ക്കാരിനോടായാലും ആദ്യം നേരിടേണ്ടി വരുന്നത് സി.പി.എം.കാരോടാണ്. അത്കൊണ്ട് നന്ദിഗ്രാമിലായാലും കിനാലൂരിലായാലും തെക്കി ബസാറിലായാലും സമരം ഒത്ത് തീരുക എന്ന് വെച്ചാല്‍ സി.പി.എമ്മിന്റെ കുതന്ത്രങ്ങള്‍ പരാജയപ്പെടുക എന്ന് കൂടിയാണ് അര്‍ത്ഥം.

കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോള്‍ ഒരു ദേവാസുര യുദ്ധം നടക്കുകയാണ്. അച്യുതാനന്ദനെ കുറിച്ച് എന്ത് എതിരഭിപ്രായമുണ്ടെങ്കിലും അദ്ദേഹമാണ് ദേവഗണത്തെ ഇന്ന് പ്രതിനിധീകരിക്കുന്നത്. അസുരഗണത്തെ ചേര്‍ന്നവര്‍ പാര്‍ട്ടിയെ കൈയ്യടക്കിയെങ്കിലും കേന്ദ്രനേതൃത്വം ഒന്ന് ഉള്ളത്കൊണ്ട് ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട് എന്ന സോ കോള്‍ഡ് കമ്മ്യൂണിസ്റ്റ് തന്ത്രമാണ് പയറ്റുന്നത്. ഈ യുദ്ധത്തില്‍ അസുരവര്‍ഗ്ഗമേ ജയിക്കുകയുള്ളൂ. എന്നാല്‍ ആത്യന്തികമായി വിജയിക്കുക ദേവഗണമായിരിക്കുമെന്നത് അനിവാര്യമായൊരു കാവ്യനീതിയാണ്. അച്യുതാനന്ദരും കൂട്ടരും സി.പി.എമ്മില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടാലും പാര്‍ട്ടിക്ക് പുറത്ത് ജനങ്ങളുണ്ട്. അവരാണ് യഥാര്‍ത്ഥ ദേവന്മാര്‍ . ഇന്നല്ലെങ്കില്‍ നാളെ ഈ അസുരന്മാര്‍
ജനങ്ങളോട് അടിയറവ് പറഞ്ഞേ തീരൂ.

സക്കറിയ പറഞ്ഞത്





ഉണ്ണിത്താന്‍ പ്രശ്നത്തില്‍ സക്കറിയ പറഞ്ഞത് ഡിഫിക്കാര്‍ക്ക് രസിച്ചില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ചു കൈയേറ്റം ചെയ്തത് സി.പി.എമ്മിന്റെ മുന്‍ എം.പി. യുടെ മകനും കൂട്ടാളികളുമാണത്രെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെ കുറിച്ചു അത്ര നല്ല ഇമേജ് അല്ല ഉള്ളത്. മന്ത്രിപുത്രന്‍,എമ്മെല്ലെ പുത്രന്‍ എന്നീ ഗണത്തില്‍ ഇപ്പോള്‍ എം‌പി പുത്രന്‍ എന്ന് കൂടി ചേര്‍ക്കപ്പെടുന്നു.

മഞ്ചേരിയില്‍ സംഭവിച്ചത് എന്താണ് എന്ന് നോക്കാം. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു. വന്നവര്‍ പിന്‍‌വാങ്ങുകയും മിനിറ്റുകള്‍ക്കകം ആള്‍ക്കൂട്ടം വീട് വളയുകയും ചെയ്യുന്നു. വളഞ്ഞവര്‍ ഡിഫിയുടെയും പി.ഡി.പി.യുടെയും പ്രവര്‍ത്തകര്‍ ആണെന്ന് പറയപ്പെടുന്നു. അതാരും നിഷേധിച്ചിട്ടുമില്ല. പോലിസ് എത്തുന്നതിന് മുന്‍പ് ആള്‍ക്കൂട്ടം ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും ഒപ്പമുള്ള സ്ത്രീയെ അധിഷേപിക്കുകയും ചെയ്യുന്നു. പോലീസ് വന്ന് ഉണ്ണിത്താനെയും ഒപ്പമുള്ള ജയലക്ഷ്മി എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് രാവിലെ അല്പം ആശയക്കുഴപ്പത്തിന് ശേഷം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ഉണ്ണിത്താനെയും ജയലക്ഷ്മിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. അന്ന് ഈ സംഭവം കൈരളി ചാനല്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ണിത്താനെതിരെയും ജയലക്ഷ്മിക്കെതിരെയും പോലീസ് റജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ ഒന്നാം പ്രതി വീട്ടുടമയായ അഷറഫ് ആണ്. ഒന്നാം പ്രതിയായ അഷറഫിനെ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ ഹാജരാക്കുകയോ അയാള്‍ ജാമ്യം സമ്പാദിക്കുകയോ ചെയ്തിട്ടില്ല. അഷറഫ് സ്ഥലത്തെ മലഞ്ചരക്ക് കച്ചവടക്കാരനാണ്. അപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും നമ്മള്‍ ഇപ്പോള്‍ ചോദിക്കേണ്ടതുണ്ട്.

പോലീസ് റജിസ്റ്റര്‍ ചെയ്ത ആ കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്?

എന്ത്കൊണ്ട് ഒന്നാം പ്രതിയായ അഷറഫിനെ ഇത് വരെയായി അറസ്റ്റ് ചെയ്തില്ല?

ഉണ്ണിത്താനും ജയലക്ഷ്മിയും അഷറഫിനോടൊപ്പം രാത്രി അയാളുടെ വീട്ടില്‍ എത്തിയത് ആള്‍ക്കൂട്ടം അന്ന് ആരോപിച്ചത് പോലെ അനാശാസ്യം നടത്താന്‍ വേണ്ടിയാണോ? എങ്കില്‍ അഷറഫിന്റെ ആള്‍ത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് പെണ്‍‌വാണിഭം നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ പ്രമാദമായി മാറേണ്ട ഒരു പെണ്‍‌വാണിഭ കേസല്ലെ ഇത്?

എന്നാല്‍ മേപ്പടി ചോദ്യങ്ങള്‍ അന്നത്തെ ദിവസം കഴിഞ്ഞ് ആരും ഉന്നയിച്ചില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് സംഭവത്തില്‍ നിന്ന് തലയൂരി. കേസിന്റെ തുടര്‍‌നടപടികള്‍ക്കായി അന്നത്തെ ആവേശത്തിന് ശേഷം ഡിഫിയോ,ജനാധിപത്യമഹിളാ അസോസിയേഷനോ, പിഡിപിയോ തുടര്‍ പ്രക്ഷോഭം ഒന്നും നടത്തിയില്ല. ആളുകള്‍ സംഭവം വിസ്മരിക്കുകയും ചെയ്തു. ചാനലുകളില്‍ കാണുമ്പോഴും പത്രങ്ങളില്‍ വായിക്കുമ്പോഴും മാത്രമേ ആളുകള്‍ എന്തും ഓര്‍ക്കാറുള്ളൂ. പിന്നെ മറക്കുകയാണ് പതിവ്. എന്നാല്‍ സക്കറിയ അത് മറന്നില്ല.

അതിനിടക്ക് ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ച്, ഉണ്ണിത്താന്‍ പറഞ്ഞതുംഎനിക്ക് ലഭിച്ച സ്ഥിരീകരിക്കാന്‍ കഴിയാത്ത ചില വിവരങ്ങളും നോക്കാം. ഉണ്ണിത്താന്റെ അകന്ന ബന്ധത്തില്‍ പെട്ട സ്ത്രീയാണ് ജയലക്ഷ്മി. അവരുടെ കുടുംബം നല്ല ബന്ധത്തിലാണ്. ജയലക്ഷ്മി വിവാഹിതയാണ്. ഒരു ആയുര്‍വേദ വൈദ്യനാണ് ഭര്‍ത്താവ്. അവര്‍ സേവാദള്‍ പ്രവര്‍ത്തകയായിരുന്ന കാലത്ത് കേരളം മുഴുക്കെ സഞ്ചരിച്ചിട്ടുണ്ട്. ആയിടക്ക് മഞ്ചേരിയില്‍ അഷറഫുമൊത്ത് പാര്‍ട്ടണര്‍ ഷിപ്പില്‍ സ്റ്റിച്ചിങ്ങ് സെന്റര്‍ തുടങ്ങി. എന്നാല്‍ ആ സ്ഥാപനം ശ്രദ്ധിക്കാന്‍ ജയലക്ഷ്മിക്കോ അഷറഫിനോ കഴിഞ്ഞില്ല. അഷറഫിന് മറ്റ് ബിസിനസ്സ് ഉണ്ട്, ജയലക്ഷ്മിക്ക് കൊല്ലത്ത് നിന്ന് വന്ന് അത് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞില്ല. അത് തുടങ്ങാന്‍ ജയലക്ഷ്മിക്ക് തന്റെ വിഹിതം മൂലധനമായി നല്‍കാന്‍ പണം വായ്പ നല്‍കിയത് ഉണ്ണിത്താനാണെന്നും , പകരമായി ജയലക്ഷ്മി ഉണ്ണിത്താന് ചെക്ക് നല്‍കിയിരുന്നെന്നും ആ ഇടപാടില്‍ തന്റെ ഷേര്‍ മടക്കിക്കിട്ടാന്‍ അഷറഫുമായി സംഭാഷണം നടന്നു വരികയാണെന്നും അത് സെറ്റ്‌ല്‍ ചെയ്യാനാണ് ജയലക്ഷ്മി ഉണ്ണിത്താനോടൊപ്പം എത്തിയതെന്നും, ഉണ്ണിത്താന് അന്ന് രാത്രി തന്നെ മകനെ കാണാന്‍ ബാംഗ്ലൂരിലേക്ക് തിരിക്കേണ്ടതുണ്ടായിരുന്നു എന്നുമാണ് എനിക്ക് ലഭിച്ച വിവരം. സത്യമാണോ എന്ന് അറിയില്ല. ഉണ്ണിത്താനുമായി പരിചയമുള്ള ഒരു കൊല്ലക്കാരന്‍ പറഞ്ഞതാണ്. അനാശാസ്യത്തിന് കൊല്ലത്ത് നിന്ന് മഞ്ചേരി വരെ എന്തിന് ഉണ്ണിത്താന്‍ വരണം എന്നാണയാള്‍ ചോദിക്കുന്നത്. സ്റ്റിച്ചിങ്ങ് സെന്റര്‍ കൊണ്ട് അഷറഫിന് ലാഭമൊന്നുമില്ല. എന്നാല്‍ അയാള്‍ ജയലക്ഷ്മിയുടെ മൂലധനവിഹിതം മടക്കിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായപ്പോള്‍ അന്നേ ദിവസം അവരെ ചതിക്കുകയായിരുന്നോ, ആളുകള്‍ക്ക് അവര്‍ വരുന്ന വിവരം ചോര്‍ത്തിക്കൊടുത്തുകൊണ്ട് എന്ന് കൊല്ലത്ത് ചിലര്‍ സംശയിക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ പോലീസ് പിന്നെയൊന്നും ചെയ്തതുമില്ല. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്.

സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്താലോ എവിടെയെങ്കിലും രാത്രി താമസിക്കാനിടയായാലോ ആള്‍ക്കൂട്ടം അവരെ വളയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അപകടമാണെന്നും ഇക്കണക്കിന് പോയാല്‍ അച്ചനും മകള്‍ക്കും ഒരുമിച്ചു യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുമെന്നുമാണ് സക്കറിയ പയ്യന്നൂരില്‍ പറഞ്ഞത്. പുരോഗമനം പറയുന്ന ഡിഫിക്കാറും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ജനാധിപത്യമഹിളക്കാരും സംഭവത്തില്‍ അധിക്ഷേപിക്കപ്പെട്ട സ്ത്രീയുടെ പൌരാവകാശം പരിഗണിച്ചില്ല എന്നതാണ് സ്വതന്ത്രചിന്തകനും മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്ത ആളുമായ സക്കറിയയെ ചൊടിപ്പിച്ചത്. ഡിഫിയുടെ ആദ്യത്തെ മനുഷ്യച്ചങ്ങലയില്‍ കേരളത്തിലെ മുഴുവന്‍ സാംസ്ക്കാരികപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും നിഷ്പക്ഷക്കാരും പ്രതീക്ഷയോടെ പങ്കെടുത്തിരുന്നു. കേരളത്തില്‍ ഒരു സാംസ്ക്കാരിക നവോത്ഥാനത്തിന് ഇടത് യുവത നേതൃത്വപരമായ പങ്ക് വഹിക്കും എന്ന പ്രതീക്ഷയാണ് അന്ന് അവര്‍ക്കെല്ലാമുണ്ടായിരുന്നത്. മഞ്ചേരിയില്‍ പിഡിപിയോടൊപ്പം സദാചാരപോലീസിന്റെ വേഷം കെട്ടിയ നടപടി പുരോഗമനല്ല, അധ:പതനത്തിന്റെ അവസാനത്തെ പടിയാണെന്ന് ചിന്തിക്കുന്ന ആര്‍ക്കും തോന്നും. ആ അപ്രിയസത്യം പയ്യന്നൂരില്‍ തുറന്ന് പറഞ്ഞതതാണ് സക്കറിയയ്ക്ക് വിനയായത്. പരാതി കൊടുക്കാന്‍ വിസമ്മതിച്ച സക്കറിയ ഡിഫിയെ പറ്റി പറഞ്ഞത് , അതിന്റെ മുഖം അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും മനസ്സ് വൈകൃതവുമാണെന്നാണ്. ഇന്നത്തെ അവസ്ഥയില്‍ പരാതി കൊടുത്താല്‍ താനാണ് പ്രതിയാവുക എന്നും പറഞ്ഞുവെച്ചു.

സക്കറിയയ്ക്ക് നേരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍ ഡിഫി നേതൃത്വം പതിവ് പോലെ സംഭവത്തെ അപലപിച്ചു. കൈയേറ്റശ്രമത്തില്‍ ഡിഫിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചു. സക്കറിയ പ്രശസ്തനായത് കൊണ്ട് ഇത് വാര്‍ത്താപ്രാധാന്യം നേടുകയും വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. എന്നാല്‍ സക്കറിയയുടെ കഴുത്തിന് പിടിച്ചു അവര്‍ ആക്രോശിച്ച വാക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പയ്യന്നൂരില്‍ വന്ന് ഇമ്മാതിരി പ്രസംഗിച്ചാല്‍ ജീവനോടെ തിരിച്ചു പോകാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന്. അപ്രശസ്തരും സാധാരണക്കാരുമായ ആളുകള്‍ ഡിഫിക്കാരുടെ ഇംഗിതത്തിനെതിരായി പ്രതികരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലൊ. അതാണവരുടെ ജനാധിപത്യവും പൌരാവകാശവും! കേരളത്തില്‍ ഭരണം മാറി മാറി വരുന്നത്കൊണ്ടാണ് അവരുടെ ഫാസിസ്റ്റ് മുഖം എല്ലാവര്‍ക്കും കാണാന്‍ കഴിയാത്തത്. ഇടക്കൊക്കെ സക്കറിയാമാര്‍ക്ക് ദര്‍ശനഭാഗ്യം കിട്ടുന്നു എന്ന് മാത്രം.

ഒരു സംഘടന പുരോഗമനമാകുന്നത്, അതിന്റെ പ്രസ്ഥാവനകളില്‍ കൂടിയോ പ്രസംഗങ്ങളില്‍ കൂടിയോ അല്ല. അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അനാചാരങ്ങള്‍ക്കെതിരെ ഡിഫിക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല അവരും അതിന്റെ പ്രചാരകരും പ്രയോക്താക്കളുമാണ്. കുടിച്ചു വറ്റിക്കുന്ന മദ്യത്തിന്റെ നല്ലൊരു ഭാഗം ഉപഭോക്താക്കള്‍ ഡിഫിക്കാരാണ്. സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന വിവാഹധൂര്‍ത്തിലും ജാതകം നോക്കലിലും മറ്റും ഡിഫിക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരു വ്യത്യാസവുമില്ല. കൈയ്യൂക്കും റൌഡിയിസവും സംഘടനയ്ക്ക് വേണ്ടി പ്രയോഗിക്കും എന്നതൊഴിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ഡിഫിക്കാര്‍ ഒട്ടും വ്യത്യസ്തരല്ല. പിന്നെ എവിടെയാണ് ഈ പുരോഗമനം?

ഉണ്ണിത്താനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ എന്‍.പി.മൊയ്തീനെ കെ.പി.സി.സി. ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടെന്തായി? മൊയ്തീന്‍ അന്വേഷിച്ചോ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ? അറിയില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. സസ്പന്‍ഷന്‍ വേഗത്തില്‍ പിന്‍‌വലിക്കാന്‍ പോകുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനും പോകുന്നില്ല. ഉണ്ണിത്താന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ഡിഫിക്കാരോ പിഡിപിക്കാരോ അല്ല. സാക്ഷാല്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ്. മരണം വരെ, മാറിമാറി വരുന്ന മുഖ്യമന്ത്രി പദവിയും പ്രതിപക്ഷനേതാവ് സ്ഥാനവും തനിക്ക് പതിച്ചു കിട്ടിയ മട്ടിലാണ് ഉമ്മന്‍ ചാണ്ടി. ആ ചാണ്ടിയുടെ നിഴലില്‍ നിന്നാലേ അദ്ധ്യക്ഷപദവി തനിക്ക് നിരന്തരമായി ലഭിക്കൂ എന്ന് ചെന്നിത്തലയ്ക്ക് അറിയാം. അതിന്റെ പേരാണ് സമവായം. അതാണ് കോണ്‍ഗ്രസ്സ് സംസ്ക്കാരം. പണ്ട് ശ്രീ. കെ.കരുണാകരന്റെ നിഴലായി ഒരു കെ.എം.ചാണ്ടിയുണ്ടായിരുന്നു. കരുണാകരനും മുരളിക്കും രാഷ്ട്രീയത്തില്‍ അടി തെറ്റി. അത് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും പാഠമാണ്. ഉണ്ണിത്താന്റെ വാഗ്‌ശരങ്ങള്‍ ചെന്നുകൊണ്ടത് പിണറായിക്കോ മദനിക്കോ അല്ല, ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നെഞ്ചത്താണ്. പ്രസംഗത്തില്‍ ഉണ്ണിത്താനെ വെല്ലാന്‍ കഴിയുന്ന പ്രാസംഗികര്‍ കോണ്‍ഗ്രസില്‍ അധികമില്ല. ആ ഉണ്ണിത്താനെ തഴയാന്‍ നല്ല അവസരമാണ് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ലഭിച്ചത്. സമവായം നീണാള്‍ വാഴ്ക!

ഹാ കഷ്ടം !

തേക്കടി ബോട്ടപകടത്തിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണാന്‍ സഹിച്ചില്ല. ഈയ്യിടെയായി പത്രങ്ങളിലെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു. ഭീതിയോടുകൂടി മാത്രമേ രാവിലെ പത്രം കൈയ്യിലെടുക്കാന്‍ കഴിയുന്നുള്ളൂ. മോഷ്ടാക്കളോ,ഗുണ്ടകളോ,ക്വട്ടേഷന്‍‌കാരോ അടുത്തെത്തിപ്പോയോ എന്ന ഭീതി. പത്രങ്ങളോ ടിവിയോ ഒഴിവാക്കാനും കഴിയുന്നില്ല. ഈ അടുത്ത കാലത്ത് പത്രങ്ങളില്‍ വായിച്ച ചുരുക്കം ചില നല്ല വാര്‍ത്തകളില്‍ പ്രധാനപ്പെട്ടത് നമ്മുടെ ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ പോയി അവാര്‍ഡ് വാങ്ങിയതാണ്. എന്നാലും ഈ ഇന്ത്യാടുഡേക്കാരനെ സമ്മതിക്കണം. ഒരു സംസ്ഥാനത്ത് ജനതയാകെ ഭയചകിതരായി കഴിയുന്ന വേളയില്‍ തന്നെയാണ്, ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെ ക്ഷണിച്ചു വരുത്തി അവാര്‍ഡ് നല്‍കുന്നത്. കൈക്കൂലി കൊടുത്താല്‍ പോലും ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു അവാര്‍ഡ് നല്‍കാന്‍ ഒരു സംഘടനയും ഒരു മാധ്യമവും ധൈര്യപ്പെടുകയില്ല. അവാര്‍ഡുകളുടെ ചരിത്രത്തില്‍ തന്നെ ഒരവാര്‍ഡ് സ്വയം ലജ്ജിക്കുന്ന ഈ സംഭവം ആദ്യമായിരിക്കും.

മന്ത്രിയുടെ മകളുടെ വീട്ടില്‍ കള്ളന്‍ കയറി കൊച്ചുമകളുടെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണ്ണം പിടിച്ച് വാങ്ങി. പത്ത് വയസ്സുള്ള കുട്ടിയുടെ കഴുത്തില്‍ അഞ്ച് പവന്റെ സ്വര്‍ണ്ണമാല എന്തിനണിയിച്ചു എന്ന ചോദ്യം അസൂയാലുക്കളുടേതാണെങ്കിലും അതില്‍ കാര്യമില്ലാതില്ല. സ്വര്‍ണം ഇന്ന് ആളെക്കൊല്ലിയായിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും. എന്നിട്ടും ആളുകള്‍ക്ക് ഈ സ്വര്‍ണ്ണഭ്രമം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നതിന് എന്താണു പേര് പറയുക. ഇത്തിരിയെങ്കിലും സ്വര്‍ണ്ണം കൈവശം വെക്കുന്നവര്‍ക്ക് നേരാംവണ്ണം ഉറങ്ങാന്‍ കഴിയുന്നില്ല. ഇല്ലാത്ത കാശ് കൊടുത്ത് സ്വര്‍ണ്ണം വാങ്ങി ബാങ്ക് ലോക്കറുകള്‍ക്ക് വാടക നല്‍കുന്നതെന്തിന്. സ്വര്‍ണ്ണക്കള്ളന്മാര്‍ ഇപ്പോള്‍ വെറും കള്ളന്മാരല്ല,ഹൈടെക്ക് മോഷ്ടാക്കളാണ്. ഏത് ലോക്കറും സുരക്ഷിതമാകണമെന്നില്ല ഇനിയങ്ങോട്ട്.

കേരളത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് കോടീശ്വരന്മാരായവരുടെ ഒരു ഗ്രാമമുണ്ട് തമിഴ് നാട്ടില്‍ പനവടലി, അക്ഷരാര്‍ഥത്തില്‍ ഇന്നൊരു കോടീശ്വരഗ്രാമമാണത്. തിരുനെല്‍‌വേലിയില്‍ നിന്ന് ശങ്കരന്‍ കോവിലിലേക്ക് പോകുന്ന വഴിയിലാണത്രെ ഈ പനവടലി എന്ന സ്ഥലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആ ഗ്രാമത്തില്‍ ചേരികളേ ഉണ്ടായിരുന്നുള്ളൂ പോലും. ഇന്ന് ബംഗ്ലാവുകള്‍ , കാറുകള്‍ , ട്രാക്ടറുകള്‍ എല്ലാവര്‍ക്കുമുണ്ട്. മോഷണത്തിലൂടെ ധനികരായ ആ ഗ്രാമവാസികള്‍ ഇപ്പോള്‍ കളവ് മതിയാക്കി ഇനി സ്വസ്ഥജീവിതം നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു പോലും. എന്നാലും കേരളത്തില്‍ മോഷണം പെരുകുകയേയുള്ളൂ. ആ പനവടലിയല്ലെങ്കില്‍ മറ്റെത്രയോ പനവടലികള്‍.  ജീവനില്‍ കൊതിയുള്ളവര്‍ സ്വര്‍ണ്ണം ധരിക്കാത്ത ഒരു കാലം എന്തായാലും വരും.  സൌന്ദര്യത്തിനാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ നിറവും ആകൃതിയുമുള്ള വില കുറഞ്ഞ മറ്റെന്തെങ്കിലും അണിഞ്ഞാല്‍ പോരേ?

കേരളത്തില്‍ കൊലപാതകം എന്നത് നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചായ കുടി പോലെയായി. മുത്തൂറ്റ് പോള്‍ കൊലപാതകത്തോടെ, കൊലപാതകം എന്നത് ഇവിടെ ദേശസാല്‍ക്കരിച്ച പോലെയായി. ഇടത് പക്ഷം അധികാരത്തില്‍ വന്നാല്‍ എപ്പോഴും ഇതാണ് സ്ഥിതി. പോലീസിനെ അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. പാര്‍ട്ടി ഏമാന്മരുടെ ഉത്തരവുകളേ പോലീസുകാര്‍ക്ക് അനുസരിക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് കൊണ്ട് അതിന്റെ ഗുണം കാണാനുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേക്കാരന്‍ വിളിച്ചൊരവാര്‍ഡ് കൊടുക്കാഞ്ഞത് നന്നായി. അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ അവാര്‍ഡ് നാണിക്കുന്നതിന് പകരം അഹങ്കരിക്കുമായിരുന്നു.

ഈ ഭരണം കൊണ്ട് എല്ലാവരും എന്ത് നേടി? കേരളചരിത്രത്തില്‍ 42 മാസം വേസ്റ്റ് ആയി. ഇനിയും 18 മാസം കൂടി വേസ്റ്റ് ആകും അത്ര തന്നെ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വി.എസ്സിനു പൂവണിഞ്ഞു എന്നത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം. ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കേരള ജനത സഹിക്കണം. അടുത്ത ഭരണം യു.ഡി.എഫ്.ഏറ്റെടുത്താല്‍ ഇന്ന് വിലസുന്ന ഈ ഗുണ്ടകളും പുത്രന്മാരും ക്വട്ടേഷന്‍ ടീമുകളും എല്ലാം അടങ്ങിയിരിക്കേണ്ടി വരും തീര്‍ച്ച. അത് മാത്രമല്ല  അയ്യഞ്ച് കൊല്ലം ഇടവിട്ട് ആവര്‍ത്തിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാനും കേരളത്തിന്റെ ജനാധിപത്യമനസ്സ് ശപഥമെടുത്തിട്ടുണ്ടാവും ഉറപ്പ്!

വിവാഹധൂര്‍ത്ത്

ഇന്ന് രാവിലെ നെറ്റില്‍ പത്രം നോക്കുമ്പോള്‍ മാതൃഭൂമിയുടെ ഒരു തലക്കെട്ട് എന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ആദ്യം ആ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. വിവാഹധൂര്‍ത്ത് തടയാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. ഇതായിരുന്നു തലക്കെട്ട്. നോക്കുമ്പോള്‍ അത് ശ്രീമതി മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രസ്ഥാവിച്ചതാണ്. ഇങ്ങനെ മന്ത്രിമാര്‍ നിയമസഭക്കകത്തും പുറത്തും എന്തെല്ലാം പ്രസ്ഥാവിക്കുന്നു. പത്രങ്ങള്‍ക്ക് തലക്കെട്ടും വാര്‍ത്തയും കിട്ടും എന്നതിലപ്പുറം ഒന്നും നടക്കൂല്ല. ചാനലുകളാണെങ്കില്‍ ഒന്ന് കിട്ടിയാല്‍ അത് മണിക്കൂറുകളോളം നീട്ടിപ്പരത്തി ആഘോഷിക്കുന്നു. വാര്‍ത്തകളാണ് ഈ ആഗോളവല്‍ക്കരണകാലത്ത് നാട്ടിലെ ഏറ്റവും ജനപ്രിയമായ വില്പനച്ചരക്ക്. ഞാന്‍ തലക്കെട്ട് കണ്ട് വിചാരിച്ചു നാട്ടില്‍ ഒരു ഉജ്ജ്വലമായ സാമൂഹ്യവിപ്ലവം നടക്കാന്‍ പോകുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ച് വിവാഹധൂര്‍ത്തിനെതിരെ നാട്ടിലാകെ ബോധവല്‍ക്കരണം നടത്താന്‍ പോകുന്നു. സമൂഹം മൊത്തത്തില്‍ ഒരു വരിഞ്ഞ് കെട്ടപ്പെട്ട നിലയില്‍ നിന്ന് മോചിതരാകുന്നു. എന്തൊരു നല്ല വിചാരം! സഹജീവിസ്നേഹം കൊണ്ടാണ് നമുക്ക് ഇത്തരം വിചാരങ്ങള്‍ ഉണ്ടാകുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളും സമൂഹവും ആഘോഷിച്ച താരവിവാഹം ഇപ്പോള്‍ വഴിപിരിയലിന്റെ വക്കത്താണത്രെ. വിവാഹങ്ങള്‍ കച്ചവടങ്ങള്‍ ആകുന്നുണ്ട് ഇപ്പോഴൊക്കെ. എന്നോട് ചോദിച്ചാല്‍ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യദുരന്തം വിവാഹധൂര്‍ത്ത് ആണെന്ന് പറയും. പണം ഉള്ളവര്‍ അതായിക്കോട്ടെ. പക്ഷെ കേരളത്തില്‍ സമ്പന്നര്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് എല്ലാവരും ഇടത്തരക്കാരാണ്. ദരിദ്രര്‍ എന്ന് പറയാവുന്നവര്‍ ചുരുക്കം. ഈ ഇടത്തരക്കാരാണ് വിവാഹധൂര്‍ത്തിന്റെ പേരില്‍ തീ തിന്നേണ്ടി വരുന്നത്. അവര്‍ക്ക് പണക്കാരെ പോലെ കഴിയില്ലെങ്കിലും ഏതാണ്ട് അവരെ അനുകരിച്ച് തങ്ങളുടെ കഴിവിനപ്പുറം ചെയ്യേണ്ടി വരുന്നു. അത്കൊണ്ടാണ് വിവാഹധൂര്‍ത്ത് എന്ന് പറയേണ്ടി വരുന്നത്. ഈ ധൂര്‍ത്ത് ഒന്ന് അവസാനിച്ചു കിട്ടുകയും തങ്ങളുടെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് വിവാഹങ്ങള്‍ നടത്താന്‍ കഴിയുകയും ചെയ്തിരുന്നുവെങ്കില്‍ എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുമായിരുന്നു. ഇപ്പോള്‍ ഇത്ര പവന്‍ , ഇന്നയിന്ന ചടങ്ങുകള്‍ എന്നൊക്കെയുള്ള മുന്‍‌തീരുമാനങ്ങളില്‍ നിന്ന് കൊണ്ട് അതൊക്കെ നിവര്‍ത്തിച്ച് വിവാഹങ്ങള്‍ നടത്താന്‍ രക്ഷിതാക്കള്‍ കുടിക്കുന്ന കണ്ണീര്‍ ചില്ലറയല്ല. ഞാന്‍ എത്രയോ പേരോട് പറഞ്ഞു, അവനവന്റെ കഴിവിനനുസരിച്ച് വിവാഹം നടത്തിയാല്‍ മതി. പക്ഷെ ആര്‍ക്കും സാമൂഹ്യസമ്മര്‍ദ്ധത്തെ അതിജീവിയ്കാന്‍ കഴിയുന്നില്ല.

നാട്ടിലെ ഇടത്തരക്കാരായ ആരോട് ചോദിച്ചാലും പറയും ഈ ആഴ്ച നാലു കല്യാണമുണ്ട്. ഇപ്പോഴൊക്കെ കല്യാണമോ ഗൃഹപ്രവേശമോ ഒഴിഞ്ഞ ആഴ്ചയേയില്ല. നടത്തുന്നവര്‍ക്ക് മാത്രമല്ല ക്ഷണിക്കപ്പെടുന്നവര്‍ക്കുമുണ്ട് ആധി. ചുമ്മാ പങ്കെടുത്താല്‍ പോര, കാശായോ പ്രസന്റേഷനോ വല്ലതും കൊടുക്കണം. കടം വാങ്ങിയിട്ടാണ് ഈ ധൂര്‍ത്ത് നടത്തേണ്ടി വരുന്നത്. അതാണതിന്റെ ദുരന്തം. പലര്‍ക്കും കടം തീര്‍ക്കാന്‍ പറ്റുന്നില്ല. ഒരു തലവിധി പോലെയാണ് ആളുകള്‍ക്ക് കല്യാണം നടത്തി കടക്കെണിയില്‍ ആകേണ്ടി വരുന്നത്. കടം കൂടുന്തോറും ധൂര്‍ത്തും കൂടിവരുന്ന അതിശയകരമായ കാഴ്ചയാണ് നാട്ടില്‍ കാണാന്‍ കഴിയുന്നത്. ഞാനും ഒരു ഇടത്തരക്കാരനാണ്. മക്കള്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനമേയുള്ളൂ. നൂറോ നൂറ്റമ്പതോ പേരെ ക്ഷണിച്ചിട്ടാണ് ഞാന്‍ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തിയത്. ആരോടും ഞാന്‍ ഒന്നും വാങ്ങിയില്ല. പങ്കെടുത്തവര്‍ക്ക് മക്കളെ അനുഗ്രഹിച്ച് സംതൃപ്തിയോടെ തിരിച്ചുപോകാന്‍ കഴിഞ്ഞു. എനിക്കോ പങ്കെടുത്തവര്‍ക്കോ എന്റെ മക്കളുടെ വിവാഹം ഒരു ഭാരമേയായില്ല. നിയമസഭയില്‍ ഏതോ എമ്മെല്ലെ ചോദിച്ചു,മന്ത്രി മറുപടി പറഞ്ഞു, പത്രത്തില്‍ വാര്‍ത്ത വന്നു,വായിച്ചവര്‍ വായിച്ചു, ഞാന്‍ ഒരു പോസ്റ്റും എഴുതി. ശുഭം!

ലൈറ്റ് അണയ്ക്കാം, ഭൂമിയെ രക്ഷിയ്ക്കാം!



ദേശീയ തിരഞ്ഞെടുപ്പിനിടയില്‍ മറ്റൊരു തിരഞ്ഞെടുപ്പ്.
ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ സാധാരണ മനുഷ്യരാണ് സമ്മതിദായകര്‍. മല്‍സരം ഭൂമി എന്ന കക്ഷിയും ആഗോള താപനമെന്ന എതിര്‍കക്ഷിയും തമ്മില്‍.
വോട്ടെടുപ്പ് ഇന്ന് രാത്രി (28-3-09) 8.30 മുതല്‍ 9.30 വരെ. വോട്ടിങ് മെഷീന്‍ സ്വന്തം വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍.

ഏതു സ്ഥാനാര്‍ഥിയെ വേണമെന്നു തീരുമാനിക്കാം. ഭൂമിക്കാണ് വോട്ടെങ്കില്‍ ഒരു മണിക്കൂര്‍ ലൈറ്റണയ്ക്കുക. അതല്ല ആഗോളതാപനത്തിനാണ് വോട്ടെങ്കില്‍ ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞ് നടന്നുകൊള്ളുക. സുസ്ഥിര ഭൂമിക്കുവേണ്ടി ഒരു മണിക്കൂര്‍. ലോക വന്യജീവി നിധി (ഡബ്ല്യുഡബ്ല്യുഎഫ്) ശനിയാഴ്ച രാത്രി ആചരിക്കുന്ന ഭൌമമണിക്കൂറിനെ (എര്‍ത്ത് അവര്‍) ഇങ്ങനെ വിശേഷിപ്പിക്കാം.

വീടാകട്ടെ, കടയാവട്ടെ, ഓഫീസാകട്ടെ, ഫാക്ടറിയാകട്ടെ പ്രകൃതിയുടെ രക്ഷയ്ക്കായി ഒരു മണിക്കൂര്‍ ലൈറ്റ് ഓഫാക്കുക.

വൈദ്യുതിവിളക്കണച്ചാല്‍ നിങ്ങളും അതിരുകളില്ലാത്ത ആഗോള സമൂഹത്തിന്റെ ഭാഗം. ഒരുമണിക്കൂര്‍ എല്ലാ വൈദ്യുതി വിളക്കുകളും അണച്ച് ലോകത്തെ എണ്‍പതോളം രാജ്യങ്ങളാണ് ഇരുട്ടിന്റെ ഉപാസകരാകാന്‍ കാത്തിരിക്കുന്നത്. ഇന്ത്യയും കേരളവും ഇരുട്ടുകൂട്ടത്തില്‍ പങ്കുചേരുന്നു. വിളിപ്പാടകലെ മറഞ്ഞുനില്‍ക്കുന്ന ജലക്ഷാമത്തിന്റെയും ചൂടേറ്റത്തിന്റെയും ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് എര്‍ത്ത് അവര്‍. പ്രകൃതിക്കു മനുഷ്യന്‍ വരുത്തിയ കേടുപാടുകള്‍ക്ക് പച്ചപ്പിന്റെയും ജലസമൃദ്ധിയുടെയും കുളിര്‍മകൊണ്ട്
പരിഹാരം കാണാനുള്ള യജ്ഞം.

ശനിയാഴ്ച രാത്രി ലൈറ്റണയ്ക്കാന്‍ ആയിരത്തോളം വന്‍നഗരങ്ങളാണ് സ്വിച്ചില്‍ കൈവച്ചു കാത്തിരിക്കുന്നത്. ലൊസാഞ്ചല്‍സ്, ലാ വാഗാസ്, ലണ്ടന്‍, മെക്സിക്കോ സിറ്റി, ഹോങ്കോങ്, സിഡ്നി, റോം, മനില, ഓസ്ലോ, കേപ്ടൌണ്‍, വാഴ്സോ, ലിസ്ബണ്‍, സിംഗപ്പൂര്‍, ഇസ്തംബുള്‍, ടൊറോന്റോ, ദുബായ്, കോപ്പന്‍ഹേഗന്‍ എന്നിങ്ങനെ നീണ്ട പട്ടിക. നൂറുകോടി ജനങ്ങളില്‍ ആഗോള താപനം അപകടമെന്ന സന്ദേശമെത്തുമെന്നാണ് വൈല്‍ഡ് ഫണ്ടിന്റെ പ്രതീക്ഷ. ന്യൂഡല്‍ഹിയും മുംബൈയും ലൈറ്റണയ്ക്കാമെന്ന കരാറില്‍ ഒപ്പിട്ടു.

കേരളത്തില്‍ ഭൌമശാസ്ത്രപഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ (സെസ്) ഊര്‍ജ-വൈദ്യുത വകുപ്പുകള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആഹ്വാനം നല്‍കും. (കറന്റ് കട്ടിനു പുറമേയാണ് ഇതെന്നു മറക്കരുത്). ലൈറ്റണച്ച് ഭൂമിയുടെ രക്ഷയ്ക്കായി കൈകോര്‍ക്കുന്ന മനുഷ്യന്റെ ഇരുണ്ട ചിത്രം ലോകരാഷ്ട്രങ്ങള്‍ക്കു വെളിച്ചമാകുമെന്നു പ്രതീക്ഷിക്കുന്നതായി W.W.F ന്റെ ന്യൂഡല്‍ഹിയിലെ മാനേജര്‍ ആരതി കോസ്ലാ പറയുന്നു.

ഈ വര്‍ഷം ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന രണ്ടാം ക്യോട്ടോ ഉച്ചകോടിയില്‍ ആഗോളതാപനം തടയാനുള്ള ശക്തമായ നടപടികള്‍ക്ക് യുഎസും ലോകരാജ്യങ്ങളും നിര്‍ബന്ധിതമാകും- കോസ്ലാ വ്യക്തമാക്കി. 2007ല്‍ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇരുട്ടറിവിന്റെ തുടക്കം. 2008ലും ആചരിച്ചു. ഇന്ത്യ ഈ വര്‍ഷം ആദ്യമായി പങ്കെടുക്കുന്നു. ലോകമെങ്ങും ഓഫിസുകളും വീടുകളും ലൈറ്റണച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ പരിസ്ഥിതി സൌഹൃദ നയങ്ങളിലേക്ക് രാഷ്ട്രങ്ങള്‍ തിരികെവരും.

മുറ്റത്തൊരു പൂന്തോട്ടം, റോഡരികിലൊരു തണല്‍മരം, പുഴയും തടാകവും സംരക്ഷിക്കുക, മാലിന്യനിര്‍മാര്‍ജനം... ആഗോള താപനം തടയാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആ ഇരുട്ടിന്റെ ഒരുമണിക്കൂര്‍ ലോകത്തിന്റെ ഭാവി പ്രകാശമാനമാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കുക.
(ലേഖനം മനോരമയോട് കടപ്പാട്)

അച്ഛന്മാര്‍ തന്നെ അന്തകരാവുന്ന ആസുരകാലം !

യുവകവിയും ഗായകനുമായ എന്റെ സുഹൃത്ത് ജിടോക്കില്‍ ചാറ്റ് ചെയ്യവേ എന്നോടാവശ്യപ്പെട്ടു , കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനത്തെപ്പറ്റിയും ഞരമ്പ് രോഗത്തെപ്പറ്റിയും ശക്തമായ ഭാഷയില്‍ ഒരു ബ്ലോഗ് എഴുതണമെന്ന് . അച്ഛന്മാര്‍ തന്നെ അന്തകരാവുന്നു എന്നത് അവന്റെ വാക്കാണ് . ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരെയെല്ലാം ആശങ്കപ്പെടുത്തേണ്ട ഒരു ചോദ്യം ഉറക്കെ ചോദിക്കാന്‍ സമയമായി . കേരളം എങ്ങോട്ട് ? നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കും സാംസ്കാരികനായകര്‍ക്കും വിവാദങ്ങളില്‍ അഭിരമിക്കാനാണ് താല്പര്യം . നാളെ ഒരു പെണ്‍‌വാണിഭമോ ലൈംഗികപീഡനമോ നടന്നുകിട്ടുകയില്ലേ , തങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രസ്ഥാവനയിറക്കാനും എന്ന് അവസരം കാത്തിരിക്കുകയാണ് അവരൊക്കെ എന്ന് തോന്നും . മാധ്യമങ്ങളും ചാനലുകളും ഇതെല്ലാം ആഘോഷിക്കുന്നു . രണ്ടു നിമിഷത്തില്‍ പറഞ്ഞു തീര്‍ക്കേണ്ട ഒരു വാര്‍ത്ത അവര്‍ മണിക്കൂറുകളോളം , താരങ്ങളെ സ്റ്റുഡിയോയില്‍ എത്തിച്ചും ഫോണിലൂടെയും ഇന്റര്‍വ്യൂ നടത്തിയും കൊഴുപ്പിക്കുന്നു . 24 മണിക്കൂറും പ്രക്ഷേപണം നടത്തേണ്ടതായ ചാനലുകള്‍ക്ക് എന്തെങ്കിലും ചവറുകള്‍ അനവരതം ലഭിക്കേണ്ടതുണ്ട് . നമ്മളും നമ്മളുടെ മക്കളും തുടര്‍ന്നും ജീവിയ്ക്കേണ്ടതായ ഈ സാമൂഹ്യപരിസരം വൃത്തിയാക്കാന്‍ എല്ലവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതിന് പകരം കുറ്റാരോപണങ്ങള്‍ കൊണ്ടും പരസ്പരം പഴിചാരിയും വിഴുപ്പലക്കിയും കൂടുതല്‍ മലീമസമാക്കാനാണ് ശ്രമിക്കുന്നത് എന്നെ പറയതെ വയ്യ.

നമ്മുടെ വര്‍ത്തമാന കാലത്തിന് എന്ത് സംഭവിച്ചു . മുന്‍പൊക്കെ മുതിര്‍ന്നവരുടെ മുന്‍പില്‍ വെച്ച് യുവാക്കള്‍ പുകവലിക്കാറില്ല , മദ്യം തീരെ കഴിക്കാറില്ല . മുണ്ട് മടക്കിക്കുത്താറില്ല . വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദിയില്‍ വെച്ച് ആഭാസങ്ങള്‍ വിളിച്ചു പറയാറില്ല . ബസ്സുകളിലും മറ്റും ഇരിക്കുന്ന യുവാക്കള്‍ മുതിര്‍ന്നവരോ അവരെ പഠിപ്പിച്ച ഗുരുനാഥന്മാരോ ബസ്സില്‍ കയറി വന്നാല്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കുമായിരുന്നു . സിനിമകളില്‍ നായികാനായകന്മാര്‍ ശരീരം തൊട്ട് അഭിനയിക്കാറില്ലായിരുന്നു . ഒരു തലമുറ മൊത്തം സംസ്ക്കാരത്തിന്റെ കാവല്‍ക്കാരായിരുന്നു . ഇന്ന് എല്ലാം തലകീഴായി . വഴിയേ നടന്നു പോകുന്ന പെണ്‍‌കുട്ടികളെയും സ്ത്രീകളെയും ഇമവെട്ടാതെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നുമ്പോള്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ആര്‍ക്കും ഭയമില്ല . ഇന്ന് സമൂഹത്തെ ആര്‍ക്കും ഭയമില്ല . പണ്ടങ്ങനെയല്ല സമൂഹത്തെ ഭയന്നിരുന്നു . ഇന്ന് ആളുകളെ കാണിക്കാന്‍ വേണ്ടി മാളികകള്‍ പണിയുന്നു , സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കൂട്ടുന്നു . ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു “പവര്‍ ” കിട്ടാന്‍ വേണ്ടി മാത്രം . അത് അതിരു വിട്ട് ഇപ്പോള്‍ ആഡംബരങ്ങള്‍ ആളുകളെ ഭയപ്പെടുത്തുന്ന മട്ടിലായിട്ടുണ്ട് .

എന്ത് കൊണ്ടായിരിക്കും ഇക്കാലത്ത് ഇങ്ങനെ ലൈംഗികചിന്ത ഒരു മാനസികരോഗമായി ആളുകളില്‍ വര്‍ദ്ധിക്കുന്നത് ? എന്താണൊരു പരിഹാരം ? പ്രായപൂര്‍ത്തിയെത്താത ബാലികമാരല്ലേ പീഡിപ്പിക്കപ്പെടുത്തുന്നത് . ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെക്കുള്ള ഈ പോക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമല്ല്ലെ ഇല്ലാതാക്കുന്നത് . കവി സുഹൃത്ത് എന്നോട് ചോദിക്കുന്നു , ആശങ്കകള്‍ പങ്ക് വെക്കുന്നു . നമുക്ക് എന്ത് ചെയ്യാനാവും ? പണ്ടു കാലത്ത് ലൈംഗിക അരാജകത്വങ്ങള്‍ ഇല്ലായിരുന്നു എന്ന് പറയാന്‍ പറ്റില്ല . എന്നാല്‍ അതിനൊക്കെ ഒരു നേരും നെറിയും ഉണ്ടായിരുന്നു . പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരും അതിലൊക്കെ മക്കളും ഉണ്ടായിരുന്നു . അതായിരുന്നു അതിന്റെ ഒരു നേര് . എല്ലാ മക്കളെയും ഭാര്യമാരെയും സംരക്ഷിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചിരുന്നു . ബാഹ്യലോകത്ത് കാണുന്ന മുഴുവന്‍ സ്ത്രീകളെയും ആരും കാമിക്കാറില്ലായിരുന്നു . ഇന്നോ പതിനാറായിരത്തെട്ടിലും തൃപ്തിയടയാന്‍ കഴിയില്ല എന്ന് തോന്നും ചിലരുടെ ചേഷ്ടകള്‍ കണ്ടാല്‍ . ഇത് മൃഗത്തേക്കാളും മോശമാണ് . മൃഗസമാനമായ ചോദനകള്‍ തന്നെയാണ് ജന്മസഹജമായി മനുഷ്യനുമുള്ളത് എന്നത് നേര് തന്നെ . എന്നാല്‍ മനുഷ്യന്‍ ആ പ്രാകൃതചോദനകളെ നിയന്ത്രിക്കണം . കണ്‍‌മുന്നില്‍ കാണുന്നവരെയെല്ലാം ഇണ ചേരണമെന്ന് മൃഗത്തെപ്പൊലെ മനസ്സില്‍ തോന്നരുത് . അതിനാണ് സമൂഹം കല്യാണം എന്ന ഒരേര്‍പ്പാട് ഉണ്ടാക്കിവെച്ചിട്ടുള്ളത് . താന്‍ കല്യാണം കഴിക്കുന്ന സ്ത്രീയല്ലാതെ , മറ്റുള്ള സ്ത്രീകളെല്ലാം മറ്റുള്ളവരുടെ ഭാര്യമാരോ , ഭാര്യമാരാകാന്‍ പോകുന്നവരാണെന്നോ തിരിച്ചറിയണം . ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണെങ്കിലും അത് മാത്രമല്ല ജീവിതം എന്നും സന്തോഷവും ആനന്ദവും നല്‍കുന്ന മറ്റു പലതും ഉണ്ടെന്നും മനസ്സിലാക്കണം .

മുന്‍പൊക്കെ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്ന നായികാനായകന്മാര്‍ അന്യോന്യം തൊടാറില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു . ഇന്നോ സ്റ്റാര്‍സിംഗര്‍ പോലുള്ള റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികളായെത്തുന്ന കുമാരീകുമാരന്മാര്‍ , ആടിപ്പാടുമ്പോള്‍ സിനിമയിലെ ആഭാസരംഗങ്ങളെ കൂടുതല്‍ തന്മയത്വമായി അനുകരിക്കുന്നു . കുമാ‍രന്‍ വലത്തേ കൈകൊണ്ട് കുമാരിയുടെ ഇടത്തേ തുട പൊക്കിയെടുത്ത് തന്റെ ഇടത്തേ തോളിലേക്ക് ഉയര്‍ത്തുന്നു . ലക്ഷക്കണക്കിന് വീടുകളില്‍ ഈ ദൃശ്യം പ്രായഭേദമെന്യേ കണ്ട് രസിക്കുന്നു . ആബാലവൃദ്ധം മനസ്സുകളില്‍ ഞരമ്പ് രോഗം പടര്‍ത്തുന്ന ഈ പരിപാടികള്‍ ജനപ്രിയമാകുന്നത് ആപത്‌സുചനകളായി നമ്മുടെ മതാപിതാക്കള്‍ തിരിച്ചറിയാത്തത് കഷ്ടമാണ് . എല്ലാം നമ്മള്‍ വിധിക്ക് വിട്ട് കൊടുക്കാന്‍ തീരുമാനിച്ചോ ? എന്തിനും ഒരു പരിധിയും നിയന്ത്രണങ്ങളുമൊക്കെ വേണ്ടേ ?

എന്ത് ചെയ്യാന്‍ പറ്റും ? നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുണ്ടല്ലൊ . അവരൊക്കെ എന്ത് ചെയ്യുന്നു ? എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം . സ്വതന്ത്ര്യസമരക്കാലത്ത് സമൂഹത്തിലെ സകല തിന്മകള്‍ക്കെതിരെയും സമരഭടന്മാര്‍ പൊരുതിയിരുന്നു . ഇന്നോ ? പര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക . ബന്ദുകളും ഹര്‍ത്താലുകളും വിജയിപ്പിച്ചു കൊടുക്കുക . ഉപരോധിക്കുക . ധര്‍ണകള്‍ക്ക് ഇരുന്നു കൊടുക്കുക . വോള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുക . നേതാക്കള്‍ക്ക് പ്രസംഗവേദികള്‍ ചമയിക്കുക . അങ്ങനെ പലതും . കിട്ടിയാല്‍ ഭാരവഹിത്വം , അല്ലെങ്കില്‍ എന്തെങ്കിലും ജോലി . പേരിന് കണ്ണില്‍ പൊടിയിടാന്‍ രക്തദാനസേന പോലെ എന്തെങ്കിലും സംഘടിപ്പിക്കും. എന്ത് കൊണ്ട് എല്ലാ പാര്‍ട്ടികളുടെയും യുവജനവിഭാഗത്തിന് സംയുക്തമായി ഒരു കള്‍ച്ചറല്‍ സ്ക്വോഡ് രൂപീകരിച്ചു കൂട ? പറ്റുമെന്ന് തോന്നുന്നില്ല . എല്ലാവര്‍ക്കും റിസര്‍വേഷന്‍സ് ഉണ്ട് . നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നാലാളെ കിട്ടാത്ത അവസ്ഥ ഇന്നുണ്ട് .

പിന്നെയുള്ള ഒരു വഴി രക്ഷിതാക്കള്‍ കുട്ടികളെ നല്ല ഉപദേശങ്ങള്‍ കൊടുത്ത് വളര്‍ത്തുകയെന്നതാണ് . ഇത് പറഞ്ഞപ്പോള്‍ എന്റെ ഒരു നാട്ടുകാരന്‍ പറഞ്ഞത് , അതിന് രക്ഷിതാ‍ക്കള്‍ക്ക് നല്ല മാര്‍ഗ്ഗോപദേശം കിട്ടിയിട്ട് വേണ്ടേ എന്നാണ് . ഇന്നത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൊടുക്കാനും തടിമാടന്മാരായി വളര്‍ത്താനും മാത്രമേ അറിയൂ , മക്കളില്‍ അന്തര്‍ലീനമായ വ്യക്തിത്വത്തെ സമൂഹത്തിന് ഫിറ്റ് ആകുന്ന തരത്തില്‍ പോഷിപ്പിച്ച് നല്ല പൌരന്മാരായി വളര്‍ത്താന്‍ അറിയില്ല എന്നുമാണ് അവന്റെ അഭിപ്രായം .

അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? എന്റെ പ്രിയപ്പെട്ട ഗായകസുഹൃത്തേ ഞാന്‍ നിസ്സഹായനാണ് , ക്ഷമിക്കുക !

പ്രത്യാശയുടെ ഈ ശബ്ദം മനുഷ്യ സ്നേഹികള്‍ക്ക് ആവേശം പകരട്ടെ !

ഷാനവാസ് ഇലിപ്പക്കുളം എന്റെ പോസ്റ്റിന് എഴുതിയ ഈ കമന്റ് ഒരു മഹത്തായ പുതുവത്സര സമ്മാനമായി ഞാന്‍ സ്വീകരിക്കുന്നു .


സുകുമാരന്‍ മാഷേ നന്ദി.
ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.

എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.

ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.
തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.

തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.

സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.

എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു !

*****************************************************************

എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്‍ഷപൂരിതമാകുന്നത് ? എന്ത് കൊണ്ടാണ് തീവ്രവാദം ഇന്ന് ലോകമാസകലം ഇത്രമാത്രം അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് . എന്താണ് തീവ്രവാദികള്‍ നേടാന്‍ പോകുന്നത് ? ഒരു കാര്യം ഓര്‍ക്കേണ്ടതാണ് . തീവ്രവാദികള്‍ മാത്രമല്ല തീവ്രവാദികളെ പിന്‍‌തുണക്കുന്നവരും അപകടകാരികളും മനുഷ്യരാശിയുടെ ശത്രുക്കളാണെന്നതാണത് . തമിഴ് വംശജരുടെ പ്രശ്നം ചൂണ്ടിക്കാട്ടി ചിലര്‍ ലോകഭീകരന്‍ വേലുപ്പിള്ള പ്രഭാകരനെ പിന്‍‌തുണക്കുന്നുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ പ്രഭാകരന് തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ . മിതവാദികളായ എത്ര ശ്രീലങ്കന്‍ തമിഴ് നേതാക്കളെ പ്രഭാകരന്‍ കൊന്നൊടുക്കിയിട്ടുണ്ട് . തമിഴരുടെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാന്‍ ശ്രമിച്ചു കൊണ്ടിരുന്ന എത്രയോ തമിഴ് സംഘടനാ നേതാക്കളെ നിഷ്ക്കരുണം വധിച്ചു കൊണ്ട് താന്‍ മാത്രമാണ് ശ്രീലങ്കന്‍ തമിഴരുടെ ഏക സംരക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രഭാകരന്‍ ശ്രമിച്ചത് . തമിഴ് ഈഴം എന്ന പേരില്‍ ഒരു രാജ്യം സ്വന്തമായി കരസ്ഥമാക്കി ഏകാധിപതിയായി അവിടെ വാണുകൊണ്ട് ലോകത്തിലുള്ള മൊത്തം തമിഴരുടെ മിശിഹാ താനാണെന്ന് സ്ഥാപിക്കലാണ് പ്രഭാകരന്റെ സ്വപ്നം . പതിനായിരക്കണക്കിന് പാവപ്പെട്ട തമിഴരെ കൊലക്ക് കൊടുത്തതും കൊന്നതുമാണ് പ്രഭാകരന്റെ നേട്ടം . മനുഷ്യബോംബുകള്‍ എന്ന ചാവേറുകളെ ലോകത്ത് അവതരിപ്പിച്ചതും പ്രഭാകരന്‍ തന്നെ . അങ്ങിനെയുള്ള കൊടും തീവ്രവാദിയെ കാഴ്ചയില്‍ ഗാന്ധിയനെപ്പോലെയുള്ള പി. നെടുമാരനും മറ്റും പിന്‍‌തുണക്കുന്നത് എന്തിന്റെ പേരിലായാലും അപലപിക്കപ്പെടേണ്ടതാണ് . ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ആ രാജ്യം വെട്ടിമുറിക്കപ്പെടാതെ പരിഹരിക്കേണ്ടതുണ്ട് . സമാധാനപരമായ ചര്‍ച്ചയിലൂടെയല്ലാതെ ലോകത്തെവിടെയും ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല . പ്രഭാകരന്റെ അന്ത്യം അടുത്തു എന്നാണ് ശ്രീലങ്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . തീവ്രവാദവും ലോകത്ത് നിന്ന് അവസാനിപ്പിച്ചേ മതിയാവൂ .

ഇസ്ലാം മതം ഇങ്ങിനെ ഒരു തീവ്രവാദ മതമാണെന്ന അപഖ്യാതി ലോകമെമ്പാടും പ്രചരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് ആ മതത്തിലെ സമാധാന പ്രേമികള്‍ തീവ്രവാദത്ത തള്ളിപ്പറയാത്തത് എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ ഉള്ളതാണ് . എന്നാല്‍ ചിന്തിക്കുന്ന യുവതലമുറ മുസ്ലീം സമുദായത്തില്‍ ഉണ്ടെന്നും അവര്‍ പ്രതികരിക്കാതിരിക്കില്ല എന്ന പ്രത്യാശയാണ് ഷാനവാസ് നല്‍കുന്നത് .

തങ്ങളുടെ മതം , അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടി , അല്ലെങ്കില്‍ തങ്ങളുടെ സംഘടന മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റുമാണെന്ന ധാരണയില്‍ നിന്നുമാണ് അസഹിഷ്ണുതയും അക്രമവും അത് വളര്‍ന്ന് തീവ്രവാദവുമായി വളരുന്നത് . വിശ്വാസങ്ങളോ അഭിപ്രായങ്ങളോ ആശയങ്ങളോ എന്തുമാവട്ടെ ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ് . ജീവിയ്ക്കുക , ജീവിയ്ക്കാനനുവദിക്കുക എന്ന തത്വം അംഗീകരിക്കാത ഏത് മതത്തെയും ഏത് പാര്‍ട്ടിയെയും ഏത് സംഘടനയെയും എല്ലാവരും തള്ളിപ്പറയണം . വ്യത്യസ്ഥമായതോ എതിരായതോ ആയ ഏത് അഭിപ്രായത്തെയും ആശയത്തെയും സഹിക്കാനുള്ള ഹൃദയ വിശാലത ഏത് മതക്കാരനും പാര്‍ട്ടിക്കാരനും സ്വായത്തമാക്കണം . കാരണം ഈ ഭൂമിയും ഇവിടെയുള്ള വിഭവങ്ങളും സമ്പത്തും ആരുടെയും സ്വന്തമല്ല . ഇന്ന് ജീവിയ്ക്കുന്നവര്‍ നാളെ ജനിക്കാനിരിക്കുന്നവരില്‍ നിന്ന് കടം വാങ്ങി അനുഭവിക്കുന്നു എന്നേയുള്ളൂ . തീവ്രവാദികള്‍ സ്വമേധയാ മന:പരിവര്‍ത്തനത്തിന് വിധേയരാവുകയോ ആയുധം താഴെ വെക്കുകയോ ഇല്ല . നമ്മുടെ മൌനവും തീവ്രവാദത്തിന് പ്രോത്സാഹനമാണ് . തീവ്രവാദം ഇല്ലാതാക്കാനുള്ള ചുമതല നമുക്കെല്ലാമുണ്ട് . നമ്മള്‍ മറ്റുള്ളവരോട് ഉറക്കെ പറയുന്നത് തന്നെ തീവ്രവാദത്തിനെതിരായ ഒരു പ്രവര്‍ത്തനമാവും . അത്രയെങ്കിലും നമ്മള്‍ ചെയ്യണം .

അപ്പുവിന് ഒരു മറുപടി !

പ്രിയപ്പെട്ട അപ്പു ,
നമ്മുടെ നാട്ടില്‍ ധാരാളം പാര്‍ട്ടികളും സംഘടനകളും ഉണ്ട് , അത്രതന്നെ പ്രശ്നങ്ങളും ഉണ്ട് . എല്ലാ പാര്‍ട്ടികളും സംഘടനകളും അവരവരുടെ നിലനില്‍പ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതും ! അത് കൊണ്ട് അതാത് സംഘടനകളുടെ നേതാക്കള്‍ മോശമല്ലാത്ത രീതിയില്‍ കഴിഞ്ഞു പോകുന്നു. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നില്ല . നികുതിദായകരായ പൌരജനങ്ങളാണ് ഈ നേതാക്കളെയും ഉദ്യോഗസ്ഥ പ്രഭൃതികളെയും എല്ലാം തീറ്റിപ്പോറ്റുന്നത്. ജനങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത് പ്രസംഗങ്ങളും , പ്രസ്ഥാവനകളും , വാഗ്ദാനങ്ങളും മാത്രം . ഇന്നും ഒരു സര്‍ക്കരാപ്പീസില്‍ സാധാരണ പൌരന്‍ പോയാല്‍ ഒരു കാര്യവും സാധിച്ചു കിട്ടില്ല . പോലീസ് സ്റ്റേഷനില്‍ അടുക്കാന്‍ കഴിയില്ല . ഒരു പരാതി പിവലിക്കാന്‍ പോലും കൈക്കൂലി കൊടുക്കണം . ജീവിതം അസാധ്യമാക്കുന്ന ആചാരങ്ങളാണ് പെരുകി വരുന്നത് . സ്ത്രീധനം നിമിത്തം പെണ്‍‌മക്കളെ കെട്ടിച്ചയച്ച് കിടപ്പാടം വിറ്റ് നിരാലംബരായ രക്ഷിതാക്കള്‍ എത്രയോ ... സര്‍ക്കാറാശുപത്രികളിലെ മരുന്നുകളെല്ലാം പുറത്ത് മറിച്ചു വില്‍ക്കുകയാണ് . ഒരു പാരാസിറ്റാമോള്‍ ഗുളിക പോലും ആര്‍ക്കും സൌജന്യമായി അവിടെ നിന്ന് കിട്ടുന്നില്ല .

ചുരുക്കത്തില്‍ സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുന്നു . നേതാക്കള്‍ സാധാരണക്കാര്‍ക്ക് ഒരു ബന്ധവുമില്ലാത കാര്യങ്ങളാണ് അവരോട് പ്രസംഗിക്കുന്നത് .. ആഗോളവല്‍ക്കരണം , സാമ്രാജ്യത്വം , അധിനിവേശം ഇത്യാദി .. ഇതൊക്കെ കേട്ട് വായും പൊളിച്ച് അവര്‍ ഇരുന്നു കൊടുക്കും , അത് വേറൊരു കാര്യം . പിന്നെ ജനങ്ങളുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും കുറെ മാറ്റങ്ങള്‍ വരാനുണ്ട് . കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന് അറിയാവുന്ന രക്ഷിതാക്കള്‍ വിരളം .. മുക്കിന് മുക്കിന് ജ്യോത്സ്യന്മാരുണ്ട് . ശരിക്ക് പറഞ്ഞാല്‍ നമുക്ക് ഫേമിലി കൌണ്‍‌സിലര്‍മാര്‍ ആയിരുന്നു വേണ്ടിയിരുന്നത് .. പിന്നെ കുറെ ആത്മീയക്കാരുണ്ട് , അവര്‍ക്ക് പിന്നെ സാമൂഹ്യകാര്യങ്ങളോ ,രാഷ്ട്രീയകാര്യങ്ങളോ പഥ്യമല്ലല്ലോ . അവനവന്റെ ഉള്ളില്‍ ഇറങ്ങി പരബ്രഹ്മത്തെ കണ്ട് സായൂജ്യമടയാനാണ് ഒര്‍ജിനലും വ്യാജനുമായ എല്ലാ ആത്മീയക്കാരും ഉല്‍ബോധിപ്പിക്കുന്നത് .

അപ്പോള്‍ പൊതുജനങ്ങളുടെ , പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ഒരു പൊതുവേദിയില്ല . അത് കൊണ്ടാണ് ഒരു ജനാധിപത്യ സാംസ്ക്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത് . ശരിക്ക് പറഞ്ഞാല്‍ സുകുമാര്‍ അഴീക്കോടോ അത് പോലെയുള്ള നായകന്മാര്‍ക്കാണ് ഇത്തരം നിര്‍ദ്ധേശങ്ങള്‍ വെക്കാനുള്ള അവകാശം . ഈ മുന്നണിയില്‍ എല്ലാവരും പങ്കെടുക്കട്ടെ . പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ . സ്ത്രീധനം , വിവാഹാര്‍ഭാടങ്ങള്‍ , ജാതി ചിന്ത , കൈക്കൂലി , മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ബോധവല്‍ക്കരണം നടത്തട്ടെ . അങ്ങിനെയും കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാമല്ലോ . ജനങ്ങളുടെ ഉപ്പും ചോറും തിന്നിട്ട് ദന്തഗോപുരങ്ങളിലിരുന്ന് പ്രസ്താവനകളും ഉല്‍ഘാടനങ്ങളും നടത്തുന്നതിനിടയില്‍ വല്ലപ്പോഴും ഇങ്ങിനെ വെയില്‍ കൊണ്ട് ഉപകാരപ്രദമായ നല്ല കാര്യങ്ങളും നാക്ക് കൊണ്ട് പറയാമല്ലോ .

ഇന്ന് നാലാള്‍ കൂടണമെങ്കില്‍ തരക്കേടില്ലാത്ത ഒരു നേതാവോ നായകനോ വേണമല്ലോ .. ഇനി അഥവാ ഇങ്ങിനെ ഒന്നും നടന്നില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല അപ്പൂ .. ഞാന്‍ പറഞ്ഞു വെക്കുന്നു എന്ന് മാത്രം . ആരെങ്കിലും നാലു പേരുണ്ടെങ്കില്‍ എനിക്ക് കഴിയുന്നത് ചെയ്യുന്നതിന് ഞാനും തയ്യാറാണ് . അതല്ലാതെ ഉരിയാടിയില്ലേ എന്നാല്‍ പോയി പ്ലാവില എടുത്ത് വാ എന്ന് പറയുകയാണെങ്കില്‍ എനിക്ക് ഒരു നിര്‍ബ്ബന്ധവുമില്ല .

അപ്പുവിന്റെ നാട്ടില്‍ കുടുംബശ്രീ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാന്‍ സന്തോഷമുണ്ട് . ഞങ്ങളുടെ നാട്ടില്‍ അതിലും രാഷ്ട്രീയമാണ് . നേതാക്കള്‍ക്ക് അധികാരവും പണവും ബക്കറ്റ് പിരിവെടുത്ത് നല്‍കി അവരെ തടിപ്പിച്ച് കൊഴുപ്പിച്ച് സായൂജ്യം അടയുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് കുടുംബങ്ങള്‍ ! ശ്രീയെല്ലാം നേതാക്കള്‍ക്ക് , ഞങ്ങള്‍ക്ക് കള്ളും വിദേശനും പിന്നെ ലോട്ടറിടിക്കറ്റും പോരേ .......

ചിന്തിക്കുന്നവര്‍ സംഘടിതരാവുക !!

നമ്മുടെ സമൂഹത്തിന്റെ സമസ്തമേഖലകളേയും, ഭയാനകമാംവിധം ജീര്‍ണ്ണത ഗ്രസിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രതികരണശേഷി തീരെയില്ലാതെ നിസ്സഹായരായി എല്ലാറ്റിനും മൂകസാക്ഷികളായി നാം ജീവിക്കുന്നു.ചിന്തിക്കുന്നവര്‍ നാളെയെക്കുറിച്ച്‌ വ്യാകുലപ്പെടുന്നു.എല്ലാം ഉടച്ചു വാര്‍ക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ എവിടെ,എങ്ങിനെ തുടങ്ങും ? ആര്‍ നേതൃത്വം നല്‍കും ? ഒരു കാര്യം തീര്‍ച്ചയാണു,ഇനി മഹാത്മാക്കള്‍ ജനിക്കുകയില്ല, മാതൃകാ നേതാക്കന്മാര്‍ ഉണ്ടാവുകയില്ല. എന്തെങ്കില്‍ മാറ്റം വേണമെന്നുണ്ടെങ്കില്‍ നമ്മള്‍ സാധാരണക്കാര്‍ തന്നെ മുന്‍കൈ എടുത്തേ പറ്റൂ. ഇന്ന് നമ്മുടെ ജനാധിപത്യസമ്പ്രദായത്തില്‍ പൗരന്മാര്‍ക്ക്‌ പൊതുകാര്യം ചര്‍ച്ച ചെയ്യാന്‍ യാതൊരു വേദിയുമില്ല. വോട്ടവകാശമുള്ള പൗരജനങ്ങളില്‍ പകുതിയിലധികം പേര്‍ വോട്ട്‌ രേഖപ്പെടുത്തുന്നില്ല. വോട്ട്‌ ചെയ്യുന്നവരെയാണെങ്കില്‍ ചെറുതും വലുതുമായ അനേകം പാര്‍ട്ടികള്‍ വീതിച്ചെടുത്ത്‌ വോട്ട്‌ ബേങ്കുകളായി സൂക്ഷിക്കുകയാണു. അവരുടെ തലയെണ്ണി,രാഷ്ട്രീയം ആജീവനാന്ത തൊഴിലാക്കിയവര്‍ സീറ്റിനും,അധികാരത്തിനും വേണ്ടി വില പേശുന്നു. ഈ വോട്ട്‌ ബേങ്ക്‌ സൂക്ഷിക്കാനും,നിലനിര്‍ത്താനുമാണു ഇന്നു രാഷ്ട്രീയാക്കാര്‍ പരസ്പരം മത്സരിക്കുന്നത്‌.അങ്ങിനെ വൃത്തികെട്ട ഈ അധികാരക്കളിയില്‍ നാടിന്റെയും,നാട്ടാരുടേയും എല്ലാ പൊതുതാല്‍പര്യങ്ങളും ബലികഴിക്കപ്പെടുന്നു. ജനാധിപത്യം വിജയിക്കണമെങ്കില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും,പൗരാവകാശം വിനിയോഗിക്കുകയും ചെയ്യുന്ന ഒരു പൗരസമൂഹം ഉണ്ടായിരിക്കണം. അതിനിനി ഒരു വിദൂര സാധ്യത പോലും നമ്മുടെ നാട്ടില്‍ കാണാനില്ല. ജനാധിപത്യം എന്ന് പറയുന്നത്‌ വെറും വോട്ട്‌ ചെയ്യലല്ല. അതൊരു ജീവിതശൈലിയാണു. സാമൂഹ്യ ബോധം നഷപ്പെട്ട നമുക്കിനിയത്‌ മനസ്സിലാവണമെന്നില്ല. പക്ഷേ,ജനാധിപത്യസംസ്കാരവും,മാനവീകമൂല്യങ്ങളും പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ എല്ലാവര്‍ക്കും സുരക്ഷിതത്വവും,സമാധാനവും ലഭിക്കുകയുള്ളൂ. എന്നാല്‍ കാര്യങ്ങളുടെ പോക്ക്‌ തീരെ പ്രതീക്ഷക്ക്‌ വക നല്‍കുന്നില്ല. എങ്ങും തര്‍ക്കങ്ങളും,വാദപ്രതിവാദങ്ങളും,ആരോപണപ്രത്യാരോപണങ്ങളും കൊണ്ട്‌ ശബ്ദമുഖരിതമാണു അന്തരീക്ഷം. ഒരു പൊതുവായ ന്യായവും, നേരും നെറിയും ഇന്നില്ല. ഓരോരുത്തരും അവനവന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ തോന്നിയപോലെയാണു ഇന്ന് സംസാരിക്കുന്നത്‌. അങ്ങിനെ നോക്കുമ്പോള്‍ എല്ലാം കൊണ്ടും മനുഷ്യന്റെ ഭാവി അത്ര ശോഭനമല്ല. ഇനി ഇതൊക്കെ നേരെയാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നും തോന്നുന്നില്ല.

രാഷ്ട്രീയവും,സാമൂഹീകവും,സാമ്പത്തികവുമായ പ്രശ്നങ്ങളില്‍, ഒരു പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ഒരു മാറ്റത്തിനു എന്നെങ്കിലും മനുഷ്യന്‍ മുതിര്‍ന്നേക്കാം.എന്നാല്‍ ഇന്ന് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ണ്,ജലം,അന്തരീക്ഷം തുടങ്ങി പ്രകൃതിയേയും പരിസ്തിതിയേയും പിന്നീട്‌ ആര്‍ക്കാണു ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുക ? ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അന്തരീക്ഷഘടന താറുമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്‌.ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്ന് പ്രസരിക്കുന്ന അള്‍ട്രാവയലറ്റ്‌ രശ്മി ഭൂമിയിലെത്താതെ തടുത്തുനിര്‍ത്തിയിരുന്ന ഓസോണ്‍ പാളിക്ക്‌ വിള്ളല്‍ സംഭവിക്കുകയും തന്മൂലം അന്തരീക്ഷത്തിലെ താപനില അസഹനീയമാംവിധം വര്‍ധിച്ചുവരികയുമാണു. ഓരോ നിമിഷവും ടണ്‍ കണക്കിനു വിഷവാതകങ്ങളാണു മനുഷ്യന്‍ ഉല്‍പ്പാദിപ്പിച്ച്‌ ഇന്ന് അന്തരീക്ഷത്തിലേക്ക്‌ വിടുന്നത്‌.എല്ലാ ആഘോഷവേളകളിലും നമ്മള്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നു. അതായത്‌ അണ്ണാരക്കണ്ണനും തന്നാലായത്‌ എന്ന മട്ടില്‍ പടക്കങ്ങള്‍ പൊട്ടിച്ച്‌ ഒരോരുത്തരും അന്തരീക്ഷമലിനീകരണത്തിനു ആക്കം കൂട്ടുന്നു. ഈ പടക്കങ്ങളെങ്കിലും നമുക്ക്‌ ഉപേക്ഷിച്ചുകൂടേ ? എല്ലാ ധാര്‍മ്മികമൂല്യങ്ങളും,പൗരബോധവും കൈമോശം വന്ന ഒരു ജനക്കൂട്ടമാണു നമ്മള്‍. സ്വന്തം കാര്യം സിന്ദാബാദ്‌ എന്നല്ലാതെ സമൂഹത്തെ ബാധിക്കുന്ന പൊതുകാര്യങ്ങളില്‍ ഇന്ന് ആര്‍ക്കും താല്‍പര്യമില്ല. അപരന്റെ അപ്രീതിയെ ഭയന്ന് ഒരു തെറ്റിനെതിരെയും ഒരക്ഷരം ആരും മിണ്ടുന്നില്ല. ശരിയായ രീതിയില്‍ ചിന്തിക്കുന്ന ധാരാളം പേരുണ്ടെങ്കിലും അവരെല്ലാം അസംഘടിതരും,നിസ്സഹായരുമാണു. കള്ളനാണയങ്ങളാണു ഇന്ന് എല്ലാ അരങ്ങുകളിലും ആടിത്തിമിര്‍ക്കുന്നത്‌. എന്തു ചെയ്യും......? ചിന്തിക്കുന്നവര്‍ ആത്മരക്ഷാര്‍ത്ഥം സംഘടിക്കട്ടെ !

സ്ത്രീ..... മാതൃത്വത്തിന്റെ പ്രതീകം !!

മാനുഷീക മൂല്യങ്ങള്‍ പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഓരോരുത്തര്‍ക്കും സന്തോഷവും,സമാധാനവും,സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ. അത് കൊണ്ട് സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിന്റെ നന്മക്കു വേണ്ടി കൂടി അവനവന്റെ കഴിവിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുണ്ട്. അല്പസമയമെങ്കിലും ഇങ്ങിനെ ചെലവഴിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍ നാളത്തെ തലമുറക്ക് പുറത്തിറങ്ങി നടക്കാന്‍ പററാത്ത സാഹചര്യം ഉണ്ടായേക്കാം. എനിക്ക് എന്റെ സ്വന്തം കാര്യം.....മററുള്ളവരുടെ കാര്യത്തെക്കുറിച്ചു ഞാനെന്തിനു വേവലാതിപ്പെടണം......? എന്ന ഒരു മനോഭാവം ഇന്നു പ്രബലപ്പെട്ടു വരികയാണ്. അങ്ങിനെ എല്ലാവററില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തം കര്യം മാത്രം നോക്കി ജീവിതം നയിക്കുന്നത് ശരിയല്ല. ഒന്നാലോചിച്ചാല്‍ ജീവിതം എന്നു പറയുന്നത് തന്നെ സമൂഹവുമായി നാം നടത്തുന്ന ഇടപെടലുകളാണ്. അല്ലാതെയുള്ളത് വെറും നിലനില്‍ക്കല്‍(Existence) മാത്രമാണ്. സാമൂഹ്യമായ ഇടപെടലുകളില്‍ നാം ചില നിയന്ത്രണങ്ങളും പെരുമാററസംഹിതകളും പാലിച്ചേ പററൂ. ഇതിനെയാണ് സംസ്ക്കാരം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. പരിണാമഗതിയുടെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ട മനുഷ്യന്‍ ഇന്നും ജനിക്കുന്നത് കുറെയേറെ പ്രാകൃതവും, മൃഗീയവുമായ ജന്മവാസനകളോടെയാണ്. കാരണം ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞ കാലം തൊട്ടുള്ള ജീനുകള്‍ നമ്മളിലുമുണ്ട്. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അവനെ കുടുംബത്തിനും,സമൂഹത്തിനും യോജിച്ച സംസ്ക്കാരസമ്പന്നനായ ഒരു പൂര്‍ണ്ണവ്യക്തിയായി മാറുന്നതിനാവശ്യമായ വിദ്യാഭ്യാസവും ശിക്ഷണവും അവന് ലഭിക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യവശാല്‍ ഈ വസ്തുത വേണ്ട പോലെ ഇന്നു ശ്രദ്ധിക്കപ്പെടുന്നില്ല.
കുട്ടികളെ ഗുണദോഷിക്കുകയും, സന്മാര്‍‌ഗ്ഗോപദേശങ്ങളും മൂല്ല്യബോധവും നല്‍കി അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്ന രക്ഷിതാക്കള്‍ ഇന്നു വിരളമാണ്. സമയക്കുറവെന്ന ഒഴിവുകഴിവ് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ നല്ല മക്കളാണ് ഒരാളുടെ ഏററവും വലിയ സമ്പാദ്യം എന്ന സത്യം ഇക്കൂട്ടര്‍ അറിയുന്നില്ല. നല്ല തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ദൌര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളില്‍ പലര്‍ക്കും നേരമില്ല, അദ്ധ്യാപകസമൂഹത്തിനു ഇന്നു അവകാശബോധങ്ങളേയുള്ളൂ. അല്ലെങ്കിലും ഗുരു-ശിക്ഷ്യ ബന്ധം ഇന്നു പഴങ്കഥയാണല്ലോ. മതനേതാക്കന്മാര്‍ക്കും രാഷ്ട്രീയക്കര്‍ക്കും , അജ്ഞതയില്‍ അഭിരമിക്കുന്ന വിശ്വാസികളും അനുയായികളുമാണ് ആവശ്യം. ഇന്നു യുവതലമുറയില്‍ പരക്കെ ആരോപിക്കപ്പെടുന്ന ഗുരുത്വക്കേടിന്റെ അടിസ്ഥാനകാരണം ഇതാണ്.

കേരളത്തിലെ എല്ലാ വീടുകളില്‍ നിന്നും പെണ്‍കുട്ടികളും,സ്ത്രീകളും ദിവസേന പുറത്തിറങ്ങി സഞ്ചരിക്കുന്നുണ്ട്. ഇവരില്‍ പലരും അപമാനിതയായോ,ആത്മാഭിമാനം ക്ഷതപ്പെട്ടോ ആണ് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്നത്. ഭയം നിമിത്തം ആരും ഒന്നും പറയുന്നില്ല. ചാനലുകളിലും
മററ് ആനുകാലികങ്ങളിലുമൊക്കെ ഇതിനെപ്പററിയുള്ള ചര്‍ച്ചകള്‍ നിരന്തരംനടക്കുന്നുണ്ടെങ്കിലും ഒരു മാരകമായ ഞരമ്പുരോഗമായി ഇത് കേരളീയ സമൂഹത്തെ ഗ്രസിച്ചുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ചില ബന്ധുക്കള്‍ ചെന്നൈയില്‍ നിന്നു നാട്ടില്‍ വന്നിരുന്നു.
നാട് കാണാന്‍ വന്ന അവര്‍ ചില അമ്പലങ്ങളിലേയും, കാവുകളിലേയും ഉത്സവങ്ങള്‍ കാണാന്‍ പോയിരുന്നു. തിരിച്ചു പോകുമ്പോള്‍ അവര്‍ സ്വകാര്യം പറഞ്ഞുപോലും..." ഇനി നാങ്കള്‍ കേരളാവിലേ കോവില്‍കള്‍ക്ക് പോകവേ മാട്ടോം......." തമിഴ് നാട്ടില്‍ ഏതൊരു സ്ത്രീക്കും, ഏത് സ്ഥലത്തും, ഏത് സമയത്തും സഞ്ചരിക്കാന്‍ കഴിയും. സ്ത്രീകളെ അവര്‍ തായ്‌ക്കുലമേ എന്നാണ് സംബോധന ചെയ്യുക.
അതെ ! തമിഴനു സ്ത്രീ എന്നാല്‍ മാതൃത്വത്തിന്റെ പ്രതീകമാണ് !! കേരളത്തിലോ.........?

പോലീസ് സേനയെ (മാ)നവീകരിക്കുക !!

എന്തെങ്കിലും ഒന്നെഴുതണമല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോളാണ് , ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ടത്. പോലീസില്‍ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ധാരാളം ഉണ്ടെന്നും അത്തരക്കാരെ പ്രധാനപദവികളില്‍ ഇനി നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം. പോലീസുകാര്‍ തങ്ങള്‍ മനുഷ്യാവകാശപാലകരാണെന്നു ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു വാര്‍ത്ത വായനക്കാരന്റെ കമന്റും. മന്ത്രിമാരും നേതാക്കന്മാരും പ്രസംഗങ്ങളിലും, ഉല്‍ഘാടനച്ചടങ്ങ് പോലുള്ള മററു വേദികളിലും ഇങ്ങിനെയൊക്കെ വെച്ചുകാച്ചുന്നത് നടപ്പിലാക്കാനല്ല. നടപ്പിലായാല്‍ നാളെ പ്രസംഗിക്കാന്‍ വിഷയങ്ങള്‍ എവിടെ നിന്നു കിട്ടും? പ്രസംഗങ്ങളൊക്കെ മുന്‍ കൂട്ടി തീരുമാനിച്ചുറച്ചു വരുന്നതാണ്.പ്രസംഗിച്ചില്ലെങ്കില്‍ പിന്നെയെന്ത് നേതാവ് ? പ്രസംഗത്തിനു ഇരുന്നുകൊടുത്തില്ലെങ്കില്‍ പിന്നെയെന്ത് അനുയായി ?

ഒന്നോ,രണ്ടോ മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കാന്‍ കഴിയുക എന്നതാണ് നേതാവോ മന്ത്രിയോ ആകാനുള്ള പരമാവധി യോഗ്യത. മററ് ഒരു കഴിവും വേണ്ട. ഒരു കമ്മിററി വിളിച്ചുചേര്‍ത്താല്‍ ഒച്ച വെക്കുന്നവനെയാണ് ഭാരവാഹിയാക്കുക, ഭാവനയുള്ളവനെയല്ല. രാഷ്ട്രീയപ്രസംഗത്തില്‍ എതിര്‍പ്പാര്‍ട്ടിക്കാരെ എത്രകണ്ട് തെറി പറയാന്‍ കഴിയുമോ,അത്രകണ്ട് അനുയായികളുടെ രോമം കമ്പിത്തിരിയാകും. സ്വയം നന്നാകാനുള്ളതോ,ഗുണമുള്ളതോ ആയ ഒരു കാര്യവും മിണ്ടിപ്പോകരുതെന്നേയുള്ളൂ. (ഇങ്ങിനെ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കള്‍ അന്യോന്യം കണ്ടുമുട്ടിയാല്‍ തങ്ങളുടെ വര്‍ഗ്ഗബോധം കാട്ടാറുണ്ടെന്നും താന്താങ്ങളുടെ എല്ലാ‍ ആവശ്യങ്ങളും മുടക്കമില്ലാതെ നിര്‍വ്വഹിക്കപ്പെട്ടു കിട്ടാറുണ്ട് എന്നും എല്ല്ലാവര്‍ക്കും ഇന്നു അറിയാം. എന്നാലും പൊതുജനം പണ്ടാരോ പറഞ്ഞപോലെ തന്നെ)

പ്രസംഗങ്ങള്‍ കൊണ്ട് നേതാക്കള്‍ ജനങ്ങളെ സുഖിപ്പിക്കുന്നു, ജനങ്ങളും കേട്ടു സുഖിക്കുന്നു. അത്ര തന്നെ. ബാക്കിയൊക്കെ ഇങ്ങിനെയങ്ങ് പോട്ടെ, എത്ത്ന്നട്ത്ത് വരെ എത്തണം. കയ്യടിക്കണമെന്നെയുള്ളൂ. അമേരിക്കയില്‍ പ്രസിഡണ്ടാണെങ്കിലും രഷ്ട്രീയം വിട്ടാല്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാം,അല്ലെങ്കില്‍ താരതമ്യേന ചെറുതായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാം. ഇവിടെയത് പററില്ല. മരണശേഷം ഒരു പാര്‍ട്ടിക്കൊടി പുതപ്പിച്ചുകിട്ടിയില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിനെന്തര്‍ത്ഥം? അതുകൊണ്ട് 24 മണിക്കുറും കക്ഷിരാഷ്ട്രിയം കത്തിച്ച് ജ്വലിപ്പിച്ച് അണയാതെ സൂക്ഷിക്കേണ്ടത് ഒരാവശ്യമായി വരുന്നു. ഇതിനുള്ള ഇന്ധനങ്ങളാണ് വിലക്കയററം,തൊഴിലില്ലായ്മ,ദാരിദ്ര്യരേഖ,സംവരണം....തുടങ്ങിയ പ്രശ്നങ്ങള്‍. നമ്മളെല്ലാം ഒന്നല്ലേ, നമ്മുടെ പ്രശ്നങ്ങളല്ലേ വരൂ... നമുക്ക് ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കാം എന്നൊന്നും പറഞ്ഞേക്കരുത് കഞ്ഞികുടി മുട്ടും.

പറഞ്ഞു വന്നത് പോലീസിനെപ്പററിയാണല്ലോ. കേരളത്തില്‍ ഇന്നും ഒരു സാധാരണ പൌരന്‍ ഒററയ്ക്ക് ഒരു പോലീസ് സ്റ്റേഷനിലും പോകാന്‍ ധൈര്യപ്പെടുകയില്ല.അഥവാ പോയിട്ടുണ്ടെങ്കില്‍ പോലീസുകാരുടെ പച്ചത്തെറി കേള്‍ക്കാതെ തിരിച്ചു വന്നിട്ടുമുണ്ടാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പോലീസിനെക്കുറിച്ചു പറയേണ്ടത്. ഇടതും വലതും മാറി മാറി ഭരിച്ചില്ലേ? അടിയും,പുളിച്ച തെറിയും മേടിച്ചവര്‍ പലവട്ടം ആഭ്യന്തരമന്ത്രിമാരായില്ലെ? കുറഞ്ഞപക്ഷം പൌരന്മാരോട് അശ്ലീലമെങ്കിലും പറയരുതെന്നു ആരെങ്കിലും പോലീസുകാരെ ഉപദേശിച്ചോ? വന്ദ്യവയോധികനായ ഒരു മുതിര്‍ന്ന ആളോട് മീശ കിളിര്‍ത്തുവരുന്ന ഒരു യുവകോമളപോലീസുകാരന്‍ പറഞ്ഞ തെറി കേട്ട് എനിക്ക് അറപ്പ് തോന്നിയിട്ടുണ്ട്. തെറിയാണ് ഇന്നും പോലീസിന്റെ ഔദ്യോഗികഭാഷ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതൊരു പൌരനും വല്ല സഹായങ്ങളും വേണ്ടിവന്നാല്‍ ആദ്യം വിളിക്കുക അവിടത്തെ പോലീസിനെയാണ്. അവരും കൊടുക്കുന്നു നികുതി, നമ്മളും കൊടുക്കുന്നു നികുതി !

ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ മുമ്പാകെ ഒന്നു രണ്ടു എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ,അധികമൊന്നുമില്ല.

1) കാക്കിയെ നിങ്ങള്‍ ഒരുപാട് ചീത്തവിളിച്ചതല്ലേ.മാത്രമല്ല കാക്കി ഒരു കൊളോണിയല്‍ മുദ്രയാണുതാനും. അതുകൊണ്ട് പോലീസിന് തൂവെള്ള യൂനിഫോം നല്‍കുക.(കാക്കി മാറിയാല്‍ തന്നെ സ്വഭാവം പകുതി നന്നാകും)

2) പോലീസിനു ട്രെയിനിങ്ങില്‍ അശ്ലീലവും തെറിയും പറയാന്‍ പാടില്ലെന്നു പഠിപ്പിക്കുക.

3) സ്വകാര്യ ബസ്സുകളില്‍ പണം കൊടുത്തു ടിക്കററു വാങ്ങി സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കുക.(ഇതില്‍ ഒരു ധാര്‍മ്മീകതയുടെ പ്രശ്നമുണ്ട്)

4) കുഴപ്പങ്ങള്‍ നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലൊഴികെ ലാത്തി താഴെ വെക്കാന്‍ പറയുക...

ഇതു നടപ്പാക്കുമോയെന്നു നോക്കട്ടെ, വെറുതേയിങ്ങനെ പട്ടിക നിരത്തിയതുകൊണ്ട് കാര്യമില്ലല്ലൊ.വാര്‍ത്തയില്‍ മന്ത്രി ഇങ്ങിനെയും പറഞ്ഞിരുന്നു, ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പോലീസ് മാന്വല്‍ എത്രയും പെട്ടെന്നു പരിഷ്കരിച്ചു കളയുമെന്നു.................................
ഇതു വായിക്കുന്ന ആരെങ്കിലും ഇതിനൊരു വാല്‍ക്കഷണം തുന്നിച്ചേര്‍ക്കുക!!

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ചിന്തിക്കണം... പ്ലീസ്...!

കേരളത്തിലെ നിലവിലുള്ള സാഹചര്യങ്ങള്‍ വളരെ ഗുരുതരമാണ്.വിപുലമായ ചര്‍ച്ചകള്‍ നാനാഭാഗത്ത് നിന്നും നടന്നു വരുന്നത് കൊണ്ട് തല്‍ക്കാലം ഞാന്‍ അതിലേക്ക് കടക്കുന്നില്ല. എന്നാല്‍ കേരളത്തിലുള്ള മുഴുവന്‍ കമ്മ്യൂണിസ്റ്റ്കാരോടും ഒരു സ്വയംവിമര്‍ശനത്തിന് തയ്യാറാവണമെന്നു വിനയപൂര്‍വം ആവശ്യപ്പെടാനാണു ഈ കുറിപ്പ്.

കാരണം കമ്മ്യൂണിസ്റ്റുകാരായി ആരെങ്കിലും ഇനിയും കേരളത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന സംശയം തോന്നത്തക്കരീതിയിലാണു കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയത്തിലേക്കോ,ഭരണത്തിലേക്കോ ഞാന്‍ കടക്കുന്നില്ല. കേരളത്തില്‍ കുറെക്കാലമായി കണ്ടുവരുന്നത് തെരഞ്ഞെടുപ്പുകളില്‍ UDF ജയിക്കാന്‍ വേണ്ടി LDF ഉം , LDF ജയിക്കാന്‍ വേണ്ടി UDF ഉം കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ്. കേരള വോട്ടര്‍മാരുടെ ഒരു നിയോഗമാണത്. നിഷേധാത്മക വോട്ട് രേഖപ്പെടുത്തി ഭരിക്കുന്ന സര്‍ക്കാറിനെ തോല്‍പ്പിക്കാനാണ് എക്കാലത്തും അവര്‍ വോട്ട് ചെയ്യുന്നത്. ഞാന്‍ വോട്ട് നല്‍കി ജയിക്കുന്ന മുന്നണി നാട്ടിനു ഗുണം ചെയ്യും എന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. എതിരാളിയെ എങ്ങിനെയും തോല്‍പ്പിക്കണം എന്നേയുള്ളൂ. ഇങ്ങിനെ ഒരു സാങ്കല്പിക ശത്രുവിനെ സൃഷ്ടിച്ചു യുദ്ധം ജയിക്കുക എന്നതാണു സമകാലികരാഷ്ട്രീയതന്ത്രം. ഒരു പക്ഷേ ജനാധിപത്യസമ്പ്രദായത്തിന്റെ പോരായ്മയാവാം അത്.

ഞാന്‍ പറഞ്ഞു വരുന്നത് അതല്ല. ഈ ലോകത്തെയും, സാമൂഹ്യജിവിതത്തെയുംശാസ്ത്രീയമായി
അപഗ്രഥനം ചെയ്ത് ഒരു മഹത്തായ ദര്‍ശനം ലോകത്തിന് സംഭാവന നല്‍കിയ മഹാചിന്തകനാണു
കാള്‍ മാര്‍ക്സ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഭൌതികവാദത്തില്‍ അധിഷ്ഠിതമാണ്. അതായത് ഈ പ്രപഞ്ചത്തില്‍ ഭൌതീക പദര്‍ഥങ്ങളേയുള്ളൂ. ഭൌതീകേതരമായി ഒന്നുമില്ല എന്നു അദ്ദേഹം
അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ആ നിലക്ക് ഒരു മാര്‍ക്സിസ്റ്റിന് ഒരിക്കലും ഒരു വിശ്വാസിയാവാന്‍
കഴിയില്ല, ഒരുവിശ്വാസിക്ക് മര്‍ക്സിസ്റ്റാകാനും കഴിയില്ല. അതായത് മാര്‍ക്സിസവുംവിശ്വാസവുംഒരിക്കലും
ഒന്നിച്ചു പോവുകയില്ല. ഇന്നിപ്പോള്‍ കേരളത്തില്‍ അയ്യായിരത്തിലധികം വര്‍ഷങ്ങള്‍പഴക്കമുള്ള ഒരു അടിസ്ഥാനവുമില്ലാത്ത പ്രാകൃത വിശ്വാസങ്ങളും,ദുരാചാരങ്ങളും ശക്തി പ്രാപിക്കുമ്പോള്‍ അതിന്റെ
പ്രയോക്താക്കളും , പ്രചാരകരും കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റ്
അനുഭാവികളാണ് എന്ന യാഥാര്‍ത്ഥ്യം ചിന്തിക്കുന്ന ആരുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഏററവും
കൂടുതല്‍ സദാചാര ബോധവും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്മാര്‍. അവരെ മാര്‍ക്സിയന്‍ ആശയങ്ങളുടെ പടച്ചട്ട അണിയിച്ചിരുന്നുവെങ്കില്‍ കേരളം
ഇങ്ങിനെ ജീര്‍ണ്ണതയുടെ കുത്തൊഴുക്കില്‍ പെട്ടു പോകുമായിരുന്നോ? ഇതിന്റെയെല്ലാം കാരണം
വ്യക്തമാണ്.നേതൃത്വം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അധികാര
ത്തിന്റെ പിന്നാലെയാണ്. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള അവരുടെ ആര്‍ത്തി തികച്ചും
പ്രകടമാണ്. മാതൃകയാക്കാവുന്ന ത്യാഗശീലരായ ചുരുക്കം ചില നേതാക്കന്മാര്‍ ഇതിനൊരപവാദമായി
ഉണ്ട്. എന്നാല്‍ ഇത്തരം മുത്തുകള്‍ ഇന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ഇത്തരുണത്തില്‍
ഒരു ആത്മവിമര്‍ശനത്തിനും തുറന്ന സംവാദത്തിനും കേരളത്തിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും
തയ്യാറാവണമെന്ന് സമകാലിക കേരളം ആവശ്യപ്പെടുന്നു. എക്കാലവും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ല . ഇത് അടിയന്തിരമായും ചെയ്യണം.. ചെയ്തേ പററൂ..... ഇല്ലെങ്കില്‍ ഭാവി തലമുറ ആര്‍ക്കും
മാപ്പ് നല്‍കില്ല........

കേരളം വീണ്ടും ഭ്രാന്താലയമായി മാറുന്നു..........

കേരളം ഒരു തിരിച്ചുപോക്കിലാണ്.എല്ലാ അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു.ശാസ്ത്രീയവീക്ഷണം വളര്‍ത്തേണ്ടത് പൌരന്റെ മൌലികകടമയായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അശാസ്ത്രീയധാരണകളും, ശാസ്ത്രത്തിന്റെ ലേബലില്‍ ശാസ്ത്രാഭാസങ്ങളും ശക്തമായി പ്രചരിപ്പിക്കപ്പെടുകയാണ്. അക്കാദമികസമൂഹം മൌനം പാലിക്കുന്നു.. പുരോഗമനപ്രസ്ഥാനങ്ങള്‍ വെറും നോക്കുകുത്തികളായി... കലാ-സാംസ്കാരികരംഗം നിര്‍ജ്ജീവമായി....വായനശാലകള്‍ വെറും നേരമ്പോക്ക്കേന്ദ്രങ്ങളായി...പത്രങ്ങള്‍ വെറും സെന്‍സേഷനല്‍ വാര്‍ത്തകള്‍ പെരുപ്പിച്ചുകാട്ടിയും,രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ വെണ്ടക്കാതലക്കെട്ടുകളാക്കിയും പത്രധര്‍മ്മം എന്നൊന്നില്ലയെന്ന് വിളംബരപ്പെടുത്തുന്നു..ചാനലുകള്‍ 24 മണിക്കൂറും വളിപ്പന്‍ ഫലിതങ്ങളും,ജീവിതയാഥാര്‍ത്ത്യങ്ങളുമാ‍യി ഒട്ടും ബന്ധമില്ലാത്ത സീരിയലുകളും പ്രക്ഷേപിച്ച് ആസ്വാദന നിലവാരത്തെ പാതാളത്തോളം താഴ്ത്തുന്നു..രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആദര്‍ശവും,ദിശാബോധവും നഷ്ടപ്പെട്ടത് നിമിത്തം രാഷ്ട്രീയം വെറും ഉദരപൂരണവും കീശവീര്‍പ്പിക്കലുമാണെന്ന് പരക്കെ പറയപ്പെടുന്നു...സര്‍ക്കാര്‍ തന്നെ ലോട്ടറിയും,മദ്യവും വേണ്ടുവോളം വിററ് പൌരജനങ്ങളെ മയക്കികിടത്തുന്നു...പ്രതികരിച്ചാല്‍ “വട്ടനെന്ന് ’’ മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് അനീതികള്‍ക്കെതിരെ ആരും ശബ്ദിക്കുന്നില്ല....
പ്രബുദ്ധമായിരുന്ന കേരളം വീണ്ടും (വിവേകാനന്ദനോട് കടപ്പാട്) ഒരു ഭ്രാന്താലയമായി മാറുന്നതിന്റെ
ലക്ഷണങ്ങളാണ് ഇതൊക്കെ..... പല കാര്യങ്ങളിലും തങ്ങള്‍ ഒന്നാം സ്ഥാനത്താണെന്ന് മാലോകരെ
ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളം.. പക്ഷെ തീര്‍ച്ചയായും അതിന്റെ പോക്ക് മുമ്പോട്ടല്ല മറിച്ച് പിറകോട്ടാണ്.......... ............