Links

Showing posts with label അഴിമതി. Show all posts
Showing posts with label അഴിമതി. Show all posts

അഴിമതി അഴിമതീയെന്ന് നിലവിളിക്കാന്‍ നാണമില്ലേ രാഷ്ട്രീയക്കാരേ ?

എന്തൊക്കെ പറഞ്ഞാലും  ജ്യൂഡീഷ്യറിയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു.  രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥന്മാരും  കച്ചവടക്കാരും (എല്ലാവരുമല്ല നല്ലവരും ഇക്കൂട്ടത്തിലുണ്ട്) എല്ലാം ചേര്‍ന്ന് രാജ്യം കൊള്ളയടിക്കുമ്പോഴും  ജനങ്ങളെയും ഭരണഘടനയെയും നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും രക്ഷിക്കാന്‍ ഇവിടെ ശക്തമായ നീതിന്യായ സംവിധാനമുണ്ടെന്ന്  സമാധാനമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പോയിക്കിട്ടുന്നത്.  ജസ്റ്റിസ് ദിനകരന്റെ കേസ്  ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചിരുന്നു.  ജ്യൂഡിഷ്യറിയിലും അഴിമതിക്കാരുണ്ടെന്ന്  രാഷ്ട്രീയക്കാരന്‍ പറയുമ്പോള്‍ കണക്കിലെടുത്തിരുന്നില്ല.  എന്നാല്‍  നമ്മുടെ രാജ്യം  എല്ലാംകൊണ്ടും  അഴിമതിയില്‍ മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണുന്നത്. ഇനിയിപ്പോള്‍ ഒറ്റ സമാധാനമേയുള്ളൂ.  നമ്മുടെ രാജ്യം അഴിമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയില്ലല്ലോ എന്ന്.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് പറയുന്ന സ്പെക്ട്രം ഇടപാടിന്റെ പ്രശ്നം അടങ്ങിയിട്ടില്ല. ഇനിയും പാര്‍ലമെന്റ് സമ്മേളിക്കാന്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷത്തെ കക്ഷികള്‍.  ദളിതനായത്കൊണ്ടാണ് രാജ വേട്ടയാടപ്പെടുന്നതെന്ന് കരുണാനിധി ആദ്യമൊന്ന് പറഞ്ഞുനോക്കി. ഇപ്പോള്‍ ആ രാജയെ ചൊല്ലി ഡി എം കെ എന്ന കുടുംബപാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.  രണ്ടാം ഭാര്യയിലെ രണ്ടാമത്തെ പുത്രന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ മൂത്ത പുത്രന്‍ അഴഗിരിക്ക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനം വേണം.  മൂന്നാം ഭാര്യയുടെ പുത്രി കനിമൊഴിയുമായി നല്ല ബന്ധമാണ് രാജയ്ക്ക്. അത്കൊണ്ട് രാജയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പൂറത്താക്കണം എന്നാണ് അഴഗിരിയുടെ ആവശ്യം.

മുന്‍ ചീഫ് ജസ്റ്റിസ്  കെ.ജി.ബാലകൃഷ്ണനെ ന്യായീകരിക്കാന്‍ ഏതോ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംഘടന രംഗത്ത് വന്നിരിക്കുന്ന് എന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. അങ്ങനെ വേണമല്ലൊ. അതല്ലേ അതിന്റെ ഒരു ഇത്.  സ്വാതന്ത്ര്യം കിട്ടി ഇത്ര കാ‍ലം സംവരണം നടപ്പാക്കിയിട്ടും  അതിന്റെ ഗുണം എത്ര പേര്‍ക്ക് കിട്ടി എന്ന് ആരും  ചിന്തിക്കുന്നില്ല. കിട്ടുന്നവന്‍ ഉയര്‍ന്നു പോകുന്നു എന്നല്ലാതെ,  സംവരണ വിഭാഗത്തില്‍ ജനിച്ചിട്ടും  അതിന്റെ ആനുകൂല്യം നേടാന്‍ മാത്രം  ബുദ്ധിശക്തി ഇല്ലാതെ പോകുന്ന ലക്ഷങ്ങളുടെ അവസ്ഥ എന്താണ്.  പോട്ടെ, ദളിത് വിഭാഗത്തില്‍ നിന്ന് ആരെങ്കിലും  ഉയര്‍ന്ന പൊസിഷനില്‍ എത്തിപ്പെടുമ്പോള്‍ ദളിതര്‍ എവിടെയോ എത്തിപ്പെട്ടു എന്ന മട്ടില്‍ ആഘോഷിക്കാറുണ്ടല്ലൊ. അത്കൊണ്ട് പാവപ്പെട്ട, പഠിച്ച് എങ്ങും എത്താന്‍ കഴിയാത്ത പാ‍വപ്പെട്ട ദളിതര്‍ക്ക് എന്ത് മെച്ചം?  സംവരണം മൂലം  ഉയര്‍ന്ന സ്ഥാനത്ത് എത്തിപ്പെടുന്ന ദളിതന്‍ തന്റെ സമുദായത്തില്‍ താഴെത്തട്ടില്‍ കഴിയുന്നവര്‍ക്ക് എന്ത് ഗുണമാണ് ചെയ്യുന്നത്. അവരോട് സഹതാപമെങ്കിലും കാണിക്കാറുണ്ടോ.  കിട്ടിയവന്റെ കുടുംബം പിന്നെയും ഉയര്‍ന്ന് പോകുന്നു. അത്ര തന്നെ.  ഇക്കാലമത്രയും കൊണ്ടുള്ള സംവരണം കൊണ്ട് കുറച്ചു ദളിതര്‍ സവര്‍ണ്ണരെയും കടത്തിവെട്ടി സ്വന്തം നില ഭദ്രമാക്കി എന്നല്ലാതെ ബഹുഭൂരിപക്ഷം ദളിതര്‍ക്കും ഇന്നും  ഒരു ഗതിയും കിട്ടിയിട്ടില്ല. എന്നിട്ടും എല്ലാറ്റിനും സംവരണമാണ് ഒറ്റമൂലി എന്ന മട്ടിലാണ് സംസാരം.

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് അഴിമതി എന്നാല്‍ അലര്‍ജിയാണെന്നാണ് വയ്പ്പ്.  അഴിമതി ആരോപിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കില്ല.  ഇപ്പോള്‍ തന്നെ കഴിഞ്ഞ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ കണ്ടില്ലേ?  എന്താ അവരുടെയൊക്കെ ഒരു ജാഗ്രത.  ജെ.പി.സി. പ്രഖ്യാപിച്ചാല്‍ ഈ രാജ്യത്ത് നിന്ന് അഴിമതി എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും എന്ന മട്ടിലാണ് പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ അവര്‍ ഉറഞ്ഞുതുള്ളിയത്.  അഴിമതി അഴിമതി  എന്ന് വിളിച്ചു കൂവി അഴിമതിയെ ദേശസാല്‍ക്കരിക്കുന്ന പ്രവര്‍ത്തിയിലാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ എത്രയോ വര്‍ഷങ്ങളായി മുഴുകിയിരിക്കുന്നത്.  ഇന്ന് ഏറ്റവും വലിയ അഴിമതിക്കാര്‍ രാഷ്ട്രീയക്കാര്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് അറിയാം.  ഒരു ഗതിയുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് ക്രമേണ പച്ച പിടിക്കുന്ന രാഷ്ട്രീയക്കാര്‍ തന്നെയാണ് എങ്ങുമുള്ളത്.  ആരാണ് രാഷ്ട്രീയം കൊണ്ട് ഇക്കാലത്ത് പാപ്പരായി പോയിട്ടുള്ളത്?  ഒരാളെ കാണിച്ചു തരാന്‍ പറ്റുമോ?  രാഷ്ട്രീയത്തില്‍ നിന്നാണ് ഇവിടെ അഴിമതി തുടങ്ങുന്നത്.  അഴിമതിക്കെതിരെ  ഉറഞ്ഞുതുള്ളുന്നവരും  രാഷ്ട്രീയക്കാര്‍. അതാണൊരു വിരോധാഭാസം. ജനങ്ങള്‍ക്ക് എല്ലാം കണ്ടും കേട്ടും ഇരിക്കാമെന്ന് മാത്രം.  പത്രങ്ങളിലും ചാ‍നലുകളിലും വരുന്നത് മാത്രമല്ല അഴിമതി. ഇവിടെ ഗ്രാസ്സ് റൂട്ട് ലവലില്‍ തന്നെ അഴിമതി സര്‍വ്വസാധാരണമായിട്ടുണ്ട്.

രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും ജ്യൂഡീഷ്യറിയിലും  ബിസിനസ്സിലും  പെട്ടവരില്‍ പിടിപാടുള്ളവര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന തിരക്കിലാണിപ്പോള്‍.  ജനങ്ങള്‍ പെരുകുന്നു, ഭൂമിയില്‍ സ്ഥലം വര്‍ദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സാമര്‍ത്ഥ്യമുള്ള ചിലര്‍  തങ്ങളുടെ തലമുറകള്‍ക്ക് വേണ്ടി ഇപ്പോഴേ ഭൂമി  പിടിച്ചുവെക്കാന്‍  ആര്‍ത്തിയോടെ പരക്കം പായുകയാണ്. ഒരു ഭാഗത്ത് നിയമം നിര്‍മ്മിക്കുന്നു, ആ നിയമത്തെ വ്യാഖ്യാനിക്കുന്നു അവര്‍ തന്നെ നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തുന്നു.  ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താണ്?  ഒരു വീട് നിര്‍മ്മിക്കാന്‍  നാലോ അഞ്ചോ സെന്റ് സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം നിയമക്കുരുക്കാണ്.  ഞങ്ങള്‍ ഒരു പതിനേഴ് സെന്റ് സ്ഥലം വാങ്ങി.  അടിയാധാര പ്രകാരം പ്രമാണം എഴുതി വസ്തു റജിസ്റ്റര്‍ ചെയ്തു. ഭൂനികുതി അടച്ച് രശീത് വാങ്ങാന്‍ വില്ലേജാഫീസില്‍ പോയി. വസ്തു വന്ന് നോക്കണമെന്ന് ഉദ്യോഗസ്ഥന്‍.  വന്ന് നോക്കിയപ്പോള്‍  പ്രമാണത്തില്‍ ഉള്ളത് പോലെ  വസ്തു പഞ്ചായത്ത് റോഡിന്റെ വശത്തല്ല പി ഡബ്ല്യു ഡി റോഡിന്റെ സൈഡിലാണ്.  സ്റ്റാമ്പ് പേപ്പര്‍ കുറച്ച് വാങ്ങി സര്‍ക്കാരിനെ പറ്റിക്കുകയായിരുന്നില്ലേ നിങ്ങള്‍ എന്ന് ആ ഉദ്യോഗസ്ഥന്‍.  ആധാരമെഴുത്തുകാരന്റെ ശ്രദ്ധക്കുറവാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ വിട്ടില്ല. നോക്കണം ഇവിടെ സാധാ‍രണക്കാരന് നിയമം കര്‍ക്കശമാണ്.

ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണ്‍ന്റെ പേരു ഇപ്പോള്‍ കേള്‍ക്കുന്നത് ലാവലിന്‍ കേസുമായി  ബന്ധപ്പെട്ടു കൂടിയാണ്.  നോക്കണം, ആ കേസ്  നീട്ടികൊണ്ട് പോകാ‍ന്‍  തേച്ച് മായ്ച്ച് കളയാന്‍  എന്തെല്ലാം നെറ്റ് വര്‍ക്കുകളാണ് അണിയറയില്‍ നടക്കുന്നത്.  കേസ് അന്വേഷിച്ചിരുന്ന  സി.ബി.ഐ. ഉദ്യോഗസ്ഥനെ പോലും കേന്ദ്രമന്ത്രിയെ സ്വാധീനിച്ച് സ്ഥലം മാറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു.  അഴിമതിക്കേസുകള്‍ ഇവിടെ സുലഭമാണെങ്കിലും  ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ എത്രയുണ്ട്? ലാവലിന്‍ കേസിലും  പ്രതികള്‍ ആരെങ്കിലും ശിക്ഷിക്കെപ്പെടുമെന്ന് ആരും കരുതുന്നില്ല.  അവനവന്റെ പേരില്‍ അഴിമതിയാ‍രോപണം വരുമ്പോള്‍, അത് സി.ബി.ഐ. അന്വേഷിക്കുമ്പോള്‍ പ്രതിപ്പട്ടികയിലുള്ള രാഷ്ട്രീയക്കാരന്‍ പറയുന്നു അത് രാഷ്ട്രീയപ്രേരിതമെന്ന്.  രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ കേസൊന്നും പാടില്ല എന്നാണ് അപ്പറയുന്നതിന്റെ പച്ചമലയാളം.

അഴിമതിയൊക്കെ സഹിക്കാം.  അതൊന്നും ജനത്തിന് ഒരു പ്രശ്നമേയല്ല. ഓരോ പാര്‍ട്ടിക്കാര്‍ക്കും തങ്ങളുടെ നേതാവ് അഴിമതിക്കേസില്‍ പെടുമ്പോള്‍ മാത്രമാണ് പ്രശ്നം.  കഴിയുന്നകൊണ്ടല്ലേ നടത്തിക്കോട്ടേ അഴിമതി എന്നാണ് മനോഭാവം.  അഴിമതി ഈ രാ‍ജ്യത്ത് ഇനിയും പെരുകും എന്നല്ലാതെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുപ്പെടും എന്നാരും കരുതുകയില്ല.  പക്ഷെ അഴിമതിക്കെതിരെ  രാഷ്ട്രീയക്കാരുടെ ഉളുപ്പില്ലാത്ത ധാര്‍മ്മികരോഷമാണ് സഹിക്കാന്‍ പറ്റാത്തത്.  അഴിമതി അഴിമതി എന്ന് വിളിച്ചുകൂവാന്‍  ഈ രാഷ്ട്രീയക്കാര്‍ക്ക്  ഒട്ടും നാണമില്ലല്ലോ എന്നതിലാണ് അത്ഭുതം.  രാഷ്ട്രീയക്കാരന്‍ ഇന്ന്  തടിച്ച് കൊഴുത്ത് മിണുങ്ങി നടക്കുന്നുണ്ടെങ്കില്‍  അതില്‍ അഴിമതിയുടെ കറ ഉണ്ടാവില്ലേ ?