Links

Showing posts with label Panorama. Show all posts
Showing posts with label Panorama. Show all posts

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍

കഴിഞ്ഞ മാസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെ പോയിരുന്നു.  മഴയായതിനാല്‍ കൂടുതല്‍ ഫോട്ടോ എടുക്കാനൊന്നും പറ്റിയില്ല.  തലേന്ന് രാത്രി അവിടെ ഒരു ലോഡ്ജില്‍ തങ്ങി.  അതേ ലോഡ്ജില്‍ തന്നെ സിനിമാ നടി സംവൃത സുനില്‍ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ക്ഷേത്രത്തില്‍ പോയപ്പോഴും  അവര്‍ ഞങ്ങളുടെ പിന്നാലെ ക്ഷേത്രത്തില്‍ എത്തി.  സംവൃതയുടെ അച്ഛന്‍ സുനില്‍  എന്റെ ഒരു അകന്ന ബന്ധത്തില്‍ പെടും. ഞാന്‍ പക്ഷെ പരിചയപ്പെടാനൊന്നും പോയില്ല.  തമാശ അതല്ല,  മടങ്ങി വരുന്ന വഴിക്ക്  ഞങ്ങള്‍ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കയറി.  അവിടെയും  സംവൃതയും കുടുംബവും ഞങ്ങളുടെ പിന്നാലെ  ക്യൂവില്‍ നില്‍ക്കുന്നു ദര്‍ശനത്തിനായി.  കൊല്ലൂരിലായാലും ഉടുപ്പിയില്‍ ആയാലും മലയാളികളാണ് കൂടുതലും വരുന്നത്.  നല്ലൊരു യാത്രയായിരുന്നു. പക്ഷെ മഴ നിമിത്തം കുടജാദ്രി കാണാന്‍ കഴിഞ്ഞില്ല.

മൂകാംബികയിലേക്കൊരു  വെര്‍ച്വല്‍ ടൂര്‍  ഇവിടെ   (ക്ലിക്ക് ചെയ്ത് ഫുള്‍ സ്ക്രീന്‍ ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് കാണുക. 8 പനോരമകളുണ്ട്. മനോഹരമാണ് ദൃശ്യങ്ങള്‍ )


ഫോട്ടോകള്‍  ഇങ്ങനെ  ഫോട്ടോ ബക്കറ്റില്‍ അപ്‌ലോഡ്  ചെയ്തിട്ട്  പ്രസന്റേഷന്‍ ആക്കി  ബ്ലോഗില്‍ പോസ്റ്റ് ചെയ്യാലോ അല്ലേ ....

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി ചെയ്യപ്പെട്ട പള്ളി. ക്രിസ്തുവര്‍ഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇതേ വകുപ്പില്‍ ലോകത്തെ രണ്ടാമത്തെ പള്ളിയും ഇതു തന്നെ. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍   അറബി സന്യാസി വര്യനായ മാലിക് ഇബ്നു ദിനാര്‍ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്.

അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങള്‍ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി എന്ന് ആരോപിക്കപ്പെടുന്നു.  ഈ ആചാരങ്ങള്‍ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നുവത്രെ.  വിജയദശമിനാളില്‍ ചേരമാന്‍ പള്ളിയില്‍ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവമായിരുന്നു അതില്‍ ഒന്ന്. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ പ്രബുദ്ധരായ മുസ്ലിം സഹോദരങ്ങള്‍ ചടങ്ങില്‍ നിന്ന്‌ പിന്മാറിയില്ല. പഴയ ചരിത്രത്തിന്റെ ഒരു തിരുശേഷിപ്പാണിതെന്ന കാര്യം അധികമാരും അറിഞ്ഞിട്ടില്ല.

നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെതന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാന്‍ പള്ളി എന്ന് പറയപ്പെടുന്നു. നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്നാണ്  ഇസ്ലാമിക സങ്കല്പമെങ്കിലും  നിലവിളക്ക്‌ ചേരമാന്‍ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായി ഇവിടെ നിലനില്‍ക്കുന്നുണ്ടത്രെ. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാന്‍ കൊടുങ്ങല്ലൂര്‍ നിവാസികള്‍ ഈ പള്ളിയിലെത്തുന്നത്‌. ഇസ്ലാമിക സംസ്കാരം എത്തുന്നതിനുമുമ്പുതന്നെയുള്ള ബുദ്ധമതപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ ഈ ആചാരങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അവസാനത്തെ ചേരരാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മെക്കയ്ക്ക്‌ പോയതായും അതിനെ തുടര്‍ന്ന്‌ കേരളത്തില്‍  (കൊടുങ്ങല്ലൂര്‍) എത്തിയ മാലിക്‌ ഇബ്‌നു ദിനാറാണ്‌ ഇന്നത്തെ ചേരമാന്‍ പള്ളി സ്ഥാപിച്ചതെന്നും പറയുന്നുണ്ട്‌. എന്നാല്‍ ചേരമാന്‍ പെരുമാള്‍ ബുദ്ധമതമാണ് സ്വീകരിച്ചത് എന്നും മുസ്ലീം പരിവര്‍ത്തനങ്ങള്‍ അന്ന് നടന്നിരുന്നില്ല എന്നും വാദിക്കുന്നവരുമുണ്ട്. ചേരമാന്‍ പെരുമാളും പള്ളിവാണ പെരുമാളും ഒന്നാണോ അതോ വ്യത്യസ്ത കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.  എന്തായാലും മാലിക്‌ ദിനാറുമായി ബന്‌ധമുള്ള ഒരു ചേരരാജാവ്‌ ഉണ്ടെന്നത്‌ തര്‍ക്കമറ്റകാര്യമാണ്‌. ആ ചേരരാജാവ്‌ ഇസ്ലാംമതം സ്വീകരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. ഇന്നത്തെ കൊടുങ്ങല്ലൂരില്‍  ഇസ്ലാമിക സമൂഹം ശക്തമാണെന്നത്‌ ഇക്കാര്യം വെളിപ്പെടുത്തുന്നുമുണ്ട്‌.

( കടപ്പാട് : വിക്കിപീഡിയ)

 മസ്ജിദിലേക്കൊരു  വെര്‍ച്വല്‍ യാത്ര വരൂ   (പള്ളിയുടെ അകം കാണാന്‍ മറക്കണ്ട, രണ്ടാമത്തെ പനോരമ)

ലോട്ടസ് ടെമ്പിള്‍

ഹായ് വിശ്വാസികള്‍ ഡല്‍ഹിയില്‍ നിര്‍മ്മിച്ച ലോട്ടസ് ടെമ്പിള്‍  പ്രസിദ്ധമാണ്. 1986 ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്.  ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതും ശില്പചാരുതയില്‍ മികവേറിയതുമാണ് ഈ ആരാധനാലയം. ബഹായികളാണ് ഇത് നിര്‍മ്മിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥര്‍ക്കും  തങ്ങളുടെ വിശ്വാസത്തിനനുസരിച്ച്  പ്രാര്‍ത്ഥന നടത്താന്‍ വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചിട്ടുള്ളത്.  അത് പോലെ തന്നെ നാനാജാതിമതസ്ഥര്‍ നിത്യേന ഇവിടെ സന്ദര്‍ശിക്കുന്നുമുണ്ട്.  താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന് ഒമ്പത് കവാടങ്ങളും വെണ്ണക്കല്ലില്‍ പൊതിയപ്പെട്ട 27 ദളങ്ങളുമുണ്ട്. ഇത് രൂപകല്പന ചെയ്ത ശില്പി  ഫരിബോസ് സാബ ഇറാന്‍‌കാരനാണ്. ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നു. ഇതിന്റെ ശില്പചാതുര്യത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഡല്‍ഹിയുടെ പ്രാന്തത്തില്‍ ബഹാപൂര്‍ ഗ്രാമത്തില്‍ 26 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  നടുത്തളത്തിലേക്ക് തുറക്കുന്ന ഒമ്പത് വാതിലുകളിലൂടെ അകത്ത് പ്രവേശിച്ചാല്‍ നടുത്തളത്തില്‍ 2500ഓളം ആളുകള്‍ക്ക് ഇരിക്കാം. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിതമാണ്. ലോകത്തിലെ ഏറ്റവും ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഡല്‍ഹിയില്‍ എത്തുന്ന മിക്കവരും ലോട്ടസ് ടെമ്പിള്‍ സന്ദര്‍ശിക്കാറുണ്ട്.  ബഹായികളുടെ ദേശീയ ആത്മീയ സഭ ( നേഷനല്‍ സ്പിരിച്വല്‍ അസംബ്ലി) പ്രവര്‍ത്തിക്കുന്നത് ഇവിടെ തന്നെയാണ്. പ്രാദേശിക ആത്മീയ സഭകളും ദേശീയ ആത്മീയ സഭയുമാണ് ബഹായികള്‍ക്കുള്ളത്.  ലോകത്ത് എല്ലാ രാജ്യങ്ങളിലും ബഹായികള്‍ക്ക് ആത്മീയസഭകളുണ്ട്.  സോവിയറ്റ് യൂനിയനില്‍ മതങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന അക്കാലത്ത് ബഹായികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ലോകത്ത്  എന്തെല്ലാം സ്ഥലങ്ങളുണ്ട് കാണാനായിട്ട്. നമ്മളൊക്കെ വളരെ കുറച്ചു സ്ഥലങ്ങളേ കാണുന്നുള്ളൂ.  ചിലര്‍ക്ക് ലോകസഞ്ചാരം തന്നെ ജീവിതം.  സഞ്ചാരത്തിന്റെ കാര്യത്തിലും  സോഷ്യലിസം തീരെയില്ല.  സഞ്ചരിക്കുക എന്നത് ഏറ്റവും ആനന്ദകരമായ അനുഭവം തന്നെ. എന്നാല്‍ എത്രയോ പേര്‍ സഞ്ചരിക്കുന്നേയില്ല. ഏറിയാല്‍ ചില അമ്പലങ്ങളില്‍ പോകും എന്ന് മാത്രം. യാത്രയില്‍ ആനന്ദം കണ്ടെത്തുന്നത് ചിലര്‍ മാത്രമാണെന്ന് തോന്നുന്നു. ഞാന്‍ ചെറുപ്പത്തില്‍ കുറച്ചു കാലം അവധൂതനെ പോലെ നടന്നിട്ടുണ്ട്. ആ യാത്രയില്‍ കല്‍ക്കത്ത വരെ എത്തിയിരുന്നു. ഒരുപാട് സ്ഥലങ്ങള്‍ കല്‍ക്കത്തയില്‍ കാണാനുണ്ടായിരുന്നു. അന്നും തിരക്ക് പിടിച്ച വൃത്തിയില്ലാത്ത നഗരമായിരുന്നു കല്‍ക്കത്ത. കാളിക്ഷേത്രത്തില്‍ എന്നും വന്‍ തിരക്കായിരുന്നു. കല്‍ക്കത്തയില്‍ വെച്ചാണ് ഞാന്‍ ട്രാം കണ്ടിരുന്നത്. ഹുഗ്ലി നദിക്കരയിലെ ബേലൂര്‍ ശാരദാദേവി മഠത്തിലെ ശാന്തി ഒന്ന് വേറെ തന്നെയായിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അകത്ത് പ്രവേശിച്ച് മറ്റൊരു ഗെയിറ്റിലൂടെ പുറത്ത് കടന്നപ്പോള്‍ സ്ഥലം തന്നെ മാറിപ്പോയി വഴിയറിയാതെ വിഷമിച്ചത് ഓര്‍ക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായിരുന്നു കല്‍ക്കത്ത. അതിന്റെ പ്രൌഢി അന്നും കാണാനുണ്ടായിരുന്നു.

ഡല്‍ഹിയും ബോംബേയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇനി ചിത്രങ്ങള്‍ കണ്ട് തൃപ്തിപ്പെടുകയേ നിര്‍വ്വാഹമുള്ളൂ.  ചിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ 360 ഡിഗ്രിയിലുള്ള പനോരാമിക്ക് ചിത്രങ്ങള്‍ക്ക് എന്ത് മനോഹാരിതയാണ്. നേരില്‍ കാണുന്ന പ്രതീതി തന്നെ.  ലോട്ടസ് ടെമ്പിളിന്റെ പനോരാമിക്ക്  ചിത്രം ഇതാ ഇവിടെ നിങ്ങളും കണ്ടു നോക്കൂ ...

* പനോരാമിക്ക് ചിത്രം പുതിയ ജാലകത്തില്‍ തുറന്നുവന്നാല്‍ മൂവ് ആകുന്നില്ലെങ്കില്‍ താഴെ ഇടത് ഭാഗത്ത് മൌസ് കൊണ്ടുപോയാല്‍ Start/Stop Autorotation എന്ന് കാണാം. അവിടെ ക്ലിക്ക് ചെയ്യുക. മൌസ് കൊണ്ട് സൌകര്യം പോലെ ചലിപ്പിക്കുകയും ചെയ്യാം.