Links

Showing posts with label ഓര്‍ക്കുട്ട്. Show all posts
Showing posts with label ഓര്‍ക്കുട്ട്. Show all posts

ഓർക്കുട്ടിനു വിട !



ഓര്‍ക്കുട്ടും, ബ്ലോഗും , പിന്നെ ഞാനും !

ആയിരം സുഹൃത്തുക്കളുണ്ടായിരുന്ന എന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഒരു ദിവസം ഞാന്‍ ഡിലീറ്റ് ചെയ്തു. പത്രപ്രവര്‍ത്തകര്‍, വിവിധ ടിവി ചാനലുകളിലുള്ളവര്‍, കവികള്‍, കലാ-സാഹിത്യ -സാംസ്കാരികാദി മേഖലകളിലെ പ്രശസ്തര്‍, രാഷ്ട്രീയക്കാര്‍,വിദ്ധ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേരുള്‍പ്പെട്ടിരുന്ന ഒരപൂര്‍വ്വ സൌഹൃദവലയമായിരുന്നു അത്.അങ്ങിനെയൊന്ന് സ്വരൂപിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ചുരുക്കം ചിലരുമായേ സ്ക്രാപ്പ് എഴുതുന്നതിലൂടെ നിരന്തരബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒരിക്കല്‍ അറ്റുപോയാല്‍ പിന്നെ ഈ ഓര്‍ക്കുട്ട് ബന്ധം വിളക്കിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും ആക്റ്റീവായ ഓര്‍ക്കുട്ടര്‍ ഞാനാണെന്ന് പലരും എന്നെ പ്രശംസിച്ചിരുന്നു. ഓര്‍ക്കുട്ടിലെത്തുന്ന ഏത് മലയാളിക്കും എന്നെ പരിചയമായിരുന്നു. അതിന് കാരണം ഓര്‍ക്കുട്ടിനെ പറ്റി 18.12.2006 ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ശരത് കൃഷ്ണ എഴുതിയ ഒരു ലേഖനമായിരുന്നു.  ലേഖനം തുടങ്ങുന്നത് ഇങ്ങനെ: “കേരളത്തിന്റെ സൈബര്‍ കൌതുകം ഇപ്പോള്‍ ഒരു കൂട്ടില്‍ ചേക്കേറിയിരിക്കുകയാണ്. ഓര്‍ക്കുട്ട്- പ്രണയികള്‍ക്ക് സ്വപ്നക്കൂട്, സുഹൃത്തുക്കള്‍ക്ക് കളിക്കൂട്, വേറിട്ട് നടക്കുന്നവര്‍ക്ക് ചര്‍ച്ചയുടെ ചട്ടക്കൂട്.”   ശരത് തുടരുന്നു, “........ പിന്നെ അഞ്ചരക്കണ്ടിക്കാരന്‍ സുകുമാരന്‍ ചേട്ടനെ മുതല്‍ ഓര്‍ക്കുടിന്റെ പിതാവ് ഓര്‍ക്കുട് ബുയുക്കോക്ടനെ വരെ സുഹൃത്താക്കാം. സൌഹൃദത്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത ഭൂഖണ്ഡങ്ങള്‍ തേടുന്ന നാവികനാകാം. സ്വന്തം സുഹൃത്തില്‍ നിന്ന് അയാളുടെ സുഹൃത്തിലേക്ക്,അവിടെ നിന്ന് മററ് ഒരാളിലേക്ക്....ക്ലിക്ക്...ക്ലിക്ക്... എന്ന താളത്തിലുള്ള ചാട്ടം. കേരളത്തിലെ ഏതെങ്കിലും ഭൂപ്രദേശത്തുനിന്നു തുടങ്ങി ആഫ്രിക്കന്‍ വന്‍ കരയില്‍ വരെയെത്തി നങ്കൂരമിടല്‍ ....” 

 ആ ലേഖനത്തില്‍ എന്നെപ്പറ്റി പരാമര്‍ശിച്ചതിനാല്‍ ലേഖകനു കിട്ടിയതിനേക്കാള്‍ പ്രശസ്തി എനിക്ക് ലഭിച്ചു.അക്കാരണത്താല്‍ സാക്ഷാല്‍ ശരത് കൃഷ്ണനു തന്നെ എന്നോട് ഈര്‍ഷ്യയോ
അസൂയയോ തോന്നിയിട്ടുണ്ടാവണം. പിന്നീട് ഞാന്‍ എത്രയോ സ്ക്രാപുകള്‍ എഴുതിയിട്ടും ഒരു മറുപടി പോലും സ്ക്രാപ്പ് ചെയ്യതെ അയാള്‍ എന്നെ അവഗണിച്ചു. ഞാന്‍ ഡിലീറ്റ് ചെയ്ത പ്രൊഫൈലിലെ പത്ര ലേഖകരില്‍ ശരത് കൃഷ്ണയും ഒരാളാണ്. പിന്നീട് ഞാന്‍ വേറെ ഒരു  പ്രൊഫൈല്‍ ഉണ്ടാക്കിയപ്പോള്‍ ആദ്യത്തേതില്‍ ഉള്‍പ്പെട്ടിരുന്ന ചില സുഹൃത്തുക്കള്‍ എന്നെ തേടിവന്നു. വിര്‍ച്ച്വല്‍ ആണെങ്കിലും ഈ സൌഹൃദബന്ധങ്ങള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു ചാരിതാര്‍ത്ഥ്യവും,സന്തോഷവും നല്‍കുന്നു !

ബ്ലോഗുകളുടെ ലോകത്ത് ഞാന്‍ വൈകിയാണ് എത്തിപ്പെടുന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന വായന തിരിച്ചു കിട്ടുകയായിരുന്നു. മത്രമല്ല ഒട്ടേറെ അനുഭവങ്ങളും ആശയങ്ങളും എനിക്ക് എഴുതാനുമുണ്ടായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സുഭിക്ഷമായി കഴിയാനും, ആഹ്ലാദിക്കാനും, ആനന്ദിക്കാനും ആവശ്യമായ വിഭവങ്ങളും ഇടവും സമൃദ്ധമായി ഉണ്ടായിട്ടും ആര്‍ക്കും സന്തോഷമോ, സംതൃപ്തി,സമാധാനമോ ഇല്ല. ഈ വൈരുധ്യങ്ങളെക്കുറിച്ചും, ദുരവസ്ഥയെക്കുറിച്ചും ചിന്തിക്കുമ്പോള്‍ എനിക്ക് മനസ്സിലാവുന്ന കാര്യങ്ങള്‍ ദിനം‌പ്രതി എഴുതി ഇവിടെ പോസ്റ്റ് ചെയ്യാമെന്നു കരുതിയതാണ്. എന്നാല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് വാക്കുകള്‍ എനിക്ക് അങ്ങിനെ വഴങ്ങുന്നില്ല , അഥവാ ഭാഷയില്‍ ഞാന്‍ എത്ര പാമരനാണ് എന്ന് തിരിച്ചറിയുന്നത്.

ഇന്നത്തെ സാമൂഹ്യാന്തരീക്ഷം വളരെ സങ്കീര്‍ണ്ണവും, ശബ്ദമുഖരിതവുമാണ്. ആരെന്ത് പറഞ്ഞാലും ചെയ്താലും അത് തര്‍ക്കങ്ങളിലും വാദ കോലാഹലങ്ങളിലും ഒടുങ്ങുന്നു. ഓരോരുത്തരും ഏതെങ്കിലും ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി നിലയുറപ്പിച്ചുകൊണ്ട് അതിനെ ന്യായീകരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന് ദൈവത്തിന്റെ കാര്യമെടുക്കാം. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്നു പറയുന്നു. മാത്രമല്ല സര്‍വ്വചരാചരങ്ങളെയും ദൈവം പരിപാലിച്ചുവരികയും ചെയ്യുന്നു. സര്‍വ്വശക്തനായ ദൈവം ഒന്നേയുള്ളൂ എന്നതിലും ആര്‍ക്കും തര്‍ക്കവുമില്ല. പിന്നെയെന്താണ് പ്രശ്നം ? ഒരു ദൈവം ഉണ്ടായിരിക്കുകയും സര്‍വ്വരെയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് നല്ലതല്ലേ ? ഇതില്‍ എവിടെയാണ് തര്‍ക്കങ്ങള്‍ക്കും , കലഹങ്ങള്‍ക്കും , ഭീകരവാദത്തിനും സ്ഥാനമോ സാദ്ധ്യതയോ ഉള്ളത് ? പക്ഷെ ദൈവം ഇന്ന് നമ്മുടെ രാഷ്ട്രപതിയെപ്പോലെയാണ്. സര്‍വ്വ അധികാരങ്ങളും പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ് എന്നാണ് വെപ്പ്. ഒരു പ്യൂണിനെപ്പോലും നിയമിക്കാനോ ശിക്ഷിക്കാനോ ഉള്ള അധികാരം പേരിനുപോലും ഇല്ലതാനും. അത് പോലെ പറഞ്ഞുനില്‍ക്കാന്‍ ഒരലങ്കാരപദമാണ് ഇന്ന് ദൈവം. ഒരു വിശ്വാസിക്ക് അവന്റെ പ്രവാചകനെ മതി, അവന്റെ അവതാരത്തെ മതി , അവന്റെ ഗുരുവിനെ മതി , അവന്റെ കിത്താബ് മതി, അവന്‍ പ്രത്യേകം പേര്‍ നല്‍കിയിട്ടുള്ള കെട്ടിടം മതി അവന് പ്രാര്‍ത്ഥിക്കാന്‍ ! ( കെട്ടിടങ്ങളുടെ പേരു ഞാന്‍ പരാമര്‍ശിക്കുന്നില്ല . കാരണം വിശ്വാസിയുടെ വികാരം വൃണപ്പെടും. ഈ ലോകത്തില്‍ ഏറ്റവും അപകടകരമായത് വിശ്വാസിയുടെ വികാരമാണ് . അത് വൃണപ്പെടുമ്പോളാണു മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ) ദൈവത്തെ വേണ്ട ! 



ഒരു ജാതി,ഒരുമതം,ഒരു ദൈവം എന്ന നാരായണഗുരുവിന്റെ വാക്കുകള്‍ ഇന്ന് ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ ഒരു വിശ്വാസിക്ക് അത് സഹിക്കാനോ സങ്കല്‍പ്പിക്കാനോ കഴിയുമോ ? രാമന് അമ്പലം , ബാബര്‍ക്ക് മസ്ജിദ് എന്ന് താന്താങ്ങള്‍ക്ക് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പരസ്പരം കൊലവിളി നടത്തുകയല്ലേ വിശ്വാസികള്‍ ? ദൈവം സര്‍വ്വശക്തനാണെങ്കില്‍ ഈ രാമനും ബാബറും ആരാ ? സര്‍വ്വശക്തരില്‍ സര്‍വ്വശക്തനോ ? ഇതില്‍പ്പരം ഒരു ഗതികേട് ദൈവത്തിന് വരാനുണ്ടോ ? ദൈവത്തെക്കാളും പ്രാമാണ്യം അവതാരത്തിനോ , പ്രവാചകനോ ആണെങ്കില്‍ അവതാരത്തേക്കാളും പ്രവാചകനേക്കാളും വലുത് പുരോഹിതനോ പൂജാരിയോ അല്ലേ ? ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടന്നിട്ടുള്ളത് പ്രവാചകന്മാരുടെ പേരിലാണ്. അല്ലയോ ദൈവമേ ! അങ്ങാണ് പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് എന്ന് പറയുന്നത് സത്യമാണെങ്കില്‍ , അങ്ങെന്തിനീ പ്രവാചകന്മാരായ പ്രവാചകരെയെല്ലാം ഭൂമിയിലേക്കയച്ചു ? പില്‍ക്കാലത്ത് മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാകാനോ ? അങ്ങയ്ക്ക് നേരിട്ട് എല്ലാം നിയന്ത്രിക്കാമായിരുന്നില്ലേ ? ശരി; ഇനിയെയെങ്കിലും ഈ പ്രവാചകന്മാരെയെല്ലാം പൂര്‍വ്വകാലപ്രാബല്ല്യത്തോടെ തിരിച്ച് വിളിച്ച് ഭൂമിയിലെ മനുഷ്യപുത്രന് ശാന്തിയും സമാധാനവും നല്‍കിക്കൂടേ ?

രാഷ്ട്രത്തിന്റെയും,ജനങ്ങളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പോലും രാഷ്ട്രീയം. ജനങ്ങള്‍ക്ക് പുരോഗതിയുണ്ടാവണം, വികസനം വരണം, എല്ലാ പൌരന്മാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണം. അങ്ങിനെയാണെങ്കില്‍ ഇക്കാണുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ജനങ്ങളുടെ അഭ്യുന്നതിക്കായി മത്സരിക്കുകയല്ലെ വേണ്ടത് . മത്സരിച്ച് മത്സരിച്ച് മറ്റെല്ലാ പര്‍ട്ടിക്കാരെക്കൊണ്ടും ജനങ്ങള്‍ക്ക് വേണ്ടി പണി എടുപ്പിക്കുകയല്ലേ വേണ്ടത്. ഒരു പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയുമ്പോള്‍ അതില്‍ സന്തോഷിച്ച് അതിലും നന്നായി ചെയ്യുകയല്ലേ വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടിയല്ലേ ഈ ഭരണവും,സര്‍ക്കാറും,പാര്‍ലെമെന്റും, ഉദ്യോഗസ്ഥരും,നിയമങ്ങളും എല്ലാമെല്ലാം ? അല്ലാതെ ഇവയ്ക്കെല്ലാം വേണ്ടി ജനങ്ങള്‍ അല്ലല്ലോ ഇതില്‍ എവിടെയാണ് ഇറങ്ങിപ്പോക്കിനും, ബഹളങ്ങള്‍ക്കും,ചാപ്പകുത്തലിനും, നാടന്‍ ബോംബിനും എല്ലാം സ്ഥാനം ? അവിടെയാണ് പ്രശ്നം. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് എന്റെ പാര്‍ട്ടി തന്നെ  ചെയ്യണം. മറ്റേപ്പാര്‍ട്ടി ഒന്നും ചെയ്യരുത്. അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അനുവദിക്കരുത്; ചെയ്യുന്നതെല്ലാം ജനദ്രോഹമാണെന്നു പ്രചരിപ്പിക്കണം . എല്ലാം വേണം അതു പക്ഷേ എന്റെ പാര്‍ട്ടിക്ക് മാത്രം ! എന്നാലിവന്റെ പാര്‍ട്ടി വളരുമോ വളര്‍ത്തുമോ എന്നു ചോദിച്ചാല്‍ അതൊട്ടില്ലതാനും. വളര്‍ന്ന് വളര്‍ന്ന് ഏതാണ്ട് ഒരു ബോണ്‍സായ് പരുവത്തിലെത്തിയ അനേകം പാര്‍ട്ടികളുള്ള നാടാണ് നമ്മുടേത്. ആണായാലൊരു പെണ്ണ് വേണമെന്നപോലെ , ആളായാലൊരു പാര്‍ട്ടി വേണ്ടേ ? പാര്‍ട്ടികളിങ്ങനെ പലവിധമിവിടെ സുലഭമായപ്പോഴാണ് , പണ്ടത്തെ നമ്മുടെ വേലായുധന്റെ സര്‍പ്പ
യജ്ഞത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മുന്നണിസംവിധാനം എന്ന സൂത്രപ്പണി കണ്ടുപിടിച്ചത്. ഇനിയീ നാട്ടില്‍ ഏകകക്ഷിഭരണം ഒരിക്കലും വരാനിടയാകരുതേ എന്നാണ് എല്ലാ രാഷ്ട്രീയക്കാരന്റെയും പ്രാര്‍ത്ഥന. ഭാഗ്യവശാല്‍ നാരായണ ഗുരുവിനെപ്പോലെ ഒരാളിനി ജനിക്കാതിരുന്നാല്‍ മതി. ഒരു രാഷ്ട്രം, ഒരു ജനത, ഒരു പാര്‍ട്ടി ഭാരതീയര്‍ക്ക് എന്നോ മറ്റോ പറഞ്ഞ്
ജനാധിപത്യം കുട്ടിച്ചോറാക്കിയലോ .

ഇപ്പോള്‍ ധാരാളം മലയാളികള്‍ ബ്ലോഗ് എഴുതുന്നുണ്ട്. പുതിയ പുതിയ ബ്ലോഗ്ഗേഴ്സ് ദിനം‌പ്രതി കടന്നുവരുന്നുമുണ്ട്. വളരെയധികം കഴിവും ഭാവനയും ചിന്താശേഷിയും ഉള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇതിനെ മലയാളത്തിന്റെ സുകൃതം എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ സര്‍ഗ്ഗാത്മകവും, സാര്‍ത്ഥകവുമായ സംവാദങ്ങള്‍ വിരളമായേ ഇവിടെ നടക്കുന്നുള്ളൂ എന്നാണ് ബ്ലോഗുകളിലൂടെ സഞ്ചരിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നുകില്‍ ഉപരിപ്ലവങ്ങളായ കമന്റുകളിലൂടെ ചിലര്‍ പരസ്പരം സുയിപ്പിക്കുന്നു. അല്ലെങ്കില്‍ ആരെയെങ്കിലും തേടിപ്പിടിച്ച് സ്വഭാവഹത്യ നടത്തുന്നു. യാഹൂ പ്രശ്നം നടക്കുമ്പോള്‍ മനസ്സ് നൊന്ത് ഞാനൊരു ബ്ലോഗില്‍ ഒരു കമന്റ് എഴുതി; ബ്ലോഗ്ഗേഴ്സിനു ഒരു എത്തിക്സ് വേണ്ടേ എന്ന് . അതിനു ശേഷം ഒരു നൂറ് വട്ടം ആലോചിട്ടേ ഞാന്‍ എവിടെയെങ്കിലും പോയി കമന്റ് പാസ്സാക്കാറുള്ളൂ . സമൂഹത്തിന്റെ ഒരു പരിച്ഛേദമാണല്ലോ ബ്ലോഗും . അപ്പോള്‍ സമൂഹത്തിലുള്ള എല്ലാ നല്ലതും കെട്ടതും അവിടെയും കാണുമല്ലോ.........

ഒരു സുഹൃത്തിന് ഇന്നെഴുതിയ ഒരു സ്ക്രാപ്പ് ....

ചിന്തിക്കുന്ന ആര് പറയുന്ന അഭിപ്രായങ്ങളോടും എനിക്ക് വിയോജിക്കേണ്ട ഒരു കാര്യവുമില്ല അനീഷ്..കാരണം , ചിന്തിക്കുന്നവര്‍ ഏറെക്കുറെ സത്യത്തിന്റെ അടുത്ത് എത്തിച്ചേരുന്നു. എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരുപാട് സ്നേഹവും,കരുണയും,ആര്‍ദ്രതയും ഉറങ്ങിക്കിടക്കുന്നുണ്ട്. അത് പക്ഷെ ദൈനംദിന ജീവിതത്തില്‍ അവന് സഹജീവികളോട് കാണിക്കാന്‍ കഴിയുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ഇതിനെക്കുറിച്ചാണ് ഞാന്‍ ആഴത്തില്‍ ചിന്തിക്കുന്നതും,വ്യാകുലപ്പെടുന്നതും. വ്യക്തിപരമായി എനിക്ക് പരിഭവങ്ങളോ,പരാതികളോ ഇല്ല. എന്റെ കഴിഞ്ഞ സ്ക്രാപ് അങ്ങിനെയൊരു സൂചന അനീഷിനു നല്‍കിയിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്റെ ആശയപ്രകാശനത്തിലെ അപര്യാപ്തതയാണ്.സത്യത്തില്‍ ഞാനും അനീഷും പറയുന്നതും, ബാബു പോളും,മറ്റനേകം പേര്‍ പറയുന്നതും ഒന്നു തന്നെയാണ്. എല്ലാവര്‍ക്കും സസന്തോഷം ജീവിക്കാനുള്ള ഇടവും, വിഭവങ്ങളും ഇവിടെയുണ്ടായിട്ടും ആരും സംതൃപ്തരോ സന്തുഷ്ടരോ അല്ല. അതിന്റെ കാരണങ്ങളിലേക്ക് കടക്കുമ്പോഴാണ്, ഇന്ന് സാര്‍വ്വത്രികമായി കാണുന്ന പരദൂഷണം അസൂയ തുടങ്ങിയ സാമാന്യജനങ്ങളുടെ ചില മനോവൈകല്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വരുന്നത്. ഇതിനെക്കുറിച്ചൊക്കെ വിശദമായ ഒരു ബ്ലോഗെഴുതി പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു അനീഷ്... ! വാസ്തവത്തില്‍ ഈ ജീവിതം മനുഷ്യന് എന്തു നല്‍കുന്നു, ജീവിതത്തില്‍ നിന്ന് മനുഷ്യന്‍ എന്ത് അവശ്യപ്പെടുന്നു തുടങ്ങിയ അടിസ്ഥാനപരമായ ദാര്‍ശനികസമസ്യകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്...! ഞാന്‍ വീണ്ടും എഴുതാം,സസ്നേഹം,

ഒരു ഓര്‍ക്കുട്ട് സുഹൃത്തിന് ഇന്നെഴുതിയ സ്കാപ്പ് !

പ്രിയമുള്ള ശ്രീനിവാസന്‍,...വളരെ മഹത്തായതും,മനോഹരവുമാണ് ദൈവം എന്ന സങ്കല്പം ! പക്ഷെ, പ്രശ്നം അതല്ല.പലതരം വിശ്വാസങ്ങളാല്‍ മനുഷ്യര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.അഥവാ മനുഷ്യര്‍ നിക്ഷിപ്തതാല്പര്യക്കാരാല്‍ പങ്കു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വിഭജനവും,പങ്കു വെക്കലുമാണ് സാധാരണക്കാര്‍ എക്കാലവും അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്ക് കാരണം എന്നാണ് എന്റെ ഒരു നിരീക്ഷണം.ചുരുക്കത്തില്‍ മനുഷ്യന്റെ മാനസീകവും,ബുദ്ധിപരവുമായ സ്വാതന്ത്ര്യം ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ അജ്ഞതയും,മാനസീകമായ അടിമത്തവും എല്ലാവറ്റിലുമുപരി അവന്റെ സൂപ്പര്‍ ഈഗോയും എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ ചെറുപ്പകാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര സൌഭാഗ്യങ്ങളാണ് ഇന്നത്തെ സാധാരണക്കാരന്‍ പോലും അനുഭവിക്കുന്നത്.എന്നിട്ടും ആന്തരീകദാരിദ്ര്യം നിമിത്തം ആളുകള്‍ ജീവിതം നരകതുല്ല്യമാക്കുന്നു. എന്റെ ഈ വിഹ്വലതകളും ആശങ്കകളുമാണ് ഓര്‍ക്കുട്ട് സുഹൃത്തുക്കളുമായി പങ്കിടാന്‍ ഞാന്‍ ശ്രമിക്കുന്നത്. ഇത്രയധികം കോടി ജനങ്ങള്‍ ഇന്ന് ഭൂമിയില്‍ സര്‍വ്വവിധ സൌഭാഗ്യങ്ങളോടും സൌകര്യങ്ങളോടും കൂടിത്തന്നെയാണ് ജീവിക്കുന്നത്. പക്ഷെ ഞാന്‍ മേല്‍പ്പറഞ്ഞ അജ്ഞതയും,മാനസീകാടിമത്തവും ഇല്ലായിരുന്നെങ്കില്‍ ജീവിതം ഒരുത്സവമാക്കാമായിരുന്നു..! മാത്രമല്ല , പ്രകൃതിയെയും,പരിസ്ഥിതിയെയും മലിനീകരിക്കുക വഴി നാളത്തെ തലമുറക്ക് ഇവിടെ ജീവിതം അസാദ്ധ്യമാക്കുക കൂടി ചെയ്യുന്നു.നമ്മുടെ ഭൂമിയെയും ജനതയേയും മാനവീകരിക്കാനുള്ള മഹത്തായൊരു യജ്ഞം എന്നെങ്കിലും ആരെങ്കിലും തുടങ്ങിവെക്കുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.... !

സഞ്ജുവിന് ഒരു തുറന്ന കത്ത് !!

പ്രിയപ്പെട്ട സഞ്ജൂ .....
ഒരു വിവരപ്രളയത്തിന്റെ (information flood ) നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്. അതായത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും വിവരങ്ങള്‍ നമ്മളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
ഈ വിവരങ്ങളില്‍ സത്യങ്ങളും,കള്ളങ്ങളും,തെറ്റിദ്ധാരണാജനകങ്ങളും നമ്മെ ചതിക്കുഴികളില്‍
ചാടിക്കുന്നവയും എല്ലാം ഉള്‍പ്പെടുന്നു. ഓരോ സെക്കന്റിലും പുതിയ പുതിയ വിവരങ്ങള്‍ പ്രകാശനം
ചെയ്യപ്പെടുന്നതോടൊപ്പം വിവരമലിനീകരണവും നടന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്ന് ശരിയായവ ചികഞ്ഞെടുക്കേണ്ടതുണ്ട്. വസ്തുതകളില്‍ നിന്നു തുടങ്ങി, വസ്തുനിഷ്ഠമായി വിശകലനം
ചെയ്യുകയും വേണം. ഇവിടെയാണ് സയന്‍സിന്റെ പ്രസക്തി. ഈ പ്രപഞ്ചത്തെയും,പ്രകൃതിയെയും,
നമ്മുടെ ശരീരത്തെപ്പറ്റിത്തന്നെയും വസ്തുതാപരമായി മനസ്സിലാക്കാന്‍ സയന്‍സ് അല്ലാതെ മറ്റ് വേറെ
മാര്‍ഗ്ഗമില്ല.കാരണം നിരീക്ഷണപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതും ഇനിയും തെളിയിക്കപ്പെടാ
നിരിക്കുന്നതുമായ സത്യങ്ങളുടെ ആകെത്തുകയാണ് സയന്‍സ്. അതില്‍ ഊഹങ്ങള്‍ക്കും,അനുമാനങ്ങ
ള്‍ക്കും സ്ഥാനമില്ല. എന്നാല്‍ അനുമാനങ്ങളും, ഊഹാപോഹങ്ങളും,സങ്കല്‍പ്പങ്ങളും തെളിയിക്കപ്പെട്ട
ശാസ്ത്രസത്യങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച അനുക്ഷണവികസ്വരമായ
വിവരസഞ്ചയം. ഇതില്‍ നിന്നു തനിക്ക് ലഭിച്ച വിവരങ്ങളാണ് ഒരാളുടെ അറിവ് എന്നത്.അതില്‍ നിന്ന്
അയാള്‍ ഒരു നിഗമനത്തിലെത്തുകയും, അത് അന്തിമമാണെന്ന് കരുതുകയും ചെയ്യുന്നു. അതായത്
input നെ ആശ്രയിച്ചിരിക്കും output. സയന്‍സ് ഒരു തുടര്‍ച്ചയാണ് . ഏതൊരു മനുഷ്യനാണോ ആദ്യമായി ഒന്ന് പരീക്ഷിച്ച് ഒരു തെളിവ് സ്ഥാപിച്ചത്, അവിടെ സയന്‍സ് തുടങ്ങുന്നു. ഉദാഹരണമായി
പ്രാകൃതമനുഷ്യന്‍ പ്രകൃതിയില്‍ നിന്നു നേരിട്ട് കിട്ടുന്ന കിഴങ്ങ് പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍
ഥങ്ങളാണ് ആഹാരമായി കഴിച്ചിരുന്നത്. പഴം കല്ല് ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്താം എന്ന് മനസ്സിലാ
ക്കിയ ആദ്യത്തെ പ്രാകൃതമനുഷ്യനെ ആദ്യശാസ്ത്രജ്ഞന്‍ എന്ന്സങ്കല്‍പ്പിച്ചാല്‍ പിന്നീട്,എന്തുകൊണ്ട്
പഴം താഴോട്ട് വീഴുന്നു എന്നതിന്റെ നിയമം സര്‍ ഐസക്‍ന്യൂട്ടന്‍ കണ്ടുപിടിക്കുമ്പോള്‍ സഹസ്രാബ്ധങ്ങ
ളിലൂടെയുള്ള സയന്‍സിന്റെ ഒരു തുടര്‍ച്ച നമുക്കിതില്‍ കാണാം. അന്നു ആ പ്രാകൃത മനുഷ്യന്‍ ഉപയോ
ഗിച്ച കല്ല് ആദ്യത്തെ ഉപകരണമായിരുന്നു എന്നു കണക്കാക്കിയാല്‍ ഇന്നു എന്റെ മുന്നിലുള്ള ഈ
കമ്പ്യൂട്ടറില്‍,കണ്ടെത്തലിന്റേയുംഅന്വേഷണത്തിന്റേയും ചോദ്യം ചെയ്യലിന്റേയും ഒരു തുടര്‍ച്ചകാണാം.
ചോദ്യം ചെയ്യപ്പെടുന്നവരിലൂടെയാണ്, വിശ്വസിച്ചുവിധിയെഴുതിക്കഴിയുന്നവരിലൂടെയല്ല സമൂഹം വളര്‍
ന്നിട്ടുള്ളതും ഇനി വളരാന്‍ പോകുന്നതും! സയന്‍സിന്റെയും,സാങ്കേതികവിദ്യയുടേയും ഏറ്റവും നവീനമാ
യ സൌകര്യങ്ങള്‍ അനുഭവിക്കുകയും,അതേ സമയം സയന്‍സിനെ ശത്രുതാപരമായ ഒരു മനോഭാവ
ത്തോടെ സമീപിക്കുകയും ചെയ്യുന്നതിന്റെ മനശ്ശാസ്ത്രപരമായ ഒരു കാരണം ഞാന്‍ നേരത്തേ പറഞ്ഞ
പോലെ input ലഭിക്കാതിരിക്കുന്നതോ അത് സ്വീകരിക്കാതിരിക്കുന്നതോ ആണ്. ഇക്കഴിഞ്ഞ നാലു
നൂറ്റാണ്ടുകളില്‍ ഒരു വമ്പിച്ച വിജ്ഞാന വിസ്പോടനം തന്നെയുണ്ടായി. എത്രയോ പ്രകൃതിരഹസ്യങ്ങള്‍
അനാവരണം ചെയ്യപ്പെട്ടു. കാലാകാലങ്ങളായി തുടര്‍ന്നു വന്നിരുന്ന പല അന്ധവിശ്വാസങ്ങളും,അബ
ദ്ധധാരണകളും പുതിയ വെളിപ്പെടുത്തലുകളില്‍ കടപുഴകി. സമൂഹതില്‍ നവീനങ്ങളായ ആശയങ്ങള്‍
പ്രചരിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍വീണ്ടുംപ്രാകൃതവിശ്വാസങ്ങള്‍
മേല്‍ക്കോയ്മ നേടിവരുന്നതായി കാണുന്നു. ഒരു തരം confused mind ആണ് അധികം പേരുടേതും.
ഞാന്‍ വിഷയത്തില്‍ നിന്നു അല്പം വഴി മാറിപ്പോയി. ശാസ്ത്രത്തിന്റെ അനുസ്യൂതമായ തുടര്‍ച്ചയും,
വളര്‍ച്ചയുമാണല്ലൊ പറഞ്ഞുവന്നത്. ഇങ്ങിനെ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടൊപ്പം, ശാസ്ത്രത്തില്‍ നിന്നു
വ്യതിചലിച്ചു ഊഹങ്ങളുടെ അടിസ്ഥാനത്തില്‍മെനഞ്ഞെടുത്ത ശാസ്ത്രാഭാസങ്ങളും സയന്‍സിനോടൊ
പ്പം സമാന്തരമായി വളര്‍ന്നു വന്നു. ശാസ്ത്രത്തിന്റെ ലേബലിലാണ് ഈ ശാസ്ത്രാഭാസങ്ങളും ഇന്നു പ്രചരി
ച്ചു വരുന്നത്. പരീക്ഷണവിധേയമാക്കി തെളിയിക്കപ്പെടാതെ, ശാസ്ത്രത്തിന്റെ കുപ്പായമണിഞ്ഞു വരുന്ന
എന്തും ശാസ്ത്രാഭാസമാണ്. അതിന്റെ ഒരു ഉദാഹരണമാണ്, ഇന്നു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന
ജ്യോതിഷം. തന്റെ നഗ്നനേത്രങ്ങല്‍ കൊണ്ട് ആകാശത്തെ നിരീക്ഷിച്ചു ഗ്രഹങ്ങളുടെ ചലനങ്ങളും,
നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും നിര്‍ണ്ണയിച്ച ആള്‍ തന്നെയാണ് ആദ്യത്തെ വാനശാസ്ത്രജ്ഞന്‍. അന്ന്
പക്ഷെ കിട്ടിയേടത്തോളം വിവരങ്ങള്‍ വെച്ചു ഭൂമി പരന്നതാണെന്നും , നിശ്ചലമാണെന്നും, പ്രപഞ്ച
ത്തിന്റെ കേന്ത്രമാണെന്നുമാണു ആളുകള്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല വാനനിരീക്ഷണത്തിനു തന്റെ
കണ്ണുകളല്ലാതെ മറ്റൊരു ഉപകരണവും ലഭ്യമായിരുന്നില്ല തനും. ഇന്നത്തെ ശൂന്യാകാശപരീക്ഷണങ്ങ
ള്‍ അന്നത്തെ പരീക്ഷണങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ ഈ നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളു
ടെയും ചലനങ്ങള്‍ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു എന്നുള്ള,
സാമൂഹ്യശാസ്ത്രം വികസിക്കാത്ത അക്കാലത്ത് ഏതൊ ഒരാളുടെ അനുമാനങ്ങളാണ് ഇന്ന് ജ്യോതിഷം
എന്ന ശാസ്ത്രാഭാസമായി പ്രചരിക്കുന്നത്.
സഞ്ജൂ .... ഈ കത്ത് തല്‍ക്കാലം ഞാന്‍ ഇവിടെ നിര്‍ത്തുകായാണ്. നമുക്ക് ഇനിയും തുടരാം.
എനിക്ക് ഇന്ന് കണ്ണൂരിലേക്ക് പോകേണ്ടതുണ്ട്. സ്ക്രാപ്പുകളിലൂടെ സഞ്ജു എന്നെ അങ്കിളേ... എന്നു നീട്ടീ വിളിക്കുമ്പോള്‍ ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ ആ മനസ്സിനു മുന്‍പില്‍ ശിരസ്സ് കുനിക്കാതെയിരി ക്കാന്‍ കഴിയില്ല............ !
വാത്സല്ല്യപൂര്‍വ്വം, അങ്കിള്‍.

ഇന്ന് ഒരു ഓര്‍ക്കുട്ട് സുഹൃത്തിനെഴുതിയ സ്ക്രാപ്പ്....

സ്മിതാ.. എന്റെ ബ്ലോഗ് നോക്കിയിട്ടുണ്ടോ?അതില്‍ എന്നെ പററി പറഞ്ഞത് വെറും വാസ്തവമാണ്.ഒന്നു കൂടി നോക്കണം! എന്റെ ചെറുപ്പ കാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന അത്ര സൌഭഗ്യങ്ങളാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്.അന്നു പക്ഷേ ദാരിദ്ര്യം പങ്ക് വെച്ചിരുന്ന മനുഷ്യരുടെയിടയില്‍ ഒരു പാരസ്പര്യവും,മനസ്സുകളില്‍ ആര്‍ദ്രതയും കരുണയും ഉണ്ടായിരുന്നു.ആവശ്യങ്ങള്‍ പരിമിതങ്ങളായിരുന്നതിനാല്‍ വേണ്ടത്ര സന്തോഷവും സംതൃപ്തിയുംസമധാനവുമുണ്ടായിരുന്നു.ഇന്നു സൌകര്യങ്ങള്‍ കൂടിയപ്പോള്‍ അതൊക്കെ നഷ്ടപ്പെടുന്നു. പിന്നെ ശാസ്ത്രവും,അനേകം ശാസ്ത്രജ്ഞന്മാര്‍ ജീവിതം പോലും ത്യജിച്ചുകൊണ്ട് കണ്ടെത്തിയ സത്യങ്ങളുമാണ് ഇന്നത്തെ മനുഷ്യനു ഈ സൌകര്യങ്ങളൊക്കെ നേടിത്തന്നത്.എന്നാല്‍ സയന്‍സിനെ മനസ്സിലാക്കാനോ ശാസ്ത്രജ്ഞരെ ഓര്‍ക്കാന്‍ പോലുമൊ ആരും മെനക്കെടുന്നില്ല.എന്റെ ഇത്തരം നുറുങ്ങു ചിന്തകള്‍ ഒരു ഡയറിക്കുറിപ്പ് പോലെ എഴുതി വെക്കാനാണ് ആ ബ്ലോഗ്. പിന്നെ മലയാളത്തില്‍ എനിക്കെന്താണ് പണി? അവിടെ ഉപരിപ്ലവങ്ങളായ ഹായ്..ഹോയ് ...സംഭാഷണങ്ങളേയുള്ളൂ.... സ്മിത ചോദിച്ചത് കൊണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളൂ.. മുഷിഞ്ഞില്ലല്ലോ....?

ഓര്‍ക്കൂടും..... പിന്നെ...സ്നേഹക്കൂടും.....

“കേരളത്തിന്റെ സൈബര്‍ കൌതുകം ഇപ്പോള്‍ ഒരു കൂട്ടില്‍ ചേക്കേറിയിരിക്കുകയാണ്. ഓര്‍ക്കുട് - പ്രണയികള്‍ക്ക് സ്വപ്നക്കൂട്,സുഹൃത്തുക്കള്‍ക്ക് കളിക്കൂട്,വേറിട്ട് നടക്കുന്നവര്‍ക്ക് ചര്‍ച്ചയുടെ ചട്ടക്കൂട്.”...... ഓര്‍ക്കുട്ടിനെക്കുറിച്ച് 2006ഡിസംബര്‍ 17 ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍
ശരത് കൃഷ്ണ എഴുതിയ ഫീച്ചറിലെ വരികാളാണ് ഇത്.

ശരത് തുടരുന്നു, “........ പിന്നെ അഞ്ചരക്കണ്ടിക്കാരന്‍ സുകുമാരന്‍ ചേട്ടനെ മുതല്‍ ഓര്‍ക്കുടിന്റെ പിതാവ് ഓര്‍ക്കുട് ബുയുക്കോക്ടനെ വരെ സുഹൃത്താക്കാം. സൌഹൃദത്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത ഭൂഖണ്ഡങ്ങള്‍ തേടുന്ന നാവികനാകാം. സ്വന്തം സുഹൃത്തില്‍ നിന്ന് അയാളുടെ സുഹൃത്തിലേക്ക്,അവിടെ നിന്ന് മററ് ഒരാളിലേക്ക്....ക്ലിക്ക്...ക്ലിക്ക്... എന്ന താളത്തിലുള്ള ചാട്ടം. കേരളത്തിലെ ഏതെങ്കിലും ഭൂപ്രദേശത്തുനിന്നു തുടങ്ങി ആഫ്രിക്കന്‍ വന്‍ കരയില്‍ വരെയെത്തി നങ്കൂരമിടല്‍ ......” ശരിയാണ്,  വളരെ എളുപ്പത്തില്‍ ഒത്തിരി സുഹൃത്തുക്കളെ ഓര്‍ക്കുട്ടിലൂടെ കണ്ടെത്താം. ആയിരത്തോളം സുഹൃത്തുക്കള്‍ എന്റെ സൌഹൃദപ്പട്ടികയിലുണ്ട്. എന്നാല്‍ എത്ര പേരു മായി ഇതിലൂടെ യഥാര്‍ഥ ബന്ധം സ്ഥാപിക്കാനാവും? ആദ്യം കുറച്ചു സ്ക്രാപ്പുകള്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അവരെ കണ്ടെത്തുക എളുപ്പമല്ല. സുഖം തന്നെയല്ലെ...........,എന്തുണ്ട് വിശേഷം............? ഇങ്ങിനെ ചില കുശലങ്ങളല്ലാതെ അര്‍ഥപൂര്‍ണ്ണമായ സംവാദങ്ങളിലേര്‍പ്പെടാനുള്ള അവസരമോ,അടുപ്പമുള്ളവ്യക്തി
ബന്ധത്തിന്റെ ഊഷ്മളതയോ ഈ സൌഹൃദങ്ങളില്‍ നിന്നു ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല.
ഏതായാലും എന്നെ സംബന്ധിച്ചെടുത്തോളംധാരാളംസുഹൃത്തുക്കളില്‍ നിന്ന്  സ്നേഹവും,ബഹുമാനവും തുളുമ്പുന്ന സ്ക്രാപ്പുകള്‍ നിത്യവും ലഭിക്കുന്നു.

എന്തുകൊണ്ടാണാളുകള്‍ സൌഹൃദം തേടി ഓര്‍ക്കുട്ടിലെത്തുന്നത്? എല്ലാവര്‍ക്കും ആരില്‍ നിന്നെങ്കിലും സ്നേഹവും,അംഗീകാരവും കിട്ടിയേ മതിയാവൂ . അഥവാ ഓരോരുത്തരും മററ് സഹജീവികളുടെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. ആര്‍ക്കും ആരില്‍ നിന്നും സ്നേഹം ലഭിക്കാത്ത വിധം ഒരു സ്നേഹദാരിദ്ര്യം നിലനില്‍ക്കുന്നതായി എനിക്കു തോന്നുന്നു. ആരാണ് നിങ്ങളുടെ ആത്മാര്‍ഥസുഹൃത്ത് എന്നു ചോദിച്ചാല്‍ അതിനു ഉത്തരം പറയാന്‍ പലരും പലവട്ടം ആലോചിക്കും.

ഇവിടെ തനിക്ക് സ്നേഹം ലഭിക്കണമെന്നു ആഗ്രഹിക്കുകയല്ലാതെ,അത് അന്യര്‍ക്കു നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. മററ് എല്ലാവരേയും നിരുപാധികം സ്നേഹിക്കാന്‍ എല്ലാവരും തയ്യാറായല്‍ ഓരോരുത്തര്‍ക്കും അത് ചോദിക്കാതെ തന്നെ ലഭിക്കും. എന്താണു സ്നേഹം ? ത്യാഗമാണു സ്നേഹത്തിന്റെ ഉരകല്ല്. മററ് സഹജീവികളെ സ്നേഹിക്കുകയും,അവര്‍ക്കുവേണ്ടി കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ സഫലമാകുന്നതു അവനവന്റെ ജീവിതം തന്നെയാണ്.

ഇന്ന് കുടുംബബന്ധങ്ങളും,അയല്‍ പക്ക ബന്ധങ്ങളും തീരെ ശിഥിലമായതാണു മാനസീകപിരിമുറുക്കങ്ങള്‍ക്ക് ഒരു പ്രധാനകാരണം. അയല്‍ പക്കത്തെ ശത്രുവാണു ദൂരത്തെ ബന്ധുവെക്കാളും ഉപകാരം എന്ന അര്‍ഥത്തില്‍ ഒരു പഴമൊഴിയുണ്ട്, എന്നാല്‍ “ അടുക്കുന്തോറും അകലും,അകലുന്തോറും അടുക്കും” എന്നത് പുതുമൊഴി!

ഈ ലോകത്തില്‍ അപരിചിതത്വം എന്നൊന്നു ആവശ്യമില്ലായിരുന്നു. മനുഷ്യന്‍ എന്ന ഒററക്കാരണത്താല്‍ ആര്‍ക്കും ആരില്‍ നിന്നും നിരുപാധികമായ സ്നേഹം ലഭിക്കണ
മായിരുന്നു. അതെ, സ്നേഹവും അംഗീകാരവും ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്............
അപ്പോള്‍ ഈ ലോകം ഒരു സ്നേഹക്കൂടായി മാറും....................................!