Links

Showing posts with label യു.ഡി.എഫ്.. Show all posts
Showing posts with label യു.ഡി.എഫ്.. Show all posts

പൊന്നാനിയില്‍ യു.ഡി.എഫ്. ജയിക്കണം



പൊന്നാനിയില്‍ ഇ ടി മുഹമ്മദ്‌ ബഷീറും യു ഡി എഫും ജയിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറഞ്ഞത് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി എം പി യാണ്.

കേരളത്തില്‍ മുസ്‌ലീം ലീഗ്‌ ക്ഷീണിച്ചപ്പോള്‍ വര്‍ഗ്ഗീയത ശക്തിപ്പെടുകയും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ ക്ഷീണിച്ചപ്പോള്‍ തീവ്രവാദം ശക്തിപ്പെടുകയും ചെയ്തു എന്നു കൂടി പറഞ്ഞ അബ്ദുള്ളക്കുട്ടി
ഈ സാഹചര്യത്തില്‍ മുസ്‌ലീം ജനസാമാന്യത്തെ തമ്മിലടിപ്പിക്കാനുള്ള കുതന്ത്രമാണ്‌ ഇവിടെ നടക്കുന്നതെന്നും ഇത്‌ ജനങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞു. മന്‍മോഹന്‍സിങിന്റെ ഉദാരവല്‍ക്കരണമാണ്‌ ഇന്ത്യയെ രക്ഷിച്ചതെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പത്രക്കാരോട് പറഞ്ഞു. ഇതിന് മുന്‍പ് മോഡിയുടെ വികസനശൈലിയെ മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം ഹര്‍ത്താല്‍ എന്ന സമരരീതിയാണ് നമ്മുടെ പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞതും വിവാദമായിരുന്നു. അങ്ങനെ മേല്‍ക്കാണിച്ച വാചകങ്ങള്‍ മുഴുവന്‍ പറയുക വഴി അബ്ദുള്ളക്കുട്ടി ഈ നൂറ്റാണ്ടിലെ ഏറ്റവും പിന്തിരിപ്പന്‍ എന്ന സ്ഥാനത്തിന് അര്‍ഹനായിരിക്കുകയാണ്.

പുരോഗമനവാദികള്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സഹിക്കുക എന്നറിയില്ല. എനിക്കേതായാലും അബ്ദുള്ളക്കുട്ടി പറഞ്ഞത് മുഴുവനും ശരിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ക്ഷയിച്ചാല്‍ എന്ത് സംഭവിയ്ക്കുമെന്നതിന്റെ ഉദാഹരണമാണ് ബാംഗ്ലുരില്‍ നടന്ന സ്പോടനം. തീവ്രവാദചിന്തകള്‍ക്ക് എളുപ്പത്തില്‍ യുവമനസ്സിനെ സ്വാധീനിക്കാന്‍ കഴിയും. അതായിരുന്നു കോയമ്പത്തൂര്‍ സ്പോടനത്തിന് മുന്‍പ് അബ്ദുള്‍ നാസര്‍ മദനിയുടെ സ്വാധീനം കേരളത്തില്‍ വര്‍ദ്ധിക്കാനിടയാക്കിയത്. പൊന്നാനിയില്‍ ലീഗ് തോറ്റ് പോവുമോ എന്നറിയില്ല. സകല പുരോഗമനക്കാരും അതിന് വേണ്ടി പൊന്നാനിയില്‍ കിണഞ്ഞു ശ്രമിക്കും. മായാവതിയെ പ്രധാനമന്ത്രിയാക്കാനും അങ്ങേയറ്റം ശ്രമിക്കുമെന്ന് പറയേണ്ടതില്ലല്ലൊ. ജയലളിത ആ സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടില്ല. അത്കൊണ്ട് മായാവതിയെ പോലെ യോജിച്ച മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പുരോഗമനക്കാര്‍ക്ക് ഇന്ത്യയില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതൊക്കെയാണ് പുരോഗമനം.

പുരോഗമനക്കാര്‍ക്ക് ശോഭനമായ ഭാവിയാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നത്. കാരണം പുതുപ്പുതു പാര്‍ട്ടികള്‍ രൂപം കൊള്ളുകയെന്നല്ലാതെ ഇന്ത്യയില്‍ ഇന്നുള്ള ഒരു പാര്‍ട്ടിയും ഇതിനപ്പുറം വളരാന്‍ പാടില്ല എന്നൊരു തീരുമാനം എല്ലാ പാര്‍ട്ടികളും എടുത്തിട്ടുണ്ട്. വേണമെങ്കില്‍ എത്രയും പിളരാം. പിളര്‍ന്നും പുതിയത് തട്ടിക്കൂട്ടിയും പാര്‍ട്ടികളുടെ എണ്ണം കൂട്ടാം. ജനസംഖ്യം 115 കോടിയോളമായി. എത്രയോ പാര്‍ട്ടികള്‍ക്ക് ഇനിയും ചാന്‍സ് ഉണ്ട്. അപ്പോള്‍ മുന്നണികള്‍ക്ക് മുന്ന്, നാല്, അഞ്ച് അങ്ങനെ നമ്പറുകള്‍ കൂടാം എന്ന് മാത്രമല്ല മുന്നണിഘടകകക്ഷികളുടെ എണ്ണവും കൂടാം. നൂറ് പാര്‍ട്ടികളുള്ള ഒരു പത്താം മുന്നണി അധികാരത്തില്‍ എത്താനുള്ള സാധ്യത അത്ര വിദൂരമല്ല. പുരോഗമനം മൂക്കുന്തോറും കാണാന്‍ നല്ല ചേലായിരിക്കും. രണ്ട് ദേശീയപാര്‍ട്ടികള്‍ മാത്രമുള്ള അഥവാ രണ്ട് മുന്നണികളെങ്കിലും മാത്രമുള്ള രാഷ്ട്രീയവ്യവസ്ഥയാണ് ജനാധിപത്യത്തിന് അനുഗുണം എന്ന് ചിന്തിക്കുന്ന എന്നെപ്പോലെയുള്ള പിന്തിരിപ്പന്മാര്‍ ഇപ്പോഴുമുണ്ടോ എന്നറിയില്ല. ഏതായാലും അബ്ദുള്ളക്കുട്ടി ഇപ്പോള്‍ എന്നെപ്പോലെ ചിന്തിക്കുന്നത് കാണാന്‍ ആശ്വാസമുണ്ട്. പുരോഗമനത്തിന്റെ തീയില്‍ കുരുത്ത ആദ്ദേഹം പുരോഗമനം മൂത്ത് അള്‍ട്രാ പുരോഗമനവാദിയാകാതെ വംശനാശം വന്നുകൊണ്ടിരിക്കുന്ന പിന്തിരിപ്പന്‍ പക്ഷം ചേര്‍ന്നല്ലൊ.