Links

Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ?

ഇടിയും മിന്നലും ഉണ്ടാകുന്നത് എങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ കെമിസ്ട്രിയുടെയും ഫിസിക്സിന്റെയും ചില പ്രാഥമിക വിവരങ്ങൾ നമ്മൾ ഓർമ്മിക്കണം. പ്രകൃതിയിൽ ഉള്ള സർവ്വതും എന്ന് വെച്ചാൽ ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം ഏറ്റവും ചെറിയ കണികകൾ ചേർന്ന് ഉണ്ടായതാണ്. എല്ലാറ്റിനെയും മുറിച്ച് ചെറുതാക്കാൻ പറ്റും എന്നതാണ് അതിന്റെ തെളിവ്. അങ്ങനെ മുറിച്ച് ചെറുതാക്കിയാൽ ഏറ്റവും അവസാനത്തെ കണികയെ അണു അല്ലെങ്കിൽ ആറ്റം എന്ന് പറയുന്നു. നമ്മുടെ ശരീരം മുതൽ ഇക്കാണുന്ന എല്ലാം മണ്ണും ജലവും ആകാശവും വായുവും അങ്ങനെ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വവും തന്നെ ആറ്റങ്ങൾ ചേർന്ന് ഉണ്ടായതാണ്.

ആറ്റം അല്ലെങ്കിൽ അണു (Atom) എന്ന് പറയുന്നത് ഏറ്റവും ചെറിയ കണികയുടെ പൊതു നാമം ആണ്. അതുകൊണ്ട് പ്രത്യേകം പ്രത്യേകം ആറ്റങ്ങളെ മൂലകം  (Element) എന്ന് പറയുന്നു. അങ്ങനെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 മൂലകങ്ങൾ ആണ് പ്രകൃതിയിൽ ആകെയുള്ളത്. പീരിയോഡിക് പട്ടികയിൽ 118 കാണും. ഈ മൂലകങ്ങൾ ചേർന്ന് തന്മാത്രകളും (Molecule) സംയുക്തങ്ങളും (Compound) ഉണ്ടാകുന്നു. തന്മാത്രകളും സംയുക്തങ്ങളും ചേർന്നിട്ടാണ് ജീവൻ ഉള്ള കോശങ്ങളും ജീവൻ ഇല്ലാത്ത അസംഖ്യം വസ്തുക്കളും ഉണ്ടായിട്ടുള്ളത്. ഒരേ മൂലകവും വ്യത്യസ്ത മൂലകങ്ങളും ചേർന്ന് തന്മാത്രകൾ ഉണ്ടാകും. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എന്ന് പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന ഒരു ഓക്സിജൻ തന്മാത്രയാണ്(O₂). വെള്ളം എന്ന് പറയുന്നത് രണ്ട് ഹൈഡ്രജൻ മൂലകങ്ങളും ഒരു ഓക്സിജനും ചേർന്ന തന്മാത്രയാണ്( H₂O). അങ്ങനെ ഓരോന്നും. എന്തുകൊണ്ട്  മൂലകങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്നത് പിന്നെ മനസ്സിലാക്കാം.

എല്ലാ മൂലകങ്ങളെയും പൊതുവായി അണു എന്ന് പറയുന്നു എന്ന് പറഞ്ഞല്ലോ. ഈ ഓരോ അണുവിലും രണ്ട് വിധം ചാർജ്ജ് ഉണ്ട്. പോസിറ്റീവ് ചാർജ്ജും നെഗറ്റീവ് ചാർജ്ജും. എല്ലാം ഉണ്ടായിട്ടുള്ളത് അണുക്കൾ ചേർന്നായത് കൊണ്ട് എല്ലാറ്റിലും ഈ രണ്ട് വിധം ചാർജ്ജ് ഉണ്ട്. എന്നിലും നിങ്ങളിലും നാം തൊടുന്ന എന്തിലും പോസിറ്റീവും നെഗറ്റീവും ചാർജ്ജുകൾ ഉണ്ട്. ഇതിനു കാരണം, അണു ആണ് ഏറ്റവും ചെറിയ കണിക എങ്കിലും അണുവിന്റെ ഉള്ളിലും  അതിലും ചെറിയ കണികകൾ ഉണ്ട്. അതാണ് എലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ. ഇതിൽ എലക്ട്രോണിനു നെഗറ്റീവ് ചാർജ്ജും പ്രോട്ടോണിനു പോസിറ്റീവ് ചാർജ്ജും ആണുള്ളത്. ന്യൂട്രോണിനു ചാർജ്ജ് ഇല്ല. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുകയും സമാന ചാർജ്ജുകൾ വികർഷിക്കുകയും ചെയ്യും എന്ന തത്വവും ഓർക്കുക. അതായത് നെഗറ്റീവും പോസിറ്റീവും ആകർഷിക്കും, നെഗറ്റീവും നെഗറ്റീവും പോസിറ്റീവും പോസിറ്റീവിവും വികർഷിക്കും.

ഓരോ അണുവിലും എത്ര എലക്ട്രോൺ ഉണ്ടോ അത്രയും പ്രോട്ടോണും ഉണ്ടാകും. ഉദാഹരണത്തിനു ഹൈഡ്രജൻ അണുവിൽ ഒരു എലക്ട്രോണും ഒരു പ്രോട്ടോണും, യുറേനിയം അണുവിൽ 92 എലക്ട്രോണും 92 പ്രോട്ടോണും ഉണ്ടാകും. അതുകൊണ്ട് എല്ലാ അണുക്കളും സാധാരണഗതിയിൽ ന്യൂട്രൽ ആയിരിക്കും. നമ്മളെ ആരെങ്കിലും തൊട്ടാൽ ഷോക്ക് അടിക്കാത്തത് ഇത് കൊണ്ടാണ്. എന്നാൽ അണുക്കളിൽ നിന്ന് എലക്ട്രോണുകൾ എളുപ്പത്തിൽ സ്വതന്ത്രമാകും. ഏത് വസ്തുക്കളും ഉരസിയാൽ അതിൽ നിന്ന് ഏതാനും എലക്ട്രോണുകൾ സ്വതന്ത്രമാകും. ഇപ്രകാരം സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹമാണ് മിന്നൽ (Lightening). നമ്മുടെ വീട്ടിൽ എത്തുന്ന കരണ്ട് എന്നത് ചെമ്പ് കമ്പിയിൽ നിന്ന് സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹം ആണ്. എലക്ട്രോണിക്സ് ഉപകരണങ്ങൾ എന്ന് പറയുമ്പോൾ അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എലക്ട്രോണുകൾ ആണ്. എലക്ടോണുകളുടെ കണ്ടുപിടുത്തം ആണ് മനുഷ്യരാശിയുടെ പുരോഗതിക്ക് അടിത്തറ പാകിയത്.

ഭൂമിയുടെ അന്തരീക്ഷം എന്നാൽ എന്തെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഭാരക്കുറവ് കൊണ്ട് ഭൂമിയിൽ നിൽക്കാത്തതും എന്നാൽ ഭൂമിയുടെ ആകർഷണബലത്തെ മറികടക്കാൻ കഴിയാത്തതുകൊണ്ടും മേലേക്ക് ഉയർന്ന് ഭൂമിയെ വലയം ചെയ്ത വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നമ്മൾ അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ല. കാരണം ചന്ദ്രന്റെ ആകർഷണ ബലം കുറവാണ്. അതുകൊണ്ട് ഭാരം കുറഞ്ഞ തന്മാത്രകൾ എല്ലാം ചന്ദ്രനിൽ നിന്ന് രക്ഷപ്പെട്ടു പോകുന്നു.

സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ ഭൂമിയുടെ ഉപരിതലം ചൂടാകുന്നു. അപ്പോൾ ഭൂമിയുടെ ഉപരിതലത്തിലുള്ള വായുവും ചൂടാകുകയും ചൂടായ വായുതന്മാത്രകൾ മേലോട്ട് ഉയർന്നു പോവുകയും ചെയ്യുന്നു. മേലോട്ട് പോകുന്തോറും വായു തണുക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ ചൂട് കൊണ്ട് ഭൂമിയിലെ ജലസ്രോതസ്സുകളിലെ ഉപരിതലത്തിൽ നിന്നും കുറേ ജലതന്മാത്രകൾ രക്ഷപ്പെട്ട് വായുവിൽ കലർന്ന് മേലോട്ട് പോകുന്നുണ്ട്. ഇതിനെ നമ്മൾ നീരാവി എന്നും ഈ പ്രവർത്തനത്തെ ബാഷ്പീകരണം എന്നും പറയുന്നു. വായുവിൽ കലരുന്ന ജലതന്മാത്രകൾ പൊടിപടലങ്ങളിൽ പറ്റിപ്പിടിച്ച് ചെറിയ തുള്ളികൾ ആവുകയും  തണുക്കുമ്പോൾ ഒന്നിച്ച് ചേർന്ന് മേഘങ്ങൾ ആയു മാറുകയും ചെയ്യുന്നു. ഈ മേഘങ്ങൾ പിന്നെയും തണുത്ത് ഭാരം കൂടുമ്പോഴാണ് മഴയായി ഭൂമിയിൽ പെയ്തിറങ്ങുന്നത്.

ഇതിനിടയിൽ മേഘത്തിൽ ചില ജലതന്മാത്രകൾ ഐസ് രൂപത്തിലും ആകുന്നുണ്ട്. മേഘത്തിനുള്ളിൽ വെച്ച് ഈ ജലകണികകളും ഐസ് കണികകളും ഒക്കെ ഉരസിയും കൂട്ടിയിടിച്ചും അവയിൽ നിന്ന് കുറേ എലക്ട്രോണുകൾ സ്വതന്ത്രമാകുന്നു. ഒരു ആറ്റത്തിൽ നിന്നോ തന്മാത്രയിൽ നിന്നോ എലക്ടോണുകൾ നഷ്ടപ്പെട്ടാൽ അവ പോസ്റ്റീവ് ചാർജ്ജുള്ളതായി മാറുന്നു. കാരണം തുല്യ എണ്ണം എലക്ട്രോണുകളും പ്രോട്ടോണുകളും ആകുമ്പോഴാണല്ലൊ ന്യൂട്രൽ എന്ന അവസ്ഥയിൽ ആറ്റമോ തന്മാത്രയോ നിൽക്കുന്നത്. എലക്ട്രോൺ എത്ര നഷ്ടപ്പെട്ടോ അത്രയും പ്രോട്ടോൺ പോസിറ്റീവ് ചാർജ്ജ് ഉള്ളതായി മാറുന്നു. മേഘത്തിൽ സ്വതന്ത്രമാകുന്ന എലക്ട്രോണുകൾ നെഗറ്റീവ് ചാർജ്ജായി മേഘത്തിന്റെ കീഴ് ഭാഗത്ത് സാന്ദ്രീകരിക്കുന്നു. പോസിറ്റീവ് ചാർജ്ജ് മേഘത്തിന്റെ മേൽഭാഗത്തും സാന്ദ്രീകൃതമാകുന്നു.

ഇപ്രകാരം രണ്ട് വിരുദ്ധ ചാർജ്ജുകൾ മേഘത്തിൽ ഉരുണ്ട് കൂടുമ്പോൾ മേഘങ്ങൾ തമ്മിൽ ആകർഷിക്കുമ്പോഴോ വികർഷിക്കുമ്പോഴോ ആണ് മിന്നൽ ഉണ്ടാകുന്നത്. ചിലപ്പോൾ മേഘങ്ങളിലെ നെഗറ്റീവ് ചാർജ്ജ് ഭൂമിയിലെ ഉയർന്ന ഭാഗങ്ങളിലെ പോസിറ്റീവ് ചാർജ്ജുമായി ആകർഷിക്കപ്പെട്ടും മിന്നൽ ഉണ്ടാകും. അപ്പോൾ ഉണ്ടാകുന്ന അപരിമിതമായ ചൂട് നിമിത്തം വായു പെട്ടെന്ന് വികസിക്കുകയും വായുസ്ഫോടനം ഉണ്ടാവുകയും ചെയ്യുന്നു. അതാണു ഇടിയായി നമ്മൾ കേൾക്കുന്നത്. വായുവിൽ ഉയർന്ന ആവൃത്തിയിൽ കമ്പനം ഉണ്ടാവുകയും അത് നമ്മുടെ ചെവികളിലെ ഈയർ ഡ്രമ്മിനെ മർദ്ധിക്കുകയും ചെയ്യുന്നു. അതാണ് നമുക്ക് ഭയാനകമായ ശബ്ദമായി അനുഭവപ്പെടുന്നത്. വായുവിലെ കമ്പനം നിമിത്തമാണ് ചിലപ്പോൾ കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നത്.

മിന്നലും വായുസ്ഫോടനവും ഒരേ സമയം സംഭവിക്കുന്നുവെങ്കിലും പ്രകാശം ശബ്ദത്തേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് മിന്നൽ നമ്മൾ ആദ്യം കാണുന്നത്. ഒരു ഏകദേശ ധാരണ ഉണ്ടാകാൻ വേണ്ടിയാണ് വലിയൊരു വിഷയം ചുരുക്കിയും സാമാന്യമായും ലളിതമായും സാങ്കേതികതകൾ ഒഴിവാക്കിയും  ഇപ്രകാരം എഴുതിയത് എന്ന് വായിക്കുന്നവർ മനസ്സിലാക്കുമല്ലോ.

എന്താണ് ശബ്ദം?

ശബ്ദം എന്താണെന്നതിനെ പറ്റി അധികമാർക്കും ‍‍ഒരു ഐഡിയയും ഇല്ല. അതെന്താണെന്ന് ഞാൻ പറഞ്ഞു തരാം. വായിച്ചു തീരുമ്പോഴേക്കും നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. ആദ്യമായി മനസ്സിലാക്കേണ്ടത് ശബ്ദം എന്നത് നമ്മുടെ തലച്ചോറിൽ അനുഭവവേദ്യമാകുന്ന ഒരു പ്രതിഭാസം ആണെന്നാണ്. അപ്പോൾ മറ്റ് ജീവികൾക്കോ എന്ന് ചോദിക്കാം. തലച്ചോറുള്ള എല്ലാ ജീവികൾക്കും ആണ് പറഞ്ഞത്. പുറത്ത് അതായത് നമ്മുടെ ബാഹ്യപരിസരത്ത് ശബ്ദം എന്നൊരു സംഭവം ഇല്ല. ചെവി കേൾക്കാത്ത ഒരാൾക്ക് ഒരു ശബ്ദവും കേൾക്കാൻ കഴിയുന്നില്ല എന്ന് പറയാറില്ലേ, ശരിക്കും അത് തന്നെയാണ് പ്രകൃതിയിലെ അവസ്ഥ. ശബ്ദം എവിടെയും ഇല്ല. അപ്പോൾ നമ്മൾ കേൾക്കുന്നതോ?
ഒരാൾ കൈകൊട്ടി എന്ന് വിചാരിക്കുക. അപ്പോൾ എന്താണ് സംഭവിക്കുന്നത്? രണ്ട് കൈയും കൊട്ടി വായുവിൽ ഒരു കമ്പനം ഉണ്ടാക്കുകയാണ് അയാൾ ചെയ്യുന്നത്. കമ്പനം എന്ന് വെച്ചാൽ കൈയുടെ ചുറ്റും ഉള്ള വായു കണികകളിൽ ഒരു മർദ്ധം ഉണ്ടാക്കുന്നു. അപ്പോൾ ആ വായു കണികകൾ മുൻപോട്ട് പോയി തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് തന്നെ വരുന്നു. മുൻപോട്ട് തള്ളപ്പെട്ട കണികകളും അതിന്റെ തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് വരുന്നു. ഇത് ആവർത്തിക്കുമ്പോൾ ഒരു തരംഗം സഞ്ചരിക്കുന്നു. എന്നാൽ വായു കണികകൾ എങ്ങോട്ടും സഞ്ചരിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു എന്ന് മാത്രം. കൈകൊട്ടിയ ഇടം മുതൽ നമ്മുടെ കർണ്ണപുടം (Ear drum) വരെ അങ്ങനെ ഒരു തരംഗമാണ് സഞ്ചരിച്ചു വരുന്നത്.
കൈ കൊട്ടിയ ആൾ കൈ കൊട്ടുമ്പോൾ അതിനുള്ള ഊർജ്ജം ചെലവാക്കിയിട്ടുണ്ട്. ആ ഊർജ്ജം അടുത്തുള്ള വായു കണികകൾക്ക് പകർന്നു കൊടുക്കുന്നു. ആ ഊർജ്ജമാണ് ശബ്ദതരംഗത്തിന്റെ ഊർജ്ജം. ആ ഊർജ്ജമാണ് തരംഗരൂപത്തിൽ വന്ന് നമ്മുടെ ഈയർ ഡ്രമ്മിനെ (കർണ്ണപുടം) മർദ്ധിക്കുന്നത്. കർണ്ണപുടത്തിൽ പതിച്ച മർദ്ധം അതിന്റെ ആവൃത്തി (ഫ്രീക്വൻസി) ക്കനുസരിച്ച് തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കുന്നു. തലച്ചോറ് അതിന്റെ ആവൃത്തിക്കനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളായി മാറ്റുന്നു. നമ്മൾ കേൾക്കുന്നത് തലച്ചോറ് കൊണ്ടാണ്. ചെവി കൊണ്ടല്ല. കർണ്ണപുടങ്ങൾക്ക് ക്ഷതം അല്ലെങ്കിൽ ദ്വാരം സംഭവിച്ചാൽ ശബ്ദതരംഗങ്ങളെ സ്വീകരിക്കാനോ തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കാനോ കഴിയില്ല.
ഇപ്പോൾ സംഗതി മനസ്സിലായില്ലേ? പുറത്ത് നടക്കുന്നത് വായുവിലെ കണികകളുടെ ചലനം മാത്രമാണ്. അല്ലാതെ ഠോ എന്നോ ണിം എന്നോ ഉള്ള ശബ്ദങ്ങൾ ഒന്നും പുറത്ത് എവിടെയും ഇല്ല. നമ്മൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ പാടുമ്പോൾ സംഭവിക്കുന്നത് തൊണ്ടയിലെ സ്വനപേടകത്തിലെ തന്തുക്കൾ വായുവിൽ മർദ്ധം ഉണ്ടാക്കലാണ്. വിവിധ ആവൃത്തികളിലാണ് നാം ആ മർദ്ധം ഉണ്ടാക്കുന്നത്. അപ്പോൾ വായുവിലെ കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു. വിവിധ ആവൃത്തികളിൽ വായുവിലൂടെ തരംഗങ്ങൾ സഞ്ചരിക്കുന്നു. കേൾക്കുന്ന ആളിന്റെ ഈയർ ഡ്രമ്മിൽ ആ തരംഗങ്ങൾ മർദ്ധിക്കുന്നു. തലച്ചോറിലേക്ക് സിഗ്നൽ പായുന്നു. കേൾക്കുന്നു.
കടലിൽ തിരമാലകൾ ഉണ്ടാകുന്നതും ഇത് പോലെയാണ്. കാറ്റ് കടലിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു മർദ്ധം ഏല്പിക്കുന്നു. വായുവിലെ കണികകൾ വേഗത്തിൽ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്നതാണ് ‍‍കാറ്റ് എന്ന് ഓർക്കുക. അങ്ങനെ കാറ്റ് മർദ്ധം ഏൽപ്പിക്കുമ്പോൾ ആ ഭാഗത്തെ ജലകകണികൾ താഴോട്ടും മേലോട്ടും ചലിക്കുന്നു. ഇങ്ങനെ താഴോട്ടും മേലോട്ടും ചലിക്കുന്ന ജലകണികകൾ തൊട്ടടുത്ത ജലകണികകളെയും താഴോട്ടും മേലോട്ടും ചലിപ്പിക്കുന്നു. ഈ പ്രക്രിയ കടലിന്റെ തീരം വരെ ആവർത്തിക്കുന്നു. അതാണ് തിരമാലകൾ. വെള്ളം സഞ്ചരിക്കുന്നില്ല. തിരകൾ സഞ്ചരിക്കുന്നു. നമ്മൾ ഇതിനെ ജലതരംഗം എന്ന് പറയുന്നു. ജലതരംഗത്തിൽ ജല കണികകൾ താഴോട്ടും മേലോട്ടും ചലിക്കുമ്പോൾ ശബ്ദതരംഗത്തിൽ വായു കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.
ഇനി എന്താണ് ഈ വായു കണികകൾ? മറ്റൊന്നുമല്ല, നമുക്ക് അറിയുന്നത് തന്നെ. നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകൾ , മറ്റ് പൊടിപടലങ്ങൾ ഇത്യാദി തന്നെ. വേറെന്ത്. അപ്പോൾ ശരിക്കും ഈ വായു എന്ന് പറഞ്ഞാൽ എന്താണ്? ഒന്നോടൊന്ന് ഒട്ടിപ്പിടിക്കാതെ സ്വതന്ത്രമായി തെന്നി നീങ്ങുന്ന തന്മാത്രകളെയാണ് വായു എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ജലം? ഒന്നോടൊന്ന് ഒട്ടിപ്പിടിച്ച് സ്വതന്ത്രമായി സഞ്ചരിക്കാത്ത തന്മാത്രകളാണ് ജലം.
നാം വായു കണികകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തെന്നി നീങ്ങുന്ന അല്ലെങ്കിൽ ചലിക്കുന്ന വായു നമ്മുടെ ദേഹത്തോട്ട് ഒരു മർദ്ധം പ്രയോഗിക്കുന്നുണ്ട്. നമ്മൾ അതറിയാത്തത് നമ്മുടെ ശരീരത്തിനകത്തുള്ള വായു പുറത്തേക്കും ഒരു പ്രതിമർദ്ധം പ്രയോഗിക്കുന്നത് കൊണ്ടാണ്.

കൊറോണയും മഞ്ഞളും

മഞ്ഞൾ കൊറോണയെ പ്രതിരോധിക്കുമോ? മഞ്ഞൾ എന്നല്ല നമ്മൾ ഭക്ഷിക്കുന്ന ഒന്നിനും പ്രത്യേകിച്ച് പ്രതിരോധ ശക്തിയോ ഔഷധഗുണമോ ഇല്ല. ഇത് മനസ്സിലാകണമെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അല്ലെങ്കിൽ വായിലിട്ട് ഇറക്കുന്ന എന്തിന്റെയും സഞ്ചാരപഥം അറിയണം. ചിലതിനൊക്കെ ഔഷധഗുണം ഉണ്ടെന്നത് ആയുർവേദത്തിന്റെ ഒരു സങ്കല്പനം ആണ്. അങ്ങനെ സങ്കല്പിക്കുന്ന കാലത്ത് ശരീരത്തിന്റെ ആന്തരീകഘടനയെ കുറിച്ചോ ഭക്ഷിക്കുന്നത് സഞ്ചരിക്കുന്ന അന്നനാളം എന്ന സഞ്ചാരവഴികളെ കുറിച്ചോ ഒന്നും യാതൊരു അറിവും ഇല്ലായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എല്ലാം അറിയാം. പക്ഷെ 90 ശതമാനം ജനങ്ങളും ഈ അറിവ് നേടുന്നില്ല. അതുകൊണ്ടാണ് ഇമ്മാതിരി പൊട്ട വിശ്വാസങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത്.
ഔഷധം എന്നത് എല്ലാറ്റിലും ഉണ്ട്. എന്നാൽ അത് വേർതിരിച്ച് എടുക്കണം. അങ്ങനെ വേർതിരിച്ച് എടുക്കുന്ന സിസ്റ്റം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. എന്തെങ്കിലും തിന്നാൽ അതിനു പ്രതിരോധശക്തിയും ഔഷധഗുണവും ഉണ്ടെന്ന് പറഞ്ഞാൽ അത് ഇക്കാലത്ത് അറിവില്ലായ്മയാണ്. നമ്മൾ എന്തിനാണ് ചുമ്മാ ഔഷധഗുണം തിന്നുന്നത്. ഒരു സ്പെസിഫിക് രോഗത്തിനാണ് ഔഷധം വേണ്ടത്. ആ സ്പെസിഫിക് രോഗത്തിനു സ്പെസിഫിക് ഔഷധം കണ്ടുപിടിക്കണം. അതാണ് മോഡേൺ മെഡിസിൻ ചെയ്യുന്നത്. അങ്ങനെ ഔഷധം കണ്ടുപിടിക്കാനുള്ള സാങ്കേതിക വിജ്ഞാനം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. ഇത് ദൈവവിശ്വാസികൾക്കും അംഗീകരിക്കാം.
മഞ്ഞളോ പപ്പായനീരോ കമ്മ്യൂണിസ്റ്റ് അപ്പയുടെ നീരോ മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങും. അത് ആ മുറിവിൽ പ്രവേശിക്കുന്ന ബാക്റ്റീരിയകൾക്ക് അവ മാരകം ആയത് കൊണ്ടാണ്. എന്ന് വെച്ച് മഞ്ഞൾ ഭക്ഷിച്ചാൽ അവ നേരെ പോയി പ്രതിരോധം ഉണ്ടാക്കും എന്ന് വിചാരിക്കരുത്. എന്താണ് പ്രതിരോധം എന്ന് ഞാൻ മുൻപ് എഴുതിയിരുന്നു. ഒന്ന് കൂടി ചുരുക്കി പറയാം.
നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ്, ബാക്റ്റീരിയ, ഫംഗസ് മുതലായ അന്യപദാർത്ഥങ്ങളെ അപ്പോൾ തന്നെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതിനെയാണ് പ്രതിരോധ ശക്തി എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് രക്തത്തിലെ വെള്ള അണുക്കളാണ്. അല്ലാതെ മഞ്ഞളോ അതിലെ കുർക്കുമിനോ നേരിട്ട് പോയിട്ടല്ല. രക്തത്തിലെ വെള്ള അണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത് എല്ലിൽ ഉള്ള മജ്ജയിൽ വെച്ചാണ്. ഒരു പ്രത്യേക തരം വെള്ള അണുക്കൾ എന്ന കോശങ്ങളിലാണ് ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നത്. ഈ ആന്റിബോഡികൾ ആണ് ഓരോ ആന്റിജനെയും എന്ന് വെച്ചാൽ അന്യപദാർത്ഥങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നത്.
നമ്മൾ എന്ത് കഴിച്ചാലും അവയെയൊക്കെ ലഘുഘടകങ്ങളാക്കി എന്ന് വെച്ചാൽ പ്രോട്ടീനെ അമിനോ‌ആസിഡുകളാക്കി, സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി, കൊഴുപ്പിനെ ഫാറ്റി ആസിഡുകളാക്കി പിന്നെ മിനറൽസിനെയും ജീവകങ്ങളെയും വേർ തിരിച്ച് ചെറുകുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയാണ്. ബാക്കി വരുന്നത് വൻകുടൽ (Colon) വഴി സഞ്ചരിച്ച് പുറത്തേക്ക് പോകുകയാണ്. വൻകുടലിൽ വെച്ച് ബാക്കിയുള്ള ജലത്തിൽ ഒരു ഭാഗവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. (ചിത്രം നോക്കുക)
ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് കഴിച്ചാലും കുടിച്ചാലും അവയൊക്കെ വിഘടിക്കപ്പെട്ട് അമിനോ ആസിഡ്‌സ് ആയും ഗ്ലൂക്കോസ് ആയും ഫാറ്റി ആസിഡ്‌സ് ആയും ധാതുലവണങ്ങൾ ആയും ജീവകങ്ങൾ ആയും പിന്നെ ജലവും ആണ് രക്തത്തിൽ പ്രവേശിക്കുന്നത്. രക്തം ഇവയെ ഓരോ കോശങ്ങളിലും എത്തിക്കുന്നു. പിന്നെ എല്ലാ പണിയും നടക്കുന്നത് കോശങ്ങളിലാണ്. പ്രതിരോധത്തിന് ആവശ്യമുള്ള വെള്ള രക്താണുക്കളും ആന്റിബോഡികളും മാത്രമല്ല രക്തവും കോശങ്ങളും എല്ലാം നിർമ്മിക്കപ്പെടുന്നത് നമ്മൾ ആകെ കഴിച്ച ഭക്ഷണത്തിലെ മേൽപ്പറഞ്ഞ പോഷകഘടകങ്ങൾ ഉപയോഗിച്ചാണ്. ഓരോ കോശങ്ങളും ആണ് ഇതിന്റെയൊക്കെ പണിപ്പുര. സംഗതി മനസ്സിലാവുന്നവർക്ക് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു. തൽക്കാലം ഇത്രമാത്രം. സമാന വിഷയങ്ങൾ ഇനിയും എഴുതാം

ശാസ്ത്രം വേറെ; ശാസ്ത്രജ്ഞൻ വേറെ

ശാസ്ത്രവും ശാസ്ത്രജ്ഞനും തമ്മിൽ ബന്ധം ഇല്ലെന്ന് തോന്നുന്നു. കാരണം ശാസ്ത്രം എന്ന് പറയുന്നത് പ്രാപഞ്ചികമായ എല്ലാ സമസ്യകൾക്കും ഉത്തരം തേടുകയും, കണ്ടെത്തുന്ന അറിവുകൾ മനുഷ്യരാശിക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഒരു ഫിലോസഫിയാണു. അതേ സമയം ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രത്തിന്റെ നിസ്സാരമായ ഒരു ഏരിയയിൽ മാത്രം പഠനം നടത്തുകയും പരിമിതമായ ആ മേഖലയിൽ മാത്രം വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്ന വ്യക്തിയാണു. അപ്പോൾ ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രം എന്ന ഫിലോസഫി ഉൾക്കൊള്ളണമെന്നോ അദ്ദേഹത്തിനു എല്ലാ സംഗതികളിലും ശാസ്ത്രീയവീക്ഷണം ഉണ്ടാകണമെന്നോ ഇല്ല. ഉദാഹരണത്തിനു ഒരു ബഹിരാകാശശാസ്ത്രജ്ഞനു ജീവശാസ്ത്രത്തിലോ രസതന്ത്രത്തിലോ പരിണാമശാസ്ത്രത്തിലോ അറിവ് ഉണ്ടാകണമെന്നില്ല. അപ്പോൾ അദ്ദേഹം സൃഷ്ടിവാദത്തിൽ വിശ്വസിക്കുകയും ഗണപതിക്ക് നാളികേരം ഉടക്കുകയും മാതാ അമൃതാനന്ദമയിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുകയും ചെയ്യും. അതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല.

ശാസ്ത്രം എന്ന ഫിലോസഫി ഉൾക്കൊള്ളാൻ അക്കാദമിക വിദ്യാഭ്യാസം തന്നെ വേണമെന്നില്ല. സാധാരണക്കാരായ ആളുകൾക്കും ശാസ്ത്രീയവീക്ഷണം ഉണ്ടാകും. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും മുൻവിധികൾ ഇല്ലാതെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് കൊണ്ടാണത്. യുക്തിവാദിസംഘത്തിലോ, ശാസ്ത്രസാഹിത്യ പരിഷത്തിലോ, വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദം പ്രത്യയശാസ്ത്രമായി അംഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളിലോ അംഗമായി ചേർന്നാലും ഒരാൾക്ക് ശാസ്ത്രീയവീക്ഷണം ഉണ്ടാകണമെന്നില്ല. ശാസ്ത്രീയവീക്ഷണം ഒരാൾ സ്വയം ആർജ്ജിക്കുന്നതാണു. മറ്റൊരാൾക്ക് അത് പകർന്നു നൽകാനും കഴിയില്ല. ശരിയായ യുക്തിവാദിക്കും കമ്മ്യൂണിസ്റ്റുകാരനും ശാസ്ത്രീയവീക്ഷണം ഉണ്ടാകണം എന്നാണു വയ്പ്. എന്നാൽ അത് പ്രായോഗികമല്ല. ഒരു സംഘടനയാകുമ്പോൾ അതിൽ ആർക്കും അംഗമാകാം. സംഘടനകൾക്ക് ശാസ്ത്രം പഠിപ്പിക്കാൻ കഴിയില്ല. യുക്തിവാദിസംഘമോ കമ്മ്യൂണിസ്റ്റ് പാർട്ടികളോ ശാസ്ത്രത്തിൽ ക്ലാസ്സ് നടത്തിയതായി കേട്ടുകേൾവി പോലുമില്ല. എന്തിനേറെ പറയുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് പോലും അതിന്റെ പ്രവർത്തകന്മാർക്ക് ശാസ്ത്രത്തിൽ ക്ലാസ്സ് നൽകിയിട്ടില്ല.

എല്ലാ ശാസ്ത്രശാഖയെ കുറിച്ചും പൊതുവായ അറിവും ധാരണയും ഇല്ലാത്ത ഒരാൾക്ക് ശാസ്ത്രീയവീക്ഷണം ഉണ്ടാവുകയില്ല. സ്കൂൾ-കോളേജ് തലത്തിൽ പഠിക്കുന്ന പാഠഭാഗങ്ങൾ വെച്ചുകൊണ്ടും ഒരാൾ ശാസ്ത്രീയവീക്ഷണം ആർജ്ജിക്കണം എന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രവിഷയങ്ങൾ പതിവായി വായിച്ച് തുടർപഠനം ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് മാത്രമേ ശരിയായ ശാസ്ത്രീയവീക്ഷണം ഉണ്ടാവുകയുള്ളൂ. നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങളിൽ ശാസ്ത്രീയവീക്ഷണം ഉള്ളവർ വിരളമാണു. പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹൃ ശാസ്ത്രീയവീക്ഷണമുള്ള വ്യക്തിയായിരുന്നു. അത്കൊണ്ട് സമൂഹത്തിൽ ശാസ്ത്രീയവീക്ഷണം പ്രചരിപ്പിക്കേണ്ട ആവശ്യകത നമ്മുടെ ഭരണഘടനയിൽ പോലും എഴുതി വയ്ക്കുകയുണ്ടായി.

എന്തിനാണു പൗരന്മാർക്ക് ശാസ്ത്രീയവീക്ഷണം എന്ന് ചോദിച്ചാൽ ജീവിതം അനായാസമായി കൊണ്ടുനടക്കാൻ ശാസ്ത്രീയവീക്ഷണം നല്ലതാണു. ശാസ്ത്രം ഇന്ന് സർവ്വതല സ്പർശിയാണു. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ വസ്ത്രം, വീട് എല്ലാറ്റിലും ശാസ്ത്രം അപ്ലിക്കബിൾ ആണു. ആളുകൾക്ക് ശാസ്ത്രീയബോധം തീരെ കുറവായത്കൊണ്ട് ശാസ്ത്രത്തിന്റെ ലേബൽ ഒട്ടിച്ച സ്യൂഡോ ശാസ്ത്രം ഇന്ന് സകല മേഖലകളെയും ഭരിക്കുകയാണു. വ്യാജശാസ്ത്രമാണു ശരിയായ ശാസ്ത്രം എന്ന് പോലും ആളുകൾ വിശ്വസിച്ചു തുടങ്ങി. ഈ നിലയ്ക്ക് ഇനി മാറ്റം വരാൻ പ്രയാസമാണു. ഒറ്റപ്പെട്ട ആളുകൾ ജന്മസഹജമായ ക്യൂരിയോസിറ്റി (ജിജ്ഞാസ) കൊണ്ട് ശാസ്ത്രം മനസ്സിലാക്കുകയും ശാസ്ത്രീയവീക്ഷണം ആർജ്ജിക്കുകയും ചെയ്തെങ്കിലായി.