Links

Showing posts with label കണ്ണൂര്‍. Show all posts
Showing posts with label കണ്ണൂര്‍. Show all posts

കണ്ണൂരിന്റെ പാരമ്പര്യം കാത്തു

doodleതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലും രണ്ടാം ഘട്ട റീ-പോളിങ്ങിലും  കണ്ണൂര്‍ അതിന്റെ പാരമ്പര്യം  കാത്തുസൂക്ഷിച്ചു എന്ന് ഏവര്‍ക്കും അഭിമാനിക്കാം.  ജനാധിപത്യത്തിന്റെ ലേബലില്‍ പാര്‍ട്ടി ആധിപത്യം  എങ്ങനെയാണ് സ്ഥാപിക്കുക എന്നതിന്റെ പുത്തന്‍ അധ്യായങ്ങളാണ്  ഇക്കുറി കണ്ണൂരില്‍ അരങ്ങേറിയത്.

ഒരു പക്ഷെ ഈ ഗൊറില്ല മുറ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും പയറ്റുമായിരിക്കും.  ഈ സമ്പ്രദായം പിന്‍‌പറ്റിയാല്‍  കേന്ദ്രസേനയല്ല ഐക്യരാഷ്ട്രസഭയുടെ സേന വന്നാലും കണ്ണൂരിന് ഒരു പോറലും സംഭവിക്കുകയില്ല.  പോളിങ്ങ് സ്റ്റേഷന്റെ പരിസരങ്ങളില്‍  പുലര്‍ച്ചയ്ക്ക് ബോംബ് പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്.  അതിന്റെ ഒച്ച കേട്ടവരില്‍  ചിലരെങ്കിലും  ഇന്നിനി വോട്ടിന് പോകണ്ട എന്ന് തീരുമാനിക്കും.  എന്നാല്‍ കണ്ണൂരിലെ വോട്ടര്‍മാരുടെ പ്രതിരോധശേഷി വല്ലാതെ കൂടിയിട്ടുണ്ട് എന്നാണ് മുകളിലെ ചിത്രം (ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം) കാണിക്കുന്നത്.  അതിനാണ് മറുമരുന്ന്. വോട്ടര്‍മാര്‍ പോകുന്ന വഴിയരികില്‍  പതുങ്ങിയിരിക്കുക, എന്നിട്ട്  തെറി വിളിച്ചും  ഭീഷണിപ്പെടുത്തിയും  മടക്കി അയക്കുക.  കേന്ദ്രസേനയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും.  നാട്ടുവഴികള്‍ അവര്‍ക്കറിയില്ലല്ലൊ.  ഇക്കുറി നല്ല സൌകര്യമായിരുന്നു.  കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ വരുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ്  കൊണ്ടുവരണ്ട എന്നും ഉത്തരവിട്ടു.

അഥവാ കേന്ദ്രസേന വന്നാലോ , തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനിലപാട്  സ്വീകരിച്ചാലോ എന്ന് കരുതിയാവാം  ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍  വോട്ടര്‍മാരെ വഴിയില്‍ പതുങ്ങിയിരുന്ന്  പിന്തിരിപ്പിക്കുക എന്ന അടവ് പരീക്ഷിച്ചുനോക്കിയത്.  അതിനൊക്കെ തയ്യാറുള്ള അണികള്‍ കണ്ണുരിന്റെ സ്വന്തമാണ്.  നേതാക്കള്‍ക്ക് ഒരു പണിയേയുള്ളൂ.  തങ്ങള്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച്  സ്റ്റൈലായി പ്രസ്താവന ഇറക്കുക.  ആരെങ്കിലും വിശ്വസിക്കും എന്ന് കരുതിയിട്ടല്ല. അപ്പോഴാണ് അണികള്‍ക്ക് നേതാക്കളോട് മതിപ്പ് തോന്നുക.  ഇങ്ങനെയുള്ള അണികളും നേതാക്കളുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത്. പക്ഷെ കണ്ണൂരില്‍ മാത്രമേ ഈ കൃഷി ഫലപ്രദമായി വിളവ് തരുന്നുള്ളൂ എന്നതാണ് പ്രശ്നം. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ എല്ലാം കണ്ണൂരില്‍ നിന്നായിട്ടും  മറ്റ് ജില്ലകളില്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും വേണ്ടത്ര ഫലം കാണുന്നില്ല.  തെക്കന്‍ ജില്ലകളില്‍ ചില ഒറ്റപ്പെട്ട അഭ്യാസങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നതാണ് അവസ്ഥ.

കേന്ദ്രസേനയോട്  പാര്‍ട്ടിക്ക് തീരെ പഥ്യമില്ല. അവരുടെ സാന്നിദ്ധ്യം  യഥാര്‍ത്ഥജനാധിപത്യത്തിന് വിലങ്ങ്തടിയാണെന്ന് പാര്‍ട്ടിക്കറിയാം.  ശരിക്ക് പറഞ്ഞാല്‍ എതിര്‍സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്.  കമ്മ്യൂണിസത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ പാടുള്ളൂ.  ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നത് ബൂര്‍ഷ്വാജനാധിപത്യമായത്കൊണ്ടാണ്.  ഈ ബൂര്‍ഷ്വാജനാധിപത്യത്തിന് പകരം പണ്ടൊക്കെ ശരിയായ ജനാധിപത്യം നടപ്പിലാക്കാറുള്ളത് തോക്കിന്‍ കുഴലിലൂടെയായിരുന്നു. ഇക്കാലത്ത് അതിനൊന്നും സ്കോപ്പില്ല. അതിനാണ്  കണ്ണൂര്‍ മോഡല്‍ കലാപരിപാടികള്‍ .  ഇപ്പോള്‍ ചെറിയൊരു മാറ്റം കാണുന്നുണ്ട്, നായ്‌ക്കുരണ പരിപാടി വ്യാപകമായി കാണുന്നില്ല. അത് നാട്ടില്‍ കിട്ടാത്തത്കൊണ്ടാണോ എന്നറിയില്ല.  തമിഴ്നാട്ടില്‍ ഓര്‍ഡര്‍ കൊടുത്താല്‍ അവര്‍ കൃഷിചെയ്ത്  കൊണ്ടത്തരും.  ഓണത്തിന് പൂക്കൃഷി കഴിഞ്ഞ് വെറുതെയിരിക്കുന്നവര്‍ക്ക് പണിയുമാവും.  കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കേന്ദ്രസേനയെച്ചൊല്ലി എന്തൊക്കെ പുകിലായിരുന്നു.  കേന്ദ്രസേന കേരളത്തില്‍ കാല് കുത്തില്ല എന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു.   എന്നിട്ടും കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തിച്ചു.  എന്നാല്‍ പിന്നെ ആ കേന്ദ്രന്‍ സേന ബാരക്കില്‍  മിണ്ടാതെയിരുന്നോളും എന്നായി മുഖ്യമന്ത്രി.  അങ്ങനെയല്ല , കേന്ദ്രസേന പോളിങ്ങ് സ്റ്റേഷന്‍ നിയന്ത്രിക്കും എന്ന് കമ്മീഷനും.  ജനങ്ങള്‍ നേരാം വണ്ണം വോട്ട് രേഖപ്പെടുത്തിയാല്‍ ഒരിക്കലും തങ്ങള്‍ ജയിക്കുകയില്ല എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല പോലെ അറിയാം.

പാര്‍ട്ടി ജില്ലാ സെക്രട്ടരി പറഞ്ഞത്  യു.ഡി.എഫ്. ഭീരുക്കളുടെ കൂടാരമാണെന്നാണ്.  സ്വന്തം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സംരക്ഷണം നല്‍കാന്‍ കഴിയാത്ത യുഡി‌എഫ് ഭീരുക്കളാണെന്നാണ്  നേതാ‍വിന്റെ ഭാഷ്യം. ബംഗാളില്‍ മാവോവാദികള്‍ കൊല്ലുന്നത് നേതാക്കളെയാണ്. അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഭീരുക്കളുടെ കൂടാരമാണെന്ന്  മാവോയിസ്റ്റുകള്‍ പോലും പറയില്ല. ഒരു കൂട്ടം ഒരുമ്പെട്ടാല്‍ എന്ത് ചെയ്യാന്‍ പറ്റും. സഹിക്കുകയല്ലാതെ.  എല്ലാവര്‍ക്കും രാഷ്ട്രീയം  എന്നത് ഒരു പണി അല്ലല്ലൊ.  കണ്ണൂരില്‍ ഈ പാര്‍ട്ടി ഇങ്ങനെ നിലനില്‍ക്കുന്നത് ഒരു കണക്കിന് നല്ലതാണ്.  രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക്  ഇവരുടെ ജനാധിപത്യം എന്താണെന്ന് മനസ്സിലാക്കാനും അകറ്റി നിര്‍ത്താനും  പ്രയോജനപ്പെടുമല്ലൊ.  അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതേ അടവും തന്ത്രവും  കണ്ണൂരില്‍ പ്രയോഗിക്കുമായിരിക്കും. എന്നാലും കുഴപ്പമില്ല. മറ്റ് ജില്ലകളിലുള്ള  നിഷ്പക്ഷരായവര്‍ ഈ അന്യായത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരിക്കില്ല.

ഇന്നലെ കിട്ടിയ ഒരു SMS :  ആറ് മാസം മുന്‍പ് മരിച്ച അമ്പുവേട്ടന്റെ വോട്ട്  ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഖാവ് ടിന്റു ഉറക്കെ പാടി ...  “ ഇല്ല അമ്പുഏട്ടന്‍ മരിക്കുന്നില്ലാ , ജീവിയ്ക്കുന്നു ഞങ്ങളിലൂടെ ...  ”

കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്. യാതൊരു പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ ഇങ്ങനെയും തെരഞ്ഞെടുപ്പ് നടക്കും എന്ന് കണ്ണൂരുകാര്‍ മനസ്സിലാക്കുന്നത് ഇതാദ്യമായിട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദര്‍ഭോചിതമായ ഇടപെടലും തീരുമാനങ്ങളുമാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാന്‍ ഇടയായത്. കേന്ദ്രസേനയുടെ വരവ് മാര്‍ക്സിസ്റ്റ് നേതാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. തങ്ങളുടെ കുത്തിത്തിരുപ്പുകള്‍ ഒന്നും വില പോവാതെ ജനങ്ങള്‍ ക്യൂ നിന്ന് നിര്‍ഭയം വോട്ട് ചെയ്യുന്നത് അവര്‍ക്ക് നിസ്സഹായരായി,ഗതികെട്ടവരായി നോക്കിനില്‍ക്കേണ്ടി വന്നു. ആ ഗതികേടിന്റെ ബഹിര്‍സ്പുരണമായിരുന്നു, “ഇറാക്കിലെ പാവപ്പെട്ടവരെ കൊന്നൊടുക്കിയ അമേരിക്കന്‍ പട്ടാളം വന്നാല്‍ പോലും കണ്ണൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന” എം.വി.ജയരാജന്റെ പൊട്ടിത്തെറിക്കല്‍. പട്ടാളം വന്നത് നന്നായി എന്ന് ആദ്യം പറഞ്ഞത് ഈ ജയരാജന്‍ തന്നെ. പിന്നെ അത് വൈക്കം വിശ്വന്‍ വരെ ഏറ്റുപിടിച്ചു. ഇത് കേട്ടാല്‍ തോന്നും വോട്ടെടുപ്പ് കലക്കാനാണ് കേന്ദ്രസേന വന്നതെന്നും വോട്ട് ചെയ്തവര്‍ എല്ലാം മാര്‍ക്സിസ്റ്റ്കാരാണെന്നും. മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെയാണ്, അവര്‍ തൊള്ളയ്ക്ക് തോന്നിയത് പറയും. കേള്‍ക്കുന്നവര്‍ എന്ത് വിചാരിക്കും എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. ഇങ്ങനെയൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് നേതാക്കളിലെ അസാമാന്യ കഴിവായി അണികള്‍ കാണുന്നത്. കുരുട്ടുന്യായങ്ങള്‍ യാതോരു ഉളുപ്പുമില്ലാതെ എത്ര ഉറക്കെ പറയുന്നുവോ അതാണ് മാര്‍ക്സിസ്റ്റ് നേതൃഗുണം.

കേന്ദ്രസേനയെ അയക്കുന്ന കാര്യം പുന:പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും സമയമുണ്ടെന്ന് പിണറായി വിജയന്‍ അവസാനനിമിഷവും പ്രസ്ഥാവിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍, തെരഞ്ഞെടുപ്പ് തങ്ങളുടെ നിരീക്ഷണത്തില്‍ നടത്താമെന്ന് ഡി.ജി.പി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി ഇപ്പോള്‍ പത്രറിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന് വന്നപ്പോഴാണ്, പട്ടാളം ബാരക്കില്‍ ഇരിക്കും എന്ന മുഖ്യമന്ത്രിയുടെ കുപ്രസിദ്ധ പ്രസ്ഥാവന വന്നത്. മുഖ്യമന്ത്രി പറഞ്ഞതില്‍ കാര്യമില്ലാതില്ല. മുന്‍പൊക്കെ ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്ന പോലെ തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കലായിരുന്നു ഇലക്‍ഷന്‍ കമ്മീഷന്റെ പണി. അത്കൊണ്ട് ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് പോലും കമ്മീഷനെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മീതെ ഒരധികാരകേന്ദ്രവും രാജ്യത്ത് നിലവിലില്ല എന്നായിരുന്നു നേതാക്കളുടെ വിചാരം. എന്നാല്‍ ടി.എന്‍.ശേഷന്‍ ചീഫ് ഇലക്‍ഷന്‍ കമ്മീഷണര്‍ ആയതോടെ സ്ഥിതിഗതികള്‍ മാറി. ഇലക്‍ഷന്‍ കമ്മീഷന്‍ എന്നാല്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നത് ടി.എന്‍.ശേഷന്‍ അതിന്റെ തലപ്പത്ത് വന്നതിന് ശേഷമാണ്. ആ ശേഷന്‍ ഇഫക്റ്റ് ആണ് ഇപ്പോള്‍ കണ്ണൂരില്‍ പ്രതിഫലിച്ചത്. വോട്ടെടുപ്പിന്റെ തലേന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി സാക്ഷാല്‍ പിണറായി വിജയന് കണ്ണൂരില്‍ നിന്ന് സ്വന്തം പഞ്ചായത്തായ പിണറായിലേക്ക് പോകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അത് ശേഷന്‍ ഇഫക്റ്റ് ഇല്ലായിരുന്നുവെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഇത്തവണ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്. ഇതെഴുതുമ്പോള്‍ റിസല്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. ആര് ജയിക്കും എന്നതല്ല പ്രശ്നം. സാധാരണയായി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ കേരളത്തില്‍ സി.പി.എമ്മേ ജയിക്കാറുള്ളൂ. മറ്റ് മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരേയും കള്ള വോട്ടര്‍മാരെയും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണത്. ഇത്തവണ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കാന്‍, പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് മോഡല്‍ തന്ത്രങ്ങള്‍ ആയിരുന്നു സി.പി.എം. ആസൂത്രണം ചെയ്തിരുന്നത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല. അത്കൊണ്ടാണ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ പാവയായി എന്ന് ആക്ഷേപിക്കുന്നത്.

കണ്ണൂരില്‍ എണ്‍പത് ശതമാനത്തോളമാണ് പോളിങ്ങ്. ശതമാനം കൂടുന്തോറും അതിന്റെ ഗുണം ലഭിക്കുക യു.ഡി.എഫിനായിരിക്കും എന്നത് എപ്പോഴും കണ്ടു വരുന്ന വസ്തുതയാണ്. കാരണം ഉദാസീനവോട്ടുകളാണ് യു.ഡി.എഫിന് അധികവും ലഭിക്കാറുള്ളത്. മാര്‍ക്സിസ്റ്റുകാരുടെ വിടുവായത്തങ്ങളും,കുത്സിതമാര്‍ഗ്ഗങ്ങളും,ആക്രമണശൈലികളുകളുമാണ് ഈ ഉദസീനവോട്ടര്‍മാരെ ആവേശപൂര്‍വ്വം പോളിങ്ങ് ബൂത്തില്‍ എത്തിക്കുന്നത്. അല്ലാതെ അവര്‍ക്കൊന്നും ഒരു രാഷ്ടീയസ്പിരിറ്റും ഇല്ല. സമാധാനമായി ജീവിയ്ക്കണമെന്ന ഒറ്റ ആഗ്രഹമേയുള്ളൂ. സി.പി.എം. ഈ ഉദാസീനവോട്ടര്‍മാരെ പ്രകോപിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പൊടി കാണില്ല തീര്‍ച്ച. കെ.സുധാകരന്‍ തന്നെ കണ്ണൂര്‍കാര്‍ക്ക് പ്രിയങ്കരനാകുന്നത് സി.പി.എമ്മിനെ പ്രതിരോധിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. പണ്ടൊക്കെ കണ്ണൂരില്‍ ആ ദൌത്യം എന്‍.രാമകൃഷ്ണനായിരുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും നിലനില്‍ക്കുന്നത് മറ്റാര്‍ക്കും യോജിക്കാന്‍ കഴിയാത്ത സി.പി.എമ്മിന്റെ ശൈലി കൊണ്ടാണ്. അല്ലാതെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്റ്റൈല്‍ കണ്ടിട്ടല്ല. തെരഞ്ഞെടുപ്പ് വന്നാല്‍ സ്ലിപ്പ് കൊടുക്കുക എന്ന പണിയേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്ളൂ. ഇനി അഥവാ അങ്ങനെ സ്ലിപ്പ് കിട്ടിയില്ലെങ്കിലും ആളുകള്‍ എങ്ങനെയെങ്കിലും പോയി യു.ഡി.എഫിന് വോട്ട് ചെയ്യും. പ്രത്യേകിച്ചും ടിവി കാണുന്നവര്‍.

കേന്ദ്രസേന വന്നത് കണ്ണൂരിലെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും ആ അപമാനം സഹിക്കവയ്യാതെയാണ് ആളുകള്‍ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തതെന്നുമാണ് സി.പി.എം. നേതാക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം പ്രതികരിച്ചത്. സത്യത്തില്‍ കേന്ദ്രസേന കണ്ണൂരിന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുകയാണ് ചെയ്തത്. ഈ അഭിമാനത്തിന്റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും മറ്റ് ജനാധിപത്യവിശ്വാസികളും രണ്ട് തട്ടിലാണ്. അത്കൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏ.കെ.ജി. ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ സി.പി.എം. പരാജയപ്പെട്ടപ്പോള്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകരിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാ‍ര്‍ തങ്ങളുടെ അഭിമാനം വീണ്ടെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ ഒരു ഡോക്റ്ററും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഭാര്യയുടെ വോട്ട് ആരോ ചെയ്തിരിക്കുന്നു. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു, എന്റെ ആ രണ്ടാം ഭാര്യയെ ഒന്ന് കാണിച്ചു തരാമോ എന്ന്.

പോളിങ്ങ് ശതമാനം കൂടിയാലും വൈകുന്നേരം വരെ ബൂത്തില്‍ ക്യൂ ഉണ്ടായാലും അതിന്റെ പ്രയോജനം ലഭിക്കുക യു.ഡി.എഫിനാണെന്ന് പറയാന്‍ കാരണം കള്ളവോട്ടുകള്‍ അടക്കം സി.പി.എമ്മിന്റെ മുഴുവന്‍ വോട്ടുകളും ഏതാണ്ട് ഉച്ചയോട് കൂടി പോള്‍ ചെയ്യപ്പെട്ടിരിക്കും എന്നത് കൊണ്ടാണ്. വോട്ടെടുപ്പിന്റെ തലേന്ന് രാത്രി ഗൃഹനാഥന്‍ മരണപ്പെട്ട വീട്ടില്‍ നിന്ന് മറ്റ് കുടുംബാംഗങ്ങള്‍ വോട്ടായന്ന് രാവിലെ തലയില്‍ മുണ്ടിട്ട് പോയി വോട്ട് ചെയ്തു വന്ന സംഭവം ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് മാര്‍ക്സിസ്റ്റ് വോട്ടിങ്ങ് ശൈലി. കണ്ണൂരിനെ രാഷ്ട്രീയ ഭുപടത്തില്‍ ഒരു ഭീകരജില്ലയാക്കിയത് സി.പി.എമ്മിന്റെ നെറി കെട്ട ശൈലിയും നേതൃത്വവുമാണ്. തങ്ങള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ഒക്കെ കാവല്‍ മാലാഖയാണെന്ന മട്ടിലാണ് സി.പി.എം. നേതാക്കള്‍ പ്രസംഗിക്കുക. അവരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇങ്ങനെ വിടുവായത്തം പറയാതിരുന്നെങ്കില്‍, ചാനലുകളില്‍ പ്രത്യക്ഷപെടാതിരുന്നെങ്കില്‍, അണികളോട് അക്രമം വെടിയാന്‍ പറഞ്ഞിരുന്നെങ്കില്‍ കണ്ണൂരെന്നല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് അഡ്രസ്സ് ഉണ്ടാവില്ല. അതെങ്ങനെ, നിങ്ങളുടെ കച്ചോടം നടത്തിക്കൊണ്ട് പോകണമെങ്കില്‍ അണികള്‍ക്ക് ഒരുമ്മാക്കി കാണിക്കാന്‍ കോണ്‍ഗ്രസ്സ് വേണമല്ലൊ അല്ലേ?