മൈസൂറിലേക്ക് കുടുംബസമേതം ഒരു യാത്ര പോകാന്‍ തീരുമാനിച്ചത് പൊടുന്നനെയായിരുന്നു. പോകുന്ന വഴിയില്‍ വഴിയോരക്കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചിന്തകളില്‍ നിറഞ്ഞുനിന്നത് നിരക്ഷരന്റെ ബ്ലോഗിലെ ശ്രീരംഗപട്ടണം എന്ന പോസ്റ്റ് ആയിരുന്നു. ചിന്തകളുടെ അത്ഭുതകരമായ ഒരു പ്രത്യേകത ഓഷോ എടുത്ത് പറഞ്ഞിട്ടുണ്ട്. വര്‍ത്തമാനകാലത്ത് ആര്‍ക്കും ചിന്തിക്കാന്‍ പറ്റില്ല എന്നതാണത്. ചിന്തകള്‍ക്ക് ധാരാളം ഇടം വേണം. വര്‍ത്തമാനകാലം എന്നാല്‍ കാലത്തിന്റെ ഏറ്റവും ചെറിയ ഈ ബിന്ദുവാണ്. ഈ ബിന്ദുവില്‍ പ്രവേശിക്കാന്‍ ചിന്തകള്‍ക്ക് കഴിയില്ല. അത്കൊണ്ട് ചിന്തകള്‍ എപ്പോഴും ഭൂതകാലത്തെയോ ഭാവിയെയോ തേടിപ്പോകുന്നു. വര്‍ത്തമാനം നമുക്ക് അനുഭവിക്കാനുള്ളതാണ്. എന്നാല്‍ എന്ത് അനുഭവവും ചിന്തയോടുകൂടി സംയോജിക്കുമ്പോള്‍ മാത്രമേ അതിന്റെ മുഴുവന്‍ രുചിയോടുകൂടി നമുക്ക് ആസ്വദിക്കാന്‍ കഴിയൂ. നമ്മള്‍ നോക്കിനില്‍ക്കേ വര്‍ത്തമാനം നമ്മോട് യാത്ര പറയുന്നു. അത്കൊണ്ട് പല അനുഭവങ്ങളും നമ്മള്‍ പലപ്പോഴും അനുഭവിക്കുന്നത് അതിനെ ഭൂതകാലത്തോട് ചേര്‍ത്ത് വെച്ച്കൊണ്ട് ചിന്തകളില്‍ പുനരാവിഷ്ക്കരിച്ചിട്ടാണ്.
യാത്രവിവരണബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നിരക്ഷരന്റെ “ചില യാത്രകള്‍ ”എന്ന ബ്ലോഗ്. മലയാളത്തിലെ ബൂലോഗയാത്രികരുടെ ലിങ്കുകളും അവിടെയുണ്ട്. അത്കൊണ്ട് ഒരു സമ്പൂര്‍ണ്ണ മലയാളം യാത്രാവിവരണ ബ്ലോഗാണ് നിരക്ഷരന്റേത് എന്ന് പറയാം. യാത്രാവിവരണങ്ങള്‍ മാത്രമല്ല ബൂലോഗത്തിലെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും നിരക്ഷരന്‍ മുന്നിലുണ്ട്. ബ്ലോഗ് മീറ്റുകളിലും നിറസാന്നിധ്യമാണ് ഇപ്പറഞ്ഞ നിരക്ഷരന്‍ . ബ്ലോഗിലെത്തുന്ന പുതിയ വായനക്കാര്‍ ആരാണ് ഈ നിരക്ഷരന്‍ എന്ന് ബ്ലോഗില്‍ പോയി മനസ്സിലാക്കട്ടെ. ഒരിക്കല്‍ നിരക്ഷരന്റെ ബസ്സ് വായിച്ചിട്ട് അതിനെ പറ്റി ഞാന്‍ ബ്ലോഗില്‍ എഴുതിയപ്പോള്‍ നിരക്ഷരന്റെ യഥാര്‍ഥ പേര് സൂചിപ്പിച്ചിരുന്നു. പക്ഷെ എല്ലാവര്‍ക്കും പ്രിയപ്പെട്ട നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തന്നെയാണ് തനിക്ക് താല്പര്യം എന്ന് എന്നോട് തമാശരൂപത്തില്‍ നിരക്ഷരന്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.
ശ്രീരംഗപട്ടണത്ത് കുറച്ചു സമയം മാത്രമേ ഞങ്ങള്‍ ചെലവഴിച്ചുള്ളൂ. അതിനിടക്ക് എന്നെ ധാര്‍മ്മികരോഷം കൊള്ളിച്ചത് ത്രിവേണി സംഗമത്തില്‍ പോയപ്പോഴാണ്. റോഡ് നേരെ ചെല്ലുന്നത് ഈ സംഗമം കാണാനുള്ള മുനമ്പിലേക്കാണ്. എന്നാല്‍ ആ മുനമ്പിന്റെ മൂന്ന് ഭാഗവും കച്ചവടക്കാര്‍ സ്റ്റാളുകള്‍ കെട്ടി മറച്ചിരിക്കുന്നു. എത്തുന്നതിന് മുന്നേ തന്നെ പാര്‍ക്കിങ്ങ് ഫീ എന്ന പേരില്‍ ഒരു സംഘം അനധികൃത പിരിവ് നടത്തുന്നുണ്ട്. വണ്ടി നിര്‍ത്തിച്ച് അവര്‍ 20രൂപ വാങ്ങും. പാര്‍ക്കിങ്ങ് ഫീ പല സ്ഥലത്തും സര്‍വ്വസാധാരണമായതിനാല്‍ ഇതും അത്തരം പിരിവ് ആണെന്നേ പുതിയതായി എത്തുന്നവര്‍ കരുതുകയുള്ളൂ. എന്നാല്‍ നിയമാനുസൃതമായ പാര്‍ക്കിങ്ങ് ഫീസ് 10രൂപയില്‍ കൂടുതല്‍ എവിടെയും കണ്ടിട്ടില്ല. അവര്‍ തരുന്ന കൂപ്പണില്‍ സീല്‍ ഒന്നും ഇല്ല. രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചും ഒരു വിദ്വാന്‍ വണ്ടി കൈകാട്ടി നിര്‍ത്തി 20രൂപയുടെ ഒരു കൂപ്പണ്‍ തന്നു. കാശ് കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ ആ കൂപ്പണ്‍ നോക്കി, അതില്‍ കന്നടയില്‍ ക്ഷേത്രത്തിന്റെ പേരുണ്ട് എന്ന് മാത്രം. സീല്‍ പതിച്ചിട്ടുണ്ട്. സീല്‍ പതിക്കാന്‍ ഒരു സ്റ്റാമ്പ് ആര്‍ക്കും ഉണ്ടാക്കാം.
സംഗമത്തില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥ സംഗമം കാണണമെങ്കില്‍ ഈ സ്റ്റാളുകള്‍ക്കിടയില്‍ ഉള്ള ചെറിയ പഴുതിലൂടെ താഴെ പാറക്കെട്ടില്‍ ഇറങ്ങണം. കാല് തെറ്റിയാല്‍ താഴെ വീഴും. അവിടെ വളച്ചുകെട്ടിയ കച്ചവടക്കാര്‍ സന്ദര്‍ശകരോട് യാതൊരു ഔദാര്യവും കാണിക്കുന്നില്ല. തങ്ങളുടെ സ്റ്റാളുകള്‍ കാണാനാണ് ആളുകള്‍ വരുന്നത് എന്ന മനോഭാവമാണ് അവര്‍ക്ക്. സംഗമം കാണാന്‍ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. തിക്കിത്തിരക്കി താഴെ പാറക്കെട്ടില്‍ ഇറങ്ങാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. കാല്‍ തെറ്റി വീണാലോ എന്ന് പേടിച്ചിട്ടാണ്. അവിടെയുള്ള സ്റ്റാളുകള്‍ ആ മുനമ്പില്‍ നിന്ന് മാറ്റി , അവിടെ എത്തുന്നതിന് മുന്‍പുള്ള റോഡ് സൈഡിലേക്ക് മാറ്റാമല്ലൊ. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ ക്രിമിനല്‍ കുറ്റം തന്നെയാണ്. അവിടെ എത്തുന്ന സന്ദര്‍ശകരും ചന്തയില്‍ വന്നവരെ പോലെ സാധനങ്ങള്‍ വാങ്ങി കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് ഔചിത്യബോധം എന്നത് ഇന്ത്യക്കാര്‍ക്ക് പറഞ്ഞതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. ഏതായാലും എന്റെ മകന്‍ താഴെയിറങ്ങി എടുത്ത ഒരു ഫോട്ടോ താഴെ കൊടുക്കുന്നു.
ശ്രീരംഗപട്ടണത്തില്‍ എത്തി ആദ്യം പോയത് , ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദിലാണ്. അവിടെ ചുറ്റിപ്പറ്റി കുറെ ഗൈഡുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പക്ഷെ ഗൈഡിനെ ഒന്നും ആശ്രയിച്ചില്ല. വേഗം തന്നെ യാത്ര തുടരണമായിരുന്നു. മസ്‌ജിദിന്റെയും ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തിന്റെയും വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് താഴെ:
സമ്മര്‍ പാലസ്സിലേക്ക് :
വിശദമായ യാത്രാവിവരണം എഴുതാനുള്ള തയ്യാറെടുപ്പിലല്ല ഈ പോസ്റ്റ് എഴുതുന്നത്. അത്കൊണ്ട് മൈസൂര്‍ കൊട്ടാരത്തിന്റെ മുറ്റത്ത് നിന്ന് എടുത്ത ഒരു വീഡിയോ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. മൈസൂര്‍ പാലസിന്റെ അകം ഒന്ന് കാണേണ്ടത് തന്നെയാണ്.