Links

വൃക്കരോഗം

വൃക്കരോഗം ബാധിച്ച്, ഡയാലിസിസോ അല്ലെങ്കിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷനോ വേണ്ടി വരും എന്ന് ഡോക്ടർ നിർദ്ദേശിച്ച ഒരു പേഷ്യന്റിനെ നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോയി പച്ചമരുന്ന് ചികിത്സ നടത്തിയപ്പോൾ രക്തത്തിലെ ക്രിയാറ്റിനിൻ കുറയുകയും പതിനൊന്ന് മാസത്തെ പച്ചമരുന്ന് ചികിത്സ കൊണ്ട് കിഡ്നി പൂർവ്വസ്ഥിതിയിൽ ആകുമെന്ന് ആ വൈദ്യൻ ഉറപ്പ് നൽകിയതായും ഇന്നലെ രാത്രി ഒരു സുഹൃത്ത് ഫോണിൽ സംസാരിക്കവേ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, സുഹൃത്തേ ഒരാളുടെ കിഡ്നി ശരിക്കും ഡാമേജ് ആയിട്ടുണ്ടെങ്കിൽ അതൊരു ഫിസിക്കൽ ഡാമേജ് ആണ്. അപ്പോൾ രണ്ട് വഴികളേ ഉള്ളൂ ഒന്ന് പതിവായി ഡയാലിസിസ് ചെയ്യുക അല്ലെങ്കിൽ കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യുക. അല്ലാതെ പച്ചമരുന്ന് കഴിച്ചാൽ കിഡ്നിയുടെ ഫിസിക്കൽ ഡാമേജ് പരിഹരിക്കപ്പെട്ട് പൂർവ്വസ്ഥിതിയിൽ ആകില്ല. മാത്രമല്ല ഡാമേജ് ആയ കിഡ്നി വൈദ്യൻ പറഞ്ഞത് പോലെ പച്ച മരുന്ന് കൊണ്ട് പതിനൊന്ന് മാസം പിടിച്ചു നിൽക്കുകയും ഇല്ല. അപ്പോൾ ആ സുഹൃത്ത് പറയുകയാണ് ഒരാളുടെ കിഡ്‌നി മറ്റൊരാൾക്ക് മേച്ച് ആകില്ലെന്നും കിഡ്‌നി മാറ്റി വെച്ച ആൾക്ക് പിന്നീട് നോർമൽ ലൈഫ് സാധ്യമല്ല എന്നും. എനിക്കപ്പോൾ ദ്വേഷ്യം വന്ന് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. കിഡ്‌നി ഫെയിലർ ആയിട്ടുണ്ടെങ്കിൽ പച്ച മരുന്ന് കഴിച്ച് കിഡ്നിയുടെ ആരോഗ്യം വീണ്ടെടുത്ത് നോർമൽ ലൈഫ് സാധ്യമാകും എന്ന് വിശ്വസിക്കുന്ന ആ സുഹൃത്തിന് വേണ്ടിയാണ് ഈ പോസ്റ്റ്.

നമ്മൂടെ ആമാശയത്തിന്റെ പിന്നിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി പയർമണിയുടെ ആകൃതിയിൽ മുഷ്ടിയോളം വലിപ്പത്തിൽ സ്ഥിതി ചെയ്യുന്നതാണല്ലൊ വൃക്കകൾ അഥവാ കിഡ്‌നികൾ. ഒരാൾക്ക് ആരോഗ്യത്തോടെ ജീവിയ്ക്കാൻ ഒരു കിഡ്‌നി മതി. അതുകൊണ്ടാണ് രണ്ട് കിഡ്‌നിയും ഫെയിലർ ആയ ഒരാൾക്ക് അതേ രക്തഗ്രൂപ്പിൽ പെട്ട മറ്റൊരാൾക്ക് ഒരു വൃക്ക ദാനം ചെയ്യാനും രണ്ട് പേർക്കും പിന്നീട് ആരോഗ്യത്തോടെ ജീവിയ്ക്കാനും സാധിക്കുന്നത്. ഈ സത്യം ആളുകളിൽ പ്രചരിപ്പിക്കാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായി തന്റെ ഒരു കിഡ്‌നി ദാനം ചെയ്തത്. പക്ഷെ ആ ഒരു സന്ദേശമല്ല ആളുകളിൽ എത്തിയത്, നേരേ മറിച്ച് ആരാണ് ഈ ക്രിയാറ്റിനിൻ ലവൽ തീരുമാനിക്കുന്നത് എന്നും അങ്ങനെ ടെസ്റ്റ് ചെയ്യാനേ പാടില്ല എന്നും മോഡേൺ മെഡിസിൻ ആണ് വൃക്കകൾ തകരാറിലാക്കുന്നത് എന്നും പച്ചമരുന്നാണ് പ്രതിവിധി എന്നുമുള്ള മോഹനൻ വൈദ്യരുടെ വാദമാണ് പരക്കെ ഷെയർ ചെയ്യപ്പെടുന്നത്.

ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി രക്തത്തിൽ രൂപപ്പെടുന്ന പല തരത്തിലുള്ള മാലിന്യങ്ങളെ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് കിഡ്‌നിയുടെ പ്രധാന ജോലി. അത്തരം മാലിന്യങ്ങളിൽ ഒന്നാണ് ക്രിയാറ്റിനിൻ. നമ്മുടെ ശരീരം ഉണ്ടാക്കുന്ന ഒരു പ്രോട്ടീൻ ആണ് ക്രിയാറ്റിൻ. ആ ക്രിയാറ്റിന്റെ ചെറിയൊരു ഭാഗം ശാരീരീക പ്രവർത്തനങ്ങളുടെ ഫലമായി ക്രിയാറ്റിനിൻ എന്ന വേസ്റ്റ് ആയി മാറുന്നു. അതുകൊണ്ടാണ് അനുവദനീയമായ ലവലിൽ അധികം ക്രിയാറ്റിനിൻ രക്തത്തിൽ കാണുമ്പോൾ വൃക്കകൾക്ക് തകരാറ് തുടങ്ങുന്നു എന്ന് പറയുന്നത്. എന്നാൽ ഒരാളുടെ വൃക്കകൾ പൂർണ്ണമായും തകരാറിലായോ എന്ന് തീരുമാനിക്കാൻ ക്രിയാറ്റിനിൻ ടെസ്റ്റ് കൊണ്ട് മാത്രം കഴിയില്ല. അതിനു ACR (Albumin to Creatinine Ratio) എന്ന മൂത്രപരിശോധനയും GFR (glomerular filtration rate) എന്ന രക്തപരിശോധനയും കൂടി നടത്തേണ്ടതുണ്ട്.

ഇതിനിടയിൽ എന്താണ് ദഹനവും ഉപാപചയവും (Digestion and Metabolism) തമ്മിലുള്ള വ്യത്യാസം എന്ന് നിങ്ങൾ ശരിക്ക് മനസ്സിലാക്കണം. ദഹനം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം വായ മുതൽ ആമാശയം, ചെറുകുടൽ, വൻകുടൽ വരെ അന്നനാളത്തിലൂടെ നീങ്ങുമ്പോൾ വിവിധ എൻസൈമുകളുടെ സമ്പർക്കത്തിൽ ലഘുഘടകങ്ങളായി വിഘടക്കപ്പെടുന്നതാണ്. അപ്രകാരം ആഹാരത്തിലെ പ്രോട്ടീൻ അമിനോ ആസിഡുകളായും , സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും കൊഴുപ്പ് ഫാറ്റി ആസിഡുകളായും വിഘടിക്കപ്പെടുന്നു. എന്നിട്ട് മാത്രമാണ് ഇവ ചെറുകുടലിലെ നേരിയ സുഷിരങ്ങളിൽ കൂടി രക്തത്തിൽ പ്രവേശിക്കുന്നത്. ഈ അന്നനാളം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാൽ ശരീരത്തിന്റെ അകം അല്ല. ശരീരത്തിനകത്ത് വായ മുതൽ ഗുദം വരെ നീളുന്ന ഒരു ചുരുളൻ കുഴൽ ആണ് അന്നനാളം. അതുകൊണ്ട് നമ്മൾ കഴിക്കുന്ന ആഹാരം അതേ പടി ശരീരത്തിനകത്ത് പ്രവേശിക്കുന്നില്ല. മേൽപ്പറഞ്ഞത് പോലെ വിഘടിക്കപ്പെട്ട ലഘുതന്മാത്രകളാണ് ചെറുകുടലിലെ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നത്. അപ്പോൾ മാത്രമാണ് ആഹാരത്തിലെ പോഷകഘടകങ്ങൾ ശരീരത്തിനകത്ത് പ്രവേശിപ്പിച്ചതായി പറയാൻ പറ്റുക. അതിന്റെ അർത്ഥം ആഹാരത്തിലെ പ്രോട്ടീനും സ്റ്റാർച്ചും കൊഴുപ്പും ഒന്നും അതേ പടി അകത്ത് കയറിക്കൂട എന്നാണ്.

ഇനി എന്താണ് ഉപാപചയം എന്ന് ചോദിച്ചാൽ, രക്തത്തിൽ പ്രവേശിച്ച പോഷകങ്ങൾ ലിവറിലൂടെ കടന്ന് ഓരോ കോശങ്ങളിലേക്കും രക്തം തന്നെ വഹിച്ചുകൊണ്ടുപോയി എത്തിക്കുന്നു. അങ്ങനെ കോശങ്ങളിൽ വെച്ച് പോഷകങ്ങൾ പലവിധ രാസപ്രവർത്തനങ്ങൾക്ക് വിധേയമാകുന്നു. ഉദാഹരണത്തിനു അമിനോ ആസിഡുകൾ കൊണ്ട്  നമുക്ക് വേണ്ട പ്രോട്ടീനുകൾ ഉണ്ടാക്കുന്നു. ഗ്ലൂക്കോസ് വിഘടിപ്പിച്ച് ഊർജ്ജം ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള രാസപ്രവർത്തനങ്ങളുടെ ഫലമായി കുറെ മാലിന്യങ്ങൾ ഉണ്ടാകുന്നു. അതൊക്കെ പുറത്തേക്ക് കളയുന്നത് കിഡ്‌നികളാണ്. ഭക്ഷണത്തിൽ കൂടി ലഭിക്കുന്നവയിൽ ശരീരം സ്റ്റോർ ചെയ്യാത്ത അധിക പോഷകങ്ങളും രക്തത്തിൽ നിന്ന് കിഡ്‌നികൾ നീക്കം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിനു അധികം പ്രോട്ടീൻ കഴിച്ചാൽ ശരീരം അത് സ്റ്റോർ ചെയ്യില്ല. എന്നാൽ സ്റ്റാർച്ച് അധികം കഴിച്ചാൽ അതിനെ കൊഴുപ്പാക്കി മാറ്റി സ്റ്റോർ ചെയ്യും.

Diabetic nephropathy, Kidney stones, Kidney infections, Renal failure, Kidney hydronephrosis, Duplicated ureter, Interstitial nephritis, Kidney tumor, Nephrotic syndrome ഇവയൊക്കെ കിഡ്‌നിയെ ബാധിക്കുന്ന അസുഖങ്ങളാണ്. വിസ്താരഭയത്താൽ ഇതിനെ പറ്റിയൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. അതിന്റെ ആവശ്യവും ഇല്ല. ബന്ധപ്പെട്ട ഡോക്ടർമാരെ കൺസൽട്ട് ചെയ്യുകയാണ് വേണ്ടത്. ഇതൊക്കെ ആയുർവേദ-നാട്ടുവൈദ്യനു കണ്ടെത്താനോ ചികിത്സിക്കാനോ കഴിയുമോ? പച്ച മരുന്നു എന്നൊരു മരുന്നില്ല. സസ്യങ്ങളുടെ ഇലയും വേരും തണ്ടും തൊലിയും പൂവും കായും ഒക്കെ നമുക്ക് റോ മെറ്റീരിയൽസ് ആണ്. രോഗവും മരുന്നും ചികിത്സയും ഒക്കെ സയന്റിഫിക്ക് ആയി പരീക്ഷിച്ചും ഗവേഷണം നടത്തിയും ഒക്കെ കണ്ടെത്തണം. അതാണ് മോഡേൺ മെഡിസിൻ എന്ന് പറയുന്നത്. ഒരു നൂറ് വർഷത്തിനിപ്പുറം ആണ് ഈ കണ്ടെത്തലുകൾ വികസിച്ചതും രോഗങ്ങൾ മിക്കതും ചികിത്സിച്ച് ഭേദമാക്കാം എന്ന നില വന്നതും. മോഡേൺ മെഡിസിനിൽ മാത്രമേ യഥാർത്ഥ ചികിത്സയും മരുന്നുകളും ഉള്ളൂ. ബാക്കിയെല്ലാം വിശ്വാസങ്ങളോ തട്ടിപ്പുകളോ വ്യാജമോ ആണ്. മോഡേൺ മെഡിസിൻ പണത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന വൻ ആസ്പത്രികളോ ഡോക്ടർമാരോ ഉണ്ടായേക്കാം. അതൊന്നും മോഡേൺ മെഡിസിന്റെ കുറ്റം അല്ല. നമ്മൾ ശരിയായ ആസ്പത്രിയും ഡോക്ടർമാരെയും കണ്ടെത്തുകയാണ് വേണ്ടത്. അത് അത്ര പ്രയാസമുള്ള കാര്യവുമല്ല.