Links

Showing posts with label ഇന്റര്‍നെറ്റ്. Show all posts
Showing posts with label ഇന്റര്‍നെറ്റ്. Show all posts

ഇന്റർനെറ്റ് എന്നാൽ എന്ത് ?

ഇന്റർനെറ്റിനെ കുറിച്ച് എത്ര എഴുതിയാലും തീരുകയില്ല. അത്രയും ബ്രഹത്തായ ഒരു സംഗതിയാണു ഇന്റർനെറ്റ്. ലോകത്തുള്ള എല്ലാ കമ്പ്യൂട്ടറുകളെയും, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെയും ബന്ധിപ്പിക്കുന്ന ഒരു ആഗോള നെറ്റ്‌വർക്ക് എന്ന് ഇന്റർനെറ്റിനെ വിശേഷിപ്പിക്കാം. നമ്മുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റഡ് ആകുമ്പോൾ അങ്ങനെ കണക്റ്റഡ് ആയ എത്രയോ കോടി കമ്പ്യൂട്ടറുകളുമായി നമ്മുടെ കമ്പ്യൂട്ടറും കണക്റ്റഡ് ആകുന്നു. അങ്ങനെ ലോകത്തുള്ള ഏത് കമ്പ്യൂട്ടറുമായും നമുക്ക് ആശയവിനിമയും വിവരവിനിമയവും സാധ്യമാകുന്നു. ഇത്രയും പറഞ്ഞാൽ ഇന്റർനെറ്റ് എന്നതിന്റെ നിർവ്വചനമായി.
 
ഇങ്ങനെ കമ്പ്യൂട്ടറുകളെ പരസ്പരം കണക്റ്റ് ചെയ്യാൻ പഴയ ടെലഫോൺ നെറ്റ്‌വർക്കിന്റെ കേബിളുകളും (copper cables) പിന്നെ ഓപ്റ്റിക്കൽ ഫൈബർ കേബിളുകളും സാറ്റലൈറ്റുകളും ഉപയോഗിക്കുന്നു. ലോകമാസകലം വ്യാപിച്ചു കിടക്കുന്ന ടെലഫോൺ നെറ്റ്‌വർക്ക് ആണു ഇന്റർനെറ്റ് എന്ന ഈ ആഗോള നെറ്റ്‌വർക്ക് സുസാധ്യമാക്കിയത്. ശരിക്കും ഇന്റർനെറ്റ് എന്താണു ചെയ്യുന്നത്? ഒരു കമ്പ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ ലോകത്തുള്ള ഏത് കമ്പ്യൂട്ടറിലേക്കും എത്തിച്ചുകൊടുക്കുന്നു. അത്കൊണ്ട് ലോകത്തുള്ള ഏത് കമ്പ്യൂട്ടറുകളിൽ നിന്നും ഡാറ്റകൾ നമ്മുടെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാനും കഴിയുന്നു. എന്ത്കൊണ്ടാണു ഡാറ്റ എന്ന് പറയുന്നത്. വിവരങ്ങൾ അത് ടെക്സ്റ്റ് ആയാലും ചിത്രം ആയാലും ശബ്ദം ആയാലും വീഡിയോ ആയാലും അതൊക്കെ ഡാറ്റയാക്കി മാറ്റിയിട്ടാണു കമ്പ്യൂട്ടർ സൂക്ഷിക്കുന്നതും നെറ്റ്‌വർക്കിലെ മറ്റ് കമ്പ്യൂട്ടറുകൾക്ക് കൈമാറുന്നത്. 


കമ്പ്യൂട്ടർ ഡാറ്റയുടെ അടിസ്ഥാന യുനിറ്റ് ഒരു ബൈറ്റ് ആണു. ഉദാഹരണത്തിനു ഒരു ഇമേജ് എത്രയോ ബൈറ്റുകളുള്ള ഡാറ്റയാക്കി കമ്പ്യൂട്ടർ മാറ്റുന്നു.   8 ബിറ്റുകൾ ചേർന്നതാണു ഒരു ബൈറ്റ്. ഒരു ബിറ്റ് എന്ന് പറഞ്ഞാൽ 0 അല്ലെങ്കിൽ 1 എന്ന സംഖ്യ ആയിരിക്കും. പൂജ്യമോ ഒന്നോ എന്ന ബൈനറി സംഖ്യകൾ ചേർന്ന് ബൈറ്റുകളും ബൈറ്റുകൾ ചേർന്ന് ഡാറ്റകളും ആകുന്നു. ഇങ്ങനെ ഡാറ്റകളാണു ഇന്റർനെറ്റിലൂടെ ഓരോ കമ്പ്യൂട്ടറും അന്യോന്യം കൈമാറ്റം ചെയ്യുന്നത്. ഈ പൂജ്യവും (0) ഒന്നും (1) യഥാർത്ഥത്തിൽ സ്വിച്ച് ഓൺ അല്ലെങ്കിൽ ഓഫ് ആകുന്നതിനു തുല്യമാണു. അതായത് എലക്ട്രിക് സിഗ്നൽ ഇല്ല എന്നതിനെ പൂജ്യവും സിഗ്നൽ ഉണ്ട് എന്നതിനെ ഒന്നും പ്രതിനിധീകരിക്കുന്നു. അത്കൊണ്ട് കമ്പ്യൂട്ടറിനു പൂജ്യം അല്ലെങ്കിൽ ഒന്ന് എന്ന ഭാഷ മാത്രമേ മനസിലാകൂ എന്ന് നമ്മൾ ആലങ്കാരികമായി പറയുന്നു. ഉദാഹരണത്തിനു നമ്മൾ കീബോർഡിൽ
'C' എന്ന് ടൈപ്പ് ചെയ്താൽ കമ്പ്യൂട്ടറിൽ അത് 01000011 എന്നായി മാറുന്നു. ഇത് ഡാറ്റയുടെ ഒരു യൂനിറ്റ് അല്ലെങ്കിൽ ബൈറ്റ് ആണു. അതേ സമയം ശബ്ദത്തിന്റെ ഒരു നിശ്ചിത ഡെസിബലും ഇമേജിലെ ഒരു പുള്ളിയും കൂടി 01000011 എന്ന ബൈറ്റ് റിപ്രസന്റ് കെയ്യുന്നുണ്ട്. ഒരു ഡാറ്റ ഏത് രൂപത്തിൽ ഉപയോഗിക്കണം എന്ന് കമ്പ്യൂട്ടർ തീരുമാനിക്കുന്നു. ഞാൻ കൂടുതൽ പറഞ്ഞ് സങ്കീർണ്ണമാക്കുന്നില്ല. ഡാറ്റകൾ 0 അല്ലെങ്കിൽ 1 എന്ന നമ്പറുകളായി പരിവർത്തിക്കപ്പെടുന്നു എന്ന് മാത്രം ആദ്യം മനസ്സിലാക്കി വയ്ക്കുക.

ടെലിഫോൺ ലൈനിൽ കൂടിയാണല്ലോ ഇന്റർനെറ്റിൽ ഡാറ്റകൾ സഞ്ചരിക്കുന്നത്. മൊബൈൽ ഇന്റർനെറ്റിനെ കുറിച്ച് വേറെ അധ്യായത്തിൽ പറയാം. ടെലിഫോൺ ലൈനിൽ കൂടി എങ്ങനെയാണു ഡാറ്റ വിനിമയം സാധ്യമാകുന്നത് എന്ന് നോക്കാം. നിങ്ങൾ അമേരിക്കയിലെ ഒരു സുഹൃത്തിനെ ലാൻഡ്ഫോണിൽ വിളിക്കുന്നു എന്ന് സങ്കല്പിക്കുക. അപ്പോൾ നിങ്ങൾക്കും അമേരിക്കയിലെ സുഹൃത്തിനും ഇടയിൽ  ടെലിഫോൺ ശൃംഖലയിൽ ഒരു ഡയരക്ട് കണക്‌ഷൻ  ( circuit) തുറക്കുകയാണു. നിങ്ങൾ സംസാരിക്കുന്ന സമയത്തെല്ലാം ആ കണക്‌ഷൻ നിങ്ങൾക്ക് മാത്രമായിരിക്കും. ആ ലൈനിൽ മറ്റൊരാൾക്ക് സംസാരിക്കാനോ  മറ്റൊരു ഡാറ്റ ആ ലൈനിലൂടെ കൈമാറാനോ കഴിയില്ല. ഈ രീതിയിൽ ഫോണുകളെ ബന്ധിപ്പിക്കുന്നതിനു circuit switching എന്നാണു പറയുക. എസ്.ടി.ഡി.യും ഐ.എസ്.ഡി.യും വരുന്നതിനു മുൻപ് ലോക്കൽ എക്സ്ചേഞ്ചുകളിൽ ഒരാൾ ഇരുന്നു മാന്വൽ ആയി വയറുകളെ ബന്ധിപ്പിച്ച് കണക്റ്റ് ചെയ്യണമായിരുന്നു. പിന്നെയാണു ഓട്ടോമാറ്റിക്ക് ടെലഫോൺ എക്സ്ചേഞ്ചുകൾ വരുന്നത്. 

ഇന്റർനെറ്റ് ആദ്യം വന്നപ്പോൾ ഡയൽഅപ്പ് സമ്പ്രദായത്തിൽ ഈ circuit switching രീതിയിൽ തന്നെയാണു നിലവിൽ വന്നത്. നമ്മൾ നമ്മുടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ (ബി.എസ്.എൻ.എൽ)  സർവർ കമ്പ്യൂട്ടറിലേക്ക് നമ്മുടെ ഫോൺ നമ്പറിൽ നിന്ന് ഡയൽ ചെയ്യുന്നു. അപ്പോൾ നമുക്ക് circuit switching രീതിയിൽ ഇന്റർനെറ്റിൽ കണക്റ്റഡ് ആയ മറ്റ് കമ്പ്യൂട്ടറുകളുമായി കണക്‌ഷൻ ലഭിക്കുന്നു. പക്ഷെ വളരെ കുറഞ്ഞ സ്പീഡിൽ മാത്രമേ ഡാറ്റകൾ ഡൗൺലോഡും അപ്‌ലോഡും ആയിരുന്നുള്ളൂ. മാത്രമല്ല, ഇന്റർനെറ്റിൽ കണക്റ്റ് ആയാൽ വോയ്സ് കോൾ സാധ്യമായിരുന്നില്ല. ഫോൺ വിളിക്കുമ്പോൾ ഇന്റർനെറ്റ് ബ്രൗസിങ്ങും സാധ്യമായിരുന്നില്ല. പിന്നെയാണു ബ്രോഡ്‌ബാന്റ് എന്ന സാങ്കേതിക വിദ്യയും Packet switching എന്ന സമ്പ്രദായവും വരുന്നത്. ബ്രോഡ്‌ബാൻഡ് എന്ന ടെക്‌നോളജിയിൽ ടെലഫോൺ ലൈൻ ഒരുപാട് ചാനലുകളായി മാറ്റുകയാണു. അതായത് മുൻപ് ഫോൺ വിളിക്കാനും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യാനും ഒരേ ഒരു ലൈൻ എന്നതിനു പകരം ഒരു ലൈൻ പല ചാനലുകളായി വിഭജിക്കുകയാണു. അപ്പോൾ ഫോൺ വിളിക്കാൻ കുറച്ചു ചാനലും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യാൻ വേറെ കുറെ ചാനലുകളും ലഭ്യമാകുന്നു. നമ്മുടെ വീട്ടിലേക്ക് വരുന്ന ടെലിഫോൺ കേബിളിലെ ചെമ്പ് കമ്പിയിലൂടെയാണിത് എന്ന് ഓർക്കുമല്ലോ.

ഡയൽഅപ്പ് മോഡിൽ circuit switching രീതിയിൽ നമ്മൾ ഇ-മെയിൽ, ചിത്രങ്ങൾ മുതലായ ഡാറ്റകൾ അയക്കുമ്പോൾ അതൊക്കെ ഒരുമിച്ചാണു കേബിളിലൂടെയുള്ള ഒറ്റ ലൈനിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത് എന്ന് പറഞ്ഞല്ലൊ. എന്നാൽ ബ്രോഡ്‌ബാന്റിൽ ഒരേ ലൈനിൽ കുറേ ചാനലുകളും ലഭ്യമായി എന്നും പറഞ്ഞു. അതേ സമയം Packet switching രീതിയിൽ ഡാറ്റകൾ അയയ്ക്കുകയും സ്വീകരിക്കുന്ന രീതിക്കും മാറ്റമുണ്ടായി. അതായത് നമ്മൾ ഒരു ഡാറ്റ അത് എത്ര കെബിയോ എം‌ബിയോ ആയാലും ആ ഡാറ്റ പായ്കറ്റുകളായി കഷണം കഷണം ആക്കിയിട്ടാണു അയക്കുന്നത്. ഇങ്ങനെ നമ്മൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ ഡാറ്റകൾ പായ്കറ്റുകളാക്കുകയും എത്തേണ്ടിടത്ത് എത്തിയാൽ വീണ്ടും യോജിപ്പിച്ച് ഡാറ്റകൾ ആക്കി മാറ്റുന്നതിനെയാണു Packet switching എന്ന് പറയുന്നത്. പായ്കറ്റുകൾ ഒരുമിച്ചല്ല സഞ്ചരിക്കുക. ഏതെല്ലാം ചാനലുകളാണു തിരക്കില്ലാത്തത് എന്ന് നോക്കി വെവ്വേറെ റൂട്ടിൽ തടസ്സമില്ലാതെയും സ്പീഡിൽ സഞ്ചരിച്ച് എത്തേണ്ട കമ്പ്യൂട്ടറിൽ എത്തി ഒരുമിച്ച് ആദ്യത്തെ ഡാറ്റയായി മാറുന്നു.

എന്നാൽ ടെലഫോൺ കേബിളിലൂടെ ഡിജിറ്റൽ ഡാറ്റകൾ സഞ്ചരിക്കുകയില്ല. നമ്മൾ ഫോണിൽ സംസാരിക്കുമ്പോൾ നാം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ വൈദ്യുതതരംഗങ്ങളായിട്ടാണു ടെലിഫോൺ കേബിളിലൂടെ സഞ്ചരിക്കുന്നത്.  ഫോൺ റസീവറിലെ സംസാരിക്കുന്ന തലക്കൽ ശബ്ദത്തെ വൈദ്യുതതരംഗമായും, കേൾക്കുന്ന തലക്കൽ വൈദ്യുതതരംഗത്തെ ശബ്ദതരംഗമായും മാറ്റുന്ന സംവിധാനമുണ്ട്. അങ്ങനെയാണു നമുക്ക് ഫോൺ സംഭാഷണം സാധ്യമാകുന്നത്. ഫോൺ കേബിളിലൂടെ സഞ്ചരിക്കുന്ന വൈദ്യുതതരംഗം അനലോഗ് വേവ്‌സ് ആണു. ഇതിനാണു മോഡം എന്ന ഉപകരണം. കമ്പ്യൂട്ടറിലെ ഡിജിറ്റൽ ഡാറ്റ മോഡം, അനലോഗ് തരംഗങ്ങളാക്കി മാറ്റുന്നു. അതായത് കമ്പ്യൂട്ടറിനും ടെലഫോൺ കേബിളിനും ഇടയിൽ പ്രവർത്തിക്കുന്ന ദ്വിഭാഷിയാണു മോഡം. 

ലോകത്ത് എത്രയോ ദശലക്ഷം കമ്പ്യൂട്ടറുകളാണു ഇന്റർനെറ്റിൽ ബന്ധപ്പെടുന്നത്. ഇതിൽ എല്ലാ കമ്പ്യൂട്ടറുകളും ഒരേ ജോലിയല്ല ചെയ്യുന്നത്.  ചില കമ്പ്യൂട്ടറുകൾ ഡാറ്റകൾ എലക്ട്രോണിക്ക് ഫയലുകളാക്കി സൂക്ഷിക്കുന്നവയാണു. അവയെ സർവർ കമ്പ്യൂട്ടറുകൾ എന്ന് പറയുന്നു. നമ്മൾ സർവർ കമ്പ്യൂട്ടറുകളിൽ നിന്നാണു ഫയലുകളും വിവരങ്ങളും സ്വീകരിക്കുന്നത്. അത്കൊണ്ട് നമ്മുടെ കമ്പ്യൂട്ടറിനെ ക്ലൈന്റ് കമ്പ്യൂട്ടർ എന്ന് പറയുന്നു.  ചിലപ്പോൾ നമ്മുടെ കമ്പ്യൂട്ടർ സർവറും ക്ലൈന്റും ആകും. ഇൻസ്റ്റന്റ് മെസ്സേജ് അയക്കുമ്പോഴും ടോറന്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോഴും ഒക്കെയാണു ഇങ്ങനെയാവുക. പീർ ടു പീർ നെറ്റ്‌വർക്ക് എന്നാണു ഇതിനു പറയുക. അതൊക്കെ വേറെ അധ്യായത്തിൽ വിവരിക്കേണ്ടതാണു. 

ഇന്റർനെറ്റിനു ഒരു ആസ്ഥാനമോ, ഭരണകേന്ദ്രമോ ഒന്നുമില്ല. എന്നാൽ ഇന്റർനെറ്റ് പ്രോട്ടോകോൾ എന്ന ഒരു സംവിധാനവും ഇതൊക്കെ ഏകോപിപ്പിക്കാൻ സന്നദ്ധസംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്. അതൊക്കെ ഒരോന്നായി വഴിയെ വിശദീകരിക്കാം.

മൊബൈല്‍ വിപ്ലവം മലയാളത്തിലും ...

നാട് ഇപ്പോള്‍ ഒരു മൊബൈല്‍ വിപ്ലവത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. ഓരോ ആള്‍ക്കും ഓരോ മൊബൈല്‍ എന്നത് മാറി, ഓരോ ആള്‍ക്കും ഒന്നിലധികം മൊബൈലുകളും സിം കാര്‍ഡുകളും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാനുള്ള എലക്ട്രോണിക്ക് ഉപകരണം എന്ന അവസ്ഥയും ഇപ്പോള്‍ മാറി.  വിവരവിനിമയം ചെയ്യാനുള്ള എല്ലാ എലക്ട്രോണിക്ക് ഉപകരണങ്ങളും ഉള്ളടക്കിയ ഒരു സൂപ്പര്‍ എലക്ട്രോണിക്ക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍ ഇന്ന്. ക്യാമറ, ടേപ് റെക്കോര്‍ഡര്‍, എഫ്.എം.റേഡിയോ, ടിവി , കമ്പ്യൂട്ടര്‍ എന്നിവയെല്ലാം ഇന്ന് മൊബൈല്‍ ഫോണില്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഇന്ന് അധികമായി സര്‍ഫ് ചെയ്യുന്നതും മൊബൈല്‍ വഴി തന്നെയാണ് എന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ വന്നതോടുകൂടി  ഷോപ്പിങ്ങ്, ബാങ്കിങ്ങ് അങ്ങനെ ഒട്ടേറെ സൌകര്യങ്ങളും മൊബൈലില്‍ കൂടി സാധ്യമാകുന്നുണ്ട്.  ചുരുക്കത്തില്‍, ഒരു മൊബൈല്‍ എന്നാല്‍ ഇന്ന് ഒരുപാട് കാര്യങ്ങള്‍ ഉള്ളംകൈയില്‍ വെച്ചുകൊണ്ട് ചെയ്യാന്‍ സാധിക്കുന്ന അത്ഭുതകരമായ ഉപകരണമാണ്.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍, ആ ഫോണില്‍ ഡിഫാള്‍ട്ടായി കുറെ ആപ്ലിക്കേഷന്‍സ് ഉണ്ടാവും. അതേ സമയം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് നമ്മുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് എത്രയോ ആപ്ലിക്കേഷന്‍സ് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.  ഏത് ആപ്ലിക്കേഷനാണ് നല്ലത് , അല്ലെങ്കില്‍ വേണ്ടത് എന്ന് പറയാന്‍ കഴിയില്ല. ഓരോന്നും ഒന്നിനൊന്ന് മെച്ചവും നമുക്ക് ആവശ്യമുള്ളതുമാണ്. ഓരോ സ്ഥാപനങ്ങളും ഇപ്പോള്‍ അവരവരുടെ ആപ്ലിക്കേഷന്‍സ് ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അവരുടെ ആപ്പ് ഇറക്കിയിരിക്കുന്നു.  ഇവിടെ നോക്കുക.   ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ എസ്.ബി.ഐ.ബാങ്ക് അക്കൌണ്ട് ഹോള്‍ഡര്‍ക്ക് എല്ലാ ഇടപാടുകളും മൊബൈലില്‍ നിന്ന് ചെയ്യാന്‍ സാധിക്കും. പത്രങ്ങളും അവരുടെ ആപ്ലിക്കേഷന്‍സ് ഇറക്കിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കൈകാര്യം ചെയ്യാന്‍ അത്ര വലിയ വൈദഗ്ദ്ധ്യമൊന്നും വേണ്ട എന്നതാണ് പ്രത്യേകത.

മൊബൈല്‍ ഫോണുകള്‍ അതിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇങ്ങനെ സാര്‍വ്വത്രികമായി പ്രചാരത്തില്‍ വന്നെങ്കിലും അതിനൊപ്പിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് നമ്മുടെ നാട്ടില്‍ അത്ര വളര്‍ച്ച ഉണ്ടായിട്ടില്ല എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ ഇപ്പറഞ്ഞ മൊബൈല്‍ ഫോണുകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല.  3ജി ആണ് നമ്മുടെ രാജ്യത്ത് ഏറ്റവും ആധുനീകമായ മൊബൈല്‍ ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന ടെക്നോളജി. വികസിതരാജ്യങ്ങളിലൊക്കെ 3ജി കാലഹരണപ്പെട്ട് 4ജി ആണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. 2ജി സ്പെക്ട്രം വിവാദവും കേസുകളും നമ്മുടെ 3ജി ഇന്റര്‍നെറ്റ് വ്യാപനത്തെ വളരെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. സര്‍ക്കാര്‍ ഖജനാവിലേക്ക് പെട്ടെന്ന് കുറെ കാശ് വന്നു ചേരണം എന്ന മട്ടിലാണ് എല്ല്ലാവരും ഈ സാങ്കേതിക വിദ്യയെ സമീപിച്ചത്.  അതിന്റെയൊക്കെ ഫലമായി 3ജി ലേലത്തില്‍ സര്‍ക്കാരിന് അമ്പരപ്പിക്കുന്ന തരത്തില്‍ പണം കിട്ടി. പക്ഷെ സാധാരണക്കാരന് 3ജി കിട്ടാക്കനിയാവുകയും ചെയ്തു.

എന്തൊക്കെയാണ് ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും അതില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഡാറ്റ പ്ലാനും ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുക എന്ന് വിവരിക്കാന്‍ കഴിയില്ല. അത്രയധികമാണ് സൌകര്യങ്ങളും സാധ്യതകളും.  3ജി ഇല്ലെങ്കില്‍ സാരമില്ല.  2ജിയില്‍ GPRS ഡാറ്റ പ്ലാന്‍ ഇന്ന് എല്ലാ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരും കുറഞ്ഞ നിരക്കില്‍ നല്‍കുന്നുണ്ട്. 100 രൂപയ്ക്കടുത്ത് നല്‍കിയാല്‍ 30 ദിവസത്തെ വാലിഡിറ്റിയോടുകൂടി 1GB ഡാറ്റ അപ്‌ലോഡ്‌-ഡൌണ്‍‌ലോഡ് സൌകര്യം ലഭ്യമാണ്. 15രൂപയ്ക്ക് എയര്‍ടെല്‍ 3ദിവസത്തേക്ക് അണ്‍‌ലിമിറ്റഡ് ഡാറ്റ തരുന്നുണ്ട്. വോഡഫോണിന് 5രൂപയ്ക്ക് പ്രതിദിന പ്ലാന്‍ ഉണ്ട്. വോയ്സ് ചാറ്റ് നടത്തുന്നവര്‍ക്ക് ഇത് വളരെ ലാഭകരമാണ് എന്ന് പറയേണ്ടതില്ലല്ലൊ. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും എല്ലാ സ്ഥലത്തും ഒരേ പോലെ നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ല. അത്കൊണ്ട് അവരവരുടെ സ്ഥലത്ത് ഏത് നെറ്റ്‌വര്‍ക്കിനാണ് കവറേജ് അധികമുള്ളത്, ആ കമ്പനിയുടെ സിം കാര്‍ഡ് വാങ്ങുന്നതാണ് നല്ലത്. അത്പോലെ തന്നെ സംസാരിക്കാന്‍ മാത്രമായി ഒരു സിമ്മും ഡാറ്റ പ്ലാനിന് മാത്രമായി വേറൊരു സിമ്മും കരുതുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഡാറ്റ ലിമിറ്റ് തീര്‍ന്നാല്‍ ടോക്ക് ടൈമിന്റെ ബാലന്‍സ് നമ്മള്‍ അറിയാതെ കാലിയായിപ്പോകും.

ഇന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് അത്ര സാധാരണയായിട്ടില്ല. മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുന്നത് വളരെ വേഗത്തില്‍ തന്നെ എല്ലാ മൊബൈലുകളിലും സാര്‍വ്വത്രികമാകും എന്ന് ന്യായമായും പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണുകളില്‍ gprs കണക്‍ഷന്‍ ഉപയോഗിച്ച് മലയാളം എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. 3ജി വന്നതിന് ശേഷം, 3ജി ഡാറ്റയ്ക്ക് നിരക്ക് കൂടുതലാണെങ്കിലും gprs  ഡാറ്റയ്ക്ക് താരതമ്യേന നിരക്ക് കുറവാണ്. നല്ല സ്മാര്‍ട്ട് ഫോണുകളിലോ ആന്‍ഡ്രോയ്ഡ്  ഫോണുകളിലോ gprs നെറ്റ് 3ജി സ്പീഡില്‍ തന്നെ കിട്ടുന്നുണ്ട്.

മൊബൈലില്‍ മലയാളം വായിക്കാന്‍: 


മൊബൈലില്‍ മലയാളം വായിക്കാന്‍ ഒപേര മിനി എന്ന ബ്രൌസര്‍ സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടേത് ഏത് സെറ്റാണോ, അതിന് പറ്റിയ തരത്തില്‍ ഒപേര മിനി വെര്‍ഷന്‍ ഉണ്ട്. (ഇവിടെ പോയി നോക്കുക.)  ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണെങ്കില്‍ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. (ഇവിടെ കാണുക.) ഒപേര മിനി ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ അത് ഓപ്പന്‍ ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയിലെ അഡ്രസ്സ് ബാറില്‍ ഡിഫാള്‍ട്ടായി വരുന്ന www. എന്നത് ഡിലീറ്റ് ചെയ്ത് config: എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.( ഇങ്ങനെ ചെയ്ത് ശരിയായില്ലെങ്കില്‍  about:config അല്ലെങ്കില്‍ opera:cofig എന്ന് ടൈപ്പ് ചെയ്ത് മാറി മാറി ട്രൈ ചെയ്തു നോക്കുക.)




അങ്ങനെ ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ power  user setting  എന്നൊരു പേജ് തുറക്കും. 
ആ പേജ് താഴേക്ക്‌ സ്ക്രോള്‍ ചെയ്താല്‍ അവസാനമായി use  bitmap  fonts for  complex 
scripts എന്ന ഓപ്ഷന്‍ കാണാം. അവിടെ  no  എന്നു കാണുന്നത് yes ആക്കി  save  
ചെയ്യുക. 


ഇനി ഒപേര മിനി തുറന്ന് അഡ്രസ്സ് ബാറില്‍ മലയാളം സൈറ്റുകളുടെ URL ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ ആ സൈറ്റുകള്‍ മലയാളത്തില്‍ വായിക്കാം. 


ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒപേര മിനി മാര്‍ക്കറ്റില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്ത് ഇതേ പോലെ  ചെയ്താല്‍ മലയാളം സൈറ്റുകളും പത്രങ്ങളും വായിക്കാം. ഇതിനിടയില്‍ മലയാളത്തില്‍ 
മാതൃഭൂമിയും മലയാളമനോരമയും മൊബൈല്‍ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ തന്നെ ഇറക്കിയിട്ടുണ്ട്. ഒപേര ഇല്ലാ‍തെ തന്നെ ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ഡിഫാള്‍ട്ടായിട്ടുള്ള ബ്രൌസറില്‍ നിന്ന് മാതൃഭൂമിയും മനോരമയും സുന്ദരമായി വായിക്കാന്‍ കഴിയും. 


മാതൃഭൂമിയുടെ ലിങ്ക് : http://www.mathrubhumi.com/mobile/android/
മനോരമയുടെ ലിങ്ക് : http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?tabId=0


മനോരമയില്‍ (26-1-12) ഒരു റിപ്പോര്‍ട്ടിന്റെ  QR കോഡ് ആണിത്. ഇത് സ്കാന്‍ ചെയ്താല്‍ ഒപേര മിനി ഇല്ലാതെ തന്നെ ഡിഫാള്‍ട്ട് ബ്രൌസറില്‍ വായിക്കാന്‍ പറ്റും.

ഇനി മലയാളത്തില്‍ എങ്ങനെയാണ് എഴുതുക എന്ന് നോക്കാം.   സ്മാര്‍ട്ട് ഫോണുകളില്‍  മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ അത്കൊണ്ടൊന്നും നമുക്ക് പ്രയോജനം വലുതായിട്ട് ഇല്ല. മലയാളം ടൈപ്പ് ചെയ്യാനും SMS അയയ്ക്കാനും ചില ആപ്ലിക്കേഷനും സോഫ്റ്റ്‌വേറും ഉണ്ടെങ്കിലും അതിലൊന്നും അത്ര കാര്യം ഉള്ളതായി തോന്നാത്തത്കൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല.

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം എങ്ങനെ എഴുതാമെന്ന് നാരായം എന്ന സൈറ്റില്‍ വിശദമായി എഴുതിയിട്ടുണ്ട്. (ഇവിടെ വായിക്കാം.) എന്നാല്‍ അതിനേക്കാളും എളുപ്പം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നി ന്ന് വരമൊഴി എന്ന ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മംഗ്ലീഷില്‍ സുന്ദരമായി മലയാളം ടൈപ്പ് ചെയ്യുകയും എന്നിട്ട് കോപ്പി ചെയ്ത് ആവശ്യമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യുകയും ചെയ്യാം.


മാര്‍ക്കറ്റില്‍ നിന്ന് തന്നെ Blogger എന്ന ആപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇപ്പോള്‍ മൊബൈലില്‍ നിന്ന് തന്നെ ബ്ലോഗ് എഴുതി ഫോട്ടോകള്‍ സഹിതം പോസ്റ്റ് ചെയ്യാം എന്നൊരു സൌകര്യമാണ് നിലവില്‍ വന്നിട്ടുള്ളത്. അത്കൊണ്ട് ബ്ലോഗര്‍മാര്‍ കഴിയുന്നതും നല്ലൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍ കരസ്ഥമാക്കി, യാത്ര ചെയ്യുമ്പോഴും വഴിയില്‍ കാണുന്ന ദൃശ്യങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തി അടിക്കുറിപ്പും മറ്റും മലയാളത്തില്‍ എഴുതി പോസ്റ്റ് ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്. ബ്ലോഗറിന്റെ എഡിറ്റ് പേജ് മൊബൈലില്‍ കാണുക ഇങ്ങനെ:




NB: ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ളവര്‍ അതില്‍ ഡിഫാള്‍ട്ടായി ഉള്ള ബ്രൌസറിന് പുറമെ ഒപേര മിനി ബ്രൌസറും കൂടി എന്തായാലും ഇന്‍സ്റ്റാള്‍ ചെയ്യും. അതിന്റെ കൂടെ ഡോള്‍ഫിന്‍ എന്ന ബ്രൌസറും കൂടി ഇന്‍സ്റ്റാള്‍ ചെയ്തോളൂ എന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്തെന്നാല്‍ ഡോള്‍ഫിന്‍ ബ്രൌസറില്‍ ഉപകാരപ്രദമായ കുറെ ആഡ്‌ഓണ്‍ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റും. ഇവിടെ നോക്കുക.

ആകാശ് ടാബ്‌ലറ്റും ഇന്റര്‍നെറ്റ് വായനശാലകളും

എന്റെ വീടിനടുത്തുള്ള സി.എച്ച്. രാമന്‍ ഗുരുക്കള്‍ സ്മാരക വായനശാലയ്ക്ക് ഗ്രന്ഥശാല സംഘം മുഖേന സര്‍ക്കാര്‍ ഗ്രാന്റായി കമ്പ്യൂട്ടര്‍ ലഭിച്ചു.  വായനശാലയുടെ ഒരു ഭാരവാഹിയോട് ഞാന്‍ ഒരു നിര്‍ദ്ദേശം അവതരിപ്പിച്ചു. അത് അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്നറിയില്ല. അത്കൊണ്ട് ആ നിര്‍ദ്ദേശം ഇവിടെയും പോസ്റ്റ് ചെയ്യട്ടെ.

ലോകത്ത് ഏറ്റവും വിലക്കുറവില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ‘ആകാശ്’ എന്ന പേരില്‍ ഇന്ത്യയില്‍ വില്പനയ്ക്ക് വന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. വിലയില്‍ മാത്രമല്ല വില്പനയിലും ആകാശ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് രണ്ടാഴ്ചകള്‍ക്കുള്ളില്‍  15 ലക്ഷത്തിലേറെ പേരാണ് ഇതിനു വേണ്ടി ബുക്ക് ചെയ്തിരുന്നത്. അങ്ങനെ ആകാശിന്റെ ആദ്യത്തെ പതിപ്പ് ഇതിനകം വിറ്റു തീര്‍ന്നു. അത്കൊണ്ട് ആകാശ് നിര്‍മ്മിച്ച Datawind എന്ന സ്ഥാപനം ആകാശിന്റെ പുതുക്കിയ വേര്‍ഷനായ യൂബിസ്ലേറ്റ് 7ന്റെ ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഇത് എഴുതുമ്പോള്‍ യൂബിസ്ലേറ്റ് 7 ന്റെ ഫെബ്രുവരി മാസം വരെയുള്ള പ്രീബുക്കിങ്ങും പൂർത്തിയായി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

എന്തായാലും വർദ്ധിച്ച് വരുന്ന ആവശ്യം മനസ്സിലാക്കി നിർമ്മാണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണു ആകാശ് നിർമ്മാതാക്കൾ. ഇതിനായി കൊച്ചി, ഹൈദരാബാദ്, നോയ്ഡ എന്നിങ്ങനെ രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി നിര്‍മിച്ച് ഉല്‍പാദനം കൂട്ടാന്‍ ബ്രിട്ടന്‍ കേന്ദ്രമായുള്ള നിര്‍മാതാക്കള്‍ ഡാറ്റാവിന്‍റ് തീരുമാനിച്ചിരിക്കുകയാണ്. ആദ്യപതിപ്പായ ആകാശ് 2500 രൂപക്കായിരുന്നു പുറത്തിറക്കിയത്. 2999 രൂപയാണ്  യൂബിസ്ലേറ്റ് 7 ന്റെ വില. ആകാശിനെക്കാളും ഒട്ടേറെ സൌകര്യങ്ങള്‍ യൂബിസ്ലേറ്റ് 7 പ്ലസ്സില്‍ ഉണ്ട്. അത് താഴെയുള്ള ഇമേജ് നോക്കി താരതമ്യം ചെയ്യാം.


വരുന്ന ഏപ്രിലോടു കൂടി 75,000 ആകാശ് ടാബ്ലറ്റുകൾ ദിവസവും നിർമ്മിക്കാനാകുമെന്നാണു ആകാശ് ടാബ്ലറ്റിന്റെ നിർമ്മാതാക്കളായ ഡാറ്റാവിൻഡ് അവകാശപ്പെടുന്നത്. ആകാശ് ടാബ്ലറ്റിന്റെ പുതിയ മോഡലായ  യൂബിസ്ലേറ്റിൽ ആൻഡ്രോയിഡ് 2.3 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. കൂടാതെ വൈഫൈ,  ജിപിആർഎസ് സൌകര്യങ്ങളും ഉണ്ട്. മൊബൈല്‍ ഫോണായും യൂബിസ്ലേറ്റ് ഉപയോഗിക്കാം എന്നത് വലിയൊരു മെച്ചമാണ്. എന്ന് വെച്ച് വിലയുയര്‍ന്ന മറ്റ് ടാബ്‌ലറ്റ് പിസികളുമായി ഇതിനെ താരതമ്യം ചെയ്യരുത്. യൂബിസ്ലേറ്റ് 7 ബുക്ക് ചെയ്യാനുള്ള സൈറ്റ്   ഇതാണ്.  ആവശ്യക്കാര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് നോക്കുക.

ഞാന്‍ പറഞ്ഞു വന്നത് എന്തെന്നാല്‍ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആര്‍ക്കും വാങ്ങാന്‍ പറ്റും. ആകാശിന്റെ പുതിയ പതിപ്പില്‍ വൈഫൈയും ജിപിആര്‍ എസ്സും ഉണ്ട്.  3ജി വന്നതോടുകൂടി ഇന്റര്‍നെറ്റ് എന്നത് ആര്‍ക്കും ആക്സസ്സ് ചെയ്യാന്‍ പറ്റുന്ന വിധം സാര്‍വ്വത്രികമാകേണ്ടതാ‍യിരുന്നു. എന്നാല്‍ 2ജി വിവാദങ്ങളും വലിയ പണം മുടക്കി കമ്പനികള്‍ക്ക് 3ജി സ്പെക്ട്രം വാങ്ങേണ്ടി വന്നതിനാലും  3ജി ഇന്റര്‍നെറ്റ് സാധാരണക്കാര്‍ക്ക് അത്ര കുറഞ്ഞ ചാര്‍ജ്ജില്‍ ലഭിക്കുന്നില്ല.  മൊബൈല്‍ ഫോണുകള്‍ പെട്ടെന്ന് തന്നെ എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു. അത്പോലെയല്ല 3ജി ഡാറ്റയുടെ കാര്യം.  ഇന്ത്യയെ പല സര്‍ക്കിളുകളായി തിരിച്ച് സ്പെക്ട്രം അനുവദിച്ചതും പ്രശ്നമാണ്.

2ജി അനുവദിച്ചത് പോലെ തന്നെ 3ജിയും ലേലം ചെയ്യാതെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അണ്‍‌ലിമിറ്റഡ് ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണിലോ ആകാശ് പോലെയുള്ള ടാബ്‌ലറ്റുകളിലോ ലഭിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.  സര്‍ക്കാരിന് സ്പെക്ട്രം വകയില്‍  തോന പണം കിട്ടണം എന്നാണ് പൊതുവെ എല്ലാവരും പറഞ്ഞത്. 3ജി ലേലം ചെയ്തപ്പോള്‍ കിട്ടിയ തുക കണ്ട് സര്‍ക്കാര്‍ തന്നെ ഞെട്ടിപ്പോയി. അങ്ങനെ 3ജി ലേലം ചെയ്ത പോലെ 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് കിട്ടുമായിരുന്ന ഇത്ര ലക്ഷം കോടി ഖജനാവിന് നഷ്ടമായി എന്നാണ് സി.എ.ജി യുടെ മായക്കണക്ക്. അതാണ് 2ജി അഴിമതി എന്ന പേരില്‍ ഇപ്പോഴും സര്‍ക്കാരിനെ വേട്ടയാടുന്നത്.

അഴിമതി എന്നത് നമ്മുടെ രാജ്യത്ത് വില്ലേജ് ആഫീസ് മുതല്‍ തുടങ്ങുന്നുണ്ട്.  അവിടെ നിന്ന് മേലോട്ട് പോകുംതോറും അഴിമതിയും വര്‍ദ്ധിക്കും. അഴിമതിയില്ലാതെ എന്തെങ്കിലും സര്‍ക്കാ‍ര്‍ കാര്യം നടക്കും എന്ന് ആ‍രും കരുതുകയില്ല. ഉദ്യോഗസ്ഥര്‍ മാത്രമല്ല മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാം അഴിമതിയുടെ ഉപഭോക്താക്കള്‍ തന്നെയാണ്. അണ്ണാ ഹസാരെ സമരം ചെയ്ത് ശക്തമായ ലോക്‍പാല്‍ വന്നാലും അഴിമതി ഒട്ടും കുറയാന്‍ പോകുന്നില്ല. 2ജിയോ 3ജിയോ ലേലം ചെയ്താലോ ചെയ്തില്ലെങ്കിലോ അതിലൊക്കെ അഴിമതി നടക്കുകയും ചെയ്യും. പക്ഷെ സി.എ.ജി. പറഞ്ഞ നഷ്ടക്കണക്ക് മായയാണ്, സാങ്കല്പികമാണ്.  അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ 3ജി എവിടെയും എത്താതെ ഇപ്പോഴും പെരുവഴിയില്‍ തന്നെ.  സര്‍ക്കാരിന് കുറെ പണം കിട്ടിയത്കൊണ്ട് ഉണ്ടാകുന്ന ഗുണത്തേക്കാളും ജനങ്ങള്‍ക്ക് നല്ലത് കുറഞ്ഞ നിരക്കില്‍ 3ജി ഇന്റര്‍നെറ്റ് ലഭിക്കുന്നതായിരുന്നു.

എന്നിട്ടും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞില്ല അല്ലേ?  കേരളത്തിലെ എല്ലാ വായനശാലകള്‍ക്കും ഓരോ കമ്പ്യൂട്ടര്‍ ലഭ്യമാക്കുക. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ട് എല്ലാ വായനശാലകളും ഇന്റര്‍നെറ്റ് കണക്‍ഷന്‍ എടുക്കുക. ബി.എസ്.എന്‍.എല്ലിന്റെ  അണ്‍‌ലിമിറ്റഡ് കണക്‍ഷനാണ് എടുക്കേണ്ടത്. പ്രതിമാസം ടാക്സ് അടക്കം 850 രൂപയോളം ബില്ല് വരും. ആ തുക വായനശാല ഭാരവാഹികള്‍ മാസാമാസം സ്വരൂപിക്കണം.  നെറ്റ് എടുക്കുമ്പോള്‍ വയര്‍ലസ്സ് മോഡം നോക്കി വാങ്ങണം.  അണ്‍ലിമിറ്റഡ് കണക്‍ഷന്‍ ആകുന്നത്കൊണ്ട് സിസ്റ്റം എപ്പോഴും ഓണ്‍ലൈന്‍ ആയാല്‍ പ്രശ്നമില്ല. ഇനിയാണ് വൈഫൈ സൌകര്യമുള്ള യൂബിസ്ലേറ്റ് ടാബ്‌ലറ്റ് വാങ്ങിയാലുള്ള ഗുണം. ആ ടാബ്‌ലറ്റ് കൈവശമുള്ളവര്‍ക്ക് വായനശാലയില്‍ പോയി വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യാം. ഇതാണ് എന്റെ സങ്കല്പത്തിലുള്ള ഇന്റര്‍നെറ്റ് വായനശാലകള്‍.

യൂബിസ്ലേറ്റിന് വില കുറവായത്കൊണ്ട് മറ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പോലെയോ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലെയോ ബ്രൌസ് ചെയ്യുമ്പോള്‍ അത്ര സ്പീഡ് ലഭിക്കണമെന്നില്ല.  സൌകര്യമുള്ളവര്‍ മുന്തിയ ഇനം ടാബ്‌ലറ്റുകളോ മൊബൈലുകളോ വാങ്ങുമായിരിക്കും. അത്പോലെ തന്നെ വായനശാല ഭാരവാഹികളുടെ ധനസമാഹരണ ശേഷിക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകളും നല്ല വയര്‍ലസ്സ് മോഡവും സംഘടിപ്പിക്കാന്‍ പറ്റും. ഇന്നത്തെ നിലയില്‍ ഗ്രന്ഥശാല സംഘം തന്നെ അംഗീകൃത വായനശാലകള്‍ക്ക് ഓരോ കമ്പ്യൂട്ടര്‍ നല്‍കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  ഇന്റര്‍നെറ്റ് എന്നത് ഇന്നത്തെ നിലയില്‍ ഓരോ പൌരനും അത്യാവശ്യമായി മാറിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.

ഇന്റര്‍നെറ്റില്‍ നമ്മുടെ ഫോട്ടോകള്‍ എവിടെയൊക്കെയാണുള്ളത് ?

ഇന്റര്‍നെറ്റില്‍  അസംഖ്യം ഫോട്ടോകള്‍  പരന്ന് കിടക്കുകയാണ്.  ഗൂഗിളില്‍ ഇമേജ് സര്‍ച്ച് ചെയ്തുനോക്കുമ്പോള്‍ കാണാമല്ലൊ.  എത്രയെത്ര ഫോട്ടോകള്‍ !  നെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും  ഏതെങ്കിലും തരത്തില്‍ ഫോട്ടോകള്‍  നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. സ്വന്തം ഫോട്ടോകളും കുടുംബഫോട്ടോകളും,  സ്വന്തമായി മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ഫോട്ടോകളും ഇക്കൂട്ടത്തില്‍ പെടും.  ചിലപ്പോള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന Personal photos ദുരുപയോഗം ചെയ്യപ്പെടാനും  സാദ്ധ്യതയുണ്ട് എന്ന് പറയേണ്ടതില്ലല്ലൊ.  പൊതുവായ പടങ്ങള്‍ നെറ്റില്‍ അപ്‌ലോഡ്  ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അടിച്ചുമാറ്റാതിരിക്കാന്‍ ഫോട്ടോകളില്‍ copyright അല്ലെങ്കില്‍ watermark ചേര്‍ക്കുക പതിവാ‍ണ്.  എന്നാലും  ഇത്തരം ഫോട്ടോകള്‍ നെറ്റില്‍ നിന്നും എടുത്ത്  പലരും ഉപയോഗിക്കുന്നുണ്ടാകാം.

അങ്ങനെ നമ്മള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്ത പടങ്ങള്‍ ആരെങ്കിലും  കോപ്പി ചെയ്ത് നെറ്റില്‍ ഇട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ.  അങ്ങനെ കണ്ടുപിടിക്കാന്‍  നമ്മെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്. അതാണ്  TinEye എന്ന സൈറ്റ്.  നമ്മുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ ആരൊക്കെ മോഷ്ടിച്ച്  നെറ്റില്‍ ഇട്ടിട്ടുണ്ടെന്ന്  ഈ സൈറ്റ് നമുക്ക് കാട്ടിത്തരും.  ഈ സൈറ്റില്‍ പോയി ഒന്നുകില്‍ നമ്മുടെ  കമ്പ്യൂട്ടറിലുള്ള ഫോട്ടോ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു സെര്‍ച്ചു ചെയ്യുക, അല്ലെങ്കില്‍ നമ്മുടെ ഫോട്ടോ പബ്ലിഷ് ആയിട്ടുള്ള  യു ആര്‍ എല്‍ കൊടുത്ത് സെര്‍ച്ച് ചെയ്യുക.  നാം അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോയുടെ Digital signature അനുസരിച്ച്  എവിടെയൊക്കെ ഇതേ ഫോട്ടോ ഉണ്ട് എന്ന് തേടി കണ്ടുപിടിക്കുകയാണ് ഈ സൈറ്റ് ചെയ്യുന്നത്. സാധാരണ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഈ സേവനം നമുക്ക് ലഭിക്കുകയില്ല. നമ്മുടെ ഫോട്ടോകളില്‍ എന്തെങ്കിലും മാ‍റ്റം വരുത്തി നെറ്റില്‍ ഇട്ടാലും ഈ സൈറ്റ് കണ്ടുപിടിക്കും.  ഒരു തമാശയ്ക്ക്  ആയാലും നമുക്ക് ഈ സൈറ്റ് സന്ദര്‍ശിച്ച്  ഒരേ ഫോട്ടോ എവിടെയൊക്കെ ഉണ്ട് എന്ന് കണ്ടുപിടിക്കാം.

ഇതാണ് ലിങ്ക് 

യാബിഗൊ സെര്‍ച്ച് എഞ്ചിന്‍

doodleഇന്റര്‍നെറ്റും  ഗൂഗിളും ഇന്ന് ഇരട്ട സഹോദരന്മാരെ പോലെയാണ്.  ഗൂഗിളില്ലെങ്കില്‍ നമുക്ക് ഇന്റര്‍നെറ്റ് കൊണ്ട് ഒരു പ്രയോജനവുമില്ല.  ഗൂഗിള്‍ എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റിന്റെ പര്യായം പോലെയായിട്ടുണ്ട്.  എത്രയോ സേവനങ്ങള്‍ നമുക്ക് ഗൂഗിള്‍ നല്‍കുന്നുണ്ടെങ്കിലും  അതില്‍ ഏറ്റവും പ്രധാനം  ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ തന്നെയാണ്.  ഗൂഗിള്‍ സെര്‍ച്ച് ഇല്ലായിരുന്നെങ്കില്‍  ഇന്റര്‍നെറ്റ് ഇത്ര വ്യാപകമാവുമായിരുന്നില്ല.  സെര്‍ച്ചിന്‍ എഞ്ചിന്‍ ഗൂഗിള്‍ മാത്രമല്ല യാഹൂ പിന്നെ  മൈക്രോസോഫ്റ്റിന്റെ  ബിങ്ങുമുണ്ട്.  ഒരേ വാക്ക് ഈ മൂന്ന്  സെര്‍ച്ച് എഞ്ചിനുകളിലും  കൊടുത്ത് സെര്‍ച്ച്  ചെയ്യേണ്ടതായ ആവശ്യം നമുക്ക് വരുന്നില്ല. എന്നാല്‍ അതിനും  ഒരു സൈറ്റ് ഉണ്ട്. അതാണ് www.yabigo.com .  യാഹൂ, ബിങ്ങ്, ഗൂഗിള്‍  എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് യാബിഗൊ.  അവിടെ പോയി  ഒരു വാ‍ക്ക് ടൈപ്പ്  ചെയ്ത് സെര്‍ച്ച് ചെയ്യാന്‍ കൊടുത്ത്  നോക്കുക. മൂന്ന് സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും  വ്യത്യസ്തമായ രീതിയില്‍ റിസല്‍ട്ട് വരുന്നത് കാണാം.

മള്‍ട്ടിപ്പിള്‍ URLs ഇന്‍ ടു വണ്‍

നീളം കൂടിയ  യു.ആര്‍.എല്‍. അഡ്രസ്സ്  ചുരുക്കാന്‍ സഹായിക്കുന്ന  വെബ്‌സൈറ്റ് നമുക്കറിയാം.  ഗൂഗിളില്‍ തന്നെ ഇപ്പോള്‍ അങ്ങനെ സൌകര്യമുണ്ട്.   ഉദാഹരണത്തിന് ഏതെങ്കിലും പത്രറിപ്പോര്‍ട്ടിന്റെ  ലിങ്ക് നീളം കൂടിയതായിരിക്കും. അത് ചുരുങ്ങിയ അക്ഷരങ്ങലുള്ള അഡ്രസ്സായി നമുക്ക് ചുരുക്കാന്‍ സാധിക്കും.  ആര്‍ക്കെങ്കിലും ലിങ്ക് കൊടുക്കുമ്പോഴോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുമ്പോഴോ അത് ഉപകാരപ്രദമായിരിക്കും.  എന്നാല്‍ നമുക്ക് കുറെ യു.ആര്‍.എല്‍. അഡ്രസ്സുകള്‍ ഒറ്റ യു.ആര്‍.എല്‍ അഡ്രസ്സാക്കി മാറ്റാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്.  കുറെ ലിങ്കുകള്‍ ആര്‍ക്കെങ്കിലും നല്‍കുമ്പോഴോ അല്ലെങ്കില്‍ ബ്ലോഗില്‍  നമ്മുടെ ഒന്നില്‍ കൂടുതല്‍ ബ്ലോഗുകളും മറ്റ് ലിങ്കുകളും സൈഡ് ബാറില്‍ പ്രദര്‍ശിപ്പിക്കുമ്പോഴോ ഇത് ഉപകാരപ്രദമായിരിക്കും.  ഇങ്ങനെ എത്രയോ  വെബ് അഡ്രസ്സുകള്‍ നമുക്ക് ഒറ്റ യു.ആര്‍. എല്‍. അഡ്രസ്സില്‍ ചുരുക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ.


http://fur.ly  എന്ന സൈറ്റില്‍ പോവുക. അവിടെ മേലെ കാണുന്ന  പോലെ  തുറക്കുന്ന പേജില്‍  യു.ആര്‍.എല്‍. അഡ്രസ്സുകള്‍  ഒന്നൊന്നായി ചേര്‍ക്കുക.  ഓരോന്ന് ചേര്‍ക്കുമ്പോഴും അടുത്തതിനായി പുതിയ കോളം തുറന്ന് വരും.  എല്ലാം ചേര്‍ത്തതിന് ശേഷം  Go ക്ലിക്ക് ചെയ്യുക.  അപ്പോള്‍  താഴെ കാണുന്ന പോലെ  എല്ലാ അഡ്രസ്സുകളും ഒറ്റ യു.ആര്‍.എല്‍. അഡ്രസ്സായി നിങ്ങള്‍ക്ക് ലഭിക്കും.  അത് കോപ്പി ചെയ്ത് സേവ് ചെയ്യുക.  ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം.  നാം ഉദ്ദേശിക്കുന്ന  എല്ലാ സൈറ്റുകളും ഒരേ വിന്‍ഡോയില്‍ തുറന്നു വരുന്നത് കാണാന്‍ നല്ല രസമുണ്ട്. ഉദാഹരണത്തിന്  എന്റെ എല്ലാ ബ്ലോഗുകളും ആദ്യാക്ഷരിയും  സൈബര്‍ജാലകവും  ഒറ്റ ലിങ്കില്‍ എന്റെ ബ്ലോഗിലെ സൈഡ് ബാറില്‍  കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.  ഇതാണ് ആ യു.ആര്‍.എല്‍ :  http://fur.ly/1pky   അപ്പോള്‍ താമസിക്കണ്ട,  ഇപ്പോള്‍ തന്നെ ഇവിടെ പോയി  നിങ്ങളുടെ ഒറ്റ യു.ആര്‍.എല്‍.  കരസ്തമാക്കുക.


ഈ ലേഖനം ഞാന്‍ കെ.പി.സുകുമാരന്‍   ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ്   പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്

NGPAY എന്നാല്‍ എന്ത്?

നമ്മള്‍ മനസ്സിലാക്കുന്ന കാര്യം നാലാളെ അറിയിക്കുന്നതില്‍ തെറ്റില്ലല്ലൊ.  ചിലപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യം പലര്‍ക്കും അറിയാമായിരിക്കും. എന്നാലും അറിയാത്ത ചിലര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ലതല്ലേ. ഇതിനൊക്കെ തന്നെയല്ലേ ബ്ലോഗ്.  NGPAY എന്താണെന്ന്  അടിക്കടി യാത്ര ചെയ്യുന്നവര്‍ മനസ്സിലാക്കിയിരിക്കും. ഇല്ലെങ്കില്‍ മനസ്സിലാക്കേണ്ടതാണ്. ഇത് ഒരു മൊബൈല്‍സോഫ്റ്റ്‌വേര്‍ ആണ്. ഇത് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.  മാത്രമല്ല KSRTC ബസ്സ് ടിക്കറ്റ്, സിനിമാടിക്കറ്റ് എന്നിവയും ബുക്ക് ചെയ്യാം. കൂടാതെ ഷോപ്പിങ്ങ് നടത്താം. പിന്നെയും കുറെ സേവനങ്ങള്‍ ഉണ്ട്.  ഇപ്പോഴൊക്കെ തീവണ്ടിയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ ഓണ്‍ലൈന്‍ സൌകര്യമാണ് പ്രയോജനപ്പെടുത്തുന്നത്.  അതിന് പക്ഷെ കമ്പ്യുട്ടറും നെറ്റ് കണക്‍ഷനും വേണം.  പിന്നീട് ഇ-ടിക്കറ്റ് പ്രിന്റ്‌ഔട്ട് എടുക്കുന്നു.  സ്വന്തമായി പ്രിന്റര്‍ ഇല്ലെങ്കില്‍ നെറ്റ് കഫേകളില്‍ പോയി പ്രിന്റ് എടുക്കുന്നു.  എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. അതിന് മൊബൈല്‍ ഫോണില്‍ GPRS ആക്റ്റിവേറ്റ് ചെയ്യണമെന്ന് മാത്രം.  ഫോണില്‍ GPRS ഉണ്ടായാല്‍ മാത്രം പോര. ഏത് കമ്പനിയുടേതാണോ സിം കാര്‍ഡ് അതിനനുസരിച്ച് GPRS സെറ്റ് ചെയ്യണം.

ആദ്യമായി  ഇവിടെ  പോയി നിങ്ങളുടെ  മൊബൈലില്‍  NGPAY ഇന്‍സ്റ്റാള്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങളും അവിടെ നിന്ന് മനസ്സിലാക്കുക. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആയ ഉടനെ അത് നിങ്ങളുടെ ഫോണില്‍ എവിടെ ആണുള്ളതെന്ന് കണ്ടുപിടിച്ചു ഓപ്പന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ കൊടുത്ത് റജിസ്റ്റര്‍ ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രഡിറ്റ് കാര്‍ഡ് വേണ്ടി വരും. നിലവില്‍ HDFC ബാങ്കിന്റെ  സേവിങ്ങ്‌സ് അക്കൌണ്ട് ഉണ്ടെങ്കില്‍ അത് മതി. ക്രമേണ കൂടുതല്‍ ബാങ്കുകള്‍ ഈ സേവനത്തില്‍ ചേരും.  NGPAY മുഖാന്തിരം ഇടപാട് നടത്തുന്നതിന് പേടിക്കേണ്ടതില്ല. വളരെ സെക്യൂര്‍ ആണ്. ടിക്കറ്റ് ബുക്ക് ആയ ഉടനെ SMS വരും.  ടിക്കറ്റിന്റെ കോപ്പി ഇ-മെയിലിലും വരും.  പിന്നീട് പ്രിന്റ് എടുക്കാമല്ലൊ.  അഥവാ പ്രിന്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും വകുപ്പ് ഉണ്ട്.  യാത്രയില്‍ നിങ്ങള്‍ ഒരു ഐഡി പ്രൂഫ് കരുതിയിരിക്കുമല്ലൊ.  ടിക്കറ്റ് ബുക്ക് ആയ വിവരത്തിന് ലഭിക്കുന്ന SMS ല്‍ നിങ്ങളുടെ   PNR നമ്പര്‍ ഉണ്ടാകും. TTR വശം ആ നമ്പര്‍ പറഞ്ഞിട്ട് ഐഡി പ്രൂഫ് കാണിച്ച്  50 രൂപ ഫൈനും കൊടുക്കുക.  ടിക്കറ്റിന്റെ ഇ-സ്ലിപ്പ് നഷ്ടപ്പെട്ടുപോയതിനാണ് ഫൈന്‍. അതിന് TTR രസീത് തരും.  50 രൂപ അധികം മുടക്കിയാലും  മൊബൈല്‍ ഫോണില്‍ സിഗ്നല്‍ കിട്ടുന്ന എവിടെ വെച്ചും ടിക്കറ്റ് ബുക്ക് ചെയ്ത് ട്രെയിനില്‍ യാത്ര ചെയ്യാലോ. അത് ചില്ലറ കാര്യമാണോ? ഇനി കൂടുതല്‍ ഞാന്‍ പറയേണ്ടതില്ല.  NGPAY സൈറ്റ് സന്ദര്‍ശിക്കുക.  സംശയമുണ്ടെങ്കില്‍ ഗൂഗ്‌ള്‍ ചെയ്യുക.

ഇന്റര്‍നെറ്റ് കൂട്ടായ്മയെ കുറിച്ച് .........


സുഹൃത്തുക്കളെ, ഇങ്ങനെയൊരു പോസ്റ്റ് എഴുതാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.  എന്തെന്നാല്‍ പല പരിപാടികളും പരമ്പരാഗതമായ ഫോര്‍മാലിറ്റികള്‍ അണുകിട വ്യതിചലിക്കാതെ പാലിച്ച് നടത്തപ്പെടുന്നത്കൊണ്ട് അതൊക്കെ എത്രമാത്രം യാന്ത്രികവും അരോചകവും ആയിപ്പോകാറുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു ഇന്നത്തെ ചടങ്ങ്. ഈ പുസ്തകപ്രകാശനത്തോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മയും നടത്താം എന്ന നിര്‍ദ്ദേശം വെച്ചത് ഞാന്‍ തന്നെയായിരുന്നു.  സദസ്സില്‍ പങ്കെടുത്തവര്‍ക്ക് ഇന്റര്‍നെറ്റിനെ കുറിച്ച് അറിയാന്‍ തന്നെയായിരുന്നു താല്പര്യം. എന്നാല്‍ പുസ്തകപരിചയം എന്ന പേരില്‍ ഒരു പ്രാസംഗികന്റെ പരിചയപ്പെടുത്തല്‍ തീ‍രെ അരോചകമായി തോന്നി. അല്ലെങ്കില്‍ തന്നെ ശുഷ്കമായ സദസ്സില്‍ നിന്ന് ചിലര്‍ എഴുനേറ്റ് പോകാനും തുടങ്ങി. രണ്ട് പുസ്തകങ്ങളാണ് ഇന്ന് പ്രകാശിപ്പിച്ചത്. ഏതാനും ബ്ലോഗര്‍മാരുടെ രചനകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം അച്ചടിച്ചുള്ളത്. അതായത് എഴുത്തുകാരില്‍ എഴുപത്തിയഞ്ച് ശതമാനവും ബ്ലോഗര്‍മാരായിരുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപെട്ടവ. ബ്ലോഗിനെ പറ്റി ഒന്നും അറിയാത്ത പ്രാസംഗികനാണ് പരിചയപ്പെടുത്തുന്നത്. ഓരോ എഴുത്തുകാരന്റെയും  ഓരോ കഥയുടെയും രത്നച്ചുരുക്കം  നോട്ടെഴുതിയത് മന:പാഠം പറഞ്ഞുകൊണ്ടാണ് പരിചയപ്പെടുത്തല്‍ മുന്നേറിയത്. സാക്ഷ്യപത്രങ്ങള്‍ എന്ന കഥാസമാഹാരത്തില്‍ നമ്മുടെ ഹരിലാല്‍ വെഞ്ഞാറമൂടിന്റെ എന്റെ ഗുരുദക്ഷിണ എന്ന കഥയാണ് ആദ്യം.  പക്ഷെ പരിചയപ്പെടുത്തല്‍കാരന് ബ്ലോഗ് എന്തെന്ന് അറിയില്ലല്ലൊ.  ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് സാമാന്യവിവരമെങ്കിലും ഉള്ള ഒരാള്‍ പരിചയപ്പെടുത്തിയിരുന്നെങ്കില്‍ മാത്രമേ ആ പുസ്തകത്തോട് നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ.


ഇന്റര്‍നെറ്റിനെ കുറിച്ചും ബ്ലോഗിനെ കുറിച്ചും  നല്ലൊരു പ്രഭാഷണം നടത്താന്‍ വേണ്ടി വെല്‍ പ്രിപ്പേര്‍ഡ് ആയിട്ടായിരുന്നു ഞാന്‍ എത്തിയിരുന്നത്. കാരണം പുസ്തകപ്രകാശനത്തിന് ശേഷം നടക്കുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയ്ക്ക് മുഖ്യപ്രഭാഷണം നടത്തേണ്ട ചുമതല എനിക്കായിരുന്നു. പരിചയപ്പെടുത്തലിന്റെ വിരസത നിമിത്തം എന്റെ മൂഡ് നഷ്ടപ്പെട്ട സമയത്താണ് എന്നെ ക്ഷണിക്കുന്നത്.  സദസ്യര്‍ക്ക് ഇനിയും മുഷിച്ചില്‍ ഉണ്ടാക്കേണ്ട എന്ന് കരുതി ഇന്റര്‍നെറ്റിനെ കുറിച്ച് ലഘുവായി പത്ത് മിനിറ്റ് മാത്രം സംസാരിച്ചു തീര്‍ത്തിട്ട് ഞാന്‍ സദസ്സില്‍ പോയി ഇരുന്നു. അപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന ഒരു മഹിള പറഞ്ഞു , നിങ്ങളുടെ പ്രസംഗം കേട്ടത്കൊണ്ട് സന്തോഷമായി അല്ലെങ്കില്‍ ഇവിടെ വന്നത് വെറുതെയായി പോകുമായിരുന്നു എന്ന്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തി മെയില്‍ തുറന്നപ്പോള്‍ അവിടെ പങ്കെടുത്ത ഒരു ബ്ലോഗര്‍ എനിക്കൊരു മെയില്‍ അയച്ചിരിക്കുന്നു, പരിപാടി മോശം , സുകുമാരന്റെ പ്രഭാഷണം നന്നായി എന്ന് പറഞ്ഞ്. ഞാന്‍ ഇത് പറയുന്നത് എന്നെ സ്വയം പുകഴ്ത്താനോ പരിപാടിയെ കുറ്റപ്പെടുത്താനോ അല്ല. അല്പം ഔചിത്യബോധം കൊണ്ട് സമ്പന്നമാക്കാമായിരുന്ന പരിപാടി ഔപചാരികതകൊണ്ട് വിരസമായി പോയി എന്ന് പറയാനാണ്.

എന്നാല്‍ പുസ്തകപ്രകാശനം കഴിഞ്ഞ് ഞങ്ങള്‍ ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ നടത്തി. ഞങ്ങള്‍ അഞ്ച് ബ്ലോഗര്‍മാരും  ബ്ലോഗിനെ പറ്റി അറിയാന്‍ താല്പര്യമുള്ള അഞ്ചെട്ട് പേരും.  അങ്ങനെ ആകെ ഒരു പതിനഞ്ച് പേര്‍ കാണും. അത് നല്ലൊരു അനുഭവമായി. അതാണ് ഞാന്‍ ഈ പോസ്റ്റ് എഴുതാന്‍ കാരണം. ബ്ലോഗിലെ അനുഭവങ്ങളെ കുറിച്ച് ഞാനും , മിനി ടീച്ചറും,   ഒരു യാത്രികന്‍ (വിനീത്), വിജയകുമാര്‍ ബ്ലാത്തൂര്‍, രവി യും സംസാരിച്ചു മൈക്ക് മറ്റുള്ളവര്‍ക്ക് കൈമാറി.  വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ് കണക്‍ഷനും ഉണ്ടായിട്ടും പേടി അതാണ് ഇനിയും ബ്ലോഗ് തുടങ്ങാത്തതെന്ന് അവര്‍ പറഞ്ഞു. ആ പേടി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.  എല്ലാവരും സംസാരിച്ചു അതാണ് വലിയ കാര്യം.  യോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. കുറച്ചുപേര്‍ ഇങ്ങനെ അവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ വേണ്ടി പ്രസംഗിക്കുകയും(അതിലും ചിലര്‍ മൈക്ക് കിട്ടിയാല്‍ നമ്മുടെ ക്ഷമ പരമാവധി പരിശോധിക്കും) മറ്റുള്ളവര്‍ കേട്ട് മിണ്ടാതെ പോവുകയും ചെയ്യുന്നതില്‍ എന്താണ് പുണ്യം ഉള്ളത്.  ഒരു സദസ്സില്‍ ഉള്ളവര്‍ എല്ലാവരും രണ്ട് വാക്കെങ്കില്‍ രണ്ട് വാക്ക് സംസാരിച്ചു പോകുന്നത് എത്ര ഹൃദ്യമായിരിക്കും.  ഇന്നത്തെ കൂട്ടായ്മയില്‍ പതിനഞ്ച് പേരെയും സംസാരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായി ഞാന്‍ കരുതുന്നു. സഹയാത്രികന്‍ എന്ന ബ്ലോഗ് എഴുതുന്ന വിനീതിന്റെ സഹയാത്രിക  എന്റെ പേര് രമ്യ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചത് കൌതുകമായി.  ഇങ്ങനെയുള്ള യോഗങ്ങളാണ് വേണ്ടത്.  പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആത്മാവിഷ്ക്കാരം അവരുടെ വാക്കുകളില്‍ നടത്താന്‍ കഴിയുന്ന കൊച്ചുകൊച്ചു യോഗങ്ങള്‍. വെറുതെ നമ്മള്‍ എന്തിന് പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഇരുന്നു കൊടുക്കണം?  നമുക്ക് യോഗങ്ങള്‍ സംഘടിപ്പിക്കാം, നമുക്ക് സംസാരിക്കാം. ശരിയല്ലേ? ശരി തന്നെയാണ്. രണ്ട് വാക്ക് മൈക്രോ ഫോണ്‍ എടുത്തിട്ടായാലും ശരി അല്ലെങ്കിലും ശരി സംസാരിക്കാന്‍ കഴിയാത്ത ആരുമില്ല.
ഒരു ഗ്രൂപ്പ് ഫോട്ടോ(കടപ്പാട്:മിനി ടീച്ചര്‍) വിജയകുമാര്‍ ബ്ലാത്തൂര്‍, രവി, മിനി ടീച്ചര്‍, സഹയാത്രിക(രമ്യ),ഒരു യാത്രികന്‍(വിനീത) ഞാന്‍, ലീല ടീച്ചര്‍

ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് ....

ലീല ടീച്ചറെ ബ്ലോഗിലും ഇന്റര്‍നെറ്റിന്റെ ലോകത്തേക്കും ഒക്കെ എത്തിച്ചത് അവരുടെ മകന്‍ ശരത് എം. ചന്ദ്രന്‍ ആണ്. എന്നാല്‍ അതിന് മുന്‍പേ തന്നെ അവര്‍ ആകാശവാണിയില്‍ സ്വന്തമായി കഥകളും കവിതകളും അവതരിപ്പിക്കാറുണ്ടായിരുന്നു. അവരുടെ നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യാറുമുണ്ട്. പിന്നീട് പുസ്തകരചനയിലേക്ക് കടന്നു. ലൌലി ഡാഫോഡില്‍‌സ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകം എനിക്ക് ബാംഗ്ലൂരിലേക്ക് അയച്ചു തന്നിരുന്നു. പിന്നെ സ്വന്തമായി ഒരു പുസ്തകപ്രസാധനശാല തുടങ്ങി. സീയെല്ലെസ്സ് ബുക്‍സ് എന്ന പേരില്‍.  സീയെല്ലെസ്സ് ബുക്‍സ് എന്ന ബ്ലോഗില്‍ ഇരുപതില്‍ അധികം ബ്ലോഗര്‍മാര്‍ അംഗങ്ങളാണ്. ബിനു ദേവസ്യയുടെ “സ്വപ്നങ്ങളിലേക്കുള്ള വഴികള്‍” എന്ന കവിത പുസ്തകമായി സീയെല്ലെസ്സ് പ്രസിദ്ധീകരിച്ചത് സൌജന്യമായിട്ടായിരുന്നു.  ഇപ്പോള്‍ സീയെല്ലെസ്സ് രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കുന്നു. ഈ വരുന്ന ആഗസ്റ്റ് 28നാണ് പ്രകാശനം ചെയ്യാമെന്ന് തീരുമാനിച്ചിട്ടുള്ളത്. വിശദവിവരം അപ്‌ഡേറ്റ് ചെയ്യാം.  തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചാണ് ചടങ്ങ് നടക്കുക.  അന്നേ ദിവസം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍  അതില്‍ ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്,  ഓര്‍ക്കുട്ടേര്‍സ്,  മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍, കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍, ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.  അതിരുകളില്ലാത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.

ചെറുപ്പത്തിലേ പിടികൂടുക എന്ന് പറയാറുണ്ടല്ലൊ.  ഇന്റര്‍നെറ്റിന്റെ സൃഷ്ടിപരവും, ആത്മസാക്ഷാല്‍ക്കാരത്തിന്റേതും, വിവരശേഖരണ-വിനിമയത്തിന്റെതുമായ  ലോകത്തേക്ക് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ നയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ സാങ്കേതികസാധ്യതകളെ വളരുന്ന തലമുറ പോസിറ്റീവായി പ്രയോജനപ്പെടുത്തുകയുള്ളൂ.  അല്ലെങ്കില്‍ നെറ്റിന്റെ നെഗറ്റീവ് ലോകത്തേക്ക് അവര്‍ ആനയിക്കപ്പെട്ടുപോകും.  ഇപ്പോള്‍ മിക്ക സ്കൂളുകളിലും  കമ്പ്യൂട്ടറുകള്‍ പ്രോജക്റ്ററുകള്‍ എല്ലാം ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അവയൊക്കെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം പല മാഷ്മ്മാര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  എല്ലാ സ്കൂളുകളിലും ഓരോ ക്ലാസിനും ബ്ലോഗ് തുടങ്ങുകയാണ് അതിന് പ്രതിവിധി.  ഓരോ ക്ലാസിനും ഓരോ ബ്ലോഗ്. ആ ബ്ലോഗിന് ക്ലാസില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഡ്‌മിനുകള്‍.  അങ്ങനെയുള്ള ഒരു സംരഭത്തിന് അന്നേ ദിവസം മൂത്തേടത്ത് ഹൈസ്കൂളിന് ബ്ലോഗ് തുടങ്ങിക്കൊണ്ട് ആരംഭം കുറിക്കാനും ഉദ്ദേശിക്കുന്നു.  ഇതിനൊന്നും ആധികാരികമായ സമിതി ഒന്നുമില്ല. ആര്‍ക്കും സഹകരിക്കാമെന്ന് മാത്രം. തല്‍ക്കാലം ഈ പരിപാടി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കാന്‍ വേണ്ടി സഹകരിക്കുന്നവരെ ഏകോപിപ്പിക്കാനാണ് എന്റെ ശ്രമം. ഇതിനകം ചില സ്കൂളുകളില്‍ സ്കൂളിന്റെ പേരില്‍ ബ്ലോഗ് തുടങ്ങിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അത് പോര. ഇഷ്ടം പോലെ സ്പെയിസ് ഇന്റര്‍നെറ്റില്‍ ഉണ്ടല്ലൊ.

വിവരസാങ്കേതികവിദ്യ നമ്മള്‍ നോക്കിനില്‍ക്കെ ഓരോ സെക്കന്റിലും പുതിയ പുതിയ രൂപഭാവങ്ങളോടെ വികാസം പ്രാപിച്ച് പരിണമിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഇതിന്റെ സാധ്യതകള്‍ വളരെ കുറച്ച് മാത്രമേ നമ്മള്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ.  എന്തൊക്കെ ചെയ്യാന്‍ പറ്റും.  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലതും ചെയ്യാന്‍ പറ്റും. നമ്മളൊക്കെ ഒരു കയ്യെഴുത്ത് മാസിക തുടങ്ങാന്‍ പെട്ട പാട് എത്രയാണ്? കുട്ടികളുടെ ഇന്നത്തെ സൃഷ്ടികള്‍, ഗ്രൂപ്പ് ഫോട്ടോകള്‍, ക്ലാസിലെ അനുഭവങ്ങള്‍ അങ്ങനെ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ഒക്കെ ബ്ലോഗില്‍  ടെക്സ്റ്റായി എഴുതുകയും  ഫോട്ടോകളായും വീഡിയോകളായും അപ്‌ലോഡ് ചെയ്യാമല്ലൊ. പിന്നെ അവര്‍ ലോകത്ത് എവിടെ പോയാലും അതൊക്കെ പിന്നെയും പിന്നെയും കാണാമല്ലൊ. ഇന്റര്‍നെറ്റ് ഇന്നത്തെ തലമുറയ്ക്ക് ലഭിച്ച അപൂര്‍വ്വമായ വരമാണ്. അത് നമ്മുടെ സന്തോഷത്തിനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നന്മകള്‍ പ്രചരിപ്പിക്കാനും വേണ്ടി ഉപയോഗപ്പെടുത്തണം.  ലോകം ഒരു വിരല്‍ത്തുമ്പില്‍ എന്ന വാക്ക് ഇന്നൊരു ക്ലീഷേ ആയല്ലൊ.

ഇന്ന് വീട്ടില്‍ നെറ്റ് കണക്‍ഷന്‍ എടുക്കാന്‍ ചില രക്ഷിതാക്കളെങ്കിലും  ഭയപ്പെടുന്നുണ്ട്. തെറ്റായ രീതിയില്‍ നെറ്റ് എത്രയോ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.  നമ്മള്‍ കുട്ടികള്‍ക്ക് നല്ല വഴി കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ശരിയായ ട്രാക്കില്‍ നടക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചാല്‍ പിന്നെ അവര്‍ വഴി തെറ്റുകയേയില്ല.  എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുകയല്ല വേണ്ടത്.  നല്ല രീതിയില്‍ വിജ്ഞാനത്തിനും വിനോദത്തിനും നെറ്റ് ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ക്ലാസിലെ ബ്ലോഗ് കുട്ടികള്‍ അദ്ധ്യാപകരെയും  രക്ഷിതാക്കളെയും എല്ലാം കാണിക്കട്ടെ.  ഒരു സമാന്തരമാധ്യമമായും നെറ്റ് അനുക്രമം വളരുകയാണ്. അവനവന്‍ പ്രസാധനത്തിന്റെ അനന്തസാധ്യതകള്‍ കുട്ടികള്‍ ക്ലാസ്സ് മുറികളില്‍ നിന്ന് ശീലിച്ച് നല്ല പൌരന്മാരായി വളരട്ടെ.

ലീല ടീച്ചര്‍ ഒരു ബ്ലോഗറും കൂടിയാണ്.  പ്രൊഫൈല്‍ ഇവിടെ . അത്കൊണ്ട് 28.8.10 ശനിയാഴ്ച  എത്തിപ്പെടാന്‍ സാധിക്കുന്ന ബ്ലോഗര്‍മാരും അന്ന് തളിപ്പറമ്പില്‍ എത്തിച്ചേരുക.  വിശദമായി വീണ്ടും എഴുതാം.

സസ്നേഹം,
കെ.പി.എസ്.

ഇ-മെയിലുകള്‍ അയയ്ക്കുമ്പോള്‍

നമ്മുടെ പ്രിയ ബ്ലോഗര്‍ നിരക്ഷരന്റെ ഈ  ബസ്സ്  വായിച്ചപ്പോഴാണ് എനിക്ക് കാര്യത്തിന്റെ ഗൌരവം പിടി കിട്ടിയത്. നമ്മളില്‍ പലരും കമ്പ്യൂട്ടറിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയവരല്ല. ശരിക്ക് പറഞ്ഞാല്‍ നമ്മളോരുത്തരും വിദ്യാര്‍ത്ഥികളാണ്. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മാത്രമല്ല. എല്ലാറ്റിലും. എന്ത് മാത്രം വിവരങ്ങളാണ് ലോകത്ത് ശേഖരിക്കപ്പെട്ടിട്ടുള്ളത്.  എന്റെ ജിമെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ രണ്ടായിരത്തിലധികം അഡ്രസ്സുകളുണ്ട്. നിത്യേന എനിക്ക് കുറെ ഫോര്‍വേഡ് മെയിലുകള്‍ വരും. പ്രസക്തമെന്ന് തോന്നുന്നത് വായിക്കും.  അപൂര്‍വ്വമായേ ഞാന്‍ ഫോര്‍വേഡ് ചെയ്യാറുള്ളൂ.  അങ്ങനെ ഫോര്‍വേഡ് ചെയ്താല്‍ അപ്പോള്‍ തന്നെ ഒരു ചില റിപ്ലൈ വരും.  എന്നെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യണമെന്ന്. എനിക്കതിന്റെ സംഗതി പിടികിട്ടിയിരുന്നില്ല. ഞാന്‍ വിചാരിക്കും. അവന് അത് അവഗണിച്ചുകൂടെ. അല്ലെങ്കില്‍ ഡിലീറ്റ് ചെയ്തുകൂടെ? കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യാനും ഞാന്‍ അടുത്താണ് പഠിച്ചത് എന്നത് വേറെ കാര്യം. ശ്രദ്ധിച്ചിരുന്നില്ല, അത്കൊണ്ടാണ്.  ഫോര്‍വേഡ് ചെയ്യുമ്പോഴും എനിക്ക് പ്രശ്നം.  പരമാവധി അഞ്ഞൂറ് പേര്‍ക്ക് മാത്രമേ ഒരു പ്രാവശ്യം മെയില്‍ അയയ്ക്കാന്‍ പറ്റൂ.  ആര്‍ക്കൊക്കെയാണ് അയക്കേണ്ടതെന്ന് ലിസ്റ്റില്‍ നിന്ന് സെലക്റ്റ് ചെയ്യാനും പ്രയാസം. ഈ അടുത്താണ് അതിന് പോംവഴി മനസ്സിലാക്കിയത്.  ഫ്രണ്ട്സിനെ  മൈ ഫ്രണ്ട്സ് എന്ന് ഒന്ന് രണ്ട് യഥാക്രമം അഞ്ച് ഗ്രൂപ്പുകളാക്കി.  അപ്പോള്‍ സെന്റ് ചെയ്യാന്‍ ഒരു ഗ്രൂപ്പിനെ സെലക്റ്റ് ചെയ്താല്‍ മതിയല്ലൊ. എന്നിട്ടും ഞാന്‍ രണ്ടോ മൂന്നോ ഫോര്‍വേഡുകള്‍ മാത്രമെ അയച്ചിട്ടുള്ളൂ. അതും മൈ ഫ്രണ്ട്സ്-1 ന് മാത്രം. പക്ഷെ അപ്പോഴും ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ മനസ്സിലാക്കിയില്ല.

ഞാനെന്നല്ല മിക്കവരും ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ തെറ്റ്. അതാണ് നിരക്ഷരന്റെ ബസ്സില്‍ നിന്ന് മനസ്സിലാക്കിയത്. എനിക്ക് വരുന്ന ഫോര്‍വേഡ് മെയിലുകളില്‍ നൂറ് കണക്കിന് മെയില്‍ ഐഡികള്‍ കാണാം. അതാണതിലെ തെറ്റ്. മറ്റൊരാളുടെ ഐഡി ഞാന്‍ എന്തിന് കാണണം. അല്ലെങ്കില്‍ എന്റെ ഐഡി എന്തിന് മറ്റു പലരും കാണണം. മെയിലുകള്‍ അയക്കുന്നതിന്റെ പ്രാഥമികപാഠം അറിയാത്തതിന്റെ കുഴപ്പമാണിത്.

നമ്മള്‍ മെയില്‍ അയയ്ക്കുന്നത് (ഫോര്‍വേഡ് ആയാലും) ഒരാള്‍ക്കായാലും പലര്‍ക്കായാലും അഡ്രസ്സ് ചെയ്യുമ്പോള്‍ To , Bcc, Cc എന്നതിന്റെ ഉപയോഗം മനസ്സിലാക്കണം.  To എന്ന കോളത്തില്‍ ഒരു ഐഡി മാത്രമേ പാടുള്ളൂ.  നമ്മള്‍ ഫോര്‍വേഡ് ഓള്‍ എന്ന് സെലക്റ്റ് ചെയ്യുമ്പോള്‍ അനാവശ്യമായി പലരുടെയും ഐഡികള്‍ പലരിലേക്കും വ്യാപിക്കുകയാണ്. ഇത് തെറ്റായ രീതിയാണ്.  To കോളത്തില്‍ ഒന്നില്‍ കൂടുതല്‍ അഡ്രസ്സുകളോ അല്ലെങ്കില്‍ ഫ്രണ്ട്സ് ഗ്രൂപ്പോ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. അതിനാണ് Bcc . അതായത് Blind carbon copy. Bcc യില്‍ എത്ര അഡ്രസ്സും ചേര്‍ക്കാം. പരമാവധി അഞ്ഞൂറ് മാത്രമേ ജിമെയില്‍ സ്വീകരിക്കൂ എന്ന് പറഞ്ഞല്ലൊ. അപ്പോള്‍ മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റാരുടെയും ഐഡി കാണാന്‍ കഴിയില്ല. അതാണ് ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി എന്ന് പറയുന്നത്. Cc എന്നാല്‍ Carbon copy. Cc യില്‍ അഡ്രസ്സ് ചേര്‍ത്താല്‍ എല്ലാവരും മെസ്സേജും എല്ലാവരുടെ ഐഡികളും കാണും.  അപ്പോള്‍ ഗ്രൂപ്പ് മെയിലുകള്‍ അയയ്ക്കുമ്പോള്‍ Bcc ഒരനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലൊ. ഇങ്ങനെ വരുന്ന മെയിലുകള്‍ ആര്‍ക്കും ഒരു ശല്യമായി തോന്നുകയില്ല. നമ്മുടെ മെയില്‍ ഐഡി അനാവശ്യമായി നെറ്റില്‍ പരക്കുന്നത് ആരും ഇഷ്ടപ്പെടില്ലല്ലൊ. മാത്രമല്ല അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളുടെ സ്വകാര്യതയല്ല്ലെ നമ്മള്‍ നിയമവിരുദ്ധമായി പരസ്യപ്പെടുത്തുന്നത്.  അത് കൊണ്ട് ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് എല്ലാവരോടും പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. To കോളത്തില്‍ ഒരു അഡ്രസ്സ് മാത്രമെ ടൈപ്പ് ചെയ്യാവൂ. ഗ്രൂപ്പ് മെയിലാണെങ്കില്‍ അവിടെ സെല്‍ഫ് ഐഡി ചേര്‍ത്താലും മതി. ഒന്നില്‍ കൂടുതല്‍ ഐഡികള്‍ Bcc യില്‍ മാത്രമേ ചേര്‍ക്കാവൂ. മെയില്‍ അയക്കുന്നവര്‍ക്ക് ഈ ഒരു ബോധവല്‍ക്കരണം നമ്മള്‍ നടത്തേണ്ടതുണ്ട്.

സംഗതി ഒന്ന് കൂടി ലളിതമായി പറയാം. നിങ്ങള്‍ക്ക് കുറെ പേര്‍ക്ക് ഒരുമിച്ച് മെയില്‍ അയക്കണമെങ്കില്‍ മുഴുവന്‍ അഡ്രസ്സും Bcc യില്‍ ആക്കി Send ക്ലിക്ക് ചെയ്താല്‍ മതി. To യിലും  Cc യിലും ഒരു അഡ്രസ്സും വേണ്ട. മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റൊരു ഐഡിയും ലഭിക്കുകയില്ല.  ഫോര്‍വേഡ് ഓള്‍ അടിക്കുമ്പോള്‍ എല്ലാ അഡ്രസ്സുകളും Cc യില്‍ ആണ് സ്വാഭാവികമായി വരുക. അവിടെ നിന്ന് അഡ്രസ്സുകള്‍ Cut ചെയ്ത് മുഴുവന്‍ അഡ്രസ്സും Bcc യില്‍ പേസ്റ്റ് ചെയ്ത്  Send ചെയ്യുക.


ജിമെയില്‍ ടിപ്സ്


വാല്‍ക്കഷണം: ജിമെയിലില്‍ നമ്മള്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നുണ്ടല്ലൊ. നമ്മുടെ വിലാസം,ബ്ലോഗ്  യു ആ‍ര്‍ എല്‍ ഫോണ്‍ നമ്പര്‍ ഒക്കെ. സിഗ്നേചര്‍ ചേര്‍ക്കുന്നതിന് ഇപ്പോള്‍ റിച്ച് എഡിറ്റര്‍ സൌകര്യമുണ്ട്. നമ്മുടെ ഫോട്ടോ , ലിങ്ക് ഒക്കെ അവിടെ ചേര്‍ക്കാം.


* ( ഈ ലേഖനം ഞാന്‍ കെ.പി.സുകുമാരന്‍   ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ്   പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)

ഗൂഗ്‌ള്‍ പികാസ - 3

ഗൂഗ്‌ള്‍ നല്‍കുന്ന മറ്റൊരു സൌജന്യ സോഫ്റ്റ്‌വേര്‍ ആയ “പികാസ 3” കൊണ്ട് ധാരാളം ഉപയോഗമുണ്ട്. ഫോട്ടോ ആല്‍ബം നിര്‍മ്മിക്കാനും ഓണ്‍ലൈനില്‍ ഷേര്‍ ചെയ്യാനും നേരിട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനും പിന്നെ ഫോട്ടോ കൊളാഷ് ഉണ്ടാക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അങ്ങനെ പല വിധത്തില്‍ പ്രയോജനപ്രദമായ ഈ സോഫ്റ്റ്‌വേര്‍  ഇവിടെ  നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.  ഞാനും ശ്രീമതിയും മകനും കൂടി ഈയ്യിടെ മുഴപ്പിലങ്ങാട് ഡ്രൈവ്‌-ഇന്‍ ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചില സ്നാപ്പുകള്‍ പികാസ 3 ല്‍ കൊളാഷ് (collage) ആയി രൂപപ്പെടുത്തിയ ഒരു ഇമേജ് താഴെ കാണാം. collage എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം ഇവിടെ നിന്ന് കേള്‍ക്കാം.  ബാക്കിയൊക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയാല്‍ മനസ്സിലാകും.



                     അമ്മുവിന്റെ ചില ചിത്രങ്ങള്‍ കൊളാഷ് രൂപത്തില്‍

ഇന്റര്‍നെറ്റില്‍ ലൈവ് സ്ട്രീമിങ്ങ്

നാളെ (30-5-10) ഏറണാകുളത്ത് നടക്കുന്ന ബ്ലോഗ് ശില്പശാല ലൈവ് സ്ട്രീമിങ്ങ് ചെയ്യാന്‍ ഏര്‍പ്പാടാക്കിയതായി അതിന്റെ സംഘാടകര്‍ ഇവിടെ അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പറഞ്ഞാല്‍ തീരില്ല.  നമുക്ക് നമ്മുടെ ആശയങ്ങള്‍ ലൈവായി ലോകത്തെ അറിയിക്കാം. ആരെങ്കിലും എവിടെ നിന്നെങ്കിലും കാണാതിരിക്കില്ല. കാണുന്നവര്‍ക്ക് നമ്മോട് ചാറ്റ് ചെയ്യാം. വേണമെങ്കില്‍ അവരുടെ കമന്റ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് നമ്മെ തല്‍ക്ഷണം അറിയിക്കാം. ഈ സൌകര്യം  സൌജന്യമായി നല്‍കുന്നത് യൂസ്ട്രീം എന്ന സൈറ്റാണ്.

ഏറണാകുളം ബ്ലോഗ് ശില്പശാലയ്ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

ഞാന്‍ വെറുതെ ഒരു പ്രഭാഷണം സ്ട്രീം ചെയ്തത് താഴെ കാണുക.


ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാം

ഇന്റര്‍നെറ്റിന്റെ സ്പീഡ് പലര്‍ക്കും പ്രശ്നമാണ്.  സ്പീഡ് കൂട്ടാന്‍ ഞാന്‍ ചെറിയ ഒരു ചൊട്ടുവിദ്യ പ്രയോഗിച്ചു. നെറ്റില്‍ നിന്ന് മനസ്സിലാക്കിയതാണ്. എനിക്ക് സ്പീഡ് വര്‍ദ്ധിച്ചതായി തോന്നുണ്ട്. അതിവിടെ ഷേര്‍ ചെയ്യുന്നു. നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്.  ആദ്യമായി START ക്ലിക്ക് ചെയ്യുക. RUN സെലക്റ്റ് ചെയ്യുക. അതില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന്

Administrative Templates സെലക്റ്റ് ചെയ്ത് , വലത് ഭാഗത്ത് കാണുന്ന Network ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍ നിന്ന്
QoS Packet Scheduler ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ നിന്ന്
Limit Reservable bandwidth സെലക്റ്റ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍
Enabled ടിക്ക് ചെയ്ത് , Bandwidth കോളത്തില്‍ 22 എന്ന് ടൈപ്പ് ചെയ്ത്, Apply ടിക്ക് ചെയ്ത് OK അടിച്ച് സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക.  സ്പീഡ് വര്‍ദ്ധിക്കേണ്ടതാണ്.  പരീക്ഷിച്ചു നോക്കുക. അങ്ങനെയല്ലെ ഓരോന്ന് പഠിക്കുക. 


NB:  Bandwidth കോളത്തില്‍ “0” (പൂജ്യം) വാല്യു കൊടുത്താലാണ് സ്പീഡ് വര്‍ദ്ധിക്കുക എന്ന്  കമ്പ്യൂട്ടര്‍ സഹായി എന്ന ബ്ലോഗര്‍ പരീഷിച്ച് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ 22 എന്ന് പറഞ്ഞിടത്ത് പൂജ്യം കൊടൂത്ത് പരീക്ഷിച്ചു നോക്കാന്‍ താല്പര്യം. ഇത്തരത്തില്‍ സെറ്റിങ്ങ്സ് മാറ്റിയപ്പോള്‍ സ്പീഡ് വര്‍ദ്ധിച്ചതായി അനില്‍@ബ്ലോഗ് എന്ന ബ്ലോഗറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഡോട്ട് കോമിന് പ്രായം 25

നമുക്ക് സ്വന്തമായി ഒരു ഡൊമൈന്‍ ഉണ്ടായാല്‍ അതിന്റെ ഒരു ഗരിമ വേറെ തന്നെയാണ്. സ്വന്തം പേരിന്റെ കൂടെ ഡോട്ട് കോം  ചേര്‍ത്ത് ഒരു URL വിലാസം  ആരാണ് ആഗ്രഹിക്കാത്തത്. അതിനെ പറ്റിയാണ് നമ്മുടെ മുള്ളൂക്കാരന്‍ ഇവിടെ പറയുന്നത്.  ആരെയും പ്രലോഭിക്കുന്ന ഈ ഡോട്ട് കോം അഡ്രസ്സിന് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന്  25 വയസ്സ് പൂര്‍ത്തിയായി. 1985 മാര്‍ച്ച് 15ന് ആദ്യമായി റജിസ്റ്റര്‍ ചെയ്ത ആ സൈറ്റ് symbolics.com ആണ്.

കമ്പ്യൂട്ടറും സാധാരണ ജനങ്ങളും

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ബ്ലോഗും എല്ലാം കൈകാര്യം ചെയ്യുന്ന മലയാളികള്‍ മിക്കവരും പ്രവാസി മലയാളികളാണ്. നാട്ടിലെ സാധാരണക്കാര്‍ ഇതൊക്കെ തങ്ങള്‍ക്ക് ബാധകമല്ലാത്ത മേഖലയാണ് എന്നാണ് കരുതുന്നത്.  പൊതുവെ എല്ലാവരും ഇന്ന് മദ്യത്തിന്റെ പിറകെയാണ്. ലോകകുടിയന്മാര്‍ എന്നാണ് ഇന്ന് മലയാളികള്‍ അറിയപ്പെടുന്നത്. ലോട്ടറിയും മദ്യവും ഇല്ലെങ്കില്‍ കേരള സര്‍ക്കാരിന് നിലനില്പില്ല.  പൌരജനങ്ങളെ വ്യാമോഹത്തില്‍ തളച്ചിട്ടും ലഹരിയില്‍ മയക്കിക്കിടത്തിയുമാണ് ഭരണകൂടം നിലനില്‍ക്കുന്നത് എന്നര്‍ത്ഥം. ഇടത്-വലതുകള്‍ക്ക് ഒന്നും ഇതില്‍ അധാര്‍മ്മികത തോന്നുന്നില്ല. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഖജനാവില്‍ പണം വരുന്നത് ഈ ചൂതാട്ടത്തില്‍ നിന്നാണല്ലൊ.  എന്ത്കൊണ്ടാണ് ആളുകള്‍ ഇങ്ങനെ മദ്യത്തിന് അടിമകളായിപ്പോയത്? മറ്റൊന്നും ചെയ്യാനും പറയാനും ഇല്ല അത് തന്നെ.  കലാ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചു. രാഷ്ട്രീയപ്രവര്‍ത്തനം പാര്‍ട്ടിതൊഴിലാളികള്‍ കുത്തകയാക്കി.  ചെറുപ്പക്കാരുടെ മനസ്സില്‍ കണ്ടന്റ് ഒന്നുമില്ല. വര്‍ത്തമാനം മൊബൈല്‍ ഫോണില്‍ കൂടി ചില ചപ്ലിചിപ്ലി പറച്ചില്‍ മാത്രം. മൊബൈല്‍ വന്നതോടുകൂടി കണ്ണെതിരെ കാണുന്നവരോട്
ലോഹ്യം പോലും നിര്‍ത്തി. വൈകുന്നേരമായാല്‍ അവര്‍ ചാരായമോ മറ്റെന്തിങ്കിലുമോ കുടിക്കാതെ എന്ത് ചെയ്യും. എന്തെങ്കിലും ആക്റ്റിവിറ്റീസ് വേണ്ടേ? ഭക്തിയാണ് ആകെ നാട്ടിലുള്ള വ്യവസായവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമെല്ലാം.  അതൊന്നും ഭക്തിയല്ല ഒരു തരം പ്രാന്ത് എന്നാണ് എന്റെ നിഗമനം. ഭക്തിയുണ്ടാവാന്‍ മനസ്സിന് അല്പമെങ്കിലും ആഴം വേണ്ടേ? പിന്നെന്ത് കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്?  ഞാന്‍ കണ്ണൂര്‍ ജില്ലയുടെ വെബ് പോര്‍ട്ടല്‍ നോക്കി. അവിടെയുള്ള ഫോറത്തില്‍ കാര്യമായി ആരും ഒന്നും എഴുതിയിട്ടില്ല.  അത്കൊണ്ട് വെറുതെ അവിടെ ഞാന്‍ ഒരു ലേഖനം കുറിച്ചിട്ടു. അതിവിടെയും പോസ്റ്റ് ചെയ്യുന്നു.

ഇന്റര്‍നെറ്റ് ഈ ലോകത്തേക്കാള്‍ വലുതോ ?


ഇന്റര്‍നെറ്റ് ഓരോ സെക്കന്‍ഡിലും വളരുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാലും നാട്ടില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീരെ കുറവാണ്. ഞാന്‍ ചിലപ്പോള്‍ വിചാരിക്കാറുണ്ട് നാട്ടില്‍ ഇന്റര്‍നെറ്റ് പ്രചരിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന്. ആളുകള്‍ക്ക് പുതിയത് ഉള്‍ക്കൊള്ളാന്‍ എന്ത് വൈമനസ്യമാണ്. ഇതിനപ്പുറം മനസ്സിലാക്കാനോ ഗ്രഹിക്കാനോ ഒന്നുമില്ല എന്നാണ് ആളുകളുടെ ധാരണ. ഇന്റര്‍നെറ്റ് എന്നത് എത്ര വലുതാണ് എന്ന് ചിന്തിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകും. ഇന്റര്‍നെറ്റ് വളര്‍ന്ന് ഇന്നത് ഈ ലോകത്തേക്കാളും
വലുതായിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെ?

ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇന്ന് ലോകത്തില്‍ ആകെ എത്ര വെബ്‌സൈറ്റുകള്‍ ഉണ്ടെന്ന്
മനസ്സിലാകും. ഓരോ സെക്കന്‍ഡിലും സൃഷ്ടിക്കപ്പെടുന്ന വെബ്‌സൈറ്റുകളുടെ എണ്ണം ഗൂഗിള്‍
മാത്രമല്ല മൈക്രോസോഫ്റ്റിന്റെ ബിങ്ങ് പോലുള്ള മറ്റ് സെര്‍ച്ച് എഞ്ചിനുകളും ശേഖരിക്കുന്നുണ്ട്.
ഇന്ന് വെബ്‌സൈറ്റുകളുടെ എണ്ണം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകള്‍
സൂചിപ്പിക്കുന്നത്. ഇത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വലിയ സംഖ്യയാണ്. ലോകത്ത്
ഇന്നത്തെ ജനസംഖ്യ ഏകദേശം 670 കോടിയാണ്. അതായത് ലോകജനസംഖ്യയുടെ എത്രയോ
ഇരട്ടി സൈറ്റുകള്‍ നിലവിലുണ്ട്. ശരിക്ക് പറഞ്ഞാല്‍ ശരാശരി ഓരോ ആള്‍ക്കും 150 വീതം
വെബ്‌സൈറ്റുകള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതെഴുതുമ്പോഴും പുതിയ
സൈറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു.

ഈ വെബ്‌സൈറ്റുകളുടെ ബ്രഹ്മാണ്ഡമായ എണ്ണം മനസ്സിലാകണമെങ്കില്‍ ഈ കണക്ക് നോക്കിയാല്‍മതി. ഓരോ വെബ്‌സൈറ്റും ഒരു മിനിറ്റ് വീതം മുഴുവന്‍ സൈറ്റുകളും വായിച്ചു
തീര്‍ക്കണമെങ്കില്‍ ഒരാള്‍ക്ക് മുപ്പത്തിയൊന്നായിരം വര്‍ഷങ്ങള്‍ വേണ്ടി വരും. 600 ആയിരം
ദശാബ്ദങ്ങള്‍ കൊണ്ട് മാത്രമേ ഈ സൈറ്റുകള്‍ മുഴുവനും ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍
പറ്റുകയുള്ളൂ. അപ്പോള്‍ ഇന്റര്‍നെറ്റ് എന്നത് ഈ ലോകത്തേക്കാള്‍ എത്രയോ വലുതല്ലേ. ഈ
വിവരങ്ങള്‍ ഒന്നും എന്റെ നാട്ടിലെ ആളുകളെ അതിശയിപ്പിക്കുന്നേയില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം മുന്‍‌വര്‍ഷങ്ങളേക്കാള്‍ 16 ശതമാനം വര്‍ദ്ധിച്ചതായി ഇന്റര്‍നെറ്റ് വേള്‍ഡ്സ്റ്റാറ്റ്സ് ഡോട്ട്കോം എന്ന സൈറ്റ് കാണിക്കുന്നു.ആ സൈറ്റ് പ്രകാരം ചൈനയാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യം. അമേരിക്കയും ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു കണക്ക് പ്രകാരം
അമേരിക്കയിലെ ജനസംഖ്യയേക്കാള്‍ അധികം വരും ചൈനയിലെ ഇന്റര്‍നെറ്റ്
ഉപയോക്താക്കളുടെ എണ്ണം. അധികം താമസിയാതെ നമ്മുടെ രാജ്യവും ഈ സ്ഥാനത്ത്
എത്തിയേക്കാം. അത് കൂടാതെ മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ
എണ്ണം ഭാവിയില്‍ വളരെയധികം വര്‍ദ്ധിക്കും.

ലോകത്തുള്ള മുഴുവന്‍ പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
പറയാന്‍ കഴിയില്ല. പക്ഷെ ഡിജിറ്റല്‍ ഗ്യാപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിടവ് ഗണ്യമായി
കുറഞ്ഞുവരുന്നു, ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടൊപ്പം തന്നെ.

Link:
http://www.internetworldstats.com/

*

ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും

ഇന്നത്തെ ഗൂഗ്‌ള്‍ ഹോം പേജില്‍ താഴേക്ക് പതിക്കുന്ന ഒരു ആപ്പിള്‍ പഴത്തിന്റെ ലോഗോ കാണാം. എത്ര മനോഹരമായിട്ടാണ്, സര്‍ ഐസക്ക് ന്യൂട്ടന്റെ ജന്മദിനം ഗൂഗ്‌ള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്! മഹാന്മാരുടെ ഓര്‍മ്മക്കായി സ്മാരകങ്ങള്‍ പണിയാറുണ്ട്, ജയന്തിദിനങ്ങളും കൊണ്ടാടാറുണ്ട്. എന്നാല്‍ ഇന്നത്തെ ആധുനികകാലത്ത് ഇത്തരം സവിശേഷമായ ദിവസങ്ങള്‍ ഗൂഗ്‌ള്‍ ഇമ്മാതിരി ലോഗോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ലോകജനതയെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല.

ഭൌതികശാസ്ത്രത്തിന്റെ പിതാവായ ന്യൂട്ടനെ ഓര്‍മ്മപ്പെടുത്തിയ ഗൂഗ്‌ളിന് ഞാന്‍ എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ !